പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, June 30, 2009

സ്റ്റോം വാണിംഗ്‌ - 5

"നിങ്ങളുടെ മക്കളുടെ ഫോട്ടോയാണോ?..."

"അതേ ... മൂന്ന് വര്‍ഷം മുമ്പ്‌ എടുത്തതാണ്‌. ഇടത്‌ വശത്തിരിക്കുന്നത്‌ ഹെയ്‌ദി. ഇപ്പോള്‍ പത്ത്‌ വയസ്സ്‌. പിന്നെ ഈവ .. എട്ട്‌ വയസ്സ്‌. ചെറിയ മകള്‍ എല്‍സെ. അവള്‍ക്ക്‌ ഈ ഒക്ടോബറില്‍ ആറ്‌ തികയും..."

"അവരുടെ അമ്മയോ?..."

"മൂന്ന് മാസം മുമ്പായിരുന്നുവത്‌... ഹാംബര്‍ഗിലുണ്ടായ ഒരു ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു..."

സിസ്റ്റര്‍ ആഞ്ചല കുരിശ്‌ വരച്ചു. "എന്നിട്ട്‌ കുട്ടികള്‍ക്കെന്ത്‌ സംഭവിച്ചു?..."

"എന്റെ അമ്മയുടെ കൂടെയാണവരിപ്പോള്‍..."

"ദൈവത്തിന്‌ നന്ദി പറയാം..."

"ങ്‌ഹും ... നന്ദി... " ബെര്‍ഗറുടെ മുഖം വിളറി. "ജര്‍മ്മനി തോറ്റുകൊണ്ടിരിക്കുകയാണ്‌ സിസ്റ്റര്‍! ഇനി ഏതാനും മാസങ്ങള്‍ മാത്രം. പിന്നത്തെ കാര്യം ഒന്നാലോചിച്ച്‌ നോക്കൂ... എന്റെ അമ്മയ്ക്കാണെങ്കില്‍ വയസ്സായി. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍?... " അദ്ദേഹത്തിന്റെ ശരീരമാകെ ഒരു വിറയല്‍ അനുഭവപ്പെടുന്നത്‌ പോലെ തോന്നി. അദ്ദേഹം പതുക്കെ പിറകോട്ട്‌ ചാരിയിരുന്നു. "എനിക്ക്‌ എങ്ങനെയും അവരുടെയടുത്ത്‌ എത്തണം. അവിടെയാണ്‌ എന്റെ ആവശ്യം ഇപ്പോഴുള്ളത്‌. അല്ലാതെ ഈ നശിച്ച യുദ്ധത്തിനിടയില്‍ ലോകത്തിന്റെ ഇങ്ങേയറ്റത്തല്ല..."

"അപ്പോള്‍ അതിന്‌ വേണ്ടി നിങ്ങള്‍ എന്തും ചെയ്യും?..."

അദ്ദേഹം അവരെ ദയനീയമായി നോക്കി. " ഇരുപത്‌ വര്‍ഷമായി പുറംകടല്‍ കണ്ടിട്ടില്ലാത്ത ഈ പഴഞ്ചന്‍ പായ്‌ക്കപ്പലില്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും നാവികസേനകള്‍ സംഹാരതാണ്ഡവമാടുന്ന അറ്റ്‌ലാന്റിക്കിലൂടെ അയ്യായിരം മൈലുകള്‍... ലക്ഷ്യം കാണുമെന്ന് യാതൊരു ഉറപ്പുമില്ലാത്തൊരു യാത്ര..."

സിസ്റ്റര്‍ ആഞ്ചലയുടെ മുഖത്ത്‌ അപ്പോഴും ശുഭാപ്തി വിശ്വാസം കാണാമായിരുന്നു. "പക്ഷേ, നിങ്ങളുടെ കൂടെ മുഖ്യനാവികന്‍ ഹെല്‍മട്ട്‌ റിക്ടര്‍ ഉണ്ടല്ലോ... പിന്നെന്തിന്‌ ഭയക്കണം?..."

"ശരിയാണ്‌. അസാമാന്യ വൈദഗ്‌ധ്യമാണ്‌ പായ്‌ക്കപ്പലുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന്‌. ഞാനിത്‌ വരെ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല ജോലിക്കാരന്‍..."

