പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, December 23, 2009

സ്റ്റോം വാണിംഗ്‌ - 26

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 19. അക്ഷാംശം 43.4 N, രേഖാംശം 20.55 W. ശക്തമായ കാറ്റ്‌ മൂലം ഇന്നലെ രാത്രിയുടെ മദ്ധ്യയാമത്തില്‍ ഏറ്റവും മുകളിലെ പായ കീറി. കാലാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണ്‌. പ്രഭാതത്തില്‍ നല്ല കാറ്റും മഴയുമുണ്ടായിരുന്നു. കടല്‍ ക്ഷോഭിച്ചിട്ടുണ്ട്‌.

അദ്ധ്യായം ആറ്‌

ഉച്ചകഴിഞ്ഞ്‌ രണ്ട്‌ മണി ആയിരിക്കുന്നു. എങ്കിലും കപ്പലിനുള്ളില്‍ നല്ല ഇരുട്ട്‌ തന്നെ. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല. അവരുടെ എതിരെ ഇരിക്കുന്ന സിസ്റ്റര്‍ ലോട്ടെ ഒരു ഷര്‍ട്ടിന്റെ കീറിയ ഭാഗങ്ങള്‍ തയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌.

പുറമേ കാറ്റിന്റെ ഘോരഗര്‍ജ്ജനം കേള്‍ക്കാം. ക്ഷോഭിച്ചിരിക്കുന്ന കടലിലൂടെ ആടിയുലഞ്ഞ്‌ ഡോയ്‌ഷ്‌ലാന്റ്‌ മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ഇരുവശങ്ങളിലേക്കും ചരിഞ്ഞുകൊണ്ടിരുന്ന കപ്പല്‍ കുറച്ചധികം സമയമെടുത്തിട്ടാണ്‌ പൂര്‍വ്വസ്ഥിതി പ്രാപിച്ചിരുന്നത്‌. ആഴ്ചകള്‍ക്ക്‌ മുമ്പായിരുന്നു ഇങ്ങനെ സംഭവിച്ചിരുന്നതെങ്കില്‍ അവര്‍ ഭയന്ന് നിലവിളിച്ചേനെ. എന്നാല്‍ ഇന്ന് അവര്‍ ഇത്തരം പരിതസ്ഥിതികളുമായി പൊരുത്തപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു. ഡെക്കിന്‌ മുകളിലൂടെ അടിക്കുന്ന തിരമാലകള്‍ താഴെ ഇടനാഴിയില്‍ ഉള്ള സകല വസ്തുക്കളെയും വെള്ളത്തില്‍ കുതിര്‍ത്തിരിക്കുന്നു.

ആ മങ്ങിയ വെട്ടത്തില്‍ തന്റെ ജോലിയില്‍ വ്യാപൃതയായിരിക്കുന്ന ലോട്ടെ ഏതോ മനോരാജ്യത്തിലെന്ന പോലെ ഒന്ന് പുഞ്ചിരിച്ചു. ഈയിടെയായി ദിവാസ്വപ്നങ്ങളില്‍ മുഴുകിയുള്ള അവളുടെ ഇത്തരം പുഞ്ചിരി സിസ്റ്റര്‍ ആഞ്ചല പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്‌. എന്തിനെക്കുറിച്ചാണ്‌ അവള്‍ ഇത്ര കാര്യമായി സ്വപ്നം കാണുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ പെണ്‍കുട്ടി തന്റെ നിയന്ത്രണത്തില്‍ നിന്ന് അകന്ന് പോകുകയാണെന്ന് അവര്‍ വേദനയോടെ ഓര്‍ത്തു. ഏറ്റവും മഹത്തായ ജീവിതവീഥി എന്ന് ഒരിക്കല്‍ അവള്‍ വിശേഷിപ്പിച്ച പന്ഥാവില്‍ നിന്ന്... എന്തിന്‌ വേണ്ടി...?

തന്റെ തന്നെ പഴങ്കഥകള്‍ ഓര്‍ത്തുപോയ അവരുടെ ഉള്ളില്‍ ദ്വേഷ്യം ഇരച്ചുകയറുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് അവര്‍ സ്വയം നിയന്ത്രിച്ചു. ദ്വേഷ്യം ഒന്നിനും ഒരു പരിഹാരമാവില്ലല്ലോ.

