പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Sunday, February 28, 2010

സ്റ്റോം വാണിങ്ങ്‌ - 35

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 21. അക്ഷാംശം 49.52N, രേഖാംശം 14.59W. കാറ്റിന്റെ നില 5 - 6 എന്ന തോതിലാണെങ്കിലും ഇടയ്ക്ക്‌ ചിലപ്പോള്‍ ശക്തിയാര്‍ജ്ജിക്കുന്നുണ്ട്‌. മഴ ശക്തിയായി തന്നെ തുടരുന്നു. ദിവസവും നാല്‌ മണിക്കൂര്‍ വീതം വെള്ളം പമ്പ്‌ ചെയ്ത്‌ കളയേണ്ടതായി വന്നിരിക്കുന്നു. എങ്കിലും, കൂടുതല്‍ അംഗങ്ങള്‍ സംഘത്തിലുള്ളത്‌ അല്‍പ്പം ആശ്വാസം പകരുന്നു. ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം അയര്‍ലണ്ടിന്‌ തെക്ക്‌ പടിഞ്ഞാറ്‌ ഏകദേശം 220 മൈല്‍ അകലെയായിട്ടാണെന്ന് ഊഹിക്കുന്നു.

അദ്ധ്യായം - എട്ട്‌

പാഴ്‌സല്‍ ഓഫീസില്‍ നിന്ന് പുറത്ത്‌ കടന്ന ഫിഷര്‍, വെയ്‌റ്റിംഗ്‌ റൂമിന്‌ സമീപം വന്നു നിന്നു. മുടന്ത്‌ മുടന്തി വന്ന കാര്‍വറും തൊട്ടുപിന്നില്‍ തന്നെയുണ്ട്‌. "ഡാംന്‍ യൂ കാര്‍വര്‍... ഇതിന്‌ തരുന്നുണ്ട്‌ ഞാന്‍ തനിയ്ക്ക്‌..." ഫിഷര്‍ പറഞ്ഞു.

ഹാര്‍ഡിസ്റ്റിയും റൈറ്റും ഉള്ളില്‍ നിന്ന് ഓടിയെത്തി. "അയാള്‍ സ്റ്റേഷന്റെ ഗെയ്‌റ്റ്‌ കടന്ന് പുറത്തേക്ക്‌ പോയിട്ടില്ല എന്നത്‌ തീര്‍ച്ചയാണ്‌ സര്‍... അവിടെ ഡ്യൂട്ടിയിലുള്ള രണ്ട്‌ പേരെ ചെന്ന് കണ്ടിട്ടാണ്‌ ഞങ്ങള്‍ വരുന്നത്‌..." ഹാര്‍ഡിസ്റ്റി പറഞ്ഞു.

"ആ നശിച്ച ലഗേജ്‌ റുമില്‍ ഒന്നു കൂടി പോയി നോക്കൂ..." ഫിഷര്‍ ആജ്ഞാപിച്ചു. "അയാള്‍ ഇവിടെ എവിടെയെങ്കിലും തന്നെ ഉണ്ടാകാനേ വഴിയുള്ളൂ... ഈ സമയത്ത്‌ വേറെയെങ്ങും പോകാനുള്ള സാദ്ധ്യത തീരെ കുറവാണ്‌..."

അവര്‍ രണ്ടുപേരും ലഗേജ്‌ റൂമിന്‌ നേര്‍ക്ക്‌ ഓടി.

"ആ ജര്‍മന്‍ റാസ്കലിനെ എന്റെ കൈയിലെങ്ങാനും കിട്ടിയാല്‍ ഞാനവന്റെ..." കാര്‍വര്‍ പല്ല് ഞെരിച്ചുകൊണ്ട്‌ പറഞ്ഞു.

"ഒന്ന് മിണ്ടാതിരിക്ക്‌ മനുഷ്യാ... ഞാനൊന്ന് ആലോചിച്ച്‌ നോക്കട്ടെ..." ഫിഷര്‍ ദ്വേഷ്യപ്പെട്ടു.

പെട്ടെന്ന് തീവണ്ടി ചൂളം വിളിച്ചു. ഗാര്‍ഡ്‌ പച്ചക്കൊടി ഉയര്‍ത്തി വീശി. നീരാവി പുറത്തേക്ക്‌ തുപ്പുന്ന ശബ്ദം കേള്‍ക്കാറായി. പിന്നെ, ട്രെയിന്‍ സാവധാനം മുന്നോട്ട്‌ ഇഴയാന്‍ തുടങ്ങി. പ്ലാറ്റ്‌ഫോമില്‍ എന്താണ്‌ നടക്കുന്നതെന്നറിയാന്‍ ഒന്നു രണ്ട്‌ പേര്‍ തല പുറത്തേക്കിട്ടു നോക്കി. ട്രെയിനിലെ ഭൂരിഭാഗം പേരും അപ്പോഴും ഉറക്കത്തിലായിരുന്നു.

'അയാള്‍ എങ്ങോട്ട്‌ പോയിരിക്കാനാണ്‌ സാദ്ധ്യത...?' ഫിഷര്‍ തല പുകഞ്ഞാലോചിച്ചു. പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത അദ്ദേഹം സ്തംഭിച്ചുപോയി. "അതാ, ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു ചീഫ്‌...!" അദ്ദേഹം അലറി. "അയാള്‍ വീണ്ടും ട്രെയിനില്‍ തന്നെ കയറിക്കാണും... അതിന്‌ മാത്രമേ സാദ്ധ്യത കാണുന്നുള്ളൂ..."

ട്രെയിന്‍ സ്പീഡ്‌ എടുത്തു തുടങ്ങിയിരുന്നു. അദ്ദേഹം ലക്ഷ്യം വച്ച്‌ ഒരു നിമിഷം നിന്നു. പിന്നെ ട്രെയിനിന്റെ പിന്നിലുള്ള, ഗാര്‍ഡിന്റെ തുറന്ന വാന്‍ എത്തിയതും അതിനുള്ളിലേക്ക്‌ ഒരു ചാട്ടം. ഒപ്പം തന്നെ ചാടിയ കാര്‍വറെയും അദ്ദേഹം കൈ പിടിച്ച്‌ കയറ്റി. ഹാര്‍ഡിസ്റ്റിയും റൈറ്റും ഒപ്പമെത്താന്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടി. പക്ഷേ, അവര്‍ വൈകിപ്പോയിരുന്നു.

"എങ്ങോട്ടാണ്‌ എല്ലാവരും കൂടി... എന്താണ്‌ സംഭവം..?" ഗാര്‍ഡ്‌ പരിഭ്രമത്തോടെ ചോദിച്ചു.

ഫിഷര്‍ അയാളെ ശ്രദ്ധിക്കാന്‍ നിന്നില്ല. തന്റെ റിവോള്‍വര്‍ പുറത്തെടുത്തിട്ട്‌ കാര്‍വറോട്‌ പറഞ്ഞു. "ഓള്‍ റൈറ്റ്‌... വരൂ... ഇനി നമുക്ക്‌ അയാളെ പുകച്ച്‌ പുറത്ത്‌ ചാടിക്കാം..."

* * * * * * * * * * * * * * * * * * * * * * * * * * *

ജാനറ്റ്‌ മണ്‍റോയുടെ കൂപ്പെയുടെ ചുമരില്‍ "VIP" എന്ന് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട്‌ തന്നെ, സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലെ സ്റ്റുവാര്‍ഡ്‌ അവള്‍ക്ക്‌ വേണ്ടി ഒന്നാംതരം ബ്രേക്ക്‌ ഫാസ്റ്റ്‌ ഒരുക്കിയിരുന്നു. ഇറച്ചി, മുട്ട റോസ്റ്റ്‌, ജാം, ബ്രെഡ്‌, പിന്നെ ചായയും.

