പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, February 12, 2010

സ്റ്റോം വാണിംഗ്‌ - 33

ഇനി നമുക്ക്‌ ജര്‍മ്മന്‍ എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ പൈലറ്റ്‌ ഹോസ്റ്റ്‌ നെക്കറുടെ വിശേഷങ്ങള്‍ അറിയുവാന്‍ പോകാം... അദ്ദേഹത്തെ ഓര്‍മ്മയില്ലാത്തവര്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ട്രോണ്‍ദേമില്‍ മഴ പെയ്യുകയാണ്‌. തുളച്ച്‌ കയറും വിധം അതിശക്തമായ മഴ. ഹോസ്റ്റ്‌ നെക്കറും റൂഡി ഹബ്‌നറും മഴയെ ഭേദിച്ച്‌ ഓപ്പറേഷന്‍സ്‌ ബില്‍ഡിങ്ങിന്‌ നേര്‍ക്ക്‌ നടന്നു. കഴിഞ്ഞ എട്ട്‌ മണിക്കൂറുകളായി പറക്കുകയായിരുന്നു അവര്‍. ബാരന്റ്‌സ്‌ കടലിന്‌ മുകളിലെ വ്യോമനിരീക്ഷണം കഴിഞ്ഞ്‌ ഇറങ്ങിയ ഉടന്‍ തന്നെ ഓപ്പറേഷന്‍സ്‌ ആസ്ഥാനത്തേക്ക്‌ വിളിപ്പിക്കുകയായിരുന്നു. എയര്‍ഫോഴ്‌സ്‌ യൂണിഫോമില്‍ തന്നെയായിരുന്നു ഇരുവരും.

വല്ലാതെ ക്ഷീണിച്ചവശനായിരുന്നു നെക്കര്‍. മനസ്സിനാകെയൊരു അസ്വസ്ഥത.

"ഇടത്‌ ഭാഗത്തെ ആ എന്‍ജിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബുദ്ധിമുട്ടാണ്‌. ട്രാക്ടര്‍ ഓടിക്കുന്നത്‌ പോലെയാണ്‌ ഓരോ യാത്രയും..."

"ശരിയാണ്‌ സര്‍... ഇക്കാര്യം ഞാന്‍ വോജലിന്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നാം ലാന്റ്‌ ചെയ്യാന്‍ കാത്തിരിക്കുകയാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌..." റൂഡി പറഞ്ഞു.

"എങ്കില്‍ ഓ.കെ... സമാധാനമായി.."

ഇന്റലിജന്‍സ്‌ റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് അദ്ദേഹം ഉള്ളിലേക്ക്‌ കയറി. ഇന്റലിജന്‍സ്‌ ഓഫീസര്‍ ആല്‍ട്രോജ്‌ അവിടെയുണ്ടായിരിക്കുമെന്നാണ്‌ അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍, ചില പേപ്പറുകള്‍ മറിച്ച്‌ നോക്കിക്കൊണ്ടിരുന്ന ഗ്രൂപ്പ്‌ കമാന്‍ഡര്‍ കേണല്‍ മെയര്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു സിഗരറ്റ്‌ പുകയുന്നുണ്ടായിരുന്നു.

അദ്ദേഹം ശിരസ്സുയര്‍ത്തി. "എന്താണ്‌ താങ്കള്‍ക്കൊരു അസ്വസ്ഥത? സുഖമില്ലേ..?"

നെക്കര്‍ തന്റെ പാരച്യൂട്ട്‌ മുന്നില്‍ കണ്ട കസേരയിലേക്കിട്ട്‌ ഒരു സിഗരറ്റ്‌ എടുത്തു. "എങ്ങനെ അസ്വസ്ഥനാകാതിരിക്കും? എട്ട്‌ മണിക്കൂര്‍ നേരം ചുറ്റിക്കറങ്ങിയിട്ട്‌ ഒരു പ്രയോജനവുമുണ്ടായില്ല. ഇടതുവശത്തെ എന്‍ജിനാണെങ്കില്‍ ആസ്ത്‌മയും പിടിച്ചു. വളരെ വിരസമായ യാത്ര..."

