പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, June 30, 2009

സ്റ്റോം വാണിംഗ്‌ - 5

"നിങ്ങളുടെ മക്കളുടെ ഫോട്ടോയാണോ?..."

"അതേ ... മൂന്ന് വര്‍ഷം മുമ്പ്‌ എടുത്തതാണ്‌. ഇടത്‌ വശത്തിരിക്കുന്നത്‌ ഹെയ്‌ദി. ഇപ്പോള്‍ പത്ത്‌ വയസ്സ്‌. പിന്നെ ഈവ .. എട്ട്‌ വയസ്സ്‌. ചെറിയ മകള്‍ എല്‍സെ. അവള്‍ക്ക്‌ ഈ ഒക്ടോബറില്‍ ആറ്‌ തികയും..."

"അവരുടെ അമ്മയോ?..."

"മൂന്ന് മാസം മുമ്പായിരുന്നുവത്‌... ഹാംബര്‍ഗിലുണ്ടായ ഒരു ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു..."

സിസ്റ്റര്‍ ആഞ്ചല കുരിശ്‌ വരച്ചു. "എന്നിട്ട്‌ കുട്ടികള്‍ക്കെന്ത്‌ സംഭവിച്ചു?..."

"എന്റെ അമ്മയുടെ കൂടെയാണവരിപ്പോള്‍..."

"ദൈവത്തിന്‌ നന്ദി പറയാം..."

"ങ്‌ഹും ... നന്ദി... " ബെര്‍ഗറുടെ മുഖം വിളറി. "ജര്‍മ്മനി തോറ്റുകൊണ്ടിരിക്കുകയാണ്‌ സിസ്റ്റര്‍! ഇനി ഏതാനും മാസങ്ങള്‍ മാത്രം. പിന്നത്തെ കാര്യം ഒന്നാലോചിച്ച്‌ നോക്കൂ... എന്റെ അമ്മയ്ക്കാണെങ്കില്‍ വയസ്സായി. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍?... " അദ്ദേഹത്തിന്റെ ശരീരമാകെ ഒരു വിറയല്‍ അനുഭവപ്പെടുന്നത്‌ പോലെ തോന്നി. അദ്ദേഹം പതുക്കെ പിറകോട്ട്‌ ചാരിയിരുന്നു. "എനിക്ക്‌ എങ്ങനെയും അവരുടെയടുത്ത്‌ എത്തണം. അവിടെയാണ്‌ എന്റെ ആവശ്യം ഇപ്പോഴുള്ളത്‌. അല്ലാതെ ഈ നശിച്ച യുദ്ധത്തിനിടയില്‍ ലോകത്തിന്റെ ഇങ്ങേയറ്റത്തല്ല..."

"അപ്പോള്‍ അതിന്‌ വേണ്ടി നിങ്ങള്‍ എന്തും ചെയ്യും?..."

അദ്ദേഹം അവരെ ദയനീയമായി നോക്കി. " ഇരുപത്‌ വര്‍ഷമായി പുറംകടല്‍ കണ്ടിട്ടില്ലാത്ത ഈ പഴഞ്ചന്‍ പായ്‌ക്കപ്പലില്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും നാവികസേനകള്‍ സംഹാരതാണ്ഡവമാടുന്ന അറ്റ്‌ലാന്റിക്കിലൂടെ അയ്യായിരം മൈലുകള്‍... ലക്ഷ്യം കാണുമെന്ന് യാതൊരു ഉറപ്പുമില്ലാത്തൊരു യാത്ര..."

സിസ്റ്റര്‍ ആഞ്ചലയുടെ മുഖത്ത്‌ അപ്പോഴും ശുഭാപ്തി വിശ്വാസം കാണാമായിരുന്നു. "പക്ഷേ, നിങ്ങളുടെ കൂടെ മുഖ്യനാവികന്‍ ഹെല്‍മട്ട്‌ റിക്ടര്‍ ഉണ്ടല്ലോ... പിന്നെന്തിന്‌ ഭയക്കണം?..."

"ശരിയാണ്‌. അസാമാന്യ വൈദഗ്‌ധ്യമാണ്‌ പായ്‌ക്കപ്പലുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന്‌. ഞാനിത്‌ വരെ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല ജോലിക്കാരന്‍..."

അല്‍പ്പനേരത്തെ നിശ്ശബ്ദത ആഞ്ചല ഭഞ്ജിച്ചു. "ഈ അസാദ്ധ്യമെന്ന് പറയുന്ന യാത്രയില്‍ വേറെയും ഇരുപത്‌ പേര്‍ കൂടിയുണ്ടെന്നാണല്ലോ പ്രേയ്‌ഗര്‍ പറഞ്ഞത്‌..."

ബെര്‍ഗര്‍ ആശ്ചര്യത്തോടെ അവരെ നോക്കി. "വിളിക്കുകയാണെങ്കില്‍ ഈ യാത്രക്കായി ഏകദേശം എഴുപത്‌ പേരെങ്കിലും റിയോയില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്‌. ഒരു നറുക്കെടുപ്പിലൂടെയാണ്‌ രണ്ടാഴ്ച മുമ്പ്‌ റിയോയില്‍ വച്ച്‌ പത്ത്‌ പേരെ ഈ യാത്രക്ക്‌ തെരഞ്ഞെടുത്തത്‌. എല്ലാവര്‍ക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്‌. നാട്ടിലെത്തുക എന്നതാണ്‌ എല്ലാവരുടെയും ലക്ഷ്യം. നിങ്ങള്‍ പറഞ്ഞത്‌ പോലെ, അതിനായി അവര്‍ എന്തും തന്നെ ചെയ്യും..."

"അതില്‍ നിന്ന് ഞങ്ങളും വ്യത്യസ്തരാണോ ക്യാപ്റ്റന്‍? നിങ്ങളെപ്പോലെ തന്നെ ഞങ്ങള്‍ക്കും ബന്ധങ്ങളുണ്ട്‌. മാത്രമല്ല, ഈ സമയത്ത്‌ ഞങ്ങളെ ആവശ്യമുള്ളത്‌ അവിടെയാണ്‌..."

ബെര്‍ഗര്‍ അവരെ തുറിച്ച്‌ നോക്കിക്കൊണ്ട്‌ ഒരു നിമിഷം നിന്നു. പിന്നെ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഇല്ല സിസ്റ്റര്‍, എന്ത്‌ തന്നെ പറഞ്ഞാലും ശരി, നിങ്ങള്‍ വൈകിപ്പോയി. ഈ യാത്രയിലെ ഏറ്റവും പ്രധാന ഘടകമായി നിങ്ങള്‍ക്ക്‌ വേണ്ടത്‌ സ്വീഡിഷ്‌ പാസ്‌പോര്‍ട്ടാണ്‌. പ്രേയ്‌ഗറാണ്‌ ഞങ്ങള്‍ക്കത്‌ ശരിയാക്കി തന്നത്‌..."

സിസ്റ്റര്‍ എഴുനേറ്റ്‌ ക്യാബിന്റെ വാതില്‍ തുറന്നു. എന്നിട്ട്‌ പതുക്കെ വിളിച്ചു... "ഹേര്‍ പ്രേയ്‌ഗര്‍..."

ചാറ്റല്‍ മഴയില്‍ നിന്ന് പ്രേയ്‌ഗര്‍ ക്യാബിനുള്ളിലേക്ക്‌ കടന്നു. "യെസ്‌ സിസ്റ്റര്‍..."

"എന്റെ പേപ്പേഴ്‌സ്‌... അതിങ്ങു തരൂ..."

പ്രേയ്‌ഗര്‍ തന്റെ ബ്രീഫ്‌കേയ്‌സ്‌ തുറന്നു. അല്‍പ്പം തിരഞ്ഞിട്ട്‌ ഒരു പാസ്‌പോര്‍ട്ടെടുത്ത്‌ ബെര്‍ഗറുടെ മേശപ്പുറത്തിട്ടു.

"ഇത്‌ സ്വീഡിഷ്‌ പാസ്‌പോര്‍ട്ടാണല്ലോ... " അത്ഭുതത്തോടെ ബെര്‍ഗര്‍ അതെടുത്ത്‌ തുറന്നപ്പോള്‍ വരവേറ്റത്‌ സിസ്റ്റര്‍ ആഞ്ചലയുടെ പുഞ്ചിരിക്കുന്ന മുഖമാണ്‌. വിശ്വസിക്കാനാകാതെ അദ്ദേഹം തലയുയര്‍ത്തി അവരുടെ മുഖത്തേക്ക്‌ നോക്കി. "ഒരു നിമിഷം ഒന്ന് പുറത്ത്‌ പോകാമോ?... പ്രേയ്‌ഗറോട്‌ എനിക്കല്‍പ്പം സംസാരിക്കാനുണ്ട്‌..."

അവര്‍ ഒന്ന് സംശയിച്ച്‌ പ്രേയ്‌ഗറെ നോക്കി. പിന്നെ പുറത്തേക്ക്‌ നടന്നു.

പ്രേയ്‌ഗര്‍ പറഞ്ഞു... "ബെര്‍ഗര്‍, ഞാന്‍ കാര്യങ്ങള്‍ വിശദമാക്കാം..."

ബെര്‍ഗര്‍ ആ പാസ്‌പോര്‍ട്ട്‌ എടുത്തു. "ഇരുപത്തിനാല്‌ മണിക്കൂര്‍ കൊണ്ട്‌ ഇത്‌ ശരിയാക്കാന്‍ സാധിക്കില്ല എന്നെനിക്കറിയാം. അതായത്‌ നിങ്ങള്‍ക്കിത്‌ നേരത്തെ അറിയാമായിരുന്നു എന്നര്‍ത്ഥം. എന്ത്‌ കൊണ്ടിത്‌ നിങ്ങള്‍ എന്നോട്‌ നേരത്തെ പറഞ്ഞില്ല?..."

