പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, October 16, 2009

സ്റ്റോം വാണിംഗ്‌ - 17

സമയം രാത്രി 8:30. ലണ്ടന്‍ നഗരത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്‌. ജര്‍മന്‍ എയര്‍ഫോഴ്‌സിന്റെ ഗ്രൂപ്പ്‌-1 KG-66 ന്‌ കീഴിലുള്ള ജങ്കേഴ്‌സ്‌ 88-S യുദ്ധവിമാനങ്ങള്‍ തങ്ങളുടെ ആദ്യ റൗണ്ട്‌ ആക്രമണം കഴിഞ്ഞ്‌ പിന്‍വാങ്ങിയിരിക്കുന്നു.

ഏതാണ്ട്‌ 9:15 ആയപ്പോഴേക്കും ഗൈസ്‌ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വാര്‍ഡില്‍ പരിക്കേറ്റവരുടെ പ്രവാഹം ആരംഭിച്ച്‌ തുടങ്ങി. റൂമിന്റെ ഒരു ഭാഗത്ത്‌ കര്‍ട്ടനുകള്‍ ഉപയോഗിച്ച്‌ മറ്റൊരു റൂം കൂടി തയാറാക്കിയിരിക്കുന്നു. അവിടെ കിടത്തിയിരിക്കുന്ന ഒരു സൈനികന്റെ വലത്‌ തുടയില്‍ ഇതിനോടകം ഇരുപത്തിയേഴ്‌ സ്റ്റിച്ചുകള്‍ ഇട്ടുകഴിഞ്ഞിരിക്കുന്നു, ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ. അവശ നിലയില്‍ മുകളിലേക്ക്‌ നോക്കി കിടക്കുന്ന അയാളുടെ ചുണ്ടില്‍ ഇനിയും തീ കൊളുത്താത്ത ഒരു സിഗരറ്റ്‌ വിശ്രമിക്കുന്നു.

ജാനറ്റിനെ സഹായിക്കാനായി മെയ്‌ല്‍ നഴ്‌സ്‌ കലഗന്‍ അടുത്ത്‌ തന്നെയുണ്ട്‌. അറുപതിനോടടുത്ത അദ്ദേഹത്തിന്റെ മുടി മുഴുവന്‍ നരച്ച്‌ കഴിഞ്ഞിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ ഒരു മെഡിക്കല്‍ സര്‍ജന്റ്‌ ആയി സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം തന്നാലാവുന്ന സഹായമെല്ലാം ചെറുപ്പക്കാരിയായ ആ അമേരിക്കന്‍ ഡോക്ടര്‍ക്ക്‌ ചെയ്തുകൊടുക്കുന്നുണ്ട്‌. പന്ത്രണ്ട്‌ മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത്‌ കൊണ്ടിരിക്കുന്നതിന്റെ ക്ഷീണം അവളുടെ മുഖത്ത്‌ അദ്ദേഹം ശ്രദ്ധിച്ചു.

"ഇതും കൂടി കഴിഞ്ഞിട്ട്‌ വീട്ടില്‍ പോയി അല്‍പ്പം വിശ്രമിക്കൂ മിസ്സ്‌..."

"അങ്ങനെ പോകാന്‍ പറ്റുമോ..? പരിക്കേറ്റവര്‍ ഇനിയും വന്നുകൊണ്ടിരിക്കുമെന്നാണ്‌ തോന്നുന്നത്‌..."

ഇത്രയും നേരം തെയിംസ്‌ നദിയുടെ അങ്ങേക്കരയിലായിരുന്നു ബോംബ്‌ വര്‍ഷം നടന്ന് കൊണ്ടിരുന്നത്‌. എന്നാല്‍ അപ്രതീക്ഷിതമായി തൊട്ടടുത്തുണ്ടായ അതിശക്തമായ ഒരു സ്ഫോടനത്തില്‍ ആ കെട്ടിടം ആകെപ്പാടെ ഒന്ന് കുലുങ്ങി. ജാലകച്ചില്ലുകള്‍ പൊട്ടിച്ചിതറി. വൈദ്യുതവിളക്കുകള്‍ ഒരു നിമിഷത്തേക്ക്‌ മങ്ങി. പലയിടത്ത്‌ നിന്നും കൊച്ചുകുട്ടികളുടെ രോദനം ഉയര്‍ന്നു.

