പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, July 30, 2010

സ്റ്റോം വാണിംഗ്‌ - 55

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 24. അക്ഷാംശം 56N രേഖാംശം 9.51W. ഔട്ടര്‍ ഹെബ്രിഡ്‌സിന്‌ തെക്ക്‌ പടിഞ്ഞാറ്‌ ഏകദേശം 110 മൈല്‍ അകലെയായിട്ടാണ്‌ ഇപ്പോഴത്തെ സ്ഥാനം എന്ന് ഊഹിക്കുന്നു. ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അപരിചിതമായ ശാന്തത ഇവിടെ അനുഭവപ്പെടുന്നു. അര്‍ദ്ധരാത്രി കഴിഞ്ഞ്‌ അല്‍പ്പസമയമായപ്പോള്‍ ഞങ്ങളുടെ മുന്നില്‍ കൂടി ഒരു കപ്പല്‍ കടന്നുപോകുന്നത്‌ കണ്ടു. അതിന്റെ വെളിച്ചവും എന്‍ജിന്റെ ശബ്ദവും വളരെ വ്യക്തമായി കാണുവാനും കേള്‍ക്കുവാനും സാധിച്ചു. എന്നാല്‍ അവര്‍ ഞങ്ങളെ കണ്ടിട്ടും ശ്രദ്ധിക്കാതെ തിടുക്കത്തില്‍ പോകുന്നത്‌ അല്‍പ്പം ആശ്ചര്യമുളവാക്കി. മദ്ധ്യയാമം കഴിഞ്ഞതോടെ മഴ ശക്തമായി. ഒപ്പം സാമാന്യം വേഗതയുള്ള കാറ്റും. ഞായറാഴ്ചയായത്‌ കൊണ്ട്‌ പ്രഭാതത്തില്‍ സിസ്റ്റര്‍ ആഞ്ചല തന്റെ പതിവ്‌ പ്രാര്‍ത്ഥനകളും മറ്റും നടത്തി. കാറ്റും മഴയും ഒന്നും അതിനൊരു തടസമായിരുന്നില്ല അവര്‍ക്ക്‌.

അദ്ധ്യായം പന്ത്രണ്ട്‌

സകല പായകളും നിവര്‍ത്തി, ഏതാണ്ട്‌ പന്ത്രണ്ട്‌ നോട്ട്‌ വേഗതയില്‍ കുതിച്ചുകൊണ്ടിരിക്കുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌. ഇരുണ്ട ചാര നിറമുള്ള ആകാശത്തിന്‌ താഴെ സമുദ്രത്തില്‍ ധവള വര്‍ണ്ണത്തിലുള്ള തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങി അടിച്ചുകൊണ്ടിരുന്നു.

തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ നിന്ന് സാമാന്യം ശക്തിയായിത്തന്നെ മഴ പെയ്യുന്നുണ്ട്‌. കപ്പലിലെ ജോലിക്കാരും കന്യാസ്ത്രീകളുമടക്കം എല്ലാവരും തന്നെ മഴയെ അവഗണിച്ച്‌ കൊണ്ട്‌ ഡെക്കില്‍ നില്‍ക്കുകയാണ്‌. സിസ്റ്റര്‍ ആഞ്ചലയുടെ നേതൃത്വത്തില്‍ മതപരമായ ചടങ്ങുകള്‍ നടക്കുകയാണവിടെ. ക്യാപ്റ്റന്‍ ബെര്‍ഗര്‍ അവരുടെ തൊട്ടുപിന്നില്‍ തന്നെയുണ്ട്‌. നാവികരില്‍ മിക്കവരുടെയും മുഖഭാവത്തില്‍ നിന്നും ഈ പരിപാടി അവര്‍ മടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കാം.

ക്രൂവിലെ കുറച്ച്‌ പേര്‍ റോമന്‍ കത്തോലിക്കരും ബാക്കിയുള്ളവര്‍ ലൂതറന്‍സുമാണ്‌. അത്‌ കൊണ്ട്‌ ആര്‍ക്കും അനിഷ്ടമുണ്ടാകാത്ത വിധത്തിലായിരുന്നു സിസ്റ്റര്‍ ആഞ്ചല പ്രസംഗം നടത്തിയത്‌. പതിവില്ലാത്ത വിധം തണുപ്പുള്ള ആ അന്തരീക്ഷത്തില്‍ അവര്‍ കുര്‍ബാനയുടെ അവസാന വരികള്‍ വായിച്ച്‌ തുടങ്ങി.

