പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, October 21, 2010

സ്റ്റോം വാണിംഗ്‌ - 65

ഡോയ്‌ഷ്‌ലാന്റില്‍ സ്ഥിതിഗതികള്‍ അടിക്കടി വഷളായിക്കൊണ്ടിരുന്നു. രാവിലെ ഏഴേകാല്‍ ആയപ്പോഴേക്കും താഴത്തെ പായ കൂടി താങ്ങാനുള്ള ശേഷി കപ്പലിനില്ലെന്ന് അവര്‍ മനസ്സിലാക്കി. ബെര്‍ഗര്‍ ഉടന്‍ തന്നെ സ്റ്റേമിന്‌ അത്യാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ആ പായ ചുരുക്കുവാന്‍ വളരെയധികം വിഷമിക്കേണ്ടി വന്നു അവര്‍ക്ക്‌. ഡെക്കില്‍ നിന്ന് വളരെയൊന്നും ഉയരത്തിലായിരുന്നില്ലെങ്കിലും അതിശക്തിയായി ചീറിയടിക്കുന്ന കാറ്റിനെ നേരിടുക എളുപ്പമായിരുന്നില്ല. കയറുകളും പായയും മറ്റും മഴവെള്ളത്തില്‍ കുതിര്‍ന്നും ഇഴകള്‍ പൊട്ടിയും ദയനീയസ്ഥിതിയിലായിരുന്നു. ഓരോ തവണ കാറ്റടിക്കുമ്പോഴും ഒരു കത്തി കൊണ്ടെന്ന പോലെ അവയില്‍ പലതും മുറിഞ്ഞും പൊട്ടിയും പൊയ്ക്കൊണ്ടിരുന്നു.

കഠിനാദ്ധ്വാനത്തിനൊടുവില്‍ ആ പായയും ചുരുക്കിക്കെട്ടി. പിന്നെ അവര്‍ ക്ഷീണിതരായി ഡെക്കിലേക്കിറങ്ങി. കാറ്റ്‌ പിടിക്കാത്ത ഒരു വസ്തു പോലും കപ്പലില്‍ ഉണ്ടായിരുന്നില്ല. ഒന്നിന്‌ പിറകെ ഒന്നായി ഉയരുന്ന തിരമാലകളുടെ മുകളിലൂടെ കപ്പല്‍ ലക്ഷ്യമില്ലാതെ കയറിയിറങ്ങിക്കൊണ്ടിരുന്നു. തലയ്ക്ക്‌ മുകളിലൂടെ അതിവേഗം പോകുന്ന ഭീമാകാരങ്ങളായ മേഘപാളികള്‍ പാമരത്തിന്റെ അറ്റത്ത്‌ തട്ടുന്നുവോ എന്ന് തോന്നുമായിരുന്നു. മിന്നല്‍പ്പിണരുകള്‍ തങ്ങളുടെ ചുമതല നിര്‍ബാധം തുടരുകയാണ്‌. അകമ്പടിയായി തോരാത്ത മഴയും .

വേറെ നാല്‌ പേര്‍ അവിരാമം പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം വീക്ഷിച്ച്‌ ക്വാര്‍ട്ടര്‍ ഡെക്കില്‍ നില്‍ക്കുകയായിരുന്ന ബെര്‍ഗര്‍ക്ക്‌ തന്റെ ശക്തിയെല്ലാം വാര്‍ന്നുപോകുന്നത്‌ പോലെ തോന്നി. ക്ഷോഭിച്ചിരിക്കുന്ന കരകാണാക്കടലില്‍ ഒറ്റപ്പെട്ടുപോയ നിസ്സഹായത. ഇതുവരെയുണ്ടായിരുന്ന ശുഭാപ്തി വിശ്വാസം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. എന്ത്‌ നേടാമെന്നുള്ള പ്രതീക്ഷയാണ്‌ ഇനി അവശേഷിച്ചിരിക്കുന്നത്‌...?

