പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, July 29, 2009

സ്റ്റോം വാണിംഗ്‌ - 9

ആ ബോട്ട്‌ ഹൗസിന്റെ ചെറിയ വാതിലിലൂടെ റിയര്‍ അഡ്‌മിറല്‍ ക്യാരി റീവ്‌ ഉള്ളിലേക്ക്‌ കടന്നു. മര്‍ഡോക്കിനെ അവിടെ കാണുവാനുണ്ടായിരുന്നില്ല. നാല്‍പ്പത്തിയൊന്നടി നീളമുള്ള മൊറാഗ്‌ സിന്‍ക്ലെയര്‍ എന്ന മോട്ടോര്‍ ലൈഫ്‌ ബോട്ട്‌, ഷെഡ്ഡില്‍ കിടക്കുന്നുണ്ട്‌. നീലയും വെള്ളയും ഇടകലര്‍ന്ന തിളങ്ങുന്ന പെയിന്റില്‍ നിന്നും മര്‍ഡോക്ക്‌ എത്ര മാത്രം പണം ആ ബോട്ടിന്‌ വേണ്ടി ധൂര്‍ത്തടിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. അവാച്യമായ ഒരു ആനന്ദത്തോടെ റീവ്‌ ആ ബോട്ടിന്റെ കൗണ്ടറിലൂടെ വിരലോടിച്ചു.

"ഞാനിവിടെയാണ്‌..." ഔട്ട്‌ ഹൗസിന്റെ വാതില്‍ തുറന്ന് മര്‍ഡോക്ക്‌ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഐറിഷ്‌ ഇനത്തില്‍ പെട്ട ഒരു നായ റീവിന്‌ നേരെ കുതിച്ചെത്തി.

"റോറീ, നീ ഇവിടെയെത്തിയോ?..." റീവ്‌ അവന്റെ കുഞ്ചിരോമത്തില്‍ മുറുകെ പിടിച്ച്‌ കൊണ്ട്‌ ചോദിച്ചു. "മിസ്സിസ്‌ സിന്‍ക്ലെയര്‍ ഇന്ന് രാവിലെ ഇവനെ അന്വേഷിക്കുന്നത്‌ കണ്ടു. ഇന്നലെ രാത്രി മുതല്‍ കാണാതായതാണത്രെ...."

'ഇവന്‍ ഇന്നലെ എന്റെ കൂടെ ഇങ്ങ്‌ പോന്നു... ആട്ടെ, താങ്കള്‍ക്ക്‌ സുഖമല്ലേ അഡ്‌മിറല്‍...?" മര്‍ഡോക്ക്‌ ആരാഞ്ഞു.

ഏകദേശം എഴുപത്‌ വയസ്സ്‌ തോന്നിക്കുന്ന മര്‍ഡോക്കിന്‌ നല്ല ഉയരമുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കടലില്‍ തന്നെയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കണ്ണുകളും മുഖവും വിളിച്ചോതുന്നു.

"മര്‍ഡോക്ക്‌... " അഡ്‌മിറല്‍ റീവ്‌ പതുക്കെ വിളിച്ചു. " ഈ ജീവിതം ഏതോ ഒരു വിഡ്ഢി പറഞ്ഞ കഥയായി നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?..."

"എന്ത്‌ പറ്റി അഡ്‌മിറല്‍...? ഇന്നത്തെ ദിവസം ശരിയല്ലേ?... " തന്റെ കൈയിലെ വിയര്‍പ്പ്‌ തുടച്ചിട്ട്‌ മര്‍ഡോക്ക്‌ പുകയിലപ്പൊതി എടുത്തു. "വരൂ, ഒരു ചായ കുടിക്കുന്നതില്‍ വിരോധമില്ലല്ലോ...?"

"ചായ മാത്രമേയുള്ളൂ...? വേറൊന്നുമില്ലേ...?" റീവ്‌ പ്രത്യാശയോടെ അദ്ദേഹത്തെ നോക്കി.

"ശരി... ഒരു പത്ത്‌ മിനിറ്റ്‌... അതിനുള്ളില്‍ ശരിയാക്കാം. അത്‌ വരെ ഇവനെയും കൊണ്ട്‌ ബീച്ചിലൂടെ ഒന്ന് കറങ്ങിയിട്ട്‌ വരൂ..."

* * * * * * * * * * * * * * * * * * * * * * * * * * * * *

കടല്‍ത്തീരത്ത്‌ ആഞ്ഞടിച്ചുകൊണ്ടിരുന്ന തിരമാലകളുടെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു.

റോറിയോടൊപ്പം തീരത്ത്‌ കൂടി നടക്കുമ്പോള്‍ അഡ്‌മിറല്‍ ക്യാരി റീവിന്റെ ചിന്ത മുഴുവന്‍ മര്‍ഡോക്ക്‌ മക്‍ലിയോഡിനെക്കുറിച്ചായിരുന്നു. മുപ്പത്തിരണ്ട്‌ വര്‍ഷത്തോളം ഫാഡാ ദ്വീപിലെ ലൈഫ്‌ ബോട്ടിന്റെ ഇന്‍ചാര്‍ജ്‌ ആയി സേവനമനുഷ്ടിച്ചിട്ടുണ്ടദ്ദേഹം. അക്കാലത്താണ്‌ ബ്രിട്ടിഷ്‌ രാജാവ്‌ ജോര്‍ജില്‍ നിന്നും ബ്രിട്ടിഷ്‌ എമ്പയര്‍ മെഡലും ലൈഫ്‌ ബോട്ട്‌ ഇന്‍സ്റ്റിട്യൂഷനില്‍ നിന്നും ധീരതക്കുള്ള രണ്ട്‌ ഗോള്‍ഡ്‌ മെഡലുകളും അഞ്ച്‌ സില്‍വര്‍ മെഡലുകളും ലഭിക്കുന്നത്‌. തന്റെ മകന്‍ ഡൊണാള്‍ഡിനെ തല്‍സ്ഥാനത്തേക്ക്‌ നിയോഗിച്ച ശേഷം 1938ല്‍ അദ്ദേഹം വിരമിച്ചു. എല്ലാ വിധത്തിലും എടുത്ത്‌ പറയേണ്ട ഒരു വ്യക്തിത്വം.

റോറി പെട്ടെന്ന് ഇടവിടാതെ കുരയ്ക്കുവാന്‍ തുടങ്ങി. റീവ്‌ ദൂരെ മണല്‍ത്തിട്ടയിലേക്ക്‌ നോക്കി. മഞ്ഞ ലൈഫ്‌ ജാക്കറ്റ്‌ അണിഞ്ഞ ഒരു മനുഷ്യന്‍ അവിടെ കമഴ്‌ന്ന് കിടക്കുന്നത്‌ കണ്ടത്‌ അപ്പോഴാണ്‌. തീരത്തേക്കടിച്ച്‌ കയറുന്ന തിരമാലകള്‍ അയാളുടെ ദേഹത്തെ പതുക്കെ ഇളക്കിക്കൊണ്ടിരുന്നു.

റീവ്‌ പെട്ടെന്ന് അങ്ങോട്ട്‌ ഓടിയെത്തി. ഒരു കൈ സ്വാധീനമില്ലാത്തതിനാല്‍ അല്‍പ്പം വിഷമിച്ചിട്ടാണെങ്കിലും അയാളെ മലര്‍ത്തിയിട്ടു. ചേതനയറ്റ ശരീരം. പതിനെട്ടോ പത്തൊമ്പതോ മാത്രം വയസ്സ്‌ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഒരു ഉറക്കത്തിലെന്ന പോലെ അടഞ്ഞിരിക്കുന്ന കണ്ണുകള്‍. ശരീരത്തില്‍ മുറിവുകളൊന്നും തന്നെ കാണാനില്ല.

റീവ്‌ പതുക്കെ ആ മൃതശരീരം പരിശോധിക്കുവാന്‍ തുടങ്ങി. ഇടത്തേ പോക്കറ്റില്‍ നിന്ന് ലഭിച്ച കവര്‍ എടുത്ത്‌ തുറന്നപ്പോഴേക്കും മര്‍ഡോക്ക്‌ ഓടിക്കിതച്ചെത്തി.

അദ്ദേഹം ആ മൃതദേഹത്തിന്റെ വിളറിയ മുഖത്ത്‌ സ്പര്‍ശിച്ചു നോക്കി.