"മൈ ഗോഡ്‌... ആ *ജെറികള്‍ എല്ലാം തകര്‍ക്കുമല്ലോ..." കലഗന്‍ പറഞ്ഞു. (*ജെറി - ബ്രിട്ടിഷ്‌കാരും അമേരിക്കക്കാരും ജര്‍മന്‍കാരെ വിളിക്കുന്ന പേര്‌)

"ഇന്നെന്താണിത്ര പ്രത്യേകിച്ച്‌...?" തന്റെ ജോലിയില്‍ ശ്രദ്ധിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.

"ഇന്ന് രാത്രി ഇവിടെ സന്ദര്‍ശിക്കുന്നത്‌ ആരാണെന്നറിയില്ലേ മിസ്സ്‌...? ജനറല്‍ ഐസന്‍ ഹോവര്‍ ! ബോംബിംഗ്‌ തുടങ്ങുന്നതിന്‌ ഏകദേശം ഒരു മണിക്കൂര്‍ മുമ്പ്‌ അദേഹമിവിടെയെത്തി..."

അവള്‍ തലയുയര്‍ത്തി വിശ്വസിക്കാനാവാതെ നോക്കി. "ജനറല്‍ ഐസന്‍ ഹോവറോ...? ഇവിടെയോ...?"

"അതെ... എഴുപത്തിമൂന്നാം വാര്‍ഡില്‍ പരിക്കേറ്റ്‌ കിടക്കുന്ന ആ അമേരിക്കന്‍ സൈനികരെ സന്ദര്‍ശിച്ച്‌ കൊണ്ടിരിക്കുന്നു..."

അതീവ ക്ഷീണിതയായിരുന്നതിനാല്‍ അവള്‍ക്കതിന്റെ പ്രാധാന്യം പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. അവള്‍ തന്റെ രോഗിയുടെ തുടയിലെ അവസാന സ്റ്റിച്ചും പെട്ടെന്ന് തന്നെ തീര്‍ത്തു.

"ഇനിയുള്ള ഡ്രെസ്സിംഗ്‌ ഞാന്‍ ചെയ്തോളാം മിസ്സ്‌... നിങ്ങള്‍ പോയി ഒരു ചായയെങ്കിലും കഴിക്കൂ..."

വിരലുകളില്‍ നിന്ന് ഗ്ലൗസ്‌ ഊരിമാറ്റിക്കൊണ്ടിരുന്ന അവളെ ആ സൈനികന്‍ നന്ദിയോടെ നോക്കി.

"ആര്‍ യൂ ആന്‍ അമേരിക്കന്‍, ഡോക്ടര്‍...?"

"യെസ്‌..."

"എന്തെങ്കിലും കഴിക്കാന്‍ കിട്ടിയിരുന്നെങ്കില്‍..."

ചിരിച്ച്‌ കൊണ്ട്‌ അവള്‍ തന്റെ പോക്കറ്റില്‍ നിന്ന് സിഗരറ്റ്‌ ലൈറ്റര്‍ എടുത്തു. "ഇല്ല... വേണമെങ്കില്‍ ആ സിഗരറ്റ്‌ കത്തിച്ച്‌ തരാം..."

അയാളുടെ ചുണ്ടില്‍ നിന്ന് അവള്‍ ആ സിഗരറ്റ്‌ എടുത്ത്‌ തീ കൊളുത്തി തിരികെ വച്ച്‌ കൊടുത്തിട്ട്‌ പറഞ്ഞു. "അല്‍പ്പം ആശ്വാസം കിട്ടും..."

അയാള്‍ ഒന്ന് ഞരങ്ങി. "നിങ്ങള്‍ ഭക്ഷണം പാകം ചെയ്യുമോ ഡോക്ടര്‍...?

"സമയം കിട്ടുമ്പോഴൊക്കെ..."

പക്ഷേ, പുഞ്ചിരിയോടെ അധികനേരം അവള്‍ക്കവിടെ നില്‍ക്കാനാവുമായിരുന്നില്ല. കലഗന്‍ പറഞ്ഞത്‌ ശരിയായിരുന്നു. എങ്ങനെയെങ്കിലും ഒരു കപ്പ്‌ ചായ കഴിച്ചേ പറ്റൂ... അത്രയ്ക്ക്‌ ക്ഷീണം. ചുരുങ്ങിയത്‌ പതിനഞ്ച്‌ മണിക്കൂറെങ്കിലും ഉറങ്ങിയാലേ ഈ ക്ഷീണം മാറൂ. എന്നാല്‍ ഈ അവസ്ഥയില്‍ അത്‌ തീര്‍ത്തും അസാദ്ധ്യമാണ്‌. അവള്‍ തിരിഞ്ഞ്‌ വരാന്തയിലേക്ക്‌ നടന്നു.