"നെവര്‍ മൈന്‍ഡ്‌... താങ്കള്‍ക്ക്‌ രണ്ട്‌ ദിവസത്തെ ലീവ്‌ ഞാന്‍ തരാം. എന്താ, സന്തോഷമായോ...?"

"രണ്ട്‌ ദിവസത്തെ ലീവോ... ഒന്നും കാണാതെ ലീവ്‌ അനുവദിക്കാന്‍ വഴിയില്ലല്ലോ..." നെക്കര്‍ ആശ്ചര്യം കൊണ്ടു.

"അതേ... ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. അടുത്ത കുറേ ആഴ്ചകള്‍ താങ്കളുടെ നിരീക്ഷണ മേഖല സ്കോട്ട്‌ലണ്ടിന്‌ പടിഞ്ഞാറുള്ള ഹെബ്രിഡ്‌സ്‌ പ്രദേശങ്ങളായിരിക്കും. ഉന്നതാധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശമാണ്‌..." അദ്ദേഹം പുഞ്ചിരിച്ചു. "ഹോസ്റ്റ്‌, സാഹസികമായിട്ടുള്ള ഒന്നും തന്നെ ലഭിക്കുന്നില്ല എന്ന പരാതിയായിരുന്നല്ലോ താങ്കള്‍ക്ക്‌ എപ്പോഴും... എന്നാല്‍ ഇപ്പോഴിതാ അത്‌ ലഭിച്ചിരിക്കുന്നു. മാത്രമല്ല, ഈ ആഴ്ച, കിഴക്കന്‍ തീരത്ത്‌ അവര്‍ പുതിയ രണ്ട്‌ *സ്പിറ്റ്‌ ഫയര്‍ സ്ക്വാഡ്രണുകളെയും നിയോഗിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ യാത്ര തികച്ചും സാഹസികം തന്നെ ആയിരിക്കും..." (*സ്പിറ്റ്‌ ഫയര്‍ - ബ്രിട്ടീഷ്‌ റോയല്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം).

"വളരെ നന്ദി..." നെക്കര്‍ ആഹ്ലാദത്തോടെ പറഞ്ഞു. "പക്ഷേ, എന്താണ്‌ ആ പ്രദേശത്ത്‌ ഇത്ര പ്രത്യേകത...?"

"ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്‍ പ്രകാരം കാനഡയില്‍ നിന്ന് ഒരു കോണ്‍വോയ്‌ വടക്ക്‌ കിഴക്കോട്ട്‌ യാത്ര തിരിച്ചിട്ടുണ്ട്‌. അവ ഇപ്പോള്‍ ഐസ്‌ലണ്ടിന്റെ സമീപത്ത്‌ എത്തിയിരിക്കുന്നു. അറ്റ്‌ലാന്റിക്കിലെ നിരീക്ഷണ പരിധി കുറച്ചുകൂടി ദീര്‍ഘിപ്പിക്കണം. ചുരുങ്ങിയത്‌ ഔട്ടര്‍ ഹെബ്രിഡ്‌സില്‍ നിന്ന് ഒരു അഞ്ഞൂറ്‌ മൈലുകള്‍ എങ്കിലും..."

"അതിന്‌ അത്രയും നീണ്ട പറക്കലിനുള്ള സൗകര്യം നമുക്കില്ലല്ലോ..."

മെയര്‍ ഡെസ്കിനുള്ളില്‍ നിന്ന് ഒരു ചാര്‍ട്ട്‌ എടുത്തു. "വിഷമിക്കണ്ട... വിമാനത്തിന്റെ ഇന്ധന ടാങ്കുകള്‍ക്ക്‌ ഭേദഗതി വരുത്തുണ്ട്‌. അഞ്ഞൂറ്‌ മൈല്‍ അധികം യാത്ര ചെയ്യുവാനായി GMI സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നുണ്ട്‌. അതുകൊണ്ട്‌ 35,000 അടി ഉയരത്തില്‍ നമുക്ക്‌ സ്കോട്ട്‌ലണ്ട്‌ കടക്കുവാന്‍ കഴിയും. അവര്‍ പറയുന്നത്‌ 40,000 അടി എന്നാണ്‌. പക്ഷേ അത്രയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്തായാലും ആ സ്പിറ്റ്‌ ഫയറുകളുടെ ആക്രമണത്തില്‍ നിന്ന് ഒഴിവാകാന്‍ അത്‌ സഹായിക്കും."

