പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, December 23, 2009

സ്റ്റോം വാണിംഗ്‌ - 26

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 19. അക്ഷാംശം 43.4 N, രേഖാംശം 20.55 W. ശക്തമായ കാറ്റ്‌ മൂലം ഇന്നലെ രാത്രിയുടെ മദ്ധ്യയാമത്തില്‍ ഏറ്റവും മുകളിലെ പായ കീറി. കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്‌. പ്രഭാതത്തില്‍ നല്ല കാറ്റും മഴയുമുണ്ടായിരുന്നു. കടല്‍ ക്ഷോഭിച്ചിട്ടുണ്ട്‌.

അദ്ധ്യായം ആറ്‌

ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണി ആയിരിക്കുന്നു. എങ്കിലും കപ്പലിനുള്ളില്‍ നല്ല ഇരുട്ട്‌ തന്നെ. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല. അവരുടെ എതിരെ ഇരിക്കുന്ന സിസ്റ്റര്‍ ലോട്ടെ ഒരു ഷര്‍ട്ടിന്റെ കീറിയ ഭാഗങ്ങള്‍ തയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌.

പുറമേ കാറ്റിന്റെ ഘോരഗര്‍ജ്ജനം കേള്‍ക്കാം. ക്ഷോഭിച്ചിരിക്കുന്ന കടലിലൂടെ ആടിയുലഞ്ഞ്‌ ഡോയ്‌ഷ്‌ലാന്റ്‌ മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ഇരുവശങ്ങളിലേക്കും ചരിഞ്ഞുകൊണ്ടിരുന്ന കപ്പല്‍ കുറച്ചധികം സമയമെടുത്തിട്ടാണ്‌ പൂര്‍വ്വസ്ഥിതി പ്രാപിച്ചിരുന്നത്‌. ആഴ്ചകള്‍ക്ക്‌ മുമ്പായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ അവര്‍ ഭയന്ന് നിലവിളിച്ചേനെ. എന്നാല്‍ ഇന്ന് അവര്‍ ഇത്തരം പരിതസ്ഥിതികളുമായി പൊരുത്തപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു. ഡെക്കിന്‌ മുകളിലൂടെ അടിക്കുന്ന തിരമാലകള്‍ താഴെ ഇടനാഴിയില്‍ ഉള്ള സകല വസ്തുക്കളെയും വെള്ളത്തില്‍ കുതിര്‍ത്തിരിക്കുന്നു.

ആ മങ്ങിയ വെട്ടത്തില്‍ തന്റെ ജോലിയില്‍ വ്യാപൃതയായിരിക്കുന്ന ലോട്ടെ ഏതോ മനോരാജ്യത്തിലെന്ന പോലെ ഒന്ന് പുഞ്ചിരിച്ചു. ഈയിടെയായി ദിവാസ്വപ്നങ്ങളില്‍ മുഴുകിയുള്ള അവളുടെ ഇത്തരം പുഞ്ചിരി സിസ്റ്റര്‍ ആഞ്ചല പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്‌. എന്തിനെക്കുറിച്ചാണ്‌ അവള്‍ ഇത്ര കാര്യമായി സ്വപ്നം കാണുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ പെണ്‍കുട്ടി തന്റെ നിയന്ത്രണത്തില്‍ നിന്ന് അകന്ന് പോകുകയാണെന്ന് അവര്‍ വേദനയോടെ ഓര്‍ത്തു. ഏറ്റവും മഹത്തായ ജീവിതവീഥി എന്ന് ഒരിക്കല്‍ അവള്‍ വിശേഷിപ്പിച്ച പന്ഥാവില്‍ നിന്ന്... എന്തിന്‌ വേണ്ടി...?

തന്റെ തന്നെ പഴങ്കഥകള്‍ ഓര്‍ത്തുപോയ അവരുടെ ഉള്ളില്‍ ദ്വേഷ്യം ഇരച്ചുകയറുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ സ്വയം നിയന്ത്രിച്ചു. ദ്വേഷ്യം ഒന്നിനും ഒരു പരിഹാരമാവില്ലല്ലോ.

"ആ ഷര്‍ട്ട്‌ ... അത്‌ ഹേര്‍ റിക്ടറുടെയല്ലേ...?" അവര്‍ ലോട്ടെയോടെ ചോദിച്ചു.

അവള്‍ മുഖമുയര്‍ത്തി. "അതേ സിസ്റ്റര്‍... എന്തേ ചോദിക്കാന്‍...?"

ആ സംഭാഷണം തുടരുന്നതിന്‌ മുമ്പ്‌ കൈയില്‍ ഒരു പാത്രവുമായി റിക്ടര്‍ പ്രത്യക്ഷപ്പെട്ടു. മഴയില്‍ നനഞ്ഞ്‌ അദ്ദേഹത്തിന്റെ മുടി മുഴുവനും തലയില്‍ ഒട്ടിയിരിക്കുന്നു. അദ്ദേഹം ധരിച്ചിരുന്ന ഓയില്‍ സ്കിന്‍ കോട്ട്‌ നനഞ്ഞ്‌ കുതിര്‍ന്നിരുന്നു.

പാത്രം മേശപ്പുറത്ത്‌ വച്ച്‌ അദ്ദേഹം പുഞ്ചിരിച്ചു. "ചൂട്‌ ചായ... നമ്മുടെ അടുക്കളയില്‍ എന്തും പെട്ടെന്ന് ഉണ്ടാക്കാം..."

"മുകളില്‍ സ്ഥിതി വളരെ മോശമാണല്ലേ റിക്ടര്‍...?" ആഞ്ചല ചോദിച്ചു.

"എന്ന് പറയാം... ചെറിയൊരു കൊടുങ്കാറ്റ്‌... അത്രയേയുള്ളൂ... സാരമില്ല, നിങ്ങള്‍ക്കിതൊക്കെ ഇപ്പോള്‍ നല്ല പരിചയമായില്ലേ...?"

അവര്‍ ദൈന്യതയോടെ പുഞ്ചിരിച്ചുവെന്ന് വരുത്തി.

"ഹേര്‍ റിക്ടര്‍... നിങ്ങളുടെ ഷര്‍ട്ട്‌ ഞാന്‍ വൈകുന്നേരമാകുമ്പോഴേക്കും തരാം..." ലോട്ടെ പറഞ്ഞു.

"നീ എന്റെ സ്വഭാവം ചീത്തയാക്കുമല്ലോ *ഫ്രോലീന്‍..." (*ഫ്രോലീന്‍ - 'മിസ്‌' എന്നതിന്റെ ജര്‍മ്മന്‍ പദം)

പെട്ടെന്ന് ഡോയ്‌ഷ്‌ലാന്റ്‌ ഒരു വശത്തേക്ക്‌ വല്ലാതെ ചരിഞ്ഞു. അടുത്തുള്ള മേശയില്‍ മുറുകെ പിടിച്ചിട്ട്‌ അദ്ദേഹം തുടര്‍ന്നു. "മുകളിലേക്ക്‌ ചെല്ലട്ടെ ഞാന്‍... അവിടെയാണ്‌ എന്റെ സാന്നിദ്ധ്യം ഇപ്പോള്‍ ആവശ്യം..."

ഇടനാഴിയിലൂടെ അദ്ദേഹം മുകളിലേക്ക്‌ നടന്നു.

ലോട്ടെ വീണ്ടും ഷര്‍ട്ടിന്റെ തയ്യല്‍പ്പണിയില്‍ മുഴുകിക്കൊണ്ട്‌ പറഞ്ഞു. "ഒരു നിമിഷം പോലും വെറുതെയിരിക്കാന്‍ വയ്യ അദ്ദേഹത്തിന്‌. എപ്പോഴും ജോലി തന്നെ. കാണുന്നവര്‍ വിചാരിക്കും ഈ കപ്പലിലെ ഒരേയൊരു നാവികന്‍ അദ്ദേഹം മാത്രമാണെന്ന്..."

"തീര്‍ച്ചയായും ഏറ്റവും നല്ല നാവികന്‍ തന്നെ അദ്ദേഹം..." സിസ്റ്റര്‍ ആഞ്ചല അവളുടെ നേര്‍ക്ക്‌ നോക്കിക്കൊണ്ട്‌ തുടര്‍ന്നു. "കാണാന്‍ സുമുഖനായ ഒരു യുവാവും... അയാള്‍ തന്നെക്കുറിച്ച്‌ കൂടുതല്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ നിന്നോട്‌...?"

ലോട്ടെ തലയുയര്‍ത്തി നോക്കി. അവളുടെ മുഖം ലജ്ജയാല്‍ ചുവന്ന് തുടുത്തിരുന്നു.

ആഞ്ചല തുടര്‍ന്നു. "ഇന്നലെ വൈകുന്നേരം നീയും അയാളും കൂടി ഡെക്കില്‍ വച്ച്‌ കുറേയധികം സംസാരിക്കുന്നത്‌ കണ്ടുവെന്ന് സിസ്റ്റര്‍ കാത്തെ എന്നോട്‌ പറഞ്ഞു. അതുകൊണ്ട്‌ ചോദിച്ചുവെന്നേയുള്ളൂ..."

അവള്‍ക്ക്‌ എന്തെങ്കിലും മറുപടി പറയാനാകുന്നതിന്‌ മുമ്പ്‌ കപ്പല്‍ വീണ്ടും ഒരു വശത്തേക്ക്‌ ചരിഞ്ഞു. ഒപ്പം ഡെക്കില്‍ നിന്ന് ആരോ നിലവിളിക്കുന്ന ശബ്ദവും. അടുത്ത നിമിഷം ഇടനാഴിയുടെ മുകളിലെ കതക്‌ ശക്തിയോടെ തുറക്കപ്പെട്ടു. തുടര്‍ന്ന് അതിലൂടെ വെള്ളം ഉള്ളിലേക്ക്‌ അടിച്ചുകയറി.


* * * * * * * * * * * * * * * * * * * * * * * * * * * * *

ക്ഷോഭിച്ചിരിക്കുന്ന കടലിലൂടെ ഡോയ്‌ഷ്‌ലാന്റ്‌ മുന്നോട്ട്‌ കുതിച്ചുകൊണ്ടിരിക്കുകയാണ്‌. ബെര്‍ഗര്‍ക്കൊപ്പം മറ്റ്‌ രണ്ട്‌ പേര്‍ കൂടി സ്റ്റിയറിംഗ്‌ വീല്‍ നിയന്ത്രിക്കുവാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുന്നുണ്ടെങ്കിലും കപ്പല്‍ ഇരു വശങ്ങളിലേക്കും ആടിയുലഞ്ഞുകൊണ്ടിരുന്നു.

സ്റ്റേമും, ലീഡിംഗ്‌ സീമാന്‍ പീറ്റര്‍ നോറും നടുവിലുള്ള പ്രധാന പായ ചുരുക്കിക്കെട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഓരോ പ്രാവശ്യവും തിരകള്‍ ഉയരുമ്പോള്‍ അത്‌ ഡെക്കിന്‌ മുകളിലൂടെ അടിച്ച്‌ പൊയ്‌ക്കൊണ്ടിരുന്നു. തിരയ്ക്കൊപ്പം ഒലിച്ചു പോകാതിരിക്കാന്‍ പലപ്പോഴും അവര്‍ക്ക്‌ ജോലി നിര്‍ത്തി കയറുകളിലും മറ്റും ബലമായി പിടിച്ച്‌ കിടക്കേണ്ടി വന്നു.

ഇടനാഴിയുടെ വാതില്‍ തുറന്ന് റിക്ടര്‍ പുറത്തേക്ക്‌ വന്നു. വാതില്‍ വലിച്ചടച്ചിട്ട്‌ അദ്ദേഹം ക്വാര്‍ട്ടര്‍ ഡെക്കിന്‌ നേരെ വേഗം നടന്നു. കപ്പലിന്റെ പിന്നില്‍ നിന്ന് ഭീമാകാരമായ ഒരു തിരമാല ഉയരുന്നത്‌ പെട്ടെന്നാണ്‌ അദ്ദേഹം കണ്ടത്‌. തിരമാലയ്ക്ക്‌ നേരെ ചൂണ്ടിക്കൊണ്ട്‌ അദ്ദേഹം ബെര്‍ഗറുടെ നേരെ അലറി. പക്ഷേ അതിന്‌ മുമ്പ്‌ തന്നെ അത്‌ രാക്ഷസ രൂപം പൂണ്ട്‌ അവര്‍ക്ക്‌ മേല്‍ പതിച്ചു കഴിഞ്ഞിരുന്നു. ക്യാപ്റ്റന്റെ രണ്ട്‌ സഹായികളും അതില്‍ നില തെറ്റി വീണു പോയി.

റിക്ടര്‍ തന്റെ സമീപത്തെ ഒരു പായ്‌ക്കയറില്‍ അതിനകം മുറുകെ പിടിച്ചിരുന്നു. തന്റെ മേലെ വന്ന് പതിച്ച്‌ തിരമാലയ്ക്കുള്ളില്‍ പെട്ട്‌ അദ്ദേഹത്തിന്‌ ശ്വാസം മുട്ടി. ഭീമാകാരമായ ആ തിരമാലയുടെ ഭാരത്താല്‍ കപ്പല്‍ മുങ്ങിയത്‌ തന്നെ എന്ന് അദ്ദേഹം കരുതി.

സാവധാനം ഡോയ്‌ഷ്‌ലാന്റ്‌ മുകളിലേക്ക്‌ വന്നു. വെള്ളം മുഴുവന്‍ ഡെക്കില്‍ നിന്ന് ഒഴുകി പോയിരിക്കുന്നു. പാമരത്തിന്‌ ചുവട്ടിലേക്ക്‌ കണ്ണോടിച്ച അദ്ദേഹത്തിന്‌ പക്ഷേ കയറില്‍ മുറുകെ പിടിച്ച്‌ കിടക്കുന്ന സ്റ്റേമിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ.

ഡെക്കിന്‌ സമീപത്തെ ഓവുകള്‍ക്കരുകില്‍ എഴുനേല്‍ക്കാന്‍ ഒരു ശ്രമം നടത്തി നോര്‍. അത്‌ കണ്ട റിക്ടര്‍ അതിവേഗം അയാള്‍ക്ക്‌ നേരെ കുതിച്ചു. എന്നാല്‍ അതിനുള്ളില്‍ അടുത്ത തിരമാല ഉയര്‍ന്ന് അദ്ദേഹത്തെ തട്ടിയിട്ടു. വീഴുന്നതിനിടയില്‍ ഹാച്ച്‌ കവറിന്റെ ഒരു മൂലയ്ക്ക്‌ ഭാഗ്യത്തിന്‌ പിടി കിട്ടിയ അദ്ദേഹം അവിടെ ശക്തിയായി പിടിച്ച്‌ ഇരുന്നു. എന്നാല്‍ ആ തിരമാല നോറിനെ അഴികള്‍ക്ക്‌ മുകളിലൂടെ എടുത്ത്‌ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. എഴുനേല്‍ക്കാന്‍ ശ്രമിച്ച റിക്ടറിന്‌ നോറിന്റെ മഞ്ഞക്കോട്ടിന്റെ ഒരു മിന്നായം മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. പിന്നെ വെറും തിരമാലകള്‍ മാത്രം.

ഒരു കയറിന്റെ സഹായത്തോടെ സ്റ്റേം ഡെക്കിലൂടെ മറുവശത്തേക്ക്‌ നടന്നു. ബെര്‍ഗറുടെയും പുതിയ രണ്ട്‌ സഹായികളുടെയും കഠിനശ്രമം ഏതാണ്ട്‌ വിജയിച്ചുതുടങ്ങിയിരിക്കുന്നു. ഇടനാഴിയുടെ വാതില്‍ തുറന്ന് കിടക്കുന്നത്‌ കണ്ട റിക്ടര്‍ അങ്ങോട്ട്‌ നടന്നു. പിന്നെ ഉള്ളില്‍ കടന്ന് കതകടച്ച്‌ താഴേക്ക്‌ നടന്നു.

ഏകദേശം ഒരടി വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു അവിടെ. സിസ്റ്റര്‍ ആഞ്ചലയും ലോട്ടെയും നിന്നിരുന്നിടത്തേക്ക്‌ മറ്റ്‌ കന്യാസ്ത്രീകള്‍ എത്തി.

"യാതൊരു കുഴപ്പവുമില്ല... എല്ലാം നിയന്ത്രണാധീനമായിരിക്കുന്നു. എന്നാലും ഈ കാറ്റ്‌ ഒന്നവസാനിക്കുന്നത്‌ വരെ നിങ്ങള്‍ നിങ്ങളുടെ ബങ്കുകളില്‍ തന്നെ കഴിച്ചു കൂട്ടുക..." റിക്ടര്‍ അവരോട്‌ പറഞ്ഞു.

അല്‍പ്പനേരം അവിടെ നിശ്ശബ്ദത നിറഞ്ഞു. പിന്നെ സിസ്റ്റര്‍ ആഞ്ചല പറഞ്ഞു. "ഹേര്‍ റിക്ടര്‍ പറഞ്ഞതാണ്‌ കാര്യം. എല്ലാവരും അവരവരുടെ ബങ്കുകളിലേക്ക്‌ പോകൂ..."

മറ്റ്‌ കന്യാസ്ത്രീകള്‍ അവരവരുടെ മുറികളിലേക്ക്‌ മടങ്ങി. കണങ്കാല്‍ വരെ കെട്ടിക്കിടന്നിരുന്ന വെള്ളത്തില്‍ നനയാതിരിക്കാന്‍ അവര്‍ തങ്ങളുടെ വസ്ത്രം അല്‍പ്പം ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍ മുറിയിലേക്ക്‌ പോകാന്‍ കൂട്ടാക്കാതെ ലോട്ടെ അവിടെ തന്നെ നിന്നു. റിക്ടറുടെ വലത്‌ കവിളില്‍ പുരണ്ടിരിക്കുന്ന രക്തം കണ്ട്‌ ഭയത്തോടെ അവള്‍ പറഞ്ഞു.

"നിങ്ങളുടെ മുഖത്ത്‌ മുറിവേറ്റിട്ടുണ്ടല്ലോ റിക്ടര്‍..."

"ഓ, അതൊന്നും സാരമില്ല... ഒരു പോറല്‍ മാത്രാം... ദയവ്‌ ചെയ്ത്‌ ഞാന്‍ പറഞ്ഞത്‌ അനുസരിക്കൂ...

അദ്ദേഹം സിസ്റ്റര്‍ ആഞ്ചലയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "ഇപ്പോള്‍ തന്നെ ഡെക്കില്‍ വച്ച്‌ നമുക്ക്‌ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു. നോറിനെ... അടിച്ചു കയറിയ തിരമാലയില്‍ പെട്ട്‌ ഒലിച്ചു പോയി. സൗകര്യം പോലെ മറ്റ്‌ കന്യാസ്ത്രീകളെ അറിയിച്ചേക്കൂ. ഇപ്പോള്‍ പറഞ്ഞ്‌ അവരെ പരിഭ്രമിപ്പിക്കേണ്ട..."

പെട്ടെന്നവര്‍ കുരിശ്‌ വരച്ചു. "എന്നിട്ട്‌... ഒന്നും ചെയ്യാന്‍ സാധിച്ചില്ലേ?..."

"ഈ അവസ്ഥയിലോ...? കടല്‍ അയാളെ ഒറ്റയടിക്ക്‌ വിഴുങ്ങി..."

പെട്ടെന്ന് കപ്പല്‍ ഒരു വശത്തേക്ക്‌ വീണ്ടും ചരിഞ്ഞു. റിക്ടര്‍ തിരിഞ്ഞ്‌ ലോട്ടെയുടെ അടുത്ത്‌ കൂടി ഇടനാഴിയിലേക്ക്‌ കുതിച്ചു. അദ്ദേഹത്തെ തടയാനായി അവളും പിന്നാലെ എത്തി.

"ഹെല്‍മട്ട്‌..." അവള്‍ മന്ത്രിച്ചു. പിന്നെ അവള്‍ അവിടെ നിന്നു. അവളുടെ മുഖത്ത്‌ നിരാശ നിറഞ്ഞിരുന്നു. "എനിക്കറിയാം... അദ്ദേഹം അപകടത്തിലേക്കാണ്‌ പോകുന്നത്‌..."

"നീ അദ്ദേഹത്തെ വളരെയേറെ ഇഷ്ടപ്പെടുന്നുവല്ലേ..? ഒരു ആരാധനാപുരുഷനെയെന്ന പോലെ...?" സിസ്റ്റര്‍ ആഞ്ചല സൗമ്യമായി ചോദിച്ചു.

"അതെ സിസ്റ്റര്‍..." പതിഞ്ഞ സ്വരത്തില്‍ ലോട്ടെ പറഞ്ഞു.

മേശയുടെ അരികില്‍ പിടിച്ച്‌ സിസ്റ്റര്‍ ആഞ്ചല ഇരുന്നു. "നോക്കൂ കുട്ടീ... എല്ലാ സഹജീവികളെയും ഒരു പോലെ സ്നേഹിക്കുക എന്ന ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ള ഒരു സംഘത്തിലെ അംഗങ്ങളാണ്‌ നമ്മള്‍. ആരോടെങ്കിലും വ്യക്തിപരമായി കൂടുതല്‍ അടുക്കുമ്പോള്‍ നാം മറ്റുള്ളവര്‍ക്ക്‌ നല്‍കുന്ന സ്നേഹത്തില്‍ കുറവ്‌ വരുന്നു. മനുഷ്യത്വത്തിന്റെ സേവകരായിരിക്കുക എപ്പോഴും എന്നതാണ്‌ നമ്മള്‍ എടുത്തിട്ടുള്ള പ്രതിജ്ഞ..."

"ഞാന്‍ അത്തരത്തിലുള്ള പ്രതിജ്ഞകളൊന്നും എടുത്തിട്ടില്ല സിസ്റ്റര്‍..."

കപ്പല്‍ വീണ്ടും ചരിഞ്ഞപ്പോള്‍ സിസ്റ്റര്‍ ആഞ്ചല മേശമേല്‍ മുറുകെ പിടിച്ചു. ശ്വാസതടസം അനുഭവപ്പെടുന്നത്‌ പോലെ അവര്‍ക്ക്‌ തോന്നി. എന്നാല്‍ ശാരീരികമായ കാരണങ്ങള്‍ കൊണ്ടല്ലായിരുന്നു അത്‌.

"നീ എന്താണ്‌ പറയുന്നതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ...?

"ഉണ്ട്‌..." അവളുടെ സ്വരത്തിന്‌ മുമ്പെങ്ങും കാണാത്ത ദൃഢത കൈ വന്നിരുന്നു. "ആ പ്രതിജ്ഞകളുമായി ഇനി എനിയ്ക്ക്‌ യാതൊരു ബന്ധവുമില്ല..."

സിസ്റ്റര്‍ ആഞ്ചല ചാടിയെഴുനേറ്റ്‌ ലോട്ടെയുടെ കൈകളില്‍ മുറുകെ പിടിച്ചു. "ചിന്തിക്കൂ ലോട്ടെ... നന്നായി ചിന്തിക്കൂ..." ദ്വേഷ്യം അടക്കിക്കൊണ്ട്‌ അവര്‍ തുടര്‍ന്നു. "ദൈവത്തിനോടുള്ള സ്നേഹം ഉപേക്ഷിക്കുക ! അതും ഒരു..."

"ഒരു മനുഷ്യന്‌ വേണ്ടി ?..." ലോട്ടെ ചോദിച്ചു. എന്താ, ദൈവത്തെയും മനുഷ്യനെയും ഒരുമിച്ച്‌ സ്നേഹിക്കുവാന്‍ പാടില്ലെന്നുണ്ടോ...?"

മന:സംയമനം പാലിക്കുവാന്‍ ശ്രമിച്ചെങ്കിലും സിസ്റ്റര്‍ ആഞ്ചലയ്ക്ക്‌ പഴയ ഓര്‍മ്മകള്‍ തികട്ടി വന്നു.

"നാം വിചാരിക്കുന്നത്‌ പോലെയല്ല കുട്ടീ കാര്യങ്ങള്‍ നടക്കുന്നത്‌. നാം മനുഷ്യ ജീവികള്‍ വളരെ ദുര്‍ബലരാണ്‌. ഒരിക്കല്‍ ഞാന്‍ നിന്നെക്കാള്‍ ചെറുപ്പമായിരുന്ന കാലത്ത്‌ ഒരു പുരുഷനെ സ്നേഹിച്ചു. ഹൃദയവും... എന്തിന്‌... എന്റെ ശരീരം പോലും അയാള്‍ക്ക്‌ സമര്‍പ്പിച്ചു ഞാന്‍. എന്നിട്ടെനിക്ക്‌ തിരികെ കിട്ടിയതോ... തിരികെ കിട്ടിയത്‌..." ഇടര്‍ച്ച മൂലം അവരുടെ ശബ്ദം തടസ്സപ്പെട്ടു.

"ഒരു പുരുഷന്‍ അങ്ങനെ ചെയ്തുവെന്ന് വച്ച്‌ എല്ലാ പുരുഷന്മാരും വഞ്ചകരാണോ...? ഇങ്ങനെയാണോ നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്‌ സിസ്റ്റര്‍...?"

"അല്ല, തീര്‍ച്ചയായും അല്ല... " അവര്‍ അവളുടെ കൈകളില്‍ മുറുകെ പിടിച്ചു. "നമ്മള്‍ ഇപ്പോള്‍ സംസാരിച്ചത്‌ തന്നെ ധാരാളം... റിക്ടര്‍ പറഞ്ഞത്‌ പോലെ നീ പോയി നിന്റെ ബങ്കില്‍ കിടക്കൂ... അദ്ദേഹം പറഞ്ഞത്‌ നമ്മുടെ സുരക്ഷക്കായിട്ടാണ്‌..."

ഒന്ന് സംശയിച്ചിട്ട്‌ ലോട്ടെ മുന്നോട്ട്‌ നീങ്ങി, മുറിക്കുള്ളില്‍ കയറി വാതില്‍ വലിച്ചടച്ചു. സിസ്റ്റര്‍ ആഞ്ചല അവിടെയുണ്ടായിരുന്ന കസേരയില്‍ ഇരുന്നു. പിന്നെ, മുഖം മേലോട്ടുയര്‍ത്തി. ആ മിഴികള്‍ ഈറനണിഞ്ഞിരുന്നു.

"എന്നോട്‌ എന്തിനിത്‌ ചെയ്തു കാള്‍... എന്തിന്‌...?" അവര്‍ വിതുമ്പി.

ആ മിഴികളില്‍ നിന്ന് ചുടുകണ്ണീര്‍ ധാരയായി ഒഴുകി. എന്നാല്‍ അടുത്ത നിമിഷം തന്നെ, അവരുടെ സന്തത സഹചാരിയായ ആത്മനിയന്ത്രണം കൈവന്നു. പിന്നെ, കൈകള്‍ കൂപ്പി, ലീഡിംഗ്‌ സീമാന്‍ പീറ്റര്‍ നോറിന്റെ ആത്മശാന്തിക്കായി അവര്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. പീറ്റര്‍ നോറിന്‌ വേണ്ടി മാത്രമല്ല, ദൈവാനുഗ്രഹം ലഭിക്കുന്നതിന്‌ വിഘാതമായി പാപം ചെയ്തിട്ടുള്ള എല്ലാ മനുഷ്യജീവികള്‍ക്ക്‌ വേണ്ടിയും.


(തുടരും)

Thursday, December 17, 2009

സ്റ്റോം വാണിംഗ്‌ - 25

മഞ്ഞ്‌ വീണു കിടക്കുന്ന ലണ്ടന്‍ നഗരത്തിലെ തെരുവീഥികളില്‍ കനത്ത മഴ കോരിച്ചൊരിയുകയാണ്‌. ജാനറ്റ്‌ മണ്‍റോയുടെ ട്രെഞ്ച്‌ കോട്ട്‌ നനഞ്ഞ്‌ കുതിര്‍ന്നിരിക്കുന്നു. ജാഗോയ്ക്കൊപ്പം നടന്നുകൊണ്ടിരിക്കുന്ന അവള്‍ തലയില്‍ ഒരു ടവല്‍ ചുറ്റിയിട്ടുണ്ട്‌.

മഴയില്‍ കുതിര്‍ന്ന് കുറേയധികം നടന്നു കഴിഞ്ഞിരിക്കുന്നു അവര്‍. ബേഡ്‌ കേയ്‌ജ്‌ വാക്ക്‌, ലണ്ടന്‍ കൊട്ടാരം, സെന്റ്‌ ജെയിംസ്‌ പാര്‍ക്ക്‌, ഡൗണിംഗ്‌ സ്ട്രീറ്റ്‌ എന്നിവടങ്ങളിലൊക്കെ ചുറ്റിയടിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ജാഗോ ഈ കാഴ്ചകളൊന്നും ആസ്വദിക്കുന്നുണ്ടായിരുന്നില്ല. അതില്‍ ഒട്ടും താല്‍പ്പര്യവുമില്ലായിരുന്നു അദ്ദേഹത്തിന്‌.

വെസ്റ്റ്‌ മിനിസ്റ്റര്‍ ബ്രിഡ്‌ജിന്‌ നേര്‍ക്ക്‌ അവള്‍ നടന്നുതുടങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു. "ഇനിയും മതിയായില്ലേ...?"

"ഇല്ല..ഇല്ല... ഓര്‍മ്മയില്ലേ, വളരെ സ്പെഷല്‍ ആയ ഒരു സമ്മാനം തരാനുണ്ടെന്ന് ഞാന്‍ പറഞ്ഞ കാര്യം...?

"എപ്പോള്‍...?" അദ്ദേഹം പരുങ്ങി.

അവര്‍ പാലത്തിലേക്ക്‌ കാല്‍ വച്ചു. കല്ല് കൊണ്ട്‌ കെട്ടി ഉയര്‍ത്തിയ മതിലിനരികിലേക്ക്‌ തിരിഞ്ഞ്‌ അവള്‍ പറഞ്ഞു. "ഇതാണത്‌... ഈ നഗരത്തിലെ ഏറ്റവും നല്ല റൊമാന്റിക്ക്‌ പ്ലെയ്‌സ്‌... ലണ്ടനിലെ ഓരോ അമേരിക്കക്കാരനും ഒരു പ്രാവശ്യമെങ്കിലും ഇവിടെ സന്ദര്‍ശിച്ചിരിക്കണം. അത്‌ അര്‍ദ്ധരാത്രിയില്‍ ആയാല്‍ വളരെ നന്ന്..."

"ഇപ്പോള്‍ എതാണ്ട്‌ അര്‍ദ്ധരാത്രിയായി..." ജാഗോ പറഞ്ഞു.

