പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, August 14, 2009

സ്റ്റോം വാണിംഗ്‌ - 11

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 12. അക്ഷാംശം 26.11 നോര്‍ത്ത്‌, രേഖാംശം 30.26 വെസ്റ്റ്‌. കാറ്റ്‌ NW 2 - 3. ദൂരക്കാഴ്ച വളരെ മോശം. കഴിഞ്ഞ രാത്രിയുടെ മധ്യയാമത്തില്‍ ശക്തിയായ കാറ്റും മഴയുമുണ്ടായി.

അദ്ധ്യായം - മൂന്ന്

അസോഴ്‌സ്‌ ദ്വീപുകളുടെ ഏകദേശം അഞ്ഞൂറ്‌ മൈല്‍ തെക്ക്‌, ഡോയ്‌ഷ്‌ലാന്റില്‍ തന്റെ ക്യാബിനില്‍ ഇരുന്ന് എറിക്‌ ബെര്‍ഗര്‍ ഡയറി എഴുതുകയാണ്‌.

".......... വിചാരിച്ചതിനേക്കാള്‍ എളുപ്പമായി യാത്ര എനിക്കിപ്പോള്‍ തോന്നുന്നു. യാത്രക്കാര്‍ പരിതസ്ഥിതിയുമായി ഇണങ്ങിത്തുടങ്ങിയിരിക്കുന്നു. കാലാവസ്ഥ പിടിക്കാത്തതിനാല്‍ അധിക സമയവും അവര്‍ താഴെത്തന്നെയാണ്‌ കഴിച്ചുകൂട്ടുന്നത്‌. സൂര്യപ്രകാശം ഏല്‍ക്കാത്തതിനാല്‍ സലൂണില്‍ എപ്പോഴും ഈര്‍പ്പം നിറഞ്ഞു നില്‍ക്കുന്നു.

ബെലേമില്‍ നിന്ന് പുറപ്പെട്ട്‌ മൂന്ന് ദിവസം കഴിഞ്ഞപ്പോഴുണ്ടായ ശക്തിയായ കാറ്റിലും മഴയിലും കുറച്ച്‌ ഭക്ഷണസാധങ്ങള്‍ കേടു വന്നു. കൂടാതെ പാലിന്‌ വേണ്ടി വളര്‍ത്തിയിരുന്ന ആട്‌ ചത്ത്‌ പോകുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി ഭക്ഷണം മോശമാണ്‌. അത്‌ പ്രത്യേകിച്ചും കന്യാസ്ത്രീകളില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ദിവസം ചെല്ലുംതോറും വഷളായിക്കൊണ്ടിരിക്കുന്ന മിസിസ്‌ പ്രേയ്‌ഗറുടെ ആരോഗ്യ നില എന്നെ അസ്വസ്ഥനാക്കുന്നു.

ഏതെങ്കിലും ശത്രുക്കപ്പലിന്റെ ദൃഷ്ടിയില്‍ പെട്ടാല്‍ രക്ഷപെടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍ ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു സ്വീഡിഷ്‌ ലൈബ്രറി തന്നെ എന്റെ ക്യാബിനില്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. എപ്പോഴെങ്കിലും ശത്രുക്കള്‍ പരിശോധനക്കെത്തിയാല്‍ അധികമുള്ള യാത്രക്കാര്‍ കപ്പലിന്റെ അടിത്തട്ടില്‍ ഒളിച്ചിരിക്കും. കാറ്റും മഴയും പായ്‌ക്കയര്‍ പൊട്ടലും മറ്റും ഇല്ലാത്ത ദിവസങ്ങള്‍ അപൂര്‍വ്വമാണെങ്കിലും യാത്ര ഒരു വിധം സുഖം തന്നെ.

അടിത്തട്ടില്‍ പന്ത്രണ്ട്‌ ഇഞ്ച്‌ വെള്ളം ഉയര്‍ന്നിരിക്കുന്നുവെന്ന് മിസ്റ്റര്‍ സ്റ്റേം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. പക്ഷേ അതത്ര ഗുരുതരമല്ല. നമ്മള്‍ക്കെല്ലാം വയസ്സാകുന്നത്‌ പോലെ തന്നെ ഡോയ്‌ഷ്‌ലാന്റിനും......."