ഒരു വശത്തെ വാതില്‍ തുറന്ന് ചെറുപ്പക്കാരിയായ ഒരു നഴ്‌സ്‌ പ്രത്യക്ഷപ്പെട്ടത്‌ പെട്ടെന്നായിരുന്നു. പരിഭ്രമിച്ചവശയായ അവളുടെ കൈകളില്‍ രക്തം പുരണ്ടിരുന്നു. ജാനറ്റിന്റെയടുത്തേക്ക്‌ അവള്‍ ഓടിയെത്തി. അടുത്ത നിമിഷം ആശുപത്രിയുടെ സമീപം മറ്റൊരു സ്ഫോടനം കൂടി നടന്നു. അതിന്റെ ആഘാതത്തില്‍ ചുമരില്‍ സിമന്റ്‌ അവിടവിടെയായി അടര്‍ന്ന് വീണു.

"എന്താണ്‌...?" അവളുടെ തോളില്‍ പിടിച്ച്‌ കുലുക്കിക്കൊണ്ട്‌ ജാനറ്റ്‌ ചോദിച്ചു.

അടുത്ത മുറിയിലേക്ക്‌ കൈ ചൂണ്ടി എന്തോ പറയാന്‍ ആ പെണ്‍കുട്ടി ശ്രമിച്ചു. എന്നാല്‍ അതേ നിമിഷം തന്നെ നടന്ന മറ്റൊരു സ്ഫോടനത്തിന്റെ ശബ്ദത്തിനിടയില്‍ അത്‌ വ്യക്തമായില്ല.

"എന്താണ്‌ സംഭവം...?" ജാനറ്റ്‌ വീണ്ടും ചോദിച്ചു.

"ഒരു ഡെലിവറി കേസാണ്‌... കുട്ടിയുടെ പിന്‍ഭാഗമാണ്‌ ആദ്യം പുറത്തേക്ക്‌ വരുന്നത്‌. വേഗം വരൂ ഡോക്ടര്‍..."

"ഓ.കെ... ഇതാ വന്നു കഴിഞ്ഞു..."

പുറമേ അപ്പോഴും ഇടവിട്ടിടവിട്ട്‌ ബോംബ്‌ സ്ഫോടനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *

ബോംബ്‌ വര്‍ഷം നിലച്ചിരിക്കുന്നു. അത്യധികം ദുഷ്കരമായിരുന്നു ആ പ്രസവ കേസ്‌. എങ്കിലും ആ യുവതിയേയും കുഞ്ഞിനെയും രക്ഷിക്കാനായതില്‍ സന്തുഷ്ടയായിരുന്നു ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ. ക്ഷീണത്തില്‍ നിന്ന് അല്‍പ്പം മോചനത്തിനായി ഒരു സിഗരറ്റ്‌ പുകച്ച്‌ കൊണ്ട്‌ അവള്‍ പുറത്തേക്ക്‌ നോക്കി നിന്നു.

"മൈ ഗോഡ്‌... ഈ യുദ്ധത്തിനൊരു അവസാനമില്ലെന്നുണ്ടോ..." ആത്മഗതമെന്നോണം അവള്‍ മന്ത്രിച്ചു.

തെയിംസ്‌ നദിയുടെ ഇരു കരകളിലും തീ ആളിക്കത്തുന്നുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ ഇപ്പോഴും വല്ലാത്തൊരു രൂക്ഷ ഗന്ധം നിറഞ്ഞ്‌ നില്‍ക്കുന്നു.

"ഓ, ഡോക്ടര്‍, നിങ്ങള്‍ ഇവിടെ നില്‍ക്കുകയായിരുന്നോ...? എവിടെയെല്ലാം അന്വേഷിച്ചു... നിങ്ങളെ കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു..."

കലഗന്റെ കൂടെ വന്ന ആ അമേരിക്കന്‍ ഓഫീസറെ അവള്‍ നോക്കി.

