പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, November 23, 2010

സ്റ്റോം വാണിംഗ്‌ - 70

ഏതാണ്ട്‌ അതേ നിമിഷം തന്നെ നെക്കറുടെ സ്വരം വീണ്ടും റേഡിയോയില്‍ മുഴങ്ങി.

"ഡെഡ്‌ എന്‍ഡ്‌ മുങ്ങിക്കൊണ്ടിരിക്കുകയാണ്‌ !!! അല്ല... മുങ്ങി !!!..."

ഗെറിക്ക്‌ പിറകോട്ട്‌ തിരിഞ്ഞ്‌ പരിഭ്രമസ്വരത്തില്‍ പറഞ്ഞു. "ഡെഡ്‌ എന്‍ഡ്‌ കടലില്‍ താഴ്‌ന്നുവോ എന്നൊരു സംശയമുണ്ട്‌..."

ജീന്‍ സിന്‍ക്ലെയര്‍ പരിഭ്രമത്തോടെ കസേരയിലേക്ക്‌ വീണു. ജാനറ്റ്‌ അവിശ്വസനീയതയോടെ നിലവിളിച്ചു. "ഇല്ല... അങ്ങനെ ഒരിക്കലും സംഭവിക്കില്ല...!!!"

"കം ഇന്‍ നെക്കര്‍... കം ഇന്‍... അവസാനം പറഞ്ഞ സന്ദേശം ഒന്നു കൂടി ആവര്‍ത്തിക്കൂ..." ഗെറിക്ക്‌ മൈക്രോഫോണിലൂടെ പറഞ്ഞു.

അന്തരീക്ഷത്തിലെ പ്രക്ഷുബ്ധാവസ്ഥ മൂലമുള്ള അപശബ്ദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നിശബ്ദത മാത്രം.

"എല്ലാവരും പോയി... അവരെല്ലാവരും... ക്യാരി അങ്കിള്‍... ഹാരി... എല്ലാവരും..." ജാനറ്റ്‌ വിതുമ്പി.

പെട്ടെന്ന് നെക്കറുടെ സ്വരം വീണ്ടും എത്തി. "ഡോയ്‌ഷ്‌ലാന്‍ഡുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്‌... അതിന്റെ പാമരം ഒടിഞ്ഞ്‌ മുകളില്‍ വീണത്‌ കൊണ്ടാണ്‌ ഗണ്‍ബോട്ട്‌ മുങ്ങിയത്‌... ആറുപേര്‍ ജീവനോടെ സുരക്ഷിതരായി ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കിലുണ്ട്‌..."

"ആറുപേര്‍ രക്ഷപെട്ടിരിക്കുന്നു..." ഗെറിക്ക്‌ പെട്ടെന്ന് പരിഭാഷപ്പെടുത്തി.

ജീന്‍ അദ്ദേഹത്തിന്റെ കൈയില്‍ മുറുകെ പിടിച്ചു. "ആരൊക്കെ... എനിക്കിപ്പോള്‍ അറിയണം..."

"അഡ്‌മിറല്‍ റീവ്‌, ലെഫ്റ്റനന്റ്‌ ജാഗോ, പിന്നെ വേറെ നാലുപേരും..." നെക്കര്‍ തുടര്‍ന്നു.

ഗെറിക്ക്‌, ജീനിന്റെ നേരെ തിരിഞ്ഞു. "അദ്ദേഹം സുരക്ഷിതനാണ്‌ മിസ്സിസ്‌ സിന്‍ക്ലെയര്‍... തല്‍ക്കാലത്തേക്കെങ്കിലും ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കില്‍ അദ്ദേഹം സുരക്ഷിതനാണ്‌..." പിന്നെ അദ്ദേഹം ജാനറ്റിന്റെ നേരെ കണ്ണിറുക്കിയിട്ട്‌ പറഞ്ഞു. "നിന്റെ ലെഫ്റ്റനന്റും അതേ..."

