പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Saturday, March 27, 2010

സ്റ്റോം വാണിംഗ്‌ - 39

സ്ലീപ്പിംഗ്‌ കമ്പാര്‍ട്ട്‌മെന്റിലെ ജാലകത്തിനരുകില്‍ പുറത്തേക്ക്‌ നോക്കി നില്‍ക്കുകയാണ്‌ ജാനറ്റ്‌. അവളുടെ മുഖം മ്ലാനമായിരുന്നു. ബെന്‍ നെവിസിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളൊന്നും അവളുടെ മനസില്‍ യാതൊരു ചലനവും സൃഷ്ടിച്ചില്ല. മേശക്കരുകില്‍ വന്നിരുന്ന് ഒരു പുസ്തകം തുറന്ന് അവള്‍ വായിക്കാന്‍ ശ്രമിച്ചു.

ഒന്നര മണിക്കൂര്‍ കടന്നു പോയിരിക്കുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ തൊട്ട്‌ തുടങ്ങിയതാണ്‌ ജാഗോയുടെ ഉറക്കം. ഇതുവരെയും അവസാനിച്ചിട്ടില്ല. സ്കോട്ട്‌ലാന്റിലെ ഏറ്റവും മനോഹരങ്ങളായ പര്‍വ്വതനിരകളുടെ സമീപത്ത്‌ കൂടിയാണ്‌ ട്രെയിന്‍ ഇപ്പോള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്‌. ഇത്രയും ഹൃദയഹാരിയായ ഒരു ദൃശ്യവും ഇനി കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗ്ലെന്‍ഫിനന്‍, ലോഷൈല്‍ലോര്‍ട്ട്‌ എന്നീ സ്ഥലങ്ങള്‍ കടന്നുപോയിരിക്കുന്നു. കടലിന്റെ അലര്‍ച്ച ഇപ്പോള്‍ മഴയുടെ ഇരമ്പലിലും മീതെ ഉയര്‍ന്ന് കേള്‍ക്കാം.

കൈയിലുണ്ടായിരുന്ന പുസ്തകം മാറ്റി വച്ചിട്ട്‌ നേരം കുറച്ചായി. ഒരു സിഗരറ്റിന്‌ തീ കൊളുത്തി, ജനല്‍ച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ നോക്കി അവള്‍ ഇരുന്നു. ഗെറിക്കിനെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു അവള്‍. അദ്ദേഹത്തിന്റെ രൂപം മനസ്സില്‍ നിന്ന് മായുന്നില്ല. എന്തോ, അതിനി ഒരിക്കലും മാഞ്ഞുപോകുകയുമില്ല എന്ന് അവള്‍ക്ക്‌ തോന്നി. എപ്പോഴോ മാറ്റി വച്ച പുസ്തകം വീണ്ടുമെടുത്ത്‌ വായിക്കുവാന്‍ അവള്‍ വൃഥാ ശ്രമിച്ചു.


* * * * * * * * * * * * * * * * * * * * * * * * *

മെയില്‍ ബാഗുകളുടെ മുകളില്‍ കമഴ്‌ന്ന് കിടക്കുകയായിരുന്നതുകൊണ്ട്‌ ഗെറിക്കിന്‌ കാര്‍വറെ കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അയാളുടെ ഓരോ നീക്കത്തെക്കുറിച്ചും ബോധവാനായിരുന്നു ഗെറിക്ക്‌.

കൈയിലൊരു കത്തിയുമായി കാര്‍വര്‍ അദ്ദേഹത്തിന്റെ അരികില്‍ വന്ന് ഇരുന്നു. എന്നിട്ട്‌ അദ്ദേഹത്തിന്റെ ശിരസ്സ്‌ മുകളിലേക്ക്‌ തിരിച്ചു.

"വെറുതെ വിഡ്ഢിത്തരം കാണിക്കേണ്ട..." ഗെറിക്ക്‌ പറഞ്ഞു. "കോടതിയില്‍ ഇതിന്‌ സമാധാനം പറയാന്‍ നിങ്ങള്‍ ബുദ്ധിമുട്ടും..."

കാര്‍വര്‍ തന്റെ പോക്കറ്റില്‍ നിന്ന് ഗെറിക്കിന്റെ Knights Cross ബാഡ്‌ജ്‌ എടുത്തു കാണിച്ചു. "ഇത്‌ ലഭിക്കാന്‍ വേണ്ടി നീ പ്രത്യേകിച്ചെന്തെങ്കിലും ചെയ്തിട്ടുണ്ടോ...? ധീര പരാക്രമശാലികള്‍ക്ക്‌ കൊടുക്കുന്നതാണിതെന്നാണ്‌ കേട്ടിട്ടുള്ളത്‌..." ഉരുകിയ ലാവ പോലെ കോപം തിളച്ച്‌ മറിയുകയായിരുന്നു കാര്‍വറുടെയുള്ളില്‍. ഗെറിക്കിന്റെ കാലുകളിലെ ചരട്‌ അയാള്‍ അറുത്തുമാറ്റി. എന്നിട്ട്‌ അദ്ദേഹത്തെ പിടിച്ചുയര്‍ത്തി. "ങ്‌ഹും... എഴുനേറ്റ്‌ നില്‍ക്ക്‌..."

മരവിച്ചിരുന്ന കാലുകളില്‍ രക്തം ഓടുവാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്‌ കടുത്ത വേദന അനുഭവപ്പെട്ടു. നേരെ നില്‍ക്കുവാന്‍ അദ്ദേഹം ബുദ്ധിമുട്ടി. കാര്‍വര്‍ അദ്ദേഹത്തെ ഉന്തിത്തള്ളി ആ ചെറിയ മുറിയില്‍ നിന്ന് പുറത്തേക്ക്‌ കൊണ്ടുവന്നു. എന്നിട്ട്‌ മുതുകില്‍ ആഞ്ഞൊരു തള്ള്‌ കൊടുത്തു. ഗെറിക്ക്‌ മുന്നോട്ടാഞ്ഞ്‌ മുട്ടുകുത്തി കമഴ്‌ന്ന് വീണു. എന്നിട്ടും ദ്വേഷ്യം തീരാഞ്ഞ്‌ അദ്ദേഹത്തിന്റെ വാരിയെല്ലിന്‌ ഒരു തൊഴിയും കൊടുത്തു.

"ഇപ്പോള്‍ സുഖം തോന്നുന്നുണ്ടോ സര്‍...?" അയാള്‍ പുച്ഛസ്വരത്തില്‍ ഗെറിക്കിനോട്‌ ചോദിച്ചു.

ഗെറിക്ക്‌ വിഷമിച്ച്‌ മുട്ടുകുത്തി വീണ്ടും എഴുനേറ്റു. "ഇങ്ങനെയാണോ ചീഫ്‌ നിങ്ങള്‍ ഗോദായില്‍ വിജയം നേടുന്നത്‌? എതിരാളിയുടെ കൈകള്‍ കൂട്ടിക്കെട്ടി മണല്‍ച്ചാക്കില്‍ ഇടിക്കുന്നത്‌ പോലെ...?"

കാര്‍വര്‍ താക്കോല്‍ എടുത്ത്‌ ഗെറിക്കിന്റെ കൈവിലങ്ങുകള്‍ രണ്ടും അഴിച്ചുമാറ്റി. എന്നിട്ട്‌ തിരിച്ചു നിര്‍ത്തി. "നിന്നെ കൈകാര്യം ചെയ്യാന്‍ എനിക്കറിയാമോ എന്ന് ഞാന്‍ കാണിച്ചു തരാം റാസ്കല്‍..." കാര്‍വര്‍ മുരണ്ടു.

കൈകള്‍ സ്വതന്ത്രമായതോടെ ഗെറിക്ക്‌ തന്റെ റെയിന്‍കോട്ട്‌ ഊരിയെറിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത്‌ ഒരു ഗൂഢസ്മിതം വിരിഞ്ഞു. കാര്‍വര്‍, വിദഗ്ദനായ ഒരു മല്ലനെ പോലെ വലത്‌ കൈ ചുരുട്ടി മുന്നോട്ട്‌ കുതിച്ചു. ഇടത്‌ കൈ ഒരു പരിച പോലെ പിടിച്ച്‌ ഒരു ഗുസ്തിക്കാരനെ പോലെ ഗെറിക്കിന്റെ നേര്‍ക്ക്‌ നീങ്ങി. എന്നാല്‍ അസാമാന്യ വേഗത്തില്‍ ഗെറിക്ക്‌ ഒരു വശത്തേക്ക്‌ ഒഴിഞ്ഞുമാറി.