"മാഡം, ഐ ആം കേണല്‍ ബ്രിസിങ്ങ്‌ഹാം..." അവളെ സല്യൂട്ട്‌ ചെയ്തിട്ട്‌ അയാള്‍ പറഞ്ഞു.

അരണ്ട വെളിച്ചമുള്ള ആ മുറിയില്‍ അവരെ തനിച്ചാക്കി കലഗന്‍ പുറത്തേക്ക്‌ പോയി.

"വാട്ട്‌ ക്യാന്‍ ഐ ഡൂ ഫോര്‍ യൂ കേണല്‍...?" അവള്‍ ചോദിച്ചു.

"ജനറല്‍ ഐസന്‍ ഹോവര്‍ ഭവതിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു..." വളരെ ഭവ്യതയോടെ അയാള്‍ പറഞ്ഞു.

താന്‍ നില്‍ക്കുന്നയിടം തനിക്ക്‌ ചുറ്റും കറങ്ങുന്നതായി ജാനറ്റിന്‌ തോന്നി. ബോധക്ഷയം വന്ന പോലെ അവള്‍ കേണലിന്റെ ദേഹത്തേക്ക്‌ വീണു. നിലത്ത്‌ വീഴാതെ അദ്ദേഹം അവളെ താങ്ങിപ്പിടിച്ചു.

"ഏങ്ങ്‌ഹ്‌... എന്ത്‌ പറ്റി...?"

"ഓ, നത്തിംഗ്‌... പെട്ടെന്നൊരു തലചുറ്റല്‍... ഇന്ന് രാവിലെ ജോലിക്ക്‌ വന്നിട്ട്‌ ഇത്‌ വരെ ഒട്ടും വിശ്രമം കിട്ടിയിട്ടില്ല..." ഒരു ദീര്‍ഘശ്വാസമെടുത്തിട്ട്‌ അവള്‍ പറഞ്ഞു. "ആട്ടെ, ജനറല്‍ എവിടെ...?"

"ഇവിടെ തന്നെയുണ്ട്‌... കാറില്‍ ഇരിക്കുകയാണദ്ദേഹം. വരൂ... അധികം സമയമില്ല അദ്ദേഹത്തിന്‌. നാളെ രാവിലെ തന്നെ പാരീസിലേക്ക്‌ പോകാനുള്ളതാണ്‌..."

മെയിന്‍ ഗേറ്റിന്‌ സമീപം തന്നെയാണ്‌ അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്ക്‌ ചെയ്തിരുന്നത്‌. അതിന്‌ ചുറ്റും കിടക്കുന്ന ജീപ്പുകളേയും കാവല്‍ നില്‍ക്കുന്ന മിലിട്ടറി പോലീസിനെയും അവള്‍ ശ്രദ്ധിച്ചു. കേണല്‍ ബ്രിസിങ്ങ്‌ഹാം കാറിന്റെ ഡോര്‍ തുറന്നു.

"ജനറല്‍, ഇതാണ്‌ ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ..."

ജാനറ്റ്‌ ഒന്ന് സംശയിച്ച്‌ നിന്നു. എന്നിട്ട്‌ കാറിനുള്ളില്‍ കയറി. ബ്രിസിങ്ങ്‌ഹാം ഡോര്‍ അടച്ചു. ഡാഷ്‌ ബോര്‍ഡില്‍ നിന്നുള്ള അരണ്ട വെളിച്ചത്തില്‍ ജനറലിന്റെ അവ്യക്തമായ ഒരു രൂപമേ അവള്‍ക്ക്‌ കാണാനായുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്റെ കോട്ടും ഹാറ്റും, പിന്നെ ആര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള മനോഹരമായ പുഞ്ചിരിയും അവള്‍ വ്യക്തമായി കണ്ടു.

"നിങ്ങളെ എനിക്ക്‌ നേരത്തേ തന്നെ അറിയാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..." ഐസന്‍ ഹോവര്‍ ചോദിച്ചു.

ആദ്യം ഒന്ന് പരുങ്ങിയിട്ട്‌ അവള്‍ സംശയഭാവത്തില്‍ ചോദിച്ചു... "അങ്കിള്‍ ക്യാരി...?"

