പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Saturday, October 10, 2009

സ്റ്റോം വാണിംഗ്‌ - 16

ഫ്രാന്‍സിന്റെ വടക്ക്‌ പടിഞ്ഞാറുള്ള ബ്രെസ്റ്റ്‌ എന്ന തുറമുഖ നഗരം. പോള്‍ ഗെറിക്ക്‌ ആ കോര്‍ണറില്‍ എത്തിയപ്പോള്‍ തൊട്ടടുത്ത നദിയില്‍ നിന്ന് ആരൊക്കെയോ വെടിയുതിര്‍ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ദൂരെ ചക്രവാളത്തില്‍ യുദ്ധവിമാനങ്ങള്‍ ചീറിപ്പായുന്നു. കോരിച്ചൊരിയുന്ന മഴയിലും ആ നഗരം ആകെ കത്തിയെരിയുന്ന പ്രതീതി. നിര നിരയായി സ്ഥിതി ചെയ്തിരുന്ന കടകളില്‍ മിക്കതും കനത്ത ബോംബിങ്ങില്‍ തകര്‍ന്നിരിക്കുന്നു. പാതയോരങ്ങളില്‍ എങ്ങും ചിതറിക്കിടക്കുന്ന കല്ലുകളും ചില്ലുകളും. ആ കോര്‍ണറില്‍ യാതൊരു കേടുപാടുകളും ഏല്‍ക്കാതെ ഇപ്പോഴും നിലകൊള്ളുന്ന ഹോട്ടലിലാണ്‌ ജര്‍മ്മന്‍ നേവല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ പ്രവര്‍ത്തിക്കുന്നത്‌. ഗെറിക്ക്‌ ചവിട്ടുപടികള്‍ ഓടിക്കയറി, വാതില്‍ക്കല്‍ നിന്നിരുന്ന പാറാവുകാരനെ തന്റെ ഐഡന്റിറ്റി കാര്‍ഡ്‌ കാണിച്ച്‌ ഉള്ളിലേക്ക്‌ നടന്നു.

അഞ്ചടിയില്‍ കൂടുതല്‍ ഉയരമില്ലാത്ത ഗെറിക്കിന്റെ തലമുടി വളരെ ഭംഗിയായി ഒതുക്കി വച്ചിരുന്നു. കടല്‍ക്കാറ്റിന്റെ സ്പര്‍ശം ഏല്‍ക്കാത്തതെങ്കിലും അദ്ദേഹത്തിന്റെ മുഖം വിളറിയിരുന്നു. തിളക്കമില്ലാത്ത ഇരുണ്ട കണ്ണുകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും ഹാസ്യഭാവമുള്ള ഒരു പ്രത്യേക ആകര്‍ഷകത്വം തുളുമ്പുന്ന അലസമായ മന്ദഹാസം അദ്ദേഹത്തിന്റെ മുഖത്ത്‌ എപ്പോഴും കളിയാടിയിരുന്നു. വെള്ള നിറത്തിലുള്ള പീക്ക്‌ ക്യാപ്പ്‌ അദ്ദേഹത്തിന്റെ സര്‍വീസിലെ സീനിയോറിറ്റിയെ കാണിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ലെതര്‍ പാന്റ്‌സും ഷര്‍ട്ടും സീ ബൂട്ട്‌സും ഒട്ടും ആകര്‍ഷകമായിരുന്നില്ല. ആ മുറിയിലുണ്ടായിരുന്ന ചെറുപ്പക്കാരനായ ലെഫ്റ്റനറ്റ്‌ ആദ്യം കണ്ടത്‌ ഗെറിക്കിന്റെ യൂണിഫോമിലെ Knight's Cross with Oak Leaves ബാഡ്‌ജ്‌ ആണ്‌. പെട്ടെന്നയാള്‍ ചാടിയെഴുനേറ്റ്‌ സല്യൂട്ട്‌ ചെയ്തു.

