പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, June 16, 2010

സ്റ്റോം വാണിംഗ്‌ - 49

കല്ല് പാകിയ ആ നിരത്തിലൂടെ അവര്‍ നടന്നു. ഗെറിക്ക്‌ ആയിരുന്നു നടുവില്‍. ശക്തിയായ മഴയുള്ളതിനാല്‍ പരിസര വാസികള്‍ മിക്കവാറും വീടുകളില്‍ തന്നെയായിരുന്നു. ഒരിടത്ത്‌ മാത്രം ഒരു വീടിന്റെ ഉമ്മറത്ത്‌ നിന്നുകൊണ്ട്‌ ഒരു സ്ത്രീ അവരെ ആകാംക്ഷയോടെ വീക്ഷിച്ചു. എവിടെ വച്ചോ അവരുടെ പിന്നാലെ കൂടിയ രണ്ട്‌ കുട്ടികളെ മര്‍ഡോക്ക്‌ ഓടിച്ചുവിട്ടു.

ആ തെരുവ്‌ അവസാനിക്കുന്നിടത്തായിരുന്നു പോലീസ്‌ സ്റ്റേഷന്‍. ഹാര്‍ബറിന്‌ അഭിമുഖമായി സ്ഥിതി ചെയ്തിരുന്ന ആ കെട്ടിടം ദ്വീപിലെ മറ്റ്‌ എല്ലാ കെട്ടിടങ്ങളെയും എന്ന പോലെ ഉറപ്പേറിയ ഗ്രാനൈറ്റ്‌ കല്ലുകള്‍ കൊണ്ട്‌ നിര്‍മ്മിച്ചതായിരുന്നു. ഇരുമ്പഴികളും വലിയ ജാലകങ്ങളും ആയിരുന്നു മറ്റ്‌ കെട്ടിടങ്ങളില്‍ നിന്ന് അതിനുണ്ടായിരുന്ന വ്യത്യാസം.

റീവ്‌, അതിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മര്‍ഡോക്ക്‌ തന്റെ ബൂട്ട്‌സ്‌ കൊണ്ട്‌ കതകില്‍ തട്ടി ശബ്ദമുണ്ടാക്കിയിട്ട്‌ ചോദിച്ചു. "ലാക്ലന്‍, നീ ഉറക്കമാണോ...?"

ഉള്ളില്‍ നിന്ന് ഓടാമ്പല്‍ നീങ്ങുന്ന ശബ്ദം കേള്‍ക്കാറായി. പിന്നെ വാതില്‍ തുറന്ന് ലാക്ലന്‍ പുറത്തേക്ക്‌ എത്തി നോക്കി. അപ്പോഴും തന്റെ സൈനിക വേഷത്തിലായിരുന്നു അവന്‍.

"ഇദ്ദേഹത്തെ തല്‍ക്കാലം നമുക്ക്‌ കൂട്ടിലടയ്ക്കാം..." മര്‍ഡോക്ക്‌ പറഞ്ഞു.

പഴയ ഒരു മേശയും കസേരയും പിന്നെ ചെറിയ ഒരു നെരിപ്പോടും മാത്രമേ ആ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ.

ലാക്ലന്‍ തന്റെ റൈഫിള്‍ എടുത്ത്‌ തോളിലിട്ടു. പിന്നെ ചുമരിലെ ആണിയില്‍ കൊളുത്തിയിരുന്ന വലിയ താക്കോല്‍ക്കൂട്ടം എടുത്തു.

"ഇദ്ദേഹത്തെ ഇപ്പോള്‍ തന്നെ അകത്താക്കുകയാണോ അഡ്‌മിറല്‍...?"

"എത്രയും പെട്ടെന്നാകുന്നതല്ലേ നല്ലത്‌...?"

ഇടുങ്ങിയ ആ ഇടനാഴിയിലൂടെ അവര്‍ അല്‍പ്പം മുന്നോട്ട്‌ നടന്നു. ഇരുവശങ്ങളിലുമായി മൂന്ന് സെല്ലുകളുണ്ടായിരുന്നു. എല്ലാം ഇരുമ്പഴികള്‍ കൊണ്ട്‌ അടയ്ക്കപ്പെട്ടത്‌. ലാക്ലന്‍ അതിലൊന്ന് തുറന്നു. പിന്നെ ഗെറിക്കിന്റെ കൈവിലങ്ങ്‌ അഴിച്ചിട്ട്‌ അദ്ദേഹത്തെ ഉള്ളിലേക്ക്‌ നയിച്ചു. ഒരു ഇരുമ്പ്‌ കട്ടില്‍, മൂന്നോ നാലോ ബ്ലാങ്കറ്റുകള്‍, പിന്നെ ഒരു ബക്കറ്റ്‌.. ഇത്രയും ആയിരുന്നു ആ മുറിയിലെ വസ്തുക്കള്‍. ലാക്ലന്‍ പുറത്ത്‌ കടന്ന് അഴികള്‍ ചേര്‍ത്തടച്ച്‌ ലോക്ക്‌ ചെയ്തു.