ജാഗോയ്ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. "ഇത്‌ കണ്ടാല്‍ യുദ്ധകാലമാണെന്നേ തോന്നുകയില്ലല്ലോ..."

"അതല്ലേ ഡാര്‍ലിംഗ്‌, എന്നോട്‌ കൂട്ടുകൂടിയാലുള്ള ഗുണം..."

"ങ്‌ഹും... എനിയ്ക്ക്‌ കിട്ടിയ കൂട്ടുകാരി നിസ്സാരക്കാരിയല്ലല്ലോ... സമ്മതിച്ചിരിക്കുന്നു..."

സ്റ്റുവാര്‍ഡ്‌ ഒരുക്കിക്കൊടുത്ത മേശയുടെ എതിര്‍വശത്ത്‌ ജാഗോ ഇരുന്നു. ജാനറ്റ്‌, ചായ ഗ്ലാസിലേക്ക്‌ പകര്‍ന്നു.

"ഞാനിതിന്റെയൊക്കെ രുചി ഒന്ന് ആസ്വദിക്കട്ടെ..." അദ്ദേഹം പറഞ്ഞു.

പെട്ടെന്നാണ്‌ കതകില്‍ ആരോ മുട്ടിയത്‌. വാതിലിനടുത്തിരുന്നിരുന്ന ജാനറ്റ്‌ അത്‌ തുറന്നു. വലത്‌ കൈയില്‍ റിവോള്‍വറുമായി ഫിഷര്‍ ഉള്ളിലേക്ക്‌ കടന്നു. തൊട്ടു പിറകേ കാര്‍വറും.

"എന്തായിത്‌... റിവോള്‍വറൊക്കെയായിട്ട്‌..." ജാഗോ ചോദിച്ചു.

"സ്റ്റേഷനില്‍ വച്ച്‌ അയാള്‍ കാര്‍വറെ വെട്ടിച്ച്‌ കടന്നു കളഞ്ഞു സര്‍..." ഫിഷര്‍ പറഞ്ഞു. "ലാട്രിനില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍..."

"അതൊക്കെ കോര്‍ട്ട്‌ മാര്‍ഷല്‍ നേരിടുമ്പോള്‍ പറഞ്ഞാല്‍ മതി ലെഫ്റ്റനന്റ്‌..." അനുകമ്പ ലവലേശമില്ലാതെ ജാഗോ പറഞ്ഞു. "ഒരു കാര്യം മാത്രം എനിക്കറിയണം... നിങ്ങള്‍ അദ്ദേഹത്തിന്റെ വിലങ്ങ്‌ അഴിച്ചിരുന്നോ...?" ജാഗോ കാര്‍വറോട്‌ ചോദിച്ചു.

കാര്‍വര്‍ പരിഭ്രമം കൊണ്ട്‌ കുഴങ്ങി. "ഒരു കൈയിലെ വിലങ്ങ്‌ മാത്രം അഴിച്ചു സര്‍... ലാട്രിനില്‍ പോകണമെന്ന് ..."

"ഐ കാണ്ട്‌ ബിലീവ്‌ ഇറ്റ്‌..." ജാഗോ ക്ഷോഭിച്ചു. "ഒരൊറ്റ അവസരം.. അതെന്ത്‌ തന്നെയായാലും... അത്‌ മാത്രം മതി എല്ലാ പുള്ളികള്‍ക്കും രക്ഷപെടാന്‍..." അദ്ദേഹത്തിന്റെ മുഖം ദ്വേഷ്യത്താല്‍ ചുവന്നിരുന്നു. "അപ്പോള്‍ അദ്ദേഹം ട്രെയിനില്‍ തന്നെയുണ്ടെന്നാണ്‌ നിങ്ങള്‍ പറയുന്നതല്ലേ...?"

"എനിക്കങ്ങനെയാണ്‌ സര്‍ തോന്നുന്നത്‌..." ഫിഷര്‍ ഒന്ന് സംശയിച്ചിട്ട്‌ കൂട്ടിച്ചേര്‍ത്തു. "വേറെങ്ങും പോകാന്‍ സാദ്ധ്യത കാണുന്നില്ല. അതിനുള്ള സമയമൊട്ടില്ലായിരുന്നു താനും..."

"വേറെങ്ങും പോകാന്‍ സാദ്ധ്യതയില്ലെന്നോ... എങ്കില്‍ പിന്നെ അദ്ദേഹം എവിടെ...? ജര്‍മന്‍ കോര്‍വെറ്റന്‍ ക്യാപ്റ്റന്മാക്ക്‌ കരയില്‍ യാത്ര ചെയ്യാന്‍ അറിയില്ലെന്നാണോ... പ്രത്യേകിച്ചും ഈ വെസ്റ്റ്‌ ഹൈലാന്റ്‌ ലൈനില്‍...?"

ഫിഷര്‍ അവശതയോടെ കാര്‍വറെ ഒന്ന് നോക്കി. എന്നിട്ട്‌ വീണ്ടും ജാഗോയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "എനിക്ക്‌ ... എനിക്കറിയില്ല സര്‍... ഗാര്‍ഡിന്റെ വാന്‍ മുതല്‍ ഒരിഞ്ച്‌ സ്ഥലം പോലും വിടാതെ തെരഞ്ഞതാണ്‌..."

"എന്നിട്ട്‌ അദ്ദേഹത്തിന്റെ ഒരടയാളവും കിട്ടിയില്ല... ശരി... പക്ഷേ, ഞാനിവിടെയുണ്ടേ എന്ന് വിളിച്ചു പറഞ്ഞ്‌ നടക്കുമോ അദ്ദേഹം...?" അദ്ദേഹത്തിന്റെ കൈവശം എന്തെങ്കിലും ആയുധമുണ്ടോ...?"

സത്യം പറയണോ വേണ്ടയോ എന്ന് ഒന്ന് സംശയിച്ചു കാര്‍വര്‍. എന്നാല്‍, ജാഗോയുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ടതോടെ മതിയായി.

"ഉണ്ട്‌ സര്‍... ഞാന്‍ ഒരെണ്ണം കൊണ്ടു നടന്നിരുന്നു. ഒരു *മോസര്‍... (*മോസര്‍ - ഒരു തരം കൈത്തോക്ക്‌). എന്തെങ്കിലും ആവശ്യം വന്നാലോ എന്ന്..."

"എന്താവശ്യം...?" ജാഗോ ക്ഷോഭിച്ചു. പിന്നെ പെട്ടെന്ന് ശാന്തനായിട്ട്‌ പറഞ്ഞു. "വിഷമിക്കേണ്ട ചീഫ്‌... അതിലും നല്ല എന്തെല്ലാം സാധനങ്ങള്‍ നമ്മുടെ കൈവശമുണ്ട്‌..." അദ്ദേഹം തന്റെ ബാഗ്‌ തുറന്ന് *കോള്‍ട്ട്‌ എടുത്ത്‌ കോട്ടിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു. (*കോള്‍ട്ട്‌ - ഒരു തരം ഓട്ടോമാറ്റിക്‌ ഗണ്‍).

