പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Sunday, April 11, 2010

സ്റ്റോം വാണിംഗ്‌ - 41

മലമുകളിലേതിനെ അപേക്ഷിച്ച്‌ മൂടല്‍ മഞ്ഞ്‌ അല്‍പ്പം കുറവായിരുന്നു മലേയ്‌ഗില്‍. നേവല്‍ കമാന്‍ഡറുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍ നിന്ന് ജാനറ്റ്‌ ഹാര്‍ബറിലേക്ക്‌ കണ്ണോടിച്ചു. മുമ്പ്‌ വന്നപ്പോഴുണ്ടായിരുന്നതിനേക്കാള്‍ തിരക്കുണ്ട്‌ ഇന്നവിടെ. മത്സ്യബന്ധന ബോട്ടുകള്‍, നേവല്‍ പട്രോള്‍ ബോട്ടുകള്‍, എന്തിന്‌ ഒരു മുങ്ങിക്കപ്പല്‍ പോലും കിടക്കുന്നുണ്ട്‌ അവിടെ. അതിന്‌ അധികം അകലെയല്ലാതെ കുറേ തൊഴിലാളികള്‍ ഒരു വലിയ ബോട്ടില്‍ നിന്ന് ചരക്ക്‌ ഇറക്കിക്കൊണ്ടിരിക്കുന്നു.

ഉറക്കമില്ലായ്മയുടെ ക്ഷീണം അവളുടെ കണ്ണുകളില്‍ തെളിഞ്ഞുകാണാം. എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കിട്ടിയാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയി അവള്‍ക്ക്‌. കസ്റ്റംസ്‌ അധികൃതരുടെ ചോദ്യങ്ങള്‍ക്ക്‌ ഭംഗിയായി മറുപടി നല്‍കി ഒഫിഷ്യല്‍ സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിട്ടു കൊടുത്തു. ഇനിയും എന്തോ താമസമുണ്ടെന്ന് തോന്നുന്നു.

റൂമിന്റെ ഒരറ്റത്തുള്ള മേശയ്ക്കരികിലിരുന്നു ഒരു യുവതി കാര്യമായെന്തോ ടൈപ്പ്‌ ചെയ്യുന്നുണ്ട്‌. അതിനേക്കാള്‍ ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു അകത്തുള്ള ആളുകളുടെ സംസാരം. തന്റെ സമീപത്തെ കതക്‌ തുറക്കുന്ന ശബ്ദം കേട്ട്‌ അവള്‍ തിരിഞ്ഞു. വിളറിയ മുഖവുമായി ഒരക്ഷരം പോലും മിണ്ടാതെ പുറത്തിറങ്ങിപ്പോകുന്ന ഫിഷറെയാണ്‌ അവള്‍ കണ്ടത്‌.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ജാഗോയോടോപ്പം ബെയ്‌സ്‌ കമാന്‍ഡര്‍ മറേ അവിടെയെത്തി. വളരെ പ്രസന്നവദനനായ അദ്ദേഹത്തിന്റെ തലമുടി മുഴുവനും നരച്ചുകഴിഞ്ഞിരുന്നു. ഏതാണ്ട്‌ അമ്പത്‌ വയസ്സ്‌ പ്രായം.

"താമസം നേരിട്ടതില്‍ ഖേദിക്കുന്നു മിസ്‌ മണ്‍റോ..." അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

"അപ്പോള്‍ ഇനി എനിക്ക്‌ പോകാമല്ലോ...?"

"പിന്നെന്താ...? ഒഫിഷ്യല്‍ ഫോര്‍മാലിറ്റികളെല്ലാം കഴിഞ്ഞു. ഇനി ഫാഡാ ദ്വീപിലേക്ക്‌ പോകുന്ന കാര്യമല്ലേ? അതിന്‌ മര്‍ഡോക്ക്‌ മക്‍ലിയോര്‍ഡ്‌ ഇനിയും എത്തിയിട്ടില്ല. ഇവിടെ എത്തിയാലുടന്‍ അറിയിക്കാമെന്ന് പറഞ്ഞിരുന്നു അദ്ദേഹം. നിങ്ങളുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ ഹോട്ടലില്‍ റൂം ബുക്ക്‌ ചെയ്തേനെ... ചിലപ്പോള്‍ ഒരു റൂം വേണ്ടിവന്നേക്കുമെന്ന് ഹോട്ടലില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്‌..."