ഡോയ്‌ഷ്‌ലാന്റ്‌ പെട്ടെന്ന് ഒരു വശത്തേക്ക്‌ ചരിഞ്ഞു. ബെര്‍ഗര്‍ തന്റെ കസേരയില്‍ നിന്ന് എടുത്തെറിയപ്പെട്ടു. പെട്ടെന്ന് തന്നെ എഴുനേറ്റ്‌ അദ്ദേഹം വാതില്‍ തുറന്ന് മുകളിലേക്കോടി.

ഡെക്കിലേക്ക്‌ തിരമാലകളടിച്ച്‌ കയറുന്നുണ്ടായിരുന്നു. ലെഫ്റ്റനന്റ്‌ സ്റ്റേമും ലീഡിംഗ്‌ സീമാന്‍ ക്ലൂത്തും വീലിനടുത്തുണ്ട്‌. കപ്പല്‍ നിയന്ത്രിക്കാന്‍ അവര്‍ നന്നേ പാടുപെടുന്നുണ്ട്‌.

ഡെക്കില്‍ നിന്നും വളരെ ഉയരത്തില്‍ പ്രധാന കാറ്റുപായ സ്വതന്ത്രമായി അങ്ങോട്ടുമിങ്ങോട്ടും വീശിയടിക്കുന്നു. അതിന്റെ ഭയാനക ശബ്ദം അലറുന്ന കാറ്റിന്റെ ശബ്ദത്തേക്കാളും ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. പായ്‌ക്കയര്‍ പൊട്ടിയിട്ട്‌ നിമിഷങ്ങളേ ആയിട്ടുള്ളൂ. എന്നിട്ടും ഞൊടിയിടയില്‍ റിക്ടര്‍ പാമരത്തിന്‌ മുകളിലെത്തിക്കഴിഞ്ഞിരുന്നു.

ബെര്‍ഗര്‍ അദ്ദേഹത്തെ സഹായിക്കാന്‍ ഓടിയെത്തി. പക്ഷേ അദ്ദേഹം കാല്‍ തെന്നി ഡെക്കില്‍ വീണു. അടുത്ത തിരമാല ഉയര്‍ന്നപ്പോഴേക്കും അദ്ദേഹം എഴുനേറ്റ്‌ ഒരു പായ്‌ക്കയറില്‍ പിടിച്ചു കഴിഞ്ഞിരുന്നു.

അവര്‍ രണ്ട്‌ പേരും കൂടി കാറ്റുപായ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് വലിച്ചു കെട്ടി. ചരിഞ്ഞ്‌ കിടന്നിരുന്ന ഡോയ്‌ഷ്‌ലാന്റ്‌ പതുക്കെ പൂര്‍വ്വസ്ഥിതിയിലേക്ക്‌ തിരിച്ചെത്തി. ലക്ഷ്യമില്ലാതെ വീശിയടിച്ചുകൊണ്ടിരുന്ന പായകളുടെ ഭീകരമായ ശബ്ദം നിലച്ചു. റിക്ടര്‍ ഉറക്കെ വിളിച്ചുപറഞ്ഞു. "കാറ്റുപായ ശരിയാക്കി. പുതിയ കയറിട്ടു സര്‍..."

കാറ്റിന്റെ വന്യമായ അലര്‍ച്ചക്കിടയില്‍ ബെര്‍ഗര്‍ മുകളിലേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു. " പക്ഷേ, അത്‌ കൊണ്ട്‌ കാര്യമില്ല റിക്ടര്‍... കാറ്റിന്റെ ശക്തി കുറഞ്ഞില്ലെങ്കില്‍ അവ വീണ്ടും പൊട്ടും..."

"പക്ഷേ കെട്ടിയില്ലെങ്കില്‍ ഈ കാറ്റില്‍ കാറ്റുപായ തുണ്ടം തുണ്ടമാകും..."

"ഒരു കയറും കൂടി ഇടൂ... അല്ലെങ്കില്‍ ഞാന്‍ തന്നെ ശരിയാക്കാം..."

