പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, November 10, 2010

സ്റ്റോം വാണിംഗ്‌ - 68

ചാര്‍ട്ട്‌ ടേബിളിന്‌ മുന്നിലിരിക്കുന്ന ജാഗോയുടെ തൊട്ടരികിലായി ജന്‍സണ്‍ നില്‍പ്പുണ്ട്‌. ക്രൂവിലെ മറ്റ്‌ അംഗങ്ങള്‍ വാതിലിനടുത്തും മറ്റുമായി കൂട്ടം കൂടി നില്‍ക്കുന്നു.

"അപ്പോള്‍ അങ്ങനെയാണ്‌ കാര്യങ്ങള്‍ ..." ജാഗോ പറഞ്ഞു. "നിങ്ങള്‍ക്കറിയാമല്ലോ, അത്ര നല്ല കാലാവസ്ഥയായിരിക്കില്ല അവിടെ... വരാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം മതി ഈ ട്രിപ്പില്‍ ... അല്ലാത്തവര്‍ക്ക്‌ തങ്ങളുടെ സാധനങ്ങളുമെടുത്ത്‌ ഈ നിമിഷം ജെട്ടിയിലേക്കിറങ്ങാം ... ഞാനൊരു തടസ്സവും പറയില്ല അതിന്‌... നിങ്ങളില്‍ വിവാഹിതരായിട്ടുള്ളവര്‍ തീര്‍ച്ചയായും പുറത്ത്‌ പോകണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്‌..."

അവരെ പ്രതിനിധീകരിച്ച്‌ ആദ്യം ഉരിയാടിയത്‌ പീറ്റേഴ്‌സണ്‍ ആയിരുന്നു. "ഇത്രയും കാലം നാമെല്ലാം ഒരുമിച്ചാണ്‌ കഴിഞ്ഞത്‌... കടലിലെ ഈ നീണ്ട സഹവര്‍ത്തിത്വത്തിനിടയില്‍ ഇത്തരം നിരര്‍ത്ഥകമായ വാക്കുകള്‍ താങ്കളില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നത്‌ ഇതാദ്യമായിട്ടാണ്‌ സര്‍ ... പറയുന്നതില്‍ ക്ഷമിക്കണം ..."

"ലെഫ്റ്റനന്റ്‌... അദ്ദേഹം തന്റെ സാഹിത്യഭാഷയില്‍ വളച്ചുകെട്ടി പറയനുദ്ദേശിക്കുന്നത്‌ എന്താണെന്നറിയുമോ...? നാം എപ്പോഴാണ്‌ പുറപ്പെടുന്നതെന്ന്..." ജന്‍സണ്‍ പറഞ്ഞു.

ജാഗോ തന്റെ വാച്ചിലേക്ക്‌ നോക്കി. "ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഇപ്പോഴത്തെ പൊസിഷനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുമായി അഡ്‌മിറല്‍ റീവ്‌ ഇപ്പോഴെത്തും . പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കുള്ളില്‍ നമുക്ക്‌ പുറപ്പെടുവാന്‍ സാധിക്കും ... " അദ്ദേഹം ക്രൂവിലെ അംഗങ്ങളുടെ നേര്‍ക്ക്‌ മുഖമുയര്‍ത്തി. "ഇപ്പോള്‍ എല്ലാം വ്യക്തമായില്ലേ...? ഇനി എന്തിനാണ്‌ വായും തുറന്ന് നോക്കി നില്‍ക്കുന്നത്‌...?"

* * * * * * * * * * * * * * * * * * * * * * * * * * * *

മര്‍ഡോക്കിനെ കിടക്കയില്‍ കിടത്തിയിട്ട്‌ വാതില്‍ പതുക്കെ ചാരി ജാനറ്റ്‌ സ്വീകരണമുറിയിലേക്ക്‌ നടന്നു. റേഡിയോയുടെ മുന്നിലിരിക്കുന്ന ഗെറിക്കിന്‌ സമീപം റീവും ജീനും ഇരിക്കുന്നുണ്ടായിരുന്നു.

അഡ്‌മിറല്‍ അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു. "അദ്ദേഹത്തിന്‌ എങ്ങനെയുണ്ട്‌...?"

"കൈയ്യുടെ മുകള്‍ഭാഗത്തെ എല്ല് ഒടിഞ്ഞതാണ്‌. ഒരു സ്‌പ്ലിന്റ്‌ വച്ചുകെട്ടിയിട്ടുണ്ട്‌... വേദന അറിയാതിരിക്കാന്‍ ഒരു ഇന്‍ജക്ഷനും കൊടുത്തു. കുറച്ച്‌ സമയം അദ്ദേഹം ഉറങ്ങട്ടെ... ആട്ടെ, ഇവിടുത്തെ കാര്യങ്ങള്‍ എന്തായി...?"

"അത്ര നല്ലതല്ല... നെക്കറുമായി റേഡിയോ ബന്ധം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല... ചിലപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ സ്റ്റോം ആകാനും സാദ്ധ്യതയുണ്ട്‌..."

