പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, August 12, 2010

സ്റ്റോം വാണിംഗ്‌ - 57

ട്രോണ്‍ദേമിലെ ഇന്റലിജന്‍സ്‌ റൂമില്‍ ഒരു സിഗരറ്റ്‌ പുകച്ച്‌ കൊണ്ട്‌ തലങ്ങും വിലങ്ങും നടക്കുകയാണ്‌ നെക്കര്‍ . യൂണിഫോമിലായിരുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ വിയര്‍പ്പും അഴുക്കും പുരണ്ടിരുന്നു. തികച്ചും അസ്വസ്ഥനായിരുന്നു അദ്ദേഹം.

എഴുതിക്കൊണ്ടിരുന്ന റിപ്പോര്‍ട്ടില്‍ നിന്ന് ആല്‍ട്രോജ്‌ മുഖമുയര്‍ത്തി നോക്കി. "ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനം...? അവിടെ ഇരിക്കൂ... അല്‍പ്പം കാപ്പി കഴിക്കൂ ഹോസ്റ്റ്‌..."

അദ്ദേഹം നീട്ടിയ ട്രേയിലെ കാപ്പി നെക്കര്‍ നിരസിച്ചു. "നോ... താങ്‌ക്‍സ്‌..." പിന്നീട്‌ അദ്ദേഹം പൊട്ടിത്തെറിച്ചു. "എനിക്ക്‌ മനസ്സിലാകുന്നില്ല... എന്താണിത്ര താമസം...? ആര്‍ക്ക്‌ വേണ്ടിയാണിനി വെയ്‌റ്റ്‌ ചെയ്യുന്നത്‌...?"

"നെക്കര്‍ ... താങ്കള്‍ക്കറിയാമല്ലോ, ഗ്രൂപ്പ്‌ കമന്‍ഡര്‍ നേരിട്ടാണ്‌ ഈ വിഷയം കൈകാര്യം ചെയ്യുന്നത്‌... ഇത്തരം കാര്യങ്ങളിലൊക്കെ ആകുമ്പോള്‍ സ്വാഭാവികമായും ചില താമസങ്ങളൊക്കെയുണ്ടാകും... താങ്കള്‍ക്ക്‌ കുറച്ച്‌ കൂടി ക്ഷമ വേണം ഹോസ്റ്റ്‌..."

അദ്ദേഹം പിന്നിലേക്ക്‌ ചാരിയിരുന്നു. "പിന്നെ ഒരു കാര്യം കൂടി സ്നേഹിതാ... അടുത്ത്‌ തന്നെ കുറച്ച്‌ കൂടി നീണ്ട ഒരു യാത്രയ്ക്ക്‌ തയ്യാറായി ഇരുന്നുകൊള്ളണം..."

നെക്കര്‍ പെട്ടെന്ന് നിന്നു. "താങ്കള്‍ എന്താണീ പറയുന്നത്‌...?"

"നോക്കൂ ഹോസ്റ്റ്‌... താങ്കളെ ഏല്‍പ്പിച്ച ദൗത്യം... അത്‌ നിങ്ങള്‍ നിര്‍വ്വഹിച്ചില്ല... അതിന്‌ വിപരീതമായി വേറെ വഴിക്ക്‌ പോകുകയും ചെയ്തു..."

"മൈ ഗോഡ്‌...! പിന്നെ ഞാന്‍ അപ്പോള്‍ എന്ത്‌ ചെയ്യുമെന്നായിരുന്നു താങ്കള്‍ പ്രതീക്ഷിച്ചിരുന്നത്‌...?" നെക്കറിന്‌ അത്ഭുതം അടക്കാനായില്ല.