"എത്ര നേരമായിക്കാണും...?" റീവ്‌ ചോദിച്ചു.

"ഏറിയാല്‍ പത്തോ പന്ത്രണ്ടോ മണിക്കൂര്‍. അതില്‍ കൂടില്ല. ആരാണിവന്‍...?

"യൂണിഫോം കണ്ടിട്ട്‌ ജര്‍മന്‍ സബ്‌മറീനിലെയാണെന്ന് തോന്നുന്നു." റീവ്‌ ആ കവര്‍ തുറന്ന് പരിശോധിക്കാന്‍ തുടങ്ങി. ഒരു പെണ്‍കുട്ടിയുടെ ചിത്രം. പിന്നെ കടല്‍ വെള്ളത്തില്‍ കുതിര്‍ന്ന് കീറിത്തുടങ്ങിയ രണ്ട്‌ എഴുത്തുകളും.

"ലിറ്റില്‍ ബോയ്‌..." മര്‍ഡോക്ക്‌ പറഞ്ഞു. "സ്കൂളില്‍ പഠിച്ച്‌ നടക്കേണ്ട പ്രായത്തില്‍... കഷ്ടം..."

"ഹാന്‍സ്‌ ബ്ലെയിന്‍ ക്രോട്ട്‌ എന്നാണിവന്റെ പേര്‌. പതിനെട്ടാം ജന്മദിനമാഘോഷിച്ചത്‌ മൂന്നാഴ്ച മുമ്പ്‌ മാത്രം. ഒരു ജര്‍മന്‍ സബ്‌മറീനിലെ ടെലിഗ്രാഫിസ്റ്റ്‌ ആയിരുന്നു..." റീവ്‌ ആ പേപ്പറുകള്‍ കവറില്‍ തിരികെ വച്ച്‌ കൊണ്ട്‌ പറഞ്ഞു. " ഈ വാരത്തില്‍ ഇനിയും ഇങ്ങനെ മൃതശരീരങ്ങള്‍ അടിഞ്ഞ്‌ കയറാന്‍ സാധ്യതയുണ്ട്‌..."

"ശരിയാണ്‌... " മര്‍ഡോക്ക്‌ ആ മൃതദേഹം എടുത്ത്‌ തോളിലിട്ട്‌ കൊണ്ട്‌ പറഞ്ഞു. "മേരിസ്‌ ടൗണിലേക്ക്‌ കൊണ്ടുപോകുന്നതായിരിക്കും നല്ലത്‌ അല്ലേ അഡ്‌മിറല്‍?..."

റീവ്‌ സമ്മതഭാവത്തില്‍ തലകുലുക്കി. "അതേ, തല്‍ക്കാലം എന്റെ വീട്ടില്‍ വയ്ക്കാം. മിസിസ്‌ സിന്‍ക്ലെയറിന്‌ കണ്ട്‌ ബോധ്യപ്പെട്ട്‌ മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ്‌ വയ്ക്കുകയും ചെയ്യാമല്ലോ. ശവസംസ്കാരം നാളെയാകാം..."

"പള്ളിയില്‍ വയ്ക്കുന്നതല്ലേ നല്ലത്‌?..."

"എനിക്കതിനോട്‌ ഒട്ടും യോജിപ്പില്ല..." റീവ്‌ പറഞ്ഞു. ഇപ്പോഴത്തെ യുദ്ധത്തില്‍ ഈ ദ്വീപില്‍ നിന്നുള്ള പതിനൊന്ന് പേരാണ്‌ കടലില്‍ വച്ച്‌ ശത്രുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. ഒരു ശത്രുവിന്റെ മൃതദേഹം ഇവിടുത്തെ ആരാധനാലയത്തില്‍ കൊണ്ട്‌ വച്ചാല്‍ ഇവിടുത്തെ ജനങ്ങള്‍ക്കതിഷ്ടപ്പെടുമോ?..."

മര്‍ഡോക്കിന്റെ മുഖത്ത്‌ ദ്വേഷ്യം ഇരച്ച്‌ കയറി. "താങ്കളും ഇത്ര സങ്കുചിതമായി ചിന്തിക്കുന്നുവോ?..."

"ഏയ്‌ ഇല്ല... ഞാനൊന്നും പറഞ്ഞില്ല. എന്നെ ഇതിനിടയിലേക്ക്‌ വലിച്ചിഴക്കണ്ട. താങ്കള്‍ക്ക്‌ ഇഷ്ടമുള്ളിടത്ത്‌ വച്ചോളൂ. മരിച്ചു പോയ ഇവനെ സംബന്ധിച്ചിടത്തോളം എവിടെയായാലും അതൊരു പ്രശ്നമേയല്ല..."

"ഇനി ഒരു പക്ഷേ ദൈവത്തിനതൊരു പ്രശ്നമാകുമോ?... " മര്‍ഡോക്ക്‌ ചിരിച്ചു. പുരോഹിതനില്ലാത്ത ആ ദ്വീപില്‍ മതപണ്ഡിതനായ അദ്ദേഹമാണ്‌ വികാരിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ച്‌ പോരുന്നത്‌.

ഫാഡാ ദ്വീപിന്റെ ഒരറ്റത്ത്‌ നിന്ന് മറ്റേയറ്റത്തേക്ക്‌ റോഡ്‌ ഉണ്ടായിരുന്നില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ പ്രക്ഷേപണ നിലയം വന്നതിനെ തുടര്‍ന്ന് ടെലിഗ്രാഫ്‌ കമ്പനി ഒരു നാരോ ഗേജ്‌ റെയില്‍വേ ലൈന്‍ പണിയിച്ചു. ആ റെയിലുകളിലൂടെ ഓടിക്കാവുന്ന ട്രോളിയിലാണ്‌ ഇരുഭാഗങ്ങളിലേക്കും അത്യാവശ്യം യാത്ര ചെയ്യുന്നത്‌. നല്ല കാറ്റുള്ളപ്പോഴാണെങ്കില്‍ കപ്പലിലെന്നപോലെ പായ ഉപയോഗിക്കും. കാറ്റില്ലാത്ത സമയത്ത്‌ ഹാന്‍ഡ്‌ പമ്പും.

റീവും മര്‍ഡോക്കും കൂടി ആ മൃതദേഹം ട്രോളിയുടെ മദ്ധ്യത്തില്‍ കിടത്തി. റോറി അതിന്‌ സമീപം ഇരുന്നു. കാറ്റുപായ ഉയര്‍ത്തിയാണ്‌ അവര്‍ യാത്ര തുടങ്ങിയത്‌.

മൂന്ന് മൈല്‍ താണ്ടിയിരിക്കുന്നു. ഇനി ഇറക്കമാണ്‌. ദൂരെ മേരിസ്‌ ടൗണ്‍ കാഴ്ചയില്‍ തെളിഞ്ഞ്‌ തുടങ്ങി. അവിടവിടെയായി കാണപ്പെടുന്ന കുറച്ച്‌ വീടുകള്‍, ഹര്‍ബറിലേക്ക്‌ തിരിയുന്ന തെരുവുകള്‍ എന്നിവ കൂടുതല്‍ വ്യക്തമായി കണ്ടു തുടങ്ങി. അഞ്ചോ ആറോ മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറില്‍ കിടക്കുന്നുണ്ടായിരുന്നു.

ഒരു കൈ പാമരത്തില്‍ പിടിച്ച്‌ കൊണ്ട്‌ മര്‍ഡോക്ക്‌ കടലിലേക്ക്‌ നോക്കി. "ദേ, അത്‌ കണ്ടോ അഡ്‌മിറല്‍... ഒരു ബോട്ട്‌ ഹാര്‍ബറിലേക്ക്‌ വരുന്നുണ്ടല്ലോ... പതാക കണ്ടിട്ട്‌ അമേരിക്കനാണെന്ന് തോന്നുന്നു. കണ്ണ്‌ അത്ര നന്നായിട്ട്‌ പിടിക്കുന്നില്ല. വയസ്സായില്ലേ..."

