പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Saturday, March 27, 2010

സ്റ്റോം വാണിംഗ്‌ - 39

സ്ലീപ്പിംഗ്‌ കമ്പാര്‍ട്ട്‌മെന്റിലെ ജാലകത്തിനരുകില്‍ പുറത്തേക്ക്‌ നോക്കി നില്‍ക്കുകയാണ്‌ ജാനറ്റ്‌. അവളുടെ മുഖം മ്ലാനമായിരുന്നു. ബെന്‍ നെവിസിലെ മനോഹരമായ പ്രകൃതിദൃശ്യങ്ങളൊന്നും അവളുടെ മനസില്‍ യാതൊരു ചലനവും സൃഷ്ടിച്ചില്ല. മേശക്കരുകില്‍ വന്നിരുന്ന് ഒരു പുസ്തകം തുറന്ന് അവള്‍ വായിക്കാന്‍ ശ്രമിച്ചു.

ഒന്നര മണിക്കൂര്‍ കടന്നു പോയിരിക്കുന്നു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ തൊട്ട്‌ തുടങ്ങിയതാണ്‌ ജാഗോയുടെ ഉറക്കം. ഇതുവരെയും അവസാനിച്ചിട്ടില്ല. സ്കോട്ട്‌ലാന്റിലെ ഏറ്റവും മനോഹരങ്ങളായ പര്‍വ്വതനിരകളുടെ സമീപത്ത്‌ കൂടിയാണ്‌ ട്രെയിന്‍ ഇപ്പോള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്‌. ഇത്രയും ഹൃദയഹാരിയായ ഒരു ദൃശ്യവും ഇനി കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗ്ലെന്‍ഫിനന്‍, ലോഷൈല്‍ലോര്‍ട്ട്‌ എന്നീ സ്ഥലങ്ങള്‍ കടന്നുപോയിരിക്കുന്നു. കടലിന്റെ അലര്‍ച്ച ഇപ്പോള്‍ മഴയുടെ ഇരമ്പലിലും മീതെ ഉയര്‍ന്ന് കേള്‍ക്കാം.

കൈയിലുണ്ടായിരുന്ന പുസ്തകം മാറ്റി വച്ചിട്ട്‌ നേരം കുറച്ചായി. ഒരു സിഗരറ്റിന്‌ തീ കൊളുത്തി, ജനല്‍ച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികളെ നോക്കി അവള്‍ ഇരുന്നു. ഗെറിക്കിനെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു അവള്‍. അദ്ദേഹത്തിന്റെ രൂപം മനസ്സില്‍ നിന്ന് മായുന്നില്ല. എന്തോ, അതിനി ഒരിക്കലും മാഞ്ഞുപോകുകയുമില്ല എന്ന് അവള്‍ക്ക്‌ തോന്നി. എപ്പോഴോ മാറ്റി വച്ച പുസ്തകം വീണ്ടുമെടുത്ത്‌ വായിക്കുവാന്‍ അവള്‍ വൃഥാ ശ്രമിച്ചു.


* * * * * * * * * * * * * * * * * * * * * * * * *

മെയില്‍ ബാഗുകളുടെ മുകളില്‍ കമഴ്‌ന്ന് കിടക്കുകയായിരുന്നതുകൊണ്ട്‌ ഗെറിക്കിന്‌ കാര്‍വറെ കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അയാളുടെ ഓരോ നീക്കത്തെക്കുറിച്ചും ബോധവാനായിരുന്നു ഗെറിക്ക്‌.

കൈയിലൊരു കത്തിയുമായി കാര്‍വര്‍ അദ്ദേഹത്തിന്റെ അരികില്‍ വന്ന് ഇരുന്നു. എന്നിട്ട്‌ അദ്ദേഹത്തിന്റെ ശിരസ്സ്‌ മുകളിലേക്ക്‌ തിരിച്ചു.

