പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, June 17, 2009

സ്റ്റോം വാണിംഗ്‌ - 3

നങ്കൂരമിട്ടിരിക്കുന്നതിന്റെ അടയാളമായി ഡോയ്‌ഷ്‌ലാന്റിന്റെ പായ്‌ക്കയറില്‍ ഒരു വിളക്ക്‌ കത്തിക്കിടന്നിരുന്നു. സമുദ്രയാത്രയില്‍ പൊതുവായിട്ടുള്ള നിയമമാണത്‌.

റിക്ടര്‍ ഓടിക്കുന്ന ആ ബോട്ടില്‍ നിന്ന് അവര്‍ക്ക്‌ ആദ്യം കാണാനായത്‌ ഈ വിളക്കാണ്‌. കാണെക്കാണെ ആ വിളക്കും പാമരവും തങ്ങളോട്‌ അടുത്തുകൊണ്ടിരിക്കുന്നത്‌ അവര്‍ വീക്ഷിച്ചു.

ശ്രദ്ധാപൂര്‍വ്വം കോണി വഴി കപ്പലിലേക്ക്‌ കയറുമ്പോള്‍ പ്രേയ്‌ഗര്‍ മുകളിലേക്ക്‌ നോക്കി. മൂന്ന് പാമരങ്ങളുള്ള കപ്പല്‍. 1881 ല്‍ ക്ലൈഡില്‍ വച്ച്‌ ഹാമിഷ്‌ കാംബെല്‍ കമ്പനി നിര്‍മിച്ചതാണ്‌ ഈ നൗക.

ഇക്കാലമത്രയും ചരക്ക്‌ ഗതാഗതമാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ നടത്തിക്കൊണ്ടിരുന്നത്‌. ന്യൂകാസിലില്‍ നിന്ന് കല്‍ക്കരിയുമായി വാള്‍പറൈസോവിലേക്ക്‌... വെടിയുപ്പുമായി ചിലിയില്‍ നിന്ന് അമേരിക്കയിലേക്ക്‌... മര ഉരുപ്പടികളുമായി ആസ്ത്രേലിയയിലേക്ക്‌... പരുത്തിയുമായി ബ്രിട്ടനിലേക്ക്‌... അങ്ങനെ പോകുന്നു അതിന്റെ ചരിത്രം. എന്നാല്‍ പില്‍ക്കാലത്ത്‌ എന്‍ജിനുള്ള കപ്പലുകള്‍ ഇറങ്ങിയതോടെ ഡോയ്‌ഷ്‌ലാന്റിന്റെ രാജയോഗം കഴിഞ്ഞു. മൂന്ന് പ്രാവശ്യം ഉടമകള്‍ മാറി. ജര്‍മ്മന്‍ വംശജരായ മേയര്‍ സഹോദരന്മാരാണ്‌ ഇപ്പോഴത്തെ ഉടമസ്ഥര്‍. അവര്‍ കൊടുത്ത പേരാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ എന്നത്‌. തീരക്കടലിലൂടെയുള്ള ചരക്ക്‌ ഗതാഗതത്തിന്‌ മാത്രമേ ഇപ്പോള്‍ ഈ കപ്പല്‍ ഉപയോഗിക്കുന്നുള്ളൂ. അങ്ങേയറ്റം പോയാല്‍ റിയോയില്‍ നിന്ന് ബെലേമിലേക്കും ആമസോണ്‍ അഴിമുഖത്തേക്കും തിരിച്ച്‌ റിയോയിലേക്കും. അത്ര മാത്രം.

പ്രേയ്‌ഗര്‍ ഡെക്കില്‍ കയറിയിട്ട്‌ സിസ്റ്റര്‍ ആഞ്ചലയെ കയറുവാന്‍ സഹായിച്ചു. റിക്ടറും തൊട്ട്‌ പിന്നില്‍ തന്നെയുണ്ട്‌. കപ്പലിലേക്ക്‌ ഒരു കന്യാസ്ത്രീ കയറിവരുന്നത്‌ കണ്ട്‌ പാമരത്തിന്‌ സമീപമുണ്ടായിരുന്ന ജോലിക്കാര്‍ അത്ഭുതം കൊണ്ടു.

