പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, January 15, 2010

സ്റ്റോം വാണിംഗ്‌ - 29

ജാനറ്റും ഹാരി ജാഗോയും കെന്‍സിങ്ങ്‌ടണ്‍ പാലസ്‌ ഗാര്‍ഡന്‌ സമീപം ടാക്സിയില്‍ വന്നിറങ്ങുമ്പോള്‍ വൈകുന്നേരം ഏഴുമണി കഴിഞ്ഞിരുന്നു. സായുധരായ രണ്ട്‌ സൈനികര്‍ കാവല്‍ നിന്നിരുന്ന പ്രധാന കവാടം കടന്ന് അവര്‍ ഒരു ഹാളിലേക്ക്‌ പ്രവേശിച്ചു. ആര്‍മി ഇന്റലിജന്‍സ്‌ കോറിന്റെ ഒരു സാര്‍ജന്റ്‌ റിസപ്ഷനില്‍ ഇരിക്കുന്നുണ്ടായിരുന്നു.

ജാഗോ തന്റെ ID കാര്‍ഡ്‌ അദ്ദേഹത്തെ കാണിച്ചു. "അയാം ലെഫ്റ്റനന്റ്‌ ജാഗോ... ഇവിടെയുള്ള ക്യാപ്റ്റന്‍ വാനിനെ കാണുവാന്‍ എനിക്ക്‌ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നു..."

"അതേ, അദ്ദേഹം ഇവിടെയുണ്ട്‌... താങ്കളെ കാത്തിരിക്കുകയാണ്‌... ഒരു മിനിറ്റ്‌..." സാര്‍ജന്റ്‌ മേശമേലുള്ള ബട്ടണ്‍ അമര്‍ത്തി.

"അദ്ദേഹത്തെ കണ്ടിട്ട്‌ വരുന്നത്‌ വരെ ഇവര്‍ ഇവിടെ ഇരിക്കുന്നതില്‍ വിരോധമില്ലല്ലോ...?" ജാനറ്റിനെ ചൂണ്ടി ജാഗോ അദ്ദേഹത്തോട്‌ ചോദിച്ചു.

"നെവര്‍ സര്‍..."

ജാഗോ അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു. "റോയല്‍ നേവിയുടെ ഒരു ക്യാപ്റ്റനെ ഉടന്‍ പോയിക്കാണാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌ എന്തിനാണെന്ന് എനിക്കറിയില്ല. അധികം താമസമുണ്ടാകില്ലെന്ന് കരുതാം... ഇത്‌ കഴിഞ്ഞാല്‍ നമുക്ക്‌ നേരെ തിയേറ്ററിലേക്ക്‌ പോകാം... സോറി ഡിയര്‍ ഫോര്‍ ദ്‌ ഡിലേ..."

അവള്‍ അദ്ദേഹത്തിന്റെ കവിളില്‍ പതുക്കെയൊന്ന് തട്ടി. "ഓ, ഈ യുദ്ധം കാരണം നമ്മുടെയൊരു ഗതികേട്‌...!"

അവള്‍ക്കൊരു മറുപടി കൊടുക്കുവാന്‍ കഴിയുന്നതിന്‌ മുമ്പേ ചെറുപ്പക്കാരനായ ഒരു ATS കോര്‍പ്പറല്‍ അവിടെയെത്തി. അയാള്‍ ജാഗോയെ ഉള്ളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

ജാലകത്തിന്‌ സമീപമുള്ള കസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റി വച്ച്‌ ജാനറ്റ്‌ ഇരുന്നു. അത്‌ കണ്ടുകൊണ്ടിരുന്ന ചെറുപ്പക്കാരനായ സാര്‍ജന്റ്‌ 'ഇവള്‍ തരക്കേടില്ലല്ലോ...' എന്ന് മനസ്സില്‍ പറഞ്ഞു. എന്നിട്ട്‌ ഇപ്രകാരം തുടക്കമിട്ടു.