GMI സിസ്റ്റത്തില്‍ സംഭവിക്കുന്നത്‌ ഇതാണ്‌. സൂപ്പര്‍ ചാര്‍ജറുകളിലേക്ക്‌ നൈട്രസ്‌ ഓക്സൈഡ്‌ ഇന്‍ജക്ട്‌ ചെയ്യുന്നു. വളരെ ഉയരത്തില്‍ പറക്കുമ്പോള്‍ അവ ജ്വലനത്തിന്‌ കൂടുതല്‍ ഓക്സിജന്‍ ലഭ്യമാക്കുന്നു. ഇത്‌ എന്‍ജിന്റെ കാര്യക്ഷമത ഇരുപത്‌ ശതമാനത്തോളം വര്‍ദ്ധിപ്പിക്കുന്നു.

ചാര്‍ട്ട്‌ പരിശോധിച്ച്‌ നെക്കര്‍ തല കുലുക്കി. "ഏതായാലും, ഇതൊരു നീണ്ട യാത്രയായിരിക്കുമെന്നതില്‍ സംശയമില്ല..."

മെയര്‍ പുഞ്ചിരിച്ചുകൊണ്ട്‌ നെക്കറുടെ തോളില്‍ തട്ടി.

"സാരമില്ല... പഴക്കമാകുമ്പോള്‍ ദൂരം കുറഞ്ഞതായി തോന്നും..."


* * * * * * * * * * * * * * * * * * * * * * * * * * * * *

സായാഹ്നമായപ്പോഴേക്കും കാറ്റിന്റെ ശക്തി ഗണ്യമായി കുറഞ്ഞിരുന്നു. തെക്ക്‌ പടിഞ്ഞാറ്‌ നിന്ന് വീശുന്ന ചെറുകാറ്റില്‍ എല്ലാ പായകളും നിവര്‍ത്തി ഇരുട്ടിനെ ഭേദിച്ചുകൊണ്ട്‌ മുന്നേറുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌.

റിക്ടറിനായിരുന്നു ആ സമയത്ത്‌ വാച്ച്‌ ഡ്യൂട്ടി. വീല്‍ നിയന്ത്രിച്ചിരുന്ന എന്‍ഡ്രാസും അദ്ദേഹവുമൊഴികെ ക്വാര്‍ട്ടര്‍ ഡെക്കില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഒരു ചുരുട്ടിന്റെ പുക ആസ്വദിച്ചുകൊണ്ട്‌ കൈവരികള്‍ക്ക്‌ സമീപം നില്‍ക്കുകയാണ്‌ റിക്ടര്‍. മന്ദമാരുതന്‍ വീശിക്കൊണ്ടിരിക്കുന്ന ആ അന്തരീക്ഷം വളരെ ആസ്വാദ്യകരമായി തോന്നി അദ്ദേഹത്തിന്‌. ആകാശത്ത്‌ തെളിഞ്ഞ്‌ കാണുന്ന അര്‍ദ്ധചന്ദ്രനെയും അങ്ങകലെ ചക്രവാളത്തില്‍ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെയും അദ്ദേഹം വീക്ഷിച്ചു.

ഒമ്പത്‌ മണിയാകാറായപ്പോള്‍ കപ്പലിന്റെ മുന്‍ഭാഗത്ത്‌ ഡ്യൂട്ടിയിലുള്ള 'ലുക്ക്‌ ഔട്ടിന്‌' ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി അദ്ദേഹം പോയി. തിരികെ വരുന്ന വഴിയില്‍ കാറ്റുപായകള്‍ കെട്ടിയിരിക്കുന്ന കയറുകളുടെ അടുത്ത്‌ ചെന്ന് അവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി.

