പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, July 23, 2010

സ്റ്റോം വാണിംഗ്‌ - 54

ജര്‍മ്മന്‍ എയര്‍ഫോഴ്‌സിന്റെ ട്രോണ്‍ദേമിലെ ആസ്ഥാനമായ ഓപ്പറേഷന്‍സ്‌ ബില്‍ഡിങ്ങിന്‌ നേര്‍ക്ക്‌ ഹോസ്റ്റ്‌ നെക്കര്‍ നടന്നു. മാനസികമായി അല്‍പ്പം അസ്വസ്ഥനാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത്‌ നിന്ന് അറിയാന്‍ കഴിയും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി യാതൊന്നും തന്നെ ചെയ്യാനില്ലാതെ ആ പരിസരത്ത്‌ തന്നെയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഉറക്കക്കുറവിന്റെ ക്ഷീണം കാണാനുണ്ടായിരുന്നു.

ഇന്റലിജന്‍സ്‌ റൂമിലേക്ക്‌ പ്രവേശിച്ചപ്പോള്‍ അദ്ദേഹം ആദ്യം ശ്രദ്ധിച്ചത്‌ ആല്‍ട്രോജിന്റെ ഡെസ്കിന്‌ പിന്നിലായി ഇരിക്കുന്ന കേണല്‍ മേയറിനെയാണ്‌. അദ്ദേഹവും ഒരു മേജറും കൂടി വെസ്റ്റേണ്‍ അപ്രോച്ചസിന്റെ ഒരു ചാര്‍ട്ട്‌ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌.

മേയര്‍ മുഖമുയര്‍ത്തി. "ഹാ... ഹോസ്റ്റ്‌ എത്തിയോ...? അങ്ങനെ താങ്കള്‍ക്കിതാ ഒരു ആക്ഷനുള്ള അവസരം കൈവന്നിരിക്കുന്നു..."

"ഇത്‌ ഞാന്‍ കുറേ കേട്ടതാണ്‌..." നെക്കര്‍ പരിഹാസത്തോടെ പറഞ്ഞു. "താങ്കള്‍ക്കറിയാമല്ലോ... കഴിഞ്ഞ മുപ്പത്തിയാറ്‌ മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് തവണ എന്നെ വിളിപ്പിച്ചു... എന്നിട്ടോ... അവസാന നിമിഷത്തില്‍ ഓപ്പറേഷന്‍ ക്യാന്‍സല്‍ ആകും..."

"ഇപ്രാവശ്യം അങ്ങനെയല്ല..." മേയര്‍ പറഞ്ഞു. "വളരെ പ്രാധാന്യമുള്ള ഒരു ഓപ്പറേഷനാണ്‌ ഇത്തവണ. അതായത്‌... രാത്രി കൃത്യം രണ്ട്‌ മണിക്ക്‌ താങ്കള്‍ പുറപ്പെടും... സ്കോട്ട്‌ലാന്റ്‌, ഔട്ടര്‍ ഹെബ്രിഡ്‌സിന്റെ ദക്ഷിണഭാഗം, അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവയ്ക്ക്‌ മുകളിലുടെ താങ്കള്‍ പോകുന്നു..." തന്റെ മുന്നിലെ ചാര്‍ട്ടില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം അദ്ദേഹം പെന്‍സില്‍ കൊണ്ട്‌ ചൂണ്ടിക്കാണിച്ചു. "അബ്‌വെറിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം ഹാലിഫാക്സില്‍ നിന്ന് നോവ സ്കോഷ്യ വഴി പോകുന്ന കപ്പലുകളുടെ ഒരു വ്യൂഹം ഈ പ്രദേശത്ത്‌ താങ്കള്‍ക്ക്‌ കാണുവാന്‍ സാധിക്കും... നാളെ മദ്ധ്യാഹ്നത്തിന്‌ മുമ്പ്‌ അവയുടെ കൃത്യമായ ലൊക്കേഷന്‍ കീലില്‍ അറിയിക്കണമെന്നാണ്‌ ഓര്‍ഡര്‍..."