"ആ ഷര്‍ട്ട്‌ ... അത്‌ ഹേര്‍ റിക്ടറുടെയല്ലേ...?" അവര്‍ ലോട്ടെയോടെ ചോദിച്ചു.

അവള്‍ മുഖമുയര്‍ത്തി. "അതേ സിസ്റ്റര്‍... എന്തേ ചോദിക്കാന്‍...?"

ആ സംഭാഷണം തുടരുന്നതിന്‌ മുമ്പ്‌ കൈയില്‍ ഒരു പാത്രവുമായി റിക്ടര്‍ പ്രത്യക്ഷപ്പെട്ടു. മഴയില്‍ നനഞ്ഞ്‌ അദ്ദേഹത്തിന്റെ മുടി മുഴുവനും തലയില്‍ ഒട്ടിയിരിക്കുന്നു. അദ്ദേഹം ധരിച്ചിരുന്ന ഓയില്‍ സ്കിന്‍ കോട്ട്‌ നനഞ്ഞ്‌ കുതിര്‍ന്നിരുന്നു.

പാത്രം മേശപ്പുറത്ത്‌ വച്ച്‌ അദ്ദേഹം പുഞ്ചിരിച്ചു. "ചൂട്‌ ചായ... നമ്മുടെ അടുക്കളയില്‍ എന്തും പെട്ടെന്ന് ഉണ്ടാക്കാം..."

"മുകളില്‍ സ്ഥിതി വളരെ മോശമാണല്ലേ റിക്ടര്‍...?" ആഞ്ചല ചോദിച്ചു.

"എന്ന് പറയാം... ചെറിയൊരു കൊടുങ്കാറ്റ്‌... അത്രയേയുള്ളൂ... സാരമില്ല, നിങ്ങള്‍ക്കിതൊക്കെ ഇപ്പോള്‍ നല്ല പരിചയമായില്ലേ...?"

അവര്‍ ദൈന്യതയോടെ പുഞ്ചിരിച്ചുവെന്ന് വരുത്തി.

"ഹേര്‍ റിക്ടര്‍... നിങ്ങളുടെ ഷര്‍ട്ട്‌ ഞാന്‍ വൈകുന്നേരമാകുമ്പോഴേക്കും തരാം..." ലോട്ടെ പറഞ്ഞു.

"നീ എന്റെ സ്വഭാവം ചീത്തയാക്കുമല്ലോ *ഫ്രോലീന്‍..." (*ഫ്രോലീന്‍ - 'മിസ്‌' എന്നതിന്റെ ജര്‍മ്മന്‍ പദം)

പെട്ടെന്ന് ഡോയ്‌ഷ്‌ലാന്റ്‌ ഒരു വശത്തേക്ക്‌ വല്ലാതെ ചരിഞ്ഞു. അടുത്തുള്ള മേശയില്‍ മുറുകെ പിടിച്ചിട്ട്‌ അദ്ദേഹം തുടര്‍ന്നു. "മുകളിലേക്ക്‌ ചെല്ലട്ടെ ഞാന്‍... അവിടെയാണ്‌ എന്റെ സാന്നിദ്ധ്യം ഇപ്പോള്‍ ആവശ്യം..."

ഇടനാഴിയിലൂടെ അദ്ദേഹം മുകളിലേക്ക്‌ നടന്നു.

ലോട്ടെ വീണ്ടും ഷര്‍ട്ടിന്റെ തയ്യല്‍പ്പണിയില്‍ മുഴുകിക്കൊണ്ട്‌ പറഞ്ഞു. "ഒരു നിമിഷം പോലും വെറുതെയിരിക്കാന്‍ വയ്യ അദ്ദേഹത്തിന്‌. എപ്പോഴും ജോലി തന്നെ. കാണുന്നവര്‍ വിചാരിക്കും ഈ കപ്പലിലെ ഒരേയൊരു നാവികന്‍ അദ്ദേഹം മാത്രമാണെന്ന്..."

"തീര്‍ച്ചയായും ഏറ്റവും നല്ല നാവികന്‍ തന്നെ അദ്ദേഹം..." സിസ്റ്റര്‍ ആഞ്ചല അവളുടെ നേര്‍ക്ക്‌ നോക്കിക്കൊണ്ട്‌ തുടര്‍ന്നു. "കാണാന്‍ സുമുഖനായ ഒരു യുവാവും... അയാള്‍ തന്നെക്കുറിച്ച്‌ കൂടുതല്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ നിന്നോട്‌...?"

