പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, December 28, 2010

സ്റ്റോം വാണിംഗ്‌ - 75

ക്വാര്‍ട്ടര്‍ ഡെക്കിന്റെ അഴികളോട്‌ ചേര്‍ന്ന് ഇരിക്കുകയാണ്‌ ജാഗോയും റീവും ബെര്‍ഗറും. ഡോയ്‌ഷ്‌ലാന്റ്‌ അല്‍പ്പം കൂടി വലതുവശത്തേക്ക്‌ നീങ്ങി. ഓരോ തിര വന്നടിക്കുമ്പോഴും കപ്പല്‍ പതുക്കെ ഇളകിക്കൊണ്ടിരുന്നു.

ചുരുങ്ങിയത്‌ ഒരു നൂറാമത്തെ തവണയെങ്കിലുമായിരിക്കും റീവ്‌ ഫാഡാ ദ്വീപിലേക്ക്‌ നോക്കുന്നത്‌. എന്നാല്‍ ഇത്തവണ അദ്ദേഹം അത്‌ കാണുകതന്നെ ചെയ്തു. വലതുവശത്ത്‌ ഏതാണ്ട്‌ ഒരു മൈല്‍ അകലെ മൊറാഗ്‌ സിന്‍ക്ലെയര്‍ തിരമാലയുടെ മുകളിലേക്ക്‌ ഉയരുന്നു.

"അവര്‍ വരുന്നുണ്ട്‌...!" ജാഗോയുടെ ചുമലില്‍ ഒരു ഭ്രാന്തനെപ്പോലെ തട്ടിക്കൊണ്ട്‌ റീവ്‌ വിളിച്ചുകൂവി. "ഞാന്‍ കണ്ടതാണ്‌..."

ജാഗോ ചാടിയെഴുന്നേറ്റ്‌ അഴികളില്‍ പിടിച്ച്‌ കനം തൂങ്ങിയ കണ്ണുകളോടെ കോരിച്ചൊരിയുന്ന മഴയ്ക്കുള്ളിലൂടെ തുറിച്ചു നോക്കി.

"ഇല്ല..." നിരാശയും ദ്വേഷ്യവും കലര്‍ന്ന സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. "താങ്കള്‍ ഓരോന്ന് ഭാവനയില്‍ കണ്ടു തുടങ്ങിയിരിക്കുന്നു അഡ്‌മിറല്‍...."

എന്നാല്‍, ബെര്‍ഗറെ തട്ടി വിളിച്ചിട്ട്‌ റീവ്‌ വീണ്ടും വിളിച്ചു കൂവി. ഇപ്രാവശ്യം അവരെല്ലാവരും തന്നെ ആ ലൈഫ്‌ബോട്ടിനെ വ്യക്തമായി കണ്ടു. അതോടെ അവിടെ നിന്നിരുന്ന എല്ലാവരുടെയും കണ്ഠങ്ങളില്‍ നിന്ന് ആര്‍പ്പുവിളികള്‍ ഉയര്‍ന്നു.

ബെര്‍ഗര്‍ സ്റ്റേമിനെ കൈ കാട്ടി വിളിച്ചു. "എന്റെ ക്യാബിനില്‍ ചെന്ന് ആ കന്യാസ്ത്രീകളെ കൂട്ടിക്കൊണ്ടു വരൂ..."

സ്റ്റേം ബെര്‍ഗറുടെ ക്യാബിനിലേക്ക്‌ നടന്നു. ആ നിമിഷത്തില്‍ മറ്റൊരു കൂറ്റന്‍ തിരമാല വന്ന് ഡോയ്‌ഷ്‌ലാന്റില്‍ അടിച്ചു. കപ്പല്‍ ഒന്നാകെ പാറക്കെട്ടിന്റെ അഗ്രത്തിലേക്ക്‌ നീങ്ങി. കപ്പലിന്റെ മുന്നിലെ ഒരു ചെറിയ ഭാഗം പൊട്ടിത്തകര്‍ന്ന് തെറിച്ചുപോയി. അത്രയും നേരം പിടിച്ചുനിന്നിരുന്ന കാറ്റുപായ ഒരു ഭീമാകാരനായ പക്ഷിയെപ്പോലെ ചിറകടിച്ച്‌ അതോടൊപ്പം പറന്നുപോയി.

"അവരെ പെട്ടെന്ന് തന്നെ കൊണ്ടുവരണം..." ജാഗോ പറഞ്ഞു. "ഇപ്പോള്‍ വന്നടിച്ച ആ തിര വച്ച്‌ നോക്കിയാല്‍ നമുക്കിനി അധികനേരം അവശേഷിച്ചിട്ടില്ല..."

* * * * * * * * * * * * * * * * * * * * * * * * * * * * *

മൂന്നാമത്തെ ചുമരും വെട്ടിപ്പൊളിച്ച്‌ ഉള്ളില്‍ കടന്നപ്പോഴാണ്‌ പുറത്ത്‌ ഡെക്കില്‍ നിന്നവരുടെ ആര്‍പ്പുവിളിയുടെ ശബ്ദം റിക്ടര്‍ കേട്ടത്‌. ഒന്ന് സംശയിച്ചു നിന്നിട്ട്‌ അദ്ദേഹം മഴു താഴെയിട്ടു. പിന്നെ താന്‍ അല്‍പ്പം മുമ്പ്‌ ഉണ്ടാക്കിയ കവാടത്തിലൂടെ പിറകോട്ട്‌ ഇഴഞ്ഞു. ഡെക്കിന്റെ പലകയില്‍ കൈയെത്തി പിടിച്ച്‌ അദ്ദേഹം മുകളിലേക്ക്‌ കയറി. കപ്പല്‍ വീണ്ടും അല്‍പ്പം കൂടി നിരങ്ങി. ആ നിമിഷത്തിലാണ്‌ കുറച്ച്‌ അകലെ ഉയര്‍ന്ന ഒരു തിരമാലയുടെ മുകളിലേക്ക്‌ കയറുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെ അദ്ദേഹം കണ്ടത്‌.

അദ്ദേഹത്തിന്‌ എത്ര സമയം ലഭിക്കും...? അറിയില്ല... വീണ്ടും താഴേക്ക്‌ ചാടി വെള്ളത്തിലൂടെ വന്ന വഴി അത്രയും പിന്നിട്ട്‌ താന്‍ മഴു ഇട്ട സ്ഥലത്ത്‌ തന്നെ അദ്ദേഹം വന്നെത്തി.

സൗകര്യത്തിനായി പണ്ടെങ്ങോ രണ്ടായി തിരിച്ചതായിരുന്നു ആ ക്യാബിന്‍. അതിനാല്‍ ആ ഇടഭിത്തിക്ക്‌ അദ്ദേഹം ആദ്യം വെട്ടിപ്പൊളിച്ച ചുമരിന്റെ അത്ര ഉറപ്പുണ്ടായിരുന്നില്ല. മഴു എടുത്ത്‌ അദ്ദേഹം പൂര്‍വ്വാധികം ശക്തിയോടെ ആ ചുമരില്‍ ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, December 21, 2010

സ്റ്റോം വാണിംഗ്‌ - 74

പ്രതിബന്ധങ്ങളെ വെട്ടിമാറ്റി റിക്ടര്‍ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌ അല്‍പ്പമൊന്നുയര്‍ന്ന് നിരങ്ങി നീങ്ങാന്‍ തുടങ്ങിയത്‌. "ഓ, ദൈവമേ... ഇത്‌ തന്നെ അവസാനം..." അദ്ദേഹം മനസ്സില്‍ പറഞ്ഞു.

