പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, December 17, 2009

സ്റ്റോം വാണിംഗ്‌ - 25

മഞ്ഞ്‌ വീണു കിടക്കുന്ന ലണ്ടന്‍ നഗരത്തിലെ തെരുവീഥികളില്‍ കനത്ത മഴ കോരിച്ചൊരിയുകയാണ്‌. ജാനറ്റ്‌ മണ്‍റോയുടെ ട്രെഞ്ച്‌ കോട്ട്‌ നനഞ്ഞ്‌ കുതിര്‍ന്നിരിക്കുന്നു. ജാഗോയ്ക്കൊപ്പം നടന്നുകൊണ്ടിരിക്കുന്ന അവള്‍ തലയില്‍ ഒരു ടവല്‍ ചുറ്റിയിട്ടുണ്ട്‌.

മഴയില്‍ കുതിര്‍ന്ന് കുറേയധികം നടന്നു കഴിഞ്ഞിരിക്കുന്നു അവര്‍. ബേഡ്‌ കേയ്‌ജ്‌ വാക്ക്‌, ലണ്ടന്‍ കൊട്ടാരം, സെന്റ്‌ ജെയിംസ്‌ പാര്‍ക്ക്‌, ഡൗണിംഗ്‌ സ്ട്രീറ്റ്‌ എന്നിവടങ്ങളിലൊക്കെ ചുറ്റിയടിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ജാഗോ ഈ കാഴ്ചകളൊന്നും ആസ്വദിക്കുന്നുണ്ടായിരുന്നില്ല. അതില്‍ ഒട്ടും താല്‍പ്പര്യവുമില്ലായിരുന്നു അദ്ദേഹത്തിന്‌.

വെസ്റ്റ്‌ മിനിസ്റ്റര്‍ ബ്രിഡ്‌ജിന്‌ നേര്‍ക്ക്‌ അവള്‍ നടന്നുതുടങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു. "ഇനിയും മതിയായില്ലേ...?"

"ഇല്ല..ഇല്ല... ഓര്‍മ്മയില്ലേ, വളരെ സ്പെഷല്‍ ആയ ഒരു സമ്മാനം തരാനുണ്ടെന്ന് ഞാന്‍ പറഞ്ഞ കാര്യം...?

"എപ്പോള്‍...?" അദ്ദേഹം പരുങ്ങി.

അവര്‍ പാലത്തിലേക്ക്‌ കാല്‍ വച്ചു. കല്ല് കൊണ്ട്‌ കെട്ടി ഉയര്‍ത്തിയ മതിലിനരികിലേക്ക്‌ തിരിഞ്ഞ്‌ അവള്‍ പറഞ്ഞു. "ഇതാണത്‌... ഈ നഗരത്തിലെ ഏറ്റവും നല്ല റൊമാന്റിക്ക്‌ പ്ലെയ്‌സ്‌... ലണ്ടനിലെ ഓരോ അമേരിക്കക്കാരനും ഒരു പ്രാവശ്യമെങ്കിലും ഇവിടെ സന്ദര്‍ശിച്ചിരിക്കണം. അത്‌ അര്‍ദ്ധരാത്രിയില്‍ ആയാല്‍ വളരെ നന്ന്..."

"ഇപ്പോള്‍ എതാണ്ട്‌ അര്‍ദ്ധരാത്രിയായി..." ജാഗോ പറഞ്ഞു.

"വെരി ഗുഡ്‌... ഒരു സിഗരറ്റും പുകച്ച്‌ നമുക്ക്‌ കാത്തിരിക്കാം, യക്ഷികള്‍ ഇറങ്ങി നടക്കുന്ന ആ യാമത്തിനായി..." അവള്‍ ചിരിച്ചു.

താഴെ, തെയിംസ്‌ നദിയുടെ തീരങ്ങളില്‍ വന്നടിക്കുന്ന കുഞ്ഞോളങ്ങളുടെ ശബ്ദം ശ്രദ്ധിച്ചുകൊണ്ട്‌ ആ കന്മതിലില്‍ ചാരി അവര്‍ നിന്നു.

"എങ്ങനെയുണ്ട്‌ വിനോദ സഞ്ചാരം...? ഇഷ്ടപ്പെട്ടുവോ...? അവള്‍ ചോദിച്ചു.

"ഓ, യെസ്‌ മാഡം... ഇന്നലെ വരെ നിങ്ങളുടെ നഗരത്തില്‍ ഞാന്‍ ഒരു അപരിചിതനായിരുന്നു. പക്ഷേ, ഇനി അല്ല..."

"ഗുഡ്‌... നിങ്ങള്‍ക്ക്‌ അല്‍പ്പം സാഹിത്യത്തിന്റെ അസുഖവുമുണ്ടെന്ന് തോന്നുന്നു...?"

"ഏയ്‌, അങ്ങനെയൊന്നുമില്ല..." അദ്ദേഹം അവള്‍ക്കരികില്‍ വന്ന് മതിലില്‍ ചാരി നിന്നു. "നിങ്ങള്‍ക്കീ പുരാതന നഗരം വളരെ ഇഷ്ടമാണല്ലേ...?

"അതേ... ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു പ്രത്യേക ബന്ധം തന്നെ ഉണ്ട്‌. ഈ നഗരത്തെ അതിന്റെ പ്രതാപകാലത്തും കഷ്ടകാലത്തും ഞാന്‍ അടുത്തറിഞ്ഞിട്ടുണ്ട്‌. പലപ്പോഴും നരകതുല്യമായി തോന്നിയിട്ടുമുണ്ട്‌. എങ്കിലും ഞങ്ങള്‍ രണ്ടും ഇന്നും ജീവിക്കുന്നു..."