തന്റെ പിന്നില്‍ പെട്ടെന്ന് ഒരു പാദചലനം കേട്ട്‌ അദ്ദേഹം തിരിഞ്ഞുനോക്കി. ലൈഫ്‌ ബോട്ടുകള്‍ വച്ചിരുന്നതിന്റെ നിഴലുകള്‍ക്കിടയില്‍ നിന്ന് ലോട്ടെ പുറത്തേക്ക്‌ വന്നു.

"ഹെല്‍മട്ട്‌...!"

അവള്‍ അദ്ദേഹത്തിന്റെ നേര്‍ക്ക്‌ കൈകള്‍ നീട്ടി.

"ലോട്ടെ... എന്തെടുക്കുകയണ്‌ നീയിവിടെ...?" അവളുടെ കരങ്ങള്‍ ഗ്രഹിച്ചുകൊണ്ട്‌ റിക്ടര്‍ ചോദിച്ചു.

"കഴിഞ്ഞ അര മണിക്കൂറായി അങ്ങയെ ശ്രദ്ധിച്ചുകൊണ്ട്‌ നില്‍ക്കുകയാണ്‌ ഞാനിവിടെ. എന്തൊരു ആത്മാര്‍ത്ഥതയാണ്‌ ജോലിയില്‍..."

"ലോട്ടെ... നീ താഴേയ്ക്ക്‌ പോകൂ... പെട്ടെന്ന്..."

"എന്തിന്‌...?"

"എന്തിനെന്ന് ഞാന്‍ പറയാം... നിന്റെ കാര്യത്തില്‍ അങ്ങേയറ്റം ഉത്ക്കണ്ഠാകുലയാണ്‌ സിസ്റ്റര്‍ ആഞ്ചല. ഈ യാത്രയുടെ അവസാനം വരെ നിന്നില്‍ നിന്ന് അകന്ന് നില്‍ക്കാമെന്ന് ഞാന്‍ വാക്ക്‌ കൊടുത്തിട്ടുണ്ട്‌ ക്യാപ്റ്റന്‌..."

"അപ്പോള്‍ എന്റെ കാര്യത്തില്‍ അങ്ങേയ്ക്ക്‌ ഉത്ക്കണ്ഠയൊന്നും ഇല്ലെന്നാണോ...?"

"ഗോഡ്‌ ഹെല്‍പ്‌ മീ..." അദ്ദേഹം അവളുടെ കൈകള്‍ വിടുവിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു. "നോക്കൂ ലോട്ടെ... ഞാന്‍ വാക്ക്‌ കൊടുത്തു കഴിഞ്ഞു... എന്താ, നിനക്ക്‌ പറഞ്ഞാല്‍ മനസ്സിലാവില്ലേ...?"

"മനസ്സിലാകുന്നു... പക്ഷേ... ഇത്രയും കാലം എനിക്ക്‌ എല്ലാത്തിനേയും ഭയമായിരുന്നു. എന്നാല്‍ അങ്ങ്‌ എന്നോടൊപ്പമുള്ളപ്പോള്‍... " അവള്‍ അദ്ദേഹത്തിന്റെ കൈകളില്‍ മുറുകെ പിടിച്ചു. "ഈ സ്നേഹം എന്ന് പറയുന്നത്‌ ഇങ്ങനെയാണോ ഹെല്‍മട്ട്‌...? ഇതിന്‌ മുമ്പ്‌ ഇങ്ങനെയൊരു അനുഭവം അങ്ങേയ്ക്കുണ്ടായിട്ടുണ്ടോ...?"

അദ്ദേഹത്തിന്റെ സകല നിയന്ത്രണങ്ങളും തകര്‍ന്നുപോയി. അദ്ദേഹത്തിന്റെ കൈകള്‍ അവളെ വരിഞ്ഞ്‌ മുറുക്കി. "ഇല്ല ലോട്ടെ... ഒരിക്കലുമില്ല..."