പ്രേയ്‌ഗര്‍ ചിരിച്ചു. "നിങ്ങള്‍ സമ്മതിക്കില്ല എന്ന് ഉറപ്പുള്ളത്‌ കൊണ്ട്‌ തന്നെ..."

"അതിനാല്‍ എനിക്ക്‌ പറ്റില്ല എന്ന് പറയാന്‍ സാധിക്കാത്ത വിധത്തില്‍ ഈ അവസാന നിമിഷത്തേക്ക്‌ ഇക്കാര്യം മാറ്റി വച്ചുവല്ലേ? പക്ഷേ നിങ്ങള്‍ക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു പ്രേയ്‌ഗര്‍... ഈ കന്യാസ്ത്രീകള്‍ ജോലി ചെയ്തിരുന്ന മിഷന്‍ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തുന്നത്‌ അവര്‍ ശ്രദ്ധിക്കില്ലേ?.. "

"മിഷന്റെ പ്രവര്‍ത്തനം അവര്‍ കഴിഞ്ഞ മാസം തന്നെ നിര്‍ത്തിയിരിക്കുന്നു... അത്‌ കൊണ്ട്‌ അതോര്‍ത്ത്‌ തലപുകയ്‌ക്കേണ്ട..."

"ഇവര്‍ നഴ്‌സുമാരായിട്ടാണല്ലേ ഇവിടെ ജോലിയെടുത്തിരുന്നത്‌?..."

"നോക്കൂ ബെര്‍ഗര്‍, അവരും നമ്മെപ്പോലെ ജര്‍മന്‍കാരാണ്‌. താങ്കള്‍ അത്‌ മനസ്സിലാക്കണം..."

ഒരു നീണ്ട നിശ്ശബ്ദത നിറഞ്ഞു. ബെര്‍ഗര്‍ ആ സ്വീഡിഷ്‌ പാസ്‌പോര്‍ട്ടെടുത്ത്‌ ഒന്ന് കൂടി പരിശോധിച്ചു. "എന്തോ... ഇവര്‍ ഒരു പ്രശ്നക്കാരിയായി എനിക്ക്‌ തോന്നുന്നു..."

"നോണ്‍സെന്‍സ്‌... പണ്ട്‌ മുതലേ അവരുടെ കുടുംബത്തെ എനിക്കറിയാം. അതിപുരാതന പ്രഷ്യന്‍ കുടുംബാഗം. അവരുടെ പിതാവ്‌ ഒരു ഇന്‍ഫന്‍ട്രി ജനറലായിരുന്നു. 1918ല്‍ ആഞ്ചല ഒരു നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു..."

ബെര്‍ഗര്‍ അത്ഭുതംകൊണ്ടു. " പിന്നെയെങ്ങനെ അവര്‍ കന്യാസ്ത്രീയായി? എന്താണ്‌ സംഭവിച്ചത്‌?... വല്ല അപവാദങ്ങളും?..."

"അല്ലേയല്ല ... അവള്‍ക്ക്‌ ഒരു കാമുകനുണ്ടായിരുന്നു. ഒരു പൈലറ്റ്‌..."

"ഓ, മനസ്സിലായി ... വിമാനാപകടം... അതോടെ അവര്‍ക്ക്‌ ഈ ജീവിതത്തോട്‌ തന്നെ വിരക്തിയായി..."

"നിങ്ങള്‍ക്ക്‌ തെറ്റി ബെര്‍ഗര്‍... ഞാന്‍ കേട്ടത്‌ ഇങ്ങനെയാണ്‌. അയാള്‍ കൊല്ലപ്പെട്ടുവെന്ന് മറ്റുള്ളവരെക്കൊണ്ട്‌ പ്രചരിപ്പിച്ചു. ആ ആഘാതത്തില്‍ നിന്ന് ഒരു വിധം കരകയറുമ്പോഴാണ്‌ അവള്‍ ആ നടുക്കുന്ന കാഴ്ച കണ്ടത്‌... വിരല്‍ത്തുമ്പില്‍ മറ്റൊരുത്തിയുമായി ലിന്റണ്‍ തെരുവിലൂടെ നടന്ന് പോകുന്ന തന്റെ പ്രിയനെ..."

ബെര്‍ഗര്‍ രണ്ട്‌ കൈകളുമുയര്‍ത്തി. "മതി മതി ... ഞാന്‍ തോറ്റിരിക്കുന്നു... അവരെ വിളിക്കൂ..."

പ്രേയ്‌ഗര്‍ പെട്ടെന്നെഴുനേറ്റ്‌ വാതില്‍ തുറന്ന് പുറത്തിറങ്ങി. സിസ്റ്റര്‍ ആഞ്ചല റിക്ടറുമായി സംസാരിച്ച്‌ കൊണ്ട്‌ നില്‍ക്കുകയായിരുന്നു. അദ്ദേഹം അവരെ ക്യാബിനിലേക്ക്‌ വിളിച്ചു.

"നിങ്ങള്‍ വിജയിച്ചിരിക്കുന്നു സിസ്റ്റര്‍..." ബെര്‍ഗര്‍ പറഞ്ഞു. "നിങ്ങളുടെ സുഹൃത്തുക്കളെ കൂടി തുറമുഖത്ത്‌ നിന്ന് ഇങ്ങോട്ട്‌ എത്തിക്കുവാന്‍ റിക്ടറോട്‌ പറയൂ... വെളുപ്പിന്‌ രണ്ട്‌ മണിക്ക്‌ മുമ്പ്‌ എത്തിയിരിക്കണം. ഇല്ലെങ്കില്‍ നിങ്ങളെക്കൂടാതെ ഞങ്ങള്‍ക്ക്‌ പോകേണ്ടി വരും..."

"ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ക്യാപ്റ്റന്‍..."

"പിന്നെ.. അങ്ങേര്‍ക്ക്‌ എന്റെ കാര്യം നോക്കലല്ലേ പണി..." അവര്‍ വാതിലനടുത്തേക്ക്‌ നടന്നപ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഒരു കാര്യം ... നിങ്ങളെല്ലാവരും ഇവിടെ എത്തിയതിന്‌ ശേഷം മാത്രം എന്റെ സംഘത്തിലുള്ളവര്‍ ഇക്കാര്യം അറിഞ്ഞാല്‍ മതി..."

"അതെന്താ ക്യാപ്റ്റന്‍, ഞങ്ങളുടെ സാന്നിദ്ധ്യം അവര്‍ക്ക്‌ അരോചകമാണോ?...

"എന്താ സംശയം? ... കപ്പല്‍ ജോലിക്കാര്‍ പൊതുവേ അന്ധവിശ്വാസികളാണ്‌. വെള്ളിയാഴ്ച യാത്ര തുടങ്ങുന്നതേ അശുഭം. ഒരു വൈദികന്‍ കൂടി കപ്പലിലുണ്ടെങ്കില്‍ അതിലേറെ അശുഭം. ഇവിടെ ഒന്നിന്‌ പകരം ഏഴ്‌! ... നിങ്ങള്‍ ഏഴ്‌ കന്യാസ്ത്രീകള്‍ കാരണം ഈ ലോകത്തുള്ള സകല ദൗര്‍ഭാഗ്യങ്ങളും ഈ യാത്രയില്‍ ഒപ്പമുണ്ടാകും..."

"ഏഴല്ല ക്യാപ്റ്റന്‍, വെറും അഞ്ച്‌ പേര്‍ മാത്രം..." അവര്‍ പുറത്തേക്ക്‌ നടന്നു.

ബെര്‍ഗര്‍ ആശ്ചര്യത്തോടെ പ്രേയ്‌ഗറുടെ നേരെ തിരിഞ്ഞു. "നിങ്ങള്‍ പിന്നെ ഏഴ്‌ പേര്‍ എന്ന് പറഞ്ഞത്‌?..."

"അതേ... അങ്ങനെ തന്നെയാണ്‌ ഞാന്‍ പറഞ്ഞത്‌..." തന്റെ ബ്രീഫ്‌കെയ്‌സില്‍ നിന്ന് രണ്ട്‌ പാസ്‌പോര്‍ട്ടുകള്‍ കൂടി എടുത്ത്‌ അദ്ദേഹം മേശപ്പുറത്ത്‌ വച്ചു. "ഒന്ന് ജെര്‍ട്രൂഡിന്റെ ... പിന്നൊന്ന് എന്റെയും...നിങ്ങള്‍ ആവശ്യപ്പെട്ട വയര്‍ലെസ്‌ സെറ്റില്ലേ? അതുമായി ആ കന്യാസ്ത്രീകളുടെ കൂട്ടത്തില്‍ അവളും കരയില്‍ കാത്ത്‌ നില്‍ക്കുന്നുണ്ട്‌..."

ബെര്‍ഗര്‍ വിശ്വസിക്കാനാവാതെ അദ്ദേഹത്തെ നോക്കി. "നിങ്ങളും ഭാര്യയും ഞങ്ങളോടൊപ്പം...? ബെര്‍ലിനിലുള്ള നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ അറിഞ്ഞാല്‍ എന്ത്‌ പറയും?..."