"ഇന്നത്തെ ദിവസം അത്ര മോശമില്ല അല്ലേ മിസ്‌...? മൂന്നെണ്ണം ഹോക്‍നിയില്‍, രണ്ടെണ്ണം പോപ്ലാറില്‍, പിന്നെ ഗോള്‍ഡേഴ്‌സ്‌ ഗ്രീനില്‍ ഒന്നും..."

"ബോംബുകള്‍ ഇങ്ങനെ വന്ന് വീഴുന്നത്‌ നല്ല രസമാണെന്നാണോ താങ്കള്‍ പറയുന്നത്‌...?" അവള്‍ ചോദിച്ചു.

പറക്കുന്ന ബോംബുകള്‍... V1 ഇനത്തില്‍ പെട്ടത്‌ തന്നെ ധാരാളം.. അവ അടുത്തേക്ക്‌ വരുമ്പോഴുള്ള ഗര്‍ജ്ജനം... V2 റോക്കറ്റുകളുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. അവ വരുന്നതിന്റെ യാതൊരു ലക്ഷണവും അറിയുകയേയില്ല. സൂപ്പര്‍ സോണിക്ക്‌ വേഗതയില്‍ വന്ന് പെട്ടെന്ന് ഒരു ഗര്‍ജ്ജനവും അതിഭയങ്കര സ്ഫോടനവുമായിരിക്കും. ശരിക്കും ഭീകരാന്തരീക്ഷം തന്നെയാണ്‌ കുറച്ച്‌ ദിവസങ്ങളായി ലണ്ടന്‍ നഗരത്തില്‍.

അല്‍പ്പമകലെ, ഹാളിന്റെ വാതില്‍ തുറന്ന് ഗെറിക്ക്‌ പുറത്തേക്ക്‌ വന്നു. ഇരുവശത്തും സായുധരായ ഗാര്‍ഡുകള്‍. അദ്ദേഹത്തിന്റെ കൈകള്‍ രണ്ടും മുമ്പിലേക്ക്‌ കൂട്ടി വിലങ്ങ്‌ വച്ചിരുന്നു. യൂണിഫോമിലെ അയേണ്‍ ക്രോസും കഴുത്തിലെ നൈറ്റ്‌സ്‌ ക്രോസും പിന്നെ തൂവെള്ള നിറത്തിലുള്ള നേവല്‍ ക്യാപ്പും അദ്ദേഹത്തിന്‌ ഒരു പ്രത്യേക ആകര്‍ഷകത്വം നല്‍കി.

അവള്‍ക്ക്‌ മുന്നിലൂടെ കടന്ന് പോയ അദ്ദേഹം അവളെ ശ്രദ്ധിച്ചതായി തോന്നിയില്ല. ഗാര്‍ഡുകളില്‍ ഒരാള്‍ പറഞ്ഞ എന്തോ ഫലിതം കേട്ട്‌ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അദ്ദേഹം കടന്നു പോയി.

"ഒരു ജര്‍മന്‍ തടവുകാരനാണ്‌ മിസ്‌... നേവല്‍ ഓഫീസറാണ്‌... ഇങ്ങനെ പിടിക്കപ്പെടുന്നവരില്‍ അധികവും ഇവിടെ വന്നിട്ടാണ്‌ പോകുക..."

"ഓ, അത്‌ ശരി..."

അവള്‍ എഴുനേറ്റ്‌ ഹാളിലൂടെ നടന്ന് പോര്‍ച്ചില്‍ ചെന്ന് നിന്നു. ഇരുണ്ട ആകാശത്തില്‍ വളരെ ഉയരത്തില്‍ കഠോരമായ ഒരു ഇരമ്പല്‍ കേട്ടത്‌ പെട്ടെന്നായിരുന്നു. അവള്‍ തല ഉയര്‍ത്തി നോക്കി. തീ തുപ്പിക്കൊണ്ട്‌ പോകുന്ന ഒരു V1 റോക്കറ്റ്‌...

"എവിടെ ചെന്ന് വീഴുമോ ആവോ അത്‌...!" അവളുടെ സമീപത്തുണ്ടായിരുന്ന ഗാര്‍ഡ്‌ പറഞ്ഞു.