ഗെറിക്ക്‌ അപ്പോഴും ആശ കൈവെടിഞ്ഞിരുന്നില്ല. ജര്‍മ്മന്‍ ഭാഷയില്‍ അദ്ദേഹം വിളിച്ചുകൊണ്ടിരുന്നു. "കം ഇന്‍ നെക്കര്‍ ... കം ഇന്‍ പ്ലീസ്‌..."

പെട്ടെന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ നെക്കറുടെ സ്വരം കേള്‍ക്കാറായി. എങ്കിലും ആകാംക്ഷയോടെ കാത്തിരുന്ന അവര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ സാധിച്ചു.

"നെക്കര്‍ ഹിയര്‍ ഗെറിക്ക്‌... കഴിഞ്ഞ അര മണിക്കൂറായി ഞാന്‍ താങ്കളെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു... എന്താണ്‌ സംഭവിക്കുന്നത്‌...?"

"ഞങ്ങള്‍ക്ക്‌ കണക്ഷന്‍ കിട്ടുന്നില്ല.. അത്ര മാത്രം ..." ഗെറിക്ക്‌ പറഞ്ഞു. "അന്തരീക്ഷം അത്രമാത്രം പ്രക്ഷുബ്ധമാണ്‌... പിന്നെ വേറൊരു പ്രശ്നമുണ്ടായി... ലൈഫ്‌ബോട്ട്‌ ഇറക്കുവാന്‍ സാധിക്കുന്നില്ല... പക്ഷേ, വിഷമിക്കണ്ട, മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് ഒരു ഗണ്‍ ബോട്ട്‌ ഇപ്പോള്‍ തന്നെ പുറപ്പെടുന്നുണ്ട്‌... ഇപ്പോഴത്തെ പൊസിഷന്‍ അറിയിക്കുമല്ലോ... ഡോയ്‌ഷ്‌ലാന്‍ഡിന്റെ അവസ്ഥയെങ്ങനെ...? ഇപ്പോഴും സമ്പര്‍ക്കം കിട്ടുന്നുണ്ടോ...?"

"വളരെ പ്രയാസപ്പെട്ടിട്ടാണ്‌ ബന്ധം ലഭിക്കുന്നത്‌... അവരുടെ സിഗ്നല്‍ വളരെ വീക്ക്‌ ആണ്‌... എന്തായാലും ഒരു മണിക്കൂര്‍ കൂടി ഞങ്ങള്‍ക്കിവിടെ പറക്കാന്‍ സാധിക്കും . പിന്നെ....?"

"ഓ, അങ്ങനെയൊരു പ്രശ്നമുണ്ടല്ലോ..."

ഒരു പേപ്പറില്‍ ഗെറിക്ക്‌ ഡോയ്‌ഷ്‌ലാന്‍ഡിന്റെ വിശദവിവരങ്ങള്‍ എഴുതിയെടുത്ത്‌ റീവിന്റെ കൈയില്‍ കൊടുത്തു. അദ്ദേഹം അത്‌ പോക്കറ്റിലിട്ടു. "ഞാന്‍ ഇത്‌ ജാഗോയ്ക്ക്‌ കൊടുക്കട്ടെ..."

അദ്ദേഹം വാതിലിന്‌ നേര്‍ക്ക്‌ നടന്നപ്പോള്‍ ജീന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കൈയില്‍ പിടിച്ചു. "ക്യാരീ... അവിടെ ചെന്ന് വേണ്ടാത്തതൊന്നും ചെയ്തേക്കരുത്‌... അവരുടെ കൂടെ പോകുകയോ മറ്റോ... ചെയ്യുമോ...?"

"ഈ വയസ്സുകാലത്തോ...? ഡാര്‍ലിംഗ്‌, നീയിങ്ങനെ തമാശ പറയരുത്‌..." അവരെ മൃദുവായി ചുംബിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

അദ്ദേഹം പെട്ടെന്ന് പുറത്തേക്ക്‌ നടന്നു. ജീന്‍ തിരിഞ്ഞു. അവരുടെ മുഖം അസ്വസ്ഥമായിരുന്നു. "എനിക്കറിയാം ജാനറ്റ്‌... അദ്ദേഹം അവര്‍ക്കൊപ്പം പോകാന്‍ തന്നെയാണ്‌..."

"അല്ലാതെ പിന്നെ നിങ്ങളെന്താണ്‌ പ്രതീക്ഷിച്ചത്‌...?" ജാനറ്റ്‌ തണുപ്പന്‍ മട്ടില്‍ ചോദിച്ചു.

അവള്‍ അടുക്കളയിലേക്ക്‌ കടന്ന് കതകടച്ചു. ഗെറിക്ക്‌, ജീനിന്റെ കരം തന്റെ കൈയിലെടുത്ത്‌ ഒരു നിമിഷം മുറുകെപ്പിടിച്ചു. നെക്കറുടെ സ്വരം വീണ്ടും കേള്‍ക്കാറായി. "അവര്‍ ഇനിയും പുറപ്പെട്ടില്ലേ...?"

