പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, November 12, 2009

സ്റ്റോം വാണിംഗ്‌ - 20

തന്റെ ക്യാബിനിലിരുന്ന് ബെര്‍ഗര്‍ ലോഗ്‌ ബുക്ക്‌ എഴുതുകയാണ്‌.

....... 1944 സെപ്റ്റംബര്‍ 18. ഒരു കാളരാത്രി കൂടി. കടല്‍ക്ഷോഭവും ശക്തമായ മഴയും. അതിശക്തമായ തിരമാലകളാല്‍ സാരമല്ലാത്ത ചില കേടുപാടുകളൊക്കെ സംഭവിച്ചു. മദ്ധ്യാഹ്നത്തോടെ കാലാവസ്ഥ പിന്നെയും മാറി, ശാന്തമായി. കപ്പലിന്റെ അടിത്തട്ടില്‍ പതിനാറ്‌ ഇഞ്ച്‌ വെള്ളം കെട്ടി നില്‍ക്കുന്നുണ്ടെന്ന് മിസ്റ്റര്‍ സ്റ്റേം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

പേന താഴെ വച്ച്‌, വെള്ളം പമ്പ്‌ ചെയ്യുന്നതിന്റെ വിരസമായ ശബ്ദവും ശ്രദ്ധിച്ചുകൊണ്ട്‌ അദ്ദേഹം വെറുതെ ഇരുന്നു. ഇതത്ര നല്ല ലക്ഷണമല്ല. ഇത്രയും വെള്ളം അടിത്തട്ടില്‍ സ്ഥിരമായി കെട്ടിക്കിടക്കുക എന്നത്‌ തീരെ നല്ലതല്ല. സ്റ്റേമിനോടും റിക്ടറോടും ഇതേക്കുറിച്ച്‌ ഇതുവരെ ഒന്നും സൂചിപ്പിച്ചില്ലെങ്കിലും അദ്ദേഹം അതിന്റെ ഗൗരവം തീര്‍ച്ചയായും മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.

വാതിലില്‍ മുട്ടിയിട്ട്‌ റിക്ടര്‍ പ്രവേശിച്ചു. "മിസ്റ്റര്‍ സ്റ്റേമും കൂട്ടരും കൂടി വെള്ളം ഒരു വിധം പമ്പ്‌ ചെയ്ത്‌ കപ്പല്‍ കഷ്ടിച്ച്‌ ഒന്നുണങ്ങി കിട്ടിയെന്ന് പറയാം സര്‍..."

ബെര്‍ഗര്‍ തലകുലുക്കി. "നിങ്ങള്‍ക്ക്‌ എന്ത്‌ തോന്നുന്നു റിക്ടര്‍...?"

"കപ്പലിന്‌ വയസ്സായില്ലേ സര്‍... വളരെയേറെ വയസ്സായിരിക്കുന്നു. കപ്പലിന്റെ അടിഭാഗമെല്ലാം ക്ലീന്‍ ചെയ്തിട്ട്‌ വളരെക്കാലമായിക്കാണണം. പലകകളുടെ സ്ഥിതിയെങ്ങനെയെന്ന് ദൈവത്തിന്‌ മാത്രമറിയാം..." റിക്ടര്‍ ഒന്ന് സംശയിച്ച്‌ നിന്നു. "അന്ന് രാത്രി ആ തിരമാലകളടിച്ച്‌ ഏതാണ്ട്‌ മറിഞ്ഞത്‌ പോലെയായപ്പോള്‍..."

"നമുക്ക്‌ കണാന്‍ കഴിയാത്ത എന്തെങ്കിലും കേടുപാടുകള്‍ അന്ന് സംഭവിച്ചു കാണുമെന്നാണോ നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്‌...?"

റിക്ടര്‍ മറുപടി പറയാന്‍ തുടങ്ങുന്നതിന്‌ മുമ്പ്‌ മുകളില്‍ ഡെക്കില്‍ നിന്ന് ഒരു ആരവം കേട്ടു. സന്തോഷത്താല്‍ ആളുകള്‍ അട്ടഹസിക്കുന്നതായിരുന്നുവത്‌. ഒപ്പം ചെണ്ടയിലടിക്കുന്നത്‌ പോലെയുള്ള ശബ്ദവും. ബെര്‍ഗര്‍ ചാടിയെഴുനേറ്റ്‌ വാതില്‍ തുറന്ന് പുറത്തേക്ക്‌ കുതിച്ചു. തൊട്ടു പിറകേ റിക്ടറും.

കനത്ത ചൂടില്‍ അപ്രതീക്ഷിതമായെത്തിയ മഴയെ വരവേല്‍ക്കുകയായിരുന്നു ഡെക്കില്‍ എല്ലാവരും. സംഘത്തിലെ ഒട്ടുമിക്കവരും ഭ്രാന്ത്‌ പിടിച്ചവരെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. ചിലര്‍ തലയ്ക്ക്‌ മീതെ ബക്കറ്റ്‌ ഉയര്‍ത്തിപ്പിടിച്ച്‌ മഴവെള്ളം ശേഖരിക്കുകയാണ്‌. ക്യാന്‍വാസ്‌ ഷീറ്റിന്റെ തണലില്‍ ഇരുന്നിരുന്ന കന്യാസ്ത്രീകള്‍ ഒഴുകുന്ന മഴവെള്ളത്തെ നോക്കി കുഞ്ഞുങ്ങളെപ്പോലെ പൊട്ടിച്ചിരിക്കുന്നു. സംഗീതാത്മാകമായി പെയ്യുന്ന മഴ നനഞ്ഞ്‌ ചിരിച്ചുകൊണ്ട്‌ നില്‍ക്കുകയാണ്‌ സ്റ്റേം.