"അതേ, അദ്ദേഹം തന്നെ... നിങ്ങളെക്കുറിച്ച്‌ എപ്പോഴും പറയുമായിരുന്നു ഞങ്ങളോട്‌. 1922ലോ 23ലോ ആണെന്ന് തോന്നുന്നു... ഞാനന്ന് മേജറാണ്‌. അദ്ദേഹം ലെഫ്റ്റനന്റ്‌ കമാന്ററും. ഓ, അദ്ദേഹത്തിന്റെ പിടിവാശി അല്‍പ്പം കടുപ്പം തന്നെ..."

"ഇന്നും അതില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല..." അവള്‍ പറഞ്ഞു.

"യൂ ആര്‍ റൈറ്റ്‌... അല്‍പ്പം പോലും..." അദ്ദേഹം തുടര്‍ന്നു. പ്രത്യേകിച്ച്‌ അന്ന് ആ നോര്‍വീജിയന്‍ കപ്പല്‍ മുങ്ങിയപ്പോള്‍. ഇപ്പോള്‍ ജീവനോടെയിരിക്കുന്നത്‌ തന്നെ മഹാത്ഭുതം. ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ നേര്‍വിപരീതമായിട്ടാണ്‌ അന്നദ്ദേഹം പ്രവര്‍ത്തിച്ചത്‌..."

"അതിന്റെ വിലയായി അദ്ദേഹത്തിന്‌ തന്റെ ഒരു കണ്ണും ഒരു കൈയും നല്‍കേണ്ടി വന്നു..."

"അതേ, എനിക്കറിയാം... പറയൂ, എന്തിനാണിപ്പോഴും അദ്ദേഹം ആ സ്കോട്ടിഷ്‌ ദ്വീപ്‌ ഫാഡായില്‍ തന്നെ താമസിക്കുന്നത്‌? എന്താണദ്ദേഹം അവിടെ ചെയ്യുന്നത്‌...?"

"അദ്ദേഹത്തിന്റെ അമ്മയുടെ കുടുംബം ആ ദ്വീപിലായിരുന്നു താമസിച്ചിരുന്നത്‌. ഒരു ബന്ധു വഴി അദ്ദേഹത്തിനവിടെ ഒരു വീട്‌ കിട്ടിയിട്ടുണ്ട്‌. എനിക്ക്‌ തോന്നുന്നത്‌, കുറച്ച്‌ കാലം ഫീല്‍ഡില്‍ നിന്ന് വിട്ട്‌ നില്‍ക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ്‌. എന്തായാലും അതിന്‌ പറ്റിയ സ്ഥലം തന്നെ..." അവള്‍ പറഞ്ഞു.

"അദ്ദേഹത്തിനെന്തെങ്കിലും പ്രത്യേക ഉദ്ദേശ്യം ഉണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ...?"

"കാണുമായിരിക്കും..."

ജനറല്‍ തലയാട്ടി. "ഫീല്‍ഡിലേക്ക്‌ തിരിച്ച്‌ വരാനുള്ള തയ്യാറെടുപ്പിലാണദ്ദേഹമെന്ന് നിങ്ങള്‍ക്കറിയാമോ...?"

"ഇല്ലല്ലോ... പക്ഷേ അങ്ങനെയാണെങ്കില്‍ തന്നെ എനിക്കതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല..."

"എനിക്കുമില്ല... ഇത്രയൊക്കെ ആയിട്ടും അദ്ദേഹത്തിന്‌ തന്റെ സ്വഭാവം മാറ്റാന്‍ കഴിയുന്നില്ല. അദ്ദേഹത്തിനിനി ഫീല്‍ഡിലേക്കിറങ്ങാന്‍ കഴിയുമെന്നെനിക്ക്‌ തോന്നുന്നില്ല. ഒരു കണ്ണ്‌, ഒരു കൈ ... എല്ലാം നഷ്ടപ്പെട്ടു..."

"ജീവനൊഴിച്ച്‌..."

"അതൊക്കെ പോട്ടെ... നേവല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌ അവരുടെ തീരുമാനം മാറ്റാന്‍ സാധിക്കില്ല. അദ്ദേഹം റിട്ടയര്‍ ചെയ്ത്‌ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നു."

"താങ്കളും...?"

