പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, February 5, 2010

സ്റ്റോം വാണിംഗ്‌ - 32

ഫാഡാ ദ്വീപില്‍ മഴ കോരിച്ചൊരിയുകയാണ്‌. ആ പഴയ കെട്ടിടത്തിന്റെ ജാലകങ്ങളില്‍ മഴത്തുള്ളികള്‍ ചരല്‍ക്കല്ലുകള്‍ പോലെ വന്നു പതിച്ചു. മേശമേല്‍ തുറന്ന് വച്ചിട്ടുള്ള ഡയറിയുമായി ഇരിക്കുകയാണ്‌ അഡ്‌മിറല്‍ റീവ്‌. നേവിയില്‍ ചേര്‍ന്ന കാലം മുതല്‍ മുടങ്ങാതെ തുടര്‍ന്ന് പോരുന്ന പതിവാണ്‌ ദിവസേനയുള്ള സംഭവങ്ങള്‍ ഡയറിയില്‍ കുറിച്ച്‌ വയ്ക്കുക എന്നത്‌. കുറേ സംഭവങ്ങളുടെ ഒരു ശേഖരം എന്നതിലുപരി അദ്ദേഹത്തിന്റെ ചിന്താഗതി തന്നെയായിരുന്നു ആ ഡയറിയില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നത്‌. തന്റെ ചുണ്ടിലിരുന്ന സിഗരറ്റിന്‌ തീ കൊളുത്തിയിട്ട്‌ അദ്ദേഹം എഴുത്ത്‌ തുടര്‍ന്നു.

"...... എന്റെ ഈ ജീവിതം... അതിനെ ജീവിതം എന്ന് വിശേഷിപ്പിക്കാമെങ്കില്‍... എനിയ്ക്ക്‌ പിടി കിട്ടാത്ത ഒരു പ്രഹേളികയായി തോന്നുന്നു. എല്ലാറ്റിനും എവിടെയോ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. വളരെ സാവധാനം ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങുന്ന കാലത്തിന്റെ പിടിയില്‍ ഞാന്‍ അകപ്പെട്ടതായി തോന്നുന്നു. എന്താണിതിന്റെ ലക്ഷ്യം... എവിടെയാണിതിന്റെ അന്ത്യം...?"

അദ്ദേഹം തൂലിക താഴെ വച്ചു. പിന്നെ നെരിപ്പോടിനരികിലേക്ക്‌ നടന്നു. അതിന്റെ ചൂട്‌ പറ്റി കിടന്നിരുന്ന നായയുടെ മേല്‍ ഒരു തട്ട്‌ കൊടുത്തു. "മാറിക്കിടക്കെടാ ഇവിടുന്ന്... റെഡ്‌ ഡെവിള്‍..."

മനസ്സില്ലാ മനസ്സോടെ റോറി അവിടെ നിന്ന് നീങ്ങിക്കിടന്നു. നെരിപ്പോടിലേക്ക്‌ കുറച്ച്‌ കൂടി കല്‍ക്കരി വാരിയിട്ടിട്ട്‌ റീവ്‌ വാച്ചിലേക്ക്‌ നോക്കി.

"സമയമായി റോറീ.. ഇന്നെന്താ വിശേഷം എന്ന് നോക്കാം... നമ്മള്‍ ഇവിടെ ഇപ്പോഴും ജീവനോടെയുണ്ടെന്ന് അവരെ അറിയിക്കാം..."

ജാലകത്തിനടുത്തുള്ള മേശമേല്‍ ഹാം റേഡിയോ ഇരിക്കുന്നുണ്ടായിരുന്നു. ഹെഡ്‌ഫോണ്‍ എടുത്ത്‌ അഡ്‌ജസ്റ്റ്‌ ചെയ്തിട്ട്‌ അദ്ദേഹം ട്രാന്‍സ്‌മിറ്റ്‌ ചെയ്യാന്‍ ആരംഭിച്ചു.