"യെസ്‌, ദേ ആര്‍ ഓണ്‍ ദി വേ..."

"എനിക്കൊരു പ്രശ്നമുണ്ട്‌... ഇനി ഒരു മണിക്കൂറും പതിനഞ്ച്‌ മിനിട്ടും മാത്രം ... പിന്നെ ഞങ്ങള്‍ക്ക്‌ മടങ്ങേണ്ടി വരും ... ഇന്ധനത്തിന്റെ പ്രശ്നമാണ്‌..."

"ഞാന്‍ മനസ്സിലാക്കുന്നു നെക്കര്‍ ... " ഗെറിക്ക്‌ പറഞ്ഞു. "സമയമാകുമ്പോള്‍ തിരികെ പൊയ്ക്കോളൂ... യുവര്‍ ഡിസിഷന്‍ ..."

റേഡിയോ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ അദ്ദേഹം ജീനിന്റെ നേര്‍ക്ക്‌ നോക്കി മന്ദഹസിച്ചു. "അവരവിടെ കടലില്‍ സാഹസികത പ്രകടിപ്പിക്കാന്‍ പോയിരിക്കുന്നു... നമുക്കിവിടെ നിങ്ങളുടെ അടുക്കളയിലെ ചുടുചായയുടെ രുചിയൊന്ന് പരിശോധിക്കാം ..."

* * * * * * * * * * * * * * * * * * * * * * * * * * * *

എന്‍ജിന്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ തയ്യാറായി നില്‍ക്കുന്ന ഡെഡ്‌ എന്റിന്റെ ബ്രിഡ്‌ജിലേക്ക്‌ റീവ്‌ കയറി. മേശപ്പുറത്തെ ചാര്‍ട്ടിലേക്ക്‌ നോക്കി കുനിഞ്ഞിരിക്കുന്ന ജാഗോയുടെ മുമ്പില്‍ അദ്ദേഹം ഗെറിക്ക്‌ കൊടുത്ത പേപ്പര്‍ വച്ചു.

അത്‌ നോക്കി ജാഗോ പെട്ടെന്ന് തന്നെ ലക്ഷ്യസ്ഥാനം തിട്ടപ്പെടുത്തി. "അപ്പോള്‍ അവിടെയാണ്‌... ശരി, ഞങ്ങളിനി പുറപ്പെടുകയാണ്‌..."

"ഞാനും നിങ്ങളുടെ കൂടെ വരുന്നു..."

വീലിനരികില്‍ നിന്നിരുന്ന പീറ്റേഴ്‌സണ്‍ തല ചരിച്ച്‌ നോക്കി. ജന്‍സണ്‍ നിര്‍വികാരനായി അദ്ദേഹത്തെ നോക്കിക്കൊണ്ട്‌ നിന്നു.

"അഡ്‌മിറല്‍ ... അത്‌ അത്ര നല്ല ഐഡിയ ആണെന്ന് എനിക്ക്‌ തോന്നുന്നില്ല..." ജാഗോ പറഞ്ഞു.

"എന്നെ കൊണ്ടുപോകണമെന്ന് ആജ്ഞാപിക്കാനുള്ള അധികാരം എനിക്കുണ്ട്‌..."

"എന്നാല്‍, അങ്ങേയറ്റത്തെ ബഹുമാനത്തോടെ തന്നെ ഒരു കാര്യം താങ്കളോട്‌ പറയാന്‍ ഞാനും ആഗ്രഹിക്കുന്നു... കുറച്ച്‌ പഴഞ്ചന്‍ ബോട്ടാണെങ്കിലും ഇതിന്റെ കമാന്‍ഡര്‍ എന്ന് നിലയ്ക്ക്‌ ഞാന്‍ പറയുന്നതായിരിക്കും ഇവിടെ അവസാന വാക്ക്‌..."

റീവിന്റെ പത്തി താഴ്‌ന്നു. "എന്നാല്‍ ശരി ലെഫ്റ്റനന്റ്‌... ഞാന്‍ ആജ്ഞാപിക്കുകയല്ല, അപേക്ഷിക്കുകയാണ്‌... കഴിയുമെങ്കില്‍ എന്നെയും കൂടി കൊണ്ടുപോകൂ..."

"ശരി... ബട്ട്‌, യൂ ഹാവ്‌ റ്റു ഒബേ മൈ ഓര്‍ഡേഴ്‌സ്‌... താങ്കള്‍ക്ക്‌ മനസ്സിലായോ...?"

"തീര്‍ച്ചയായും ..."

ജാഗോ തല കുലുക്കിയിട്ട്‌ ജന്‍സന്റെ നേരെ തിരിഞ്ഞു. "ഓ.കെ ചീഫ്‌... നമുക്ക്‌ പുറപ്പെടാം ..."