വാതില്‍ തുറന്ന് മെയര്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കൈയില്‍ കുറച്ചധികം പേപ്പറുകളുണ്ടായിരുന്നു. തീര്‍ത്തും തണുപ്പന്‍ മട്ടില്‍ അദ്ദേഹം പറഞ്ഞു. "കീലില്‍ ഉള്ള ക്രീഗ്‌സ്‌മറീന്‍ ഓഫീസുമായി ഞാന്‍ ബന്ധപ്പെട്ടു. താങ്കള്‍ തന്ന വിവരം നേരിട്ട്‌ ഡോണിറ്റ്‌സിന്റെ അടുക്കലാണ്‌ എത്തിയത്‌. ഈ ഇന്‍ഫര്‍മേഷന്‌ നന്ദി അറിയിച്ചുകൊണ്ട്‌ അവര്‍ ഇങ്ങോട്ട്‌ ഒരു സന്ദേശം അയക്കുകയും ചെയ്തു..."

"അത്ര മാത്രം...?"

"മാത്രമല്ല, ഹാലിഫാക്സ്‌ കോണ്‍വോയിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയിക്കാത്തതിലുള്ള അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു..."

"ഹാലിഫാക്സ്‌ കോണ്‍വോയ്‌... അതവിടെ നില്‍ക്കട്ടെ... ഡോയ്‌ഷ്‌ലാന്റിനെക്കുറിച്ച്‌ അവര്‍ എന്ത്‌ പറഞ്ഞു...?" നെക്കറിന്‌ ജിജ്ഞാസ അടക്കാനായില്ല.

മെയര്‍ തന്റെ സിഗരറ്റ്‌ പാക്കറ്റ്‌ തുറന്ന് ഒന്നെടുത്ത്‌ ചുണ്ടില്‍ വച്ചു. "ഡോയ്‌ഷ്‌ലാന്റിനെക്കുറിച്ചുള്ള സകല വിവരങ്ങളും അര്‍ജന്റീനയിലെ ഇന്റലിജന്‍സ്‌ വൃത്തങ്ങളില്‍ നിന്ന് വളരെ മുമ്പ്‌ തന്നെ അവര്‍ക്ക്‌ ലഭിച്ചിരുന്നു. ക്രീഗ്‌സ്‌മറീന്‍ അംഗങ്ങളുടെ ഒരു സംഘവുമായി ക്യാപ്റ്റന്‍ ബെര്‍ഗറുടെ നേതൃത്വത്തില്‍ ആഴ്ചകള്‍ക്ക്‌ മുമ്പാണ്‌ അവര്‍ ബ്രസീല്‍ വിട്ടത്‌. കുറച്ച്‌ പാസഞ്ചേഴ്‌സും കൂട്ടത്തിലുണ്ട്‌. അത്‌ കന്യാസ്ത്രീകളാണെന്നാണ്‌ എനിക്ക്‌ ലഭിച്ച അറിവ്‌..."

"അത്ഭുതകരം...!" നെക്കര്‍ പറഞ്ഞു. "അതുപോലുള്ള ഒരു കപ്പലില്‍ അറ്റ്‌ലാന്റിക്കിന്റെ ഒരറ്റത്ത്‌ നിന്ന് മറ്റേയറ്റത്തേക്ക്‌ സഞ്ചരിക്കുക...! അതും ബ്രിട്ടന്റെയും അമേരിക്കയുടെയും നേവികളുടെ മൂക്കിന്‌ താഴെക്കൂടി...! ഇതറിഞ്ഞാല്‍ നമ്മുടെ രാജ്യം ആഹ്ലാദനൃത്തമാടും..."

"തീര്‍ച്ചയായും ... പക്ഷേ, ഇക്കാര്യം ഇപ്പോള്‍ പുറത്തറിയാന്‍ പാടില്ല... അവരുടെ പൂര്‍ണ്ണസുരക്ഷിതത്തിന്‌ അത്‌ അത്യാവശ്യമാണ്‌... എത്ര ബുദ്ധിമാനും ചില അവസരങ്ങളില്‍ പമ്പരവിഡ്ഢിയാകും... താങ്കള്‍ അല്‍പ്പസമയത്തേക്കെങ്കിലും ഡോയ്‌ഷ്‌ലാന്റുമായി റേഡിയോ ബന്ധം പുലര്‍ത്തിയില്ലേ... അപ്പോള്‍ ഒരു കോഡ്‌ ഉപയോഗിക്കുകയും ചെയ്തു... എന്തിനായിരുന്നു അത്‌...?"

