പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, July 29, 2009

സ്റ്റോം വാണിംഗ്‌ - 9

ആ ബോട്ട്‌ ഹൗസിന്റെ ചെറിയ വാതിലിലൂടെ റിയര്‍ അഡ്‌മിറല്‍ ക്യാരി റീവ്‌ ഉള്ളിലേക്ക്‌ കടന്നു. മര്‍ഡോക്കിനെ അവിടെ കാണുവാനുണ്ടായിരുന്നില്ല. നാല്‍പ്പത്തിയൊന്നടി നീളമുള്ള മൊറാഗ്‌ സിന്‍ക്ലെയര്‍ എന്ന മോട്ടോര്‍ ലൈഫ്‌ ബോട്ട്‌, ഷെഡ്ഡില്‍ കിടക്കുന്നുണ്ട്‌. നീലയും വെള്ളയും ഇടകലര്‍ന്ന തിളങ്ങുന്ന പെയിന്റില്‍ നിന്നും മര്‍ഡോക്ക്‌ എത്ര മാത്രം പണം ആ ബോട്ടിന്‌ വേണ്ടി ധൂര്‍ത്തടിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. അവാച്യമായ ഒരു ആനന്ദത്തോടെ റീവ്‌ ആ ബോട്ടിന്റെ കൗണ്ടറിലൂടെ വിരലോടിച്ചു.

"ഞാനിവിടെയാണ്‌..." ഔട്ട്‌ ഹൗസിന്റെ വാതില്‍ തുറന്ന് മര്‍ഡോക്ക്‌ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഐറിഷ്‌ ഇനത്തില്‍ പെട്ട ഒരു നായ റീവിന്‌ നേരെ കുതിച്ചെത്തി.

"റോറീ, നീ ഇവിടെയെത്തിയോ?..." റീവ്‌ അവന്റെ കുഞ്ചിരോമത്തില്‍ മുറുകെ പിടിച്ച്‌ കൊണ്ട്‌ ചോദിച്ചു. "മിസ്സിസ്‌ സിന്‍ക്ലെയര്‍ ഇന്ന് രാവിലെ ഇവനെ അന്വേഷിക്കുന്നത്‌ കണ്ടു. ഇന്നലെ രാത്രി മുതല്‍ കാണാതായതാണത്രെ...."

'ഇവന്‍ ഇന്നലെ എന്റെ കൂടെ ഇങ്ങ്‌ പോന്നു... ആട്ടെ, താങ്കള്‍ക്ക്‌ സുഖമല്ലേ അഡ്‌മിറല്‍...?" മര്‍ഡോക്ക്‌ ആരാഞ്ഞു.

ഏകദേശം എഴുപത്‌ വയസ്സ്‌ തോന്നിക്കുന്ന മര്‍ഡോക്കിന്‌ നല്ല ഉയരമുണ്ടായിരുന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കടലില്‍ തന്നെയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കണ്ണുകളും മുഖവും വിളിച്ചോതുന്നു.

"മര്‍ഡോക്ക്‌... " അഡ്‌മിറല്‍ റീവ്‌ പതുക്കെ വിളിച്ചു. " ഈ ജീവിതം ഏതോ ഒരു വിഡ്ഢി പറഞ്ഞ കഥയായി നിങ്ങള്‍ക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?..."

"എന്ത്‌ പറ്റി അഡ്‌മിറല്‍...? ഇന്നത്തെ ദിവസം ശരിയല്ലേ?... " തന്റെ കൈയിലെ വിയര്‍പ്പ്‌ തുടച്ചിട്ട്‌ മര്‍ഡോക്ക്‌ പുകയിലപ്പൊതി എടുത്തു. "വരൂ, ഒരു ചായ കുടിക്കുന്നതില്‍ വിരോധമില്ലല്ലോ...?"

"ചായ മാത്രമേയുള്ളൂ...? വേറൊന്നുമില്ലേ...?" റീവ്‌ പ്രത്യാശയോടെ അദ്ദേഹത്തെ നോക്കി.

"ശരി... ഒരു പത്ത്‌ മിനിറ്റ്‌... അതിനുള്ളില്‍ ശരിയാക്കാം. അത്‌ വരെ ഇവനെയും കൊണ്ട്‌ ബീച്ചിലൂടെ ഒന്ന് കറങ്ങിയിട്ട്‌ വരൂ..."

* * * * * * * * * * * * * * * * * * * * * * * * * * * * *

കടല്‍ത്തീരത്ത്‌ ആഞ്ഞടിച്ചുകൊണ്ടിരുന്ന തിരമാലകളുടെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു.

