പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, July 30, 2010

സ്റ്റോം വാണിംഗ്‌ - 55

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 24. അക്ഷാംശം 56N രേഖാംശം 9.51W. ഔട്ടര്‍ ഹെബ്രിഡ്‌സിന്‌ തെക്ക്‌ പടിഞ്ഞാറ്‌ ഏകദേശം 110 മൈല്‍ അകലെയായിട്ടാണ്‌ ഇപ്പോഴത്തെ സ്ഥാനം എന്ന് ഊഹിക്കുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അപരിചിതമായ ശാന്തത ഇവിടെ അനുഭവപ്പെടുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ്‌ അല്‍പ്പസമയമായപ്പോള്‍ ഞങ്ങളുടെ മുന്നില്‍ കൂടി ഒരു കപ്പല്‍ കടന്നുപോകുന്നത്‌ കണ്ടു. അതിന്റെ വെളിച്ചവും എന്‍ജിന്റെ ശബ്ദവും വളരെ വ്യക്തമായി കാണുവാനും കേള്‍ക്കുവാനും സാധിച്ചു. എന്നാല്‍ അവര്‍ ഞങ്ങളെ കണ്ടിട്ടും ശ്രദ്ധിക്കാതെ തിടുക്കത്തില്‍ പോകുന്നത്‌ അല്‍പ്പം ആശ്ചര്യമുളവാക്കി. മദ്ധ്യയാമം കഴിഞ്ഞതോടെ മഴ ശക്തമായി. ഒപ്പം സാമാന്യം വേഗതയുള്ള കാറ്റും. ഞായറാഴ്ചയായത്‌ കൊണ്ട്‌ പ്രഭാതത്തില്‍ സിസ്റ്റര്‍ ആഞ്ചല തന്റെ പതിവ്‌ പ്രാര്‍ത്ഥനകളും മറ്റും നടത്തി. കാറ്റും മഴയും ഒന്നും അതിനൊരു തടസമായിരുന്നില്ല അവര്‍ക്ക്‌.

അദ്ധ്യായം പന്ത്രണ്ട്‌

സകല പായകളും നിവര്‍ത്തി, ഏതാണ്ട്‌ പന്ത്രണ്ട്‌ നോട്ട്‌ വേഗതയില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌. ഇരുണ്ട ചാര നിറമുള്ള ആകാശത്തിന്‌ താഴെ സമുദ്രത്തില്‍ ധവള വര്‍ണ്ണത്തിലുള്ള തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങി അടിച്ചുകൊണ്ടിരുന്നു.

തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ നിന്ന് സാമാന്യം ശക്തിയായിത്തന്നെ മഴ പെയ്യുന്നുണ്ട്‌. കപ്പലിലെ ജോലിക്കാരും കന്യാസ്ത്രീകളുമടക്കം എല്ലാവരും തന്നെ മഴയെ അവഗണിച്ച്‌ കൊണ്ട്‌ ഡെക്കില്‍ നില്‍ക്കുകയാണ്‌. സിസ്റ്റര്‍ ആഞ്ചലയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ നടക്കുകയാണവിടെ. ക്യാപ്റ്റന്‍ ബെര്‍ഗര്‍ അവരുടെ തൊട്ടുപിന്നില്‍ തന്നെയുണ്ട്‌. നാവികരില്‍ മിക്കവരുടെയും മുഖഭാവത്തില്‍ നിന്നും ഈ പരിപാടി അവര്‍ മടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കാം.

ക്രൂവിലെ കുറച്ച്‌ പേര്‍ റോമന്‍ കത്തോലിക്കരും ബാക്കിയുള്ളവര്‍ ലൂതറന്‍സുമാണ്‌. അത്‌ കൊണ്ട്‌ ആര്‍ക്കും അനിഷ്ടമുണ്ടാകാത്ത വിധത്തിലായിരുന്നു സിസ്റ്റര്‍ ആഞ്ചല പ്രസംഗം നടത്തിയത്‌. പതിവില്ലാത്ത വിധം തണുപ്പുള്ള ആ അന്തരീക്ഷത്തില്‍ അവര്‍ കുര്‍ബാനയുടെ അവസാന വരികള്‍ വായിച്ച്‌ തുടങ്ങി.

".......... കരുണാമയനായ പിതാവേ, ദൈവികമായ പാതയിലൂടെ എന്നും എപ്പോഴും സാന്മാര്‍ഗികമായ ജീവിതം നയിക്കുന്നതായിരിക്കുമെന്ന് പരിശുദ്ധാത്മാവായ നിന്റെ നാമത്തില്‍ പ്രതിജ്ഞയെടുക്കുന്നു."

കണ്ണുകളടച്ച്‌ കൈ കൂപ്പി അവര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടെങ്ങും നിശബ്ദത നിറഞ്ഞു. കുരിശ്‌ വരച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു. "ഇനി നമുക്കെല്ലാവര്‍ക്കും കൂടി ഒരു സ്തുതിഗീതം ആലപിക്കാം. സമുദ്രത്തിലുടെ യാത്ര ചെയ്യുന്നവര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനാ ഗീതം... നിങ്ങള്‍ക്കെല്ലാം അറിയുന്നത്‌ തന്നെ... : സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... ഈ തിരമാലകളെ ബന്ധിച്ച്‌, നിന്റെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കേണമേ..."

ലോട്ടെയും മറ്റ്‌ കന്യാസ്ത്രീകളും അത്‌ ഏറ്റുപാടുവാന്‍ തുടങ്ങി. അതോടെ ലോട്ടെയുടെ പിന്നില്‍ നിന്നിരുന്ന റിക്ടറും, തുടര്‍ന്ന് മറ്റ്‌ സംഘാംഗങ്ങളും തങ്ങളുടെ പരുക്കന്‍ സ്വരങ്ങളില്‍ പാടിത്തുടങ്ങി. സിസ്റ്റര്‍ ആഞ്ചല പിന്നിലേക്ക്‌ തിരിഞ്ഞ്‌ ബെര്‍ഗറുടെയും സ്റ്റേമിന്റെയും നേരെ രൂക്ഷമായ ഒരു നോട്ടമയച്ചു. അതോടെ നിസ്സഹായനായ ബെര്‍ഗര്‍ക്കും ആലാപനത്തില്‍ ചേരാതിരിക്കാന്‍ കഴിഞ്ഞില്ല.

"കടലില്‍ യാതന അനുഭവിക്കുന്നവര്‍ക്ക്‌ വേണ്ടി ഞങ്ങള്‍ വിളിക്കുമ്പോള്‍ നീ വിളി കേള്‍ക്കേണമേ..."

എല്ലാവരും കൂടി ഏറ്റുപാടാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്നായിരുന്നു അത്‌ സംഭവിച്ചത്‌. മുകളില്‍ അടുത്തുവരുന്ന ഒരു ഇരമ്പല്‍ കേട്ട്‌ പരിഭ്രമിച്ച ബെര്‍ഗര്‍ ആകാശത്തേക്ക്‌ നോക്കി. തെക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ ഏകദേശം നൂറ്റിയമ്പത്‌ അടി അകലെയായി പറന്നു വരുന്ന ഒരു വലിയ കറുത്ത വിമാനത്തെയാണ്‌ അദ്ദേഹം കണ്ടത്‌.

"മൈ ഗോഡ്‌...! ഇത്‌ തന്നെ... അന്ത്യം ഇത്‌ തന്നെ ...!" അദ്ദേഹം മനസ്സിലോര്‍ത്തു. പെട്ടെന്ന് അദ്ദേഹം സിസ്റ്റര്‍ ആഞ്ചലയെ പിടിച്ച്‌ വലിച്ച്‌ താഴെയിട്ടു. പെട്ടെന്നുണ്ടായ പരിഭ്രമത്തിനിടയില്‍ സംഘാംഗങ്ങള്‍ നാനാവഴിയ്ക്കും ചിതറിപ്പോയി. സിസ്റ്റര്‍ കാത്തെ ഉച്ചത്തില്‍ അലറി വിളിച്ചു.

ബെര്‍ഗറുടെ അരികില്‍ മുട്ടുകുത്തി നിന്ന് മുകളിലേക്ക്‌ നോക്കിയ സ്റ്റേം പെട്ടെന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞു. "നോക്കൂ ക്യാപ്റ്റന്‍... അത്‌ നമ്മുടെ വിമാനമാണ്‌...! നമ്മുടെ വിമാനം...!"

