പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, September 30, 2010

സ്റ്റോം വാണിംഗ്‌ - 62

കാറ്റിന്റെ ശല്യത്തില്‍ നിന്ന് കുറെയൊക്കെ സുരക്ഷിതമായിരുന്നുവെങ്കിലും നങ്കൂരമിട്ട്‌ കിടക്കാന്‍ അനുയോജ്യമായ ഒന്നായിരുന്നില്ല മേരിസ്‌ ടൗണ്‍ ഹാര്‍ബര്‍ . തെക്കുപടിഞ്ഞാറ്‌ നിന്ന് കാറ്റ്‌ വീശുമ്പോള്‍ ഹാര്‍ബറില്‍ ഉയരത്തിലുള്ള തിരമാലകള്‍ രൂപം കൊണ്ടിരുന്നു.

ഡെഡ്‌ എന്‍ഡിന്‌ അതൊരു വല്ലാത്ത രാത്രി തന്നെയായിരുന്നു. ബോട്ട്‌ കെട്ടിയിരുന്ന കയര്‍ രണ്ട്‌ പ്രാവശ്യം വലിഞ്ഞ്‌ പൊട്ടുവാന്‍ ഭാവിച്ചു. ഒരു തവണ വലിയ ഒരു തിര ബോട്ടിനെ പൊക്കിയെടുത്ത്‌ ജെട്ടിയുടെ കോണ്‍ക്രീറ്റ്‌ ചുമരില്‍ അടിച്ചു. കെട്ട്‌ പൊട്ടി ഹാര്‍ബറിലൂടെ ഒഴുകുന്ന ചെറുവഞ്ചികളും ബോട്ടുകളും മറ്റും വന്നിടിച്ച്‌ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും കുറച്ചൊന്നുമായിരുന്നില്ല.

ഹാര്‍ബറിന്റെ ചുമരിലിടിക്കുന്നത്‌ തടയുന്നതിനായി ജാഗോയും കൂട്ടരും രാത്രി മുഴുവനും കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു. അഞ്ചര ആയപ്പോഴേക്കും അദ്ദേഹം വല്ലാതെ തളര്‍ന്നുപോയിരുന്നു.

ഹരിക്കെയിന്‍ ലാമ്പുമായി ആരോ ഒരാള്‍ ഹാര്‍ബറിന്‌ നേര്‍ക്ക്‌ നടന്നുവരുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കയറേണിയിലൂടെ ആ രൂപം ബ്രിഡ്‌ജിലെത്തിയപ്പോഴാണ്‌ അത്‌ അഡ്‌മിറല്‍ റീവ്‌ ആണെന്ന് ജാഗോ മനസ്സിലാക്കിയത്‌.

"എങ്ങനെയുണ്ട്‌ ജാഗോ...?"

"തൂക്കുമരത്തില്‍ കിടക്കുന്നത്‌ പോലെയുണ്ട്‌ സര്‍ ... അത്രയും പറഞ്ഞാല്‍ മതിയല്ലോ. ഇതിലും ഭേദം പുറം കടലിലാണ്‌..."

"ഇത്രയുമായപ്പോഴേക്കും വിഷമിച്ചുപോയോ...? ഇതിന്റെ അപ്പുറമാണ്‌ ഇനി വരാന്‍ പോകുന്നത്‌... പിന്നെ, മറേ എന്നെ വിളിച്ചിരുന്നു... അദ്ദേഹത്തിന്‌ നിങ്ങളുമായി റേഡിയോ ബന്ധം ലഭിക്കുന്നില്ലെന്ന്..."

"ശരിയാണ്‌... ഞങ്ങളുടെ റേഡിയോ തകരാറിലാണ്‌... ആര്‍ക്കെങ്കിലും എന്നെങ്കിലും അത്‌ റിപ്പയര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ വലിയൊരു അത്ഭുതമായിരിക്കും അത്‌..."

"ഓ.കെ... ഞാന്‍ മറേയെ അറിയിക്കാം, നിങ്ങള്‍ ജീവനോടെ ഇവിടെയുണ്ടെന്ന്... സമയം കിട്ടുമെങ്കില്‍ നേരം പുലര്‍ന്നിട്ട്‌ എന്റെ കോട്ടേജിലേക്കൊന്നു വരൂ... ഒരു കാര്യമുണ്ട്‌... നിങ്ങളുടെ ആവശ്യം വരും ..."

"തീര്‍ച്ചയായും വരാം സര്‍ ..."

ഒരു നിമിഷം അവിടെ നിന്നിട്ട്‌ അദ്ദേഹം ബോട്ടില്‍ നിന്ന് ഇറങ്ങി ധൃതിയില്‍ പുറത്തേക്ക്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * *

ബെര്‍ഗര്‍ ക്യാബിന്റെ വാതില്‍ തട്ടിത്തുറന്നു. അലറിവിളിക്കുന്ന കാറ്റും മഴയും അദ്ദേഹത്തോടൊപ്പം ഉള്ളില്‍ കടന്നു. മുകളില്‍ കൊളുത്തിയിട്ടിരുന്ന എണ്ണവിളക്ക്‌ ഇരുവശങ്ങളിലേക്കും ആടുമ്പോള്‍ ഇരുട്ടും വെളിച്ചവും അന്യോന്യം മത്സരിക്കുന്നതുപോലെ മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരുന്നു.