അദ്ദേഹത്തിന്റെ നെഞ്ചിലൊട്ടി നിന്ന് അവള്‍ മുഖമുയര്‍ത്തി. "ഒരു നോവിസ്‌ എന്ന നിലയ്ക്ക്‌ ഇതില്‍ നിന്ന് വിട്ട്‌ പോരാന്‍ എനിക്ക്‌ പ്രയാസമില്ല. അധികം താമസിയാതെ നമുക്ക്‌ കീലില്‍ എത്തുകയും ചെയ്യാം... പക്ഷേ, പിന്നെ...?"

അദ്ദേഹം അവളെ മൃദുവായി ചുംബിച്ചു. "കീലില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ സംഭവിക്കുന്നത്‌ ഒരേ ഒരു കാര്യം മാത്രം... പിന്നീട്‌ ഇതുപോലെ മറ്റുള്ളവരെ ഭയന്നുള്ള സന്ദര്‍ശങ്ങള്‍ വേണ്ടി വരില്ല..."

"ഇനിയും എത്ര നാള്‍ വേണ്ടി വരും അതിന്‌...?"

"നമുക്ക്‌ ഭാഗ്യമുണ്ടെങ്കില്‍ രണ്ടാഴ്ച മതി... പക്ഷേ, കാലാവസ്ഥ മോശമായാല്‍ പോരാ താനും..."

"നമ്മെ സഹായിക്കാനായി കാറ്റിനെ വിളിച്ചുവരുത്തട്ടെ ഞാന്‍...? ഒരു നല്ല കാറ്റ്‌...?" പുഞ്ചിരിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.

"ഹേയ്‌... അതിന്റെ ആവശ്യമൊന്നുമില്ല..." അദ്ദേഹം ആകാശത്തേക്ക്‌ കണ്ണോടിച്ചു. "ഇതൊരു താല്‍ക്കാലിക ശാന്തതയാണെന്ന് തോന്നുന്നു. പ്രഭാതത്തിന്‌ മുമ്പ്‌ നല്ല കാറ്റ്‌ പ്രതീക്ഷിക്കാം..."

പിന്നില്‍ പാദചലനം കേട്ട്‌ പെട്ടെന്ന് അവര്‍ ഞെട്ടിത്തിരിഞ്ഞു. അവരെ തന്നെ നോക്കിക്കൊണ്ട്‌ പാമരത്തിന്‌ സമീപം സിസ്റ്റര്‍ ആഞ്ചല നിന്നിരുന്നു.

"ഹേര്‍ റിക്ടര്‍.... ലോട്ടെ.... എത്ര സുന്ദരമായ രാത്രി... അല്ലേ...?" അവര്‍ വളരെ ശാന്തമായി ചോദിച്ചു.

സ്ഥലകാല ബോധം വീണ്ടെടുത്തപ്പോള്‍ ആദ്യം പ്രതികരിച്ചത്‌ ലോട്ടെയാണ്‌. റിക്ടറെ ഈ വിഷമഘട്ടത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അവള്‍ തീരുമാനിച്ചു. "കുറ്റം എന്റേതാണ്‌ സിസ്റ്റര്‍... റിക്ടര്‍ നിരപരാധിയാണ്‌..."

"എനിയ്ക്കത്‌ നന്നായി മനസ്സിലായി കുട്ടീ... നിങ്ങളെ വീക്ഷിച്ചുകൊണ്ട്‌ ഞാന്‍ ഇവിടെ നിന്നുതുടങ്ങിയിട്ട്‌ അഞ്ച്‌ മിനിറ്റായി. എന്തായാലും നീ ഇപ്പോള്‍ താഴെ പോകൂ..."

ലോട്ടെ ഒന്ന് സംശയിച്ചു നിന്നു. പിന്നെ മനസ്സില്ലാമനസ്സോടെ ഇടനാഴിയിലേക്ക്‌ നടന്നു. അവള്‍ അല്‍പ്പദൂരം എത്തിയപ്പോള്‍ സിസ്റ്റര്‍ ആഞ്ചല കൂട്ടിച്ചേര്‍ത്തു. "സമയം കിട്ടുമെങ്കില്‍ നാളെയും നിന്നോട്‌ സംസാരിക്കുവാന്‍ റിക്ടറിന്‌ വിരോധമുണ്ടാവില്ല...."