"ആ പിസ്റ്റളുകളൊക്കെ ഒരിടത്ത്‌ മാറ്റിവയ്ക്കൂ. വെറുതേ, ട്രെയിനിലുള്ളവരെയെല്ലാം ഭയപ്പെടുത്തേണ്ട. അങ്ങനെ എന്തെങ്കിലും പരിഭ്രമാവസ്ഥ സംജാതമായാല്‍ നമുക്കത്‌ ദോഷമേ ചെയ്യൂ. മാത്രമല്ല്, അദ്ദേഹം ട്രെയിനിലുണ്ടെങ്കില്‍ അങ്ങനെയൊരവസ്ഥ അദ്ദേഹത്തിന്‌ സഹായകരമാകുകയും ചെയ്യും..." ജാഗോ പറഞ്ഞു.

"അപ്പോള്‍ ഇനി നമ്മുടെ പ്ലാന്‍ എന്താണ്‌ സര്‍...?" പ്രശ്നം തന്റെ കൈയില്‍ നിന്ന് ഒഴിവായിക്കിട്ടിയതില്‍ സന്തോഷിച്ചുകൊണ്ട്‌ ഫിഷര്‍ ചോദിച്ചു.

"കാര്‍വര്‍ ഇവിടെ ഈ അറ്റത്ത്‌ നില്‍ക്കട്ടെ. നമുക്ക്‌ രണ്ട്‌ പേര്‍ക്കും കൂടി ഗാര്‍ഡിന്റെ വാനിലേക്ക്‌ പോകാം. എന്നിട്ട്‌ അവിടെ നിന്ന് പരിശോധന ആരംഭിച്ച്‌ മുന്നോട്ട്‌ നീങ്ങാം. സകല കമ്പാര്‍ട്ട്‌മെന്റുകളും ലാവട്ടറികളും... ഒരിഞ്ച്‌ പോലും പരിശോധിക്കാതെ വിടരുത്‌. അദ്ദേഹം ഇതിലുണ്ടെങ്കില്‍ നമ്മുടെ പിടിയില്‍ പെടുക തന്നെ ചെയ്യും. പക്ഷേ, എന്റെയഭിപ്രായത്തില്‍, അദ്ദേഹം ഇപ്പോള്‍ ഏതെങ്കിലുമൊരു വാഹനത്തില്‍ ഗ്ലാസ്‌ഗോ ഡോക്കിലേക്ക്‌ യാത്ര ചെയ്യുകയായിരിക്കും. അവിടെ നിന്ന് ഏതെങ്കിലും സ്പാനിഷ്‌ അല്ലെങ്കില്‍ പോര്‍ട്ടുഗീസ്‌ ബോട്ടില്‍ കയറിപ്പറ്റുകയും..." ജാഗോ പറഞ്ഞു.

"ആ ജര്‍മന്‍ യൂണിഫോമിലോ...? അഞ്ചു മിനിറ്റ്‌ പോലും അയാള്‍ ജീവനോടെയിരിക്കില്ല ആ വേഷത്തില്‍..." ജാനറ്റ്‌ പറഞ്ഞു.

"കഴിഞ്ഞ വര്‍ഷം ഒരു ഇംഗ്ലീഷ്‌ ജേര്‍ണലിസ്റ്റ്‌, നാസി സ്പെഷല്‍ പോലീസിന്റെ വേഷവുമണിഞ്ഞ്‌ ഓക്സ്‌ഫോര്‍ഡ്‌ സ്ട്രീറ്റ്‌ മുതല്‍ പിക്കാഡല്ലി വരെ നടന്നുപോയി. ഒരു മനുഷ്യന്‍ പോലും തിരിഞ്ഞുനോക്കിയില്ല അയാളെ. ഇക്കാലത്ത്‌ ഇതുപോലെ പല യൂണിഫോമുകളും കാണുന്നതല്ലേ, ജനങ്ങള്‍ ഇതൊന്നും അത്ര ശ്രദ്ധിക്കില്ല." അദ്ദേഹം പറഞ്ഞു.

പിന്നെ, കമ്പാര്‍ട്ട്‌മെന്റിന്‌ പുറത്തേക്ക്‌ കടന്ന് ഫിഷറുടെയും കാര്‍വറുടെയും നേര്‍ക്ക്‌ തിരിഞ്ഞു. "ഒരു നിമിഷം... ഞാനിപ്പോള്‍ വരാം..."

* * * * * * * * * * * * * * * * * * * * * * * * * * * *

ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ട്രെയിന്‍ ലോച്ച്‌ ലമണ്ടിലേക്ക്‌ പ്രവേശിക്കാന്‍ തുടങ്ങുകയാണ്‌. അവര്‍ വീണ്ടും ജാനറ്റിന്റെ കൂപ്പെയില്‍ എത്തി. ഫിഷറുടെ മുഖം പൂര്‍വാധികം വിളറി വെളുത്തിരുന്നു. വിഷമവും വേദനയും ആ മുഖത്ത്‌ തെളിഞ്ഞ്‌ കാണാമായിരുന്നു. കാര്‍വര്‍ പുറത്ത്‌ ഇടനാഴിയില്‍ ചെന്ന് നിന്നു.

"ഗെറിക്ക്‌ എങ്ങുമില്ല...?" ജാനറ്റ്‌ ചോദിച്ചു.

"നിനക്കെന്ത്‌ തോന്നുന്നു...?" ജാഗോ അവളുടെ നേരെ നോക്കി.

പെട്ടെന്ന് ഗാര്‍ഡ്‌ അവിടെയെത്തി. വയസ്സായ ഒരു മനുഷ്യന്‍. യുദ്ധം തുടരുന്നതിനാല്‍ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കാതെ ഇപ്പോഴും ജോലിയില്‍ തുടരുകയാണ്‌. "എന്തെങ്കിലും പ്രയോജനമുണ്ടായോ സര്‍...?" അയാള്‍ ചോദിച്ചു.

ജാഗോ, നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഈ ട്രെയിനിലെ ഓരോ ഇഞ്ചും ഞങ്ങള്‍ അരിച്ചുപെറുക്കി... ഒരു കാര്യം വ്യക്തം... അദ്ദേഹം ഈ ട്രെയിനില്‍ ഇല്ല..."

"എന്ന് തീര്‍ത്ത്‌ പറയാറായിട്ടില്ല സര്‍..." ഗാര്‍ഡ്‌ പറഞ്ഞു. "ഗ്ലാസ്‌ഗോവില്‍ വച്ച്‌ അവര്‍ എന്റെ വാനിന്റെ പിന്നില്‍ ഒരു തുറന്ന കാര്യേജ്‌ ഘടിപ്പിച്ചിരുന്നു. റോയല്‍ നേവിയ്ക്ക്‌ വേണ്ടി മലേയ്‌ഗില്‍ ഇറക്കാന്‍ കൊണ്ടുപോകുന്ന മൂന്ന് ജീപ്പുകളും അതില്‍ ഉണ്ട്‌. എനിക്ക്‌ തോന്നുന്നത്‌ അയാള്‍ അതിനകത്ത്‌ കാണുമെന്നാണ്‌..."

"ഏങ്ങ്‌ഹ്‌... അങ്ങനെയും ഒരു സംഗതിയോ...?" ജാഗോ വീണ്ടും ഉത്സാഹഭരിതനായി. എന്നിട്ട്‌, അപായച്ചങ്ങല വലിക്കുവാനായി എഴുനേറ്റു.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, February 19, 2010

സ്റ്റോം വാണിംഗ്‌ - 34

കനത്ത അന്ധകാരത്തെ ഭേദിച്ച്‌ വടക്കോട്ട്‌ കുതിച്ചുകൊണ്ടിരിക്കുകയാണ്‌ ട്രെയിന്‍. ശക്തിയായ മഴ ജനാലകളില്‍ വന്നടിച്ചുകൊണ്ടിരുന്നു. സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ മുട്ടിയിട്ട്‌ ഹാരി ജാഗോ ഉള്ളില്‍ കടന്നു. കഴുത്തറ്റം വരെ മൂടിയ പുതപ്പിനുള്ളില്‍ തന്റെ സിംഗിള്‍ ബെര്‍ത്തില്‍ കിടക്കുകയായിരുന്നു ജാനറ്റ്‌.