അദ്ദേഹം വീലിനടുത്തേക്ക്‌ കണ്ണോടിച്ചു. സ്റ്റേമും കൂട്ടരും അപ്പോഴും കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌. പെട്ടെന്ന് കപ്പലിന്റെ പിന്‍ഭാഗത്ത്‌ ഭീമാകാരമായ ഒരു തിര ഉയരുന്നത്‌ കണ്ട്‌ സ്റ്റേം വായ്‌ തുറന്ന് അലറുവാന്‍ ശ്രമിച്ചു. പക്ഷേ, ശബ്ദം പുറത്തേക്ക്‌ വരുന്നുണ്ടായിരുന്നില്ല.

ഡോയ്‌ഷ്‌ലാന്‍ഡ്‌ നടുക്കത്തോടെ ഒരു വശത്തേക്ക്‌ ചരിഞ്ഞു. ബെര്‍ഗര്‍ മലര്‍ന്നടിച്ച്‌ വീണുപോയി. പെട്ടെന്ന് തന്നെ അദ്ദേഹം തന്റെ ജീവനുവേണ്ടി അഴികളില്‍ മുറുകെപ്പിടിച്ചു. ടണ്‍ കണക്കിന്‌ വെള്ളം ഡെക്കിന്‌ മുകളിലൂടെ ഒലിച്ചുപോയി. വീലിനരികില്‍ അപ്പോള്‍ വിന്‍സറുടെയും ക്ലൂത്തിന്റെയും അടയാളം പോലും കാണുവാനുണ്ടായിരുന്നില്ല. സ്റ്റേം മാത്രം അപ്പോഴും വീലില്‍ അള്ളിപ്പിടിച്ച്‌ കിടക്കുന്നുണ്ടായിരുന്നു.

ബെര്‍ഗര്‍ ക്വാര്‍ട്ടര്‍ ഡെക്കിന്‌ സമീപത്തുകൂടി വേച്ച്‌ വേച്ച്‌ നടന്ന് സ്റ്റേമിനടുത്തെത്തി. ഡോയ്‌ഷ്‌ലാന്‍ഡ്‌ അപ്പോഴും ചരിഞ്ഞ്‌ കിടക്കുകയായിരുന്നു. അദ്ദേഹം സ്വയം ശപിച്ചുകൊണ്ട്‌ വീലിന്റെ നിയന്ത്രണം ഏറ്റെടുത്തു. വളരെ സാവധാനം കപ്പല്‍ നിവരുവാന്‍ തുടങ്ങി. പക്ഷേ, ആ തിരമാല കപ്പലിനേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ഒരു വശത്തുണ്ടായിരുന്ന ചെറിയ പാമരവും കയറുകളും അപ്രത്യക്ഷമായിരുന്നു. ലൈഫ്‌ബോട്ടുകള്‍ സൂക്ഷിച്ചിരുന്ന ക്യാബിനടക്കം ഒലിച്ചു പോയിരിക്കുന്നു.

റിക്ടര്‍ കോണി വഴി മുകളിലെത്തി. ബെര്‍ഗര്‍ പെട്ടെന്ന് അദ്ദേഹത്തോട്‌ വിളിച്ചു പറഞ്ഞു. "വീലിനടുത്തേക്ക്‌ രണ്ട്‌ പേരെക്കൂടി അയക്കൂ റിക്ടര്‍ ... പിന്നെ കഴിയുന്നതും വേഗത്തില്‍ ഒരു ഡാമേജ്‌ റിപ്പോര്‍ട്ട്‌ ഉണ്ടാക്കൂ..."

റിക്ടര്‍ താഴേക്കിറങ്ങി. അല്‍പ്പ സമയത്തിനുള്ളില്‍ ഹോള്‍സറും എന്‍ഡ്രാസും വീലിനടുത്തേക്ക്‌ വന്നു.

"മി.സ്റ്റേം ... ഇനി വീലിന്റെ ചുമതല നിങ്ങള്‍ക്കാണ്‌... ഞാന്‍ താഴത്തെ അവസ്ഥയെന്താണെന്ന് നോക്കിയിട്ട്‌ വരാം ..." ബെര്‍ഗര്‍ പറഞ്ഞു.

ബെര്‍ഗര്‍ ക്യാബിന്റെ വാതിലിനടുത്തെത്തിയപ്പോള്‍ റിക്ടര്‍ തിരികെ വരുന്നുണ്ടായിരുന്നു.