"വെരി ഗുഡ്‌... ഒരു സിഗരറ്റും പുകച്ച്‌ നമുക്ക്‌ കാത്തിരിക്കാം, യക്ഷികള്‍ ഇറങ്ങി നടക്കുന്ന ആ യാമത്തിനായി..." അവള്‍ ചിരിച്ചു.

താഴെ, തെയിംസ്‌ നദിയുടെ തീരങ്ങളില്‍ വന്നടിക്കുന്ന കുഞ്ഞോളങ്ങളുടെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട്‌ ആ കന്മതിലില്‍ ചാരി അവര്‍ നിന്നു.

"എങ്ങനെയുണ്ട്‌ വിനോദ സഞ്ചാരം...? ഇഷ്ടപ്പെട്ടുവോ...? അവള്‍ ചോദിച്ചു.

"ഓ, യെസ്‌ മാഡം... ഇന്നലെ വരെ നിങ്ങളുടെ നഗരത്തില്‍ ഞാന്‍ ഒരു അപരിചിതനായിരുന്നു. പക്ഷേ, ഇനി അല്ല..."

"ഗുഡ്‌... നിങ്ങള്‍ക്ക്‌ അല്‍പ്പം സാഹിത്യത്തിന്റെ അസുഖവുമുണ്ടെന്ന് തോന്നുന്നു...?"

"ഏയ്‌, അങ്ങനെയൊന്നുമില്ല..." അദ്ദേഹം അവള്‍ക്കരികില്‍ വന്ന് മതിലില്‍ ചാരി നിന്നു. "നിങ്ങള്‍ക്കീ പുരാതന നഗരം വളരെ ഇഷ്ടമാണല്ലേ...?

"അതേ... ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു പ്രത്യേക ബന്ധം തന്നെ ഉണ്ട്‌. ഈ നഗരത്തെ അതിന്റെ പ്രതാപകാലത്തും കഷ്ടകാലത്തും ഞാന്‍ അടുത്തറിഞ്ഞിട്ടുണ്ട്‌. പലപ്പോഴും നരകതുല്യമായി തോന്നിയിട്ടുമുണ്ട്‌. എങ്കിലും ഞങ്ങള്‍ രണ്ടും ഇന്നും ജീവിക്കുന്നു..."

"പക്ഷേ, നിങ്ങള്‍ക്ക്‌ മനുഷ്യരോട്‌ വെറുപ്പാണെന്ന് തോന്നുന്നു...?" ജാഗോ അവളെ ശുണ്ഠി പിടിപ്പിക്കാന്‍ നോക്കി.

അവള്‍ മുഖം വെട്ടിച്ചു. ആ മുഖത്തെ ദ്വേഷ്യം അദ്ദേഹത്തിന്‌ കാണാമായിരുന്നു. "എനിയ്ക്കോ...? എന്താണങ്ങനെ തോന്നാന്‍ ഡാര്‍ലിംഗ്‌...?" അവള്‍ പരിഭവത്തോടെ ചോദിച്ചു.

"നിങ്ങള്‍ ഒരു ക്രൂരയാണെന്ന് നിങ്ങള്‍ക്ക്‌ തന്നെ തോന്നാറില്ലേ ഡോക്ടര്‍...? എത്രയോ മനുഷ്യരെ മരിയ്ക്കുവാന്‍ അനുവദിക്കുന്നു നിങ്ങള്‍...?"

"യൂ... ഗോ റ്റു ഹെല്‍ ജാഗോ..." കുസൃതിയോടെ അദ്ദേഹത്തെ അടിക്കുവാനെന്നവണ്ണം അവള്‍ കൈ ഓങ്ങി.

അതേ നിമിഷം, പുരാതനമായ 'ബിഗ്‌ ബെന്‍' ഘടികാരം പാതിരാവായി എന്നറിയിക്കുന്ന ആദ്യമണി മുഴക്കി.

അവളുടെ അടി തടയാനെന്ന മട്ടില്‍ ജാഗോ കൈ ഉയര്‍ത്തി. "യക്ഷികള്‍ ഇറങ്ങുന്ന സമയമായി, മറക്കരുത്‌... പിന്നെ ഈ തീരമാണെങ്കില്‍ പ്രണയിക്കുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട താവളവും..."

സ്നേഹാര്‍ദ്രയായി അവള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ തലോടി. "പറയൂ ജാഗോ, ഈ ഉദ്യോഗം നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ നശിപ്പിച്ച്‌ കളയുകയല്ലേ...?"

"ഒരു ഭാഗമല്ല, ഭൂരിഭാഗവും..." അദ്ദേഹം നെടുവീര്‍പ്പിട്ടു.

അര്‍ദ്ധരാത്രിയുടെ അവസാനത്തെ മണിയും മുഴങ്ങിക്കഴിഞ്ഞു. മഴ പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചു. അവള്‍ അദ്ദേഹത്തോട്‌ ഒന്നു കൂടി ഒട്ടിച്ചേര്‍ന്ന് നിന്നു. ജാഗോ ഒന്ന് സംശയിച്ച്‌ നിന്നു. പിന്നെ തന്റെ രണ്ട്‌ കൈകളും അവളുടെ തോളില്‍ വച്ചു. പെട്ടെന്ന് അവള്‍ വികാരാധിക്യത്തോടെ അദ്ദേഹത്തിന്റെ കഴുത്തില്‍ കൈ ചുറ്റി, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.

"നൗ, ടെയ്‌ക്‌ മീ ഹോം ജാഗോ..." അദ്ദേഹത്തിന്റെ ചെവിയില്‍ അവള്‍ മന്ത്രിച്ചു.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Saturday, December 12, 2009

സ്റ്റോം വാണിംഗ്‌ - 24

ചാനലിന്റെ സമീപം അവര്‍ എത്തിയപ്പോഴേക്കും വേലിയിറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. കണ്‍ട്രോള്‍ റൂമില്‍ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്ന എന്‍ജലിന്‌ സമീപം ഫ്രീമേല്‍ നില്‍ക്കുന്നു. ചീഫ്‌ എന്‍ജിനീയറിംഗ്‌ ഓഫീസര്‍ ഡീറ്റ്‌സ്‌, സെക്കന്‍ഡ്‌ വാച്ച്‌ ഓഫീസര്‍ ഹെയ്‌നി റോത്ത്‌ എന്ന് വേണ്ട, എല്ലാവരും തന്നെ അവര്‍ക്ക്‌ ചുറ്റും ആകാംക്ഷയോടെ സമ്മേളിച്ചിരിക്കുന്നു.

ഡീസല്‍ എന്‍ജിനുകള്‍ ഓഫ്‌ ചെയ്ത്‌ ഇലക്‍ട്രിക്ക്‌ മോട്ടോറുകളാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഒരു പരിധി വരെ അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞിരുന്നു.

"നമുക്ക്‌ അധിക സമയം കളയാനില്ല. വേലിയിറക്കം തുടങ്ങിക്കഴിഞ്ഞു..." ഗെറിക്കിന്റെ ശാന്ത സ്വരം വോയ്‌സ്‌ പൈപ്പിലൂടെ എല്ലാവരും വ്യക്തമായി കേട്ടു.

"ശരി സര്‍... ഞങ്ങള്‍ റെഡി... താങ്കളുടെ ആജ്ഞയ്ക്കായി കാത്തു നില്‍ക്കുകയാണ്‌ ഞങ്ങള്‍..." എന്‍ജല്‍ മൈക്രോഫോണിലൂടെ മറുപടി കൊടുത്തു.

പുറത്ത്‌ അതിശൈത്യമായിരുന്നു. തന്റെ ജീവിതത്തില്‍ ഇത്രയും തണുപ്പ്‌ ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല എന്ന് സബ്‌മറീനിന്റെ ബ്രിഡ്‌ജില്‍ നിന്നിരുന്ന ഗെറിക്കിന്‌ തോന്നി. ലൈഫ്‌ ജാക്കറ്റും ഹെഡ്‌ ഫോണും ധരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നെഞ്ചിനൊപ്പം വെള്ളമുണ്ടായിരുന്നു.

വളരെ മങ്ങിയതെങ്കിലും അവിടെയുണ്ടായിരുന്ന വെളിച്ചം ആ പ്രദേശത്തിന്റെ വ്യക്തമായ കാഴ്ച അദ്ദേഹത്തിന്‌ നല്‍കി. ദൂരെ തുറമുഖത്ത്‌ നടന്നിരുന്ന ബഹളങ്ങളൊക്കെ കനം കുറഞ്ഞ്‌ കുറഞ്ഞ്‌ അവ്യക്തമായി.

"കോഴ്‌സ്‌ വണ്‍ - എയ്‌റ്റ്‌ - റ്റൂ..." അദ്ദേഹം പറഞ്ഞു.

"അടിയില്‍ ഏഴ്‌ മീറ്റര്‍ വെള്ളം... ആറു മീറ്റര്‍..." എന്‍ജലിന്റെ ശബ്ദം മൈക്രോഫോണിലൂടെ ഗെറിക്കിന്റെ കര്‍ണ്ണങ്ങളിലെത്തി.

ഒഴുക്കിനൊപ്പം സബ്‌മറീന്‍ മുന്നോട്ട്‌ നീങ്ങി. അടുത്തെത്തിക്കൊണ്ടിരിക്കുന്ന പെന്‍ഡെനിസ്‌ പോയിന്റില്‍ ഒരു ടവര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്‌ ഗെറിക്ക്‌ ശ്രദ്ധിച്ചു. അതിനപ്പുറത്ത്‌ കൂടി പോകുന്ന വാഹനങ്ങളുടെ ശബ്ദം അദ്ദേഹത്തിന്‌ കേള്‍ക്കാമായിരുന്നു. ആ ടവറില്‍ സേര്‍ച്ച്‌ ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ഭയന്നു.

പെട്ടെന്ന് ഹെഡ്‌ഫോണിലൂടെ എന്‍ജലിന്റെ പരിഭ്രമിച്ച സ്വരം കേള്‍ക്കാറായി. "കീലിനടിയില്‍ വെറും രണ്ട്‌ മീറ്റര്‍ വെള്ളം സര്‍... ഒരു മീറ്റര്‍ സര്‍..."

"പോകുന്ന ദിശയില്‍ തന്നെ നേരെ പോകട്ടെ. ഇനിയും പകുതി ദൂരമുണ്ട്‌..." ഗെറിക്ക്‌ ശാന്തമായി പ്രതിവചിച്ചു.

"മൈ ഡിയര്‍ പോള്‍... ഇക്കണക്കിന്‌ നമുക്ക്‌ വെള്ളമില്ലാതെ തന്നെ പോകേണ്ടി വരുമെന്ന് തോന്നുന്നല്ലോ..." ഫ്രീമേലിന്റെ സ്വരവും ശാന്തമായിരുന്നു.

പെട്ടെന്നാണ്‌ സബ്‌മറീനെ ഒരു വിറയല്‍ ബാധിച്ചത്‌. അടിഭാഗം എന്തിന്റെയോ പുറത്തുകൂടി ഉരഞ്ഞ്‌ പോകുന്നതുപോലെ. എല്ലാവരും പല്ല് കടിച്ചു പിടിച്ച്‌ ഇരുന്നു.

"ഓ, ദൈവമേ... ഇത്‌ ആ മുക്കിയിട്ടിരിക്കുന്ന കപ്പല്‍ തന്നെ..." ഹെയ്‌നി റോത്ത്‌ ഉറക്കെ പറഞ്ഞു.

അങ്ങനെ ഉരഞ്ഞ്‌ കൊണ്ട്‌ U-235 സബ്‌മറീന്‍ പിന്നെയും കുറച്ച്‌ ദൂരം മുന്നോട്ട്‌ നീങ്ങി. പിന്നെ പെട്ടെന്ന് അതില്‍ നിന്ന് മോചിതമായി. ഗെറിക്കിന്റെ ശബ്ദം അപ്പോള്‍ കേള്‍ക്കാറായി. "ഫുള്‍ സ്പീഡില്‍ മുന്നോട്ട്‌..."

U-235ല്‍ ഉള്ള എല്ലാവരും സന്തോഷഭരിതരായി. "എന്നത്തേയും പോലെ ഈ ദൗത്യവും അദ്ദേഹം വിജയിപ്പിച്ചിരിക്കുന്നു..." ഡീറ്റ്‌സ്‌ ആശ്ചര്യത്തോടെ പറഞ്ഞു.

ഗെറിക്കിന്റെ സ്വരം വീണ്ടും കേള്‍ക്കാറായി. "സന്തോഷിക്കാന്‍ വരട്ടെ... പാസ്സേജില്‍ മുക്കിയിട്ടിരിക്കുന്ന കപ്പലിനെ നമ്മള്‍ ഇനിയും താണ്ടിയിട്ടില്ല. ഇനിയും നൂറ്‌ മീറ്റര്‍ കൂടി പോകണം അവിടെയെത്താന്‍. എനിയ്ക്കത്‌ കാണാന്‍ സാധിക്കുന്നുണ്ട്‌. രണ്ട്‌ എന്‍ജിനുകള്‍ മാത്രം പ്രവര്‍ത്തിപ്പിച്ചാല്‍ മതി. എന്നിട്ട്‌ അടുത്ത ഓര്‍ഡറിനായി വെയ്‌റ്റ്‌ ചെയ്യൂ..."

ബ്രിഡ്‌ജില്‍ നിന്നുകൊണ്ട്‌ അദ്ദേഹം ആ പ്രതിബന്ധത്തെ വീക്ഷിച്ചു. വേലിയിറക്കത്തിന്റെ ഒഴുക്കില്‍ U-235 സൗത്ത്‌ പാസ്സേജിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഒരു പഴയ ചരക്ക്‌ കപ്പലാണ്‌ അവിടെ താഴ്ത്തിയിട്ടിട്ടുള്ളത്‌. അതിന്റെ കുത്തനെയുള്ള പുകക്കുഴല്‍ ആകാശത്തേക്കുയര്‍ന്ന് നില്‍ക്കുന്നത്‌ ആ ഇരുട്ടിലും കാണാമായിരുന്നു. അതിന്റെ ഡെക്കില്‍ വെള്ളമുണ്ടായിരുന്നില്ല.

"വലത്തോട്ട്‌ നീങ്ങൂ..." ഗെറിക്ക്‌ മൈക്രോഫോണിലൂടെ നിര്‍ദ്ദേശം കൊടുത്തു.

വലതുഭാഗത്തുള്ള പാറക്കൂട്ടങ്ങളുടെയും മുക്കിയിട്ടിരിക്കുന്ന കപ്പലിന്റെയും ഇടയിലൂടെയുള്ള ആ വഴി വളരെ ഇടുങ്ങിയതായിരുന്നു. പക്ഷേ, ഇതല്ലാതെ വേറെ വഴിയില്ലല്ലോ അവര്‍ക്ക്‌. സബ്‌മറീനിന്റെ അടിഭാഗത്ത്‌ നിന്ന് വീണ്ടും ഉരയുന്ന ശബ്ദം കേള്‍ക്കാറായി.

"ആറ്‌ മീറ്റര്‍ വീതി വേണം സര്‍, ആറ്‌ മീറ്റര്‍..." എന്‍ജലിന്റെ പരിഭ്രമത്തോടെയുള്ള സ്വരം വീണ്ടും ഹെഡ്‌ഫോണിലൂടെ അദ്ദേഹം കേട്ടു.

ഉരസല്‍ പെട്ടെന്ന് നിന്നു. U-235 മുന്നോട്ട്‌ നീങ്ങി. "മുന്നോട്ട്‌ തന്നെ പോകട്ടെ എന്‍ജല്‍... ഇനി അധികമില്ല..." ഗെറിക്ക്‌ നിര്‍ദ്ദേശിച്ചു.

അവര്‍ക്ക്‌ പിന്നില്‍ അകലെ, ഹാര്‍ബറില്‍ വീണ്ടും സ്ഫോടന ശബ്ദം ഗെറിക്ക്‌ കേട്ടു. പക്ഷേ, അത്‌ ശ്രദ്ധിക്കുവാന്‍ അദ്ദേഹം നിന്നില്ല. അഴികളില്‍ മുറുകെ പിടിച്ചുകൊണ്ട്‌ തന്റെ ജോലിയില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒരു രാക്ഷസന്റെ കൈയിലകപ്പെട്ടപോലെ ജലപ്രവാഹത്തില്‍ പെട്ട്‌ ആ സബ്‌മറീന്‍ മുന്നോട്ട്‌ കുതിച്ചു. തുരുമ്പിച്ച ലോഹ ഭാഗങ്ങളുമായി മുങ്ങിക്കിടക്കുന്ന ആ വലിയ കപ്പല്‍ ഇടത്‌ വശത്തായി അദ്ദേഹം കണ്ടു.

അഴികളില്‍ മുറുകെ പിടിച്ച്‌ ഗെറിക്ക്‌ കമഴ്‌ന്ന് കിടന്നു. ഏറ്റവും അപകടകരമായ നിമിഷങ്ങള്‍. മൂര്‍ച്ഛയുള്ള എന്തെങ്കിലും ഇരുമ്പ്‌ ബീമുകളോ മറ്റോ പുറത്തേക്ക്‌ തള്ളി നില്‍ക്കുന്നുണ്ടെങ്കില്‍ സബ്‌മറീന്‍ തകരുമെന്നുള്ളതില്‍ സംശയമില്ല.

വലത്‌ ഭാഗത്ത്‌ വീണ്ടും ഉരസല്‍ കേള്‍ക്കാറായി. ആ പാറക്കെട്ടുകള്‍ തന്റെ നേര്‍ക്ക്‌ അടുത്തടുത്ത്‌ വരുന്നതായി അദ്ദേഹത്തിന്‌ തോന്നി. പെട്ടെന്നാണ്‌ ജലപ്രവാഹത്തില്‍ പെട്ട്‌ അല്‍പ്പം ഇടത്തേക്ക്‌ നീങ്ങി അന്തര്‍വാഹിനി മുന്നോട്ട്‌ കുതിച്ചത്‌. വഴി തടസ്സപ്പെടുത്തി അവിടെ മുക്കിയിട്ടിരുന്ന ആ കൂറ്റന്‍ കപ്പല്‍ തങ്ങള്‍ക്ക്‌ പിന്നില്‍ അകന്ന് പോകുന്നത്‌ ഗെറിക്ക്‌ കണ്ടു.

"നാം കടലിലേക്ക്‌ പ്രവേശിച്ചിരിക്കുന്നു..." ഗെറിക്ക്‌ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു. "ശക്തിയുള്ള തിരമാലകള്‍ അടിയ്ക്കുന്നുണ്ട്‌... കാറ്റ്‌ 6 എന്ന നിലയില്‍ ആണെന്ന് കരുതുന്നു. പരമാവധി വേഗതയില്‍ പോകട്ടെ മുന്നോട്ട്‌. ഡീസല്‍ എന്‍ജിനുകളും പ്രവര്‍ത്തിപ്പിച്ചോളൂ..."

കണ്‍ട്രോള്‍ റൂമിലെ അവസ്ഥ അവര്‍ണ്ണനീയമായിരുന്നു. ഡീറ്റ്‌സിന്റെ കണ്ണുകളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. ഫ്രീമേല്‍, വികാരാധിക്യത്താല്‍ ഹെയ്‌നി റോത്തിനെ ആലിംഗനം ചെയ്തു.

"അസാദ്ധ്യം... ഇത്രയും നേരം ജീവനോടെ ശവപ്പെട്ടിയില്‍ കിടക്കുന്നത്‌ പോലെ ആയിരുന്നു. ഇനി എന്തായാലും അത്‌ വെറും ദുഃസ്വപ്നം മാത്രം..." അഡ്‌മിറല്‍ ഫ്രീമേല്‍ പറഞ്ഞു.

U-235 അതിവേഗം മുന്നോട്ട്‌ കുതിക്കുമ്പോള്‍ പുറത്ത്‌ ബ്രിഡ്‌ജിന്റെ അഴികളില്‍ മുറുകെ പിടിച്ച്‌ ഗെറിക്ക്‌ കമഴ്‌ന്ന് കിടന്നു. ശക്തിയായ കാറ്റിലും തിരമാലയിലും പിടിവിട്ടു പോകാതിരിക്കുവാന്‍ അദ്ദേഹം വിഷമിച്ചു. ചുറ്റിനും കട്ടപിടിച്ച അന്ധകാരവും കടലിന്റെ അലര്‍ച്ചയും മാത്രം. ഇനി ഉള്ളില്‍ കടക്കുവാന്‍ സമയമായിരിക്കുന്നു.


"ഓള്‍ റൈറ്റ്‌ കാള്‍... സബ്‌മറീനെ മുകളിലേക്ക്‌ കൊണ്ടുവരൂ... ഞാന്‍ ഉള്ളിലേക്ക്‌ വരാം... എന്നിട്ട്‌ മിഡ്‌ചാനലില്‍ എത്തുന്നത്‌ വരെയും സമുദ്രാന്തര്‍ഭാഗത്ത്‌ കൂടിത്തന്നെ പോകാം നമുക്ക്‌..." ഗെറിക്ക്‌ മൈക്രോഫോണിലുടെ പറഞ്ഞു.

ആ ഗര്‍ജ്ജന ശബ്ദം പെട്ടെന്നാണ്‌ വലുതായത്‌ പോലെ തോന്നിയത്‌. തിരമാലകളുടേതായിരുന്നില്ല അത്‌. വെള്ളനിറമുള്ള ഒരു വലിയ വസ്തു സബ്‌മറീനിന്റെ വലത്‌ വശത്തേക്ക്‌ അതിവേഗം വരുന്നത്‌ അദ്ദേഹം കണ്ടത്‌ പെട്ടെന്നായിരുന്നു. ഒന്ന് ഒഴിഞ്ഞ്‌ മാറാന്‍ പോലും കഴിയുന്നതിന്‌ മുമ്പ്‌ സംഘട്ടനം നടന്ന് കഴിഞ്ഞിരുന്നു. ലോഹങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ ഉള്ള ശബ്ദം. സബ്‌മറീനിന്റെ മുകളിലൂടെ ഉഴുതുമറിച്ചിട്ടെന്ന പോലെ അതെ കടന്ന് പോയി.

U-235 തലകീഴായി ഒന്ന് ഉരുണ്ടുമറിഞ്ഞു. ബ്രിഡ്‌ജ്‌ ഉണ്ടായിരുന്ന ഭാഗം വേര്‍പെട്ട്‌ ഇടത്തോട്ട്‌ വീണു. അതിന്‌ മുകളിലൂടെ ഗെറിക്ക്‌ കടലിലേക്ക്‌ എടുത്തെറിയപ്പെട്ടു.

"എന്റെ രാത്രി... അങ്ങനെയല്ലേ ഞാന്‍ നേരത്തെ പറഞ്ഞത്‌...?" അദ്ദേഹം ഓര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും അദ്ദേഹം വെള്ളത്തില്‍ വന്ന് വീണുകഴിഞ്ഞിരുന്നു. അടുത്ത നിമിഷം ഒരു തിരമാല വന്ന് അദ്ദേഹത്തെ മൂടി.

* * * * * * * * * * * * * * * * * * * * * * *

സബ്‌മറീനിന്റെ മുകളിലൂടെ അതിവേഗം പാഞ്ഞുപോയ ആ വസ്തുവിന്റെ അവ്യക്തമായ രൂപം ഗെറിക്ക്‌ കണ്ടിരുന്നു. ബ്രിട്ടീഷ്‌ റോയല്‍ നേവിയുടെ പതിനഞ്ചാം ഫ്ലീറ്റിലെ കപ്പലായ വോസ്‌പര്‍ MTB (മോട്ടോര്‍ ടോര്‍പ്പിഡോ ബോട്ട്‌) ആയിരുന്നു അത്‌. ഫാള്‍മൗത്ത്‌ ഹാര്‍ബറിലെ ആക്രമണത്തെക്കുറിച്ച്‌ റേഡിയോ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് മുപ്പത്തിയഞ്ച്‌ നോട്ട്‌ സ്പ്പീഡില്‍ ചീറിപ്പാഞ്ഞ്‌ വരികയായിരുന്നു അത്‌.

എന്നാല്‍ ഇപ്പോള്‍ അത്‌ കടലില്‍ നിശ്ചലമായി കിടക്കുകയാണ്‌. എന്‍ജിനുകള്‍ പ്രവര്‍ത്തന രഹിതമായിരിക്കുന്നു. ചീഫ്‌ പെറ്റി ഓഫീസറില്‍ നിന്ന് കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്‌ കമാന്‍ഡര്‍ ഡ്രമണ്ട്‌.

"അതൊരു സബ്‌മറീനായിരുന്നെന്ന് താങ്കള്‍ക്കുറപ്പാണോ ചീഫ്‌...?"

"തീര്‍ച്ചയായും സര്‍... ലീഡിംഗ്‌ സീമാന്‍ കൂപ്പര്‍ അതിനെ ശരിയ്ക്കും കണ്ടതാണ്‌." പിന്നീട്‌ ഒന്ന് സംശയിച്ചിട്ട്‌ അദ്ദേഹം പറഞ്ഞു. "അത്‌ നമ്മുടേതാണോ അതോ അവരുടേതാണോ എന്നതിലാണ്‌ ഇപ്പോള്‍ സംശയം..."

"മൈ ഗോഡ്‌... !" ഡ്രമണ്ട്‌ മന്ത്രിച്ചു.

പെട്ടെന്ന് ബ്രിഡ്‌ജില്‍ നിന്ന് ആരോ വിളിച്ചു കൂവി. "ആരോ വെള്ളത്തില്‍ കിടക്കുന്നുണ്ട്‌ സര്‍... ഇടത്‌ വശത്ത്‌..."

"സെര്‍ച്ച്‌ ലൈറ്റ്‌ എടുക്കൂ... പെട്ടെന്ന്..." ഡ്രമണ്ട്‌ പറഞ്ഞു.

പ്രകാശ കിരണങ്ങള്‍ ഗെറിക്കിന്റെ മുഖത്ത്‌ വന്ന് പതിച്ചു. തലയില്‍ നിന്ന് സ്ഥാനം തെറ്റിയ ഹാറ്റ്‌ ഊര്‍ന്ന് അദ്ദേഹത്തിന്റെ ചെവി മൂടി കിടന്നിരുന്നു. കൈ ഉയര്‍ത്തി വീശിക്കൊണ്ട്‌ അദ്ദേഹം കപ്പലിന്‌ സമീപത്തേക്ക്‌ നീന്തി.

"ക്വിക്‍ലി..." ഡ്രമണ്ട്‌ വിളിച്ചു പറഞ്ഞു. "അല്ലെങ്കില്‍ അയാള്‍ അവിടെ കിടന്ന് തണുത്ത്‌ വിറച്ച്‌ മരിച്ചു പോകും..."

പെറ്റി ഓഫീസര്‍ ബെല്‍, കാര്യമറിയാന്‍ ബ്രിഡ്‌ജിലേക്കോടി. ഡെക്കില്‍ ആകെപ്പാടെ ഒരു ഉണര്‍വ്വ്‌. പെട്ടെന്ന് തന്നെ ഗെറിക്ക്‌ ഡെക്കിലേക്ക്‌ എടുക്കപ്പെട്ടു. അവരുടെ പ്രവൃത്തികള്‍ നോക്കിക്കൊണ്ട്‌ ഡ്രമണ്ട്‌ ബ്രിഡ്‌ജില്‍ ചാരി ആകാംക്ഷയോടെ നിന്നു. ബെല്‍, സെര്‍ച്ച്‌ ലൈറ്റ്‌ ഗെറിക്കിനു നേരെ തെളിയിച്ചു. അടുത്ത നിമിഷം ആഹ്ലാദത്തോടെ അദ്ദേഹം വിളിച്ചു പറഞ്ഞു... "സര്‍, സര്‍ ... നമുക്ക്‌ കിട്ടിയിരിക്കുന്നത്‌ ഒരു ജെറിയെയാണ്‌..." (ജെറി - ജര്‍മ്മന്‍കാരന്‍).

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Saturday, December 5, 2009

സ്റ്റോം വാണിംഗ്‌ - 23

ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ U-235 സബ്‌മറീന്‍ അതിന്റെ ദൗത്യം നിര്‍വ്വഹിച്ചു കൊണ്ടിരിക്കുകയാണ്‌. പെരിസ്കോപ്പ്‌ ജലോപരിതലത്തിന്‌ തൊട്ടുമുകളിലായി അതീവ ജാഗ്രതയോടെ നീങ്ങിക്കൊണ്ട്‌ സെന്റ്‌ മേവ്‌സിന്റെ കവാടത്തില്‍ അവസാനത്തെ മൈനും നിക്ഷേപിച്ചു കഴിഞ്ഞു. പെരിസ്കോപ്പിലൂടെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഗെറിക്കിന്‌ സമീപം ഫ്രീമേലും എന്‍ജലും ആകാംക്ഷാഭരിതരായി നില്‍ക്കുന്നു. കാള്‍സണ്‍ ആണ്‌ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്നത്‌. തളം കെട്ടി നില്‍ക്കുന്ന നിശബ്ദതയില്‍ പാദചലനത്തിന്റെ നേരിയ ശബ്ദം പോലും ഉണ്ടാകാതെ ശ്രദ്ധയോടെയായിരുന്നു അവരുടെ ഓരോ നീക്കവും.

എന്‍ജലിന്റെ മുഖത്ത്‌ വിയര്‍പ്പ്‌ പൊടിഞ്ഞിരുന്നു. ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു. "ഇനി പുറത്തേക്ക്‌ കടക്കുകയല്ലേ...?"

"അതേ, എന്നിട്ട്‌ നമ്മുടെ ബെര്‍ഗന്‍ തുറമുഖത്തേക്ക്‌..." ഹാര്‍ബറിലെ പരിതസ്ഥിതികള്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഗെറിക്ക്‌ പറഞ്ഞു.

എന്നാല്‍, ആ നിമിഷത്തിലാണ്‌ ക്യാരിക്ക്‌ റോഡ്‌സില്‍ നിന്നും പുറത്തേക്ക്‌ കടക്കുകയായിരുന്ന ഒരു കപ്പല്‍ അവര്‍ നിക്ഷേപിച്ച ഒരു മൈനില്‍ തട്ടിയത്‌. അപ്രതീക്ഷിതമായുണ്ടായ അതിഭയങ്കര സ്ഫോടനത്തിന്റെ തീജ്വാലകള്‍ ആ തുറമുഖമാകെ വെളിച്ചം വീശി. ആ സ്ഫോടനത്തിന്റെ ആഘാതം അവരുടെ സബ്‌മറീനിന്റെ ഒരു വശത്ത്‌ അനുഭവപ്പെടുക തന്നെ ചെയ്തു.