അവരുടെ മുകളിലൂടെ കടന്നു പോയ ആ ജംഗേഴ്‌സ്‌ യുദ്ധവിമാനത്തെ ബെര്‍ഗറും തിരിച്ചറിഞ്ഞു. അതിന്റെ ചിറകിലെ അടയാളങ്ങള്‍, പിന്‍ഭാഗത്തെ സ്വസ്തിക ചിഹ്നം എന്നിവ വളരെ വ്യക്തമായി അദ്ദേഹം കണ്ടു. അവരുടെ ഇടത്‌ ഭാഗത്തുകൂടി വിമാനം അടുത്ത റൗണ്ട്‌ എടുക്കുവാന്‍ തുടങ്ങി.

ഡെക്കിന്‌ താഴേക്ക്‌ ഓടിയവരെല്ലാം പെട്ടെന്ന് തന്നെ തിരിച്ചെത്തിയിരുന്നു. ചിലര്‍ ആഹ്ലാദത്താല്‍ പാമരത്തിന്‌ മുകളിലേക്ക്‌ കയറുവാന്‍ തുടങ്ങി. ലോട്ടെയുടെ അരികില്‍ നിന്ന് കൊണ്ട്‌ ആകാശത്തേക്ക്‌ നോക്കിക്കൊണ്ടിരുന്ന റിക്ടറുടെ കരങ്ങള്‍ അവളുടെ അരക്കെട്ടിനെ വലയം ചെയ്തിരുന്നു.

"നാം ഇനി എന്ത്‌ ചെയ്യണം ക്യാപ്റ്റന്‍...?" സ്റ്റേം ചോദിച്ചു.

മരവിച്ചു പോയ തന്റെ വിവേകം വീണ്ടെടുത്ത്‌ ബെര്‍ഗര്‍ ചാടിയെഴുന്നേറ്റു. കൈവരികളുടെ അരികില്‍ ചെന്നിട്ട്‌ അദ്ദേഹം വിളിച്ചു പറഞ്ഞു. "റിക്ടര്‍... ആ സ്വീഡിഷ്‌ പതാക താഴ്ത്തിക്കോളൂ... എന്റെ ക്യാബിനിലെ ലോക്കറില്‍ *ക്രീഗ്‌സ്‌മറീനിന്റെ ഒരു പതാക കാണും..." (*ക്രീഗ്‌സ്‌മറീന്‍ - ജര്‍മ്മന്‍ നേവി)

പിന്നെ അദ്ദേഹം സ്റ്റേമിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. "വേഗം തന്നെ നമ്മുടെ റേഡിയോ പ്രവര്‍ത്തിപ്പിക്കൂ... നമുക്ക്‌ അവരുമായി വയര്‍ലെസ്സ്‌ ബന്ധം സ്ഥാപിക്കാന്‍ പറ്റുമോ എന്ന് നോക്കാം..."


* * * * * * * * * * * * * * * * * * * * * * * * * * * * *


"സ്വീഡന്റെയാണെന്ന് താങ്കള്‍ക്കുറപ്പാണോ...?" നെക്കര്‍ ചോദിച്ചു.

"തീര്‍ച്ചയായും ഹേര്‍ ഹോപ്റ്റ്‌മാന്‍..." റൂഡി സംശയലേശമെന്യേ പറഞ്ഞു. "അതിന്റെ പതാക ഞാന്‍ വളരെ വ്യക്തമായി കണ്ടതാണ്‌..."

"ഞാനും അത്‌ കണ്ടു ഹേര്‍ ഹോപ്റ്റ്‌മാന്‍... " റിയര്‍ ഗണ്ണറായ ക്രാണ്‍സ്‌ റൂഡിയെ പിന്താങ്ങി.

"ഒരു പായ്‌ക്കപ്പലാണ്‌..." നെക്കര്‍ പറഞ്ഞു. "നേരിട്ട്‌ കണ്ടിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും ഇത്‌ വിശ്വസിക്കില്ലായിരുന്നു... എന്തായാലും നമുക്ക്‌ ഒന്നു കൂടി നോക്കാം..."

അദ്ദേഹം വിമാനത്തിന്റെ വേഗത കുറച്ചു. ഇപ്രാവശ്യം ഏതാണ്ട്‌ ഒരു നൂറ്റിയമ്പത്‌ അടി ഉയരത്തില്‍ക്കൂടി ഒരു റൗണ്ട്‌ എടുത്തു. അപ്പോഴാണ്‌ അമ്പരപ്പിക്കുന്ന ആ കാഴ്ച അദ്ദേഹം കണ്ടത്‌. കപ്പലിലെ സ്വീഡിഷ്‌ പതാക താഴ്‌ന്നുകൊണ്ടിരിക്കുന്നു!

"എന്ത്‌...?! അവര്‍ എന്തിനാണ്‌ പതാക താഴ്ത്തുന്നത്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍...?" റൂഡി ഹബ്‌നര്‍ ആശ്ചര്യത്തോടെ ചോദിച്ചു.

"എന്തോ... എനിക്കറിഞ്ഞു കൂടാ..." നെക്കര്‍ പറഞ്ഞു. എന്നാല്‍ അടുത്ത നിമിഷം, അദ്ദേഹത്തിന്റെ അതിശയം ഇരട്ടിച്ചു. കൊടിമരത്തില്‍ മറ്റൊരു പതാക ഉയര്‍ന്നു വരുന്നു!

കപ്പലിന്‌ തൊട്ടടുത്തുകൂടി പാസ്സ്‌ ചെയ്ത സമയത്ത്‌ കാറ്റില്‍ വിടര്‍ന്ന പുതിയ പതാക കണ്ട്‌ ക്രാണ്‍സ്‌ ആഹ്ലാദത്തോടെ വിളിച്ചു കൂവി. "അത്‌ ക്രീഗ്‌സ്‌മറീന്‍ പതാകയാണ്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍... അയാം ഡാംന്‍ ഷുവര്‍ എബൗട്ട്‌ ഇറ്റ്‌...!"

"ഇങ്ങനെ ബഹളം വയ്ക്കാതിരിക്കൂ..." നെക്കര്‍ പറഞ്ഞു. "ഞാനുമത്‌ കണ്ടു... പക്ഷേ, എന്താണിതിന്റെയൊക്കെ അര്‍ത്ഥമെന്ന് പിടികിട്ടുന്നില്ല... ഒരു വട്ടം കൂടി ഞാന്‍ റൗണ്ട്‌ ചെയ്യാന്‍ പോകുകയാണ്‌..."

വയര്‍ലെസ്സ്‌ ഓപ്പറേറ്റര്‍ ഷ്‌മിഡ്‌ട്‌ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി. "എന്തൊക്കെയോ ചില സിഗ്നലുകള്‍ കിട്ടാന്‍ തുടങ്ങിയിട്ടുണ്ട്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍... അത്‌ അവര്‍ ആയിരിക്കും... ഞാന്‍ സ്വിച്ച്‌ ഓവര്‍ ചെയ്ത്‌ തരാം..."

അടുത്ത നിമിഷം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ സിഗ്നല്‍ വ്യക്തമായി. ആ റെയ്ഞ്ചില്‍ കിട്ടാവുന്നതില്‍ വച്ച്‌ വളരെ വ്യക്തമായിരുന്നു അത്‌. ജോവാന്‍ സ്റ്റേമിന്റെ സ്ഫുടതയാര്‍ന്ന ശബ്ദം അദ്ദേഹം ഹെഡ്‌ഫോണില്‍ ശ്രവിച്ചു. "ദിസ്‌ ഈസ്‌ ദി ഡോയ്‌ഷ്‌ലാന്റ്‌ കോളിംഗ്‌ ബിഗ്‌ ബ്ലാക്ക്‌ ഈഗിള്‍... ആര്‍ യൂ റിസീവിംഗ്‌ മീ...?"

"ബിഗ്‌ ബ്ലാക്ക്‌ ഈഗിള്‍...?" ഷ്‌മിഡ്‌ട്‌ പരിഭ്രമത്തോടെ ചോദിച്ചു. "എന്തിനെക്കുറിച്ചാണ്‌ അദ്ദേഹം പറയുന്നത്‌...?"

"നിങ്ങളെന്ത്‌ വിഡ്ഢിയാണ്‌ മനുഷ്യാ...? അത്‌ നമ്മുടെ സീക്രറ്റ്‌ കോഡല്ലേ...? വേറെ വല്ലവരുമാണ്‌ സന്ദേശം സ്വീകരിക്കുന്നതെങ്കിലോ...?" നെക്കര്‍ പറഞ്ഞു. "അത്‌ ഇങ്ങ്‌ തരൂ... ഞാനൊന്ന് സംസാരിച്ച്‌ നോക്കട്ടെ..."


* * * * * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, July 23, 2010

സ്റ്റോം വാണിംഗ്‌ - 54

ജര്‍മ്മന്‍ എയര്‍ഫോഴ്‌സിന്റെ ട്രോണ്‍ദേമിലെ ആസ്ഥാനമായ ഓപ്പറേഷന്‍സ്‌ ബില്‍ഡിങ്ങിന്‌ നേര്‍ക്ക്‌ ഹോസ്റ്റ്‌ നെക്കര്‍ നടന്നു. മാനസികമായി അല്‍പ്പം അസ്വസ്ഥനാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത്‌ നിന്ന് അറിയാന്‍ കഴിയും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി യാതൊന്നും തന്നെ ചെയ്യാനില്ലാതെ ആ പരിസരത്ത്‌ തന്നെയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഉറക്കക്കുറവിന്റെ ക്ഷീണം കാണാനുണ്ടായിരുന്നു.

ഇന്റലിജന്‍സ്‌ റൂമിലേക്ക്‌ പ്രവേശിച്ചപ്പോള്‍ അദ്ദേഹം ആദ്യം ശ്രദ്ധിച്ചത്‌ ആല്‍ട്രോജിന്റെ ഡെസ്കിന്‌ പിന്നിലായി ഇരിക്കുന്ന കേണല്‍ മേയറിനെയാണ്‌. അദ്ദേഹവും ഒരു മേജറും കൂടി വെസ്റ്റേണ്‍ അപ്രോച്ചസിന്റെ ഒരു ചാര്‍ട്ട്‌ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌.

മേയര്‍ മുഖമുയര്‍ത്തി. "ഹാ... ഹോസ്റ്റ്‌ എത്തിയോ...? അങ്ങനെ താങ്കള്‍ക്കിതാ ഒരു ആക്ഷനുള്ള അവസരം കൈവന്നിരിക്കുന്നു..."

"ഇത്‌ ഞാന്‍ കുറേ കേട്ടതാണ്‌..." നെക്കര്‍ പരിഹാസത്തോടെ പറഞ്ഞു. "താങ്കള്‍ക്കറിയാമല്ലോ... കഴിഞ്ഞ മുപ്പത്തിയാറ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് തവണ എന്നെ വിളിപ്പിച്ചു... എന്നിട്ടോ... അവസാന നിമിഷത്തില്‍ ഓപ്പറേഷന്‍ ക്യാന്‍സല്‍ ആകും..."

"ഇപ്രാവശ്യം അങ്ങനെയല്ല..." മേയര്‍ പറഞ്ഞു. "വളരെ പ്രാധാന്യമുള്ള ഒരു ഓപ്പറേഷനാണ്‌ ഇത്തവണ. അതായത്‌... രാത്രി കൃത്യം രണ്ട്‌ മണിക്ക്‌ താങ്കള്‍ പുറപ്പെടും... സ്കോട്ട്‌ലാന്റ്‌, ഔട്ടര്‍ ഹെബ്രിഡ്‌സിന്റെ ദക്ഷിണഭാഗം, അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവയ്ക്ക്‌ മുകളിലുടെ താങ്കള്‍ പോകുന്നു..." തന്റെ മുന്നിലെ ചാര്‍ട്ടില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം അദ്ദേഹം പെന്‍സില്‍ കൊണ്ട്‌ ചൂണ്ടിക്കാണിച്ചു. "അബ്‌വെറിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഹാലിഫാക്സില്‍ നിന്ന് നോവ സ്കോഷ്യ വഴി പോകുന്ന കപ്പലുകളുടെ ഒരു വ്യൂഹം ഈ പ്രദേശത്ത്‌ താങ്കള്‍ക്ക്‌ കാണുവാന്‍ സാധിക്കും... നാളെ മദ്ധ്യാഹ്നത്തിന്‌ മുമ്പ്‌ അവയുടെ കൃത്യമായ ലൊക്കേഷന്‍ കീലില്‍ അറിയിക്കണമെന്നാണ്‌ ഓര്‍ഡര്‍..."

"ഇല്ലെങ്കില്‍ ഈ യുദ്ധത്തില്‍ നാം പരാജയപ്പെടും...?"

"തമാശയ്ക്കുള്ള സമയമല്ല ഇത്‌ ഹോസ്റ്റ്‌..." മേയര്‍ എഴുന്നേറ്റു. "മിടുക്കനായ ഒരു പൈലറ്റ്‌ ആണ്‌ താങ്കള്‍... പക്ഷേ, ചിലപ്പോഴെങ്കിലും ഒരു പതിനാല്‌കാരനെ പോലെ പെരുമാറുന്നു താങ്കള്‍... ഇപ്പോള്‍ രണ്ടാമത്തെ തവണയാണ്‌ ഞങ്ങളെക്കൊണ്ടിത്‌ പറയിക്കുന്നത്‌..."

"അയാം സോറി, ഹേര്‍ ഓബര്‍സ്റ്റ്‌..."

"എന്ത്‌ സോറി..." പുഞ്ചിരിച്ച്‌ കൊണ്ട്‌ മേയര്‍, നെക്കറുടെ ചുമലില്‍ തട്ടി. "വിശദവിവരങ്ങള്‍ ആല്‍ട്രോജ്‌ താങ്കള്‍ക്ക്‌ തരും... അത്‌ പഠിച്ചിട്ട്‌, ഒരു പേഴ്‌സണല്‍ റിപ്പോര്‍ട്ട്‌ താങ്കളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു..."

മേയര്‍ പുറത്ത്‌ കടന്നു. നെക്കര്‍ ചാര്‍ട്ടിലൂടെ കണ്ണോടിച്ചു.

"ഇത്‌ ഏതാണ്ട്‌ തൊള്ളായരിത്തോളം മൈലുകള്‍ വരുമല്ലോ യാത്ര..." നെക്കര്‍ അഭിപ്രായപ്പെട്ടു.

"പിന്നെ ഒരു തൊള്ളായിരം മൈല്‍ മടക്കയാത്രയും...അപ്പോള്‍ ഏകദേശം ആറ്‌ മണിക്കൂര്‍... ആ പ്രദേശത്ത്‌ നിരീക്ഷണപ്പറക്കലിനായി ഒരു രണ്ട്‌ മണിക്കൂര്‍ കൂടി കൂട്ടാം..." ആല്‍ട്രോജ്‌ പറഞ്ഞു.

"ഇത്‌ സാദ്ധ്യമാണെന്ന് തോന്നുന്നുണ്ടോ...? പതിവ്‌ പോലെ ഞാന്‍ ഇവിടെത്തന്നെയിരിക്കാനാണ്‌ സാദ്ധ്യത... ആ *സ്പിറ്റ്‌ഫയര്‍ സ്ക്വാഡ്രണുകളുടെ കാര്യം എന്ത്‌ ചെയ്യും...?" (*സ്പിറ്റ്‌ഫയര്‍ - ബ്രിട്ടിഷ്‌ എയര്‍ഫോഴ്സ്‌ വിമാനം).

"ഇതാ ഇവിടെ, ഇന്‍വേര്‍ണ്ണസ്‌ വരെയേ അവയെ ഭയക്കേണ്ടൂ... പക്ഷേ, താങ്കള്‍ മുപ്പത്തിയയ്യായിരമോ മുപ്പത്തിയെണ്ണായിരമോ അടി മുകളിലൂടെയാണ്‌ പറക്കുന്നതെങ്കില്‍ അവയില്‍ നിന്ന് ഒരു ശല്യവുമുണ്ടാകില്ല... അതിനായുള്ള പരിഷ്കരണങ്ങള്‍ ഞങ്ങള്‍ വിമാനത്തില്‍ നടത്തിയിട്ടുണ്ട്‌... അങ്ങോട്ടുള്ള യാത്ര എന്തായാലും രാത്രിയില്‍ തന്നെ മതി... താങ്കള്‍ സാധാരണ പോകാറുള്ളത്‌ പോലെ..."

"താങ്കളുടെ അഭിപ്രായം അങ്ങനെയാണെങ്കില്‍..." നെക്കര്‍ കസേരയില്‍ ഇരുന്നു. "ആള്‍ റൈറ്റ്‌...എന്നാലിനി നമുക്ക്‌ വിശദവിവരങ്ങള്‍ നോക്കാം..."


* * * * * * * * * * * * * * * * * * * * * * * * * * * * * *


റീവ്‌, പോലീസ്‌ സ്റ്റേഷന്റെ പ്രധാന കവാടം തുറന്നു. എന്നിട്ട്‌ ഗെറിക്കിന്‌ പിന്നാലെ അദ്ദേഹവും ഉള്ളില്‍ കടന്നു. ഒപ്പമുണ്ടായിരുന്ന ലാക്ലന്‍ താക്കോല്‍ കൂട്ടം എടുത്ത്‌ ഇടനാഴിയിലൂടെ അവരെ നയിച്ചു. ഗെറിക്ക്‌ തന്റെ സെല്ലിലേക്ക്‌ പ്രവേശിച്ച ഉടന്‍ തന്നെ ഇരുമ്പഴികള്‍ ചേര്‍ത്തടച്ച്‌ ലാക്ലന്‍ ഡബിള്‍ ലോക്ക്‌ ചെയ്തു.