അല്‍പ്പനേരത്തെ നിശ്ശബ്ദത ആഞ്ചല ഭഞ്ജിച്ചു. "ഈ അസാദ്ധ്യമെന്ന് പറയുന്ന യാത്രയില്‍ വേറെയും ഇരുപത്‌ പേര്‍ കൂടിയുണ്ടെന്നാണല്ലോ പ്രേയ്‌ഗര്‍ പറഞ്ഞത്‌..."

ബെര്‍ഗര്‍ ആശ്ചര്യത്തോടെ അവരെ നോക്കി. "വിളിക്കുകയാണെങ്കില്‍ ഈ യാത്രക്കായി ഏകദേശം എഴുപത്‌ പേരെങ്കിലും റിയോയില്‍ തയ്യാറായി നില്‍ക്കുന്നുണ്ട്‌. ഒരു നറുക്കെടുപ്പിലൂടെയാണ്‌ രണ്ടാഴ്ച മുമ്പ്‌ റിയോയില്‍ വച്ച്‌ പത്ത്‌ പേരെ ഈ യാത്രക്ക്‌ തെരഞ്ഞെടുത്തത്‌. എല്ലാവര്‍ക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്‌. നാട്ടിലെത്തുക എന്നതാണ്‌ എല്ലാവരുടെയും ലക്ഷ്യം. നിങ്ങള്‍ പറഞ്ഞത്‌ പോലെ, അതിനായി അവര്‍ എന്തും തന്നെ ചെയ്യും..."

"അതില്‍ നിന്ന് ഞങ്ങളും വ്യത്യസ്തരാണോ ക്യാപ്റ്റന്‍? നിങ്ങളെപ്പോലെ തന്നെ ഞങ്ങള്‍ക്കും ബന്ധങ്ങളുണ്ട്‌. മാത്രമല്ല, ഈ സമയത്ത്‌ ഞങ്ങളെ ആവശ്യമുള്ളത്‌ അവിടെയാണ്‌..."

ബെര്‍ഗര്‍ അവരെ തുറിച്ച്‌ നോക്കിക്കൊണ്ട്‌ ഒരു നിമിഷം നിന്നു. പിന്നെ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഇല്ല സിസ്റ്റര്‍, എന്ത്‌ തന്നെ പറഞ്ഞാലും ശരി, നിങ്ങള്‍ വൈകിപ്പോയി. ഈ യാത്രയിലെ ഏറ്റവും പ്രധാന ഘടകമായി നിങ്ങള്‍ക്ക്‌ വേണ്ടത്‌ സ്വീഡിഷ്‌ പാസ്‌പോര്‍ട്ടാണ്‌. പ്രേയ്‌ഗറാണ്‌ ഞങ്ങള്‍ക്കത്‌ ശരിയാക്കി തന്നത്‌..."

സിസ്റ്റര്‍ എഴുനേറ്റ്‌ ക്യാബിന്റെ വാതില്‍ തുറന്നു. എന്നിട്ട്‌ പതുക്കെ വിളിച്ചു... "ഹേര്‍ പ്രേയ്‌ഗര്‍..."

ചാറ്റല്‍ മഴയില്‍ നിന്ന് പ്രേയ്‌ഗര്‍ ക്യാബിനുള്ളിലേക്ക്‌ കടന്നു. "യെസ്‌ സിസ്റ്റര്‍..."

"എന്റെ പേപ്പേഴ്‌സ്‌... അതിങ്ങു തരൂ..."

പ്രേയ്‌ഗര്‍ തന്റെ ബ്രീഫ്‌കേയ്‌സ്‌ തുറന്നു. അല്‍പ്പം തിരഞ്ഞിട്ട്‌ ഒരു പാസ്‌പോര്‍ട്ടെടുത്ത്‌ ബെര്‍ഗറുടെ മേശപ്പുറത്തിട്ടു.