"ഓ മൈ ഗോഡ്‌ !..." എന്‍ജല്‍ തലയില്‍ കൈ വച്ചു.

ഫ്രീമേലിന്റെ മുഖം വിവര്‍ണ്ണമായി. അദ്ദേഹം ഗെറിക്കിന്റെ തോളില്‍ മുറുകെ പിടിച്ചു. "മൈനില്‍ തട്ടിയെന്ന് തോന്നുന്നു..."

"സംശയമില്ല... മൈന്‍ തന്നെ... " ഗെറിക്ക്‌ എഴുനേറ്റ്‌ അവര്‍ക്ക്‌ നേരെ തിരിഞ്ഞു. "ഇന്നര്‍ ഹാര്‍ബറിന്റെ വടക്ക്‌ ഭാഗത്ത്‌ രണ്ട്‌ എസ്‌കോര്‍ട്ട്‌ ഷിപ്പുകള്‍ കിടക്കുന്നുണ്ട്‌..."

"ഗെറിക്ക്‌, നിങ്ങള്‍ക്ക്‌ ഭ്രാന്തുണ്ടോ അങ്ങോട്ടു പോകാന്‍...? അതിനുള്ള അവസരമല്ല ഇത്‌...എത്രയും പെട്ടെന്ന് പുറത്ത്‌ കടക്കാന്‍ നോക്കാം നമുക്ക്‌..." ഫ്രീമേല്‍ തടഞ്ഞു.

"ഇങ്ങനെയൊരവസരം ഇനി കിട്ടില്ല... രണ്ടെണ്ണമുണ്ട്‌ എന്‍ജല്‍... രണ്ടിനെയും ശരിയാക്കണം..." ഗെറിക്കിന്റെ മുഖത്ത്‌ ഭ്രാന്തമായ ആവേശമായിരുന്നു.

അദ്ദേഹത്തിന്റെ ശരീരത്തില്‍ കൂടി വൈദ്യുതി പ്രവഹിക്കുന്നത്‌ പോലെ തോന്നിച്ചു. കണ്ണുകള്‍ വെട്ടിത്തിളങ്ങി. അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭ്രാന്തനെപ്പോലെ...

"അഡ്‌മിറല്‍...." അദ്ദേഹം അനുമതിയ്ക്കായി ഫ്രീമേലിന്‌ നേര്‍ക്ക്‌ തിരിഞ്ഞു.

ഫ്രീമേലിനെയും ഉന്മാദം ബാധിച്ചുതുടങ്ങിയിരുന്നു. ഒരു തരം പൈശാചികമായ ആനന്ദം.

"എന്നാല്‍ ശരി... പോകുക തന്നെ പോള്‍... ഏത്‌ നരകത്തിലേക്കായാലും വേണ്ടില്ല..."

എന്‍ജലിനും ഇതേ രോഗം പകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ഭയമെല്ലാം ഓടിയൊളിച്ചു. അറ്റന്‍ഷനായി നിന്ന് സല്യൂട്ട്‌ ചെയ്തിട്ട്‌ അയാള്‍ ഗെറിക്കിനോട്‌ പറഞ്ഞു..."ആജ്ഞാപിക്കൂ ക്യാപ്റ്റന്‍..."

"വെരി ഗുഡ്‌..." ഗെറിക്ക്‌ അയാളുടെ തോളില്‍ തട്ടി. "മുന്നോട്ട്‌ പോകട്ടെ കപ്പല്‍... എളുപ്പമായിരിക്കില്ല എന്തായാലും... ഒന്ന് മുതല്‍ നാല്‌ വരെയുള്ള പീരങ്കികള്‍ റെഡിയാക്കി നിര്‍ത്തുക..."

അദ്ദേഹം കാള്‍സന്റെ നേര്‍ക്ക്‌ തിരിഞ്ഞു. "കാള്‍, സ്റ്റിയറിങ്ങിന്റെ ചുമതല നിങ്ങള്‍ക്ക്‌... സൂക്ഷിക്കണം..."

പെട്ടെന്ന് തന്നെ അവിടമാകെ ശബ്ദമുഖരിതമായി. യുദ്ധകേന്ദ്രത്തില്‍ നിന്ന് ഇലക്ട്രിക്ക്‌ സൈറണ്‍ മുഴങ്ങുവാന്‍ തുടങ്ങി. ഗെറിക്ക്‌ സബ്‌മറീനിന്റെ മുകളിലേക്കുള്ള ഗോവണിയ്ക്ക്‌ നേരെ നടന്നു. ഒരു നിമിഷം തിരിഞ്ഞ്‌ നിന്നിട്ട്‌ അദ്ദേഹം ഇത്രയും പറഞ്ഞു. "ഹേര്‍ അഡ്‌മിറല്‍... ഇനി നമുക്ക്‌ ബ്രിഡ്‌ജില്‍ വച്ച്‌ കാണാം... ഭാഗ്യമുണ്ടെങ്കില്‍..."


* * * * * * * * * * * * * * * * * * * * * * *

ഗോവണിയുടെ മുകളിലെത്തി ഗെറിക്ക്‌ കാത്തുനിന്നു. മുകള്‍ത്തട്ടിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം അദ്ദേഹത്തിന്‌ കേള്‍ക്കാമായിരുന്നു. അടുത്ത നിമിഷം എന്‍ജല്‍ പറയുന്നത്‌ കേട്ടു. "മുകള്‍ത്തട്ടിലെ വാതില്‍ ജലോപരിതലത്തിലെത്തി..."

ഗെറിക്ക്‌, ബോള്‍ട്ട്‌ നീക്കി കതക്‌ തുറന്ന് പുറത്ത്‌ ബ്രിഡ്‌ജിലേക്ക്‌ കയറി. ശക്തിയായ മഴ അദ്ദേഹത്തിന്റെ മുഖത്ത്‌ ചരല്‍ക്കല്ലുകള്‍ പോലെ വന്നു പതിച്ചു. മൈനില്‍ തട്ടി തകര്‍ന്ന കപ്പല്‍ ഏതാണ്ട്‌ മുക്കാലും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു. തന്റെ നൈറ്റ്‌ ഗ്ലാസ്‌ ഫോക്കസ്‌ ചെയ്ത്‌ നോക്കിയപ്പോള്‍ കണ്ടത്‌ മുങ്ങുന്ന കപ്പലിന്റെ ഡെക്കില്‍ നിന്നും തണുത്തുറഞ്ഞ വെള്ളത്തിലേക്കെടുത്ത്‌ ചാടുന്ന നാവികരെയാണ്‌.

U-235 ന്റെ മുന്‍ഭാഗത്തെ ടോര്‍പ്പിഡോ കമ്പാര്‍ട്ട്‌മെന്റില്‍ എല്ലാവരും അവരവരുടെ ജോലികള്‍ ഭംഗിയായി ചെയ്യുകയാണ്‌. എന്‍ജല്‍, പെരിസ്കോപ്പ്‌ ലക്ഷ്യത്തിലേക്ക്‌ ഫോക്കസ്‌ ചെയ്ത്‌ വച്ചു. മുകളില്‍ ഗെറിക്ക്‌ തന്റെ നൈറ്റ്‌ ഗ്ലാസ്‌ ആ എസ്കോര്‍ട്ട്‌ ഷിപ്പുകളുടെ നേര്‍ക്ക്‌ കേന്ദ്രീകരിച്ചു.

"അവര്‍ അവിടെ നിന്ന് നീങ്ങാന്‍ തയ്യാറെടുക്കുകയാണ്‌. മൂന്ന് മിനിറ്റിനുള്ളില്‍ നാം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അവര്‍ നങ്കൂരം വലിച്ച്‌ കടന്നുകളയും..." അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ നിന്നിരുന്ന അഡ്‌മിറല്‍ ഫ്രീമേല്‍ പറഞ്ഞു.

അപകട സൂചന നല്‍കുന്ന സൈറണുകള്‍ ആ തുറമുഖത്തെങ്ങും പ്രതിധ്വനിച്ചു. പ്രതിരോധത്തിനുള്ള തീവ്രശ്രമങ്ങള്‍ കരയില്‍ നടക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ്‌ കരയില്‍ നിന്ന് പീരങ്കികള്‍ അലറിത്തുടങ്ങിയത്‌. തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ തീയുണ്ടകള്‍ അവരുടെ ഇടത്‌ വശത്ത്‌ വെള്ളത്തില്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നു പതിച്ചു.

"യെസ്‌... നമ്മള്‍ ഇവിടെയാണെന്ന് അവര്‍ അറിഞ്ഞിരിക്കുന്നു..." ഫ്രീമേല്‍ പതുക്കെ പറഞ്ഞു.

"U-235 മുന്നോട്ട്‌ കുതിച്ചു. "ഒന്ന് മുതല്‍ നാല്‌ വരെയുള്ള പീരങ്കികള്‍.. ഗെറ്റ്‌ റെഡി റ്റു ഫയര്‍..." ഗെറിക്ക്‌ ശാന്തമായി പറഞ്ഞു.

"വണ്‍ റ്റു ഫോര്‍... റെഡി സര്‍... " ഗെറിക്കിന്റെ ചെവിയില്‍ ഘടിപ്പിച്ച ട്യൂബിലൂടെ എന്‍ജലിന്റെ ശബ്ദം കേള്‍ക്കാറായി.

"സിക്സ്‌ മീറ്റേഴ്‌സ്‌... " ഗെറിക്ക്‌ പറഞ്ഞു. "ലൈന്‍ കറക്ട്‌... കാനണ്‍സ്‌ വണ്‍ ആന്റ്‌ റ്റൂ ... റ്റുവേഡ്‌സ്‌ ദ്‌ എസ്കോര്‍ട്ട്‌ ഷിപ്‌സ്‌ സ്റ്റാര്‍ബോര്‍ഡ്‌... ഡിസ്റ്റന്‍സ്‌ 1000 മീറ്റേഴ്‌സ്‌... സ്പീഡ്‌ 35... ഡയറക്ട്‌ ആംഗിള്‍ ബ്ലൂ ഫോര്‍..."

എന്‍ജല്‍ ഈ കല്‍പ്പനകള്‍ മുഴുവന്‍ വോയ്‌സ്‌ പൈപ്പിലൂടെ ലീഡിംഗ്‌ സീമാന്‍ പിച്ചിന്‌ കൊടുത്തു. ഗൈറോ കോമ്പസ്‌, അറ്റാക്ക്‌ പെരിസ്കോപ്പ്‌, ടോര്‍പ്പിഡോ സര്‍ക്യൂട്ട്‌സ്‌ എന്നീ ഇലക്ട്രിക്ക്‌ ഉപകരണങ്ങള്‍ (TDC) കൈകാര്യം ചെയ്യുന്നത്‌ അദ്ദേഹമാണ്‌. അദ്ദേഹത്തിന്റെ പ്രാവീണ്യം അനുസരിച്ചിരിക്കും ഇത്തരം പദ്ധതികളുടെ ജയപരാജയങ്ങള്‍. അദ്ദേഹം അവയുടെ കണക്ഷനുകള്‍ പൂര്‍ത്തിയാക്കി.

എന്‍ജല്‍, അറ്റാക്ക്‌ പെരിസ്കോപ്പിന്റെ ക്രോസ്‌ വയര്‍ വലത്‌ ഭാഗത്തുള്ള എസ്കോര്‍ട്ട്‌ ഷിപ്പിന്‌ നേര്‍ക്ക്‌ ഫോക്കസ്‌ ചെയ്തു. അത്‌, നങ്കൂരം വലിച്ച്‌ ഇടത്‌ ഭാഗത്തേക്ക്‌ നീങ്ങിത്തുടങ്ങിയിരുന്നു.

"ബ്ലൂ ഫോര്‍, റെഡി റ്റു ഫയര്‍ സര്‍..."

"ഫയര്‍..." ഗെറിക്ക്‌ അലറി. "ട്യൂബ്‌ വണ്‍ ഫയര്‍, ട്യൂബ്‌ റ്റൂ ഫയര്‍..."

ടോര്‍പ്പിഡോകള്‍ 35 നോട്ട്‌ സ്പീഡില്‍ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ സബ്‌മറീന്‍ ഉലയുന്നുണ്ടായിരുന്നു. അപ്പോള്‍, ഇടത്‌ വശത്തുണ്ടായിരുന്ന് എസ്കോര്‍ട്ട്‌ ഷിപ്പ്‌ അതിന്റെ പരമാവധി വേഗതയില്‍ നീങ്ങിത്തുടങ്ങിയിരുന്നു.

"ഇത്‌ എന്റെ രാത്രിയാണ്‌... " ഗെറിക്ക്‌ ശാന്തമായി പറഞ്ഞു. "മാക്സിമം സ്പീഡില്‍ അതിന്‌ നേര്‍ക്ക്‌ കുതിയ്ക്കൂ... ഫയര്‍ വെന്‍ ഷീ ഇസ്‌ ഓണ്‍ ടാര്‍ഗറ്റ്‌..."

യന്ത്രത്തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകള്‍ അപ്പോഴും അവരുടെ ഇടത്‌ വശത്ത്‌ വന്ന് പതിച്ചുകൊണ്ടിരുന്നു. എന്നാല്‍ അത്‌ കാള്‍ എന്‍ജലിന്റെ കൂടി രാത്രി ആയിരുന്നു. എന്നത്തേക്കാളും മനഃസാന്നിദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആ എസ്കോര്‍ട്ട്‌ ഷിപ്പിന്റെ ക്യാപ്റ്റന്‍ കാണിച്ച ഒരു മണ്ടത്തരം അദ്ദേഹത്തിന്‌ അനുഗ്രഹമായി. അയാള്‍ കപ്പല്‍ വലത്തോട്ട്‌ തിരിച്ചപ്പോള്‍ അതിന്റെ ഇടത്‌ വശം എന്‍ജലിന്റെ പീരങ്കികള്‍ക്ക്‌ നല്ലൊരു ലക്ഷ്യമായി. അതേ അവസരത്തില്‍ തന്നെ ടോര്‍പ്പിഡോകളും അതിന്റെ നേര്‍ക്ക്‌ കുതിച്ചു. ഒന്നിന്‌ പിറകേ ഒന്നായി രണ്ട്‌ ഭയങ്കര സ്ഫോടനങ്ങള്‍ നടന്നു. ആ രണ്ട്‌ ടോര്‍പ്പിഡോകള്‍ ലക്ഷ്യത്തിലെത്തിയതിന്റെ ലക്ഷണമായിരുന്നു അത്‌. സബ്‌മറീനിന്റെ കണ്‍ടോള്‍ റൂമില്‍ നിന്ന് ആഹ്ലാദത്തിന്റെ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. സ്ഫോടനം നടന്ന കപ്പലില്‍ നിന്ന് ഓറഞ്ച്‌ നിറമുള്ള തീജ്വാലകള്‍ ഉയര്‍ന്ന് പൊങ്ങി. പിന്നാലെ കറുത്ത പുകയും.

"ഇനി മറ്റേ കപ്പല്‍..." ഗെറിക്ക്‌ അലറി.

രണ്ടാമത്തെ കപ്പലിന്റെ ക്യാപ്റ്റന്‍ പരിഭ്രമത്തോടെ അതിനെ ദൂരേയ്ക്ക്‌ മാറ്റുവാന്‍ വൃഥാ ശ്രമിച്ചു. രക്ഷയില്ല എന്ന് മനസ്സിലാക്കിയിട്ടും അവര്‍ സബ്‌മറീന്‌ നേരെ വെടിയുതിര്‍ത്തുകൊണ്ടിരുന്നു.

അടുത്ത നിമിഷം, മൂന്നാമത്തെയും അതിന്‌ പിന്നില്‍ നാലാമത്തെയും ടോര്‍പ്പിഡോകള്‍ അതില്‍ ചെന്ന് തട്ടി. ഒട്ടാകെ ഒന്ന് ആടിയുലഞ്ഞ കപ്പലിന്റെ മുന്‍ഭാഗം പെട്ടെന്ന് മേലോട്ട്‌ ഉയര്‍ന്ന് താഴോട്ട്‌ പതിച്ചു. ഒപ്പം അതിഭയങ്കരമായ സ്ഫോടനവും. പിന്നീട്‌ കണ്ടത്‌ അവിടെ നിന്ന് ഒരു ഗോപുരം പോലെ ഇരുളിലേക്കുയരുന്ന തീജ്വാലകളെയാണ്‌.

"അതും കഴിഞ്ഞു... ആയുധങ്ങള്‍ ശേഖരിച്ച്‌ വച്ചിരുന്നതിന്റെ ഗുണം..." ഗെറിക്ക്‌ പറഞ്ഞു. "നൗ സ്പീഡ്‌ അപ്‌... സ്പീഡ്‌ അപ്‌... എത്രയും പെട്ടെന്ന് പുറത്ത്‌ കടക്കണം..." ഗെറിക്ക്‌ അലറി.

കരയില്‍ നിന്ന് അപ്പോഴും മെഷീന്‍ ഗണ്ണുകള്‍ അലറുന്നുണ്ടായിരുന്നു. സബ്‌മറീനിന്റെ ബ്രിഡ്‌ജില്‍ നിന്ന ഫ്രീമേലിന്റെ തലയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒരു വെടിയുണ്ട ചീറിപ്പോയി. ഉള്ളിലേക്ക്‌ വലിഞ്ഞു കൊണ്ട്‌ അദ്ദേഹം ചോദിച്ചു. "കരയിലെ സംഘത്തെ എന്ത്‌ ചെയ്യണം പോള്‍...?"

"വേണ്ട, അത്‌ നമുക്ക്‌ ദോഷമാകുകയേ ഉള്ളൂ. എത്രയും പെട്ടെന്ന് പുറത്ത്‌ കടക്കണം നമുക്ക്‌... സൗത്ത്‌ പാസ്സേജില്‍ കൂടി നാം പോകുമെന്ന് സ്വപ്നത്തില്‍ പോലും കരുതില്ല അവര്‍. അതിനെ ഒരു വഴി ആയി അവര്‍ കണക്കാക്കിയിട്ടേയില്ല എന്ന കാര്യം ഓര്‍ക്കുക...." ഗെറിക്ക്‌ പറഞ്ഞു.

പെട്ടെന്ന് ഒരു കാറ്റ്‌ വീശി. എണ്ണ കത്തി ഉയരുന്ന പുക തുറമുഖമാകെ വ്യാപിച്ചു. അത്‌ ഹാര്‍ബറിനെയും അവരുടെ സബ്‌മറീനെയും കരയിലുള്ളവരുടെ കാഴ്ചയില്‍ നിന്നും മറച്ചു. പെന്‍ഡെനിസ്‌ പോയിന്റിന്‌ നേരെ പരമാവധി വേഗതയില്‍ അവര്‍ കുതിച്ചു.

* * * * * * * * * * * * * * * * * * * * * * *
(തുടരും)

Saturday, November 28, 2009

സ്റ്റോം വാണിംഗ്‌ - 22

ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ ഗെറിക്കിന്റെ ദൗത്യം എന്തായി എന്നറിയാന്‍ അടുത്ത എപ്പിസോഡ്‌ വരെ പ്രിയവായനക്കാര്‍ കാത്തിരിക്കുക. ലണ്ടന്‍ നഗരത്തിലുള്ള ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോയുടെ അടുത്തേക്ക്‌ എല്ലാവരെയും ക്ഷണിക്കുന്നു.

നിര്‍ത്താതെ ചിലച്ചുകൊണ്ടിരിക്കുന്ന കോളിംഗ്‌ ബെല്ലിന്റെ ശബ്ദം കേട്ട്‌ മനസ്സില്ലാമനസ്സോടെയാണ്‌ ജാനറ്റ്‌ മണ്‍റോ ഉറക്കമുണര്‍ന്നത്‌. അസഹനീയമായ തലവേദന. വായ്‌ ഉണങ്ങി വരണ്ടിരിക്കുന്നു. ഈ നശിച്ച ശബ്ദമൊന്ന് നിലച്ചിട്ട്‌ വേണം ഒന്നുകൂടി മയങ്ങാന്‍ എന്ന് വിചാരിച്ച്‌ അവള്‍ ഇരുട്ടിലേക്ക്‌ നോക്കി കിടന്നു. എന്നാല്‍ അതവസാനിക്കുന്ന മട്ടുണ്ടായിരുന്നില്ല. പെട്ടെന്നാണവള്‍ക്ക്‌ ദ്വേഷ്യം വന്നത്‌. തന്റെ കിടക്കറ വസ്ത്രമൂരി ദൂരെയെറിഞ്ഞ്‌, ഗൗണ്‍ എടുക്കുവാനായി അവള്‍ എഴുനേറ്റു.

നീരസത്തോടെ വാതില്‍ തുറന്നപ്പോള്‍, കോളിംഗ്‌ ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തിക്കൊണ്ട്‌ നില്‍ക്കുന്ന ചെറുപ്പക്കാരനായ ഒരു നേവല്‍ ഓഫീസറെയാണ്‌ ജാനറ്റ്‌ കണ്ടത്‌. റീഫര്‍ കോട്ട്‌ അണിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ ഹാറ്റിന്റെ മുന്‍വശം മുന്നോട്ട്‌ ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. വലത്‌ കണ്ണിന്‌ താഴെ ഒരു മുറിപ്പാട്‌. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ക്ഷീണം തളം കെട്ടി നില്‍ക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു.

ജാനറ്റ്‌ തന്റെ വാച്ചിലേക്ക്‌ കണ്ണോടിച്ചു. പത്ത്‌ മണി കഴിഞ്ഞിട്ടേയുള്ളു. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായി താന്‍ ഗാഢനിദ്രയിലായിരുന്നുവെന്ന് അവള്‍ മനസ്സിലാക്കി. ഈ അവസ്ഥയില്‍ ശല്യപ്പെടുത്തിയ ആ യുവാവിനോട്‌ സൗമ്യമായി പെരുമാറാന്‍ അവള്‍ക്ക്‌ കഴിയുമായിരുന്നില്ല.

"ഉം..? എന്ത്‌ വേണം...?"

"ഡോക്ടര്‍ മണ്‍റോയല്ലേ...? എന്റെ പേര്‌ ജാഗോ... ഹാരി ജാഗോ..." അദ്ദേഹം പുഞ്ചിരിച്ചു.

"എന്തായാലും ശരി... നിങ്ങള്‍ തെരഞ്ഞെടുത്ത രാത്രി തെറ്റിപ്പോയി. ആരാണ്‌ നിങ്ങളെ ഇങ്ങോട്ട്‌ പറഞ്ഞയച്ചത്‌? എനിയ്ക്കൊന്നുറങ്ങണം... വേറെ എന്നെങ്കിലും വരൂ..." അവള്‍ നീരസത്തോടെ പറഞ്ഞു.

ജാഗോയുടെ മുഖത്തെ പുഞ്ചിരി മങ്ങി. ജാള്യതയാല്‍ സ്വയം ചെറുതായതു പോലെ അദ്ദേഹത്തിന്‌ തോന്നി.

"നിങ്ങള്‍ തെറ്റിദ്ധരിച്ചു മാഡം..." അദ്ദേഹം തന്റെ പോക്കറ്റില്‍ നിന്ന് ഒരു കവര്‍ എടുത്ത്‌ അവളുടെ നേര്‍ക്ക്‌ നീട്ടിയിട്ട്‌ തുടര്‍ന്നു. "ഈ കത്ത്‌ ഇവിടെ ഏല്‍പ്പിക്കുവാന്‍ നിങ്ങളുടെ അമ്മാവന്‍ എന്നോട്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ വന്നതാണ്‌..."

പെട്ടെന്ന് അവളുടെ വദനം പ്രസന്നമായി. "ക്യാരി അങ്കിള്‍...? അദ്ദേഹം ഇപ്പോഴും ഹെബ്രിഡ്‌സില്‍ തന്നെയല്ലേ...?"

"അതേ... മിനിഞ്ഞാന്ന് അദ്ദേഹത്തെ ഞാന്‍ ഫാഡാ ദ്വീപില്‍ വച്ച്‌ കണ്ടിരുന്നു..."

അവള്‍ ആ കവര്‍ വാങ്ങി. "നിങ്ങള്‍ അവിടെ എന്ത്‌ ചെയ്യുകയാണ്‌ ലെഫ്റ്റനന്റ്‌...?"

അദ്ദേഹത്തിന്റെ മുഖത്തെ ജാള്യത മന്ദഹാസത്തിന്‌ വഴിമാറി. "ഞാന്‍ ആ ദ്വീപ്‌ സമൂഹങ്ങള്‍ക്ക്‌ ചുറ്റും പോസ്റ്റല്‍ സര്‍വീസ്‌ നടത്തുന്നു..."

"ഏറ്റവും അപകടകരമായ സ്ഥലമാണത്‌... പ്രത്യേകിച്ചും യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍..."

"ഓ, വേറെങ്ങും സൈനികര്‍ മരിക്കുന്നില്ലേ യുദ്ധത്തില്‍...? ആഹ്‌, അതൊക്കെ ഓരോരുത്തരുടെയും കാഴ്ചപ്പാടനുസരിച്ചിരിക്കും..." അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി വീണ്ടും മാഞ്ഞു. "അതെന്തെങ്കിലുമാകട്ടെ, നിങ്ങള്‍ക്ക്‌ കത്ത്‌ കിട്ടിയില്ലേ ഡോക്ടര്‍...? ഇനി നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ വിരോധമില്ലെങ്കില്‍ പറയാം... ഞാന്‍ ഏറ്റവുമൊടുവില്‍ അഡ്‌മിറലിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ സുഖം തന്നെയായിരുന്നു..." അദ്ദേഹം തിരിഞ്ഞ്‌ നടക്കാന്‍ ഭാവിച്ചു.

താനിത്ര ക്രൂരമായി പെരുമാറിയതില്‍ പെട്ടെന്നവള്‍ക്ക്‌ പശ്ചാത്താപം തോന്നി. "ലെഫ്റ്റനന്റ്‌... ഒരു മിനിറ്റ്‌..." അവള്‍ പറഞ്ഞു.

ജാഗോ തിരിഞ്ഞു. അവള്‍ മന്ദഹസിച്ചു. "ഉള്ളിലേക്ക്‌ വരൂ... എന്തെങ്കിലും കഴിക്കാം..."

അടുക്കും ചിട്ടയുമില്ലാതെ കിടന്നിരുന്ന ആ സ്വീകരണ മുറി തീരെ ചെറുതായിരുന്നു. ഇലക്‍ട്രിക്ക്‌ ഹീറ്ററിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്തിട്ട്‌ അവള്‍ സോഫയിലേക്ക്‌ ചാഞ്ഞു.

"ആ കോട്ട്‌ ഊരി ഹാങ്കറില്‍ കൊളുത്തൂ. ദാ, ആ അലമാരയ്ക്കുള്ളില്‍ സ്കോച്ച്‌ കാണും... നിങ്ങള്‍ തന്നെ എടുത്തോളൂ... ഐസ്‌ കാണാന്‍ വഴിയില്ല..." അവള്‍ കവര്‍ തുറന്ന് കത്ത്‌ പുറത്തെടുത്തു.

"നിങ്ങള്‍ക്കുമെടുക്കട്ടെ...?"

"ആഹ്‌, അല്‍പ്പം..."

അദ്ദേഹം തന്റെ ഹാറ്റും കോട്ടും ഊരിക്കൊണ്ട്‌ അലമാരയുടെ നേര്‍ക്ക്‌ നടന്നു. അലമാരയില്‍ നിന്ന് ബോട്ട്‌ല്‍ എടുത്ത്‌ ഗ്ലാസുകളിലേക്ക്‌ പകരുമ്പോള്‍ ജാനറ്റ്‌ കത്ത്‌ വായിക്കുകയായിരുന്നു. ജനറല്‍ ഐസന്‍ഹോവറില്‍ നിന്ന് കേട്ടതിലും അധികം വിവരങ്ങളൊന്നും അതില്‍ ഉണ്ടായിരുന്നില്ല. യുദ്ധത്തിലേക്ക്‌ സജീവമായി തിരിച്ച്‌ ചെല്ലുവാനുള്ള അമ്മാവന്റെ അടക്കാനാവത്ത ആഗ്രഹം മാത്രം...

നിറഞ്ഞ ഗ്ലാസുമായി ജാഗോ സമീപത്തെത്തിയപ്പോള്‍ അവള്‍ തലയുയര്‍ത്തി. അദ്ദേഹത്തിന്റെ യൂണിഫോമിലെ നേവി ക്രോസ്‌ റിബണ്‍ ആണ്‌ അവള്‍ ആദ്യം ശ്രദ്ധിച്ചത്‌. ഒരു നന്ദിവാക്ക്‌ പോലും ഉരിയാടാതെ അവള്‍ ഗ്ലാസ്‌ എടുത്ത്‌ ചുണ്ടോട്‌ ചേര്‍ത്തു.

"ഈ കത്ത്‌ ഇവിടെ എത്തിയ്ക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു." ജാഗോ പറഞ്ഞു. "ഇന്നലെ ഞാനിവിടെ വന്നിരുന്നു. പക്ഷേ, നിങ്ങളിവിടെ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ ഞാന്‍ ഹോസ്പിറ്റലിലേക്ക്‌ വിളിച്ചപ്പോള്‍ നിങ്ങള്‍ വലിയ തിരക്കിലാണെന്നായിരുന്നു മറുപടി..."

"കത്ത്‌ ഇവിടെ ബോക്സില്‍ ഇട്ടു പോയാല്‍ മതിയായിരുന്നല്ലോ..."

"കത്ത്‌ നിങ്ങളുടെ കൈയില്‍ തന്നെ ഏല്‍പ്പിക്കണമെന്ന് അഡ്‌മിറല്‍ എന്നോട്‌ പറഞ്ഞിരുന്നു..." അദ്ദേഹം പുഞ്ചിരിച്ചു.

"അത്‌ നുണയല്ലേ...?" അവള്‍ കുസൃതിച്ചിരിയോടെ അയാളെ നോക്കി.

"അതെയെന്ന് തോന്നുന്നു..." ജാഗോ തന്റെ ജാള്യത മറച്ചു വച്ചില്ല.

"പറയൂ... എന്നെ നേരില്‍ കാണണമെന്ന് തോന്നാന്‍ പിന്നെന്താ കാരണം..?"

"നിങ്ങളുടെ ഒരു ഫോട്ടോ അദ്ദേഹം എന്നെ കാണിച്ചിരുന്നു..."

അവള്‍ വീണ്ടും ചിരിച്ചു. "നേരില്‍ കണ്ടിട്ട്‌... എന്തായിരുന്നു ഉദ്ദേശ്യം? എന്റെ കാല്‍ കഴുകിത്തുടയ്ക്കാനോ...?"