അദ്ദേഹം ഒരു നെടുവീര്‍പ്പിട്ടു. "അദ്ദേഹം എനിക്കൊരു ലെറ്റര്‍ കൊടുത്തു വിട്ടിരിക്കുന്നു. ലീവിലുള്ള ഒരു ലെഫ്റ്റനന്റിന്റെ കൈവശം. ഞാനിന്ന് ലണ്ടനിലുണ്ടായത്‌ ഭാഗ്യം..."

"അദ്ദേഹം താങ്കളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നുവെന്നോ...? ക്യാരി റീവോ...? എങ്കില്‍ കാര്യമായ എന്തെങ്കിലും സംഗതി കാണുമല്ലോ..." അവള്‍ പുഞ്ചിരിച്ചു.

"അത്‌ തന്നെയാണെനിക്കും തോന്നിയത്‌. " ഐസന്‍ ഹോവര്‍ പറഞ്ഞു.

"എന്നിട്ട്‌... താങ്കള്‍ക്കെന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ അദ്ദേഹത്തിന്‌ വേണ്ടി...?"

"പാരീസില്‍ ഞാനൊരു ജോലി കണ്ടുവച്ചിട്ടുണ്ട്‌ അദ്ദേഹത്തിന്‌ വേണ്ടി... വിതരണ വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍..."

"ഓഫീസ്‌ ജോലിയാണോ..?" അവള്‍ തലയനക്കി. "അത്‌ അദ്ദേഹം സ്വീകരിക്കുമെന്ന് തോന്നുന്നില്ല..."

"പഴയ കാലമൊക്കെ കഴിഞ്ഞു പോയി ജാനറ്റ്‌... അദ്ദേഹത്തിന്‌ ഒരു ജോലി വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഒരെണ്ണമുണ്ട്‌. അതല്ലെങ്കില്‍ അദ്ദേഹത്തിന്‌ ഇതുപോലെയൊക്കെ തന്നെ ഇനിയുള്ള കാലം കഴിച്ച്‌ കൂട്ടാം. അതദ്ദേഹം മനസ്സിലാക്കിയാല്‍ നന്ന്‌..."

"പക്ഷേ, അതദ്ദേഹം മനസ്സിലാക്കില്ലല്ലോ..."

"നോക്കൂ ജാനറ്റ്‌, കുറച്ച്‌ ദിവസത്തെ ലീവ്‌ എടുത്ത്‌ നിങ്ങള്‍ക്ക്‌ അദ്ദേഹത്തെ ഒന്ന് കാണുവാന്‍ കഴിയുമോ...?" ഐസന്‍ ഹോവര്‍ ചോദിച്ചു.

അവള്‍ ഒന്ന് സംശയിച്ചു. "നോക്കട്ടെ... കഴിഞ്ഞ ആറ്‌ മാസങ്ങളായി ഒരു ദിവസത്തില്‍ കൂടുതല്‍ വാരാന്ത്യ അവധി കിട്ടാറില്ല..."

"യാത്രാ സൗകര്യങ്ങളൊക്കെ ഞങ്ങള്‍ തന്നെ ശരിയാക്കിത്തരും ... യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ ഞാനൊരു ലെറ്ററും തരാം. പക്ഷേ, നിങ്ങളുടെ മറുപടിയെ ആശ്രയിച്ചിരിക്കുന്നു കാര്യങ്ങളെല്ലാം..."

ഡോറില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. ഐസന്‍ ഹോവര്‍ ഡോറിന്റെ ഗ്ലാസ്‌ താഴ്‌ത്തി. കേണല്‍ ബ്രിസിങ്ങ്‌ഹാം ഉള്ളിലേക്ക്‌ തലയിട്ട്‌ കൊണ്ട്‌ പറഞ്ഞു. "ആ ഫ്ലൈറ്റില്‍ തന്നെ പോകണമെങ്കില്‍ നമുക്ക്‌ ഇപ്പോള്‍ തന്നെ പുറപ്പെട്ടേ പറ്റൂ ജനറല്‍..."

ജനറല്‍ അക്ഷമയോടെ തല കുലുക്കി. എന്നിട്ട്‌ ഗ്ലാസ്‌ വീണ്ടും ഉയര്‍ത്തി. "ഒരു നിമിഷം പോലും അവരെന്നെ ഒറ്റയ്ക്ക്‌ വിടില്ല... നശിച്ച ഒരു യുദ്ധം... ജനറല്‍മാര്‍ക്ക്‌ പോലും വിശ്രമം കിട്ടുന്നില്ല..."