"അതിന്‌ നമ്മള്‍ അവിടെയെത്തുന്നതിന്‌ മുന്‍പ്‌ തന്നെ ആ റഷ്യക്കാര്‍ അവിടെയെത്തിയിരിക്കും. പിന്നെ എന്ത്‌ പ്രശ്നം?..." പ്രേയ്‌ഗര്‍ പുഞ്ചിരി തൂകി. "നോക്കൂ ബെര്‍ഗര്‍, ഞങ്ങള്‍ക്കും നാട്ടിലെത്തണം"...

(തുടരും)

Tuesday, June 23, 2009

സ്റ്റോം വാണിംഗ്‌ - 4

ബെര്‍ഗര്‍ പൊട്ടിച്ചിരിച്ചു. "നിങ്ങളെന്താ, തമാശ പറയുകയാണോ?..."

"തമാശയല്ല ബെര്‍ഗര്‍, ഞാന്‍ കാര്യമായിത്തന്നെ പറയുകയാണ്‌. നിങ്ങളവരെ ഇതിന്‌ മുമ്പ്‌ കൊണ്ടുപോയിട്ടുമുണ്ട്‌..."

"ഉണ്ടായിരിക്കാം... പക്ഷേ, ഈ നശിച്ച... " ബെര്‍ഗറുടെ സ്വരത്തില്‍ ദ്വേഷ്യം നിറഞ്ഞിരുന്നു. " ഇപ്പോള്‍ തന്നെ ഞാന്‍ എട്ട്‌ പേരുടെ കാര്യം ഏറ്റിട്ടുണ്ട്‌. സലൂണിന്റെ ഇരുവശങ്ങളിലുമായി ഈരണ്ട്‌ കാബിനുകള്‍ വീതമാണുള്ളത്‌. ഓരോന്നിലും രണ്ട്‌ ബങ്കുകളും. ഞാനടക്കം പരമാധി പത്ത്‌ പേര്‍ക്കുള്ള സൗകര്യമേയുള്ളൂ ഈ കപ്പലില്‍. ഇരുപത്തിരണ്ട്‌ യാത്രികര്‍ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കൂഹിക്കാവുന്നതല്ലേയുള്ളൂ കാര്യങ്ങള്‍?.. ഇനിയും ഏഴ്‌ പേരും കൂടി ആയാല്‍ എവിടെ പോയി കിടക്കും അവര്‍? നടക്കാത്ത കാര്യമാണത്‌..."

പ്രേയ്‌ഗര്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലായിരുന്നു. "പക്ഷേ, ഈ യാത്രയില്‍ ലോഡ്‌ ഒന്നുമില്ലല്ലോ. അടിത്തട്ടില്‍ ഇഷ്ടം പോലെയല്ലേ സ്ഥലമുള്ളത്‌? അത്‌ കൊണ്ട്‌ യാത്രികരുടെ എണ്ണം കൂടുന്നത്‌ ഒരു പ്രശ്നമേയാവില്ല..."

"ആരാണീ യാത്രക്കാര്‍ ?..." ബെര്‍ഗര്‍ അസ്വസ്ഥതയോടെ നോക്കി.

"നോക്കൂ ബെര്‍ഗര്‍, നിങ്ങളെയും എന്നെയും പോലെ തന്നെ കുറച്ച്‌ ജര്‍മ്മന്‍കാര്‍. സ്വന്തം നാട്ടിലേക്കെത്തിച്ചേരുവാന്‍ വെമ്പുന്നവര്‍..." ഒരു ദീര്‍ഘനിശ്വാസം എടുത്തിട്ട്‌ പ്രേയ്ഗര്‍ തുടര്‍ന്നു. "കുറച്ച്‌ കന്യാസ്ത്രീകള്‍... നെഗ്രോയിലെ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മെഴ്‌സി മിഷനിലെ അംഗങ്ങള്‍. എന്റെ ലിസ്റ്റില്‍ പെട്ട മറ്റെല്ലാവരെയുമെന്ന പോലെ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അവരെയും ഞാന്‍ മുടങ്ങാതെ സന്ദര്‍ശിച്ചിരുന്നു."

വിശ്വസിക്കാനാകാതെ ബെര്‍ഗര്‍ അദ്ദേഹത്തെ തുറിച്ച്‌ നോക്കി. "ശരിക്കും പറയൂ പ്രേയ്‌ഗര്‍, നിങ്ങള്‍ക്കെന്താ തലക്ക്‌ വട്ടുണ്ടോ? അതോ ഇനി എനിക്കാണോ?..."

മറുപടിയൊന്നും പറയാതെ പ്രേയ്‌ഗര്‍ എഴുനേറ്റ്‌ വാതില്‍ തുറന്നു. സിഗരറ്റ്‌ വലിച്ചുകൊണ്ട്‌ അവിടെ നിന്നിരുന്ന റിക്ടറുടെ നേരെ ആംഗ്യം കാണിച്ചു. റിക്ടര്‍ സലൂണിലേക്ക്‌ പോയി.

"എന്താണവിടെ?..." ബെര്‍ഗര്‍ ചോദിച്ചു.

"അവരില്‍ ഒരാളെ ഞാനിങ്ങോട്ട്‌ കൊണ്ടുവന്നിട്ടുണ്ട്‌. മറ്റുള്ളവര്‍ കരയില്‍ കാത്ത്‌ നില്‍ക്കുന്നു. ചുരുങ്ങിയത്‌ അവര്‍ക്കെന്താണ്‌ പറയാനുള്ളതെന്നെങ്കിലും ശ്രദ്ധിക്കൂ..."

"നിങ്ങള്‍ക്ക്‌ പറഞ്ഞാല്‍ മനസ്സിലാവില്ലേ പ്രേയ്‌ഗര്‍? വെറുതെ സമയം കളയരുത്‌..." ബെര്‍ഗര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലപ്പുറമായിരുന്നു അത്‌.

കതകില്‍ മുട്ടുന്നത്‌ കേട്ട്‌ പ്രേയ്‌ഗര്‍ വാതില്‍ തുറന്നു. സിസ്റ്റര്‍ ആഞ്ചല ഉള്ളിലേക്ക്‌ കടന്നു.

"സിസ്റ്റര്‍, ഇത്‌ ഈ കപ്പലിന്റെ ക്യാപ്റ്റന്‍ എറിക്ക്‌ ബെര്‍ഗര്‍... എറിക്ക്‌, ഇതാണ്‌ ഞാന്‍ പറഞ്ഞ സിസ്റ്റര്‍ ആഞ്ചല..."

"ഗുഡ്‌ ഈവനിംഗ്‌ ക്യാപ്റ്റന്‍..." സ്വതസിദ്ധമായ ശാന്തതയോടെ അവര്‍ മൊഴിഞ്ഞു.

ബെര്‍ഗര്‍ ആശ്ചര്യത്തോടെ അവരെ നോക്കി. പിന്നീട്‌ എഴുനേറ്റ്‌ വാതില്‍ ചാരിയിട്ട്‌ പ്രേയ്‌ഗറുടെ കൈ പിടിച്ച്‌ പുറത്ത്‌ മഴയത്തേക്ക്‌ നടന്നു.

"ഇതെന്തൊരു കഷ്ടമാണ്‌... ഞാനെന്താണിപ്പോള്‍ അവരോട്‌ പറയേണ്ടത്‌?..." ബെര്‍ഗര്‍ തീര്‍ത്തും അസ്വസ്ഥനായിരുന്നു.

"നോക്കൂ ബെര്‍ഗര്‍, നിങ്ങളാണ്‌ കപ്പലിന്റെ ക്യാപ്റ്റന്‍. തീരുമാനമെടുക്കേണ്ടത്‌ നിങ്ങളല്ലാതെ മറ്റാരുമല്ല. നിങ്ങളങ്ങോട്ട്‌ ചെല്ലൂ, ഞാനിവിടെ കാത്ത്‌ നില്‍ക്കാം..."

പ്രേയ്‌ഗര്‍ കപ്പലിന്റെ ഇടത്‌ വശത്തെ പായ്‌ക്കയറിന്‌ സമീപത്തേക്ക്‌ നീങ്ങി. ആരെയോ ശപിച്ച്‌, ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ ബെര്‍ഗര്‍ തന്റെ മുറിയിലേക്ക്‌ നടന്നു.

ഒരു ഗ്ലാസ്‌ ഷീറ്റിനടിയില്‍ വച്ചിരിക്കുന്ന ക്രോണോമീറ്റര്‍ വീക്ഷിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു സിസ്റ്റര്‍ ആഞ്ചല. അവര്‍ തലയുയര്‍ത്തി നോക്കി. "നല്ല ഭംഗി... ഇതെന്താണ്‌ ക്യാപ്റ്റന്‍?"'"

"അത്‌ ഞങ്ങള്‍ നാവികര്‍ക്ക്‌ ആവശ്യമുള്ള ഒരുപകരണമാണ്‌. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ ദിശ നോക്കി ഇതിന്റെ സഹായത്തോടെ സമുദ്രത്തില്‍ കപ്പലിന്റെ സ്ഥാനം നിര്‍ണയിക്കാന്‍ സാധിക്കും..."

അവര്‍ ഡെസ്കിനടുത്തേക്ക്‌ തിരിഞ്ഞു. "ഇതെന്താ ... ഒരു ബ്രിട്ടിഷ്‌ ചാര്‍ട്ട്‌ ആണല്ലോ. അതെന്താ അങ്ങനെ?..."

"കിട്ടാവുന്നതില്‍ ഏറ്റവും നല്ലത്‌ അതാണെന്നത്‌ തന്നെ... " നിസ്സഹായനായി ബെര്‍ഗര്‍ പറഞ്ഞു.