ജീവഹാനിയും നാശനഷ്ടങ്ങളും... അതിന്‌ കാരണക്കാരായവരില്‍ ഒരുവനെയാണ്‌ ഒരു നിമിഷം മുമ്പ്‌ അവള്‍ കണ്ടത്‌. ശത്രു... യുദ്ധം ആരംഭിച്ചതിന്‌ ശേഷം ഒരു ജര്‍മന്‍കാരനെ ആദ്യമായിട്ടാണവള്‍ കാണുന്നത്‌. വീണ്ടും ഒരു നിമിഷനേരത്തേക്ക്‌ അവള്‍ ഗെറിക്കിനെ കണ്ടൂ. ഗാര്‍ഡുകളുടെ മദ്ധ്യത്തില്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പടികള്‍ കയറിപ്പോകുന്നു. അവളുടെയുള്ളില്‍ ദ്വേഷ്യം ഇരച്ചുകയറി.

പെട്ടെന്ന് ജാഗോ തിരിച്ചെത്തി. "കഴിഞ്ഞു... നമുക്ക്‌ പോകാം..." അവളുടെ കരം ഗ്രഹിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

പുറത്ത്‌ കടന്ന് നടപ്പാതയിലൂടെ നടക്കുമ്പോള്‍ അവള്‍ ചോദിച്ചു. "എന്തിനായിരുന്നു ഇത്ര അത്യാവശ്യമായി അവര്‍ വിളിച്ചത്‌...?"

"ങ്‌ഹാ... നിന്നോട്‌ പറയാതിരിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ല. ഇന്നലെ രാത്രി, ബ്രിട്ടീഷ്‌കാര്‍ ഒരു ജര്‍മന്‍ നേവല്‍ കമാന്‍ഡറെ തടവുകാരനായി പിടികൂടി. ഉയര്‍ന്ന റാങ്കിലുള്ള ആളാണ്‌. പേര്‌ പോള്‍ ഗെറിക്ക്‌... ഇവിടുത്തെ ചോദ്യം ചെയ്യലിന്‌ ശേഷം അദ്ദേഹത്തെ നമുക്ക്‌ വിട്ടുതരുവാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ അവര്‍. നാളത്തെ നൈറ്റ്‌ എക്സ്‌പ്രസില്‍ ഗ്ലാസ്‌ഗോവിലേക്ക്‌ കൊണ്ടുപോകും. അവിടെ വച്ചാണ്‌ നമ്മുടെ അധികാരികള്‍ക്ക്‌ കൈമാറുക. പിന്നെ രണ്ട്‌ മൂന്ന് ദിവസത്തിനുള്ളില്‍ സ്റ്റേറ്റ്‌സിലേക്ക്‌ പോകുന്ന കോണ്‍വോയ്‌ ഷിപ്പില്‍ അയയ്ക്കും..."

"അപ്പോള്‍ പിന്നെ ഇതില്‍ നിങ്ങളുടെ റോള്‍ എന്താണ്‌...?"

"അങ്ങനെ ചോദിക്ക്‌... ബ്രിട്ടീഷ്‌ അകമ്പടിയോടെ ആയിരിക്കും അദ്ദേഹം പോകുന്നത്‌. എങ്കിലും നമ്മുടെ നേവല്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സിലെ അധികൃതരുടെ അഭിപ്രായം ട്രെയിനില്‍ ഞാനും അദ്ദേഹത്തെ അനുഗമിക്കണമെന്നാണ്‌. നമ്മള്‍ അമേരിക്കക്കാരുടെ ഒരു കണ്ണ്‌ അദ്ദേഹത്തിന്‌ മേല്‍ ഉണ്ടായിരിക്കുന്നത്‌ നല്ലതാണല്ലോ..."

"നിങ്ങള്‍ അയാളെ കണ്ടിരുന്നോ..."

"കണ്ടിരുന്നു... ഇപ്പോള്‍ സംസാരിച്ചതേയുള്ളൂ..."

"ഒരു ശരാശരി ഉയരവും ഇരുണ്ട കണ്ണുകളുമുള്ള ഒരാളാണോ...? യൂണിഫോമില്‍ അയേണ്‍ ക്രോസ്‌ ധരിച്ച...?