റീവ്‌ തന്റെ പോക്കറ്റില്‍ നിന്ന് ടെലിസ്‌കോപ്പ്‌ എടുത്ത്‌ ഫോക്കസ്‌ ചെയ്തു. "താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌. അമേരിക്കന്‍ ബോട്ട്‌ തന്നെ..." ബോട്ട്‌ കുറച്ച്‌ കൂടി അടുത്തെത്തിയപ്പോള്‍ റീവ്‌ അതിന്റെ പേര്‍ വായിച്ചു. "ഡെഡ്‌ എന്റ്‌..."

ടെലിസ്‌കോപ്പ്‌ തിരികെ പോക്കറ്റില്‍ വയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈ ആവേശം കൊണ്ട്‌ വിറയ്ക്കുണ്ടായിരുന്നു. "താങ്കള്‍ക്കറിയാമോ മര്‍ഡോക്ക്‌, ഈ ബോട്ടിന്റെ വരവ്‌ എന്റെ ഇനിയുള്ള ദിവസങ്ങളുടെ ഗതി മാറ്റി നിര്‍ണ്ണയിക്കും..."

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Thursday, July 23, 2009

സ്റ്റോം വാണിംഗ്‌ - 8

ജംഗേഴ്‌സിന്റെ ആക്രമണത്തിന്‌ ശേഷം കേടുപാടുകള്‍ വീക്ഷിക്കുന്നതിനായി ജാഗോ, ബോട്ടിന്റെ ബ്രിഡ്‌ജിലേക്ക്‌ കയറി. ജന്‍സണെ അവിടെ കണ്ടില്ല. പീരങ്കിയില്‍ ചാരി ഇരുന്ന് കൊണ്ട്‌ അദ്ദേഹം താഴേക്ക്‌ നോക്കി. പുകപടലങ്ങള്‍ മിക്കവാറും ശമിച്ചിരിക്കുന്നു. ഡെക്കിലെ അവശിഷ്ടങ്ങള്‍ വാരി കടലിലേക്ക്‌ കളഞ്ഞു കൊണ്ടിരിക്കുകയാണ്‌ ഹാര്‍വി ഗോള്‍ഡ്‌.

കോണി വഴി ജന്‍സണ്‍, ജാഗോയുടെ സമീപമെത്തി. കറുത്ത മുടിയുള്ള ഒരു അരോഗദൃഢഗാത്രന്‍. ചീഫ്‌ പെറ്റി ഓഫീസറാണെങ്കിലും തന്റെ കോട്ടില്‍ ബാഡ്‌ജുകളൊന്നും അണിഞ്ഞിരുന്നില്ല അദ്ദേഹമപ്പോള്‍. യുദ്ധത്തിന്‌ മുമ്പ്‌ അദ്ദേഹം ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി ലെക്‍ചററായിരുന്നു.

"ഒരു ഒറ്റയാനായിരുന്നുവത്‌. അല്ലേ ലെഫ്റ്റനന്റ്‌?..."

"ഒറ്റയാന്‍ തന്നെ." ജാഗോ പറഞ്ഞു. "ജംഗേഴ്‌സ്‌ 88S. അതും ഹെബ്രിഡ്‌സില്‍..."

"അതിന്റെ വേഗത കണ്ടിട്ട്‌ റെയ്‌ക്ക്‌ മാര്‍ഷലിന്റെ ഏറ്റവും പുതിയ മോഡലാണെന്ന് തോന്നുന്നു..."

"പക്ഷേ, അവരെന്തിനാണ്‌ ഈ നശിച്ച സ്ഥലത്ത്‌ വന്നത്‌?..."

"എനിക്കറിയില്ല.." ജന്‍സണ്‍ ആശ്വാസത്തോടെ തുടര്‍ന്നു. "ഞാന്‍ ഉള്ളില്‍ പോയി നോക്കി. കുഴപ്പമൊന്നുമില്ല. ബോട്ടിന്റെ പുറംഭാഗത്ത്‌ മാത്രമേ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളൂ. ആര്‍ക്കും പരിക്കൊന്നുമില്ല..."

"നന്നായി..." ജാഗോ പറഞ്ഞു. "ആ പുകമറ കൊണ്ടാണ്‌ നമ്മള്‍ രക്ഷപെട്ടത്‌..." അദ്ദേഹത്തിന്റെ വലത്‌ കൈ വിറക്കുന്നത്‌ പോലെ കാണപ്പെട്ടു. "നോക്കൂ, ഇന്നലെയല്ലെ നിങ്ങള്‍ പറഞ്ഞത്‌ നമുക്ക്‌ യുദ്ധം ചെയ്യുവാന്‍ ഇവിടെ കാലാവസ്ഥയല്ലാതെ മറ്റൊന്നുമില്ല എന്ന്...?

"അതെ... അതെക്കുറിച്ച്‌ മിസ്റ്റര്‍ ഹെയ്‌ഡ്‌ഗര്‍ പറഞ്ഞതെന്താണെന്നറിയുമോ താങ്കള്‍ക്ക്‌?..."

"എനിക്കറിയില്ല ജന്‍സണ്‍..."

"ജീവിതം വിജയകരമായി മുന്നോട്ട്‌ കൊണ്ടുപോകണമെങ്കില്‍ നാം എപ്പോഴും മരണവുമായി നേര്‍ക്ക്‌ നേര്‍ മല്ലിട്ടുകൊണ്ടിരിക്കണമെന്ന്..."

"കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഞാന്‍ മരണത്തെ നേര്‍ക്ക്‌ നേര്‍ കണ്ടുകൊണ്ടിരിക്കുകയണ്‌. പലപ്പോഴും തലനാരിഴക്കുള്ള രക്ഷപെടല്‍... ഹെയ്‌ഡ്‌ഗറെ എന്താ ചെയ്യേണ്ടതെന്ന് ഞാന്‍ പറഞ്ഞ്‌ തരാം..." ജാഗോ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. "നിങ്ങളും നിങ്ങളുടെ ഒരു ഹെയ്‌ഡ്‌ഗറും... പോകാന്‍ പറ അയാളോട്‌..."

ജാഗോ വളരെ ക്ഷീണിതനായിരുന്നു. പതുക്കെ വീല്‍ ഹൗസിലേക്ക്‌ ചെന്ന് അവിടുത്തെ കസേരയിലിരുന്നു. പീറ്റേഴ്‌സണ്‍ ആയിരുന്നു സ്റ്റിയറിംഗ്‌ വീലില്‍. യുദ്ധത്തിന്‌ മുമ്പ്‌ ഒരു ചരക്ക്‌ കപ്പലിലായിരുന്നു അദ്ദേഹത്തിന്‌ ജോലി, പത്ത്‌ വര്‍ഷത്തോളം.

"സുഖമല്ലേ പീറ്റേഴ്‌സണ്‍?...? ജാഗോ ചോദിച്ചു.

"യെസ്‌ ലെഫ്റ്റനന്റ്‌..."

ജാഗോ ചാര്‍ട്ട്‌ എടുത്തു. വളരെ പഴയതാണെങ്കിലും ഉപയോഗ യോഗ്യം തന്നെ. ബാറാ മുതല്‍ സ്‌കീ വരെയുള്ള ദ്വീപ്‌ സമൂഹങ്ങളുടേത്‌. ആ ശൃംഖലയിലെ തെക്കേ അറ്റത്തുള്ള ഫാഡാ ദ്വീപിലേക്കാണവര്‍ക്ക്‌ പോകേണ്ടത്‌. വാതില്‍ തള്ളിത്തുറന്ന് ഒരു കപ്പ്‌ കാപ്പിയുമായി ജന്‍സണ്‍ പ്രവേശിച്ചു.

"വല്ലാത്തൊരു സ്ഥലം തന്നെയിത്‌..." ചാര്‍ട്ട്‌ മടക്കി വച്ചുകൊണ്ട്‌ ജാഗോ പറഞ്ഞു. "ക്രമരഹിതമായ കാലാവസ്ഥ എപ്പോഴും. യൂസ്റ്റിന്റെ തെക്ക്‌ ഭാഗത്തുള്ള ദ്വീപുകളെ ശ്മശാനം എന്ന് തന്നെ പറയാം. ഡേയ്‌ഞ്ചറസ്‌ സോണ്‍ എന്നാണ്‌ ചാര്‍ട്ടില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്‌..."

