പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, July 23, 2009

സ്റ്റോം വാണിംഗ്‌ - 8

ജംഗേഴ്‌സിന്റെ ആക്രമണത്തിന്‌ ശേഷം കേടുപാടുകള്‍ വീക്ഷിക്കുന്നതിനായി ജാഗോ, ബോട്ടിന്റെ ബ്രിഡ്‌ജിലേക്ക്‌ കയറി. ജന്‍സണെ അവിടെ കണ്ടില്ല. പീരങ്കിയില്‍ ചാരി ഇരുന്ന് കൊണ്ട്‌ അദ്ദേഹം താഴേക്ക്‌ നോക്കി. പുകപടലങ്ങള്‍ മിക്കവാറും ശമിച്ചിരിക്കുന്നു. ഡെക്കിലെ അവശിഷ്ടങ്ങള്‍ വാരി കടലിലേക്ക്‌ കളഞ്ഞു കൊണ്ടിരിക്കുകയാണ്‌ ഹാര്‍വി ഗോള്‍ഡ്‌.

കോണി വഴി ജന്‍സണ്‍, ജാഗോയുടെ സമീപമെത്തി. കറുത്ത മുടിയുള്ള ഒരു അരോഗദൃഢഗാത്രന്‍. ചീഫ്‌ പെറ്റി ഓഫീസറാണെങ്കിലും തന്റെ കോട്ടില്‍ ബാഡ്‌ജുകളൊന്നും അണിഞ്ഞിരുന്നില്ല അദ്ദേഹമപ്പോള്‍. യുദ്ധത്തിന്‌ മുമ്പ്‌ അദ്ദേഹം ഹാര്‍വാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി ലെക്‍ചററായിരുന്നു.

"ഒരു ഒറ്റയാനായിരുന്നുവത്‌. അല്ലേ ലെഫ്റ്റനന്റ്‌?..."

"ഒറ്റയാന്‍ തന്നെ." ജാഗോ പറഞ്ഞു. "ജംഗേഴ്‌സ്‌ 88S. അതും ഹെബ്രിഡ്‌സില്‍..."

"അതിന്റെ വേഗത കണ്ടിട്ട്‌ റെയ്‌ക്ക്‌ മാര്‍ഷലിന്റെ ഏറ്റവും പുതിയ മോഡലാണെന്ന് തോന്നുന്നു..."

"പക്ഷേ, അവരെന്തിനാണ്‌ ഈ നശിച്ച സ്ഥലത്ത്‌ വന്നത്‌?..."

"എനിക്കറിയില്ല.." ജന്‍സണ്‍ ആശ്വാസത്തോടെ തുടര്‍ന്നു. "ഞാന്‍ ഉള്ളില്‍ പോയി നോക്കി. കുഴപ്പമൊന്നുമില്ല. ബോട്ടിന്റെ പുറംഭാഗത്ത്‌ മാത്രമേ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളൂ. ആര്‍ക്കും പരിക്കൊന്നുമില്ല..."

"നന്നായി..." ജാഗോ പറഞ്ഞു. "ആ പുകമറ കൊണ്ടാണ്‌ നമ്മള്‍ രക്ഷപെട്ടത്‌..." അദ്ദേഹത്തിന്റെ വലത്‌ കൈ വിറക്കുന്നത്‌ പോലെ കാണപ്പെട്ടു. "നോക്കൂ, ഇന്നലെയല്ലെ നിങ്ങള്‍ പറഞ്ഞത്‌ നമുക്ക്‌ യുദ്ധം ചെയ്യുവാന്‍ ഇവിടെ കാലാവസ്ഥയല്ലാതെ മറ്റൊന്നുമില്ല എന്ന്...?

"അതെ... അതെക്കുറിച്ച്‌ മിസ്റ്റര്‍ ഹെയ്‌ഡ്‌ഗര്‍ പറഞ്ഞതെന്താണെന്നറിയുമോ താങ്കള്‍ക്ക്‌?..."

"എനിക്കറിയില്ല ജന്‍സണ്‍..."

"ജീവിതം വിജയകരമായി മുന്നോട്ട്‌ കൊണ്ടുപോകണമെങ്കില്‍ നാം എപ്പോഴും മരണവുമായി നേര്‍ക്ക്‌ നേര്‍ മല്ലിട്ടുകൊണ്ടിരിക്കണമെന്ന്..."

"കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഞാന്‍ മരണത്തെ നേര്‍ക്ക്‌ നേര്‍ കണ്ടുകൊണ്ടിരിക്കുകയണ്‌. പലപ്പോഴും തലനാരിഴക്കുള്ള രക്ഷപെടല്‍... ഹെയ്‌ഡ്‌ഗറെ എന്താ ചെയ്യേണ്ടതെന്ന് ഞാന്‍ പറഞ്ഞ്‌ തരാം..." ജാഗോ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. "നിങ്ങളും നിങ്ങളുടെ ഒരു ഹെയ്‌ഡ്‌ഗറും... പോകാന്‍ പറ അയാളോട്‌..."

ജാഗോ വളരെ ക്ഷീണിതനായിരുന്നു. പതുക്കെ വീല്‍ ഹൗസിലേക്ക്‌ ചെന്ന് അവിടുത്തെ കസേരയിലിരുന്നു. പീറ്റേഴ്‌സണ്‍ ആയിരുന്നു സ്റ്റിയറിംഗ്‌ വീലില്‍. യുദ്ധത്തിന്‌ മുമ്പ്‌ ഒരു ചരക്ക്‌ കപ്പലിലായിരുന്നു അദ്ദേഹത്തിന്‌ ജോലി, പത്ത്‌ വര്‍ഷത്തോളം.

"സുഖമല്ലേ പീറ്റേഴ്‌സണ്‍?...? ജാഗോ ചോദിച്ചു.

"യെസ്‌ ലെഫ്റ്റനന്റ്‌..."

ജാഗോ ചാര്‍ട്ട്‌ എടുത്തു. വളരെ പഴയതാണെങ്കിലും ഉപയോഗ യോഗ്യം തന്നെ. ബാറാ മുതല്‍ സ്‌കീ വരെയുള്ള ദ്വീപ്‌ സമൂഹങ്ങളുടേത്‌. ആ ശൃംഖലയിലെ തെക്കേ അറ്റത്തുള്ള ഫാഡാ ദ്വീപിലേക്കാണവര്‍ക്ക്‌ പോകേണ്ടത്‌. വാതില്‍ തള്ളിത്തുറന്ന് ഒരു കപ്പ്‌ കാപ്പിയുമായി ജന്‍സണ്‍ പ്രവേശിച്ചു.

"വല്ലാത്തൊരു സ്ഥലം തന്നെയിത്‌..." ചാര്‍ട്ട്‌ മടക്കി വച്ചുകൊണ്ട്‌ ജാഗോ പറഞ്ഞു. "ക്രമരഹിതമായ കാലാവസ്ഥ എപ്പോഴും. യൂസ്റ്റിന്റെ തെക്ക്‌ ഭാഗത്തുള്ള ദ്വീപുകളെ ശ്മശാനം എന്ന് തന്നെ പറയാം. ഡേയ്‌ഞ്ചറസ്‌ സോണ്‍ എന്നാണ്‌ ചാര്‍ട്ടില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്‌..."

വാതിലില്‍ ചാരി നിന്ന് ജന്‍സണ്‍ തന്റെ പൈപ്പില്‍ പുകയില നിറക്കാന്‍ തുടങ്ങി. "മലേയ്‌ഗില്‍ നിന്ന് പുറപ്പെടുന്നതിന്‌ മുമ്പ്‌ ഞാന്‍ ചില മുക്കുവരോട്‌ സംസാരിച്ചിരുന്നു. കാലാവസ്ഥ മോശമാണെങ്കില്‍ ഫാഡാ ദ്വീപിന്‌ ചിലപ്പോള്‍ ഒരാഴ്ചയോളം പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ലെന്നാണ്‌..."

"അറ്റ്‌ലാന്റിക്കില്‍ കൊടുങ്കാറ്റ്‌ രൂപം കൊള്ളുമ്പോഴാണ്‌ എറ്റവും ദുരിതം. ശൈത്യകാലം കൂടിയാകുമ്പോള്‍ അത്‌ പറയുകയും വേണ്ട..." ജാഗോ പറഞ്ഞു.

"അങ്ങനെയുള്ള ഈ നരകത്തില്‍ പിന്നെ അഡ്‌മിറല്‍ റീവ്‌ എന്താണ്‌ ചെയ്യുന്നത്‌?..."