".......... കരുണാമയനായ പിതാവേ, ദൈവികമായ പാതയിലൂടെ എന്നും എപ്പോഴും സാന്മാര്‍ഗികമായ ജീവിതം നയിക്കുന്നതായിരിക്കുമെന്ന് പരിശുദ്ധാത്മാവായ നിന്റെ നാമത്തില്‍ പ്രതിജ്ഞയെടുക്കുന്നു."

കണ്ണുകളടച്ച്‌ കൈ കൂപ്പി അവര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടെങ്ങും നിശബ്ദത നിറഞ്ഞു. കുരിശ്‌ വരച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു. "ഇനി നമുക്കെല്ലാവര്‍ക്കും കൂടി ഒരു സ്തുതിഗീതം ആലപിക്കാം. സമുദ്രത്തിലുടെ യാത്ര ചെയ്യുന്നവര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനാ ഗീതം... നിങ്ങള്‍ക്കെല്ലാം അറിയുന്നത്‌ തന്നെ... : സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ... ഈ തിരമാലകളെ ബന്ധിച്ച്‌, നിന്റെ ശക്തിയാല്‍ ഞങ്ങളെ രക്ഷിക്കേണമേ..."

ലോട്ടെയും മറ്റ്‌ കന്യാസ്ത്രീകളും അത്‌ ഏറ്റുപാടുവാന്‍ തുടങ്ങി. അതോടെ ലോട്ടെയുടെ പിന്നില്‍ നിന്നിരുന്ന റിക്ടറും, തുടര്‍ന്ന് മറ്റ്‌ സംഘാംഗങ്ങളും തങ്ങളുടെ പരുക്കന്‍ സ്വരങ്ങളില്‍ പാടിത്തുടങ്ങി. സിസ്റ്റര്‍ ആഞ്ചല പിന്നിലേക്ക്‌ തിരിഞ്ഞ്‌ ബെര്‍ഗറുടെയും സ്റ്റേമിന്റെയും നേരെ രൂക്ഷമായ ഒരു നോട്ടമയച്ചു. അതോടെ നിസ്സഹായനായ ബെര്‍ഗര്‍ക്കും ആലാപനത്തില്‍ ചേരാതിരിക്കാന്‍ കഴിഞ്ഞില്ല.

"കടലില്‍ യാതന അനുഭവിക്കുന്നവര്‍ക്ക്‌ വേണ്ടി ഞങ്ങള്‍ വിളിക്കുമ്പോള്‍ നീ വിളി കേള്‍ക്കേണമേ..."

എല്ലാവരും കൂടി ഏറ്റുപാടാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്നായിരുന്നു അത്‌ സംഭവിച്ചത്‌. മുകളില്‍ അടുത്തുവരുന്ന ഒരു ഇരമ്പല്‍ കേട്ട്‌ പരിഭ്രമിച്ച ബെര്‍ഗര്‍ ആകാശത്തേക്ക്‌ നോക്കി. തെക്ക്‌ കിഴക്ക്‌ ഭാഗത്ത്‌ ഏകദേശം നൂറ്റിയമ്പത്‌ അടി അകലെയായി പറന്നു വരുന്ന ഒരു വലിയ കറുത്ത വിമാനത്തെയാണ്‌ അദ്ദേഹം കണ്ടത്‌.

"മൈ ഗോഡ്‌...! ഇത്‌ തന്നെ... അന്ത്യം ഇത്‌ തന്നെ ...!" അദ്ദേഹം മനസ്സിലോര്‍ത്തു. പെട്ടെന്ന് അദ്ദേഹം സിസ്റ്റര്‍ ആഞ്ചലയെ പിടിച്ച്‌ വലിച്ച്‌ താഴെയിട്ടു. പെട്ടെന്നുണ്ടായ പരിഭ്രമത്തിനിടയില്‍ സംഘാംഗങ്ങള്‍ നാനാവഴിയ്ക്കും ചിതറിപ്പോയി. സിസ്റ്റര്‍ കാത്തെ ഉച്ചത്തില്‍ അലറി വിളിച്ചു.

