പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, January 29, 2010

സ്റ്റോം വാണിംഗ്‌ - 31

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 20. അക്ഷാംശം 46.55N, രേഖാംശം 17.58W. മറ്റൊരു കാളരാത്രി കൂടി. കാറ്റിന്റെ ശക്തി ഏഴില്‍ എത്തിയിരിക്കുന്നു. മഴയും കടല്‍ക്ഷോഭവുമുണ്ട്‌. രാവിലെ എട്ട്‌ മണിയോടെ കാറ്റിനൊപ്പം വന്ന ഒരു കൂറ്റന്‍ തിരമാല കപ്പലിനെയാകെയൊന്ന് ഉലച്ചു. തത്‌ഫലമായി പാമരത്തിലെ അത്ര നിസ്സാരമല്ലാത്ത ഒരു മരത്തടി ഒടിഞ്ഞ്‌ തെറിച്ചുപോയി. ഉടന്‍ തന്നെ മുകളിലേക്ക്‌ കയറിയ ക്ലൂത്തും ഷ്‌മിഡ്‌ടും എടുത്തെറിയപ്പെട്ടു. അവര്‍ കടലില്‍ വീഴേണ്ടതായിരുന്നുവെങ്കിലും അത്ഭുതകരമാം വിധം രക്ഷപെട്ടു. എന്നാല്‍ ഷ്‌മിഡ്‌ടിന്റെ ഇടത്‌ കൈയില്‍ ഒടിവ്‌ പറ്റി. യാത്രയ്ക്ക്‌ ഭംഗം വരാന്‍ പാടില്ല എന്നതിനാല്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിന്റെ ചുമതല സ്റ്റേമിനെ ഏല്‍പ്പിച്ചു. ഉച്ചയ്ക്ക്‌ രണ്ട്‌ മണിയ്ക്ക്‌ അടിത്തട്ടില്‍ പതിനെട്ട്‌ ഇഞ്ച്‌ വെള്ളം ഉയര്‍ന്നിരിക്കുന്നുവെന്ന് റിക്ടര്‍ റിപ്പോര്‍ട്ട്‌ ചെയ്തു. വെള്ളം പമ്പ്‌ ചെയ്ത്‌ കളയുവാന്‍ ഉടന്‍ തന്നെ ഏര്‍പ്പാട്‌ ചെയ്തു. എല്ലാ കേടുപാടുകളും തീര്‍ത്തിരിക്കുന്നുവെന്ന് സ്റ്റേം അറിയിച്ചപ്പോള്‍ വൈകുന്നേരം ആറ്‌ മണിയാകാറായിരുന്നു. കപ്പലിന്റെ അടിത്തട്ടിലെ വെള്ളം വീണ്ടും വറ്റിച്ചുകഴിഞ്ഞിരിക്കുന്നു. കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞത്‌ കൊണ്ട്‌ യാത്ര പുനരാരംഭിക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഈ അനിഷ്ടസംഭവങ്ങള്‍ കാരണം ഏതാണ്ട്‌ നാല്‍പ്പതോളം മൈലുകള്‍ പിറകിലാണ്‌ ഞങ്ങള്‍ ഇപ്പോള്‍. ബിസ്‌കേ ഉള്‍ക്കടലില്‍ നിന്ന് ഏകദേശം എഴുനൂറ്‌ മൈല്‍ പടിഞ്ഞാറായിട്ടാണ്‌ ഇപ്പോള്‍ ഞങ്ങളുടെ സ്ഥാനം എന്ന് ഊഹിക്കുന്നു.