ലോട്ടെ തലയുയര്‍ത്തി നോക്കി. അവളുടെ മുഖം ലജ്ജയാല്‍ ചുവന്ന് തുടുത്തിരുന്നു.

ആഞ്ചല തുടര്‍ന്നു. "ഇന്നലെ വൈകുന്നേരം നീയും അയാളും കൂടി ഡെക്കില്‍ വച്ച്‌ കുറേയധികം സംസാരിക്കുന്നത്‌ കണ്ടുവെന്ന് സിസ്റ്റര്‍ കാത്തെ എന്നോട്‌ പറഞ്ഞു. അതുകൊണ്ട്‌ ചോദിച്ചുവെന്നേയുള്ളൂ..."

അവള്‍ക്ക്‌ എന്തെങ്കിലും മറുപടി പറയാനാകുന്നതിന്‌ മുമ്പ്‌ കപ്പല്‍ വീണ്ടും ഒരു വശത്തേക്ക്‌ ചരിഞ്ഞു. ഒപ്പം ഡെക്കില്‍ നിന്ന് ആരോ നിലവിളിക്കുന്ന ശബ്ദവും. അടുത്ത നിമിഷം ഇടനാഴിയുടെ മുകളിലെ കതക്‌ ശക്തിയോടെ തുറക്കപ്പെട്ടു. തുടര്‍ന്ന് അതിലൂടെ വെള്ളം ഉള്ളിലേക്ക്‌ അടിച്ചുകയറി.


* * * * * * * * * * * * * * * * * * * * * * * * * * * * *

ക്ഷോഭിച്ചിരിക്കുന്ന കടലിലൂടെ ഡോയ്‌ഷ്‌ലാന്റ്‌ മുന്നോട്ട്‌ കുതിച്ചുകൊണ്ടിരിക്കുകയാണ്‌. ബെര്‍ഗര്‍ക്കൊപ്പം മറ്റ്‌ രണ്ട്‌ പേര്‍ കൂടി സ്റ്റിയറിംഗ്‌ വീല്‍ നിയന്ത്രിക്കുവാന്‍ കിണഞ്ഞ്‌ പരിശ്രമിക്കുന്നുണ്ടെങ്കിലും കപ്പല്‍ ഇരു വശങ്ങളിലേക്കും ആടിയുലഞ്ഞുകൊണ്ടിരുന്നു.

സ്റ്റേമും, ലീഡിംഗ്‌ സീമാന്‍ പീറ്റര്‍ നോറും നടുവിലുള്ള പ്രധാന പായ ചുരുക്കിക്കെട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഓരോ പ്രാവശ്യവും തിരകള്‍ ഉയരുമ്പോള്‍ അത്‌ ഡെക്കിന്‌ മുകളിലൂടെ അടിച്ച്‌ പൊയ്‌ക്കൊണ്ടിരുന്നു. തിരയ്ക്കൊപ്പം ഒലിച്ചു പോകാതിരിക്കാന്‍ പലപ്പോഴും അവര്‍ക്ക്‌ ജോലി നിര്‍ത്തി കയറുകളിലും മറ്റും ബലമായി പിടിച്ച്‌ കിടക്കേണ്ടി വന്നു.

ഇടനാഴിയുടെ വാതില്‍ തുറന്ന് റിക്ടര്‍ പുറത്തേക്ക്‌ വന്നു. വാതില്‍ വലിച്ചടച്ചിട്ട്‌ അദ്ദേഹം ക്വാര്‍ട്ടര്‍ ഡെക്കിന്‌ നേരെ വേഗം നടന്നു. കപ്പലിന്റെ പിന്നില്‍ നിന്ന് ഭീമാകാരമായ ഒരു തിരമാല ഉയരുന്നത്‌ പെട്ടെന്നാണ്‌ അദ്ദേഹം കണ്ടത്‌. തിരമാലയ്ക്ക്‌ നേരെ ചൂണ്ടിക്കൊണ്ട്‌ അദ്ദേഹം ബെര്‍ഗറുടെ നേരെ അലറി. പക്ഷേ അതിന്‌ മുമ്പ്‌ തന്നെ അത്‌ രാക്ഷസ രൂപം പൂണ്ട്‌ അവര്‍ക്ക്‌ മേല്‍ പതിച്ചു കഴിഞ്ഞിരുന്നു. ക്യാപ്റ്റന്റെ രണ്ട്‌ സഹായികളും അതില്‍ നില തെറ്റി വീണു പോയി.

