പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, August 26, 2009

സ്റ്റോം വാണിംഗ്‌ - 13

ഡോയ്‌ഷ്‌ലാന്റിന്റെ ഡെക്കിലെ സംഭവവികാസങ്ങള്‍ ഹാര്‍വി തന്റെ ടെലിസ്കോപ്പിലൂടെ വീക്ഷിച്ചുകൊണ്ടിരുന്നു.

എഡ്‌ജ്‌ അദ്ദേഹത്തിന്റെയടുക്കലെത്തി. "നമ്മുടെ കൈവശമുള്ള രജിസ്റ്ററുകള്‍ എല്ലാം ഞാന്‍ പരിശോധിച്ചു സര്‍. അസ്വാഭാവികമായി ഒന്നും കാണുന്നില്ല. ഗ്വാഡ്രിഡ്‌ ആന്റേഴ്‌സണ്‍ എന്ന പായ്‌ക്കപ്പലാണ്‌. ഗോഥന്‍ബര്‍ഗില്‍ രജിസ്റ്റര്‍ ചെയ്തത്‌..."

"പക്ഷേ ഈ ആഴക്കടലില്‍ അവര്‍ എന്തിന്‌ വന്നു...?" ഈ സന്ദര്‍ഭം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തലപുകഞ്ഞാലോചിക്കുകയായിരുന്നു ഹാര്‍വി. തന്റെ അസിസ്റ്റന്റ്‌ ജോര്‍ജ്‌സണ്‍ കാല്‍പാദത്തിന്റെ സന്ധിക്ക്‌ ഒടിവുപറ്റി കിടപ്പിലാണ്‌. ഈ അവസ്ഥയില്‍ അല്‍പ്പനേരത്തേക്കാണെങ്കില്‍ പോലും താന്‍ കപ്പലില്‍ നിന്ന് മാറി നില്‍ക്കുക എന്നത്‌ ചിന്തിക്കാനേ വയ്യാത്ത കാര്യമാണ്‌. പിന്നെയുള്ളത്‌ പത്തൊമ്പത്‌ കാരനായ മിസ്റ്റര്‍ എഡ്‌ജ്‌ ആണ്‌. അയാളാണെങ്കില്‍ ആദ്യമായിട്ടാണ്‌ പട്രോള്‍ ഡ്യൂട്ടിക്ക്‌ വരുന്നത്‌.

അല്ലെങ്കില്‍ പിന്നെ സ്വാലോ ഉണ്ട്‌. ഹാര്‍വിയുടെ കണ്ണുകള്‍ സ്വാലോയുടേതുമായി ഉടക്കി. തന്റെ മാനസിക സംഘട്ടനം മുഴുവന്‍ അയാള്‍ക്ക്‌ മനസിലാകുന്നുണ്ടെന്ന് ഹാര്‍വി തിരിച്ചറിഞ്ഞു.

"മിസ്റ്റര്‍ സ്വാലോ, നമ്മുടെ ടീമില്‍ സ്വീഡിഷ്‌ ഭാഷ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോ...?"

"എന്റെയറിവില്‍ ഇല്ല സര്‍..."

"നമ്മളോട്‌ സംസാരിക്കാന്‍ മാത്രം ഇംഗ്ലിഷ്‌ പരിജ്ഞാനം അവര്‍ക്കുണ്ടെന്ന് കരുതാം... എന്തായാലും ലെഫ്റ്റനന്റ്‌ എഡ്‌ജ്‌ ഇന്‍സ്‌പെക്ഷന്‍ ടീമിനെ നയിക്കട്ടെ. സായുധരായ രണ്ട്‌ പേര്‍ സഹായത്തിന്‌ ഒപ്പമുണ്ടായിരിക്കണം. പിന്നെ നിങ്ങളും അവരോടൊപ്പം ചെല്ലുക..."

"ഓ.കെ സര്‍..."

സ്വാലോ ഉടന്‍ തന്നെ തന്റെ സഹപ്രവര്‍ത്തകരെ ഉഷാറാക്കി. ഡെക്കിലെ മുറിയില്‍ നിന്ന് ഒരു ചെറിയ റബ്ബര്‍ ബോട്ട്‌ പുറത്തേക്കെടുക്കപ്പെട്ടു. എഡ്‌ജ്‌ താഴേക്ക്‌ പോയി നിമിഷങ്ങള്‍ക്കകം തന്റെ റിവോള്‍വര്‍ ബെല്‍റ്റില്‍ ഘടിപ്പിച്ച്‌ തിരികെയെത്തി. അയാള്‍ തികച്ചും ഉത്സാഹഭരിതനായിരുന്നു.

"നിങ്ങള്‍ കൈകാര്യം ചെയ്യാമെന്നുറപ്പല്ലേ...?" ഹാര്‍വി ചോദിച്ചു.

"തീര്‍ച്ചയായും സര്‍..." എഡ്‌ജിന്‌ യാതൊരു സംശയവുമുണ്ടായിരുന്നില്ല.

"ഗുഡ്‌... കപ്പലിന്റെ രേഖകളും യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളും വ്യക്തമായിത്തന്നെ പരിശോധിക്കണം..."

"അസ്വാഭാവികമായി എന്തെങ്കിലും കാണാന്‍ സാധ്യതയുണ്ടായിരിക്കുമോ...?

"സാധ്യതയില്ല..." ഹാര്‍വി പറഞ്ഞു. "എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍... 1917ല്‍ ആണെന്ന് തോന്നുന്നു, ജര്‍മന്‍കാര്‍ നിരീക്ഷണത്തിനായി ഒരു പായ്‌ക്കപ്പലിനെ നിയോഗിച്ചിരുന്നു. പക്ഷേ ഇന്ന് കാലം മാറിയില്ലേ... എന്തായാലും സകല കാര്യങ്ങളും പരിശോധിക്കണം. അവരിവിടെ എന്താണ്‌ ചെയ്യുന്നതെന്നറിയാന്‍ എനിക്ക്‌ തിടുക്കമായി. പോയി വരൂ..."


* * * * * * * * * * * * * * * * * * * * * * * * * *

ബ്രിട്ടിഷ്‌ നാവികരെയും കാത്ത്‌ സ്റ്റേം ഡെക്കില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. മിസ്റ്റര്‍ എഡ്‌ജാണ്‌ കയറേണിയിലൂടെ ആദ്യം മുകളിലെത്തിയത്‌. പിന്നെ സ്വാലോയും മറ്റൊരു ഉദ്യോഗസ്ഥനും. സ്വാലോയുടെ കൈയില്‍ ഒരു തോക്ക്‌ ഉണ്ടായിരുന്നു. വേറൊരു നാവികന്‍ താഴെ ബോട്ടില്‍ തന്നെ നിന്നു. ക്യാപ്റ്റന്‍ ബെര്‍ഗറെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.

കൊടിമരത്തില്‍ പാറിക്കൊണ്ടിരുന്ന പതാകയിലേക്ക്‌ ചൂണ്ടി സ്റ്റേം ശുദ്ധവും സ്ഫുടവുമായ ഇംഗ്ലീഷില്‍ പറഞ്ഞു.

"ഞാന്‍ പ്രതിഷേധിക്കുന്നു സര്‍... ഇതൊരു സ്വീഡിഷ്‌ കപ്പലാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ..."

"ഗുഡ്‌... താങ്കള്‍ക്ക്‌ ഇംഗ്ലിഷ്‌ അറിയാമല്ലോ..." തെല്ല് ആശ്വാസത്തോടെ എഡ്‌ജ്‌ പറഞ്ഞു. "ഞാന്‍ ബ്രിട്ടിഷ്‌ നേവിയുടെ ഗാര്‍ഡിയന്‍ എന്ന സബ്‌മറീനിലെ ലെഫ്റ്റനന്റ്‌ ഫിലിപ്പ്‌ എഡ്‌ജ്‌. താങ്കളാണോ ഈ കപ്പലിന്റെ ക്യാപ്റ്റന്‍...?"

"അല്ല... എന്റെ പേര്‌ ലാര്‍സന്‍. ഫസ്റ്റ്‌ അസിസ്റ്റന്റ്‌. ക്യാപ്റ്റന്‍ നീല്‍സന്‍ അദ്ദേഹത്തിന്റെ മുറിയില്‍ പേപ്പറുകള്‍ ശരിയാക്കുകയാണ്‌. ഇവിടെ മൊത്തം അലങ്കോലപ്പെട്ട്‌ കിടക്കുകയാണ്‌ സര്‍. ഇന്നലെ ഒരു കാളരാത്രിയായിരുന്നു. മധ്യയാമത്തില്‍ കപ്പല്‍ ഏതാണ്ട്‌ മറിഞ്ഞത്‌ പോലെയായി. വളരെയധികം കേടുപാടുകള്‍ സംഭവിച്ചു അതിനാല്‍..."

"നിങ്ങള്‍ ഇവിടെത്തന്നെ നില്‍ക്കൂ... ഞാന്‍ ക്യാപ്റ്റനെ കണ്ടിട്ട്‌ വരാം..." എഡ്‌ജ്‌ സ്വാലോയോട്‌ പറഞ്ഞു.

"ആ സമയം കൊണ്ട്‌ ഞങ്ങള്‍ കപ്പല്‍ മൊത്തം ഒന്ന് പരിശോധിച്ചോട്ടെ സര്‍...?" സ്വാലോ ചോദിച്ചു.

ഗാര്‍ഡിയന്റെ ഡെക്കില്‍ മെഷീന്‍ ഗണ്ണുകളുമായി ഹാര്‍വിയുടെ നേതൃത്വത്തില്‍ ഉന്നം പിടിച്ചിരിക്കുന്ന സംഘത്തെ ഒന്ന് നോക്കിയിട്ട്‌ എഡ്‌ജ്‌ തിരിഞ്ഞു.

"ഓ, അതിനെന്താ..." അദ്ദേഹം ക്യാപ്റ്റന്റെ റൂമിന്‌ നേരെ നടന്നു.