"അല്ല മാഡം... നിങ്ങള്‍ ചോദിച്ചു... ഞാന്‍ ഉത്തരം പറഞ്ഞു... അത്രയേയുള്ളൂ... ശരി... ഞാന്‍ ഇറങ്ങുന്നു..." അദ്ദേഹം തന്റെ കോട്ട്‌ എടുക്കുവാനായി എഴുനേറ്റു.

"ഹോ, വല്ലാത്തൊരു പ്രായം തന്നെ നിങ്ങളുടേത്‌..." അവള്‍ മന്ത്രിച്ചു. "ഒന്ന് നില്‍ക്കൂ ലെഫ്റ്റനന്റ്‌... ഇന്നെനിയ്ക്ക്‌ വല്ലാത്ത ക്ഷീണം തോന്നുന്നു. മാത്രമല്ല നിങ്ങളുടെ അമ്മയാകാനുള്ള പ്രായവും തോന്നും..."

"പ്രായം... എനിയ്ക്കറിയാം... ഇരുപത്തിയേഴ്‌ വയസ്സ്‌... നവംബര്‍ ഒമ്പതിന്‌ ജന്മദിനം... രാശി സ്കോര്‍പിയോ... ശരിയല്ലേ...?" അദ്ദേഹം ചിരിച്ചു.

"ക്യാരി അങ്കിളിന്റെ പക്കല്‍ നിന്നും സകല വിവരങ്ങളും ശേഖരിച്ചിട്ടുണ്ടല്ലോ നിങ്ങള്‍. ശരി ശരി... ഞാന്‍ അടിയറവു പറയുന്നു. നിങ്ങള്‍ നാവികര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ്‌ ചെയ്യുക...?"

"അടിയറവ്‌ സമ്മതിക്കുന്നവരുടെ കൊടി താഴ്‌ത്തുക..."

"എനിയ്ക്കിന്ന് വൈകുന്നേരം വല്ലാത്ത തിരക്കായിരുന്നു ലെഫ്റ്റനന്റ്‌..." അവള്‍ പറഞ്ഞു. "പതിനാല്‌ ബോംബുകളാണ്‌ ഇന്ന് ലണ്ടനില്‍ വീണത്‌. നിങ്ങളും കേട്ടു കാണും അതിന്റെ ശബ്ദം. എന്നാല്‍ ഞാന്‍ അതിന്റെ അനന്തരഫലത്തിനും സാക്ഷിയായി. മൂന്ന് മണിക്കൂര്‍ മുമ്പ്‌ മാത്രമാണ്‌ എനിയ്ക്ക്‌ ഒന്ന് വിശ്രമിക്കാനായത്‌. നല്ല ഉറക്കത്തിലായിരുന്നപ്പോഴാണ്‌ നിങ്ങള്‍ ബെല്ലടിച്ചത്‌."

ജാഗോ ചാടിയെഴുനേറ്റു. "അയാം സോറി മാഡം... എനിയ്ക്കത്‌ അറിയില്ലായിരുന്നു..."

"നിങ്ങള്‍ ഇതിന്റെ കൂടെ ഒരു കത്ത്‌ ജനറല്‍ ഐസന്‍ഹോവറിനും കൊണ്ടുവന്നിരുന്നുവല്ലേ...?"

ജാഗോ സ്തബ്‌ധനായി നിന്നു. അത്‌ ശ്രദ്ധിച്ച ജാനറ്റ്‌ തുടര്‍ന്നു. "പേടിക്കേണ്ട... നിങ്ങളില്‍ നിന്നല്ല ഈ രഹസ്യം പുറത്ത്‌ പോയത്‌... ഇന്നലെ രാത്രി, അദ്ദേഹം ആ കത്തിനെക്കുറിച്ച്‌ എന്നോട്‌ സംസാരിച്ചിരുന്നു. ക്യാരി അങ്കിളിന്‌ മഹത്തായ യുദ്ധക്കളത്തിലേക്ക്‌ വീണ്ടും ഇറങ്ങണമത്രേ..."

എന്താണ്‌ പറയേണ്ടതെന്നറിയാതെ അവള്‍ പറയുന്നത്‌ കേട്ട്‌ ജാഗോ അത്ഭുതത്തോടെ നിന്നു.

"എപ്പോഴാണ്‌ നിങ്ങള്‍ തിരിച്ചു പോകുന്നത്‌? ഈ വാരാന്ത്യത്തിലാണോ...?" അവള്‍ ചോദിച്ചു.

"അതെ..."

"അങ്കിളിനെ കാണാന്‍ ഞാനും പോകുന്നുണ്ട്‌. സുപ്രീം കമാന്‍ഡര്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത്‌ തന്നിട്ടുണ്ട്‌. പക്ഷേ തീയതിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല..."

"ചിലപ്പോള്‍ ഒരേ ട്രെയിനില്‍ ആകാനും സാദ്ധ്യതയുണ്ട്‌..." ജാഗോ പുഞ്ചിരിച്ചു.

ജാനറ്റ്‌ ഒരു സിഗരറ്റിന്‌ തീ കൊളുത്തി. "അതു വരെ നിങ്ങള്‍ എവിടെയാണ്‌ തങ്ങുന്നത്‌? എന്താണ്‌ നിങ്ങളുടെ പ്ലാന്‍...?"

"സത്യം പറഞ്ഞാല്‍ എനിയ്ക്കറിയില്ല... ഈ പട്ടണത്തില്‍ പറയത്തക്ക എന്റര്‍ടെയിന്‍മെന്റ്‌സ്‌ ഒന്നും കാണുന്നുമില്ല..."

"എന്തോ, എനിയ്ക്കറിയില്ല. നിങ്ങള്‍ക്കൊക്കെ കുറച്ച്‌ സിഗരറ്റും വിസ്കിയും കിട്ടിയാല്‍ എല്ലാമായി. എന്തിന്‌, ഒരു വണ്ടി കിട്ടണമെങ്കില്‍പോലും സാധാരണക്കാരെക്കാളും എന്തെളുപ്പം... അമേരിക്കക്കാരന്‍ എന്ന് പറയുമ്പോഴേക്കും പിന്നാലെ വരും..."

"ഇങ്ങനെയാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്‌ മാഡം..? പിന്നെ, നിങ്ങളെന്താ അമേരിക്കക്കാരിയല്ലേ...?"

"ഞാന്‍ 1940 ല്‍ അമേരിക്ക വിട്ടതാണ്‌. പിന്നെ ഇന്ന് വരെ ഇവിടെത്തന്നെ..."

എന്താണ്‌ പറയേണ്ടതെന്നറിയാതെ ജാഗോ അവിടെത്തന്നെയിരുന്നു. അല്‍പ്പനേരം അവിടെ നിശബ്ദത തളം കെട്ടി.

"നിങ്ങള്‍ എങ്ങോട്ടാണിപ്പോള്‍ പോകുന്നത്‌...? പട്ടണത്തിന്‌ വെളിയിലേക്കാണോ...? അവള്‍ മൗനം ഭഞ്ജിച്ചു.

"അല്ല... ഓഫീസര്‍മാരുടെ ക്ലബ്ബില്‍ എനിയ്ക്കൊരു ബെഡ്‌സ്പേസ്‌ കിട്ടിയിട്ടുണ്ട്‌..."

"അത്‌ വേണ്ട... നമുക്ക്‌ ആ നദിയോരത്ത്‌ കൂടി കുറച്ച്‌ നേരം നടക്കാം..." അവളുടെ കണ്ണുകളില്‍ കുസൃതി നിറഞ്ഞിരുന്നു.

"നദിയോരത്ത്‌ കൂടിയോ...?" അദ്ദേഹം അവളെ തുറിച്ച്‌ നോക്കി.

"അതേ... എന്താ ഇഷ്ടമല്ലേ...? രണ്ടേ രണ്ട്‌ മിനിറ്റ്‌... ഞാനിതാ ഡ്രെസ്സ്‌ മാറി വരാം..." കിടപ്പു മുറിയില്‍ കയറി വാതില്‍ അടയ്ക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു. "എന്താ, വിരോധമില്ലല്ലോ...?"


* * * * * * * * * * * * * * * * * * * * * * *


(തുടരും)

Thursday, November 19, 2009

സ്റ്റോം വാണിംഗ്‌ - 21

ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ പ്രയാണം തുടരട്ടെ ... റിക്ടറുടെയും ലോട്ടെയുടെയും പ്രണയം വളരട്ടെ...

ശത്രുപക്ഷത്തെ നാവിക കേന്ദ്രമായ ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ മൈന്‍ വിതറുവാനായി എത്തിയ കഥാനായകന്‍ പോള്‍ ഗെറിക്കിന്‌ സമീപത്തേക്ക്‌ വായനക്കാരെ കൊണ്ടുപോകുകയാണ്‌...


മറ്റെല്ലാ നാവികരെയും പോലെ കടല്‍ച്ചൊരുക്ക്‌ എന്നത്‌ റിയര്‍ അഡ്‌മിറല്‍ ഓട്ടോ ഫ്രീമേലിന്‌ ഒരു പഴങ്കഥ മാത്രമായിരുന്നു. എങ്കിലും ഇതുപോലെ മോശമായ കാലാവസ്ഥയില്‍ സബ്‌മറീനില്‍ ഉപരിതലത്തിലൂടെയുള്ള യാത്ര അദ്ദേഹത്തിന്റെ വയറിന്‌ അല്‍പ്പം ചില പ്രശ്നങ്ങളുണ്ടാക്കുക തന്നെ ചെയ്തു. ഇപ്പോള്‍ ഫാള്‍മൗത്ത്‌ ഹാര്‍ബറിന്‌ സമീപം എത്തിയിരിക്കുന്നു. ഗെറിക്കിന്റെ റൂമിലെ ബങ്കില്‍ കിടക്കുന്ന അദ്ദേഹത്തിന്റെ അസുഖത്തിന്‌ അല്‍പ്പം ശമനമുണ്ട്‌ ഇപ്പോള്‍.

നല്ലൊരു ഉറക്കം കഴിഞ്ഞ്‌ കണ്ണ്‌ തുറന്നത്‌ കട്ടപിടിച്ച അന്ധകാരത്തിലേക്കാണ്‌. എങ്ങും തളം കെട്ടി നില്‍ക്കുന്ന നിശബ്ദത. ഒരു നിമിഷനേരത്തേക്ക്‌ താന്‍ എവിടെയാണ്‌ കിടക്കുന്നതെന്ന് അദ്ദേഹത്തിന്‌ മനസ്സിലായില്ല. നിര്‍വികാരനായി അദ്ദേഹം ഇരുട്ടിലേക്ക്‌ നോക്കി വെറുതെ കിടന്നു. അടുത്ത നിമിഷം കര്‍ട്ടന്‍ വകഞ്ഞ്‌ മാറ്റി ഒരു ട്രേയില്‍ കാപ്പിപ്പാത്രവും രണ്ട്‌ കപ്പുകളുമായി പോള്‍ ഗെറിക്ക്‌ പ്രത്യക്ഷപ്പെട്ടു.

ഫ്രീമേല്‍ പതുക്കെ എഴുനേറ്റ്‌ ബങ്കില്‍ ഇരുന്നു. "ആകെപ്പാടെ ഒരു ശൂന്യത പോലെ തോന്നുന്നു. നിങ്ങള്‍ക്കിതുപോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ പോള്‍...?" അദ്ദേഹം ചോദിച്ചു.

"ചിലപ്പോഴൊക്കെ..."

"എന്തായാലും അത്ര നല്ലതല്ല. വയസ്സായിത്തുടങ്ങിയത്‌ പോലെ..."

"അന്ത്യമില്ലാതെ നീണ്ട്‌ പോകുന്ന ഈ യുദ്ധത്തിന്റെ പാര്‍ശ്വഫലമാണിതൊക്കെ അഡ്‌മിറല്‍..." ഗെറിക്ക്‌ പറഞ്ഞു.

"എന്തൊരു നശിച്ച നിശബ്ദതയാണിവിടെ !..."

"അതാണല്ലോ നമുക്കിപ്പോള്‍ വേണ്ടതും... നമ്മുടെ സംഘത്തിലെ ഒട്ടുമിക്കവരും താഴെത്തന്നെയാണ്‌ കഴിച്ചു കൂട്ടുന്നത്‌. എന്തെങ്കിലും ആവശ്യത്തിന്‌ അങ്ങോട്ടുമിങ്ങോട്ടും നടക്കേണ്ടവര്‍ തങ്ങളുടെ ഷൂസുകള്‍ക്ക്‌ ചുറ്റും തുണി ചുറ്റി വരിഞ്ഞിട്ടാണ്‌ നടക്കുന്നത്‌. യാതൊരു ശബ്ദവും പുറത്ത്‌ പോകാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധ പാലിക്കുന്നുണ്ട്‌ എല്ലാവരും..."

"അവരൊക്കെ എങ്ങനെ ? കാര്യപ്രാപ്തിയുള്ളവര്‍ തന്നെയല്ലേ ?"

"തീര്‍ച്ചയായും... " ഗെറിക്ക്‌ തുടര്‍ന്നു. "വളരെക്കാലമായി ഞങ്ങള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നു. ജപ്പാന്‍ യാത്ര കഴിഞ്ഞ്‌ തിരിച്ചെത്തിയതേയുള്ളു അവര്‍. എന്തായാലും നല്ല കരുതലോടെ തന്നെ വേണം ഈ തീക്കളി..."

ഗെറിക്ക്‌ സിഗരറ്റിന്‌ തീ കൊളുത്തി. പിന്നെ, തന്റെ മുന്നിലെ ചാര്‍ട്ടില്‍ പെന്‍സില്‍ ഓടിച്ചു കൊണ്ട്‌ തുടര്‍ന്നു.

"നമ്മുടെ രഹസ്യ ഏജന്റിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഇവിടെയാണവര്‍ ഇരുമ്പ്‌ വല ഘടിപ്പിച്ചിട്ടുള്ളത്‌. ഉള്ളില്‍ കടക്കുവാന്‍ പ്രയാസമൊന്നുമില്ല. അകത്തും പുറത്തുമായി ധാരാളം കപ്പലുകള്‍ കിടക്കുന്നുണ്ട്‌. ഏതെങ്കിലും ഒരു കോണ്‍വോയിയുടെ പിന്നാലെ നീങ്ങിയാല്‍ മതി. അതായിരിക്കും കൂടുതല്‍ സുരക്ഷിതം..."

ഫ്രീമേല്‍ പൈപ്പിനുള്ളില്‍ പുകയില നിറച്ചു കൊണ്ട്‌ പറഞ്ഞു. "പിന്നെ മറ്റൊരു പോയിന്റ്‌ കൂടിയുണ്ട്‌. തങ്ങളുടെ ഏറ്റവും ബൃഹത്തായ നാവിക കേന്ദ്രത്തില്‍ ഒരു ജര്‍മ്മന്‍ സബ്‌മറീന്‍ കടന്നു ചെല്ലുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിക്കില്ല അവര്‍..."

"അത്‌ ആശ്വാസം പകരുന്ന ചിന്തയാണ്‌..." ഗെറിക്ക്‌ പറഞ്ഞു. "എന്തായാലും, ഉള്ളില്‍ കടന്ന് കിട്ടിയാല്‍ പിന്നെ താമസമില്ല. പെട്ടെന്ന് തന്നെ മൈന്‍ നിക്ഷേപിച്ച്‌ തുടങ്ങുകയായി. ഇതാ, ഇവിടെ ക്യാരിക്ക്‌ റോഡ്‌സില്‍, ഇന്നര്‍ ഹാര്‍ബറിന്റെ കവാടത്തില്‍, പിന്നെ സെന്റ്‌ മേവ്‌സിന്റെ കവാടത്തില്‍..."

"പിന്നെ പുറത്തോട്ടും കടക്കുക..." ഫ്രീമേല്‍ പൂരിപ്പിച്ചു.

"താങ്കള്‍ ആ ഇരുമ്പ്‌ വലയെക്കുറിച്ച്‌ മറക്കുന്നു അഡ്‌മിറല്‍... അത്‌ വീണ്ടും തുറക്കണമെങ്കില്‍ എതേങ്കിലും ഒരു കപ്പല്‍ ഉള്ളിലേക്ക്‌ വരികയോ അല്ലെങ്കില്‍ പുറത്തേക്ക്‌ പോകുകയോ ചെയ്യണം. അതായത്‌, നമുക്ക്‌ കുറച്ച്‌ സമയം കാത്ത്‌ കിടക്കേണ്ടി വരും. നിര്‍ഭാഗ്യവശാല്‍ ആ സമയത്തെങ്ങാനും അവരുടെ ഏതെങ്കിലും കപ്പല്‍ നാം നിക്ഷേപിച്ച മൈനുകള്‍ക്ക്‌ മുകളില്‍ വന്ന് പെട്ടാല്‍ ...? ഞാന്‍ ഉറപ്പു തരാം... പിന്നെ അവര്‍ ആ ഇരുമ്പ്‌ വല തുറക്കുന്ന പ്രശ്നമേയുണ്ടാകില്ല..."

"അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ പിന്നെന്ത്‌ ചെയ്യും ? ഓടി രക്ഷപ്പെടുകയോ...?" ഫ്രീമേല്‍ തമാശയായിട്ട്‌ ചോദിച്ചു.

"വേറൊരു വഴിയുണ്ട്‌... ഒരു 'വഴി' എന്ന് പറഞ്ഞു കൂടാ... എന്നാലും അങ്ങനെയൊന്നവിടെയുണ്ട്‌..." ഗെറിക്ക്‌ പെന്‍സില്‍ പെന്‍ഡെനിസ്‌ പോയിന്റിന്‌ നേര്‍ക്ക്‌ നീക്കി. "ഇവിടെ, ഈ പോയിന്റിനും ബ്ലാക്ക്‌ റോക്കിനും ഇടയ്ക്ക്‌..."

"അവിടെ മുഴുവന്‍ അവര്‍ മൈന്‍ വിതറിയിരിക്കുകയല്ലേ...?" ഫ്രിമേല്‍ ചോദിച്ചു. "തീര്‍ച്ചയായും ഒരു മരണക്കെണി..."

"പക്ഷേ, നാം തീരത്തിനടുത്തു കൂടി പോകുന്നില്ല. അബ്‌വെറിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ സൗത്ത്‌ പാസ്സേജ്‌ എന്ന് വിളിക്കുന്ന ഈ സ്ഥലത്ത്‌ അവര്‍ മൈന്‍ വിതറിയിട്ടില്ല. അതിന്‌ പകരം ആ കനാലില്‍ ഒരു ചരക്ക്‌ കപ്പല്‍ മുക്കിയിട്ട്‌ അവര്‍ പ്രശ്നമങ്ങ്‌ തീര്‍ത്തു..."

ഫ്രീമേല്‍ ആ ചാര്‍ട്ട്‌ വാങ്ങി നോക്കി. "വെറും ആറ്‌ മീറ്റര്‍ വെള്ളം മാത്രം...! ഒരു വലിയ മത്സ്യം പോലും ഇതിലേ കടന്നു പോകില്ലല്ലോ..."

"ആറ്‌ മീറ്റര്‍ വെള്ളം ഇപ്പോഴല്ലേ...?" ഗെറിക്ക്‌ പറഞ്ഞു. "ഇന്ന് രാത്രി വേലിയേറ്റ സമയത്ത്‌ അത്‌ കുറഞ്ഞത്‌ ഒമ്പത്‌ മീറ്ററെങ്കിലുമാകും..."

ഫ്രീമേല്‍ ആ ചാര്‍ട്ട്‌ വീണ്ടും പരിശോധിച്ചു. "സോറി പോള്‍... എനിയ്ക്ക്‌ തോന്നുന്നില്ല. വെള്ളത്തിനടിയില്‍ക്കൂടി പോകാന്‍ അത്രയും പോരാ... അത്‌ കൊണ്ട്‌ തന്നെ ആ വഴി പ്രായോഗികമല്ല..."

"പക്ഷേ, ഞാന്‍ വെള്ളത്തിനടിയില്‍ക്കൂടി കൊണ്ടുപോകുന്ന കാര്യമല്ല ചിന്തിച്ചത്‌. ഞാന്‍ ബ്രിഡ്ജിന്‌ മുകളില്‍ നിന്ന്‌ ഡയറക്ഷന്‍ നല്‍കാം... ഈ ചാര്‍ട്ട്‌ മുഴുവന്‍ എനിയ്ക്ക്‌ മനഃപ്പാഠമാണ്‌..."

"ഓ മൈ ഗോഡ്‌...!" ഫ്രീമേല്‍ അവിശ്വസനീയതയോടെ അദ്ദേഹത്തെ നോക്കി.

ഹരിത നിറമുള്ള കര്‍ട്ടന്‍ ഒരു വശത്തേക്ക്‌ നീക്കി ലെഫ്റ്റനന്റ്‌ കാള്‍ എന്‍ജെല്‍ പ്രവേശിച്ചു. "കപ്പലുകള്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു സര്‍... കിഴക്ക്‌ നിന്നാണ്‌ ... മൂന്നോ നാലോ എണ്ണമുണ്ട്‌... വരി വരിയായി..."

ഗെറിക്ക്‌ തന്റെ വാച്ചിലേക്ക്‌ കണ്ണോടിച്ചു. ഒമ്പത്‌ മണി കഴിഞ്ഞിരിക്കുന്നു.

"നമ്മള്‍ കാത്ത്‌ നിന്നിരുന്ന അവസരമിതാ എത്തിയിരിക്കുന്നു... എന്താണ്‌ ചെയ്യേണ്ടതെന്ന് അറിയാമല്ലോ...? അഞ്ച്‌ മിനിറ്റിനുള്ളില്‍ നീങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുക. അവരുടെ പിന്നാലെ യാതൊരു സംശയവും കൂടാതെ നീങ്ങുക. ഞാന്‍ വരാം സ്റ്റിയറിംഗ്‌ വീലിനടുത്തേക്ക്‌..."

"പെരിസ്കോപ്പ്‌ വേണ്ടേ...?" ഫ്രീമേല്‍ ചോദിച്ചു.

"നാം ക്യാരിക്ക്‌ റോഡ്‌സില്‍ എത്തുന്നത്‌ വരെ വേണ്ട..."

എന്‍ജെല്‍ പുറത്തേക്ക്‌ നടന്നു. ഗെറിക്ക്‌ തന്റെ ബങ്കിനടിയിലെ ഷെല്‍ഫ്‌ തുറന്ന് ഒരു കുപ്പിയും രണ്ട്‌ കപ്പുകളും എടുത്തു.

"സ്‌നാപ്‌സ്‌ ആണോ...?" ഫ്രീമേല്‍ ചോദിച്ചു.

"അതേ..." ഗെറിക്ക്‌ അതിന്റെ നല്ലൊരു ഭാഗം ഓരോ കപ്പിലും പകര്‍ന്നു. "ഈ കുപ്പി ജപ്പാനിലേക്ക്‌ പോകുമ്പോഴും തിരിച്ച്‌ വരുമ്പോഴും എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. പറ്റിയ ഒരവസരത്തിനായി ഞാന്‍ സൂക്ഷിച്ച്‌ വച്ചിരിക്കുകയായിരുന്നു ഇവനെ..."

"ഇതാണോ ആ അവസരം...?" ഫ്രീമേല്‍ സംശയത്തോടെ ആരാഞ്ഞു.

"സംശയമുണ്ടോ അഡ്‌മിറല്‍? നാം കളിക്കളത്തിലേയ്ക്കിറങ്ങുകയാണ്‌..." ഗെറിക്ക്‌ പറഞ്ഞു. "ഇവനെ അകത്താക്കാന്‍ ഇതിലും നല്ല അവസരം ഇനിയില്ല. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി നാം കളിച്ചത്‌ കുട്ടിക്കളിയായിരുന്നു. ഇപ്പോള്‍ ശരിയ്ക്കും പടക്കളത്തിലേക്ക്‌..."


* * * * * * * * * * * * * * * * * * * * * * *


(തുടരും)

Thursday, November 12, 2009

സ്റ്റോം വാണിംഗ്‌ - 20

തന്റെ ക്യാബിനിലിരുന്ന് ബെര്‍ഗര്‍ ലോഗ്‌ ബുക്ക്‌ എഴുതുകയാണ്‌.

....... 1944 സെപ്റ്റംബര്‍ 18. ഒരു കാളരാത്രി കൂടി. കടല്‍ക്ഷോഭവും ശക്തമായ മഴയും. അതിശക്തമായ തിരമാലകളാല്‍ സാരമല്ലാത്ത ചില കേടുപാടുകളൊക്കെ സംഭവിച്ചു. മദ്ധ്യാഹ്നത്തോടെ കാലാവസ്ഥ പിന്നെയും മാറി, ശാന്തമായി. കപ്പലിന്റെ അടിത്തട്ടില്‍ പതിനാറ്‌ ഇഞ്ച്‌ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടെന്ന് മിസ്റ്റര്‍ സ്റ്റേം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

പേന താഴെ വച്ച്‌, വെള്ളം പമ്പ്‌ ചെയ്യുന്നതിന്റെ വിരസമായ ശബ്ദവും ശ്രദ്ധിച്ചുകൊണ്ട്‌ അദ്ദേഹം വെറുതെ ഇരുന്നു. ഇതത്ര നല്ല ലക്ഷണമല്ല. ഇത്രയും വെള്ളം അടിത്തട്ടില്‍ സ്ഥിരമായി കെട്ടിക്കിടക്കുക എന്നത്‌ തീരെ നല്ലതല്ല. സ്റ്റേമിനോടും റിക്ടറോടും ഇതേക്കുറിച്ച്‌ ഇതുവരെ ഒന്നും സൂചിപ്പിച്ചില്ലെങ്കിലും അദ്ദേഹം അതിന്റെ ഗൗരവം തീര്‍ച്ചയായും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.

വാതിലില്‍ മുട്ടിയിട്ട്‌ റിക്ടര്‍ പ്രവേശിച്ചു. "മിസ്റ്റര്‍ സ്റ്റേമും കൂട്ടരും കൂടി വെള്ളം ഒരു വിധം പമ്പ്‌ ചെയ്ത്‌ കപ്പല്‍ കഷ്ടിച്ച്‌ ഒന്നുണങ്ങി കിട്ടിയെന്ന് പറയാം സര്‍..."

ബെര്‍ഗര്‍ തലകുലുക്കി. "നിങ്ങള്‍ക്ക്‌ എന്ത്‌ തോന്നുന്നു റിക്ടര്‍...?"

"കപ്പലിന്‌ വയസ്സായില്ലേ സര്‍... വളരെയേറെ വയസ്സായിരിക്കുന്നു. കപ്പലിന്റെ അടിഭാഗമെല്ലാം ക്ലീന്‍ ചെയ്തിട്ട്‌ വളരെക്കാലമായിക്കാണണം. പലകകളുടെ സ്ഥിതിയെങ്ങനെയെന്ന് ദൈവത്തിന്‌ മാത്രമറിയാം..." റിക്ടര്‍ ഒന്ന് സംശയിച്ച്‌ നിന്നു. "അന്ന് രാത്രി ആ തിരമാലകളടിച്ച്‌ ഏതാണ്ട്‌ മറിഞ്ഞത്‌ പോലെയായപ്പോള്‍..."

"നമുക്ക്‌ കണാന്‍ കഴിയാത്ത എന്തെങ്കിലും കേടുപാടുകള്‍ അന്ന് സംഭവിച്ചു കാണുമെന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്‌...?"

റിക്ടര്‍ മറുപടി പറയാന്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ മുകളില്‍ ഡെക്കില്‍ നിന്ന് ഒരു ആരവം കേട്ടു. സന്തോഷത്താല്‍ ആളുകള്‍ അട്ടഹസിക്കുന്നതായിരുന്നുവത്‌. ഒപ്പം ചെണ്ടയിലടിക്കുന്നത്‌ പോലെയുള്ള ശബ്ദവും. ബെര്‍ഗര്‍ ചാടിയെഴുനേറ്റ്‌ വാതില്‍ തുറന്ന് പുറത്തേക്ക്‌ കുതിച്ചു. തൊട്ടു പിറകേ റിക്ടറും.

കനത്ത ചൂടില്‍ അപ്രതീക്ഷിതമായെത്തിയ മഴയെ വരവേല്‍ക്കുകയായിരുന്നു ഡെക്കില്‍ എല്ലാവരും. സംഘത്തിലെ ഒട്ടുമിക്കവരും ഭ്രാന്ത്‌ പിടിച്ചവരെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. ചിലര്‍ തലയ്ക്ക്‌ മീതെ ബക്കറ്റ്‌ ഉയര്‍ത്തിപ്പിടിച്ച്‌ മഴവെള്ളം ശേഖരിക്കുകയാണ്‌. ക്യാന്‍വാസ്‌ ഷീറ്റിന്റെ തണലില്‍ ഇരുന്നിരുന്ന കന്യാസ്ത്രീകള്‍ ഒഴുകുന്ന മഴവെള്ളത്തെ നോക്കി കുഞ്ഞുങ്ങളെപ്പോലെ പൊട്ടിച്ചിരിക്കുന്നു. സംഗീതാത്മാകമായി പെയ്യുന്ന മഴ നനഞ്ഞ്‌ ചിരിച്ചുകൊണ്ട്‌ നില്‍ക്കുകയാണ്‌ സ്റ്റേം.

ബെര്‍ഗറെ കണ്ട മാത്രയില്‍ ഒരു വശത്തേക്ക്‌ മാറി നിന്നിട്ട്‌ സ്റ്റേം പറഞ്ഞു. "സോറി സര്‍... കൂട്ട ഭ്രാന്താണ്‌...."

കുറ്റം ചെയ്തത്‌ കൈയ്യോടെ പിടിക്കപ്പെട്ട സ്കൂള്‍ കുട്ടിയുടെ ചമ്മലോടേ അയാള്‍ മുഖം തുടച്ചുകൊണ്ട്‌ നിന്നു. എന്നാല്‍ പെട്ടെന്ന്, വന്നതുപോലെ തന്നെ മഴ അപ്രത്യക്ഷമായി. ചുട്ടുപഴുത്തു കിടന്നിരുന്ന ഡെക്കില്‍ നിന്ന് ആവി പറക്കാന്‍ തുടങ്ങി.

"പമ്പിംഗ്‌ എങ്ങനെ നടക്കുന്നു...?" ബെര്‍ഗര്‍ ചോദിച്ചു.

"മുഴുവന്‍ വറ്റിച്ചു സര്‍..." സ്റ്റേം ഒന്ന് സംശയിച്ചു. "പക്ഷേ ഒരു നിമിഷ നേരത്തേക്ക്‌ മാത്രം..."

