പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, April 29, 2010

സ്റ്റോം വാണിംഗ്‌ - 43

ജാനറ്റും ജാഗോയും കൂടി ഹോട്ടലിലെ ബാറില്‍ ഇരിക്കുമ്പോഴാണ്‌ മര്‍ഡോക്ക്‌ മക്‍ലിയോഡ് എത്തിയത്‌. സീ ബൂട്ട്‌സും റീഫര്‍ കോട്ടും ധരിച്ച അദ്ദേഹത്തിന്റെ തോളില്‍ ഒരു ഓയില്‍ സ്കിന്‍ കോട്ട്‌ മടക്കിയിട്ടിട്ടുണ്ടായിരുന്നു. ആകെക്കൂടി ഒരു ഭീമാകാരനായ അദ്ദേഹത്തെ അവിടെയുള്ളവരെല്ലാം ഒരു നിമിഷം ശ്രദ്ധിച്ചു.

"അല്‍പ്പം സ്കോച്ച്‌ കഴിക്കുന്നോ മിസ്റ്റര്‍ മക്‍ലിയോഡ്‌...?" എഴുന്നേറ്റ്‌ അഭിവാദ്യം ചെയ്തുകൊണ്ട്‌ ജാഗോ അദ്ദേഹത്തോട്‌ ചോദിച്ചു.

"പിന്നെന്താ കുട്ടികളേ... അത്യാവശ്യത്തിന്‌ അല്‍പ്പം ഉള്ളില്‍ ചെന്നാല്‍ നന്നായിരിക്കും. ഇതൊക്കെ ഇപ്പോള്‍ നിങ്ങള്‍ സൈനികരുടെ കൈയിലല്ലേ കാണാന്‍ കിട്ടൂ..."

ജാഗോ എഴുന്നേറ്റ്‌ ബാറിന്റെ അറ്റത്തേക്ക്‌ നടന്നു. മര്‍ഡോക്ക്‌ തന്റെ സിഗാര്‍ പൈപ്പ്‌ എടുത്തു. "ഞാനിത്‌ വലിക്കുന്നതില്‍ വിരോധമില്ലല്ലോ കുട്ടീ...?"

"തീര്‍ച്ചയായുമില്ല..." അവള്‍ പറഞ്ഞു. "ഇനി ദ്വീപിലെ വിശേഷങ്ങള്‍ പറയൂ... ക്യാരി അങ്കിളിന്‌ സുഖം തന്നെയല്ലേ...?"

മര്‍ഡോക്ക്‌ ഓയില്‍സ്കിന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്ന് പുകയില എടുത്ത്‌ പൈപ്പില്‍ ക്രമമായി നിറയ്ക്കുവാന്‍ തുടങ്ങി. അവളുടെ ചോദ്യത്തെ അവഗണിച്ച്‌ അദ്ദേഹം ചോദിച്ചു. "നമ്മുടെ ലാക്ലന്‍ എവിടെ...?"

"എന്റെ മുറിയിലുണ്ട്‌... ബെഡ്‌ വെറുതെയിട്ടിട്ട്‌ കാര്യമില്ലല്ലോ... അവനാണെങ്കില്‍ നല്ല ഉറക്കത്തിന്റെ ആവശ്യവുമുണ്ട്‌..."

ജാഗോ, മര്‍ഡോക്കിനുള്ള സ്കോച്ചുമായി തിരികെയെത്തി. ആ വൃദ്ധന്‍ ഗ്ലാസ്‌ വെളിച്ചത്തേക്കുയര്‍ത്തിപ്പിടിച്ച്‌ ഒരു വിദഗ്ദനെപ്പോലെ പരിശോധിച്ചു. "ഈ നശിച്ച യുദ്ധകാലത്തും നിങ്ങള്‍ക്ക്‌ ഇതെങ്ങനെ സംഘടിപ്പിക്കാന്‍ സാധിക്കുന്നു ലെഫ്റ്റനന്റ്‌...?"