"എനിക്കറിയില്ല ജന്‍സണ്‍... അദ്ദേഹം ഇവിടെയുണ്ടെന്നറിയുന്നത്‌ തന്നെ അദ്ദേഹത്തിനുള്ള സന്ദേശം എത്തിക്കാനായി എന്നെ ഏല്‍പ്പിച്ചപ്പോഴാണ്‌. നേവല്‍ ഇന്റലിജന്‍സിന്റെ ആക്ഷന്‍ ഡിവിഷന്‍ ഡയറക്ടറായിരുന്നു അദ്ദേഹം. അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വെന്നര്‍ എന്ന നോര്‍വീജിയന്‍ കപ്പല്‍ ജര്‍മ്മന്‍ ടോര്‍പ്പിഡോ ബോട്ടുകള്‍ തകര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‌ നഷ്ടപ്പെട്ടത്‌ തന്റെ വലത്‌ കണ്ണ്‌. കൂടാതെ ഇടത്‌ കൈയുടെ സ്വാധീനവും..."

"ദുര്‍വിധി അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നുവെന്ന് പറയാം. മിഡ്‌വേയില്‍ വച്ച്‌ മുങ്ങിയ ഒരു യുദ്ധക്കപ്പലില്‍ നിന്ന് യോര്‍ക്ക്‌ ടൗണ്‍ എന്ന മറ്റൊരു കപ്പലാണ്‌ അദ്ദേഹത്തെ രക്ഷിച്ചത്‌. എന്നാല്‍ ആ കപ്പലോ, അദ്ദേഹത്തെയും കൊണ്ട്‌ വീണ്ടും മുങ്ങി..."

"അത്‌ വെറുതെ... നിങ്ങള്‍ ആവേശം കൊണ്ട്‌ പറയുന്നതല്ലേ ജന്‍സണ്‍?..."

"അല്ല ലെഫ്റ്റനന്റ്‌... നോക്കൂ, നമ്മള്‍ വേറെ ആരെക്കുറിച്ചുമല്ല പറയുന്നത്‌. നമ്മുടെ നേവിക്ക്‌ മഹത്തായ ഒരു ചരിത്രമുണ്ടാക്കിത്തന്നത്‌ അദ്ദേഹമാണ്‌. ഏതൊരു നേവല്‍ ഓഫീസര്‍ക്കും അനുകരണീയനായ ഒരു മാതൃകാ പുരുഷന്‍..."

"ജന്‍സന്‍..." ജാഗോ പറഞ്ഞു. "ദയവു ചെയ്ത്‌ ഒന്ന് പോയിത്തരാമോ ഇവിടുന്ന്‌?..."

ജന്‍സണ്‍ പുറത്തേക്ക്‌ പോയി. ജാഗോ എഴുനേറ്റ്‌ പീറ്റേഴ്‌സന്റെ അടുത്തേക്ക്‌ ചെന്നു. "പോകൂ... നിങ്ങളും പോകൂ.... ഞാന്‍ ഓടിച്ചോളാം..."

"ഓ.കെ ലഫ്റ്റനന്റ്‌..."

പീറ്റേഴ്‌സണ്‍ പുറത്തേക്ക്‌ നടന്നു. ജാഗോ മറ്റൊരു സിഗരറ്റിന്‌ തീ കൊളുത്തി. വിരലുകളുടെ വിറയല്‍ നിന്നിരിക്കുന്നു. അടുത്ത തിരമാലയുടെ മുകളിലൂടെ കുതിക്കുമ്പോള്‍ ബോട്ടിന്റെ ജനലില്‍ മഴ ശക്തിയായി അടിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങളായി തന്റെ സന്തത സഹചാരിയായ പുറം വേദനയേയും ക്ഷീണത്തെയും അവഗണിച്ച്‌ അദ്ദേഹം ഉന്മേഷവാനാകാന്‍ ശ്രമിച്ചു.