വാതിലില്‍ ചാരി നിന്ന് ജന്‍സണ്‍ തന്റെ പൈപ്പില്‍ പുകയില നിറക്കാന്‍ തുടങ്ങി. "മലേയ്‌ഗില്‍ നിന്ന് പുറപ്പെടുന്നതിന്‌ മുമ്പ്‌ ഞാന്‍ ചില മുക്കുവരോട്‌ സംസാരിച്ചിരുന്നു. കാലാവസ്ഥ മോശമാണെങ്കില്‍ ഫാഡാ ദ്വീപിന്‌ ചിലപ്പോള്‍ ഒരാഴ്ചയോളം പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ലെന്നാണ്‌..."

"അറ്റ്‌ലാന്റിക്കില്‍ കൊടുങ്കാറ്റ്‌ രൂപം കൊള്ളുമ്പോഴാണ്‌ എറ്റവും ദുരിതം. ശൈത്യകാലം കൂടിയാകുമ്പോള്‍ അത്‌ പറയുകയും വേണ്ട..." ജാഗോ പറഞ്ഞു.

"അങ്ങനെയുള്ള ഈ നരകത്തില്‍ പിന്നെ അഡ്‌മിറല്‍ റീവ്‌ എന്താണ്‌ ചെയ്യുന്നത്‌?..."

"എനിക്കറിയില്ല ജന്‍സണ്‍... അദ്ദേഹം ഇവിടെയുണ്ടെന്നറിയുന്നത്‌ തന്നെ അദ്ദേഹത്തിനുള്ള സന്ദേശം എത്തിക്കാനായി എന്നെ ഏല്‍പ്പിച്ചപ്പോഴാണ്‌. നേവല്‍ ഇന്റലിജന്‍സിന്റെ ആക്ഷന്‍ ഡിവിഷന്‍ ഡയറക്ടറായിരുന്നു അദ്ദേഹം. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വെന്നര്‍ എന്ന നോര്‍വീജിയന്‍ കപ്പല്‍ ജര്‍മ്മന്‍ ടോര്‍പ്പിഡോ ബോട്ടുകള്‍ തകര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‌ നഷ്ടപ്പെട്ടത്‌ തന്റെ വലത്‌ കണ്ണ്‌. കൂടാതെ ഇടത്‌ കൈയുടെ സ്വാധീനവും..."

"ദുര്‍വിധി അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നുവെന്ന് പറയാം. മിഡ്‌വേയില്‍ വച്ച്‌ മുങ്ങിയ ഒരു യുദ്ധക്കപ്പലില്‍ നിന്ന് യോര്‍ക്ക്‌ ടൗണ്‍ എന്ന മറ്റൊരു കപ്പലാണ്‌ അദ്ദേഹത്തെ രക്ഷിച്ചത്‌. എന്നാല്‍ ആ കപ്പലോ, അദ്ദേഹത്തെയും കൊണ്ട്‌ വീണ്ടും മുങ്ങി..."

"അത്‌ വെറുതെ... നിങ്ങള്‍ ആവേശം കൊണ്ട്‌ പറയുന്നതല്ലേ ജന്‍സണ്‍?..."

"അല്ല ലെഫ്റ്റനന്റ്‌... നോക്കൂ, നമ്മള്‍ വേറെ ആരെക്കുറിച്ചുമല്ല പറയുന്നത്‌. നമ്മുടെ നേവിക്ക്‌ മഹത്തായ ഒരു ചരിത്രമുണ്ടാക്കിത്തന്നത്‌ അദ്ദേഹമാണ്‌. ഏതൊരു നേവല്‍ ഓഫീസര്‍ക്കും അനുകരണീയനായ ഒരു മാതൃകാ പുരുഷന്‍..."

"ജന്‍സന്‍..." ജാഗോ പറഞ്ഞു. "ദയവു ചെയ്ത്‌ ഒന്ന് പോയിത്തരാമോ ഇവിടുന്ന്‌?..."

ജന്‍സണ്‍ പുറത്തേക്ക്‌ പോയി. ജാഗോ എഴുനേറ്റ്‌ പീറ്റേഴ്‌സന്റെ അടുത്തേക്ക്‌ ചെന്നു. "പോകൂ... നിങ്ങളും പോകൂ.... ഞാന്‍ ഓടിച്ചോളാം..."

"ഓ.കെ ലഫ്റ്റനന്റ്‌..."

പീറ്റേഴ്‌സണ്‍ പുറത്തേക്ക്‌ നടന്നു. ജാഗോ മറ്റൊരു സിഗരറ്റിന്‌ തീ കൊളുത്തി. വിരലുകളുടെ വിറയല്‍ നിന്നിരിക്കുന്നു. അടുത്ത തിരമാലയുടെ മുകളിലൂടെ കുതിക്കുമ്പോള്‍ ബോട്ടിന്റെ ജനലില്‍ മഴ ശക്തിയായി അടിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങളായി തന്റെ സന്തത സഹചാരിയായ പുറം വേദനയേയും ക്ഷീണത്തെയും അവഗണിച്ച്‌ അദ്ദേഹം ഉന്മേഷവാനാകാന്‍ ശ്രമിച്ചു.


ഇരുപത്തിയഞ്ച്‌ വയസ്സേ ഉള്ളുവെങ്കിലും ഒരു പത്ത്‌ വയസ്സെങ്കിലും കൂടുതല്‍ തോന്നിച്ചിരുന്നു ഹാരി ജാഗോയ്‌ക്ക്‌. 1941 ല്‍ യേലില്‍ വച്ച്‌ അമേരിക്കന്‍ നേവിയില്‍ ചേര്‍ന്നതാണദ്ദേഹം. അധികം വൈകാതെ തന്നെ സ്ക്വാഡ്രന്‍-2 ല്‍ ചേര്‍ന്ന് പട്രോള്‍ ടോര്‍പ്പിഡോ ബോട്ടുകളില്‍ ജോലി ചെയ്തു. ആറു മാസത്തെ ഗ്വാഡല്‍ യുദ്ധത്തിന്‌ ശേഷം പത്തൊമ്പതാമത്തെ വയസ്സില്‍ ലെഫ്റ്റനന്റ്‌ പദവി. പിന്നീട്‌ സ്ക്വാഡ്രണ്‍-2 നോടൊപ്പം ഫ്രഞ്ച്‌ തീരത്തേക്ക്‌. ജര്‍മ്മന്‍ കപ്പലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അദ്ദേഹം രക്ഷപെട്ടത്‌ അത്ഭുതകരമാംവണ്ണമായിരുന്നു.

ലിംബേ ചാനല്‍ കടന്നു കൊണ്ടിരുന്ന അമേരിക്കന്‍ കോണ്‍വോയ്‌ ജര്‍മ്മന്‍ കപ്പലുകളാല്‍ ആക്രമിക്കപ്പെട്ടപ്പോഴാണ്‌ ഹാരി ജാഗോയുടെ കാലക്കേട്‌ ആരംഭിച്ചത്‌. പോര്‍ട്ട്‌സ്‌ മൗത്തില്‍ നിന്ന് മെയിലുമായി വന്ന ജാഗോയ്‌ക്ക്‌ നേരിടേണ്ടി വന്നത്‌ ആറ്‌ ക്രീഗ്‌സ്‌മറീനുകളെയാണ്‌ (ജര്‍മന്‍ യുദ്ധക്കപ്പല്‍). പത്ത്‌ മിനിറ്റ്‌ നീണ്ട്‌ നിന്ന ഏറ്റുമുട്ടലില്‍ ഒന്നിനെ അദ്ദേഹം കടലില്‍ താഴ്‌ത്തി. മറ്റൊന്നിന്‌ കാര്യമായ കേടുപാടുകള്‍ വരുത്തി. പക്ഷേ അദ്ദേഹത്തിന്‌ തന്റെ അഞ്ച്‌ സഹപ്രവര്‍ത്തകരെയാണ്‌ നഷ്ടമായത്‌. മാത്രമല്ല, അദ്ദേഹത്തിന്റെ ഇടത്‌ തുടയില്‍ ഷെല്ലുകള്‍ തുളച്ച്‌ കയറുകയും വലത്തേ കവിളില്‍ അഗാധമായ മുറിവേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് ആഗസ്റ്റില്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തെ വരവേറ്റത്‌ പുതിയൊരു ജോലിയായിരുന്നു. ഒരു പോസ്റ്റ്‌മാന്റെ ജോലി. ഹെബ്രിഡ്‌സില്‍ നിന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക്‌ റോയല്‍ നേവിയുടെ ഒരു മോട്ടോര്‍ ഗണ്‍ ബോട്ടില്‍. ഇരുപത്‌ നോട്ടിക്കല്‍ മൈലില്‍ അധികം സ്പീഡെടുത്താല്‍ ഓരോരോ ഭാഗങ്ങളായി തെറിച്ച്‌ പോകാന്‍ തുടങ്ങുന്ന ഒരു പഴഞ്ചന്‍ ബോട്ട്‌. മുമ്പത്തെ ഉടമ കൊടുത്തിരുന്ന ഡെഡ്‌ എന്റ്‌ എന്ന പേര്‍ അതിന്റെ ബ്രിഡ്‌ജ്‌ റെയിലിന്റെ താഴെ ഇപ്പോഴും കാണാം.