ബെര്‍ഗറുടെ അരികില്‍ മുട്ടുകുത്തി നിന്ന് മുകളിലേക്ക്‌ നോക്കിയ സ്റ്റേം പെട്ടെന്ന് ആവേശത്തോടെ വിളിച്ചുപറഞ്ഞു. "നോക്കൂ ക്യാപ്റ്റന്‍... അത്‌ നമ്മുടെ വിമാനമാണ്‌...! നമ്മുടെ വിമാനം...!"

അവരുടെ മുകളിലൂടെ കടന്നു പോയ ആ ജംഗേഴ്‌സ്‌ യുദ്ധവിമാനത്തെ ബെര്‍ഗറും തിരിച്ചറിഞ്ഞു. അതിന്റെ ചിറകിലെ അടയാളങ്ങള്‍, പിന്‍ഭാഗത്തെ സ്വസ്തിക ചിഹ്നം എന്നിവ വളരെ വ്യക്തമായി അദ്ദേഹം കണ്ടു. അവരുടെ ഇടത്‌ ഭാഗത്തുകൂടി വിമാനം അടുത്ത റൗണ്ട്‌ എടുക്കുവാന്‍ തുടങ്ങി.

ഡെക്കിന്‌ താഴേക്ക്‌ ഓടിയവരെല്ലാം പെട്ടെന്ന് തന്നെ തിരിച്ചെത്തിയിരുന്നു. ചിലര്‍ ആഹ്ലാദത്താല്‍ പാമരത്തിന്‌ മുകളിലേക്ക്‌ കയറുവാന്‍ തുടങ്ങി. ലോട്ടെയുടെ അരികില്‍ നിന്ന് കൊണ്ട്‌ ആകാശത്തേക്ക്‌ നോക്കിക്കൊണ്ടിരുന്ന റിക്ടറുടെ കരങ്ങള്‍ അവളുടെ അരക്കെട്ടിനെ വലയം ചെയ്തിരുന്നു.

"നാം ഇനി എന്ത്‌ ചെയ്യണം ക്യാപ്റ്റന്‍...?" സ്റ്റേം ചോദിച്ചു.

മരവിച്ചു പോയ തന്റെ വിവേകം വീണ്ടെടുത്ത്‌ ബെര്‍ഗര്‍ ചാടിയെഴുന്നേറ്റു. കൈവരികളുടെ അരികില്‍ ചെന്നിട്ട്‌ അദ്ദേഹം വിളിച്ചു പറഞ്ഞു. "റിക്ടര്‍... ആ സ്വീഡിഷ്‌ പതാക താഴ്ത്തിക്കോളൂ... എന്റെ ക്യാബിനിലെ ലോക്കറില്‍ *ക്രീഗ്‌സ്‌മറീനിന്റെ ഒരു പതാക കാണും..." (*ക്രീഗ്‌സ്‌മറീന്‍ - ജര്‍മ്മന്‍ നേവി)

പിന്നെ അദ്ദേഹം സ്റ്റേമിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. "വേഗം തന്നെ നമ്മുടെ റേഡിയോ പ്രവര്‍ത്തിപ്പിക്കൂ... നമുക്ക്‌ അവരുമായി വയര്‍ലെസ്സ്‌ ബന്ധം സ്ഥാപിക്കാന്‍ പറ്റുമോ എന്ന് നോക്കാം..."


* * * * * * * * * * * * * * * * * * * * * * * * * * * * *


"സ്വീഡന്റെയാണെന്ന് താങ്കള്‍ക്കുറപ്പാണോ...?" നെക്കര്‍ ചോദിച്ചു.

"തീര്‍ച്ചയായും ഹേര്‍ ഹോപ്റ്റ്‌മാന്‍..." റൂഡി സംശയലേശമെന്യേ പറഞ്ഞു. "അതിന്റെ പതാക ഞാന്‍ വളരെ വ്യക്തമായി കണ്ടതാണ്‌..."

"ഞാനും അത്‌ കണ്ടു ഹേര്‍ ഹോപ്റ്റ്‌മാന്‍... " റിയര്‍ ഗണ്ണറായ ക്രാണ്‍സ്‌ റൂഡിയെ പിന്താങ്ങി.