"അത്‌ ശരി..." പിന്നീട്‌ അതേ ശാന്തതയാര്‍ന്ന സ്വരത്തില്‍ അവര്‍ ചോദിച്ചു. "നിങ്ങളോടൊപ്പം ഞങ്ങളെക്കൂടി കൊണ്ടുപോകുകയല്ലേ?..."

"നോക്കൂ സിസ്റ്റര്‍..." താന്‍ വല്ലാത്തൊരു കുടുക്കിലാണ്‌ പെട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന്‌ മനസ്സിലായി. "ഇരിക്കൂ, ഞാന്‍ വിശദമാക്കാം..."

അദ്ദേഹം മറ്റൊരു ചാര്‍ട്ട്‌ എടുത്ത്‌ മുന്നോട്ട്‌ നീക്കിവച്ചു. "ഇതാ, ഇവിടെ... ഇതാണ്‌ ആമസോണ്‍ അഴിമുഖം. ഇതാണ്‌ ജര്‍മ്മനിയിലേക്കുള്ള സമുദ്ര പാത." അദ്ദേഹം ചാര്‍ട്ടില്‍ അസോഴ്‌സ്‌ ദ്വീപുകളുടെയും വെസ്റ്റ്‌ അയര്‍ലണ്ടിന്റെയും സമീപത്ത്‌ കൂടി വരച്ച്‌ കാണിച്ചു. "ഇനി നാം ഇത്രയും ദൂരം താണ്ടി അവിടെ എത്തി എന്ന് തന്നെ വിചാരിക്കുക. വലിയ അപകടങ്ങളെയാണ്‌ അഭിമുഖീകരിക്കാനുള്ളത്‌ അവിടെ. സ്‌കോട്ട്‌ലണ്ടിനടുത്തുള്ള ഹെബ്രിഡ്‌സിന്‌ സമീപത്ത്‌ കൂടിയാണ്‌ കടന്ന് പോകേണ്ടത്‌. പായ്‌ക്കപ്പലുകളുടെ ശ്മശാനം എന്നണ്‌ ആ പ്രദേശം അറിയപ്പെടുന്നത്‌. പ്രക്ഷുബ്‌ധമായ കാലാവസ്ഥക്ക്‌ പേരുകേട്ട സ്ഥലം. ആറേഴ്‌ ദിവസം വേണ്ടി വരും അവിടം കടന്ന് കിട്ടാന്‍. അതില്‍ വിജയിച്ചാല്‍ നാം ഓര്‍ക്‍നീ പാസ്സേജില്‍ എത്തും. അതില്‍ക്കൂടി നോര്‍വ്വേയിലേക്ക്‌... പിന്നീട്‌ കാറ്റഗാട്ട്‌ വഴി നമ്മുടെ കീല്‍ തുറമുഖത്ത്‌... വെറും അയ്യായിരം മൈല്‍ ... അത്രയേയുള്ളൂ..." കളിയാക്കുന്ന മട്ടില്‍ അദ്ദേഹം പറഞ്ഞു.

"അവിടെയെത്താന്‍ നമ്മള്‍ എത്ര കാലമെടുക്കും?..."

ബെര്‍ഗര്‍ അസ്വസ്ഥനാകുന്നത്‌ പോലെ തോന്നി. "നോക്കൂ സിസ്റ്റര്‍, അത്‌ പ്രവചിക്കാന്‍ കഴിയില്ല. നാല്‍പ്പത്‌... ചിലപ്പോള്‍ അമ്പത്‌. കാലാവസ്ഥയെ ആശ്രയിച്ചിരിക്കും എല്ലാം..."

"ശരിയാണ്‌ താങ്കള്‍ പറയുന്നത്‌. പ്രത്യേകിച്ചും യുദ്ധം നടക്കുന്ന ഈ അവസ്ഥയില്‍..."

"പറയൂ സിസ്റ്റര്‍, ബ്രസീലിലേക്കുള്ള നിങ്ങളുടെ യാത്ര എങ്ങനെയായിരുന്നു?... "

"ഒരു യാത്രക്കപ്പലില്‍... ബ്രെമന്‍ എന്നായിരുന്നു അതിന്റെ പേര്‌. യുദ്ധം തുടങ്ങുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ഞാനിവിടെ എത്തിയത്‌..."

"ബ്രെമന്‍ ... അറിയാം... ഒന്നാംതരം യാത്രക്കപ്പല്‍. എല്ലാ സൗകര്യങ്ങളുമുള്ള മുറികള്‍. ചൂട്‌ വെള്ളവും തണുത്ത വെള്ളവും ലഭിക്കുന്ന ടാപ്പുകള്‍. ഒന്നാം തരം ഹോട്ടലിനെ വെല്ലുന്ന ഭക്ഷണം. വിളിപ്പുറത്ത്‌ പരിചാരകര്‍... ശരിയല്ലേ സിസ്റ്റര്‍?..."

"താങ്കള്‍ എത്ര കൃത്യമായി പറയുന്നു ക്യാപ്റ്റന്‍!..."

ബെര്‍ഗര്‍ തുടര്‍ന്നു. " ഈ കപ്പലില്‍ സ്ഥിതി തികച്ചും വ്യത്യസ്തമായിരിക്കും. രുചികരമല്ലാത്ത ഭക്ഷണം. ഇടുങ്ങിയ മുറികള്‍. ടോയ്‌ലറ്റിന്റെ കാര്യം പറയാതിരിക്കുന്നതാണ്‌ നല്ലത്‌. ദിവസവും നമ്മള്‍ തന്നെ കാലിയാക്കി വൃത്തിയാക്കണം. ഉപയോഗങ്ങള്‍ക്ക്‌ കടല്‍ വെള്ളമേ ഉണ്ടാകൂ. പിന്നെ കടല്‍ക്കാറ്റ്‌... അത്‌ നിങ്ങള്‍ കണ്ടിട്ടില്ല... കാലാവസ്ഥ മോശമാണെങ്കില്‍ നനയാത്ത ഒരിടം പോലും കപ്പലില്‍ കാണാന്‍ കിട്ടില്ല. ഒന്നാലോചിച്ച്‌ നോക്കൂ, പുറത്ത്‌ കൊടുങ്കാറ്റ്‌ ചീറിയടിക്കുമ്പോള്‍ നനഞ്ഞ ബ്ലാങ്കറ്റും പുതച്ച്‌ ഉറങ്ങാന്‍ കിടക്കുന്നത്‌..." അദ്ദേഹം ചാര്‍ട്ട്‌ ചുരുട്ടിക്കൊണ്ട്‌ ദൃഢസ്വരത്തില്‍ പറഞ്ഞു. "അയാം വെരി സോറി... ഈ സംഭാഷണം ദീര്‍ഘിപ്പിക്കുന്നതില്‍ യാതൊരു അര്‍ത്ഥവും ഞാന്‍ കാണുന്നില്ല..."

സിസ്റ്റര്‍ ആഞ്ചല ചിന്താധീനയായി. എന്നിട്ട്‌ തുടര്‍ന്നു. "പറയൂ ക്യാപ്റ്റന്‍, ഒരു ജര്‍മ്മന്‍ നേവല്‍ ഓഫീസര്‍ എങ്ങനെയാണ്‌ ഈ ബ്രസീലിയന്‍ ചരക്ക്‌ കപ്പലിന്റെ ക്യാപ്റ്റനായത്‌?..."

"എസ്സെന്‍ എന്ന ജര്‍മ്മന്‍ സബ്‌മറീനിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. ജോര്‍ജ്‌ ഗ്രാന്റ്‌ എന്ന് പേര്‌ മാറ്റി ഒരു അമേരിക്കന്‍ കപ്പല്‍ ആയി വേഷപ്രച്ഛന്നരായിട്ടാണ്‌ ഞങ്ങള്‍ ഓടിയിരുന്നത്‌. പക്ഷേ ഞങ്ങളുടെ സൂത്രങ്ങളൊന്നും അധികകാലം നീണ്ടില്ല. സൗത്ത്‌ അറ്റ്‌ലാന്റിക്കില്‍ വച്ച്‌ ഒരു ബ്രിട്ടിഷ്‌ സബ്‌മറീന്‍ ഞങ്ങളേ ടോര്‍പ്പിഡോ ഉപയോഗിച്ച്‌ തകര്‍ത്തു. ഇപ്പോള്‍ നമ്മള്‍ ചെയ്യാന്‍ പോകുന്നതും മറ്റൊരു പ്രച്ഛന്നവേഷം തന്നെ. ഡോയ്‌ഷ്‌ലാന്റിനെ ഒരു സ്വീഡിഷ്‌ കപ്പല്‍ ആയി വേഷം മാറ്റിയാണ്‌ ഈ യാത്രക്ക്‌ തുനിയുന്നത്‌...."

"ശരി... എന്നിട്ട്‌ എങ്ങനെയാണ്‌ നിങ്ങള്‍ ബ്രസീലില്‍ എത്തിപ്പെട്ടത്‌?..."

"ഒരു പോര്‍ച്ചുഗീസ്‌ കാര്‍ഗോ ബോട്ട്‌ ഞങ്ങളെ രക്ഷപെടുത്തി. റിയോയിലെത്തിയപ്പോള്‍ അവര്‍ ഞങ്ങളെ ബ്രസീലിയന്‍ അധികാരികള്‍ക്ക്‌ കൈമാറി. രക്ഷപെടാന്‍ ശ്രമിക്കില്ലെന്ന ഒരേയൊരു വ്യവസ്ഥയില്‍ മറ്റൊരു ജോലിക്ക്‌ ശ്രമിക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചു. ഈ കപ്പലിന്റെ ഉടമസ്ഥരായ മേയര്‍ സഹോദരന്മാര്‍ തീരദേശ വ്യാപാരികളായിരുന്നു. ബ്രസീലിയന്‍ പൗരന്മാരാണെങ്കിലും ജര്‍മ്മന്‍ വംശജരാണവര്‍. ഞങ്ങളില്‍ അധികം പേരെയും അവര്‍ സഹായിച്ചു. അന്ന് മുതല്‍ ഞങ്ങള്‍ റിയോയില്‍ നിന്ന് ബെലേമിലേക്കും തിരിച്ച്‌ അങ്ങോട്ടും ഗതാഗതം തുടങ്ങി."