ശക്തിയായ മഴ ബോട്ടിന്റെ ജനാലയില്‍ വന്നടിച്ചപ്പോള്‍ ജാഗോ സ്പീഡ്‌ കൂട്ടി. സ്റ്റിയറിങ്ങിന്റെ വിറയല്‍ അദ്ദേഹത്തിന്റെ കൈയില്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഈ കടലാണ്‌ അദ്ദേഹത്തിനെല്ലാം ഇപ്പോള്‍, മറ്റ്‌ എന്തിനേക്കാളുമുപരി. യുദ്ധം അദ്ദേഹത്തിന്‌ കനിഞ്ഞ്‌ നല്‍കിയ നിയോഗം. പക്ഷേ യുദ്ധം എന്ന് പറയുന്നത്‌ അനന്തമായി നീളില്ലല്ലോ...

"ഈ യുദ്ധം അവസാനിച്ചാല്‍ പിന്നെ എനിക്കെന്തായിരിക്കും ജോലി...?" അദ്ദേഹം പതുക്കെ തന്നോട്‌ തന്നെ ചോദിച്ചു....

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, July 14, 2009

സ്റ്റോം വാണിംഗ്‌ - 7

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍
ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 9. അക്ഷാംശം 25.01 നോര്‍ത്ത്‌, രേഖാംശം 30.46 വെസ്റ്റ്‌. ബെലേമില്‍ നിന്ന് പുറപ്പെട്ടിട്ട്‌ ഇന്ന് പതിനാല്‌ ദിവസമായിരിക്കുന്നു. കാറ്റിന്റെ വേഗത NW : 6-8. പന്ത്രണ്ട്‌ നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ്‌ ഇപ്പോള്‍ യാത്ര. കഴിഞ്ഞ ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ 228 മൈല്‍ പിന്നിട്ടിരിക്കുന്നു. ബെലേമില്‍ നിന്ന് യാത്ര ആരംഭിച്ചത്‌ മുതല്‍ തന്നെ കടല്‍ച്ചൊരുക്ക്‌ മൂലം മിസിസ്‌ പ്രേയ്‌ഗര്‍ അവശതയിലാണ്‌. ഇടക്കിടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അവരുടെ അസുഖം ഞങ്ങളെ ഉത്‌കണ്ഠാകുലരാക്കുന്നു. വൈകുന്നേരത്തോടെ ശക്തിയായ മഴ തുടങ്ങി.


ഡോയ്‌ഷ്‌ലാന്റ്‌ അതിന്റെ യാത്ര തുടരുന്നതിനിടയില്‍ പ്രിയ വായനക്കാരെ നോവലിസ്റ്റ്‌ മറ്റൊരിടത്തേക്ക്‌ കൊണ്ടുപോകുകയാണ്‌. അറ്റ്‌ലാന്റിക്കിന്റെ വടക്കേയറ്റത്ത്‌ സ്കോട്ട്‌ലാന്റിന്‌ സമീപത്തേക്ക്‌. കൂടുതല്‍ കഥാപാത്രങ്ങളെ പരിചയപ്പെടുവാന്‍ എല്ലാ വായനക്കാരെയും ഞാന്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

അദ്ധ്യായം - രണ്ട്‌

ഇംഗ്ലണ്ടിന്‌ വടക്ക്‌ പടിഞ്ഞാറ്‌ അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തിലെ ഹെബ്രിഡ്‌സ്‌ പ്രദേശം. വെതര്‍ ഫൊര്‍കാസ്റ്റില്‍ പറഞ്ഞതിനേക്കാള്‍ മോശമായ കാലാവസ്ഥയാണ്‌ പ്രഭാതത്തില്‍ തന്നെ. കാറ്റ്‌ 5-6 എന്ന നിലയില്‍ വീശുന്നു. (0 ശാന്തതയേയും 12 കൊടുങ്കാറ്റിനെയും സൂചിപ്പിക്കുന്നു.) മഴ അതിശക്തമായി കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. സ്‌കീയുടെ വടക്ക്‌ പടിഞ്ഞാറന്‍ തീരങ്ങളിലും ഏതാണ്ട്‌ ഇതേ കാലാവസ്ഥ തന്നെ.

അവിടവിടെയായി വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന കടല്‍പ്പക്ഷികളെ മാറ്റിനിര്‍ത്തിയാല്‍ അവിടെ ചരിച്ചുകൊണ്ടിരിക്കുന്ന ഏകവസ്തു ആ മോട്ടോര്‍ ബോട്ട്‌ മാത്രമാണ്‌. വടക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ 'ബറാ'യിലേക്ക്‌ പോകുന്ന ബോട്ടിന്റെ നീലയും ചുവപ്പുമുള്ള നക്ഷത്രങ്ങളും വരകളും ചേര്‍ന്ന അമേരിക്കന്‍ പതാക ആ മങ്ങിയ പ്രഭാതത്തില്‍ ഒറ്റ നിറമായി തോന്നി.

സമയം 9:30 ആയിരിക്കുന്നു. സൂര്യോദയം 6:15 ന്‌ തന്നെയായിരുന്നെങ്കിലും ദൂരക്കാഴ്ച ഇപ്പോഴും വളരെ മോശം തന്നെ. അപ്രതീക്ഷിതമായി ആകാശത്ത്‌ നിന്ന് ഒരു ജംഗേഴ്‌സ്‌-88S (ജര്‍മ്മന്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം) താഴ്‌ന്ന് പറന്നു വന്നത്‌ ബോട്ടിലുള്ള ആര്‍ക്കും കാണുവാന്‍ സാധിച്ചില്ല. ആദ്യത്തെ വെടിയുണ്ട ബോട്ടിന്റെ ഇടത്‌ വശത്ത്‌ നിന്ന് വെറും 13 വാര അകലെ കടലില്‍ പതിച്ചു. രണ്ടാമത്തെ റൗണ്ടില്‍ അതിന്റെ മെഷീന്‍ ഗണ്ണില്‍ നിന്നും ഉതിര്‍ന്ന വെടിയുണ്ടകള്‍ തുരുതുരാ ബോട്ടിന്റെ ഡെക്കില്‍ ശക്തിയോടെ വന്ന് തറച്ചു.

ഒരു മണിക്കൂറെങ്കിലും ഉറക്കത്തിനായി തന്റെ ബങ്കില്‍ കിടന്നിരുന്ന ഹാരി ജാഗോ പെട്ടെന്ന് ഞെട്ടിയെഴുനേറ്റ്‌ ഇടനാഴിയിലൂടെ ഡെക്കിലേക്ക്‌ കുതിച്ചു. വിമാനവേധ പീരങ്കികള്‍ പ്രവര്‍ത്തിപ്പിച്ച്‌ കൊണ്ടിരുന്ന സഹപ്രവര്‍ത്തകരോടൊപ്പം ചേരാന്‍ അദ്ദേഹത്തിന്‌ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ.

ജംഗേഴ്‌സ്‌ മൂന്നാമത്തെ റൗണ്ടെടുത്ത്‌ അടുത്തെത്തിയപ്പോള്‍ ഡെക്കില്‍ നിന്ന് കനത്ത ഇരുണ്ട പുക ഉയര്‍ന്നു. തന്റെ പിന്നില്‍ ഡെക്കില്‍ വെടിയുണ്ടകള്‍ വന്ന് തറയ്ക്കുമ്പോഴും ജാഗോ പീരങ്കികള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു.