"എനിക്ക്‌ കുളിരുന്നു..." ജാഗോയെ കണ്ട മാത്രയില്‍ അവള്‍ പറഞ്ഞു.

"അതെയോ...? എന്നാല്‍ ഞാനൊരു മരുന്ന് പറഞ്ഞ്‌ തരാം..." ജാഗോ, ആഹ്ലാദത്തോടെ പറഞ്ഞു.

"ഓ, ഇന്നു വേണ്ട ഡാര്‍ലിംഗ്‌... എനിക്ക്‌ നല്ല ഉറക്കം വരുന്നു. നിലത്ത്‌ ഒരു പുതപ്പ്‌ വിരിച്ച്‌ കിടന്നോളൂ..."

"എന്നാല്‍ അങ്ങനെയാകട്ടെ... അവിടെ, മെയില്‍ ബാഗുകളുടെ പുറത്തും ആളുകള്‍ കിടന്നുറങ്ങുന്നുണ്ടല്ലോ..." അദ്ദേഹം നിരാശയോടെ തോളനക്കി. പിന്നെ, തന്റെ ഷൂസ്‌ അഴിച്ച്‌ മാറ്റി, ഒരു പുതപ്പെടുത്ത്‌ മൂടിപ്പുതച്ച്‌ കിടന്നു. ഒരു ക്യാന്‍വാസ്‌ ബാഗ്‌ എടുത്ത്‌ തലയ്ക്കടിയില്‍ വച്ച്‌ അല്‍പ്പസമയത്തിനകം അദ്ദേഹം ഗാഢനിദ്രയിലമര്‍ന്നു.

* * * * * * * * * * * * * * * * * * * * * * * * * * *

ഗ്ലാസ്‌ഗോ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ ആറരയായിരുന്നു. നരച്ച ഒരു പ്രഭാതം. നല്ല ഒരു ഉറക്കം കഴിഞ്ഞ്‌ ജാനറ്റ്‌ ചുറ്റും നോക്കിയപ്പോള്‍ ജാഗോയെ കാണ്മാനില്ലായിരുന്നു. വണ്ടി നില്‍ക്കുകയാണെന്ന് മനസ്സിലാക്കാന്‍ അവള്‍ക്ക്‌ അല്‍പ്പനേരം വേണ്ടി വന്നു.

പുതപ്പ്‌ ഒരു വശത്തേക്ക്‌ വകഞ്ഞ്‌ മാറ്റി അവള്‍ എഴുനേറ്റിരുന്നു. അപ്പോഴാണ്‌ കതകില്‍ മുട്ടിയിട്ട്‌ ജാഗോ പ്രവേശിച്ചത്‌.

"ആഹാ... ജീവനോടെയുണ്ടോ...? അതേതായാലും നന്നായി..." അദ്ദേഹം ചിരിച്ചു. "ഇതാ കാപ്പി... നമ്മള്‍ ഗ്ലാസ്‌ഗോവില്‍ എത്തി. കുറേ ബോഗികള്‍ അവര്‍ അഴിച്ചുമാറ്റുകയാണെന്ന് തോന്നുന്നു..." തെര്‍മ്മോഫ്ലാസ്ക്‌ അവള്‍ക്ക്‌ നേരെ നീട്ടി അദ്ദേഹം പറഞ്ഞു.

"അപ്പോള്‍ ഇനിയുള്ള യാത്ര ഏത്‌ റൂട്ടിലാണ്‌...?"

"പത്ത്‌ മിനിറ്റിനുള്ളില്‍ നാം പുറപ്പെടും... ബ്രിഡ്‌ജ്‌ ഓഫ്‌ ഓര്‍ക്കി, റണ്ണോക്ക്‌, ഫോര്‍ട്ട്‌ വില്യം, പിന്നെ മലേയ്‌ഗ്‌. സാധാരണ ഗതിയില്‍ അഞ്ച്‌ മണിക്കൂര്‍ മതി... ഞാന്‍ ഫിഷറെയും പിന്നെ നമ്മുടെ സ്നേഹിതന്‍ ഗെറിക്കിനെയും ഒന്നു കണ്ടിട്ട്‌ വരാം... എന്നിട്ടാവാം ബ്രേക്ക്‌ ഫാസ്റ്റ്‌. എല്ലാം ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌..."

അവള്‍ എന്തെങ്കിലും പറയുന്നതിന്‌ മുമ്പേ അദ്ദേഹം പുറത്ത്‌ കടന്നു. ജനാലയ്ക്കരികില്‍ ചെന്ന് ഗ്ലാസും ഷട്ടറും ഉയര്‍ത്തി അവള്‍ പുറത്തേക്ക്‌ നോക്കി. ഏതാണ്ട്‌ വിജനം എന്ന് തന്നെ പറയാവുന്ന പ്ലാറ്റ്‌ഫോം. ലെഫ്റ്റനന്റ്‌ ഫിഷറിന്റെ അകമ്പടി സംഘത്തിനടുത്തേക്ക്‌ ധൃതിയില്‍ നടന്നുപോകുന്ന ജാഗോയെ അവള്‍ കണ്ടു. നീല റെയിന്‍കോട്ട്‌ ധരിച്ച ഗെറിക്ക്‌ അവരുടെ മദ്ധ്യത്തില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

ജാഗോയും ഫിഷറും അല്‍പ്പം മാറി നിന്ന് സംസാരിക്കുവാന്‍ തുടങ്ങി. ആരെയും വിലകല്‍പ്പിക്കാത്ത തരത്തിലുള്ള ഗെറിക്കിന്റെ മുഖഭാവം അവളുടെ ശ്രദ്ധയില്‍ പെട്ടു. പെട്ടെന്നാണ്‌ കാര്‍വര്‍ അദ്ദേഹത്തെ തിരിച്ചുനിര്‍ത്തി വെയ്‌റ്റിംഗ്‌ റൂമിന്‌ നേര്‍ക്ക്‌ ഒരു തള്ള്‌ കൊടുത്തത്‌. ആ അകമ്പടി സംഘവും അദ്ദേഹത്തോടൊപ്പം വെയ്‌റ്റിംഗ്‌ റൂമിനുള്ളിലേക്ക്‌ കടന്നു. പ്ലാറ്റ്‌ഫോമില്‍ ഫിഷറും ജാഗോയും മാത്രമായി ഇപ്പോള്‍. വിജനമായ പ്ലാറ്റ്‌ഫോമിലെ കാഴ്ച അവള്‍ക്ക്‌ മടുപ്പുളവാക്കി. ജനാലയുടെ ഷട്ടര്‍ വലിച്ചടച്ച്‌ തിരികെ ബെര്‍ത്തിലേക്ക്‌ നടക്കുമ്പോള്‍ അവളുടെ ദേഹത്തില്‍ വിറയല്‍ അനുഭവപ്പെട്ടു.

"വല്ലാത്ത ക്ഷീണം... ഉറക്കം മതിയാവാത്തതാകാം കാരണം..." പിറുപിറുത്തുകൊണ്ട്‌ അവള്‍ ബെര്‍ത്തില്‍ കിടന്നിരുന്ന പുതപ്പിനുള്ളിലേക്ക്‌ കയറി.