"ഓ... അതോ... വല്ലപ്പോഴുമൊക്കെ കുറച്ച്‌ കുപ്പികള്‍ കിട്ടും. ഒരെണ്ണം റിസര്‍വില്‍ വയ്ക്കും എല്ലായ്‌പ്പോഴും..."

"ക്യാരി അങ്കിളിന്റെ വിശേഷം ചോദിച്ചിട്ട്‌ താങ്കള്‍ ഒന്നും പറഞ്ഞില്ല..." ജാനറ്റ്‌ പരിഭവിച്ചു.

"അവര്‍ അദ്ദേഹത്തെ വീണ്ടും യുദ്ധനിരയിലേക്ക്‌ തിരിച്ചെടുക്കുമോ? എന്തെങ്കിലും പുതിയ വര്‍ത്തമാനങ്ങള്‍...?" അദ്ദേഹം ആകാംക്ഷയോടെ അവളോട്‌ ചോദിച്ചു.

"താങ്കള്‍ക്ക്‌ കാര്യം പറഞ്ഞാല്‍ മനസ്സിലാകുമെന്ന് കരുതട്ടെ...?" അവള്‍ ഒന്ന് ശങ്കിച്ചു.

അദ്ദേഹം തല കുലുക്കി. "എനിക്ക്‌ മനസ്സിലാകും... പക്ഷേ, അദ്ദേഹത്തിനത്‌ മനസ്സിലാകാത്തതാണ്‌ അദ്ദേഹത്തിന്റെ പ്രശ്നം..."

"അദ്ദേഹം ആഗ്രഹിക്കുന്നത്‌ എന്താണെന്ന് എനിക്കറിയാം... പക്ഷേ വാളും പരിചയും പിടിച്ച്‌ പ്രതാപത്തില്‍ നടക്കുവാന്‍ ഇനി അദ്ദേഹത്തിന്‌ കഴിയുമെന്ന് തോന്നുന്നില്ല... ഞാന്‍ പറഞ്ഞുവരുന്നത്‌ താങ്കള്‍ക്ക്‌ മനസ്സിലാകുന്നുണ്ടോ...?" അവള്‍ പതുക്കെ വിഷയത്തിലേക്ക്‌ കടന്നു.

"ഞാന്‍ ഭയപ്പെട്ടതുപോലെ തന്നെ..." അദ്ദേഹം നെടുവീര്‍പ്പിട്ടു. "അദ്ദേഹത്തിന്‌... ഞാന്‍ എങ്ങനെയാണത്‌ വിശദീകരിക്കുക... ആക്ഷന്‍ ആക്ഷന്‍ എന്ന ഒരേ ഒരു ചിന്ത മാത്രമേയുള്ളൂ അദ്ദേഹത്തിന്‌... നേര്‍വഴിക്ക്‌ നയിക്കാന്‍ അവിടെ ഒരു സ്ത്രീ ഉണ്ടായിട്ടും ഗുണമൊന്നുമില്ല. അദ്ദേഹത്തിന്‌ ആക്ഷന്‍ എന്ന ജ്വരം ബാധിച്ചിരിക്കുകയാണ്‌..."

"ആര്‌... ജീന്‍ സിന്‍ക്ലെയര്‍ ആണോ...?" അവള്‍ താല്‍പ്പര്യത്തോടെ ചോദിച്ചു.

"അങ്ങനെയാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌..."

"തീര്‍ച്ചയായും ഒരു നല്ല കാര്യമാണത്‌ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം..." ജാനറ്റിന്‌ സന്തോഷം മറച്ചുവയ്ക്കാനായില്ല. "എന്നെക്കൊണ്ട്‌ എന്തെങ്കിലും സഹായം അവരുടെ കാര്യത്തില്‍ ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടെ..."

"അവരുടെ കാര്യം അവര്‍ നോക്കിക്കോളും.. നീ നിന്റെ കാര്യം എങ്ങനെയെങ്കിലും ഒന്ന് ശരിയാക്കാന്‍ നോക്ക്‌ കുട്ടീ..."