എന്നാല്‍, ഒരു ഞരക്കത്തോടെ കപ്പല്‍ വീണ്ടും പാറക്കെട്ടിന്‌ മുകളില്‍ തന്നെ വീണു. കുറച്ചുകൂടി പലകകളും മറ്റും ഇളകുവാന്‍ അത്‌ കാരണമായി. ആ ആഘാതത്തില്‍ പ്രക്ഷുബ്ധമായ ജലം ശാന്തമാകുവാന്‍ റിക്ടര്‍ അല്‍പ്പനേരം കാത്തുനിന്നു. അല്‍പ്പം പോലും ഭയം തനിക്ക്‌ അനുഭവപ്പെടുന്നില്ല എന്ന അപരിചിതമായ വസ്തുത അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ലോട്ടെക്ക്‌ എന്ത്‌ സംഭവിച്ചു എന്നറിയുവാനുള്ള വൈകാരികമായ ആകാംക്ഷയില്‍ അദ്ദേഹം സകലതും വിസ്മരിച്ചിരുന്നു.

പമ്പുകള്‍ സ്ഥിതി ചെയ്തിരുന്നയിടത്ത്‌ ഒരു തൂണില്‍ ഒരു റാന്തല്‍ വിളക്ക്‌ ആടിക്കൊണ്ടിരുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. സലൂണിലേക്ക്‌ കടക്കുവാനുള്ള വഴിയൊരുക്കുവാനായി അദ്ദേഹം തന്റെ മഴു എടുത്ത്‌ ചുമരിന്റെ പലകകളില്‍ ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * *

മേരിസ്‌ ടൗണ്‍ കുന്നിന്റെ താഴ്‌വാരത്തായിരുന്നതിനാല്‍ കാര്യങ്ങള്‍ വളരെ എളുപ്പമായിരുന്നു. റെയില്‍വേ ട്രാക്കിലൂടെ മൊറാഗ്‌ സിന്‍ക്ലെയര്‍ അതിവേഗം മുന്നോട്ട്‌ നീങ്ങുവാന്‍ തുടങ്ങി. പഴയ അവസ്ഥയല്ല ഇപ്പോള്‍. മുമ്പ്‌, ട്രോളിയുടെ മുന്നില്‍ നിന്ന് വലിച്ചിരുന്ന ആളുകളെല്ലാം ഇപ്പോള്‍ അതിന്റെ പിന്നില്‍ നിന്ന് ട്രോളിയെ പിറകോട്ട്‌ വലിക്കുവന്‍ തുടങ്ങി. അല്ലെങ്കില്‍ ട്രോളിയും ബോട്ടുമെല്ലാം അവരുടെ നിയന്ത്രണത്തില്‍ നിന്ന് വിട്ടുപോകുമായിരുന്നു.

മര്‍ഡോക്ക്‌ അവരോടൊപ്പം ഓടി നടന്ന് ഗെറിക്കിനും ലാക്ലനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്നു. സൗത്ത്‌ ഇന്‍ലെറ്റില്‍ വച്ച്‌ ഉപയോഗിച്ച അതേ മരത്തടികള്‍ തന്നെ ഇപ്പോള്‍ ട്രോളിയുടെ വേഗത കുറയ്ക്കുവാനായി അവര്‍ ഉപയോഗപ്പെടുത്തി.

മൊറാഗ്‌ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കുതിക്കുക തന്നെയാണ്‌. വലിയ ശബ്ദത്തോടെ ട്രോളിയില്‍ ഇരുവശങ്ങളിലേക്കും ആടിയുലഞ്ഞുകൊണ്ട്‌ ആ ബോട്ട്‌ ഹൈസ്ട്രീറ്റില്‍ എത്തി. സാമാന്യം വേഗതയോടെ തന്നെയാണ്‌ ട്രോളി ജെട്ടിയിലേക്കിറിങ്ങി മുന്നോട്ട്‌ നീങ്ങിയത്‌. ഗെറിക്കും ലാക്ലനും കൂടി ചടുലതയോടെ മരക്കഷണങ്ങള്‍ മുന്നിലെടുത്തിട്ട്‌ ഒരു വിധം ട്രോളി നിര്‍ത്തി. സാവധാനം, വളരെ സാവധാനം, ബോട്ട്‌ നിലത്തേക്ക്‌ നിരങ്ങിയിറങ്ങി നിന്നു.

എല്ലാവരും തളര്‍ന്ന് അവശരായിരുന്നതിനാല്‍ നിശബ്ദരായിരുന്നു. മര്‍ഡോക്ക്‌, കയറേണി വഴി ബോട്ടിലേക്ക്‌ കയറിയിട്ട്‌ ഗെറിക്കിന്‌ നേരെ തലയാട്ടി. "കമാന്‍ഡര്‍, നിങ്ങളും കൂടി..."

ഗെറിക്കും അദ്ദേഹത്തെ പിന്തുടര്‍ന്നു. കയറേണിയിലൂടെ മുകളിലേക്ക്‌ കയറിക്കൊണ്ടിരിക്കുമ്പോള്‍, തന്റെ കൈകള്‍ക്ക്‌ ശരീരത്തിന്റെ ഭാരം താങ്ങാനാവുന്നില്ലല്ലോ എന്ന് മനസ്സിലാക്കിയ അദ്ദേഹം ആശ്ചര്യം കൊണ്ടു.

മര്‍ഡോക്ക്‌, താഴെ നില്‍ക്കുന്ന ജനക്കൂട്ടത്തിന്‌ നേരെ നോക്കി ചോദിച്ചു. "എന്ത്‌ പറ്റി നിങ്ങള്‍ക്കെല്ലാം...? വെറും പതിനഞ്ച്‌ ടണ്‍ അല്ലേയുള്ളൂ ഇത്‌...? ഒരു കൈ കൂടി..."

ആരും ഒന്നും ശബ്ദിച്ചില്ല. എങ്കിലും ആ സ്ത്രീകള്‍ ചാടിയെഴുന്നേറ്റ്‌ വീണ്ടും കയറുകളില്‍ പിടിച്ചു. നിമിഷങ്ങള്‍ക്കകം അവര്‍ എല്ലാവരും ചേര്‍ന്ന് ബോട്ടിനെ സ്ലിപ്പ്‌വേയില്‍ എത്തിച്ചു. അടുത്ത നിമിഷം മൊറാഗ്‌ വെള്ളത്തിലേക്ക്‌ നിരങ്ങിയിറങ്ങുവാന്‍ തുടങ്ങി.

ബോട്ട്‌ വെള്ളത്തിലേക്കിറങ്ങുന്നത്‌ അര്‍ദ്ധബോധാവസ്ഥയിലെന്ന പോലെ ജാനറ്റ്‌ കണ്ടു. തന്റെ സമീപത്ത്‌ നിന്നിരുന്ന ജീന്‍ സിന്‍ക്ലെയര്‍ നിസ്സഹായയായി കരഞ്ഞുകൊണ്ടിരിക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു.

പെട്ടെന്ന് ഗെറിക്കിന്റെ ശബ്ദം അവളെ ഉണര്‍ത്തി. "വേഗം... ആ പെട്രോള്‍ ഡ്രമ്മുകള്‍ കൊണ്ടുവരൂ... വേഗമാകട്ടെ..."