റോറിയോടൊപ്പം തീരത്ത്‌ കൂടി നടക്കുമ്പോള്‍ അഡ്‌മിറല്‍ ക്യാരി റീവിന്റെ ചിന്ത മുഴുവന്‍ മര്‍ഡോക്ക്‌ മക്‍ലിയോഡിനെക്കുറിച്ചായിരുന്നു. മുപ്പത്തിരണ്ട്‌ വര്‍ഷത്തോളം ഫാഡാ ദ്വീപിലെ ലൈഫ്‌ ബോട്ടിന്റെ ഇന്‍ചാര്‍ജ്‌ ആയി സേവനമനുഷ്ടിച്ചിട്ടുണ്ടദ്ദേഹം. അക്കാലത്താണ്‌ ബ്രിട്ടിഷ്‌ രാജാവ്‌ ജോര്‍ജില്‍ നിന്നും ബ്രിട്ടിഷ്‌ എമ്പയര്‍ മെഡലും ലൈഫ്‌ ബോട്ട്‌ ഇന്‍സ്റ്റിട്യൂഷനില്‍ നിന്നും ധീരതക്കുള്ള രണ്ട്‌ ഗോള്‍ഡ്‌ മെഡലുകളും അഞ്ച്‌ സില്‍വര്‍ മെഡലുകളും ലഭിക്കുന്നത്‌. തന്റെ മകന്‍ ഡൊണാള്‍ഡിനെ തല്‍സ്ഥാനത്തേക്ക്‌ നിയോഗിച്ച ശേഷം 1938ല്‍ അദ്ദേഹം വിരമിച്ചു. എല്ലാ വിധത്തിലും എടുത്ത്‌ പറയേണ്ട ഒരു വ്യക്തിത്വം.

റോറി പെട്ടെന്ന് ഇടവിടാതെ കുരയ്ക്കുവാന്‍ തുടങ്ങി. റീവ്‌ ദൂരെ മണല്‍ത്തിട്ടയിലേക്ക്‌ നോക്കി. മഞ്ഞ ലൈഫ്‌ ജാക്കറ്റ്‌ അണിഞ്ഞ ഒരു മനുഷ്യന്‍ അവിടെ കമഴ്‌ന്ന് കിടക്കുന്നത്‌ കണ്ടത്‌ അപ്പോഴാണ്‌. തീരത്തേക്കടിച്ച്‌ കയറുന്ന തിരമാലകള്‍ അയാളുടെ ദേഹത്തെ പതുക്കെ ഇളക്കിക്കൊണ്ടിരുന്നു.

റീവ്‌ പെട്ടെന്ന് അങ്ങോട്ട്‌ ഓടിയെത്തി. ഒരു കൈ സ്വാധീനമില്ലാത്തതിനാല്‍ അല്‍പ്പം വിഷമിച്ചിട്ടാണെങ്കിലും അയാളെ മലര്‍ത്തിയിട്ടു. ചേതനയറ്റ ശരീരം. പതിനെട്ടോ പത്തൊമ്പതോ മാത്രം വയസ്സ്‌ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഒരു ഉറക്കത്തിലെന്ന പോലെ അടഞ്ഞിരിക്കുന്ന കണ്ണുകള്‍. ശരീരത്തില്‍ മുറിവുകളൊന്നും തന്നെ കാണാനില്ല.

റീവ്‌ പതുക്കെ ആ മൃതശരീരം പരിശോധിക്കുവാന്‍ തുടങ്ങി. ഇടത്തേ പോക്കറ്റില്‍ നിന്ന് ലഭിച്ച കവര്‍ എടുത്ത്‌ തുറന്നപ്പോഴേക്കും മര്‍ഡോക്ക്‌ ഓടിക്കിതച്ചെത്തി.

അദ്ദേഹം ആ മൃതദേഹത്തിന്റെ വിളറിയ മുഖത്ത്‌ സ്പര്‍ശിച്ചു നോക്കി.

"എത്ര നേരമായിക്കാണും...?" റീവ്‌ ചോദിച്ചു.

"ഏറിയാല്‍ പത്തോ പന്ത്രണ്ടോ മണിക്കൂര്‍. അതില്‍ കൂടില്ല. ആരാണിവന്‍...?

"യൂണിഫോം കണ്ടിട്ട്‌ ജര്‍മന്‍ സബ്‌മറീനിലെയാണെന്ന് തോന്നുന്നു." റീവ്‌ ആ കവര്‍ തുറന്ന് പരിശോധിക്കാന്‍ തുടങ്ങി. ഒരു പെണ്‍കുട്ടിയുടെ ചിത്രം. പിന്നെ കടല്‍ വെള്ളത്തില്‍ കുതിര്‍ന്ന് കീറിത്തുടങ്ങിയ രണ്ട്‌ എഴുത്തുകളും.