"ആങ്ങ്‌ഹ്‌... അയാള്‍ തന്നെ..."

"ആ പടികള്‍ കയറി പോകുമ്പോള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു അയാള്‍...!" അവള്‍ പറഞ്ഞു.

ഇടിഞ്ഞ്‌ തകര്‍ന്ന ഒരു നിര കെട്ടിടങ്ങളുടെ സമീപത്ത്‌ കൂടിയായിരുന്നു അവരപ്പോള്‍ നടന്നിരുന്നത്‌.

"അയാളും അയാളുടെ വര്‍ഗവുമാണ്‌ ഈ നാശ നഷ്ടങ്ങള്‍ക്കെല്ലാം കാരണക്കാര്‍..." വെറുപ്പോടെ അവള്‍ പറഞ്ഞു.

"ഇതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ല ബെര്‍ലിനും എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌..."

അവള്‍ അദ്ദേഹത്തിന്റെ കൈകള്‍ കോര്‍ത്ത്‌ പിടിച്ചു. "ഇത്രയധികം നല്ലവനായാല്‍ ജീവിക്കാന്‍ പറ്റില്ല ഹാരി... ആങ്ങ്‌ഹ്‌... ഒരു കാര്യം പറയാന്‍ ഞാന്‍ വിട്ടുപോയി. ഉച്ച കഴിഞ്ഞ്‌ കേണല്‍ ബ്രിസിങ്ങ്‌ഹാം ഹോസ്പിറ്റലില്‍ വന്നിരുന്നു. നാളെ രാത്രിയിലെ ട്രെയിനില്‍ മലേയ്‌ഗിലേക്കുള്ള യാത്രാസൗകര്യം ശരിയാക്കിയിരിക്കുന്നു അദ്ദേഹം എനിക്ക്‌..."

ജാഗോ സന്തോഷം കൊണ്ട്‌ മതിമറന്നു. "അതിന്റെയര്‍ത്ഥം മലേയ്‌ഗ്‌ വരെ നമുക്കൊരുമിച്ച്‌ സഞ്ചരിക്കാമെന്ന്...!"

"അതെനിക്ക്‌ തീര്‍ച്ചയില്ല. സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഒരു സിംഗിള്‍ ബെര്‍ത്താണ്‌ അവര്‍ എനിയ്ക്ക്‌ അറേഞ്ച്‌ ചെയ്തിരിക്കുന്നത്‌..."

"എന്ത്‌..! സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലോ....?" ജാഗോ ആശ്ചര്യത്തോടെ ചോദിച്ചു. "ഈ യുദ്ധകാലത്ത്‌ ഇങ്ങനെയൊരു സൗകര്യം കിട്ടാന്‍ എളുപ്പമല്ലല്ലോ..."

"ശരിയാണ്‌... പക്ഷേ ഇത്‌ ജനറല്‍ ഐസന്‍ഹോവറിന്റെ ശിപാര്‍ശയില്‍ കിട്ടിയതാണ്‌..."

ജാഗോ ചിരിച്ചു. മഴ പെട്ടെന്ന് ശക്തിയാര്‍ജ്ജിച്ചു. പാതയോരത്ത്‌ കണ്ട ഒരു മരത്തിന്‌ ചുവട്ടിലേക്ക്‌ അവര്‍ ഓടി. എന്നിട്ട്‌ ഒരു ടാക്സിക്കായി കാത്ത്‌ നിന്നു.

മരച്ചില്ലകളില്‍ നിന്ന് ഇറ്റ്‌ വീഴുന്ന ജലകണങ്ങളേറ്റ്‌ വാങ്ങി അവിടെ നില്‍ക്കുമ്പോള്‍ പെട്ടെന്ന് അവളുടെ മനസ്സില്‍ ഗെറിക്കിന്റെ ഓര്‍മ്മ ഓടിയെത്തി. കോണിപ്പടികളിലൂടെ പൊട്ടിച്ചിരിച്ചുകൊണ്ട്‌ കയറിപ്പോകുന്ന ഗെറിക്കിന്റെ ആകര്‍ഷകമായ മുഖം...