ബോട്ടിന്റെ ഭാരം കുറയ്ക്കുവാന്‍ വേണ്ടി സൗത്ത്‌ ഇന്‍ലെറ്റില്‍ വച്ച്‌ അവര്‍ ബോട്ടിന്റെ ഇന്ധനടാങ്കുകള്‍ കാലിയാക്കിയിരുന്നു.

ബോട്ടിന്റെ പിന്‍ഭാഗത്തുള്ള കോക്‌ക്‍പിറ്റില്‍ നിന്ന് മര്‍ഡോക്ക്‌ വിളിച്ചു. "ലാക്ലന്‍... നീയവിടെയില്ലേ...? നിന്റെ വയറൊന്നും ഇപ്പോള്‍ പ്രശ്നമല്ല... നിന്നെ ഇവിടെ ആവശ്യമുണ്ട്‌... പിന്നെ... ഹാമിഷ്‌... ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണ്‍... ഇപ്പോഴും ഒരു കൈ നോക്കിക്കൂടേ...?"

അവരെല്ലാം മുന്നോട്ട്‌ നീങ്ങി. ജയിംസ്‌ സിന്‍ക്ലെയര്‍ പോലും. അദ്ദേഹത്തിന്റെ സഹോദരനായിരുന്നു അപ്പുറത്ത്‌ ട്രാക്കില്‍ മരിച്ചുകിടന്നിരുന്നത്‌. ജാനറ്റ്‌ പെട്ടെന്ന് തിരിഞ്ഞ്‌ ഹൈസ്ട്രീറ്റിലൂടെ ഓടി. ഒരു പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു അവള്‍ക്ക്‌ അപ്പോള്‍. കോട്ടേജില്‍ എത്തിയിട്ടേ അവള്‍ നിന്നുള്ളൂ. ഉള്ളില്‍ കടന്ന് തന്റെ മെഡിക്കല്‍ ബാഗ്‌ വലിച്ചെടുത്ത്‌ അവള്‍ ഹാര്‍ബറിലേക്ക്‌ തിരികെ ഓടി.

ജെട്ടിയില്‍ ഉണ്ടായിരുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ തിക്കിത്തിരക്കി അവള്‍ ബോട്ടിനടുത്തെത്തി. ബോട്ടിന്റെ ഡെക്കിലുള്ളവരെല്ലാം ലൈഫ്‌ജാക്കറ്റ്‌ ധരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും തന്നെ മഞ്ഞ നിറമുള്ള ഓയില്‍സ്കിന്‍ ധരിച്ചിട്ടുണ്ട്‌. ഗെറിക്ക്‌ പോലും. ഒന്ന് രണ്ട്‌ പടവുകള്‍ താഴോട്ടിറങ്ങി അവള്‍ ബോട്ടിന്റെ ഡെക്കിലേക്ക്‌ ചാടി.

മര്‍ഡോക്ക്‌ തിരിഞ്ഞ്‌ അവളെ സൂക്ഷിച്ചുനോക്കി. "നീ എങ്ങോട്ടാണ്‌ കുട്ടീ...?"

"നിങ്ങള്‍ ആറ്‌ പേരല്ലേ ഉള്ളൂ മര്‍ഡോക്ക്‌...? താങ്കളുടെ ആ കൈ വച്ച്‌ നോക്കിയാല്‍ അഞ്ചര ആളേ ഉള്ളൂ... ക്രൂ തികയാന്‍ എട്ട്‌ പേര്‍ വേണം..."

ഗെറിക്ക്‌ അവര്‍ക്കിടയിലേക്ക്‌ വന്നു. അവളുടെ ചുമലില്‍ കൈ വച്ചിട്ട്‌ പറഞ്ഞു. "ഇത്‌ സ്ത്രീകള്‍ക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ല ജാനറ്റ്‌... നീ അത്‌ മനസ്സിലാക്കണം...."

"അപ്പോള്‍ ഈ നശിച്ച ബോട്ട്‌ ഇത്രയും ദൂരം നിങ്ങള്‍ക്ക്‌ വേണ്ടി വലിച്ചുകൊണ്ടുവന്നത്‌ ആരാണ്‌...?" അവള്‍ തന്റെ മെഡിക്കല്‍ ബാഗ്‌ ഉയര്‍ത്തിക്കാണിച്ചു. "ഒരു സ്ത്രീ എന്ന നിലയില്‍ അല്ല ഞാനിവിടെ വന്നിരിക്കുന്നത്‌... ഒരു ഡോക്ടര്‍ എന്ന നിലയിലാണ്‌... ഈ യാത്രയില്‍ എന്നെ കൂടെ കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ സന്തോഷിക്കുകയാണ്‌ വേണ്ടത്‌..."

ഗെറിക്ക്‌ മറുപടി പറയുവാനായി തുനിഞ്ഞു. പക്ഷേ, മര്‍ഡോക്ക്‌ അദ്ദേഹത്തെ പിടിച്ചുമാറ്റി.

"തര്‍ക്കിച്ച്‌ നില്‍ക്കാന്‍ സമയമില്ല... നീയും വന്നോളൂ കുട്ടീ നരകത്തിലേക്ക്‌... കോക്‌ക്‍പിറ്റിലേക്ക്‌ ചെല്ലൂ..." അദ്ദേഹം അവളെ പിടിച്ച്‌ മുന്നോട്ട്‌ തള്ളി. "അവിടെ ഓയില്‍സ്കിന്നും ലൈഫ്‌ജാക്കറ്റും കാണും. അവയെടുത്ത്‌ ധരിച്ച്‌ അവിടെത്തന്നെ നിന്നോളൂ..."

ഗെറിക്കിന്റെ മുഖം വിളറിയിരുന്നു. ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ അദ്ദേഹം സ്റ്റിയറിങ്ങിനടുത്തേക്ക്‌ നടന്നു. അടുത്ത നിമിഷം ലാക്ലന്‍ ബോട്ടിന്റെ കയര്‍ അഴിച്ചു. മൊറാഗ്‌, തുറമുഖത്തേക്ക്‌ കടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, December 14, 2010

സ്റ്റോം വാണിംഗ്‌ - 73

ലൈഫ്‌ബോട്ട്‌ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ടിട്ട്‌ മൊറാഗ്‌ സിന്‍ക്ലെയര്‍ കുന്നിന്റെ ഏതാണ്ട്‌ മുകളിലെത്തിയിരിക്കുന്നു ഇപ്പോള്‍. വലിയ ഇരുമ്പുചക്രങ്ങളുള്ള ട്രോളിയിലാണ്‌ ബോട്ട്‌ ഇരിക്കുന്നത്‌. ബോട്ട്‌ ട്രോളിയിലേക്ക്‌ കയറ്റുന്ന കാര്യം അത്ര എളുപ്പമല്ലെന്നായിരുന്നു ഗെറിക്ക്‌ ആദ്യം കരുതിയത്‌. എന്നാല്‍ പ്രശ്നം വളരെ ലളിതമയിരുന്നു. ബോട്ടിനെ കടലിലേക്ക്‌ തന്നെ തള്ളിയിറക്കിയിട്ട്‌ ട്രോളി അതിനടുത്ത്‌ വരെ കൊണ്ടുചെന്നു. അടുത്ത നിമിഷം, തിരമാല ബോട്ടിനെ ട്രോളിയിലേക്ക്‌ എടുത്തിട്ട്‌ കൊടുത്തു.