"അങ്ങനെ അതും കഴിഞ്ഞു..." ഒരു പാക്കറ്റ്‌ സിഗരറ്റ്‌, തീപ്പെട്ടി, ഒരു ന്യൂസ്‌ പേപ്പര്‍ എന്നിവ അഴികള്‍ക്കിടയിലൂടെ ഇട്ടു കൊടുത്തിട്ട്‌ റീവ്‌ പറഞ്ഞു. "മൂന്ന് ദിവസം പഴക്കമുള്ള പത്രമാണ്‌... വേറൊന്നും ചെയ്യാനില്ലാത്ത നിലയ്ക്ക്‌ വെറുതെ മറിച്ചു നോക്കാമെന്ന് മാത്രം. പിന്നെ, യുദ്ധത്തില്‍ നിങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബോദ്ധ്യമാകുകയും ചെയ്യും..."

മര്‍ഡോക്ക്‌ തന്റെ പോക്കറ്റില്‍ നിന്ന് ഒരു ചെറിയ കുപ്പി എടുത്തു. "കുറച്ച്‌ കഴിഞ്ഞാല്‍ നല്ല തണുപ്പായിരിക്കും ഇവിടെ... ഒരു മരുന്നിനായി ഇരിക്കട്ടെ ഇത്‌..."

"ജെന്റില്‍മെന്‍... എങ്ങനെയാണ്‌ ഇതിനൊക്കെ ഞാന്‍ നന്ദി പറയുക... ഇതൊക്കെത്തന്നെ ധാരാളം..." ഗെറിക്ക്‌ വിനയത്തോടെ പറഞ്ഞു.

റീവ്‌ ഒന്ന് പുഞ്ചിരിച്ചു. പിന്നെ തിരിഞ്ഞ്‌ മര്‍ഡോക്കിനൊപ്പം ഓഫീസിലേക്ക്‌ നടന്നു. ഗെറിക്ക്‌ ഒറ്റയ്ക്കായി. അദ്ദേഹം ആ തടവറയ്ക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും വെറുതേ നടന്നു. പിന്നെ ജാലകത്തിനടുത്തുള്ള കട്ടിലില്‍ ചെന്നിരുന്ന് ഹാര്‍ബറിലേക്ക്‌ പ്രത്യാശയോടെ നോക്കി.

മര്‍ഡോക്ക്‌ കൊടുത്ത ബോട്ട്‌ല്‍ തുറന്ന് അദ്ദേഹം അല്‍പ്പം രുചിച്ച്‌ നോക്കി. അതിറങ്ങിപ്പോയ വഴി മുഴുവന്‍ കത്തിയെരിയുന്നത്‌ പോലെ തോന്നി അദ്ദേഹത്തിന്‌. വയറിനുള്ളില്‍ സ്ഫോടനം നടക്കുന്നത്‌ പോലെ... ഒരു നിമിഷം ശ്വാസം തന്നെ നിലച്ചത്‌ പോലുള്ള അവസ്ഥ.

"ഓ, മൈ ഗോഡ്‌...!!!" അദ്ദേഹം അറിയാതെ വിളിച്ചു പോയി.

അത്‌ കേട്ട ലാക്ലന്‍ തോളില്‍ റൈഫിളുമായി ഓടിയെത്തി അദ്ദേഹത്തിന്റെ സെല്ലിന്‌ മുന്നില്‍ നിന്നു. പിന്നെ, അല്‍പ്പം ഭയത്തോടെ റൈഫിള്‍ തോളില്‍ നിന്ന് എടുത്ത്‌ ഇരു കൈകളിലും മുറുകെ പിടിച്ച്‌ അദ്ദേഹത്തെ ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു.

ഗെറിക്ക്‌ പതുക്കെ എഴുന്നേറ്റ്‌ റീവ്‌ കൊടുത്ത പാക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ്‌ എടുത്ത്‌ ചുണ്ടില്‍ വച്ചു.

"നിനക്ക്‌ വേണോ സിഗരറ്റ്‌...?" പാക്കറ്റ്‌ നീട്ടിക്കൊണ്ട്‌ അദ്ദേഹം അഴികള്‍ക്കടുത്തേക്ക്‌ നീങ്ങി.

അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അവന്റെ സ്വരത്തില്‍ പരിഭ്രമം കലര്‍ന്നിരുന്നു. "താങ്കളുടെ മോസറില്‍ ബുള്ളറ്റ്‌ ഉണ്ടായിരുന്നല്ലോ... അത്‌ അണ്‍ലോഡ്‌ ചെയ്തപ്പോള്‍ ഞാന്‍ കണ്ടിരുന്നു..."

"ശരിയാണ്‌..."

"വേണമെങ്കില്‍ താങ്കള്‍ക്ക്‌ അവര്‍ക്ക്‌ നേരെ നിറയൊഴിക്കാമായിരുന്നു... പക്ഷേ, എന്തുകൊണ്ടത്‌ ചെയ്തില്ല...?"

"ജാനറ്റിനെയോ...? എനിക്കതിന്‌ കഴിയുമായിരുന്നുവെന്ന് നിനക്ക്‌ തോന്നുന്നുണ്ടോ...?" ഗെറിക്ക്‌ സൗമ്യമായി ചോദിച്ചു.

അവന്‍ നെടുവീര്‍പ്പിട്ടു. ഇപ്പോഴാണ്‌ അവന്‌ ആശ്വാസമായത്‌. റൈഫിളിന്റെ കുഴല്‍ അവന്‍ താഴേക്ക്‌ വച്ചു.

"ഇല്ല, താങ്കള്‍ക്കതിന്‌ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു..." രണ്ടടി വച്ചിട്ട്‌ പിന്തിരിഞ്ഞ്‌ അവന്‍ ചോദിച്ചു. "ഞാന്‍ ചായ ഇടാന്‍ പോകുകയാണ്‌. താങ്കള്‍ക്ക്‌ ഒരു കപ്പ്‌ എടുക്കട്ടേ...?"

"ചായ... ഇത്രയും ഇഷ്ടമുള്ള മറ്റൊന്നുമില്ല എനിക്ക്‌..."

"താങ്കള്‍ക്ക്‌ നേരെ നിറയൊഴിക്കാന്‍ തയ്യാറായിട്ടാണ്‌ ഞാന്‍ വന്നത്‌ കമാന്‍ഡര്‍... എന്റെ പിതാവിന്റെ ഓര്‍മ്മ ആ തീരുമാനത്തിന്‌ ശക്തി പകര്‍ന്നതുമാണ്‌. പക്ഷേ, ഇവിടെയെത്തിയപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌... എനിക്കതിനാവില്ല എന്ന്..." ലാക്ലന്‍ തലകുനിച്ചു കൊണ്ട്‌ പറഞ്ഞു.

"എനിക്കതറിയാമായിരുന്നു..." ഗെറിക്ക്‌ മന്ത്രിച്ചു.

തിരിഞ്ഞ്‌ നടന്ന് പോകുന്ന അവന്റെ പാദപതനം അകന്നകന്ന് പോയി. തനിക്ക്‌ ലഭിച്ച ഇരുമ്പ്‌ കട്ടിലില്‍ വന്നിരുന്ന് വീണ്ടുമൊരു സിഗരറ്റിന്‌ തീ കൊളുത്തുമ്പോള്‍ ഗെറിക്കിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.


* * * * * * * * * * * * * * * * * * * * * * * * * * *


സ്കീ ദ്വീപിന്‌ പടിഞ്ഞാറ്‌ ഏകദേശം അഞ്ച്‌ നോട്ടിക്കല്‍ മൈല്‍ അകലെയായി കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌ ഡെഡ്‌ എന്‍ഡ്. കാലാവസ്ഥ അല്‍പ്പം മോശമാണ്‌. പീറ്റേഴ്‌സണ്‍ ആണ്‌ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്നത്‌. ചാര്‍ട്ട്‌ ടേബിളിന്‌ മുന്നിലിരുന്ന് ബോട്ടിന്റെ ദിശ പരിശോധിക്കുകയാണ്‌ ഹാരി ജാഗോ. പിന്നില്‍ കതക്‌ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ കാപ്പി കൊണ്ടുവരികയാണെന്നാണ്‌ അദ്ദേഹം കരുതിയത്‌. എന്നാല്‍ പ്രതീക്ഷയ്ക്ക്‌ വിരുദ്ധമായി കൈയില്‍ ടെലക്സ്‌ മെസ്സേജുമായി അത്ഭുതപരതന്ത്രനായി നില്‍ക്കുന്ന ജന്‍സണെയാണ്‌ അദ്ദേഹം കണ്ടത്‌.