റിക്ടര്‍ തന്റെ സമീപത്തെ ഒരു പായ്‌ക്കയറില്‍ അതിനകം മുറുകെ പിടിച്ചിരുന്നു. തന്റെ മേലെ വന്ന് പതിച്ച്‌ തിരമാലയ്ക്കുള്ളില്‍ പെട്ട്‌ അദ്ദേഹത്തിന്‌ ശ്വാസം മുട്ടി. ഭീമാകാരമായ ആ തിരമാലയുടെ ഭാരത്താല്‍ കപ്പല്‍ മുങ്ങിയത്‌ തന്നെ എന്ന് അദ്ദേഹം കരുതി.

സാവധാനം ഡോയ്‌ഷ്‌ലാന്റ്‌ മുകളിലേക്ക്‌ വന്നു. വെള്ളം മുഴുവന്‍ ഡെക്കില്‍ നിന്ന് ഒഴുകി പോയിരിക്കുന്നു. പാമരത്തിന്‌ ചുവട്ടിലേക്ക്‌ കണ്ണോടിച്ച അദ്ദേഹത്തിന്‌ പക്ഷേ കയറില്‍ മുറുകെ പിടിച്ച്‌ കിടക്കുന്ന സ്റ്റേമിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ.

ഡെക്കിന്‌ സമീപത്തെ ഓവുകള്‍ക്കരുകില്‍ എഴുനേല്‍ക്കാന്‍ ഒരു ശ്രമം നടത്തി നോര്‍. അത്‌ കണ്ട റിക്ടര്‍ അതിവേഗം അയാള്‍ക്ക്‌ നേരെ കുതിച്ചു. എന്നാല്‍ അതിനുള്ളില്‍ അടുത്ത തിരമാല ഉയര്‍ന്ന് അദ്ദേഹത്തെ തട്ടിയിട്ടു. വീഴുന്നതിനിടയില്‍ ഹാച്ച്‌ കവറിന്റെ ഒരു മൂലയ്ക്ക്‌ ഭാഗ്യത്തിന്‌ പിടി കിട്ടിയ അദ്ദേഹം അവിടെ ശക്തിയായി പിടിച്ച്‌ ഇരുന്നു. എന്നാല്‍ ആ തിരമാല നോറിനെ അഴികള്‍ക്ക്‌ മുകളിലൂടെ എടുത്ത്‌ കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. എഴുനേല്‍ക്കാന്‍ ശ്രമിച്ച റിക്ടറിന്‌ നോറിന്റെ മഞ്ഞക്കോട്ടിന്റെ ഒരു മിന്നായം മാത്രമേ കാണാന്‍ സാധിച്ചുള്ളൂ. പിന്നെ വെറും തിരമാലകള്‍ മാത്രം.

ഒരു കയറിന്റെ സഹായത്തോടെ സ്റ്റേം ഡെക്കിലൂടെ മറുവശത്തേക്ക്‌ നടന്നു. ബെര്‍ഗറുടെയും പുതിയ രണ്ട്‌ സഹായികളുടെയും കഠിനശ്രമം ഏതാണ്ട്‌ വിജയിച്ചുതുടങ്ങിയിരിക്കുന്നു. ഇടനാഴിയുടെ വാതില്‍ തുറന്ന് കിടക്കുന്നത്‌ കണ്ട റിക്ടര്‍ അങ്ങോട്ട്‌ നടന്നു. പിന്നെ ഉള്ളില്‍ കടന്ന് കതകടച്ച്‌ താഴേക്ക്‌ നടന്നു.

ഏകദേശം ഒരടി വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു അവിടെ. സിസ്റ്റര്‍ ആഞ്ചലയും ലോട്ടെയും നിന്നിരുന്നിടത്തേക്ക്‌ മറ്റ്‌ കന്യാസ്ത്രീകള്‍ എത്തി.

"യാതൊരു കുഴപ്പവുമില്ല... എല്ലാം നിയന്ത്രണാധീനമായിരിക്കുന്നു. എന്നാലും ഈ കാറ്റ്‌ ഒന്നവസാനിക്കുന്നത്‌ വരെ നിങ്ങള്‍ നിങ്ങളുടെ ബങ്കുകളില്‍ തന്നെ കഴിച്ചു കൂട്ടുക..." റിക്ടര്‍ അവരോട്‌ പറഞ്ഞു.