ട്രോളി ഇപ്പോള്‍ കുന്നിന്റെ അഗ്രത്തിലെത്താറായിരിക്കുന്നു. പതിനൊന്ന് കുതിരകള്‍, നാല്‍പ്പത്തിയൊന്ന് വനിതകള്‍, പതിനെട്ട്‌ കുട്ടികള്‍, പതിനൊന്ന് പുരുഷന്മാര്‍... ഇത്രയും പേര്‍ ചേര്‍ന്നാണ്‌ ട്രോളി വലിക്കുന്നത്‌.

ഗെറിക്കും ലാക്ലനും ട്രോളിയുടെ പിന്നില്‍ നടന്ന് വലിയ തടിക്കഷണങ്ങളും മറ്റും എടുത്ത്‌ ചക്രങ്ങള്‍ക്ക്‌ പിന്നിലിട്ട്‌ ട്രോളി പിറകോട്ട്‌ ഉരുളാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. കാറ്റോടു കൂടിയ മഴ അവരുടെ ദേഹത്തിനുള്ളിലേക്ക്‌ തുളച്ചിറങ്ങുന്നത്‌ പോലെ തോന്നി.

പെട്ടെന്ന് ജാനറ്റിന്റെ ഒന്ന് രണ്ട്‌ വാര മുന്നിലായി മഞ്ഞ ഓയില്‍സ്കിന്‍ ധരിച്ച ഒരു രൂപം മുന്നോട്ട്‌ കമഴ്‌ന്നു വീണു. വലിച്ചുകൊണ്ടിരുന്ന കയറില്‍ നിന്നും പിടി വിട്ട്‌ ഓടിച്ചെന്ന അവള്‍ അത്ഭുതപ്പെട്ടു പോയി. വിളറി വെളുത്ത്‌, തല മുഴുവനും നരച്ച, ചുരുങ്ങിയത്‌ ഒരു എഴുപത്‌ വയസ്സ്‌ എങ്കിലും തോന്നിക്കുന്ന ഒരു വൃദ്ധയായിരുന്നു അത്‌. അവരുടെ കൈകളില്‍ രക്തം പുരണ്ടിരുന്നു. കുറച്ചുനേരം തന്റെ മുറിവിലേക്ക്‌ നോക്കി ഇരുന്ന അവര്‍ തന്റെ സ്കേര്‍ട്ട്‌ ഉയര്‍ത്തി പെറ്റിക്കോട്ടില്‍ നിന്നും അല്‍പ്പം തുണി വലിച്ചു കീറി.

മുറിവേറ്റ തന്റെ കൈയില്‍ അത്‌ കെട്ടുവാന്‍ അവര്‍ ശ്രമിക്കുന്നതിനിടയില്‍ ജാനറ്റ്‌ അവരെ ഒരു വശത്തേക്ക്‌ മാറ്റിയിരുത്തുവാന്‍ ശ്രമിച്ചു. "നിങ്ങള്‍ അങ്ങോട്ട്‌ മാറി ഇരിക്കൂ..."

"എന്നെ വിടൂ കുട്ടീ..." ആ വൃദ്ധ അവളെ തള്ളി മാറ്റിയിട്ട്‌ ആടിയാടി നടന്ന് തന്റെ സ്ഥാനത്ത്‌ ചെന്നുനിന്ന് കയര്‍ വലിക്കുവാന്‍ തുടങ്ങി.

"മൈ ഗോഡ്‌... ഇത്‌ ഭ്രാന്ത്‌ തന്നെ..." ജാനറ്റിന്‌ പറയാതിരിക്കാനായില്ല.

മര്‍ഡോക്ക്‌ അടുത്ത്‌ വന്ന് അവളെ പിടിച്ചുയര്‍ത്തി. "കുഴപ്പമൊന്നുമില്ലല്ലോ ജാനറ്റ്‌...?"

"ഇല്ല... എനിക്ക്‌ കുഴപ്പമൊന്നുമില്ല..."

"പിന്നെ എന്തിനാണ്‌ നീ നിന്റെ സ്ഥാനത്ത്‌ നിന്നും മാറിയത്‌...?"

അദ്ദേഹം അവളെ കനപ്പിച്ചൊന്നു നോക്കി. മനസ്സില്ലാമനസ്സോടെയെങ്കിലും അവള്‍ അവിടെ നിന്ന് ഓടിപ്പോയി ജീന്‍ സിന്‍ക്ലെയറിന്റെ അടുത്ത്‌ ചെന്ന് അവര്‍ക്കൊപ്പം വലിക്കുവാന്‍ തുടങ്ങി.

സമയത്തിനിപ്പോള്‍ പ്രസക്തിയില്ല. ദേഹമാസകലം വേദനിക്കുന്നു. എങ്കിലും തന്റെ ചുറ്റുമുള്ളവരുടെ ആര്‍പ്പുവിളികളും പ്രോത്സാഹനങ്ങളും അവളെ അത്ഭുതപ്പെടുത്തി. വേദനയുടെ കാഠിന്യം അല്‍പ്പാല്‍പ്പമായി കുറയുന്നത്‌ പോലെ അവള്‍ക്ക്‌ തോന്നി. പെട്ടെന്ന് എല്ലാവരും കൂടി ആര്‍ത്തുവിളിച്ചു. ട്രോളി കുന്നിന്റെ നെറുകയില്‍ നിന്ന് താഴോട്ട്‌ ഉരുണ്ടു തുടങ്ങിയിരുന്നു. അവര്‍ പൂര്‍വാധികം വേഗതയില്‍ മുന്നോട്ട്‌ നീങ്ങുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * *

അദ്ദേഹം നില്‍ക്കുന്ന സ്ഥാനത്ത്‌ ഡെക്കിനടിയില്‍ അഞ്ച്‌ മുതല്‍ പത്ത്‌ അടി വരെ വെള്ളമുണ്ടായിരുന്നു. കപ്പല്‍ വലത്‌ വശത്തേക്ക്‌ കുത്തനെ ചരിഞ്ഞിട്ടുണ്ട്‌. ചുമരില്‍ കിടന്ന് ആടിക്കൊണ്ടിരുന്ന റാന്തല്‍ വിളക്ക്‌ റിക്ടര്‍ വെള്ളത്തിന്‌ മുകളിലേക്ക്‌ വന്നപ്പോള്‍ തകര്‍ന്ന് ചിതറി.

യഥാര്‍ത്ഥത്തില്‍ മുന്നോട്ട്‌ നീങ്ങാന്‍ മാര്‍ഗ്ഗമൊന്നുമുണ്ടായിരുന്നില്ല. പല വസ്തുക്കളും വീണ്‌ വഴി തടസ്സപ്പെട്ട്‌ കിടക്കുകയാണ്‌. അഥവാ അങ്ങനെ തടസ്സമില്ലായിരുന്നുവെങ്കില്‍ തന്നെയും അത്രയും സമയം വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ച്‌ നില്‍ക്കുവാന്‍ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ല.