"സിസ്റ്റര്‍മാരെല്ലാം സുരക്ഷിതരല്ലേ...?" ബെര്‍ഗര്‍ ചോദിച്ചു.

റിക്ടര്‍ തലകുലുക്കി. "ആ ആഘാതത്തില്‍ എല്ലാവരും ഭയന്നിരിക്കുകയാണ്‌. പിന്നെ മറ്റൊരു പ്രശ്നം കൂടിയുണ്ട്‌ ക്യാപ്റ്റന്‍ ... അടിത്തട്ടിലെ വെള്ളം ഇരുപത്‌ ഇഞ്ച്‌ ആയിരിക്കുന്നു. മാത്രമല്ല, അത്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്‌..."

ബെര്‍ഗര്‍ തിരിഞ്ഞ്‌, കപ്പലിനെ ആകപ്പാടെയൊന്നു വീക്ഷിച്ചു. പായ്‌ക്കയറുകളെല്ലാം ശക്തിയായ കാറ്റില്‍ നൃത്തമാടുന്നു. ഒരു വശത്തുള്ള പായ കീറിപ്പോയിരിക്കുന്നു. അതിന്റെ പകുതി, പാമരത്തിന്റെ ഇരുവശങ്ങളിലുമായി കീറിപ്പറിഞ്ഞ ഒരു പതാക പോലെ അപ്പോഴും ചിറകടിച്ചുകൊണ്ടിരുന്നു. ഡെക്കില്‍ അവിടവിടെയായി പലകകളും മരക്കഷണങ്ങളും മറ്റും ഇളകി പുറത്തേക്ക്‌ തള്ളി നില്‍ക്കുന്നു. ചിലയിടങ്ങളില്‍ അവ പൂര്‍ണ്ണമായും തകര്‍ന്നു എന്ന് തന്നെ പറയാം.

വളരെ പ്രയാസപ്പെട്ട്‌ കപ്പല്‍ മറ്റൊരു തിരയുടെ പുറത്തേക്ക്‌ കയറി. അപ്പോഴാണ്‌ കപ്പലിന്റെ ഒരു വശത്ത്‌ ശക്തിയായ കാറ്റ്‌ വന്നടിച്ചത്‌. തല്‍ഫലമായി കപ്പല്‍ ഒന്നാകെ കുലുങ്ങിപ്പോയി.

ബെര്‍ഗര്‍ എന്താണ്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് റിക്ടറിന്‌ മനസ്സിലായി. പരാജയത്തിന്റെ ഗന്ധം അറിയുവാന്‍ കഴിയുന്നു.

"അത്ര നല്ല ലക്ഷണമല്ല അല്ലേ ഹെല്‍മട്ട്‌...? എല്ലാം അവസാനിച്ചു എന്ന് തോന്നുന്നു..." ക്യാപ്റ്റന്‍ ബെര്‍ഗര്‍ റിക്ടറുടെ നേര്‍ക്ക്‌ ദയനീയമായി നോക്കിയിട്ട്‌ പറഞ്ഞു.

"എനിക്കും അത്‌ തന്നെ തോന്നുന്നു ക്യാപ്റ്റന്‍ ..." റിക്ടറും തളര്‍ന്നിരുന്നു.

ബെര്‍ഗര്‍ തലയാട്ടി. "സ്റ്റേമിന്റെയടുത്ത്‌ ചെന്ന് വീലിന്റെ നിയന്ത്രണം ഏറ്റെടുക്കൂ... എന്നിട്ട്‌ അവനോട്‌ വേഗം പോയി നമ്മുടെ റേഡിയോ എന്റെ ക്യാബിനിലേക്ക്‌ കൊണ്ടുവരാന്‍ പറയൂ..."