അല്‍പ്പനേരം അവിടെ നിശ്ശബ്ദത നിറഞ്ഞു. പിന്നെ സിസ്റ്റര്‍ ആഞ്ചല പറഞ്ഞു. "ഹേര്‍ റിക്ടര്‍ പറഞ്ഞതാണ്‌ കാര്യം. എല്ലാവരും അവരവരുടെ ബങ്കുകളിലേക്ക്‌ പോകൂ..."

മറ്റ്‌ കന്യാസ്ത്രീകള്‍ അവരവരുടെ മുറികളിലേക്ക്‌ മടങ്ങി. കണങ്കാല്‍ വരെ കെട്ടിക്കിടന്നിരുന്ന വെള്ളത്തില്‍ നനയാതിരിക്കാന്‍ അവര്‍ തങ്ങളുടെ വസ്ത്രം അല്‍പ്പം ഉയര്‍ത്തിപ്പിടിച്ചിരുന്നു. എന്നാല്‍ മുറിയിലേക്ക്‌ പോകാന്‍ കൂട്ടാക്കാതെ ലോട്ടെ അവിടെ തന്നെ നിന്നു. റിക്ടറുടെ വലത്‌ കവിളില്‍ പുരണ്ടിരിക്കുന്ന രക്തം കണ്ട്‌ ഭയത്തോടെ അവള്‍ പറഞ്ഞു.

"നിങ്ങളുടെ മുഖത്ത്‌ മുറിവേറ്റിട്ടുണ്ടല്ലോ റിക്ടര്‍..."

"ഓ, അതൊന്നും സാരമില്ല... ഒരു പോറല്‍ മാത്രാം... ദയവ്‌ ചെയ്ത്‌ ഞാന്‍ പറഞ്ഞത്‌ അനുസരിക്കൂ...

അദ്ദേഹം സിസ്റ്റര്‍ ആഞ്ചലയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "ഇപ്പോള്‍ തന്നെ ഡെക്കില്‍ വച്ച്‌ നമുക്ക്‌ ഒരാളെ നഷ്ടപ്പെട്ടിരിക്കുന്നു. നോറിനെ... അടിച്ചു കയറിയ തിരമാലയില്‍ പെട്ട്‌ ഒലിച്ചു പോയി. സൗകര്യം പോലെ മറ്റ്‌ കന്യാസ്ത്രീകളെ അറിയിച്ചേക്കൂ. ഇപ്പോള്‍ പറഞ്ഞ്‌ അവരെ പരിഭ്രമിപ്പിക്കേണ്ട..."

പെട്ടെന്നവര്‍ കുരിശ്‌ വരച്ചു. "എന്നിട്ട്‌... ഒന്നും ചെയ്യാന്‍ സാധിച്ചില്ലേ?..."

"ഈ അവസ്ഥയിലോ...? കടല്‍ അയാളെ ഒറ്റയടിക്ക്‌ വിഴുങ്ങി..."

പെട്ടെന്ന് കപ്പല്‍ ഒരു വശത്തേക്ക്‌ വീണ്ടും ചരിഞ്ഞു. റിക്ടര്‍ തിരിഞ്ഞ്‌ ലോട്ടെയുടെ അടുത്ത്‌ കൂടി ഇടനാഴിയിലേക്ക്‌ കുതിച്ചു. അദ്ദേഹത്തെ തടയാനായി അവളും പിന്നാലെ എത്തി.

"ഹെല്‍മട്ട്‌..." അവള്‍ മന്ത്രിച്ചു. പിന്നെ അവള്‍ അവിടെ നിന്നു. അവളുടെ മുഖത്ത്‌ നിരാശ നിറഞ്ഞിരുന്നു. "എനിക്കറിയാം... അദ്ദേഹം അപകടത്തിലേക്കാണ്‌ പോകുന്നത്‌..."

"നീ അദ്ദേഹത്തെ വളരെയേറെ ഇഷ്ടപ്പെടുന്നുവല്ലേ..? ഒരു ആരാധനാപുരുഷനെയെന്ന പോലെ...?" സിസ്റ്റര്‍ ആഞ്ചല സൗമ്യമായി ചോദിച്ചു.

"അതെ സിസ്റ്റര്‍..." പതിഞ്ഞ സ്വരത്തില്‍ ലോട്ടെ പറഞ്ഞു.