ഇനി ഒറ്റ മാര്‍ഗമേയുള്ളൂ. മുഷ്ടി ചുരുട്ടി അദ്ദേഹം ചുമരില്‍ ഇടിച്ചു നോക്കി. ഇപ്പോഴും നല്ല ഉറപ്പുണ്ട്‌. ഉള്ളിലേക്ക്‌ കടക്കാന്‍ വേറെ മാര്‍ഗ്ഗമില്ല. അദ്ദേഹം തന്റെ ഫയര്‍ ആക്സ്‌ എടുത്ത്‌ ചുമരില്‍ ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * *

മൊറാഗ്‌ സിന്‍ക്ലെയര്‍ ഇപ്പോള്‍ ഏതാണ്ട്‌ പകുതി ദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. തുറസ്സായ സ്ഥലമായതിനാല്‍ കാറ്റ്‌ ആഞ്ഞ്‌ വീശുന്നുണ്ടായിരുന്നു. തന്മൂലം ട്രോളിയുടെ വേഗത അല്‍പ്പമൊന്ന് മന്ദീഭവിച്ചു.

ഒരു യുദ്ധക്കളത്തിന്റെ പ്രതീതിയായിരുന്നു അവിടെങ്ങും. ചിലര്‍ അവിടവിടെയായി ക്ഷീണിച്ച്‌ തളര്‍ന്ന് ഇരിക്കുന്നു. അധികനേരം തന്നെക്കൊണ്ട്‌ ഈ ജോലിക്ക്‌ കഴിയില്ല എന്ന് ജാനറ്റിന്‌ മനസ്സിലായി. എന്നിട്ടും ജീനിന്റെ സമീപത്ത്‌ നിന്ന് അവള്‍ വലി തുടര്‍ന്നു. ചുമലില്‍ കയര്‍ ഉരഞ്ഞ്‌ കടുത്ത വേദനയുണ്ടാക്കുന്നു. കൈയില്‍ നിന്ന് രക്തം പൊടിയാന്‍ തുടങ്ങിയിരിക്കുന്നു.

അവള്‍ ദൂരെ കടലിലേക്ക്‌ നോക്കി. അത്‌ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭയാനകമായ കാഴ്ചയായി അവള്‍ക്ക്‌ തോന്നി. എമ്പാടും വെളുത്ത നുരയും പതയും നിറഞ്ഞ്‌ ഇളകി മറിയുന്ന സമുദ്രം. അതില്‍ നിന്ന് ഉയര്‍ന്ന് വന്ന പുക പോലെ വലയങ്ങളായി കറുകറെ കറുത്ത്‌ ആകാശം മുഴുവന്‍ നിറഞ്ഞ്‌ നില്‍ക്കുന്ന മേഘക്കൂട്ടങ്ങള്‍. അവ ഇപ്പോള്‍ ഭൂമിയെ ഒന്നാകെ മൂടിക്കളയുമെന്ന് അവള്‍ക്ക്‌ തോന്നിപ്പോയി.

പെട്ടെന്നാണ്‌ അവളുടെ അല്‍പ്പം മുന്നിലായി വലിച്ചുകൊണ്ടിരുന്ന ഡോഗള്‍ സിന്‍ക്ലെയര്‍ ഒരു വശത്തേക്ക്‌ വേച്ച്‌ വേച്ച്‌ കാലിടറി വീണത്‌. കയറില്‍ നിന്ന് പിടി വിട്ട്‌ ജാനറ്റ്‌ അദ്ദേഹത്തിന്റെയടുത്തേക്ക്‌ ഓടിച്ചെന്നു. മലര്‍ന്ന് കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ ദൃഷ്ടികള്‍ ഇരുണ്ട ആകാശത്തേക്ക്‌ കേന്ദ്രീകരിച്ചിരുന്നു. രണ്ട്‌ നിമഷം കഴിഞ്ഞാണ്‌ ആ നോട്ടത്തിന്‌ അപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് അവള്‍ മനസ്സിലാക്കിയത്‌. പെട്ടെന്നവള്‍ അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ ജാക്കറ്റിന്റെ ബട്ടണുകള്‍ അഴിച്ച്‌ ഹൃദയമിടിപ്പ്‌ പരിശോധിച്ചു.

ഗെറിക്ക്‌ അവളുടെ അരികില്‍ വന്ന് മുട്ടുകുത്തി ഇരുന്നു.

"എന്ത്‌ പറ്റി...? നിനക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ...?"

"ഇദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞിരിക്കുന്നു..." അവള്‍ കടുത്ത സ്വരത്തില്‍ പറഞ്ഞു. "തൃപ്തിയായില്ലേ താങ്കള്‍ക്ക്‌...?"

* * * * * * * * * * * * * * * * * * * * * * * * * * * *

ക്വാര്‍ട്ടര്‍ ഡെക്കിന്റെ ഒരു അരികിലിരുന്ന് തന്റെ പോക്കറ്റ്‌ ടെലിസ്കോപ്പ്‌ എടുത്ത്‌ റീവ്‌ ഫാഡായിലേക്ക്‌ നോക്കി.

"രക്ഷയില്ല്ല..." അദ്ദേഹം ജാഗോയോട്‌ വിളിച്ചു പറഞ്ഞു. "ഒരു പക്ഷേ, കുന്നിന്‍ മുകളില്‍ നിന്നാല്‍ അവര്‍ക്ക്‌ നമ്മെ കാണാമായിരിക്കും... പക്ഷേ, എനിക്ക്‌ ദ്വീപ്‌ തന്നെ കാണാന്‍ സാധിക്കുന്നില്ല..."

"അവരൊന്നും വരുന്നില്ല അഡ്‌മിറല്‍... അവരൊട്ട്‌ വരാനും പോകുന്നില്ല.. ഇത്‌ നമ്മുടെ വിധിയാണ്‌..."

ജഗോ തന്റെ കണ്ണുകള്‍ ചേര്‍ത്തടച്ചു. വീണ്ടും ഒരു തിര അവര്‍ക്ക്‌ മുകളിലൂടെ കടന്നുപോയി. അത്‌ ഡോയ്‌ഷ്‌ലാന്‍ഡിനെ വീണ്ടുമൊന്ന് ഉയര്‍ത്തി പാറക്കെട്ടിലേക്ക്‌ തന്നെ ഇട്ടു.

"ജീസസ്‌ ക്രൈസ്റ്റ്‌... പാറക്കെട്ടിന്റെ വക്കില്‍ നിന്ന് താഴേക്ക്‌ വീണു എന്ന് തന്നെ ഞാന്‍ കരുതി..." റീവ്‌ പറഞ്ഞു.

"കപ്പല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്‌..." ബെര്‍ഗര്‍ അലറി. "ഒന്നോ രണ്ടോ തവണ ഇതാവര്‍ത്തിച്ചാല്‍ നമ്മുടെ കഥ കഴിഞ്ഞത്‌ തന്നെ..."

തുടര്‍ച്ചയായി കടല്‍ വെള്ളം മുഖത്തുകൂടി ഒഴുകിപ്പോകുന്നതിനാല്‍ റീവിന്റെ മുഖം ഒരു മത്സ്യത്തിന്റെ അടിവയര്‍ പോലെ വിളറി വെളുത്തിരുന്നു. ഒരു നൂറ്‌ വയസ്സെങ്കിലും താണ്ടിയ പടു കിഴവനെപ്പോലെ ആയിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ പ്രകൃതം.

ജാഗോ അദ്ദേഹത്തിന്റെ അടുത്തേക്ക്‌ നീങ്ങി ഇരുന്നിട്ട്‌ ചോദിച്ചു. "അഡ്‌മിറല്‍... ആക്ഷന്‍... ആക്ഷന്‍.. എന്നൊരു ചിന്ത മാത്രമല്ലേ താങ്കള്‍ക്കുണ്ടായിരുന്നുള്ളൂ...? ഇപ്പോള്‍ അത്‌ കിട്ടിയില്ലേ...? ഇനിയെന്താണ്‌...?"

* * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, December 7, 2010

സ്റ്റോം വാണിംഗ്‌ - 72

ഡോയ്‌ഷ്‌ലാന്‍ഡിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌. 1944 സെപ്റ്റംബര്‍ 25. അതിഭയങ്കരമായ കൊടുങ്കാറ്റില്‍ പെട്ട്‌ രാവിലെ ഏതാണ്ട്‌ പത്ത്‌ മണിയോടെ കപ്പലിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടമായി. ഔട്ടര്‍ ഹെബ്രിഡ്‌സിലെ ഫാഡാ ദ്വീപില്‍ നിന്ന് മൂന്ന് മൈല്‍ വടക്ക്‌ പടിഞ്ഞാറ്‌ സ്ഥിതി ചെയ്യുന്ന വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്ന പാറക്കെട്ടില്‍ കപ്പല്‍ ഇടിച്ച നിലയിലാണിപ്പോള്‍. സര്‍വ്വശക്തനായ ദൈവത്തിന്റെ കരങ്ങളിലാണ്‌ ഇപ്പോള്‍ ഞങ്ങള്‍. സഹായം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത്‌ യാഥാര്‍ത്ഥ്യമാകാനുള്ള സാദ്ധ്യത വിരളമാണെന്ന് ഞാന്‍ ഭയപ്പെടുന്നു.


അദ്ധ്യായം പതിനഞ്ച്‌


പിന്‍ഭാഗം തകര്‍ന്ന്, പാറക്കെട്ടിനു മുകളില്‍ തങ്ങി ഇരിക്കുകയാണ്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌. മുന്നിലെ പാമരം ഒടിഞ്ഞ്‌ കയറുകളുമായി കെട്ടുപിണഞ്ഞ്‌ തൂങ്ങിക്കിടക്കുന്നു. തിരമാലകള്‍ ഓരോന്നായി കപ്പലിനു മുകളിലൂടെ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്‌. താരതമ്യേന ഉയര്‍ന്നു നില്‍ക്കുന്ന പിന്‍ഭാഗത്തേക്ക്‌ തക്ക സമയത്ത്‌ കടന്നുകൂടാന്‍ കഴിഞ്ഞവരെല്ലാം ക്വാര്‍ട്ടര്‍ ഡെക്കിലും മറ്റുമായി കഴിച്ചുകൂട്ടുകയാണ്‌. കുറച്ചുപേര്‍ കപ്പലിന്റെ മുന്‍ഭാഗത്ത്‌ അവശേഷിച്ചിട്ടുണ്ട്‌. തിരമാലകളില്‍ പെട്ട്‌ ഒലിച്ചുപോകാതിരിക്കാന്‍ ചിലര്‍ തങ്ങളെ പാമരവുമായി ബന്ധിച്ചിരിക്കുന്നു. മറ്റ്‌ ചിലര്‍ പാമരത്തിന്‌ മുകളില്‍ കയറി അള്ളിപ്പിടിച്ചിരിക്കുകയാണ്‌.

ബെര്‍ഗറും റീവും ജാഗോയും ക്വാര്‍ട്ടര്‍ ഡെക്കിന്റെ അഴികള്‍ക്കരികില്‍ ഒന്നിച്ച്‌ കൂടിയിരിക്കുന്നു. സ്റ്റേം കയറേണി വഴി കയറി അവരുടെ അടുത്ത്‌ വന്ന് ഇരുന്നു. ബെര്‍ഗറുടെ കാതില്‍ അവന്‍ എന്തോ പറഞ്ഞത്‌ കാറ്റിന്റെ ഗര്‍ജ്ജനത്തിനിടയില്‍ കേള്‍ക്കുക അസാദ്ധ്യമായിരുന്നു.

ബെര്‍ഗറുടെ ഇംഗ്ലീഷ്‌ യഥാര്‍ത്ഥ ഇംഗ്ലീഷില്‍ നിന്നും വളരെ ദൂരെ ആയിരുന്നുവെങ്കിലും അദ്ദേഹത്തിന്‌ അഡ്‌മിറല്‍ റീവിനോടും ലെഫ്റ്റനന്റ്‌ ജാഗോയോടും ആശയവിനിമയം നടത്തുവാന്‍ അത്‌ ധാരാളമായിരുന്നു. അദ്ദേഹം തന്റെ മുഖം റീവിന്റെ കാതിനോട്‌ കഴിയുന്നത്ര അടുപ്പിച്ച്‌ പിടിച്ച്‌ പറഞ്ഞു. "തല്‍ക്കാലത്തേക്ക്‌ സ്ത്രീകള്‍ എന്റെ ക്യാബിനില്‍ സുരക്ഷിതരാണ്‌... താഴെ, ക്യാബിനുകളെ വേര്‍തിരിക്കുന്ന പലകകളെല്ലാം തകര്‍ന്നിരിക്കുന്നുവെന്നാണ്‌ സ്റ്റേം പറയുന്നത്‌. എന്നിട്ടും കപ്പല്‍ പിളരാതെ നില്‍ക്കുന്നു എന്നതാണ്‌ ആശ്വാസകരം..."

"ഈ നിലയില്‍ അധികനേരം നില്‍ക്കുമെന്ന് തോന്നുന്നില്ല..." റീവ്‌ പറഞ്ഞു.

ഒരു തിരമാല വന്ന് ഡോയ്‌ഷ്‌ലാന്‍ഡിനെ അല്‍പ്പമൊന്നുയര്‍ത്തി വീണ്ടും പാറക്കെട്ടിനു മുകളിലേക്ക്‌ തന്നെയിട്ടു.

"ഗെറിക്ക്‌ വരും... അദ്ദേഹം എനിക്ക്‌ വാക്ക്‌ തന്നിട്ടുണ്ട്‌..."

റീവ്‌ ആകാംക്ഷയോടെ ദ്വീപിലേക്ക്‌ നോക്കി. അപ്പോഴും സൗത്ത്‌ ഇന്‍ലെറ്റ്‌ തീരത്ത്‌ കിടക്കുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെ അദ്ദേഹത്തിന്‌ കാണാമായിരുന്നു. ആ ജര്‍മ്മന്‍കാരോട്‌ സത്യം തുറന്ന് പറഞ്ഞാലോ എന്ന് ഒരു നിമിഷം അദ്ദേഹം ആലോചിച്ചു. പക്ഷേ, അതുകൊണ്ട്‌ എന്ത്‌ കാര്യം... മരണത്തിലേക്ക്‌ ഇനി എത്ര ദൂരം...?

തുടര്‍ച്ചയായി വന്നടിച്ചുകൊണ്ടിരിക്കുന്ന തിരമാലകളെ അതിജീവിച്ച്‌ അഴികളില്‍ പിടിച്ച്‌ നിന്ന് ബെര്‍ഗര്‍, പാമരത്തിലും ഡെക്കിലുമായി നില്‍ക്കുന്നവരെ എണ്ണിത്തിട്ടപ്പെടുത്തുവാന്‍ ശ്രമിച്ചു.

"നല്ല ലക്ഷണമല്ല... പാറക്കെട്ടില്‍ തട്ടിയപ്പോള്‍ നമുക്ക്‌ അഞ്ച്‌ പേരെ നഷ്ടമായി എന്നാണ്‌ തോന്നുന്നത്‌..."