ബെര്‍ഗര്‍ തല കുലുക്കി. ഏത്‌ ആജ്ഞയും ശിരസ്സാ വഹിക്കാന്‍ തയ്യാറായി തന്റെ ചുറ്റും കൂടി നില്‍ക്കുന്ന സഹപ്രവര്‍ത്തകരെ അദ്ദേഹം വീക്ഷിച്ചു. സ്വയം എന്തോ തീരുമാനമെടുത്തിട്ട്‌, അവരെ ഒന്ന് പരീക്ഷിക്കാനായി അദ്ദേഹം പറഞ്ഞു.

"പതിനാറ്‌ ഇഞ്ച്‌ വെള്ളം... ഇന്നലെയും ഇത്‌ തന്നെ. മിനിഞ്ഞാന്ന് പതിനാല്‌ ഇഞ്ച്‌... ഇതത്ര നല്ലതല്ലല്ലോ സ്റ്റേം... എന്തെങ്കിലും കാര്യമായ കാരണം ഇല്ലാതിരിക്കില്ല...."

പായകളും അതിന്റെ കയറും കാറ്റത്തടിക്കുന്ന ശബ്ദം മാറ്റി നിര്‍ത്തിയാല്‍ ഘനം തൂങ്ങുന്ന നിശബ്ദത അവിടെങ്ങും നിറഞ്ഞു.

റിക്ടറാണ്‌ ആദ്യം മൗനം ഭഞ്ജിച്ചത്‌. "വിരോധമില്ലെങ്കില്‍ ഞാന്‍ കടലിലിറങ്ങി കപ്പലിന്റെ അടിയില്‍ പരിശോധിച്ചിട്ട്‌ വരാം സര്‍..."

അദ്ദേഹം വിദഗ്‌ധനായ ഒരു നീന്തല്‍ക്കാരനായിരുന്നു. ഒരു കാളക്കൂറ്റന്റേത്‌ പോലുള്ള ആരോഗ്യവും ശക്തിയും. വീണ്ടും അവിടെ നിശബ്ദത പടര്‍ന്നു.

"ശരി...." ബെര്‍ഗര്‍ തന്റെ പോക്കറ്റില്‍ നിന്ന് ഒരു താക്കോല്‍ എടുത്ത്‌ സ്റ്റേമിന്റെ നേരെ നീട്ടി. "ആയുധമുറി തുറന്ന് ആ റൈഫിള്‍ എടുത്തുകൊണ്ട്‌ വരൂ... ആവശ്യം വന്നാലോ...?"

റിക്ടര്‍ തന്റെ ക്യാന്‍വാസ്‌ ഷൂ അഴിക്കാന്‍ തുടങ്ങിയപ്പോള്‍ സിസ്റ്റര്‍ ആഞ്ചല ബെര്‍ഗറുടെ അടുത്തേക്ക്‌ വന്നു.

"റൈഫിള്‍ എന്തിനാണ്‌ ക്യാപ്റ്റന്‍...?"

"സ്രാവുകള്‍... ഇപ്പോള്‍ അവയുടെ ലക്ഷണമൊന്നും കാണുന്നില്ല. പക്ഷേ, മനുഷ്യഗന്ധം വെള്ളത്തിലുണ്ടെങ്കില്‍ എത്ര അകലെ നിന്നായാലും ശരി അവ ഉടന്‍ ഇവിടെയെത്തും. മാത്രമല്ല, ആ ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ നമ്മള്‍ കടലിലേക്കെറിഞ്ഞില്ലേ... അവയും അതിന്‌ സഹായിക്കും..."

ഇത്‌ കേട്ടുകൊണ്ടിരുന്ന സിസ്റ്റര്‍ ലോട്ടെയുടെ മുഖം വിളറി വെളുത്തു. പാമരത്തിനരികില്‍ തന്റെ ബെല്‍റ്റ്‌ മുറുക്കിക്കൊണ്ടിരുന്ന റിക്ടറുടെ സമീപത്തേക്കവള്‍ നീങ്ങി.

"ഇവിടെ... ഇവിടെ... വളരെ ആഴമുണ്ടോ ഹേര്‍ റിക്ടര്‍...?"

റിക്ടര്‍ ഉറക്കെ ചിരിച്ചു. "ചുരുങ്ങിയത്‌ ഒരു ആയിരം *ഫാതം എങ്കിലും കാണും... (1 ഫാതം = 6 അടി). പക്ഷേ ഞാന്‍ അത്രയും ദൂരമൊന്നും താഴേക്ക്‌ പോകുന്നില്ല. പേടിക്കണ്ട..."

അവരെ വീക്ഷിച്ചുകൊണ്ടിരുന്ന ബെര്‍ഗറുടെ പുരികം ചുളിഞ്ഞു. പക്ഷേ, എന്തെങ്കിലും അഭിപ്രായം പറയാന്‍ പറ്റിയ സന്ദര്‍ഭമല്ല ഇതെന്ന് അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അദ്ദേഹം ചോദിച്ചു. "ഒരു കയറും കൂടി വേണ്ടേ ഹെല്‍മട്ട്‌...?"

റിക്ടര്‍ നിഷേധ ഭാവത്തില്‍ തലയാട്ടി. "എന്തിന്‌...? കടലില്‍ അല്‍പ്പം പോലും തിരയിളക്കമില്ല..." അദ്ദേഹം ഒരു കാല്‍ പടിയിലേക്ക്‌ എടുത്ത്‌ വച്ചു. എന്നിട്ട്‌ ഒരു സ്പ്രിംഗ്‌ പോലെ കുതിച്ച്‌ വെള്ളത്തിനടിയിലേക്ക്‌ ഊളിയിട്ട്‌ പോയി.

വെള്ളിമേഘങ്ങള്‍ പോലെ ഒരു പറ്റം മത്സ്യങ്ങള്‍ അദ്ദേഹത്തിനിരുവശവുമായി ചിതറിപ്പോയി. സുതാര്യമായ ഹരിതവര്‍ണ്ണമാര്‍ന്ന സമുദ്രത്തിനടിയിലേക്ക്‌ അദ്ദേഹം ഊളിയിട്ട്‌ പോയി. കപ്പലിന്റെ വശങ്ങളില്‍ കടല്‍ച്ചിപ്പികള്‍ കൂട്ടം കൂട്ടമായി പറ്റിപ്പിടിച്ചിരിക്കുന്നു. കടല്‍ച്ചെടികളും പായലും പലകകളില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നു.

കപ്പലിന്റെ അടിഭാഗം ചുരണ്ടി വൃത്തിയാക്കിയിട്ട്‌ കാലമേറെയായിരിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരു നിമിഷം ആ പലകയില്‍ പിടിച്ചിട്ട്‌ അദ്ദേഹം കപ്പലിന്റെ ഏറ്റവും അടിയില്‍ പിന്‍ഭാഗത്തേക്ക്‌ ഊളിയിട്ടു. എന്നിട്ട്‌ അടിഭാഗത്തു കൂടി പരിശോധിച്ചുകൊണ്ട്‌ മുന്‍ഭാഗത്തേക്ക്‌ നീങ്ങി.

ഡെക്കില്‍ എല്ലാവരും ഉത്ക്കണ്ഠയോടെ നിശബ്ദരായി താഴെ കടലിലേക്ക്‌ നോക്കി നിന്നു. കൈവരികളില്‍ മുറുക്കെപ്പിടിച്ച്‌ നിന്നിരുന്ന സിസ്റ്റര്‍ ലോട്ടെയുടെ കൈപ്പത്തിയിലെ നീല ഞരമ്പുകള്‍ തെളിഞ്ഞ്‌ കാണാമായിരുന്നു. ഭയവും ആകാംക്ഷയുമായി അവള്‍ വെള്ളത്തിലേക്ക്‌ തന്നെ കണ്ണ്‌ ചിമ്മാതെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്‌. സമീപത്ത്‌ നിന്നിരുന്ന ബെര്‍ഗര്‍ അവളുടെ പരിഭ്രമം ശ്രദ്ധിച്ചു. സിസ്റ്റര്‍ ആഞ്ചല ഇത്‌ കാണുന്നുണ്ടോ എന്നറിയാന്‍ അദ്ദേഹം നോക്കിയപ്പോള്‍ കണ്ടത്‌ അവര്‍ തന്റെ മുഖത്തേക്ക്‌ നോക്കിക്കൊണ്ട്‌ നില്‍ക്കുന്നതാണ്‌. വളരെ ശാന്തമായി കാണപ്പെട്ട അവരുടെ കണ്ണുകളില്‍ വേദന നിറഞ്ഞിരുന്നു. അദ്ദേഹം തന്റെ പൈപ്പ്‌ എടുത്ത്‌ പുകയില നിറയ്ക്കുവാന്‍ തുടങ്ങി. പ്രശ്നങ്ങള്‍ ഓരോന്നായി വന്നുകൊണ്ടേയിരിക്കുന്നു... കപ്പലിന്റെ അവസ്ഥയെക്കുറിച്ചുള്ള കീറാമുട്ടികള്‍ ഒരു വശത്ത്‌... അതിന്റെ കൂടെ ഇതും... അതും സംഘത്തിലെ ഏറ്റവും മിടുക്കനായ നാവികന്‍ റിക്ടര്‍ ഉള്‍പ്പെട്ടത്‌...!

അടുത്ത നിമിഷം, കപ്പലിന്റെ ഇടതുഭാഗത്ത്‌, ജലോപരിതലത്തിലേക്ക്‌ റിക്ടര്‍ പൊങ്ങി വന്നു. താഴേക്കിട്ടു കൊടുത്ത കയറില്‍ പിടിച്ച്‌ കൈവരികള്‍ക്ക്‌ മുകളിലൂടെ അദ്ദേഹം ഡെക്കിലെത്തി.

തണുത്ത്‌ വിറച്ച്‌ അല്‍പ്പനേരം അദ്ദേഹം അവിടെയിരുന്നു.

"എങ്ങനെയുണ്ട്‌...? എല്ലാവരും കേള്‍ക്കട്ടെ..." ബെര്‍ഗര്‍ ചോദിച്ചു.

"പ്രത്യേകിച്ച്‌ കേടുപാടുകളൊന്നും കാണാനില്ല ക്യാപ്റ്റന്‍... പ്രത്യക്ഷത്തില്‍ യാതൊരു തകരാറുമില്ല. നമ്മള്‍ പറഞ്ഞത്‌ പോലെ വളരെ പഴക്കമുള്ളതല്ലേ... ചിലയിടങ്ങളില്‍ പലകകള്‍ക്കിടയില്‍ വിരല്‍ കടക്കാനുള്ള പഴുതുണ്ട്‌. ഒരു പത്ത്‌ വര്‍ഷം മുമ്പെങ്കിലും ഇതൊന്ന് റിപ്പയര്‍ ചെയ്യേണ്ടതായിരുന്നുവെന്നാണ്‌ എന്റെ അഭിപ്രായം..."

ബെര്‍ഗര്‍, തന്റെ ചുറ്റും നില്‍ക്കുന്നവര്‍ക്ക്‌ നേരെ തിരിഞ്ഞു. "റിക്ടര്‍ പറഞ്ഞത്‌ നിങ്ങളെല്ലാവരും കേട്ടല്ലോ... പ്രത്യേകിച്ചൊന്നും നമുക്ക്‌ ചെയ്യാനില്ല. എന്തായാലും നമ്മുടെ സംഘത്തില്‍ ആവശ്യത്തിലധികം ആള്‍ക്കാരുള്ളത്‌ കൊണ്ട്‌ വെള്ളം പമ്പ്‌ ചെയ്ത്‌ കളയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല..."

എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്ഥാവന, ചുറ്റുമുള്ളവരെയൊന്നും തൃപ്തരാക്കിയതായി തോന്നിയില്ല. പെട്ടെന്ന് പ്രധാന കാറ്റുപായ ഒന്ന് ചലിച്ചു. വെള്ളത്തില്‍ ചെറിയൊരു ഓളവും. തെക്ക്‌ കിഴക്ക്‌ ദിശയില്‍ നിന്ന് ചെറിയൊരു കാറ്റ്‌ വീശിയതായിരുന്നുവത്‌.

നിറയാന്‍ തുടങ്ങിയ കാറ്റുപായകളെ നോക്കി ബെര്‍ഗര്‍ ഉറക്കെ ചിരിച്ചു. "നല്ലവനായ ദൈവം ഇപ്പോഴും ഇവിടെയൊക്കെയുണ്ട്‌... നാം വീണ്ടും നീങ്ങിത്തുടങ്ങിയിരിക്കുന്നു. അപ്പോള്‍ ഇനി എല്ലാവരും അവരവരുടെ ജോലികളിലേക്ക്‌... അങ്ങനെയല്ലേ സ്റ്റേം...?"

സ്റ്റേം, കല്‍പ്പനകള്‍ സ്വീകരിച്ചു. നാവികര്‍ തങ്ങളുടെ ജോലികള്‍ക്കായി പിരിഞ്ഞ്‌ പോയി.

"ക്യാപ്റ്റന്‍, ഒരു നിമിഷം... താങ്കളോട്‌ ഒരു വാക്ക്‌..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

ബെര്‍ഗര്‍ തന്റെ കണ്ണുകള്‍ അവരുടെ മുഖത്ത്‌ നിന്ന് സിസ്റ്റര്‍ ലോട്ടെയുടെ മുഖത്തേക്ക്‌ പായിച്ചു. എന്നാല്‍ മറ്റു കന്യാസ്ത്രീകളുടെയൊപ്പം താഴേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍.

"ശരി സിസ്റ്റര്‍... പറയൂ..."

അദ്ദേഹത്തിന്റെ ക്യാബിനില്‍ അവര്‍ ഇരുവരും മുഖത്തോട്‌ മുഖം നോക്കി അല്‍പ്പനേരം നിന്നു.

സിസ്റ്റര്‍ ആഞ്ചല തന്നെ തുടങ്ങി. "ലോട്ടെയാണ്‌ എന്റെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം... താന്‍ തെരഞ്ഞെടുത്തിരിക്കുന്ന ജീവിത പന്ഥാവിലൂടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ അവള്‍. ആ യാത്രയില്‍ വിഘ്നങ്ങള്‍ വരാതെ നോക്കേണ്ടത്‌ എന്റെ കടമയാണ്‌..."

"നിങ്ങള്‍ പറഞ്ഞ്‌ വരുന്നത്‌ അവള്‍ ഇപ്പോഴും ഒരു *നോവിസ്‌ മാത്രമാണെന്നാണോ ?..." (*നോവിസ്‌ - എല്ലാ പ്രതിജ്ഞകളുമെടുത്ത്‌ കന്യാസ്ത്രീ എന്ന പദവി ഇനിയും ലഭിച്ചിട്ടില്ലാത്തവള്‍). ബെര്‍ഗര്‍ ചോദിച്ചു.

"മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായി...?" അദ്ദേഹം തലയാട്ടി. "അതെന്തോ ആവട്ടെ... എന്തായാലും ഞാന്‍ വാക്ക്‌ തരുന്നു... നിങ്ങളെയും നിങ്ങളുടെ സംഘത്തിലുള്ളവരെയും കുറിച്ചുള്ള നിബന്ധനകള്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്‌."

"ഹേര്‍ റിക്ടറിനും...?"

അദ്ദേഹം പിന്നോട്ട്‌ ചാരിയിരുന്ന് അവരുടെ മുഖത്തേക്ക്‌ നോക്കി.

"അത്‌ ശരി... അപ്പോള്‍ അല്‍പ്പം മുമ്പ്‌ അവള്‍ അയാളോട്‌ സംസാരിച്ച്‌ കൊണ്ട്‌ നില്‍ക്കുന്നത്‌ നിങ്ങളും കണ്ടുവല്ലേ...? ഇക്കാര്യത്തില്‍ ഞാന്‍ എന്ത്‌ ചെയ്യണമെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌...?"

"അദ്ദേഹം വെള്ളത്തിനടിയിലേക്ക്‌ പോയപ്പോള്‍ അവള്‍ക്കെന്തൊരു പരിഭ്രമമായിരുന്നു...! അവളുടെ മുഖത്ത്‌ അത്‌ വ്യക്തമായിരുന്നു..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

"അയാള്‍ അരോഗദൃഢഗാത്രനും സുമുഖനുമായ ഒരു യുവാവാണ്‌..."

"അത്‌ തന്നെയാണ്‌ എന്നെ അലട്ടുന്ന വലിയ പ്രശ്നവും..."

"ഞങ്ങളെപ്പോലെ തന്നെ, അദ്ദേഹവും ഒരു സബ്‌മറീനിലായിരുന്നു മുമ്പ്‌. ചീഫ്‌ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ആയിട്ട്‌. അയേണ്‍ ക്രോസ്‌, സെക്കന്റ്‌ ക്ലാസ്‌, ഫസ്റ്റ്‌ ക്ലാസ്‌ എന്നീ ബഹുമതികളും കിട്ടിയിട്ടുണ്ട്‌. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും സമര്‍ത്ഥനായ നാവികന്‍. എല്ലാ വിധത്തിലും നല്ല ഒരു മനുഷ്യന്‍..." ബെര്‍ഗര്‍ പറഞ്ഞു. "എന്തായാലും അക്കാര്യമോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കണ്ട. എന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാം..."

"അപ്പോള്‍ ഇക്കാര്യത്തില്‍ നിങ്ങളുടെ ഉറപ്പ്‌ എനിയ്ക്ക്‌ പ്രതീക്ഷിക്കാം...?"

"അതേയെന്ന് പറഞ്ഞില്ലേ...? ഇതെന്തൊരു കഷ്ടമാണ്‌!... നശിച്ച...." അദ്ദേഹത്തിന്‌ സഹിക്കാവുന്നതിലധികമായിരുന്നുവത്‌. വാതില്‍ തുറന്നിട്ട്‌ അദ്ദേഹം സ്റ്റേമിനോട്‌ പറഞ്ഞു. "റിക്ടറോട്‌ ഇങ്ങോട്ട്‌ വരാന്‍ പറയൂ..."

അദ്ദേഹം ഡെസ്കിനരികിലേക്ക്‌ വീണ്ടും തിരിഞ്ഞപ്പോള്‍ സിസ്റ്റര്‍ ആഞ്ചല വാതിലിന്‌ നേരെ നീങ്ങി.

"ഇല്ല, പോകാന്‍ വരട്ടെ... നിങ്ങളും കൂടി കേള്‍ക്കണം..." അദ്ദേഹം അവരെ തടഞ്ഞു.

അവര്‍ ഒന്ന് സംശയിച്ച്‌ നിന്നു. അടുത്ത നിമിഷം, വാതില്‍ തുറന്ന് റിക്ടര്‍ പ്രവേശിച്ചു. കനം കൂടിയ ഒരു കോട്ട്‌ ധരിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‌ അപ്പോഴും തണുക്കുന്നുണ്ടായിരുന്നു.

"എന്നെ വിളിച്ചുവോ ക്യാപ്റ്റന്‍...?"

ബെര്‍ഗര്‍ ഷെല്‍ഫില്‍ നിന്ന് ഒരു ഒരു കുപ്പിയും ഗ്ലാസും എടുത്തു. "സ്കോച്ച്‌ വിസ്കിയാണ്‌... ഹെയ്ഗ്‌ ആന്റ്‌ ഹെയ്ഗ്‌. ഏറ്റവും നല്ല സാധനം. നിങ്ങള്‍ക്കിപ്പോള്‍ ഇതിന്റെ ആവശ്യമുണ്ട്‌..."

"അതേ... ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ തണുപ്പായിരുന്നു വെള്ളത്തിനടിയില്‍..." റിക്ടര്‍ അല്‍പ്പം വിസ്ക്കി അകത്താക്കി.

ബെര്‍ഗര്‍ തന്റെ കസേരയിലേക്ക്‌ ചാഞ്ഞിരുന്നു. "നമ്മള്‍ തമ്മില്‍ പരിചയമായിട്ട്‌ എത്ര കാലമായി ഹെല്‍മട്ട്‌...?"

"ഒരു വര്‍ഷം, ക്യാപ്റ്റന്‍... കൃത്യമായി പറഞ്ഞാല്‍ പതിനാല്‌ മാസം... എന്താ ചോദിച്ചത്‌...?"

"ആ ചെറുപ്പക്കാരി കന്യാസ്ത്രീ... സിസ്റ്റര്‍ ലോട്ടെ..." ബെര്‍ഗര്‍ ഒന്ന് സംശയിച്ചിട്ട്‌ വാക്കുകള്‍ക്കായി പരതി. "കുറച്ച്‌ മുമ്പ്‌, അവള്‍ താങ്കളുടെ കാര്യത്തില്‍ വളരെ ആകാംക്ഷാഭരിതയായി കാണപ്പെട്ടു..."

റിക്ടര്‍, സിസ്റ്റര്‍ ആഞ്ചലയുടെ നേരെ ഒന്ന് നോക്കി. അദ്ദേഹത്തിന്റെ മുഖം എപ്പോഴത്തേക്കാളുമധികം വിളറി വെളുത്തിരുന്നു. അദ്ദേഹം തന്റെ കണ്ണട ഊരി ശ്രദ്ധാപൂര്‍വ്വം ഡെസ്കിന്മേല്‍ വച്ചു.

"അത്‌ തികച്ചും എന്റെ വ്യക്തിപരമായ കാര്യമാണ്‌ ക്യാപ്റ്റന്‍..."

"താങ്കള്‍ എന്റെയടുത്ത്‌ വിഡ്ഢിവേഷം കെട്ടാതിരിക്കൂ ഹെല്‍മട്ട്‌...ആ പെണ്‍കുട്ടി ഇപ്പോഴും ഒരു നോവിസ്‌ ആണ്‌. എന്താണതിന്റെ അര്‍ത്ഥമെന്നറിയാമോ...?"

"അവളുടെ മനസ്സ്‌ അതിന്‌ ഇനിയും പക്വമായിട്ടില്ലെന്ന്..." റിക്ടര്‍ അലസമായി പറഞ്ഞു.

"അത്‌ പക്വമാക്കാന്‍ അവളെ സഹായിക്കുകയായിരിക്കും നിങ്ങള്‍ അല്ലേ...?"

റിക്ടര്‍ സിസ്റ്റര്‍ ആഞ്ചലയുടെ നേര്‍ക്ക്‌ നോക്കി. വീണ്ടും ബെര്‍ഗറുടെ നേരെ തിരിഞ്ഞു.

"നിങ്ങള്‍ക്ക്‌ ഇനിയും കാര്യം മനസ്സിലായിട്ടില്ല... രണ്ട്‌ പേര്‍ക്കും... അതുകൊണ്ട്‌ ഞാന്‍ വിശദീകരിക്കാം..." റിക്ടര്‍ തന്റെ ഇടത്‌ കൈ ഉയര്‍ത്തിക്കൊണ്ട്‌ പറഞ്ഞു. "ഞാന്‍ അകന്നു നില്‍ക്കും... ഏതെങ്കിലും ഒരു പുരുഷന്‍ അവളോട്‌ മോശമായി പെറുമാറി എന്ന് ഞാന്‍ അറിയുന്നത്‌ വരെ... പിന്നെ എന്നെ തടയരുത്‌... ഇപ്പോള്‍ വ്യക്തമായോ...?"

"ശരി, നിന്നെ ഞാന്‍ വിശ്വസിക്കുന്നു കുട്ടീ... കീലില്‍ എത്തിക്കഴിഞ്ഞ്‌ പിന്നെ എന്ത്‌ സംഭവിച്ചാലും എനിക്കൊന്നുമില്ല. പക്ഷേ അതുവരെ നിങ്ങള്‍ അവളില്‍ നിന്ന് അകന്ന് നില്‍ക്കണം. വേണമെങ്കില്‍ എനിയ്ക്ക്‌ ഇതൊരു ആജ്ഞയായി നടപ്പിലാക്കാം. പക്ഷേ, ഞാനത്‌ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ വാക്ക്‌ മാത്രം മതി എനിയ്ക്ക്‌..." ബെര്‍ഗര്‍ പറഞ്ഞു.

ബെര്‍ഗര്‍ വിചാരിച്ചത്‌, റിക്ടര്‍ എതിരിട്ട്‌ നിന്ന് വാദിക്കുമെന്നാണ്‌. പക്ഷേ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ റിക്ടര്‍ അറ്റന്‍ഷനായി നിന്നിട്ട്‌ പറഞ്ഞു. "ഞാന്‍ വാക്ക്‌ തന്നിരിക്കുന്നു സര്‍..."

റിക്ടര്‍ തിരിഞ്ഞ്‌, വേഗം പുറത്തേക്ക്‌ നടന്നു.

"അപ്പോള്‍ പിന്നെ പ്രശ്നങ്ങളെല്ലാം അവസാനിച്ചല്ലോ...? ഇനി എന്തെങ്കിലുമുണ്ടോ...?" ബെര്‍ഗര്‍ സിസ്റ്റര്‍ ആഞ്ചലയുടെ നേര്‍ക്ക്‌ തിരിഞ്ഞു.

"ഇല്ല, ഇനിയൊന്നുമില്ലെന്ന് വിചാരിക്കുന്നു. ഞാന്‍ ഇങ്ങനെ പരാതികളുമായി വരുമ്പോള്‍ ദ്വേഷ്യം തോന്നാത്തതെന്താ ക്യാപ്റ്റന്‍...? എനിക്ക്‌ അത്ഭുതം തോന്നുന്നു..."

"എന്തോ, എനിക്കറിയില്ല സിസ്റ്റര്‍... എന്തായാലും എന്റെ കടമ ഞാന്‍ നിര്‍വഹിച്ചുവെന്നാണ്‌ വിശ്വാസം... ഇത്തരം സന്ദര്‍ഭം ഇതിന്‌ മുമ്പും ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്‌. എല്ലാ യാത്രയിലും കാണാം ഇങ്ങനെ... പക്ഷേ, ഞാന്‍ അത്‌ മാനേജ്‌ ചെയ്യാറുണ്ട്‌. അത്യാവശ്യം വേണ്ടി വന്നാല്‍ ബൂട്ട്‌സും മുഷ്ടിയുമുപയോഗിച്ച്‌... പക്ഷേ, ഇതിപ്പോള്‍..."

"പാവം ക്യാപ്റ്റന്‍ ബെര്‍ഗര്‍..." സിസ്റ്റര്‍ ആഞ്ചല സൗമ്യമായി പറഞ്ഞു. "ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഇത്ര എളുപ്പം ഒരു പരിഹാരമുണ്ടായിരുന്നുവെങ്കില്‍..."

അവര്‍ പുറത്തേക്ക്‌ നടന്നു. ബെര്‍ഗര്‍, അവര്‍ പറഞ്ഞതിനെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ട്‌ അവിടെത്തന്നെയിരുന്നു. പെട്ടെന്നാണദ്ദേഹം അത്ഭുതത്തോടെ മനസ്സിലാക്കിയത്‌, താന്‍ അവരുടെ പുഞ്ചിരി കാണുന്നത്‌ ആദ്യമായിട്ടാണെന്ന്...!

* * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, November 6, 2009

സ്റ്റോം വാണിംഗ്‌ - 19

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 17. അക്ഷാംശം 38.56N, രേഖാംശം 30.50W. കാറ്റ്‌ അല്‍പ്പം പടിഞ്ഞാറ്‌ ദിശയിലേക്ക്‌ മാറിയിരിക്കുന്നു. മുന്നോട്ടുള്ള പ്രയാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പത്ത്‌ നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ്‌ ഇപ്പോള്‍ മുന്നേറുന്നത്‌. മദ്ധ്യാഹ്നത്തോടെ മാനം തെളിഞ്ഞ്‌ സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ്‌ ഇപ്പോള്‍ നിശ്ചലാവസ്ഥയിലെത്തിയിരിക്കുന്നു.

അദ്ധ്യായം - അഞ്ച്‌

നേരിയ തിരയിളക്കം പോലുമില്ലാതെ തടാകം പോലെ ശാന്തമാണ്‌ സമുദ്രം. പായകളെല്ലാം നിവര്‍ത്തിയിട്ടുണ്ടെങ്കിലും നിശ്ചലമാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍. കപ്പലിന്റെ പ്രതിഫലനം ഒരു കണ്ണാടിയിലെന്ന പോലെ കടലില്‍ തെളിഞ്ഞ്‌ കാണാം.

കാറ്റിന്റെ അഭാവത്തില്‍ അന്തരീക്ഷത്തിലെ താപം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. സലൂണില്‍ ഉഷ്ണം അസഹനീയമായതിനെ തുടര്‍ന്ന് ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ഡെക്കില്‍ ഒരു ക്യാന്‍വാസ്‌ ഷീറ്റ്‌ വലിച്ച്‌ കെട്ടി ഒരു പന്തല്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ചൂടില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം കണ്ടെത്തുവാനായി അതിന്റെ തണലില്‍ ഇരിക്കുകയാണ്‌ കന്യാസ്ത്രീകള്‍.

കപ്പലിലെ ഭൂരിഭാഗം നാവികരും സൂര്യാഘാതം ഏറ്റതിന്റെ വിഷമതകള്‍ അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്‌. പോഷകാഹാരത്തിന്റെ അഭാവവും കടല്‍ വെള്ളത്തിന്റെ പ്രവര്‍ത്തനവും മിക്കവാറും എല്ലാവരെയും കഷ്ടപ്പാടിലാക്കിയിരിക്കുന്നു. സ്കിര്‍മര്‍ എന്ന നാവികന്റെ ഇടത്‌ കാലിലെ വ്രണം ഉണങ്ങാന്‍ മടി കാണിക്കുകയാണ്‌. ക്യാന്‍വാസ്‌ ഷീറ്റിന്റെ തണലില്‍ കിടക്കുന്ന അയാളുടെ അടുത്തേക്ക്‌ ഫസ്റ്റ്‌ എയ്ഡ്‌ ബോക്സുമായി സിസ്റ്റര്‍ ആഞ്ചല എത്തിയപ്പോള്‍ അയാള്‍ ഞരങ്ങുവാന്‍ തുടങ്ങി.

പ്രധാന പാമരത്തിന്‌ അല്‍പ്പം അകലെ സ്റ്റേമിന്റെ നേതൃത്വത്തില്‍ നാല്‌ പേര്‍ കപ്പലിനടിത്തട്ടിലുള്ള വെള്ളം പുറത്തേക്ക്‌ പമ്പ്‌ ചെയ്തുകൊണ്ടിരിക്കുന്നു. റബ്ബര്‍ കുഴലിലൂടെ പുറത്തേക്ക്‌ വന്നുകൊണ്ടിരുന്ന തവിട്ട്‌ നിറത്തിലുള്ള വെള്ളം ഡെക്കിലൂടെ കടലിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു.

