പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Sunday, September 26, 2010

സ്റ്റോം വാണിംഗ്‌ - 61

റീവിന്റെ കോട്ടേജില്‍ അവര്‍ എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ നാലേമുക്കാല്‍ ആയിരുന്നു. ഉള്ളില്‍ കടന്നപ്പോഴാണ്‌ ജാനറ്റിനൊപ്പം റേഡിയോയുടെ സമീപത്തിരിക്കുന്ന ജീന്‍ സിന്‍ക്ലെയറെ അവര്‍ കണ്ടത്‌.

"ഹലോ ക്യാരീ..." അവര്‍ വിളിച്ചു. "ഇങ്ങനെ കാറ്റ്‌ വീശുമ്പോള്‍ അവിടെ കിടന്നുറങ്ങുവാന്‍ എനിക്ക്‌ കഴിഞ്ഞില്ല. അതിനാല്‍ ഇവിടുത്തെ കാര്യങ്ങള്‍ എന്താണെന്ന് അറിയാമല്ലോ എന്ന് കരുതി ഇങ്ങോട്ട്‌ വന്നു... ഞാന്‍ കാപ്പി കൊണ്ടുവരാം ..."

അവര്‍ അടുക്കളയിലേക്ക്‌ നടന്നു. "സംഗതി ഗൗരവമായി വരികയാണ്‌... ഒരു മണിക്കൂര്‍ മുമ്പ്‌ സ്റ്റോണോവേയിലെ ബോട്ടിന്‌ കോള്‍ വന്നു. കേപ്പ്‌ റാത്തില്‍ അപകടസ്ഥിതിയിലായ ഒരു യുദ്ധക്കപ്പലിനടുത്തേക്ക്‌... ഇരുപത്‌ മിനിറ്റ്‌ മുമ്പ്‌ ബാരാ ദ്വീപിലെ ബോട്ടിനും കോള്‍ വന്നു..." ജാനറ്റ്‌ പറഞ്ഞു.

"എങ്ങോട്ടായിരുന്നു അത്‌...?"

"നോര്‍ത്ത്‌ മിഞ്ചില്‍ എവിടേക്കോ ആയിരുന്നു..."

"അടുത്തത്‌ നമ്മുടെ ഊഴം ആയിരിക്കുമെന്നാണ്‌ തോന്നുന്നത്‌..." മര്‍ഡോക്ക്‌ പറഞ്ഞു.

ജീന്‍ കാപ്പിയുമായി മടങ്ങിയെത്തി.

"ഇപ്പോള്‍ വേണ്ട മിസ്സിസ്‌ സിന്‍ക്ലെയര്‍ ... എനിക്ക്‌ അത്യാവശ്യമായി രണ്ട്‌ പേരെക്കൂടി കാണാനുണ്ട്‌... അല്‍പ്പം കഴിഞ്ഞ്‌ വരാം ഞാന്‍ ..." മര്‍ഡോക്ക്‌ പറഞ്ഞു.

അദ്ദേഹം പുറത്തേക്കിറങ്ങി നടന്നു.

"എങ്ങോട്ടാണദ്ദേഹം പോകുന്നത്‌...?" ജാനറ്റ്‌ ചോദിച്ചു.

"ഓ... ആ ഹാമിഷ്‌ മക്‍ഡൊണാള്‍ഡിനെയും സിന്‍ക്ലെയര്‍ സഹോദരന്മാരെയും പിന്നെ പെന്‍ഷന്‍കാരുടെ ക്ലബ്ബിലെ കുറേപ്പേരെയും വിളിച്ചുണര്‍ത്താന്‍ ... ആവശ്യം വന്നെങ്കിലോ...?" റീവ്‌ അവളോട്‌ പറഞ്ഞു.

"അങ്കിള്‍ തമാശ പറയുകയാണോ... അവരൊക്കെ വൃദ്ധരല്ലേ...?"

"അതൊക്കെ നീ മര്‍ഡോക്കിനോട്‌ പറഞ്ഞാല്‍ മതി..." മേശപ്പുറത്ത്‌ കിടന്നിരുന്ന കടലാസുകളിലൊന്ന് അദ്ദേഹം എടുത്തു. "എന്താണിത്‌... കാലാവസ്ഥാ റിപ്പോര്‍ട്ടല്ലേ...?"

"അതേ... മെറ്ററോളജിക്കല്‍ ഓഫീസില്‍ നിന്നാണ്‌..."