മര്‍ഡോക്കിന്റെ ആ മറുപടി ജാഗോയ്ക്ക്‌ വളരെ രസിച്ചു. അദ്ദേഹം അവളുടെ നേരെ കണ്ണിറുക്കി കാണിച്ചു. മേശയുടെ അടിയില്‍ കൂടി അവള്‍ അദ്ദേഹത്തിന്റെ കാലില്‍ ഒരു ചവിട്ട്‌ വച്ചുകൊടുത്തു.

"എപ്പോഴാണ്‌ നാം പുറപ്പെടുന്നത്‌...?" അവള്‍ മര്‍ഡോക്കിനോട്‌ ആരാഞ്ഞു.

"മിക്കവാറും പുലര്‍ച്ചെ രണ്ട്‌ മണിക്ക്‌. അപ്പോഴാണെങ്കില്‍ വേലിയേറ്റം നമുക്ക്‌ സൗകര്യപ്രദമായിരിക്കും. ഞാനെന്നാല്‍ തല്‍ക്കാലം ഇറങ്ങട്ടെ... എന്റെ ഒരു സഹോദരി ഇവിടെയുണ്ട്‌. അത്താഴത്തിന്‌ ക്ഷണിച്ചിട്ടുണ്ട്‌..." പോക്കറ്റില്‍ നിന്ന് ഒരു പഴയ വാച്ച്‌ എടുത്ത്‌ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ അദ്ദേഹം തുടര്‍ന്നു. "പത്ത്‌ മിനിറ്റ്‌ മുമ്പേ അവിടെ എത്തേണ്ടതായിരുന്നു. ഇനി അതിന്റെ പേരില്‍ അവരെന്റെ തൊലിയുരിക്കും. കഴിഞ്ഞ വര്‍ഷം അവരുടെ ഭര്‍ത്താവ്‌ മരിച്ചതില്‍ പിന്നെ ആള്‍ അല്‍പ്പം പിശകാണ്‌..."

"അധികം ദൂരമുണ്ടോ...? എങ്കില്‍ ഞാനൊരു ജീപ്പ്‌ അറേഞ്ച്‌ ചെയ്യാം..." എഴുന്നേറ്റുകൊണ്ട്‌ ജാഗോ പറഞ്ഞു.

"ഏയ്‌ ... വേണ്ട... മെയിന്‍ സ്ട്രീറ്റിന്റെ അങ്ങേയറ്റത്ത്‌. അഞ്ച്‌ മിനിറ്റ്‌ നടന്നാല്‍ മതി... അപ്പോള്‍ ശരി.. നമുക്ക്‌ പുലര്‍ച്ചെ ഒന്നരയ്ക്ക്‌ കാണാം..."

തിരക്ക്‌ പിടിച്ച ബാറില്‍ നിന്ന് അദ്ദേഹം പുറത്തേക്ക്‌ നടന്നു.

ജാഗോ വീണ്ടും കസേരയിലേക്കിരുന്നു. "അങ്ങനെ ഒരു നാശം കൂടി ഒഴിവായിക്കിട്ടി... ആ ലാക്ലനോട്‌ നീ ഇത്ര ഉദാരമനസ്കയായിപ്പോയല്ലോ... നല്ലൊരു പട്ടുമെത്ത വെറുതെ പാഴാക്കിക്കളഞ്ഞു..."

"ഞാനൊരു നല്ല കുട്ടിയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ...?"

അദ്ദേഹം മുന്നോട്ടാഞ്ഞ്‌ ഒരു സിഗരറ്റ്‌ അവള്‍ക്ക്‌ കൊടുത്തു. "പക്ഷേ, ഞാനൊരു ചെറുപ്പക്കാരനല്ലേ... വികാരങ്ങളൊക്കെ ഇല്ലാതിരിക്കുമോ? ചില അറേഞ്ച്‌മെന്റുകളൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്‌..."

"എനിക്കറിയാമായിരുന്നു നിങ്ങളത്‌ ചെയ്യുമെന്ന്..."