* * * * * * * * * * * * * * * * * * * * * * * * * * *

"നിങ്ങളുടെ ആളുകള്‍ ഇനിയും എത്തിയില്ലല്ലോ... എന്താണിത്ര താമസം...?" ഫിഷര്‍ ചോദിച്ചു.

"ആര്‍ക്കറിയാം..." ജാഗോ വാച്ചില്‍ നോക്കി. "ഞാന്‍ എന്തായാലും ട്രെയിനില്‍ കയറട്ടെ. ഏത്‌ നിമിഷവും വണ്ടി പുറപ്പെടാം..."

"എത്രയും പെട്ടെന്ന് അദ്ദേഹത്തെ നിങ്ങളുടെ ആള്‍ക്കാരെ ഏല്‍പ്പിച്ച്‌ എനിക്ക്‌ തിരിച്ചുപോകണം..." ഫിഷര്‍ അക്ഷമനായി.

"താങ്കളുടെ ഉത്‌കണ്ഠ എനിക്ക്‌ മനസിലാകുന്നു. എന്തായാലും താങ്കളുടെ മടക്കയാത്ര സുഖകരമായിരിക്കും..." ജാഗോ പറഞ്ഞു.

ജാഗോ ട്രെയിനില്‍ കയറി. ഫിഷര്‍ തിരിഞ്ഞ്‌ വെയ്‌റ്റിംഗ്‌ റൂമിന്‌ നേര്‍ക്ക്‌ നടന്നു. റൈറ്റും ഹാര്‍ഡിസ്റ്റിയും സിഗരറ്റ്‌ പുകച്ച്‌ മൂലയിലുള്ള നെരിപ്പോടിനരുകില്‍ തീ കായുകയാണ്‌.

"നമ്മുടെ തടവുപുള്ളിയെവിടെ...?" ഫിഷര്‍ ചോദിച്ചു.

"അയാള്‍ക്ക്‌ ലാട്രിനില്‍ പോകണമെന്ന് പറഞ്ഞു സര്‍..."

'Gents' എന്നെഴുതിയിരിക്കുന്ന പച്ച കതകിന്‌ നേരെ ചൂണ്ടി ഹാര്‍ഡിസ്റ്റി പറഞ്ഞു. "താന്‍ തന്നെ നോക്കിക്കൊള്ളാമെന്ന് ചീഫ്‌ കാര്‍വര്‍ പറഞ്ഞു..."

പുറത്തേക്ക്‌ കടക്കാനായി ഫിഷര്‍ തിരിഞ്ഞു. പെട്ടെന്നാണ്‌ ടോയ്‌ലറ്റിന്റെ വാതില്‍ ശക്തിയോടെ തുറക്കപ്പെട്ടത്‌. അടുത്ത നിമിഷം, വിഷമഭാവത്തോടെ വേച്ച്‌ വേച്ച്‌ മുടന്തിക്കൊണ്ട്‌ കാര്‍വര്‍ പുറത്തേക്ക്‌ വന്നു. എന്തോ പറയണമെന്നുണ്ടായിരുന്നുവെങ്കിലും ശ്വാസതടസം മൂലം അയാള്‍ക്കതിന്‌ സാധിച്ചില്ല.

അയാളുടെ കോട്ടിന്റെ മുന്‍ഭാഗത്ത്‌ പിടിച്ച്‌ ശക്തിയായി കുലുക്കിക്കൊണ്ട്‌ ഫിഷര്‍ ചോദിച്ചു. "എന്ത്‌ പറ്റി...? എന്താണുണ്ടായത്‌... ഏങ്ങ്‌ഹ്‌...?"

"അവന്‍... അവന്‍ പോയി സര്‍..." അടിവയറ്റില്‍ അമര്‍ത്തിപ്പിടിച്ച്‌ ഞരങ്ങിക്കൊണ്ട്‌ കാര്‍വര്‍ പറഞ്ഞു... "ആ തെമ്മാടി ചാടിപ്പോയി സര്‍..."

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

തികച്ചും യഥാര്‍ത്ഥമായ കാരണങ്ങള്‍ കൊണ്ട്‌ തന്നെയാണ്‌ ലാട്രിനില്‍ പോകണമെന്ന് ഗെറിക്ക്‌ ആവശ്യപ്പെട്ടത്‌. ഇരു കൈകളിലും വിലങ്ങുമായി രക്ഷപെടുക എന്ന ആശയം വെറും മണല്‍ക്കോട്ട മാത്രമായിരിക്കും എന്ന് അദ്ദേഹത്തിന്‌ നല്ല ബോദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ സംഭവിച്ചത്‌ ഇങ്ങനെയാണ്‌. ചെറുതെങ്കിലും, ലഭിച്ച അവസരത്തിന്റെ ഉന്മാദത്തില്‍ വളരെ പെട്ടെന്ന് കാര്യങ്ങള്‍ തീരുമാനിച്ചു.

ലാവട്ടറിയുടെ വാതില്‍ കാല്‍ കൊണ്ട്‌ തട്ടിത്തുറന്ന് ഗെറിക്കിനെ ഉള്ളിലേക്ക്‌ തള്ളിയിട്ട്‌ കാര്‍വര്‍, റൈറ്റിനോടും ഹാര്‍വിസ്റ്റിയോടും പറഞ്ഞു. "ഇത്‌ കൈകാര്യം ചെയ്യാന്‍ ഞാന്‍ മതി മക്കളേ... നിങ്ങള്‍ അവിടെയിരുന്ന് ഒന്ന് പുകയെടുത്തോളൂ..."

ഒരു നിര ടോയ്‌ലറ്റുകള്‍, ഒരു യൂറിനല്‍, അവിടവിടെ പൊട്ടലുകളുള്ള ഒരു വാഷ്‌ ബേസിന്‍ എന്നിവയായിരുന്നു ആ ഇടുങ്ങിയ ഹാളില്‍ ഉണ്ടായിരുന്നത്‌. വാഷ്‌ ബേസിന്‌ മുകളിലെ തുറന്ന ജനാലയിലൂടെ മഴത്തുള്ളികള്‍ അകത്തേക്ക്‌ അടിച്ചുകയറുന്നു. തുറന്ന് കിടന്ന ആ ജാലകമാണ്‌ ഗെറിക്കിന്റെ മസ്തിഷ്ക്കത്തില്‍ ഇളക്കം സൃഷ്ടിച്ചത്‌.

ഗെറിക്ക്‌ ഒരു ക്ലോസറ്റിനടുത്തേക്ക്‌ നടന്നു. എന്നിട്ട്‌ കൈകള്‍ ഉയര്‍ത്തി കാര്‍വറോട്‌ പറഞ്ഞു. "ഈ സാധനം ഇങ്ങനെ കിടക്കുമ്പോള്‍ കുറച്ച്‌ ബുദ്ധിമുട്ടാണ്‌..."

"അത്‌ ശരി... അപ്പോള്‍ ഇരുന്നുകൊണ്ടുള്ള സംഗതിയാണല്ലേ...?" മനുഷ്യത്വത്തിന്റെ അവസാന കണികയും ഊറ്റിയെടുക്കുന്ന മട്ടില്‍ കാര്‍വര്‍ ചോദിച്ചു.

"നിങ്ങള്‍ പറഞ്ഞത്‌ ശരി തന്നെ..." അയാള്‍ പോക്കറ്റില്‍ നിന്ന് താക്കോല്‍ എടുത്ത്‌ ഗെറിക്കിന്റെ ഒരു കൈയിലെ വിലങ്ങ്‌ അഴിച്ചു. "ഇനി പരിപാടികള്‍ തുടങ്ങിക്കോളൂ... വാതില്‍ തുറന്ന് തന്നെ കിടക്കട്ടെ... ഈ അവസ്ഥയില്‍, ഞാന്‍ ഇവിടെ നില്‍ക്കുന്നതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ വിരോധമൊന്നും തോന്നില്ലെന്ന് എനിക്കുറപ്പുണ്ട്‌ കമാന്‍ഡര്‍..."