ബെര്‍ഗര്‍ കയറേണിയില്‍ക്കൂടി മുകളിലേക്ക്‌ കുതിച്ചു. കാറ്റ്‌ അദ്ദേഹത്തെ അടിച്ച്‌ പറപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അമ്പതടി ഉയരമുള്ള ആ പാമരത്തിന്റെ മുകളിലെത്തി അദ്ദേഹം താഴോട്ട്‌ നോക്കി. റിക്ടര്‍ തന്റെ തൊട്ടു പിറകിലുണ്ടായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * *

കപ്പലിന്റെ ജനാലകളില്‍ക്കൂടി അടിച്ചുകയറിയ വെള്ളം താഴെ സലൂണില്‍ ഒരടി ഉയരത്തില്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഓരോ ക്യാബിനുകളിലും കയറിയിറങ്ങി, ഭയന്ന് വിറച്ചിരിക്കുന്ന തന്റെ സഹപ്രവര്‍ത്തകരെ സമാശ്വസിപ്പിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല.

തന്റെ ഭാര്യയുടെ കട്ടിലിന്‌ സമീപം മുട്ടുകുത്തിനില്‍ക്കുന്ന പ്രേയ്‌ഗറെയാണ്‌ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നപ്പോള്‍ സിസ്റ്റര്‍ ആഞ്ചല കണ്ടത്‌. അത്യധികം അവശയായി കണ്ണടച്ച്‌ കിടന്നിരുന്ന മിസിസ്‌ പ്രേയ്‌ഗറുടെ മുഖം വിളറിയിരുന്നു. ശ്വാസോച്ഛ്വാസത്തിന്റെ ചെറു ചലനത്തില്‍ നിന്ന് മാത്രമാണ്‌ ആ ദേഹത്ത്‌ ജീവന്‍ ഇനിയും അവശേഷിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നത്‌.

"എന്താണവിടെ സംഭവിക്കുന്നത്‌?..." പരിഭ്രമത്തോടെ പ്രേയ്ഗര്‍ ചോദിച്ചു.

അദ്ദേഹത്തെ അവഗണിച്ചുകൊണ്ട്‌ ആഞ്ചല അവരുടെ കൈത്തണ്ട തന്റെ കൈയിലെടുത്ത്‌ പള്‍സ്‌ പരിശോധിച്ചു. ക്രമരഹിതമായിരുന്നു അത്‌.

പ്രേയ്ഗര്‍ അവരുടെ തോളില്‍ തട്ടിക്കൊണ്ട്‌ വീണ്ടും ചോദിച്ചു. "പറയൂ, എന്താണവിടെ സംഭവിച്ചത്‌?..."

"ഞാന്‍ പോയി നോക്കാം. താങ്കള്‍ ഭാര്യയോടൊപ്പം ഇവിടെത്തന്നെയിരിക്കൂ..."

അവര്‍ ഡെക്കിലേക്ക്‌ നടന്നു. ഉയര്‍ന്ന് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന തിരമാലകളുടെ മുകളിലൂടെ ഡോയ്‌ഷ്‌ലാന്റ്‌ വടക്കോട്ട്‌ കുതിച്ചുകൊണ്ടിരിക്കുന്നു. സ്റ്റേമും ക്ലൂത്തും കപ്പല്‍ നിയന്ത്രിക്കാന്‍ അപ്പോഴും വീല്‍ ഹൗസില്‍ കിണഞ്ഞ്‌ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ആഞ്ചല അവരെ വിളിച്ചുവെങ്കിലും അലറിയടിക്കുന്ന കാറ്റില്‍ ആ ശബ്ദം ആര്‍ക്കും കേള്‍ക്കാനായില്ല.