"വെറുതെ വിഡ്ഢിത്തരം കാണിക്കേണ്ട..." ഗെറിക്ക്‌ പറഞ്ഞു. "കോടതിയില്‍ ഇതിന്‌ സമാധാനം പറയാന്‍ നിങ്ങള്‍ ബുദ്ധിമുട്ടും..."

കാര്‍വര്‍ തന്റെ പോക്കറ്റില്‍ നിന്ന് ഗെറിക്കിന്റെ Knights Cross ബാഡ്‌ജ്‌ എടുത്തു കാണിച്ചു. "ഇത്‌ ലഭിക്കാന്‍ വേണ്ടി നീ പ്രത്യേകിച്ചെന്തെങ്കിലും ചെയ്തിട്ടുണ്ടോ...? ധീര പരാക്രമശാലികള്‍ക്ക്‌ കൊടുക്കുന്നതാണിതെന്നാണ്‌ കേട്ടിട്ടുള്ളത്‌..." ഉരുകിയ ലാവ പോലെ കോപം തിളച്ച്‌ മറിയുകയായിരുന്നു കാര്‍വറുടെയുള്ളില്‍. ഗെറിക്കിന്റെ കാലുകളിലെ ചരട്‌ അയാള്‍ അറുത്തുമാറ്റി. എന്നിട്ട്‌ അദ്ദേഹത്തെ പിടിച്ചുയര്‍ത്തി. "ങ്‌ഹും... എഴുനേറ്റ്‌ നില്‍ക്ക്‌..."

മരവിച്ചിരുന്ന കാലുകളില്‍ രക്തം ഓടുവാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്‌ കടുത്ത വേദന അനുഭവപ്പെട്ടു. നേരെ നില്‍ക്കുവാന്‍ അദ്ദേഹം ബുദ്ധിമുട്ടി. കാര്‍വര്‍ അദ്ദേഹത്തെ ഉന്തിത്തള്ളി ആ ചെറിയ മുറിയില്‍ നിന്ന് പുറത്തേക്ക്‌ കൊണ്ടുവന്നു. എന്നിട്ട്‌ മുതുകില്‍ ആഞ്ഞൊരു തള്ള്‌ കൊടുത്തു. ഗെറിക്ക്‌ മുന്നോട്ടാഞ്ഞ്‌ മുട്ടുകുത്തി കമഴ്‌ന്ന് വീണു. എന്നിട്ടും ദ്വേഷ്യം തീരാഞ്ഞ്‌ അദ്ദേഹത്തിന്റെ വാരിയെല്ലിന്‌ ഒരു തൊഴിയും കൊടുത്തു.

"ഇപ്പോള്‍ സുഖം തോന്നുന്നുണ്ടോ സര്‍...?" അയാള്‍ പുച്ഛസ്വരത്തില്‍ ഗെറിക്കിനോട്‌ ചോദിച്ചു.

ഗെറിക്ക്‌ വിഷമിച്ച്‌ മുട്ടുകുത്തി വീണ്ടും എഴുനേറ്റു. "ഇങ്ങനെയാണോ ചീഫ്‌ നിങ്ങള്‍ ഗോദായില്‍ വിജയം നേടുന്നത്‌? എതിരാളിയുടെ കൈകള്‍ കൂട്ടിക്കെട്ടി മണല്‍ച്ചാക്കില്‍ ഇടിക്കുന്നത്‌ പോലെ...?"

കാര്‍വര്‍ താക്കോല്‍ എടുത്ത്‌ ഗെറിക്കിന്റെ കൈവിലങ്ങുകള്‍ രണ്ടും അഴിച്ചുമാറ്റി. എന്നിട്ട്‌ തിരിച്ചു നിര്‍ത്തി. "നിന്നെ കൈകാര്യം ചെയ്യാന്‍ എനിക്കറിയാമോ എന്ന് ഞാന്‍ കാണിച്ചു തരാം റാസ്കല്‍..." കാര്‍വര്‍ മുരണ്ടു.