വിശ്വസിക്കാനാവാതെ അവള്‍ ഒരു നിമിഷം അവിടെ നിന്നു. പിന്നെ ഒരു ദീര്‍ഘശ്വാസമെടുത്ത്‌ തിരിഞ്ഞ്‌ താഴേക്ക്‌ ഓടിപ്പോയി.

"അപ്പോള്‍ എനിയ്ക്ക്‌ അവളോട്‌ സംസാരിക്കുവാനുള്ള അനുവാദമുണ്ടെന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്‌ സിസ്റ്റര്‍...?" അദ്ദേഹം ചോദിച്ചു.

"ഇത്രത്തോളമായ സ്ഥിതിക്ക്‌ ഇനി അതാണ്‌ നല്ലതെന്ന് എനിയ്ക്ക്‌ തോന്നുന്നു..." വേദന കലര്‍ന്ന പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.

പിന്നെ പെട്ടെന്ന് തിരിഞ്ഞ്‌ അവര്‍ ബെര്‍ഗറുടെ റൂമിന്‌ നേര്‍ക്ക്‌ നടന്നു. കതകില്‍ മുട്ടി അവര്‍ ഉള്ളിലേക്ക്‌ പോകുന്നത്‌ നോക്കി നിസ്സഹായനായി റിക്ടര്‍ നിന്നു.

ഡെസ്കിന്‌ മുന്നിലിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ക്യാപ്റ്റന്‍ ബെര്‍ഗര്‍. ഒരു പുസ്തകം വായിച്ചുകൊണ്ട്‌ തൊട്ടടുത്തുള്ള ബങ്കില്‍ കിടന്നിരുന്ന ഓട്ടോ പ്രേയ്‌ഗര്‍ ചാടിയെഴുനേറ്റു. ബെര്‍ഗര്‍ തന്റെ പേന മേശമേല്‍ വച്ചു.

"എന്താണ്‌ സിസ്റ്റര്‍...?" ആദരവോടെ അദ്ദേഹം ചോദിച്ചു.

"ഞാന്‍ ഇവിടെ നിന്ന് മാറിത്തരണമായിരിക്കും...?" പ്രേയ്‌ഗര്‍ വാതിലിന്‌ നേര്‍ക്ക്‌ നടന്നു.

സിസ്റ്റര്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഒരു നിമിഷത്തെ കാര്യമേയുള്ളൂ ക്യാപ്റ്റന്‍... റിക്ടറുടെയും ലോട്ടെയുടെയും കാര്യമാണ്‌..."

"ങ്‌ഹും... എന്താ...?" കുഴപ്പങ്ങളെ നേരിടാന്‍ തയ്യാറായിക്കൊണ്ട്‌ അദ്ദേഹം ചോദിച്ചു.

"കീലില്‍ എത്തുന്നത്‌ വരെ അവളോട്‌ സംസാരിക്കരുതെന്ന് റിക്ടറെക്കൊണ്ട്‌ പ്രതിജ്ഞ എടുപ്പിച്ചിരുന്നല്ലോ നമ്മള്‍... അതില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയാല്‍ നന്നായിരുന്നു..."

"ങ്‌ഹേ... എനിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സമീപനത്തില്‍ കാര്യമായ മാറ്റം വന്നിരിക്കുന്നല്ലോ... കാരണം...?"

"അതേ... ഇതൊരു പുതിയ സമീപനം തന്നെ... ലോട്ടെയുടെ ജീവിതം നേരായ മാര്‍ഗ്ഗത്തിലുള്ളതും സുരക്ഷിത്വം നിറഞ്ഞതുമായിരിക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം. കീലില്‍ എത്തിയതിന്‌ ശേഷം അവളുടെ ഭാവി അവള്‍ തീരുമാനിക്കട്ടെ. ദൈവം അവള്‍ക്കൊപ്പമുണ്ടാകും. അപ്പോള്‍ പിന്നെ ഈ അവസ്ഥയില്‍ അവരെ വേര്‍പിരിച്ച്‌ നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. വിശ്വസിക്കാവുന്ന, മാന്യനായ ഒരു ചെറുപ്പക്കാരനാണ്‌ റിക്ടര്‍ എന്ന് ഇന്നെനിയ്ക്ക്‌ ബോധ്യം വന്നിരിക്കുന്നു..."