"ഇക്കാര്യത്തെക്കുറിച്ച്‌ ക്യാപ്റ്റന്‍ ബെര്‍ഗറോട്‌ ഞാന്‍ തന്നെ സംസാരിക്കുന്നതായിരിക്കും ഉചിതമെന്ന് തോന്നുന്നു..." പ്രേയ്‌ഗര്‍ പറഞ്ഞു.

"നിങ്ങളുടെ ഇഷ്ടം പോലെ ഹേര്‍ പ്രേയ്‌ഗര്‍..." സിസ്റ്റര്‍ ആഞ്ചല സൗമ്യയായി പറഞ്ഞു.

അദ്ദേഹം റിക്ടറുടെ നേരെ തിരിഞ്ഞു. "സിസ്റ്ററെ താഴെ സലൂണില്‍ കൊണ്ട്‌ വിട്ടിട്ട്‌ ക്യാപ്റ്റന്‍ ബെര്‍ഗറുടെ അടുത്തേക്ക്‌ വരൂ..."

റിക്ടറും സിസ്റ്റര്‍ ആഞ്ചലയും ഇടനാഴിയിലൂടെ താഴോട്ടിറങ്ങി. പ്രേയ്‌ഗര്‍ ക്വാര്‍ട്ടര്‍ ഡെക്കിന്‌ നേരെ നടന്നു. ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ വാതിലില്‍ പതുക്കെ മുട്ടി ഉള്ളില്‍ കടന്നു.

അത്രയൊന്നും സൗകര്യമില്ലാത്ത ഒരു ചെറിയ മുറി. ഒരു ചെറിയ ബങ്ക്‌, മൂന്ന് ഷെല്‍ഫുകള്‍, ഒരു ഡെസ്ക്‌ എന്നിവയായിരുന്നു അവിടുത്തെ ആകെയുള്ള ഫര്‍ണിച്ചറുകള്‍. ഡെസ്കില്‍ നിവര്‍ത്തിയിട്ട ഒരു ചാര്‍ട്ടില്‍ നോക്കി എന്തോ കണക്ക്‌ കൂട്ടുകയായിരുന്നു ക്യാപ്റ്റന്‍ എറിക്‌ ബെര്‍ഗര്‍.

തലയുയര്‍ത്തി ആശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. "നിങ്ങളെ കാണാന്‍ വൈകിയപ്പോള്‍ ഞാന്‍ വിഷമിച്ചു..."

48 വയസ്സുള്ള ബെര്‍ഗര്‍ സാമാന്യം ഉയരമുള്ള ആരോഗ്യവാനാണ്‌. സ്ഥിരമായ കടല്‍ യാത്രയുടെ ഫലമായി അദ്ദേഹത്തിന്റെ താടിയും മുടിയും നരച്ച്‌ തുടങ്ങിയിരിക്കുന്നു.

"അയാം സോറി... " പ്രേയ്‌ഗര്‍ പറഞ്ഞു. "ഞങ്ങളുടെ വിമാനം ലെയ്റ്റ്‌ ആയി. ശക്തമായ കാറ്റ്‌ മൂലം കാലാവസ്ഥ ശരിയാകുന്നത്‌ വരെ കരോളിനയില്‍ തങ്ങേണ്ടി വന്നു, നാല്‌ മണിക്കൂര്‍..."

ചന്ദനത്തടിയാല്‍ നിര്‍മ്മിച്ച ഒരു ചെറിയ പെട്ടിയില്‍ നിന്ന് ബെര്‍ഗര്‍ ഒരു സിഗരറ്റ്‌ എടുത്ത്‌ നീട്ടി.

"യുദ്ധത്തിന്റെ ലേറ്റസ്റ്റ്‌ ന്യൂസ്‌ എന്താണ്‌?..."