"ഗെറിക്കിന്റെ കാര്യം എന്തായി...?"

മറേ പുഞ്ചിരിച്ചു. "മൈ ഡിയര്‍ മിസ്‌ മണ്‍റോ... ആ മാന്യ വ്യക്തിയോട്‌ എനിക്ക്‌ അങ്ങേയറ്റത്തെ ബഹുമാനമാണുള്ളത്‌..."

ജാനറ്റിന്റെ മുഖം ദ്വേഷ്യത്താല്‍ ചുവന്നു. "എന്ത്‌ ?!! അദ്ദേഹം നമ്മുടെ ശത്രുവാണ്‌... അക്കാര്യം താങ്കള്‍ മറന്നോ...?"

"തീര്‍ച്ചയായും മറന്നിട്ടില്ല... പ്രഗല്‍ഭനായ ഒരു നാവികനോടുള്ള ബഹുമാനം... അത്‌ പറയാതിരിക്കാന്‍ പറ്റില്ല..."

ചുമരില്‍ തറച്ചിരുന്ന വെസ്റ്റേണ്‍ ഹൈലാന്റ്‌സിന്റെ ചാര്‍ട്ടിലേക്ക്‌ അദ്ദേഹം തിരിഞ്ഞു. "ട്രെയിനില്‍ നിന്ന് ചാടിയ സ്ഥലത്ത്‌ നിന്ന് നേരെ മലയിറങ്ങി വരികയാണെങ്കില്‍ ലോച്ച്‌ മൊറാറില്‍ ആ വഴി അവസാനിക്കുകയാണ്‌. തീരദേശ പാതയിലേക്ക്‌ കടക്കുകയാണെങ്കില്‍ അതുവഴി അദ്ദേഹം ഇവിടെ മലേയ്‌ഗില്‍ എത്തും. എന്നാല്‍ ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല..."

"അപ്പോള്‍ പിന്നെ അദ്ദേഹം എങ്ങോട്ട്‌ പോകാനാണ്‌ സാദ്ധ്യത...?"

അധികം ദൂരെയെങ്ങും പോകില്ല. കാരണം, പോകാന്‍ വേറെ സ്ഥലമൊന്നും ഇല്ല എന്നത്‌ തന്നെ. ഒരു റോഡും പിന്നെ റെയില്‍വേ ലൈനും മാത്രം. ഇപ്പോഴത്തെ കാലാവസ്ഥയില്‍ അദ്ദേഹം ആ മലമുകളില്‍ അധികനേരം തങ്ങുമെന്നും തോന്നുന്നില്ല..."

ജാഗോ അവളുടെ ബാഗ്‌ എടുത്തു. "വരൂ, ഞാന്‍ ഹോട്ടലില്‍ കൊണ്ടു വിടാം..."

"മര്‍ഡോക്ക്‌ ഇവിടെ എത്തിയാലുടന്‍ ഞാന്‍ വിവരമറിയിക്കാം... ശുഭയാത്ര നേരുന്നു..." മറേ അവള്‍ക്ക്‌ ഹസ്തദാനം നല്‍കി തിരികെ ഓഫീസിലേക്ക്‌ കയറിപ്പോയി.

മുഖത്ത്‌ പതിക്കുന്ന മഴയെ അവഗണിച്ച്‌ അവര്‍ റെയില്‍വേ സ്റ്റേഷന്‌ നേര്‍ക്ക്‌ നടന്നു. "ലെഫ്റ്റനന്റ്‌ ഫിഷറുടെ ഭാവി എന്താകും...?" ജാനറ്റ്‌ ചോദിച്ചു.

"മിക്കവാറും കേപ്പ്‌ റാത്തിലേക്ക്‌ പണിഷ്‌മന്റ്‌ ട്രാന്‍സ്‌ഫര്‍ ലഭിക്കുമെന്നാണ്‌ കേട്ടത്‌..."

"കാര്‍വറോ...?"