കൈകള്‍ സ്വതന്ത്രമായതോടെ ഗെറിക്ക്‌ തന്റെ റെയിന്‍കോട്ട്‌ ഊരിയെറിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത്‌ ഒരു ഗൂഢസ്മിതം വിരിഞ്ഞു. കാര്‍വര്‍, വിദഗ്ദനായ ഒരു മല്ലനെ പോലെ വലത്‌ കൈ ചുരുട്ടി മുന്നോട്ട്‌ കുതിച്ചു. ഇടത്‌ കൈ ഒരു പരിച പോലെ പിടിച്ച്‌ ഒരു ഗുസ്തിക്കാരനെ പോലെ ഗെറിക്കിന്റെ നേര്‍ക്ക്‌ നീങ്ങി. എന്നാല്‍ അസാമാന്യ വേഗത്തില്‍ ഗെറിക്ക്‌ ഒരു വശത്തേക്ക്‌ ഒഴിഞ്ഞുമാറി.

പൂര്‍വ്വാധികം ശക്തിയോടെ കാര്‍വര്‍ വീണ്ടും അദ്ദേഹത്തിന്‌ നേര്‍ക്ക്‌ കുതിച്ചു. ഇപ്രാവശ്യം ഗെറിക്ക്‌ ഒഴിഞ്ഞുമാറുക മാത്രമല്ല, ഒന്ന് ചുറ്റിത്തിരിഞ്ഞ്‌ ഇടത്‌ കാല്‍മുട്ട്‌ ഉയര്‍ത്തി കാര്‍വറുടെ അടിവയറ്റില്‍ ഒന്ന് കൊടുക്കുക കൂടി ചെയ്തു. അസഹനീയമായ വേദനയാല്‍ ഒന്നലറിയിട്ട്‌ കാര്‍വര്‍ വീണ്ടും അദ്ദേഹത്തിന്‌ നേര്‍ക്ക്‌ തിരിഞ്ഞു.

"അതേ ചീഫ്‌... ഇതുവരെ ഞാന്‍ എന്റെ തനിനിറം പുറത്തെടുത്തിട്ടില്ല..." ഗെറിക്ക്‌ തന്റെ ഇടത്‌ കാല്‍ വിണ്ടും പ്രയോഗിച്ചു. കാര്‍വറുടെ വാരിയെല്ലുകള്‍ക്ക്‌ താഴെ. പിന്നെയൊന്ന് പതിച്ചത്‌ കാര്‍വറുടെ കവിളിലാണ്‌. അതവിടെ ഒരു മുറിവുണ്ടാക്കുകയും ചെയ്തു. "ചിലിയിലേക്ക്‌ വെടിയുപ്പ്‌ കൊണ്ടുപോകുന്ന കപ്പലില്‍ അപ്രന്റിസ്‌ ആയി ഞാന്‍ ജോലി നോക്കിയിട്ടുണ്ട്‌. കുറച്ച്‌ കഠിനം തന്നെയായിരുന്നു അത്‌. അച്ചടക്കം പാലിക്കാന്‍ കൈകാലുകള്‍ കൊണ്ടുള്ള പല വിദ്യകളും അവിടെ പ്രയോഗത്തിലുണ്ടായിരുന്നു. എന്തായാലും ഞാന്‍ അതൊക്കെ വളരെ പെട്ടെന്ന് പഠിച്ചെടുത്തു..."

ഗെറിക്ക്‌ വളരെ സാവധാനം തന്റെ ലക്ഷ്യത്തില്‍ ഓരോന്നായി കൊടുത്തുകൊണ്ടിരുന്നു. എന്നാല്‍ കാര്‍വറിന്റെ ഇടിമുഴുവനും ശുന്യതയില്‍ പതിക്കുകയാണുണ്ടായത്‌.