"ദിസ്‌ ഈസ്‌ *ഷുഗര്‍ വണ്‍ ഓണ്‍ ഫാഡാ കോളിംഗ്‌ മലേയ്‌ഗ്‌... ആര്‍ യൂ റിസീവിംഗ്‌ മീ...?" (*ഷുഗര്‍ വണ്‍ - അഡ്‌മിറല്‍ റീവിന്റെ കോഡ്‌ നെയിം)

റോറി അദ്ദേഹത്തിന്റെയടുത്ത്‌ വന്ന് നിന്നു. അവന്റെ ചെവികളില്‍ തലോടിക്കൊണ്ട്‌ റീവ്‌ വീണ്ടും വിളിച്ചു. അടുത്ത നിമിഷം തന്നെ മറുപടിയും എത്തി.

"ഹലോ ഷുഗര്‍ വണ്‍... ദിസ്‌ ഈസ്‌ മലേയ്‌ഗ്‌ റിസീവിംഗ്‌ യൂ... വ്യക്തമായി തന്നെ കേള്‍ക്കാം... ഹോള്‍ഡ്‌ ഓണ്‍... താങ്കള്‍ക്കൊരു സന്ദേശമുണ്ട്‌ സര്‍..."

റീവ്‌ അത്ഭുതപരതന്ത്രനായി.

"അഡ്‌മിറല്‍ റീവ്‌...? ദിസ്‌ ഈസ്‌ മറേ സ്പീക്കിംഗ്‌ സര്‍..."

"യെസ്‌ മറേ... വാട്ട്‌ ക്യാന്‍ ഐ ഡൂ ഫോര്‍ യൂ...?" റീവ്‌ ചോദിച്ചു.

"ലണ്ടനില്‍ നിന്ന് താങ്കള്‍ക്കൊരു സന്ദേശമുണ്ട്‌ സര്‍... കുറച്ച്‌ ദിവസം താങ്കളുടെയൊപ്പം താമസിക്കുന്നതിനായി അനന്തിരവള്‍ ജാനറ്റ്‌ മണ്‍റോ യാത്ര തിരിച്ചിരിക്കുന്നു..."

"അത്ഭുതകരം... ആട്ടെ, എപ്പോഴാണ്‌ അവള്‍ എത്തുന്നത്‌...?"

"ഒരു പക്ഷേ, നാളെയായിരിക്കും. ഉറപ്പ്‌ പറയാന്‍ പറ്റില്ല അക്കാര്യത്തില്‍. ഇപ്പോഴത്തെ അവസ്ഥയില്‍ ട്രെയിനുകളുടെ സമയനിഷ്ഠയുടെ കാര്യം അറിയാമല്ലോ... ഇവിടെ നിന്ന് ഫാഡായിലേക്കുള്ള അവരുടെ യാത്ര എങ്ങനെയാണ്‌ സര്‍...? എന്റെയറിവില്‍ ഒഫിഷ്യല്‍ ബോട്ടുകളൊന്നും ലഭ്യമല്ല..."

"ഐ സീ... " റീവ്‌ പറഞ്ഞു. "അക്കാര്യം ഞാന്‍ ഏര്‍പ്പാടാക്കിക്കോളാം... വേറെന്തെങ്കിലും വിശേഷങ്ങള്‍...?"

"വേറെയൊന്നുമില്ല സര്‍..." മറേ പറഞ്ഞു. "ഒരു ബോട്ട്‌ അറേഞ്ച്‌ ചെയ്ത്‌ തരാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്‌ സര്‍..."

"നെവര്‍ മൈന്‍ഡ്‌... ആരായിരുന്നാലും ഈ പരിതസ്ഥിതിയില്‍ ഇത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ... പിന്നെ താങ്കളെന്തിന്‌ വിഷമിക്കുന്നു...? ഓവര്‍ ആന്‍ഡ്‌ ഔട്ട്‌..."