"ഐ ആം കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌ ഫ്രം സബ്‌മറീന്‍ U-235. ഇവിടെ എത്തിയ ഉടന്‍ കൊമഡോര്‍ ഫ്രീമേലിന്റെ അടുത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു..." ഗെറിക്ക്‌ പറഞ്ഞു.


"അദ്ദേഹം താങ്കളെ കാത്തിരിക്കുകയാണ്‌ സര്‍. എന്റെ കൂടെ വരൂ..."

സ്പൈറല്‍ സ്റ്റെയര്‍കെയ്‌സ്‌ വഴി അവര്‍ മുകളിലേക്ക്‌ നടന്നു. അരയില്‍ പിസ്റ്റളുമായി ഒരു പാറാവുകാരന്‍ നിന്നിരുന്ന മുറിയുടെ വാതിലിന്‌ മുകളില്‍ ഉണ്ടായിരുന്ന ബോര്‍ഡില്‍ ജര്‍മ്മന്‍ ഭാഷയില്‍ ഇപ്രകാരം എഴുതിയിരുന്നു.

"Kapitan zur see Otto Friemel, Fuhrer der Unterseeboote West"

കതകില്‍ മുട്ടിയിട്ട്‌ ലെഫ്റ്റനന്റ്‌ ഉള്ളില്‍ കടന്നു. "സര്‍, ലെഫ്റ്റനന്റ്‌ കമാന്റര്‍ ഗെറിക്ക്‌ വന്നിരിക്കുന്നു..."

ഭാഗികമായി ഇരുട്ടിലായിരുന്ന ആ മുറിയില്‍ ആകെയുണ്ടായിരുന്ന വെളിച്ചം ഫ്രീമേലിന്റെ ഡെസ്കിലെ റീഡിംഗ്‌ ലാമ്പില്‍ നിന്നായിരുന്നു. ഫുള്‍ സ്ലീവ്‌ ഷര്‍ട്ട്‌ ധരിച്ച അദ്ദേഹം സ്റ്റീല്‍ ഫ്രെയിം കണ്ണടയിലൂടെ തന്റെ മുന്നിലുള്ള കടലാസ്സ്‌ കെട്ടുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആനക്കൊമ്പില്‍ തീര്‍ത്ത ഒരു പൈപ്പ്‌ ചുണ്ടിന്റെ ഇടത്‌ ഭാഗത്ത്‌ എരിയുന്നു.

മുഖമുയര്‍ത്തി, സന്തോഷത്തോടെ കൈകള്‍ വിടര്‍ത്തി അദ്ദേഹം ഡെസ്കിന്റെ ഇപ്പുറത്തേക്ക്‌ വന്നു.

"മൈ ഡിയര്‍ പോള്‍, ഗ്ലാഡ്‌ റ്റു സീ യൂ... വെസ്റ്റ്‌ ഇന്‍ഡീസ്‌ യാത്ര എങ്ങനെയുണ്ടായിരുന്നു...?"

"ഓ, കുറച്ചൊന്നുമല്ല ദൂരം..."

ഫ്രീമേല്‍ ഒരു ബോട്ട്‌ല്‍ ഷ്‌നാപ്സ്‌ എടുത്ത്‌ രണ്ട്‌ ഗ്ലാസുകളിലേക്ക്‌ പകര്‍ന്നു.

"കഴിക്കൂ... നാം ഇപ്പോള്‍ ക്യാമ്പിലല്ല... പിന്നെ, ഇവിടുത്തെ വിശേഷം എന്ന് പറഞ്ഞാല്‍... സ്ഥിതി വളരെ മോശമാണ്‌..."

"എന്ത്‌?... ഒറ്റ കപ്പല്‍ പോലും ഡോക്കില്‍ ഇല്ലെന്നോ?..." ഗെറിക്ക്‌ ആശ്ചര്യം കൊണ്ടു. "നമ്മള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണോ...?