ബങ്കില്‍ കിടന്നിരുന്ന ഓട്ടോ പ്രേയ്‌ഗര്‍ പരിഭ്രമത്തോടെ എഴുന്നേറ്റിരുന്നു. "എന്ത്‌ പറ്റി എറിക്ക്‌...?"

ഓയില്‍സ്കിന്‍ ധരിച്ചിരുന്നുവെങ്കിലും ബെര്‍ഗര്‍ ആകെ നനഞ്ഞുകുളിച്ചിരുന്നു. അദ്ദേഹത്തിന്റെ മുഖം ഭയത്താല്‍ വിളറിയിരുന്നു.

"ഒരാളെക്കൂടി നഷ്ടപ്പെട്ടു ഓട്ടോ..."

അദ്ദേഹം ഡെസ്കില്‍ ചാരി നിന്നു. പിന്നെ ഒരു മദ്യപനെപ്പോലെ ആടിയാടി എതിര്‍വശത്തേക്ക്‌ നടന്നു. അവര്‍ നിന്നിരുന്ന പ്രതലം അപ്പോള്‍ ചരിഞ്ഞിരുന്നു. അദ്ദേഹം തന്റെ കസേരയിലേക്ക്‌ വഴുതി വീണു.

"ഐ ഫീല്‍ സോ സോറി..." ബെര്‍ഗര്‍ മന്ത്രിച്ചു.

പിന്നെ അലമാരയുടെ മുകളിലത്തെ വലിപ്പ്‌ തുറന്ന് ലോഗ്‌ ബുക്കും പേനയും എടുത്തു.

"......... രാവിലെ ആറ്‌ മുപ്പത്‌... ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭീകരമായ അവസ്ഥ... താഴെയുള്ള പ്രധാന പായ ചുരുക്കിയത്‌ വളരെ ബുദ്ധിമുട്ടിയാണ്‌.. മുകളിലത്തെ അവസ്ഥ വളരെ മോശമാണ്‌... അര മണിക്കൂര്‍ മുമ്പ്‌ ഭീമാകാരങ്ങളായ രണ്ട്‌ തിരമാലകള്‍ കപ്പലിന്‌ മുകളിലൂടെ കടന്നുപോയി. ഒരു തിരമാലയുടെ ഗര്‍ത്തത്തില്‍ നിന്ന് ഉയരുന്ന സമയത്താണ്‌ അടുത്തത്‌ വന്നടിച്ചത്‌. പാമരത്തിന്റെ പാതിയോളം അത്‌ ഉയര്‍ന്നു. ആ സമയത്ത്‌ എന്റെ നിര്‍ദ്ദേശമനുസരിച്ച്‌ എട്ട്‌ പേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു പാമരത്തില്‍ . ആ തിരമാല കടന്ന് പോയപ്പോള്‍ അതിലൊരാള്‍ കുറവുണ്ടായിരുന്നു... ലീഡിംഗ്‌ ഇലക്‍ട്രീഷ്യന്‍ ഹാന്‍സ്‌ ബെര്‍ഗ്‌മാന്‍ ..."

"ഇനി വയ്യ..." ബെര്‍ഗര്‍ വേദനയോടെ പറഞ്ഞു. "പാവം പയ്യന്‍ ... ഈ കഷ്ടപ്പാടുകളും സഹിച്ച്‌ ഇത്രയും ദൂരം വന്നു... എന്തിന്‌ വേണ്ടി...?"

"അല്‍പ്പം ഉറങ്ങൂ എറിക്ക്‌..."

"താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌... ഒന്ന് മയങ്ങട്ടെ... അര മണിക്കൂര്‍ കഴിയുമ്പോള്‍ എന്നെ ഉണര്‍ത്തണം ..." ബെര്‍ഗര്‍ പറഞ്ഞു.

അദ്ദേഹം മുന്നോട്ട്‌ കുനിഞ്ഞ്‌ കൈകളില്‍ തല വച്ച്‌ കണ്ണടച്ച്‌ കിടന്നു. പ്രേയ്‌ഗര്‍ അദ്ദേഹത്തെ വേദനയോടെ നോക്കി. ഉലഞ്ഞാടുന്ന എണ്ണ വിളക്കിന്റെ വെളിച്ചം ആ മുറിയില്‍ മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരുന്നു. പുറത്ത്‌ ചീറിയടിക്കുന്ന കാറ്റിന്റെ കര്‍ണ്ണകഠോരമായ ശബ്ദം അതിന്റെ ഉച്ചസ്ഥായിയിലെത്തി.