ഏതാണ്ട്‌ 400 മൈല്‍ വേഗതയിലാണ്‌ ജംഗേഴ്‌സ്‌ കടന്ന് പോയിരുന്നത്‌. അരികത്തുള്ള ജന്‍സണോടൊപ്പം പീരങ്കിയുമായി ആകാശത്തേക്ക്‌ വെടിയുണ്ടകള്‍ വര്‍ഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കറുത്ത പുകച്ചുരുകള്‍ക്ക്‌ മുകളിലൂടെ ജംഗേഴ്‌സ്‌ അകലേക്ക്‌ ഊളിയിട്ട്‌ പോയി.

പീരങ്കിയുടെ ഹാന്റിലില്‍ പിടിച്ച്‌ നിരാശയോടെ ജാഗോ ഒരു നിമിഷം അവിടെത്തന്നെയിരുന്നു. പിന്നെ എഴുനേറ്റ്‌ വിമാനവേധ പീരങ്കികളുടെ ഇന്‍ ചാര്‍ജ്‌ ഹാര്‍വി ഗോള്‍ഡിനോട്‌ പറഞ്ഞു. "ഷൂട്ട്‌ ചെയ്യാന്‍ അഞ്ച്‌ സെക്കന്റ്‌ വൈകിപ്പോയി നിങ്ങള്‍..."

ഹാര്‍വി അസ്വസ്ഥനായി. "ഇനി അങ്ങനെ സംഭവിക്കാതെ നോക്കാം ലെഫ്റ്റനന്റ്‌..."

"ബീ കെയര്‍ഫുള്‍ നെക്‍സ്റ്റ്‌ റ്റൈം... കാരണം ഹെബ്രിഡ്‌സ്‌ പ്രദേശത്ത്‌ വച്ച്‌ കൊല്ലപ്പെട്ടു എന്ന് കേട്ടാല്‍ ആള്‍ക്കാര്‍ ചിരിക്കും... " ഒരു സിഗരറ്റ്‌ എടുത്ത്‌ ചുണ്ടില്‍ വച്ച്‌ പുഞ്ചിരിയോടെ ജാഗോ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * *


രാവിലെ 9:30ന്‌ നടത്തിയ ആക്രമണം ജംഗേഴ്‌സ്‌ 88Sന്റെ പൈലറ്റ്‌ ക്യാപ്റ്റന്‍ ഹോസ്റ്റ്‌ നെക്കര്‍ തന്റെ ലോഗ്‌ ബുക്കില്‍ കൃത്യമായി രേഖപ്പെടുത്തിയെങ്കിലും ദിനംതോറുമുള്ള തന്റെ നിരീക്ഷണ പറക്കലിനിടയില്‍ ആ ആക്രമണത്തിന്‌ അത്ര വലിയ പ്രാധാന്യമൊന്നും അദ്ദേഹം കൊടുത്തില്ല. കുറച്ച്‌ നാള്‍ മുമ്പ്‌ ലണ്ടന്‍ നഗരത്തില്‍ രാത്രികളില്‍ വിജയകരമായി നടത്തിയ ബോംബിങ്ങിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഗ്രൂപ്പ്‌ 1-കെ.ജി.66 ന്റെ ഏറ്റവും മികച്ച പാത്ത്‌ ഫൈന്‍ഡറായി നിയമിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ രണ്ട്‌ മാസം മുമ്പ്‌ KNIGHT'S CROSS എന്ന അപൂര്‍വ്വ ബഹുമതി അദ്ദേഹത്തിന്‌ ലഭിച്ചത്‌.

പിന്നീട്‌ അദ്ദേഹത്തെ നിയോഗിച്ചത്‌ ട്രോണ്‍ദേമിലുള്ള കെ.ജി.40ലേക്കാണ്‌. അവിടെ വച്ചാണ്‌ ഏത്‌ കാലാവസ്ഥക്കും അനുയോജ്യമായ എന്‍ജിനുകളുള്ള 400 മൈല്‍ വേഗതയില്‍ പറപ്പിക്കാവുന്ന ജംഗേഴ്‌സ്‌ 88S അദ്ദേഹത്തിന്‌ നല്‍കിയത്‌.

അന്ന് രാവിലെ അദ്ദേഹത്തിന്റെ നിരീക്ഷണപ്പറക്കിലിന്‌ ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. പുറപ്പെടുന്ന കൃത്യദിനം അറിയില്ലെങ്കിലും ലിവര്‍പൂളില്‍നിന്ന് കോണ്‍വോയ്‌ സിസ്റ്റമായി റഷ്യയിലേക്ക്‌ പോകുന്ന കപ്പലുകളെ ആക്രമിക്കുക. മുപ്പതിനായിരം അടി ഉയരത്തില്‍ സ്‌കോട്ട്‌ലണ്ടിന്‌ മുകളിലൂടെ പറന്ന് ഹെബ്രിഡ്‌സ്‌ പ്രദേശത്ത്‌ രണ്ട്‌ മണിക്കൂര്‍ റോന്ത്‌ ചുറ്റിയെങ്കിലും കോണ്‍വോയ്‌ കണ്ടെത്താനായില്ല.

മേഘങ്ങളുടെ അടിഭാഗം കാണണമെന്ന ബാലിശമായ ഉദ്ദേശ്യത്തോടെയാണ്‌ അദ്ദേഹം വിമാനം താഴ്‌ത്തിയത്‌. അപ്പോഴായിരുന്നു ആ അമേരിക്കന്‍ മോട്ടോര്‍ ബോട്ട്‌ കണ്ണില്‍പ്പെട്ടതും ആക്രമിക്കാന്‍ തോന്നിയതും.

രണ്ടാമത്തെ ആക്രമണത്തിന്‌ ശേഷം മുകളിലേക്ക്‌ കുതിച്ചപ്പോള്‍ നാവിഗേറ്ററായ റുഡി ഹബ്‌നര്‍ ചിരിച്ച്‌ കൊണ്ട്‌ പറഞ്ഞു... "അതിന്റെ കഥ കഴിഞ്ഞുവെന്ന് തോന്നുന്നു ക്യാപ്റ്റന്‍... അതില്‍ നിന്ന് കുറേ പുക വരുന്നത്‌ കണ്ടു..."

"താങ്കളെന്ത്‌ പറയുന്നു ക്രാണ്‍സ്‌? ..." ചാര്‍ജ്‌മാനോട്‌ നെക്കര്‍ ചോദിച്ചു.

"അത്‌ അവര്‍ തന്നെ ഉണ്ടാക്കിയ പുകയാണെന്ന് തോന്നുന്നു. അവരത്ര മണ്ടന്മാരൊന്നുമല്ല. എന്തായാലും ബ്രിട്ടിഷ്‌ ബോട്ടല്ല. രണ്ടാം വട്ടം നമ്മള്‍ പാസ്‌ ചെയ്തപ്പോള്‍ അമേരിക്കന്‍ പതാക ഞാന്‍ വ്യക്തമായി കണ്ടു. എന്റെ സഹോദരന്‍ ഏണസ്റ്റ്‌ ആണോ എന്തോ..." അയാള്‍ ദുഃഖത്തോടെ പറഞ്ഞു. അവന്‍ അമേരിക്കന്‍ നേവിയിലാണ്‌. ഞാനത്‌ നിങ്ങളോട്‌ പറഞ്ഞിട്ടുണ്ടോ?

വയര്‍ലെസ്‌ ഓപ്പറേറ്റര്‍ ഷ്‌മിഡ്‌ട്‌ ചിരിച്ചു. "അന്ന് നമ്മള്‍ ലണ്ടനില്‍ കുറച്ച്‌ കപ്പലുകള്‍ തകര്‍ത്തപ്പോള്‍ നിങ്ങളിത്‌ പറഞ്ഞു. ചുരുങ്ങിയതിപ്പോള്‍ ഒരു അമ്പത്തേഴ്‌ പ്രാവശ്യമെങ്കിലും പറഞ്ഞു കാണും... നിങ്ങള്‍ പറയുന്നത്‌ കേട്ടാല്‍ തോന്നും ഞങ്ങള്‍ക്കൊക്കെ മറവി രോഗമാണെന്ന്..."

ക്രാണ്‍സിനെ കൂടുതല്‍ വിഷമിപ്പിക്കാനായി ഹബ്‌നര്‍ ചോദിച്ചു. "എന്ത്‌ പറയുന്നു ക്യാപ്റ്റന്‍, ചിലപ്പോള്‍ അത്‌ ഏണസ്റ്റ്‌ ആയിരിക്കാം അല്ലേ?..."