ഇരുപത്തിയഞ്ച്‌ വയസ്സേ ഉള്ളുവെങ്കിലും ഒരു പത്ത്‌ വയസ്സെങ്കിലും കൂടുതല്‍ തോന്നിച്ചിരുന്നു ഹാരി ജാഗോയ്‌ക്ക്‌. 1941 ല്‍ യേലില്‍ വച്ച്‌ അമേരിക്കന്‍ നേവിയില്‍ ചേര്‍ന്നതാണദ്ദേഹം. അധികം വൈകാതെ തന്നെ സ്ക്വാഡ്രന്‍-2 ല്‍ ചേര്‍ന്ന് പട്രോള്‍ ടോര്‍പ്പിഡോ ബോട്ടുകളില്‍ ജോലി ചെയ്തു. ആറു മാസത്തെ ഗ്വാഡല്‍ യുദ്ധത്തിന്‌ ശേഷം പത്തൊമ്പതാമത്തെ വയസ്സില്‍ ലെഫ്റ്റനന്റ്‌ പദവി. പിന്നീട്‌ സ്ക്വാഡ്രണ്‍-2 നോടൊപ്പം ഫ്രഞ്ച്‌ തീരത്തേക്ക്‌. ജര്‍മ്മന്‍ കപ്പലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ അദ്ദേഹം രക്ഷപെട്ടത്‌ അത്ഭുതകരമാംവണ്ണമായിരുന്നു.

ലിംബേ ചാനല്‍ കടന്നു കൊണ്ടിരുന്ന അമേരിക്കന്‍ കോണ്‍വോയ്‌ ജര്‍മ്മന്‍ കപ്പലുകളാല്‍ ആക്രമിക്കപ്പെട്ടപ്പോഴാണ്‌ ഹാരി ജാഗോയുടെ കാലക്കേട്‌ ആരംഭിച്ചത്‌. പോര്‍ട്ട്‌സ്‌ മൗത്തില്‍ നിന്ന് മെയിലുമായി വന്ന ജാഗോയ്‌ക്ക്‌ നേരിടേണ്ടി വന്നത്‌ ആറ്‌ ക്രീഗ്‌സ്‌മറീനുകളെയാണ്‌ (ജര്‍മന്‍ യുദ്ധക്കപ്പല്‍). പത്ത്‌ മിനിറ്റ്‌ നീണ്ട്‌ നിന്ന ഏറ്റുമുട്ടലില്‍ ഒന്നിനെ അദ്ദേഹം കടലില്‍ താഴ്‌ത്തി. മറ്റൊന്നിന്‌ കാര്യമായ കേടുപാടുകള്‍ വരുത്തി. പക്ഷേ അദ്ദേഹത്തിന്‌ തന്റെ അഞ്ച്‌ സഹപ്രവര്‍ത്തകരെയാണ്‌ നഷ്ടമായത്‌. മാത്രമല്ല, അദ്ദേഹത്തിന്റെ ഇടത്‌ തുടയില്‍ ഷെല്ലുകള്‍ തുളച്ച്‌ കയറുകയും വലത്തേ കവിളില്‍ അഗാധമായ മുറിവേല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് ആഗസ്റ്റില്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തെ വരവേറ്റത്‌ പുതിയൊരു ജോലിയായിരുന്നു. ഒരു പോസ്റ്റ്‌മാന്റെ ജോലി. ഹെബ്രിഡ്‌സില്‍ നിന്ന് അമേരിക്കയുടെയും ബ്രിട്ടന്റെയും വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക്‌ റോയല്‍ നേവിയുടെ ഒരു മോട്ടോര്‍ ഗണ്‍ ബോട്ടില്‍. ഇരുപത്‌ നോട്ടിക്കല്‍ മൈലില്‍ അധികം സ്പീഡെടുത്താല്‍ ഓരോരോ ഭാഗങ്ങളായി തെറിച്ച്‌ പോകാന്‍ തുടങ്ങുന്ന ഒരു പഴഞ്ചന്‍ ബോട്ട്‌. മുമ്പത്തെ ഉടമ കൊടുത്തിരുന്ന ഡെഡ്‌ എന്റ്‌ എന്ന പേര്‍ അതിന്റെ ബ്രിഡ്‌ജ്‌ റെയിലിന്റെ താഴെ ഇപ്പോഴും കാണാം.