"ഹേര്‍ കോണ്ടര്‍ അഡ്‌മിറല്‍..." ഗെറിക്ക്‌ സല്യൂട്ട്‌ ചെയ്തു. "സന്തോഷകരമായ ഈ ഒരു സായാഹ്നം എനിക്ക്‌ സമ്മാനിച്ചതിന്‌ നന്ദി..."

റീവ്‌ ഒന്ന് സംശയിച്ച്‌ നിന്നു. ഒരു മാത്ര, അദ്ദേഹം എന്തോ പറയാന്‍ ഭാവിക്കുന്നതായി തോന്നി. പക്ഷേ, ഒന്നും ഉരിയാടാതെ, അറ്റന്‍ഷനായി നിന്ന് അദ്ദേഹം ഗെറിക്കിന്‌ പ്രത്യഭിവാദനം നല്‍കി. പിന്നെ, പെട്ടെന്ന് തിരിഞ്ഞ്‌ ഇടനാഴിയിലൂടെ പുറത്തേക്ക്‌ നടന്നു. തൊട്ടു പിറകേ ലാക്ലനും.

വാതില്‍ അടഞ്ഞു. അഴികളില്‍ പിടിച്ച്‌ ഇടനാഴിയിലേക്ക്‌ നോക്കി ഒരു നിമിഷം ഗെറിക്ക്‌ നിന്നു. പിന്നെ ജാലകത്തിനരികിലേക്ക്‌ നീങ്ങി. ജാലകത്തിന്റെ ചുവടെ ഇരുമ്പഴികള്‍ ചുവരിലേക്ക്‌ തറച്ചിരുന്ന ഭാഗത്ത്‌ സിമന്റ്‌ ഇളകി പൊളിഞ്ഞ്‌ കിടന്നിരുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. ഗെറിക്ക്‌ തന്റെ കിടക്ക പൊന്തിച്ച്‌, കട്ടിലിന്റെ ഇരുമ്പ്‌ ഫ്രെയിമില്‍ നിന്ന് ഒരു ചുരുള്‍ സ്പ്രിംഗ്‌ ഒടിച്ചെടുത്തു. എന്നിട്ട്‌ അതിന്റെ കൂര്‍ത്ത അറ്റം കൊണ്ട്‌ ജനാലയുടെ ചുവട്ടിലെ സിമന്റ്‌ ഇളക്കുവാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ ഇടനാഴിയില്‍ ആരുടെയോ പാദപതനം കേട്ടത്‌. ഗെറിക്ക്‌ തിരികെ തന്റെ കട്ടിലില്‍ വന്ന് ഇരുന്നു. ചുമലില്‍ തൂങ്ങിക്കിടക്കുന്ന റൈഫിളുമായി ലാക്ലന്‍ പ്രത്യക്ഷപ്പെട്ടു. അവന്റെ കൈയില്‍ ഒരു സ്ലീപ്പിംഗ്‌ ബാഗുമുണ്ടായിരുന്നു.

"എന്താണിതൊക്കെ...?" ഗെറിക്ക്‌ ചോദിച്ചു.

തെര്‍മ്മോഫ്ലാസ്ക്‌ താഴെ വച്ചിട്ട്‌ ലാക്ലന്‍ സ്ലീപ്പിംഗ്‌ ബാഗ്‌ നിവര്‍ത്തി അതിനുള്ളിലേക്ക്‌ കയറി സിബ്ബ്‌ ഇട്ടു. പിന്നെ ഗെറിക്കിന്‌ എതിരെ ഇടനാഴിയുടെ ചുവരില്‍ ചാരി ഇരുന്നു. കൈ എത്തുന്ന ദൂരത്തില്‍ തന്നെ അവന്റെ റൈഫിളും ഉണ്ടായിരുന്നു.

"താങ്കള്‍ക്ക്‌ മേല്‍ ഒരു നോട്ടം ഉള്ളത്‌ നല്ലതാണല്ലോ കമാന്‍ഡര്‍... പിന്നെ, ഞാന്‍ ഇവിടെത്തന്നെയിരുന്നാല്‍ ഇന്ന് രാത്രി താങ്കള്‍ സുഖമായി ഉറങ്ങിക്കോളുമെന്ന് അഡ്‌മിറല്‍ റീവ്‌ പറയുകയും ചെയ്തു..."

ഗെറിക്ക്‌ പുഞ്ചിരിച്ചു. "നീ മോശക്കാരനല്ലല്ലോ ലാക്ലന്‍... അദ്ദേഹം പറഞ്ഞതിലും കാര്യമുണ്ട്‌..."

കിടക്കയില്‍ കയറിക്കിടന്ന് അദ്ദേഹം പുതപ്പ്‌ കഴുത്ത്‌ വരെ വലിച്ചിട്ടു. നിമിഷങ്ങള്‍ക്കകം അദ്ദേഹം ഗാഢനിദ്രയിലമര്‍ന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, July 16, 2010

സ്റ്റോം വാണിംഗ്‌ - 53

തികച്ചും സ്കോട്ടിഷ്‌ രീതിയില്‍ ഒരുക്കിയിരുന്ന ആ വിരുന്നില്‍ ജീന്‍ പറഞ്ഞ എല്ലാ വിഭവങ്ങളും ഉണ്ടായിരുന്നു. ഡൈനിംഗ്‌ റൂമിന്റെ ഒരറ്റത്ത്‌ വാദ്യസംഘത്തിനും മറ്റും ഉപയോഗിക്കാനായി പണ്ടെങ്ങോ നീക്കി വച്ചിരുന്ന ഒരു ഗാലറി കാണാം. അതിനരികിലായി വിറക്‌ കഷണങ്ങള്‍ എരിഞ്ഞ്‌ കൊണ്ടിരിക്കുന്ന നെരിപ്പോട്‌. ഗെറിക്ക്‌ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലുതായിരുന്നു അത്‌. അതിന്‌ അല്‍പ്പം മുകളിലായി കീറിത്തുടങ്ങിയ രണ്ട്‌ പതാകകള്‍ തൂങ്ങിക്കിടക്കുന്നു.

മുറിയുടെ ചുവരുകളില്‍ വിവിധയിനം മൃഗങ്ങളുടെ വലുതും ചെറുതുമായ തലയോടുകള്‍ നിരനിരയായി ക്രമീകരിച്ച്‌ വച്ചിരിക്കുന്നു. അതിനരികിലായി മദ്ധ്യകാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നതെന്ന് തോന്നിക്കുന്ന ഒരു വലിയ പോര്‍ച്ചട്ട, മഴു, പരിച, വിവിധയിനം തോക്കുകള്‍ എന്നിവയെല്ലാം ഭംഗിയോടെ അലങ്കരിച്ച്‌ വച്ചിരിക്കുന്നു. ഇരുവശവും മൂര്‍ച്ചയുള്ള രണ്ട്‌ വാളുകള്‍ ഗുണരൂപത്തില്‍ ചുവരില്‍ തറച്ചിട്ടുണ്ട്‌.

"അസാധാരണം തന്നെ... ഇവിടെ എന്തൊക്കെയോ പ്രത്യേകതയുണ്ടെന്ന് തോന്നുന്നല്ലോ മിസ്സിസ്‌ സിന്‍ക്ലെയര്‍..." ഗെറിക്ക്‌ അഭിപ്രായപ്പെട്ടു.

"എന്താ സംശയം...?" ജാനറ്റ്‌ പറഞ്ഞു. "ഇതൊരു നാടക സ്റ്റേജ്‌ തന്നെ... സ്കോട്ടിഷ്‌ പട്ടാള വേഷവുമണിഞ്ഞ്‌ കൈയില്‍ ഒരു വാളുമായി എറോള്‍ഫ്ലിന്‍ ഇവിടെ വന്ന് നില്‍ക്കേണ്ട താമസമേയുള്ളൂ..."

ജീന്‍ സിന്‍ക്ലെയര്‍ പൊട്ടിച്ചിരിച്ചു. "വാസ്തവത്തില്‍ അവള്‍ പറയുന്നതിലും അല്‍പ്പം കാര്യമില്ലാതെയില്ല കമാന്‍ഡര്‍... വളരെ നിഗൂഢമായ ഒരിടമായിരുന്നു ഇത്‌... വിക്ടോറിയന്‍ ഗോഥിക്ക്‌... എന്റെ മുന്‍ഗാമിയായിരുന്ന ഫെര്‍ഗസ്‌ സിന്‍ക്ലെയറിന്റെ വകയായിരുന്നു ഇതെല്ലാം..."