ചീഫ്‌ വളരെ അവശനായിക്കഴിഞ്ഞിരുന്നു. മുഖം രക്തത്തില്‍ കുളിച്ചിരിക്കുന്നു. സംസാരിക്കാനാവാതെ പ്രാണവായുവിന്‌ വേണ്ടി വിഷമിക്കുന്ന കാര്‍വറെ അദ്ദേഹം ആ ഇടുങ്ങിയ മുറിക്കുള്ളിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോയി.

"സ്നേഹിതാ... നിങ്ങള്‍ ധരിച്ചിരിക്കുന്ന യൂണിഫോമിനും നിങ്ങളെ വളര്‍ത്തിയെടുത്ത രാഷ്ട്രത്തിനും അപമാനമാണ്‌ നിങ്ങള്‍... വളരെ മുമ്പേ തന്നെ ആരെങ്കിലും തരേണ്ടതായിരുന്നു നിങ്ങള്‍ക്കിത്‌..." ഗെറിക്ക്‌ പറഞ്ഞു. പിന്നെ അതിശക്തമായ മൂന്ന് ഇടികള്‍ കൂടി ഇട്ടു കൊടുത്തു കാര്‍വറുടെ മുഖത്ത്‌. അതോടെ അയാള്‍ ഇരുമ്പഴികളിലേക്ക്‌ ചാരി നിലത്തോട്ട്‌ ഊര്‍ന്ന് വീണു.

ശിരസ്സ്‌ ഒരു വശത്തേക്ക്‌ തൂങ്ങി നിലത്ത്‌ കിടക്കുന്ന കാര്‍വറെ നോക്കി ഗെറിക്ക്‌ അല്‍പ്പസമയം നിന്നു. പിന്നെ അയാളുടെ പോക്കറ്റുകള്‍ തപ്പി തന്നില്‍ നിന്ന് അപഹരിച്ച ബാഡ്‌ജുകളും മറ്റും പുറത്തെടുത്തു.

അവിടെ വീണുകിടന്നിരുന്ന മോസര്‍ അദ്ദേഹം പോക്കറ്റില്‍ തിരുകി. പിന്നെ തന്റെ ക്യാപ്പും റെയിന്‍കോട്ടും എടുത്ത്‌ ധരിച്ചു. എന്നിട്ട്‌ കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലിനരികിലേക്ക്‌ നീങ്ങി. വാതില്‍ തുറന്നതും മഴ ഉള്ളിലേക്കടിച്ച്‌ കയറി.

സ്ലീപ്പര്‍ കോച്ചിലെ ഒരു തുറന്ന ജാലകത്തിനരുകില്‍ പുറത്തേക്ക്‌ നോക്കി നില്‍ക്കുകയായിരുന്നു ജാനറ്റ്‌. പെട്ടെന്നാണവള്‍ അവിശ്വസനീയമായ ആ കാഴ്ച കണ്ടത്‌. എവിടെ നിന്നോ എന്ന പോലെ സമീപത്തെ കുറ്റിക്കാട്ടില്‍ വന്നു പതിച്ച ഗെറിക്ക്‌ താഴ്‌വാരത്തിലേക്ക്‌ ഉരുണ്ടുരുണ്ട്‌ പോകുന്നു. പിന്നെ ഒന്നും കാണാനുണ്ടായിരുന്നില്ല. ചീറിയടിക്കുന്ന കാറ്റും മഴയും മാത്രം.

* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

17 comments:

 1. കഴിഞ്ഞ ലക്കത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി...

  ഗെറിക്കിന്റെ വിശേഷങ്ങള്‍ അറിയാന്‍ അക്ഷമരായി കാത്തിരിക്കുന്ന പ്രിയ വായനക്കാരെ വീണ്ടും അദ്ദേഹത്തിനടുത്തേക്ക്‌ കൊണ്ടുപോകുകയാണ്‌...