ബെര്‍ഗറെ കണ്ട മാത്രയില്‍ ഒരു വശത്തേക്ക്‌ മാറി നിന്നിട്ട്‌ സ്റ്റേം പറഞ്ഞു. "സോറി സര്‍... കൂട്ട ഭ്രാന്താണ്‌...."

കുറ്റം ചെയ്തത്‌ കൈയ്യോടെ പിടിക്കപ്പെട്ട സ്കൂള്‍ കുട്ടിയുടെ ചമ്മലോടേ അയാള്‍ മുഖം തുടച്ചുകൊണ്ട്‌ നിന്നു. എന്നാല്‍ പെട്ടെന്ന്, വന്നതുപോലെ തന്നെ മഴ അപ്രത്യക്ഷമായി. ചുട്ടുപഴുത്തു കിടന്നിരുന്ന ഡെക്കില്‍ നിന്ന് ആവി പറക്കാന്‍ തുടങ്ങി.

"പമ്പിംഗ്‌ എങ്ങനെ നടക്കുന്നു...?" ബെര്‍ഗര്‍ ചോദിച്ചു.

"മുഴുവന്‍ വറ്റിച്ചു സര്‍..." സ്റ്റേം ഒന്ന് സംശയിച്ചു. "പക്ഷേ ഒരു നിമിഷ നേരത്തേക്ക്‌ മാത്രം..."

ബെര്‍ഗര്‍ തല കുലുക്കി. ഏത്‌ ആജ്ഞയും ശിരസ്സാ വഹിക്കാന്‍ തയ്യാറായി തന്റെ ചുറ്റും കൂടി നില്‍ക്കുന്ന സഹപ്രവര്‍ത്തകരെ അദ്ദേഹം വീക്ഷിച്ചു. സ്വയം എന്തോ തീരുമാനമെടുത്തിട്ട്‌, അവരെ ഒന്ന് പരീക്ഷിക്കാനായി അദ്ദേഹം പറഞ്ഞു.

"പതിനാറ്‌ ഇഞ്ച്‌ വെള്ളം... ഇന്നലെയും ഇത്‌ തന്നെ. മിനിഞ്ഞാന്ന് പതിനാല്‌ ഇഞ്ച്‌... ഇതത്ര നല്ലതല്ലല്ലോ സ്റ്റേം... എന്തെങ്കിലും കാര്യമായ കാരണം ഇല്ലാതിരിക്കില്ല...."

പായകളും അതിന്റെ കയറും കാറ്റത്തടിക്കുന്ന ശബ്ദം മാറ്റി നിര്‍ത്തിയാല്‍ ഘനം തൂങ്ങുന്ന നിശബ്ദത അവിടെങ്ങും നിറഞ്ഞു.

റിക്ടറാണ്‌ ആദ്യം മൗനം ഭഞ്ജിച്ചത്‌. "വിരോധമില്ലെങ്കില്‍ ഞാന്‍ കടലിലിറങ്ങി കപ്പലിന്റെ അടിയില്‍ പരിശോധിച്ചിട്ട്‌ വരാം സര്‍..."

അദ്ദേഹം വിദഗ്‌ധനായ ഒരു നീന്തല്‍ക്കാരനായിരുന്നു. ഒരു കാളക്കൂറ്റന്റേത്‌ പോലുള്ള ആരോഗ്യവും ശക്തിയും. വീണ്ടും അവിടെ നിശബ്ദത പടര്‍ന്നു.

"ശരി...." ബെര്‍ഗര്‍ തന്റെ പോക്കറ്റില്‍ നിന്ന് ഒരു താക്കോല്‍ എടുത്ത്‌ സ്റ്റേമിന്റെ നേരെ നീട്ടി. "ആയുധമുറി തുറന്ന് ആ റൈഫിള്‍ എടുത്തുകൊണ്ട്‌ വരൂ... ആവശ്യം വന്നാലോ...?"

റിക്ടര്‍ തന്റെ ക്യാന്‍വാസ്‌ ഷൂ അഴിക്കാന്‍ തുടങ്ങിയപ്പോള്‍ സിസ്റ്റര്‍ ആഞ്ചല ബെര്‍ഗറുടെ അടുത്തേക്ക്‌ വന്നു.

"റൈഫിള്‍ എന്തിനാണ്‌ ക്യാപ്റ്റന്‍...?"

"സ്രാവുകള്‍... ഇപ്പോള്‍ അവയുടെ ലക്ഷണമൊന്നും കാണുന്നില്ല. പക്ഷേ, മനുഷ്യഗന്ധം വെള്ളത്തിലുണ്ടെങ്കില്‍ എത്ര അകലെ നിന്നായാലും ശരി അവ ഉടന്‍ ഇവിടെയെത്തും. മാത്രമല്ല, ആ ചീഞ്ഞ ഭക്ഷണസാധനങ്ങള്‍ നമ്മള്‍ കടലിലേക്കെറിഞ്ഞില്ലേ... അവയും അതിന്‌ സഹായിക്കും..."