അദ്ധ്യായം ഏഴ്‌

ജര്‍മന്‍ യുദ്ധത്തടവുകാരെ യൂസ്റ്റണ്‍ സ്റ്റേഷനിലേക്ക്‌ പൊതുജനങ്ങള്‍ കാണ്‍കെ നടത്തിക്കൊണ്ട്‌ പോകുന്ന പതിവുണ്ടായിരുന്നു. കാര്‍വര്‍, ലീഡിംഗ്‌ സീമാന്‍ റൈറ്റ്‌, ഹാര്‍ഡിസ്റ്റി എന്നിവരുള്‍പ്പെടുന്ന അകമ്പടി സംഘത്തിന്‌ നേതൃത്വം വഹിച്ചിരുന്നത്‌ സബ്‌ ലെഫ്റ്റനന്റ്‌ ഫിഷര്‍ ആയിരുന്നു. കാലുകളില്‍ ഗെയ്‌റ്ററും* അരയില്‍ വെബ്ലി 0.38 റിവോവള്‍വറുകളും അവര്‍ ധരിച്ചിരുന്നു. (ഗെയ്‌റ്റര്‍* - മുട്ടിന്‌ താഴോട്ട്‌ ധരിക്കുന്ന ലെതര്‍ കൊണ്ടുള്ള കവചം). മറ്റേതൊരു തടവ്‌കാരനെയും കൊണ്ടുപോകുന്നത്‌ പോലെ തന്നെ ശാന്തമായി ആള്‍ക്കൂട്ടത്തിനിടയിലൂടെ അവര്‍ ഗെറിക്കിനെയും നയിച്ചു. അദ്ദേഹത്തിന്‌ ഒരു നീല റെയിന്‍കോട്ട്‌ ധരിക്കുവാന്‍ കൊടുത്തിരുന്നു അവര്‍.

പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന ഗാര്‍ഡിന്റെയടുത്ത്‌ ചെന്ന് ഫിഷര്‍ സ്വയം പരിചയപ്പെടുത്തി. ട്രെയിനിന്റെ ലഗേജ്‌ കമ്പാര്‍ട്ട്‌മെന്റിനടുത്തേക്ക്‌ അയാള്‍ അവരെ നയിച്ചു. ഇരുമ്പഴികള്‍ കൊണ്ട്‌ രണ്ടായി വിഭജിച്ചിരുന്ന ആ കമ്പാര്‍ട്ട്‌മെന്റിന്റെ മറുവശത്ത്‌ മെയില്‍ ബാഗുകളുടെ ഒരു കൂമ്പാരം തന്നെ കിടന്നിരുന്നു.

ഗാര്‍ഡ്‌ ഒരു താക്കോല്‍ എടുത്ത്‌ അദ്ദേഹത്തിന്റെ നേര്‍ക്ക്‌ നീട്ടി. "ആവശ്യമെങ്കില്‍ അയാളെ അതിനുള്ളിലാക്കാം..."

"വെരി ഗുഡ്‌..." ഫിഷര്‍ പറഞ്ഞു. "ഈ താക്കോല്‍ ഞാന്‍ കൈയില്‍ വച്ചോട്ടേ...?"

"അതിനെന്താ...? എന്റെ കൈയില്‍ ഡ്യുപ്ലിക്കേറ്റ്‌ ഉണ്ട്‌... മാത്രമല്ല, താങ്കള്‍ ഈ മെയില്‍ ബാഗുകള്‍ മോഷ്ടിക്കുമെന്ന് കരുതേണ്ട ആവശ്യവുമില്ലല്ലോ..."

അയാള്‍ പുറത്തേക്ക്‌ കടന്നു. ഫിഷര്‍ അതിന്റെ ഇരുമ്പ്‌ കവാടം തുറന്നു. കാര്‍വര്‍ ഗെറിക്കിന്‌ നേരെ തലയാട്ടി. എന്നിട്ട്‌ പരിഹാസ ധ്വനിയില്‍ പറഞ്ഞു. "വിരോധമില്ലെങ്കില്‍ കയറൂ സര്‍..."

ഗെറിക്ക്‌ ഉള്ളിലേക്ക്‌ കയറി. വാതില്‍ ലോക്ക്‌ ചെയ്തിട്ട്‌ ഫിഷര്‍ താക്കോല്‍ കാര്‍വറുടെ കൈയില്‍ കൊടുത്തു. "ശരി ചീഫ്‌... ഇവിടുത്തെ കാര്യങ്ങള്‍ നോക്കിക്കോളൂ... ഞാന്‍ ലെഫ്റ്റനന്റ്‌ ജാഗോയെ ഒന്ന് കാണാന്‍ പറ്റുമോ എന്ന് നോക്കട്ടെ..."