നെക്കറുടെ സ്വരം വീണ്ടും എത്തി. "ഇനി എന്ത്‌...? അവരോട്‌ ഞാന്‍ എന്താണ്‌ പറയേണ്ടത്‌...?"

ഗഹനമായി എന്തോ ആലോചിച്ചുകൊണ്ട്‌ ഗെറിക്ക്‌ അല്‍പ്പനേരം ഇരുന്നു. ശേഷം മൈക്രോഫോണിലൂടെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു.

"താങ്കള്‍ക്ക്‌ ഉറപ്പുണ്ടോ...? താങ്കള്‍ തന്നെ അത്‌ ചെയ്യുമോ...?" നെക്കര്‍ അദ്ദേഹത്തോട്‌ ചോദിച്ചു.

"ഞാന്‍ വാക്ക്‌ തരുന്നു..."

"താങ്കള്‍ പറഞ്ഞത്‌ അവരോട്‌ ഞാന്‍ പറയാം... പക്ഷേ, വേറൊരു പ്രശ്നമുണ്ട്‌... കണക്കാക്കിയതിലും പത്ത്‌ മിനിറ്റ്‌ അധികമായിരിക്കുന്നു... തിരിച്ച്‌ അവിടെയെത്താനുള്ള ഇന്ധനം കരുതണ്ടേ...?"

"ഇതില്‍ കൂടുതല്‍ യാതൊന്നും ഇനി താങ്കളെക്കൊണ്ട്‌ ചെയ്യാന്‍ കഴിയില്ല സ്നേഹിതാ... ഡോയ്‌ഷ്‌ലാന്‍ഡിനോട്‌ പറഞ്ഞിട്ട്‌ തിരിച്ച്‌ പൊയ്‌ക്കോളൂ..."

"എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌...? താങ്കള്‍ എന്തൊക്കെയാണ്‌ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്‌...?" ജാനറ്റ്‌ ഇടയില്‍ കയറി ചോദിച്ചു.

അവളോട്‌ നിശബ്ദമായിരിക്കാന്‍ ഗെറിക്ക്‌ ആംഗ്യം കാണിച്ചു. നെക്കറുടെ ശബ്ദം വീണ്ടും മുഴങ്ങി.

"താങ്കള്‍ പറഞ്ഞതിനെക്കുറിച്ച്‌ ഞാന്‍ ബെര്‍ഗറോട്‌ സംസാരിച്ചു..."

"അദ്ദേഹം അത്‌ അഡ്‌മിറലിനോട്‌ പറഞ്ഞുവോ...?"

"പറഞ്ഞു... മാത്രമല്ല, ഒരു അസാധാരണമായ സന്ദേശം താങ്കള്‍ക്ക്‌ തരുവാന്‍ അദ്ദേഹം എന്നെ ഏല്‍പ്പിക്കുകയും ചെയ്തു..."

"എന്താണത്‌...?"

"താങ്കള്‍ ഈ യുദ്ധത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള സമയം ഇനിയും ആയിട്ടില്ലേ എന്ന്... എന്താണ്‌ സംഭവം...? താങ്കള്‍ക്ക്‌ വല്ലതും മനസ്സിലായോ...?"

"ആഹ്‌... കുറച്ചൊക്കെ... പിന്നെ, സ്നേഹിതാ, ഇനി താങ്കള്‍ തിരികെ പോയേ തീരൂ..."

"ഗുഡ്‌ ബൈ സര്‍... താങ്കളെ പരിചയപ്പെടാനും സംസാരിക്കാനും സാധിച്ചത്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി തന്നെയാണ്‌..." നെക്കര്‍ പറഞ്ഞു.

"താങ്കളെയും ഹേര്‍ ഹോപ്റ്റ്‌മാന്‍..."

പിന്നെ അപശബ്ദങ്ങള്‍ മാത്രം. ഗെറിക്ക്‌ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ ഒരു സിഗരറ്റ്‌ എടുത്തു. "അങ്ങനെ അതും..."