"വളരെ നന്ദി ചീഫ്‌..." ഗെറിക്ക്‌ വളരെ സൗമ്യനായി പറഞ്ഞു. എന്നിട്ട്‌ തന്റെ വലത്‌ കാല്‍മുട്ട്‌ ഉയര്‍ത്തി കാര്‍വറുടെ അടിവയറ്റില്‍ സാമാന്യം ഭേദപ്പെട്ട ഒരു താങ്ങും വച്ചുകൊടുത്തു.

* * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, February 12, 2010

സ്റ്റോം വാണിംഗ്‌ - 33

ഇനി നമുക്ക്‌ ജര്‍മ്മന്‍ എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ പൈലറ്റ്‌ ഹോസ്റ്റ്‌ നെക്കറുടെ വിശേഷങ്ങള്‍ അറിയുവാന്‍ പോകാം... അദ്ദേഹത്തെ ഓര്‍മ്മയില്ലാത്തവര്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

ട്രോണ്‍ദേമില്‍ മഴ പെയ്യുകയാണ്‌. തുളച്ച്‌ കയറും വിധം അതിശക്തമായ മഴ. ഹോസ്റ്റ്‌ നെക്കറും റൂഡി ഹബ്‌നറും മഴയെ ഭേദിച്ച്‌ ഓപ്പറേഷന്‍സ്‌ ബില്‍ഡിങ്ങിന്‌ നേര്‍ക്ക്‌ നടന്നു. കഴിഞ്ഞ എട്ട്‌ മണിക്കൂറുകളായി പറക്കുകയായിരുന്നു അവര്‍. ബാരന്റ്‌സ്‌ കടലിന്‌ മുകളിലെ വ്യോമനിരീക്ഷണം കഴിഞ്ഞ്‌ ഇറങ്ങിയ ഉടന്‍ തന്നെ ഓപ്പറേഷന്‍സ്‌ ആസ്ഥാനത്തേക്ക്‌ വിളിപ്പിക്കുകയായിരുന്നു. എയര്‍ഫോഴ്‌സ്‌ യൂണിഫോമില്‍ തന്നെയായിരുന്നു ഇരുവരും.

വല്ലാതെ ക്ഷീണിച്ചവശനായിരുന്നു നെക്കര്‍. മനസ്സിനാകെയൊരു അസ്വസ്ഥത.

"ഇടത്‌ ഭാഗത്തെ ആ എന്‍ജിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബുദ്ധിമുട്ടാണ്‌. ട്രാക്ടര്‍ ഓടിക്കുന്നത്‌ പോലെയാണ്‌ ഓരോ യാത്രയും..."

"ശരിയാണ്‌ സര്‍... ഇക്കാര്യം ഞാന്‍ വോജലിന്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. നാം ലാന്റ്‌ ചെയ്യാന്‍ കാത്തിരിക്കുകയാണെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌..." റൂഡി പറഞ്ഞു.

"എങ്കില്‍ ഓ.കെ... സമാധാനമായി.."

ഇന്റലിജന്‍സ്‌ റൂമിന്റെ വാതില്‍ തള്ളിത്തുറന്ന് അദ്ദേഹം ഉള്ളിലേക്ക്‌ കയറി. ഇന്റലിജന്‍സ്‌ ഓഫീസര്‍ ആല്‍ട്രോജ്‌ അവിടെയുണ്ടായിരിക്കുമെന്നാണ്‌ അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്‌. എന്നാല്‍, ചില പേപ്പറുകള്‍ മറിച്ച്‌ നോക്കിക്കൊണ്ടിരുന്ന ഗ്രൂപ്പ്‌ കമാന്‍ഡര്‍ കേണല്‍ മെയര്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു സിഗരറ്റ്‌ പുകയുന്നുണ്ടായിരുന്നു.

അദ്ദേഹം ശിരസ്സുയര്‍ത്തി. "എന്താണ്‌ താങ്കള്‍ക്കൊരു അസ്വസ്ഥത? സുഖമില്ലേ..?"

നെക്കര്‍ തന്റെ പാരച്യൂട്ട്‌ മുന്നില്‍ കണ്ട കസേരയിലേക്കിട്ട്‌ ഒരു സിഗരറ്റ്‌ എടുത്തു. "എങ്ങനെ അസ്വസ്ഥനാകാതിരിക്കും? എട്ട്‌ മണിക്കൂര്‍ നേരം ചുറ്റിക്കറങ്ങിയിട്ട്‌ ഒരു പ്രയോജനവുമുണ്ടായില്ല. ഇടതുവശത്തെ എന്‍ജിനാണെങ്കില്‍ ആസ്ത്‌മയും പിടിച്ചു. വളരെ വിരസമായ യാത്ര..."

"നെവര്‍ മൈന്‍ഡ്‌... താങ്കള്‍ക്ക്‌ രണ്ട്‌ ദിവസത്തെ ലീവ്‌ ഞാന്‍ തരാം. എന്താ, സന്തോഷമായോ...?"

"രണ്ട്‌ ദിവസത്തെ ലീവോ... ഒന്നും കാണാതെ ലീവ്‌ അനുവദിക്കാന്‍ വഴിയില്ലല്ലോ..." നെക്കര്‍ ആശ്ചര്യം കൊണ്ടു.

"അതേ... ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. അടുത്ത കുറേ ആഴ്ചകള്‍ താങ്കളുടെ നിരീക്ഷണ മേഖല സ്കോട്ട്‌ലണ്ടിന്‌ പടിഞ്ഞാറുള്ള ഹെബ്രിഡ്‌സ്‌ പ്രദേശങ്ങളായിരിക്കും. ഉന്നതാധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശമാണ്‌..." അദ്ദേഹം പുഞ്ചിരിച്ചു. "ഹോസ്റ്റ്‌, സാഹസികമായിട്ടുള്ള ഒന്നും തന്നെ ലഭിക്കുന്നില്ല എന്ന പരാതിയായിരുന്നല്ലോ താങ്കള്‍ക്ക്‌ എപ്പോഴും... എന്നാല്‍ ഇപ്പോഴിതാ അത്‌ ലഭിച്ചിരിക്കുന്നു. മാത്രമല്ല, ഈ ആഴ്ച, കിഴക്കന്‍ തീരത്ത്‌ അവര്‍ പുതിയ രണ്ട്‌ *സ്പിറ്റ്‌ ഫയര്‍ സ്ക്വാഡ്രണുകളെയും നിയോഗിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ യാത്ര തികച്ചും സാഹസികം തന്നെ ആയിരിക്കും..." (*സ്പിറ്റ്‌ ഫയര്‍ - ബ്രിട്ടീഷ്‌ റോയല്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം).

"വളരെ നന്ദി..." നെക്കര്‍ ആഹ്ലാദത്തോടെ പറഞ്ഞു. "പക്ഷേ, എന്താണ്‌ ആ പ്രദേശത്ത്‌ ഇത്ര പ്രത്യേകത...?"

"ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്‍ പ്രകാരം കാനഡയില്‍ നിന്ന് ഒരു കോണ്‍വോയ്‌ വടക്ക്‌ കിഴക്കോട്ട്‌ യാത്ര തിരിച്ചിട്ടുണ്ട്‌. അവ ഇപ്പോള്‍ ഐസ്‌ലണ്ടിന്റെ സമീപത്ത്‌ എത്തിയിരിക്കുന്നു. അറ്റ്‌ലാന്റിക്കിലെ നിരീക്ഷണ പരിധി കുറച്ചുകൂടി ദീര്‍ഘിപ്പിക്കണം. ചുരുങ്ങിയത്‌ ഔട്ടര്‍ ഹെബ്രിഡ്‌സില്‍ നിന്ന് ഒരു അഞ്ഞൂറ്‌ മൈലുകള്‍ എങ്കിലും..."

"അതിന്‌ അത്രയും നീണ്ട പറക്കലിനുള്ള സൗകര്യം നമുക്കില്ലല്ലോ..."

മെയര്‍ ഡെസ്കിനുള്ളില്‍ നിന്ന് ഒരു ചാര്‍ട്ട്‌ എടുത്തു. "വിഷമിക്കണ്ട... വിമാനത്തിന്റെ ഇന്ധന ടാങ്കുകള്‍ക്ക്‌ ഭേദഗതി വരുത്തുണ്ട്‌. അഞ്ഞൂറ്‌ മൈല്‍ അധികം യാത്ര ചെയ്യുവാനായി GMI സിസ്റ്റത്തില്‍ മാറ്റം വരുത്തുന്നുണ്ട്‌. അതുകൊണ്ട്‌ 35,000 അടി ഉയരത്തില്‍ നമുക്ക്‌ സ്കോട്ട്‌ലണ്ട്‌ കടക്കുവാന്‍ കഴിയും. അവര്‍ പറയുന്നത്‌ 40,000 അടി എന്നാണ്‌. പക്ഷേ അത്രയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്തായാലും ആ സ്പിറ്റ്‌ ഫയറുകളുടെ ആക്രമണത്തില്‍ നിന്ന് ഒഴിവാകാന്‍ അത്‌ സഹായിക്കും."

GMI സിസ്റ്റത്തില്‍ സംഭവിക്കുന്നത്‌ ഇതാണ്‌. സൂപ്പര്‍ ചാര്‍ജറുകളിലേക്ക്‌ നൈട്രസ്‌ ഓക്സൈഡ്‌ ഇന്‍ജക്ട്‌ ചെയ്യുന്നു. വളരെ ഉയരത്തില്‍ പറക്കുമ്പോള്‍ അവ ജ്വലനത്തിന്‌ കൂടുതല്‍ ഓക്സിജന്‍ ലഭ്യമാക്കുന്നു. ഇത്‌ എന്‍ജിന്റെ കാര്യക്ഷമത ഇരുപത്‌ ശതമാനത്തോളം വര്‍ദ്ധിപ്പിക്കുന്നു.

ചാര്‍ട്ട്‌ പരിശോധിച്ച്‌ നെക്കര്‍ തല കുലുക്കി. "ഏതായാലും, ഇതൊരു നീണ്ട യാത്രയായിരിക്കുമെന്നതില്‍ സംശയമില്ല..."

മെയര്‍ പുഞ്ചിരിച്ചുകൊണ്ട്‌ നെക്കറുടെ തോളില്‍ തട്ടി.

"സാരമില്ല... പഴക്കമാകുമ്പോള്‍ ദൂരം കുറഞ്ഞതായി തോന്നും..."


* * * * * * * * * * * * * * * * * * * * * * * * * * * * *

സായാഹ്നമായപ്പോഴേക്കും കാറ്റിന്റെ ശക്തി ഗണ്യമായി കുറഞ്ഞിരുന്നു. തെക്ക്‌ പടിഞ്ഞാറ്‌ നിന്ന് വീശുന്ന ചെറുകാറ്റില്‍ എല്ലാ പായകളും നിവര്‍ത്തി ഇരുട്ടിനെ ഭേദിച്ചുകൊണ്ട്‌ മുന്നേറുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌.

റിക്ടറിനായിരുന്നു ആ സമയത്ത്‌ വാച്ച്‌ ഡ്യൂട്ടി. വീല്‍ നിയന്ത്രിച്ചിരുന്ന എന്‍ഡ്രാസും അദ്ദേഹവുമൊഴികെ ക്വാര്‍ട്ടര്‍ ഡെക്കില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഒരു ചുരുട്ടിന്റെ പുക ആസ്വദിച്ചുകൊണ്ട്‌ കൈവരികള്‍ക്ക്‌ സമീപം നില്‍ക്കുകയാണ്‌ റിക്ടര്‍. മന്ദമാരുതന്‍ വീശിക്കൊണ്ടിരിക്കുന്ന ആ അന്തരീക്ഷം വളരെ ആസ്വാദ്യകരമായി തോന്നി അദ്ദേഹത്തിന്‌. ആകാശത്ത്‌ തെളിഞ്ഞ്‌ കാണുന്ന അര്‍ദ്ധചന്ദ്രനെയും അങ്ങകലെ ചക്രവാളത്തില്‍ ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെയും അദ്ദേഹം വീക്ഷിച്ചു.

ഒമ്പത്‌ മണിയാകാറായപ്പോള്‍ കപ്പലിന്റെ മുന്‍ഭാഗത്ത്‌ ഡ്യൂട്ടിയിലുള്ള 'ലുക്ക്‌ ഔട്ടിന്‌' ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി അദ്ദേഹം പോയി. തിരികെ വരുന്ന വഴിയില്‍ കാറ്റുപായകള്‍ കെട്ടിയിരിക്കുന്ന കയറുകളുടെ അടുത്ത്‌ ചെന്ന് അവയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി.

തന്റെ പിന്നില്‍ പെട്ടെന്ന് ഒരു പാദചലനം കേട്ട്‌ അദ്ദേഹം തിരിഞ്ഞുനോക്കി. ലൈഫ്‌ ബോട്ടുകള്‍ വച്ചിരുന്നതിന്റെ നിഴലുകള്‍ക്കിടയില്‍ നിന്ന് ലോട്ടെ പുറത്തേക്ക്‌ വന്നു.

"ഹെല്‍മട്ട്‌...!"

അവള്‍ അദ്ദേഹത്തിന്റെ നേര്‍ക്ക്‌ കൈകള്‍ നീട്ടി.

"ലോട്ടെ... എന്തെടുക്കുകയണ്‌ നീയിവിടെ...?" അവളുടെ കരങ്ങള്‍ ഗ്രഹിച്ചുകൊണ്ട്‌ റിക്ടര്‍ ചോദിച്ചു.

"കഴിഞ്ഞ അര മണിക്കൂറായി അങ്ങയെ ശ്രദ്ധിച്ചുകൊണ്ട്‌ നില്‍ക്കുകയാണ്‌ ഞാനിവിടെ. എന്തൊരു ആത്മാര്‍ത്ഥതയാണ്‌ ജോലിയില്‍..."

"ലോട്ടെ... നീ താഴേയ്ക്ക്‌ പോകൂ... പെട്ടെന്ന്..."

"എന്തിന്‌...?"

"എന്തിനെന്ന് ഞാന്‍ പറയാം... നിന്റെ കാര്യത്തില്‍ അങ്ങേയറ്റം ഉത്ക്കണ്ഠാകുലയാണ്‌ സിസ്റ്റര്‍ ആഞ്ചല. ഈ യാത്രയുടെ അവസാനം വരെ നിന്നില്‍ നിന്ന് അകന്ന് നില്‍ക്കാമെന്ന് ഞാന്‍ വാക്ക്‌ കൊടുത്തിട്ടുണ്ട്‌ ക്യാപ്റ്റന്‌..."