"ലിറ്റില്‍ ബോയ്‌..." മര്‍ഡോക്ക്‌ പറഞ്ഞു. "സ്കൂളില്‍ പഠിച്ച്‌ നടക്കേണ്ട പ്രായത്തില്‍... കഷ്ടം..."

"ഹാന്‍സ്‌ ബ്ലെയിന്‍ ക്രോട്ട്‌ എന്നാണിവന്റെ പേര്‌. പതിനെട്ടാം ജന്മദിനമാഘോഷിച്ചത്‌ മൂന്നാഴ്ച മുമ്പ്‌ മാത്രം. ഒരു ജര്‍മന്‍ സബ്‌മറീനിലെ ടെലിഗ്രാഫിസ്റ്റ്‌ ആയിരുന്നു..." റീവ്‌ ആ പേപ്പറുകള്‍ കവറില്‍ തിരികെ വച്ച്‌ കൊണ്ട്‌ പറഞ്ഞു. " ഈ വാരത്തില്‍ ഇനിയും ഇങ്ങനെ മൃതശരീരങ്ങള്‍ അടിഞ്ഞ്‌ കയറാന്‍ സാധ്യതയുണ്ട്‌..."

"ശരിയാണ്‌... " മര്‍ഡോക്ക്‌ ആ മൃതദേഹം എടുത്ത്‌ തോളിലിട്ട്‌ കൊണ്ട്‌ പറഞ്ഞു. "മേരിസ്‌ ടൗണിലേക്ക്‌ കൊണ്ടുപോകുന്നതായിരിക്കും നല്ലത്‌ അല്ലേ അഡ്‌മിറല്‍?..."

റീവ്‌ സമ്മതഭാവത്തില്‍ തലകുലുക്കി. "അതേ, തല്‍ക്കാലം എന്റെ വീട്ടില്‍ വയ്ക്കാം. മിസിസ്‌ സിന്‍ക്ലെയറിന്‌ കണ്ട്‌ ബോധ്യപ്പെട്ട്‌ മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പ്‌ വയ്ക്കുകയും ചെയ്യാമല്ലോ. ശവസംസ്കാരം നാളെയാകാം..."

"പള്ളിയില്‍ വയ്ക്കുന്നതല്ലേ നല്ലത്‌?..."

"എനിക്കതിനോട്‌ ഒട്ടും യോജിപ്പില്ല..." റീവ്‌ പറഞ്ഞു. ഇപ്പോഴത്തെ യുദ്ധത്തില്‍ ഈ ദ്വീപില്‍ നിന്നുള്ള പതിനൊന്ന് പേരാണ്‌ കടലില്‍ വച്ച്‌ ശത്രുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. ഒരു ശത്രുവിന്റെ മൃതദേഹം ഇവിടുത്തെ ആരാധനാലയത്തില്‍ കൊണ്ട്‌ വച്ചാല്‍ ഇവിടുത്തെ ജനങ്ങള്‍ക്കതിഷ്ടപ്പെടുമോ?..."

മര്‍ഡോക്കിന്റെ മുഖത്ത്‌ ദ്വേഷ്യം ഇരച്ച്‌ കയറി. "താങ്കളും ഇത്ര സങ്കുചിതമായി ചിന്തിക്കുന്നുവോ?..."

"ഏയ്‌ ഇല്ല... ഞാനൊന്നും പറഞ്ഞില്ല. എന്നെ ഇതിനിടയിലേക്ക്‌ വലിച്ചിഴക്കണ്ട. താങ്കള്‍ക്ക്‌ ഇഷ്ടമുള്ളിടത്ത്‌ വച്ചോളൂ. മരിച്ചു പോയ ഇവനെ സംബന്ധിച്ചിടത്തോളം എവിടെയായാലും അതൊരു പ്രശ്നമേയല്ല..."

"ഇനി ഒരു പക്ഷേ ദൈവത്തിനതൊരു പ്രശ്നമാകുമോ?... " മര്‍ഡോക്ക്‌ ചിരിച്ചു. പുരോഹിതനില്ലാത്ത ആ ദ്വീപില്‍ മതപണ്ഡിതനായ അദ്ദേഹമാണ്‌ വികാരിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ച്‌ പോരുന്നത്‌.