"അത്ര നല്ല വാര്‍ത്തകളല്ല... " എതിരെയുള്ള കസേരയില്‍ ഇരുന്ന് കൊണ്ട്‌ പ്രേയ്‌ഗര്‍ സിഗരറ്റിന്‌ തീ കൊളുത്തി.

"ഈ മാസം 15 ന്‌ അമേരിക്കയുടെയും ഫ്രാന്‍സിന്റെയും സൈന്യങ്ങള്‍ മെഡിറ്ററേനിയന്‍ തീരത്ത്‌ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. ടാങ്കുകള്‍ പാരീസിലും...

"ബെര്‍ഗര്‍ നിരാശയോടെ ചൂളം വിളിച്ചു. "അടുത്ത സ്റ്റോപ്പ്‌ റൈന്‍ ആയിരിക്കും?..."

"ഒരു പക്ഷെ..."

"അവിടുന്ന് പിന്നെ ജര്‍മ്മനിയും..." അദ്ദേഹം എഴുനേറ്റ്‌ ഷെല്‍ഫ്‌ തുറന്ന് ഒരു കുപ്പി റമ്മും രണ്ട്‌ ഗ്ലാസ്സുകളും എടുത്ത്‌ തുടര്‍ന്നു. "റഷ്യയുടെ കാര്യം എങ്ങനെ?..."

"അവരുടെ ചെമ്പട ഇപ്പോള്‍ കിഴക്കന്‍ പ്രഷ്യയുടെ അതിര്‍ത്തിയിലാണ്‌..."ബെര്‍ഗര്‍ രണ്ട്‌ ഗ്ലാസുകളിലും റം പകര്‍ന്ന്, ഒരെണ്ണം പ്രേയ്‌ഗറുടെ മുന്നിലേക്ക്‌ നീക്കി വച്ചു. "നിങ്ങള്‍ക്ക്‌ അറിയാമല്ലോ പ്രേയ്‌ഗര്‍, നെപ്പോളിയന്‌ ശേഷം നമ്മള്‍ ജര്‍മ്മന്‍കാര്‍ നമ്മുടെ മണ്ണ്‌ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല..."

"വരുന്ന ഒന്ന് രണ്ട്‌ വര്‍ഷത്തേക്ക്‌ ബ്രസീല്‍ തന്നെയായിരിക്കും നമുക്ക്‌ സുരക്ഷിതം..." പ്രേയ്‌ഗര്‍ പറഞ്ഞു. "നാട്ടിലേക്ക്‌ പോകാന്‍ പറ്റിയ അവസരമല്ല ഇത്‌..."

"ഒരു പക്ഷേ ഇതായിരിക്കാം ഒരേയൊരു അവസരം... അവസാനത്തെയും..." ബെര്‍ഗര്‍ പറഞ്ഞു.

"ആട്ടെ, പേപ്പറുകളെല്ലാം ശരിയായോ?..."

പ്രേയ്‌ഗര്‍ തന്റെ ബ്രീഫ്‌ കെയ്‌സ്‌ ഡെസ്കില്‍ വച്ചു. "യാത്രക്കാവശ്യമുള്ളതെല്ലാം ശരിയായിട്ടുണ്ട്‌. ഈ പദ്ധതിയുടെ തുടക്കത്തില്‍ നമ്മള്‍ പറഞ്ഞ ആ പായ്‌ക്കപ്പല്‍ ... ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍... അതിനെക്കുറിച്ച്‌ ഞാന്‍ വീണ്ടും അന്വേഷിച്ചു. അതിപ്പോഴും ഗോഥന്‍ബര്‍ഗ്‌ തുറമുഖത്ത്‌ തന്നെ കിടക്കുകയണ്‌. യുദ്ധം തുടങ്ങിയതിന്‌ ശേഷം ഇന്ന് വരെ അത്‌ കടലില്‍ പോയിട്ടില്ല..."

"വെരി ഗുഡ്‌..." ബെര്‍ഗര്‍ പറഞ്ഞു. അപ്പോള്‍ നമ്മുടെ യാത്ര സുഗമമായി തുടങ്ങാം..."