ശക്തിയായ മഴ ബോട്ടിന്റെ ജനാലയില്‍ വന്നടിച്ചപ്പോള്‍ ജാഗോ സ്പീഡ്‌ കൂട്ടി. സ്റ്റിയറിങ്ങിന്റെ വിറയല്‍ അദ്ദേഹത്തിന്റെ കൈയില്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഈ കടലാണ്‌ അദ്ദേഹത്തിനെല്ലാം ഇപ്പോള്‍, മറ്റ്‌ എന്തിനേക്കാളുമുപരി. യുദ്ധം അദ്ദേഹത്തിന്‌ കനിഞ്ഞ്‌ നല്‍കിയ നിയോഗം. പക്ഷേ യുദ്ധം എന്ന് പറയുന്നത്‌ അനന്തമായി നീളില്ലല്ലോ...

"ഈ യുദ്ധം അവസാനിച്ചാല്‍ പിന്നെ എനിക്കെന്തായിരിക്കും ജോലി...?" അദ്ദേഹം പതുക്കെ തന്നോട്‌ തന്നെ ചോദിച്ചു....

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

11 comments:

 1. സ്റ്റോം വാണിംഗ്‌ മുന്നോട്ട്‌... കൂടെ എന്റെ പ്രിയ അദ്ധ്യാപകന്‍ ശ്രീ പോള്‍ പഴയാറ്റിലും ഉണ്ടെന്നറിയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ അടുത്ത ഭാഗം ഇതാ...

  ReplyDelete
 2. പഴയ അദ്ധ്യാപകന്റെ അനുഗ്രഹം കൂടി ഉണ്ട് എന്നറിയുന്നത് ഞങ്ങള്‍ വായനക്കാര്‍ക്കും സന്തോഷം തന്നെ. തുടരൂ വിനുവേട്ടാ...

  ReplyDelete
 3. "ജീവിതം വിജയകരമായി മുന്നോട്ട്‌ കൊണ്ടുപോകണമെങ്കില്‍ നാം എപ്പോഴും മരണവുമായി നേര്‍ക്ക്‌ നേര്‍ മല്ലിട്ടുകൊണ്ടിരിക്കണമെന്ന്..."

  valare correct...

  ReplyDelete
 4. "ഈ യുദ്ധം അവസാനിച്ചാല്‍ പിന്നെ എനിക്കെന്തായിരിക്കും ജോലി...?"

  തുടരട്ടെ... തുടരട്ടെ...

  ReplyDelete
 5. ഹെയ്‌ഡ്‌ഗറെ
  എന്താ ചെയ്യേണ്ടതെന്ന് ഞാന്‍ പറഞ്ഞ്‌ തരാം..."

  ജാഗോ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. "നിങ്ങളും നിങ്ങളുടെ ഒരു ഹെയ്‌ഡ്‌ഗറും...

  പോകാന്‍ പറ അയാളോട്‌..."

  ReplyDelete
 6. വിനുവേട്ടാ ഞങ്ങളുടെ ഡോയ്‌ഷ്‌ലാന്റ്‌ എവിടെ? അവരുടെ വിശേഷങ്ങളറിയാഞ്ഞിട്ട്‌ ഒരു വിഷമം. എപ്പോഴാണ്‌ അവരുടെയടുത്ത്‌ വീണ്ടുമെത്തുന്നത്‌?

  ReplyDelete
 7. അരുണ്‍, ശ്രീ ... ഒപ്പമുണ്ടല്ലേ ... വളരെ സന്തോഷം.

  ലവ്‌ഷോര്‍ ... ശരിയാണ്‌, റിസ്ക്‌ ഏടുത്താലേ രക്ഷയുള്ളൂ...

  ജിമ്മി ... ഈ വിവര്‍ത്തനം കഴിഞ്ഞാല്‍ പിന്നെ എന്താണ്‌ എനിക്ക്‌ ജോലി ...

  ലേഖ... ഡോയ്‌ഷ്‌ലാന്റ്‌ പതുക്കെ പതുക്കെ യാത്ര തുടരുകയാണ്‌... നമുക്ക്‌ ഇനിയും കുറെ കഥാപാത്രങ്ങളെ കൂടി പരിചയപ്പെടാനുണ്ട്‌... ക്ഷമയോടെ കാത്തിരിക്കൂ...

  ReplyDelete
 8. ഒരേ കടല്‍, പല മനുഷ്യര്‍

  ReplyDelete
 9. വായിക്കുന്നു

  ReplyDelete
 10. ഹോ!!!!!വിനുവേട്ടാ.വായിക്കുകയാ .

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...