"എന്നിട്ടിപ്പോള്‍ നന്ദി കാണിക്കുന്നത്‌ അവരുടെ കപ്പല്‍ തട്ടിയെടുത്തു കൊണ്ട്‌?..."

"ശരിയാണ്‌. പക്ഷേ, കാര്യങ്ങള്‍ എല്ലാം അറിയുമ്പോള്‍ അവര്‍ ക്ഷമിക്കുമെന്ന് കരുതുന്നു. ഇതല്ലാതെ ഞങ്ങള്‍ക്ക്‌ വേറെ വഴിയില്ലല്ലോ..."

"ഇത്രയും സൗകര്യങ്ങള്‍ അവര്‍ ചെയ്ത്‌ തന്നിട്ടും ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തുവാനുള്ള കാരണം?..."

"യുദ്ധത്തില്‍ ബ്രസീല്‍ സജീവമായിരിക്കുന്നു ഇപ്പോള്‍. കഴിഞ്ഞ മാസം അവര്‍ ഇറ്റലിയിലേക്ക്‌ സൈന്യത്തെ അയച്ചു. ഇനിയും ഇവിടെ തങ്ങുന്നത്‌ ബുദ്ധിയല്ല എന്നാണെനിക്ക്‌ തോന്നുന്നത്‌."

"അത്ര മാത്രം? ... വേറൊരു കാരണവുമില്ല?..." ആഞ്ചല അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ സൂക്ഷിച്ച്‌ നോക്കി.

"വേറെന്ത്‌ കാരണം?..." ബെര്‍ഗറുടെ സ്വരത്തില്‍ നിരാശ കലര്‍ന്നിരുന്നു.

സിസ്റ്റര്‍ മറുപടിയൊന്നും പറഞ്ഞില്ല.

ബെര്‍ഗര്‍ ഒന്നിളകിയിരുന്നിട്ട്‌ മേശയുടെ വലിപ്പ്‌ തുറന്ന് ഒരു കവര്‍ എടുത്തു. എന്നിട്ട്‌ അതില്‍ ഭദ്രമായി വച്ചിരുന്ന ഒരു ഫോട്ടോ അവര്‍ക്ക്‌ നേരെ നീട്ടി. ഉപ്പുവെള്ളത്തിന്റെ നനവേറ്റ്‌ നിറം മങ്ങിയിരുന്നുവെങ്കിലും മൂന്ന് ചെറിയ പെണ്‍കുട്ടികളുടെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ അതില്‍ വ്യക്തമായി കാണാമായിരുന്നു.

(തുടരും...)

Wednesday, June 17, 2009

സ്റ്റോം വാണിംഗ്‌ - 3

നങ്കൂരമിട്ടിരിക്കുന്നതിന്റെ അടയാളമായി ഡോയ്‌ഷ്‌ലാന്റിന്റെ പായ്‌ക്കയറില്‍ ഒരു വിളക്ക്‌ കത്തിക്കിടന്നിരുന്നു. സമുദ്രയാത്രയില്‍ പൊതുവായിട്ടുള്ള നിയമമാണത്‌.

റിക്ടര്‍ ഓടിക്കുന്ന ആ ബോട്ടില്‍ നിന്ന് അവര്‍ക്ക്‌ ആദ്യം കാണാനായത്‌ ഈ വിളക്കാണ്‌. കാണെക്കാണെ ആ വിളക്കും പാമരവും തങ്ങളോട്‌ അടുത്തുകൊണ്ടിരിക്കുന്നത്‌ അവര്‍ വീക്ഷിച്ചു.

ശ്രദ്ധാപൂര്‍വ്വം കോണി വഴി കപ്പലിലേക്ക്‌ കയറുമ്പോള്‍ പ്രേയ്‌ഗര്‍ മുകളിലേക്ക്‌ നോക്കി. മൂന്ന് പാമരങ്ങളുള്ള കപ്പല്‍. 1881 ല്‍ ക്ലൈഡില്‍ വച്ച്‌ ഹാമിഷ്‌ കാംബെല്‍ കമ്പനി നിര്‍മിച്ചതാണ്‌ ഈ നൗക.

ഇക്കാലമത്രയും ചരക്ക്‌ ഗതാഗതമാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ നടത്തിക്കൊണ്ടിരുന്നത്‌. ന്യൂകാസിലില്‍ നിന്ന് കല്‍ക്കരിയുമായി വാള്‍പറൈസോവിലേക്ക്‌... വെടിയുപ്പുമായി ചിലിയില്‍ നിന്ന് അമേരിക്കയിലേക്ക്‌... മര ഉരുപ്പടികളുമായി ആസ്ത്രേലിയയിലേക്ക്‌... പരുത്തിയുമായി ബ്രിട്ടനിലേക്ക്‌... അങ്ങനെ പോകുന്നു അതിന്റെ ചരിത്രം. എന്നാല്‍ പില്‍ക്കാലത്ത്‌ എന്‍ജിനുള്ള കപ്പലുകള്‍ ഇറങ്ങിയതോടെ ഡോയ്‌ഷ്‌ലാന്റിന്റെ രാജയോഗം കഴിഞ്ഞു. മൂന്ന് പ്രാവശ്യം ഉടമകള്‍ മാറി. ജര്‍മ്മന്‍ വംശജരായ മേയര്‍ സഹോദരന്മാരാണ്‌ ഇപ്പോഴത്തെ ഉടമസ്ഥര്‍. അവര്‍ കൊടുത്ത പേരാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ എന്നത്‌. തീരക്കടലിലൂടെയുള്ള ചരക്ക്‌ ഗതാഗതത്തിന്‌ മാത്രമേ ഇപ്പോള്‍ ഈ കപ്പല്‍ ഉപയോഗിക്കുന്നുള്ളൂ. അങ്ങേയറ്റം പോയാല്‍ റിയോയില്‍ നിന്ന് ബെലേമിലേക്കും ആമസോണ്‍ അഴിമുഖത്തേക്കും തിരിച്ച്‌ റിയോയിലേക്കും. അത്ര മാത്രം.

പ്രേയ്‌ഗര്‍ ഡെക്കില്‍ കയറിയിട്ട്‌ സിസ്റ്റര്‍ ആഞ്ചലയെ കയറുവാന്‍ സഹായിച്ചു. റിക്ടറും തൊട്ട്‌ പിന്നില്‍ തന്നെയുണ്ട്‌. കപ്പലിലേക്ക്‌ ഒരു കന്യാസ്ത്രീ കയറിവരുന്നത്‌ കണ്ട്‌ പാമരത്തിന്‌ സമീപമുണ്ടായിരുന്ന ജോലിക്കാര്‍ അത്ഭുതം കൊണ്ടു.

"ഇക്കാര്യത്തെക്കുറിച്ച്‌ ക്യാപ്റ്റന്‍ ബെര്‍ഗറോട്‌ ഞാന്‍ തന്നെ സംസാരിക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നുന്നു..." പ്രേയ്‌ഗര്‍ പറഞ്ഞു.

"നിങ്ങളുടെ ഇഷ്ടം പോലെ ഹേര്‍ പ്രേയ്‌ഗര്‍..." സിസ്റ്റര്‍ ആഞ്ചല സൗമ്യയായി പറഞ്ഞു.

അദ്ദേഹം റിക്ടറുടെ നേരെ തിരിഞ്ഞു. "സിസ്റ്ററെ താഴെ സലൂണില്‍ കൊണ്ട്‌ വിട്ടിട്ട്‌ ക്യാപ്റ്റന്‍ ബെര്‍ഗറുടെ അടുത്തേക്ക്‌ വരൂ..."

റിക്ടറും സിസ്റ്റര്‍ ആഞ്ചലയും ഇടനാഴിയിലൂടെ താഴോട്ടിറങ്ങി. പ്രേയ്‌ഗര്‍ ക്വാര്‍ട്ടര്‍ ഡെക്കിന്‌ നേരെ നടന്നു. ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ വാതിലില്‍ പതുക്കെ മുട്ടി ഉള്ളില്‍ കടന്നു.

അത്രയൊന്നും സൗകര്യമില്ലാത്ത ഒരു ചെറിയ മുറി. ഒരു ചെറിയ ബങ്ക്‌, മൂന്ന് ഷെല്‍ഫുകള്‍, ഒരു ഡെസ്ക്‌ എന്നിവയായിരുന്നു അവിടുത്തെ ആകെയുള്ള ഫര്‍ണിച്ചറുകള്‍. ഡെസ്കില്‍ നിവര്‍ത്തിയിട്ട ഒരു ചാര്‍ട്ടില്‍ നോക്കി എന്തോ കണക്ക്‌ കൂട്ടുകയായിരുന്നു ക്യാപ്റ്റന്‍ എറിക്‌ ബെര്‍ഗര്‍.

തലയുയര്‍ത്തി ആശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. "നിങ്ങളെ കാണാന്‍ വൈകിയപ്പോള്‍ ഞാന്‍ വിഷമിച്ചു..."