ഇത്‌ കേട്ടുകൊണ്ടിരുന്ന സിസ്റ്റര്‍ ലോട്ടെയുടെ മുഖം വിളറി വെളുത്തു. പാമരത്തിനരികില്‍ തന്റെ ബെല്‍റ്റ്‌ മുറുക്കിക്കൊണ്ടിരുന്ന റിക്ടറുടെ സമീപത്തേക്കവള്‍ നീങ്ങി.

"ഇവിടെ... ഇവിടെ... വളരെ ആഴമുണ്ടോ ഹേര്‍ റിക്ടര്‍...?"

റിക്ടര്‍ ഉറക്കെ ചിരിച്ചു. "ചുരുങ്ങിയത്‌ ഒരു ആയിരം *ഫാതം എങ്കിലും കാണും... (1 ഫാതം = 6 അടി). പക്ഷേ ഞാന്‍ അത്രയും ദൂരമൊന്നും താഴേക്ക്‌ പോകുന്നില്ല. പേടിക്കണ്ട..."

അവരെ വീക്ഷിച്ചുകൊണ്ടിരുന്ന ബെര്‍ഗറുടെ പുരികം ചുളിഞ്ഞു. പക്ഷേ, എന്തെങ്കിലും അഭിപ്രായം പറയാന്‍ പറ്റിയ സന്ദര്‍ഭമല്ല ഇതെന്ന് അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അദ്ദേഹം ചോദിച്ചു. "ഒരു കയറും കൂടി വേണ്ടേ ഹെല്‍മട്ട്‌...?"

റിക്ടര്‍ നിഷേധ ഭാവത്തില്‍ തലയാട്ടി. "എന്തിന്‌...? കടലില്‍ അല്‍പ്പം പോലും തിരയിളക്കമില്ല..." അദ്ദേഹം ഒരു കാല്‍ പടിയിലേക്ക്‌ എടുത്ത്‌ വച്ചു. എന്നിട്ട്‌ ഒരു സ്പ്രിംഗ്‌ പോലെ കുതിച്ച്‌ വെള്ളത്തിനടിയിലേക്ക്‌ ഊളിയിട്ട്‌ പോയി.

വെള്ളിമേഘങ്ങള്‍ പോലെ ഒരു പറ്റം മത്സ്യങ്ങള്‍ അദ്ദേഹത്തിനിരുവശവുമായി ചിതറിപ്പോയി. സുതാര്യമായ ഹരിതവര്‍ണ്ണമാര്‍ന്ന സമുദ്രത്തിനടിയിലേക്ക്‌ അദ്ദേഹം ഊളിയിട്ട്‌ പോയി. കപ്പലിന്റെ വശങ്ങളില്‍ കടല്‍ച്ചിപ്പികള്‍ കൂട്ടം കൂട്ടമായി പറ്റിപ്പിടിച്ചിരിക്കുന്നു. കടല്‍ച്ചെടികളും പായലും പലകകളില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്നു.

കപ്പലിന്റെ അടിഭാഗം ചുരണ്ടി വൃത്തിയാക്കിയിട്ട്‌ കാലമേറെയായിരിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരു നിമിഷം ആ പലകയില്‍ പിടിച്ചിട്ട്‌ അദ്ദേഹം കപ്പലിന്റെ ഏറ്റവും അടിയില്‍ പിന്‍ഭാഗത്തേക്ക്‌ ഊളിയിട്ടു. എന്നിട്ട്‌ അടിഭാഗത്തു കൂടി പരിശോധിച്ചുകൊണ്ട്‌ മുന്‍ഭാഗത്തേക്ക്‌ നീങ്ങി.

ഡെക്കില്‍ എല്ലാവരും ഉത്ക്കണ്ഠയോടെ നിശബ്ദരായി താഴെ കടലിലേക്ക്‌ നോക്കി നിന്നു. കൈവരികളില്‍ മുറുക്കെപ്പിടിച്ച്‌ നിന്നിരുന്ന സിസ്റ്റര്‍ ലോട്ടെയുടെ കൈപ്പത്തിയിലെ നീല ഞരമ്പുകള്‍ തെളിഞ്ഞ്‌ കാണാമായിരുന്നു. ഭയവും ആകാംക്ഷയുമായി അവള്‍ വെള്ളത്തിലേക്ക്‌ തന്നെ കണ്ണ്‌ ചിമ്മാതെ നോക്കിക്കൊണ്ട്‌ നില്‍ക്കുകയാണ്‌. സമീപത്ത്‌ നിന്നിരുന്ന ബെര്‍ഗര്‍ അവളുടെ പരിഭ്രമം ശ്രദ്ധിച്ചു. സിസ്റ്റര്‍ ആഞ്ചല ഇത്‌ കാണുന്നുണ്ടോ എന്നറിയാന്‍ അദ്ദേഹം നോക്കിയപ്പോള്‍ കണ്ടത്‌ അവര്‍ തന്റെ മുഖത്തേക്ക്‌ നോക്കിക്കൊണ്ട്‌ നില്‍ക്കുന്നതാണ്‌. വളരെ ശാന്തമായി കാണപ്പെട്ട അവരുടെ കണ്ണുകളില്‍ വേദന നിറഞ്ഞിരുന്നു. അദ്ദേഹം തന്റെ പൈപ്പ്‌ എടുത്ത്‌ പുകയില നിറയ്ക്കുവാന്‍ തുടങ്ങി. പ്രശ്നങ്ങള്‍ ഓരോന്നായി വന്നുകൊണ്ടേയിരിക്കുന്നു... കപ്പലിന്റെ അവസ്ഥയെക്കുറിച്ചുള്ള കീറാമുട്ടികള്‍ ഒരു വശത്ത്‌... അതിന്റെ കൂടെ ഇതും... അതും സംഘത്തിലെ ഏറ്റവും മിടുക്കനായ നാവികന്‍ റിക്ടര്‍ ഉള്‍പ്പെട്ടത്‌...!