"ശരി സര്‍... ഞങ്ങള്‍ക്കിവിടെ കുഴപ്പമൊന്നുമില്ല..." കാര്‍വര്‍ പറഞ്ഞു.

ഫിഷര്‍ പുറത്തേക്ക്‌ പോയി. കാര്‍വര്‍, ഒരു പൗണ്ടിന്റെ നോട്ടെടുത്ത്‌ ഹാര്‍ഡിസ്റ്റിക്ക്‌ നേരെ നീട്ടി. "നിങ്ങള്‍ രണ്ട്‌ പേരും സ്റ്റേഷനിലെ ഭക്ഷണശാലയില്‍ ചെന്ന് കുറച്ച്‌ സാന്‍ഡ്‌വിച്ച്‌ വാങ്ങിക്കൊണ്ട്‌ വരൂ..."

"പക്ഷേ, നാം വരുന്ന വഴിയ്ക്ക്‌ കാന്റീനില്‍ നിന്ന് കുറേ സാന്‍ഡ്‌വിച്ച്‌ വാങ്ങിക്കൊണ്ട്‌ വന്നിട്ടുണ്ടല്ലോ ചീഫ്‌...?" ഹാര്‍ഡിസ്റ്റി സംശയത്തോടെ ചോദിച്ചു.

"അതെനിക്കറിയാം മോനേ... കൂടുതല്‍ വാങ്ങിയത്‌ കൊണ്ട്‌ കുഴപ്പമൊന്നുമില്ല. ലീഡ്‌സിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്റ്റേഷനിലോ എത്തുമ്പോഴേക്കും പുലര്‍ച്ചെ രണ്ട്‌ മണിയെങ്കിലും ആകും. അതിന്‌ മുമ്പ്‌ തന്നെ നമ്മുടെ കൈയിലെ ഭക്ഷണമെല്ലാം കഴിഞ്ഞിരിക്കും... അത്‌ കൊണ്ട്‌ പോയി ഞാന്‍ പറഞ്ഞ കാര്യം ചെയ്യ്‌..."

ഗെറിക്ക്‌, അഴികളില്‍ ചാരി നിന്നുകൊണ്ട്‌ ചുമരില്‍ ഒട്ടിച്ചിരിക്കുന്ന നോട്ടീസ്‌ ശ്രദ്ധിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു.

നിങ്ങള്‍ ട്രെയിനിലായിരിക്കുമ്പോള്‍ ഒരു വിമാനാക്രമണം ഉണ്ടാകുകയാണെങ്കില്‍ :

1. ഗാര്‍ഡ്‌ ആവശ്യപ്പെടാതെ പുറത്ത്‌ കടക്കാന്‍ നിങ്ങള്‍ ശ്രമിക്കരുത്‌. നിങ്ങള്‍ ഇരിക്കുന്നയിടം തന്നെയാണ്‌ സുരക്ഷിതം.

2. രാത്രിയായാലും പകലായാലും ഷട്ടറുകള്‍ താഴ്ത്തിയിടുക. പൊട്ടിയ ചില്ലുകളും മറ്റും ഉള്ളിലേക്ക്‌ കടക്കാതിരിക്കാന്‍ അത്‌ ഉപകരിക്കും.

3. തറയില്‍ ഇടമുണ്ടെങ്കില്‍ കമഴ്‌ന്ന് കിടക്കുക.

"എന്തെങ്കിലും പറയൂ ചീഫ്‌ പെറ്റി ഓഫീസര്‍..." ഗെറിക്ക്‌ പറഞ്ഞു. "താങ്കള്‍ ജോലിയില്‍ പ്രവേശിച്ചിട്ട്‌ എത്ര കാലമായി...?"

"മുപ്പത്‌ വര്‍ഷം... ആയിരത്തി തൊള്ളായിരത്തി പതിനാലില്‍ എന്റെ പതിനാറാമത്തെ വയസ്സില്‍ ചേര്‍ന്നതാണ്‌..."