* * * * * * * * * * * * * * * * * * * * * * * * * * * *

നെക്കറുടെ ആവേശം നിറഞ്ഞ ശബ്ദം പെട്ടെന്ന് റേഡിയോയില്‍ കേള്‍ക്കാറായി... "കം ഇന്‍ ഗെറിക്ക്‌ !... കം ഇന്‍ !..."

"ഉച്ചത്തില്‍ വളരെ വ്യക്തമായി കേള്‍ക്കാം ... എന്താണ്‌ കാര്യം ...?" ഗെറിക്ക്‌ ചോദിച്ചു.

"എനിക്കത്‌ കാണാം ... ഗണ്‍ബോട്ടിനെ കാണാം ... വലത്‌ വശത്ത്‌ ഏതാണ്ട്‌ അര മൈല്‍ മാറി ഭീമാകാരമായ തിരമാലകളുടെ മുകളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു...!"

"അദ്ദേഹത്തിന്‌ ഡെഡ്‌ എന്‍ഡിനെ കാണാമെന്ന്..." ഗെറിക്ക്‌ പറഞ്ഞു.

"മൈ ഗോഡ്‌...!" അദ്ദേഹത്തിന്റെ ചുമലില്‍ മുറുകെ പിടിച്ചുകൊണ്ട്‌ ജാനറ്റ്‌ ദീര്‍ഘശ്വാസമെടുത്തു.

"ഞാന്‍ ഇവിടെത്തന്നെയുണ്ടാകും ... താങ്കള്‍ വളരെ അടുത്ത്‌ പറന്ന് അവരുമായി ബന്ധം പുലര്‍ത്തൂ..." ഗെറിക്ക്‌ നെക്കറോട്‌ പറഞ്ഞു.

ബെഡ്‌റൂമിന്റെ വാതില്‍ തുറന്ന് മര്‍ഡോക്ക്‌ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ കൈ സ്ലിങ്ങില്‍ ഇട്ടിരുന്നു. കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് അറിയാം . കണ്ണുകളില്‍ മയക്കത്തിന്റെ ലാഞ്ഛന.

"എന്താണ്‌ സംഭവം ...?" അദ്ദേഹം ആരാഞ്ഞു.

ജാനറ്റ്‌ അദ്ദേഹത്തെ കസേരയുടെ അരികിലേക്ക്‌ പിടിച്ച്‌ നടത്തി.

"എഴുന്നേറ്റ്‌ നടക്കാറായിട്ടില്ല... താങ്കള്‍ക്കിപ്പോള്‍ വിശ്രമമാണ്‌ വേണ്ടത്‌..."

അദ്ദേഹം കസേരയിലേക്ക്‌ കുഴഞ്ഞ്‌ ഇരുന്നു. എന്നിട്ട്‌ ഗെറിക്കിനോട്‌ ചോദിച്ചു. "എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ കമാന്‍ഡര്‍ ...?"

"ലെഫ്റ്റനന്റ്‌ ജാഗോ അങ്ങോട്ട്‌ പോയിട്ടുണ്ട്‌...'

"അഡ്‌മിറലോ...?"

"ഞങ്ങള്‍ക്ക്‌ തോന്നുന്നത്‌ അദ്ദേഹവും കൂടെ പോയിട്ടുണ്ടെന്നാണ്‌..."

"അവര്‍ എന്നെയും കൂടെ കൂട്ടേണ്ടതായിരുന്നു... ഈ കളിയില്‍ എങ്ങനെ നില്‍ക്കണമെന്ന് എനിക്കറിയാം ... അവര്‍ക്കറിയില്ല... ദൈവം തുണയ്ക്കട്ടെ അവരെയെല്ലാം ..." ഒരു പരാജിതന്റെ ഭാവമായിരുന്നു അദ്ദേഹത്തിന്റെ സ്വരത്തിനപ്പോള്‍ .


* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

22 comments:

  1. സൗത്ത്‌ ഇന്‍ലെറ്റില്‍ നിന്ന് ലൈഫ്‌ബോട്ട്‌ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദ്വീപിന്റെ വടക്കുഭാഗത്തുള്ള മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് ഡെഡ്‌ എന്‍ഡ്‌ എന്ന ഗണ്‍ബോട്ടില്‍ ജാഗോയും കൂട്ടരും പുറപ്പെട്ടിരിക്കുന്നു.

    കഴിഞ്ഞ ലക്കത്തില്‍ തുടങ്ങി വച്ച നടീനടന്മാരുടെ തെരഞ്ഞെടുപ്പ്‌ തുടരുന്നു. മുരളിഭായ്‌, സുകന്യാജി, എഴുത്തുകാരിചേച്ചി, ചാര്‍ളി എന്നിവരുടെ സെലക്ഷനുകള്‍ പോരട്ടെ...

    ReplyDelete
  2. ശ്രീ തെരഞ്ഞെടുത്തവര്‍ ഇവരൊക്കെയാണ്‌...


    ശ്രീ said...