"ഇത്‌ സ്വീഡിഷ്‌ പാസ്‌പോര്‍ട്ടാണല്ലോ... " അത്ഭുതത്തോടെ ബെര്‍ഗര്‍ അതെടുത്ത്‌ തുറന്നപ്പോള്‍ വരവേറ്റത്‌ സിസ്റ്റര്‍ ആഞ്ചലയുടെ പുഞ്ചിരിക്കുന്ന മുഖമാണ്‌. വിശ്വസിക്കാനാകാതെ അദ്ദേഹം തലയുയര്‍ത്തി അവരുടെ മുഖത്തേക്ക്‌ നോക്കി. "ഒരു നിമിഷം ഒന്ന് പുറത്ത്‌ പോകാമോ?... പ്രേയ്‌ഗറോട്‌ എനിക്കല്‍പ്പം സംസാരിക്കാനുണ്ട്‌..."

അവര്‍ ഒന്ന് സംശയിച്ച്‌ പ്രേയ്‌ഗറെ നോക്കി. പിന്നെ പുറത്തേക്ക്‌ നടന്നു.

പ്രേയ്‌ഗര്‍ പറഞ്ഞു... "ബെര്‍ഗര്‍, ഞാന്‍ കാര്യങ്ങള്‍ വിശദമാക്കാം..."

ബെര്‍ഗര്‍ ആ പാസ്‌പോര്‍ട്ട്‌ എടുത്തു. "ഇരുപത്തിനാല്‌ മണിക്കൂര്‍ കൊണ്ട്‌ ഇത്‌ ശരിയാക്കാന്‍ സാധിക്കില്ല എന്നെനിക്കറിയാം. അതായത്‌ നിങ്ങള്‍ക്കിത്‌ നേരത്തെ അറിയാമായിരുന്നു എന്നര്‍ത്ഥം. എന്ത്‌ കൊണ്ടിത്‌ നിങ്ങള്‍ എന്നോട്‌ നേരത്തെ പറഞ്ഞില്ല?..."

പ്രേയ്‌ഗര്‍ ചിരിച്ചു. "നിങ്ങള്‍ സമ്മതിക്കില്ല എന്ന് ഉറപ്പുള്ളത്‌ കൊണ്ട്‌ തന്നെ..."

"അതിനാല്‍ എനിക്ക്‌ പറ്റില്ല എന്ന് പറയാന്‍ സാധിക്കാത്ത വിധത്തില്‍ ഈ അവസാന നിമിഷത്തേക്ക്‌ ഇക്കാര്യം മാറ്റി വച്ചുവല്ലേ? പക്ഷേ നിങ്ങള്‍ക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു പ്രേയ്‌ഗര്‍... ഈ കന്യാസ്ത്രീകള്‍ ജോലി ചെയ്തിരുന്ന മിഷന്‍ പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തുന്നത്‌ അവര്‍ ശ്രദ്ധിക്കില്ലേ?.. "

"മിഷന്റെ പ്രവര്‍ത്തനം അവര്‍ കഴിഞ്ഞ മാസം തന്നെ നിര്‍ത്തിയിരിക്കുന്നു... അത്‌ കൊണ്ട്‌ അതോര്‍ത്ത്‌ തലപുകയ്‌ക്കേണ്ട..."

"ഇവര്‍ നഴ്‌സുമാരായിട്ടാണല്ലേ ഇവിടെ ജോലിയെടുത്തിരുന്നത്‌?..."

"നോക്കൂ ബെര്‍ഗര്‍, അവരും നമ്മെപ്പോലെ ജര്‍മന്‍കാരാണ്‌. താങ്കള്‍ അത്‌ മനസ്സിലാക്കണം..."

ഒരു നീണ്ട നിശ്ശബ്ദത നിറഞ്ഞു. ബെര്‍ഗര്‍ ആ സ്വീഡിഷ്‌ പാസ്‌പോര്‍ട്ടെടുത്ത്‌ ഒന്ന് കൂടി പരിശോധിച്ചു. "എന്തോ... ഇവര്‍ ഒരു പ്രശ്നക്കാരിയായി എനിക്ക്‌ തോന്നുന്നു..."