"ഇല്ലെങ്കില്‍ ഈ യുദ്ധത്തില്‍ നാം പരാജയപ്പെടും...?"

"തമാശയ്ക്കുള്ള സമയമല്ല ഇത്‌ ഹോസ്റ്റ്‌..." മേയര്‍ എഴുന്നേറ്റു. "മിടുക്കനായ ഒരു പൈലറ്റ്‌ ആണ്‌ താങ്കള്‍... പക്ഷേ, ചിലപ്പോഴെങ്കിലും ഒരു പതിനാല്‌കാരനെ പോലെ പെരുമാറുന്നു താങ്കള്‍... ഇപ്പോള്‍ രണ്ടാമത്തെ തവണയാണ്‌ ഞങ്ങളെക്കൊണ്ടിത്‌ പറയിക്കുന്നത്‌..."

"അയാം സോറി, ഹേര്‍ ഓബര്‍സ്റ്റ്‌..."

"എന്ത്‌ സോറി..." പുഞ്ചിരിച്ച്‌ കൊണ്ട്‌ മേയര്‍, നെക്കറുടെ ചുമലില്‍ തട്ടി. "വിശദവിവരങ്ങള്‍ ആല്‍ട്രോജ്‌ താങ്കള്‍ക്ക്‌ തരും... അത്‌ പഠിച്ചിട്ട്‌, ഒരു പേഴ്‌സണല്‍ റിപ്പോര്‍ട്ട്‌ താങ്കളില്‍ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു..."

മേയര്‍ പുറത്ത്‌ കടന്നു. നെക്കര്‍ ചാര്‍ട്ടിലൂടെ കണ്ണോടിച്ചു.

"ഇത്‌ ഏതാണ്ട്‌ തൊള്ളായരിത്തോളം മൈലുകള്‍ വരുമല്ലോ യാത്ര..." നെക്കര്‍ അഭിപ്രായപ്പെട്ടു.

"പിന്നെ ഒരു തൊള്ളായിരം മൈല്‍ മടക്കയാത്രയും...അപ്പോള്‍ ഏകദേശം ആറ്‌ മണിക്കൂര്‍... ആ പ്രദേശത്ത്‌ നിരീക്ഷണപ്പറക്കലിനായി ഒരു രണ്ട്‌ മണിക്കൂര്‍ കൂടി കൂട്ടാം..." ആല്‍ട്രോജ്‌ പറഞ്ഞു.

"ഇത്‌ സാദ്ധ്യമാണെന്ന് തോന്നുന്നുണ്ടോ...? പതിവ്‌ പോലെ ഞാന്‍ ഇവിടെത്തന്നെയിരിക്കാനാണ്‌ സാദ്ധ്യത... ആ *സ്പിറ്റ്‌ഫയര്‍ സ്ക്വാഡ്രണുകളുടെ കാര്യം എന്ത്‌ ചെയ്യും...?" (*സ്പിറ്റ്‌ഫയര്‍ - ബ്രിട്ടിഷ്‌ എയര്‍ഫോഴ്സ്‌ വിമാനം).

"ഇതാ ഇവിടെ, ഇന്‍വേര്‍ണ്ണസ്‌ വരെയേ അവയെ ഭയക്കേണ്ടൂ... പക്ഷേ, താങ്കള്‍ മുപ്പത്തിയയ്യായിരമോ മുപ്പത്തിയെണ്ണായിരമോ അടി മുകളിലൂടെയാണ്‌ പറക്കുന്നതെങ്കില്‍ അവയില്‍ നിന്ന് ഒരു ശല്യവുമുണ്ടാകില്ല... അതിനായുള്ള പരിഷ്കരണങ്ങള്‍ ഞങ്ങള്‍ വിമാനത്തില്‍ നടത്തിയിട്ടുണ്ട്‌... അങ്ങോട്ടുള്ള യാത്ര എന്തായാലും രാത്രിയില്‍ തന്നെ മതി... താങ്കള്‍ സാധാരണ പോകാറുള്ളത്‌ പോലെ..."