ക്യാപ്റ്റന്റെ വാതില്‍ തുറന്ന് സ്റ്റേം ഒരു വശത്തേക്ക്‌ ഒതുങ്ങി നിന്നു. അലങ്കോലമായിക്കിടക്കുന്ന ആ മുറിയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുന്‍പ്‌ എഡ്‌ജ്‌ ഒരു നിമിഷം സംശയിച്ചുനിന്നു. തകര്‍ന്ന ജനാലയിലൂടെ അടിച്ചുകയറിയ വെള്ളത്തിന്റെ നനവ്‌ തറയില്‍ ഇനിയും മാറിയിട്ടില്ല. ചിതറിക്കിടക്കുന്ന പുസ്തകങ്ങളും കടലാസുകളുമായി അവിടമാകെ വൃത്തിഹീനമായിരിക്കുന്നു.

കപ്പലിന്റെ ലോഗ്‌ ബുക്കും മറ്റ്‌ രേഖകളുമായി ബെര്‍ഗര്‍ ഡെസ്കിനരികില്‍ നിന്നിരുന്നു.

"ക്യാപ്റ്റന്‍ നീല്‍സന്‌ ഇംഗ്ലീഷ്‌ അറിയില്ല. അതുകൊണ്ട്‌ അദ്ദേഹത്തെ പ്രതിനിധീകരിച്ച്‌ ഞാന്‍ തന്നെ സംസാരിക്കാം..." സ്റ്റേം പറഞ്ഞു.

എന്നാല്‍ ആ പറഞ്ഞതില്‍ സത്യത്തിന്റെ കണിക പോലുമില്ലെന്ന് പരിശോധനക്കെത്തിയ ബ്രിട്ടീഷ്‌ നാവികര്‍ക്കറിയില്ലല്ലോ.

"ഒരു നിഷ്‌പക്ഷ രാജ്യത്തിന്റെ കപ്പല്‍ എന്ന നിലയില്‍ നിങ്ങളുടെ ബലമായ ഇടപെടലില്‍ അദ്ദേഹം ക്ഷുഭിതനായിരിക്കുകയാണ്‌..." സ്റ്റേം തുടര്‍ന്നു.

"അയാം സോറി..." ക്യാപ്റ്റന്‍ ബെര്‍ഗറുടെ മുഖഭാവം ശ്രദ്ധിച്ച്‌ കൊണ്ട്‌ എഡ്‌ജ്‌ പറഞ്ഞു. "പക്ഷേ, കപ്പലിന്റെ ലോഗ്‌ ബുക്കും രേഖകളും ഞങ്ങള്‍ക്ക്‌ പരിശോധിക്കാതിരിക്കാന്‍ പറ്റില്ല..."

ദ്വേഷ്യം കൊണ്ടെന്ന പോലെ ബെര്‍ഗര്‍ തിരിഞ്ഞു.

"ഞങ്ങള്‍ ചരക്കുകളൊന്നും തന്നെ കൊണ്ടുപോകുന്നില്ല. യാത്രക്കാരെ മാത്രം. ഇതാ ലോഗ്‌ ബുക്ക്‌... നിങ്ങള്‍ക്കാവശ്യമായ എല്ലാ രേഖകളും ഇതിലുണ്ട്‌..." കടല്‍ വെള്ളത്തില്‍ കുതിര്‍ന്ന ലോഗ്‌ ബുക്ക്‌ സ്റ്റേം അദ്ദേഹത്തിന്‌ നേരെ നീട്ടി.

അയാളുടെ കൈയില്‍ നിന്ന് അത്‌ വാങ്ങി എഡ്‌ജ്‌ ബെര്‍ഗറുടെ കസേരയില്‍ ഇരുന്നു. നനഞ്ഞിരുന്ന ലോഗ്‌ ബുക്കിന്റെ ആദ്യ പേജ്‌ വേര്‍തിരിക്കുവാനുള്ള ശ്രമത്തില്‍ കീറി.

ഈ സമയത്ത്‌ റിക്ടറും അദ്ദേഹത്തിന്റെ പതിനൊന്ന് സഹപ്രവര്‍ത്തകരും കപ്പലിന്റെ അടിത്തട്ടില്‍ ദുര്‍ഗന്ധം വമിക്കുന്ന വെള്ളത്തില്‍ ശ്വാസമടക്കി കിടക്കുകയായിരുന്നു. സ്വാലോയുടെ കനത്ത കാലടി ശബ്ദം തങ്ങളുടെ മുകളിലെ പലകത്തട്ടില്‍ അവര്‍ക്ക്‌ കേള്‍ക്കാമായിരുന്നു.


* * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, August 18, 2009

സ്റ്റോം വാണിംഗ്‌ - 12

സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. ചില പ്രത്യേക നിര്‍ദ്ദേശങ്ങളുമായി ട്രിനിഡാഡിലേക്ക്‌ പോകുകയാണ്‌ ബ്രിട്ടിഷ്‌ ഹോം ഫ്ലീറ്റിന്‌ കീഴിലുള്ള T-CLASS സബ്‌മറീനായ HMS ഗാര്‍ഡിയന്‍. സമുദ്രാന്തര്‍ഭാഗത്ത്‌ കൂടിയുള്ള നീണ്ട യാത്രക്ക്‌ ശേഷം ഉപരിതലത്തിലേക്ക്‌ എത്തിയതേയുള്ളു.

ഡീസല്‍ എന്‍ജിന്റെ ശബ്ദവും വിറയലുമാണ്‌ അതിന്റെ ക്യാപ്റ്റന്‍ ലെഫ്റ്റനന്റ്‌ കമാന്‍ഡര്‍ ജോര്‍ജ്‌ ഹാര്‍വിയെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്‌. മുകളിലേക്ക്‌ നോക്കി അല്‍പ്പനേരം കൂടി അദ്ദേഹം തന്റെ ബങ്കില്‍ കിടന്നു. സബ്‌മറീന്റെ മടുപ്പിക്കുന്ന ഗന്ധം അദ്ദേഹത്തിന്റെ നാസരന്ധ്രങ്ങളിലേക്കടിച്ചു കയറി. ഹരിത വര്‍ണ്ണമാര്‍ന്ന കര്‍ട്ടന്‍ വകഞ്ഞ്‌ മാറ്റി ഒരു കപ്പ്‌ ചായയുമായി പെറ്റി ഓഫീസര്‍ സ്വാലോ റൂമിലേക്ക്‌ പ്രവേശിച്ചു.

"മുകളില്‍ എത്തിയതേയുള്ളൂ സര്‍..."

"കാലാവസ്ഥ എങ്ങനെയുണ്ട്‌?..."

"കാറ്റ്‌ വടക്ക്‌ പടിഞ്ഞാറോട്ടാണ്‌. 2-3 എന്ന നിലയില്‍. ദൂരക്കാഴ്ച മോശമാണ്‌ സര്‍. ചെറിയ മഴച്ചാറലുമുണ്ട്‌..."

"ശരി... അഞ്ച്‌ മിനിട്ടിനുള്ളില്‍ ഞാന്‍ ഡെക്കിലെത്താം. മിസ്റ്റര്‍ എഡ്‌ജിനോട്‌ അവിടെ വെയ്‌റ്റ്‌ ചെയ്യാന്‍ പറയൂ..."

"ശരി സര്‍..."

സ്വാലോ പുറത്തേക്ക്‌ നടന്നു. ഹാര്‍വി തന്റെ ബങ്കില്‍ എഴുനേറ്റിരുന്നു കോട്ടുവായിട്ടു. പിന്നെ ഡെസ്കിന്‌ മുന്നിലെത്തി തലേദിവസത്തെ സംഭവങ്ങള്‍ കപ്പലിന്റെ ലോഗ്‌ ബുക്കില്‍ എഴുതുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * *

സബ്‌മറീന്റെ ഡെക്കില്‍ മൂന്ന് പേരുണ്ടായിരുന്നു. സബ്‌ ലെഫ്റ്റനന്റ്‌ എഡ്‌ജ്‌, സിഗ്നല്‍മാന്‍, പിന്നെ ഒരു ലുക്ക്‌ ഔട്ട്‌. (ലുക്ക്‌ ഔട്ട്‌ - കപ്പലിന്‌ ചുറ്റുപാടും വീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ആള്‍). സമുദ്രോപരിതലം വളരെ ശാന്തമായിരുന്നു. ഉപരിതലത്തിലൂടെ സബ്‌മറീന്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ കാണാറുള്ളത്‌ പോലെ മറ്റ്‌ യാനപാത്രങ്ങള്‍ ഒന്നും തന്നെ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല.

എഡ്‌ജ്‌ ആ അവസരം ശരിക്കും ആസ്വദിക്കുകയായിരുന്നു. മണിക്കൂറുകളോളം സമുദ്രത്തിനടിയിലൂടെ സഞ്ചരിച്ചതിന്റെ വല്ലായ്മ മഴത്തുള്ളികള്‍ മുഖത്ത്‌ പതിച്ചതോടെ മാറി. ഉപ്പ്‌ കാറ്റിന്‌ മധുരമുള്ളത്‌ പോലെ തോന്നി.

ഒരു കപ്പ്‌ ചായയുമായി സ്വാലോ അവിടെയെത്തി. "ആഹാ, തണുപ്പ്‌ ആസ്വദിക്കുകയാണല്ലേ?... താങ്കളെക്കാണാന്‍ അഞ്ച്‌ മിനിറ്റിനുള്ളില്‍ ഇവിടെയെത്തുമെന്ന് പറയാന്‍ ക്യാപ്റ്റന്‍ അറിയിച്ചിരിക്കുന്നു..."

"അത്‌ നന്നായി..." എഡ്‌ജ്‌ സന്തോഷത്തോടെ പറഞ്ഞു. "റിപ്പോര്‍ട്ട്‌ ചെയ്യാന്‍ തക്കതായി ഒന്നും തന്നെ കാണാനില്ല ഇവിടെങ്ങും..."

മറുപടി പറയാന്‍ തുടങ്ങിയ സ്വാലോയുടെ കണ്ണുകള്‍ പെട്ടെന്ന് വിടര്‍ന്നു. അവിശ്വസനീയമായ ഭാവം അദ്ദേഹത്തിന്റെ മുഖത്ത്‌ പരന്നു. "ഓ മൈ ഗോഡ്‌... എനിക്കിത്‌ വിശ്വസിക്കാന്‍ പറ്റുന്നില്ല..."