അടുത്ത നിമിഷം, കപ്പലിന്റെ ഇടതുഭാഗത്ത്‌, ജലോപരിതലത്തിലേക്ക്‌ റിക്ടര്‍ പൊങ്ങി വന്നു. താഴേക്കിട്ടു കൊടുത്ത കയറില്‍ പിടിച്ച്‌ കൈവരികള്‍ക്ക്‌ മുകളിലൂടെ അദ്ദേഹം ഡെക്കിലെത്തി.

തണുത്ത്‌ വിറച്ച്‌ അല്‍പ്പനേരം അദ്ദേഹം അവിടെയിരുന്നു.

"എങ്ങനെയുണ്ട്‌...? എല്ലാവരും കേള്‍ക്കട്ടെ..." ബെര്‍ഗര്‍ ചോദിച്ചു.

"പ്രത്യേകിച്ച്‌ കേടുപാടുകളൊന്നും കാണാനില്ല ക്യാപ്റ്റന്‍... പ്രത്യക്ഷത്തില്‍ യാതൊരു തകരാറുമില്ല. നമ്മള്‍ പറഞ്ഞത്‌ പോലെ വളരെ പഴക്കമുള്ളതല്ലേ... ചിലയിടങ്ങളില്‍ പലകകള്‍ക്കിടയില്‍ വിരല്‍ കടക്കാനുള്ള പഴുതുണ്ട്‌. ഒരു പത്ത്‌ വര്‍ഷം മുമ്പെങ്കിലും ഇതൊന്ന് റിപ്പയര്‍ ചെയ്യേണ്ടതായിരുന്നുവെന്നാണ്‌ എന്റെ അഭിപ്രായം..."

ബെര്‍ഗര്‍, തന്റെ ചുറ്റും നില്‍ക്കുന്നവര്‍ക്ക്‌ നേരെ തിരിഞ്ഞു. "റിക്ടര്‍ പറഞ്ഞത്‌ നിങ്ങളെല്ലാവരും കേട്ടല്ലോ... പ്രത്യേകിച്ചൊന്നും നമുക്ക്‌ ചെയ്യാനില്ല. എന്തായാലും നമ്മുടെ സംഘത്തില്‍ ആവശ്യത്തിലധികം ആള്‍ക്കാരുള്ളത്‌ കൊണ്ട്‌ വെള്ളം പമ്പ്‌ ചെയ്ത്‌ കളയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല..."

എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്ഥാവന, ചുറ്റുമുള്ളവരെയൊന്നും തൃപ്തരാക്കിയതായി തോന്നിയില്ല. പെട്ടെന്ന് പ്രധാന കാറ്റുപായ ഒന്ന് ചലിച്ചു. വെള്ളത്തില്‍ ചെറിയൊരു ഓളവും. തെക്ക്‌ കിഴക്ക്‌ ദിശയില്‍ നിന്ന് ചെറിയൊരു കാറ്റ്‌ വീശിയതായിരുന്നുവത്‌.

നിറയാന്‍ തുടങ്ങിയ കാറ്റുപായകളെ നോക്കി ബെര്‍ഗര്‍ ഉറക്കെ ചിരിച്ചു. "നല്ലവനായ ദൈവം ഇപ്പോഴും ഇവിടെയൊക്കെയുണ്ട്‌... നാം വീണ്ടും നീങ്ങിത്തുടങ്ങിയിരിക്കുന്നു. അപ്പോള്‍ ഇനി എല്ലാവരും അവരവരുടെ ജോലികളിലേക്ക്‌... അങ്ങനെയല്ലേ സ്റ്റേം...?"

സ്റ്റേം, കല്‍പ്പനകള്‍ സ്വീകരിച്ചു. നാവികര്‍ തങ്ങളുടെ ജോലികള്‍ക്കായി പിരിഞ്ഞ്‌ പോയി.

"ക്യാപ്റ്റന്‍, ഒരു നിമിഷം... താങ്കളോട്‌ ഒരു വാക്ക്‌..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

ബെര്‍ഗര്‍ തന്റെ കണ്ണുകള്‍ അവരുടെ മുഖത്ത്‌ നിന്ന് സിസ്റ്റര്‍ ലോട്ടെയുടെ മുഖത്തേക്ക്‌ പായിച്ചു. എന്നാല്‍ മറ്റു കന്യാസ്ത്രീകളുടെയൊപ്പം താഴേക്ക്‌ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍.

"ശരി സിസ്റ്റര്‍... പറയൂ..."

അദ്ദേഹത്തിന്റെ ക്യാബിനില്‍ അവര്‍ ഇരുവരും മുഖത്തോട്‌ മുഖം നോക്കി അല്‍പ്പനേരം നിന്നു.