പൂര്‍വ്വാധികം ശക്തിയോടെ കാര്‍വര്‍ വീണ്ടും അദ്ദേഹത്തിന്‌ നേര്‍ക്ക്‌ കുതിച്ചു. ഇപ്രാവശ്യം ഗെറിക്ക്‌ ഒഴിഞ്ഞുമാറുക മാത്രമല്ല, ഒന്ന് ചുറ്റിത്തിരിഞ്ഞ്‌ ഇടത്‌ കാല്‍മുട്ട്‌ ഉയര്‍ത്തി കാര്‍വറുടെ അടിവയറ്റില്‍ ഒന്ന് കൊടുക്കുക കൂടി ചെയ്തു. അസഹനീയമായ വേദനയാല്‍ ഒന്നലറിയിട്ട്‌ കാര്‍വര്‍ വീണ്ടും അദ്ദേഹത്തിന്‌ നേര്‍ക്ക്‌ തിരിഞ്ഞു.

"അതേ ചീഫ്‌... ഇതുവരെ ഞാന്‍ എന്റെ തനിനിറം പുറത്തെടുത്തിട്ടില്ല..." ഗെറിക്ക്‌ തന്റെ ഇടത്‌ കാല്‍ വിണ്ടും പ്രയോഗിച്ചു. കാര്‍വറുടെ വാരിയെല്ലുകള്‍ക്ക്‌ താഴെ. പിന്നെയൊന്ന് പതിച്ചത്‌ കാര്‍വറുടെ കവിളിലാണ്‌. അതവിടെ ഒരു മുറിവുണ്ടാക്കുകയും ചെയ്തു. "ചിലിയിലേക്ക്‌ വെടിയുപ്പ്‌ കൊണ്ടുപോകുന്ന കപ്പലില്‍ അപ്രന്റിസ്‌ ആയി ഞാന്‍ ജോലി നോക്കിയിട്ടുണ്ട്‌. കുറച്ച്‌ കഠിനം തന്നെയായിരുന്നു അത്‌. അച്ചടക്കം പാലിക്കാന്‍ കൈകാലുകള്‍ കൊണ്ടുള്ള പല വിദ്യകളും അവിടെ പ്രയോഗത്തിലുണ്ടായിരുന്നു. എന്തായാലും ഞാന്‍ അതൊക്കെ വളരെ പെട്ടെന്ന് പഠിച്ചെടുത്തു..."

ഗെറിക്ക്‌ വളരെ സാവധാനം തന്റെ ലക്ഷ്യത്തില്‍ ഓരോന്നായി കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ കാര്‍വറിന്റെ ഇടിമുഴുവനും ശുന്യതയില്‍ പതിക്കുകയാണുണ്ടായത്‌.

ചീഫ്‌ വളരെ അവശനായിക്കഴിഞ്ഞിരുന്നു. മുഖം രക്തത്തില്‍ കുളിച്ചിരിക്കുന്നു. സംസാരിക്കാനാവാതെ പ്രാണവായുവിന്‌ വേണ്ടി വിഷമിക്കുന്ന കാര്‍വറെ അദ്ദേഹം ആ ഇടുങ്ങിയ മുറിക്കുള്ളിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയി.

"സ്നേഹിതാ... നിങ്ങള്‍ ധരിച്ചിരിക്കുന്ന യൂണിഫോമിനും നിങ്ങളെ വളര്‍ത്തിയെടുത്ത രാഷ്ട്രത്തിനും അപമാനമാണ്‌ നിങ്ങള്‍... വളരെ മുമ്പേ തന്നെ ആരെങ്കിലും തരേണ്ടതായിരുന്നു നിങ്ങള്‍ക്കിത്‌..." ഗെറിക്ക്‌ പറഞ്ഞു. പിന്നെ അതിശക്തമായ മൂന്ന് ഇടികള്‍ കൂടി ഇട്ടു കൊടുത്തു കാര്‍വറുടെ മുഖത്ത്‌. അതോടെ അയാള്‍ ഇരുമ്പഴികളിലേക്ക്‌ ചാരി നിലത്തോട്ട്‌ ഊര്‍ന്ന് വീണു.

ശിരസ്സ്‌ ഒരു വശത്തേക്ക്‌ തൂങ്ങി നിലത്ത്‌ കിടക്കുന്ന കാര്‍വറെ നോക്കി ഗെറിക്ക്‌ അല്‍പ്പസമയം നിന്നു. പിന്നെ അയാളുടെ പോക്കറ്റുകള്‍ തപ്പി തന്നില്‍ നിന്ന് അപഹരിച്ച ബാഡ്‌ജുകളും മറ്റും പുറത്തെടുത്തു.

അവിടെ വീണുകിടന്നിരുന്ന മോസര്‍ അദ്ദേഹം പോക്കറ്റില്‍ തിരുകി. പിന്നെ തന്റെ ക്യാപ്പും റെയിന്‍കോട്ടും എടുത്ത്‌ ധരിച്ചു. എന്നിട്ട്‌ കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലിനരികിലേക്ക്‌ നീങ്ങി. വാതില്‍ തുറന്നതും മഴ ഉള്ളിലേക്കടിച്ച്‌ കയറി.

സ്ലീപ്പര്‍ കോച്ചിലെ ഒരു തുറന്ന ജാലകത്തിനരുകില്‍ പുറത്തേക്ക്‌ നോക്കി നില്‍ക്കുകയായിരുന്നു ജാനറ്റ്‌. പെട്ടെന്നാണവള്‍ അവിശ്വസനീയമായ ആ കാഴ്ച കണ്ടത്‌. എവിടെ നിന്നോ എന്ന പോലെ സമീപത്തെ കുറ്റിക്കാട്ടില്‍ വന്നു പതിച്ച ഗെറിക്ക്‌ താഴ്‌വാരത്തിലേക്ക്‌ ഉരുണ്ടുരുണ്ട്‌ പോകുന്നു. പിന്നെ ഒന്നും കാണാനുണ്ടായിരുന്നില്ല. ചീറിയടിക്കുന്ന കാറ്റും മഴയും മാത്രം.

* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Sunday, March 21, 2010

സ്റ്റോം വാണിംഗ്‌ - 38

ഉച്ചഭക്ഷണത്തിനുള്ള സമയമായിരിക്കുന്നു. റിക്ടര്‍ ഡെക്കില്‍ നിന്ന് സലൂണിലേക്കിറങ്ങി. താഴെയെത്താറായപ്പോള്‍ ചെറിയതോതിലുള്ള എന്തോ വാക്ക്‌ തര്‍ക്കങ്ങള്‍ നടക്കുന്നതിന്റെ ശബ്ദം അദ്ദേഹത്തിന്റെ ചെവിയിലെത്തി.

"ങ്‌ഹും... എന്തോ ചീഞ്ഞ്‌ നാറുന്നത്‌ പോലെയുണ്ട്‌..." ലീഡിംഗ്‌ സീമാന്‍ റോത്തിന്റെ സ്വരമായിരുന്നു അത്‌.

സലൂണിന്റെ നടുവില്‍ ഇട്ടിരിക്കുന്ന ചെറിയ മേശയുടെ ചുറ്റും കൂടി നില്‍ക്കുകയാണ്‌ എല്ലാവരും. ആ മേശപ്പുറത്തായിരുന്നു അവിടെ നടക്കുന്ന ബഹളത്തിന്‌ ഹേതുവായ വസ്തു കിടന്നിരുന്നത്‌. അടുക്കളയില്‍ നിന്ന് അല്‍പ്പം മുമ്പ്‌ മാത്രം കൊണ്ടുവന്ന രണ്ട്‌ വലിയ കലങ്ങള്‍. അവരിലൊരാള്‍ അതിന്റെ മൂടി ഉയര്‍ത്തി നോക്കി. അതില്‍ നിന്ന് നിര്‍ഗമിച്ച ഗന്ധം ഒന്ന് വേറെ തന്നെയാണെന്ന് റിക്ടറിന്‌ തോന്നി. കുടല്‍ പോലും പുറത്ത്‌ വരുന്ന തരത്തിലുള്ള ദുര്‍ഗന്ധം.

"എന്താണിത്‌...?" റികടര്‍ അവര്‍ക്കിടയിലൂടെ മേശയുടെ അരികിലെത്തി.

"നമുക്കുള്ള ഭക്ഷണം... അല്ലാതെന്താ... പന്നികള്‍ക്ക്‌ പോലും കൊടുക്കാന്‍ കൊള്ളില്ല... വെബ്ബര്‍ ഉണ്ടാക്കിയതാണ്‌..." എന്‍ഡ്രാസ്‌ പറഞ്ഞു.

"അയാളതിന്‌ പാചകക്കാരനൊന്നുമല്ലല്ലോ..." പാത്രം തുറന്ന് നോക്കി അറപ്പോടെ റിക്ടര്‍ പറഞ്ഞു.