"ഹോസ്പിറ്റലില്‍ ബാന്‍ഡേജ്‌ ഇട്ടുകൊണ്ടിരിക്കുന്നു. കാണേണ്ട കാഴ്ച തന്നെയാണത്‌. ഗെറിക്ക്‌ ശരിക്ക്‌ കൊടുത്തിട്ടുണ്ട്‌ അയാള്‍ക്ക്‌. അയാളുടെ കാര്യം കഷ്ടമാകും. ജയില്‍ശിക്ഷ കിട്ടുമെന്നല്ല... അയാളുടെ സകല റാങ്കുകളും നഷ്ടപ്പെടും..."

അവര്‍ സ്റ്റേഷന്‌ സമീപം എത്തിയപ്പോള്‍ ആരോ പിന്നില്‍ നിന്ന് വിളിച്ചു. "ഡോക്ടര്‍ മണ്‍റോ...?"

ചുവന്ന യൂണിഫോം അണിഞ്ഞ ചെറുപ്പക്കാരനായ ഒരു പാരാട്രൂപ്പര്‍ അവരുടെയടുത്തേക്ക്‌ ഓടി വന്നു.

"ഓ, ലാക്ലന്‍... നീ ട്രെയിനില്‍ ഉണ്ടായിരുന്നോ...?" ജാനറ്റ്‌ അവനോട്‌ ചോദിച്ചു. "ഹാരീ, ഇത്‌ ലാക്ലന്‍ മാക്‍ബ്രെയ്‌ന്‍... ഫാഡാ സ്വദേശിയാണ്‌..."

"അത്‌ ശരി..." ജാഗോ അവന്‌ ഹസ്തദാനം നല്‍കി.

അലസമായി കിടക്കുന്ന ചുവന്ന മുടിയും മുഖത്തെ തവിട്ടു നിറം കലര്‍ന്ന കലകളും നീളം കുറഞ്ഞ മൂക്കും എല്ലാം കൂടി കണ്ടാല്‍ പതിനെട്ട്‌ വയസ്സ്‌ തോന്നിച്ചിരുന്നില്ല അവന്‌.

"രണ്ടാഴ്ചത്തെ ലീവുണ്ട്‌. പാരച്യൂട്ട്‌ പരിശീലനം കഴിഞ്ഞു. എന്നെ കൊണ്ടുപോകാന്‍ മര്‍ഡോക്ക്‌ വരുമെന്ന് പറഞ്ഞിരുന്നു. ഹാര്‍ബറില്‍ ചെന്നപ്പോഴാണ്‌ മനസ്സിലായത്‌ അദ്ദേഹം വന്നിട്ടില്ലെന്ന്..." അവന്‍ പറഞ്ഞു.

"അദ്ദേഹം തന്നെയാണ്‌ എന്നെയും കൊണ്ടുപോകാമെന്നേറ്റിരിക്കുന്നത്‌." അവള്‍ പറഞ്ഞു. "ഞാന്‍ ഹോട്ടലിലേക്ക്‌ പോകുകയാണ്‌. അദ്ദേഹം എത്തിയാലുടന്‍ അറിയിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്‌... നീ ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ...?"

അവന്‍ ജാഗോയെ സംശയത്തോടെ നോക്കി. "അത്‌ ശരിയാകുമോ...?"

"അതിനെന്താ... നീ ലഗേജ്‌ എടുത്ത്‌ വേഗം വരൂ..." അവള്‍ പറഞ്ഞു.

അവന്‍ തിരിഞ്ഞ്‌ ഓടിപ്പോയി.

ജാഗോയും ജാനറ്റും ഹോട്ടലിന്‌ മുന്നില്‍ എത്തിയതും മഴയുടെ ശക്തി കൂടി. മഞ്ഞിലും മഴയിലും മൂടിക്കിടക്കുന്ന പര്‍വ്വതനിരകളിലേക്ക്‌ അവള്‍ കണ്ണോടിച്ചു.

"ഈ കാലാവസ്ഥയില്‍ അങ്ങ്‌ ദൂരെ ആ മലനിരകളില്‍ തങ്ങുക സുഖകരമായിരിക്കില്ല..." അത്‌ ശ്രദ്ധിച്ച ജാഗോ പറഞ്ഞു.