അതേ നിമിഷം തന്നെ അകലേക്ക്‌ ചൂണ്ടിക്കാണിച്ച്‌ കപ്പലിന്റെ ലുക്ക്‌ ഔട്ട്‌ അലറി. അങ്ങോട്ട്‌ നോക്കിയ എഡ്‌ജ്‌ കണ്ടത്‌, ഏകദേശം കാല്‍ മൈല്‍ മാത്രം അകലെ തങ്ങളുടെ നേര്‍ക്ക്‌ അടുത്തുകൊണ്ടിരിക്കുന്ന മൂന്ന് പാമരങ്ങളുള്ള ഒരു പായ്‌ക്കപ്പലിനെയാണ്‌...!

* * * * * * * * * * * * * * * * * * * * * * *

ഡോയ്‌ഷ്‌ലാന്റിന്റെ ഡെക്കില്‍ ആര്‍ക്കും ഒരു പരിഭ്രമവുമുണ്ടായിരുന്നില്ല. ഇത്തരം അവസരത്തില്‍ എന്തൊക്കെയാണ്‌ ചെയ്യേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമേ ഉണ്ടായിരുന്നില്ല. ഡെക്കില്‍ ബെര്‍ഗറുടെ ക്യാബിനില്‍ സ്റ്റേമും റിക്ടറും അദ്ദേഹത്തിന്‌ സമീപം തന്നെയുണ്ട്‌. റിക്ടറുടെ കൈയില്‍ സിഗ്നല്‍ ലാമ്പും ഉണ്ട്‌.

"ഒരു T-Class ബ്രിട്ടിഷ്‌ സബ്‌മറീനാണ്‌..." ബെര്‍ഗര്‍ പറഞ്ഞു.

"ഇതായിരിക്കുമോ നമ്മുടെ യാത്രയുടെ അവസാനം...?" സ്റ്റേം ചോദിച്ചു.

"ചിലപ്പോള്‍..."

ഗാര്‍ഡിയനിലെ പീരങ്കികളുടെ ഉന്നം ഡോയ്‌ഷ്‌ലാന്റിന്‌ നേരെ ശരിയാക്കപ്പെട്ടു. എല്ലാവരും അവരവരുടെ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. അടുത്ത നിമിഷം അതിന്റെ സിഗ്നല്‍ ലാമ്പ്‌ മിന്നി.

"ഒരടി പോലും മുന്നോട്ട്‌ വരരുത്‌. നിറുത്തിയില്ലെങ്കില്‍ വെടിയുതിര്‍ക്കുന്നതായിരിക്കും..." റിക്ടര്‍ ആ കോഡ്‌ പരിഭാഷപ്പെടുത്തി വായിച്ചു.

"ശരി... മറുപടി കൊടുക്കൂ... : ഒരു നിഷ്‌പക്ഷ കപ്പല്‍ എന്ന നിലയില്‍ പ്രതിഷേധത്തോടെയാണെങ്കിലും നിറുത്തുന്നു."

റിക്ടറുടെ കൈയിലെ ലാമ്പ്‌ പ്രവര്‍ത്തിച്ചു. ഒരു നിമിഷം കഴിഞ്ഞ്‌ മറുപടി വന്നു. "നിങ്ങളുടെ കപ്പല്‍ പരിശോധിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവിടെത്തന്നെ നില്‍ക്കുക."

ബെര്‍ഗര്‍ തന്റെ കണ്ണട മേശപ്പുറത്ത്‌ വച്ചു. "ശരി സുഹൃത്തുക്കളേ... നമുക്ക്‌ തുടങ്ങാം. മിസ്റ്റര്‍ സ്റ്റേം, നിങ്ങള്‍ കാറ്റ്‌പായകള്‍ ചുരുട്ടിക്കൊള്ളൂ... റിക്ടര്‍, നിങ്ങള്‍ അധികമുള്ള ആള്‍ക്കാരുമായി അടിത്തട്ടിലേക്ക്‌ പോകുക. ഞാന്‍ യാത്രക്കാരുടെ അടുത്തേക്ക്‌ ചെല്ലട്ടെ..."

എല്ലാവരും അവരവരുടെ കര്‍ത്തവ്യങ്ങളിലേക്ക്‌ പെട്ടെന്ന് നീങ്ങി. ഇടനാഴിയിലൂടെ താഴോട്ട്‌ നടന്ന റിക്ടറെ ബെര്‍ഗര്‍ പിന്തുടര്‍ന്നു. സിസ്റ്റര്‍ ലോട്ടെയുടെ ബൈബിള്‍ പാരായണം ശ്രവിച്ച്‌ മൂന്ന് കന്യാസ്ത്രീകള്‍ സലൂണില്‍ ഇരിക്കുന്നുണ്ടായിരുന്നു.

"സിസ്റ്റര്‍ ആഞ്ചല എവിടെ?..." ബെര്‍ഗര്‍ ചോദിച്ചു.

സിസ്റ്റര്‍ ലോട്ടെ തലയുയര്‍ത്തി. "മിസ്സിസ്‌ പ്രേയ്ഗറുടെ അടുത്ത്‌..."

തന്റെ റൂമിന്റെ കതക്‌ തുറന്ന് പ്രേയ്‌ഗര്‍ പുറത്തേക്കിറങ്ങി. കടുത്ത മനോവേദന അനുഭവിക്കുന്ന അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു.

"ഭാര്യയുടെ നില ഇപ്പോള്‍ എങ്ങനെ?... " ബെര്‍ഗര്‍ ചോദിച്ചു.

"അത്ര നന്നല്ല. അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്നു..."

"എനിക്കും വിഷമമുണ്ട്‌... പക്ഷേ നമുക്കെന്ത്‌ ചെയ്യാന്‍ കഴിയും?..." ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ ബെര്‍ഗര്‍ തുടര്‍ന്നു. "ഏതാണ്ട്‌ കാല്‍ മൈല്‍ ദൂരെ ഒരു ബ്രിട്ടിഷ്‌ സബ്‌മറീന്‍ വരുന്നുണ്ട്‌. അവര്‍ക്ക്‌ നമ്മുടെ കപ്പല്‍ പരിശോധിക്കണമത്രേ..."

"ദൈവമേ... " സിസ്റ്റര്‍ കാത്തെ അറിയാതെ കുരിശ്‌ വരച്ചു പോയി.

ആ നിമിഷം തന്നെ പ്രേയ്‌ഗറുടെ റൂമില്‍ നിന്ന് ഒരു ബക്കറ്റുമായി സിസ്റ്റര്‍ ആഞ്ചല പുറത്തേക്ക്‌ വന്നു. അവരുടെ വസ്ത്രത്തില്‍ അഴുക്ക്‌ പുരണ്ടിരുന്നു.

"ഞങ്ങള്‍ സംസാരിച്ചത്‌ നിങ്ങള്‍ കേട്ടുവോ?..." ബെര്‍ഗര്‍ ചോദിച്ചു.

"കേട്ടു..."

"അപ്പോള്‍ ശരി... കഴിഞ്ഞ രാത്രി ഒരു കാളരാത്രി തന്നെ ആയിരുന്നു... ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായോ സിസ്റ്റര്‍?..."

"തീര്‍ച്ചയായും ക്യാപ്റ്റന്‍..." അവരുടെ മുഖം വിളറിയെങ്കിലും കണ്ണുകള്‍ തിളങ്ങിയിരുന്നു. "പക്ഷേ, ക്യാപ്റ്റന്‍, താങ്കളെ ഇവിടെ നില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല..."

ചുമരില്‍ ചാരി വച്ചിരുന്ന ക്ലീനിംഗ്‌ ബ്രഷ്‌ എടുത്ത്‌ ബെര്‍ഗര്‍ ജനാലയില്‍ ആഞ്ഞടിച്ചു. ജനാലച്ചില്ല് തകര്‍ന്ന് മേശപ്പുറത്ത്‌ വീഴുന്നത്‌ കണ്ട്‌ കന്യാസ്ത്രീകള്‍ ഭയത്തോടെ നിലവിളിച്ചു. ബ്രഷ്‌ ഒരു മൂലയിലേക്കെറിഞ്ഞിട്ട്‌ ഇടനാഴിയിലൂടെ മുകളിലേക്ക്‌ പോകുമ്പോള്‍ ബെര്‍ഗര്‍ പറഞ്ഞു. "ശരി... ഞാനിവിടെ നില്‍ക്കുന്നില്ല..."

അവിടെയാകെ നിശബ്ദത തളം കെട്ടി നിന്നു. മറ്റ്‌ കന്യാസ്ത്രീകള്‍ സിസ്റ്റര്‍ ആഞ്ചലയെ പ്രതീക്ഷയോടെ നോക്കി. എന്തോ മനസ്സില്‍ കണ്ടത്‌ പോലെ ആഞ്ചല തന്റെ കൈയിലെ ബക്കറ്റ്‌ നിലത്തെക്ക്‌ കമഴ്‌ത്തി. ഞൊടിയിടയില്‍ അവിടമാകെ ഛര്‍ദ്ദി അവശിഷ്ടങ്ങളുടെ അസഹനീയമായ ഗന്ധം പരന്നു. സിസ്റ്റര്‍ ബ്രിജിത്തെ തന്റെ അടിവയറ്റില്‍ കൈ താങ്ങിക്കൊണ്ട്‌ തിരിഞ്ഞോടി.

"കൊള്ളാം..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു. "ഇനി സിസ്റ്റര്‍ ലോട്ടെ പോയി ആ ടോയ്‌ലറ്റുകളിലെ അവശിഷ്ടങ്ങളുടെ ബക്കറ്റ്‌ കൊണ്ടുവരൂ. ആ ബ്രിട്ടീഷുകാര്‍ വരുമ്പോള്‍ ഇവിടെ ഒരു മിനിറ്റ്‌ പോലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കണം..."

സിസ്റ്റര്‍ ആഞ്ചല തന്റെ ശാന്തതയും മൃദുത്വവും കൈവെടിഞ്ഞു. തികച്ചും ആജ്ഞാസ്വരത്തില്‍ അവര്‍ തുടര്‍ന്നു. "ബാക്കിയുള്ളവര്‍ തങ്ങളുടെ ക്യാബിനുകള്‍ അലങ്കോലപ്പെടുത്തിയിടൂ... കിടക്കകള്‍ എല്ലാം കടല്‍ വെള്ളത്തില്‍ നനയട്ടെ..."

"ഞാനെന്ത്‌ ചെയ്യണം സിസ്റ്റര്‍?..." പ്രേയ്ഗര്‍ അവരുടെ തോളില്‍ തട്ടി ചോദിച്ചു.