"ഈ ട്രോഫികളൊക്കെ അദ്ദേഹത്തിന്റെ കാലത്തുള്ളതാണോ...?" ഗെറിക്ക്‌ ആരാഞ്ഞു.

"അല്ല... അതെന്റെ മുത്തച്ഛന്റേതാണ്‌... പോകുന്നിടത്തെല്ലാം വേട്ടയാടിയിരുന്ന മനുഷ്യന്‍... കണ്ണില്‍ കാണുന്ന മൃഗങ്ങളെയെല്ലാം വേട്ടയാടുന്നത്‌ അദ്ദേഹത്തിന്‌ ഹരമായിരുന്നു. ഞാന്‍ കുട്ടിയായിരുന്ന കാലത്ത്‌ ചിലപ്പോള്‍ എന്നെയും കൊണ്ടുപോകുമായിരുന്നു കൂടെ... മാനിനെ പിടിക്കുവാന്‍ പോകുമ്പോള്‍... രസകരമായിരുന്നു അന്നൊക്കെ..."

"സ്വാഭാവികമായും..." ജാനറ്റ്‌ പറഞ്ഞു.

"അതേ... വളരെയധികം കാര്യങ്ങള്‍ അന്ന് പഠിക്കാന്‍ സാധിച്ചു... അതായത്‌, നാം ഒരിക്കലും തിടുക്കം കൂട്ടരുത്‌... കാറ്റിന്റെ ദിശയില്‍ മൃഗങ്ങളെ പിന്തുടരരുത്‌, അവ എത്ര തന്നെ അടുത്തായിരുന്നാലും... ഇര മലഞ്ചെരുവിലാണ്‌ നില്‍ക്കുന്നതെങ്കില്‍ വളരെ താഴ്ത്തി പിടിച്ച്‌ വേണം കാഞ്ചി വലിക്കുവാന്‍..."

"റിയലി ഇന്ററസ്റ്റിംഗ്‌... മറക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ്‌..." ഗെറിക്ക്‌ പറഞ്ഞു.

"ഇരയുടെ പിന്നാലെ ഓടുമ്പോള്‍ നേര്‍ രേഖയില്‍ ഓടാതെ ഇരുവശങ്ങളിലേക്കും വളഞ്ഞും തിരിഞ്ഞും ഓടണമെന്നൊക്കെ... അല്ലേ...?" റീവ്‌ ചോദിച്ചു.

അദ്ദേഹമിത്‌ മൂന്നാമത്തെ കുപ്പിയാണ്‌ എടുത്തിരിക്കുന്നത്‌. അദ്ദേഹം ആ ഷാമ്പെയിന്‍ കുപ്പി തുറക്കുവാന്‍ ബുദ്ധിമുട്ടുന്നത്‌ പോലെ തോന്നി. ഇത്‌ വരെ ഇല്ലാതിരുന്ന ഒരു വിദ്വേഷം അദ്ദേഹത്തിന്റെ മുഖത്ത്‌ കാണപ്പെട്ടു. ജാനറ്റിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.

ജീന്‍, അദ്ദേഹത്തിനടുത്ത്‌ ചെന്ന് ആ കുപ്പിക്ക്‌ വേണ്ടി കൈ നീട്ടി. "അതിങ്ങ്‌ തരൂ ക്യാരീ... ആ കോര്‍ക്ക്‌ തുറക്കാന്‍ കുറച്ച്‌ വിഷമമാണ്‌..."

"വേണ്ട... ഞാന്‍ തന്നെ തുറന്നോളാം..." അദ്ദേഹം അവരുടെ കൈയില്‍ നിന്ന് ആ കുപ്പി തിരികെ വാങ്ങാന്‍ ശ്രമിച്ചു. പക്ഷേ, പിടിവിട്ട്‌ അത്‌ നിലത്ത്‌ വീണ്‌ ചിന്നിച്ചിതറി.

"ഇതാ, ഇപ്പോള്‍ കണ്ടില്ലേ... സമാധാനമായല്ലോ..." നീരസത്തോടെ അദ്ദേഹം പറഞ്ഞു.

"ഓ, സാരമില്ല ക്യാരീ..." ഒരു ടവ്വല്‍ എടുത്ത്‌ അദ്ദേഹത്തിന്റെ യൂണിഫോമില്‍ മദ്യം വീണ ഭാഗം അവര്‍ തുടച്ച്‌ കൊടുത്തു.

"ആ വര്‍ഷം... അവിസ്മരണീയമായ ഒരു വര്‍ഷമായിരുന്നു അത്‌..." റീവ്‌ മന്ത്രിച്ചു. പുരികത്തിന്‌ മുകളില്‍ കൈപ്പടം വച്ച്‌ ജാനറ്റിന്റെയും ഗെറിക്കിനേയും ഒരു നിമിഷം അദ്ദേഹം നോക്കി. "അതിന്‌ ശേഷം... ഞാന്‍, ഞാനല്ലാതായി... ഞാനതില്‍ ദുഃഖിക്കുന്നു..."

ജീന്‍ അദ്ദേഹത്തിന്റെ തോളില്‍ തട്ടി. "വരൂ... കാപ്പിയിരുന്ന് തണുക്കുന്നു..."

ഗെറിക്കിനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ജാനറ്റിന്‌ നേര്‍ക്ക്‌ അവര്‍ തലയാട്ടി.

എല്ലാവരും ഡ്രോയിംഗ്‌ റൂമിലേക്ക്‌ നടന്നു. നിശ്ശബ്ദനായി ലാക്ലനും അവരെ അനുഗമിച്ചു.

"അദ്ദേഹത്തിന്‌ നല്ല സുഖമില്ലെന്ന് തോന്നുന്നു...?" ഗെറിക്ക്‌ ചോദിച്ചു.

കെയ്‌സ്‌ തുറന്ന് ജാനറ്റ്‌ ഒരു സിഗരറ്റ്‌ എടുത്തു. ഗെറിക്ക്‌ അതിന്‌ തീ കൊളുത്തി കൊടുത്തു.

"താങ്കള്‍ അദ്ദേഹത്തിന്റെ ഒരു കൈയും കണ്ണും ശ്രദ്ധിച്ചില്ലേ...? D-Day യില്‍ സംഭവിച്ചതാണത്‌... (D-Day - 06-06-1944, യൂറോപ്യന്‍ സഖ്യകക്ഷികള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ ചേര്‍ന്ന ദിനം). തെറ്റായ സമയത്ത്‌ ആക്ഷന്‍ എന്ന് പറഞ്ഞ്‌ ചാടിയിറങ്ങിയതിന്റെ ഫലം... അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെയാണ്‌... അന്ന് തൊട്ട്‌ ഇന്ന് വരെ, യുദ്ധരംഗത്തേക്ക്‌ ഇറങ്ങാന്‍ വീണ്ടുമൊരു അവസരവും കാത്തിരിക്കുകയാണ്‌ അദ്ദേഹം..."

"അദ്ദേഹത്തിന്റെ പ്രകൃതം എനിക്ക്‌ മനസ്സിലാകുന്നു... ഒരു പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന വാക്ക്‌ പോലും ഇങ്ങനെയായിരിക്കും - ഫോളോ മീ, മെന്‍..." ഗെറിക്ക്‌ അഭിപ്രായപ്പെട്ടു.

അവള്‍ തലയാട്ടി. "അദ്ദേഹത്തിനിപ്പോള്‍ ഒരു ഓഫര്‍ ലഭിച്ചിട്ടുണ്ട്‌... ലോകം മുഴുവന്‍ സ്വാധീനമുള്ള ഒരു ഓഫീസ്‌ ജോബ്‌... ഒരു പക്ഷേ, സൈന്യത്തില്‍ അദ്ദേഹത്തിന്‌ ലഭിക്കാന്‍ സാദ്ധ്യതയുള്ള ഒരേ ഒരു ജോലിയും ഇത്‌ തന്നെ ആയിരിക്കും... അത്‌ അറിയിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ ഇവിടെ വന്നിരിക്കുന്നത്‌ തന്നെ..."

"എന്നിട്ട്‌ അദ്ദേഹം അത്‌ സ്വീകരിച്ചില്ലേ...?"

"ഇല്ല... അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ അത്‌ ഒന്നും തന്നെയല്ല പോലും... തനിക്കിനി യാതൊന്നും അവശേഷിച്ചിട്ടില്ല എന്നാണ്‌ അദ്ദേഹത്തിന്റെ പരാതി..." അവള്‍ പറഞ്ഞു.