"നോണ്‍സെന്‍സ്‌... പണ്ട്‌ മുതലേ അവരുടെ കുടുംബത്തെ എനിക്കറിയാം. അതിപുരാതന പ്രഷ്യന്‍ കുടുംബാഗം. അവരുടെ പിതാവ്‌ ഒരു ഇന്‍ഫന്‍ട്രി ജനറലായിരുന്നു. 1918ല്‍ ആഞ്ചല ഒരു നഴ്‌സായി ജോലിയില്‍ പ്രവേശിച്ചു..."

ബെര്‍ഗര്‍ അത്ഭുതംകൊണ്ടു. " പിന്നെയെങ്ങനെ അവര്‍ കന്യാസ്ത്രീയായി? എന്താണ്‌ സംഭവിച്ചത്‌?... വല്ല അപവാദങ്ങളും?..."

"അല്ലേയല്ല ... അവള്‍ക്ക്‌ ഒരു കാമുകനുണ്ടായിരുന്നു. ഒരു പൈലറ്റ്‌..."

"ഓ, മനസ്സിലായി ... വിമാനാപകടം... അതോടെ അവര്‍ക്ക്‌ ഈ ജീവിതത്തോട്‌ തന്നെ വിരക്തിയായി..."

"നിങ്ങള്‍ക്ക്‌ തെറ്റി ബെര്‍ഗര്‍... ഞാന്‍ കേട്ടത്‌ ഇങ്ങനെയാണ്‌. അയാള്‍ കൊല്ലപ്പെട്ടുവെന്ന് മറ്റുള്ളവരെക്കൊണ്ട്‌ പ്രചരിപ്പിച്ചു. ആ ആഘാതത്തില്‍ നിന്ന് ഒരു വിധം കരകയറുമ്പോഴാണ്‌ അവള്‍ ആ നടുക്കുന്ന കാഴ്ച കണ്ടത്‌... വിരല്‍ത്തുമ്പില്‍ മറ്റൊരുത്തിയുമായി ലിന്റണ്‍ തെരുവിലൂടെ നടന്ന് പോകുന്ന തന്റെ പ്രിയനെ..."

ബെര്‍ഗര്‍ രണ്ട്‌ കൈകളുമുയര്‍ത്തി. "മതി മതി ... ഞാന്‍ തോറ്റിരിക്കുന്നു... അവരെ വിളിക്കൂ..."

പ്രേയ്‌ഗര്‍ പെട്ടെന്നെഴുനേറ്റ്‌ വാതില്‍ തുറന്ന് പുറത്തിറങ്ങി. സിസ്റ്റര്‍ ആഞ്ചല റിക്ടറുമായി സംസാരിച്ച്‌ കൊണ്ട്‌ നില്‍ക്കുകയായിരുന്നു. അദ്ദേഹം അവരെ ക്യാബിനിലേക്ക്‌ വിളിച്ചു.

"നിങ്ങള്‍ വിജയിച്ചിരിക്കുന്നു സിസ്റ്റര്‍..." ബെര്‍ഗര്‍ പറഞ്ഞു. "നിങ്ങളുടെ സുഹൃത്തുക്കളെ കൂടി തുറമുഖത്ത്‌ നിന്ന് ഇങ്ങോട്ട്‌ എത്തിക്കുവാന്‍ റിക്ടറോട്‌ പറയൂ... വെളുപ്പിന്‌ രണ്ട്‌ മണിക്ക്‌ മുമ്പ്‌ എത്തിയിരിക്കണം. ഇല്ലെങ്കില്‍ നിങ്ങളെക്കൂടാതെ ഞങ്ങള്‍ക്ക്‌ പോകേണ്ടി വരും..."

"ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ക്യാപ്റ്റന്‍..."

"പിന്നെ.. അങ്ങേര്‍ക്ക്‌ എന്റെ കാര്യം നോക്കലല്ലേ പണി..." അവര്‍ വാതിലനടുത്തേക്ക്‌ നടന്നപ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഒരു കാര്യം ... നിങ്ങളെല്ലാവരും ഇവിടെ എത്തിയതിന്‌ ശേഷം മാത്രം എന്റെ സംഘത്തിലുള്ളവര്‍ ഇക്കാര്യം അറിഞ്ഞാല്‍ മതി..."

"അതെന്താ ക്യാപ്റ്റന്‍, ഞങ്ങളുടെ സാന്നിദ്ധ്യം അവര്‍ക്ക്‌ അരോചകമാണോ?...