"മൈ ഡിയര്‍ പോള്‍, ഒരു ഡോക്ക്‌ എന്ന് പറയാന്‍ ഇവിടെയിനി ഒന്നും ബാക്കിയില്ല. പകലാണ്‌ നിങ്ങള്‍ വന്നിരുന്നതെങ്കില്‍ കാണാമായിരുന്നു അവശേഷിക്കുന്ന സബ്‌മറീനുകളുടെ പരിതാപകരമായ അവസ്ഥ. സ്റ്റീല്‍ ബാറുകളിട്ട്‌ പണി തീര്‍ത്ത കോണ്‍ക്രീറ്റ്‌ പാലം ബ്രിട്ടിഷ്‌ എയര്‍ഫോഴ്‌സ്‌ തകര്‍ത്ത്‌ തരിപ്പണമാക്കിക്കളഞ്ഞു. എര്‍ത്ത്‌ ക്വേക്ക്‌ ബോംബ്‌ എന്നാണ്‌ അവര്‍ അതിനെ വിശേഷിപ്പിക്കുന്നത്‌..." അദ്ദേഹം തന്റെ കണ്ണട ഉയര്‍ത്തി നെറ്റിയിലേക്ക്‌ വച്ചു. "നിങ്ങളുടെ ട്രിപ്പ്‌ വിജയകരമായിരുന്നുവെന്നാണല്ലോ ഞാന്‍ കേട്ടത്‌...?"

"ആഹ്‌... മോശമില്ലായിരുന്നു..."

"എന്ത്‌?... ഒരു കനേഡിയന്‍ എസ്കോര്‍ട്ട്‌ ഷിപ്പ്‌, ഒരു ടാങ്കര്‍ ഷിപ്പ്‌, മൂന്ന് ചരക്ക്‌ കപ്പലുകള്‍... എന്നിട്ട്‌ മോശമല്ലായിരുന്നുവെന്നോ... ഞാനായിരുന്നുവെങ്കില്‍ ഇതൊരു മഹാ സംഭവം തന്നെയാക്കിയേനെ. നിങ്ങള്‍ക്കറിയുമോ പോള്‍, ഈയിടെയായി കടലില്‍ പോകുന്ന നമ്മുടെ സബ്‌മറീനുകളില്‍ ഭൂരിഭാഗവും തിരിച്ചെത്താതായിരിക്കുന്നു..." നിരാശയോടെ ഫ്രീമേല്‍ തലയാട്ടി. "1944 എന്ന് പറയുന്നത്‌ ഇപ്പോള്‍ തന്നെ തീരും. ഇനിയുള്ള കാലമൊന്നും നമുക്ക്‌ നല്ലതായിരിക്കുമെന്ന് തോന്നുന്നില്ല പോള്‍. പൂര്‍ണ്ണ പരിശീലനം കിട്ടാത്ത കുട്ടികളെയാണിപ്പോള്‍ യുദ്ധമുഖത്തേക്ക്‌ വിടുന്നത്‌. അവശേഷിക്കുന്ന അപൂര്‍വ്വം സീനിയേഴ്‌സില്‍ ഒരാളാണ്‌ നിങ്ങള്‍..."

മേശപ്പുറത്ത്‌ കിടന്ന പാക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ്‌ എടുത്ത്‌ ഗെറിക്ക്‌ ചുണ്ടില്‍ വച്ചു. അത്ര നിലവാരമില്ലാത്ത ആ ഫ്രഞ്ച്‌ സിഗരറ്റിന്‌ തീ കൊളുത്തി ഒരു പുകയെടുത്തതും അദ്ദേഹം ചുമയ്ക്കുവാന്‍ തുടങ്ങി.

"മൈ ഗോഡ്‌, അപ്പോള്‍ കാര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണല്ലോ...!" ഗെറിക്ക്‌ ചിന്താധീനനായി.