'അതേ' എന്ന് പറയാന്‍ വന്നതാണ്‌ നെക്കര്‍. എന്നാല്‍ ആ പാവത്തിന്റെ മുഖം കണ്ടപ്പോള്‍ മനസ്സ്‌ മാറി. "ഏയ്‌, അത്‌ അവനാകാന്‍ വഴിയില്ല... അതെന്തെങ്കിലുമാകട്ടെ, നമുക്കിപ്പോള്‍ ഈ നശിച്ച സ്ഥലത്ത്‌ നിന്ന് തിരിച്ച്‌ പോകാം..."

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും...)

Tuesday, July 7, 2009

സ്റ്റോം വാണിംഗ്‌ - 6

പുലര്‍ച്ചെ രണ്ട്‌ മണിയോട്‌ അടുത്തിരിക്കുന്നു. ബെര്‍ഗര്‍ തന്റെ ക്യാബിനില്‍ നിന്ന് ക്വാര്‍ട്ടര്‍ ഡെക്കിലേക്കിറങ്ങിയപ്പോള്‍ മഴ പൂര്‍വ്വാധികം ശക്തിയോടെ പെയ്യുന്നുണ്ടായിരുന്നു. താഴെ ഡെക്കില്‍ തന്റെ ക്രൂവില്‍ പെട്ട എല്ലാവരും തന്നെ അണിനിരന്നിരിക്കുന്നു. ഡെക്കില്‍ മുനിഞ്ഞു കത്തിയിരുന്ന വിളക്കുകളുടെ മങ്ങിയ വെട്ടത്തില്‍ അവരുടെ വിളറിയ മുഖങ്ങള്‍ ബെര്‍ഗര്‍ ശ്രദ്ധിച്ചു.

അല്‍പ്പം മുന്നോട്ടാഞ്ഞ്‌ ഡെക്കിലെ മരപ്പടിയില്‍ പിടിച്ചുകൊണ്ട്‌ അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ അവരോട്‌ സംസാരിച്ചുതുടങ്ങി.

"അധികമൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ ഇപ്പോഴത്തെ സാഹചര്യം. എനിക്കൊന്നും നിങ്ങളോട്‌ മറച്ച്‌ വയ്ക്കാനില്ല... അസാദ്ധ്യമായ ഒരു യാത്ര... എങ്കിലും നമുക്കത്‌ സാധിക്കും... നിങ്ങള്‍ എന്നോടൊപ്പമുണ്ടെങ്കില്‍... അസാദ്ധ്യമായത്‌ ഒന്നും തന്നെയില്ല്ല... എനിക്കും നിങ്ങള്‍ക്കും ഈ പഴഞ്ചന്‍ ഡോയ്‌ഷ്‌ലാന്റിനും..."

സംഘാംഗങ്ങള്‍ക്കിടയില്‍ ചെറിയ ഒരു ചലനം മാത്രം. ആരും ഒന്നും ഉരിയാടാന്‍ മുതിര്‍ന്നില്ല.

ബെര്‍ഗര്‍ ദൃഢസ്വരത്തില്‍ തുടര്‍ന്നു. "നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം... ഇപ്രാവശ്യം നാം കൊണ്ടുപോകുന്നത്‌ ചരക്കല്ല, യാത്രക്കാരെയാണ്‌. റിയോയിലുള്ള നമ്മുടെ എംബസിയിലെ അസിസ്റ്റന്റ്‌ കോണ്‍സല്‍ ഹേര്‍ പ്രേയ്‌ഗറും അദ്ദേഹത്തിന്റെ ഭാര്യയും പിന്നെ നെഗ്രോയിലെ ഒരു മിഷനിലെ അഞ്ച്‌ കന്യാസ്ത്രീകളും..."

അദ്ദേഹം ഒന്ന് നിറുത്തി. കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം മാത്രമേ അപ്പോള്‍ അവിടെ കേള്‍ക്കാമായിരുന്നുള്ളൂ. "കന്യാസ്ത്രീകള്‍..." അദ്ദേഹം തുടര്‍ന്നു. "നാട്ടിലേക്കുള്ള ദൈര്‍ഘ്യമേറിയ യാത്ര. കന്യാസ്ത്രീകള്‍ ആയിപ്പോയി എന്നതുകൊണ്ട്‌ അവര്‍ സ്ത്രീകള്‍ അല്ലാതാകുന്നില്ല... ഞാന്‍ ഇപ്പോഴേ പറയുന്നു.... അതിര്‍ത്തി ലംഘിക്കുന്നവന്‍ ആരായാലും ശരി... എന്റെ തോക്കിലെ വെടിയുണ്ട അവന്റെ നെഞ്ചിലൂടെ കടന്ന് പോയിരിക്കും. എന്നിട്ടത്‌ ലോഗ്‌ ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്യും."

അദ്ദേഹം അല്‍പ്പം പിന്നോട്ട്‌ നിവര്‍ന്ന് എല്ലാവരെയും വീക്ഷിച്ചു. "ഇനി എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്ക്‌ ..."

ബെര്‍ഗര്‍ തന്റെ ചുരുങ്ങിയ സന്ദേശം അവസാനിപ്പിച്ച്‌ പിറകോട്ട്‌ തിരിഞ്ഞു.

"സര്‍ ..." സെക്കന്റ്‌ ഇന്‍ കമാന്റ്‌ ലെഫ്റ്റനന്റ്‌ ജോവാന്‍ സ്റ്റേം അദ്ദേഹത്തിനടുത്തെത്തി. സുമുഖനായ ആ യുവാവ്‌ മൂന്ന് ദിവസം മുന്‍പാണ്‌ തന്റെ ഇരുപതാമത്തെ ജന്മദിനം ആഘോഷിച്ചത്‌. റിക്ടറെ പോലെ തന്നെ അയാളും ഒരു സബ്‌മറീനില്‍ ജോലി ചെയ്തിട്ടുണ്ട്‌, സെക്കന്റ്‌ വാച്ച്‌ ഓഫീസറായി.

"എല്ലാം ഓ.കെ അല്ലേ മിസ്റ്റര്‍ സ്റ്റേം?..." ബെര്‍ഗര്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

"അതേ സര്‍..." വളരെ ശാന്തമായിരുന്നു സ്റ്റേമിന്റെ ശബ്ദം. "പ്രേയ്‌ഗര്‍ റിയോയില്‍ നിന്ന് കൊണ്ടുവന്ന വയര്‍ലെസ്‌ ട്രാന്‍സ്‌മിറ്റര്‍ താങ്കള്‍ പറഞ്ഞത്‌ പോലെ ഭദ്രമായി സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്‌. പക്ഷേ അതുകൊണ്ട്‌ വലിയ ഗുണമൊന്നുമുണ്ടാകുമെന്ന് തോന്നുന്നില്ല. വളരെ ചെറിയ റേഞ്ചേ കിട്ടൂ..."

"ആഹ്‌.. ഉള്ളത്‌ തന്നെ ധാരാളം... " ബെര്‍ഗര്‍ പറഞ്ഞു. "നമ്മുടെ യാത്രികരോ?... പറഞ്ഞത്‌ പോലെ അവരെ താഴെ ഇരുത്തിയില്ലേ?..."

"യെസ്‌ സര്‍..." അവന്‍ പുഞ്ചിരിച്ചു.

പെട്ടെന്ന് ഇരുട്ടില്‍ നിന്ന് വെളുത്ത ഒരു രൂപം പുറത്തേക്ക്‌ വന്നു. സിസ്റ്റര്‍ ആഞ്ചലയായിരുന്നുവത്‌. ബെര്‍ഗര്‍ അസ്വസ്ഥതയോടെ സ്റ്റേമിനെ നോക്കി. "ഇതാണോ എല്ലാം ഓ.കെ ആണെന്ന് പറഞ്ഞത്‌?..."