"താങ്കള്‍ അപ്പോള്‍ രണ്ടും കല്‍പ്പിച്ച്‌ തന്നെയാണോ?..."

ഷെല്‍ഫ്‌ തുറന്ന് ബെര്‍ഗര്‍ ഒരു ലൈഫ്‌ ജാക്കറ്റ്‌ എടുത്ത്‌ ഡെസ്കിന്റെ പുറത്തിട്ടു. 'ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍ - ഗോഥന്‍ബര്‍ഗ്‌' എന്ന് അതില്‍ ആലേഖനം ചെയ്തിരിക്കുന്നു.

"പിന്നെ ഇതും..." ഒരു സ്വീഡിഷ്‌ പതാക കാണിച്ച്‌ കൊണ്ട്‌ അദ്ദേഹം പറഞ്ഞു. "ഈ യാത്രയിലെ ഏറ്റവും പ്രധാന ഘടകമാണിത്‌..." അദ്ദേഹം പുഞ്ചിരിച്ചു. " അവസാനം എല്ലാം ശരിയായിരിക്കുന്നു. ഇനി നമ്മള്‍ ഔദ്യോഗികമായി പേരും മാറ്റുന്നു..."

"ലോഗ്‌ ബുക്കിന്റെ കാര്യം എന്ത്‌ ചെയ്യും?..."

"ഒരു കൃത്രിമ ലോഗ്‌ ബുക്ക്‌ ഞാന്‍ എഴുതിയുണ്ടാക്കിയിട്ടുണ്ട്‌. ശത്രു പക്ഷത്തുള്ളവരെങ്ങാനും പരിശോധനക്കെത്തിയാല്‍ ഉപകരിക്കും. ഡോയ്‌ഷ്‌ലാന്റിന്റെ യഥാര്‍ത്ഥ ലോഗ്‌ ബുക്ക്‌ രഹസ്യമായി ഞാന്‍ സൂക്ഷിക്കും. അല്ലാതെ വേറെ മാര്‍ഗ്ഗമില്ലല്ലോ..." ലൈഫ്‌ ജാക്കറ്റും പതാകയും അദ്ദേഹം ഷെല്‍ഫില്‍ തിരികെ വച്ചു. "സ്നേഹിതാ, കഴിഞ്ഞ ഒന്ന് രണ്ട്‌ മാസങ്ങളായുള്ള താങ്കളുടെ അശ്രാന്ത പരിശ്രമമാണ്‌ ഈ പദ്ധതിയുമായി നമ്മളെ ഇത്രത്തോളം എത്തിച്ചത്‌..."

"എനിക്ക്‌ ഒരു കാര്യം കൂടി പറയാനുണ്ട്‌ എറിക്‌..." പ്രേയ്‌ഗര്‍ ഗൗരവം കൊണ്ടു.

"എന്താണത്‌?..."

പ്രേയ്‌ഗര്‍ അല്‍പ്പം സംശയിച്ചിട്ട്‌ പറഞ്ഞു. "ഏഴ്‌ യാത്രക്കാര്‍ കൂടി..."

(തുടരും...)

15 comments:

 1. ഏഴ്‌ യാത്രക്കാര്‍ കൂടി...?

  ഞങ്ങളൊക്കെ വായിക്കുന്നുണ്ടേ

  ReplyDelete
 2. വിനുവേട്ടാ ഞാൻ ഇപ്പഴാ ഇത് നോക്കുന്നത്.വായിച്ചിട്ട് അഭിപ്രായം പറയാം

  ReplyDelete
 3. അരുണ്‍, അനൂപ്‌ ... അടുത്ത ഭാഗത്തിനായുള്ള ആകാംക്ഷക്ക്‌ നന്ദി ... നിരാശപ്പെടേണ്ടി വരില്ല എന്ന് ഞാന്‍ ഉറപ്പ്‌ തരുന്നു. ആകാംക്ഷാഭരിതങ്ങളായ നിരവധി സംഭവങ്ങളാണ്‌ ഇനിയും വരാന്‍ പോകുന്നത്‌.