അര മണിക്കൂറായി ചെയ്തുകൊണ്ടിരുന്ന വിശ്രമമില്ലാത്ത ജോലി അവസാനിപ്പിച്ച്‌, റിക്ടര്‍ അല്‍പ്പം വെള്ളം കുടിക്കാനായി ഒരു കപ്പ്‌ എടുത്ത്‌ ബക്കറ്റില്‍ മുക്കി. അറപ്പോടെ മുഖം തിരിച്ച്‌ കപ്പിലെ ജലം അദ്ദേഹം തിരികെ ബക്കറ്റിലേക്ക്‌ തന്നെ ഒഴിച്ചു. നല്ല തവിട്ടു നിറം കലര്‍ന്നിരുന്നു അതില്‍.

"നിങ്ങള്‍ ഇത്‌ കണ്ടിരുന്നോ ലെഫ്റ്റനന്റ്‌...?" അദ്ദേഹം സ്റ്റേമിനോട്‌ ചോദിച്ചു.

"ടാങ്ക്‌ തുരുമ്പിച്ചുവെന്ന് തോന്നുന്നു..." സ്റ്റേം പറഞ്ഞു. "നമ്മള്‍ ഈ കപ്പലില്‍ എല്ലാവരുടെയും ആരോഗ്യത്തിന്‌ വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്‌. എന്തിനാണ്‌ വെറും വെള്ളം കുടിക്കുന്നത്‌? അയേണ്‍ ടോണിക്കാണിത്‌. ശരീരത്തിന്‌ അത്യന്താപേക്ഷിതം..."

"ശരി ശരി... പക്ഷേ ഇത്‌ എന്റെ വയറിന്‌ പിടിക്കില്ല..." റിക്ടര്‍ തന്റെ വയര്‍ തിരുമ്മിക്കൊണ്ട്‌ പറഞ്ഞു. "വയറുവേദന ഇല്ലാത്ത ആരെങ്കിലും ഉണ്ടോ ഇവിടെ എന്ന് ചോദിച്ച്‌ നോക്ക്‌..."

കപ്പലിന്റെ ഇടത്‌ ഭാഗത്തെ പായ്‌ക്കയറിന്‌ സമീപമായിരുന്നു സിസ്റ്റര്‍ ലോട്ടെ നിന്നിരുന്നത്‌. മറ്റ്‌ കന്യാസ്ത്രീകളെ പോലെ തന്നെ അവളും വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ഇവര്‍ക്കെങ്ങനെ ഈ വെള്ള വസ്ത്രം ഇത്ര വൃത്തിയായി കൊണ്ടുനടക്കാന്‍ സാധിക്കുന്നുവെന്ന് റിക്ടര്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്‌. പായ്‌ക്കയറില്‍ പിടിച്ച്‌ കടലിലേക്ക്‌ നോക്കി എന്തോ മനോരാജ്യത്തില്‍ മുഴുകി നില്‍ക്കുകയാണ്‌ സിസ്റ്റര്‍ ലോട്ടെ.

ഉപയോഗശൂന്യമായ ഭക്ഷണ സാധനങ്ങളും അവശിഷ്ടങ്ങളും മറ്റും നിറച്ച ഒരു ബക്കറ്റുമായി കപ്പലിലെ പാചകക്കാരനായ വാള്‍സ്‌ അടുക്കളയില്‍ നിന്ന് പുറത്തേക്ക്‌ വന്നു. കൈവരികള്‍ക്ക്‌ സമീപം നിന്നിരുന്ന ലോട്ടെയെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നിട്ട്‌ അയാള്‍ ആ ബക്കറ്റ്‌ കടലിലേക്ക്‌ കമഴ്‌ത്തി. ഞെട്ടിത്തിരിഞ്ഞ ലോട്ടെ പെട്ടെന്ന് പിന്നോട്ട്‌ മാറി.

"സോറി സിസ്റ്റര്‍..." ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ അശ്രദ്ധനായി അയാള്‍ പറഞ്ഞു.

"ഓ, സാരമില്ല വാള്‍സ്‌..." അവള്‍ പതുക്കെ മൃദുസ്വരത്തില്‍ മൊഴിഞ്ഞു.

അവളെ ആകെയൊന്നു സൂക്ഷിച്ച്‌ നോക്കിയിട്ട്‌ അയാള്‍ വെളുക്കെ ചിരിച്ചു. അയാളുടെ കണ്ണുകളിലെ കാമം പെട്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവളുടെ മുഖത്തെ മന്ദഹാസം അപ്രത്യക്ഷമായി. തല കറങ്ങുന്നത്‌ പോലെ തോന്നിയ അവള്‍ പായ്‌ക്കയറില്‍ മുറുക്കെ പിടിച്ചു.

അടുക്കളയിലേക്ക്‌ തിരിഞ്ഞ വാള്‍സ്‌ കണ്ടത്‌ ദഹിപ്പിക്കുന്ന നോട്ടവുമായി വാതില്‍പ്പടിയില്‍ ചാരി നില്‍ക്കുന്ന റിക്ടറെയാണ്‌. അര്‍ദ്ധനഗ്നനായ അദ്ദേഹത്തിന്റെ മസിലുകള്‍ വെയിലേറ്റ്‌ തവിട്ട്‌ നിറമായിത്തുടങ്ങിയിരുന്നു. നീണ്ട മുടിയും താടിയും ഇരുണ്ട നിറമായിരിക്കുന്നു. ചുണ്ടിലെ ബ്രസീലിയന്‍ സിഗാറിന്‌ അദ്ദേഹം തീ കൊളുത്തി.

"നിനക്ക്‌ അമ്മ പെങ്ങന്മാരെ തിരിച്ചറിയില്ല അല്ലേ...?" ഒരു പുകയെടുത്ത്‌ ശാന്തമായി റിക്ടര്‍ ചോദിച്ചു.

"ഓഹോ.. അപ്പോള്‍ നിങ്ങള്‍ക്കവളെ നോട്ടമുണ്ടല്ലേ...?" വാള്‍സ്‌ മുരണ്ടു. "ഞാന്‍ കുറ്റം പറയില്ല.. ഒരു നീണ്ട യാത്രയല്ലേ... ക്യാപ്റ്റന്‍ പറഞ്ഞത്‌ പോലെ, സ്ത്രീകള്‍, സ്ത്രീകള്‍ തന്നെയാണല്ലോ ഏത്‌ വസ്ത്രം ധരിച്ചാലും..."

അടുത്ത നിമിഷം അയാള്‍ അടുക്കളയിലേക്ക്‌ എടുത്തെറിയപ്പെട്ടു. ഉരുക്ക്‌ പോലെ ബലിഷ്ടമായ ഒരു കരം തന്റെ കഴുത്തിനു ചുറ്റും മുറുകിയിരിക്കുന്നത്‌ അയാള്‍ മനസ്സിലാക്കി. റിക്ടറുടെ കൈയ്യിലെ ഫിന്നിഷ്‌ കത്തിയുടെ മുനയാണ്‌ തന്റെ കണ്മുന്നില്‍ പിന്നെ അയാള്‍ കണ്ടത്‌.

"ഒന്ന് ഞാന്‍ പറയുന്നു..." ശാന്തമായി തന്നെ റിക്ടര്‍ തുടര്‍ന്നു. "ഇപ്പോള്‍ നീ അവളെ നോക്കിയത്‌ പോലെ ഇനി ഒരു വട്ടം കൂടി നോക്കിയാല്‍... നീ ഈ കപ്പലില്‍ നിന്ന് തന്നെ പുറത്തേക്ക്‌ പോകും. ചിലപ്പോള്‍ അത്‌ ഒറ്റക്കഷണമായിട്ടായിരിക്കുകയുമില്ല... ഓര്‍മ്മയിരിക്കട്ടെ..."

ഭയത്താല്‍ ഏതാണ്ട്‌ അര്‍ദ്ധബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു വാള്‍സ്‌. അയാളുടെ മുഖത്ത്‌ തട്ടിക്കൊണ്ട്‌ റിക്ടര്‍ പറഞ്ഞു. "അത്രയേ ഉള്ളൂ... നിന്നോടൊക്കെ ഇങ്ങനെ പെരുമാറിയാലേ ശരിയാവൂ..."

സ്പ്രിംഗ്‌ ഘടിപ്പിച്ച കത്തിയുടെ ബട്ടണില്‍ ഞെക്കി മുന മടക്കിയിട്ട്‌ അദ്ദേഹം പുറത്തേക്ക്‌ കടന്നു.

സിസ്റ്റര്‍ ലോട്ടെ അപ്പോഴും അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. വാള്‍സ്‌ കൊണ്ടുവന്ന് കമഴ്‌ത്തിയ പദാര്‍ത്ഥങ്ങള്‍ കടലില്‍ പൊങ്ങിക്കിടന്നിരുന്നു. പെട്ടെന്ന് എങ്ങ്‌ നിന്നോ ഒരു *ആല്‍ബട്രോസ്‌ (ഒരു കടല്‍ പക്ഷി) പറന്നു വന്ന് അതിന്മേല്‍ ഇരുന്നു.

പെട്ടെന്നുണ്ടായ ഒരു ഉള്‍പ്രേരണയോടെ തിരിഞ്ഞ ലോട്ടെ കണ്ടത്‌ തന്നേ തന്നെ നോക്കി നില്‍ക്കുന്ന റിക്ടറെയാണ്‌. അവളുടെ മുഖത്ത്‌ പുഞ്ചിരി വിടര്‍ന്നു. അദ്ദേഹം അവളുടെ അടുത്തേക്ക്‌ നടന്നു.

"ഹേര്‍ റിക്ടര്‍..." തന്റെ മുഖത്തെ സന്തോഷ ഭാവം അവള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ല. "അത്‌ എന്ത്‌ പക്ഷിയാണ്‌...?"

"സിസ്റ്റര്‍, അതിന്റെ പേരാണ്‌ ആല്‍ബട്രോസ്‌... തോട്ടികളുടെ രാജാവെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ആ ചീഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗന്ധം അറിയുന്നതോടെ ഇവയുടെ ഒരു സംഘം തന്നെ എത്തും..."

"എന്തൊരു ഭംഗിയാണതിന്‌!..." മുഖത്ത്‌ വീഴുന്ന വെയിലിനെ കൈപ്പടത്താല്‍ മറച്ച്‌, പറന്നു പോകുന്ന ആ പക്ഷിയെ നിര്‍നിമേഷയായി വീക്ഷിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.

"അതേ.. നല്ല ഭംഗി...നിന്നെ പോലെ തന്നെ..." അദ്ദേഹം മനസ്സില്‍ വിചാരിച്ചു. എങ്കിലും പറഞ്ഞത്‌ ഇപ്രകാരമായിരുന്നു. "മരണമടഞ്ഞ നാവികരുടെ പ്രേതങ്ങളാണവ എന്നാണ്‌ വിശ്വാസം..."

"നിങ്ങളത്‌ വിശ്വസിക്കുന്നുണ്ടോ...?"

അവളുടെ നീലക്കണ്ണുകള്‍ തിളങ്ങി. ധരിച്ചിരുന്ന ഹാറ്റ്‌, ദീര്‍ഘവൃത്താകൃതിയിലുള്ള അവളുടെ മുഖത്തിന്‌ പൂര്‍വാധികം അഴക്‌ നല്‍കുന്നതായി റിക്ടറിന്‌ തോന്നി.

"തീര്‍ച്ചയായും ഇല്ല സിസ്റ്റര്‍... ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രം..." അദ്ദേഹം ദീര്‍ഘശ്വാസമെടുത്തു. "ക്ഷമിക്കൂ സിസ്റ്റര്‍... പിന്നെ കാണാം... ഞാന്‍ ക്യാപ്റ്റന്റെയടുത്തേക്ക്‌ ചെല്ലട്ടെ..."

അദ്ദേഹത്തിന്റെ കൈത്തണ്ടയിലെ വ്രണം കണ്ട്‌ അവള്‍ പുരികം ചുളിച്ചു.

"ഇത്‌ ശ്രദ്ധിക്കണം... ചിലപ്പോള്‍ കൂടുതല്‍ പഴുക്കാന്‍ സാധ്യതയുണ്ട്‌. വിരോധമില്ലെങ്കില്‍ ഞാനത്‌ കഴുകി ഡ്രെസ്സ്‌ ചെയ്ത്‌ തരാം..."

ശിശിരത്തിലെ മഞ്ഞ്‌ കണങ്ങളുടെ തണുപ്പായിരുന്നു അവളുടെ വിരലുകള്‍ക്ക്‌. അദ്ദേഹത്തിന്റെ നെറ്റിയില്‍ വിയര്‍പ്പ്‌ പൊടിഞ്ഞു. ക്യാന്‍വാസ്‌ പന്തലില്‍ ഒരു നാവികന്റെ മുറിവുകള്‍ ഡ്രെസ്സ്‌ ചെയ്തുകൊണ്ടിരുന്ന സിസ്റ്റര്‍ ആഞ്ചല തങ്ങളെ ശ്രദ്ധിക്കുന്നത്‌ പെട്ടെന്നദ്ദേഹം മനസ്സിലാക്കി.

റിക്ടര്‍ തന്റെ കൈ വലിച്ചു. "ഓ, വേണ്ട സിസ്റ്റര്‍... ഇതത്ര സാരമുള്ളതല്ല..."


* * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, October 23, 2009

സ്റ്റോം വാണിംഗ്‌ - 18

അനന്തമായി പരന്ന് കിടക്കുന്ന അറ്റ്‌ലാന്റിക്ക്‌ മഹാസമുദ്രം. വളരെ ദൂരെ ചക്രവാളം ഇടിമിന്നലില്‍ വെട്ടിത്തിളങ്ങി. അതിന്റെ തുടര്‍ച്ചയെന്ന പോലെ കനത്ത മഴയും ആരംഭിച്ചു. കാറ്റിന്റെ ശക്തി 8 ല്‍ എത്തിയിരിക്കുന്നു. പ്രക്ഷുബ്‌ധമായ സമുദ്രത്തിലൂടെ ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ ചെറിയ പായകള്‍ മാത്രം നിവര്‍ത്തി നീങ്ങിക്കൊണ്ടിരിക്കുന്നു. സ്റ്റിയറിംഗ്‌ വീലിനരികിലുള്ള റിക്ടറും സ്റ്റേമും ആണ്‌ കപ്പല്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌.

പുലര്‍ച്ചെ നാല്‌ മണി. തെക്ക്‌ കിഴക്ക്‌ ദിശയില്‍ നിന്ന് അതിശക്തമായ കാറ്റ്‌ ഒരു വെടിയുണ്ട കണക്കെ കപ്പലിന്റെ വലത്‌ ഭാഗത്ത്‌ ആഞ്ഞടിച്ചത്‌ പെട്ടെന്നായിരുന്നു. ഡോയ്‌ഷ്‌ലാന്റ്‌ ഇടത്‌ വശത്തേക്ക്‌ ചരിഞ്ഞു. ബാലന്‍സ്‌ തെറ്റിയ സ്റ്റേം ഡെക്കിലേക്ക്‌ ആഞ്ഞടിച്ച തിരമാലയില്‍ പെട്ട്‌ വീണുപോയി. മറിയുവാന്‍ തുടങ്ങുന്ന കപ്പലിനെ നിയന്ത്രിക്കാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുകയായിരുന്നു റിക്ടര്‍ അപ്പോഴും. സംഹാരഭാവമാര്‍ന്ന കാറ്റിന്റെ ഓരോ വരവും നിവരാന്‍ തുടങ്ങുന്ന ഡോയ്‌ഷ്‌ലാന്റിനെ വീണ്ടും വീണ്ടും ചരിച്ചു കൊണ്ടിരുന്നു.

ഒരു മണിക്കൂറായി ഉറക്കം വരാതെ തന്റെ ബങ്കില്‍ സമയം കൊല്ലുകയായിരുന്നു ക്യാപ്റ്റന്‍ എറിക്ക്‌ ബെര്‍ഗര്‍. വീശിയടിക്കുന്ന കാറ്റില്‍ സംഗീതം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ട്‌ അദ്ദേഹം ഒരു സിഗരറ്റിന്‌ തീ കൊളുത്തി. കപ്പലിന്റെ ഓരോ മുക്കിലും മൂലയിലും പരുപരുത്ത ഞരക്കവും മൂളലും ഉയരുന്നു. മുകളില്‍ കാറ്റുപായയില്‍ വൈവിദ്ധ്യമാര്‍ന്ന ശബ്ദങ്ങള്‍ ജന്മം കൊള്ളുന്നു. അടിയന്തിര സന്ദര്‍ഭമെന്തെങ്കിലും വന്നാല്‍ നേരിടാനായി അദ്ദേഹം സീ ബൂട്ട്‌സും ഓയില്‍സ്കിന്‍ കോട്ടും ധരിച്ചിരുന്നു.

എന്നാല്‍, ഓര്‍ക്കാപ്പുറത്താണ്‌ അടിയന്തിര സന്ദര്‍ഭം വന്നെത്തിയത്‌. അദ്ദേഹം തന്റെ ബങ്കില്‍ നിന്ന് എടുത്തെറിയപ്പെട്ടു. നിലത്ത്‌ കൂടി ഉരുണ്ട്‌ പോകുന്നതിനിടയില്‍ മേശയുടെ കാലുകളിലൊന്നില്‍ പിടുത്തം കിട്ടി അദ്ദേഹത്തിന്‌.

എഴുനേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കപ്പല്‍ കൂടുതല്‍ ചരിഞ്ഞുകൊണ്ടിരിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. "മൈ ഗോഡ്‌... ഇത്‌ മറിയുകയാണല്ലോ..." അദ്ദേഹം ഉറക്കെ അലറി. തറയില്‍ക്കൂടി നിരങ്ങി ഒരു വിധം വാതിലിനടുത്തെത്തി, കതക്‌ തുറന്ന് അദ്ദേഹം പുറത്തേക്ക്‌ പാഞ്ഞു.

തുടര്‍ച്ചയായ മിന്നല്‍, ആകാശത്തില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു. ഡോയ്‌ഷ്‌ലാന്റ്‌ ഏതാണ്ട്‌ മറിഞ്ഞത്‌ പോലെ തന്നെ ചരിഞ്ഞ്‌ കിടക്കുന്നു.

റിക്ടറും സ്റ്റേമും കപ്പലിനെ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരുവാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌ വീല്‍ഹൗസിനുള്ളില്‍. ബാക്കിയുള്ളവര്‍ ചരിഞ്ഞിരിക്കുന്ന ഡെക്കിലൂടെ പരിഭ്രമത്തോടെ തലങ്ങും വിലങ്ങും പായുന്നു.

"കപ്പല്‍ മുങ്ങാന്‍ പോകുന്നേ... മുങ്ങാന്‍ പോകുന്നേ..." എന്ന് അലറിക്കൊണ്ടിരുന്ന ഒരു ജോലിക്കാരന്റെ ചെകിട്ടത്ത്‌ ഒന്ന് കൊടുത്തു ബെര്‍ഗര്‍. അയാള്‍ പിറകോട്ട്‌ മലര്‍ന്നടിച്ച്‌ വീണു. അപ്പോഴും അയാള്‍ തന്റെ ജല്‍പ്പനം തുടര്‍ന്നു കൊണ്ടിരുന്നു... "പ്ലീസ്‌... ദൈവത്തെയോര്‍ത്ത്‌ എങ്ങനെയെങ്കിലും കപ്പലിനെ നേരെ കൊണ്ടുവരൂ... പ്ലീസ്‌..."

ക്രമേണ, വളരെ വിഷമിച്ച്‌ കപ്പല്‍ നിവരാന്‍ തുടങ്ങി. എങ്കിലും എന്തിലെങ്കിലും പിടിച്ചുകൊണ്ടല്ലാതെ ഡെക്കില്‍ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

ബെര്‍ഗര്‍, തന്റെ അടുത്ത്‌ കണ്ട രണ്ട്‌ പേരെ വിളിച്ചു. "വീലിന്റെ നിയന്ത്രണം ഏറ്റെടുക്കൂ... എന്നിട്ട്‌ റിക്ടറോടും സ്റ്റേമിനോടും ഇവിടെ വരാന്‍ പറയൂ..."

കാറ്റുപായകള്‍ ശരിയാക്കിക്കൊണ്ടിരുന്ന ബെര്‍ഗറുടെയടുത്തേക്ക്‌ റിക്ടറും സ്റ്റേമും ഓടിയെത്തി.

"എന്തായിരിക്കും ക്യാപ്റ്റന്‍, സംഭവിച്ചത്‌...?" അലറുന്ന കടലിന്റെ ഭീകര ശബ്ദത്തെ ഭേദിച്ചുകൊണ്ട്‌ സ്റ്റേം ഉച്ചത്തില്‍ ചോദിച്ചു.

"അടിത്തട്ടിലെ മണല്‍ നീങ്ങിയിരിക്കുന്നു. അതില്‍ സംശയമില്ല..." ബെര്‍ഗര്‍ പറഞ്ഞു. " പക്ഷേ, എത്രത്തോളം എന്നതാണ്‌ മുഖ്യം. വരൂ, പോയി നോക്കാം... സമയം കളയാനില്ല നമുക്ക്‌..."


* * * * * * * * * * * * * * * * * * * * * * * *

താഴെ ക്യാബിനുകളിലുള്ളവര്‍ ആകെ ഭയന്ന് പരിഭ്രമിച്ചിരിക്കുകയാണ്‌. അതിഭയങ്കരമായ ആ കാറ്റ്‌ കപ്പലില്‍ വന്നടിച്ചപ്പോള്‍ സിസ്റ്റര്‍ ആഞ്ചലയും സിസ്റ്റര്‍ എല്‍സെയും തങ്ങളുടെ ബങ്കുകളിലിരുന്ന് പതിവ്‌ പോലെ ബൈബിളിലെ പല ഭാഗങ്ങളെയും കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. അവര്‍ രണ്ട്‌ പേരും തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്ന് തെറിച്ചുപോയി. മുകളില്‍ കൊളുത്തിയിട്ടിരുന്ന എണ്ണവിളക്ക്‌ താഴെ വീണ്‌ ചിന്നിച്ചിതറി. തറയിലൂടെ ഒഴുകിയ എണ്ണയ്ക്ക്‌ ഉടന്‍ തന്നെ തീ പിടിച്ച്‌ ആളിക്കത്തുവാന്‍ തുടങ്ങി. എന്നാല്‍ ഉടന്‍ തന്നെയുണ്ടായ ഒരു കുലുക്കത്തില്‍ മുറിയുടെ വാതില്‍ തനിയെ തുറക്കുകയും ഒരു ജലപാതം തന്നെ ഉള്ളിലേക്ക്‌ പ്രവേശിക്കുകയും ചെയ്തു.

അപ്രതീക്ഷിതമായി മരണത്തെ മുന്നില്‍ കണ്ട ആഞ്ചല താന്‍ ചെയ്ത സകല തെറ്റുകളിലും പശ്ചാത്താപിച്ച്‌ അന്ത്യപ്രാര്‍ത്ഥന ചൊല്ലുവാന്‍ തുടങ്ങി. മരണഭയത്താല്‍ അവരുടെ വാക്കുകള്‍ക്ക്‌ ഇടയ്ക്കിടെ തടസ്സം നേരിടുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞതും, വാതിലിന്‌ നേര്‍ക്ക്‌ നീങ്ങിയ അവര്‍ സിസ്റ്റര്‍ എല്‍സെയേയും തന്നോടൊപ്പം കൂട്ടി.

സലൂണില്‍ എങ്ങും കനത്ത അന്ധകാരമായിരുന്നു. ചിന്നിച്ചിതറിയ ജനാലയില്‍ക്കൂടി വെള്ളം അടിച്ച്‌ കയറിക്കൊണ്ടിരിക്കുന്നു. ചുറ്റുപാടും ആളുകള്‍ ബഹളം വയ്ക്കുന്ന ശബ്ദം. പെട്ടെന്ന് ആരോ അവരുടെ ദേഹത്തേക്ക്‌ വന്നുവീണ്‌ ഭയന്നിട്ടെന്നപോലെ അവരെ മുറുക്കെ കെട്ടിപ്പിടിച്ചു. പെട്ടെന്ന് തന്നെ തന്റെ ക്യാബിന്റെ കതക്‌ തുറന്ന് കൈയിലൊരു വിളക്കുമായി പ്രേയ്‌ഗര്‍ അവിടെയെത്തി.

ഏകദേശം 45 ഡിഗ്രി ചരിഞ്ഞിരുന്ന തറയില്‍ മേശകളും കസേരകളും യഥാസ്ഥാനങ്ങളില്‍ തന്നെ കിടന്നിരുന്നത്‌ അവ ബോള്‍ട്ടുകള്‍ കൊണ്ട്‌ തറയില്‍ ഉറപ്പിച്ചിരുന്നത്‌ കൊണ്ട്‌ മാത്രമാണ്‌. ചരിവുള്ള ഇടത്‌ ഭാഗത്ത്‌ ഏതാണ്ട്‌ മൂന്നടിയോളം വെള്ളം കെട്ടിനില്‍ക്കുന്നു. ഓരോ പ്രാവശ്യം കപ്പല്‍ ചരിയുമ്പോഴും കൂടുതല്‍ വെള്ളം ഉള്ളിലേക്ക്‌ വന്നുകൊണ്ടിരുന്നു.

റാന്തലിന്റെ വെട്ടം മുറിയില്‍ പരന്നപ്പോള്‍ സിസ്റ്റര്‍ ആഞ്ചല കണ്ടത്‌ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന സിസ്റ്റര്‍ ലോട്ടെയെയാണ്‌. അവരുടെ ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞവളായ ലോട്ടെയ്ക്ക്‌ സ്വബോധമില്ലാത്തത്‌ പോലെ തോന്നിച്ചു. അവളെ തന്നില്‍ നിന്ന് അടര്‍ത്തി മാറ്റുവാന്‍ ആഞ്ചലയ്ക്ക്‌ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വന്നു. അവളെ ശക്തിയായി പിടിച്ചുകുലുക്കി മുഖത്ത്‌ ഒരു അടി വച്ചു കൊടുത്തു അവര്‍. "മാറി നില്‍ക്കൂ സിസ്റ്റര്‍... ഒരു കന്യാസ്ത്രീയാണെന്ന കാര്യം നീ മറക്കരുത്‌..."

സിസ്റ്റര്‍ എല്‍സെ ചെന്ന് നിന്നത്‌ അരയ്ക്കൊപ്പം വെള്ളത്തിലായിരുന്നു. അവള്‍ ധരിച്ചിരുന്ന സ്കേര്‍ട്ട്‌ അവള്‍ക്ക്‌ ചുറ്റും വെള്ളത്തില്‍ വൃത്താകൃതിയില്‍ പൊങ്ങിക്കിടന്നു. അടുത്ത നിമിഷം പ്രേയ്‌ഗറുടെ ക്യാബിന്‌ തൊട്ടടുത്ത മുറിയുടെ വാതില്‍ തുറന്ന് സിസ്റ്റര്‍ കാത്തെയും ബ്രിജിത്തെയും അവിടെയെത്തി.

"എല്ലാം ശരിയാകും... ഭയപ്പെടേണ്ട കാര്യമൊന്നുമില്ല... ഇടനാഴിയിലേക്ക്‌ വരിക..." വളരെ ശാന്തനായി കാണപ്പെട്ട പ്രേയ്‌ഗര്‍ അവരോട്‌ പറഞ്ഞു.

സിസ്റ്റര്‍ ആഞ്ചല, ലോട്ടെയെ ഒരു കൈ കൊണ്ട്‌ താങ്ങിപ്പിടിച്ച്‌ മുന്നില്‍ നടന്നു. വെളിച്ചത്തിനായി പ്രേയ്‌ഗര്‍ തന്റെ കൈയിലെ റാന്തല്‍ അവര്‍ക്ക്‌ കൊടുത്തു. എന്നിട്ട്‌ ആ ചരിഞ്ഞ ഇടനാഴിയില്‍ അവരെല്ലാവരും എത്തുന്നതു വരെ കാത്തു നിന്നു.

ഇടനാഴിയുടെ മുകളിലെ വാതില്‍ തുറന്ന് ബെര്‍ഗര്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കൈയില്‍ ഒരു ഹരിക്കേന്‍ ലാമ്പ്‌ ഉണ്ടായിരുന്നു.

"ആര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ...?

"ഇല്ലെന്ന് തോന്നുന്നു.." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

"എന്തായാലും നിങ്ങളെ ലൈഫ്‌ ബോട്ടില്‍ കയറ്റി വിടാനുള്ള ഉദ്ദേശ്യമൊന്നുമില്ല എനിക്കിപ്പോള്‍... ഈ അവസ്ഥയില്‍ അഞ്ച്‌ മിനിറ്റ്‌ പോലും നിങ്ങള്‍ക്ക്‌ ലൈഫ്‌ബോട്ടില്‍ കടലില്‍ കഴിയാന്‍ പറ്റില്ല..." അദ്ദേഹം പറഞ്ഞു.

"പിന്നെ നമ്മളിപ്പോള്‍ എന്ത്‌ ചെയ്യും ക്യാപ്റ്റന്‍?..."

"ഇവിടെത്തന്നെ നില്‍ക്കുകയല്ലാതെ വേറെ വഴിയില്ല..."

"എന്താണ്‌ സംഭവിക്കുന്നത്‌ എറിക്ക്‌...?" പ്രേയ്‌ഗര്‍ ചോദിച്ചു.

"അടിത്തട്ടിലുള്ള മണല്‍ മുഴുവന്‍ ഒരു വശത്തേക്ക്‌ നീങ്ങിയിരിക്കുന്നു. താഴെ ഞങ്ങളെല്ലാവരും കൂടി അത്‌ മറുഭാഗത്തേക്ക്‌ വെട്ടി നീക്കിക്കൊണ്ടിരിക്കുകയാണ്‌. നിങ്ങളുടെ സഹായം കൂടി ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യമുണ്ട്‌ പ്രേയ്‌ഗര്‍. ഈ അവസ്ഥയില്‍ ഇനിയുമൊരു കാറ്റ്‌ കൂടി അടിച്ചാല്‍ കപ്പല്‍ മറിയുക തന്നെ ചെയ്യും..."

പ്രേയ്‌ഗര്‍ നിശ്ശബ്ദനായി ഇരുട്ടിലേക്ക്‌ മറഞ്ഞു.

"ഞങ്ങളെക്കൊണ്ടെന്തെങ്കിലും സഹായം...?" സിസ്റ്റര്‍ ആഞ്ചല ചോദിച്ചു.