മേശയുടെ അരികില്‍ പിടിച്ച്‌ സിസ്റ്റര്‍ ആഞ്ചല ഇരുന്നു. "നോക്കൂ കുട്ടീ... എല്ലാ സഹജീവികളെയും ഒരു പോലെ സ്നേഹിക്കുക എന്ന ദൃഢപ്രതിജ്ഞ എടുത്തിട്ടുള്ള ഒരു സംഘത്തിലെ അംഗങ്ങളാണ്‌ നമ്മള്‍. ആരോടെങ്കിലും വ്യക്തിപരമായി കൂടുതല്‍ അടുക്കുമ്പോള്‍ നാം മറ്റുള്ളവര്‍ക്ക്‌ നല്‍കുന്ന സ്നേഹത്തില്‍ കുറവ്‌ വരുന്നു. മനുഷ്യത്വത്തിന്റെ സേവകരായിരിക്കുക എപ്പോഴും എന്നതാണ്‌ നമ്മള്‍ എടുത്തിട്ടുള്ള പ്രതിജ്ഞ..."

"ഞാന്‍ അത്തരത്തിലുള്ള പ്രതിജ്ഞകളൊന്നും എടുത്തിട്ടില്ല സിസ്റ്റര്‍..."

കപ്പല്‍ വീണ്ടും ചരിഞ്ഞപ്പോള്‍ സിസ്റ്റര്‍ ആഞ്ചല മേശമേല്‍ മുറുകെ പിടിച്ചു. ശ്വാസതടസം അനുഭവപ്പെടുന്നത്‌ പോലെ അവര്‍ക്ക്‌ തോന്നി. എന്നാല്‍ ശാരീരികമായ കാരണങ്ങള്‍ കൊണ്ടല്ലായിരുന്നു അത്‌.

"നീ എന്താണ്‌ പറയുന്നതെന്ന് നീ മനസ്സിലാക്കുന്നുണ്ടോ...?

"ഉണ്ട്‌..." അവളുടെ സ്വരത്തിന്‌ മുമ്പെങ്ങും കാണാത്ത ദൃഢത കൈ വന്നിരുന്നു. "ആ പ്രതിജ്ഞകളുമായി ഇനി എനിയ്ക്ക്‌ യാതൊരു ബന്ധവുമില്ല..."

സിസ്റ്റര്‍ ആഞ്ചല ചാടിയെഴുനേറ്റ്‌ ലോട്ടെയുടെ കൈകളില്‍ മുറുകെ പിടിച്ചു. "ചിന്തിക്കൂ ലോട്ടെ... നന്നായി ചിന്തിക്കൂ..." ദ്വേഷ്യം അടക്കിക്കൊണ്ട്‌ അവര്‍ തുടര്‍ന്നു. "ദൈവത്തിനോടുള്ള സ്നേഹം ഉപേക്ഷിക്കുക ! അതും ഒരു..."

"ഒരു മനുഷ്യന്‌ വേണ്ടി ?..." ലോട്ടെ ചോദിച്ചു. എന്താ, ദൈവത്തെയും മനുഷ്യനെയും ഒരുമിച്ച്‌ സ്നേഹിക്കുവാന്‍ പാടില്ലെന്നുണ്ടോ...?"

മന:സംയമനം പാലിക്കുവാന്‍ ശ്രമിച്ചെങ്കിലും സിസ്റ്റര്‍ ആഞ്ചലയ്ക്ക്‌ പഴയ ഓര്‍മ്മകള്‍ തികട്ടി വന്നു.

"നാം വിചാരിക്കുന്നത്‌ പോലെയല്ല കുട്ടീ കാര്യങ്ങള്‍ നടക്കുന്നത്‌. നാം മനുഷ്യ ജീവികള്‍ വളരെ ദുര്‍ബലരാണ്‌. ഒരിക്കല്‍ ഞാന്‍ നിന്നെക്കാള്‍ ചെറുപ്പമായിരുന്ന കാലത്ത്‌ ഒരു പുരുഷനെ സ്നേഹിച്ചു. ഹൃദയവും... എന്തിന്‌... എന്റെ ശരീരം പോലും അയാള്‍ക്ക്‌ സമര്‍പ്പിച്ചു ഞാന്‍. എന്നിട്ടെനിക്ക്‌ തിരികെ കിട്ടിയതോ... തിരികെ കിട്ടിയത്‌..." ഇടര്‍ച്ച മൂലം അവരുടെ ശബ്ദം തടസ്സപ്പെട്ടു.