"വാള്‍സ്‌ നല്ലൊരു പാചകക്കാരന്‍ ആയിരുന്നു... മറ്റെന്തെല്ലാം ദോഷങ്ങള്‍ അയാള്‍ക്കുണ്ടായിരുന്നെങ്കിലും..."

അമര്‍ത്തപ്പെട്ട ഒരു നിശബ്ദത അവിടെങ്ങും പരന്നു. വാള്‍സിന്റെ മരണത്തിന്‌ ശേഷം പാചകക്കാരന്റെ തസ്തിക ഒഴിഞ്ഞ്‌ കിടക്കുകയാണെന്നത്‌ അനിഷേധ്യമായ ഒരു വസ്തുത തന്നെയാണ്‌. അതു കൊണ്ട്‌ തന്നെ ഇപ്പോഴത്തെ ഈ പരിതാപകരമായ അവസ്ഥയുടെ ഉത്തരവാദിത്വം അവരെല്ലാം കൂടി പരോക്ഷമായി റിക്ടറുടെ മേല്‍ ചുമത്തുകയാണെന്ന് വ്യക്തമായിരുന്നു.

"ഹേര്‍ റിക്ടര്‍... എന്റെ ജീവിതത്തിലെ ഭൂരിഭാഗവും കടലില്‍ തന്നെയാണ്‌ ചെലവഴിച്ചിട്ടുള്ളതെന്ന് താങ്കള്‍ക്കറിയാമല്ലോ... കൊമാഡര്‍ ജോണ്‍സന്റെ കൂടെ ജോലി ചെയ്തിട്ടുള്ളവനാണ്‌ ഞാന്‍... ആസ്ട്രേലിയയില്‍ നിന്ന് ക്വീന്‍സ്‌ലണ്ട്‌ വരെയുള്ള നൂറ്റിയേഴ്‌ മൈല്‍ യാത്ര... എന്റെ അവകാശങ്ങളെക്കുറിച്ചൊക്കെ നല്ല ബോധ്യമുണ്ടെനിക്ക്‌... നിയമപ്രകാരം ഓരോ നാവികനും മുക്കാല്‍ പൗണ്ട്‌ മാംസാഹാരം ദിവസേന കൊടുക്കണമെന്നുണ്ട്‌..." റീഡല്‍ അല്‍പ്പം ക്ഷോഭത്തോടെ തന്നെ പറഞ്ഞു. പിന്നെ കലത്തിലെ പദാര്‍ത്ഥം കൈല്‌ കൊണ്ട്‌ ഇളക്കിയിട്ട്‌ തുടര്‍ന്നു. "എന്നിട്ട്‌ നമുക്ക്‌ കിട്ടുന്നതോ...? ഭാഗ്യമുണ്ടെങ്കില്‍ ഒരു കഷണം..."

"വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ്‌ കുറവാണെന്നത്‌ ശരി തന്നെയാണ്‌...." റിക്ടര്‍ പറഞ്ഞു. "പാത്രത്തില്‍ നിന്ന് ഇറച്ചി പുറത്തെടുത്തപ്പോള്‍ തന്നെ പകുതിയും ചീഞ്ഞ്‌ തുടങ്ങിയിരുന്നു... അതിന്‌ വെബ്ബറെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല..."

"എന്തായാലും ഇത്‌ വായില്‍ വയ്ക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ... നമുക്ക്‌ ക്യാപ്റ്റനെ ഒന്ന് കണ്ടുകളയാം..." എന്‍ഡ്രാസ്‌ പറഞ്ഞു.

"എന്നാല്‍ അങ്ങനെയാകട്ടെ..." റിക്ടര്‍ തല കുലുക്കി. റീഡലും കൂടെ വരട്ടെ. ആ കലവും എടുത്തോളൂ. നമ്മുടെ പ്രശ്നം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താന്‍ ഉപകരിക്കും..."

റിക്ടറും സംഘവും ബെര്‍ഗറുടെ ക്യാബിന്‌ നേര്‍ക്ക്‌ നടന്നു. ഭക്ഷണം കഴിക്കാന്‍ തയ്യാറെടുക്കുന്ന ബേര്‍ഗറെയും പ്രേയ്‌ഗറെയുമാണ്‌ അവിടെ ചെന്നപ്പോള്‍ അവര്‍ കണ്ടത്‌.

"എന്താണെല്ലാവരും കൂടി...?" ബെര്‍ഗര്‍ ചോദിച്ചു.

"ഒരു പരാതിയുമായിട്ടാണ്‌ ക്യാപ്റ്റന്‍... അവര്‍ക്ക്‌ വേണ്ടി പെറ്റി ഓഫീസര്‍ എന്‍ഡ്രാസും ലീഡിംഗ്‌ സീമാന്‍ റീഡലും താങ്കളോട്‌ സംസാരിക്കും..."

"ങ്‌ഹൂം...?" ബെര്‍ഗര്‍ തണുപ്പന്‍ മട്ടില്‍ എന്‍ഡ്രാസിനെ നോക്കി.

"ഭക്ഷണത്തിന്റെ കാര്യമാണ്‌ സര്‍... മനുഷ്യര്‍ക്ക്‌ ഉള്ളിലേക്കിറക്കാന്‍ പറ്റാത്ത അവസ്ഥയിലായി... അതിന്റെ നാറ്റമാണെങ്കില്‍..."

റീഡലിന്റെ കൈയിലിരുന്ന പാത്രത്തിന്റെ മൂടി അയാള്‍ ഉയര്‍ത്തി. അതില്‍ നിന്നുയര്‍ന്ന ദുര്‍ഗന്ധത്തിന്റെ ആദ്യ കണിക നാസരന്ധ്രങ്ങളിലെത്തിയതും ബെര്‍ഗര്‍ തല തിരിച്ചു.

"സാധനം കണ്ടുകഴിഞ്ഞല്ലോ...? ഇനി അത്‌ പുറത്ത്‌ കൊണ്ടുപോകൂ..." എന്‍ഡ്രാസ്‌ റീഡലിനോട്‌ പറഞ്ഞു.

"ശരിയാണ്‌... അത്ര നല്ല ഭക്ഷണം എന്ന് പറയാന്‍ പറ്റില്ല. ഞാനും ഇതു തന്നെയാണല്ലോ കഴിക്കുന്നത്‌..." ബെര്‍ഗര്‍ സ്വന്തം പാത്രത്തിലേക്ക്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പറഞ്ഞു.

"അടുക്കളയില്‍ ആരാണിന്ന് ? വെബ്ബറാണെന്ന് തോന്നുന്നു... അല്ലേ...?" ബെര്‍ഗര്‍ റിക്ടറോട്‌ ചോദിച്ചു.

"അതേ സര്‍... അയാളെ നിര്‍ബന്ധിച്ച്‌ പറഞ്ഞയച്ചതാണ്‌. ആരും തന്നെ അടുക്കള ജോലിക്ക്‌ തയ്യാറല്ലാത്തതിനാല്‍ നറുക്കെടുപ്പിലൂടെയാണ്‌ ഇപ്പോള്‍ പാചകക്കാരനെ തെരഞ്ഞെടുക്കുന്നത്‌..."

ബെര്‍ഗര്‍ തലയാട്ടി. "ഇക്കാര്യത്തില്‍ കൂടുതലെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് എനിക്ക്‌ തോന്നുന്നില്ല. ഒരു പായ്‌ക്കപ്പലിലെ എക്കാലത്തേയും പ്രശ്നമാണിത്‌... ചിലപ്പൊഴൊക്കെ ഭക്ഷണസാധനങ്ങള്‍ ചീഞ്ഞുപോകും. പ്രത്യേകിച്ച്‌ മാംസവും മറ്റും... അതൊക്കെ വിദഗ്‌ദരായ പാചകക്കാര്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌. അങ്ങനെയൊരാളാണ്‌ നമ്മോടൊപ്പം ഇന്നില്ലാത്തതും. വെബ്ബര്‍ അയാളുടെ കഴിവിനനുസരിച്ച്‌ ആവുന്നതൊക്കെ ചെയ്യുന്നുണ്ടെന്ന് എനിക്കുറപ്പാണ്‌..."

"അക്കാര്യത്തില്‍ കുറച്ച്‌ സംശയമുണ്ട്‌ ക്യാപ്റ്റന്‍..." ക്യാബിന്‌ പുറത്ത്‌ നിന്നിരുന്ന സിസ്റ്റര്‍ ആഞ്ചലയുടെ സ്വരമായിരുന്നു അത്‌. അവരുടെ കൈയിലും ഒരു പാത്രമുണ്ടായിരുന്നു. മറ്റ്‌ കന്യാസ്ത്രീകളും അവര്‍ക്ക്‌ പിന്നില്‍ സന്നിഹിതരായിരുന്നു.