റേഡിയോ ഓഫ്‌ ചെയ്തിട്ട്‌ അദ്ദേഹം അകലേക്ക്‌ നോക്കിക്കൊണ്ട്‌ അല്‍പ്പനേരം ഇരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ അപ്പോഴും യാന്ത്രികമായി റോറിയെ തടവുന്നുണ്ടായിരുന്നു. ജാനറ്റ്‌ വരുന്ന കാര്യം ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‌ സന്തോഷം തോന്നി. എന്തെങ്കിലും പുതിയ വര്‍ത്തമാനങ്ങള്‍ അറിയാമല്ലോ. പക്ഷേ, അതുകൊണ്ട്‌ മാത്രമായില്ല. തീര്‍ച്ചയായും അതുകൊണ്ട്‌ മാത്രമായില്ല.

അദ്ദേഹത്തിന്റെ മാനസിക സംഘര്‍ഷത്തിന്റെ വേദന അറിഞ്ഞത്‌ റോറി ആയിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ അവന്റെ കഴുത്തില്‍ മുറുകിയപ്പോള്‍ അവന്‍ കരഞ്ഞു. അദ്ദേഹം പെട്ടെന്ന് ചാടിയെഴുനേറ്റു. "ക്ഷമിക്ക്‌ മോനേ... വേദനിച്ചോ...? വരൂ, നമുക്ക്‌ പുറത്ത്‌ പോയി അല്‍പ്പം ശുദ്ധവായു ശ്വസിക്കാം..."

തന്റെ കോട്ട്‌ എടുത്ത്‌ ധരിച്ചിട്ട്‌ അദ്ദേഹം പുറത്തേക്ക്‌ നടന്നു. റോറിയും അദ്ദേഹത്തെ അനുഗമിച്ചു. കാറ്റ്‌ എതിര്‍ദിശയില്‍ ആയിരുന്നതിനാല്‍ ട്രോളിയുടെ പായ നിവര്‍ത്തുന്നതുകൊണ്ട്‌ പ്രയോജനമുണ്ടായിരുന്നില്ല. അതിനാല്‍, സൗത്ത്‌ ഇന്‍ലെറ്റ്‌ എത്തുന്നതുവരെ അദ്ദേഹത്തിന്‌ ട്രോളിയുടെ ഹാന്‍ഡ്‌ പമ്പ്‌ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നു. ലൈഫ്‌ ബോട്ട്‌ സ്റ്റേഷന്‌ സമീപം എത്തിയപ്പോള്‍ ബോട്ട്‌ ഹൗസിന്റെ വാതില്‍ തുറന്ന് കിടക്കുന്നുണ്ടായിരുന്നു. അതിനുള്ളില്‍ ഒരു പഴഞ്ചന്‍ കസേരയിലിരുന്ന് ഒരു വല തുന്നിക്കൊണ്ടിരിക്കുകയായിരുന്നു മര്‍ഡോക്ക്‌.

തന്റെ ജോലി നിര്‍ത്താതെ അദ്ദേഹം മുഖമുയര്‍ത്തി നോക്കി. കാലാവസ്ഥ മങ്ങലേല്‍പ്പിച്ചിരുന്ന അദ്ദേഹത്തിന്റെ മുഖം നിര്‍വികാരമായിരുന്നു. "ഇന്നത്തെ ദിവസം എങ്ങനെ ക്യാരി റീവ്‌...? നല്ലതോ ചീത്തയോ...?" അദ്ദേഹം ചോദിച്ചു.

"ഇത്രയും കാലമായിട്ട്‌ എനിക്കത്‌ തീര്‍ച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ...?

"അപ്പോള്‍ ഇന്നും അങ്ങനെ തന്നെ...ആട്ടെ, കുറച്ച്‌ കഴിക്കുന്നതില്‍ വിരോധമുണ്ടോ...?"

"പിന്നെയാകാം... നാളെ, ലണ്ടനില്‍ നിന്നുള്ള ട്രെയിനില്‍ എന്റെ അനന്തിരവള്‍ മലേയ്‌ഗില്‍ എത്തുന്നു..."