"ലെഫ്റ്റനന്റ്‌... ഒരു സ്പെഷല്‍ മെസ്സേജ്‌ ആണ്‌ സര്‍..."

"മെസ്സേജോ...? മലേയ്‌ഗില്‍ നിന്നോ...?" ജാഗോ ആശ്ചര്യപ്പെട്ടു. "അര മണിക്കൂറല്ലേ ആയുള്ളു നാം മലേയ്‌ഗില്‍ നിന്ന് പുറപ്പെട്ടിട്ട്‌... എന്താണത്‌...? വായിക്കൂ..."

ജന്‍സണ്‌ തന്റെ ആഹ്ലാദം മറച്ച്‌ വയ്ക്കാനായില്ല. ആവേശത്തോടെ അയാള്‍ അത്‌ വായിക്കാന്‍ തുടങ്ങി.

"കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌, കാട്രീനയില്‍ ഒളിച്ച്‌ കടക്കാനുള്ള ശ്രമത്തിനിടയില്‍ പിടിയിലായിരിക്കുന്നു. ഇപ്പോള്‍ ഫാഡാ ജയിലില്‍. നാളെ, സ്റ്റോണോവേയില്‍ നിന്ന് മടങ്ങുന്ന വഴി അവിടെയെത്തി കസ്റ്റഡിയില്‍ എടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു."

ജാഗോ അവിശ്വസനീയതയോടെ അയാളെ തുറിച്ചു നോക്കി. പിന്നെ അയാളുടെ കൈയില്‍ നിന്ന് ആ പേപ്പര്‍ പിടിച്ചുവാങ്ങി സ്വയം വായിച്ചു നോക്കി. "ഇല്ല... അസാദ്ധ്യം... അസംഭവ്യം..."

"പക്ഷേ, സംഭവം ശരിയാണെന്ന് തോന്നുന്നു സര്‍... ക്യാപ്റ്റന്‍ മറേ നേരിട്ട്‌ വിളിച്ചു പറയുകയും ചെയ്തിരുന്നു..."

"എന്നാല്‍ ശരി... മറുപടി അയച്ചേക്കൂ... മെസ്സേജ്‌ ലഭിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. കാലാവസ്ഥ അനുകൂലമാണെങ്കില്‍, പുലര്‍ച്ചയ്ക്ക്‌ തന്നെ സ്റ്റോണോവേയില്‍ നിന്ന് പുറപ്പെടുകയായി. മദ്ധ്യാഹ്നത്തോടെ ഫാഡായില്‍ എത്തുമെന്ന് കരുതുന്നു... ആഹ്‌... പെട്ടെന്ന് നീങ്ങാന്‍ നോക്കാം നമുക്ക്‌..."

ജന്‍സണ്‍ സന്തോഷം അടക്കാനാവാതെ വെളുക്കെ ചിരിച്ചു കൊണ്ട്‌ പുറത്ത്‌ കടന്നു. ജാഗോ, മേശപ്പുറത്ത്‌ കിടന്നിരുന്ന പെന്‍സില്‍ എടുത്ത്‌ വിരലുകള്‍ക്കിടയിലിട്ട്‌ ഞെരുക്കി.

* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

16 comments:

  1. കഴിഞ്ഞ ലക്കം സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തവര്‍ക്ക്‌ ഹാര്‍ദ്ദവമായ നന്ദി...

    തൃശൂര്‍ വിശേഷങ്ങളിലും ഒരു പോസ്റ്റ്‌ ഇട്ടിരുന്നു കഴിഞ്ഞയാഴ്ച. അങ്ങോട്ട്‌ ഇനിയും എത്തിപ്പെട്ടിട്ടില്ലാത്തവര്‍ വായിക്കുമല്ലോ.

    ReplyDelete
  2. അപ്പോള്‍ ഗെറിക്കിന്റെ കാര്യം വീണ്ടും ഗോവിന്ദ!

    ReplyDelete
  3. കാര്യങ്ങള്‍ നന്നായി പുരോഗമിയ്ക്കുന്നു... ഗെറിക്കിന്റെ കാര്യം എന്താകുമോ എന്തോ...

    ReplyDelete
  4. ഗെറിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ വായിച്ച് സങ്കടം തോന്നി.

    ReplyDelete
  5. നീലത്താമര... എന്ന് പറയാന്‍ വരട്ടെ...

    ശ്രീ... കാത്തിരിക്കാം...

    മുരളിഭായ്‌.. മുരളിഭായ്‌ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല... തുടരാതിരിക്കാനുള്ളതിനേക്കാള്‍ ദൂരം മുന്നോട്ട്‌ പോയിക്കഴിഞ്ഞിരിക്കുന്നു...