തന്റെ കൈയിലെ പാത്രത്തിന്റെ അടപ്പ്‌ അവര്‍ തുറന്നു. "ഈ സാധനത്തെ എന്തെന്നാണ്‌ വിളിക്കേണ്ടത്‌...? അവര്‍ ബെര്‍ഗറോട്‌ ചോദിച്ചു.

ആ പാത്രത്തിലെ കൊഴുത്ത ദ്രാവകത്തിലേക്ക്‌ അദ്ദേഹം നോക്കി. "പയര്‍ കറി വച്ചതാണ്‌ സിസ്റ്റര്‍..."

"എന്നിട്ടിങ്ങനെ കറുത്ത്‌ വൃത്തികെട്ടിരിക്കുന്നതോ...? എന്തായാലും ഒരു കാര്യം തീര്‍ച്ച... പാചകക്കാരന്‍ പയര്‍ കഴുകിയിട്ടില്ല..." അവര്‍ പറഞ്ഞു.

"സമ്മതിച്ചു..." ബെര്‍ഗര്‍ കൈ ഉയര്‍ത്തി അവരുടെ സംഭാഷണം തടഞ്ഞു. "ഇനി അധികം നീട്ടിക്കൊണ്ടുപോകേണ്ട. ഞാന്‍ ഇക്കാര്യത്തില്‍ എന്ത്‌ ചെയ്യണമെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌...?"

അവര്‍ ആ പാത്രം സിസ്റ്റര്‍ കാത്തെയുടെ കൈയിലേക്ക്‌ കൊടുത്തു. "ഞങ്ങള്‍ക്ക്‌ അടുക്കള മൊത്തമൊന്ന് പരിശോധിക്കാന്‍ പോകുകയാണ്‌... നിങ്ങളുടെ അനുവാദത്തോടു കൂടി മാത്രം..."

ബെര്‍ഗര്‍ അവരുടെ അഭിപ്രായത്തോട്‌ യോജിക്കുവാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം തലയില്‍ നിന്ന് ഹാറ്റ്‌ ഊരി. "നിങ്ങള്‍ക്ക്‌ എന്തിനുള്ള അനുവാദവും ഞാന്‍ തരാം സിസ്റ്റര്‍... വരൂ... നമുക്ക്‌ അടുക്കളയിലേക്ക്‌ പോകാം..."

അവര്‍ അടുക്കളയിലേക്ക്‌ നടന്നു. നിര്‍ഭാഗ്യനായ വെബ്ബര്‍ ആ ഇടുങ്ങിയ മുറിയില്‍ വിഷണ്ണനായി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ക്ക്‌ ചുറ്റും കുഴമ്പ്‌ രൂപത്തിലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന വൃത്തിഹീനമായ കലങ്ങളും പാത്രങ്ങളും ക്രമരഹിതമായി കിടക്കുന്നുണ്ടായിരുന്നു.

ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഒരു സംഘം അടുക്കളയിലേക്ക്‌ കടന്ന് വരുന്നത്‌ കണ്ട പാവം വെബ്ബര്‍ പരിഭ്രമിച്ചുപോയി. അയാള്‍ പെട്ടെന്ന്‌ ചാടിയെഴുനേറ്റു. തന്റെ കൈയിലെ ഭക്ഷണശകലങ്ങള്‍ അയാള്‍ ധരിച്ചിരുന്ന ചെളി പിടിച്ച ഏപ്രണില്‍ തുടച്ചു.

"പുറത്ത്‌ കടക്കൂ വെബ്ബര്‍.... വേഗം..." ബെര്‍ഗര്‍ അയാളോട്‌ പറഞ്ഞു.

അയാള്‍ പെട്ടെന്ന്‌ പുറത്ത്‌ ചാടി. വാതില്‍ക്കല്‍ നിന്നിരുന്ന സിസ്റ്റര്‍ ആഞ്ചല അടുക്കളയിലേക്ക്‌ കടന്നു. ചീഞ്ഞ്‌ തുടങ്ങിയ ഇറച്ചി സൂക്ഷിച്ചിരുന്ന പാത്രത്തിലേക്ക്‌ കുനിഞ്ഞ്‌, മണത്തുനോക്കി. പിന്നെ വെബ്ബറെ രൂക്ഷമായി ഒന്ന് നോക്കി.

"ആ ചെളി പുരണ്ട ഏപ്രണ്‍ ഊരി മാറ്റൂ..."

അയാള്‍ പരിഭ്രമത്തോടെ ബെര്‍ഗറുടെ നേരെ നോക്കി. പിന്നെ അവര്‍ പറഞ്ഞത്‌ പോലെ ചെയ്തു. അവര്‍ അത്‌ വാങ്ങിയിട്ട്‌ അല്‍പ്പം അകറ്റി പിടിച്ചു. പിന്നെ ഒരു നിമിഷം കഴിഞ്ഞ്‌ അടുക്കളയുടെ മൂലയിലേക്കെറിഞ്ഞു.

"ഈ മനുഷ്യനെ അയാളുടെ സാധാരണ ജോലികളിലേക്ക്‌ വിട്ടോളൂ... തീര്‍ച്ചയായും ഇത്‌ ഇയാള്‍ക്ക്‌ പറ്റിയ പണിയല്ല..." അവര്‍ ബെര്‍ഗറോട്‌ പറഞ്ഞു.

"അപ്പോള്‍ ഭക്ഷണത്തിന്റെ കാര്യം...?"

"അതിന്‌ നിങ്ങളും കൂടി അല്‍പ്പം സഹകരിക്കണം ക്യാപ്റ്റന്‍... പക്ഷേ, ആദ്യം ഈ വൃത്തികെട്ട സ്ഥലം ഒന്ന് ശുചിയാക്കട്ടെ...."

അവര്‍ മറ്റ്‌ കന്യാസ്ത്രീകളൂടെ നേര്‍ക്ക്‌ തിരിഞ്ഞു. "ഓരോ പാത്രവും മിന്നിത്തിളങ്ങണം... അതിന്‌ ശേഷം മാത്രമേ എന്തെങ്കിലും പാചകം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടതുള്ളൂ... എന്താ സമ്മതമായോ ക്യാപ്റ്റന്‍...?"

"നിങ്ങള്‍ എന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുള്ളതുപോലെ... നല്ലവനായ ആ ദൈവത്തിന്റെ കരങ്ങളിലാണ്‌ ഞങ്ങളെല്ലാം..." ബെര്‍ഗര്‍ അവരെ പുകഴ്ത്തിക്കൊണ്ട്‌ പറഞ്ഞു.

മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുന്നു. സായാഹ്നത്തോടടുക്കുന്നു. ബെര്‍ഗര്‍ പ്രേയ്‌ഗറോടൊപ്പം ക്വാര്‍ട്ടര്‍ ഡെക്കിലേക്ക്‌ നടക്കുമ്പോള്‍ അടുക്കളയില്‍ നിന്നും ഹൃദ്യമായ ഗന്ധം പ്രവഹിക്കുന്നുണ്ടായിരുന്നു. ജീവിതത്തിലാദ്യമായിട്ടാണ്‌ തനിക്ക്‌ വിശപ്പ്‌ തോന്നുന്നത്‌ എന്ന് അദ്ദേഹത്തിന്‌ തോന്നി.

"നല്ല മണം വരുന്നുണ്ടല്ലോ..." ഡ്യൂട്ടിയിലുണ്ടായിരുന്ന റിക്ടറോട്‌ അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു.

"അതിനാണ്‌ ക്യാപ്റ്റന്‍, സ്ത്രീ സ്പര്‍ശം എന്ന് പറയുന്നത്‌..."

"എന്തായാലും ദൈവത്തിന്‌ സ്തുതി..." പ്രേയ്‌ഗര്‍ കുരിശ്‌ വരച്ചു.


* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, March 12, 2010

സ്റ്റോം വാണിംഗ്‌ - 37

വേഗതയാര്‍ജ്ജിച്ച്‌ തുടങ്ങിയ ട്രെയിനിനുള്ളില്‍ നിരാശനായി ജാഗോ മുന്നോട്ട്‌ നടന്നു. ഫിഷറും കാര്‍വറും തൊട്ടുപിന്നില്‍ തന്നെയുണ്ട്‌.

"ഞാന്‍ ഇനി എന്ത്‌ ചെയ്യണം സര്‍...?" ഫിഷര്‍ വേദനയോടെ ചോദിച്ചു.