"മുട്ടു കുത്തൂ ഹേര്‍ പ്രേയ്‌ഗര്‍... നിങ്ങളുടെ ഭാര്യയുടെ കട്ടിലിനു സമീപം... എന്നിട്ട്‌ മനമുരുകി പ്രാര്‍ത്ഥിക്കൂ..."

* * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, August 14, 2009

സ്റ്റോം വാണിംഗ്‌ - 11

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 12. അക്ഷാംശം 26.11 നോര്‍ത്ത്‌, രേഖാംശം 30.26 വെസ്റ്റ്‌. കാറ്റ്‌ NW 2 - 3. ദൂരക്കാഴ്ച വളരെ മോശം. കഴിഞ്ഞ രാത്രിയുടെ മധ്യയാമത്തില്‍ ശക്തിയായ കാറ്റും മഴയുമുണ്ടായി.

അദ്ധ്യായം - മൂന്ന്

അസോഴ്‌സ്‌ ദ്വീപുകളുടെ ഏകദേശം അഞ്ഞൂറ്‌ മൈല്‍ തെക്ക്‌, ഡോയ്‌ഷ്‌ലാന്റില്‍ തന്റെ ക്യാബിനില്‍ ഇരുന്ന് എറിക്‌ ബെര്‍ഗര്‍ ഡയറി എഴുതുകയാണ്‌.

".......... വിചാരിച്ചതിനേക്കാള്‍ എളുപ്പമായി യാത്ര എനിക്കിപ്പോള്‍ തോന്നുന്നു. യാത്രക്കാര്‍ പരിതസ്ഥിതിയുമായി ഇണങ്ങിത്തുടങ്ങിയിരിക്കുന്നു. കാലാവസ്ഥ പിടിക്കാത്തതിനാല്‍ അധിക സമയവും അവര്‍ താഴെത്തന്നെയാണ്‌ കഴിച്ചുകൂട്ടുന്നത്‌. സൂര്യപ്രകാശം ഏല്‍ക്കാത്തതിനാല്‍ സലൂണില്‍ എപ്പോഴും ഈര്‍പ്പം നിറഞ്ഞു നില്‍ക്കുന്നു.

ബെലേമില്‍ നിന്ന് പുറപ്പെട്ട്‌ മൂന്ന് ദിവസം കഴിഞ്ഞപ്പോഴുണ്ടായ ശക്തിയായ കാറ്റിലും മഴയിലും കുറച്ച്‌ ഭക്ഷണസാധങ്ങള്‍ കേടു വന്നു. കൂടാതെ പാലിന്‌ വേണ്ടി വളര്‍ത്തിയിരുന്ന ആട്‌ ചത്ത്‌ പോകുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി ഭക്ഷണം മോശമാണ്‌. അത്‌ പ്രത്യേകിച്ചും കന്യാസ്ത്രീകളില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ദിവസം ചെല്ലുംതോറും വഷളായിക്കൊണ്ടിരിക്കുന്ന മിസിസ്‌ പ്രേയ്‌ഗറുടെ ആരോഗ്യ നില എന്നെ അസ്വസ്ഥനാക്കുന്നു.

ഏതെങ്കിലും ശത്രുക്കപ്പലിന്റെ ദൃഷ്ടിയില്‍ പെട്ടാല്‍ രക്ഷപെടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍ ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു സ്വീഡിഷ്‌ ലൈബ്രറി തന്നെ എന്റെ ക്യാബിനില്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. എപ്പോഴെങ്കിലും ശത്രുക്കള്‍ പരിശോധനക്കെത്തിയാല്‍ അധികമുള്ള യാത്രക്കാര്‍ കപ്പലിന്റെ അടിത്തട്ടില്‍ ഒളിച്ചിരിക്കും. കാറ്റും മഴയും പായ്‌ക്കയര്‍ പൊട്ടലും മറ്റും ഇല്ലാത്ത ദിവസങ്ങള്‍ അപൂര്‍വ്വമാണെങ്കിലും യാത്ര ഒരു വിധം സുഖം തന്നെ.

അടിത്തട്ടില്‍ പന്ത്രണ്ട്‌ ഇഞ്ച്‌ വെള്ളം ഉയര്‍ന്നിരിക്കുന്നുവെന്ന് മിസ്റ്റര്‍ സ്റ്റേം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. പക്ഷേ അതത്ര ഗുരുതരമല്ല. നമ്മള്‍ക്കെല്ലാം വയസ്സാകുന്നത്‌ പോലെ തന്നെ ഡോയ്‌ഷ്‌ലാന്റിനും......."

ഡോയ്‌ഷ്‌ലാന്റ്‌ പെട്ടെന്ന് ഒരു വശത്തേക്ക്‌ ചരിഞ്ഞു. ബെര്‍ഗര്‍ തന്റെ കസേരയില്‍ നിന്ന് എടുത്തെറിയപ്പെട്ടു. പെട്ടെന്ന് തന്നെ എഴുനേറ്റ്‌ അദ്ദേഹം വാതില്‍ തുറന്ന് മുകളിലേക്കോടി.

ഡെക്കിലേക്ക്‌ തിരമാലകളടിച്ച്‌ കയറുന്നുണ്ടായിരുന്നു. ലെഫ്റ്റനന്റ്‌ സ്റ്റേമും ലീഡിംഗ്‌ സീമാന്‍ ക്ലൂത്തും വീലിനടുത്തുണ്ട്‌. കപ്പല്‍ നിയന്ത്രിക്കാന്‍ അവര്‍ നന്നേ പാടുപെടുന്നുണ്ട്‌.

ഡെക്കില്‍ നിന്നും വളരെ ഉയരത്തില്‍ പ്രധാന കാറ്റുപായ സ്വതന്ത്രമായി അങ്ങോട്ടുമിങ്ങോട്ടും വീശിയടിക്കുന്നു. അതിന്റെ ഭയാനക ശബ്ദം അലറുന്ന കാറ്റിന്റെ ശബ്ദത്തേക്കാളും ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. പായ്‌ക്കയര്‍ പൊട്ടിയിട്ട്‌ നിമിഷങ്ങളേ ആയിട്ടുള്ളൂ. എന്നിട്ടും ഞൊടിയിടയില്‍ റിക്ടര്‍ പാമരത്തിന്‌ മുകളിലെത്തിക്കഴിഞ്ഞിരുന്നു.

ബെര്‍ഗര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഓടിയെത്തി. പക്ഷേ അദ്ദേഹം കാല്‍ തെന്നി ഡെക്കില്‍ വീണു. അടുത്ത തിരമാല ഉയര്‍ന്നപ്പോഴേക്കും അദ്ദേഹം എഴുനേറ്റ്‌ ഒരു പായ്‌ക്കയറില്‍ പിടിച്ചു കഴിഞ്ഞിരുന്നു.

അവര്‍ രണ്ട്‌ പേരും കൂടി കാറ്റുപായ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് വലിച്ചു കെട്ടി. ചരിഞ്ഞ്‌ കിടന്നിരുന്ന ഡോയ്‌ഷ്‌ലാന്റ്‌ പതുക്കെ പൂര്‍വ്വസ്ഥിതിയിലേക്ക്‌ തിരിച്ചെത്തി. ലക്ഷ്യമില്ലാതെ വീശിയടിച്ചുകൊണ്ടിരുന്ന പായകളുടെ ഭീകരമായ ശബ്ദം നിലച്ചു. റിക്ടര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. "കാറ്റുപായ ശരിയാക്കി. പുതിയ കയറിട്ടു സര്‍..."

കാറ്റിന്റെ വന്യമായ അലര്‍ച്ചക്കിടയില്‍ ബെര്‍ഗര്‍ മുകളിലേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. " പക്ഷേ, അത്‌ കൊണ്ട്‌ കാര്യമില്ല റിക്ടര്‍... കാറ്റിന്റെ ശക്തി കുറഞ്ഞില്ലെങ്കില്‍ അവ വീണ്ടും പൊട്ടും..."

"പക്ഷേ കെട്ടിയില്ലെങ്കില്‍ ഈ കാറ്റില്‍ കാറ്റുപായ തുണ്ടം തുണ്ടമാകും..."

"ഒരു കയറും കൂടി ഇടൂ... അല്ലെങ്കില്‍ ഞാന്‍ തന്നെ ശരിയാക്കാം..."

ബെര്‍ഗര്‍ കയറേണിയില്‍ക്കൂടി മുകളിലേക്ക്‌ കുതിച്ചു. കാറ്റ്‌ അദ്ദേഹത്തെ അടിച്ച്‌ പറപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അമ്പതടി ഉയരമുള്ള ആ പാമരത്തിന്റെ മുകളിലെത്തി അദ്ദേഹം താഴോട്ട്‌ നോക്കി. റിക്ടര്‍ തന്റെ തൊട്ടു പിറകിലുണ്ടായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * *

കപ്പലിന്റെ ജനാലകളില്‍ക്കൂടി അടിച്ചുകയറിയ വെള്ളം താഴെ സലൂണില്‍ ഒരടി ഉയരത്തില്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഓരോ ക്യാബിനുകളിലും കയറിയിറങ്ങി, ഭയന്ന് വിറച്ചിരിക്കുന്ന തന്റെ സഹപ്രവര്‍ത്തകരെ സമാശ്വസിപ്പിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല.

തന്റെ ഭാര്യയുടെ കട്ടിലിന്‌ സമീപം മുട്ടുകുത്തിനില്‍ക്കുന്ന പ്രേയ്‌ഗറെയാണ്‌ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നപ്പോള്‍ സിസ്റ്റര്‍ ആഞ്ചല കണ്ടത്‌. അത്യധികം അവശയായി കണ്ണടച്ച്‌ കിടന്നിരുന്ന മിസിസ്‌ പ്രേയ്‌ഗറുടെ മുഖം വിളറിയിരുന്നു. ശ്വാസോച്ഛ്വാസത്തിന്റെ ചെറു ചലനത്തില്‍ നിന്ന് മാത്രമാണ്‌ ആ ദേഹത്ത്‌ ജീവന്‍ ഇനിയും അവശേഷിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നത്‌.

"എന്താണവിടെ സംഭവിക്കുന്നത്‌?..." പരിഭ്രമത്തോടെ പ്രേയ്ഗര്‍ ചോദിച്ചു.