"നാം പുറപ്പെടുകയാണോ ക്യാപ്റ്റന്‍? ഞാനത്‌ കണ്ടുകൊണ്ട്‌ ഇവിടെ നില്‍ക്കുന്നതില്‍ വിരോധമുണ്ടോ?.." സിസ്റ്റര്‍ ആഞ്ചലയ്ക്ക്‌ സന്തോഷം അടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

ബെര്‍ഗര്‍ അവരെ നിസ്സഹായതയോടെ മിഴിച്ചുനോക്കി. അദ്ദേഹത്തിന്റെ തൊപ്പിയില്‍ നിന്നും മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. പിന്നെ സ്റ്റേമിന്‌ നേരെ തിരിഞ്ഞു. "മുന്നിലും പിറകിലും ഉള്ള പായകള്‍ നിവര്‍ത്തിക്കോളൂ. എന്നിട്ട്‌ നങ്കൂരം പതുക്കെ ഉയര്‍ത്തൂ..."

ബെര്‍ഗറുടെ ആജ്ഞകള്‍ സ്റ്റേം മറ്റുള്ളവര്‍ക്ക്‌ അപ്പോഴപ്പോള്‍ കൈമാറിക്കൊണ്ടിരുന്നു. ഡെക്കില്‍ ആകെപ്പാടെ ഒരു ഉത്സാഹം കാണപ്പെട്ടു. നാല്‌ പേര്‍ ചേര്‍ന്ന് മുന്നിലെ പായ്‌ക്കയര്‍ വലിച്ചു. സാവധാനം ആ പായ മുഴുവനായി വിടര്‍ന്നു. അടുത്ത നിമിഷം ഡെക്കില്‍ നങ്കൂരം വലിച്ച്‌ കയറ്റുന്ന ശബ്ദം കേള്‍ക്കാനായി.

റിക്ടറിനായിരുന്നു സ്റ്റിയറിംഗ്‌ വീലിന്റെ നിയന്ത്രണം. ഇതെല്ലാം സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന ആഞ്ചലക്ക്‌ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നതായി തോന്നിയില്ല. പിന്നീടാണ്‌ മഴച്ചാറലിനിടയിലൂടെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പതുക്കെ ചലിച്ചുതുടങ്ങുന്നത്‌ അത്ഭുതത്തോടെ അവര്‍ കണ്ടത്‌.
"നാം നീങ്ങിക്കൊണ്ടിരിക്കുന്നു ക്യാപ്റ്റന്‍ ... നാം നീങ്ങിക്കൊണ്ടിരിക്കുന്നു..." ഒരു കൊച്ചുകുട്ടിയെപ്പോലെ സിസ്റ്റര്‍ ആഞ്ചല വിളിച്ചു പറഞ്ഞു.

"എനിക്ക്‌ കാണാന്‍ പറ്റുന്നുണ്ട്‌..." ക്യാപ്റ്റന്‍ നിര്‍വികാരതയോടെ പറഞ്ഞു. "പ്ലീസ്‌... ഒന്ന് താഴെ പോകാമോ?..."

അവര്‍ മനസ്സില്ലാ മനസ്സോടെ താഴെ സലൂണിലേക്ക്‌ പോയി. ബെര്‍ഗര്‍ ഒരു നെടുവീര്‍പ്പിട്ട്‌ റിക്ടറുടെ നേരെ തിരിഞ്ഞു. "നേരെ തന്നെ പോട്ടെ. നിങ്ങള്‍ തന്നെ ഓടിച്ചോളൂ..."

റിക്ടര്‍ കപ്പല്‍ ഹാര്‍ബറില്‍ നിന്ന് പുറത്തേക്കെടുത്തു. വിളറിയ പ്രേതം കണക്കെ കപ്പല്‍ സാവധാനം കടലിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *


ഡോയ്‌ഷ്‌ലാന്റ്‌ പുറപ്പെട്ടിട്ട്‌ ഏകദേശം പതിനഞ്ച്‌ മിനിറ്റായിരിക്കുന്നു. ലൈറ്റ്‌സ്‌ ഓഫ്‌ ലിസ്‌ബനിലെ തന്റെ മുറിയില്‍ അടുത്ത റൂമിലെ യുവതിയോടൊപ്പം ചീട്ട്‌ കളിച്ചുകൊണ്ടിരിക്കുകയാണ്‌ ക്യാപ്റ്റന്‍ മെന്‍ഡോസ. പെട്ടെന്നാണ്‌ ഹാര്‍ബറിലെ വാച്ച്‌മാന്‍ ഓടിക്കിതച്ചെത്തിയത്‌.

"എന്ത്‌ പറ്റി...?" വളരെ തണുപ്പന്‍ മട്ടില്‍ മെന്‍ഡോസ ചോദിച്ചു.

"ഡോയ്‌ഷ്‌ലാന്റ്‌ .... " വാച്ച്‌മാന്റെ സ്വരം പരിഭ്രമത്താല്‍ ഇടറിയിരുന്നു. "ഡോയ്‌ഷ്‌ലാന്റ്‌ പോയി...."

"അതെയോ...?" തന്റെ കൈയിലെ ചീട്ടുകള്‍ കമഴ്‌ത്തി വച്ചിട്ട്‌ മെന്‍ഡോസ എഴുനേറ്റു. "ജോസ്‌, ഇവളുടെ മേല്‍ ഒരു കണ്ണുണ്ടായിരിക്കണം. മഹാ കള്ളിയാണ്‌... ചീട്ടെടുത്ത്‌ നോക്കും..." ബാറിലെ പരിചാരകനോട്‌ പറഞ്ഞിട്ട്‌ തന്റെ കോട്ടും ഹാറ്റും എടുത്ത്‌ മെന്‍ഡോസ പുറത്തേക്കിറങ്ങി.

പാലത്തിനടുത്തെത്തിയപ്പോള്‍ മഴ പൂര്‍വ്വാധികം ശക്തിയോടെ പെയ്യുവാന്‍ തുടങ്ങി. ഒരു സിഗരറ്റിന്‌ തീ കൊളുത്തി കൈപ്പത്തിയാല്‍ മറച്ചുപിടിച്ച്‌ അദ്ദേഹം ഇരുട്ടിലേക്ക്‌ തുറിച്ചുനോക്കി.

"സര്‍, മേലധികാരികളെ അറിയിക്കണ്ടേ?..." വാച്ച്‌മാന്‍ ചോദിച്ചു.

മെന്‍ഡോസ തോളനക്കി. "അറിയിക്കാന്‍ ഇവിടെയാരാ ഉള്ളത്‌?... റിയോയിലേക്ക്‌ അല്‍പ്പം നേരത്തെ തന്നെ പോകാമെന്ന് ക്യാപ്റ്റന്‍ ബെര്‍ഗര്‍ വിചാരിച്ചുകാണും. ഇപ്പോഴത്തെ കാലാവസ്ഥയല്ലേ... ചിലപ്പോള്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും അവിടെയെത്താന്‍. ഇനി എന്തെങ്കിലും അന്വേഷണം വേണ്ടിവന്നാല്‍ത്തന്നെ ധാരാളം സമയമുണ്ടല്ലോ..."

തൃപ്തികരമല്ലാത്ത മട്ടില്‍ വാച്ച്‌മാന്‍ അദ്ദേഹത്തെ ഒന്ന് നോക്കി. പിന്നെ തലയാട്ടിക്കൊണ്ട്‌ പറഞ്ഞു. "ശരി... താങ്കളുടെ ഇഷ്ടം പോലെ..."

വാച്ച്‌മാന്‍ തന്റെ റൂമിലേക്ക്‌ തിരികെ നടന്നു. മെന്‍ഡോസ അവിടെ നിന്ന് കൊണ്ട്‌ അഴിമുഖത്തേക്കും പിന്നെ ദൂരെ കടലിലേക്കും കണ്ണോടിച്ചു.... അമേരിക്കയുടെയും ബ്രിട്ടന്റെയും നാവികസേനകള്‍ വിഹരിക്കുന്ന അറ്റ്‌ലാന്റിക്കിലൂടെ ഏകദേശം അയ്യായിരം മൈല്‍... അതും എന്തില്‍?... ഒരു പഴഞ്ചന്‍ പായ്‌ക്കപ്പലില്‍....!!

"വിഡ്ഢികള്‍...." അയാള്‍ സ്വയം പറഞ്ഞു. "പാവങ്ങള്‍ ... പമ്പര വിഡ്ഢികള്‍..."

കോരിച്ചൊരിയുന്ന മഴയത്ത്‌ കൂടി അദ്ദേഹം തിരികെ റൂമിലേക്ക്‌ നടന്നു.

(തുടരും)