    പ്രധാനപ്പെട്ട കുറച്ചു കഥാപാത്രങ്ങള്‍ക്ക്


    പോള്‍ ഗെറിക്ക്‌ - മമ്മൂട്ടി
    ഹെല്‍മര്‍ട്ട് റിക്ടര്‍ - പ്രിഥ്വിരാജ്
    ഹാരി ജാഗോ - ഇന്ദ്രജിത്ത്
    ക്യാപ്റ്റന്‍ എറിക്ക്‌ ബെര്‍ഗര്‍ - ലാലു അലക്സ്
    പ്രേയ്ഗര്‍ - ക്യാപ്റ്റന്‍ രാജു
    ഹോസ്റ്റ്‌ നെക്കര്‍ - സിദ്ധിഖ്
    ഫ്രീമേല്‍ - വിജയരാഘവന്‍
    അഡ്‌മിറല്‍ ക്യാരി റീവ്‌ - സായ് കുമാര്‍
    മര്‍ഡോക്ക് മക്‍ലിയോഡ് - ഇന്നസെന്റ്
    ജോവാന്‍ സ്റ്റേം - ആസിഫ് അലി
    ലാക്ലന്‍ - ജയസൂര്യ
    കാര്‍വര്‍ - ഭീമന്‍ രഘു
    കേണല്‍ വാന്‍ - മധു
    വാള്‍സ്‌ - ബാബുരാജ്
    ജനറല്‍ ഐസന്‍ഹോവര്‍ - ബാലചന്ദ്രമേനോന്‍

    ജാനറ്റ്‌ - പത്മപ്രിയ
    സിസ്റ്റര്‍ ലോട്ടെ - സംവൃത
    ജീന്‍ സിന്‍ക്ലയര്‍ - സുഹാസിനി
    സിസ്റ്റര്‍ ആഞ്ചല - ഉര്‍വ്വശി
    സിസ്റ്റര്‍ എല്‍സെ - ബിന്ദു പണിയ്ക്കര്‍

    ReplyDelete
  3. ലേഖയുടെയും ശ്രീയുടെയും സെലെക്ഷന്‍ കൊള്ളാം. ഗെറിക്ക് ജീവിച്ചിരിക്കുന്നുണ്ടോ വിനുവേട്ടാ, എങ്കില്‍ ഗെറിക്ക് ആയി ഗെറിക്ക് മാത്രം മതി.

    പിന്നെ ജിമ്മി, ലേഖ, ചാര്‍ളി, ശ്രീ, മുരളീ, കഥാകാരന് /വിവര്‍ത്തകന് ഏതു റോള് കൊടുക്കാം? അതാവട്ടെ ഇനി ചര്‍ച്ച.

    ഈ കഥാഭാഗവുംപതിവുപോലെ മനോഹരമായി വിവരിച്ചിരിക്കുന്നു. ശരിക്കും അസൂയ തോന്നുന്നു. എങ്ങനെ ഇത്ര നന്നായി എഴുതുന്നു എന്ന്?

    ReplyDelete
  4. തീര്‍ത്തും ക്ഷമയില്ല കേട്ടോ വിനുവേട്ടാ അവസാനഭാഗങ്ങളോടുക്കുമ്പോള്‍...
    ഇനി ഒരാഴ്ച ഈ ലക്കം എത്രവട്ടം വായിക്കും എന്ന് എനിക്ക് തന്നെ നിശ്ചയമില്ല...ദിനവും രണ്ടുമൂന്നാവര്‍ത്തി ഇവിടെ വന്നു നോക്കാറുണ്ട്..
    പുതിയ കമന്റുകള്‍ കാണുന്നതാണ് ആകെ ഒരു ആശ്വാസം.

    വിവര്‍ത്തകന്റെ റൊള് വിവര്‍ത്തകന്‍ എന്നു തന്നെ..പക്ഷേ.ചിലപ്പോഴൊക്കെ ഗെറിക്ക് ഞാന്‍ തന്നെ അല്ലേ എന്നൊരു ഫീലിങ്ങ് ഉണ്ടായിരുന്നു. ആര്‍ക്കേലും വിരോധമുണ്ടോ ആവോ..(പ്രൊഫൈല്‍ ഫോട്ടോ നോക്കി വിലയിരുത്തല്ലേ....നുമ്മ അതിലും ഭീകരനാ..)

    ബാക്കിയുള്ളോരുടേം സെലക്ഷനുകള്‍ പോരട്ടെ..ഒന്നാം സമ്മാനമടീക്കുന്നോര്‍ക്ക് വിനുവേട്ടന്റെ വക ക്രിസ്തുകസ്സ് സമ്മാനം..