"ഒരു പായ്‌ക്കപ്പലാണ്‌..." നെക്കര്‍ പറഞ്ഞു. "നേരിട്ട്‌ കണ്ടിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും ഇത്‌ വിശ്വസിക്കില്ലായിരുന്നു... എന്തായാലും നമുക്ക്‌ ഒന്നു കൂടി നോക്കാം..."

അദ്ദേഹം വിമാനത്തിന്റെ വേഗത കുറച്ചു. ഇപ്രാവശ്യം ഏതാണ്ട്‌ ഒരു നൂറ്റിയമ്പത്‌ അടി ഉയരത്തില്‍ക്കൂടി ഒരു റൗണ്ട്‌ എടുത്തു. അപ്പോഴാണ്‌ അമ്പരപ്പിക്കുന്ന ആ കാഴ്ച അദ്ദേഹം കണ്ടത്‌. കപ്പലിലെ സ്വീഡിഷ്‌ പതാക താഴ്‌ന്നുകൊണ്ടിരിക്കുന്നു!

"എന്ത്‌...?! അവര്‍ എന്തിനാണ്‌ പതാക താഴ്ത്തുന്നത്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍...?" റൂഡി ഹബ്‌നര്‍ ആശ്ചര്യത്തോടെ ചോദിച്ചു.

"എന്തോ... എനിക്കറിഞ്ഞു കൂടാ..." നെക്കര്‍ പറഞ്ഞു. എന്നാല്‍ അടുത്ത നിമിഷം, അദ്ദേഹത്തിന്റെ അതിശയം ഇരട്ടിച്ചു. കൊടിമരത്തില്‍ മറ്റൊരു പതാക ഉയര്‍ന്നു വരുന്നു!

കപ്പലിന്‌ തൊട്ടടുത്തുകൂടി പാസ്സ്‌ ചെയ്ത സമയത്ത്‌ കാറ്റില്‍ വിടര്‍ന്ന പുതിയ പതാക കണ്ട്‌ ക്രാണ്‍സ്‌ ആഹ്ലാദത്തോടെ വിളിച്ചു കൂവി. "അത്‌ ക്രീഗ്‌സ്‌മറീന്‍ പതാകയാണ്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍... അയാം ഡാംന്‍ ഷുവര്‍ എബൗട്ട്‌ ഇറ്റ്‌...!"

"ഇങ്ങനെ ബഹളം വയ്ക്കാതിരിക്കൂ..." നെക്കര്‍ പറഞ്ഞു. "ഞാനുമത്‌ കണ്ടു... പക്ഷേ, എന്താണിതിന്റെയൊക്കെ അര്‍ത്ഥമെന്ന് പിടികിട്ടുന്നില്ല... ഒരു വട്ടം കൂടി ഞാന്‍ റൗണ്ട്‌ ചെയ്യാന്‍ പോകുകയാണ്‌..."

വയര്‍ലെസ്സ്‌ ഓപ്പറേറ്റര്‍ ഷ്‌മിഡ്‌ട്‌ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി. "എന്തൊക്കെയോ ചില സിഗ്നലുകള്‍ കിട്ടാന്‍ തുടങ്ങിയിട്ടുണ്ട്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍... അത്‌ അവര്‍ ആയിരിക്കും... ഞാന്‍ സ്വിച്ച്‌ ഓവര്‍ ചെയ്ത്‌ തരാം..."

അടുത്ത നിമിഷം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ സിഗ്നല്‍ വ്യക്തമായി. ആ റെയ്ഞ്ചില്‍ കിട്ടാവുന്നതില്‍ വച്ച്‌ വളരെ വ്യക്തമായിരുന്നു അത്‌. ജോവാന്‍ സ്റ്റേമിന്റെ സ്ഫുടതയാര്‍ന്ന ശബ്ദം അദ്ദേഹം ഹെഡ്‌ഫോണില്‍ ശ്രവിച്ചു. "ദിസ്‌ ഈസ്‌ ദി ഡോയ്‌ഷ്‌ലാന്റ്‌ കോളിംഗ്‌ ബിഗ്‌ ബ്ലാക്ക്‌ ഈഗിള്‍... ആര്‍ യൂ റിസീവിംഗ്‌ മീ...?"

"ബിഗ്‌ ബ്ലാക്ക്‌ ഈഗിള്‍...?" ഷ്‌മിഡ്‌ട്‌ പരിഭ്രമത്തോടെ ചോദിച്ചു. "എന്തിനെക്കുറിച്ചാണ്‌ അദ്ദേഹം പറയുന്നത്‌...?"