* * * * * * * * * * * * * * * * * * * * * * * * * * * * * *

കൃത്യം അഞ്ച്‌ മണിക്ക്‌ തന്നെ നെക്കര്‍ ട്രോണ്‍ദേമില്‍ നിന്ന് പുറപ്പെട്ടിരുന്നു. മുപ്പത്തിയയ്യായിരം അടി ഉയരത്തില്‍ സ്കോട്ട്‌ലണ്ടിന്‌ മുകളിലൂടെ പറന്നുകൊണ്ടിരിക്കുകയാണദ്ദേഹം. താഴെ നടക്കുന്ന സംഹാരതാണ്ഡവത്തിന്റെ യാതൊരു ലക്ഷണവും അവിടെ കാണാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച്‌ എടുത്തുപറയത്തക്കതായി ഒരു സംഭവവും ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാല്‍ തന്റെ ലക്ഷ്യസ്ഥാനത്തിന്‌ മുകളിലെത്തിയപ്പോള്‍ തികച്ചും വിഭിന്നമായ കാഴ്ചയാണ്‌ അദ്ദേഹം കണ്ടത്‌. താഴെ കനത്ത അന്ധകാരത്തിലൂടെ കുങ്കുമ വര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ വളഞ്ഞുപുളഞ്ഞ്‌ ധൂമവലയങ്ങള്‍ പോലെ സഞ്ചരിക്കുന്നു.

"ഇന്ന് താഴെ ഒരു നരകം തന്നെയായിരിക്കും ..."ഷ്‌മിഡ്‌ട്‌ പറഞ്ഞു. "എന്റെ ഇംഗ്ലീഷ്‌ മോശമാണെങ്കിലും ഒരു SOS മെസ്സേജ്‌ കേട്ടാലൊക്കെ മനസ്സിലാകും. ഞാന്‍ കണക്ട്‌ ചെയ്തുതരാം സര്‍ ..."

അപ്പോഴാണ്‌ ഒരു വെതര്‍ റിപ്പോര്‍ട്ട്‌ ഇടയില്‍ കയറി വന്നത്‌.

"മാലിന്‍ , ഹെബ്രിഡ്‌സ്‌ എന്നീ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത നൂറ്റിമുപ്പത്‌ മൈല്‍ കടന്നിരിക്കുന്നു. ബാരോമീറ്റര്‍ റീഡിംഗ്‌: ഒമ്പത്‌, ഏഴ്‌, പൂജ്യം ... പിന്നെയും താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌..."

"ഒരു കാര്യം എനിക്കറിയാം ഹേര്‍ ഹോപ്റ്റ്‌മാന്‍ ... ഹാലിഫാക്സ്‌ കോണ്‍വോയ്‌ ഇപ്പോള്‍ ഒരു കോണ്‍വോയിയേ ആയിരിക്കില്ല. നനാദിശയിലും ചിന്നിച്ചിതറിയിട്ടുണ്ടാകും ..." ഷ്‌മിഡ്‌ട്‌ പറഞ്ഞു.

പക്ഷേ, താഴെ ഇരുണ്ട മേഘപാളികളിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ടിരുന്ന നെക്കര്‍ ചിന്തിച്ചത്‌ ഡോയ്‌ഷ്‌ലാന്‍ഡിനെക്കുറിച്ചായിരുന്നു. അദ്ദേഹം റൂഡിയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "ഇന്നലെ നാം ഡോയ്‌ഷ്‌ലാന്റിനെ കണ്ടുമുട്ടിയ പൊസിഷന്‍ നിങ്ങള്‍ക്കറിയാമല്ലോ... അവരുടെ വേഗത മണിക്കൂറില്‍ ശരാശരി പത്ത്‌ മൈല്‍ ആയി നമുക്ക്‌ കണക്കാക്കാം ... വടക്ക്‌ കിഴക്ക്‌ ദിശയില്‍ ... അങ്ങനെയെങ്കില്‍ അവര്‍ ഇപ്പോള്‍ എവിടെയായിരിക്കുമെന്ന് ഒന്ന് കണക്ക്‌ കൂട്ടി നോക്കൂ..."

"പക്ഷേ, ഹേര്‍ ഹോപ്റ്റ്‌മാന്‍ ... നമുക്ക്‌ കിട്ടിയ ഓര്‍ഡര്‍ ..." റൂഡി എതിര്‍ത്തു.