ഫാഡാ ദ്വീപിന്റെ ഒരറ്റത്ത്‌ നിന്ന് മറ്റേയറ്റത്തേക്ക്‌ റോഡ്‌ ഉണ്ടായിരുന്നില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. എന്നാല്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ പ്രക്ഷേപണ നിലയം വന്നതിനെ തുടര്‍ന്ന് ടെലിഗ്രാഫ്‌ കമ്പനി ഒരു നാരോ ഗേജ്‌ റെയില്‍വേ ലൈന്‍ പണിയിച്ചു. ആ റെയിലുകളിലൂടെ ഓടിക്കാവുന്ന ട്രോളിയിലാണ്‌ ഇരുഭാഗങ്ങളിലേക്കും അത്യാവശ്യം യാത്ര ചെയ്യുന്നത്‌. നല്ല കാറ്റുള്ളപ്പോഴാണെങ്കില്‍ കപ്പലിലെന്നപോലെ പായ ഉപയോഗിക്കും. കാറ്റില്ലാത്ത സമയത്ത്‌ ഹാന്‍ഡ്‌ പമ്പും.

റീവും മര്‍ഡോക്കും കൂടി ആ മൃതദേഹം ട്രോളിയുടെ മദ്ധ്യത്തില്‍ കിടത്തി. റോറി അതിന്‌ സമീപം ഇരുന്നു. കാറ്റുപായ ഉയര്‍ത്തിയാണ്‌ അവര്‍ യാത്ര തുടങ്ങിയത്‌.

മൂന്ന് മൈല്‍ താണ്ടിയിരിക്കുന്നു. ഇനി ഇറക്കമാണ്‌. ദൂരെ മേരിസ്‌ ടൗണ്‍ കാഴ്ചയില്‍ തെളിഞ്ഞ്‌ തുടങ്ങി. അവിടവിടെയായി കാണപ്പെടുന്ന കുറച്ച്‌ വീടുകള്‍, ഹര്‍ബറിലേക്ക്‌ തിരിയുന്ന തെരുവുകള്‍ എന്നിവ കൂടുതല്‍ വ്യക്തമായി കണ്ടു തുടങ്ങി. അഞ്ചോ ആറോ മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറില്‍ കിടക്കുന്നുണ്ടായിരുന്നു.

ഒരു കൈ പാമരത്തില്‍ പിടിച്ച്‌ കൊണ്ട്‌ മര്‍ഡോക്ക്‌ കടലിലേക്ക്‌ നോക്കി. "ദേ, അത്‌ കണ്ടോ അഡ്‌മിറല്‍... ഒരു ബോട്ട്‌ ഹാര്‍ബറിലേക്ക്‌ വരുന്നുണ്ടല്ലോ... പതാക കണ്ടിട്ട്‌ അമേരിക്കനാണെന്ന് തോന്നുന്നു. കണ്ണ്‌ അത്ര നന്നായിട്ട്‌ പിടിക്കുന്നില്ല. വയസ്സായില്ലേ..."

റീവ്‌ തന്റെ പോക്കറ്റില്‍ നിന്ന് ടെലിസ്‌കോപ്പ്‌ എടുത്ത്‌ ഫോക്കസ്‌ ചെയ്തു. "താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌. അമേരിക്കന്‍ ബോട്ട്‌ തന്നെ..." ബോട്ട്‌ കുറച്ച്‌ കൂടി അടുത്തെത്തിയപ്പോള്‍ റീവ്‌ അതിന്റെ പേര്‍ വായിച്ചു. "ഡെഡ്‌ എന്റ്‌..."

ടെലിസ്‌കോപ്പ്‌ തിരികെ പോക്കറ്റില്‍ വയ്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈ ആവേശം കൊണ്ട്‌ വിറയ്ക്കുണ്ടായിരുന്നു. "താങ്കള്‍ക്കറിയാമോ മര്‍ഡോക്ക്‌, ഈ ബോട്ടിന്റെ വരവ്‌ എന്റെ ഇനിയുള്ള ദിവസങ്ങളുടെ ഗതി മാറ്റി നിര്‍ണ്ണയിക്കും..."

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

17 comments:

 1. സ്‌കോട്ട്‌ലന്റിന്‌ വടക്ക്‌ പടിഞ്ഞാറ്‌ അറ്റ്‌ലാന്റിക്കില്‍ സ്ഥിതി ചെയ്യുന്ന ഫാഡാ ദ്വീപിലേക്ക്‌ വായനക്കാരെ ക്ഷണിക്കുന്നു... വേറെയും ചില കഥാപാത്രങ്ങളെക്കൂടി പരിചയപ്പെടുവാനായി...