48 വയസ്സുള്ള ബെര്‍ഗര്‍ സാമാന്യം ഉയരമുള്ള ആരോഗ്യവാനാണ്‌. സ്ഥിരമായ കടല്‍ യാത്രയുടെ ഫലമായി അദ്ദേഹത്തിന്റെ താടിയും മുടിയും നരച്ച്‌ തുടങ്ങിയിരിക്കുന്നു.

"അയാം സോറി... " പ്രേയ്‌ഗര്‍ പറഞ്ഞു. "ഞങ്ങളുടെ വിമാനം ലെയ്റ്റ്‌ ആയി. ശക്തമായ കാറ്റ്‌ മൂലം കാലാവസ്ഥ ശരിയാകുന്നത്‌ വരെ കരോളിനയില്‍ തങ്ങേണ്ടി വന്നു, നാല്‌ മണിക്കൂര്‍..."

ചന്ദനത്തടിയാല്‍ നിര്‍മ്മിച്ച ഒരു ചെറിയ പെട്ടിയില്‍ നിന്ന് ബെര്‍ഗര്‍ ഒരു സിഗരറ്റ്‌ എടുത്ത്‌ നീട്ടി.

"യുദ്ധത്തിന്റെ ലേറ്റസ്റ്റ്‌ ന്യൂസ്‌ എന്താണ്‌?..."

"അത്ര നല്ല വാര്‍ത്തകളല്ല... " എതിരെയുള്ള കസേരയില്‍ ഇരുന്ന് കൊണ്ട്‌ പ്രേയ്‌ഗര്‍ സിഗരറ്റിന്‌ തീ കൊളുത്തി.

"ഈ മാസം 15 ന്‌ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സൈന്യങ്ങള്‍ മെഡിറ്ററേനിയന്‍ തീരത്ത്‌ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ടാങ്കുകള്‍ പാരീസിലും...

"ബെര്‍ഗര്‍ നിരാശയോടെ ചൂളം വിളിച്ചു. "അടുത്ത സ്റ്റോപ്പ്‌ റൈന്‍ ആയിരിക്കും?..."

"ഒരു പക്ഷെ..."

"അവിടുന്ന് പിന്നെ ജര്‍മ്മനിയും..." അദ്ദേഹം എഴുനേറ്റ്‌ ഷെല്‍ഫ്‌ തുറന്ന് ഒരു കുപ്പി റമ്മും രണ്ട്‌ ഗ്ലാസ്സുകളും എടുത്ത്‌ തുടര്‍ന്നു. "റഷ്യയുടെ കാര്യം എങ്ങനെ?..."

"അവരുടെ ചെമ്പട ഇപ്പോള്‍ കിഴക്കന്‍ പ്രഷ്യയുടെ അതിര്‍ത്തിയിലാണ്‌..."ബെര്‍ഗര്‍ രണ്ട്‌ ഗ്ലാസുകളിലും റം പകര്‍ന്ന്, ഒരെണ്ണം പ്രേയ്‌ഗറുടെ മുന്നിലേക്ക്‌ നീക്കി വച്ചു. "നിങ്ങള്‍ക്ക്‌ അറിയാമല്ലോ പ്രേയ്‌ഗര്‍, നെപ്പോളിയന്‌ ശേഷം നമ്മള്‍ ജര്‍മ്മന്‍കാര്‍ നമ്മുടെ മണ്ണ്‌ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല..."

"വരുന്ന ഒന്ന് രണ്ട്‌ വര്‍ഷത്തേക്ക്‌ ബ്രസീല്‍ തന്നെയായിരിക്കും നമുക്ക്‌ സുരക്ഷിതം..." പ്രേയ്‌ഗര്‍ പറഞ്ഞു. "നാട്ടിലേക്ക്‌ പോകാന്‍ പറ്റിയ അവസരമല്ല ഇത്‌..."

"ഒരു പക്ഷേ ഇതായിരിക്കാം ഒരേയൊരു അവസരം... അവസാനത്തെയും..." ബെര്‍ഗര്‍ പറഞ്ഞു.

"ആട്ടെ, പേപ്പറുകളെല്ലാം ശരിയായോ?..."

പ്രേയ്‌ഗര്‍ തന്റെ ബ്രീഫ്‌ കെയ്‌സ്‌ ഡെസ്കില്‍ വച്ചു. "യാത്രക്കാവശ്യമുള്ളതെല്ലാം ശരിയായിട്ടുണ്ട്‌. ഈ പദ്ധതിയുടെ തുടക്കത്തില്‍ നമ്മള്‍ പറഞ്ഞ ആ പായ്‌ക്കപ്പല്‍ ... ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍... അതിനെക്കുറിച്ച്‌ ഞാന്‍ വീണ്ടും അന്വേഷിച്ചു. അതിപ്പോഴും ഗോഥന്‍ബര്‍ഗ്‌ തുറമുഖത്ത്‌ തന്നെ കിടക്കുകയണ്‌. യുദ്ധം തുടങ്ങിയതിന്‌ ശേഷം ഇന്ന് വരെ അത്‌ കടലില്‍ പോയിട്ടില്ല..."

"വെരി ഗുഡ്‌..." ബെര്‍ഗര്‍ പറഞ്ഞു. അപ്പോള്‍ നമ്മുടെ യാത്ര സുഗമമായി തുടങ്ങാം..."

"താങ്കള്‍ അപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ തന്നെയാണോ?..."

ഷെല്‍ഫ്‌ തുറന്ന് ബെര്‍ഗര്‍ ഒരു ലൈഫ്‌ ജാക്കറ്റ്‌ എടുത്ത്‌ ഡെസ്കിന്റെ പുറത്തിട്ടു. 'ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍ - ഗോഥന്‍ബര്‍ഗ്‌' എന്ന് അതില്‍ ആലേഖനം ചെയ്തിരിക്കുന്നു.

"പിന്നെ ഇതും..." ഒരു സ്വീഡിഷ്‌ പതാക കാണിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു. "ഈ യാത്രയിലെ ഏറ്റവും പ്രധാന ഘടകമാണിത്‌..." അദ്ദേഹം പുഞ്ചിരിച്ചു. " അവസാനം എല്ലാം ശരിയായിരിക്കുന്നു. ഇനി നമ്മള്‍ ഔദ്യോഗികമായി പേരും മാറ്റുന്നു..."

"ലോഗ്‌ ബുക്കിന്റെ കാര്യം എന്ത്‌ ചെയ്യും?..."

"ഒരു കൃത്രിമ ലോഗ്‌ ബുക്ക്‌ ഞാന്‍ എഴുതിയുണ്ടാക്കിയിട്ടുണ്ട്‌. ശത്രു പക്ഷത്തുള്ളവരെങ്ങാനും പരിശോധനക്കെത്തിയാല്‍ ഉപകരിക്കും. ഡോയ്‌ഷ്‌ലാന്റിന്റെ യഥാര്‍ത്ഥ ലോഗ്‌ ബുക്ക്‌ രഹസ്യമായി ഞാന്‍ സൂക്ഷിക്കും. അല്ലാതെ വേറെ മാര്‍ഗ്ഗമില്ലല്ലോ..." ലൈഫ്‌ ജാക്കറ്റും പതാകയും അദ്ദേഹം ഷെല്‍ഫില്‍ തിരികെ വച്ചു. "സ്നേഹിതാ, കഴിഞ്ഞ ഒന്ന് രണ്ട്‌ മാസങ്ങളായുള്ള താങ്കളുടെ അശ്രാന്ത പരിശ്രമമാണ്‌ ഈ പദ്ധതിയുമായി നമ്മളെ ഇത്രത്തോളം എത്തിച്ചത്‌..."

"എനിക്ക്‌ ഒരു കാര്യം കൂടി പറയാനുണ്ട്‌ എറിക്‌..." പ്രേയ്‌ഗര്‍ ഗൗരവം കൊണ്ടു.

"എന്താണത്‌?..."

പ്രേയ്‌ഗര്‍ അല്‍പ്പം സംശയിച്ചിട്ട്‌ പറഞ്ഞു. "ഏഴ്‌ യാത്രക്കാര്‍ കൂടി..."

(തുടരും...)

Wednesday, June 10, 2009

സ്റ്റോം വാണിംഗ്‌ - 2

"ഇതാര്‌... ക്യാപ്റ്റന്‍ മെന്‍ഡോസയോ... നിങ്ങള്‍ക്ക്‌ ഉറക്കമൊന്നുമില്ലേ?..." പുഞ്ചിരിയോടെ പ്രേയ്‌ഗര്‍ ചോദിച്ചു.

"ഈ സ്ഥിതിയില്‍ എങ്ങനെ ഉറങ്ങാനാണ്‌?..."

"വല്ലപ്പോഴുമൊക്കെ ഉറങ്ങണം മെന്‍ഡോസാ..." പ്രേയ്‌ഗര്‍ അര്‍ത്ഥഗര്‍ഭമായി പറഞ്ഞു. "യുദ്ധം തുടങ്ങിയതിന്‌ ശേഷം ഇവിടെ ഞങ്ങള്‍ ജര്‍മ്മന്‍ പൗരന്മാരുടെ അവസ്ഥ കുറച്ച്‌ വിഷമത്തിലാണ്‌. നിങ്ങളുടെ ഗവണ്മന്റ്‌ ഞങ്ങള്‍ക്ക്‌ മേല്‍ കര്‍ശന നിരീക്ഷണമാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഞങ്ങളുടെ സകല നീക്കങ്ങളേക്കുറിച്ചും അവര്‍ പ്രതിമാസ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌..."