അതിന്റെ ഉള്ളടക്കം വിഭിന്നമായിരുന്നില്ല.

"ഹെബ്രിഡ്‌സ്‌, ബെയ്‌ലി, മാലിന്‍ എന്നീ പ്രദേശങ്ങളില്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിരിക്കുന്നു. അതിവേഗതയില്‍ കൊടുങ്കാറ്റും ആലിപ്പഴവര്‍ഷത്തോട്‌ കൂടിയ കനത്ത മഴയും പ്രതീക്ഷിക്കാം ..."

അടുത്ത നിമിഷം റേഡിയോ ശബ്ദിച്ചു. "മലേയ്‌ഗ്‌ കോളിംഗ്‌ ഷുഗര്‍ വണ്‍ ഓണ്‍ ഫാഡാ... മലേയ്‌ഗ്‌ കോളിംഗ്‌ ഷുഗര്‍ വണ്‍ ഓണ്‍ ഫാഡാ..."

അന്തരീക്ഷത്തിലെ പ്രക്ഷുബ്ദ്ധാവസ്ഥ മൂലം അത്ര വ്യക്തമായിരുന്നില്ല ആ സന്ദേശം. വേറെ പലയിടങ്ങളില്‍ നിന്നുമുള്ള പ്രക്ഷേപണങ്ങള്‍ ഇടയില്‍ കയറി വരുന്നുണ്ടായിരുന്നു.

റീവ്‌ മൈക്ക്‌ എടുത്തു. "റീവ്‌ ഹിയര്‍ ... റിസീവിംഗ്‌ യൂ സ്ട്രെങ്ങ്‌ത്‌ ഫൈവ്‌, മലേയ്‌ഗ്‌..."

"ക്യാപ്റ്റന്‍ മറേ വാണ്ട്‌സ്‌ റ്റു സ്പീക്ക്‌ റ്റു യൂ, അഡ്‌മിറല്‍ ..."

ഒരു നിമിഷത്തേക്ക്‌ റേഡിയോയില്‍ ഇരമ്പല്‍ മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. പിന്നെ മറേയുടെ ശബ്ദം കേള്‍ക്കാറായി.

"ഹലോ സര്‍ ... അവിടുത്തെ സ്ഥിതി എങ്ങനെ...?"

"ഭയാനകം ... അവിടെയെങ്ങനെയുണ്ട്‌...?"

"ഇവിടെ ആകെ കുഴപ്പമാണ്‌ സര്‍ ... ഇവിടെ ഹാര്‍ബറില്‍ തന്നെ രണ്ട്‌ ബോട്ടുകള്‍ മുങ്ങി. തൊള്ളായിരം ടണ്‍ കേവുഭാരമുള്ള എണ്ണ കയറ്റിയ ഒരു കപ്പല്‍ ഇവിടെ ഹാര്‍ബറില്‍ കിടക്കുന്നുണ്ടായിരുന്നു. നങ്കൂരത്തില്‍ നിന്നുള്ള കെട്ട്‌ പൊട്ടി നിയന്ത്രണം വിട്ട്‌ ഒഴുകുകയാണതിപ്പോള്‍ ... കഴിഞ്ഞ ഒരു മണിക്കൂറായി ജാഗോയുമായി ബന്ധം പുലര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌... പക്ഷേ സാധിക്കുന്നില്ല.... എന്ത്‌ സംഭവിച്ചോ എന്തോ... താങ്കള്‍ക്കെന്തെങ്കിലും വിവരമുണ്ടോ...?"

"അവര്‍ സുരക്ഷിതമായി ഹാര്‍ബറില്‍ കിടക്കുന്നുണ്ട്‌... വേണമെങ്കില്‍ പോയി നോക്കിയിട്ട്‌ ഞാന്‍ തിരികെ വിളിക്കാം ..."

"എന്തായാലും ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ലെന്ന് തോന്നുന്നു... നൂറ്‌ മൈല്‍ വേഗതയുള്ള കാറ്റ്‌ വീശുമെന്നാണ്‌ ഞങ്ങള്‍ക്ക്‌ കിട്ടിയ റിപ്പോര്‍ട്ട്‌... ബാരോമീറ്റര്‍ റീഡിംഗ്‌ ഇനിയും താഴുമെന്നാണ്‌ അവര്‍ പറയുന്നത്‌..."