"നിങ്ങളെന്ത്‌ വിഡ്ഢിയാണ്‌ മനുഷ്യാ...? അത്‌ നമ്മുടെ സീക്രറ്റ്‌ കോഡല്ലേ...? വേറെ വല്ലവരുമാണ്‌ സന്ദേശം സ്വീകരിക്കുന്നതെങ്കിലോ...?" നെക്കര്‍ പറഞ്ഞു. "അത്‌ ഇങ്ങ്‌ തരൂ... ഞാനൊന്ന് സംസാരിച്ച്‌ നോക്കട്ടെ..."


* * * * * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

13 comments:

  1. വീണ്ടും ഡോയ്‌ഷ്‌ലാന്റിലേക്ക്‌... നെക്കറുടെ റോള്‍ എന്താണെന്ന് വായനക്കാര്‍ക്ക്‌ മനസ്സിലായിക്കാണുമല്ലോ...

    ഗെറിക്കിനടുത്തേക്ക്‌ നമുക്ക്‌ അടുത്ത ലക്കത്തില്‍ പോകാം...

    ഇനി പ്രിയവായനക്കാരുടെ ഊഴം...

    ReplyDelete
  2. യുദ്ധ രംഗത്ത് പിരിമുറുക്കം തുടങ്ങി അല്ലെ? വായിക്കാന്‍ രസമുണ്ട്.

    ReplyDelete
  3. തകര്‍പ്പന്‍..
    രാവിലെ പ്രത്യേകിച്ച് പണിയൊന്നും ഉണ്ടായിരുന്നില്ല. വിനുവേട്ടനാണേല്‍ പോസ്റ്റും ഇട്ടിട്ടില്ല. ഞാനാണേള്‍ ആകസ്മികമായി ആദ്യത്തെ 34 ലക്കങ്ങള്‍ ഒരുമിച്ച് വായിച്ചിട്ടാണ് ഈ യാത്രയില്‍ തുടങ്ങിയതു തന്നെ..അതു കൊണ്ട് ആദ്യഭാഗങ്ങള്‍ അത്ര ഓര്‍മ്മയില്‍ ഇല്ലായിരുന്നു. ഇന്ന് മൊത്തം വീണ്ടും വായിച്ചു.:)
    വളരെ നന്ദി വിനുവേട്ടാ..
    നമുക്കിതൊരു പുസ്തകമാക്കണം..:))

    ReplyDelete
  4. ശ്വാസമടക്കിപ്പിടിച്ചാണ് ഇത്തവണ വായിച്ചത്.

    നല്ലൊരു ലക്കം തന്നെ.

    ReplyDelete
  5. "ലോട്ടെയുടെ അരികില്‍ നിന്ന് കൊണ്ട്‌ ആകാശത്തേക്ക്‌ നോക്കിക്കൊണ്ടിരുന്ന റിക്ടറുടെ കരങ്ങള്‍ അവളുടെ അരക്കെട്ടിനെ വലയം ചെയ്തിരുന്നു."

    ശ്രീ, ഇത് വായിച്ചപ്പോള്‍ ഞാനും അറിയാതെ ശ്വാസമടക്കിപ്പിടിച്ചു.. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കിയിട്ട് ഗെറിക്കിന്റെ അടുക്കലേക്ക് പോകാം... അപ്പോളേക്കും ആ ചെങ്ങായി അവിടെ എന്തെങ്കിലും കൊനഷ്ട്ട് ഒപ്പിക്കാതിരിക്കില്ല...

    ആദ്യ പാരഗ്രാഫ് വായിച്ചിട്ട്, തൊട്ട് വലതുവശത്തുള്ള ആ പായക്കപ്പലിന്റെ ചിത്രത്തിലേക്ക് നോക്കിക്കേ... വാക്കുകളെ വരകളിലൂടെ രൂപപ്പെടുത്തിയതുപോലെയില്ലേ?