  ReplyDelete
 2. ഇത്‌ വല്ലാത്ത ചതിയായി പോയി വിനുവേട്ടാ... ആകാംക്ഷയുടെ മുള്‍മുനയില്‍ കൊണ്ട്‌ നിറുത്തിയിട്ട്‌... ഇനി അടുത്തയാഴ്ച വരെ കാത്തിരിക്കണമല്ലോ... എന്തായാലും ഗെറിക്ക്‌ വീണ്ടും രക്ഷപെട്ടതില്‍ വളരെ സന്തോഷം തോന്നുന്നു.

  ReplyDelete
 3. എരിതീയില്‍ നിന്നും വറചട്ടിയിലേക്ക് ആണല്ലോ ഞങ്ങളെ കൊണ്ടെത്തിച്ചത്.. ഹോ, ഇനി ഒരാഴ്ച കാത്തിരിക്കണം...

  പോസ്റ്റിനു നീളം അല്‍പ്പം കുറഞ്ഞുപോയോ എന്നൊരു സന്ദേഹം.. :)

  ReplyDelete
 4. പെട്ടെന്ന് തീര്‍ന്നു പോയെങ്കിലും സാരമില്ല. ഗെറിക്ക് വീണ്ടും ചാടിയല്ലോ... അത്രയും സന്തോഷം. ബാക്കി ഭാഗത്തിന് കാത്തിരിയ്ക്കാം. :)

  ReplyDelete
 5. ഉദ്വേഗജനകമായ നിമിഷങ്ങള്‍. ഈ നോവല്‍ വായിച്ചു തുടങ്ങുമ്പോള്‍ ഇത്രയേറെ രസകരമായിരിക്കുമെന്ന് കരുതിയതേയില്ല. ഓരോ എപ്പിസോഡും വായനക്കാരെ വീണ്ടും ഈ വഴി കൊണ്ടുവരുന്ന രീതിയില്‍ നിറുത്തുന്ന വിനുവേട്ടന്‌ അഭിനന്ദനങ്ങള്‍.

  ReplyDelete
 6. ഭായി ഇതെഴുതി കഴിയുന്നതിനുമുമ്പ് തന്നെ പുസ്തകകമാക്കി ഇറക്കുവാനുള്ള ഏർപ്പാടുകളും തയ്യാറാക്കുന്നുണ്ടാകുമെന്നും വിശ്വസിക്കുന്നൂ..

  ReplyDelete
 7. എന്തായാലും ഗെറിക്ക്‌ രക്ഷപ്പെട്ടല്ലൊ..ഇനി കാത്തിരിയ്ക്കാം അല്ലേ?..

  ReplyDelete
 8. അതെ, ഗെറിക്ക് രക്ഷപ്പെട്ടല്ലോ, ഇനി.....?

  ReplyDelete
 9. വിനുവേട്ടാ, എന്നെ പറ്റിക്കാന്‍ നോക്കേണ്ടാ, മൂന്നാഴ്ച കൂടുമ്പോഴേ ഞാന്‍ ഒന്നിച്ച് വായിക്കാറുള്ളു :)

  ReplyDelete
 10. ഗെറിക്ക്‌ രക്ഷപെട്ടതില്‍ എല്ലാവരും സന്തോഷിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം...

  ബിലാത്തി... ഇത്‌ പുസ്തകമാക്കണമെങ്കില്‍ ഗ്രന്ഥകര്‍ത്താവിന്റെ അനുമതി വേണ്ടേ? അദ്ദേഹം ലീഡ്‌സില്‍ കുടുംബസമേതം കഴിയുന്നു എന്നാണ്‌ പുസ്തകത്തില്‍ പറയുന്നത്‌. അത്‌ ഏതാണ്‌ ഇരുപത്തിയേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.

  ReplyDelete
 11. ravile muthal refresh cheythondirikkuvaa. innu idathille aduthath?

  ReplyDelete
 12. ഹായ് ഗെറിക്ക് രക്ഷപ്പെട്ടു...

  ReplyDelete
 13. വായിക്കുന്നു

  ReplyDelete
 14. എന്ത്‌ .വീണ്ടും രക്ഷപെട്ടോ???

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...