സിസ്റ്റര്‍ ആഞ്ചല തന്നെ തുടങ്ങി. "ലോട്ടെയാണ്‌ എന്റെ മുന്നിലെ ഏറ്റവും വലിയ പ്രശ്നം... താന്‍ തെരഞ്ഞെടുത്തിരിക്കുന്ന ജീവിത പന്ഥാവിലൂടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ അവള്‍. ആ യാത്രയില്‍ വിഘ്നങ്ങള്‍ വരാതെ നോക്കേണ്ടത്‌ എന്റെ കടമയാണ്‌..."

"നിങ്ങള്‍ പറഞ്ഞ്‌ വരുന്നത്‌ അവള്‍ ഇപ്പോഴും ഒരു *നോവിസ്‌ മാത്രമാണെന്നാണോ ?..." (*നോവിസ്‌ - എല്ലാ പ്രതിജ്ഞകളുമെടുത്ത്‌ കന്യാസ്ത്രീ എന്ന പദവി ഇനിയും ലഭിച്ചിട്ടില്ലാത്തവള്‍). ബെര്‍ഗര്‍ ചോദിച്ചു.

"മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായി...?" അദ്ദേഹം തലയാട്ടി. "അതെന്തോ ആവട്ടെ... എന്തായാലും ഞാന്‍ വാക്ക്‌ തരുന്നു... നിങ്ങളെയും നിങ്ങളുടെ സംഘത്തിലുള്ളവരെയും കുറിച്ചുള്ള നിബന്ധനകള്‍ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണ്‌."

"ഹേര്‍ റിക്ടറിനും...?"

അദ്ദേഹം പിന്നോട്ട്‌ ചാരിയിരുന്ന് അവരുടെ മുഖത്തേക്ക്‌ നോക്കി.

"അത്‌ ശരി... അപ്പോള്‍ അല്‍പ്പം മുമ്പ്‌ അവള്‍ അയാളോട്‌ സംസാരിച്ച്‌ കൊണ്ട്‌ നില്‍ക്കുന്നത്‌ നിങ്ങളും കണ്ടുവല്ലേ...? ഇക്കാര്യത്തില്‍ ഞാന്‍ എന്ത്‌ ചെയ്യണമെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌...?"

"അദ്ദേഹം വെള്ളത്തിനടിയിലേക്ക്‌ പോയപ്പോള്‍ അവള്‍ക്കെന്തൊരു പരിഭ്രമമായിരുന്നു...! അവളുടെ മുഖത്ത്‌ അത്‌ വ്യക്തമായിരുന്നു..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

"അയാള്‍ അരോഗദൃഢഗാത്രനും സുമുഖനുമായ ഒരു യുവാവാണ്‌..."

"അത്‌ തന്നെയാണ്‌ എന്നെ അലട്ടുന്ന വലിയ പ്രശ്നവും..."

"ഞങ്ങളെപ്പോലെ തന്നെ, അദ്ദേഹവും ഒരു സബ്‌മറീനിലായിരുന്നു മുമ്പ്‌. ചീഫ്‌ ക്വാര്‍ട്ടര്‍ മാസ്റ്റര്‍ ആയിട്ട്‌. അയേണ്‍ ക്രോസ്‌, സെക്കന്റ്‌ ക്ലാസ്‌, ഫസ്റ്റ്‌ ക്ലാസ്‌ എന്നീ ബഹുമതികളും കിട്ടിയിട്ടുണ്ട്‌. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും സമര്‍ത്ഥനായ നാവികന്‍. എല്ലാ വിധത്തിലും നല്ല ഒരു മനുഷ്യന്‍..." ബെര്‍ഗര്‍ പറഞ്ഞു. "എന്തായാലും അക്കാര്യമോര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കണ്ട. എന്നെ നിങ്ങള്‍ക്ക്‌ വിശ്വസിക്കാം..."

"അപ്പോള്‍ ഇക്കാര്യത്തില്‍ നിങ്ങളുടെ ഉറപ്പ്‌ എനിയ്ക്ക്‌ പ്രതീക്ഷിക്കാം...?"

"അതേയെന്ന് പറഞ്ഞില്ലേ...? ഇതെന്തൊരു കഷ്ടമാണ്‌!... നശിച്ച...." അദ്ദേഹത്തിന്‌ സഹിക്കാവുന്നതിലധികമായിരുന്നുവത്‌. വാതില്‍ തുറന്നിട്ട്‌ അദ്ദേഹം സ്റ്റേമിനോട്‌ പറഞ്ഞു. "റിക്ടറോട്‌ ഇങ്ങോട്ട്‌ വരാന്‍ പറയൂ..."

അദ്ദേഹം ഡെസ്കിനരികിലേക്ക്‌ വീണ്ടും തിരിഞ്ഞപ്പോള്‍ സിസ്റ്റര്‍ ആഞ്ചല വാതിലിന്‌ നേരെ നീങ്ങി.

"ഇല്ല, പോകാന്‍ വരട്ടെ... നിങ്ങളും കൂടി കേള്‍ക്കണം..." അദ്ദേഹം അവരെ തടഞ്ഞു.

അവര്‍ ഒന്ന് സംശയിച്ച്‌ നിന്നു. അടുത്ത നിമിഷം, വാതില്‍ തുറന്ന് റിക്ടര്‍ പ്രവേശിച്ചു. കനം കൂടിയ ഒരു കോട്ട്‌ ധരിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‌ അപ്പോഴും തണുക്കുന്നുണ്ടായിരുന്നു.