"സുന്ദരിയായ ഒരു സ്ത്രീ... അത്‌ അദ്ദേഹത്തിന്‌ ഒന്നുമല്ലേ...?" ഗെറിക്ക്‌ കുസൃതിയോടെ ചോദിച്ചു.

"ചിലര്‍ക്ക്‌ അങ്ങനെയായിരിക്കാം..." അവളും വിട്ടു കൊടുത്തില്ല.

"അപ്പോള്‍ എല്ലാവരും അങ്ങനെയല്ല അല്ലേ..." അദ്ദേഹം മന്ദഹസിച്ചു.

ഇനിയെന്ത്‌ പറയണമെന്നറിയാതെ അവള്‍ തന്റെ കണ്ഠത്തില്‍ വിരലോടിച്ചു. പിന്നെ തിരിഞ്ഞ്‌, പിയാനോയുടെ അടുത്ത്‌ ചെന്ന് അതിന്റെ ആവരണം എടുത്ത്‌ മാറ്റി.

"നിനക്ക്‌ പിയാനോ വായിക്കാനറിയാമെന്ന് ഞാനറിഞ്ഞിരുന്നില്ല..." ഗെറിക്ക്‌ പറഞ്ഞു.

"എക്സ്‌പെന്‍സിവ്‌ എജ്യൂക്കേഷന്റെ ഗുണമാണത്‌... ബീഥോവന്‍ എങ്ങാനും എന്റെ വായന കേള്‍ക്കാനിടയായിരുന്നുവെങ്കില്‍... ചവിട്ടിപ്പുറത്താക്കിയേനെ എന്നെ..."

'എ നൈറ്റിംഗേല്‍ സാങ്ങ്‌ ഇന്‍ ബര്‍ക്‍ലീ സ്ക്വയര്‍...' എന്ന ഗാനം അവള്‍ വായിക്കുവാനാരംഭിച്ചു. അത്‌ ശ്രദ്ധിച്ചുകൊണ്ട്‌ ഗെറിക്ക്‌ മുന്നോട്ട്‌ നീങ്ങി ഇരുന്നു. "നിന്റെ വായന തരക്കേടില്ലല്ലോ..."

നെരിപ്പോടിനടുത്ത്‌ കിടന്നിരുന്ന നായ എഴുന്നേറ്റ്‌ ജാനറ്റിനരികില്‍ വന്ന് ഇരുന്നു. "തീര്‍ച്ചയായും... റോറി പോലും അത്‌ അംഗീകരിക്കുന്നു..." ചിരിച്ച്‌ കൊണ്ടവള്‍ പറഞ്ഞു.

ഗെറിക്ക്‌ പൊട്ടിച്ചിരിച്ചു. റീവും ജീന്‍ സിന്‍ക്ലെയറും അവര്‍ക്കരികിലെത്തി. പഴയതിലും പ്രസന്നമായിരുന്നു അദ്ദേഹത്തിന്റെ മുഖം. പിയാനോയുടെ നേര്‍ക്ക്‌ അദ്ദേഹം കണ്ണോടിച്ചു. "ഇതെന്നെ ഉന്മേഷവാനാക്കുന്നു... മൂണ്‍ ലൈറ്റ്‌ ഇന്‍ വെര്‍മണ്ട്‌ എന്ന ഗാനം അറിയുമോ നിനക്ക്‌...?"

അവള്‍ സാവധാനം മധുരതരമായ മറ്റൊരു ഈണം വായിക്കുവാനാരംഭിച്ചു. നെരിപ്പോടിനരികില്‍ കാപ്പി പകര്‍ന്നുകൊണ്ടിരുന്ന ജീനിന്റെയടുത്ത്‌ പോയി റീവ്‌ ഇരുന്നു. അവര്‍ തങ്ങളുടെ ശിരസ്സുകള്‍ വളരെ അടുപ്പിച്ച്‌ എന്തൊക്കെയോ സ്വകാര്യം പറയുവാന്‍ തുടങ്ങി.

"അങ്ങോട്ട്‌ നോക്കൂ... ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായി തോന്നുന്നില്ലേ താങ്കള്‍ക്ക്‌...? അവരെ ചൂണ്ടിക്കാണിച്ചിട്ട്‌ ജാനറ്റ്‌ ചോദിച്ചു.

"തീര്‍ച്ചയായും... എനിക്ക്‌ അസൂയ തോന്നുന്നു..." ഗെറിക്ക്‌ മന്ത്രിച്ചു.

അവള്‍ അടുത്ത ഈണത്തിലേക്ക്‌ കടന്നു. 'ലില്ലി മര്‍ലിന്‍...' എന്ന ഗാനം വായിക്കുവാന്‍ തുടങ്ങി. "ഇതല്ലേ കുറച്ചുകൂടി നല്ലത്‌...?"

"സത്യം പറഞ്ഞാല്‍ അല്ല... ഇത്‌ കേള്‍ക്കുമ്പോള്‍ യുദ്ധരംഗമാണെനിക്കോര്‍മ്മ വരുന്നത്‌. ബ്രിട്ടീഷ്‌ ഭടന്മാരുടെ ഇഷ്ടഗാനമാണിത്‌... ശരി.. എ ഫോഗി ഡേ ഇന്‍ ലണ്ടന്‍ ടൗണ്‍ എന്ന ഗാനം അറിയാമോ നിനക്ക്‌...? കുറേക്കാലം ജര്‍മ്മന്‍ എയര്‍ഫോഴ്‌സില്‍ പ്രസിദ്ധി നേടിയ ഗാനമായിരുന്നു അത്‌..."

അവള്‍ ഒന്ന് സംശയിച്ചു. ലണ്ടനിലെ തെയിംസ്‌ നദീതീരത്ത്‌ ജാഗോയുമൊത്ത്‌ ചെലവഴിച്ച ആ രാത്രിയുടെ ഓര്‍മ്മകള്‍ അവളുടെ മനസ്സില്‍ ഒരു നിമിഷം ഓടിയെത്തി.

"ഇല്ല... അങ്ങനെയൊരു ഗാനം ഞാന്‍ കേട്ടിട്ടേയില്ല..."

ജീന്‍ സിന്‍ക്ലെയറിന്റെ വിരലുകള്‍ റീവിന്റെ കരങ്ങളിലായിക്കഴിഞ്ഞിരുന്നു. തങ്ങളുടേത്‌ മാത്രമായ ലോകത്തില്‍ പൂര്‍ണമായും ലയിച്ച്‌ കഴിഞ്ഞിരിക്കുന്നു അവര്‍ ഇരുവരും. പിയാനോ വായന മതിയാക്കി ജാനറ്റ്‌ എഴുന്നേറ്റു. "ഇനി കുറച്ച്‌ ശുദ്ധവായു ശ്വസിക്കട്ടെ ഞാന്‍... എന്റെ ആ മേലങ്കി ഒന്നെടുത്ത്‌ തരാമോ...?"

കസേരയില്‍ കൊളുത്തിയിട്ടിരുന്ന മേലങ്കി എടുത്ത്‌ ഗെറിക്ക്‌ അവളുടെ ചുമലില്‍ അലങ്കരിച്ചു.

"ടെറസില്‍ പോയി അസ്തമയം കണ്ടിട്ട്‌ വരാം ഞങ്ങള്‍..." സ്വകാര്യ സംഭാഷണത്തില്‍ മുഴുകിയിരിക്കുന്ന റീവിനോടും ജീനിനോടും അവള്‍ പറഞ്ഞു. പിന്നെ ഗെറിക്കിന്റെ നോക്കി പുഞ്ചിരിച്ചു.

"നീ വരുന്നോ ലാക്ലന്‍...?" അവള്‍ അവനെ നോക്കി.

റീവ്‌ മുഖമുയര്‍ത്തി അവരെ നോക്കി. "വെരി ഗുഡ്‌... പോയിട്ട്‌ വരൂ..." അദ്ദേഹം വീണ്ടും ജീനിന്റെ നേര്‍ക്ക്‌ തിരിഞ്ഞു. പിന്നെ അവരുടെ മറുകരവും അദ്ദേഹം തന്റെ കൈത്തലത്തിലാക്കി.

"നീ അത്‌ കണ്ടോ...? ഒരു നല്ല വനിതയ്ക്ക്‌ എങ്ങനെ അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുന്നുവെന്ന്‌...?" ഗെറിക്ക്‌ ചോദിച്ചു.

"ഇക്കാര്യത്തില്‍ അത്യത്ഭുതം തന്നെ..." ജാനറ്റ്‌ പറഞ്ഞു.