അദ്ദേഹത്തെ അവഗണിച്ചുകൊണ്ട്‌ ആഞ്ചല അവരുടെ കൈത്തണ്ട തന്റെ കൈയിലെടുത്ത്‌ പള്‍സ്‌ പരിശോധിച്ചു. ക്രമരഹിതമായിരുന്നു അത്‌.

പ്രേയ്ഗര്‍ അവരുടെ തോളില്‍ തട്ടിക്കൊണ്ട്‌ വീണ്ടും ചോദിച്ചു. "പറയൂ, എന്താണവിടെ സംഭവിച്ചത്‌?..."

"ഞാന്‍ പോയി നോക്കാം. താങ്കള്‍ ഭാര്യയോടൊപ്പം ഇവിടെത്തന്നെയിരിക്കൂ..."

അവര്‍ ഡെക്കിലേക്ക്‌ നടന്നു. ഉയര്‍ന്ന് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന തിരമാലകളുടെ മുകളിലൂടെ ഡോയ്‌ഷ്‌ലാന്റ്‌ വടക്കോട്ട്‌ കുതിച്ചുകൊണ്ടിരിക്കുന്നു. സ്റ്റേമും ക്ലൂത്തും കപ്പല്‍ നിയന്ത്രിക്കാന്‍ അപ്പോഴും വീല്‍ ഹൗസില്‍ കിണഞ്ഞ്‌ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ആഞ്ചല അവരെ വിളിച്ചുവെങ്കിലും അലറിയടിക്കുന്ന കാറ്റില്‍ ആ ശബ്ദം ആര്‍ക്കും കേള്‍ക്കാനായില്ല.

കപ്പലിന്റെ ഇടത്‌ ഭാഗത്ത്‌ ചെന്ന് അവര്‍ കാറ്റ്‌ നിറഞ്ഞ്‌ നില്‍ക്കുന്ന പായ വീക്ഷിച്ചു. ആകാശം പൂര്‍ണ്ണമായും ചാരനിറത്തിലായിരിക്കുന്നു. ആഞ്ഞടിക്കുന്ന കാറ്റിന്റെ ഭയാനകശബ്ദം കപ്പലിലാകെ മാറ്റൊലി കൊണ്ടു. അപ്പോഴാണവര്‍ ആ അവിശ്വസനീയമായ കാഴ്ച കണ്ടത്‌. ഏകദേശം നൂറ്‌ അടി ഉയരമുള്ള പാമരത്തിന്‌ മുകളിലിരുന്ന് പൊട്ടിപ്പോയ പായകള്‍ കുട്ടിത്തുന്നുന്ന ബെര്‍ഗറും റിക്ടറും... തന്റെ ജീവിതത്തിലാദ്യമായിട്ടായിരുന്നു ഇത്തരം ഭീതിദായകമായ കാഴ്ച അവര്‍ കാണുന്നത്‌. അവര്‍ ഭയചകിതയായി മുകളിലേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു.

പെട്ടെന്നായിരുന്നു ഒരു ഭീമാകാരമായ തിര ഡെക്കിന്‌ മുകളിലേക്കുയര്‍ന്നത്‌. ഞൊടിയിടയ്ക്കുള്ളില്‍ ആ ജലപാതത്തില്‍ സിസ്റ്റര്‍ ആഞ്ചല അകപ്പെട്ടുപോയി. ഡെക്കിന്റെ കൈവരികള്‍ക്ക്‌ സമീപത്തേക്ക്‌ അവര്‍ തെറിച്ചു വീണു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പാമരത്തില്‍ നിന്ന് താഴോട്ട്‌ ചാടിയ ബെര്‍ഗര്‍ അവരുടെ കൈയില്‍ പിടിച്ച്‌ കഴിഞ്ഞിരുന്നു.

"ബ്ലഡി ഫൂള്‍...." അദ്ദേഹം അലറി. "നിങ്ങള്‍ക്ക്‌ റൂമില്‍ ഇരുന്നുകൂടേ?... "

അവര്‍ക്ക്‌ മറുപടി പറയാന്‍ കഴിയുന്നതിന്‌ മുമ്പ്‌ തന്നെ അവരെ പിടിച്ച്‌ വലിച്ച്‌ കൊണ്ട്‌ ബെര്‍ഗര്‍ തന്റെ ക്യാബിനിലേക്ക്‌ ഓടി. അവിടെയുണ്ടായിരുന്ന കസേരയിലേക്ക്‌ അവരെ തള്ളിയിട്ടിട്ട്‌ അദ്ദേഹം വാതില്‍ വലിച്ചടച്ചു.

"പറയൂ... ഈ നരകത്തില്‍ എന്ത്‌ ചെയ്യണം നിങ്ങളെ ഞാന്‍..."

"അയാം സോറി... താഴെ എല്ലാവരും ഭയന്നിരിക്കുകയാണ്‌. എന്താണ്‌ സംഭവിച്ചതെന്നറിയാന്‍ വന്നതായിരുന്നു."

അദ്ദേഹം ഒരു ടവല്‍ അവര്‍ക്കെറിഞ്ഞ്‌ കൊടുത്തു. "ഒരു പായ്‌ക്കയര്‍ പൊട്ടി. അതോടെ പായയും കീറി. പാമരം ഒരു തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞ്‌ പോകേണ്ടതായിരുന്നു. പക്ഷേ അപ്പോഴേക്കും റിക്ടര്‍ അവിടെയെത്തിയിരുന്നു..." അലമാര തുറന്ന് അദ്ദേഹം ഒരു ബോട്ട്‌ല്‍ എടുത്തു.

"കുറച്ച്‌ കഴിക്കുന്നോ സിസ്റ്റര്‍...? ഒരു മരുന്നായി മാത്രം... റം ആണിത്‌. ഇതേ ഇവിടെയുള്ളൂ..."

"എനിക്കിതൊന്നും വേണ്ട..." മുഖം തുടച്ച്‌ ഭയത്തോടെ അവര്‍ തുടര്‍ന്നു. "നിങ്ങളും റിക്ടറും കൂടി ആ പാമരത്തിനു മുകളില്‍... ഈ ചീറിയടിക്കുന്ന കാറ്റില്‍... ഞാന്‍ ശരിക്കും ഭയന്നു പോയി..."

"ഓ, ഇതൊക്കെ സാധാരണം..." അദ്ദേഹം പറഞ്ഞു.

അവരുടെ ഭയം ഇനിയും വിട്ട്‌ മാറിയിരുന്നില്ല. "പറയൂ ക്യാപ്റ്റന്‍... നമ്മെ ഇപ്പോഴും നിര്‍ഭാഗ്യം പിന്തുടരുന്നുവെന്നാണോ താങ്കള്‍ വിശ്വസിക്കുന്നത്‌? നാം ആദ്യം സംസാരിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞില്ലേ വൈദികരെ കപ്പല്‍ യാത്രക്ക്‌ കൊണ്ട്‌ പോകാറില്ലെന്ന്. എന്നിട്ടും നാം കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നേറുകയാണല്ലോ... എന്താ ശരിയല്ലേ...?

"അതെയതേ..." ബെര്‍ഗര്‍ സമ്മതിച്ചു. "ദിവസം ചെല്ലുംതോറും ഈ പാവം കപ്പലിന്റെ അവസ്ഥ മോശമാകുകയാണെങ്കിലും..."

"താങ്കള്‍ ഡോയ്‌ഷ്‌ലാന്റിനെക്കുറിച്ച്‌ പറയുമ്പോഴെല്ലാം ഒരു ജീവനുള്ള വസ്തുവിനെപ്പോലെയാണല്ലോ കരുതുന്നത്‌..."

"പിന്നെന്താ സംശയം?... കപ്പലുകള്‍ സംസാരിക്കും... പലതരം ശബ്ദങ്ങളില്‍... കപ്പലുകള്‍ പരസ്പരം വിളിക്കുന്നത്‌ നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ സാധിക്കും... പ്രത്യേകിച്ചും രാത്രിയില്‍..."

"ഓ, പിന്നെ... വല്ല കാറ്റ്‌ വീശുന്ന ശബ്ദവുമായിരിക്കും..." അവരുടെ സ്വരത്തില്‍ പരിഹാസ ധ്വനിയുണ്ടായിരുന്നു.

"മാത്രമല്ല സിസ്റ്റര്‍, പണ്ടുള്ളവര്‍ പറയാറുണ്ട്‌... പാമരത്തില്‍ നിന്ന് വീണ്‌ മരിക്കുന്നവരുടെ പ്രേതങ്ങള്‍ ആ കപ്പലില്‍ തന്നെ വസിക്കുമെന്ന്..."

"താങ്കളത്‌ വിശ്വസിക്കുന്നുണ്ടോ..?

"പിന്നെ വിശ്വസിക്കാതെ... ? ജര്‍മന്‍ നേവിയിലുള്ളവര്‍ നിര്‍ബന്ധമായും വിശ്വസിച്ചിരിക്കണം..." അദ്ദേഹത്തിന്റെ മുഖത്ത്‌ വിപരീത ധ്വനിയുള്ള പുഞ്ചിരി പരന്നു. " ഈ പഴയ കപ്പലിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഴലുകളെ ഒന്ന് സങ്കല്‍പ്പിച്ച്‌ നോക്കൂ... പ്രത്യേകിച്ചും ഇരുട്ടില്‍... ഇടനാഴിയില്‍ കൂടി പോകുമ്പോള്‍ വല്ല രൂപവും നിങ്ങളുടെ സമീപത്ത്‌ കൂടി പോകുന്നുവെന്ന് തോന്നിയാല്‍ ഒട്ടും പേടിക്കരുത്‌... ദൈവം നിങ്ങളെ രക്ഷിക്കട്ടെ..."

അവരുടെ കവിളുകള്‍ ചുവന്നു. മറുപടി പറയാന്‍ പറ്റുന്നതിന്‌ മുമ്പ്‌ വാതില്‍ തുറന്ന് സിസ്റ്റര്‍ എല്‍സെ പരിഭ്രമത്തോടെ പ്രവേശിച്ചു.

"പ്ലീസ്‌ സിസ്റ്റര്‍... ഒന്ന് വേഗം വരൂ... മിസിസ്‌ പ്രേയ്‌ഗറുടെ നില മോശമാകുന്നു..."