    ReplyDelete
  6. അങ്ങിനെ ത്രസിപ്പിക്കുന്ന രംഗങ്ങൾ വന്നുതുടങ്ങി അല്ലേ....
    ഇനി വായനക്ക് നല്ല ഉഷാറ് കേറും...കേട്ടൊ വിനുവേട്ട

    ReplyDelete
  7. ജോവാന്‍ സ്റ്റേമിന്റെ സ്ഫുടതയാര്‍ന്ന ശബ്ദം അദ്ദേഹം ഹെഡ്‌ഫോണില്‍ ശ്രവിച്ചു. "ദിസ്‌ ഈസ്‌ ദി ഡോയ്‌ഷ്‌ലാന്റ്‌ കോളിംഗ്‌ ബിഗ്‌ ബ്ലാക്ക്‌ ഈഗിള്‍... ആര്‍ യൂ റിസീവിംഗ്‌ മീ...?"

    ഈ ഭാഗം വായിച്ചപ്പോള്‍ കുളിരുകോരിപ്പോയി. ശരിക്കും ത്രില്ലിംഗ്‌. ഈ നോവല്‍ ഇത്ര മനോഹരമായി തര്‍ജ്ജമ ചെയ്തുകൊണ്ടിരിക്കുന്ന വിനുവേട്ടനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  8. സുകന്യ... ഇനി യുദ്ധരംഗങ്ങളല്ല, യുദ്ധങ്ങളുടെ അര്‍ത്ഥമില്ലായ്മയെയാണ്‌ കാണുവാന്‍ പോകുന്നത്‌...

    ചാര്‍ളി... പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തത്‌ കൊണ്ട്‌ എനിക്കൊരു സ്ഥിരം വായനക്കാരനെ കിട്ടിയല്ലോ... പുസ്തകമാക്കുന്ന കാര്യം ... അതൊരു കാര്യമാണല്ലോ... വല്ല വകുപ്പുമുണ്ടോ എന്ന് നോക്കട്ടെ...

    ശ്രീ... വളരെ സന്തോഷം... ഈ യജ്ഞം തുടങ്ങിയ അന്നുമുതല്‍ ഒരു വര്‍ഷമായി മുടങ്ങാതെയുള്ള ഈ പ്രോസാഹനത്തിന്‌ നന്ദി...

    ജിമ്മി... ലോട്ടെയുടെയും റിക്ടറുടെയും പ്രണയം... അവരുടെ ഓരോ പ്രവൃത്തിയിലും അതിന്റെ ആത്മാര്‍ത്ഥത നമുക്ക്‌ ദര്‍ശിക്കാം...

    ബിലാത്തിഭായ്‌... ഭായ്‌ ഈ നോവലിന്റെ ഒറിജിനല്‍ വായിച്ചിട്ടുണ്ടല്ലേ...? എനിക്ക്‌ ബലമായ സംശയുമുണ്ട്‌... ലിവര്‍പൂള്‍ യാത്ര... ങ്‌ഹും... ഭാഗ്യം കൊണ്ട്‌ രക്ഷപെട്ട്‌ പോന്നു അല്ലേ?

    ലേഖ... ഇനിയും ഇതു പോലെ കുളിര്‌ കോരുന്ന എത്രയെത്ര രംഗങ്ങള്‍ വരാനിരിക്കുന്നു... അഭിനന്ദനങ്ങള്‍ക്ക്‌ നന്ദി...

    ReplyDelete
  9. ജിമ്മി പറഞ്ഞതു ശരിയാണ്. ആ പായ്ക്കപ്പലിന്റെ ചിത്രത്തിലേയ്ക്ക് നോക്കിയിരുന്നാല്‍ ഈ കഥകളത്രയും മനസ്സിലൂടെ കടന്നു പോകുന്നു...

    --------------------
    [വിനുവേട്ടാ... നമുക്കിത് പുസ്തകമാക്കണം. ഒരു കോപ്പി ഞാനിപ്പഴേ ബുക്ക് ചെയ്തു കഴിഞ്ഞു :) ]
    --------------------

    ReplyDelete
  10. ഒര് 'കോഫി' അനക്കും കൂടി...

    ReplyDelete
  11. വായിച്ചു വരുന്നു

    ReplyDelete
  12. എന്റെ ശ്വാസം നിന്ന് പോകുമല്ലോ ദൈവമേ!!!!!

    ReplyDelete
    Replies
    1. ഈ ലക്കം വീണ്ടും വായിച്ചപ്പോൾ എനിക്ക്‌ തന്നെ രോമാഞ്ചം വരുന്നു.

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...