"താങ്കളുടെ അഭിപ്രായം അങ്ങനെയാണെങ്കില്‍..." നെക്കര്‍ കസേരയില്‍ ഇരുന്നു. "ആള്‍ റൈറ്റ്‌...എന്നാലിനി നമുക്ക്‌ വിശദവിവരങ്ങള്‍ നോക്കാം..."


* * * * * * * * * * * * * * * * * * * * * * * * * * * * * *


റീവ്‌, പോലീസ്‌ സ്റ്റേഷന്റെ പ്രധാന കവാടം തുറന്നു. എന്നിട്ട്‌ ഗെറിക്കിന്‌ പിന്നാലെ അദ്ദേഹവും ഉള്ളില്‍ കടന്നു. ഒപ്പമുണ്ടായിരുന്ന ലാക്ലന്‍ താക്കോല്‍ കൂട്ടം എടുത്ത്‌ ഇടനാഴിയിലൂടെ അവരെ നയിച്ചു. ഗെറിക്ക്‌ തന്റെ സെല്ലിലേക്ക്‌ പ്രവേശിച്ച ഉടന്‍ തന്നെ ഇരുമ്പഴികള്‍ ചേര്‍ത്തടച്ച്‌ ലാക്ലന്‍ ഡബിള്‍ ലോക്ക്‌ ചെയ്തു.

"ഹേര്‍ കോണ്ടര്‍ അഡ്‌മിറല്‍..." ഗെറിക്ക്‌ സല്യൂട്ട്‌ ചെയ്തു. "സന്തോഷകരമായ ഈ ഒരു സായാഹ്നം എനിക്ക്‌ സമ്മാനിച്ചതിന്‌ നന്ദി..."

റീവ്‌ ഒന്ന് സംശയിച്ച്‌ നിന്നു. ഒരു മാത്ര, അദ്ദേഹം എന്തോ പറയാന്‍ ഭാവിക്കുന്നതായി തോന്നി. പക്ഷേ, ഒന്നും ഉരിയാടാതെ, അറ്റന്‍ഷനായി നിന്ന് അദ്ദേഹം ഗെറിക്കിന്‌ പ്രത്യഭിവാദനം നല്‍കി. പിന്നെ, പെട്ടെന്ന് തിരിഞ്ഞ്‌ ഇടനാഴിയിലൂടെ പുറത്തേക്ക്‌ നടന്നു. തൊട്ടു പിറകേ ലാക്ലനും.

വാതില്‍ അടഞ്ഞു. അഴികളില്‍ പിടിച്ച്‌ ഇടനാഴിയിലേക്ക്‌ നോക്കി ഒരു നിമിഷം ഗെറിക്ക്‌ നിന്നു. പിന്നെ ജാലകത്തിനരികിലേക്ക്‌ നീങ്ങി. ജാലകത്തിന്റെ ചുവടെ ഇരുമ്പഴികള്‍ ചുവരിലേക്ക്‌ തറച്ചിരുന്ന ഭാഗത്ത്‌ സിമന്റ്‌ ഇളകി പൊളിഞ്ഞ്‌ കിടന്നിരുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. ഗെറിക്ക്‌ തന്റെ കിടക്ക പൊന്തിച്ച്‌, കട്ടിലിന്റെ ഇരുമ്പ്‌ ഫ്രെയിമില്‍ നിന്ന് ഒരു ചുരുള്‍ സ്പ്രിംഗ്‌ ഒടിച്ചെടുത്തു. എന്നിട്ട്‌ അതിന്റെ കൂര്‍ത്ത അറ്റം കൊണ്ട്‌ ജനാലയുടെ ചുവട്ടിലെ സിമന്റ്‌ ഇളക്കുവാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ ഇടനാഴിയില്‍ ആരുടെയോ പാദപതനം കേട്ടത്‌. ഗെറിക്ക്‌ തിരികെ തന്റെ കട്ടിലില്‍ വന്ന് ഇരുന്നു. ചുമലില്‍ തൂങ്ങിക്കിടക്കുന്ന റൈഫിളുമായി ലാക്ലന്‍ പ്രത്യക്ഷപ്പെട്ടു. അവന്റെ കൈയില്‍ ഒരു സ്ലീപ്പിംഗ്‌ ബാഗുമുണ്ടായിരുന്നു.