"ഞങ്ങള്‍ നാവികര്‍ക്ക്‌, തല ചായ്ക്കാന്‍ എവിടെയെങ്കിലും അല്‍പ്പം സ്ഥലം കിട്ടിയാല്‍ മതി, സ്വര്‍ഗ്ഗമായി. പക്ഷേ ഒരു പ്രശ്നം... ഒരു സിംഗിള്‍ ബെഡ്‌ ആണ്‌ നമുക്ക്‌ കിട്ടിയിരിക്കുന്നത്‌..." അദ്ദേഹം സന്തോഷം മറച്ചുവച്ചില്ല.

"അതിനെന്താ...? റ്റൂ ഇന്റു വണ്‍ ശരിയാവില്ലേ...?" അവളും വിട്ടുകൊടുത്തില്ല.

"എന്തോ... ഞാന്‍ കണക്കില്‍ അല്‍പ്പം പിന്നിലാണ്‌..."

"ഞാനും..."

അവര്‍ എഴുന്നേറ്റ്‌ ബാറില്‍ നിന്ന് പുറത്ത്‌ കടന്നു. ശക്തിയായ കാറ്റോടെ മഴ ജാലകങ്ങളില്‍ ആഞ്ഞടിച്ചു. ഗോവണിയുടെ കൈവരികളില്‍ പിടിച്ച്‌ ഒരു നിമിഷം നിന്നിട്ട്‌ അവള്‍ പറഞ്ഞു. "ഈ അവസ്ഥയില്‍ പുറത്ത്‌ കഴിച്ചുകൂട്ടുക അത്ര സുഖകരമല്ല..."

"അതേ... മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും എല്ലാം... എന്റെ മുത്തശ്ശി അങ്ങനെ പറയുമായിരുന്നു..."

"ഞാന്‍ ഗെറിക്കിന്റെ കാര്യമാണ്‌ ചിന്തിച്ചത്‌..." മുകളിലേക്ക്‌ കയറുമ്പോള്‍ അവള്‍ പറഞ്ഞു.


* * * * * * * * * * * * * * * * * * * * * * * * * * * * *


ഗാഢനിദ്രയിലായിരുന്ന ഗെറിക്ക്‌ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. വല്ലാതെ പരിഭ്രമിച്ചു പോയി ആദ്യം അദ്ദേഹം. കഴിഞ്ഞ രണ്ട്‌ മണിക്കൂറായി നല്ല ഉറക്കത്തിലായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. കൃത്യം ഒരു മണി ആയിരിക്കുന്നു. ഹാര്‍ബറില്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ പോയിക്കഴിഞ്ഞിരിക്കുന്നു. സാധനങ്ങള്‍ നിറച്ചുകൊണ്ടിരുന്ന ട്രക്കുകള്‍ അവിടെയുണ്ടായിരുന്നില്ല. ലൈറ്റുകളെല്ലാം അണഞ്ഞിരിക്കുന്നു.

നിശ്ശബ്ദത തളം കെട്ടി നില്‍ക്കുകയാണ്‌ എങ്ങും. പെട്ടെന്ന് അല്‍പ്പം അകലെയായി ഒരു നായ കുരച്ചു. ആരും ആ വഴി വരുന്നില്ലെന്ന് ഉറപ്പ്‌ വരുത്താനായി കാല്‍ മണിക്കൂര്‍ കൂടി അദ്ദേഹം കാത്ത്‌ നിന്നു. പിന്നെ ട്രക്കിനുള്ളില്‍ നിന്നിറങ്ങി അതീവ ശ്രദ്ധയോടെ ഹാര്‍ബറിലെ കോണ്‍ക്രീറ്റ്‌ പാലത്തിനടുത്തേക്ക്‌ നടന്നു.