സിസ്റ്റര്‍ ആഞ്ചല ചാടിയെഴുനേറ്റ്‌ പുറത്ത്‌ കടന്നു. ബെര്‍ഗര്‍ കതകടച്ചു. മുഖം തുടച്ച്‌ അവരവിടെ ഇട്ട്‌ പോയിരുന്ന ടവല്‍ എടുത്ത്‌ തന്റെ മുഖത്തെ വിയര്‍പ്പ്‌ തുടച്ചു. എന്തോ ഒരു പ്രത്യേകത അദ്ദേഹം അവരില്‍ ദര്‍ശിച്ചു. നിര്‍വചിക്കാനാവാത്ത എന്തോ ഒന്ന്...

* * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Saturday, August 8, 2009

സ്റ്റോം വാണിംഗ്‌ - 10

പതുക്കെ ആ മോട്ടോര്‍ ഗണ്‍ ബോട്ട്‌ ഹാര്‍ബറില്‍ അടുത്തു. ബോട്ട്‌ ജെട്ടിയിലെ കുടക്കീഴിലിരുന്ന് ചിത്രം പെയിന്റ്‌ ചെയ്തുകൊണ്ടിരുന്ന മധ്യവയസ്ക തലയുയര്‍ത്തി നോക്കി. പ്രസന്നവദനയായ അവരുടെ നീലക്കണ്ണുകള്‍ ശാന്തമായിരുന്നു. ഉയര്‍ന്ന റാങ്കിലുള്ള ഒരു നേവല്‍ ഓഫീസറുടെ കോട്ടാണ്‌ അവര്‍ ധരിച്ചിരുന്നത്‌.

പെയിന്റിംഗ്‌ നിറുത്തി അവര്‍ എഴുനേറ്റ്‌ ബോട്ടിനടുത്തേക്ക്‌ നടന്നു. ബോട്ടില്‍ നിന്നിരുന്ന ജാഗോയെ നോക്കി പുഞ്ചിരിച്ചുകൊണ്ട്‌ അവര്‍ മൊഴിഞ്ഞു. "ഹലോ അമേരിക്ക ... സ്വാഗതം...."

ജാഗോ ബോട്ടില്‍ നിന്നിറങ്ങി ജെട്ടിയുടെ പടവുകള്‍ കയറി.

"മാഡം... ഞാന്‍ ഹാരി ജാഗോ..."

"ഞാന്‍ ജീന്‍ സിന്‍ക്ലെയര്‍..." ജാഗോയ്ക്ക്‌ ഹസ്തദാനം നല്‍കിക്കൊണ്ട്‌ അവര്‍ തുടര്‍ന്നു. " ഞാനാണിവിടുത്തെ ബെയ്‌ലി. വാട്ട്‌ കാന്‍ ഐ ഡൂ ഫോര്‍ യൂ ലെഫ്റ്റനന്റ്‌?..."

"ബെയ്‌ലി എന്നാല്‍?..." ജാഗോ സംശയത്തോടെ നോക്കി.

"നിങ്ങളുടെ ഭാഷയില്‍ മജിസ്ട്രേട്ട്‌ എന്ന് പറയാം..."

"ഓ അത്‌ ശരി... അപ്പോള്‍ നിങ്ങളുടെ നിയമമാണിവിടെ..."

"മാത്രമല്ല, ഇവിടുത്തെ ഹാര്‍ബര്‍ മാസ്റ്ററും കൂടിയാണ്‌. ഇതൊരു ചെറിയ ദ്വീപാണ്‌. ഞങ്ങളേക്കൊണ്ട്‌ പറ്റുന്ന സഹായമെല്ലാം ഇവിടെയുള്ളവര്‍ക്ക്‌ ചെയ്യാന്‍ ശ്രമിക്കുന്നു..." അവര്‍ പറഞ്ഞു.

"മാഡം, അഡ്‌മിറല്‍ റീവിനുള്ള കുറച്ച്‌ സന്ദേശങ്ങളുമായിട്ടാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. എവിടെയാണദ്ദേഹത്തെ കാണാന്‍ സാധിക്കുക?..."

അവര്‍ മന്ദഹസിച്ചു. "ഈ ദ്വീപില്‍ ഒരു ചൊല്ലുണ്ട്‌ ലെഫ്റ്റനന്റ്‌... ചെകുത്താനെ എപ്പോള്‍ മനസ്സിലോര്‍ക്കുമോ അപ്പോള്‍ അത്‌ നിങ്ങളുടെ മുന്നിലെത്തും എന്ന്..."

പെട്ടെന്ന് പിറകോട്ട്‌ തിരിഞ്ഞ്‌ നോക്കിയ ജാഗോ ഷോക്കടിച്ചത്‌ പോലെ നിന്ന് പോയി. പേളില്‍ വച്ച്‌ തനിക്ക്‌ നേവി ക്രോസ്‌ മെഡല്‍ ലഭിക്കുമ്പോള്‍ നിറയെ മെഡലുകള്‍ ചാര്‍ത്തിയ യൂണിഫോമില്‍ അഡ്‌മിറല്‍ ക്യാരി റീവ്‌ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്നു. എന്നാല്‍ ഒരു പഴഞ്ചന്‍ കോട്ടും സീ ഷൂസും അണിഞ്ഞ്‌ തന്റെ നേരെ നടന്ന് വരുന്ന ആ മനുഷ്യന്‌ അദ്ദേഹവുമായി യാതൊരു സാദൃശ്യവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ മാത്രമാണ്‌ ജാഗോയുടെ സംശയം മാറിയത്‌.

"എന്നെയാണോ അന്വേഷിക്കുന്നത്‌ ലെഫ്റ്റനന്റ്‌...?

"അഡ്‌മിറല്‍ ക്യാരി റീവ്‌...?" ജാഗോ അറ്റന്‍ഷനായി നിന്ന് സല്യുട്ട്‌ ചെയ്തു. "താങ്കള്‍ക്കൊരു മെയിലുണ്ട്‌ സര്‍... മലേയ്‌ഗിലെ റോയല്‍ നേവല്‍ ഓഫീസര്‍ തന്നതാണ്‌. ബോട്ടിലേക്ക്‌ വരുന്നതില്‍ വിരോധമുണ്ടോ...?"

"വിരോധമോ... നടക്കൂ..." റീവ്‌ ആകാംക്ഷയോടെ പറഞ്ഞു.

"ങാഹ്‌ ... പിന്നെ, ഞാന്‍ റോറിയെ കണ്ടു കേട്ടോ. മര്‍ഡോക്കിന്റെ കൂടെ ലൈഫ്‌ ബോട്ട്‌ സ്റ്റേഷനിലായിരുന്നു അവന്‍..." ജീന്‍ സിന്‍ക്ലെയറിനെ അപ്പോഴാണദ്ദേഹം ശ്രദ്ധിച്ചത്‌.

അവരുടെ മുഖത്ത്‌ നേരിയ മന്ദഹാസം വിടര്‍ന്നു. "ക്യാരീ, ഞാന്‍ വിചാരിച്ചു ജാഗോ വന്ന സന്തോഷത്തില്‍ ഞാനിവിടെ നില്‍ക്കുന്നത്‌ നിങ്ങള്‍ കണ്ടതേയില്ലെന്ന്..."

"ഞാനവിടെ മറ്റൊന്ന് കൂടി കണ്ടു... ഒരു മൃതദേഹം. ഏതോ ഒരു ജര്‍മ്മന്‍ സബ്‌മറീനിലെ നാവികനാണ്‌..." റീവ്‌ ദു:ഖത്തോടെ പറഞ്ഞു.

അവരുടെ മുഖത്തെ മന്ദഹാസം മാഞ്ഞു. "എന്നിട്ട്‌ മൃതശരീരമിപ്പോള്‍ എവിടെയാണ്‌...?

"പള്ളിയിലേക്ക്‌ കൊണ്ടുവന്നു... മര്‍ഡോക്കും കൂടെയുണ്ട്‌..."

"ഞാന്‍ ഇപ്പോള്‍ തന്നെ അങ്ങോട്ട്‌ ചെല്ലാം. രണ്ട്‌ സ്ത്രീകളെക്കൂടി വിളിക്കാം. സംസ്കാരം ഭംഗിയായി നടത്തണം..." അവര്‍ പറഞ്ഞു.

"ശരി... ഞാന്‍ അല്‍പ്പം കഴിഞ്ഞ്‌ എത്തിക്കോളാം..." റീവ്‌ ബോട്ടിലേക്ക്‌ നോക്കിക്കൊണ്ട്‌ പറഞ്ഞു.

"എന്തു നല്ല സ്ത്രീ..." ജാഗോ പറഞ്ഞു.

അഡ്‌മിറല്‍ തലകുലുക്കി സമ്മതിച്ചു. "അവരുടെയാണ്‌ ഈ ദ്വീപ്‌ മുഴുവനും. അവരുടെ പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ്‌. ഇവിടുത്തെ ജന്മിയായിരുന്നു അദ്ദേഹം..."

"ആ നേവല്‍ കോട്ട്‌ എങ്ങനെ കിട്ടി അവര്‍ക്ക്‌...?" ബോട്ടിലേക്ക്‌ കയറുമ്പോള്‍ ജാഗോ ചോദിച്ചു.

"അവരുടെ ഭര്‍ത്താവിന്റെയാണ്‌. നാല്‍പ്പത്തിയൊന്നില്‍ ഒരു കപ്പലപകടത്തില്‍ മരണമടഞ്ഞു..."

ബോട്ടിലേക്ക്‌ കയറി വന്ന അഡ്‌മിറല്‍ റീവിനെ സ്വീകരിക്കാന്‍ ജന്‍സണ്‍ കാത്ത്‌ നില്‍ക്കുന്നുണ്ടായിരുന്നു. തന്റെ ചുറ്റുമുള്ളവരെ ഒന്നോടിച്ച്‌ നോക്കിയിട്ട്‌ അഡ്‌മിറല്‍, ജാഗോയോട്‌ ആരാഞ്ഞു. "ഈ ചെറിയ ബോട്ടില്‍ ഇത്രയും ജോലിക്കാരോ... ഇദ്ദേഹം ആരാണ്‌...?"

"ചീഫ്‌ പെറ്റി ഓഫീസര്‍ ജന്‍സണ്‍, സര്‍..." ജാഗോ പറഞ്ഞു.

"ഓകെ ഓകെ... ആട്ടെ, എനിക്കുള്ള മെയില്‍ എവിടെ...?"