"താങ്ക്‌ യൂ വെരി മച്ച്‌ ഫോര്‍ ദിസ്‌ ഇന്‍ഫര്‍മേഷന്‍ ... ഓവര്‍ ആന്റ്‌ ഔട്ട്‌..." റീവ്‌ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * *

കൊടുംതണുപ്പായിരുന്നു തടവറയില്‍ . രാത്രി അത്രയൊന്നും ഉറങ്ങാന്‍ സാധിച്ചിരുന്നില്ല ഗെറിക്കിന്‌. പുലര്‍ച്ചെ അഞ്ചര ആയപ്പോഴേക്കും അദ്ദേഹം എഴുന്നേറ്റു. പുതപ്പെടുത്ത്‌ ചുമലിലൂടെ ചുറ്റിയിട്ട്‌ അദ്ദേഹം ജാലകത്തിനരികിലേക്ക്‌ നടന്നു.

പുറത്ത്‌ നല്ല ഇരുട്ടായിരുന്നു അപ്പോഴും . ഇടവിട്ട്‌ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന മിന്നല്‍പ്പിണരുകള്‍ ഹാര്‍ബറിലെ കാഴ്ചകള്‍ കാണുവാന്‍ അദ്ദേഹത്തെ സഹായിച്ചു. തിരമാലകളുടെ മുകളില്‍ അലക്ഷ്യമായി ചാഞ്ചാടുന്ന ചെറിയ ബോട്ടുകള്‍ . രണ്ടെണ്ണം കമഴ്‌ന്ന് കിടക്കുകയാണ്‌.

കാറ്റിന്റെ ഇരമ്പല്‍ ഉച്ചത്തിലായി. ഭയാനകമായ ആ ശബ്ദം അദ്ദേഹത്തെ അസ്വസ്ഥനാക്കി. പെട്ടെന്നുണ്ടായ മിന്നല്‍ വെളിച്ചത്തില്‍ അദ്ദേഹം ഒരു കാഴ്ച കണ്ടു. കൈയില്‍ ഒരു റാന്തലുമായി ഓയില്‍സ്കിന്‍ ധരിച്ച ഒരു രൂപം ജെട്ടിയിലൂടെ ഗണ്‍ ബോട്ടിനടുത്തേക്ക്‌ നീങ്ങുന്നു. ഇടനാഴിയില്‍ ഒരു കാലൊച്ച കേട്ട്‌ അദ്ദേഹം തിരിഞ്ഞുനോക്കി. ഒരു എണ്ണ വിളക്കുമായി അങ്ങോട്ട്‌ വരുന്ന ലാക്ലനെയാണ്‌ അദ്ദേഹം കണ്ടത്‌.

"നല്ല തണുപ്പായിരിക്കും അല്ലേ കമാന്‍ഡര്‍ ...?"

"അതേ... ഒന്നും പറയണ്ട എന്റെ സ്നേഹിതാ..."

"അവിടെ ഓഫീസില്‍ ഞാന്‍ അല്‍പ്പം തീ കൂട്ടിയിട്ടുണ്ട്‌. ഓടിപ്പോകുകയില്ലെന്ന് വാക്ക്‌ തരാമെങ്കില്‍ അവിടെ വന്ന് ഇരിക്കാന്‍ ഞാന്‍ അനുവദിക്കാം ... ഈ അവസ്ഥയില്‍ ഓടിയാലും എങ്ങോട്ടും പോകാന്‍ സാധിക്കുകയില്ല എന്ന് താങ്കള്‍ക്കറിയാമല്ലോ..."

"താങ്ക്‌ യൂ ലാക്ലന്‍ ... ഞാന്‍ കൈയിലടിച്ച്‌ സത്യം ചെയ്യാം ... ലാക്ലന്‍ , യൂ ആര്‍ സോ കൈന്‍ഡ്‌..."

ലാക്ലന്‍ ഇരുമ്പഴിയുടെ ലോക്ക്‌ തുറന്നു. ഗെറിക്ക്‌ അവന്റെ പിന്നാലെ ഓഫീസ്‌ റൂമിലേക്ക്‌ നടന്നു. വിറക്‌ കഷണങ്ങള്‍ കനലുകളായി അടുപ്പില്‍ കിടന്ന് എരിയുന്നുണ്ടായിരുന്നു. അവന്‍ ഒരു കപ്പ്‌ ചായ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നീട്ടി. ആ നിമിഷം പെട്ടെന്ന് ഒരു കാറ്റ്‌ മേല്‍ക്കൂരയില്‍ ശക്തിയായി അടിച്ച്‌ കടന്നുപോയി. അതിന്റെ ആഘാതത്തില്‍ മേല്‍ക്കൂരയിലെ ഒന്ന് രണ്ട്‌ ഓടുകള്‍ ഇളകി വീണു.