ഭീമാകാരങ്ങളായ തിരമാലകളില്‍ നിന്ന് രക്ഷ നേടാനായി കപ്പലിലെ ടെലിഗ്രാഫിസ്റ്റ്‌ ഏതാണ്ട്‌ നാല്‍പ്പതടി ഉയരത്തില്‍ പാമരത്തിനു മുകളില്‍ കയറി മുറുകെപ്പിടിച്ച്‌ ഇരിക്കുകയാണ്‌. ജാഗോ തലയുയര്‍ത്തി അദ്ദേഹത്തിന്റെ നേരെ നോക്കി. അയാള്‍ പുഞ്ചിരിച്ചുകൊണ്ട്‌ കൈ ഉയര്‍ത്തി ജാഗോയുടെ നേരെ വീശി. അടുത്ത നിമിഷം ഒരു ജലപാതം തന്നെ അവര്‍ക്ക്‌ മുകളിലൂടെ കടന്നുപോയി. അത്‌ കഴിഞ്ഞ്‌ വീണ്ടും പാമരത്തിലേക്ക്‌ നോക്കിയ ജാഗോയ്ക്ക്‌ അയാളെ അവിടെ കാണാന്‍ കഴിഞ്ഞില്ല.

"ആ പാമരത്തിന്‌ മുകളില്‍ ഇരിക്കുന്ന ബാക്കിയുള്ളവരെയെല്ലാം ഉടന്‍ താഴെ കൊണ്ടുവരണം..." ജാഗോ വിളിച്ചു പറഞ്ഞു.

റീവ്‌ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി. "മണ്ടത്തരം പറയാതിരിക്കൂ ജാഗോ... തുറസ്സായ ഡെക്കില്‍ ഒരു നിമിഷം പോലും നിങ്ങള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല..."

ജാഗോ അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റി, കയറേണി വഴി ഡെക്കിലേക്ക്‌ ശ്രദ്ധാപൂര്‍വ്വം ഇറങ്ങി. പെട്ടെന്നാണ്‌ വലിയൊരു തിരമാല കപ്പലിന്‌ മുകളില്‍ വന്ന് പതിച്ചത്‌. ജാഗോ ശ്വാസമടക്കിപ്പിടിച്ച്‌, സകലശക്തിയുമെടുത്ത്‌ കൈയില്‍ തടഞ്ഞ ഒരു കയറില്‍ പിടിച്ചുകൊണ്ട്‌ നിന്നു. ആ തിര കടന്നുപോയ ഉടന്‍ റിക്ടര്‍ അദ്ദേഹത്തിന്റെയരികില്‍ ചാടി വീണു.

അദ്ദേഹത്തിന്റെ ചുമലില്‍ ഒരു ചുരുള്‍ കയര്‍ ഉണ്ടായിരുന്നു. റിക്ടര്‍ അതിന്റെ ഒരറ്റം ജാഗോയുടെ അരയില്‍ കെട്ടി. ശേഷം മറ്റേയറ്റം കയറേണിയില്‍ ചുറ്റി. ജാഗോ മുന്നോട്ട്‌ നീങ്ങുവാന്‍ തുടങ്ങിയപ്പോള്‍ റിക്ടര്‍ കയര്‍ അല്‍പ്പാല്‍പ്പമായി അയച്ചുകൊടുത്തുകൊണ്ടിരുന്നു.

ഹരിതവര്‍ണ്ണത്തിലുള്ള കടല്‍ വെള്ളത്തിന്‌ ഹിമപാളികളുടെ തണുപ്പുണ്ടായിരുന്നു. എങ്കിലും ജാഗോ അതിലൂടെ പ്രയാസപ്പെട്ട്‌ മുന്നോട്ട്‌ നീങ്ങി. ഒരു ഘട്ടത്തില്‍ തിരമാലകളില്‍ പെട്ട്‌ അദ്ദേഹം എടുത്തെറിയപ്പെട്ടുപോയി. എന്നാല്‍ തന്റെ അരയില്‍ ബന്ധിച്ചിരിക്കുന്ന കയറിന്റെ സുരക്ഷയില്‍ ഡെക്കിന്റെ കൈവരികള്‍ക്ക്‌ സമീപത്ത്‌ നിന്നും അദ്ദേഹം വീണ്ടും എഴുന്നേറ്റു. അദ്ദേഹം പിന്മാറുവാന്‍ തയ്യാറായിരുന്നില്ല. അടിതെറ്റി വീഴാതിരിക്കാന്‍ പലപ്പോഴും അദ്ദേഹത്തിന്‌ ഒരു നാല്‍ക്കാലിയെപ്പോലെ നടക്കേണ്ടി വന്നു. ഒടുവില്‍ അദ്ദേഹം പാമരത്തില്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന പീറ്റേഴ്‌സണുമായി കൈ എത്താവുന്ന ദൂരത്തിലെത്തി. പൊടുന്നനെ അവര്‍ക്കരികില്‍ ഉയര്‍ന്ന മറ്റൊരു തിര പീറ്റേഴ്‌സണെ ജാഗോയുടെ മുന്നിലേക്ക്‌ എടുത്തെറിഞ്ഞു. പിറ്റേഴ്‌സന്റെ കാലില്‍ പിടികിട്ടിയ ജാഗോ, അയാളുടെ കുഴഞ്ഞ ശരീരവും പേറി വീണ്ടും മുന്നോട്ട്‌ ഇഴഞ്ഞു. അവസാനം, പാമരത്തിനരികില്‍ എത്തിയപ്പോഴാണ്‌ അദ്ദേഹത്തിന്‌ എഴുന്നേറ്റ്‌ നില്‍ക്കാന്‍ സാധിച്ചത്‌.

ജാഗോ, തന്റെ അരയിലെ കയര്‍ അഴിച്ച്‌ പാമരത്തില്‍ കെട്ടിയ ശേഷം റിക്ടറുടെ നേര്‍ക്ക്‌ കൈ വീശി. റിക്ടര്‍, കയറിന്റെ മറ്റേയറ്റം കയറേണിയില്‍ സുരക്ഷിതമായി ബന്ധിച്ചു. ഇപ്പോള്‍ അത്‌ ഡെക്കില്‍ നിന്ന് മൂന്ന് അടി ഉയരത്തില്‍ പാമരത്തിലേക്കുള്ള ഒരു ലൈഫ്‌ലൈന്‍ ആയി രൂപാന്തരപ്പെട്ടു കഴിഞ്ഞു.

പാമരത്തിന്‌ മുകളില്‍ ഇരുന്നവര്‍ക്ക്‌ നേരെ ജാഗോ, ആംഗ്യം കാണിച്ചു. അവര്‍ ഓരോരുത്തരായി താഴോട്ടിറങ്ങുവാനാരംഭിച്ചു. പീറ്റേഴ്‌സണ്‍ അടക്കം എല്ലാവരും വരി വരിയായി ലൈഫ്‌ലൈനിന്റെ സഹായത്തോടെ അവിടെ നിന്ന് ക്വാര്‍ട്ടര്‍ഡെക്കിലേക്ക്‌ നീങ്ങി. എല്ലാവരും അപ്പുറത്തേക്ക്‌ കടന്നതിനു ശേഷം, ഡെക്കിലും പാമരത്തിലുമൊന്നും ഒരു മനുഷ്യജീവി പോലും അവശേഷിക്കുന്നില്ലെന്ന് ഉറപ്പ്‌ വരുത്തിയിട്ട്‌ അവസാനമായി ജാഗോയും അവരെ അനുഗമിച്ചു.