"എന്നെ വിളിച്ചുവോ ക്യാപ്റ്റന്‍...?"

ബെര്‍ഗര്‍ ഷെല്‍ഫില്‍ നിന്ന് ഒരു ഒരു കുപ്പിയും ഗ്ലാസും എടുത്തു. "സ്കോച്ച്‌ വിസ്കിയാണ്‌... ഹെയ്ഗ്‌ ആന്റ്‌ ഹെയ്ഗ്‌. ഏറ്റവും നല്ല സാധനം. നിങ്ങള്‍ക്കിപ്പോള്‍ ഇതിന്റെ ആവശ്യമുണ്ട്‌..."

"അതേ... ഞാന്‍ പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ തണുപ്പായിരുന്നു വെള്ളത്തിനടിയില്‍..." റിക്ടര്‍ അല്‍പ്പം വിസ്ക്കി അകത്താക്കി.

ബെര്‍ഗര്‍ തന്റെ കസേരയിലേക്ക്‌ ചാഞ്ഞിരുന്നു. "നമ്മള്‍ തമ്മില്‍ പരിചയമായിട്ട്‌ എത്ര കാലമായി ഹെല്‍മട്ട്‌...?"

"ഒരു വര്‍ഷം, ക്യാപ്റ്റന്‍... കൃത്യമായി പറഞ്ഞാല്‍ പതിനാല്‌ മാസം... എന്താ ചോദിച്ചത്‌...?"

"ആ ചെറുപ്പക്കാരി കന്യാസ്ത്രീ... സിസ്റ്റര്‍ ലോട്ടെ..." ബെര്‍ഗര്‍ ഒന്ന് സംശയിച്ചിട്ട്‌ വാക്കുകള്‍ക്കായി പരതി. "കുറച്ച്‌ മുമ്പ്‌, അവള്‍ താങ്കളുടെ കാര്യത്തില്‍ വളരെ ആകാംക്ഷാഭരിതയായി കാണപ്പെട്ടു..."

റിക്ടര്‍, സിസ്റ്റര്‍ ആഞ്ചലയുടെ നേരെ ഒന്ന് നോക്കി. അദ്ദേഹത്തിന്റെ മുഖം എപ്പോഴത്തേക്കാളുമധികം വിളറി വെളുത്തിരുന്നു. അദ്ദേഹം തന്റെ കണ്ണട ഊരി ശ്രദ്ധാപൂര്‍വ്വം ഡെസ്കിന്മേല്‍ വച്ചു.

"അത്‌ തികച്ചും എന്റെ വ്യക്തിപരമായ കാര്യമാണ്‌ ക്യാപ്റ്റന്‍..."

"താങ്കള്‍ എന്റെയടുത്ത്‌ വിഡ്ഢിവേഷം കെട്ടാതിരിക്കൂ ഹെല്‍മട്ട്‌...ആ പെണ്‍കുട്ടി ഇപ്പോഴും ഒരു നോവിസ്‌ ആണ്‌. എന്താണതിന്റെ അര്‍ത്ഥമെന്നറിയാമോ...?"

"അവളുടെ മനസ്സ്‌ അതിന്‌ ഇനിയും പക്വമായിട്ടില്ലെന്ന്..." റിക്ടര്‍ അലസമായി പറഞ്ഞു.

"അത്‌ പക്വമാക്കാന്‍ അവളെ സഹായിക്കുകയായിരിക്കും നിങ്ങള്‍ അല്ലേ...?"

റിക്ടര്‍ സിസ്റ്റര്‍ ആഞ്ചലയുടെ നേര്‍ക്ക്‌ നോക്കി. വീണ്ടും ബെര്‍ഗറുടെ നേരെ തിരിഞ്ഞു.

"നിങ്ങള്‍ക്ക്‌ ഇനിയും കാര്യം മനസ്സിലായിട്ടില്ല... രണ്ട്‌ പേര്‍ക്കും... അതുകൊണ്ട്‌ ഞാന്‍ വിശദീകരിക്കാം..." റിക്ടര്‍ തന്റെ ഇടത്‌ കൈ ഉയര്‍ത്തിക്കൊണ്ട്‌ പറഞ്ഞു. "ഞാന്‍ അകന്നു നില്‍ക്കും... ഏതെങ്കിലും ഒരു പുരുഷന്‍ അവളോട്‌ മോശമായി പെറുമാറി എന്ന് ഞാന്‍ അറിയുന്നത്‌ വരെ... പിന്നെ എന്നെ തടയരുത്‌... ഇപ്പോള്‍ വ്യക്തമായോ...?"

"ശരി, നിന്നെ ഞാന്‍ വിശ്വസിക്കുന്നു കുട്ടീ... കീലില്‍ എത്തിക്കഴിഞ്ഞ്‌ പിന്നെ എന്ത്‌ സംഭവിച്ചാലും എനിക്കൊന്നുമില്ല. പക്ഷേ അതുവരെ നിങ്ങള്‍ അവളില്‍ നിന്ന് അകന്ന് നില്‍ക്കണം. വേണമെങ്കില്‍ എനിയ്ക്ക്‌ ഇതൊരു ആജ്ഞയായി നടപ്പിലാക്കാം. പക്ഷേ, ഞാനത്‌ ഇഷ്ടപ്പെടുന്നില്ല. നിങ്ങളുടെ വാക്ക്‌ മാത്രം മതി എനിയ്ക്ക്‌..." ബെര്‍ഗര്‍ പറഞ്ഞു.