"ആഹാ... മോശമില്ലല്ലോ..." ഗെറിക്ക്‌ തലയാട്ടി. "നിങ്ങളെ കണ്ടിട്ട്‌ എനിക്ക്‌ അത്ഭുതം തോന്നുന്നു. യുദ്ധം എന്നത്‌ പട്ടാള ജീവിതം ഒരു തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍ക്ക്‌ പറഞ്ഞിട്ടുള്ളതാണ്‌. പക്ഷേ, നിങ്ങള്‍ അതില്‍ നിന്നും വ്യത്യസ്ഥനായിരിക്കുന്നു. നിങ്ങളെ ഈ തൊഴിലില്‍ തുടരാന്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു കാര്യം ഒരു പക്ഷേ, നല്ല യൂണിഫോം ധരിക്കാന്‍ കിട്ടുന്നുവെന്നതായിരിക്കും. മാത്രമല്ല, പോകുന്നിടത്തൊക്കെ ഏതെങ്കിലും ഒരുവളെ കിട്ടാന്‍ വിഷമവും ഇല്ലല്ലോ..."

കാര്‍വറിന്‌ അടക്കാനാവാത്ത കോപമാണുണ്ടായത്‌. "കുറച്ച്‌ കഴിയട്ടെ... നിനക്ക്‌ ഞാന്‍ വച്ചിട്ടുണ്ട്‌ റാസ്‌ക്കല്‍..."

അടുത്തേക്ക്‌ വരുന്ന ഫിഷറുടെ ശബ്ദം അവര്‍ കേട്ടു. അദ്ദേഹത്തിന്റെ കൂടെ ക്യാപ്റ്റന്‍ വാനും ഹാരി ജാഗോയുമുണ്ടായിരുന്നു. അത്‌ കണ്ട കാര്‍വര്‍, അഴികള്‍ക്കിടയിലൂടെ ഗെറിക്കിന്‌ ഒരു സിഗരറ്റ്‌ കൊടുത്തു.

"ഒരെണ്ണം വലിക്കുന്നതില്‍ വിരോധമില്ലല്ലോ...?" കാര്‍വറുടെ സ്വരം തികച്ചും മാന്യമായിരുന്നു.

"വളരെ നന്ദി ചീഫ്‌..." ഗെറിക്ക്‌ സിഗരറ്റ്‌ വാങ്ങിയിട്ട്‌ തീ കൊളുത്തി.

"ഇങ്ങനെ കൂട്ടില്‍ അടയ്ക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു കമാന്‍ഡര്‍... എന്നാലും ചെയ്യാതിരിക്കാന്‍ പറ്റില്ലല്ലോ. ആട്ടെ, എന്തെങ്കിലും പരാതികളുണ്ടോ താങ്കള്‍ക്ക്‌...?" വാന്‍, ഗെറിക്കിനോട്‌ ചോദിച്ചു.

ഗെറിക്ക്‌, വിലങ്ങണിയിച്ച തന്റെ കൈകള്‍ ഉയര്‍ത്തി. "ഇതൊന്ന് അഴിച്ചുമാറ്റുവാന്‍ പറ്റുമോ...? ഒന്നുമില്ലെങ്കില്‍ ഞാന്‍ ഇതിനകത്തല്ലേ...?"

"സോറി..." വാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "പകരം, താങ്കള്‍ക്ക്‌ അല്‍പ്പം ആശ്വാസം ലഭിക്കുന്ന ഒരു വാര്‍ത്ത അറിയിക്കാം... അല്‍പ്പം മുമ്പ്‌, ഞങ്ങളുടെ നോര്‍വീജിയന്‍ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച ഇന്‍ഫര്‍മേഷനാണ്‌... അത്‌ ഇപ്രകാരമാണ്‌... മുന്‍ഭാഗത്തെ ഏഴോ എട്ടോ മീറ്റര്‍ നഷ്ടപ്പെട്ട U235, കോണ്‍ടര്‍ അഡ്‌മിറല്‍ ഓട്ടോ ഫ്രീമേലിന്റെ നേതൃത്വത്തില്‍ ബെര്‍ഗനില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നിരിക്കുന്നു..."