നിഴലുകളുടെ മറവ്‌ പറ്റിയായിരുന്നു അദ്ദേഹം നീങ്ങിയിരുന്നത്‌. വെള്ളനിറമുള്ള ഹാറ്റ്‌ റെയിന്‍കോട്ടിനുള്ളിലേക്ക്‌ തിരുകി വച്ചു. കാലുകളില്‍ നിന്ന് സീബൂട്ട്‌സ്‌ അഴിച്ചുമാറ്റി. അവിടെ കിടന്നിരുന്ന ഗണ്‍ ബോട്ടില്‍ വാച്ച്‌ ഡ്യൂട്ടിയിലുള്ള രണ്ട്‌ പേര്‍ പരസ്പരം പതിഞ്ഞ സ്വരത്തില്‍ എന്തോ പറയുന്നത്‌ അദ്ദേഹം കേട്ടു. വീല്‍ ഹൗസിനുള്ളില്‍ ആരുടെയോ ചുണ്ടിലിരുന്ന് എരിയുന്ന സിഗരറ്റിന്റെ തിളക്കം. സ്റ്റോക്കിങ്ങ്‌സ്‌ മാത്രം ധരിച്ച പാദങ്ങളോടെ ശബ്ദമുണ്ടാക്കാതെ അദ്ദേഹം ആ ബോട്ടിനെയും മറ്റു ഫിഷിംഗ്‌ ബോട്ടുകളെയും പിന്നിട്ടു.

കല്‍പ്പടവുകളുടെ താഴെയായി ബന്ധിച്ചിരിക്കുകയാണ്‌ ആ ലോഞ്ചിനെ. പതുക്കെ അതിനുള്ളില്‍ കടന്നിട്ട്‌ അദ്ദേഹം തന്റെ സീബൂട്ട്‌സ്‌ താഴെ വച്ചു. എന്നിട്ട്‌ വലത്‌ കൈയില്‍ മോസറുമായി ഇടനാഴിയിലേക്ക്‌ നീങ്ങി.

വളരെ വൃത്തിയും ഭംഗിയുമുള്ള സലൂണ്‍, ഒരു ടോയ്‌ലറ്റ്‌ റൂം, പിന്‍ഭാഗത്ത്‌ ഒരു ക്യാബിന്‍ - ഇത്രയും അദ്ദേഹം ഒറ്റനോട്ടത്തില്‍ ശ്രദ്ധിച്ചു. ക്യാബിനിലുള്ള രണ്ട്‌ ബങ്കുകളും ഒഴിഞ്ഞ്‌ കിടക്കുകയാണ്‌. അതിനും അപ്പുറത്ത്‌ കിച്ചണ്‍. ഇതിലും മെച്ചപ്പെട്ട മറ്റൊന്ന് ഇനി കിട്ടാനില്ല. അവിടെ കണ്ട ഒരു ടവല്‍ എടുത്ത്‌ അദ്ദേഹം കാലുകള്‍ തുടച്ചു. എന്നിട്ട്‌ ഇടനാഴിയിലേക്ക്‌ മടങ്ങി, തന്റെ സീബൂട്ട്‌സ്‌ എടുത്ത്‌ ധരിച്ചു.

അടുത്തതായി അദ്ദേഹം എന്‍ജിന്‍ റൂമിലേക്ക്‌ നീങ്ങി. വളരെ ശ്രദ്ധയോടെ അദ്ദേഹം അവിടെയെല്ലാം പരിശോധിച്ചു. ഇത്‌ എന്തായാലും ഒരു സാധാരണക്കാരന്റെ ബോട്ടല്ലെന്ന് തീര്‍ച്ച. ഏതോ ധനികന്റെയാണ്‌. പെന്റാ പെട്രോള്‍ എന്‍ജിന്‍, ട്വിന്‍ സ്‌ക്രൂസ്‌, ഡെപ്‌ത്‌ സൗണ്ടര്‍, ഓട്ടോമാറ്റിക്ക്‌ സ്റ്റിയറിംഗ്‌ മുതലായ എല്ലാ സൗകര്യങ്ങളും ഉണ്ട്‌. ഇത്തരം ബോട്ടുകള്‍ക്ക്‌ എഴുനൂറോ എന്നൂറോ ഒരു പക്ഷേ അതില്‍ കൂടുതലോ മൈല്‍ ദൂരം ഒറ്റയടിക്ക്‌ പോകാന്‍ കഴിയും. ടാങ്കില്‍ എത്ര ഇന്ധനം ഉണ്ടെന്നതിനെ ആശ്രയിച്ചിരിക്കും അത്‌.