"ഒരു പുരുഷന്‍ അങ്ങനെ ചെയ്തുവെന്ന് വച്ച്‌ എല്ലാ പുരുഷന്മാരും വഞ്ചകരാണോ...? ഇങ്ങനെയാണോ നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്‌ സിസ്റ്റര്‍...?"

"അല്ല, തീര്‍ച്ചയായും അല്ല... " അവര്‍ അവളുടെ കൈകളില്‍ മുറുകെ പിടിച്ചു. "നമ്മള്‍ ഇപ്പോള്‍ സംസാരിച്ചത്‌ തന്നെ ധാരാളം... റിക്ടര്‍ പറഞ്ഞത്‌ പോലെ നീ പോയി നിന്റെ ബങ്കില്‍ കിടക്കൂ... അദ്ദേഹം പറഞ്ഞത്‌ നമ്മുടെ സുരക്ഷക്കായിട്ടാണ്‌..."

ഒന്ന് സംശയിച്ചിട്ട്‌ ലോട്ടെ മുന്നോട്ട്‌ നീങ്ങി, മുറിക്കുള്ളില്‍ കയറി വാതില്‍ വലിച്ചടച്ചു. സിസ്റ്റര്‍ ആഞ്ചല അവിടെയുണ്ടായിരുന്ന കസേരയില്‍ ഇരുന്നു. പിന്നെ, മുഖം മേലോട്ടുയര്‍ത്തി. ആ മിഴികള്‍ ഈറനണിഞ്ഞിരുന്നു.

"എന്നോട്‌ എന്തിനിത്‌ ചെയ്തു കാള്‍... എന്തിന്‌...?" അവര്‍ വിതുമ്പി.

ആ മിഴികളില്‍ നിന്ന് ചുടുകണ്ണീര്‍ ധാരയായി ഒഴുകി. എന്നാല്‍ അടുത്ത നിമിഷം തന്നെ, അവരുടെ സന്തത സഹചാരിയായ ആത്മനിയന്ത്രണം കൈവന്നു. പിന്നെ, കൈകള്‍ കൂപ്പി, ലീഡിംഗ്‌ സീമാന്‍ പീറ്റര്‍ നോറിന്റെ ആത്മശാന്തിക്കായി അവര്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. പീറ്റര്‍ നോറിന്‌ വേണ്ടി മാത്രമല്ല, ദൈവാനുഗ്രഹം ലഭിക്കുന്നതിന്‌ വിഘാതമായി പാപം ചെയ്തിട്ടുള്ള എല്ലാ മനുഷ്യജീവികള്‍ക്ക്‌ വേണ്ടിയും.


(തുടരും)

14 comments:

  1. ഡോയ്‌ഷ്‌ലാന്റിന്റെ വിവരങ്ങള്‍ അറിഞ്ഞിട്ട്‌ കുറച്ച്‌ നാളുകളായല്ലോ... അതുകൊണ്ട്‌ ഇനി കുറച്ച്‌ നേരം നമുക്ക്‌ അവര്‍ക്കൊപ്പം യാത്ര ചെയ്യാം. ഗെറിക്കും ജാനറ്റും ജാഗോയും ഒക്കെ അധികം താമസിയാതെ തിരിച്ചെത്തുന്നതായിരിക്കും...

    ReplyDelete
  2. ഞാന്‍ നോവല്‍ വായിക്കുന്നില്ല,പക്ഷെ താങ്കളുടെ ഈ ഉദ്യമം കണ്ട് തരിച്ചിരിക്കയാണ്!.കാരണം ഇങ്ങനെയൊരു പരിപാടി തുടങ്ങിയിട്ട് ഇത് 26-ആം അദ്ധ്യായമായിരിക്കുന്നു!.വായന ശീലം തീരെയില്ലാത്ത എന്നെപ്പോലെയുള്ളവരെ ഇതു വരെ കൊണ്ടെത്തിച്ചതു തന്നെ ഈ ബ്ലോഗുകളുടെ കഴിവാണ്.അല്ലെങ്കില്‍ “മഴത്തുള്ളിയില്‍” വന്ന ഞാന്‍ ഇവിടെ വന്നു ഇങ്ങനെ രണ്ടു വാക്കു കോറിയിടില്ലായിരുന്നു.താങ്കള്‍ക്കു ഒരിക്കല്‍ കൂടി ഭാവുകങ്ങള്‍ നേരുന്നു.