"മറ്റാരും ട്രാന്‍സ്മിഷന്‍ പിക്കപ്പ്‌ ചെയ്യുന്നില്ല എന്ന് ഉറപ്പ്‌ വരുത്തുവാന്‍..."

"എക്സാക്റ്റ്‌ലി... ബ്രസീലില്‍ നിന്ന് കീലില്‍ എത്താന്‍ പാടുപെടുന്ന ഒരു പഴഞ്ചന്‍ പായ്‌ക്കപ്പലിനെ ബ്രിട്ടിഷ്‌ നേവി യാതൊരു വിധത്തിലും ശ്രദ്ധിക്കാനൊരുമ്പെടുകയില്ല... കാരണം, പകുതി വഴി പോലും അവര്‍ താണ്ടുമെന്നുള്ളതിന്‌ ആര്‍ക്കും ഒരുറപ്പുമില്ല..."

"അത്‌ കൊണ്ട്‌...?"

"എന്നാല്‍ ഇപ്പോള്‍ ചിത്രം മാറുന്നു... നാം എന്തൊക്കെയണ്‌ ചെയ്യുന്നത്‌ എന്ന് നിരീക്ഷിച്ചുകൊണ്ട്‌ ശത്രുക്കള്‍ നോര്‍ത്ത്‌ സീയില്‍ കിടക്കുന്നുണ്ട്‌. ജന്മനാടിനോട്‌ ഇത്ര മാത്രം അടുക്കല്‍ ഡോയ്‌ഷ്‌ലാന്റ്‌ എത്തിയെന്ന് അവരെങ്ങാനും അറിയാനിടയായാല്‍ എന്ത്‌ തന്നെ ചെയ്യാനും അവര്‍ മടിക്കില്ല. ഒരു പക്ഷേ, ആ പ്രദേശത്തുള്ള നാവികവ്യൂഹം ഒന്നടങ്കം അവരെ തടഞ്ഞെന്നും വരാം..."

ഒരു നിമിഷത്തേക്ക്‌ അവിടെ കനത്ത നിശബ്ദത പരന്നു. ആല്‍ട്രോജാണ്‌ മൗനം ഭഞ്ജിച്ചത്‌. അദ്ദേഹത്തിന്റെ സ്വരത്തില്‍ സഹതാപം നിറഞ്ഞിരുന്നു. "അതുകൊണ്ട്‌ ഹോസ്റ്റ്‌... ഇക്കാര്യം ആരും തന്നെ അറിയാന്‍ പാടില്ല... ഇപ്പോഴത്തെ അവസ്ഥയില്‍ ഇതേക്കുറിച്ച്‌ ഒരു പബ്ലിക്ക്‌ അനൗണ്‍സ്‌മന്റ്‌ ഉണ്ടായായാല്‍ അത്‌ വളരെയധികം അപകടകരമായിരിക്കും..."

നെക്കര്‍ തളര്‍ന്ന മട്ടില്‍ തല കുലുക്കി. പിന്നെ നിരാശയോടെ കസേരയിലേക്ക്‌ ഇരുന്നു.

"ഹോസ്റ്റ്‌... അതുകൊണ്ട്‌, ഡോയ്‌ഷ്‌ലാന്റിനെ അവരുടെ വഴിക്ക്‌ വിടേണ്ടിയിരിക്കുന്നു..." മെയര്‍ പറഞ്ഞു. "താങ്കള്‍ക്ക്‌ മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു... അവര്‍ക്ക്‌ വേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിക്കാം... അത്രമാത്രം... അതില്‍ കൂടുതല്‍ ഒന്നും തന്നെ ചെയ്യാന്‍ പാടില്ല..."