"ആ മലനിരകകളുടെ മുകളിലേക്ക്‌ ഓടിപ്പൊയ്ക്കോ... എന്നിട്ട്‌ തല തല്ലിപ്പൊളിക്ക്‌... അല്ല പിന്നെ... എന്തിനാണിപ്പോള്‍ എന്നോട്‌ ചോദിക്കുന്നത്‌..?" ജാഗോ അരിശത്തോടെ ചോദിച്ചു. "ഇതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്ക്‌ മാത്രമാണ്‌ ഫിഷര്‍... അന്നേരം ഞാന്‍ അവിടെ ഉണ്ടായിരുന്നു പോലുമില്ല. വണ്ടിക്കുള്ളിലായിരുന്നു ഞാന്‍..."

ഈ കുഴഞ്ഞുമറിഞ്ഞ പ്രശ്നം വലിച്ചിഴച്ച്‌ കൊണ്ടുപോകുന്നതില്‍ തീരെ താല്‍പ്പര്യമില്ലായിരുന്നു ജാഗോയ്ക്ക്‌. സ്ലീപ്പര്‍ കോച്ചിന്റെ വാതില്‍ തുറന്ന് അദ്ദേഹം ഉള്ളിലേക്ക്‌ നടന്നു. അങ്ങേയറ്റത്തെ കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് സ്റ്റുവാര്‍ഡ്‌ ഒരു ട്രേയുമായി പുറത്തിറങ്ങി.

"കുറച്ച്‌ ചായയോ കാപ്പിയോ എന്തെങ്കിലും കൊണ്ടുവരൂ..." ജാഗോ അയാളോട്‌ പറഞ്ഞു.

"ഡോക്ടര്‍ മണ്‍റോയുടെ കമ്പാര്‍ട്ട്‌മെന്റിലേക്കാണോ...?" അയാള്‍ ഒന്ന് സംശയിച്ച്‌ നിന്നു. "അവര്‍ അവിടെ ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌ സര്‍... ഒരു ലെഫ്റ്റനന്റ്‌ വാന്‍ ലോട്ട്‌. ഡച്ച്‌ നേവല്‍ ഓഫീസറാണ്‌..."

ജാഗോയുടെ മുഖം തെളിഞ്ഞു. "ഉയരം കുറഞ്ഞ്‌, വിളറിയ മുഖമുള്ള ഒരുവന്‍...? വൈറ്റ്‌ ക്യാപ്പും നേവി ബ്ലൂ റെയിന്‍കോട്ടും ധരിച്ച്‌..." അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു.

"അതേ സര്‍... ആങ്ങ്‌ഹ്‌.. പിന്നെ കാപ്പിയുടെ കാര്യം സംശയമാണ്‌... ചായ എടുക്കാം... ഇപ്പോള്‍ തന്നെ എത്തിയ്ക്കാം സര്‍..."

അയാള്‍ കിച്ചണിലേക്ക്‌ നടന്നു. ജാഗോ തന്റെ കോള്‍ട്ട്‌ ഓട്ടോമാറ്റിക്ക്‌ ഗണ്‍ പോക്കറ്റില്‍ നിന്ന് എടുത്ത്‌ ഫിഷറുടെ നേരെ നോക്കി. "ഇപ്പോള്‍ എങ്ങനെയുണ്ട്‌...?"

"എനിക്കിത്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. അസാദ്ധ്യം തന്നെ..." ഫിഷര്‍ അതിശയത്തോടെ പറഞ്ഞു.

"ഒരൊറ്റ മിനിറ്റ്‌ തരൂ സര്‍ എനിയ്ക്ക്‌... ആ റാസ്കലിനെ ഞാനിപ്പോള്‍ കാണിച്ചു തരാം..." ഇരച്ചുകയറുന്ന ദ്വേഷ്യത്തോടെ കാര്‍വര്‍ പറഞ്ഞു.

"നിങ്ങള്‍ എന്ത്‌ വേണമെങ്കിലും ചെയ്തോളൂ... പക്ഷേ, ഡോക്ടര്‍ മണ്‍റോയുടെ സുരക്ഷിതത്വം കൂടി നോക്കണം. വളരെ ശ്രദ്ധയോടെ വേണം ഓരോ നീക്കവും. ഡോക്ടര്‍ക്ക്‌ ഒന്നും സംഭവിക്കാന്‍ പാടില്ല. മനസ്സിലായോ...?"

അദ്ദേഹം ജാനറ്റിന്റെ കമ്പാര്‍ട്ട്‌മെന്റിന്റെ അടുത്തേക്ക്‌ സാവധാനം നീങ്ങി. കതകിന്റെ പിടി തിരിച്ചു നോക്കി. രക്ഷയില്ല... അകത്ത്‌ നിന്ന് ലോക്ക്‌ ചെയ്തിരിക്കുന്നു. ഒരു ദീര്‍ഘശ്വാസമെടുത്ത്‌ അദ്ദേഹം കതകില്‍ മുട്ടി. "ജാനറ്റ്‌, നീയവിടെ ഇല്ലേ...? പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.

അവള്‍ വാതിലിന്‌ നേര്‍ക്ക്‌ ഒരടി വച്ചു. എന്നാല്‍ പെട്ടെന്ന് തന്നെ ഗെറിക്ക്‌ അവളെ പിറകോട്ട്‌ വലിച്ചു. അദ്ദേഹത്തിന്റെ ഇടത്‌ കൈത്തണ്ടയില്‍ കിടന്നിരുന്ന വിലങ്ങ്‌ വ്യക്തമായി കാണാമായിരുന്നു.

"അരുത്‌... സമയമായിട്ടില്ല..." ഗെറിക്ക്‌ പറഞ്ഞു.

അല്‍പ്പം ശക്തിയോടെ ജാഗോ വീണ്ടും കതകില്‍ മുട്ടി. "ഹേയ്‌ ജാനറ്റ്‌... കതക്‌ തുറക്കൂ..."

ഗെറിക്ക്‌ ബെര്‍ത്തിന്റെ ഒരു അരികില്‍ ഇരുന്നു. "പറയൂ... എങ്ങനെ മനസ്സിലായി നിനക്ക്‌ എന്നെ...?"

"ലണ്ടന്‍ കേയ്‌ജില്‍ വച്ചാണ്‌ നിങ്ങളെ ആദ്യമായി ഞാന്‍ കാണുന്നത്‌. അന്ന് നിങ്ങളുടെ മനോഹരമായ വൈറ്റ്‌ ക്യാപ്പില്‍ ഈഗിള്‍ ബാഡ്‌ജും സ്വസ്തിക ചിഹ്നവും ഉണ്ടായിരുന്നു..."

ഗെറിക്ക്‌ ഹാസ്യഭാവത്തില്‍ മന്ദഹസിച്ചു. "എന്നിട്ട്‌ നീയെന്റെ കണ്ണില്‍ പെട്ടില്ലല്ലോ..."

"അന്ന് നിങ്ങളുടെ ദിവസമല്ലായിരുന്നിരിക്കാം...എല്ലാത്തിനും ഒരു സമയമുണ്ടല്ലോ... അത്‌ പോട്ടെ... ഈ നാടകമൊന്ന് അവസാനിപ്പിക്കുന്നതില്‍ വിരോധമില്ലല്ലോ...?"

അവള്‍ വാതിലിന്റെ കൊളുത്തില്‍ കൈ വച്ചു. പെട്ടെന്ന് ഗെറിക്ക്‌, പോക്കറ്റില്‍ നിന്ന് മോസര്‍ എടുത്ത്‌ റെഡിയാക്കി അവളുടെ നേര്‍ക്ക്‌ ഉന്നം പിടിച്ചു. "അപ്പോള്‍ ഇനി നീ എന്റെ പള്‍സ്‌ എടുക്കില്ല...?"

"ഇന്ന് പറ്റില്ല... അയാം ഫുള്ളി ബുക്ക്ഡ്‌..."

"അത്‌ മതി... ഈ മനോഹരമായ ഓര്‍മ്മകള്‍ എന്നും എന്റെയൊപ്പം ഉണ്ടാകും." അദ്ദേഹം അവളുടെ മുന്നില്‍ തല കുനിച്ചു. എന്നിട്ട്‌ മോസറിന്റെ കുഴല്‍ തന്റെ നേര്‍ക്ക്‌ തിരിച്ച്‌ പിടിച്ച്‌ അവളുടെ കൈകളിലേക്ക്‌ കൊടുത്തു. ഹോളിവുഡ്‌ സിനിമകളില്‍ കോണ്‍റാഡ്‌ ഇങ്ങനെയല്ലേ ചെയ്യാറുള്ളത്‌...?"

അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. "നിങ്ങള്‍ ശരിയ്ക്കും ഒരു വിഡ്ഢി തന്നെ..." അവള്‍ മന്ത്രിച്ചു. "അവസാനമായി ഒന്നുകൂടി ചോദിക്കട്ടെ... നിങ്ങള്‍ക്കിത്‌ എവിടെ നിന്നാണ്‌ കിട്ടിയത്‌...?"