"അതൊരു നല്ല വാര്‍ത്തയാണല്ലോ... " മര്‍ഡോക്ക്‌ വല ഒന്ന് വിരിച്ചിട്ടു. "ആ ലാക്ലന്‍ മാക്‍ബ്രെയിന്‍ ഇല്ലേ... അവന്‍ ലീവില്‍ വരുന്നുണ്ട്‌... അതേ ട്രെയിനില്‍ തന്നെ. അവന്റെ അമ്മ ഇന്നലെ എന്നോട്‌ പറഞ്ഞതാണ്‌..."

"അവന്‍ ഒരു പാരാട്രൂപ്പര്‍ അല്ലേ...?"

" അതേ... വിരോധമില്ലെങ്കില്‍, അവരെ കൂട്ടിക്കൊണ്ട്‌ വരുവാന്‍ താങ്കളുടെ *കാത്‌റീനയുമായി ഞാന്‍ പോകാം... (*കാത്‌റീന - അഡ്‌മിറല്‍ റീവിന്റെ ബോട്ട്‌)

"അതേതായാലും വളരെ നന്നായി..." റീവ്‌ പറഞ്ഞു.


* * * * * * * * * * * * * * * * * * * * * * * * * * * * * *


ട്രെയിനില്‍, മെയില്‍ ബാഗുകളുടെ പുറത്ത്‌ ഗെറിക്ക്‌ നീണ്ട്‌ നിവര്‍ന്ന് കിടന്നു. കണ്ണുകള്‍ അടച്ചിരുന്നതുകൊണ്ട്‌ പ്രത്യക്ഷത്തില്‍ ഉറക്കമാണെന്നേ തോന്നുമായിരുന്നുള്ളൂ. കാര്‍വറും മറ്റ്‌ രണ്ട്‌ ലീഡിംഗ്‌ സീമാന്മാരും വട്ടം കൂടിയിരുന്ന് ചീട്ട്‌ കളിച്ചുകൊണ്ടിരിക്കുന്നു. ഫിഷര്‍ ഒരു പുസ്തകം വായിച്ചുകൊണ്ട്‌ അടുത്ത്‌ തന്നെ ഇരിക്കുന്നുണ്ട്‌.

കതകില്‍ ആരോ മുട്ടിയ ശബ്ദം കേട്ട്‌ എഴുനേറ്റ ഫിഷര്‍ വാതിലിന്റെ കൊളുത്ത്‌ ഊരി. ഹാരി ജാഗോ ആയിരുന്നു അത്‌.

"എങ്ങനെ...? കുഴപ്പമൊന്നുമില്ലല്ലോ...?"

"ഏയ്‌... ഇല്ല..." ഫിഷര്‍ പറഞ്ഞു. ഗെറിക്ക്‌ കിടന്നിരുന്ന മുറിയുടെ ഇരുമ്പഴികള്‍ക്കടുത്തേക്ക്‌ അവര്‍ നടന്നു. "ഒരു മണിക്കൂറായി അദ്ദേഹം നല്ല ഉറക്കത്തിലാണ്‌..."

"വെരി ഗുഡ്‌... ആട്ടെ, താങ്കള്‍ക്ക്‌ സമയമുണ്ടെങ്കില്‍ നമുക്ക്‌ സ്ലീപ്പര്‍ കോച്ചിലേക്ക്‌ പോകാം.. ഡോക്ടര്‍ മണ്‍റോ അവിടെയുണ്ട്‌. എന്റെ ബാഗിലെ സ്കോച്ച്‌ ബോട്ട്‌ല്‍ പൊട്ടിക്കുകയും ചെയ്യാം..."

"വളരെ നല്ലത്‌..." ഫിഷര്‍ പറഞ്ഞു. അവര്‍ രണ്ട്‌ പേരും പുറത്തേക്ക്‌ നടന്നു.