ഒരു നിമിഷ നേരത്തേക്ക്‌ ഗെറിക്കിന്‌ താന്‍ കേട്ട വാര്‍ത്ത വിശ്വസിക്കാനായില്ല. പക്ഷേ, കൂടുതലൊന്നും സംസാരിക്കാന്‍ അവര്‍ക്ക്‌ സമയമുണ്ടായിരുന്നില്ല. ഗാര്‍ഡ്‌ വിസില്‍ മുഴക്കി കഴിഞ്ഞിരുന്നു. പുറത്ത്‌ പ്ലാറ്റ്‌ഫോമില്‍ ആരൊക്കെയോ ഓടുന്ന ശബ്ദം കേട്ടു.

"എന്തായാലും ഗ്ലാസ്‌ഗോവില്‍ നിന്നുള്ള താങ്കളുടെ കടല്‍ യാത്ര സുഖകരമാകട്ടെ എന്ന് ആശംസിക്കുവാന്‍ മാത്രമേ എനിക്ക്‌ കഴിയൂ..." വാന്‍ സ്വതസിദ്ധമായ ശാന്തസ്വരത്തില്‍ പറഞ്ഞു.

ഗെറിക്ക്‌ മന്ദഹസിച്ചു. "നല്ലവനായ താങ്കളെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്‌ ക്യാപ്റ്റന്‍..."

വാന്‍, ഗെറിക്കിനെ സല്യൂട്ട്‌ ചെയ്തു. പിന്നെ ഫിഷറോട്‌ നിശബ്ദമായി യാത്ര ചോദിച്ചിട്ട്‌ അദ്ദേഹം പ്ലാറ്റ്‌ഫോമിലേക്ക്‌ മുടന്തി മുടന്തി ഇറങ്ങി .

"ഞാന്‍ ഇടയ്ക്ക്‌ വന്ന് നോക്കിക്കോളാം... ഗ്ലാസ്‌ഗോവില്‍ എത്താന്‍ ഏതാണ്ട്‌ പന്ത്രണ്ട്‌ മണിക്കൂര്‍ എടുക്കും..." ജാഗോ, ഗെറിക്കിനോട്‌ പറഞ്ഞു.

"എനിക്കിപ്പോള്‍ പ്രത്യേകിച്ച്‌ ധൃതിയൊന്നുമില്ല..." ഗെറിക്ക്‌ പറഞ്ഞു.

ജാഗോ പുറത്തേക്ക്‌ കടന്നു.

കാര്‍വര്‍ അഴികളുടെ അടുത്തേക്ക്‌ നീങ്ങി.

"എനിക്കും ധൃതിയൊന്നുമില്ല മോനേ..." അയാള്‍ പതുക്കെ പറഞ്ഞു. "എന്നാലും തുടങ്ങിക്കളയാം... ആ മെഡലുകളൊക്കെ ഇങ്ങെടുക്ക്‌..."


* * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

13 comments:

  1. വീണ്ടും ഗെറിക്കിന്റെ വിശേഷങ്ങളിലേക്ക്‌... നോവലിന്റെ സ്ഥിരം വായനക്കാര്‍ക്ക്‌ ഒരിക്കല്‍ക്കൂടി നന്ദി...

    അതോടൊപ്പം ഒരു സന്തോഷം കൂടി പങ്ക്‌ വയ്ക്കുന്നു. ഈ സംരംഭം വായിച്ച്‌ പ്രചോദനം ഉള്‍ക്കൊണ്ട ഒരു ബ്ലോഗര്‍ ഇതിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ എഴുതിയ ഒരു ചെറുകഥ അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. ഡോയ്‌ഷ്‌ലാന്‍ഡിലെ നീലത്താമര. ഗ്രന്ഥകാരനായ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ പറയാതെ വിട്ടു പോയ ചില സന്ദര്‍ഭങ്ങള്‍ അതിമനോഹരമായി വരച്ചുകാട്ടിയിരിക്കുകയാണെന്നേ തോന്നൂ. ഡോയ്‌ഷ്‌ലാന്റിലെ നീലത്താമര എഴുതിയ കൊല്ലേരി തറവാടിക്കും അദ്ദേഹത്തിന്റെ ബ്ലോഗിനും എന്റെ അഭിനന്ദനങ്ങള്‍... ആശംസകള്‍...