"അത്‌ തയ്യാറാക്കാനാണോ താങ്കള്‍ ക്യാപ്റ്റന്‍ ബെര്‍ഗറെ സ്വകാര്യമായി കാണാന്‍ പോകുന്നത്‌?..."

പ്രേയ്‌ഗര്‍ ആ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടില്‍ മെന്‍ഡോസയെ നോക്കി.

"അത്‌ പോട്ടെ, മിസ്സിസ്‌ പ്രേയ്ഗര്‍ എവിടെ? അവരും നിങ്ങളുടെ കൂടെ വിമാനത്തില്‍ വരുന്നുണ്ടെന്നാണല്ലോ ഞാനറിഞ്ഞത്‌?...?"

"എനിക്കിവിടെ വളരെ കുറച്ച്‌ ദിവസമേ തങ്ങാന്‍ അനുവാദമുള്ളൂ. ഈ സ്ഥലമാണെങ്കില്‍ അവള്‍ കണ്ടിട്ടുമില്ല. അത്‌ കൊണ്ട്‌ അവളെയും കൂട്ടി..."

റിക്ടര്‍ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. മെന്‍ഡോസ അത്‌ ശ്രദ്ധിക്കുകയും ചെയ്തു.

"മിടുക്കന്‍ പയ്യന്‍ അല്ലേ? ഒരു ജര്‍മ്മന്‍ സബ്‌മറീനിലെ ചീഫ്‌ സ്റ്റിയര്‍മാന്‍ അല്ലായിരുന്നോ അയാള്‍?..."

"അതെയെന്ന് തോന്നുന്നു..."

"പ്രേയ്‌ഗര്‍, ഒരു കമ്പനിക്കായി അല്‍പ്പം കഴിക്കൂന്ന്..."

"ശരി, പക്ഷേ അല്‍പ്പം മാത്രം. എനിക്ക്‌ അത്യാവശ്യമായി ഒരാളെ കാണാനുണ്ട്‌..."

"ക്യാപ്റ്റന്‍ ബെര്‍ഗറെയല്ലേ?..." ഗ്ലാസുകളിലേക്ക്‌ ബ്രാണ്ടി പകര്‍ന്നുകൊണ്ടിരുന്ന അറ്റന്ററെ നോക്കിയിട്ട്‌ അദ്ദേഹം തുടര്‍ന്നു."എപ്പോഴാണ്‌ അവര്‍ റിയോയിലേക്ക്‌ മടങ്ങുന്നത്‌? രാവിലെയാണോ?..."

"എന്ന് തോന്നുന്നു..." മനസ്സില്ലാ മനസ്സോടെ അല്‍പ്പം ബ്രാണ്ടി അകത്താക്കിക്കൊണ്ട്‌ പ്രേയ്‌ഗര്‍ പറാഞ്ഞു.

ഏകദേശം അറുപത്തിയഞ്ച്‌ വയസ്സുണ്ട്‌ പ്രേയ്‌ഗറിന്‌. 1942 വരെ റിയോയിലുള്ള ജര്‍മ്മന്‍ എംബസിയുടെ അസിസ്റ്റന്റ്‌ കോണ്‍സുള്‍ ആയിരുന്നു അദ്ദേഹം. ജര്‍മ്മനിയുടെ സബ്‌മറീനുകള്‍ ബ്രസീലിന്റെ ചരക്ക്‌ കപ്പലുകള്‍ ടോര്‍പ്പിഡോ ഉപയോഗിച്ച്‌ തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ബ്രസീല്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. അതോടെയാണ്‌ ബ്രസീലിലെ ജര്‍മ്മന്‍ പൗരന്മാരുടെ കാര്യം കഷ്ടത്തിലായത്‌.

പ്രേയ്‌ഗര്‍ ഇരുപത്‌ വര്‍ഷത്തോളമായി ബ്രസീലില്‍ പ്രവര്‍ത്തിക്കുന്നു. ഗവണ്മന്റിന്‌ സമ്മതനായ വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ ആക്കിയില്ല അവര്‍. ബ്രസീലും ജര്‍മ്മനിയും തമ്മില്‍ ഏകദേശം അയ്യായിരം മൈലുകളുടെ ദൂരവുമുള്ളത്‌ കൊണ്ട്‌ ഒരു രക്ഷപെടലിനുള്ള സാദ്ധ്യതയും ഇല്ല എന്ന് അവര്‍ക്ക്‌ അറിയാമായിരുന്നു. എങ്കിലും തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ച്‌ പ്രതിമാസ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരിക്കണമെന്ന് ബ്രസീലിയന്‍ ഗവണ്മന്റ്‌ അദ്ദേഹത്തോട്‌ ആവശ്യപ്പെട്ടിരുന്നു.

"ഞാന്‍ ഇവിടെ ഹാര്‍ബര്‍ മാസ്റ്ററായിട്ട്‌ രണ്ട്‌ വര്‍ഷം തികയുന്നു..." മെന്‍ഡോസ തുടര്‍ന്നു. "ഇക്കാലമത്രയും വളരെ കൃത്യതയോടെ ഡോയ്‌ഷ്‌ലാന്റ്‌ ഇവിടെ വന്ന് പോകുന്നു. രണ്ട്‌ മാസത്തിലൊരിക്കല്‍ എന്ന് പറയാം..."

"അത്‌ കൊണ്ട്‌?..."

"ഇത്‌ പോലുള്ള ഒരു പായ്‌ക്കപ്പലില്‍ സാധാരണയായി ഒരു മാസ്റ്റര്‍, ഒരു മേയ്‌റ്റ്‌, മുഖ്യനാവികന്‍, പാചകക്കാരന്‍, പിന്നെ ആറ്‌ സഹായികള്‍ എന്നിങ്ങനെ പത്ത്‌ പേരാണ്‌ ഉണ്ടാവാറുള്ളത്‌..."

"ശരിയാണ്‌..."

കുറച്ച്‌ വൈന്‍ കൂടി അകത്താക്കിയ ശേഷം മെന്‍ഡോസ ചിന്താധീനനായി. എന്നിട്ട്‌ തുടര്‍ന്നു. "എന്റെയറിവില്‍ ബെര്‍ഗര്‍ ഇപ്രാവശ്യം തന്റെ സംഘത്തില്‍ ഏതാണ്ട്‌ ഇരുപത്‌ പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌..."

പ്രേയ്ഗര്‍ പുഞ്ചിരിച്ചു. "ശരിയായിരിക്കാം ... റിയോയില്‍ ധാരാളം കപ്പല്‍ ജോലിക്കാരുണ്ടല്ലോ..."

"ഇനി കൂടുകയും ചെയ്യും. എന്തായാലും ഈ യുദ്ധം നിങ്ങള്‍ക്ക്‌ വലിയ ഗുണമൊന്നും ചെയ്യാന്‍ പോകുന്നില്ല..."

"ഒരു പക്ഷേ, ബെര്‍ഗര്‍ കപ്പലില്‍ കൂടുതല്‍ ആള്‍ക്കാരെ ജോലിക്ക്‌ വച്ചിട്ടുണ്ടാകാം..."

മെന്‍ഡോസ വെളുക്കെ ചിരിച്ചു. "അതെയതേ... പക്ഷേ എനിക്കതത്ര വിശ്വസിക്കാന്‍ പറ്റുന്നില്ല. എന്തായാലും ഞാന്‍ നിങ്ങളെ തടയാനൊന്നും നില്‍ക്കുന്നില്ല. നാളെ നമുക്കിതുപോലെ ഒരിക്കല്‍ കൂടി ഒന്ന് കൂടാന്‍ പറ്റുമോ?..."

"ഓ, പിന്നെന്താ?..."പ്രേയ്ഗര്‍ പിന്നെയവിടെ നിന്നില്ല.

റിക്ടര്‍ വരാന്തയില്‍ കാത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. മഴ ചരല്‍ വാരിയെറിയുന്നത്‌ പോലെ ശക്തിയായി പെയ്ത്‌ കൊണ്ടിരിക്കുന്നു.

"എല്ലാം ഓക്കെയല്ലേ?..." റിക്ടര്‍ സംശയപൂര്‍വ്വം ചോദിച്ചു.

"പറയാറായിട്ടില്ല. എന്തൊക്കെയോ സംശയങ്ങള്‍ അദ്ദേഹത്തിനുണ്ട്‌. പക്ഷേ, യാഥാര്‍ത്ഥ്യം അദ്ദേഹത്തിന്‌ വിശ്വസിക്കാന്‍ കഴിയുമോ? സ്ഥിരബുദ്ധിയുള്ള ഒരുത്തനും വിശ്വസിക്കില്ല." റിക്ടറുടെ തൊളില്‍ തട്ടിക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു. "വരൂ, നമുക്ക്‌ പോകാം..."

"ഒരു നിമിഷം..." റിക്ടര്‍ പറഞ്ഞു. "അവിടേ വച്ച്‌ എനിക്ക്‌ പറയാന്‍ കഴിഞ്ഞില്ല. താങ്കളെ കാണാന്‍ ഒരാള്‍ കാത്ത്‌ നില്‍ക്കുന്നു..."

പിറകില്‍ ഒരു നേരിയ ചലനം കേട്ട്‌ പ്രേയ്‌ഗര്‍ തിരിഞ്ഞ്‌ നോക്കി. തൂവെള്ള വസ്ത്രം ധരിച്ച ഒരു കന്യാസ്ത്രീ. അഞ്ചടിയില്‍ കൂടുതല്‍ ഉയരമില്ലാത്ത ഒരു ചെറുപ്പക്കാരി. മുഖം ശാന്തമായിരുന്നെങ്കിലും അവര്‍ അനുഭവിക്കുന്ന മനോവേദന അരണ്ട വെളിച്ചത്തിലും ആ കണ്ണുകളില്‍ നിന്ന് അദ്ദേഹം വായിച്ചെടുത്തു.