* * * * * * * * * * * * * * * * * * * * * * * *


(തുടരും)

12 comments:

  1. പ്രിയ വായനക്കാരെ ലണ്ടനിലെ തെയിംസ്‌ നദിക്കരയിലേക്ക്‌ ക്ഷണിക്കുന്നു. റിയര്‍ അഡ്‌മിറല്‍ ക്യാരി റീവിന്റെ അനന്തിരവള്‍ ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോ കഥയില്‍ നമ്മോടൊപ്പം ചേരുന്നു...

    ReplyDelete
  2. വായിക്കുന്നുണ്ട്..........

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ജാനറ്റ്‌ വരട്ടെ. നായികാ ദാരിദ്ര്യം അല്ലെങ്കിലും ഉണ്ടായിരുന്നു കഥയില്‍. ജാനറ്റ്‌ എന്നിട്ട്‌ അമ്മാവനെ കാണാന്‍ ഫാഡാ ദ്വീപിലേക്ക്‌ പോകുമോ?

    ReplyDelete
  5. "മൈ ഗോഡ്‌... ഈ യുദ്ധത്തിനൊരു അവസാനമില്ലെന്നുണ്ടോ..."

    എത്രയോ കാലങ്ങളായി മാനവരാശിക്ക് മുന്നില്‍ ഉയരുന്ന ചോദ്യം... ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം...

    യാത്ര തുടരട്ടെ...

    ReplyDelete
  6. ജീവിതം പോലെ സങ്കീര്‍ണ്ണവും....

    സംഭവബഹുലവുമായ ഒരു 'നോവല്‍' തന്നെ....

    വിവര്‍ത്തനത്തിനു തിരെഞ്ഞെടുത്ത...

    എന്റെ സഹപ്രവര്‍ത്തകനായ 'റെജി'യ്ക്ക്‌,അനുമോദനം രേഖപ്പെടുത്താന്‍ വൈകിയതില്‍ ഖേദിക്കുന്നു.

    വായനക്കാരേയും തന്നോടൊപ്പം കൂട്ടി...

    യുദ്ധഭൂമിയിലൂടെ...

    വിജയകരമായി മുന്നേറുന്ന 'റെജിയ്ക്ക്‌'..

    എല്ലാവിധ ഭാവുകങ്ങളും!!!!!

    ReplyDelete
  7. നന്നായിട്ടുണ്ട് കഥയുടെ അവസാനം എന്തായിരിക്കും. കാത്തിരിക്കാം

    ReplyDelete
  8. തുടരട്ടെ, വിനുവേട്ടാ. വരാന്‍ വൈകുന്നുവെങ്കിലും മുടങ്ങാതെ വായിയ്ക്കുന്നുണ്ട് കേട്ടോ.

    പുതിയ കഥാപാത്രങ്ങള്‍ കടന്നു വരുമ്പോഴും കഥയുടെ ഒഴുക്ക് നഷ്ടപ്പെടുന്നില്ല...

    ReplyDelete
  9. ഗന്ധര്‍വന്‍, കുമാരന്‍ ... നന്ദി...

    ലേഖ... അത്‌ കാത്തിരുന്ന് കാണാം...

    ജിമ്മി... ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം തന്നെ അത്‌...

    ജോയ്‌... ഇതൊരു ചലഞ്ച്‌ ആയി ഏറ്റെടുത്ത്‌ മുന്നോട്ട്‌ തനെ...

    ബൃഹസ്പതി... കഥയുടെ അവസാനം വരെ കൂടെയുണ്ടാകുമെന്ന് കരുതട്ടെ..?

    ശ്രീ... അത്‌ നോവലിസ്റ്റ്‌ ജാക്ക്‌ ഹിഗിന്‍സിന്റെ കഴിവല്ലേ? ഓരോ ചെറിയ കാര്യങ്ങളിലും അദ്ദേഹത്തിനുള്ള നിരീക്ഷണ പാടവവും കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കൊണ്ടുപോകുന്നതിനുള്ള കഴിവും പ്രശംസനീയം തന്നെ...

    എല്ലാവര്‍ക്കും നന്ദി ഒരിക്കല്‍ കൂടി ... വീണ്ടും വരിക.

    ReplyDelete
  10. ഡ്യൂഷ് ലാന്‍ഡ് എവിടെ?

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...