പെട്രോള്‍ ടാങ്കിന്റെ ഇന്‍ഡിക്കേറ്റര്‍ ഡയല്‍ അദ്ദേഹം കണ്ടുപിടിച്ചു. ഏതാണ്ട്‌ നിറഞ്ഞ്‌ തന്നെയാണിരിക്കുന്നത്‌. ഇനി ആവശ്യമുള്ളത്‌ ഒന്ന് മാത്രം. ഒരു പങ്കായം. ശബ്ദമുണ്ടാക്കാതെ തുഴഞ്ഞ്‌ ഹാര്‍ബറില്‍ നിന്ന് പുറത്ത്‌ കടന്നിട്ട്‌ വേണം എന്‍ജിന്‍ സ്റ്റാര്‍ട്ട്‌ ചെയ്യുവാന്‍. അദ്ദേഹം ഡെക്കിലേക്ക്‌ നടന്നു. എന്നാല്‍, പെട്ടെന്ന് ആരോ ഹാര്‍ബറിലേക്ക്‌ വരുന്ന കാലടി ശബ്ദം കേട്ട്‌ അദ്ദേഹം വീല്‍ ഹൗസിനുള്ളിലേക്ക്‌ വലിഞ്ഞു.

നിഴല്‍ പറ്റി അദ്ദേഹം അവരെ ശ്രദ്ധിച്ചുകൊണ്ട്‌ അനങ്ങാതെ നിന്നു. അടുത്തുള്ള ഫിഷിംഗ്‌ ബോട്ടുകളില്‍ ഏതെങ്കിലുമൊന്നിലേക്ക്‌ പോകുന്നവരായിരിക്കുമെന്നാണ്‌ അദ്ദേഹം കരുതിയത്‌. എന്നാല്‍ വിധി വൈപരിത്യം എന്ന് പറയട്ടെ, അവര്‍ നേരെ അങ്ങോട്ടുതന്നെയാണ്‌ വന്നിരുന്നത്‌.

അവരിലൊരാള്‍ ചിരിക്കുന്ന ശബ്ദം അദ്ദേഹം വളരെ വ്യക്തമായി കേട്ടു. തനിക്ക്‌ പരിചിതമായ സ്വരം. ഗെറിക്ക്‌ അവിശ്വസനീയതയോടെ പുഞ്ചിരിച്ചു. കാരണം, ജാനറ്റ്‌ മണ്‍റോയുടെ ശബ്ദമായിരുന്നു അത്‌.

"നിങ്ങള്‍ ഒരിക്കലും ഒരു കാര്യവും ഗൗരവമായി എടുക്കാറില്ലേ ഹാരീ...?"

"എനിക്കതിന്‌ കഴിയില്ലെന്നാണ്‌ തോന്നുന്നത്‌..." ജാഗോ അവളോട്‌ പറഞ്ഞു.

"എനിക്ക്‌ ഒരു ഐഡിയ ഉണ്ട്‌ മര്‍ഡോക്ക്‌... ഫാഡായിലേക്ക്‌ പോകുന്ന വഴി ഏറ്റവും ആഴമുള്ള സ്ഥലം കണ്ടുപിടിക്കുക... എന്നിട്ട്‌ ഒരു പത്ത്‌ നാല്‍പ്പത്‌ കിലോ ഭാരമുള്ള ഒരു ചങ്ങലയും കാലില്‍ കെട്ടി ഇവളെ എടുത്ത്‌ പുറത്തേക്കിടുക. പിന്നെ ഈ ലോകത്ത്‌ നമുക്കെല്ലാവര്‍ക്കും അല്‍പ്പം ആശ്വാസത്തോടും സമാധാനത്തോടും ജീവിക്കാന്‍ കഴിയും..."