"ആ പറഞ്ഞതില്‍ എന്തോ ഗൂഢാര്‍ത്ഥമുണ്ടല്ലോ..." അവള്‍ ചിരിച്ചു. പിന്നെ ഇരുവരും ഉള്ളിലേക്കുള്ള പടികള്‍ കയറി.


* * * * * * * * * * * * * * * * * * * * * * * * * * * * * * * *


സൈതണ്‍മോറില്‍ നിന്ന് അല്‍പ്പം വടക്ക്‌ പടിഞ്ഞാറായിട്ടാണ്‌ ഗെറിക്ക്‌ ഇപ്പോള്‍. മലേയ്‌ഗ്‌ ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വേറെങ്ങോട്ടും പോയിട്ട്‌ പ്രയോജനമില്ല. മനസ്സില്‍ ഓര്‍മ്മയുണ്ടായിരുന്ന വെസ്റ്റേണ്‍ സ്കോട്ട്‌ലണ്ടിന്റെ ഭൂപടത്തില്‍ നിന്നുമാണ്‌ അത്‌ അദ്ദേഹം മനസ്സിലാക്കിയത്‌. മലയുടെ മുകളില്‍ നിന്ന് നേരെ താഴെ ലോച്ച്‌ മൊറാറിലേക്ക്‌ നടക്കുക എന്നത്‌ മാത്രമാണ്‌ ഒരേയൊരു പോംവഴി. അവിടെ നിന്ന് തിരദേശപാതയിലേക്കും. അസഹനീയമായ ആ കാലാവസ്ഥയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തിന്‌ ആകുമായിരുന്നില്ല. നടക്കുവാന്‍ തന്നെ തീരുമാനിച്ചു. മലേയ്‌ഗില്‍ എന്തായാലും കുറച്ച്‌ ബോട്ടുകള്‍ കാണുമെന്നത്‌ തീര്‍ച്ചയാണ്‌. കൈവന്ന അവസരം എത്ര അസാദ്ധ്യമാണെങ്കിലും പാഴാക്കാതെ നോക്കുക തന്നെ. രക്ഷപെടാനുള്ള ഈ അവസരം എന്ത്‌ വില കൊടുത്തും പ്രയോജനപ്പെടുത്തണം.

ട്രെയിനില്‍ നിന്ന് ചാടിയിട്ട്‌ നേരെ മലമുകളിലേക്ക്‌ കയറുകയാണ്‌ അദ്ദേഹം ചെയ്തത്‌. പത്ത്‌ മിനിറ്റിനകം അദ്ദേഹം ഒരു കാട്ടരുവിയുടെ അടുത്തെത്തി. പിന്നെ അതിന്റെ ഗതിക്ക്‌ സമാന്തരമായി വേഗം മുന്നോട്ട്‌ നടക്കാനാരംഭിച്ചു. തന്റെ ചുറ്റും കനത്ത മഞ്ഞ്‌ പെയ്തിറങ്ങുന്നത്‌ അദ്ദേഹം കണ്ടറിഞ്ഞു. മൂടല്‍ മഞ്ഞിന്റെ ആവരണത്തിലൂടെയുള്ള നടപ്പ്‌ അദ്ദേഹത്തിന്‌ കൂടുതല്‍ സുരക്ഷിതത്വ ബോധം നല്‍കി. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത പ്രതീതി. മുകളിലേക്ക്‌ പോകുംതോറും അവിടവിടെയായി കാണപ്പെട്ടിരുന്ന ബിര്‍ച്ച്‌ മരങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. പിന്നെ, അരയ്ക്കൊപ്പം ഉയരത്തില്‍ നില്‍ക്കുന്ന കുറ്റിച്ചെടികള്‍ വകഞ്ഞുമാറ്റിയായി യാത്ര.

അദ്ദേഹത്തിന്റെ സാമീപ്യത്തില്‍ ദ്വേഷ്യം കൊണ്ട രണ്ട്‌ പക്ഷികള്‍ ആ ചെടികള്‍ക്കിടയില്‍ നിന്ന് ചിറകടിച്ചുയര്‍ന്നു. ഒരു മണിക്കൂറായുള്ള തുടര്‍ച്ചയായ നടപ്പ്‌ നിറുത്തി അരികില്‍ കണ്ട പടര്‍ന്ന് പന്തലിച്ച ഒരു മരത്തിന്‌ കീഴിലേക്ക്‌ അദ്ദേഹം നീങ്ങി നിന്നു. മഴയില്‍ അദ്ദേഹത്തിന്റെ റെയിന്‍കോട്ട്‌ പോലും നനഞ്ഞുകുതിര്‍ന്നിരുന്നു.