"എന്താണ്‌ സംഭവിക്കുന്നത്‌ ഗെറിക്ക്‌...?" ജാനറ്റ്‌ വീണ്ടും തുടങ്ങി.

എന്നാല്‍ മര്‍ഡോക്ക്‌ അവളെ തടഞ്ഞു. "സമാധാനപ്പെടൂ കുട്ടീ..."

അദ്ദേഹം ഗെറിക്കിന്റെയടുത്തേക്ക്‌ ചേര്‍ന്ന് നിന്നു. "എന്താണ്‌ കമാന്‍ഡര്‍...?"

"നെക്കറിന്‌ തിരികെ പോകാനുള്ള സമയം ആയിരിക്കുന്നു. ഇന്ധനത്തിന്റെ പ്രശ്നമാണ്‌... അദ്ദേഹം പോകുന്നതിന്‌ മുമ്പ്‌ ഡോയ്‌ഷ്‌ലാന്‍ഡിലേക്ക്‌ അവസാനമായി ഒരു സന്ദേശം കൂടി അയക്കുവാന്‍ ഞാന്‍ പറഞ്ഞു..."

"എന്തായിരുന്നു അത്‌...?"

"എങ്ങനെയെങ്കിലും കുറേ നേരം കൂടി പിടിച്ചുനില്‍ക്കുക... ലൈഫ്‌ബോട്ടുമായി നാം ഉടന്‍ തന്നെ ചെല്ലുന്നുണ്ടെന്ന്..."

"പക്ഷേ, എങ്ങനെ...? അസാദ്ധ്യമാണത്‌... ബോട്ട്‌ കിടക്കുന്നത്‌ സൗത്ത്‌ ഇന്‍ലെറ്റിലാണ്‌..." ജീന്‍ പറഞ്ഞു.

"ഇനി ഒരു പക്ഷേ, ബോട്ട്‌ ഇറക്കുവാന്‍ സാധിച്ചാല്‍ തന്നെ, ഇത്ര ശക്തിയായ കാറ്റുള്ളപ്പോള്‍ ആ പാറക്കെട്ടുകള്‍ തരണം ചെയ്ത്‌ പുറംകടലിലേക്ക്‌ ഇറങ്ങുവാന്‍ സാധിക്കില്ല... ഞാന്‍ അത്‌ താങ്കളോട്‌ നേരത്തെ പറഞ്ഞിരുന്നുവല്ലോ..." മര്‍ഡോക്ക്‌ പറഞ്ഞു.

"അതിന്‌ സൗത്ത്‌ ഇന്‍ലെറ്റില്‍ നിന്ന് ബോട്ട്‌ ഇറക്കുന്ന കാര്യമല്ല ഞാന്‍ പറയുന്നത്‌... ഇവിടുത്തെ ഹാര്‍ബറില്‍ നിന്ന്..."

മര്‍ഡോക്ക്‌ തലയാട്ടി. "ഭ്രാന്ത്‌... നടക്കുന്ന കാര്യമല്ല അത്‌... അഥവാ ഇനി അത്‌ സാധിക്കുമെങ്കില്‍ തന്നെ, ദ്വീപിന്റെ അങ്ങേയറ്റത്ത്‌ നിന്ന് ബോട്ട്‌ ഇവിടം വരെ വലിച്ചുകൊണ്ടുവന്നാല്‍ തന്നെ, ആരാണ്‌ ബോട്ട്‌ കടലിലേക്ക്‌ കൊണ്ടുപോകുക...?" അദ്ദേഹം തന്റെ ഒടിഞ്ഞ കൈയിലേക്ക്‌ നോക്കി. "ഇതുപോലുള്ള കാലാവസ്ഥയില്‍ ഒരു കൈ കൊണ്ട്‌ മാത്രം എന്നെക്കൊണ്ടത്‌ സാധിക്കില്ല..."