"എന്താ സംശയം? ... കപ്പല്‍ ജോലിക്കാര്‍ പൊതുവേ അന്ധവിശ്വാസികളാണ്‌. വെള്ളിയാഴ്ച യാത്ര തുടങ്ങുന്നതേ അശുഭം. ഒരു വൈദികന്‍ കൂടി കപ്പലിലുണ്ടെങ്കില്‍ അതിലേറെ അശുഭം. ഇവിടെ ഒന്നിന്‌ പകരം ഏഴ്‌! ... നിങ്ങള്‍ ഏഴ്‌ കന്യാസ്ത്രീകള്‍ കാരണം ഈ ലോകത്തുള്ള സകല ദൗര്‍ഭാഗ്യങ്ങളും ഈ യാത്രയില്‍ ഒപ്പമുണ്ടാകും..."

"ഏഴല്ല ക്യാപ്റ്റന്‍, വെറും അഞ്ച്‌ പേര്‍ മാത്രം..." അവര്‍ പുറത്തേക്ക്‌ നടന്നു.

ബെര്‍ഗര്‍ ആശ്ചര്യത്തോടെ പ്രേയ്‌ഗറുടെ നേരെ തിരിഞ്ഞു. "നിങ്ങള്‍ പിന്നെ ഏഴ്‌ പേര്‍ എന്ന് പറഞ്ഞത്‌?..."

"അതേ... അങ്ങനെ തന്നെയാണ്‌ ഞാന്‍ പറഞ്ഞത്‌..." തന്റെ ബ്രീഫ്‌കെയ്‌സില്‍ നിന്ന് രണ്ട്‌ പാസ്‌പോര്‍ട്ടുകള്‍ കൂടി എടുത്ത്‌ അദ്ദേഹം മേശപ്പുറത്ത്‌ വച്ചു. "ഒന്ന് ജെര്‍ട്രൂഡിന്റെ ... പിന്നൊന്ന് എന്റെയും...നിങ്ങള്‍ ആവശ്യപ്പെട്ട വയര്‍ലെസ്‌ സെറ്റില്ലേ? അതുമായി ആ കന്യാസ്ത്രീകളുടെ കൂട്ടത്തില്‍ അവളും കരയില്‍ കാത്ത്‌ നില്‍ക്കുന്നുണ്ട്‌..."

ബെര്‍ഗര്‍ വിശ്വസിക്കാനാവാതെ അദ്ദേഹത്തെ നോക്കി. "നിങ്ങളും ഭാര്യയും ഞങ്ങളോടൊപ്പം...? ബെര്‍ലിനിലുള്ള നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ അറിഞ്ഞാല്‍ എന്ത്‌ പറയും?..."

"അതിന്‌ നമ്മള്‍ അവിടെയെത്തുന്നതിന്‌ മുന്‍പ്‌ തന്നെ ആ റഷ്യക്കാര്‍ അവിടെയെത്തിയിരിക്കും. പിന്നെ എന്ത്‌ പ്രശ്നം?..." പ്രേയ്‌ഗര്‍ പുഞ്ചിരി തൂകി. "നോക്കൂ ബെര്‍ഗര്‍, ഞങ്ങള്‍ക്കും നാട്ടിലെത്തണം"...

(തുടരും)

13 comments:

  1. സ്റ്റോം വാണിംഗ്‌ തുടരുന്നു... ഇനി നിങ്ങളുടെ ഊഴം...

    ReplyDelete
  2. ആദ്യ കമന്റ് എന്റെ വക.

    കൂടൂതല്‍ രസകരമായി വരുന്നു വിനുവേട്ടാ... തുടരൂ...

    ReplyDelete
  3. വിനുവേട്ടാ, ഇപ്പോള്‍ ട്രാക്കില്‍ വരുന്നു:)

    ReplyDelete
  4. അണ്ണാ..

    ആകാംഷ കൂടിയതുകൊണ്ടാവാം, ഇത്തവണ പെട്ടെന്ന് വായിച്ചു തീർന്നതുപോലെ...

    കപ്പൽ ഉടനെ യാത്ര തിരിക്കുമോ?