കാര്‍വര്‍ ഒരു സിഗരറ്റിന്‌ തീ കൊളുത്തി. "അവരേതായാലും അതൊപ്പിച്ചെടുത്തു. ഈ *യാങ്കികളെ പോലെ ഇത്ര വിരുതന്മാര്‍...!" (*യാങ്കി - അമേരിക്കക്കാരന്‍)

"എങ്ങനെയാണത്‌ ചീഫ്‌...?" ഹാര്‍ഡിസ്റ്റി ചോദിച്ചു.

"ഒരു ഡോക്ടര്‍ മണ്‍റോ... തരക്കേടില്ല അവള്‍... അവളുടെ അമ്മാവന്‍ ഒരു അമേരിക്കന്‍ അഡ്‌മിറലാണത്രേ... ഔട്ടര്‍ ഹെബ്രിഡ്‌സിലെ ഏതോ ദ്വീപില്‍ താമസിക്കുന്നു. സ്ലീപ്പര്‍ കോച്ചില്‍ ഒരു പ്രൈവറ്റ്‌ ബെര്‍ത്ത്‌ കിട്ടിയിട്ടുണ്ട്‌ അവള്‍ക്ക്‌. ജാഗോയും അവളും അടുപ്പത്തിലാണ്‌..." അയാള്‍ തന്റെ കൈയിലെ ചീട്ടുകള്‍ മുന്നിലേക്കിട്ടു. "ഇതില്‍ നല്ലതൊന്നുമില്ല... ഒന്നുകൂടി നന്നായി കശക്ക്‌... നോക്കൂ റൈറ്റ്‌... ഇനിയത്തേതിലെങ്കിലും നല്ലത്‌ തന്നില്ലെങ്കില്‍...ങ്‌ഹാ..."

അയാള്‍ എഴുനേറ്റ്‌ ഇരുമ്പഴികള്‍ക്കരികില്‍ ചെന്നിട്ട്‌ ഗെറിക്കിനെ സൂക്ഷിച്ചുനോക്കി. "നിങ്ങള്‍ ഉണര്‍ന്നോ കമാന്‍ഡര്‍...?"

ഗെറിക്ക്‌ അനങ്ങിയില്ല. കണ്ണുകള്‍ അടച്ച്‌ ശാന്തമായി ഉറക്കം നടിച്ച്‌ കിടന്നു.

"അയാളവിടെ കിടക്കട്ടെ ചീഫ്‌... എങ്ങോട്ടും ചാടിപ്പോകുകയൊന്നുമില്ലല്ലോ..." ഹാര്‍ഡിസ്റ്റി പറഞ്ഞു.

കാര്‍വര്‍ മനസ്സില്ലാ മനസ്സോടെ വീണ്ടും വന്നിരുന്ന് ചീട്ടുകള്‍ കൈയിലെടുത്തു. ഒരു നിമിഷം, ഗെറിക്ക്‌ കണ്ണുകള്‍ തുറന്ന് അവരെ നോക്കി.

* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

13 comments:

  1. ഓര്‍മ്മയില്ലേ ഫാഡാ ദ്വീപും അഡ്‌മിറല്‍ റീവിനെയും? നമുക്കങ്ങോട്ട്‌ പോകാം... പിന്നെ ഗെറിക്കിന്റെ അല്‍പ്പം വിശേഷങ്ങളും... കഥ തുടരുന്നു...

    സ്ഥിരം വായനക്കാര്‍ക്കും പുതിയ വായനക്കാര്‍ക്കും നന്ദി...

    ReplyDelete
  2. വിനുവേട്ടാ,

    അഡ്മിറല്‍ റീവിനെ അങ്ങനെയങ്ങ് മറക്കാനാകുമോ..?
    വിനുവേട്ടാ..ഒരു പക്ഷേ ഏട്ടന്റെ നോവല്‍ പ്രചോദനമാകാം എനിക്ക് എന്റെ പഴയ നോവല്‍ ഒന്ന് പരീക്ഷിക്കാന്‍ ബലം തന്നത്.