"ഷട്ടപ്പ്‌... പറഞ്ഞത്‌ പോലെ ചെയ്താല്‍ മതി..." നെക്കര്‍ കടുത്ത സ്വരത്തില്‍ പറഞ്ഞു.

റൂഡി തല താഴ്ത്തിയിരുന്ന് കുത്തിക്കുറിക്കുവാന്‍ തുടങ്ങി. വെറും രണ്ടേ രണ്ട്‌ മിനിറ്റിനകം അവന്‍ മാപ്പ്‌ നെക്കറുടെ നേര്‍ക്ക്‌ നീട്ടി. ഉടന്‍ തന്നെ നെക്കര്‍ വിമാനത്തിന്റെ ദിശ മാറ്റി. എന്നിട്ട്‌ ഇന്റര്‍കോമിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്തു.

"ലിസണ്‍ റ്റു മീ... ഏത്‌ തരം കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ലോകത്തിലെ ഏക വിമാനമാണിതെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌. കൊടുങ്കാറ്റിനിടയില്‍ പോലും ഇത്‌ സുരക്ഷിതമായി പറത്താനാവുമെന്ന് അവര്‍ പറയുന്നു. അത്‌ ശരിയാണോ എന്ന് നമുക്കൊന്ന് നോക്കാം . ഞാന്‍ താഴേക്ക്‌, ആ പ്രക്ഷുബ്ദ്ധാവസ്ഥയിലേക്ക്‌ പോകുകയാണ്‌... ഡോയ്‌ഷ്‌ലാന്റിന്റെ അവസ്ഥ എന്താണെന്നറിയാന്‍ ... ഇറ്റ്‌ ഈസ്‌ മൈ ഡിസിഷന്‍ ..."

അദ്ദേഹം ഹാന്‍ഡില്‍ മുന്നോട്ട്‌ തള്ളി. ജങ്കേഴ്‌സിന്റെ മുന്‍ ഭാഗം താഴോട്ട്‌ ചരിഞ്ഞു. പിന്നെ പതുക്കെ താഴുവാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അവര്‍ മേഘപാളികളാല്‍ വലയം ചെയ്യപ്പെട്ടു. വളരെ ശക്തിയായ മഴ പെയ്യുന്നുണ്ടായിരുന്നു. മിന്നല്‍പ്പിണരുകള്‍ അവര്‍ക്ക്‌ ചുറ്റും പുളഞ്ഞ്‌ കളിച്ചു.

സാമാന്യം വേഗതയില്‍ തന്നെ വിമാനം താഴ്‌ന്നുകൊണ്ടിരുന്നു. വേഗതയേറിയ കാറ്റിന്റെ ശക്തിയില്‍ പെട്ട്‌ വിമാനം ഇരുവശങ്ങളിലേക്കും ഉലയുകയും തെന്നിപ്പോകുകയും ചെയ്യുന്നുണ്ടായിരുന്നു. നെക്കര്‍ തന്റെ സകല ശക്തിയുമെടുത്ത്‌ ഹാന്‍ഡിലില്‍ മുറുകെ പിടിച്ച്‌ ഇരുന്നു. ഒരു തവണ അവര്‍ ഇടത്‌ വശത്തേക്ക്‌ കുറച്ചധികം തന്നെ തെന്നി മാറി. പെട്ടെന്ന് വിമാനത്തിന്റെ ഒരു വശത്ത്‌ ശക്തിയായ കാറ്റ്‌ വന്നടിക്കുവാന്‍ തുടങ്ങി. അതിന്റെ ആഘാതത്തില്‍ ചിറകിലെ ചില ഭാഗങ്ങള്‍ ഇളകി തെറിച്ച്‌ പോയി. എന്നാല്‍ നെക്കറുടെ വിദഗ്ദ്ധകരങ്ങള്‍ സമയത്ത്‌ തന്നെ പ്രവര്‍ത്തിക്കുക മൂലം വിമാനം വീണ്ടും നിയന്ത്രണത്തിലായി.