"എന്താണിതൊക്കെ...?" ഗെറിക്ക്‌ ചോദിച്ചു.

തെര്‍മ്മോഫ്ലാസ്ക്‌ താഴെ വച്ചിട്ട്‌ ലാക്ലന്‍ സ്ലീപ്പിംഗ്‌ ബാഗ്‌ നിവര്‍ത്തി അതിനുള്ളിലേക്ക്‌ കയറി സിബ്ബ്‌ ഇട്ടു. പിന്നെ ഗെറിക്കിന്‌ എതിരെ ഇടനാഴിയുടെ ചുവരില്‍ ചാരി ഇരുന്നു. കൈ എത്തുന്ന ദൂരത്തില്‍ തന്നെ അവന്റെ റൈഫിളും ഉണ്ടായിരുന്നു.

"താങ്കള്‍ക്ക്‌ മേല്‍ ഒരു നോട്ടം ഉള്ളത്‌ നല്ലതാണല്ലോ കമാന്‍ഡര്‍... പിന്നെ, ഞാന്‍ ഇവിടെത്തന്നെയിരുന്നാല്‍ ഇന്ന് രാത്രി താങ്കള്‍ സുഖമായി ഉറങ്ങിക്കോളുമെന്ന് അഡ്‌മിറല്‍ റീവ്‌ പറയുകയും ചെയ്തു..."

ഗെറിക്ക്‌ പുഞ്ചിരിച്ചു. "നീ മോശക്കാരനല്ലല്ലോ ലാക്ലന്‍... അദ്ദേഹം പറഞ്ഞതിലും കാര്യമുണ്ട്‌..."

കിടക്കയില്‍ കയറിക്കിടന്ന് അദ്ദേഹം പുതപ്പ്‌ കഴുത്ത്‌ വരെ വലിച്ചിട്ടു. നിമിഷങ്ങള്‍ക്കകം അദ്ദേഹം ഗാഢനിദ്രയിലമര്‍ന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

15 comments:

  1. ഹോസ്റ്റ്‌ നെക്കറിനെ ഓര്‍മ്മയില്ലേ..? ഏഴാമത്തെ ലക്കത്തില്‍ ഹാരി ജാഗോയുടെ ബോട്ടിന്‌ നേര്‍ക്ക്‌ വ്യോമാക്രമണം നടത്തിയ ജര്‍മ്മന്‍ എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ പൈലറ്റ്‌.

    ReplyDelete
  2. ആഹാ..
    കാര്യങ്ങള്‍ അപ്പോ അങ്ങനെയായോ...
    ശ്ശെ...ഈ റീവിന്റെ ഒരു കാര്യം..(കണ്ണൂര്‍ ജയിലിന്റെ സൂപ്രണ്ടാക്കേണ്ട ആളാ..ജയാനങന്‍ ടിംസ്-ന്റെ ഒരു കളിം നടക്കേലായിരുന്നു.)
    എന്തരോ എന്തോ..വരുന്നിടത്തു വച്ചു കാണാം.

    നന്ദി വിനുവേട്ടാ.

    ReplyDelete
  3. അതെ.
    വരുന്നിടത്തുവച്ചുകാണാം!

    ReplyDelete
  4. ഗെറിക്ക് വീണ്ടും പണി തുടങ്ങിയല്ലേ... എന്താവുമോ എന്തോ...