"പക്ഷേ, നിങ്ങള്‍ക്ക്‌ മനുഷ്യരോട്‌ വെറുപ്പാണെന്ന് തോന്നുന്നു...?" ജാഗോ അവളെ ശുണ്ഠി പിടിപ്പിക്കാന്‍ നോക്കി.

അവള്‍ മുഖം വെട്ടിച്ചു. ആ മുഖത്തെ ദ്വേഷ്യം അദ്ദേഹത്തിന്‌ കാണാമായിരുന്നു. "എനിയ്ക്കോ...? എന്താണങ്ങനെ തോന്നാന്‍ ഡാര്‍ലിംഗ്‌...?" അവള്‍ പരിഭവത്തോടെ ചോദിച്ചു.

"നിങ്ങള്‍ ഒരു ക്രൂരയാണെന്ന് നിങ്ങള്‍ക്ക്‌ തന്നെ തോന്നാറില്ലേ ഡോക്ടര്‍...? എത്രയോ മനുഷ്യരെ മരിയ്ക്കുവാന്‍ അനുവദിക്കുന്നു നിങ്ങള്‍...?"

"യൂ... ഗോ റ്റു ഹെല്‍ ജാഗോ..." കുസൃതിയോടെ അദ്ദേഹത്തെ അടിക്കുവാനെന്നവണ്ണം അവള്‍ കൈ ഓങ്ങി.

അതേ നിമിഷം, പുരാതനമായ 'ബിഗ്‌ ബെന്‍' ഘടികാരം പാതിരാവായി എന്നറിയിക്കുന്ന ആദ്യമണി മുഴക്കി.

അവളുടെ അടി തടയാനെന്ന മട്ടില്‍ ജാഗോ കൈ ഉയര്‍ത്തി. "യക്ഷികള്‍ ഇറങ്ങുന്ന സമയമായി, മറക്കരുത്‌... പിന്നെ ഈ തീരമാണെങ്കില്‍ പ്രണയിക്കുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട താവളവും..."

സ്നേഹാര്‍ദ്രയായി അവള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ തലോടി. "പറയൂ ജാഗോ, ഈ ഉദ്യോഗം നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ നശിപ്പിച്ച്‌ കളയുകയല്ലേ...?"

"ഒരു ഭാഗമല്ല, ഭൂരിഭാഗവും..." അദ്ദേഹം നെടുവീര്‍പ്പിട്ടു.

അര്‍ദ്ധരാത്രിയുടെ അവസാനത്തെ മണിയും മുഴങ്ങിക്കഴിഞ്ഞു. മഴ പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിച്ചു. അവള്‍ അദ്ദേഹത്തോട്‌ ഒന്നു കൂടി ഒട്ടിച്ചേര്‍ന്ന് നിന്നു. ജാഗോ ഒന്ന് സംശയിച്ച്‌ നിന്നു. പിന്നെ തന്റെ രണ്ട്‌ കൈകളും അവളുടെ തോളില്‍ വച്ചു. പെട്ടെന്ന് അവള്‍ വികാരാധിക്യത്തോടെ അദ്ദേഹത്തിന്റെ കഴുത്തില്‍ കൈ ചുറ്റി, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു.

"നൗ, ടെയ്‌ക്‌ മീ ഹോം ജാഗോ..." അദ്ദേഹത്തിന്റെ ചെവിയില്‍ അവള്‍ മന്ത്രിച്ചു.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

8 comments:

  1. വീണ്ടും ജാനറ്റ്‌ - ജാഗോ പ്രണയത്തിലേക്ക്‌ നമുക്ക്‌ തിരിച്ചുവരാം...

    ReplyDelete
  2. ഇടയ്ക്ക് വീണ്ടും പ്രണയം വന്നോ...

    ശ്ശോ! അനവസത്തിലായിപോയി ;) (ഗെറിക്കിന് എന്തു പറ്റിയെന്നറിയാന്‍ ഓടിപ്പാഞ്ഞ് വന്നതായിരുന്നു. അതു കൊണ്ട് പറഞ്ഞതാ)

    ReplyDelete
  3. ഇനി കുറച്ചുകാലം പ്രണയവാവട്ടെ. ശ്രീ പറഞ്ഞതുപോലെ ഗെറിക്കിന്റെ കാര്യമറിയാന്‍ തിടുക്കമുണ്ടായിരുന്നു.

    ReplyDelete
  4. പ്രണയവും യുദ്ധവും എത്ര മനോഹരമായിട്ടാണ് കൂട്ടിയിണക്കപ്പെട്ടിരിക്കുന്നത് , ഈ കഥയില്‍..!

    പതിവിന് വിപരീതമായി, ഇത്തവണ പെട്ടെന്ന് വായിച്ചു തീര്‍ന്നതുപോലെ.. :)

    ReplyDelete
  5. ജാഗോയുടെയും ജാനറ്റിന്റെയും പ്രണയം മനോഹരമായിരിക്കുന്നു. ഈ പാശ്ചാത്യരൊക്കെ ഇങ്ങനെയാണോ? ആദ്യസമാഗമത്തില്‍ തന്നെ ഇത്രയൊക്കെ അടുക്കുമോ?

    ഗെറിക്കിന്റെ കാര്യം എന്തായി?

    ReplyDelete
  6. ഇരുപത്തഞ്ചാം ഭാഗം വായിച്ച് ഇന്റര്‍വല്‍ ബെല്ല് അടിക്കട്ടെ. ഇനി നാളെ

    ReplyDelete
  7. വായിക്കുന്നു ..

    ReplyDelete
  8. ഒരു കോപ്പിലെ പ്രണയം എന്ന് പറയേണ്ടി വന്നതിൽ ഞാനെന്നോട്‌ തന്നെ പ്രതിഷേധം അറിയിയ്ക്കുന്നു.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...