കപ്പലിന്റെ ഇടത്‌ ഭാഗത്ത്‌ ചെന്ന് അവര്‍ കാറ്റ്‌ നിറഞ്ഞ്‌ നില്‍ക്കുന്ന പായ വീക്ഷിച്ചു. ആകാശം പൂര്‍ണ്ണമായും ചാരനിറത്തിലായിരിക്കുന്നു. ആഞ്ഞടിക്കുന്ന കാറ്റിന്റെ ഭയാനകശബ്ദം കപ്പലിലാകെ മാറ്റൊലി കൊണ്ടു. അപ്പോഴാണവര്‍ ആ അവിശ്വസനീയമായ കാഴ്ച കണ്ടത്‌. ഏകദേശം നൂറ്‌ അടി ഉയരമുള്ള പാമരത്തിന്‌ മുകളിലിരുന്ന് പൊട്ടിപ്പോയ പായകള്‍ കുട്ടിത്തുന്നുന്ന ബെര്‍ഗറും റിക്ടറും... തന്റെ ജീവിതത്തിലാദ്യമായിട്ടായിരുന്നു ഇത്തരം ഭീതിദായകമായ കാഴ്ച അവര്‍ കാണുന്നത്‌. അവര്‍ ഭയചകിതയായി മുകളിലേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു.

പെട്ടെന്നായിരുന്നു ഒരു ഭീമാകാരമായ തിര ഡെക്കിന്‌ മുകളിലേക്കുയര്‍ന്നത്‌. ഞൊടിയിടയ്ക്കുള്ളില്‍ ആ ജലപാതത്തില്‍ സിസ്റ്റര്‍ ആഞ്ചല അകപ്പെട്ടുപോയി. ഡെക്കിന്റെ കൈവരികള്‍ക്ക്‌ സമീപത്തേക്ക്‌ അവര്‍ തെറിച്ചു വീണു. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പാമരത്തില്‍ നിന്ന് താഴോട്ട്‌ ചാടിയ ബെര്‍ഗര്‍ അവരുടെ കൈയില്‍ പിടിച്ച്‌ കഴിഞ്ഞിരുന്നു.

"ബ്ലഡി ഫൂള്‍...." അദ്ദേഹം അലറി. "നിങ്ങള്‍ക്ക്‌ റൂമില്‍ ഇരുന്നുകൂടേ?... "

അവര്‍ക്ക്‌ മറുപടി പറയാന്‍ കഴിയുന്നതിന്‌ മുമ്പ്‌ തന്നെ അവരെ പിടിച്ച്‌ വലിച്ച്‌ കൊണ്ട്‌ ബെര്‍ഗര്‍ തന്റെ ക്യാബിനിലേക്ക്‌ ഓടി. അവിടെയുണ്ടായിരുന്ന കസേരയിലേക്ക്‌ അവരെ തള്ളിയിട്ടിട്ട്‌ അദ്ദേഹം വാതില്‍ വലിച്ചടച്ചു.

"പറയൂ... ഈ നരകത്തില്‍ എന്ത്‌ ചെയ്യണം നിങ്ങളെ ഞാന്‍..."

"അയാം സോറി... താഴെ എല്ലാവരും ഭയന്നിരിക്കുകയാണ്‌. എന്താണ്‌ സംഭവിച്ചതെന്നറിയാന്‍ വന്നതായിരുന്നു."

അദ്ദേഹം ഒരു ടവല്‍ അവര്‍ക്കെറിഞ്ഞ്‌ കൊടുത്തു. "ഒരു പായ്‌ക്കയര്‍ പൊട്ടി. അതോടെ പായയും കീറി. പാമരം ഒരു തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞ്‌ പോകേണ്ടതായിരുന്നു. പക്ഷേ അപ്പോഴേക്കും റിക്ടര്‍ അവിടെയെത്തിയിരുന്നു..." അലമാര തുറന്ന് അദ്ദേഹം ഒരു ബോട്ട്‌ല്‍ എടുത്തു.

"കുറച്ച്‌ കഴിക്കുന്നോ സിസ്റ്റര്‍...? ഒരു മരുന്നായി മാത്രം... റം ആണിത്‌. ഇതേ ഇവിടെയുള്ളൂ..."

"എനിക്കിതൊന്നും വേണ്ട..." മുഖം തുടച്ച്‌ ഭയത്തോടെ അവര്‍ തുടര്‍ന്നു. "നിങ്ങളും റിക്ടറും കൂടി ആ പാമരത്തിനു മുകളില്‍... ഈ ചീറിയടിക്കുന്ന കാറ്റില്‍... ഞാന്‍ ശരിക്കും ഭയന്നു പോയി..."

"ഓ, ഇതൊക്കെ സാധാരണം..." അദ്ദേഹം പറഞ്ഞു.