    (ചാര്ളിച്ചായന്റെ കമന്റ് ഇഷ്ടപ്പെട്ടു.. )

    ReplyDelete
  5. "കിടക്കയില്‍ കയറിക്കിടന്ന് അദ്ദേഹം പുതപ്പ്‌ കഴുത്ത്‌ വരെ വലിച്ചിട്ടു. നിമിഷങ്ങള്‍ക്കകം അദ്ദേഹം ഗാഢനിദ്രയിലമര്‍ന്നു."
    ഈ കര്‍ക്കിടകത്തില്‍ അങ്ങിനെ മൂടിപ്പുതച്ച്
    സ്വപ്നങ്ങള് കണ്ടുറങ്ങട്ടെ ഞാനും!

    ReplyDelete
  6. അപ്പൊ ഓപ്പറേഷന്‍ തുടങ്ങാറായോ ?
    ഗെറിക്കും തുടങ്ങി "ഓപ്പറേഷന്‍" അല്ലെ ?

    ReplyDelete
  7. മനോഹരമായ സായാഹ്നത്തിന്‌ ശേഷം ഗെറിക്കിനെ വീണ്ടും ജയിലിലടച്ചോ? ഇനി ലാക്ലന്റെ കണ്ണ്‌ വെട്ടിച്ച്‌ രക്ഷപെടുമോ അദ്ദേഹം?

    നെക്കറുടെ റോള്‍ എന്താണെന്നറിയാന്‍ കാത്തിരിക്കുന്നു.

    ബ്ലോഗിന്റെ പുതിയ ലുക്ക്‌ കൊള്ളാം കേട്ടോ.

    ReplyDelete
  8. ഇതും വായിച്ചു. നന്നാവുന്നുണ്ട്. തുടരുക

    ReplyDelete
  9. ശ്ശെടാ... ഒന്നുമങ്ങോട്ട് പറയാറായിട്ടില്ല അല്ലേ?

    ശരി, നോക്കാമല്ലോ.

    ReplyDelete
  10. ഇത്തവണ ഫ്രഞ്ചുതുറമുഖത്തെ ഒരു കപ്പലിൽ ഇരുനാണ് ഈ അമ്പത്തിനാലാം ഭാഗം വായിച്ചത് കേട്ടൊ വിനുവേട്ട...

    ReplyDelete
  11. ചാര്‍ളി... കാര്യം വലിയ കൂട്ട്‌ ഒക്കെ കൂടിയെങ്കിലും റീവ്‌ ആരാ മോന്‍...

    ജയന്‍ & ജിമ്മി... സാരമില്ല, ഇനിയും അവസരം വരുമല്ലോ...

    ഹാറൂണ്‍ഭായ്‌... സുഖമായി ഉറങ്ങി എന്ന് കരുതട്ടെ...

    സുകന്യ... ഇനിയുള്ള ലക്കങ്ങള്‍ക്കായി കാത്തിരിക്കുക...

    ലേഖ... അത്‌ അടുത്ത ലക്കത്തില്‍ അറിയാം...

    മനോ.. അപ്പോള്‍ സ്ഥിരം വായനക്കാരനാകാന്‍ തീരുമാനിച്ചു അല്ലേ...?

    ശ്രീ... കഥയില്‍ ചോദ്യമില്ല...

    ബിലാത്തിപ്പട്ടണം.. അപ്പോള്‍ ഒരു ഫ്രഞ്ച്‌ പര്യടനം സംഘടിപ്പിച്ചോ...? അന്ന് വിളിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ലല്ലോ...

    ReplyDelete
  12. തുടക്കം മുതല്‍ വരാം ..എന്തായാലും എന്‍റെ ആശംസകള്‍ ....

    ReplyDelete
  13. വായിച്ചു വരുന്നു

    ReplyDelete
  14. ശ്ശെ.ഇത്തവണ രെക്ഷപെടുന്നില്ല അല്ലേ??

    ReplyDelete
    Replies
    1. ഇനിയും വരും അവസരം സുധീ...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...