അദ്ദേഹം തോള്‍ വെട്ടിച്ചു. "ദാറ്റ്‌സ്‌ പര്‍ട്ട്‌ ഓഫ്‌ ദി ഗെയിം ഡോക്ടര്‍... ഇനി വാതില്‍ തുറന്നോളൂ..."

അവള്‍ വാതിലിന്റെ കൊളുത്ത്‌ ഊരി. എന്നിട്ട്‌ കതക്‌ തുറന്ന് ഒരു വശത്തേക്ക്‌ മാറി നിന്നു. ജാഗോയും കൂട്ടരും ഉള്ളിലേക്ക്‌ ഇരച്ചുകയറി. കാര്‍വര്‍ ഒറ്റച്ചാട്ടത്തിന്‌ ഗെറിക്കിനെ പിടികൂടി തിരിച്ചു നിര്‍ത്തി, മുതുകത്ത്‌ രണ്ടെണ്ണം കൊടുത്തു.

"നിനക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ...? ജാഗോ ഉത്ക്കണ്ഠയോടെ അവളോട്‌ ചോദിച്ചു.

ഗെറിക്ക്‌ നല്‍കിയ മോസര്‍ അവള്‍ ജാഗോയ്ക്ക്‌ കൈമാറി. "ഹീ ഈസ്‌ എ ജെന്റില്‍മാന്‍... തികച്ചും മാന്യമായിട്ടാണ്‌ അദ്ദേഹം പെരുമാറിയത്‌..."

"ആന്റ്‌ അയാം സോറി ഫോര്‍ ദാറ്റ്‌..." ഗെറിക്ക്‌ പുഞ്ചിരിച്ചു കൊണ്ട്‌ അവളോട്‌ പറഞ്ഞു.

അവള്‍ അല്‍പ്പം ക്രൂരമായി പൊട്ടിച്ചിരിച്ചു. "ടേക്ക്‌ ഹിം എവേ ഫ്രം ഹിയര്‍..."

കാര്‍വര്‍ അദ്ദേഹത്തെ മുന്നോട്ട്‌ തള്ളി. അദ്ദേഹത്തിന്റെ കൈകള്‍ രണ്ടും മുന്നിലേക്ക്‌ കൂട്ടിക്കെട്ടി വിലങ്ങ്‌ വച്ചുകഴിഞ്ഞിരുന്നു. ജാഗൊ, മോസര്‍ കാര്‍വറുടെ കൈയിലേക്ക്‌ കൊടുത്തു.

"ഇനിയെങ്കിലും ഇത്‌ നഷ്ടപ്പെടാതെ നോക്കൂ... പിന്നെ അദ്ദേഹത്തെയും..."

"ഇല്ല സര്‍... ഞാന്‍ ഉറപ്പുതരാം..." ഉള്ളില്‍ തികട്ടിവന്ന ദ്വേഷ്യം അടക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കാര്‍വര്‍ പറഞ്ഞു. പിന്നെ മുട്ടുമടക്കി ഗെറിക്കിന്റെ പുറത്ത്‌ ഒരു താങ്ങും. ഗെറിക്ക്‌ ആടിയാടി മുന്നോട്ട്‌ നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഫോര്‍ട്ട്‌ വില്യം സ്റ്റേഷനില്‍ നില്‍ക്കുകയാണ്‌ ട്രെയിന്‍. ഇരുപത്‌ മിനിറ്റ്‌ താമസമുണ്ട്‌ ഇവിടെ. ഫിഷര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ കയറി എങ്ങോട്ടോ ഫോണ്‍ ചെയ്തു. പിന്നെ പുറത്ത്‌ കടന്ന്, വണ്ടിയുടെ നേര്‍ക്ക്‌ നടന്നു. ഗാര്‍ഡിന്റെ വാനില്‍ കയറി ലഗ്ഗേജ്‌ കമ്പാര്‍ട്ട്‌മെന്റിന്റെ കതകില്‍ മുട്ടി. കാര്‍വര്‍ വാതില്‍ തുറന്നപ്പോള്‍ വണ്ടി വീണ്ടും നീങ്ങിത്തുടങ്ങിയിരുന്നു.

"എന്തായി സര്‍...?"

"നമ്മള്‍ അദ്ദേഹത്തെ മലേയ്‌ഗിലേക്ക്‌ കൊണ്ടുപോകുകയാണ്‌. അവിടെയുള്ള അമേരിക്കന്‍ നേവിയ്ക്ക്‌ കൈമാറിയിട്ട്‌ ഉച്ച കഴിഞ്ഞുള്ള ട്രെയിനില്‍ നമുക്ക്‌ ഗ്ലാസ്ഗോവിലേക്ക്‌ തിരിച്ച്‌ പോകാം... ആട്ടെ, എന്താണിപ്പോള്‍ അദ്ദേഹത്തിന്റെ അവസ്ഥ...?"

"കാലുകള്‍ രണ്ടും കൂട്ടിക്കെട്ടി, കൂട്ടില്‍ കിടക്കുന്ന കോഴിയെപ്പോലെയുണ്ട്‌..."

അഴികളുടെ അടുത്ത്‌ ചെന്ന് ഫിഷര്‍ ഉള്ളിലേക്ക്‌ സൂക്ഷിച്ചുനോക്കി. കൈകള്‍ രണ്ടും മുന്നോട്ട്‌ കൂട്ടി ബന്ധിക്കപ്പെട്ട അവസ്ഥയില്‍ മെയില്‍ ബാഗുകളുടെ പുറത്ത്‌ മലര്‍ന്ന് കിടക്കുകയാണ്‌ ഗെറിക്ക്‌. കാലുകള്‍ രണ്ടും ഒരു ചരട്‌ കൊണ്ട്‌ കൂട്ടിക്കെട്ടിയിട്ടുണ്ട്‌.

വളരെ ക്ഷീണിതനായി കാണപ്പെട്ട ഫിഷര്‍ താഴെയിരുന്നു. എന്നിട്ട്‌ ഒരു സിഗരറ്റ്‌ എടുത്ത്‌ തീ കൊളുത്തി. എന്തായാലും, ഈ നരകം ഒഴിഞ്ഞു കിട്ടിയതിന്‌ ദൈവത്തിന്‌ നന്ദി പറയാം. ഇനിയിപ്പോള്‍ അന്വേഷണവും പട്ടാളക്കോടതിയും വിചാരണയും ഒന്നും ഉണ്ടാകില്ല എന്നുറപ്പായി. ഇനി ഗതികേടിന്‌ അന്വേഷണമുണ്ടായെന്ന് തന്നെ ഇരിക്കട്ടെ... തനിക്ക്‌ കുഴപ്പമൊന്നും വരാന്‍ പോകുന്നില്ല. ഈ നശിച്ച പ്രശ്നമെല്ലാം ഉണ്ടായത്‌ കാര്‍വറുടെ അശ്രദ്ധ കൊണ്ടായിരുന്നല്ലോ...


* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, March 5, 2010

സ്റ്റോം വാണിംഗ്‌ - 36

തുറന്ന കാര്യേജിലെ ജീപ്പിനുള്ളില്‍ ഇരുന്നുള്ള യാത്ര വളരെ രസകരമായി തോന്നി ഗെറിക്കിന്‌. ജീപ്പിനുള്ളില്‍ ആയത്‌ കൊണ്ട്‌ മഴ ലവലേശം ഏല്‍ക്കുന്നില്ല. മനസ്സിനെ ഉല്ലസിപ്പിക്കുന്ന ഗ്രാമീണഭംഗി. തന്റെ സങ്കല്‍പ്പത്തിലുള്ള ഗ്രാമം ഇത്‌ തന്നെയല്ലേ എന്ന് തോന്നിപ്പോയി അദ്ദേഹത്തിന്‌.

അടുത്ത നീക്കം എന്തായിരിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. വരുന്നിടത്ത്‌ വച്ച്‌ കാണാം എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്‌ തല്‍ക്കാലം. കാര്‍വറെ വെട്ടിച്ച്‌ കടക്കാന്‍ പറ്റിയത്‌ ഏതായാലും നന്നായി. വീണ്ടും ട്രെയിനില്‍ തന്നെ കയറുവാന്‍ തോന്നിയത്‌ യാതൊരു വീണ്ടുവിചാരവുമില്ലാതെയായിരുന്നു. ഒളിയ്ക്കാന്‍ ഒരു ഇടം വേണമെന്ന് തോന്നിയപ്പോള്‍ പെട്ടെന്നുണ്ടായ ഒരു തോന്നല്‍.