"യെസ്‌, ഹേര്‍ ഓബര്‍സ്റ്റ്‌..." നെക്കര്‍ ക്ഷീണിത സ്വരത്തില്‍ പറഞ്ഞു.

"പിന്നെ, താങ്കള്‍ ഒരു അപരാധവും കൂടി ചെയ്തു... താങ്കളെ നിയോഗിച്ചിരിക്കുന്നത്‌ ഹാലിഫാക്സ്‌ കോണ്‍വോയിയെക്കുറിച്ച്‌ അന്വേഷിക്കാനാണ്‌... അതുപേക്ഷിച്ച്‌ വേറൊരു കാര്യത്തിന്‌ പോകുവാന്‍ താങ്കള്‍ക്ക്‌ അനുമതിയില്ല... ഒരു ഒന്നര മണിക്കൂര്‍ കൂടി താങ്കള്‍ അവിടെ നിരീക്ഷണം നടത്തിയിരുന്നുവെങ്കില്‍ ആ കോണ്‍വോയിയെ കാണുവാന്‍ സാധിക്കുമായിരുന്നു..."

നെക്കര്‍ ആകെ തളര്‍ന്നിരുന്നു. മെയര്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി. "നോക്കൂ... നമുക്കെല്ലാവര്‍ക്കും തെറ്റ്‌ പറ്റാറുണ്ട്‌... പക്ഷേ, താങ്കളുടെ കാര്യത്തില്‍ ഒരേ ഒരു തവണ മാത്രമേ അതിന്‌ അനുവാദമുള്ളൂ... മനസ്സിലായോ...?"

"യെസ്‌, ഹേര്‍ ഓബര്‍സ്റ്റ്‌..."

"ഗുഡ്‌... ഇനി പോയി എന്തെങ്കിലും കഴിച്ചിട്ട്‌ അല്‍പ്പം ഉറങ്ങാന്‍ നോക്കൂ... ഉറക്കം അത്യാവശ്യമാണ്‌ താങ്കള്‍ക്ക്‌... മിക്കവാറും അടുത്ത ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ വീണ്ടും ഒരു യാത്ര ഉണ്ടാകും..."

നെക്കര്‍ എഴുന്നേറ്റു. "അതേ സ്ഥലം തന്നെയാണോ...?"

"അതേ..." മെയര്‍ തല കുലുക്കി. "പക്ഷേ, ഹോസ്റ്റ്‌... ഇത്തവണ ഹാലിഫാക്സ്‌ കോണ്‍വോയ്‌ തന്നെ ആയിരിക്കണം ലക്ഷ്യം..."

ബൂട്ട്‌സ്‌ നിലത്ത്‌ ഉരച്ചുകൊണ്ട്‌ നെക്കര്‍ പതുക്കെ പുറത്തേക്ക്‌ നടന്നു. അദ്ദേഹത്തിന്‌ പിന്നില്‍ വാതില്‍ അടഞ്ഞു. ഒരു നിമിഷം അവിടെങ്ങും നിശബ്ദത നിറഞ്ഞു.

"നല്ല തമാശ... അല്ലേ ആല്‍ട്രോജ്‌...?" നെടുവീര്‍പ്പിട്ടുകൊണ്ട്‌ മെയര്‍ ചോദിച്ചു.

"എന്താണ്‌ പറഞ്ഞത്‌ ഹേര്‍ ഓബര്‍സ്റ്റ്‌...?"

"ഇല്ല... ഒന്നുമില്ല... അദ്ദേഹത്തിന്റെ സ്ഥാനത്ത്‌ ഞാനായിരുന്നുവെങ്കിലും ഇതൊക്കെ തന്നെയേ ചെയ്യുമായിരുന്നുള്ളൂ എന്നൊരു തോന്നല്‍ ... പക്ഷേ, ഇപ്പറഞ്ഞത്‌ ഞാന്‍ തന്നെയാണോ എന്ന് ചോദിച്ചാല്‍ ... തീര്‍ച്ചയായും അല്ലേയല്ല എന്ന് പറയും..."

* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

14 comments:

  1. ഡോയ്‌ഷ്‌ലാന്റിനെ കണ്ടുമുട്ടിയ വിവരങ്ങളുമായി ജര്‍മ്മന്‍ എയര്‍ഫോഴ്‌സ്‌ പൈലറ്റ്‌ ഹോസ്റ്റ്‌ നെക്കര്‍ അവരുടെ ആസ്ഥാനത്ത്‌ എത്തിയതിന്‌ ശേഷമുള്ള സംഭവ വികാസങ്ങള്‍ ...

    ReplyDelete
  2. ജയ് ഹോ..ഇത്തവണ ഞാന്‍ ആദ്യം വായിച്ചേ..
    അപ്പോ അങ്ങനെയാണ്‌ കാര്യങ്ങളുടെ കിടപ്പ് അല്ലേ..
    നെക്കര്‍ വീണ്ടൂം അവരെ കണ്ടുമുട്ടട്ടെ..

    അഡ്വാന്‍സ് ഓണാശംസകള്‍..(അടുത്ത ലക്കം മിക്കവാറും ഓണം കഴിഞ്ഞേ വായിക്കാന്‍ പറ്റത്തുള്ളൂ)

    ReplyDelete
  3. യുദ്ധം മുറുകുന്നു. ഇവിടുത്തെ യുദ്ധത്തിനിടയില്‍ വായിച്ചു. യുദ്ധം എന്ന് പറഞ്ഞാല്‍, ഈ ജോലി അങ്ങനെയാണ്. മലവെള്ളം പോലെ ഒന്നിച്ചാണ് പ്രവാഹം.

    ചാര്‍ളി പറഞ്ഞപോലെ ഓണം കഴിഞ്ഞേ ഇനി വായിക്കാന്‍ കഴിയു.

    വിനുവേട്ടനും കുടുംബത്തിനും വിനുവേട്ടന്‍ ഫാന്‍സിനും സന്തോഷപൂര്‍ണമായ ഒരോണം നേര്‍ന്നുകൊണ്ട്, :-)

    ReplyDelete
  4. നെക്കരുടെ അടുത്ത യാത്ര... ഹോ!! എന്താവുമോ എന്തോ?

    അപ്പൊ ഇവിടെ ഓണത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയല്ലേ? ആഘോഷങ്ങള്‍ക്കായി ലീവെടുത്ത് മുങ്ങിയ ചാര്ളിസിനും സുകന്യാജിക്കും ബാക്കി എല്ലാ സഹയാത്രികര്‍ക്കും റംസാന്‍ - ഓണം ആശംസകള്‍...

    ReplyDelete
  5. "അത്ഭുതകരം...!" നെക്കര്‍ പറഞ്ഞു...
    "അതുപോലുള്ള ഒരു കപ്പലില്‍ അറ്റ്‌ലാന്റിക്കിന്റെ ഒരറ്റത്ത്‌ നിന്ന് മറ്റേയറ്റത്തേക്ക്‌ സഞ്ചരിക്കുക...!
    അതും ബ്രിട്ടന്റെയും അമേരിക്കയുടെയും നേവികളുടെ മൂക്കിന്‌ താഴെക്കൂടി...!
    ഇതറിഞ്ഞാല്‍ നമ്മുടെ രാജ്യം ആഹ്ലാദനൃത്തമാടും..."

    ReplyDelete
  6. വാര്നിങ്ങിലെ എല്ലാവര്ക്കും കൊച്ചു നമ്പ്യാരുടെ ഒണാസംകള്‍

    ReplyDelete
  7. ചാര്‍ളി... വെള്ളിയാഴ്ച രാവിലെ ആകാന്‍ കാത്തിരിക്കുകയായിരുന്നുവല്ലേ...? ഓണാംശംസകള്‍ സ്വീകരിച്ചിരിക്കുന്നു...