"റാസ്കല്‍...." അവള്‍ ജാഗോയുടെ നേരെ നോക്കി പറഞ്ഞു.

"വാക്കുകളില്‍ കുറച്ച്‌ മര്യാദ പാലിക്കൂ കുട്ടീ..." അവളെ ശകാരിച്ചുകൊണ്ട്‌ മര്‍ഡോക്ക്‌ പറഞ്ഞു. "ഇല്ലെങ്കില്‍ ചിലപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യം ഞാന്‍ തന്നെ ചെയ്തെന്ന് വരും..."

ഗെറിക്ക്‌ അത്‌ കേട്ട്‌ പുഞ്ചിരിച്ചു. എന്നിട്ട്‌ അവരുടെ കണ്ണില്‍ പെടുന്നതിന്‌ മുമ്പേ ഇടനാഴിയിലൂടെ വേഗം മുന്നോട്ട്‌ നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

12 comments:

 1. കഴിഞ്ഞ ലക്കത്തില്‍ വന്ന് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഹാര്‍ദ്ദവമായ നന്ദി...

  ReplyDelete
 2. ആഹാ... കഥ പിന്നെയും interesting ആയിക്കൊണ്ടിരിയ്ക്കുന്നുവല്ലോ...

  തുടരെട്ടെ വിനുവേട്ടാ.

  ReplyDelete
 3. പരിചയപ്പെടുത്തലിനു വളരെ നന്ദി..നല്ല ശൈലി..

  ReplyDelete
 4. ഇനി ഗെറിക് എന്തു ചെയ്യും?

  ReplyDelete
 5. 40കിലോവിന്റെ ചങ്ങലയോ ......ഭഗവാനേ ....

  ReplyDelete
 6. ഗെറിക്ക്‌ എത്തിപ്പോയല്ലൊ..
  ഇനി എന്താണാവോ അടുത്ത നീക്കം...
  കാത്തിരിയ്ക്കാം അല്ലേ...
  ആശംസകളോടെ..

  ReplyDelete
 7. ഹാവൂ… ഞാന് വീണ്ടും ഈ ബോട്ടില് കയറിപ്പറ്റി… ഗെറിക്ക് സുരക്ഷിതനാണെന്നറിയുന്നതില് അതിയായ സന്തോഷം… കഴിഞ്ഞ 3 ലക്കങ്ങള് ഒറ്റയടിക്ക് വായിച്ചു… ആകാംക്ഷയോടെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു…

  ReplyDelete
 8. ഈ ഗെറിക്കിന്റെ കാര്യം വീണ്ടും കഷ്ടമായല്ലോ. കറങ്ങിത്തിരിഞ്ഞ്‌ വീണ്ടും ജാനറ്റിന്റെ മുമ്പില്‍ തന്നെ എത്തി. ഇനി എന്ത്‌? വല്ലാത്ത ഒരു സ്ഥലത്തായിപ്പോയല്ലോ കഥ നിര്‍ത്തിയത്‌. ഇനി അടുത്തയാഴ്ചക്കായുള്ള കാത്തിരുപ്പ്‌ വീണ്ടും. ഇങ്ങനെയൊരു നോവല്‍ വിവര്‍ത്തനത്തിന്‌ തെരഞ്ഞെടുത്തതിന്‌ അഭിനന്ദനങ്ങള്‍.

  ReplyDelete
 9. വെരി ഇന്ററസ്റ്റിംഗ്

  ReplyDelete
 10. വായിക്കുന്നു

  ReplyDelete
 11. ഒരു കടൽത്തീരത്തൂടെ മഴ കൊണ്ട്‌ നടന്ന് പ്രേമിക്കാൻ തുടങ്ങിയവരാ...ഗെറിക്ക്‌ പിന്നേം അവരുടെ മുന്നിലെത്തുകയും ചെയ്തു.

  ReplyDelete
  Replies
  1. കഥാകൃത്ത്‌ എങ്ങനെ സന്ദർഭങ്ങൾ മെനയുന്നു എന്ന് നോക്കൂ സുധീ...

   Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...