എന്തായാലും, ഒരു കാര്യം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചു. മിക്ക രാഷ്ട്രങ്ങളുടെയും നേവിയുടെ യൂണിഫോമിന്റെ നിറം ഒന്നാണ്‌. തൂവെള്ള. അതുകൊണ്ട്‌ അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ജര്‍മ്മന്‍ നേവിയുടെ അടയാളമായ സ്വസ്തിക ചിഹ്നം തന്റെ ക്യാപ്പില്‍ നിന്ന് അഴിച്ചു മാറ്റി. ഇടത്‌ കൈയില്‍ വിലങ്ങ്‌ തൂങ്ങി കിടക്കുന്നുണ്ട്‌. അടുത്തതായി തൊപ്പിയിലുള്ള ഈഗിള്‍ ചിഹ്നം അഴിച്ച്‌ മാറ്റാനൊരുങ്ങുമ്പോഴാണ്‌ ട്രെയിനിന്റെ വേഗത പൊടുന്നനെ കുറഞ്ഞത്‌. സഡന്‍ ബ്രേക്കിന്റെ ആഘാതത്തില്‍ അദ്ദേഹം സീറ്റില്‍ നിന്ന് വഴുതി മുന്നോട്ട്‌ പോയി.

"ഗെയിം ഈസ്‌ ഓവര്‍..." അദ്ദേഹം മനസ്സില്‍ പറഞ്ഞു. ഇരുവശവും ലംബമായി വളരെ ഉയരത്തില്‍ നിന്ന് ചെത്തിയിറക്കിയിട്ടുള്ള ഒരു ഇടുക്കില്‍ കൂടിയാണ്‌ ട്രെയിന്‍ നീങ്ങുന്നത്‌. അതുകൊണ്ട്‌ തന്നെ പുറത്ത്‌ ചാടിയാല്‍ രക്ഷപെടാന്‍ സാദ്ധ്യത കുറവാണ്‌. എങ്കിലും അത്ര പെട്ടെന്ന് പരാജയം സമ്മതിച്ചുകൊടുക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. തനിക്കിനി നഷ്ടപ്പെടാനൊന്നുമില്ല. മറിച്ച്‌, രക്ഷപെടുകയാണെങ്കിലോ... ട്രെയിന്‍ നില്‍ക്കാറായി എന്നുറപ്പായപ്പോള്‍ അദ്ദേഹം എഴുനേറ്റ്‌, ഗാര്‍ഡിന്റെ വാനിന്റെ പിന്നിലെ തുരുമ്പിച്ച കോണിയുടെ നേര്‍ക്ക്‌ പെട്ടെന്ന് നീങ്ങി. എന്നിട്ട്‌ മുകളിലേക്ക്‌ കയറി.

ബോഗികളുടെ മുകളില്‍ വീതി കുറഞ്ഞ ഒരു നടപ്പാത ഉണ്ടായിരുന്നു. ഓരോ കോച്ചുകളുടെയും മുകളിലൂടെ അദ്ദേഹം മുന്നോട്ട്‌ ഓടി. ബോഗികളുടെ ഇരുവശത്തേക്കുമുള്ള ഉലച്ചിലില്‍ ബാലന്‍സ്‌ തെറ്റാതിരിക്കാന്‍ അദ്ദേഹം പാടുപെട്ടു. അവസാനം ട്രെയിന്‍ പൂര്‍ണ്ണമായും നിന്നപ്പോള്‍ ഉണ്ടായ ആഘാതത്തില്‍ അദ്ദേഹം മുന്നോട്ട്‌ കമഴ്‌ന്ന് വീണു.

കനത്ത മഴയുടെയും എന്‍ജിന്‍ തുപ്പുന്ന നീരാവിയുടെയും ശബ്ദമല്ലാതെ വേറൊന്നുമുണ്ടായിരുന്നില്ല അപ്പോള്‍ അവിടെ. എന്നാല്‍ പെട്ടെന്ന് തന്നെ അവിടെങ്ങും ശബ്ദമുഖരിതമായി. ജാലകങ്ങളുടെ ഷട്ടറുകള്‍ ഉയര്‍ന്നു. വാതിലുകള്‍ തുറക്കപ്പെട്ടു. അത്ഭുതവും പരിഭ്രമവും കലര്‍ന്ന ശബ്ദങ്ങള്‍ മുഴങ്ങി. ആരോ ട്രാക്കില്‍ കൂടി ഓടുന്നുണ്ടായിരുന്നു. പിന്നാലെ ഫിഷറുടെ ശബ്ദം ഉയര്‍ന്ന് കേട്ടു. "ഇപ്രാവശ്യം അവനെങ്ങും പോകാന്‍ സമയം കിട്ടില്ല..."

"തീര്‍ച്ചയായും..." ജാഗോ വിളിച്ചു പറഞ്ഞു. "അതുകൊണ്ട്‌ സാവധാനം മതി. തോക്ക്‌ കൊണ്ടുള്ള കളി വേണ്ട. ജീവനോടെ അദ്ദേഹത്തെ കിട്ടിയാല്‍ വളരെ നന്ന്..."

അവര്‍ വണ്ടിയുടെ പിന്‍ഭാഗത്തേക്ക്‌ നീങ്ങി. ഗെറിക്ക്‌ അത്‌ ശ്രദ്ധിച്ചുകൊണ്ട്‌ രണ്ട്‌ ബോഗികളുടെ ഇടയിലുള്ള ബ്രിഡ്‌ജിലേക്ക്‌ കോണി വഴി ഇറങ്ങി. പിന്നെ വാതില്‍ തുറന്ന് ഉള്ളിലേക്ക്‌ കടന്നു.

ഇടനാഴിയില്‍ ആളുകള്‍ ആകാംക്ഷയോടെ നിരന്ന് നില്‍ക്കുന്നുണ്ടായിരുന്നു. മലേയ്‌ഗിലെ നേവല്‍ ഡിപ്പോയിലേക്ക്‌ പോകുന്ന നാവികരായിരുന്നു അവരില്‍ ഭൂരിഭാഗവും. ജനലിലൂടെ തല പുറത്തേക്കിട്ട്‌ നോക്കി നില്‍ക്കുന്ന അവര്‍ക്കൊന്നും തന്നെ എന്താണ്‌ സംഭവിക്കുന്നതെന്ന് പിടികിട്ടിയിരുന്നില്ല. വിലങ്ങ്‌ കിടക്കുന്ന ഇടത്‌ കൈ പോക്കറ്റിലേക്കിറക്കി മറച്ചിട്ട്‌ ഗെറിക്ക്‌ അവര്‍ക്കിടയിലൂടെ നീങ്ങി.

ചെറുപ്പക്കാരനായ ഒരു നാവികന്‍ അദ്ദേഹത്തിന്റെ ദേഹത്ത്‌ വന്ന് മുട്ടുന്നത്‌ വരെ ആരും അദ്ദേഹത്തെ ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല. ജനാലയുടെ അരികില്‍ നിന്നിരുന്ന അയാള്‍ പിറകോട്ട്‌ നീങ്ങിയപ്പോള്‍ അറിയാതെ വന്ന് തട്ടിയതാണ്‌. പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞ അയാള്‍ ആദ്യം ശ്രദ്ധിച്ചത്‌ ഗെറിക്കിന്റെ റെയിന്‍കോട്ടും ക്യാപ്പുമാണ്‌.

"സോറി സര്‍..." അയാള്‍ ഖേദം പ്രകടിപ്പിച്ചു.

"ഓ, നെവര്‍ മൈന്‍ഡ്‌..."

"എന്താണ്‌ സംഭവം സര്‍...?"

"ആര്‍ക്കറിയാം..." ഗെറിക്ക്‌ പറഞ്ഞു. "തോക്കുകളുമായി കുറേ ഓഫീസര്‍മാര്‍ അങ്ങോട്ട്‌ ഓടുന്നത്‌ കണ്ടു. വല്ല തടവുപുള്ളികളോ മറ്റോ അവരുടെ പിടിയില്‍ നിന്ന് ചാടിപ്പോയിരിക്കാം..."

അവരുടെയൊപ്പം വെറുമൊരു കാഴ്ചക്കാരനെപ്പോലെ അദ്ദേഹവും ജനാലയിലൂടെ പുറാത്തേക്ക്‌ നോക്കി. ജാഗോയും കൂട്ടരും വീണ്ടും ട്രെയിനില്‍ കയറുന്നത്‌ അദ്ദേഹം കണ്ടു. ഉടന്‍ തന്നെ ഗാര്‍ഡിന്റെ വിസില്‍ മുഴങ്ങി. എന്‍ജിന്‍ വീണ്ടും നീരാവി തുപ്പി. വണ്ടി സാവധാനം മുന്നോട്ട്‌ നീങ്ങാന്‍ തുടങ്ങി.