    ReplyDelete
  5. ചാര്‍ളി പറഞ്ഞതു പോലെ ഓരോ ലക്കത്തിന്റെയും അവസാനമുള്ള ആ 'തുടരും' എന്ന വാക്ക് വല്ലാത്ത ഒരു അസ്വസ്ഥതയോടെയാണ് വായിയ്ക്കുന്നത്. ഇനിയും കാത്തിരിയ്ക്കണമല്ലോ എന്ന ടെന്‍ഷന്‍! അത്രയും സമയം ഡോയ്‌ഷ്‌ലാന്റിന് എന്ത് സംഭവിയ്ക്കുമെന്ന ടെന്‍ഷന്‍! ഗെറിക്കിന്റെ ഭാവിയെ പറ്റി അറിയാനുള്ള ടെന്‍ഷന്‍!

    ലോകരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളുടെ ഭീകരത മനസ്സിലാക്കിത്തരുന്നതോടൊപ്പം അതിലെ അര്‍ത്ഥമില്ലായ്മയും തുറന്നു കാണിയ്ക്കുന്നു, സ്റ്റോംവാണിങ്ങ്. ഒപ്പം... ശത്രു രാജ്യങ്ങള്‍ തമ്മിലും മനുഷ്യത്വം ആകാമെന്ന ഒരു വലിയ സത്യവും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ഈ കഥ.

    ReplyDelete
  6. സുകന്യേച്ചീ...

    വിനുവേട്ടന്റെ റോള്‍... വെറുമൊരു വിവര്‍ത്തകന്റേതല്ല. മറിച്ച് ബൂലോക മലയാളികള്‍ക്ക് സ്റ്റോംവാണിങ്ങ് പരിചയപ്പെടുത്തിയ സൂപ്പര്‍ ഹീറോ കൂടിയായ വിവര്‍ത്തകന്റേതാണ്.

    കഥ,തിരക്കഥ: ജാക്ക് ഹിഗ്ഗിന്‍സ്
    വിവര്‍ത്തനം, സംഭാഷണം, സംവിധാനം: വിനുവേട്ടന്‍

    പിന്നെ, ചാര്‍ളിച്ചാ... ഇടയ്ക്കൊക്കെ സ്വയം ഗെറിക്ക് ആണ് എന്ന് തോന്നി എന്നു വച്ച് ഞങ്ങള്‍ക്ക് വിരോധമൊന്നുമില്ല കേട്ടോ... (പാവം! വിനുവേട്ടാ, കഥ വേഗം എഴുതി തീര്‍ത്തില്ലെങ്കില്‍ നമുക്കൊരു സുഹൃത്തിനെ നഷ്ടപ്പെടുമോ എന്നൊരു ആശങ്ക ഉണ്ടേ) ;)

    ReplyDelete
  7. എന്നാല്‍, അങ്ങേയറ്റത്തെ ബഹുമാനത്തോടെ തന്നെ ഒരു കാര്യം താങ്കളോട്‌ പറയാന്‍ ഞാനും ആഗ്രഹിക്കുന്നു... കുറച്ച്‌ പഴഞ്ചന്‍ ബോട്ടാണെങ്കിലും ഇതിന്റെ കമാന്‍ഡര്‍ എന്ന് നിലയ്ക്ക്‌ ഞാന്‍ പറയുന്നതായിരിക്കും ഇവിടെ അവസാന വാക്ക്‌.." ഇതാണ് സായിപ്പിന്റെ വാക്ക്...."

    ReplyDelete
  8. ക്യാപ്റ്റന്‍ എറിക്ക്‌ ബെര്‍ഗറുടെ കഥാപാത്രം ലാലു അലക്സും,ദേവനുമൊന്നുമില്ലെങ്കിൽ ഈ ഞാനെടുത്തോളാം കേട്ടൊ പിന്നെ ദീപയുടെ ഭർത്താവ് കിണറ്റിൽ വീണപ്പോൾ അത് ദേശീയ ഉത്സവമായി...!ലോകതെമ്മാടിയായ ഞാനെങ്ങാ‍നുമാണെങ്കിൽ അത് ലോകം മുഴുവൻ എന്റെ ഭാര്യയുടെ പേരിൽ ഒരാഘോഷമായി കൊണ്ടാടിയേനെ എന്നാണ് ഈ ബിലാത്തിക്കാർ പറയുന്നത് കേട്ടൊ ...! ! കുശുമ്പന്മാർ ...

    ReplyDelete
  9. "എനിക്കത്‌ കാണാം ... ഗണ്‍ബോട്ടിനെ കാണാം ... വലത്‌ വശത്ത്‌ ഏതാണ്ട്‌ അര മൈല്‍ മാറി ഭീമാകാരമായ തിരമാലകളുടെ മുകളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു...!"

    ഞാനും കണ്ടേ... ഞാനും കേട്ടേ... എല്ലാം വളരെ വ്യക്തം.. ഭീകരമായ ആ തിരമാലകളെക്കാള്‍ ഉയരത്തിലാണ് നമ്മുടെ ആവേശ തിരമാലകള്‍ ആഞ്ഞടിക്കുന്നത്..