"എത്രത്തോളം മോശം എന്നതിനെക്കുറിച്ച്‌ നിങ്ങള്‍ക്കിനിയും രൂപമില്ല പോള്‍..." ഫ്രീമേല്‍ പറഞ്ഞു. "ആഗസ്റ്റ്‌ 9 മുതല്‍ ബ്രെസ്റ്റ്‌ തുറമുഖം അമേരിക്കയുടെ എട്ടാം നാവിക സേന വളഞ്ഞിരിക്കുകയാണ്‌. ജനറല്‍ റെയിംകിന്റെയും സെക്കന്റ്‌ എയര്‍ബോണ്‍ ഡിവിഷന്റെയും പ്രതിരോധശക്തി ഒന്നുകൊണ്ട്‌ മാത്രമാണ്‌ ഞങ്ങളിവിടെ ഇപ്പോഴും കഴിയുന്നത്‌. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല പോരാളികളാണ്‌ നമ്മുടെ സെക്കന്റ്‌ എയര്‍ബോണ്‍ ഡിവിഷനിലുള്ളത്‌. ഇപ്പോഴും നല്ല ശുഭാപ്തി വിശ്വാസത്തിലാണവര്‍. പക്ഷേ അധികം താമസിയാതെ അമേരിക്കക്കാര്‍ ഇവിടെ ഒരു തടവറ തുടങ്ങുമെന്നാണ്‌ തോന്നുന്നത്‌..."

"സബ്‌മറീനുകളുടെ സ്ഥിതിയെങ്ങനെ...?"

"ഒറ്റയെണ്ണം പോലുമില്ല പോള്‍... ഒമ്പതാം ഡിവിഷന്‍ എന്നത്‌ നാമാവശേഷമായി. U-256 ആണ്‌ ഏറ്റവും ഒടുവില്‍ നഷ്ടപ്പെട്ടത്‌... പതിനൊന്ന് ദിവസം മുന്‍പ്‌... നോര്‍വേയിലെ ബെര്‍ഗന്‍ തുറമുഖത്തെത്തുവാനാണ്‌ എല്ലാവരോടും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌..."

"എന്റെ കാര്യമെങ്ങനെ...? ഐറിഷ്‌ കടല്‍, നോര്‍ത്ത്‌ ചാനല്‍ വഴി നോര്‍വേയിലേക്കായിരിക്കും...?" ഗെറിക്ക്‌ ചോദിച്ചു.

"പോള്‍..., മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതാണ്‌ എല്ലാവര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍. ഇംഗ്ലിഷ്‌ ചാനല്‍ വഴി ബെര്‍ഗനിലേക്ക്‌. എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ മാത്രം ഹൈക്കമാന്റ്‌ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട്‌..."

"എങ്ങോട്ടാണ്‌...?" ഗെറിക്ക്‌ അത്ഭുതം കൊണ്ടു.

"ചെറിയൊരു അസൈന്‍മന്റ്‌..." ഫ്രീമേല്‍ മേശപ്പുറത്ത്‌ കിടന്നിരുന്ന വിവിധ ചാര്‍ട്ടുകള്‍ തിരഞ്ഞു. അതില്‍ നിന്ന് ഒന്നെടുത്ത്‌ മേശമേല്‍ നിവര്‍ത്തി വച്ചു.

ഗെറിക്ക്‌ ആകാംക്ഷയോടെ എത്തി നോക്കി. "ഫാള്‍മൗത്തിലേക്ക്‌...?"

"അതേ... ഫാള്‍മൗത്തില്‍ താവളമടിച്ചിട്ടുള്ള ബ്രിട്ടിഷ്‌ നേവിയുടെ പതിനഞ്ചാം വിഭാഗം ഈ തീരത്ത്‌ കുറച്ചൊന്നുമല്ല നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്‌. അക്കാരണത്താല്‍ വാസ്തവത്തില്‍ നമ്മുടെ നാവിക വിഭാഗത്തിന്‌ അനങ്ങാന്‍ പോലും സാധിക്കുന്നില്ല..."

"അതിന്‌ ഞാന്‍ എന്ത്‌ ചെയ്യണമെന്നാണ്‌...?

"നിങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഇതാണ്‌... ഫാള്‍മൗത്തില്‍ ചെല്ലുക, തുറമുഖത്ത്‌ മൈന്‍ വിതറുക..."

"അവരെന്താ തമാശ പറയുകയാണോ...?"

"ഡോണിറ്റ്‌സിന്റെ നിര്‍ദ്ദേശമാണ്‌..." ടൈപ്പ്‌ ചെയ്ത ഓര്‍ഡര്‍ കാണിച്ച്‌ കൊണ്ട്‌ ഫ്രീമേല്‍ പറഞ്ഞു.

ഗെറിക്ക്‌ ഉച്ചത്തില്‍ ചിരിച്ചു. "ഉഗ്രന്‍ തീരുമാനം. കീലില്‍ ഇരുപത്തിനാല്‌ മണിക്കൂറും ഓഫീസിലിരിക്കുന്ന ആ മരത്തലയന്മാര്‍ക്ക്‌ പറയാന്‍ വേറെ വിഡ്ഢിത്തരമൊന്നും കിട്ടിയില്ലേ...? ഇത്‌ എത്ര മാത്രം പ്രായോഗികമാണെന്ന് താങ്കള്‍ക്കറിയുമോ? ഈ മൈനിംഗ്‌ കൊണ്ട്‌ മാത്രം നാം യുദ്ധത്തില്‍ വിജയിക്കുമെന്ന് തോന്നുണ്ടോ?..." ഗെറിക്ക്‌ നിഷേധാര്‍ത്ഥത്തില്‍ തലയക്കി. "ഇതിനൊക്കെ അവര്‍ യക്ഷിക്കഥകളില്‍ വിശ്വസിക്കണം. കേട്ടിട്ടില്ലേ ഒറ്റയടിക്ക്‌ ഏഴെണ്ണത്തിനെ കൊല്ലാമെന്ന് ഒരുവന്‍ വീമ്പടിച്ച കഥ? അവനുദ്ദേശിച്ചത്‌ അപ്പക്കഷണത്തിലിരിക്കുന്ന ഈച്ചകളെയായിരുന്നു. അതുപോലുണ്ടിത്‌..."

"എനിക്കറിയില്ല പോള്‍..." ഫ്രീമേല്‍ പറഞ്ഞു. "ചിലപ്പോള്‍ ഇതൊരു ദുരന്തമാകാം... തുറമുഖത്തിന്‌ ചുറ്റും ഒരു രക്ഷാവലയമായി അവര്‍ തന്നെ മൈന്‍ നിക്ഷേപിച്ചിട്ടുണ്ട്‌. ഇതാ ഇവിടെ, പെന്‍ഡെനിസ്‌ പോയിന്റിനും ബ്ലാക്ക്‌ റോക്കിനും ഇടയില്‍ ഒരു തടസമായിട്ട്‌ അവര്‍ ഒരു കപ്പല്‍ മുക്കിയിട്ടിട്ടുണ്ട്‌. ബ്ലാക്ക്‌ റോക്ക്‌ മുതല്‍ സെന്റ്‌ ആന്റണി ഹെഡ്‌ വരെ കടലിലിനടിയില്‍ ഒരു ഇരുമ്പ്‌ വേലിയും ഇട്ടിരിക്കുന്നു. ഇക്കാര്യം രഹസ്യമാണെന്നാണ്‌ വയ്പ്പ്‌. പക്ഷേ, ഫാള്‍മൗത്തില്‍ നമുക്കൊരു ഏജന്റ്‌ ഉള്ള കാര്യം അവര്‍ക്കറിയില്ലല്ലോ..."

"അദ്ദേഹം അവിടെ ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞ്‌ കാണുമല്ലേ...?"