എന്താണ്‌ പറയേണ്ടതെന്നറിയാതെ ബെര്‍ഗര്‍ മിഴിച്ചുനിന്നു. സിസ്റ്റര്‍ ആഞ്ചല ഒരു നിമിഷം നിന്നിട്ട്‌ തുടര്‍ന്നു... "സത്യം പറഞ്ഞാല്‍... ഞാന്‍ തളര്‍ന്നിരിക്കുന്നു ക്യാപ്റ്റന്‍...."

അവര്‍ പുറത്ത്‌ കടന്ന ഉടന്‍ വാതില്‍ താനേ അടഞ്ഞു. പ്രേയ്‌ഗറുടെ മുഖത്തെ ആശ്ചര്യഭാവം വിവരണാതീതമായിരുന്നു. ബെര്‍ഗര്‍, ഒരക്ഷരം പോലും ഉരിയാടാതെ, അലമാര തുറന്ന് ഒരു കുപ്പി റമ്മും രണ്ട്‌ ഗ്ലാസുകളും എടുത്തു.


* * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

11 comments:

  1. ഇനി നമുക്ക്‌ ജര്‍മ്മന്‍ എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ പൈലറ്റ്‌ ഹോസ്റ്റ്‌ നെക്കറുടെ വിശേഷങ്ങള്‍ അറിയുവാന്‍ പോകാം...

    ReplyDelete
  2. വിനുവേട്ടാ,

    മുപ്പത്തീമൂന്നാമദ്ധ്യായവും വായിച്ചു.
    കൂടുതല്‍ മികച്ച്തായി മുന്നേറുന്നു.
    വിവര്‍ത്തനം അസ്സലാവുന്നുണ്ട്.

    ReplyDelete
  3. അങ്ങനെ റിക്ടറുടേയും ലോട്ടെയുടെയും കാര്യത്തിലെ പ്രതീക്ഷകള്‍ കുറച്ചു കൂടി ഊര്‍ജ്ജിതമായി...

    കഥയ്ക്ക് നല്ല പുരോഗതി... തുടരട്ടെ, വിനുവേട്ടാ.

    ReplyDelete
  4. തുടരട്ടെ..
    ഞങ്ങള്‍ കൂടെയുണ്ട്
    :)

    ReplyDelete
  5. സി.ആഞ്ചലയുടെ മനസ്സുമാറിയത് നന്നായി... :) യാത്ര തുടരാം...

    ReplyDelete
  6. അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു.

    ReplyDelete
  7. വിനുവേട്ട...
    ജര്‍മ്മന്‍ എയര്‍ഫോര്‍സിലെ ഫൈറ്റര്‍ പൈലറ്റിന്റെ വിശേഷങ്ങളും....
    നോവീസ്‌ സിസ്റ്റര്‍'ലോട്ടെ'യുടെ തടസ്സങ്ങളൊഴിയുന്ന പ്രണയവും മനോഹരമാക്കിയിരിയ്ക്കുന്നു ഈ മുപ്പത്തിമൂന്നാം അദ്ധ്യായത്തെ!!
    അഭിനന്ദനങ്ങള്‍!!

    ReplyDelete
  8. ഈ നോവലിനോടൊപ്പം സ്ഥിരമായി സഞ്ചരിക്കുകയും അഭിപ്രായങ്ങള്‍ എഴുതുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി... പുതിയ സന്ദര്‍ശകന്‍ അക്‍ബറിന്‌ സ്വാഗതം...

    അടുത്ത ഭാഗം ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌...

    ReplyDelete
  9. പ്രണയം പൂ വിരിയട്ടെ

    ReplyDelete
  10. വായന തുടരുന്നു

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...