ഫ്രഞ്ച്‌ മാതൃകയില്‍ തീര്‍ത്ത ആ വാതില്‍ തുറന്ന് അവള്‍ ടെറസിലേക്കിറങ്ങി. ആകാശം ഒരു വിധം ഇരുണ്ടിരുന്നുവെങ്കിലും ചക്രവാളത്തിലെ കുങ്കുമ വര്‍ണ്ണം മാഞ്ഞിരുന്നില്ല. വടക്ക്‌ ഭാഗത്തുള്ള വിജനമായ ദ്വീപുകള്‍ അതുകൊണ്ട്‌ വ്യക്തമായിത്തന്നെ കാണുവാന്‍ സാധിച്ചിരുന്നു. സമുദ്രം പൂര്‍ണ്ണമായും ശാന്തമായി കാണപ്പെട്ടു.

ടെറസ്സിന്റെ കൈവരികള്‍ക്ക്‌ സമീപം തോളോട്‌ തോള്‍ ചേര്‍ന്ന് അവര്‍ നിന്നു. പിറകിലെ വാതില്‍ക്കല്‍ ലാക്ലന്‍ നിലയുറപ്പിച്ചിരുന്നു.

"ഇതെല്ലാം കൂടി കാണുമ്പോള്‍ എനിക്ക്‌ എന്തെല്ലാമോ തോന്നുന്നു... ഇറ്റ്‌ ഈസ്‌ ആസ്‌ ഇഫ്‌ എവെരി തിംഗ്‌ ഇസ്‌ വെയ്‌റ്റിംഗ്‌ ഫോര്‍ സംതിംഗ്‌..." അവള്‍ പറഞ്ഞു.

ഗെറിക്ക്‌ തലകുലുക്കി സമ്മതിച്ചു. "പണ്ടൊരിക്കല്‍ വെസ്റ്റ്‌ ഇന്‍ഡീസിന്‌ സമീപത്ത്‌ മാര്‍ട്ടിനിക്ക്‌ എന്ന സബ്‌മറീനിലായിരുന്നു ഞാന്‍. ഒരു രാത്രിയില്‍ ബാറ്ററി ചാര്‍ജ്‌ ചെയ്യുവാന്‍ വേണ്ടി ഞങ്ങള്‍ മുകള്‍പ്പരപ്പിലെത്തി. അപ്പോഴത്തെ അന്തരീക്ഷം ഏതാണ്ട്‌ ഇതുപോലെ ആയിരുന്നു. അവിശ്വസനീയമാം വിധത്തിലുള്ള ശാന്തത..."

"ഈ ഒരു പ്രത്യേകതയാണ്‌ ഈ ദ്വീപിനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണം... ഈ നിശ്ശബ്ദത... ഒരു കാറ്റ്‌ പോലും വീശാതെയുള്ള അപൂര്‍വ്വം ചില ഇടവേളകള്‍..." അവള്‍ മന്ത്രിച്ചു.

"ആ രാത്രി കഴിഞ്ഞെത്തിയ പകല്‍ പെട്ടെന്നാണത്‌ സംഭവിച്ചത്‌. ആ പ്രദേശത്തിനടുത്തുള്ള ദ്വീപ്‌ വാസികള്‍ പറഞ്ഞത്‌, അത്രയും ഭീകരമായ ഒരു കൊടുങ്കാറ്റ്‌ കാണുന്നത്‌ ആദ്യമായിട്ടാണെന്നായിരുന്നു. പകല്‍ മുഴുവനും ഞങ്ങള്‍ക്ക്‌ കടലിനടിയില്‍ തന്നെ കഴിയേണ്ടി വന്നു. ഞങ്ങള്‍ അന്വേഷിച്ച്‌ നടന്നിരുന്ന കോണ്‍വോയ്‌ പ്രകൃതി തന്നെ നശിപ്പിച്ചു. ഇരുപത്തിയാറെണ്ണത്തില്‍ പതിനൊന്നും മുങ്ങിപ്പോയി അന്ന്‌..."

"അതിന്റെ പേരിലും ഒരു മെഡല്‍ ആവശ്യപ്പെട്ടില്ലേ താങ്കള്‍...?"

"അയ്യോ... അക്കാര്യം ഞാന്‍ ഓര്‍ത്തില്ലല്ലോ അപ്പോള്‍..." ഗെറിക്കും വിട്ടുകൊടുത്തില്ല.

ആ അരണ്ട വെളിച്ചത്തില്‍ അവളുടെ മുഖം വ്യക്തമായി കാണാമായിരുന്നു. "അയാം സോറി..." അവള്‍ ക്ഷമാപണം നടത്തി.

ലാക്ലന്‌ പിന്നില്‍ റീവ്‌ പ്രത്യക്ഷപ്പെട്ടു. "ഹേയ്‌.. രണ്ടുപേരും ഇങ്ങോട്ടൊന്ന് നോക്കിക്കേ... കാപ്പി തണുത്ത്‌ തുടങ്ങി..."

"ഒരു മിനിറ്റ്‌... ഞങ്ങളിതാ വരുന്നു അങ്കിള്‍..." ജാനറ്റ്‌ പറഞ്ഞു.

അവളുടെ മേലങ്കി ചുമലില്‍ നിന്ന് വഴുതി താഴെ വീണു. ഗെറിക്ക്‌ ഉപചാരപൂര്‍വ്വം അത്‌ കുനിഞ്ഞെടുത്ത്‌ അവളുടെ കരങ്ങളില്‍ വച്ചുകൊടുത്തു. ദൂരെ ചക്രവാളത്തില്‍ അവശേഷിച്ചിരുന്ന പാടല വര്‍ണ്ണം ഒരു നിമിഷം പെട്ടെന്ന് ഒന്ന് മിന്നി ജ്വലിച്ചു. അസ്തമയ സൂര്യന്റെ യാത്രാമൊഴി. പിന്നെ പൂര്‍ണ്ണമായ അന്ധകാരം മാത്രം.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Thursday, July 8, 2010

സ്റ്റോം വാണിംഗ്‌ - 52

വൈകുന്നേരം ഏഴരയോട്‌ അടുത്തിരിക്കുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചെഞ്ചായം വാരി വിതറി അസ്തമിക്കാന്‍ തയ്യാറെടുക്കുകയാണ്‌ സൂര്യന്‍. ഫാഡാ ഹൗസിന്റെ വിശാലമായ കവാടം കടന്ന് ഗെറിക്കും ലാക്ലനും ചരല്‍ പാതയിലേക്ക്‌ തിരിഞ്ഞു. മുറ്റത്ത്‌ നിന്ന് ചവിട്ട്‌ പടിയിലേക്ക്‌ കയറി അദ്ദേഹം പഴയ മാതൃകയിലുള്ള ആ കോളിംഗ്‌ ബെല്ലിന്റെ ചരടില്‍ വലിച്ചു.

വീടിനുള്ളില്‍ നിന്ന് അടുത്തടുത്ത്‌ വന്ന പാദപതനം വാതിലിനടുത്ത്‌ വന്ന് നിലച്ചു. ഏകദേശം അറുപത്‌ വയസ്സ്‌ പ്രായം തോന്നുന്ന പ്രസന്നവദനയായ ഒരു വനിതയാണ്‌ അവരെ സ്വീകരിച്ചത്‌. പൂര്‍ണ്ണമായും നര കയറിയ തലമുടി ബണ്‍ വച്ച്‌ പിന്‍ ചെയ്തിരുന്നു അവര്‍. വൂള്‍ തുണിയിലുള്ള ഒരു കറുത്ത വസ്ത്രവും അതിന്‌ മീതെ വൃത്തിയുള്ള ഒരു വെളുത്ത മേലങ്കിയുമായിരുന്നു അവരുടെ വേഷം.

"അകത്തേക്ക്‌ വന്നാലും സര്‍..." മന്ദഹസിച്ച്‌ കൊണ്ട്‌ അവര്‍ സ്വാഗതമോതി.

"താങ്ക്‌ യൂ..." ഗെറിക്ക്‌ ഉള്ളിലേക്ക്‌ പ്രവേശിച്ചു. കൈയില്‍ ലീ എന്‍ഫീല്‍ഡ്‌ റൈഫിളുമായി തൊട്ട്‌ പിറകേ ലാക്ലനും.

"താങ്കളുടെ കോട്ട്‌ ഇങ്ങ്‌ തന്നേക്കൂ സര്‍..." അദ്ദേഹത്തിന്റെ കോട്ട്‌ അഴിച്ച്‌ വാങ്ങി അടുത്ത മുറിയില്‍ കൊണ്ടുപോയി കൊളുത്തിയിട്ടിട്ട്‌ അവര്‍ തിരിച്ചെത്തി.