"ഹോ ...! ദൈവം രക്ഷിക്കട്ടെ... ഈ കാറ്റ്‌ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു കമാന്‍ഡര്‍ ... മരണത്തെ മുന്നില്‍ കാണുന്നത്‌ പോലെ... ചെറുപ്പം മുതലേ ഞാന്‍ ഇങ്ങനെയാണ്‌... വല്ലവരോടും ഇത്‌ പറയാന്‍ തന്നെ ഭയമാകുന്നു..."

"നീ വല്ലാതെ ഭയന്നിരിക്കുന്നു ലാക്ലന്‍ ..." ഗെറിക്ക്‌ മന്ദഹസിച്ചുകൊണ്ട്‌ ഒരു സിഗരറ്റ്‌ അവന്റെ നേര്‍ക്ക്‌ നീട്ടി. "ഇതാ... ഇത്‌ വലിച്ച്‌ എന്റെയൊപ്പം കൂട്‌..."

* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

11 comments:

 1. പ്രകൃതി സംഹാര താണ്ഡവം തുടങ്ങിയിരിക്കുന്നു... എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍ ...

  ReplyDelete
 2. ആകെ കുഴപ്പമാകുമോ? ഇത്ര പ്രക്ഷുബ്ധമായ കാലാവസ്ഥ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല…

  എത്രമനോഹരമായിട്ടാണ് വിവരണം… ഇടിമിന്നലിന്റെ വെളിച്ചത്തില് ഹാര്ബറിലെ കാഴ്ചകള് വളരെ വ്യക്തം!!

  ReplyDelete
 3. പ്രകൃതിയുടെ സംഹാരതാണ്ഡവം, വായിക്കുമ്പഴേ പേടിയാവുന്നു.

  ReplyDelete
 4. ആഹാ, നാട്ടില്‍ നിന്നും കുറേ എനര്‍ജി കൊണ്ടുവന്ന പോലെ ഉണ്ടല്ലോ..ഇത്ര പെട്ടന്ന് അടുത്ത പോസ്റ്റ് പ്രതീക്ഷിച്ചില്ല. :)

  “പെട്ടെന്നുണ്ടായ മിന്നല്‍ വെളിച്ചത്തില്‍ അദ്ദേഹം ഒരു കാഴ്ച കണ്ടു. കൈയില്‍ ഒരു റാന്തലുമായി ഓയില്‍സ്കിന്‍ ധരിച്ച ഒരു രൂപം ജെട്ടിയിലൂടെ ഗണ്‍ ബോട്ടിനടുത്തേക്ക്‌ നീങ്ങുന്നു.“- യെവള്‍ക്ക് വേറെ പണിയൊന്നും ഇല്ലേ..

  ReplyDelete
 5. ജിമ്മി പറഞ്ഞതു പോലെ ആ സംഭവങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലായി നടക്കുന്നതു പോലത്തെ വിവരണം, വിനുവേട്ടാ...

  ReplyDelete
 6. ജിമ്മി പറഞ്ഞപോലെ
  ശ്രീ ആവര്‍ത്തിച്ചപോലെ
  "മിന്നല്‍ പിണരില്‍" എല്ലാം കണ്ടപോലെ.

  ReplyDelete
 7. യൂറോപ്പിന്റെ തണുപ്പിന്റേയും,കാറ്റിന്റേയുമൊക്കെ സംഹാര താണ്ഡവം തന്നെയിത്....

  ReplyDelete
 8. അങ്ങനെ ഗെറിക്കിനെ ലോക്കപ്പില്‍ നിന്ന് പുറത്തിറക്കിയല്ലേ? രക്ഷപെടാന്‍ സാധിക്കുമോ അദ്ദേഹത്തിന്‌? അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

  ReplyDelete
 9. വായിച്ചു വരുന്നു

  ReplyDelete
 10. കൊടുങ്കാറ്റ്‌ ഒരു കഥാപാത്രം തന്നെ ആയല്ലോ!!!!

  ReplyDelete
 11. അതല്ലേ സ്റ്റോം വാണിംഗ്‌...

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...