അല്‍പ്പം അവിടെ നിന്നിട്ട്‌ പൂര്‍വാധികം ഉന്മേഷത്തോടെ അദ്ദേഹം മല കയറുവാന്‍ തുടങ്ങി. ദുര്‍ഘടമായ ആ മലനിരകളിലൂടെ മൂന്നോ നാലോ മൈലുകള്‍ കൂടി നടന്നാലേ ഉള്‍ക്കടലിനടുത്ത്‌ എത്തുകയുള്ളൂ. എങ്കിലും അല്‍പ്പം പോലും ക്ഷീണം അനുഭവപ്പെട്ടില്ല അദ്ദേഹത്തിന്‌. സ്വാതന്ത്ര്യം എന്ന ഒരേ ഒരു ചിന്ത അദ്ദേഹത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.

ഏതാണ്ട്‌ അര മണിക്കൂര്‍ നടന്നപ്പോള്‍ ആ അരുവി വലിയൊരു തോട്ടിലേക്ക്‌ ചെന്ന് അവസാനിക്കുന്നതായി കാണപ്പെട്ടു. അദ്ദേഹം ഒരു വശത്തേക്ക്‌ മാറി ചരല്‍ നിറഞ്ഞ ആ കുന്നിന്‍മുകളിലേക്ക്‌ കയറി. പൂര്‍ണ്ണമായും മൂടല്‍ മഞ്ഞില്‍ അകപ്പെട്ടു അദ്ദേഹം ഇപ്പോള്‍. വസ്ത്രങ്ങള്‍ ദേഹത്തോട്‌ നനഞ്ഞൊട്ടിച്ചേര്‍ന്നു. ആദ്യമായി അദ്ദേഹത്തിന്‌ തണുപ്പനുഭവപ്പെട്ടു.

ട്രെയിനില്‍ നിന്ന് ചാടിയതിന്‌ ശേഷം ഏതാണ്ട്‌ രണ്ട്‌ മണിക്കൂര്‍ നേരം നടന്നുകഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. കുന്നിന്റെ ഏറ്റവും മുകളിലായി കണ്ട ഗ്രാനൈറ്റ്‌ പാറയുടെ മുകളില്‍ കയറി അദ്ദേഹം നിന്നു. അപ്പോള്‍ അനുഭവപ്പെട്ട തണുപ്പിന്‌ എന്തോ ഒരു പ്രത്യേകത ഉള്ളതായി അദ്ദേഹത്തിന്‌ തോന്നി. മുഖത്ത്‌ തഴുകി കടന്നുപോയ കുളിര്‍കാറ്റില്‍ നിന്ന് താന്‍ കുന്നിന്റെ ഏറ്റവും മുകളിലാണ്‌ നില്‍ക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. അടുത്ത നിമിഷം വീശിയ കാറ്റ്‌ മൂടല്‍ മഞ്ഞിന്റെ ആവരണത്തെ തള്ളിനീക്കി.

അവിശ്വസനീയമായിരുന്നു ആ കാഴ്ച. താന്‍ നില്‍ക്കുന്ന കുന്നിന്റെ ചരുവിലായി ലോച്ച്‌ മൊറാര്‍ സ്ഥിതി ചെയ്യുന്നു. നാലോ അഞ്ചോ മൈല്‍ ദൂരെയായി മലേയ്‌ഗ്‌ നഗരം. അതിനോട്‌ ഉരുമ്മി നില്‍ക്കുന്ന കടലിനെ അദ്ദേഹം കൊതിയോടെ വീക്ഷിച്ചു. മഞ്ഞിലും മഴയിലും കുളിച്ച്‌ നില്‍ക്കുന്ന എയ്‌ഗ്‌, റിയൂം, സ്‌കീ എന്നീ ദ്വീപുകള്‍. താന്‍ നില്‍ക്കുന്നിടത്ത്‌ നിന്ന് പത്ത്‌ പതിനഞ്ച്‌ വാര അകലെയായി താഴെ ഉള്‍ക്കടലിനടുത്തേക്ക്‌ പോകുന്ന ഒരു ഒറ്റയടിപ്പാത അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടു. പെട്ടെന്നാണ്‌ കാറ്റിനൊപ്പം മൂടല്‍മഞ്ഞ്‌ വീണ്ടും അദ്ദേഹത്തെ വലയം ചെയ്തത്‌. വളരെ അടുത്തുള്ള വസ്തുക്കളെ പോലും അത്‌ മറച്ചുകളഞ്ഞു. എന്നാല്‍ തനിക്കാവശ്യമുള്ളതത്രയും അദ്ദേഹം കണ്ടുകഴിഞ്ഞിരുന്നു. പുതിയൊരു ഉണര്‍വ്വോടെ അദ്ദേഹം മലയിറങ്ങാന്‍ തുടങ്ങി.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