"എല്ലാവരും സ്വീകരണമുറിയിലാണ്‌... ഇതിലേ വരൂ..." അവര്‍ കതകിന്റെ ഹാന്‍ഡിലില്‍ പിടിച്ചുകൊണ്ട്‌ ഒരു നിമിഷം നിന്നു. "താങ്കള്‍ ആരാണെന്ന് പറഞ്ഞില്ലല്ലോ...?"

"കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌... എന്നെ ഇവിടെ ക്ഷണിച്ചിരുന്നു..." അല്‍പ്പം നീരസത്തോടെ ഗെറിക്ക്‌ പറഞ്ഞു.

"ഓ യെസ്‌ സര്‍..." വാതില്‍ തുറന്ന് അവര്‍ അദ്ദേഹത്തെ സ്വീകരണ മുറിയിലേക്ക്‌ ആനയിച്ചു. കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌ എത്തിയിരിക്കുന്നു മാഡം..."

"താങ്ക്‌ യൂ മേരി..."

ജീന്‍ സിന്‍ക്ലെയറും അഡ്‌മിറല്‍ റീവും ജാനറ്റും കൂടി ഷെറി നുകര്‍ന്നു കൊണ്ട്‌ നെരിപ്പോടിനരികില്‍ ഇരിക്കുന്നുണ്ടായിരുന്നു. താഴെ, പരവതാനിയില്‍ വിസ്തരിച്ച്‌ കിടക്കുകയാണ്‌ റോറി.

"വളരെ സന്തോഷം കമാന്‍ഡര്‍, താങ്കള്‍ വന്നതില്‍..." കൈ ഉയര്‍ത്തി അഭിവാദ്യം നല്‍കിക്കൊണ്ട്‌ ജീന്‍ പറഞ്ഞു. "കമാന്‍ഡര്‍ ഗെറിക്കിനും ഒരു ഡ്രിങ്ക്‌ കൊടുക്കൂ ക്യാരീ..."

ലാക്ലന്‍ വാതിലിന്‌ സമീപം നിലയുറപ്പിച്ചു.

"ഗുഡ്‌ ഈവനിംഗ്‌ ലാക്ലന്‍... അമ്മയ്ക്ക്‌ സുഖം തന്നെയല്ലേ...?" അവര്‍ അവനോട്‌ ആരാഞ്ഞു.

"അതേ മാഡം..."

"ഞാന്‍ ചോദിച്ചതായി പറയണം.."

ഒരു കൈയില്‍ ഷെറി ഗ്ലാസും മറുകൈയില്‍ സിഗരറ്റുമായി ഗെറിക്ക്‌ നെരിപ്പോടിന്‌ സമീപം ആശ്ചര്യത്തോടെ നിന്നു.

"കഴിയാവുന്നിടത്തോളം സൗകര്യങ്ങളൊക്കെ അവര്‍ അവിടെ ചെയ്തുതന്നിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു..." ജീന്‍ അദ്ദേഹത്തോടായി പറഞ്ഞു. തികച്ചും ആത്മാര്‍ത്ഥമായ അന്വേഷണമായിരുന്നു അത്‌.

"കഴിയാവുന്നിടത്തോളം സൗകര്യങ്ങള്‍ എന്നല്ല, അല്‍പ്പം ധാരാളം എന്ന് തന്നെയാണ്‌ നിങ്ങളുടെ പോലീസ്‌ സ്റ്റേഷനെക്കുറിച്ച്‌ എനിക്കുള്ള അഭിപ്രായം..." ഗെറിക്ക്‌ മൃദുവായി പ്രതിവചിച്ചു.

അഡ്‌മിറല്‍ റീവ്‌ പൊട്ടിച്ചിരിച്ചു പോയി. "ഇതെനിക്കിഷ്ടപ്പെട്ടു..." അദ്ദേഹം ഗെറിക്കിന്റെ കരങ്ങള്‍ കവര്‍ന്ന് തന്നോടടുപ്പിച്ചു. "വരൂ... ഇവരെ ഇവിടെ ചിലയ്ക്കാന്‍ വിട്ടിട്ട്‌ നമുക്ക്‌ അങ്ങോട്ട്‌ മാറി നില്‍ക്കാം... എന്നിട്ട്‌ ആ ഫാള്‍മൗത്തിലെ കഥകള്‍ പറയൂ..."

അവര്‍ രണ്ടുപേരും അല്‍പ്പം മാറി ജാലകത്തിനരികില്‍ പോയി അഭിമുഖമായി നിന്നു.

"അദ്ദേഹം ഒരു സുന്ദരന്‍ തന്നെ... അല്ലേ...?" ജീന്‍ അവളോട്‌ ചോദിച്ചു.

"അവരില്‍ ആരുടെ കാര്യമാണ്‌ പറയുന്നത്‌...?" കുസൃതിയോടെ ജാനറ്റ്‌ മറു ചോദ്യമെയ്തു.

ജീന്‍ ലജ്ജയോടെ മന്ദഹസിച്ചു. "നിന്റെ ഉദ്ദേശ്യം എനിക്ക്‌ മനസ്സിലായി... പക്ഷേ, ഞാന്‍ ആരെക്കുറിച്ചാണ്‌ പറഞ്ഞതെന്ന് നിനക്കറിയാമല്ലോ..."

ജാനറ്റ്‌ തല കുലുക്കി. "എന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു മനുഷ്യനെ ഞാനിതുവരെ കണ്ടിട്ടേയില്ല. നിര്‍വ്വചിക്കാന്‍ കഴിയാത്ത എന്തോ ഒരു സവിശേഷത അദ്ദേഹത്തിനുണ്ട്‌... പുരുഷന്മാരുമായി അടുക്കുവാന്‍ എനിക്ക്‌ അധികമൊന്നും അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അതായത്‌ ഒരു ആത്മബന്ധം സ്ഥാപിക്കാന്‍... മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്ത്‌ വന്ന വര്‍ഷം തന്നെ യുദ്ധം ആരംഭിച്ചു. ഭൂരിഭാഗവും ജോലിയും ഉറക്കവും മാത്രമായിരുന്നു ജീവിതത്തില്‍... പിന്നെ, വല്ലപ്പോഴുമൊരിക്കല്‍ ആഗ്രഹം തോന്നുമ്പോള്‍ മാത്രം..."

"അപ്പോള്‍ ഗെറിക്കോ...?"

"സത്യം പറഞ്ഞാല്‍ ... എനിക്ക്‌ അദ്ദേഹത്തെ ഭയമാണ്‌..."

"അതെനിക്ക്‌ മനസ്സിലായി..."

"അദ്ദേഹത്തിന്റെ കണ്ണുകള്‍ ശ്രദ്ധിച്ചുവോ...? എന്തോ ഒരു പ്രത്യേകത..."

"എന്തിന്‌ കണ്ണുകള്‍ മാത്രം...? നീയത്‌ ശ്രദ്ധിച്ചിട്ടില്ലേ...? ഈ ജീവിതവുമായി യാതൊരു ബന്ധവുമില്ലെന്ന മട്ടിലുള്ള ആ മുഖഭാവം..? അദ്ദേഹത്തിന്റെ മുഖത്തുള്ള സ്ഥായിയായ ആ മന്ദഹാസം... ഈ ജീവിതം വെറുമൊരു വിഡ്ഢിക്കഥയാണെന്നുള്ള വിശ്വാസമായിരിക്കാം അതിന്റെ ഉറവിടം... സമര്‍ത്ഥനായ ഒരു ഓഫീസര്‍... നാവിഗേഷന്‍ രംഗത്തെ ജീനിയസ്‌... അദ്ദേഹത്തിന്റെ റെക്കോര്‍ഡുകളും ആ ബാഡ്‌ജുകളും തന്നെ അതിനുള്ള ഏറ്റവും വലിയ തെളിവാണ്‌... ഇത്തരക്കാരെക്കുറിച്ച്‌ ഒന്നും പ്രവചിക്കാന്‍ കഴിയില്ല. നോ റൂള്‍ ദാറ്റ്‌ വാസ്‌ എവര്‍ മെയ്‌ഡ്‌, വാസ്‌ മെയ്‌ഡ്‌ ഫോര്‍ ഹിം..."

"ഡിന്നര്‍ റെഡിയായിരിക്കുന്നു മാഡം..." മേരി വാതില്‍ക്കല്‍ വന്ന് അറിയിച്ചു.

ജീന്‍ എഴുന്നേറ്റു. "മഹാന്മാരേ... എന്നാല്‍ നമുക്ക്‌ അകത്തേക്ക്‌ പോകാം...?"

റീവിനൊപ്പം അവര്‍ ഡൈനിംഗ്‌ റൂമിലേക്ക്‌ നടന്നു. ജാനറ്റും ഗെറിക്കും അവരെ അനുഗമിച്ചു. അവര്‍ക്ക്‌ പിന്നിലായി ലാക്ലനും.* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)