ബെര്‍ഗര്‍ വിചാരിച്ചത്‌, റിക്ടര്‍ എതിരിട്ട്‌ നിന്ന് വാദിക്കുമെന്നാണ്‌. പക്ഷേ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ റിക്ടര്‍ അറ്റന്‍ഷനായി നിന്നിട്ട്‌ പറഞ്ഞു. "ഞാന്‍ വാക്ക്‌ തന്നിരിക്കുന്നു സര്‍..."

റിക്ടര്‍ തിരിഞ്ഞ്‌, വേഗം പുറത്തേക്ക്‌ നടന്നു.

"അപ്പോള്‍ പിന്നെ പ്രശ്നങ്ങളെല്ലാം അവസാനിച്ചല്ലോ...? ഇനി എന്തെങ്കിലുമുണ്ടോ...?" ബെര്‍ഗര്‍ സിസ്റ്റര്‍ ആഞ്ചലയുടെ നേര്‍ക്ക്‌ തിരിഞ്ഞു.

"ഇല്ല, ഇനിയൊന്നുമില്ലെന്ന് വിചാരിക്കുന്നു. ഞാന്‍ ഇങ്ങനെ പരാതികളുമായി വരുമ്പോള്‍ ദ്വേഷ്യം തോന്നാത്തതെന്താ ക്യാപ്റ്റന്‍...? എനിക്ക്‌ അത്ഭുതം തോന്നുന്നു..."

"എന്തോ, എനിക്കറിയില്ല സിസ്റ്റര്‍... എന്തായാലും എന്റെ കടമ ഞാന്‍ നിര്‍വഹിച്ചുവെന്നാണ്‌ വിശ്വാസം... ഇത്തരം സന്ദര്‍ഭം ഇതിന്‌ മുമ്പും ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്‌. എല്ലാ യാത്രയിലും കാണാം ഇങ്ങനെ... പക്ഷേ, ഞാന്‍ അത്‌ മാനേജ്‌ ചെയ്യാറുണ്ട്‌. അത്യാവശ്യം വേണ്ടി വന്നാല്‍ ബൂട്ട്‌സും മുഷ്ടിയുമുപയോഗിച്ച്‌... പക്ഷേ, ഇതിപ്പോള്‍..."

"പാവം ക്യാപ്റ്റന്‍ ബെര്‍ഗര്‍..." സിസ്റ്റര്‍ ആഞ്ചല സൗമ്യമായി പറഞ്ഞു. "ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഇത്ര എളുപ്പം ഒരു പരിഹാരമുണ്ടായിരുന്നുവെങ്കില്‍..."

അവര്‍ പുറത്തേക്ക്‌ നടന്നു. ബെര്‍ഗര്‍, അവര്‍ പറഞ്ഞതിനെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ട്‌ അവിടെത്തന്നെയിരുന്നു. പെട്ടെന്നാണദ്ദേഹം അത്ഭുതത്തോടെ മനസ്സിലാക്കിയത്‌, താന്‍ അവരുടെ പുഞ്ചിരി കാണുന്നത്‌ ആദ്യമായിട്ടാണെന്ന്...!

* * * * * * * * * * * * * * * * * * * * * * *


(തുടരും)

16 comments:

 1. പ്രണയവും ഉത്ക്കണ്ഠകളുമായി ഡോയ്‌ഷ്‌ലാന്റ്‌ പ്രയാണം തുടരുന്നു. കഴിഞ്ഞ ലക്കത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ സ്ഥിരം വായനക്കാര്‍ക്കും പുതിയതായി എത്തിയ വായനക്കാര്‍ക്കും ഹാര്‍ദ്ദവമായി നന്ദി...

  ReplyDelete
 2. വായിച്ചു രസം പിടിച്ചുവരുമ്പോഴേക്കും കഴിയുന്നു. അതാ ഇപ്പോ വിഷമം.

  ReplyDelete
 3. അടുത്ത ഭാഗത്തിനായ്‌ കാത്തിരിക്കുന്നു ...ആശംസകൾ

  ReplyDelete
 4. എന്തിനെന്നറിയാതെ ഒരു നെടുവീര്‍പ്പോടെയാണ് വായിച്ചത്, വിനുവേട്ടാ.

  റിക്ടറോടുള്ള ഇഷ്ടം കൂടിവരുന്നു...

  ReplyDelete
 5. കഥയിലുള്ള ഇന്‍ട്രസ്റ്റ് കൂടുന്നതല്ലാതെ കുറയുന്നില്ല:)

  ReplyDelete
 6. കഴിഞ്ഞ ലക്കത്തിലെ ആകാംക്ഷ ബാക്കി നിന്നതുകൊണ്ടാവണം, ഒറ്റ ശ്വാസത്തില്‍ വായിച്ചുതീര്‍ത്തു; പക്ഷേ ഒരു നീറ്റല്‍ അവശേഷിക്കുന്നു..

  ശ്രീ പറഞ്ഞതുപോലെ വായിക്കുംതോറും റിക്ടറോടുള്ള ഇഷ്ടം കൂടിവരുന്നു..

  കാത്തിരിക്കുന്നു, അടുത്ത അധ്യായത്തിനായി...