"എല്ലാ സമയത്തും കപ്പലുകള്‍ ഉള്ളിലേക്കും പുറത്തേക്കും പോകുന്നുണ്ട്‌. ആ ഇരുമ്പ്‌ വേലി തുറക്കുമ്പോള്‍ എല്ലാത്തിന്റെയും കൂടെ ഉള്ളില്‍ കടക്കുക... ഇതാ, ഇവിടെ, ക്യാരിക്ക്‌ ചാനലിലും തുറമുഖത്തിന്റെ ഉള്‍ഭാഗത്തും മൈന്‍ നിക്ഷേപിക്കുക... പിന്നെ പുറത്ത്‌ കടക്കുക..."

"ഇല്ല... ഇത്‌ വിജയിക്കുമെന്ന് തോന്നുന്നില്ല ഫ്രീമേല്‍..." ഗെറിക്ക്‌ നിഷേധഭാവത്തില്‍ തലയനക്കി.

"എന്തുകൊണ്ട്‌...?"

"നമ്മള്‍ ഉള്ളില്‍ കടന്നുവെന്ന് തന്നെ വയ്ക്കുക... പക്ഷേ ഒരിക്കലും പുറത്ത്‌ കടക്കുവാന്‍ സാധിക്കില്ല..."

ഫ്രീമേല്‍ ഒരു ദീര്‍ഘശ്വാസമെടുത്തു. "നോക്കൂ പോള്‍... ഞാനും നിങ്ങള്‍ക്കൊപ്പം വരുന്നുണ്ട്‌. ഒരു അഡ്വഞ്ചര്‍ എന്ന നിലയില്‍ നമുക്ക്‌ ഇത്‌ ഏറ്റെടുത്തേ പറ്റൂ... കീലില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനാണ്‌ എനിക്ക്‌ കിട്ടിയ ഓര്‍ഡര്‍. ജര്‍മ്മനിയിലേക്കുള്ള കരഗതാഗതം മുഴുവന്‍ തടഞ്ഞിരിക്കുന്നതിനാല്‍ എനിക്കുള്ള ഏക മാര്‍ഗവും നിങ്ങളുടെ കൂടെ ബെര്‍ഗനിലേക്ക്‌ വരിക എന്നതാണ്‌..."

"അങ്ങനെ അവസാനം എല്ലാ വഴികളും നരകത്തിലേക്ക്‌ തന്നെ..."

"ആട്ടെ, ഇങ്ങോട്ടുള്ള യാത്ര എങ്ങനെയിരുന്നു...?" ഫ്രീമേല്‍ ഒരു സിഗരറ്റിന്‌ വീണ്ടും തീ കൊളുത്തി.

"ബിസ്കേയില്‍ വച്ച്‌ ഞങ്ങളുടെ നേര്‍ക്ക്‌ ബോംബാക്രമണമുണ്ടായി. കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒരു കമ്പ്ലീറ്റ്‌ ഓവര്‍ഹോളിംഗ്‌ ആവശ്യമുണ്ട്‌. ഇനി യാത്ര ചെയ്യണമെങ്കില്‍ ബെയറിങ്ങുകള്‍ മാറ്റണം..."

"ഓവര്‍ഹോളിംഗ്‌ നടക്കുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക്‌ ഞാന്‍ അഞ്ച്‌ ദിവസത്തെ സമയം തരാം. പത്തൊമ്പതാം തീയതി നമുക്ക്‌ പോയേ തീരൂ. കൂടി വന്നാല്‍ ഒരാഴ്ച കൂടി സമയം തരാമെന്നാണ്‌ ജനറല്‍ റെയിംക്‌ പറഞ്ഞത്‌. അതില്‍ കൂടുതല്‍ കിട്ടില്ല..."

വാതില്‍ തുറന്ന് ചെറുപ്പക്കാരനായ ലെഫ്റ്റനന്റ്‌ പ്രവേശിച്ചു.

"കീലില്‍ നിന്നുള്ള ഒരു സന്ദേശം... ടോപ്‌ അര്‍ജന്റ്‌ എന്ന് എഴുതിയിരിക്കുന്നു സര്‍..."