    ReplyDelete
  2. നോവല്‍ വായിക്കുനുണ്ട്.
    കൊല്ലേരിയുടെ കഥ നേരെത്തെ വായിച്ചിരുന്നു.
    ഏറെ പേര്‍ക്ക് പ്രചോദനമാകാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്‌..

    ReplyDelete
  3. നോവല്‍ സ്ഥിരമാ, പക്ഷേ കൊല്ലേരി തറവാടിയെ കണ്ടിരുന്നില്ല.ഇനി അത് നോക്കട്ടെ

    ReplyDelete
  4. അങ്ങനെ ഗെറിക്ക്‌ വീണ്ടും എത്തി. ഇനി കഥ കൂടുതല്‍ രസകരമായിരിക്കുമെന്ന് കരുതുന്നു. അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിക്കുന്നു.

    കൊല്ലേരിയുടെ കഥയും വായിച്ചു. കൊള്ളാം.

    ReplyDelete
  5. വിനുയേട്ടാ..ഞാന്‍ ആദ്യം തൊട്ടുള്ള അധ്യായങ്ങള്‍ കോപ്പി ചെയ്ത് വായിക്കുന്നു. വളരെ നന്നായിരിക്കുന്നു വിവര്‍ത്തനം .അഭിനന്ദനങ്ങള്‍ . ഇത്രയും ക്ഷമയോടെ വിവര്‍ത്തനം ചെയ്യുന്നത് വലിയ കാര്യമാണ്‌. തുടരുക.ആശംസകള്‍

    ReplyDelete
  6. ഇത്ര നല്ല സംരംഭങ്ങൾക്കായി ആശംസകൾ

    ReplyDelete
  7. ഇതും വായിച്ചു. തുടരുക. കൊല്ലേരിയുടെ വായിച്ചിട്ടില്ല. പോയി നോക്കണം.

    ReplyDelete
  8. റ്റോംസ്‌... സ്ഥിരം വായനക്കാരനായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം... ശരിയാണ്‌... മറ്റുള്ളവര്‍ക്ക്‌ പ്രചോദനമാകാന്‍ കഴിയുന്നു എന്നത്‌ സന്തോഷം പകരുന്ന കാര്യമാണ്‌.

    അരുണ്‍... കൊല്ലേരി ആളൊരു പുലിയാ... ബ്ലോഗില്‍ ആദ്യമായിട്ടാണെന്നേ ഉള്ളൂ..

    ലേഖ... തുടര്‍ന്നും വായിക്കുക...

    ജയേഷ്‌... സ്വാഗതം... വളരെ സന്തോഷം വായനയ്ക്ക്‌... നോവലിന്റെ അവസാനം വരെ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാമല്ലോ അല്ലേ?

    സപ്ന... സന്ദര്‍ശനത്തിന്‌ നന്ദി... വീണ്ടും വരിക.

    എഴുത്തുകാരി... കൊല്ലേരി പുലിയാണെന്ന് മനസ്സിലായല്ലോ...

    ReplyDelete
  9. അടുത്ത ലക്കം വേഗം പോന്നോട്ടെ... യാത്ര തുടരുന്നു..

    ReplyDelete
  10. ഗെറിക്കിന്റെ വിശേഷങ്ങള്‍ വീണ്ടും അറിഞ്ഞതില്‍ സന്തോഷമുണ്ട്. കൂടുതല്‍ പുരോഗതികള്‍ക്കായി കാത്തിരിയ്ക്കുന്നു. :)

    ReplyDelete
  11. വായിക്കുന്നു ..

    ReplyDelete
  12. ഗെറിക്‌ രക്ഷപെടുമെന്ന് അതിയായി ആശിക്കുന്നു.

    ReplyDelete
    Replies
    1. ശുഭാപ്തി വിശ്വാസം വച്ചു പുലർത്തുക... നമുക്ക് നോക്കാം എന്താകുമെന്ന്...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...