12 comments:

 1. വീണ്ടും ഗെറിക്കിനടുത്തേക്ക്‌... പോള്‍ ഗെറിക്കിന്റെ ആരാധകര്‍ക്കായി ഈ ലക്കം സമര്‍പ്പിക്കുന്നു...

  ReplyDelete
 2. അങ്ങനെ വീണ്ടും നമ്മള്‍ ഗെറിക്കിനടുത്തെത്തി. ശരി, അദ്ദേഹത്തിന്റെ കൂടെ നമുക്കും മലയിറങ്ങാം...

  ReplyDelete
 3. സമാധാനമായി, ഗെറിക്കിനെ കണ്ടല്ലോ!.

  ReplyDelete
 4. പുതിയ രണ്ടുലക്കങ്ങളും ഞാൻ വായിച്ചു കേട്ടൊ ഭായി..
  യാതൊന്നും തന്നെ ചോർന്നുപോകാതെ തന്നെ എഴുതിയിരിക്കുന്നൂ

  ReplyDelete
 5. അതെ വിനുവേട്ടാ...
  ഈ ലക്കം പോള്‍ ഗെറിക്കിന്റെ തന്നെ!!!
  ഈ ലക്കം വളരേ..വളരെ മനോഹരമായിരിക്കുന്നു .
  അഭിനന്ദനങ്ങള്‍!!

  ReplyDelete
 6. അങ്ങനെ വീണ്ടും ഗെറിക്ക്‌ തന്നെ താരം. ജോയ്‌ പറഞ്ഞതുപോലെ ഈ ലക്കം ആസ്വദിച്ച്‌ വായിച്ചു. ഇനി അടുത്തയാഴ്ചക്കായി കാത്തിരിക്കുന്നു.

  ReplyDelete
 7. വിനുവേട്ടാ വിനുവേട്ടാ..
  എവിടെ എവിടെ വിനുവേട്ടാ..
  വേഗ്ഗം വായോ വിനുവേട്ടാ

  ReplyDelete
 8. ശ്രീ, എഴുത്തുകാരി, ബിലാത്തിപ്പട്ടണം,ജോയ്‌, ലേഖ ... എല്ലാവര്‍ക്കും നന്ദി...

  ചാര്‍ളി... ഞാനെങ്ങും പോയിട്ടില്ല... അല്‍പ്പം ജോലിത്തിരക്കിലായതുകൊണ്ട്‌ അടുത്ത ലക്കം എഴുതുവാന്‍ സാധിച്ചില്ല... രണ്ട്‌ ദിവസത്തിനുള്ളില്‍ പൂര്‍വാധികം ശക്തിയോടെ എത്തുന്നതാണ്‌... ആകാംക്ഷയ്ക്ക്‌ നന്ദി... കമന്റ്‌ ചിരിപ്പിച്ചു കളഞ്ഞൂട്ടോ...

  ReplyDelete
 9. പോസ്റ്റുകള്‍ക്ക് നീളം കുറവാണോന്ന് സംശയം

  ReplyDelete
 10. വായിക്കുന്നു

  ReplyDelete
 11. ഞാനും നടക്കാൻ കൂടുന്നു.

  ReplyDelete
  Replies
  1. സുധിയും ഗെറിക്കിന്റെ ആരാധകനായി അല്ലേ?

   Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...