"പ്രാര്‍ത്ഥിക്കുക... നന്നായി പ്രാര്‍ത്ഥിക്കുക..." വാതില്‍ വലിച്ചടച്ച്‌ ബെര്‍ഗര്‍ പുറത്തേക്ക്‌ നടന്നു.

* * * * * * * * * * * * * * * * * * * * * *

ഗോവണിയിലൂടെ അടിത്തട്ടിലേക്കിറങ്ങുമ്പോള്‍ അത്‌ നരകത്തിലേക്കുള്ള വഴിയായി പ്രേയ്‌ഗറിന്‌ തോന്നി. രണ്ട്‌ ഹരിക്കേന്‍ ലാമ്പുകളുടെ വെളിച്ചത്തില്‍ ആളുകള്‍ ധൃതിയില്‍ കപ്പലിന്റെ വലത്‌ ഭാഗത്തേക്ക്‌ മണല്‍ വെട്ടിയിട്ടു കൊണ്ടിരുന്നു. ഓരോ പ്രാവശ്യവും കപ്പല്‍ കുലുങ്ങുമ്പോള്‍ അവര്‍ തമ്മില്‍ തമ്മില്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.

ഗോവണിയുടെ അവസാനത്തെ പടിയില്‍ നിന്ന് പ്രേയ്‌ഗര്‍ താഴേക്ക്‌ ചാടി. കണക്ക്‌ കൂട്ടല്‍ തെറ്റിയ അദ്ദേഹം മുട്ടുകുത്തിയാണ്‌ താഴെ ചെന്ന് വീണത്‌. അത്‌ കണ്ട ഒരുവന്‍ ഭയന്ന് നിലവിളിച്ചു. എന്നാല്‍ ഉന്മാദാവസ്ഥയിലെന്ന പോലെ പണിയെടുത്തുകൊണ്ടിരുന്ന അവര്‍ക്ക്‌ ആകെക്കൂടി കേള്‍ക്കാമായിരുന്നത്‌ കപ്പലിന്റെ അടിത്തട്ടിലെ പലകയില്‍ വന്നടിക്കുന്ന തിരമാലകളുടെ ശബ്ദം മാത്രമായിരുന്നു.

ബലിഷ്ഠമായ ഒരു കരം പ്രേയ്‌ഗറെ നിലത്ത്‌ നിന്ന് എഴുനേല്‍പ്പിച്ച്‌ നിറുത്തി. ഹെല്‍മട്ട്‌ റിക്ടര്‍ ആയിരുന്നുവത്‌. എന്നിട്ട്‌ ചോദിച്ചു... " ഹേര്‍ പ്രേയ്‌ഗര്‍, റിയോയില്‍ അത്താഴവും കഴിഞ്ഞ്‌ ഒരു സ്മോളുമടിച്ച്‌ ആ കെട്ടിടത്തിന്റെ ടെറസില്‍ ഹാര്‍ബറിലേക്കും നോക്കിയിരിക്കുകയായിരുന്നു ഇതിലും സുരക്ഷിതം അല്ലേ...?"

"ആ, പക്ഷേ അതിന്‌ ഞാനിപ്പോള്‍ അവിടെയല്ലല്ലോ... തല്‍ക്കാലം എനിക്കൊരു ഷവല്‍ തരൂ... പണി തുടങ്ങട്ടെ... " പ്രേയ്‌ഗര്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * *

ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍ കാറ്റിനെതിരെ നിവര്‍ന്ന് തുടങ്ങിയിരിക്കുന്നു. പക്ഷേ, ഇടനാഴിയിലെ അന്ധകാരം ഇപ്പോഴും അന്തമില്ലാതെ തുടരുന്നു. വാതില്‍ തുറന്ന് ക്യാപ്റ്റന്‍ ബെര്‍ഗര്‍ പുഞ്ചിരിച്ചു.

"നന്നായി പ്രാര്‍ത്ഥിച്ചുവോ സിസ്റ്റര്‍...?"

"യെസ്‌..."

"വളരെ നല്ലത്‌. എന്തായാലും നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക്‌ ഫലം ലഭിച്ചു. അതായത്‌, ഈ കപ്പലില്‍ ശരിയായ രീതിയില്‍ ജീവിതം നയിക്കുന്ന ഒരാളുണ്ട്‌. ഏതായാലും ഞാനല്ല അത്‌... അപ്പോള്‍ പിന്നെ അത്‌ നിങ്ങളായിരിക്കും..."

"യൂ മേ ബി റൈറ്റ്‌ ക്യാപ്റ്റന്‍..."

"വെരി ഗുഡ്‌... അകത്ത്‌ കയറിയ വെള്ളം മുഴുവന്‍ ഉടന്‍ തന്നെ പമ്പ്‌ ചെയ്ത്‌ കളയാന്‍ ശ്രമിക്കുകയാണ്‌ ഞങ്ങള്‍. ഏതായാലും പ്രഭാതത്തിന്‌ മുമ്പ്‌ അടുക്കളയില്‍ തീ കൂട്ടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതുവരെ താഴെ കഴിച്ചുകൂട്ടാന്‍ ബുദ്ധിമുട്ടായിരിക്കും നിങ്ങള്‍ക്ക്‌..."

"ഓ, അതൊക്കെ ഞങ്ങള്‍ മാനേജ്‌ ചെയ്തോളാം..."

അതുവരെ ശാന്തനായി സംസാരിച്ചുകൊണ്ടിരുന്ന ബെര്‍ഗറുടെ നിയന്ത്രണം കൈവിട്ടത്‌ പെട്ടെന്നായിരുന്നു. വിക്ഷുബ്‌ധനായി അദ്ദേഹം പറഞ്ഞു... "മാനേജ്‌ ചെയ്യാന്‍ പോകുന്നു... നശിച്ചു പോകട്ടെ എല്ലാം... നിങ്ങള്‍ ഈ കപ്പലില്‍ യാത്ര ചെയ്യാനൊരുങ്ങിയപ്പോഴേ ഞാന്‍ പറഞ്ഞതായിരുന്നു..."

"അതേ... പറഞ്ഞിരുന്നു..." അവര്‍ തുടര്‍ന്നു. "മറ്റു പല സഹായങ്ങളുടെയും കൂടെ അതിനും ഞാന്‍ നന്ദി പറയുന്നു..."

ആ മങ്ങിയ വെളിച്ചത്തില്‍ അവര്‍ മറ്റ്‌ സിസ്റ്റര്‍മാരുടെ നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ തുടര്‍ന്നു. "വരൂ... നമുക്ക്‌ ഒന്ന് കൂടി പ്രാര്‍ത്ഥിക്കാം..."

വന്യമായ ആ കൊടുങ്കാറ്റ്‌ അടങ്ങിയതിന്‌ നന്ദി പറയുന്ന വരികള്‍ അവര്‍ ഉറക്കെ ചൊല്ലുവാന്‍ തുടങ്ങി. "അവര്‍ തങ്ങളുടെ ബുദ്ധിമുട്ടുകളെക്കുറിച്ച്‌ ദൈവത്തോട്‌ കേണപേക്ഷിച്ചു... അവന്‍ അവരെ അതില്‍ നിന്നും മോചിപ്പിച്ചു..."

ഇടനാഴിയുടെ വാതില്‍ വലിച്ചടച്ച്‌ ബെര്‍ഗര്‍, കൈവരികളില്‍ ചാരി നിന്നിരുന്ന പ്രേയ്‌ഗറുടെ നേരെ തിരിഞ്ഞു. "എന്തൊരു സ്ത്രീയാണവര്‍... നാശം പിടിച്ച, ശല്യപ്പെടുത്തുന്ന...."

"വിചിത്ര വനിത..." പ്രേയ്‌ഗര്‍ പൂര്‍ത്തിയാക്കി.

ബെര്‍ഗര്‍ പൊട്ടിച്ചിരിച്ചു. പിന്നെ, വീല്‍ഹൗസില്‍ കപ്പല്‍ നിയന്ത്രിക്കുന്ന റിക്ടറെ നോക്കി നിന്നു. കാറ്റിന്റെ ശക്തി കുറഞ്ഞിരുന്നുവെങ്കിലും തിരമാലകള്‍ ഒരുവിധം ശക്തിയോടെ തന്നെ അടിക്കുന്നുണ്ടായിരുന്നു.

സ്റ്റേം, ഗോവണി വഴി അദ്ദേഹത്തിനരുകിലെത്തി. "വെള്ളം പമ്പ്‌ ചെയ്ത്‌ കളയാനുള്ള ഏര്‍പ്പാടുകളൊക്കെ ശരിയായി. ഇനിയെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ സര്‍...?"

"ഉണ്ട്‌..." ബെര്‍ഗര്‍ പറഞ്ഞു. "കുറച്ച്‌ പലകകള്‍ വേണം. കൈയില്‍ കിട്ടുന്ന സകല പലകക്കഷണങ്ങളും... കപ്പലിലെ എല്ലാ ക്യാബിനുകളുടെയും കതകുകള്‍ അഴിച്ചെടുത്തോളൂ. എന്നിട്ട്‌ അടിത്തട്ടിലുള്ള മണലിന്‌ മുകളില്‍ ഉറപ്പിക്കണം. കപ്പലിന്‌ ഇനി എന്ത്‌ തന്നെ സംഭവിച്ചാലും ശരി, മണലിന്‌ ഇളക്കം തട്ടാന്‍ പാടില്ല..."

"ശരി സര്‍..." സ്റ്റേം ഒന്ന് സംശയിച്ച്‌ നിന്നു. "കപ്പലിലെ പലകകളൊക്കെ ഇങ്ങനെ പൊളിച്ച്‌ മാറ്റുന്നത്‌ നല്ല സ്വഭാവമാണല്ലേ സര്‍...?"

"അതെയതെ...വളരെ നല്ല സ്വഭാവം. പക്ഷേ, ഇതൊരു സ്ഥിരം പരിപാടിയാക്കരുത്‌..."

ബെര്‍ഗര്‍ തന്റെ ക്യാബിന്‌ നേരെ നടന്നു.

* * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, October 16, 2009

സ്റ്റോം വാണിംഗ്‌ - 17

സമയം രാത്രി 8:30. ലണ്ടന്‍ നഗരത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്‌. ജര്‍മന്‍ എയര്‍ഫോഴ്‌സിന്റെ ഗ്രൂപ്പ്‌-1 KG-66 ന്‌ കീഴിലുള്ള ജങ്കേഴ്‌സ്‌ 88-S യുദ്ധവിമാനങ്ങള്‍ തങ്ങളുടെ ആദ്യ റൗണ്ട്‌ ആക്രമണം കഴിഞ്ഞ്‌ പിന്‍വാങ്ങിയിരിക്കുന്നു.

ഏതാണ്ട്‌ 9:15 ആയപ്പോഴേക്കും ഗൈസ്‌ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വാര്‍ഡില്‍ പരിക്കേറ്റവരുടെ പ്രവാഹം ആരംഭിച്ച്‌ തുടങ്ങി. റൂമിന്റെ ഒരു ഭാഗത്ത്‌ കര്‍ട്ടനുകള്‍ ഉപയോഗിച്ച്‌ മറ്റൊരു റൂം കൂടി തയാറാക്കിയിരിക്കുന്നു. അവിടെ കിടത്തിയിരിക്കുന്ന ഒരു സൈനികന്റെ വലത്‌ തുടയില്‍ ഇതിനോടകം ഇരുപത്തിയേഴ്‌ സ്റ്റിച്ചുകള്‍ ഇട്ടുകഴിഞ്ഞിരിക്കുന്നു, ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ. അവശ നിലയില്‍ മുകളിലേക്ക്‌ നോക്കി കിടക്കുന്ന അയാളുടെ ചുണ്ടില്‍ ഇനിയും തീ കൊളുത്താത്ത ഒരു സിഗരറ്റ്‌ വിശ്രമിക്കുന്നു.

ജാനറ്റിനെ സഹായിക്കാനായി മെയ്‌ല്‍ നഴ്‌സ്‌ കലഗന്‍ അടുത്ത്‌ തന്നെയുണ്ട്‌. അറുപതിനോടടുത്ത അദ്ദേഹത്തിന്റെ മുടി മുഴുവന്‍ നരച്ച്‌ കഴിഞ്ഞിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ഒരു മെഡിക്കല്‍ സര്‍ജന്റ്‌ ആയി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം തന്നാലാവുന്ന സഹായമെല്ലാം ചെറുപ്പക്കാരിയായ ആ അമേരിക്കന്‍ ഡോക്ടര്‍ക്ക്‌ ചെയ്തുകൊടുക്കുന്നുണ്ട്‌. പന്ത്രണ്ട്‌ മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത്‌ കൊണ്ടിരിക്കുന്നതിന്റെ ക്ഷീണം അവളുടെ മുഖത്ത്‌ അദ്ദേഹം ശ്രദ്ധിച്ചു.

"ഇതും കൂടി കഴിഞ്ഞിട്ട്‌ വീട്ടില്‍ പോയി അല്‍പ്പം വിശ്രമിക്കൂ മിസ്സ്‌..."

"അങ്ങനെ പോകാന്‍ പറ്റുമോ..? പരിക്കേറ്റവര്‍ ഇനിയും വന്നുകൊണ്ടിരിക്കുമെന്നാണ്‌ തോന്നുന്നത്‌..."

ഇത്രയും നേരം തെയിംസ്‌ നദിയുടെ അങ്ങേക്കരയിലായിരുന്നു ബോംബ്‌ വര്‍ഷം നടന്ന് കൊണ്ടിരുന്നത്‌. എന്നാല്‍ അപ്രതീക്ഷിതമായി തൊട്ടടുത്തുണ്ടായ അതിശക്തമായ ഒരു സ്ഫോടനത്തില്‍ ആ കെട്ടിടം ആകെപ്പാടെ ഒന്ന് കുലുങ്ങി. ജാലകച്ചില്ലുകള്‍ പൊട്ടിച്ചിതറി. വൈദ്യുതവിളക്കുകള്‍ ഒരു നിമിഷത്തേക്ക്‌ മങ്ങി. പലയിടത്ത്‌ നിന്നും കൊച്ചുകുട്ടികളുടെ രോദനം ഉയര്‍ന്നു.

"മൈ ഗോഡ്‌... ആ *ജെറികള്‍ എല്ലാം തകര്‍ക്കുമല്ലോ..." കലഗന്‍ പറഞ്ഞു. (*ജെറി - ബ്രിട്ടിഷ്‌കാരും അമേരിക്കക്കാരും ജര്‍മന്‍കാരെ വിളിക്കുന്ന പേര്‌)

"ഇന്നെന്താണിത്ര പ്രത്യേകിച്ച്‌...?" തന്റെ ജോലിയില്‍ ശ്രദ്ധിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.

"ഇന്ന് രാത്രി ഇവിടെ സന്ദര്‍ശിക്കുന്നത്‌ ആരാണെന്നറിയില്ലേ മിസ്സ്‌...? ജനറല്‍ ഐസന്‍ ഹോവര്‍ ! ബോംബിംഗ്‌ തുടങ്ങുന്നതിന്‌ ഏകദേശം ഒരു മണിക്കൂര്‍ മുമ്പ്‌ അദേഹമിവിടെയെത്തി..."

അവള്‍ തലയുയര്‍ത്തി വിശ്വസിക്കാനാവാതെ നോക്കി. "ജനറല്‍ ഐസന്‍ ഹോവറോ...? ഇവിടെയോ...?"

"അതെ... എഴുപത്തിമൂന്നാം വാര്‍ഡില്‍ പരിക്കേറ്റ്‌ കിടക്കുന്ന ആ അമേരിക്കന്‍ സൈനികരെ സന്ദര്‍ശിച്ച്‌ കൊണ്ടിരിക്കുന്നു..."

അതീവ ക്ഷീണിതയായിരുന്നതിനാല്‍ അവള്‍ക്കതിന്റെ പ്രാധാന്യം പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. അവള്‍ തന്റെ രോഗിയുടെ തുടയിലെ അവസാന സ്റ്റിച്ചും പെട്ടെന്ന് തന്നെ തീര്‍ത്തു.

"ഇനിയുള്ള ഡ്രെസ്സിംഗ്‌ ഞാന്‍ ചെയ്തോളാം മിസ്സ്‌... നിങ്ങള്‍ പോയി ഒരു ചായയെങ്കിലും കഴിക്കൂ..."

വിരലുകളില്‍ നിന്ന് ഗ്ലൗസ്‌ ഊരിമാറ്റിക്കൊണ്ടിരുന്ന അവളെ ആ സൈനികന്‍ നന്ദിയോടെ നോക്കി.

"ആര്‍ യൂ ആന്‍ അമേരിക്കന്‍, ഡോക്ടര്‍...?"

"യെസ്‌..."

"എന്തെങ്കിലും കഴിക്കാന്‍ കിട്ടിയിരുന്നെങ്കില്‍..."

ചിരിച്ച്‌ കൊണ്ട്‌ അവള്‍ തന്റെ പോക്കറ്റില്‍ നിന്ന് സിഗരറ്റ്‌ ലൈറ്റര്‍ എടുത്തു. "ഇല്ല... വേണമെങ്കില്‍ ആ സിഗരറ്റ്‌ കത്തിച്ച്‌ തരാം..."

അയാളുടെ ചുണ്ടില്‍ നിന്ന് അവള്‍ ആ സിഗരറ്റ്‌ എടുത്ത്‌ തീ കൊളുത്തി തിരികെ വച്ച്‌ കൊടുത്തിട്ട്‌ പറഞ്ഞു. "അല്‍പ്പം ആശ്വാസം കിട്ടും..."

അയാള്‍ ഒന്ന് ഞരങ്ങി. "നിങ്ങള്‍ ഭക്ഷണം പാകം ചെയ്യുമോ ഡോക്ടര്‍...?

"സമയം കിട്ടുമ്പോഴൊക്കെ..."

പക്ഷേ, പുഞ്ചിരിയോടെ അധികനേരം അവള്‍ക്കവിടെ നില്‍ക്കാനാവുമായിരുന്നില്ല. കലഗന്‍ പറഞ്ഞത്‌ ശരിയായിരുന്നു. എങ്ങനെയെങ്കിലും ഒരു കപ്പ്‌ ചായ കഴിച്ചേ പറ്റൂ... അത്രയ്ക്ക്‌ ക്ഷീണം. ചുരുങ്ങിയത്‌ പതിനഞ്ച്‌ മണിക്കൂറെങ്കിലും ഉറങ്ങിയാലേ ഈ ക്ഷീണം മാറൂ. എന്നാല്‍ ഈ അവസ്ഥയില്‍ അത്‌ തീര്‍ത്തും അസാദ്ധ്യമാണ്‌. അവള്‍ തിരിഞ്ഞ്‌ വരാന്തയിലേക്ക്‌ നടന്നു.

ഒരു വശത്തെ വാതില്‍ തുറന്ന് ചെറുപ്പക്കാരിയായ ഒരു നഴ്‌സ്‌ പ്രത്യക്ഷപ്പെട്ടത്‌ പെട്ടെന്നായിരുന്നു. പരിഭ്രമിച്ചവശയായ അവളുടെ കൈകളില്‍ രക്തം പുരണ്ടിരുന്നു. ജാനറ്റിന്റെയടുത്തേക്ക്‌ അവള്‍ ഓടിയെത്തി. അടുത്ത നിമിഷം ആശുപത്രിയുടെ സമീപം മറ്റൊരു സ്ഫോടനം കൂടി നടന്നു. അതിന്റെ ആഘാതത്തില്‍ ചുമരില്‍ സിമന്റ്‌ അവിടവിടെയായി അടര്‍ന്ന് വീണു.

"എന്താണ്‌...?" അവളുടെ തോളില്‍ പിടിച്ച്‌ കുലുക്കിക്കൊണ്ട്‌ ജാനറ്റ്‌ ചോദിച്ചു.

അടുത്ത മുറിയിലേക്ക്‌ കൈ ചൂണ്ടി എന്തോ പറയാന്‍ ആ പെണ്‍കുട്ടി ശ്രമിച്ചു. എന്നാല്‍ അതേ നിമിഷം തന്നെ നടന്ന മറ്റൊരു സ്ഫോടനത്തിന്റെ ശബ്ദത്തിനിടയില്‍ അത്‌ വ്യക്തമായില്ല.

"എന്താണ്‌ സംഭവം...?" ജാനറ്റ്‌ വീണ്ടും ചോദിച്ചു.

"ഒരു ഡെലിവറി കേസാണ്‌... കുട്ടിയുടെ പിന്‍ഭാഗമാണ്‌ ആദ്യം പുറത്തേക്ക്‌ വരുന്നത്‌. വേഗം വരൂ ഡോക്ടര്‍..."

"ഓ.കെ... ഇതാ വന്നു കഴിഞ്ഞു..."

പുറമേ അപ്പോഴും ഇടവിട്ടിടവിട്ട്‌ ബോംബ്‌ സ്ഫോടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *

ബോംബ്‌ വര്‍ഷം നിലച്ചിരിക്കുന്നു. അത്യധികം ദുഷ്കരമായിരുന്നു ആ പ്രസവ കേസ്‌. എങ്കിലും ആ യുവതിയേയും കുഞ്ഞിനെയും രക്ഷിക്കാനായതില്‍ സന്തുഷ്ടയായിരുന്നു ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ. ക്ഷീണത്തില്‍ നിന്ന് അല്‍പ്പം മോചനത്തിനായി ഒരു സിഗരറ്റ്‌ പുകച്ച്‌ കൊണ്ട്‌ അവള്‍ പുറത്തേക്ക്‌ നോക്കി നിന്നു.

"മൈ ഗോഡ്‌... ഈ യുദ്ധത്തിനൊരു അവസാനമില്ലെന്നുണ്ടോ..." ആത്മഗതമെന്നോണം അവള്‍ മന്ത്രിച്ചു.

തെയിംസ്‌ നദിയുടെ ഇരു കരകളിലും തീ ആളിക്കത്തുന്നുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ ഇപ്പോഴും വല്ലാത്തൊരു രൂക്ഷ ഗന്ധം നിറഞ്ഞ്‌ നില്‍ക്കുന്നു.

"ഓ, ഡോക്ടര്‍, നിങ്ങള്‍ ഇവിടെ നില്‍ക്കുകയായിരുന്നോ...? എവിടെയെല്ലാം അന്വേഷിച്ചു... നിങ്ങളെ കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു..."

കലഗന്റെ കൂടെ വന്ന ആ അമേരിക്കന്‍ ഓഫീസറെ അവള്‍ നോക്കി.

"മാഡം, ഐ ആം കേണല്‍ ബ്രിസിങ്ങ്‌ഹാം..." അവളെ സല്യൂട്ട്‌ ചെയ്തിട്ട്‌ അയാള്‍ പറഞ്ഞു.

അരണ്ട വെളിച്ചമുള്ള ആ മുറിയില്‍ അവരെ തനിച്ചാക്കി കലഗന്‍ പുറത്തേക്ക്‌ പോയി.

"വാട്ട്‌ ക്യാന്‍ ഐ ഡൂ ഫോര്‍ യൂ കേണല്‍...?" അവള്‍ ചോദിച്ചു.

"ജനറല്‍ ഐസന്‍ ഹോവര്‍ ഭവതിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു..." വളരെ ഭവ്യതയോടെ അയാള്‍ പറഞ്ഞു.

താന്‍ നില്‍ക്കുന്നയിടം തനിക്ക്‌ ചുറ്റും കറങ്ങുന്നതായി ജാനറ്റിന്‌ തോന്നി. ബോധക്ഷയം വന്ന പോലെ അവള്‍ കേണലിന്റെ ദേഹത്തേക്ക്‌ വീണു. നിലത്ത്‌ വീഴാതെ അദ്ദേഹം അവളെ താങ്ങിപ്പിടിച്ചു.

"ഏങ്ങ്‌ഹ്‌... എന്ത്‌ പറ്റി...?"

"ഓ, നത്തിംഗ്‌... പെട്ടെന്നൊരു തലചുറ്റല്‍... ഇന്ന് രാവിലെ ജോലിക്ക്‌ വന്നിട്ട്‌ ഇത്‌ വരെ ഒട്ടും വിശ്രമം കിട്ടിയിട്ടില്ല..." ഒരു ദീര്‍ഘശ്വാസമെടുത്തിട്ട്‌ അവള്‍ പറഞ്ഞു. "ആട്ടെ, ജനറല്‍ എവിടെ...?"

"ഇവിടെ തന്നെയുണ്ട്‌... കാറില്‍ ഇരിക്കുകയാണദ്ദേഹം. വരൂ... അധികം സമയമില്ല അദ്ദേഹത്തിന്‌. നാളെ രാവിലെ തന്നെ പാരീസിലേക്ക്‌ പോകാനുള്ളതാണ്‌..."

മെയിന്‍ ഗേറ്റിന്‌ സമീപം തന്നെയാണ്‌ അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്ക്‌ ചെയ്തിരുന്നത്‌. അതിന്‌ ചുറ്റും കിടക്കുന്ന ജീപ്പുകളേയും കാവല്‍ നില്‍ക്കുന്ന മിലിട്ടറി പോലീസിനെയും അവള്‍ ശ്രദ്ധിച്ചു. കേണല്‍ ബ്രിസിങ്ങ്‌ഹാം കാറിന്റെ ഡോര്‍ തുറന്നു.

"ജനറല്‍, ഇതാണ്‌ ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ..."

ജാനറ്റ്‌ ഒന്ന് സംശയിച്ച്‌ നിന്നു. എന്നിട്ട്‌ കാറിനുള്ളില്‍ കയറി. ബ്രിസിങ്ങ്‌ഹാം ഡോര്‍ അടച്ചു. ഡാഷ്‌ ബോര്‍ഡില്‍ നിന്നുള്ള അരണ്ട വെളിച്ചത്തില്‍ ജനറലിന്റെ അവ്യക്തമായ ഒരു രൂപമേ അവള്‍ക്ക്‌ കാണാനായുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ കോട്ടും ഹാറ്റും, പിന്നെ ആര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള മനോഹരമായ പുഞ്ചിരിയും അവള്‍ വ്യക്തമായി കണ്ടു.

"നിങ്ങളെ എനിക്ക്‌ നേരത്തേ തന്നെ അറിയാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..." ഐസന്‍ ഹോവര്‍ ചോദിച്ചു.

ആദ്യം ഒന്ന് പരുങ്ങിയിട്ട്‌ അവള്‍ സംശയഭാവത്തില്‍ ചോദിച്ചു... "അങ്കിള്‍ ക്യാരി...?"

"അതേ, അദ്ദേഹം തന്നെ... നിങ്ങളെക്കുറിച്ച്‌ എപ്പോഴും പറയുമായിരുന്നു ഞങ്ങളോട്‌. 1922ലോ 23ലോ ആണെന്ന് തോന്നുന്നു... ഞാനന്ന് മേജറാണ്‌. അദ്ദേഹം ലെഫ്റ്റനന്റ്‌ കമാന്ററും. ഓ, അദ്ദേഹത്തിന്റെ പിടിവാശി അല്‍പ്പം കടുപ്പം തന്നെ..."

"ഇന്നും അതില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല..." അവള്‍ പറഞ്ഞു.

"യൂ ആര്‍ റൈറ്റ്‌... അല്‍പ്പം പോലും..." അദ്ദേഹം തുടര്‍ന്നു. പ്രത്യേകിച്ച്‌ അന്ന് ആ നോര്‍വീജിയന്‍ കപ്പല്‍ മുങ്ങിയപ്പോള്‍. ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്‌ തന്നെ മഹാത്ഭുതം. ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നേര്‍വിപരീതമായിട്ടാണ്‌ അന്നദ്ദേഹം പ്രവര്‍ത്തിച്ചത്‌..."

"അതിന്റെ വിലയായി അദ്ദേഹത്തിന്‌ തന്റെ ഒരു കണ്ണും ഒരു കൈയും നല്‍കേണ്ടി വന്നു..."

"അതേ, എനിക്കറിയാം... പറയൂ, എന്തിനാണിപ്പോഴും അദ്ദേഹം ആ സ്കോട്ടിഷ്‌ ദ്വീപ്‌ ഫാഡായില്‍ തന്നെ താമസിക്കുന്നത്‌? എന്താണദ്ദേഹം അവിടെ ചെയ്യുന്നത്‌...?"

"അദ്ദേഹത്തിന്റെ അമ്മയുടെ കുടുംബം ആ ദ്വീപിലായിരുന്നു താമസിച്ചിരുന്നത്‌. ഒരു ബന്ധു വഴി അദ്ദേഹത്തിനവിടെ ഒരു വീട്‌ കിട്ടിയിട്ടുണ്ട്‌. എനിക്ക്‌ തോന്നുന്നത്‌, കുറച്ച്‌ കാലം ഫീല്‍ഡില്‍ നിന്ന് വിട്ട്‌ നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ്‌. എന്തായാലും അതിന്‌ പറ്റിയ സ്ഥലം തന്നെ..." അവള്‍ പറഞ്ഞു.

"അദ്ദേഹത്തിനെന്തെങ്കിലും പ്രത്യേക ഉദ്ദേശ്യം ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ...?"

"കാണുമായിരിക്കും..."

ജനറല്‍ തലയാട്ടി. "ഫീല്‍ഡിലേക്ക്‌ തിരിച്ച്‌ വരാനുള്ള തയ്യാറെടുപ്പിലാണദ്ദേഹമെന്ന് നിങ്ങള്‍ക്കറിയാമോ...?"

"ഇല്ലല്ലോ... പക്ഷേ അങ്ങനെയാണെങ്കില്‍ തന്നെ എനിക്കതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല..."

"എനിക്കുമില്ല... ഇത്രയൊക്കെ ആയിട്ടും അദ്ദേഹത്തിന്‌ തന്റെ സ്വഭാവം മാറ്റാന്‍ കഴിയുന്നില്ല. അദ്ദേഹത്തിനിനി ഫീല്‍ഡിലേക്കിറങ്ങാന്‍ കഴിയുമെന്നെനിക്ക്‌ തോന്നുന്നില്ല. ഒരു കണ്ണ്‌, ഒരു കൈ ... എല്ലാം നഷ്ടപ്പെട്ടു..."

"ജീവനൊഴിച്ച്‌..."

"അതൊക്കെ പോട്ടെ... നേവല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌ അവരുടെ തീരുമാനം മാറ്റാന്‍ സാധിക്കില്ല. അദ്ദേഹം റിട്ടയര്‍ ചെയ്ത്‌ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു."

"താങ്കളും...?"

അദ്ദേഹം ഒരു നെടുവീര്‍പ്പിട്ടു. "അദ്ദേഹം എനിക്കൊരു ലെറ്റര്‍ കൊടുത്തു വിട്ടിരിക്കുന്നു. ലീവിലുള്ള ഒരു ലെഫ്റ്റനന്റിന്റെ കൈവശം. ഞാനിന്ന് ലണ്ടനിലുണ്ടായത്‌ ഭാഗ്യം..."