"സിസ്റ്റര്‍ ആഞ്ചല..." റിക്ടര്‍ പറഞ്ഞു. "റിയോ നെഗ്രോയിലുള്ള സിസ്റ്റേഴ്‌സ്‌ ഓഫ്‌ മെഴ്‌സിയുടെ മിഷനില്‍ നിന്ന് വരുന്നു..."

"പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല റിക്ടര്‍, ഞങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുണ്ട്‌..." തന്റെ തൊപ്പി തലയില്‍ നിന്നെടുത്‌ ഹസ്തദാനം നല്‍കിക്കൊണ്ട്‌ പ്രേയ്‌ഗര്‍ പറാഞ്ഞു. "വീണ്ടും കാണാന്‍ സാധിച്ചതില്‍ സന്തോഷം..."

"എനിക്കും ഹേര്‍ പ്രേയ്‌ഗര്‍ ... ഞാന്‍ എന്തിനിവിടേ വന്നുവെന്ന് താങ്കള്‍ക്കറിയാമെന്ന് കരുതട്ടേ?..."

"ഓ യെസ്‌ സിസ്റ്റര്‍...." ഓട്ടോ പ്രേയ്‌ഗര്‍ പുഞ്ചിരിച്ചു.

(തുടരും...)

Sunday, June 7, 2009

സ്റ്റോം വാണിംഗ്‌ - 1

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 ആഗസ്റ്റ്‌ 26. റിയോഡി ജനീറോയില്‍ നിന്ന് പുറപ്പെട്ടിട്ട്‌ പതിനൊന്ന് ദിവസങ്ങള്‍ കടന്ന് പോയിരിക്കുന്നു. ഇപ്പോള്‍ 'ബെലേം' തുറമുഖത്ത്‌ നങ്കൂരമിട്ടിരിക്കുകയാണ്‌. നല്ല ചൂടുള്ള കാലാവസ്ഥ. കൊണ്ടുവന്ന കല്‍ക്കരി മുഴുവന്‍ ഇറക്കിക്കഴിഞ്ഞു. തിരിച്ചുള്ള യാത്രയില്‍ ലോഡ്‌ ഒന്നുമില്ലാത്തത്തതിനാല്‍ കപ്പലിന്റെ അടിത്തട്ടില്‍ മണല്‍ നിറച്ച്‌ വേണം റിയോയിലേക്ക്‌ മടങ്ങാന്‍. വൈകുന്നേരത്തോടെ മഴ ചാറിത്തുടങ്ങി.

അദ്ധ്യായം - ഒന്ന്

പ്രേയ്ഗര്‍ ‍, തുറമുഖത്തിനടുത്തെത്തിയപ്പോള്‍ ദുരെ കടലില്‍ ഇടിമുഴങ്ങി. തുടര്‍ച്ചയായുള്ള മിന്നല്‍ ആ പരിസരത്തിന്റെ വ്യക്തമായ ഒരു ചിത്രം നല്‍കി. പതിവ്‌ പോലെ ചെറു വഞ്ചികളും ബോട്ടുകളും അവിടവിടെയായി ചാഞ്ചാടുന്നു. തുറമുഖത്തിന്റെ മദ്ധ്യത്തിലായിട്ടാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ നങ്കൂരമിട്ടിരിക്കുന്നത്‌.

വനത്തിലെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങളുടെ ദുര്‍ഗന്ധവും പേറി മഴ ആര്‍ത്തലച്ചെത്തിയത്‌ പെട്ടെന്നായിരുന്നു. കോട്ടിന്റെ കോളര്‍ ഉയര്‍ത്തിവച്ച്‌ മഴയില്‍ നിന്ന് രക്ഷ നേടാന്‍ വൃഥാ ശ്രമിച്ചുകൊണ്ട്‌ പ്രേയ്ഗര്‍ തന്റെ ബ്രീഫ്‌ കെയ്സുമായി ധൃതിയില്‍ 'ലൈറ്റ്‌സ്‌ ഓഫ്‌ ലിസ്ബന്‌' നേരെ നടന്നു.

ബാറില്‍ നിന്ന് നേര്‍ത്ത സംഗീതത്തിന്റെ അലകള്‍ ഒഴുകിയെത്തുന്നുണ്ട്‌. കണ്ണടയില്‍ പറ്റിപ്പിടിച്ച ജലകണങ്ങള്‍ ടവല്‍ കൊണ്ട്‌ തുടച്ച്‌ അദ്ദേഹം വരാന്തയിലേക്ക്‌ കയറി. പിന്നെ, അത്‌ തിരികെ മുഖത്ത്‌ വച്ച്‌ ബാറിനുള്ളിലേക്ക്‌ സൂക്ഷിച്ച്‌ നോക്കി.

ബാര്‍ നടത്തിപ്പുകാരനും പിന്നെ ഡോയ്‌ഷ്‌ലാന്റിന്റെ മുഖ്യ നാവികനായ ഹെല്‍മട്ട്‌ റിക്ടറും മാത്രമേയുള്ളൂ അവിടെ. അരോഗദൃഢഗാത്രനാണ്‌ റിക്ടര്‍. ഇളം ബ്രൗണ്‍ നിറത്തിലുള്ള മുടിയും താടിയും തന്റെ ഇരുപത്തിയെട്ട്‌ വയസ്സിനേക്കാള്‍ കൂടുതല്‍ പ്രായം അദ്ദേഹത്തിന്‌ നല്‍കിയിരിക്കുന്നു. തന്റെ ഗ്ലാസ്സിലെ മദ്യം ആസ്വദിക്കുകയാണ്‌ റിക്ടര്‍.

ഗ്ലാസ്‌ മിനുക്കിക്കൊണ്ടിരുന്ന ബാര്‍ സൂക്ഷിപ്പുകാരന്‍ ഉള്ളിലേക്ക്‌ പ്രവേശിച്ച പ്രേയ്ഗറെ തലയുയര്‍ത്തി നോക്കി. അയാളെ അവഗണിച്ച്‌, തന്റെ തൊപ്പിയിലെ മഴത്തുള്ളികള്‍ തട്ടിക്കളഞ്ഞ്‌ പ്രേയ്ഗര്‍, റിക്ടറുടെയടുത്തേക്ക്‌ നടന്നു. തന്റെ ബ്രീഫ്‌ കെയ്സ്‌ താഴെ വച്ചിട്ട്‌ അദ്ദേഹം പറഞ്ഞു.

"തികച്ചും അനുയോജ്യമായ ഒരു രാത്രി ... അല്ലേ ഹെല്‍മട്ട്‌?"

അതെയെന്ന ഭാവത്തില്‍ തല കുലുക്കിക്കൊണ്ട്‌ റിക്ടര്‍ ഒരു കുപ്പി എടുത്തു.

"ഹേര്‍ പ്രേയ്ഗര്‍, കുറച്ച്‌ കഴിക്കാം? ('ഹേര്‍' എന്നാല്‍ ജര്‍മ്മന്‍ ഭാഷയില്‍ 'മിസ്റ്റര്‍' എന്നര്‍ത്ഥം)"

"ഇല്ല, എനിക്കിന്ന് വേണ്ട..."

"ഇത്ര നല്ല സാധനം ഇനി കിട്ടില്ല..." റിക്ടര്‍ തന്റെ ഗ്ലാസ്‌ വീണ്ടും നിറച്ചുകൊണ്ട്‌ തുടര്‍ന്നു. ഇതിന്റെ പേരാണ്‌ 'കചാക'. ഇത്‌ കഴിച്ചാല്‍ കരള്‍ മാത്രമല്ല തലച്ചോര്‍ വരെ ചൂടാകും. നമ്മുടെ നാട്ടിലെ 'സ്നാപ്സ്‌' പോലെ..."

"ക്യാപ്റ്റന്‍ ബെര്‍ഗര്‍ എവിടെ...?"

"അദ്ദേഹം താങ്കളെ കാത്ത്‌ കപ്പലില്‍ ഇരിക്കുകയാണ്‌..."

പ്രേയ്ഗര്‍ തന്റെ ബ്രീഫ്‌ കെയ്സ്‌ എടുത്തു. "എന്റെ അഭിപ്രായത്തില്‍ യാത്രയ്ക്ക്‌ ഇനി ഒട്ടും വൈകിക്കൂടാ. പാഴാക്കുവാന്‍ നമുക്ക്‌ സമയം തീരെയില്ല. എന്നെ ആരെങ്കിലും അന്വേഷിച്ചിരുന്നുവോ?..."

"മിസ്സിസ്‌ പ്രേയ്ഗര്‍ അന്വേഷിച്ചിരുന്നു..."

ആ ശബ്ദം റിക്ടറുടെയല്ല എന്ന് മനസ്സിലാക്കിയ പ്രേയ്ഗര്‍ തന്റെ സമീപത്തെ കര്‍ട്ടന്‍ മാറ്റി നോക്കി. മേശപ്പുറത്ത്‌ ഒരു കുപ്പി വൈനുമായി ഒരു തടിയന്‍. ആ തടിച്ച ശരീരത്തില്‍ ഇറുകിക്കിടന്നിരുന്ന കാക്കി യൂണിഫോം വിയര്‍പ്പിനാല്‍ നനഞ്ഞിരുന്നു.

(തുടരും...)