ഇപ്പോള്‍ പതിനായിരം അടി ഉയരത്തിലാണ്‌. കട്ട പിടിച്ച അന്ധകാരത്തിലൂടെ ചുരുളുകളായി നീങ്ങിക്കൊണ്ടിരിക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ വിമാനം താഴ്‌ന്നുകൊണ്ടിരുന്നു. തന്റെ ഓക്സിജന്‍ മാസ്ക്‌ അഴിച്ച്‌ വച്ചിട്ട്‌ റൂഡി വിന്‍ഡ്‌ സ്ക്രീനിലൂടെ പുറത്തേക്ക്‌ നോക്കി. അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്തിരുന്നു.

ഇത്‌ സമയം കളയുകയാണ്‌ - നെക്കര്‍ മനസ്സില്‍ പറഞ്ഞു. ഈ കാലാവസ്ഥയില്‍ ഡോയ്‌ഷ്‌ലാന്റിന്‌ അതിന്റെ യഥാര്‍ത്ഥ ദിശയില്‍ കൃത്യമായ വേഗതയില്‍ നീങ്ങുക അസാദ്ധ്യമായിരിക്കും. മാത്രമല്ല, ഇതൊരു കണക്ക്‌ കൂട്ടല്‍ മാത്രമാണല്ലോ...

മുവ്വായിരം അടി ഉയരത്തിലേക്ക്‌ എത്തിയപ്പോള്‍ ജങ്കേഴ്‌സ്‌ മേഘപാളികളില്‍ നിന്ന് പ്രകാശമാനമായ പ്രതലത്തിലേക്ക്‌ കടന്നു. ഇടമുറിയാത്ത കനത്ത മഴ. താഴെ ചക്രവാളം വരെ കണ്ണ്‌ എത്താ ദൂരത്തില്‍ പരന്ന് കിടക്കുന്ന സമുദ്രം മുഴുവനും നുരയും പതയും കൊണ്ട്‌ ധവള വര്‍ണ്ണമായിരുന്നു. തികച്ചും അവിശ്വസനീയമാം വിധം - അതാ അവിടെ ഡോയ്‌ഷ്‌ലാന്‍ഡ്‌... തെക്ക്‌ പടിഞ്ഞാറ്‌ ഏതാണ്ട്‌ അര മൈല്‍ അകലെ തിരമാലകളില്‍ ചാഞ്ചാടുന്നു.

"റൂഡി... മടങ്ങി ചെല്ലുമ്പോള്‍ നിനക്ക്‌ എന്റെ വക ഒരു ഷാംപെയ്‌ന്‍ ..." വിമാനം ഇടത്‌ വശത്തേക്ക്‌ വളച്ചെടുത്തു കൊണ്ട്‌ നെക്കര്‍ പറഞ്ഞു.

റൂഡി ബൈനോക്കുലറിലൂടെ നോക്കി. "അവരുടെ അവസ്ഥ വളരെ ദയനീയമാണ്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍ ..."

"എന്തോ കുഴപ്പമുണ്ട്‌ സര്‍ ..." ഷ്‌മിഡ്‌ട്‌ പെട്ടെന്ന് പറഞ്ഞു. "അവര്‍ SOS സന്ദേശം അയച്ചു കൊണ്ടിരിക്കുകയാണ്‌... ഇംഗ്ലീഷ്‌ ഭാഷയില്‍ ... ബെര്‍ഗര്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണ്‌..."

"എന്നെ കണക്ട്‌ ചെയ്യൂ..." നെക്കര്‍ ദൃഢസ്വരത്തില്‍ പറഞ്ഞു. "അദ്ദേഹത്തോട്‌ സംസാരിച്ചു നോക്കട്ടെ..."


(തുടരും)

14 comments:

 1. ഡോയ്‌ഷ്‌ലാന്‍ഡില്‍ നിന്നുള്ള SOS സന്ദേശം (Save Our Soul message) ആകാശത്ത്‌ വട്ടം കറങ്ങുന്ന നെക്കര്‍ റിസീവ്‌ ചെയ്തിരിക്കുന്നു... അദ്ദേഹത്തിന്‌ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ...?