    (ആഴ്ചയിൽ 2 ബുധനാഴ്ചകൾ ഉണ്ടായിരുന്നെങ്കിൽ..)

    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  5. ഇടത്‌ വശത്തിരിക്കുന്നത്‌ ഹെയ്‌ദി.
    ഇപ്പോള്‍ പത്ത്‌ വയസ്സ്‌....

    aval valarattey...
    regiyude blogum....

    ReplyDelete
  6. ഈശ്വരാ ... ഈ വയസ്സാം കാലത്ത്‌ പ്രേഗറും ഭാര്യയും കൂടി ഇത്ര റിസ്‌ക്ക്‌ എടുക്കുകയാണോ? എന്നിട്ടെന്ത്ണ്ടായി വിനുവേട്ടാ?

    വേണുഗോപാല്‍

    ReplyDelete
  7. വായിച്ചുപോകാൻ രസമുണ്ട്...

    ReplyDelete
  8. ശ്രീ ... രസകരമാകുന്നു എന്നറിഞ്ഞതില്‍ സന്തോഷം ...

    അരുണ്‍ ... ട്രാക്കില്‍ വന്നല്ലേ പറ്റൂ ... നേരത്തെ കായംകുളം എക്‍സ്‌പ്രസിന്റെ ക്രോസിങ്ങിന്‌ വേണ്ടി ട്രാക്ക്‌ മാറ്റിയിട്ടതല്ലായിരുന്നോ...

    ജിമ്മി ... ആഴ്ചയില്‍ രണ്ട്‌ ബുധനാഴ്ച ഒക്കെ കൊള്ളാം, പക്ഷേ ഇത്‌ മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാന്‍ സഹായിക്കേണ്ടി വരും...

    ലവ്‌ഷോര്‍ ... വളരട്ടെ വളരട്ടെ...

    വേണൂ ... വയസ്സാം കാലത്ത്‌ റിസ്‌ക്ക്‌ എടുക്കുന്നതല്ലേ ബുദ്ധി...?

    താരകന്‍ ... വീണ്ടും വരണം ...

    ReplyDelete
  9. മുമ്പ് ഞാനൊത്തിരി വായിക്കുമായിരുന്നു. റോബര്‍ട്ട് ലുഡ് ലം, ടോം ക്ലാന്‍സി, ഫോര്‍സിത്ത്, ഹാരോള്‍ഡ് റോബിന്‍സ്, ജാക്ക് ഹിഗിന്‍സ് വില്‍ബര്‍ സ്മിത്ത്, (ഹാരോള്‍ഡ് റോബിന്‍സിന്റെ “അഡ്വെഞ്ചറര്‍” ഇന്നും മറക്കാനാവാത്ത ഒരു പുസ്തകമാണ്) ഒക്കെ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാര്‍. വലിയ ഉന്നത സാഹിത്യമൊന്നും മനസ്സിലാക്കാനുള്ള ബുദ്ധിയൊന്നുമില്ലാത്തതിനാല്‍ ഇത്തരം കൃതികളോടാണ് ഇപ്പോഴും താല്പര്യം. ഗോണ്‍ വിത് ദ വിന്‍ഡിലെ റെറ്റ് ബട്ലറൊക്കെ ഇന്നും മനസ്സിലുണ്ട്. സ്റ്റോം വാര്‍ണിംഗ് നന്നായി വരുന്നു. ഒരു സാഹസികയാത്രയുടെ മണമടിക്കുന്നു.

    ReplyDelete
  10. വായിക്കുന്നു

    ReplyDelete
  11. പായ്ക്കപ്പലിൽ ഒരാൾക്ക്‌ കൂടി ഇടമുണ്ടാകുമോ??

    ReplyDelete
    Replies
    1. സ്വീഡിഷ് പാസ്പോർട്ടുണ്ടോ സുധിയുടെ കൈയിൽ?

      Delete
  12. എനിയ്ക്കുള്ള നാടൻ പാസ്സ്പോർട്ട്‌ തന്നെ ഒരു ഏജൻസിയിലാ.....ആ ബോഫോഴ്സ്‌ കാരണം ഞാൻ സ്വീഡനെ വെറുത്ത്‌ പോയി.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...