* * * * * * * * * * * * * * * * * * * * * * * * *

പലക കൊണ്ടുള്ള ചുമരുകളെല്ലാം പൊളിഞ്ഞ്‌ തകര്‍ന്നു തുടങ്ങിയിരുന്നുവെങ്കിലും പ്രേയ്‌ഗറും കന്യാസ്ത്രീകളും ബെര്‍ഗറുടെ ക്യാബിനില്‍ കുറച്ചെങ്കിലും സുരക്ഷിതരായിരുന്നു. പുറമേ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിന്റെ ഭീതിദായകമായ ഗര്‍ജ്ജനം. ഒരു റമ്മിന്റെ ബോട്ട്‌ല്‍ ഇരുകൈകളാലും മുറുകെപ്പിടിച്ച്‌ ബങ്കിന്റെ ഒരറ്റത്ത്‌ ഒതുങ്ങിക്കൂടിയിരിക്കുകയാണ്‌ പ്രേയ്‌ഗര്‍. കുപ്പിയിലെ ദ്രാവകം ഏതാണ്ട്‌ തീരാറായതോടെ കൊടുംതണുപ്പ്‌ അല്‍പ്പമൊന്ന് ശമിച്ചതുപോലെ അദ്ദേഹത്തിന്‌ തോന്നി.

"ഇനി അധികം താമസമില്ല, ജെര്‍ട്രൂഡ്‌... അധികമില്ല..." അദ്ദേഹം മന്ത്രിച്ചു.

മേശയുടെ ഒരരികില്‍ കൈ കൂപ്പി നിന്നുകൊണ്ട്‌ ഉറക്കെ പ്രാര്‍ത്ഥിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല. "ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ... ഞങ്ങളെ നശിക്കാന്‍ അനുവദിക്കരുതേ... ഞങ്ങളെ ഈ യാതനയില്‍ നിന്ന് കരകയറ്റിയാല്‍ നിന്റെ നാമം എന്നെന്നും വാഴ്ത്തപ്പെടും... ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനെയും അലറുന്ന കടലിനെയും ശാന്തമാക്കുവാന്‍ നീ കല്‍പ്പന കൊടുക്കേണമേ... എങ്കില്‍ ഞങ്ങളുടെ ശേഷിച്ച ജീവിതം മുഴുവന്‍ നിന്നെ സേവിച്ച്‌ നിന്റെ നാമം വാഴ്ത്തിക്കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുക്കുന്നു..."

പെട്ടെന്ന് വാതില്‍ തള്ളിത്തുറന്ന് റിക്ടര്‍ അവിടെയെത്തി. കതക്‌ വലിച്ചടച്ച്‌ പരിഭ്രമത്തോടെ അദ്ദേഹം ചുറ്റിനും നോക്കി.

"എന്ത്‌ പറ്റി ഹേര്‍ റിക്ടര്‍...?" സിസ്റ്റര്‍ ആഞ്ചല ചോദിച്ചു.

"ലോട്ടെ എവിടെ...?"

കൂപ്പിയ കൈകള്‍ താഴ്ത്തിയപ്പോള്‍ അവര്‍ തണുത്ത്‌ വിറക്കുന്നതായി കാണപ്പെട്ടു.

"ലോട്ടെ...?" അവര്‍ പാതി മയക്കത്തിലെന്ന പോലെ ചുറ്റും തുറിച്ചുനോക്കി. "ആരെങ്കിലും ലോട്ടെയെ കണ്ടുവോ...?"

സിസ്റ്റര്‍ ബ്രിജിത്തെ വിതുമ്പി കരയുന്നുണ്ടായിരുന്നു. ആര്‍ക്കും ഒന്നും പറയാനുള്ളതുപോലെ തോന്നിയില്ല. റിക്ടര്‍, പ്രേയ്‌ഗറുടെ അരികില്‍ ചെന്ന് അദ്ദേഹത്തെ പിടിച്ചെഴുന്നേല്‍പ്പിച്ചു.

"കപ്പല്‍ പാറക്കെട്ടില്‍ ഇടിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ നിങ്ങളല്ലേ അവരെയെല്ലാം സലൂണില്‍ നിന്ന് ഇങ്ങോട്ട്‌ കൂട്ടിക്കൊണ്ടുവന്നത്‌...? അപ്പോള്‍ ലോട്ടെ നിങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നില്ലേ...?"

"തീര്‍ച്ചയായും... എന്റെ തൊട്ട്‌ പിന്നിലുണ്ടായിരുന്നു അവള്‍..." പ്രേയ്‌ഗര്‍ പറഞ്ഞു.

"പിന്നീട്‌ അവള്‍ തിരിച്ചുപോയി..." സിസ്റ്റര്‍ കാത്തെ പറഞ്ഞു.

"അസംഭവ്യം..." വികാരവിക്ഷോഭത്തോടെ റിക്ടര്‍ അലറി.

"എന്തോ എടുക്കുവാന്‍ മറന്നുപോയി എന്ന് അവള്‍ പറയുന്നത്‌ കേട്ടു... എന്നിട്ട്‌ അവള്‍ താഴോട്ട്‌ പോയി..." സിസ്റ്റര്‍ കാത്തെ നിര്‍വികാരയായി മൊഴിഞ്ഞു.

ദ്വേഷ്യത്തോടെ വാതില്‍ ചവിട്ടിത്തുറന്ന് റിക്ടര്‍ പുറത്തേക്ക്‌ കുതിച്ചു. എന്നിട്ട്‌ അതിവേഗം ഇടനാഴിയിലൂടെ താഴോട്ടിറങ്ങുവാന്‍ തുടങ്ങി. പക്ഷേ, തകര്‍ന്ന മരപ്പലകകളും മരക്കഷണങ്ങളും മറ്റും ചിതറി സലൂണിലേക്കുള്ള വഴി അടഞ്ഞുകിടക്കുകയായിരുന്നു.

"ലോട്ടെ...?" അദ്ദേഹം ഉറക്കെ വിളിച്ചു. "ലോട്ടെ...?"

പക്ഷേ, മറുപടിയുണ്ടായില്ല.

അല്‍പ്പം മുമ്പ്‌ തങ്ങള്‍ വലിച്ചുകെട്ടിയ ലൈഫ്‌ലൈനിലൂടെ ഡെക്കിലേക്കിറങ്ങുന്ന റിക്ടറെ ആദ്യം കണ്ടത്‌ ജാഗോയാണ്‌. അദ്ദേഹം ബെര്‍ഗറുടെ ചുമലില്‍ തട്ടി.

"അദ്ദേഹം എന്തിനാണിപ്പോള്‍ അങ്ങോട്ട്‌ പോകുന്നത്‌...?"

"എനിക്കറിയില്ല..." ബെര്‍ഗര്‍ നിസ്സഹായതയോടെ പറഞ്ഞു.

അവര്‍ നോക്കി നില്‍ക്കെ, റിക്ടര്‍ തന്റെ ഫിന്നിഷ്‌ കത്തി എടുത്ത്‌, അപ്പോഴും കേടുകൂടാതെ നിന്നിരുന്ന കാര്‍ഗോ ഹാച്ചിന്റെ കയറുകള്‍ അറുത്തുമുറിച്ച്‌ താഴേക്ക്‌ മറഞ്ഞു.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)