"എന്റെ കൂടെ വരൂ അഡ്‌മിറല്‍..."

ജാഗോ അദ്ദേഹത്തെ ഇടനാഴിയിലൂടെ തന്റെ ക്യാബിനിലേക്ക്‌ ആനയിച്ചു. ബങ്കിനടിയില്‍ നിന്ന് സ്യൂട്ട്‌ കെയ്‌സ്‌ എടുത്ത്‌ തുറന്ന് സീല്‍ പൊട്ടിക്കാത്ത ഒരു ലെതര്‍ കവര്‍ അദ്ദേഹത്തിന്‌ നേരെ നീട്ടി.

ജന്‍സണ്‍ ഒരു ട്രേയില്‍ കാപ്പിയുമായി എത്തി. "സര്‍, കാപ്പി കുടിക്കാം..."

കവര്‍ തുറക്കാനുള്ള ആകാംക്ഷയെ അമര്‍ത്തിവച്ച്‌ ഒരു കപ്പ്‌ കാപ്പി എടുത്ത്‌ അഡ്‌മിറല്‍ റീവ്‌, ജാഗോയോട്‌ ചോദിച്ചു. "യുദ്ധം എങ്ങനെ...?"

"ക്രിസ്‌മസ്‌ കഴിഞ്ഞ്‌ പോകുമെന്ന് തോന്നുന്നില്ല സര്‍..."

ബങ്കില്‍ ഇരുന്ന് കൊണ്ട്‌ റീവ്‌ ആ പാക്കറ്റ്‌ പൊട്ടിച്ചു. രണ്ട്‌ കവറുകളാണതിലുണ്ടായിരുന്നത്‌. ചെറിയ കവറാണ്‌ അദ്ദേഹം ആദ്യം തുറന്നത്‌. ആ കത്ത്‌ വായിച്ച്‌ കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ മുഖത്ത്‌ വിരിയുന്ന മന്ദഹാസം ജാഗോ ശ്രദ്ധിച്ചു. കത്തിനോപ്പം ഉണ്ടായിരുന്ന സുന്ദരിയായ ഒരു യുവതിയുടെ ഫോട്ടോ അദ്ദേഹം ജാഗോയ്ക്ക്‌ നേരെ നീട്ടി.

"ഇത്‌ ജാനറ്റ്‌... എന്റെ അനന്തിരവള്‍... ലണ്ടനില്‍ ഗൈസ്‌ ഹോസ്പിറ്റലില്‍ ഡോക്ടറാണ്‌..."

വിഷാദം നിഴലിക്കുന്ന മിഴികള്‍. ഉയര്‍ന്ന കവിള്‍ത്തടം. ആ മുഖത്തെ എന്തോ ഒരു നിഗൂഢഭാവം ജാഗോയുടെ മനസ്സില്‍ ഒരു ചെറു ചലനം സൃഷ്ടിച്ചു.

"വെരി നൈസ്‌ സര്‍..." ഫോട്ടോ തിരിച്ചേല്‍പ്പിച്ച്‌ കൊണ്ട്‌ ജാഗോ പറഞ്ഞു.

റീവ്‌ പുഞ്ചിരിച്ചു.

അദ്ദേഹം രണ്ടാമത്തെ കവര്‍ തുറന്ന് വായിച്ചു തുടങ്ങി. ക്രമേണ അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. മുഖം വലിഞ്ഞു മുറുകി. അസ്വസ്ഥമായ മനസ്സോടെ അദ്ദേഹം ആ കത്ത്‌ മടക്കി പോക്കറ്റിലിട്ടു.

"എന്ത്‌ പറ്റി സര്‍...? നല്ല വാര്‍ത്തയല്ലേ...?"

"ഇറ്റ്‌ ഡിപ്പന്റ്‌സ്‌, മൈ സണ്‍... ഞാനില്ലെങ്കിലും യുദ്ധം നടക്കുമത്രേ... ഞാന്‍ എന്റെ കഴിവിന്റെ പരമാവധി പ്രകടിപ്പിച്ച്‌ കഴിഞ്ഞിരിക്കുന്നുവത്രേ... അതാണ്‌ അമേരിക്കന്‍ ബ്രിട്ടിഷ്‌ സഖ്യത്തിന്റെ തീരുമാനം..."

അലമാരി തുറന്ന് ജാഗോ ഒരു കുപ്പി സ്കോച്ചും ഗ്ലാസും എടുത്തു. എന്നിട്ട്‌ ഗ്ലാസ്‌ അദ്ദേഹത്തിന്‌ നേരെ നീട്ടി. "ഈ അവസ്ഥയില്‍ ഇതിനേക്കുറിച്ചോര്‍ത്ത്‌ ഇത്ര വിഷമിക്കാനുണ്ടോ സര്‍...?"

അഡ്‌മിറല്‍ റീവ്‌ അല്‍പ്പം വിസ്‌ക്കി ഗ്ലാസിലേക്ക്‌ പകര്‍ന്നു. "ഇതൊന്നും ശരിയല്ല... സത്യത്തിന്‌ നിരക്കുന്നതല്ല... നിങ്ങളുടെ പേരെന്താനെന്നാ പറഞ്ഞത്‌...?"

"ജാഗോ, സര്‍... ഹാരി ജാഗോ..."

റീവ്‌ അല്‍പ്പം വിസ്ക്കി നുകര്‍ന്നു. "എങ്ങനെ നിങ്ങള്‍ ഈ ബോട്ടില്‍ സഞ്ചരിക്കുന്നു...? ആരോ ഉപേക്ഷിച്ച ഒരു പഴഞ്ചന്‍ ബോട്ട്‌..."

"അങ്ങനെ പറയല്ലേ സര്‍... റോയല്‍ നേവി തന്ന ഒരു ഔദാര്യമാണിതെന്ന് പറയാം... വെറും പോസ്റ്റല്‍ സര്‍വീസ്‌ നടത്തുന്ന ഞങ്ങള്‍ക്ക്‌ ഇത്‌ തന്നെ ധാരാളമാണെന്ന് അവര്‍ വിചാരിച്ചിട്ടുണ്ടാകും..."

"ഇതിന്‌ മുമ്പ്‌ നിങ്ങളുടെ ജോലിയെന്തായിരുന്നു...?

"പട്രോള്‍ ടോര്‍പ്പിഡോ ബോട്ടുകളിലായിരുന്നു സര്‍... സ്ക്വാഡ്രണ്‍-2 വില്‍... ഇംഗ്ലിഷ്‌ ചാനലില്‍ ആയിരുന്നു..."

"ജാഗോ...?" അഡ്‌മിറല്‍ റീവിന്റെ കണ്ണുകള്‍ അത്ഭുതത്താല്‍ വിടര്‍ന്നു. "ലിം ബേയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ നിങ്ങള്‍ക്കൊരു ബോട്ട്‌ നഷ്ടമായി ... അല്ലേ...?"

"യെസ്‌ സര്‍..."

റീവ്‌ പുഞ്ചിരിച്ച്‌ കൊണ്ട്‌ അയാളുടെ കരം ഗ്രഹിച്ചു. "കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്‌ മകനേ... മുകളില്‍ കണ്ട പയ്യന്മാരൊക്കെ നിന്റെ പഴയ സഹപ്രവര്‍ത്തകരാണോ...?"

"കുറച്ച്‌ പേര്‍ മാത്രം..."

"ശരി... എനിക്കീ പഴഞ്ചന്‍ ബോട്ട്‌ മൊത്തം ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്‌..."

ഒറ്റ മുറികള്‍ പോലും വിടാതെ ജാഗോ അദ്ദേഹത്തെ എല്ലായിടത്തും കൊണ്ട്‌ നടന്ന് കാണിച്ചു. അവസാനം വീല്‍ ഹൗസിലെത്തിയപ്പോള്‍ ജന്‍സണ്‍ അവിടെയുണ്ടായിരുന്നു.

"അടുത്ത യാത്ര എങ്ങോട്ടാണ്‌...?" റീവ്‌ ചോദിച്ചു.

"ഞങ്ങളുടെ അടുത്ത ലക്ഷ്യം ഹാരിസിന്‌ വടക്ക്‌ പടിഞ്ഞാറുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ്‌. ആ റൂട്ടൊന്ന് അടയാളപ്പെടുത്തുകയായിരുന്നു ഞാന്‍..." മാപ്പിലുടെ വിരലോടിച്ച്‌ കൊണ്ട്‌ ജന്‍സണ്‍ പറഞ്ഞു.

"നോക്കട്ടെ..." റീവ്‌ പറഞ്ഞു. " യൂ ഷുഡ്‌ ബി വെരി കെയര്‍ഫുള്‍ ദേര്‍... ദൂരക്കാഴ്ച വളരെ മോശമായിരിക്കും പലപ്പോഴുമവിടെ. അവിടെ നിന്ന് മൂന്ന് മൈല്‍ വടക്ക്‌ പടിഞ്ഞാറാണ്‌ വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്ന പാറക്കെട്ടുകള്‍... എന്താ, പേര്‌ കേട്ടിട്ട്‌ അമേരിക്കയിലാണെന്ന് തോന്നുന്നുണ്ടോ...? ചാര്‍ട്ട്‌ മടക്കി വച്ച്‌ കൊണ്ട്‌ റീവ്‌ ചോദിച്ചു.

"വാഷിങ്ങ്‌ടണ്‍ റീഫ്‌... ശരിക്കും നാട്ടിലെത്തിയ പോലെ..." ജാഗോ പറഞ്ഞു.

"ഒരു മരണക്കെണിയാണത്‌... സ്കോട്ട്‌ലണ്ടിന്റെ വടക്ക്‌ പടിഞ്ഞാറന്‍ തീരത്തേക്കുള്ള യാത്രയിലെ ഏറ്റവും അപകടം പിടിച്ച പ്രദേശം. ഏതാണ്ട്‌ നാനൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു സ്പാനിഷ്‌ കപ്പല്‍ ആ പാറക്കെട്ടുകളിലിടിച്ച്‌ മുങ്ങി. അതില്‍ പിന്നെ അവിടെ അപകടങ്ങള്‍ പതിവാണ്‌. നിങ്ങളുടെ റൂട്ട്‌ അതായത്‌ കൊണ്ട്‌ പറഞ്ഞുവെന്ന് മാത്രം..."