അവരുടെ ഭയം ഇനിയും വിട്ട്‌ മാറിയിരുന്നില്ല. "പറയൂ ക്യാപ്റ്റന്‍... നമ്മെ ഇപ്പോഴും നിര്‍ഭാഗ്യം പിന്തുടരുന്നുവെന്നാണോ താങ്കള്‍ വിശ്വസിക്കുന്നത്‌? നാം ആദ്യം സംസാരിച്ചപ്പോള്‍ താങ്കള്‍ പറഞ്ഞില്ലേ വൈദികരെ കപ്പല്‍ യാത്രക്ക്‌ കൊണ്ട്‌ പോകാറില്ലെന്ന്. എന്നിട്ടും നാം കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നേറുകയാണല്ലോ... എന്താ ശരിയല്ലേ...?

"അതെയതേ..." ബെര്‍ഗര്‍ സമ്മതിച്ചു. "ദിവസം ചെല്ലുംതോറും ഈ പാവം കപ്പലിന്റെ അവസ്ഥ മോശമാകുകയാണെങ്കിലും..."

"താങ്കള്‍ ഡോയ്‌ഷ്‌ലാന്റിനെക്കുറിച്ച്‌ പറയുമ്പോഴെല്ലാം ഒരു ജീവനുള്ള വസ്തുവിനെപ്പോലെയാണല്ലോ കരുതുന്നത്‌..."

"പിന്നെന്താ സംശയം?... കപ്പലുകള്‍ സംസാരിക്കും... പലതരം ശബ്ദങ്ങളില്‍... കപ്പലുകള്‍ പരസ്പരം വിളിക്കുന്നത്‌ നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ സാധിക്കും... പ്രത്യേകിച്ചും രാത്രിയില്‍..."

"ഓ, പിന്നെ... വല്ല കാറ്റ്‌ വീശുന്ന ശബ്ദവുമായിരിക്കും..." അവരുടെ സ്വരത്തില്‍ പരിഹാസ ധ്വനിയുണ്ടായിരുന്നു.

"മാത്രമല്ല സിസ്റ്റര്‍, പണ്ടുള്ളവര്‍ പറയാറുണ്ട്‌... പാമരത്തില്‍ നിന്ന് വീണ്‌ മരിക്കുന്നവരുടെ പ്രേതങ്ങള്‍ ആ കപ്പലില്‍ തന്നെ വസിക്കുമെന്ന്..."

"താങ്കളത്‌ വിശ്വസിക്കുന്നുണ്ടോ..?

"പിന്നെ വിശ്വസിക്കാതെ... ? ജര്‍മന്‍ നേവിയിലുള്ളവര്‍ നിര്‍ബന്ധമായും വിശ്വസിച്ചിരിക്കണം..." അദ്ദേഹത്തിന്റെ മുഖത്ത്‌ വിപരീത ധ്വനിയുള്ള പുഞ്ചിരി പരന്നു. " ഈ പഴയ കപ്പലിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഴലുകളെ ഒന്ന് സങ്കല്‍പ്പിച്ച്‌ നോക്കൂ... പ്രത്യേകിച്ചും ഇരുട്ടില്‍... ഇടനാഴിയില്‍ കൂടി പോകുമ്പോള്‍ വല്ല രൂപവും നിങ്ങളുടെ സമീപത്ത്‌ കൂടി പോകുന്നുവെന്ന് തോന്നിയാല്‍ ഒട്ടും പേടിക്കരുത്‌... ദൈവം നിങ്ങളെ രക്ഷിക്കട്ടെ..."

അവരുടെ കവിളുകള്‍ ചുവന്നു. മറുപടി പറയാന്‍ പറ്റുന്നതിന്‌ മുമ്പ്‌ വാതില്‍ തുറന്ന് സിസ്റ്റര്‍ എല്‍സെ പരിഭ്രമത്തോടെ പ്രവേശിച്ചു.

"പ്ലീസ്‌ സിസ്റ്റര്‍... ഒന്ന് വേഗം വരൂ... മിസിസ്‌ പ്രേയ്‌ഗറുടെ നില മോശമാകുന്നു..."