    ReplyDelete
  3. തിരക്ക് കാരണം ഇടക്ക് വിട്ട് നിന്നു, ഇന്ന് നാട്ടില്‍ പോകും അടുത്ത വര്‍ഷമേ തിരിച്ച് വരു.അതിനാല്‍ ഇന്ന് വായിക്കാന്‍ തുടങ്ങുന്നു.
    (നാട്ടില്‍ പോകുന്നതിനു മുമ്പ് പെന്‍ഡിംഗ് വായിച്ച് തീര്‍ക്കട്ടെ)

    ക്രിസ്തുമസ്സ് പുതുവര്‍ഷ ആശംസകള്‍
    :)

    ReplyDelete
  4. ഇത്തവണ ക്രിസ്തുമസ്സ് പതിപ്പ് ആണല്ലേ വിനുവേട്ടാ...

    ഇത്തവണ കടല്‍ക്ഷോഭമാണല്ലേ? ആ ഭയാനകമായ അന്തരീക്ഷം വായനയില്‍ നിന്ന് ഉള്‍ക്കൊള്ളാനാകുന്നുണ്ട്...


    *****

    ക്രിസ്തുമസ്സ് - നവവത്സര ആശംസകള്‍!

    ReplyDelete
  5. അവരുടെ പ്രണയം എവിടെയെത്തുമെന്നു നോക്കാം.

    ആശംസകള്‍.

    ReplyDelete
  6. വായിക്കുന്നുണ്ട്]

    ക്രിസ്തുമസ് പുതുവത്സരാശംസകൾ

    ReplyDelete
  7. "എന്നോട്‌ എന്തിനിത്‌ ചെയ്തു കാള്‍... എന്തിന്‌...?" അവര്‍ വിതുമ്പി.

    ചുരുങ്ങിയ വാക്കുകള്‍... പക്ഷെ അവ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ എത്ര ആഴമേറിയതാണ്!!

    യാത്ര തുടരാം, വായനയും...

    സഹയാത്രികര്‍ക്ക് നവവല്‍സരാശംസകള്‍...

    ReplyDelete
  8. മുഹമ്മദ്‌കുട്ടി... നോവല്‍ വായിക്കുന്നില്ലെങ്കില്‍ ഇനി മുതല്‍ വായിച്ച്‌ തുടങ്ങുക. ട്രാക്കില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ വായന നിറുത്താന്‍ കഴിയില്ല. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി...

    അരുണ്‍... സാരമില്ല... നാട്ടില്‍ പോയി ആഘോഷിച്ച്‌ തിരിച്ച്‌ വരൂ...

    ശ്രീ... വീണ്ടും നന്ദി... കഥയോടൊപ്പം എന്നും പ്രതീക്ഷിക്കുന്നു...

    എഴുത്തുകാരി... അതൊരു തീവ്ര പ്രണയമാണ്‌...

    ഗന്ധര്‍വന്‍... നന്ദി...

    ജിമ്മി... യൂ സെഡ്‌ ഇറ്റ്‌... നോവലിസ്റ്റ്‌ ജാക്ക്‌ ഹിഗ്ഗിന്‍സിനെ അഭിനന്ദിക്കാതെ വയ്യ.

    ReplyDelete
  9. കഥ സങ്കീര്‍ണ്ണമാകുന്നു. ലോട്ടെയുടെ പ്രണയം പൂവിടുമെന്ന് നമുക്കാശിക്കാം.

    ReplyDelete
  10. എനിയ്ക്ക് വളരെ ഇഷ്ടമായി.
    ഞാനിവിടം വരെ വായിച്ച് കഴിഞ്ഞു. അടുത്ത വർഷത്തിലേയ്ക്ക് പ്രവേശിയ്ക്കാൻ പോവുകയാണ്.

    എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  11. നോര്‍ പോലെ എത്ര നാവികര്‍?

    ReplyDelete
  12. വായിക്കുന്നു ..

    ReplyDelete
  13. "ഒരു മനുഷ്യന്‌ വേണ്ടി ?..." ലോട്ടെ ചോദിച്ചു. എന്താ, ദൈവത്തെയും മനുഷ്യനെയും ഒരുമിച്ച്‌ സ്നേഹിക്കുവാന്‍ പാടില്ലെന്നുണ്ടോ...?



    അത്‌ കലക്കി.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...