ഫ്രീമേല്‍ ആ പേപ്പര്‍ വാങ്ങിയിട്ട്‌ തന്റെ കണ്ണട ശരിയാക്കി. അതില്‍ കണ്ണോടിച്ചതോടെ അദ്ദേഹത്തിന്റെ മുഖത്ത്‌ മന്ദഹാസം വിരിഞ്ഞു.

"ക്യാന്‍ യു ബിലീവ്‌ ദിസ്‌ പോള്‍...? ബ്രെസ്റ്റ്‌ ഏരിയയിലെ എല്ലാ നാവിക വിഭാഗങ്ങളുടെയും നേതൃത്വം വഹിക്കുന്ന റിയര്‍ അഡ്‌മിറല്‍ ഇന്‍ കമാന്റ്‌ ആയി എനിക്ക്‌ പ്രൊമോഷന്‍ ലഭിച്ചിരിക്കുന്നു..."

ലെഫ്റ്റനന്റ്‌ വേറൊരു പേപ്പറും കൂടി അദ്ദേഹത്തിന്‌ നേരെ നീട്ടി. അത്‌ വായിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ മുഖം വിവര്‍ണ്ണമായി. ആ സന്ദേശം അദ്ദേഹം ഗെറിക്കിന്‌ കൈമാറി. അതില്‍ എഴുതിയിരുന്നത്‌ ഇപ്രകാരമായിരുന്നു... "നമ്മുടെ ഒരിഞ്ച്‌ മണ്ണ്‌ പോലും ശത്രുക്കളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ വേണ്ടിവന്നാല്‍ ജീവത്യാഗം വരെ ചെയ്യാന്‍ താങ്കളും സഹപ്രവര്‍ത്തകരും തയ്യാറാണെന്ന ഉറച്ച വിശ്വാസത്തോടെ, താങ്കളുടെ ജോലിക്കയറ്റത്തില്‍ എന്റെ അഭിനന്ദനങ്ങള്‍ - അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍."

ഗെറിക്ക്‌ അത്‌ തിരികെ കൊടുത്തു. "കണ്‍ഗ്രാജുലേഷന്‍സ്‌ ഹേര്‍ കോണ്ടര്‍ അഡ്‌മിറല്‍..." അദ്ദേഹം ആചാര മര്യാദ പ്രകാരം പറഞ്ഞു.

യാതൊരു വികാരാധിക്യവും കൂടാതെ ഫ്രീമേല്‍ ലെഫ്റ്റനന്റിന്‌ നേരെ തിരിഞ്ഞു. "മറുപടി സന്ദേശം ബെര്‍ലിനിലേക്ക്‌ അയച്ചേക്കൂ... അവസാനം വരെ പോരാടുന്നതായിരിക്കും... ഞങ്ങളുടെ നായകന്‍ നീണാള്‍ വാഴട്ടെ... ഇത്രയും മതി."

ലെഫ്റ്റനന്റ്‌ പുറത്തേക്ക്‌ പോയി. ഫ്രീമേല്‍ ഗെറിക്കിന്‌ നേരെ തിരിഞ്ഞു. "എന്താ... പോരേ...?"

"ഇതേ സന്ദേശം തന്നെയല്ലേ ബിസ്‌മാര്‍ക്ക്‌ എന്ന കപ്പല്‍ മുങ്ങുന്നതിന്‌ തൊട്ട്‌ മുന്‍പ്‌ ക്യാപ്റ്റന്‍ ലുട്ജന്‍ അവസാനമായി അയച്ചതും...?"

"അത്‌ തന്നെ..." ഫ്രീമേല്‍ പറഞ്ഞു.

"എന്താ, കുറച്ച്‌ കൂടി കഴിക്കുന്നോ സ്നേഹിതാ...?" ബോട്ട്‌ല്‍ എടുത്തിട്ട്‌ ഫ്രീമേല്‍ നെടുവീര്‍പ്പിട്ടു. "കഷ്ടം... നമ്മുടെ കൈവശമുള്ള ഷ്‌നാപ്സിന്റെ അവസാന തുള്ളിയും കഴിഞ്ഞിരിക്കുന്നു !..."


* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

15 comments:

  1. ഈ നോവലിലെ സൂപ്പര്‍ ഹീറോ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി ... പോള്‍ ഗെറിക്ക്‌ രംഗപ്രവേശം ചെയ്യുന്നു... കഥ തുടരുന്നു...

    കഴിഞ്ഞ ലക്കങ്ങളില്‍ വന്ന അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  2. വായിക്കുന്നുണ്ട്. തുടരുക വിനുവേട്ടാ.

    ReplyDelete
  3. പോള്‍ ഗെറി വരട്ടെ! വായിക്കുന്നുണ്ടേ...
    തുടന്നോളൂ...

    ReplyDelete
  4. തുടർന്നോളൂ...................

    ReplyDelete
  5. ഞാനും ഹാജര്‍ വച്ചു... ശ്രീ-യെ കാണ്മാനില്ലല്ലോ?

    അപ്പോള്‍ ഗെരിക്കാണു താരം, അല്ലേ..?

    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു..

    ReplyDelete
  6. അത്‌ ശരി, അപ്പോള്‍ കഥാനായകന്‍ ഗെറിക്കാണല്ലേ. വല്ലാത്തൊരു കീറാമുട്ടിയാണല്ലോ പുള്ളിക്കാരന്‌ ഏല്‍പ്പിച്ച്‌ കൊടുത്തിട്ടുള്ളത്‌. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  7. കുമാരന്‍ ... സ്ഥിരമായി വരുന്നതില്‍ വളരെ സന്തോഷം...

    വാഴക്കോടന്‍... തിരിച്ചുവരവുകളിലൂടെ തിരിച്ചെത്തിയതില്‍ സന്തോഷം...

    ഗന്ധര്‍വന്‍ ... വച്ച കാല്‍ ഇനി പിറകോട്ട്‌ എടുക്കുന്നില്ല... തുടര്‍ന്നിട്ട്‌ തന്നെ കാര്യം....

    ജിമ്മി... അതേ, ഗെറിക്ക്‌ തന്നെ താരം ...

    പാമരന്‍ ... റെഗുലര്‍ സ്റ്റുഡന്റ്‌ ആയിരിക്കണംട്ടോ...

    ലേഖ... അതെ, അതൊരു ബാലികേറാമല തന്നെ... നമുക്ക്‌ കാത്തിരുന്ന് കാണാം...

    ReplyDelete
  8. ജിമ്മീ... ഞാനെത്തി ട്ടോ.

    അപ്പോള്‍ ഗെറിക്ക് സാഹസികമായ ആ യാത്ര തുടരട്ടെ...

    നമുക്കും കൂടെ പോകാം.

    ReplyDelete
  9. സ്വാഗതം ശ്രീ... എന്താ വരാത്തതെന്ന്‌ വിചാരിച്ചിരിക്കുകയായിരുന്നു... സന്തോഷായി...

    ReplyDelete
  10. ആക്ഷന്‍ ഹീറോ വരട്ടെ

    ReplyDelete
  11. യുദ്ധം മൂത്ത്‌ വരുമ്പോൾ പ്രമോഷൻ .ഹാ ഹാ ഹാ.എന്നിട്ട്‌ രാജ്യത്തിനായ്‌ ജീവൻ കളയണമെന്നുള്ള ഉപദേശവും.
    (ഇലക്ഷൻ ആകുമ്പോൾ ഉമ്മൻ ചാണ്ടി ആദിവസികൾക്കായി ഐ.ഐ.ടി.കൊടുക്കുമെന്ന് പറയുന്നത്‌ പോലെ.)

    ReplyDelete
  12. എന്തായാലും എനിക്കേറ്റവും ഇഷ്ടപ്പെട്ട ലോകനേതാവ്‌ ഹിറ്റ്ലർ തന്നെ...

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...