"ഓട്ടോ... ഇതാണ്‌ കടല്‍ ..." കണ്ണു തുറക്കാതെ ബെര്‍ഗര്‍ പതുക്കെ പറഞ്ഞു. "ഇതെല്ലാം അനുഭവിക്കണമെന്നതായിരിക്കും നമ്മുടെ വിധി..."

* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

12 comments:

 1. പ്രകൃതിയുടെ കലി അടങ്ങുന്ന ലക്ഷണമില്ല... ഇനി...?

  ReplyDelete
 2. അതെയതെ, ഇതാണ് കടല്‍...

  :(

  ReplyDelete
 3. എണ്ണവിളക്ക് ആടുമ്പോള്‍ ഇരുട്ടും വെളിച്ചവും മത്സരിക്കുന്നപോലെ ....എന്തൊരു ഭംഗിയാണ് ഈ വിവരണം.

  ReplyDelete
 4. പ്രകൃതിയുടെ കലിയടങ്ങാത്ത കടൽ ...
  കടൽ യാത്രയിലെ എല്ലാ ദുരിതങ്ങളൂം ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരണങ്ങൾ...
  എല്ലാം നാന്നായി പുരോഗമിക്കമിക്കുന്നു....കേട്ടൊ വിനുവേട്ടാ

  ReplyDelete
 5. സുകന്യാജി പറഞ്ഞതുപോലെ, 'എണ്ണ വിളക്കിന്റെ ആട്ടമാണ്' ഞാനും ശ്രദ്ധിച്ചത്... എത്ര മനോഹരമായിട്ടാണ് ആ അവസ്ഥകളെ വിവരിച്ചിരിക്കുന്നത് !!

  (പക്ഷെ, ഇത്ര ചെറിയ ഒരു ഭാഗം പോസ്റ്റ്‌ ചെയ്ത് ഞങ്ങളെ പറ്റിക്കാമെന്നു കരുതേണ്ട, വിനുവേട്ടാ...)

  ReplyDelete
 6. ശ്രീ, സുകന്യ, മുരളിഭായ്‌, ജിമ്മി... എല്ലാവര്‍ക്കും നന്ദി...

  ഗ്രന്ഥകര്‍ത്താവ്‌ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ അതിമനോഹരമായി എഴുതിയിരിക്കുന്നത്‌ അതിന്റെ ഭംഗി ചോരാതെ മൊഴിമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നത്‌ എല്ലാവര്‍ക്കും ഇഷ്ടമാകുന്നു എന്നറിയുന്നതില്‍ അതിയായ സന്തോഷം ...

  ചാര്‍ളിയെ ഇപ്രാവശ്യം കണ്ടില്ലല്ലോ... ചാര്‍ളി... കൈയില്‍ റാന്തലുമായി ഹാര്‍ബറിലേക്ക്‌ പോയത്‌ ജാനറ്റ്‌ അല്ലായിരുന്നുവെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?

  ReplyDelete
 7. ഒരാള്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു ! വല്ലാതെ വേദനയുളവാക്കുന്നതായിപ്പോയി ഇത്‌. ബെര്‍ഗറുടെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു. അത്ര നല്ല വാര്‍ത്തകളല്ല ഇനി വരാന്‍ പോകുന്നത്‌ എന്നാണോ?

  ReplyDelete
 8. സോറി വിനുവേട്ടാ..
  കള്ളനേപ്പൊലെ വന്ന് വായിച്ചിട്ട് കമന്റിടാതെ മുങ്ങിയതായിരുന്നേ...പിന്നെ പൊങ്ങാന്‍ നേരം കിട്ടീല്ല...
  മില്ലേനിയോം, 380-ഉം ഒക്കെ വായിച്ചു കേട്ടാ..
  അതിന്റെ കമന്റ് അവിടെ ഇടാം..

  പറഞ്ഞ പോലെ ജാനറ്റിനെ വെറുതേ തെറ്റിദ്ധരിച്ചു..ഞാന്‍ വിചാരിച്ചു ഈ കാറ്റും കോളും നിറഞ്ഞ എല്ലാരും പേടിച്ചിരിക്കുമ്പോ എന്തിനാ റാന്തലും തൂക്കി നടക്കുന്നേ എന്ന്.ഹി ഹി...

  ReplyDelete
 9. ലേഖ... കഥയുടെ ആത്മാവിലൂടെ സഞ്ചരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം ..

  ചാര്‍ളി.. അത്‌ ശരി... നല്ല കക്ഷിയാ... ഒന്നാമത്‌, വിരലിലെണ്ണാവുന്ന വായനക്കാരേ ഉള്ളൂ... അവരിലൊരാളും കൂടി കൊഴിഞ്ഞ്‌ പോകുക എന്ന് പറയുന്നത്‌ അല്‍പ്പം വിഷമമുണ്ടാക്കുന്ന സംഗതിയാണ്‌ കേട്ടോ..

  ReplyDelete
 10. അതെ, ഇതാണ് കടൽ.

  ഗംഭീരമായിട്ടുണ്ട്.

  ReplyDelete
 11. കടൽ കലി തുള്ളിത്തുടങ്ങി.

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...