  ഇത്‌ ഒരു വാരിക പോലെ എല്ലാ ബുധനാഴ്ചയും പോസ്റ്റ്‌ ചെയ്യുവാനാണ്‌ ഉദ്ദേശിക്കുന്നത്‌. എല്ലാവരുടെയും പ്രോത്സാഹനത്തോടെ ഈ ബൃഹത്‌ സംരംഭം മുന്നോട്ട്‌ കൊണ്ടുപോകാമെന്ന് കരുതുന്നു...

  ReplyDelete
 4. വിനുവണ്ണാ...

  എപ്പിസോഡുകള്‍ പിന്നിടുംതോറും വായന രസകരമാവുന്നു. വളരെ ലളിതമായ വിവര്‍ത്തനം... ഇനിയുള്ള ബുധനാഴ്ചകള്‍ 'ഡോയ്ഷ്‌ലാന്റി'നായി നീക്കിവയ്ക്കാം.

  'ഏഴ്‌ യാത്രക്കാര്‍ കൂടി...'

  അവരോട്‌ വേഗം കയറാന്‍ പറയൂ... കാത്തുനില്‍ക്കാന്‍ സമയമില്ല!!

  ReplyDelete
 5. കുട്ടപ്പാ, അല്‍പ്പം കൂടി ക്ഷമിക്കൂ ... അടുത്ത ഭാഗം അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്‌. നിരാശപ്പെടേണ്ടി വരില്ല, ബുധനാഴ്ചയാവാന്‍ ഇനി മൂന്ന് നാള്‍ കൂടിയല്ലേയുള്ളൂ...

  കഥ വിരസമല്ല എന്നറിഞ്ഞതില്‍ സന്തോഷം...

  ReplyDelete
 6. Regi...kollam... K tto....

  ReplyDelete
 7. വിവര്‍ത്തനം എന്ന് കണ്ടപ്പോള്‍ ഒരു മുന്‍വിധിയോടെയാണ്‌ എത്തിനോക്കിയത്‌. പക്ഷേ കണക്ക്‌ കൂട്ടല്‍ തെറ്റി. ലളിതവും ആസ്വാദ്യകരവുമായ ശൈലി. എല്ലാ ഭാവുകങ്ങളും നേരുന്നു വിനുവേട്ടാ.

  അജയന്‍

  ReplyDelete
 8. പ്രോത്സാഹങ്ങള്‍ക്ക്‌ വീണ്ടും നന്ദി പറയുന്നു...

  അജയന്‍ ... അതല്ലേ സ്വതന്ത്ര വിവര്‍ത്തനം എന്ന് മുന്‍കൂര്‍ ജാമ്യം ആദ്യമേ തന്നെ ഞാനെടുത്തത്‌....

  പിന്നെ, ലവ്‌ഷോര്‍ ... ആരാ, മനസ്സിലായില്ലല്ലോ... എന്തായാലും എന്നെ നല്ല പരിചയമുണ്ടെന്ന് തോന്നുന്നു...

  ReplyDelete
 9. "comment adikkan" parichayam venamennilla regi....

  ReplyDelete
 10. ശരി ശരി ... കമന്റടിക്കാന്‍ പരിചയം വേണ്ട ... എന്നാല്‍ നല്ല പരിചയം വേണം താനും ... ഹി ഹി ഹി ...

  ReplyDelete
 11. p d kittiyalle ?

  ReplyDelete
 12. മൂന്നാം ഭാഗം വായിക്കാന്‍ ഇന്നാണെത്തിയത്. ഭയങ്കര ജോലിത്തിരക്ക്. മെല്ലെ രസം പിടിച്ച് വരുന്നു.

  ReplyDelete
 13. വായിക്കുന്നു

  ReplyDelete
 14. വായിച്ചു.രക്ഷപ്പെടാനുള്ള ശ്രമമാ??

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...