ആളുകള്‍ തങ്ങളുടെ ഇരിപ്പിടങ്ങിളിലേക്ക്‌ തിരികെ പോയിത്തുടങ്ങിയിരുന്നു. ഗെറിക്ക്‌ നടത്തം തുടര്‍ന്നു. സ്ലീപ്പര്‍ കോച്ചിലേക്കാണ്‌ അദേഹം ചെന്നുപെട്ടത്‌. വിജനമായ ഇടനാഴിയിലൂടെ അദ്ദേഹം മുന്നോട്ട്‌ നടന്നു. കോച്ചിന്റെ ഒരറ്റത്തുള്ള പാന്‍ട്രി കമ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തുറന്ന് ഒരു സ്റ്റുവാര്‍ഡ്‌ പുറത്തേക്ക്‌ വന്നു.

"എന്ത്‌ സഹായമാണ്‌ വേണ്ടത്‌ സര്‍...?" അയാള്‍ ആദരവോടെ ചോദിച്ചു.

പെട്ടെന്നാണ്‌ ഗെറിക്കിന്റെ മനസ്സില്‍ പുതിയൊരു ആശയം കടന്നുവന്നത്‌. താന്‍ മുമ്പ്‌ എപ്പോഴോ കേട്ട ഒരു സംഭാഷണം പെട്ടെന്ന് അദ്ദേഹത്തിന്‌ ഓര്‍മ്മ വന്നു. ജാഗോയും സ്ലീപ്പര്‍ കോച്ചിലെ ഒരു യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച്‌. എന്താണവളുടെ പേര്‍...? ഓ, കിട്ടിപ്പോയി... ഡോക്ടര്‍ മണ്‍റോ. ഒരു അമേരിക്കന്‍ അഡ്‌മിറലിന്റെ അനന്തിരവള്‍. ഒരു തമാശയൊപ്പിക്കാനായി അദ്ദേഹം തയ്യാറെടുത്തു.

"അയാം വാന്‍ ലോട്ട്‌ ഫ്രം റോയല്‍ നെതര്‍ലന്റ്‌സ്‌ നേവി... ലുക്കിംഗ്‌ ഫോര്‍ വണ്‍ മിസ്‌ ഡോക്ടര്‍ മണ്‍റോ..." ഗെറിക്ക്‌ സ്‌ഫുടമായ ഇംഗ്ലിഷില്‍ പറഞ്ഞു.

"പതിനാലാം കമ്പാര്‍ട്ട്‌മെന്റിലാണ്‌ ... ഈ വഴി വരൂ സര്‍..."

അയാള്‍ ഇടനാഴിയിലൂടെ അദ്ദേഹത്തെ നയിച്ചു. പിന്നെ കൂപ്പെയുടെ കതകില്‍ മുട്ടി.

വാതില്‍ തുറന്ന് ജാനറ്റ്‌ പുറത്തേക്ക്‌ നോക്കി.

"ഡോക്ടര്‍, ഇദ്ദേഹം നിങ്ങളെ അന്വേഷിച്ച്‌ നടക്കുകയായിരുന്നു. ഡച്ച്‌ നേവിയിലെ ലെഫ്റ്റനന്റ്‌ വാന്‍ ലോട്ട്‌..." അയാള്‍ അവളോട്‌ പറഞ്ഞു.

"താങ്ക്‌ യൂ..." അവള്‍ സ്റ്റുവാര്‍ഡിനോട്‌ പറഞ്ഞു. പിന്നെ ഒട്ടും പരിഭ്രമം കൂടാതെ ഗെറിക്കിനെ നോക്കി. "ഉള്ളിലേക്ക്‌ വരൂ..."

സ്റ്റുവാര്‍ഡ്‌ തന്റെ മുറിയിലേക്ക്‌ നടന്നു. വാതില്‍ക്കല്‍ തന്നെ നിന്നിരുന്ന അവള്‍ അദ്ദേഹത്തെ സൂക്ഷിച്ച്‌ വിലയിരുത്തുകയായിരുന്നു.

"ലെഫ്റ്റനന്റ്‌, താങ്കള്‍ക്ക്‌ നല്ല സുഖമില്ലെന്ന് തോന്നുന്നല്ലോ... എന്താണ്‌ കുഴപ്പം...?"

"എന്താണ്‌ പ്രശ്നമെന്ന് എനിയ്ക്കും ശരിക്കറിയില്ല... ഗ്ലാസ്‌ഗോയില്‍ എത്തുമ്പോള്‍ തന്നെ തീരെ സുഖമുണ്ടായിരുന്നില്ല. അവിടെ വച്ച്‌ വണ്ടിയില്‍ നിന്ന് ഇറങ്ങിയതുമാണ്‌. പക്ഷേ, എനിയ്ക്ക്‌ ഇന്ന് തന്നെ മലേയ്‌ഗില്‍ എത്തേണ്ട അത്യാവശ്യമുണ്ട്‌. അപ്പോഴാണ്‌ ആരോ പറഞ്ഞത്‌ ട്രെയിനില്‍ ഒരു ഡോക്ടര്‍ ഉണ്ടെന്ന്. അങ്ങനെയാണ്‌ സ്റ്റുവാര്‍ഡ്‌ എന്നെ ഇവിടെ എത്തിച്ചത്‌.

"ശരി... താങ്കള്‍ ഇരിക്കൂ..."

അദ്ദേഹം ബങ്കിന്റെ ഒരു അരികില്‍ ഇരുന്നു. അവള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടത്തില്‍ കൈ വച്ചു നോക്കി.

"താങ്കള്‍ക്ക്‌ പനിയുടെ ലക്ഷണമുണ്ടെന്ന് തോന്നുന്നല്ലോ..."

"ശരിയ്ക്കും...?"

"ശരിയ്ക്കും..." അവള്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ അരികില്‍ വന്ന് കാലിന്മേല്‍ കാല്‍ കയറ്റി വച്ച്‌ ഇരുന്നിട്ട്‌ അവള്‍ അദ്ദേഹത്തിന്റെ കൈ എടുത്ത്‌ പള്‍സ്‌ നോക്കുവാന്‍ തുടങ്ങി. അവളുടെ ദേഹത്ത്‌ നിന്ന് പ്രസരിച്ചിരുന്ന പരിമളം അദ്ദേഹത്തിന്റെ നാസരന്ധ്രങ്ങളില്‍ തുളച്ച്‌ കയറി. അദ്ദേഹം അവളുടെ നഗ്നമായ കാലുകളിലേക്ക്‌ നോക്കി.

"നിങ്ങളുടെ കാലുകള്‍ വളരെ മനോഹരമായിരിക്കുന്നു ഡോക്ടര്‍..."

"അതൊക്കെ വളരെ മുമ്പ്‌ തന്നെ ആരോ പറഞ്ഞുകഴിഞ്ഞ വിഷയമാണ്‌..." ശാന്തത കൈവെടിയാതെ പറഞ്ഞിട്ട്‌ അവള്‍ എഴുനേറ്റു. "ഒരു ലാര്‍ജ്ജ്‌ സ്കോച്ചാണ്‌ ഞാന്‍ താങ്കള്‍ക്ക്‌ തരാന്‍ ഉദ്ദേശിക്കുന്ന മരുന്ന്..."

"അങ്ങിനെയാണോ..."

"അതെ... താങ്കള്‍ക്കിപ്പോള്‍ ആവശ്യം അതിന്റെയാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌..."

ജാഗോയുടെ ബാഗ്‌ തുറന്ന് അവള്‍ ഒരു കുപ്പി എടുത്തു. പിന്നെ ഒരു ഗ്ലാസ്‌ എടുത്ത്‌ നല്ലൊരു അളവ്‌ അതിലേക്ക്‌ പകര്‍ന്നു.

"ഗുഡ്‌ ഹെല്‍ത്ത്‌..." ഗെറിക്ക്‌ പറഞ്ഞു.

"പ്രോസിറ്റ്‌..." മറുപടി പറഞ്ഞിട്ട്‌ അവള്‍ പുഞ്ചിരിച്ചു. "ഛേ, ഞാനെന്തൊരു വിഡ്ഢിയാണ്‌!... അതൊരു ജര്‍മ്മന്‍ പദമല്ലേ..."

ഗെറിക്ക്‌ അവളെ അര്‍ത്ഥവത്തായി ഒന്ന് നോക്കി. പിന്നെ ഒരു നെടുവീര്‍പ്പിട്ട്‌, ഒറ്റയിറക്കിന്‌ ഗ്ലാസ്‌ കാലിയാക്കി. ശേഷം, എഴുനേറ്റ്‌ വാതിലടച്ച്‌ കൊളുത്തിട്ടു.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)