    സുകന്യ... ഓണാശംസകള്‍ക്ക്‌ നന്ദി... രണ്ട്‌ പേരോടും കൂടി ഒരു ചോദ്യം... ഓണക്കാലത്ത്‌ ബ്ലോഗ്‌ വായിക്കാന്‍ പാടില്ല എന്നുണ്ടോ...?

    ജിമ്മി... ഓണം ഇവിടെ ടി.വി.യില്‍ കണ്ട്‌ നമുക്ക്‌ ആഘോഷിക്കാം... സദ്യയുടെ കാര്യം പുറത്തറിയണ്ട...

    ബിലാത്തി... ശരിയല്ലേ അദ്ദേഹം പറഞ്ഞത്‌...? ഒരു മിഷന്‍ ഇമ്പോസ്സിബിള്‍ തന്നെയല്ലേ അത്‌...?

    എറക്കാടന്‍... കൊച്ചു നമ്പ്യാരേ... ദുബായില്‍ ഓണം ഒക്കെ എവിടെ വരെയായി...?

    ReplyDelete
  8. ഡിയര്‍ വിനുവേട്ടാ..
    ഓണക്കാലത്ത് ബ്ലൊഗു വായിക്കാന്‍ സമയം കിട്ടില്ലല്ലോ.
    ഈ വെള്ളിയാഴ്ച നാട്ടിലേക്കുള്ള യാത്രയില്‍ ആയിരിക്കും.
    നാട്ടില്‍ എത്തിയാല്‍ പിന്നെ ഓണം കഴിയും വരെ ഓട്ടം തന്നെ.
    തിരിച്ചു പോരുന്നതിന്റെ തലേന്ന് വല്ല അര്‍ജന്റു മെയിലും ഉണ്ടൊന്നറിയാനായി
    കമ്പ്യൂട്ടര്‍ നോക്കിയാല്‍ ഭാഗ്യം..ബ്ലോഗെല്ലാം തിരിച്ചെത്തിയാലേ നടക്കൂ..

    ഒരിക്കല്‍ക്കൂടി...ഓണാശംസകള്‍!!!

    ReplyDelete
  9. പിരിമുറുക്കം കൂടുന്നു... അല്ലേ?


    ഡോയ്‌ഷ്‌ലാന്റിലും ഓണം ആഘോഷിച്ചു തുടങ്ങിയല്ലേ?
    :)

    ReplyDelete
  10. വിനുവേട്ടാ..
    ഇടയ്ക്കൊരു തിരക്കില്‍പെട്ടു...വീണ്ടും എത്തി..
    വിട്ടുപോയ എപ്പിസോഡുകള്‍..വായിച്ചു തീര്‍ക്കുന്നു..
    ഈ എപ്പിസോഡിനുള്ള ആശംസകളും..കൂടാതെ ഓണാശംസകളും..

    ReplyDelete
  11. ശരി ചാര്‍ളി... പരോള്‍ അനുവദിച്ചിരിക്കുന്നു... പോയി ഓണമൊക്കെ ആഘോഷിച്ച്‌ തിരിച്ച്‌ വരൂ...

    ശ്രീ ... ഓണമായിട്ട്‌ ശ്രീ നാട്ടിലൊന്നും പോകുന്നില്ലേ?

    ജോയ്‌... ജോലിത്തിരക്ക്‌ മനസ്സിലാകുന്നു... വീണ്ടും എത്തിയതില്‍ സന്തോഷം...

    ReplyDelete
  12. വായിച്ചു വരുന്നു

    ReplyDelete
  13. ആ പൈലറ്റിനെ കുറ്റം പറയാൻ കഴിയില്ല.

    ReplyDelete
    Replies
    1. നെക്കർ ചെയ്തതും ശരി തന്നെ...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...