  ReplyDelete
 7. എഴുത്തുകാരി... കഥ ഇഷ്ടപ്പെടുന്നു എന്നറിയുന്നതില്‍ സന്തോഷം. ഒരു വിവര്‍ത്തനം എന്ന ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഇത്‌ വിജയിക്കുമോ എന്നൊരു സന്ദേഹം ഉണ്ടായിരുന്നു.

  മണ്‍സൂര്‍... വന്നതില്‍ സന്തോഷം... സ്ഥിരമായി വരുമല്ലോ...

  ശ്രീ... റിക്ടര്‍... അതേ, വളരെ മാന്യനായ ഉപനായകന്‍...

  അരുണ്‍... ഇതൊരു ബോറടിപ്പിക്കുന്ന പരിപാടിയാണോ എന്ന് കമന്റ്‌സിന്റെ ദൗര്‍ലഭ്യം കാണുമ്പോള്‍ തോന്നാറുണ്ട്‌... അരങ്ങ്‌ തകര്‍ക്കുന്ന നര്‍മ്മ പോസ്റ്റുകള്‍ക്കിടയില്‍ ഗൗരവമാര്‍ന്ന ഒരു വായനയ്ക്ക്‌ സന്ദര്‍ശകര്‍ക്ക്‌ ക്ഷമയുണ്ടാകുമോ എന്നും...

  ജിമ്മി... കഥ പുരോഗമിക്കുംതോറും ആ ഇഷ്ടം കൂടുകയേ ഉള്ളൂ...

  എല്ലാവരും വീണ്ടും വരിക... നന്ദി...

  ReplyDelete
 8. കഥ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. പ്രണയം തീവ്രമാകുന്നു. കമന്‍റ്റുകള്‍ കുറയുന്നത്‌ കാര്യമാക്കേണ്ട വിനുവേട്ടാ. നിലവാരമുള്ള വിഷയത്തിന്‌ അല്ലെങ്കിലും വായനക്കാര്‍ കുറവായിരിക്കും.

  അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 9. ബ്ലോഗ്‌ ഒരു പിടി 'കളകളും'(weeds) വളരുന്ന വയലാണ്‌....
  'കളകള്‍' 'വിള'കളേക്കാള്‍ തഴച്ചു വളരും...എന്നു വച്ച്‌ കൃഷി ആരെങ്കിലും വേണ്ടെന്നു വയ്ക്കാറുണ്ടോ?

  ബ്ലോഗില്‍ ഞാന്‍ ഒരു തുടക്കകാരന്‍ മാത്രമാണ്‌...
  എന്നാലും ഞാന്‍ മനസ്സിലാക്കുന്നു..
  ഒരു ബ്ലോഗിനെ വിലയിരുത്തേണ്ടത്‌ അഭിപ്രായങ്ങളുടെ എണ്ണം നോക്കിയിട്ടല്ല..
  അതില്‍ എനിയ്ക്കു രണ്ടുപക്ഷമില്ല.
  അഭിപ്രായങ്ങള്‍ നല്ലതു തന്നെ എന്നേ പാടുള്ളൂ..

  വ്യക്തിത്വങ്ങളും.വ്യക്തിബന്ധങ്ങളും..എല്ലാം മാറ്റുരയ്ക്കപ്പെടുന്ന ഇത്തവണത്തെ എപ്പിസോഡിന്‌ എന്റെ ആശംസകള്‍!!

  ReplyDelete
 10. നന്നായിരിക്കുന്നു ...ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് അല്ലെ..?
  അഭിനന്ദനങ്ങള്‍...ജയിത്ര യാത്ര തുടരൂ..

  ReplyDelete
 11. ലേഖ, ജോയ്‌, ലക്ഷ്മി... പ്രോത്സാഹനത്തിന്‌ നന്ദി... എന്തായാലും ഈ യജ്ഞം പാതി വഴിയില്‍ ഉപേക്ഷിക്കുമെന്ന ഭീതി വേണ്ട... അടുത്ത ലക്കത്തില്‍ കാണാം...

  ReplyDelete
 12. കഴിഞ്ഞ ഭാഗങ്ങള്‍ വായിക്കാന്‍ താമസിച്ചുപോയി, വായനാസുഖമുണ്ട് കേട്ടോ ...
  പുസ്തകത്തോടും വായനയോടും വല്യ താല്‍പ്പര്യമാണ് അല്ലെ ... പെട്ടെന്ന് തീര്‍ന്നു ചിലപ്പോള്‍ അതൊരു സുഖവുമാകാം...

  ReplyDelete
 13. ഞാനും ഒരു തയ്യിൽ വീട്ടുകാരൻ തന്നെയാണ് കേട്ടൊ...

  ReplyDelete
 14. എല്ലാം ഒരുമിച്ച് വായിക്കാമെന്നൊരു ഗുണമുണ്ട് ഇപ്പോള്‍. ഓരോ ആഴ്ച്ചയും കാത്തിരിക്കേണ്ട. വീകെ എഴുതുന്ന “സ്വപ്നഭൂമിയിലേയ്ക്ക്” വായിക്കണമെങ്കില്‍ രണ്ടാഴ്ച്ച കാത്തിരിക്കണം.

  ReplyDelete
 15. വായിക്കുന്നു

  ReplyDelete
 16. പ്രണയം തന്നെ ഈ ലക്കത്തിലും.

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...