"ബോട്ടുമായി ഞാന്‍ തന്നെ വരുന്നു എന്നാണ്‌ അവരോട്‌ പറഞ്ഞിരിക്കുന്നത്‌..." ഗെറിക്കിന്റെ മുഖം തികച്ചും ശാന്തമായിരുന്നു.

"എന്റെ ആശയം എന്താണെന്ന് വളരെ വ്യക്തമായി അവരോട്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌..." അദ്ദേഹം ആ വനിതകളുടെ നേര്‍ക്ക്‌ തിരിഞ്ഞു. "അഡ്‌മിറലിനും ജാഗോയ്ക്കും കാര്യത്തിന്റെ ഗൗരവം അറിയാം. തങ്ങളുടെ പ്രാണരക്ഷക്കുള്ള ഒരേയൊരു മാര്‍ഗ്ഗം ഇത്‌ മാത്രമാണെന്നും അവര്‍ക്കറിയാം..."

പെട്ടെന്ന് വാതില്‍ ശക്തിയോടെ തുറക്കപ്പെട്ടു. ഓടിക്കിതച്ചുകൊണ്ട്‌ ലാക്ലന്‍ മുറിയിലേക്ക്‌ കടന്നു. ഏറെ ദൂരം ഓടിയതിന്റെ വിഷമം കൊണ്ട്‌ അവന്‍ നെഞ്ച്‌ തിരുമ്മുന്നുണ്ടായിരുന്നു.

"എന്താണ്‌ കുട്ടീ...? കാര്യമെന്താണെന്ന് പറയൂ..." മര്‍ഡോക്ക്‌ ദൃഢസ്വരത്തില്‍ ചോദിച്ചു.

"കുന്നിന്‍ മുകളില്‍ നിന്നാണ്‌ ഞാന്‍ വരുന്നത്‌..." ശ്വാസമെടുക്കുവാന്‍ വിഷമിച്ച്‌ അവന്‍ പറഞ്ഞു. "ആളുകള്‍ മുഴുവനും അവിടെ കൂടിയിട്ടുണ്ട്‌... ഡോയ്‌ഷ്‌ലാന്‍ഡ്‌ ദൃഷ്ടിപഥത്തില്‍ എത്തിയിരിക്കുന്നു..."


* * * * * * * * * * * * * * * * * * * * * * * * * * * *

കുന്നിന്‍ മുകളില്‍ എത്തിയപ്പോള്‍ കാറ്റ്‌ അതിശക്തമായിരുന്നു. കാറ്റ്‌, തന്നെ പിറകോട്ട്‌ തള്ളിയിടുമെന്ന് ജാനറ്റിന്‌ തോന്നി. അവള്‍ ഗെറിക്കിന്റെ കൈയില്‍ മുറുകെ പിടിച്ചു. ജീന്‍ സിന്‍ക്ലെയറിന്റെ ഇരുവശങ്ങളിലുമായി മര്‍ഡോക്കും ലാക്ലനും അവര്‍ക്ക്‌ പിന്നില്‍ കുന്നിന്‍ മുകളിലേക്ക്‌ വരുന്നുണ്ടായിരുന്നു.

അവര്‍ക്കൊപ്പമുണ്ടായിരുന്ന ഏതാണ്ട്‌ അമ്പതോളം വരുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും, സ്ഥലത്തില്ലാത്ത തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഓയില്‍സ്കിന്‍ കോട്ടുകള്‍ ധരിച്ചിട്ടുണ്ടായിരുന്നു. കൊടുംതണുപ്പില്‍ നിന്ന് അല്‍പ്പമെങ്കിലും ആശ്വാസത്തിനായി അവര്‍ തലയില്‍ ചെറിയ ബ്ലാങ്കറ്റ്‌ ചുറ്റിയിരുന്നു.