    സുകന്യ... കാത്തിരിക്കൂ, ജാനറ്റിന്റേതുപോലെ ക്രൂരഹൃദയമല്ലല്ലോ നോവലിസ്റ്റിന്റേത്‌... അടുത്തതെന്താണെന്ന് നോക്കാം ...

    ചാര്‍ളിയേയും ഏറക്കാടനേയും എഴുത്തുകാരിച്ചേച്ചിയേയും ജിമ്മിയേയും ഒന്നും
    കണ്ടില്ലല്ലോ...

    ReplyDelete
  6. വിനുവേട്ടാ ...നമ്മള്‍ ഇവിടെയൊക്കെത്തന്നെ ഉണ്ടേ..
    ഈ ഗെറിക്ക് ഫാന്‍സ്കാര്‍ വഴി നടക്കാന്‍ സമ്മതിക്കില്ലെന്നേ..
    പിന്നെ ഇവിടെ വന്ന് ഫോളോ അപ്പ് നടത്തിയാല്‍ വിനുവേട്ടനും തല്ലു..
    എന്താ ചെയ്ക..

    ReplyDelete
  7. ഞാന്‍ ഹാജര്‍... പതിവുപോലെ മറ്റൊരു മനോഹര അദ്ധ്യായം കൂടെ... തുടക്കത്തിലെ ആ ഖണ്ടിക, ഒരു ചിത്രം പോലെ മനസ്സില്‍ പതിഞ്ഞു...

    വിനുവേട്ടന്‍ ഫാന്സുകാരി നീലത്താമര, ഗെറിക്കിനെപ്പറ്റി ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ പറയരുതായിരുന്നു...

    ചാര്‍ളീസ്... ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ... :)

    ReplyDelete
  8. എത്തിപ്പോയല്ലോ ചാര്‍ളിയും ജിമ്മിയും... എന്താ വരാത്തതെന്ന് നോക്കിയിരിക്കുകയായിരുന്നു.

    ചാര്‍ളി... ധൈര്യമായി ഫോളോ അപ്പ്‌ ചെയ്തോളൂട്ടോ... ഇങ്ങനെ ആരെങ്കിലും ഉണ്ടെങ്കിലേ എഴുതുവാനും ഒരു രസമുള്ളൂ...

    ജിമ്മി... ആഖ്യാനം മനോഹരമാക്കാന്‍ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്‌... ഇഷ്ടമാകുന്നു എന്നറിയുന്നതില്‍ സന്തോഷം... നീലത്താമര അങ്ങനെ പറഞ്ഞത്‌ കൊണ്ടൊന്നും ഗെറിക്കിന്റെ മനോധൈര്യം നഷ്ടപ്പെടില്ല... ഗെറിക്കിന്റെ മിടുക്ക്‌ കാണാനിരിക്കുന്നതേയുള്ളൂ...

    ആ ചാര്‍ളിയെ പേടിപ്പിച്ചിട്ട്‌ ഇനി അങ്ങേര്‍ ഈ വഴിക്ക്‌ വരാതായാല്‍ ഞാന്‍ അവിടെ വന്ന് ഇടിക്കും, പറഞ്ഞില്ല എന്ന് വേണ്ട...

    ReplyDelete
  9. സന്തോഷമായി ഗോപിയേട്ടാ , ഓ സോറി വിനുവേട്ടാ, സന്തോഷമായി..

    ReplyDelete
  10. ജിമ്മി പറഞ്ഞത്‌ പോലെ ഹൃദയഹാരിയായ ഭാഷ. കഥാപാത്രങ്ങളുമായി എന്തോ ഒരു അറ്റാച്ച്‌മന്റ്‌ വന്ന് തുടങ്ങിയിരിക്കുന്നു ഇപ്പോള്‍. അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  11. അപ്പൊ ഗെറിക്കിന്റെ കാര്യം ഇങ്ങനെ ആയി അല്ലേ..
    എന്തായാലും അടുത്ത എപ്പിസോഡ്‌ വായിക്കാം....

    ReplyDelete
  12. വായിക്കുന്നു

    ReplyDelete
  13. ഹോ!!!ഇയാൾ ഇനിയും ചാടും.ഇനിയും പിടിയ്ക്കും.

    കഷ്ടം തന്നെ.

    ReplyDelete
    Replies
    1. ഗെറിക്കിനെ മണ്ടൻ എന്ന് വിളിച്ചതിൽ ഇപ്പോൾ പശ്ചാത്താപം തോന്നുന്നില്ലേ സുധീ?

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...