* * * * * * * * * * * * * * * * * * * * *

(തുടരും)

15 comments:

  1. ജാനറ്റും ജാഗോയും ഗെറിക്കിനെ കണ്ടുമുട്ടുന്നു...

    ReplyDelete
  2. ഇത്തവണ തേങ്ങ ഞാന്‍ അടിക്കാം... :)

    'മരച്ചില്ലകളില്‍ നിന്നും ഇറ്റുവീഴുന്ന ജലകണങ്ങള്‍...'

    അവയുടെ കുളിര് മാറും മുന്നേ അടുത്ത ലക്കം പോരട്ടെ...

    ReplyDelete
  3. വയിച്ചൂട്ടോ. 28ഉം 29ഉം ഒരുമിച്ചു് ഇന്നാണ് വായിച്ചതു്. കഥ രസകരമായി പോകുന്നു. വെള്ളിയാഴ്ചകളിലാണോ പുതിയ പോസ്റ്റ് ഇടുന്നതു്? അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  4. അടുത്തതിനായി കാക്കുന്നു..!!

    ReplyDelete
  5. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  6. അങ്ങനെ പ്രധാന കഥാപാത്രങ്ങള്‍ കണ്ടു മുട്ടുന്നു... അല്ലേ?

    തുടരട്ടെ!

    ReplyDelete
  7. ആദ്യം മുതല്‍ വായിച്ച് തുടങ്ങട്ടെ.
    :)

    ReplyDelete
  8. ജിമ്മിയുടെ തേങ്ങ സ്വീകരിച്ചിരിക്കുന്നു... മരച്ചില്ലകളിലൂടെ മഴ പെയ്തിറങ്ങട്ടെ...

    എഴുത്തുകാരി... അങ്ങനെ സ്ഥിരം വായനക്കാരിയായി അല്ലേ? ... വ്യാഴം ... ഏറി വന്നാല്‍ വെള്ളി... അതിനപ്പുറം പോവില്ല...

    റ്റോംസ്‌... സ്വാഗതം... സ്ഥിരമായി വരുമല്ലോ...

    മിനി ടീച്ചര്‍... അടുത്ത ഭാഗം അടുത്തയാഴ്ച... പണ്ടൊരിക്കല്‍ മുഖം കാണിച്ച്‌ പോയിരുന്നുവല്ലേ?


    ശ്രീ... അതേ... വ്യത്യസ്ഥ ദേശങ്ങളിലായി നമ്മള്‍ പരിചയപ്പെട്ടവര്‍ ആദ്യമായി കണ്ടുമുട്ടുന്നു... കഥ രസകരമാകാന്‍ പോകുന്നു...

    hAnLLaLaTh ... ഈ പേരെങ്ങനെ മലയാളത്തില്‍ എഴുതും ഞാന്‍...? എന്തായാലും ആദ്യ സന്ദര്‍ശനത്തിന്‌ നന്ദി... വീണ്ടും വരണം...

    ReplyDelete
  9. ഗെറിക്കിനെ അമേരിക്കയിലേക്ക്‌ കൊണ്ടു പോകുമോ? കഷ്ടമാകുമല്ലോ... അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  10. ഒരു സംശയം വിനുവേട്ടാ, ടോട്ടല്‍ എത്ര അദ്ധ്യായമുണ്ട്??
    :)

    ReplyDelete
  11. ഇതിപ്പോഴൊന്നും തീരില്ല അരുണ്‍ഭായ്‌... മെഗാ സീരിയലാ... 2011 ല്‍ നോക്കാം നമുക്ക്‌..

    ReplyDelete
  12. അരുണിനോട് ഞാന്‍ ഉത്തരം പറയാമല്ലോ; ടോട്ടല്‍ 80 അദ്ധ്യായം

    ReplyDelete
  13. വായിക്കുന്നു ..

    ReplyDelete
  14. ഹാവൂ.ഗെറിക്‌ ഒരു സംഭവം തന്നെ.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...