കടല്‍, സംഹാരരുദ്രയായി ഇളകി മറിയുകയാണ്‌. ആലിപ്പഴവര്‍ഷത്തോടുകൂടിയ കനത്ത മഴയും ഉയര്‍ന്നുതെറിക്കുന്ന ജലകണങ്ങളും മൂലം ദൂരക്കാഴ്ച വളരെ മോശമായിരുന്നു. എന്നിട്ടും, ഏതാനും മൈലുകള്‍ അകലെ ഒരു വലിയ തിരയുടെ മുകളിലേക്ക്‌ കയറുന്ന കപ്പലിനെ അവര്‍ക്ക്‌ കാണുവാന്‍ സാധിച്ചു. രണ്ട്‌ പാമരങ്ങള്‍ മാത്രമേ അപ്പോള്‍ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. ചെറിയ പായ അപ്പോഴും യഥാസ്ഥാനത്ത്‌ കാണാമായിരുന്നു.

മര്‍ഡോക്ക്‌ തന്റെ ബൈനോക്കുലറിലൂടെ ദൂരെ കടലിലേക്ക്‌ നോക്കി. "അതേ... ശരിക്കും അവര്‍ ദയനീയ അവസ്ഥയിലാണ്‌..." ബൈനോക്കുലര്‍ അല്‍പ്പം വടക്ക്‌ പടിഞ്ഞാറ്‌ ദിശയിലേക്ക്‌ അദ്ദേഹം മാറ്റി.

"അവര്‍ നേരെ വാഷിങ്ങ്‌ടണ്‍ റീഫിന്‌ അടുത്തേക്കാണ്‌ പോകുന്നത്‌...!!!" ലാക്ലന്‍ പറഞ്ഞു.

"അതേ... അങ്ങോട്ട്‌ തന്നെയാണ്‌...!!!" ആ ജനക്കൂട്ടത്തില്‍ നിന്ന് ആരോ ഉച്ചത്തില്‍ നിലവിളിച്ചു. അത്‌ കേട്ടപാടെ വേറെയും രണ്ടുമൂന്ന് പേരുടെ നിലവിളി ഉയര്‍ന്നു. കൈകള്‍ വിടര്‍ത്തി ആ വനിതകള്‍ മുന്നോട്ട്‌ നീങ്ങി. കപ്പലിനെ അവിടെ തടഞ്ഞ്‌ നിര്‍ത്താന്‍ എന്നവണ്ണം അവര്‍ തങ്ങളുടെ ദുര്‍ബലശബ്ദത്തില്‍ അലമുറയിട്ടുകൊണ്ടിരുന്നു. വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്ന പാറക്കെട്ടിനടുത്തേക്കാണ്‌ കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

ഗെറിക്ക്‌ യാതൊന്നും ഉരിയാടാതെ, മര്‍ഡോക്കിന്റെ കൈയില്‍ നിന്ന് ബൈനോക്കുലേഴ്‌സ്‌ വാങ്ങി ദൂരെ കടലിലേക്ക്‌ ഫോക്കസ്‌ ചെയ്തു. കടല്‍ ഇരമ്പിമറിയുകയാണ്‌. ഏതാണ്ട്‌ നൂറ്‌ അടിയെങ്കിലും ഉയരത്തിലേക്ക്‌ ജലകണങ്ങള്‍ ഉയര്‍ന്ന് ചിന്നിച്ചിതറുന്നു. ആ തിരമാലകള്‍ക്ക്‌ മുകളിലൂടെ ഏകദേശം മുന്നൂറ്‌ വാര മാത്രം അകലെയുള്ള ആ പാറക്കെട്ടിനരികിലേക്ക്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകള്‍ ഭയന്ന് നിലവിളിച്ചു.

"കപ്പല്‍ അതില്‍ ചെന്ന് ഇടിക്കുവാന്‍ പോകുകയാണ്‌... അതൊഴിവാക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല..." ബൈനോക്കുലേഴ്‌സ്‌ തിരികെ വാങ്ങിയിട്ട്‌ മര്‍ഡോക്ക്‌ പറഞ്ഞു.