    ഭാഷ മനോഹരം തന്നെ... ഒറ്റയിരുപ്പില്‍ വായിച്ചു. അതു ആദ്യം തന്നെ...!!

    ReplyDelete
  3. "...... എന്റെ ഈ ജീവിതം... അതിനെ ജീവിതം എന്ന് വിശേഷിപ്പിക്കാമെങ്കില്‍... എനിയ്ക്ക്‌ പിടി കിട്ടാത്ത ഒരു പ്രഹേളികയായി തോന്നുന്നു. എല്ലാറ്റിനും എവിടെയോ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. വളരെ സാവധാനം ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങുന്ന കാലത്തിന്റെ പിടിയില്‍ ഞാന്‍ അകപ്പെട്ടതായി തോന്നുന്നു. എന്താണിതിന്റെ ലക്ഷ്യം... എവിടെയാണിതിന്റെ അന്ത്യം...?"

    വളരെ അര്‍ത്ഥവത്തായ വാക്കുകള്‍...

    ReplyDelete
  4. തുടരട്ടെ, വിനുവേട്ടാ... വായന തുടരുന്നുണ്ട് :)

    ReplyDelete
  5. ഇതും വായിച്ചു. ഇനിയുള്ളതും വായിക്കും.

    ReplyDelete
  6. റ്റോംസ്‌ ... അഭിപ്രയത്തിന്‌ നന്ദി... നോവല്‍ ഞാന്‍ കണ്ടിരുന്നു... ആശംസകള്‍..

    ജിമ്മി... ഹൃദയത്തില്‍ തട്ടുന്ന വരികള്‍ തന്നെ അത്‌...

    ശ്രീ, എഴുത്തുകാരി... സ്റ്റോം വാണിങ്ങിനോടൊപ്പം യാത്ര തുടരുക...

    ReplyDelete
  7. വിനുവേട്ടാ...
    വെക്കേഷന്‍ തിരയില്‍ രണ്ടു മൂന്നു എപ്പിസോഡുകള്‍ മുങ്ങിപ്പോയിട്ടുണ്ട്‌
    സാരമില്ല...എല്ലാം തപ്പിപിടിച്ചോളാം.
    എല്ലാ ആശംസകളും !!!

    ReplyDelete
  8. സ്റ്റോംവാണിംഗ് ട്രാൻസ്ലേഷൻ ഒരു ഹെർക്കൂലിയൻ ടാസ്ക് തന്നെയാണ്..താങ്കൾ അതു ഭംഗിയായി ചെയ്യുന്നുണ്ട്..ആശംസകൾ

    ReplyDelete
  9. ജോയ്‌... തിരിച്ചെത്തിയല്ലേ... സന്തോഷം... വിരലില്‍ എണ്ണാവുന്ന വായനക്കാരുടെ സംഘത്തിലേക്ക്‌ സ്വാഗതം...

    താരകന്‍... താങ്കളേപ്പോലുള്ളവരുടെ പ്രോത്സാഹനങ്ങളാണ്‌ ഈ സംരംഭത്തില്‍ എന്റെ ഊര്‍ജ്ജം... നന്ദി... വീണ്ടും വരുമല്ലോ...

    ReplyDelete
  10. കഥ വളരെ രസകരമാകുന്നു. വെള്ളിയാഴ്ചയായല്ലോ വിനുവേട്ടാ. അടുത്ത ഭാഗം കണ്ടില്ല?

    ReplyDelete
  11. ഭാഗം 33 പിന്നെ തുടരാം. തല്‍ക്കാലം വിട

    ReplyDelete
  12. വായന തുടരുന്നു

    ReplyDelete
  13. ഗെറിക്കിന്റെ നോട്ടത്തിൽ രക്ഷപെടുമെന്ന ലക്ഷണമാണല്ലോ!!!!

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...