  ReplyDelete
 2. പതിവു പോലെ അത്യുഗ്രന്‍..
  പ്രകൃതിയുടെ താണ്ഡവം ശരിക്കും കണ്മുന്‍പില്‍ കണ്ട പോലെ.
  നെക്കറുടെ മാനസികാവസ്ഥയും അനുഭവിച്ചറിഞ്ഞു..
  താങ്കസ് വിനുവേട്ടാ, വയ്യാതെ ഇരിക്കുന്ന ഈ അവസ്ഥയിലും പോസ്റ്റിട്ടല്ലോ..കാലൊക്കെ ശരിയായോ...വേഗം വിനുവേട്ടന്‍ ഓടിച്ചാടി നടക്കാന്‍ തുടങ്ങട്ടെ !

  ReplyDelete
 3. ഇത്തവണയും ശ്വാസം പിടിച്ചിരുന്ന് വായിച്ചു...

  ReplyDelete
 4. ഒരാഴച്ചത്തെ ബുലോഗ ചൊറിച്ചിലുകൾ കണ്ട് ഇവിടെ വന്നപ്പോൾ...
  ഹൌ...എന്തൊരാശ്വാസം എന്റെ വിനുവേട്ടാ .

  ReplyDelete
 5. ശ്രീ... വളരെ കറക്റ്റ്... കാര്യങ്ങളെല്ലാം നേരിട്ട് അനുഭവിക്കുന്ന പ്രതീതി... ഹോ!!

  ചാര്ളിച്ചാ.. 'വിനുവേട്ടന്‍ കാല്‍ പുനരുദ്ധാരണ നിധി' എന്ന പേരില്‍ വല്ല ഫണ്ട് പിരിവിനും സാധ്യതയുണ്ടോ?

  ReplyDelete
 6. കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷം ഇങ്ങോട്ട് പകരുന്നപോലെ.
  എഴുത്തിന്റെ ശക്തി, ഭംഗി, ശൈലി, വേറിട്ട്‌ നില്‍ക്കുന്നു.

  കാല് ശരിയായോ?

  @ജിമ്മി - പിരിവിനൊക്കെ പേര് കേട്ട നാട്ടില്‍ ഇവിടെ ഞാന്‍ ഉണ്ടേ. തുടങ്ങട്ടെ.

  ReplyDelete
 7. @സുകന്യാജീ - എപ്പോ തുടങ്ങീന്ന് ചോദിച്ചാല്‍ മതി... മറവി ഇത്തിരിയുള്ള കൂട്ടത്തിലാണെന്ന് അറിയാം... അതുകൊണ്ട് ആദ്യമേ ഒരുകാര്യം പറഞ്ഞേക്കാം... കാശ് പിരിച്ചെടുത്തിട്ട് "ഏത് ജിമ്മി... എവിടുത്തെ ജിമ്മി" എന്നൊന്നും ചോദിച്ചേക്കരുത്... ഏത്?

  ReplyDelete
 8. njaanum vannootto. Krithyamaayittethan pattunnillenkilum (pala karanangal kondu)oruvidham oppamethan sramikkunnu.

  Pinne kaalinentho patteenno, sahayanidhi sekharikkaan ponoonno okke kettallo. Entha sambhavam,maashe?

  Sorry, malayalam illyaatto.

  ReplyDelete
 9. വിനുവേട്ടാ ,കുറച്ചു നാളുകളായി വായന മുടങ്ങി കിടക്കുകയായിരുന്നു .ഇനി എല്ലാം ഒന്ന് ഉഷരാക്കണം

  ReplyDelete
 10. വളരെ നല്ല അവതരണം ... ആശംസകള്‍

  ReplyDelete
 11. വായിക്കുന്നു

  ReplyDelete
 12. പമ്പുകൾ എങ്ങനെ പ്രവർത്തിപ്പിക്കുന്നതെന്ന് ഇത്‌ വരെ മനസ്സിലായില്ല.

  ReplyDelete
  Replies
  1. അത്‌ ഹാന്റ്‌ പമ്പുകളാണു സുധീ... കൈകൾ കൊണ്ട്‌ കറക്കി പ്രവർത്തിപ്പിക്കുന്നത്‌..

   Delete
 13. എന്തെങ്കിലും ചെയ്യാൻ കഴിയുമോ????

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...