വീണ്ടും ബൈനൊക്കുലേഴ്‌സിലുടെ നോക്കിയിട്ട്‌ അദ്ദേഹം അല്‍പ്പനേരം എന്തോ ആലോചിച്ചു. പെട്ടെന്ന് പിന്തിരിഞ്ഞ അദ്ദേഹത്തിന്റെ മുഖത്ത്‌ ഇപ്പോള്‍ നേരിയ പ്രത്യാശ കാണാമായിരുന്നു.

"വാഷിങ്ങ്‌ടണ്‍ റീഫിന്‌ മുകളില്‍ കപ്പല്‍ കുറേ നേരം തങ്ങി ഇരിക്കും... ഉടന്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമുക്ക്‌ സമയമുണ്ട്‌..." അദ്ദേഹം ജനക്കൂട്ടത്തിന്‌ നേരെ കൈ ഉയര്‍ത്തി വീശി. "എല്ലാവരും എന്റെ കൂടെ വരൂ...!"

അദ്ദേഹം ധൃതിയില്‍ കുന്നിന്‍ചരുവിലൂടെ താഴോട്ടിറങ്ങി. ഗെറിക്കും ജാനറ്റും ജീന്‍ സിന്‍ക്ലെയറും ലാക്ലനും... ആ ജനക്കൂട്ടം മുഴുവനും അദ്ദേഹത്തെ അനുഗമിച്ചു. നിമിഷനേരത്തിനുള്ളില്‍ ആ കുന്നിന്‍മുകള്‍ തീര്‍ത്തും വിജനമായിത്തീര്‍ന്നു.

ദേവാലയത്തിന്റെ സമീപത്ത്‌ നിന്നായിരുന്നു ട്രോളി ട്രാക്ക്‌ തുടങ്ങിയിരുന്നത്‌. അവിടെ എത്തിയതും മര്‍ഡോക്ക്‌ പള്ളിയങ്കണത്തില്‍ കയറി ഉള്ളിലേക്ക്‌ നടന്നു. അടുത്ത നിമിഷം, ആ ദേവാലയത്തില്‍ നിന്ന് തുടര്‍ച്ചയായി കൂട്ടമണി മുഴങ്ങുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

16 comments:

  1. ശത്രു-മിത്രഭേദമെന്യേ ഒരു ജനത മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ച... ഹാറ്റ്‌സ്‌ ഓഫ്‌ റ്റു ജാക്ക്‌ ഹിഗ്ഗിന്‍സ്‌...

    ReplyDelete
  2. ഹാറ്റ്‌സ്‌ ഓഫ്‌ ...!! Mr:ജാക്ക്‌ ഹിഗ്ഗിന്‍സ്‌...

    ധീരന്മാരിൽ ധീരൻ...

    ഇത്തവണ ചടുപിടുന്നനെ ഇക്കഥയുടെ സപ്തതി ആഘോഷിച്ചല്ലോ...

    ReplyDelete
  3. നല്ല തര്‍ജമ ...തുടരന്‍ ആയതു കൊണ്ട് ഇടയ്ക്ക് വായന മുടങ്ങി

    ReplyDelete
  4. കിടു കിടിലന്‍...

    അല്ലെങ്കിലും ഗെറിക്ക് എന്തെങ്കിലും ചെയ്യും എന്ന് നമുക്ക് ഉറപ്പായിരുന്നല്ലോ... ബാക്കി ഭാഗങ്ങള്‍ വേഗം വരട്ടെ... കാത്തിരിയ്ക്കുന്നു.

    ReplyDelete
  5. ഓ.. എന്നാ കിടിലന്‍ വിവരണമാണ്!! ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ത്ത് 'അയ്യോ, തീര്‍ന്നു പോയല്ലോ' എന്ന് നെടുവീര്‍പ്പിട്ടു.. അപാരം..

    നെക്കറുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍, "വിനുവേട്ടനെ പരിചയപ്പെടാനും ഈ നോവല്‍ വായിക്കാനും സാധിച്ചത് എന്‍റെ ജീവിതത്തിലെ വലിയ ബഹുമതി തന്നെയാണ്.."