"എന്നാല്‍ വേറെ റൂട്ടില്‍ പോകാം... ലിറ്റില്‍ മിഞ്ച്‌ വഴി..."

റീവ്‌ മന്ദഹസിച്ചു. " ആ റൂട്ട്‌ എനിക്കറിയാം... രൂക്ഷമായ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന പ്രദേശം... എന്നാലും ആ റൂട്ട്‌ തന്നെ ഇതില്‍ ഭേദം... നൗ, ടേക്ക്‌ മീ ഔട്ട്‌ ഓഫ്‌ ദിസ്‌ ഓള്‍ഡ്‌ ബോട്ട്‌... " ജാഗോയോട്‌ റീവ്‌ പറഞ്ഞു.

"ഒരു കാര്യം കൂടി അഡ്‌മിറല്‍... താങ്കള്‍ക്ക്‌ ഇവിടെയുള്ള ഒരു മര്‍ഡോക്ക്‌ മക്‍ലിയോഡിനെ അറിയാമോ...?"

"ഇവിടുത്തെ ലൈഫ്‌ ബോട്ട്‌ ഇന്‍ ചാര്‍ജ്‌ ആണ്‌ അദ്ദേഹം... എന്റെ ഏറ്റവുമടുത്ത സുഹൃത്തും... എന്താ ചോദിച്ചത്‌...?"

ജാഗോ തന്റെ പോക്കറ്റില്‍ നിന്ന് ഓറഞ്ച്‌ നിറത്തിലുള്ള ഒരു കവര്‍ പുറത്തെടുത്തു. "മലേയ്‌ഗിലെ റോയല്‍ നേവിയുടെ ഓഫീസില്‍ നിന്നുള്ള ടെലിഗ്രാമാണ്‌... ഇവിടെ എത്തിക്കുവാന്‍ പറഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌ ഈ ദ്വീപില്‍ ടെലിഫോണോ ടെലിഗ്രാഫോ ഇല്ലെന്ന്..."

"ശരിയാണ്‌..." റീവ്‌ പറഞ്ഞു. "കഴിഞ്ഞ മാസത്തെ കൊടുങ്കാറ്റില്‍ കണക്ഷന്‍ തകരാറിലായി. പിന്നീടിതുവരെ ആരുമത്‌ ശരിയാക്കാന്‍ എത്തിയിട്ടില്ല. ഇപ്പോള്‍ ഈ ദ്വീപില്‍ നിന്ന് പുറം ലോകവുമായുള്ള ഏക ബന്ധം എന്റെ റേഡിയോ മാത്രമാണ്‌..."

"ആര്‍മിയില്‍ നിന്നുള്ള ടെലിഗ്രാമാണ്‌..." കവര്‍ തുറന്നിട്ട്‌ ജാഗോ പറഞ്ഞു.

"ദു:ഖവാര്‍ത്തയാണോ...?

"അദ്ദേഹത്തിനൊരു മകനുണ്ടോ? ഒരു ലെഫ്റ്റനന്റ്‌ ഡൊണാള്‍ഡ്‌ മക്‍ലിയോഡ്‌...?

"അതേ... ശരിയാണ്‌... ന്യൂകാസിലില്‍ നിന്ന് ലണ്ടനിലേക്കുള്ള കോണ്‍വോയ്‌ സിസ്റ്റത്തിന്‌ അകമ്പടി സേവിക്കുന്ന സായുധ സേനയുടെ കമാന്ററാണ്‌.

"അവരുടെ കപ്പല്‍ ഇന്നലെ ടോര്‍പ്പിഡോ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു... എല്ലാവരും കൊല്ലപ്പെട്ടു..."

"ആരും രക്ഷപെട്ടില്ലെന്നോ...?" റീവിന്റെ സ്വരം പെട്ടെന്ന് താഴ്‌ന്നു. "തീര്‍ച്ചയാണോ നിങ്ങള്‍ക്ക്‌...?

"ഇല്ല സര്‍... ആരും തന്നെ രക്ഷപെട്ടിട്ടില്ല..."

അഡ്‌മിറല്‍ മ്ലാനവദനനായി. "അവര്‍ നിങ്ങളോട്‌ മുഴുവന്‍ വിവരങ്ങളു പറഞ്ഞില്ല ലെഫ്റ്റനന്റ്‌... ആ കപ്പലില്‍ ഡൊണാള്‍ഡിനെ കൂടാതെ ഈ ദ്വീപിലെ വേറെ നാല്‌ പേരും കൂടിയുണ്ടായിരുന്നു..."

അദ്ദേഹം ആ ടെലിഗ്രാം ജാഗോക്ക്‌ തിരികെ കൊടുത്തു. "വിവരം പെട്ടെന്ന് തന്നെ അദ്ദേഹത്തെ അറിയിക്കുകയായിരിക്കും നല്ലത്‌..."

* * * * * * * * * * * * * * * * * * * * * * * * * * * * *

പട്ടണത്തില്‍ നിന്ന് കുറച്ചകലെയായി ഒരു ചെറിയ കുന്നിന്‍ മുകളിലാണ്‌ സെന്റ്‌ മുന്‍ഗോ ചര്‍ച്ച്‌ സ്ഥിതി ചെയ്യുന്നത്‌. നിരന്തരമായ കടല്‍ക്കാറ്റേല്‍ക്കുക മൂലം ആ ചെറിയ പള്ളിയുടെ ചുമരുകളുടെ നിറം മങ്ങിയിരുന്നു.

പള്ളിയുടെ പടിപ്പുര കടന്ന് അങ്കണത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തേക്ക്‌ റീവ്‌, ജാഗോ, ജന്‍സണ്‍ എന്നിവര്‍ നടന്നു. കനമുള്ള ഓക്ക്‌ തടി കൊണ്ട്‌ നിര്‍മ്മിച്ച ആ കതക്‌ തുറന്ന് ഉള്ളില്‍ കടന്നു. ആ ചെറിയ ചാപ്പലില്‍ അള്‍ത്താരയുടെ സമീപമുള്ള മേശയില്‍ ആ ജര്‍മന്‍ നാവികന്റെ മൃതശരീരം കിടത്തിയിരുന്നു. മധ്യവയസ്കരായ രണ്ട്‌ സ്ത്രീകള്‍ സംസ്കാരത്തിന്‌ മുമ്പുള്ള ഒരുക്കങ്ങള്‍ ആ ശരീരത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു. മര്‍ഡോക്കും ജീന്‍ സിന്‍ക്ലെയറും അവരുടെ സമീപത്ത്‌ നിന്ന് പതിഞ്ഞ സ്വരത്തില്‍ എന്തോ പറയുന്നുണ്ട്‌.

മൂന്ന് പേരും തങ്ങളുടെ തലയിലെ ഹാറ്റുകള്‍ കൈയിലെടുത്ത്‌ അവരുടെയടുത്തേക്ക്‌ ചെന്നു. ഓറഞ്ച്‌ നിറത്തിലുള്ള ആ കവര്‍ അഡ്‌മിറല്‍ റീവ്‌, ജീന്‍ സിന്‍ക്ലെയറിന്‌ നേരെ നീട്ടി.

"മര്‍ഡോക്കിനുള്ള ഒരു ടെലിഗ്രാമാണ്‌... അദ്ദേഹത്തിന്‌ എങ്ങനെയിത്‌ കൊടുക്കുമെന്നെനിക്കറിയില്ല..."

അവര്‍ ആ ടെലിഗ്രാം വാങ്ങി കണ്ണോടിച്ചു. സ്തബ്‌ധയായി തരിച്ച്‌ നിന്ന അവരുടെ മുഖം സാവധാനം വിളറി. സ്വന്തം ദുരന്തത്തിന്റെ തന്നെ ഓര്‍മ്മയിലേക്ക്‌ ഒരു നിമിഷം അവര്‍ മടങ്ങിപ്പോയിരിക്കുകയാണെന്ന് റീവ്‌ ഊഹിച്ചു.

ഞെട്ടലില്‍ നിന്ന് മോചിതയായ അവര്‍ മര്‍ഡോക്കിന്‌ നേരെ തിരിഞ്ഞു. പെട്ടെന്ന് അഡ്‌മിറല്‍ അവരെ തടഞ്ഞു.

സംഭവ വികാസങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന മര്‍ഡോക്ക്‌ ശാന്തമായി പറഞ്ഞു. "എനിക്ക്‌ മനസ്സിലായി ... എനിക്കുള്ള എന്തോ അശുഭവാര്‍ത്തയാണ്‌... അല്ലേ ക്യാരീ...?"

"ഡൊണാള്‍ഡിന്റെ കപ്പല്‍ ഇന്നലെ ടോര്‍പ്പിഡോ ചെയ്ത്‌ തകര്‍ക്കപ്പെട്ടു. ആരും രക്ഷപെട്ടതായി അറിവില്ല..."

ആ വൃദ്ധന്റെ ശരീരമാസകലം ഒരു വിറയല്‍ കാണപ്പെട്ടു. പിന്നെ ഒരു ദീര്‍ഘശ്വാസമെടുത്തിട്ട്‌ പറഞ്ഞു..."എല്ലാം ദൈവം തീരുമാനിക്കുന്നു..."

മൃതശരീരം ഒരുക്കിക്കൊണ്ടിരുന്ന രണ്ട്‌ സ്ത്രീകളും ഒരു നിമിഷം അവരെ ഞെട്ടലോടെ നോക്കി. അവരുടെ മുഖങ്ങള്‍ വിളറിയിരുന്നു. അവരില്‍ ഒരാള്‍ക്ക്‌ ഭര്‍ത്താവിനെയും മറ്റൊരാള്‍ക്ക്‌ സഹോദരനെയും നഷ്ടപ്പെട്ടിരിക്കുന്നു!

മര്‍ഡോക്ക്‌ മുന്നോട്ടാഞ്ഞ്‌ ആ ജര്‍മന്‍ നാവികന്റെ ശരീരത്തിലേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു. അദ്ദേഹത്തിന്റെ മുഖം ശാന്തമായിരുന്നു.

പിന്നെ കുനിഞ്ഞ്‌ ആ തണുത്ത കരം തന്റെ കൈയിലെടുത്തു. "പാവം... പാവം കുട്ടി..."

ക്രമേണ അദ്ദേഹത്തിന്റെ ചുണ്ടുകള്‍ വിതുമ്പുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)