സിസ്റ്റര്‍ ആഞ്ചല ചാടിയെഴുനേറ്റ്‌ പുറത്ത്‌ കടന്നു. ബെര്‍ഗര്‍ കതകടച്ചു. മുഖം തുടച്ച്‌ അവരവിടെ ഇട്ട്‌ പോയിരുന്ന ടവല്‍ എടുത്ത്‌ തന്റെ മുഖത്തെ വിയര്‍പ്പ്‌ തുടച്ചു. എന്തോ ഒരു പ്രത്യേകത അദ്ദേഹം അവരില്‍ ദര്‍ശിച്ചു. നിര്‍വചിക്കാനാവാത്ത എന്തോ ഒന്ന്...

* * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

10 comments:

  1. സ്റ്റോം വാണിംഗ്‌ തുടരുന്നു... ചെറിയ ഒരു അഡ്‌ജസ്റ്റ്‌മന്റ്‌ ... ബുധനാഴ്ചകള്‍ക്ക്‌ പകരം വെള്ളിയാഴ്ചകളിലായിരിക്കും ഇനിമുതല്‍ പുതിയ പോസ്റ്റുകള്‍ ഇടുന്നത്‌. സമയം ഒരു പ്രശ്നമായി മാറിയിരിക്കുന്നു. എല്ലാ വായനക്കാര്‍ക്കും നന്ദി... ഇനിയും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete
  2. ഡോയ്‌ഷ്‌ലാന്റിന്റെ പ്രയാണം തുടരട്ടെ...

    വായിയ്ക്കുന്നുണ്ട് വിനുവേട്ടാ

    ReplyDelete
  3. ഇവിടുണ്ടേ..
    സ്വാതന്ത്ര്യദിനാശംസകള്‍

    ReplyDelete
  4. വിനുവേട്ടാ...നാട്ടില്‍ പോയപ്പോള്‍ ഒന്നും വായിക്കാന്‍ പറ്റിയില്ല.ഞാന്‍ അതും കൂടി വായിച്ചിട്ട് ഒപ്പം എത്താം കെട്ടൊ!

    സ്വാതന്ത്ര്യദിനാശംസകള്‍ !!

    ReplyDelete
  5. ശ്രീ, അരുണ്‍, വാഴക്കോടന്‍... വീണ്ടും വന്നതില്‍ സന്തോഷം... എല്ലാവര്‍ക്കും എന്റെയും സ്വാതന്ത്ര്യദിനാശംസകള്‍...

    ReplyDelete
  6. അങ്ങനെ ഡോയ്‌ഷ്‌ലാന്റിലേക്ക്‌ വീണ്ടുമെത്തി. വിചാരിച്ച അത്ര എളുപ്പമാകുമെന്ന് തോന്നുന്നില്ലല്ലോ യാത്ര. അടുത്തത്‌ എന്തെന്നറിയാനുള്ള ആകാംക്ഷ കൂടിവരുന്നു. ആനമയിലൊട്ടകം പറഞ്ഞപോലെ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിക്കൂ വിനുവേട്ടാ.

    ReplyDelete
  7. കൊടുംകാറ്റിലെ പായ്ക്കപ്പല്‍

    ReplyDelete
  8. വായിക്കുന്നു

    ReplyDelete
  9. (ഏകദേശം നൂറ്‌ അടി ഉയരമുള്ള പാമരത്തിന്‌ മുകളിലിരുന്ന് പൊട്ടിപ്പോയ പായകള്‍ കുട്ടിത്തുന്നുന്ന ബെര്‍ഗറും റിക്ടറും.)

    ഇത്ര മുകളിൽ നിന്നാണോ ബെർഗ്ഗർ താഴോട്ട്‌ ചാടി കന്യാസ്ത്രീയെ രെക്ഷിച്ചത്‌??

    ReplyDelete
    Replies
    1. പാമരത്തിന്റെ ഉയരം നൂറടി... പക്ഷേ അതിന്റെ ഏറ്റവും മുകളിൽ എന്ന് പറഞ്ഞിട്ടില്ലല്ലോ സുധീ... മുകളിൽ എന്നല്ലേ പറഞ്ഞിട്ടുള്ളൂ... :)

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...