"അദ്ദേഹം താങ്കളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നുവെന്നോ...? ക്യാരി റീവോ...? എങ്കില്‍ കാര്യമായ എന്തെങ്കിലും സംഗതി കാണുമല്ലോ..." അവള്‍ പുഞ്ചിരിച്ചു.

"അത്‌ തന്നെയാണെനിക്കും തോന്നിയത്‌. " ഐസന്‍ ഹോവര്‍ പറഞ്ഞു.

"എന്നിട്ട്‌... താങ്കള്‍ക്കെന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ അദ്ദേഹത്തിന്‌ വേണ്ടി...?"

"പാരീസില്‍ ഞാനൊരു ജോലി കണ്ടുവച്ചിട്ടുണ്ട്‌ അദ്ദേഹത്തിന്‌ വേണ്ടി... വിതരണ വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍..."

"ഓഫീസ്‌ ജോലിയാണോ..?" അവള്‍ തലയനക്കി. "അത്‌ അദ്ദേഹം സ്വീകരിക്കുമെന്ന് തോന്നുന്നില്ല..."

"പഴയ കാലമൊക്കെ കഴിഞ്ഞു പോയി ജാനറ്റ്‌... അദ്ദേഹത്തിന്‌ ഒരു ജോലി വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഒരെണ്ണമുണ്ട്‌. അതല്ലെങ്കില്‍ അദ്ദേഹത്തിന്‌ ഇതുപോലെയൊക്കെ തന്നെ ഇനിയുള്ള കാലം കഴിച്ച്‌ കൂട്ടാം. അതദ്ദേഹം മനസ്സിലാക്കിയാല്‍ നന്ന്‌..."

"പക്ഷേ, അതദ്ദേഹം മനസ്സിലാക്കില്ലല്ലോ..."

"നോക്കൂ ജാനറ്റ്‌, കുറച്ച്‌ ദിവസത്തെ ലീവ്‌ എടുത്ത്‌ നിങ്ങള്‍ക്ക്‌ അദ്ദേഹത്തെ ഒന്ന് കാണുവാന്‍ കഴിയുമോ...?" ഐസന്‍ ഹോവര്‍ ചോദിച്ചു.

അവള്‍ ഒന്ന് സംശയിച്ചു. "നോക്കട്ടെ... കഴിഞ്ഞ ആറ്‌ മാസങ്ങളായി ഒരു ദിവസത്തില്‍ കൂടുതല്‍ വാരാന്ത്യ അവധി കിട്ടാറില്ല..."

"യാത്രാ സൗകര്യങ്ങളൊക്കെ ഞങ്ങള്‍ തന്നെ ശരിയാക്കിത്തരും ... യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ ഞാനൊരു ലെറ്ററും തരാം. പക്ഷേ, നിങ്ങളുടെ മറുപടിയെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങളെല്ലാം..."

ഡോറില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ഐസന്‍ ഹോവര്‍ ഡോറിന്റെ ഗ്ലാസ്‌ താഴ്‌ത്തി. കേണല്‍ ബ്രിസിങ്ങ്‌ഹാം ഉള്ളിലേക്ക്‌ തലയിട്ട്‌ കൊണ്ട്‌ പറഞ്ഞു. "ആ ഫ്ലൈറ്റില്‍ തന്നെ പോകണമെങ്കില്‍ നമുക്ക്‌ ഇപ്പോള്‍ തന്നെ പുറപ്പെട്ടേ പറ്റൂ ജനറല്‍..."

ജനറല്‍ അക്ഷമയോടെ തല കുലുക്കി. എന്നിട്ട്‌ ഗ്ലാസ്‌ വീണ്ടും ഉയര്‍ത്തി. "ഒരു നിമിഷം പോലും അവരെന്നെ ഒറ്റയ്ക്ക്‌ വിടില്ല... നശിച്ച ഒരു യുദ്ധം... ജനറല്‍മാര്‍ക്ക്‌ പോലും വിശ്രമം കിട്ടുന്നില്ല..."

* * * * * * * * * * * * * * * * * * * * * * * *


(തുടരും)

Saturday, October 10, 2009

സ്റ്റോം വാണിംഗ്‌ - 16

ഫ്രാന്‍സിന്റെ വടക്ക്‌ പടിഞ്ഞാറുള്ള ബ്രെസ്റ്റ്‌ എന്ന തുറമുഖ നഗരം. പോള്‍ ഗെറിക്ക്‌ ആ കോര്‍ണറില്‍ എത്തിയപ്പോള്‍ തൊട്ടടുത്ത നദിയില്‍ നിന്ന് ആരൊക്കെയോ വെടിയുതിര്‍ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ദൂരെ ചക്രവാളത്തില്‍ യുദ്ധവിമാനങ്ങള്‍ ചീറിപ്പായുന്നു. കോരിച്ചൊരിയുന്ന മഴയിലും ആ നഗരം ആകെ കത്തിയെരിയുന്ന പ്രതീതി. നിര നിരയായി സ്ഥിതി ചെയ്തിരുന്ന കടകളില്‍ മിക്കതും കനത്ത ബോംബിങ്ങില്‍ തകര്‍ന്നിരിക്കുന്നു. പാതയോരങ്ങളില്‍ എങ്ങും ചിതറിക്കിടക്കുന്ന കല്ലുകളും ചില്ലുകളും. ആ കോര്‍ണറില്‍ യാതൊരു കേടുപാടുകളും ഏല്‍ക്കാതെ ഇപ്പോഴും നിലകൊള്ളുന്ന ഹോട്ടലിലാണ്‌ ജര്‍മ്മന്‍ നേവല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ പ്രവര്‍ത്തിക്കുന്നത്‌. ഗെറിക്ക്‌ ചവിട്ടുപടികള്‍ ഓടിക്കയറി, വാതില്‍ക്കല്‍ നിന്നിരുന്ന പാറാവുകാരനെ തന്റെ ഐഡന്റിറ്റി കാര്‍ഡ്‌ കാണിച്ച്‌ ഉള്ളിലേക്ക്‌ നടന്നു.

അഞ്ചടിയില്‍ കൂടുതല്‍ ഉയരമില്ലാത്ത ഗെറിക്കിന്റെ തലമുടി വളരെ ഭംഗിയായി ഒതുക്കി വച്ചിരുന്നു. കടല്‍ക്കാറ്റിന്റെ സ്പര്‍ശം ഏല്‍ക്കാത്തതെങ്കിലും അദ്ദേഹത്തിന്റെ മുഖം വിളറിയിരുന്നു. തിളക്കമില്ലാത്ത ഇരുണ്ട കണ്ണുകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും ഹാസ്യഭാവമുള്ള ഒരു പ്രത്യേക ആകര്‍ഷകത്വം തുളുമ്പുന്ന അലസമായ മന്ദഹാസം അദ്ദേഹത്തിന്റെ മുഖത്ത്‌ എപ്പോഴും കളിയാടിയിരുന്നു. വെള്ള നിറത്തിലുള്ള പീക്ക്‌ ക്യാപ്പ്‌ അദ്ദേഹത്തിന്റെ സര്‍വീസിലെ സീനിയോറിറ്റിയെ കാണിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ലെതര്‍ പാന്റ്‌സും ഷര്‍ട്ടും സീ ബൂട്ട്‌സും ഒട്ടും ആകര്‍ഷകമായിരുന്നില്ല. ആ മുറിയിലുണ്ടായിരുന്ന ചെറുപ്പക്കാരനായ ലെഫ്റ്റനറ്റ്‌ ആദ്യം കണ്ടത്‌ ഗെറിക്കിന്റെ യൂണിഫോമിലെ Knight's Cross with Oak Leaves ബാഡ്‌ജ്‌ ആണ്‌. പെട്ടെന്നയാള്‍ ചാടിയെഴുനേറ്റ്‌ സല്യൂട്ട്‌ ചെയ്തു.

"ഐ ആം കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌ ഫ്രം സബ്‌മറീന്‍ U-235. ഇവിടെ എത്തിയ ഉടന്‍ കൊമഡോര്‍ ഫ്രീമേലിന്റെ അടുത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു..." ഗെറിക്ക്‌ പറഞ്ഞു.


"അദ്ദേഹം താങ്കളെ കാത്തിരിക്കുകയാണ്‌ സര്‍. എന്റെ കൂടെ വരൂ..."

സ്പൈറല്‍ സ്റ്റെയര്‍കെയ്‌സ്‌ വഴി അവര്‍ മുകളിലേക്ക്‌ നടന്നു. അരയില്‍ പിസ്റ്റളുമായി ഒരു പാറാവുകാരന്‍ നിന്നിരുന്ന മുറിയുടെ വാതിലിന്‌ മുകളില്‍ ഉണ്ടായിരുന്ന ബോര്‍ഡില്‍ ജര്‍മ്മന്‍ ഭാഷയില്‍ ഇപ്രകാരം എഴുതിയിരുന്നു.

"Kapitan zur see Otto Friemel, Fuhrer der Unterseeboote West"

കതകില്‍ മുട്ടിയിട്ട്‌ ലെഫ്റ്റനന്റ്‌ ഉള്ളില്‍ കടന്നു. "സര്‍, ലെഫ്റ്റനന്റ്‌ കമാന്റര്‍ ഗെറിക്ക്‌ വന്നിരിക്കുന്നു..."

ഭാഗികമായി ഇരുട്ടിലായിരുന്ന ആ മുറിയില്‍ ആകെയുണ്ടായിരുന്ന വെളിച്ചം ഫ്രീമേലിന്റെ ഡെസ്കിലെ റീഡിംഗ്‌ ലാമ്പില്‍ നിന്നായിരുന്നു. ഫുള്‍ സ്ലീവ്‌ ഷര്‍ട്ട്‌ ധരിച്ച അദ്ദേഹം സ്റ്റീല്‍ ഫ്രെയിം കണ്ണടയിലൂടെ തന്റെ മുന്നിലുള്ള കടലാസ്സ്‌ കെട്ടുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആനക്കൊമ്പില്‍ തീര്‍ത്ത ഒരു പൈപ്പ്‌ ചുണ്ടിന്റെ ഇടത്‌ ഭാഗത്ത്‌ എരിയുന്നു.

മുഖമുയര്‍ത്തി, സന്തോഷത്തോടെ കൈകള്‍ വിടര്‍ത്തി അദ്ദേഹം ഡെസ്കിന്റെ ഇപ്പുറത്തേക്ക്‌ വന്നു.

"മൈ ഡിയര്‍ പോള്‍, ഗ്ലാഡ്‌ റ്റു സീ യൂ... വെസ്റ്റ്‌ ഇന്‍ഡീസ്‌ യാത്ര എങ്ങനെയുണ്ടായിരുന്നു...?"

"ഓ, കുറച്ചൊന്നുമല്ല ദൂരം..."

ഫ്രീമേല്‍ ഒരു ബോട്ട്‌ല്‍ ഷ്‌നാപ്സ്‌ എടുത്ത്‌ രണ്ട്‌ ഗ്ലാസുകളിലേക്ക്‌ പകര്‍ന്നു.

"കഴിക്കൂ... നാം ഇപ്പോള്‍ ക്യാമ്പിലല്ല... പിന്നെ, ഇവിടുത്തെ വിശേഷം എന്ന് പറഞ്ഞാല്‍... സ്ഥിതി വളരെ മോശമാണ്‌..."

"എന്ത്‌?... ഒറ്റ കപ്പല്‍ പോലും ഡോക്കില്‍ ഇല്ലെന്നോ?..." ഗെറിക്ക്‌ ആശ്ചര്യം കൊണ്ടു. "നമ്മള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണോ...?

"മൈ ഡിയര്‍ പോള്‍, ഒരു ഡോക്ക്‌ എന്ന് പറയാന്‍ ഇവിടെയിനി ഒന്നും ബാക്കിയില്ല. പകലാണ്‌ നിങ്ങള്‍ വന്നിരുന്നതെങ്കില്‍ കാണാമായിരുന്നു അവശേഷിക്കുന്ന സബ്‌മറീനുകളുടെ പരിതാപകരമായ അവസ്ഥ. സ്റ്റീല്‍ ബാറുകളിട്ട്‌ പണി തീര്‍ത്ത കോണ്‍ക്രീറ്റ്‌ പാലം ബ്രിട്ടിഷ്‌ എയര്‍ഫോഴ്‌സ്‌ തകര്‍ത്ത്‌ തരിപ്പണമാക്കിക്കളഞ്ഞു. എര്‍ത്ത്‌ ക്വേക്ക്‌ ബോംബ്‌ എന്നാണ്‌ അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്‌..." അദ്ദേഹം തന്റെ കണ്ണട ഉയര്‍ത്തി നെറ്റിയിലേക്ക്‌ വച്ചു. "നിങ്ങളുടെ ട്രിപ്പ്‌ വിജയകരമായിരുന്നുവെന്നാണല്ലോ ഞാന്‍ കേട്ടത്‌...?"

"ആഹ്‌... മോശമില്ലായിരുന്നു..."

"എന്ത്‌?... ഒരു കനേഡിയന്‍ എസ്കോര്‍ട്ട്‌ ഷിപ്പ്‌, ഒരു ടാങ്കര്‍ ഷിപ്പ്‌, മൂന്ന് ചരക്ക്‌ കപ്പലുകള്‍... എന്നിട്ട്‌ മോശമല്ലായിരുന്നുവെന്നോ... ഞാനായിരുന്നുവെങ്കില്‍ ഇതൊരു മഹാ സംഭവം തന്നെയാക്കിയേനെ. നിങ്ങള്‍ക്കറിയുമോ പോള്‍, ഈയിടെയായി കടലില്‍ പോകുന്ന നമ്മുടെ സബ്‌മറീനുകളില്‍ ഭൂരിഭാഗവും തിരിച്ചെത്താതായിരിക്കുന്നു..." നിരാശയോടെ ഫ്രീമേല്‍ തലയാട്ടി. "1944 എന്ന് പറയുന്നത്‌ ഇപ്പോള്‍ തന്നെ തീരും. ഇനിയുള്ള കാലമൊന്നും നമുക്ക്‌ നല്ലതായിരിക്കുമെന്ന് തോന്നുന്നില്ല പോള്‍. പൂര്‍ണ്ണ പരിശീലനം കിട്ടാത്ത കുട്ടികളെയാണിപ്പോള്‍ യുദ്ധമുഖത്തേക്ക്‌ വിടുന്നത്‌. അവശേഷിക്കുന്ന അപൂര്‍വ്വം സീനിയേഴ്‌സില്‍ ഒരാളാണ്‌ നിങ്ങള്‍..."

മേശപ്പുറത്ത്‌ കിടന്ന പാക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ്‌ എടുത്ത്‌ ഗെറിക്ക്‌ ചുണ്ടില്‍ വച്ചു. അത്ര നിലവാരമില്ലാത്ത ആ ഫ്രഞ്ച്‌ സിഗരറ്റിന്‌ തീ കൊളുത്തി ഒരു പുകയെടുത്തതും അദ്ദേഹം ചുമയ്ക്കുവാന്‍ തുടങ്ങി.

"മൈ ഗോഡ്‌, അപ്പോള്‍ കാര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണല്ലോ...!" ഗെറിക്ക്‌ ചിന്താധീനനായി.

"എത്രത്തോളം മോശം എന്നതിനെക്കുറിച്ച്‌ നിങ്ങള്‍ക്കിനിയും രൂപമില്ല പോള്‍..." ഫ്രീമേല്‍ പറഞ്ഞു. "ആഗസ്റ്റ്‌ 9 മുതല്‍ ബ്രെസ്റ്റ്‌ തുറമുഖം അമേരിക്കയുടെ എട്ടാം നാവിക സേന വളഞ്ഞിരിക്കുകയാണ്‌. ജനറല്‍ റെയിംകിന്റെയും സെക്കന്റ്‌ എയര്‍ബോണ്‍ ഡിവിഷന്റെയും പ്രതിരോധശക്തി ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഞങ്ങളിവിടെ ഇപ്പോഴും കഴിയുന്നത്‌. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല പോരാളികളാണ്‌ നമ്മുടെ സെക്കന്റ്‌ എയര്‍ബോണ്‍ ഡിവിഷനിലുള്ളത്‌. ഇപ്പോഴും നല്ല ശുഭാപ്തി വിശ്വാസത്തിലാണവര്‍. പക്ഷേ അധികം താമസിയാതെ അമേരിക്കക്കാര്‍ ഇവിടെ ഒരു തടവറ തുടങ്ങുമെന്നാണ്‌ തോന്നുന്നത്‌..."

"സബ്‌മറീനുകളുടെ സ്ഥിതിയെങ്ങനെ...?"

"ഒറ്റയെണ്ണം പോലുമില്ല പോള്‍... ഒമ്പതാം ഡിവിഷന്‍ എന്നത്‌ നാമാവശേഷമായി. U-256 ആണ്‌ ഏറ്റവും ഒടുവില്‍ നഷ്ടപ്പെട്ടത്‌... പതിനൊന്ന് ദിവസം മുന്‍പ്‌... നോര്‍വേയിലെ ബെര്‍ഗന്‍ തുറമുഖത്തെത്തുവാനാണ്‌ എല്ലാവരോടും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌..."

"എന്റെ കാര്യമെങ്ങനെ...? ഐറിഷ്‌ കടല്‍, നോര്‍ത്ത്‌ ചാനല്‍ വഴി നോര്‍വേയിലേക്കായിരിക്കും...?" ഗെറിക്ക്‌ ചോദിച്ചു.

"പോള്‍..., മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതാണ്‌ എല്ലാവര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍. ഇംഗ്ലിഷ്‌ ചാനല്‍ വഴി ബെര്‍ഗനിലേക്ക്‌. എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ മാത്രം ഹൈക്കമാന്റ്‌ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്‌..."

"എങ്ങോട്ടാണ്‌...?" ഗെറിക്ക്‌ അത്ഭുതം കൊണ്ടു.

"ചെറിയൊരു അസൈന്‍മന്റ്‌..." ഫ്രീമേല്‍ മേശപ്പുറത്ത്‌ കിടന്നിരുന്ന വിവിധ ചാര്‍ട്ടുകള്‍ തിരഞ്ഞു. അതില്‍ നിന്ന് ഒന്നെടുത്ത്‌ മേശമേല്‍ നിവര്‍ത്തി വച്ചു.

ഗെറിക്ക്‌ ആകാംക്ഷയോടെ എത്തി നോക്കി. "ഫാള്‍മൗത്തിലേക്ക്‌...?"

"അതേ... ഫാള്‍മൗത്തില്‍ താവളമടിച്ചിട്ടുള്ള ബ്രിട്ടിഷ്‌ നേവിയുടെ പതിനഞ്ചാം വിഭാഗം ഈ തീരത്ത്‌ കുറച്ചൊന്നുമല്ല നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്‌. അക്കാരണത്താല്‍ വാസ്തവത്തില്‍ നമ്മുടെ നാവിക വിഭാഗത്തിന്‌ അനങ്ങാന്‍ പോലും സാധിക്കുന്നില്ല..."

"അതിന്‌ ഞാന്‍ എന്ത്‌ ചെയ്യണമെന്നാണ്‌...?

"നിങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഇതാണ്‌... ഫാള്‍മൗത്തില്‍ ചെല്ലുക, തുറമുഖത്ത്‌ മൈന്‍ വിതറുക..."

"അവരെന്താ തമാശ പറയുകയാണോ...?"

"ഡോണിറ്റ്‌സിന്റെ നിര്‍ദ്ദേശമാണ്‌..." ടൈപ്പ്‌ ചെയ്ത ഓര്‍ഡര്‍ കാണിച്ച്‌ കൊണ്ട്‌ ഫ്രീമേല്‍ പറഞ്ഞു.

ഗെറിക്ക്‌ ഉച്ചത്തില്‍ ചിരിച്ചു. "ഉഗ്രന്‍ തീരുമാനം. കീലില്‍ ഇരുപത്തിനാല്‌ മണിക്കൂറും ഓഫീസിലിരിക്കുന്ന ആ മരത്തലയന്മാര്‍ക്ക്‌ പറയാന്‍ വേറെ വിഡ്ഢിത്തരമൊന്നും കിട്ടിയില്ലേ...? ഇത്‌ എത്ര മാത്രം പ്രായോഗികമാണെന്ന് താങ്കള്‍ക്കറിയുമോ? ഈ മൈനിംഗ്‌ കൊണ്ട്‌ മാത്രം നാം യുദ്ധത്തില്‍ വിജയിക്കുമെന്ന് തോന്നുണ്ടോ?..." ഗെറിക്ക്‌ നിഷേധാര്‍ത്ഥത്തില്‍ തലയക്കി. "ഇതിനൊക്കെ അവര്‍ യക്ഷിക്കഥകളില്‍ വിശ്വസിക്കണം. കേട്ടിട്ടില്ലേ ഒറ്റയടിക്ക്‌ ഏഴെണ്ണത്തിനെ കൊല്ലാമെന്ന് ഒരുവന്‍ വീമ്പടിച്ച കഥ? അവനുദ്ദേശിച്ചത്‌ അപ്പക്കഷണത്തിലിരിക്കുന്ന ഈച്ചകളെയായിരുന്നു. അതുപോലുണ്ടിത്‌..."

"എനിക്കറിയില്ല പോള്‍..." ഫ്രീമേല്‍ പറഞ്ഞു. "ചിലപ്പോള്‍ ഇതൊരു ദുരന്തമാകാം... തുറമുഖത്തിന്‌ ചുറ്റും ഒരു രക്ഷാവലയമായി അവര്‍ തന്നെ മൈന്‍ നിക്ഷേപിച്ചിട്ടുണ്ട്‌. ഇതാ ഇവിടെ, പെന്‍ഡെനിസ്‌ പോയിന്റിനും ബ്ലാക്ക്‌ റോക്കിനും ഇടയില്‍ ഒരു തടസമായിട്ട്‌ അവര്‍ ഒരു കപ്പല്‍ മുക്കിയിട്ടിട്ടുണ്ട്‌. ബ്ലാക്ക്‌ റോക്ക്‌ മുതല്‍ സെന്റ്‌ ആന്റണി ഹെഡ്‌ വരെ കടലിലിനടിയില്‍ ഒരു ഇരുമ്പ്‌ വേലിയും ഇട്ടിരിക്കുന്നു. ഇക്കാര്യം രഹസ്യമാണെന്നാണ്‌ വയ്പ്പ്‌. പക്ഷേ, ഫാള്‍മൗത്തില്‍ നമുക്കൊരു ഏജന്റ്‌ ഉള്ള കാര്യം അവര്‍ക്കറിയില്ലല്ലോ..."

"അദ്ദേഹം അവിടെ ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞ്‌ കാണുമല്ലേ...?"

"എല്ലാ സമയത്തും കപ്പലുകള്‍ ഉള്ളിലേക്കും പുറത്തേക്കും പോകുന്നുണ്ട്‌. ആ ഇരുമ്പ്‌ വേലി തുറക്കുമ്പോള്‍ എല്ലാത്തിന്റെയും കൂടെ ഉള്ളില്‍ കടക്കുക... ഇതാ, ഇവിടെ, ക്യാരിക്ക്‌ ചാനലിലും തുറമുഖത്തിന്റെ ഉള്‍ഭാഗത്തും മൈന്‍ നിക്ഷേപിക്കുക... പിന്നെ പുറത്ത്‌ കടക്കുക..."

"ഇല്ല... ഇത്‌ വിജയിക്കുമെന്ന് തോന്നുന്നില്ല ഫ്രീമേല്‍..." ഗെറിക്ക്‌ നിഷേധഭാവത്തില്‍ തലയനക്കി.

"എന്തുകൊണ്ട്‌...?"

"നമ്മള്‍ ഉള്ളില്‍ കടന്നുവെന്ന് തന്നെ വയ്ക്കുക... പക്ഷേ ഒരിക്കലും പുറത്ത്‌ കടക്കുവാന്‍ സാധിക്കില്ല..."

ഫ്രീമേല്‍ ഒരു ദീര്‍ഘശ്വാസമെടുത്തു. "നോക്കൂ പോള്‍... ഞാനും നിങ്ങള്‍ക്കൊപ്പം വരുന്നുണ്ട്‌. ഒരു അഡ്വഞ്ചര്‍ എന്ന നിലയില്‍ നമുക്ക്‌ ഇത്‌ ഏറ്റെടുത്തേ പറ്റൂ... കീലില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനാണ്‌ എനിക്ക്‌ കിട്ടിയ ഓര്‍ഡര്‍. ജര്‍മ്മനിയിലേക്കുള്ള കരഗതാഗതം മുഴുവന്‍ തടഞ്ഞിരിക്കുന്നതിനാല്‍ എനിക്കുള്ള ഏക മാര്‍ഗവും നിങ്ങളുടെ കൂടെ ബെര്‍ഗനിലേക്ക്‌ വരിക എന്നതാണ്‌..."

"അങ്ങനെ അവസാനം എല്ലാ വഴികളും നരകത്തിലേക്ക്‌ തന്നെ..."

"ആട്ടെ, ഇങ്ങോട്ടുള്ള യാത്ര എങ്ങനെയിരുന്നു...?" ഫ്രീമേല്‍ ഒരു സിഗരറ്റിന്‌ വീണ്ടും തീ കൊളുത്തി.

"ബിസ്കേയില്‍ വച്ച്‌ ഞങ്ങളുടെ നേര്‍ക്ക്‌ ബോംബാക്രമണമുണ്ടായി. കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒരു കമ്പ്ലീറ്റ്‌ ഓവര്‍ഹോളിംഗ്‌ ആവശ്യമുണ്ട്‌. ഇനി യാത്ര ചെയ്യണമെങ്കില്‍ ബെയറിങ്ങുകള്‍ മാറ്റണം..."

"ഓവര്‍ഹോളിംഗ്‌ നടക്കുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക്‌ ഞാന്‍ അഞ്ച്‌ ദിവസത്തെ സമയം തരാം. പത്തൊമ്പതാം തീയതി നമുക്ക്‌ പോയേ തീരൂ. കൂടി വന്നാല്‍ ഒരാഴ്ച കൂടി സമയം തരാമെന്നാണ്‌ ജനറല്‍ റെയിംക്‌ പറഞ്ഞത്‌. അതില്‍ കൂടുതല്‍ കിട്ടില്ല..."

വാതില്‍ തുറന്ന് ചെറുപ്പക്കാരനായ ലെഫ്റ്റനന്റ്‌ പ്രവേശിച്ചു.

"കീലില്‍ നിന്നുള്ള ഒരു സന്ദേശം... ടോപ്‌ അര്‍ജന്റ്‌ എന്ന് എഴുതിയിരിക്കുന്നു സര്‍..."

ഫ്രീമേല്‍ ആ പേപ്പര്‍ വാങ്ങിയിട്ട്‌ തന്റെ കണ്ണട ശരിയാക്കി. അതില്‍ കണ്ണോടിച്ചതോടെ അദ്ദേഹത്തിന്റെ മുഖത്ത്‌ മന്ദഹാസം വിരിഞ്ഞു.

"ക്യാന്‍ യു ബിലീവ്‌ ദിസ്‌ പോള്‍...? ബ്രെസ്റ്റ്‌ ഏരിയയിലെ എല്ലാ നാവിക വിഭാഗങ്ങളുടെയും നേതൃത്വം വഹിക്കുന്ന റിയര്‍ അഡ്‌മിറല്‍ ഇന്‍ കമാന്റ്‌ ആയി എനിക്ക്‌ പ്രൊമോഷന്‍ ലഭിച്ചിരിക്കുന്നു..."

ലെഫ്റ്റനന്റ്‌ വേറൊരു പേപ്പറും കൂടി അദ്ദേഹത്തിന്‌ നേരെ നീട്ടി. അത്‌ വായിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ മുഖം വിവര്‍ണ്ണമായി. ആ സന്ദേശം അദ്ദേഹം ഗെറിക്കിന്‌ കൈമാറി. അതില്‍ എഴുതിയിരുന്നത്‌ ഇപ്രകാരമായിരുന്നു... "നമ്മുടെ ഒരിഞ്ച്‌ മണ്ണ്‌ പോലും ശത്രുക്കളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ വേണ്ടിവന്നാല്‍ ജീവത്യാഗം വരെ ചെയ്യാന്‍ താങ്കളും സഹപ്രവര്‍ത്തകരും തയ്യാറാണെന്ന ഉറച്ച വിശ്വാസത്തോടെ, താങ്കളുടെ ജോലിക്കയറ്റത്തില്‍ എന്റെ അഭിനന്ദനങ്ങള്‍ - അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍."

ഗെറിക്ക്‌ അത്‌ തിരികെ കൊടുത്തു. "കണ്‍ഗ്രാജുലേഷന്‍സ്‌ ഹേര്‍ കോണ്ടര്‍ അഡ്‌മിറല്‍..." അദ്ദേഹം ആചാര മര്യാദ പ്രകാരം പറഞ്ഞു.

യാതൊരു വികാരാധിക്യവും കൂടാതെ ഫ്രീമേല്‍ ലെഫ്റ്റനന്റിന്‌ നേരെ തിരിഞ്ഞു. "മറുപടി സന്ദേശം ബെര്‍ലിനിലേക്ക്‌ അയച്ചേക്കൂ... അവസാനം വരെ പോരാടുന്നതായിരിക്കും... ഞങ്ങളുടെ നായകന്‍ നീണാള്‍ വാഴട്ടെ... ഇത്രയും മതി."

ലെഫ്റ്റനന്റ്‌ പുറത്തേക്ക്‌ പോയി. ഫ്രീമേല്‍ ഗെറിക്കിന്‌ നേരെ തിരിഞ്ഞു. "എന്താ... പോരേ...?"

"ഇതേ സന്ദേശം തന്നെയല്ലേ ബിസ്‌മാര്‍ക്ക്‌ എന്ന കപ്പല്‍ മുങ്ങുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ ക്യാപ്റ്റന്‍ ലുട്ജന്‍ അവസാനമായി അയച്ചതും...?"

"അത്‌ തന്നെ..." ഫ്രീമേല്‍ പറഞ്ഞു.

"എന്താ, കുറച്ച്‌ കൂടി കഴിക്കുന്നോ സ്നേഹിതാ...?" ബോട്ട്‌ല്‍ എടുത്തിട്ട്‌ ഫ്രീമേല്‍ നെടുവീര്‍പ്പിട്ടു. "കഷ്ടം... നമ്മുടെ കൈവശമുള്ള ഷ്‌നാപ്സിന്റെ അവസാന തുള്ളിയും കഴിഞ്ഞിരിക്കുന്നു !..."


* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)