    മറ്റൊരു കിടിലന്‍ അദ്ധ്യായം കൂടെ... ഏതാണ്ട് ഒരു ദിവസം മാത്രം ദൈര്‍ഘ്യമുള്ള സംഭവ പരമ്പരകളിലൂടെയാണ് നമ്മളിപ്പോള്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് അല്ലേ?

    ReplyDelete
  10. സുകന്യേച്ചീ - ശ്രീ പറഞ്ഞതുപോലെ, 'വിവര്‍ത്തകന്‍' വിനുവേട്ടന് 'സംവിധായകന്‍' എന്നതല്ലാതെ വേറെ ഏത്‌ റോളാണ് യോജിക്കുക... (ആ ഫോട്ടോ കണ്ടിട്ട് 'ഗെറിക്കിന്റെ' വേഷമൊന്നും കൊടുത്തേക്കല്ലേ... അബദ്ധമാവും.. )

    ചാര്ളിച്ചാ - അപ്പോ ഞാന്‍ പോട്ടം മാറ്റിയതൊക്കെ വെറുതെയായി അല്ലേ?

    ശ്രീക്കുട്ടാ - ഇങ്ങനെ ഓരോന്ന് പറഞ്ഞ് എന്‍റെ ടെന്‍ഷന്‍ കൂട്ടാതെ... പരസ്പരമുള്ള യുദ്ധത്തിനുമപ്പുറം മാനവീകതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യം വരച്ചു കാട്ടുന്ന 'ഡോയ്ഷ് ലാന്റ് യാത്രയില്‍' പങ്കാളിയാവാന്‍ സാധിച്ചത് തന്നെ ഒരു ഭാഗ്യമായി കരുതുന്നു... വിനുവേട്ടന് ഒരായിരം നന്ദി..

    ബിലാത്തിയേട്ടാ - സായിപ്പിനെ കാണുമ്പോള്‍ ചിലരൊക്കെ കവാത്ത് മറക്കുന്നത് ലവന്മാരുടെ ഈ സ്വഭാവം കൊണ്ടാവുമല്ലേ.. പിന്നെ, മാവേലി വേഷം പലതവണ കെട്ടിയാടി പരിശീലനം സിദ്ധിച്ച ആളെന്ന നിലയിലും ആകാര ഭംഗി കൊണ്ടും 'ബെര്‍ഗരുടെ' റോളിലേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത എന്തായാലും ഏട്ടനുണ്ട്..

    ReplyDelete
  11. അതിമനോഹരമായ മറ്റൊരു ലക്കം കൂടി. ആവേശം തുള്ളിതുളുമ്പുന്ന വിവരണം. വിനുവേട്ടന്‌ വീണ്ടും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

    ഗെറിക്കിന്റെ റോളില്‍ ഞാന്‍ വിനുവേട്ടനെ കണ്ടുപോയി. നല്ല ചേര്‍ച്ച. ബെര്‍ഗറായി ബിലാത്തിച്ചേട്ടന്‍ തന്നെ കൊള്ളാം. റിക്ടറായി ജിമ്മിച്ചനും ലോട്ടെയായി ഞാനും ആയാലോ? തവളയെ കീറിമുറിച്ച പരിചയമുള്ളതുകൊണ്ട്‌ ഡോക്ടര്‍ ജാനറ്റ്‌ ആയി സുകന്യേച്ചിയെ തെരഞ്ഞെടുത്തിരിക്കുന്നു. ചാര്‍ളിച്ചായന്‌ ജാഗോയുടെ റോള്‍ കൊടുക്കാം.

    ReplyDelete
  12. ശ്രീയുടെ തെരഞ്ഞെടുപ്പിനെ ഞാനും പിന്താ‍ങ്ങുന്നു, രണ്ടുപേരൊഴികെ. ജയസൂര്യ വേണ്ടാ, പത്മപ്രിയക്കുപകരവും മറ്റൊരാൾ വേണം. അതു് ഞാൻ ഒന്നാലോചിക്കട്ടെ.

    ReplyDelete
  13. ജയസൂര്യ വേണ്ടെങ്കില്‍ വേണ്ട. ചേച്ചി പറഞ്ഞാല്‍ പിന്നെ ഒരു ,മറുചോദ്യമില്ല.

    പിന്നെ, കുറച്ചു ബോള്‍ഡായ, തീരെ ചെറുപ്പമല്ലാത്ത ഒരു നായികയാവണമല്ലോ ജാനറ്റ്. പത്മപ്രിയ അല്ലെങ്കില്‍ ലേഖ പറഞ്ഞതു പോലെ ശ്വേതയെയും പരിഗണിയ്ക്കാം. അല്ലെങ്കില്‍...
    എല്ലാരുമൊന്ന് ശ്രമിയ്ക്കൂ...