  ReplyDelete
 2. കഥ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. :)

  വായിയ്ക്കുന്നുണ്ട്...

  ReplyDelete
 3. വിനുവേട്ടാ, ഒരേ ഭാഗങ്ങള്‍ രണ്ടു തവണ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രദ്ധിയ്ക്കുമല്ലോ :)

  [ഈ കമന്റ് ഡിലീറ്റ് ചെയ്തോളൂ... ട്ടോ]

  ReplyDelete
 4. അയ്യോ... ശ്രീ പറഞ്ഞത്‌ ശരിയാണല്ലോ... ഞാനും ഇപ്പോഴാണത്‌ ശ്രദ്ധിച്ചത്‌. എന്തോ സാങ്കേതിക തകരാറ്‌ സംഭവിച്ചതാണെന്ന് തോന്നുന്നു. ദേ ഇപ്പോ ശരിയാക്കിത്തരാംട്ടോ ... ങാ ... ശരിയാക്കിക്കഴിഞ്ഞു... നന്ദി ശ്രീ... ഒപ്പം തന്നെയുണ്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷം...

  ReplyDelete
 5. നിലവാരമുള്ള പ്രമേയം...

  ReplyDelete
 6. "ഇനി ഒരു പക്ഷേ ദൈവത്തിനതൊരു പ്രശ്നമാകുമോ?... "

  മര്‍ഡോക്കിന്റെ ചിരിയില്‍ എല്ലാം അടങ്ങിയിരിക്കുന്നു..

  കഥ മുറുകുകയാണല്ലോ...

  ReplyDelete
 7. oru continuityikku vendi kurachu post missakiyathinu shesham innanu onnichu vayikunnathu.kooduthal interesting avunnnundu. Sambhavam motham angu vaayikaan kittiyirunnengil otta iruppil theerthenay. Aagay oru prashnam ivanmaruday perugalanu..manushyanay budhimuttipikan murdoch, jago,prayger,Hansen enna perinu pakaram ivaruday appanmarku valla dasappan,kuttappan,jabbar,chaandikunju ennokkay peru ittu koodayirunno..

  ReplyDelete
 8. സബിത ... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...

  ജിമ്മി... ആ ചിരിയുടെ അര്‍ത്ഥം പലരും മനസ്സിലാക്കുന്നില്ലല്ലോ... അതല്ലേ ഈ ലോകത്തിലെ പല പ്രശ്നങ്ങള്‍ക്കും കാരണം...

  പപ്പന്‍... മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത്‌...

  ReplyDelete
 9. കഥ രസം പിടിച്ചു വരുന്നു. ഡോയ്‌ഷ്‌ലാന്റിലേക്ക്‌ തിരികെയെത്താന്‍ ഇനിയും താമസിക്കുമോ?

  ReplyDelete
 10. വിനുവേട്ടാ പതിയെ ഇഴഞ്ഞു നീങ്ങിയ രചന വീണ്ടും ഹിറ്റിലേയ്ക്ക് നീങ്ങുന്നു എന്നതിൽ സന്തോഷം.
  കൂടുതൽ പേർ വായിക്കട്ടേ

  ReplyDelete
 11. ബുധനും പോയി, വ്യാഴവും പോയി... ഡോയ്ഷ് ലാന്റ് മാത്രം വന്നില്ല!

  ഞങ്ങള്‍ യാത്രക്കാരെല്ലാം ചേര്‍ന്ന് യൂണിയന്‍ ഉണ്ടാക്കി സമരം തുടങ്ങണോ.. അതോ...?

  ReplyDelete
 12. വിനുവേട്ടാ, ഇന്നാ ഫ്രീ ആയത്. ഇനി അന്നന്ന് വായിച്ചോളാം
  :)

  ReplyDelete
 13. ഞാനിവിടെ എത്തി

  ReplyDelete
 14. പപ്പന്‍ പറഞ്ഞത് ഞാന്‍ മുമ്പ് പല വിവര്‍ത്തനങ്ങളും വായിച്ചപ്പോള്‍ ചിന്തിച്ചിട്ടുണ്ട്. പേരുകള്‍ വായിക്കുമ്പോള്‍ ഒരു കല്ലുകടി.

  ReplyDelete
 15. വായിക്കുന്നു

  ReplyDelete
 16. ഞാൻ ആദ്യം കയറിയ പായ്ക്കപ്പൽ എവിടെ??

  ReplyDelete
  Replies
  1. പായ്ക്കപ്പൽ ദേ, ഇപ്പോ എത്തും...

   Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...