    (ഇനി ഒരാഴ്ച കാത്തിരിക്കണമല്ലോ എന്നാലോചിക്കുമ്പോളാ...)

    ReplyDelete
  6. ആഹാ...വിനുവേട്ടനു മനസ്സു വായിക്കാനറിയാമോ.? ഇത്തവണ നേരത്തേ പോസ്റ്റിയല്ലോ...

    പതിവു പോലെ ഈ ലക്കവും തകര്‍പ്പന്‍...
    ഒപ്പം അടുത്ത ഭാഗങ്ങള്‍ക്കായുള്ള ആകാംഷയും..

    ReplyDelete
  7. മുരളിഭായ്‌... അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. പരസ്പരസ്പര്‍ദ്ധക്ക്‌ പകരം മാനവികത എന്ന മൂല്യം എത്ര മനോഹരമായിട്ടാണ്‌ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്‌...

    രമേഷ്‌... ഇനിയും തുടരാമല്ലോ...

    ശ്രീ... ഗെറിക്കിന്‌ എന്തുചെയ്യാന്‍ കഴിയുമെന്ന് നമുക്ക്‌ നോക്കാം...

    ജിമ്മി... അത്രയും വേണോ...?

    ചാര്‍ളി... അങ്ങനെയാണോ...? മനസ്സിലൊന്നു വിചാരിച്ചാല്‍ മതി, ആ നിമിഷം ഞാന്‍ പ്രത്യക്ഷപ്പെടും... ഹ ഹ ഹ...

    ReplyDelete
  8. ചടുലത നിനിര്ത്തി അവതരിപ്പിക്കുന്നതില്‍ മുഷിപ്പ് വരാതെ വായിക്കാന്‍ ആവുന്നു.പ്രതീക്ഷകള്‍ നിലനില്‍ക്കട്ടെ. ഇനി അടുതതത്തില്‍ കാണാം അല്ലെ?

    ReplyDelete
  9. റാംജിഭായ്‌... സന്തോഷംട്ടോ വീണ്ടുമുള്ള വരവിന്‌. റാംജിഭായിയുടെ മനഃസമാധാനം കെടുത്തിയപ്പോള്‍ എനിക്ക്‌ സന്തോഷമായി.

    ജയരാജ്‌... സന്ദര്‍ശനത്തിന്‌ നന്ദി. വീണ്ടും വരിക...

    ReplyDelete
  10. ഹാറ്റ്സ് ഓഫ്‌ റ്റുജാക്ക് ഹിഗ്ഗിന്‍സ്. ഹാറ്റ്സ് ഓഫ്‌ റ്റു വിനുവേട്ടന്‍.
    മലയാളത്തില്‍ അതീവസുന്ദരമായി വിവര്‍ത്തനം നടത്തിയതിനും
    ചിലവില്ലാതെ ബ്ലോഗിലൂടെ വായന സൗകര്യം ഉണ്ടാക്കിയതിനും.

    ReplyDelete
  11. വിനുവേട്ടാ
    പതിവ് പോലെ നന്നായിട്ടുണ്ട്

    ReplyDelete
  12. സുകന്യാജി... നല്ലവാക്കുകള്‍ക്ക്‌ നന്ദി... വിരലില്‍ എണ്ണാവുന്നവരെങ്കിലും സ്ഥിരം വായനക്കാര്‍ക്ക്‌ ഇതൊരു ഹരമായി മാറി എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്‌...

    രാധിക... അവസാനം ഓടിയെത്തി അല്ലേ... നന്ദി...

    ReplyDelete
  13. ഹാറ്റ്‌സ്‌ ഓഫ്‌ വിനുവേട്ടാ. യൂ ആര്‍ ഗ്രേറ്റ്‌ !

    ReplyDelete
  14. ബാക്കി കൂടെ വേഗം വായിക്കട്ടെ

    ReplyDelete
  15. ഹാവൂ...പരിസമാപ്തിയിലേക്കാണാ????

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...