    ReplyDelete
  14. സുകന്യാജി... അതേ.. ഗെറിക്ക്‌ ആയി ഗെറിക്ക്‌ മാത്രം... പിന്നെ, സുകന്യാജി... എങ്ങനെ ഇങ്ങനെ എഴുതുന്നു എന്ന് ചോദിച്ചാല്‍, ഇതൊരു പദാനുപദ വിവര്‍ത്തനമല്ല... സ്വതന്ത്രവിവര്‍ത്തനമാണ്‌. കഴിയുന്നതും നമ്മുടെ നാട്ടിലെ ഭാഷയും ശൈലിയും ഉപയോഗിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്‌ ഞാന്‍.

    ചാര്‍ളി... ഇത്രമാത്രം ഈ നോവല്‍ ഇഷ്ടപ്പെടുന്നു എന്നറിയുന്നത്‌ എനിക്കെന്തുമാത്രം സന്തോഷം നല്‍കുന്നു എന്നറിയുമോ? ഞാന്‍ കൃതാര്‍ത്ഥനായി.

    ശ്രീ... അതേ, അത്‌ തന്നെയാണ്‌ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ വായനക്കാര്‍ക്ക്‌ നല്‍കുന്ന സന്ദേശം...

    മുരളിഭായ്‌... സായിപ്പിനെ നന്നായിട്ടറിയാം അല്ലേ...

    ജിമ്മി... കഥയില്‍ ചോദ്യമില്ല...

    ലേഖ... എനിക്ക്‌ ഗെറിക്കിന്റെ വേഷമൊന്നും വേണ്ട... സംവിധായകന്റെ റോളില്‍ തൃപ്തനാണ്‌. അപ്പോള്‍ ലോട്ടെ ആയി ഇനി ജീവിക്കാന്‍ തീരുമാനിച്ചോ?

    എഴുത്തുകാരിചേച്ചി... പേടിത്തൊണ്ടന്‍ ലാക്ലന്റെ വേഷത്തില്‍ ജയസൂര്യ തിളങ്ങും. ജാനറ്റിന്റെ വേഷം ആര്‍ക്ക്‌ കൊടുക്കണമെന്ന് പെട്ടെന്ന് പറയൂ...

    ശ്രീ... അല്ലെങ്കില്‍ എന്ന് പറഞ്ഞ്‌ നിറുത്തിയതെന്താ? പോരട്ടെ പോരട്ടെ...

    ReplyDelete
  15. ഞാന്‍ ഇതിലെ വന്നു എന്നറിയിക്കാന്‍ മാത്രം ഈ കമന്റ്‌...എന്റെ പോസ്റ്റിലെ താങ്കള്‍ക്കുള്ള മറുപടി നോക്കൂ... :)

    ReplyDelete
  16. വിനുവേട്ടന്‍ - പദാനുപദ വിവര്‍ത്തനമല്ല, നമ്മുടെ ഭാഷയില്‍ ഒട്ടും സൌന്ദര്യം ചോര്‍ന്നു പോകാതെ എങ്ങനെ!!!!
    @ശ്രീ - ശരിയാണ്. സംവിധായകന്‍ ആണല്ലോ താരം.
    @ ലേഖ - അതിനിടക്ക് എനിക്കും റോള് തന്നോ? ജാനെറ്റ് കുളമാവും. :-)

    ReplyDelete
  17. കുറെ എത്തിക്കഴിഞ്ഞ ഒരു നോവലിന്റെ വിവര്‍ത്തനത്തിന്റെ ഇടയ്ക്കു കയറി വായിച്ച എനിക്ക് ഒന്നും പറയാനില്ല. ഭംഗിയുള്ള എഴുത്ത്‌ എന്ന് മാത്രം പറയുന്നു. സമയം പോലെ ഞാന്‍ താഴേക്ക്‌ സഞ്ചരിക്കാന്‍ ശ്രമിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  18. രാധാജി... ഇവിടെ വന്നതില്‍ സന്തോഷം... സമയം കിട്ടുമ്പോള്‍ ആദ്യം മുതല്‍ വായിക്കുവാന്‍ ശ്രമിക്കുക.

    സുകന്യാജി... പ്രോത്സാഹനം നല്‍കുന്ന പ്രസ്താവത്തിന്‌ നന്ദി...

    റാംജിഭായ്‌... സന്ദര്‍ശനത്തിന്‌ നന്ദി... വായിക്കുവാന്‍ ശ്രമിക്കുക...

    ReplyDelete
  19. എന്തോ..ചില പാട്ടൂകള്‍ അറിയാതെ ചുണ്ടില്‍ തത്തിക്കളീക്കുന്നു.

    1. വരുമല്ലോ രാ‍വില്‍ പ്രിയതമന്‍...
    2. സമയമായില്ല പോലും, സമയമായില്ല പോലും, ക്ഷമയെന്റെ ഹൃദയത്തീന്നൊഴിഞ്ഞു തോഴീ

    ReplyDelete
  20. വായിക്കുന്നു

    ReplyDelete
  21. വായിച്ച്‌ ശ്വാസം മുട്ടുന്ന അവസ്ഥ.ഹോ!!!

    ReplyDelete
    Replies
    1. സുധീ... അതാണു ജാക്ക്‌ ഹിഗ്ഗിൻസ്‌...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...