"അപ്പോള്‍ എന്റെ കാര്യത്തില്‍ അങ്ങേയ്ക്ക്‌ ഉത്ക്കണ്ഠയൊന്നും ഇല്ലെന്നാണോ...?"

"ഗോഡ്‌ ഹെല്‍പ്‌ മീ..." അദ്ദേഹം അവളുടെ കൈകള്‍ വിടുവിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു. "നോക്കൂ ലോട്ടെ... ഞാന്‍ വാക്ക്‌ കൊടുത്തു കഴിഞ്ഞു... എന്താ, നിനക്ക്‌ പറഞ്ഞാല്‍ മനസ്സിലാവില്ലേ...?"

"മനസ്സിലാകുന്നു... പക്ഷേ... ഇത്രയും കാലം എനിക്ക്‌ എല്ലാത്തിനേയും ഭയമായിരുന്നു. എന്നാല്‍ അങ്ങ്‌ എന്നോടൊപ്പമുള്ളപ്പോള്‍... " അവള്‍ അദ്ദേഹത്തിന്റെ കൈകളില്‍ മുറുകെ പിടിച്ചു. "ഈ സ്നേഹം എന്ന് പറയുന്നത്‌ ഇങ്ങനെയാണോ ഹെല്‍മട്ട്‌...? ഇതിന്‌ മുമ്പ്‌ ഇങ്ങനെയൊരു അനുഭവം അങ്ങേയ്ക്കുണ്ടായിട്ടുണ്ടോ...?"

അദ്ദേഹത്തിന്റെ സകല നിയന്ത്രണങ്ങളും തകര്‍ന്നുപോയി. അദ്ദേഹത്തിന്റെ കൈകള്‍ അവളെ വരിഞ്ഞ്‌ മുറുക്കി. "ഇല്ല ലോട്ടെ... ഒരിക്കലുമില്ല..."

അദ്ദേഹത്തിന്റെ നെഞ്ചിലൊട്ടി നിന്ന് അവള്‍ മുഖമുയര്‍ത്തി. "ഒരു നോവിസ്‌ എന്ന നിലയ്ക്ക്‌ ഇതില്‍ നിന്ന് വിട്ട്‌ പോരാന്‍ എനിക്ക്‌ പ്രയാസമില്ല. അധികം താമസിയാതെ നമുക്ക്‌ കീലില്‍ എത്തുകയും ചെയ്യാം... പക്ഷേ, പിന്നെ...?"

അദ്ദേഹം അവളെ മൃദുവായി ചുംബിച്ചു. "കീലില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ സംഭവിക്കുന്നത്‌ ഒരേ ഒരു കാര്യം മാത്രം... പിന്നീട്‌ ഇതുപോലെ മറ്റുള്ളവരെ ഭയന്നുള്ള സന്ദര്‍ശങ്ങള്‍ വേണ്ടി വരില്ല..."

"ഇനിയും എത്ര നാള്‍ വേണ്ടി വരും അതിന്‌...?"

"നമുക്ക്‌ ഭാഗ്യമുണ്ടെങ്കില്‍ രണ്ടാഴ്ച മതി... പക്ഷേ, കാലാവസ്ഥ മോശമായാല്‍ പോരാ താനും..."

"നമ്മെ സഹായിക്കാനായി കാറ്റിനെ വിളിച്ചുവരുത്തട്ടെ ഞാന്‍...? ഒരു നല്ല കാറ്റ്‌...?" പുഞ്ചിരിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.

"ഹേയ്‌... അതിന്റെ ആവശ്യമൊന്നുമില്ല..." അദ്ദേഹം ആകാശത്തേക്ക്‌ കണ്ണോടിച്ചു. "ഇതൊരു താല്‍ക്കാലിക ശാന്തതയാണെന്ന് തോന്നുന്നു. പ്രഭാതത്തിന്‌ മുമ്പ്‌ നല്ല കാറ്റ്‌ പ്രതീക്ഷിക്കാം..."

പിന്നില്‍ പാദചലനം കേട്ട്‌ പെട്ടെന്ന് അവര്‍ ഞെട്ടിത്തിരിഞ്ഞു. അവരെ തന്നെ നോക്കിക്കൊണ്ട്‌ പാമരത്തിന്‌ സമീപം സിസ്റ്റര്‍ ആഞ്ചല നിന്നിരുന്നു.

"ഹേര്‍ റിക്ടര്‍.... ലോട്ടെ.... എത്ര സുന്ദരമായ രാത്രി... അല്ലേ...?" അവര്‍ വളരെ ശാന്തമായി ചോദിച്ചു.

സ്ഥലകാല ബോധം വീണ്ടെടുത്തപ്പോള്‍ ആദ്യം പ്രതികരിച്ചത്‌ ലോട്ടെയാണ്‌. റിക്ടറെ ഈ വിഷമഘട്ടത്തില്‍ നിന്ന് രക്ഷിക്കണമെന്ന് അവള്‍ തീരുമാനിച്ചു. "കുറ്റം എന്റേതാണ്‌ സിസ്റ്റര്‍... റിക്ടര്‍ നിരപരാധിയാണ്‌..."

"എനിയ്ക്കത്‌ നന്നായി മനസ്സിലായി കുട്ടീ... നിങ്ങളെ വീക്ഷിച്ചുകൊണ്ട്‌ ഞാന്‍ ഇവിടെ നിന്നുതുടങ്ങിയിട്ട്‌ അഞ്ച്‌ മിനിറ്റായി. എന്തായാലും നീ ഇപ്പോള്‍ താഴെ പോകൂ..."

ലോട്ടെ ഒന്ന് സംശയിച്ചു നിന്നു. പിന്നെ മനസ്സില്ലാമനസ്സോടെ ഇടനാഴിയിലേക്ക്‌ നടന്നു. അവള്‍ അല്‍പ്പദൂരം എത്തിയപ്പോള്‍ സിസ്റ്റര്‍ ആഞ്ചല കൂട്ടിച്ചേര്‍ത്തു. "സമയം കിട്ടുമെങ്കില്‍ നാളെയും നിന്നോട്‌ സംസാരിക്കുവാന്‍ റിക്ടറിന്‌ വിരോധമുണ്ടാവില്ല...."

വിശ്വസിക്കാനാവാതെ അവള്‍ ഒരു നിമിഷം അവിടെ നിന്നു. പിന്നെ ഒരു ദീര്‍ഘശ്വാസമെടുത്ത്‌ തിരിഞ്ഞ്‌ താഴേക്ക്‌ ഓടിപ്പോയി.

"അപ്പോള്‍ എനിയ്ക്ക്‌ അവളോട്‌ സംസാരിക്കുവാനുള്ള അനുവാദമുണ്ടെന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്‌ സിസ്റ്റര്‍...?" അദ്ദേഹം ചോദിച്ചു.

"ഇത്രത്തോളമായ സ്ഥിതിക്ക്‌ ഇനി അതാണ്‌ നല്ലതെന്ന് എനിയ്ക്ക്‌ തോന്നുന്നു..." വേദന കലര്‍ന്ന പുഞ്ചിരിയോടെ അവര്‍ പറഞ്ഞു.

പിന്നെ പെട്ടെന്ന് തിരിഞ്ഞ്‌ അവര്‍ ബെര്‍ഗറുടെ റൂമിന്‌ നേര്‍ക്ക്‌ നടന്നു. കതകില്‍ മുട്ടി അവര്‍ ഉള്ളിലേക്ക്‌ പോകുന്നത്‌ നോക്കി നിസ്സഹായനായി റിക്ടര്‍ നിന്നു.

ഡെസ്കിന്‌ മുന്നിലിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ക്യാപ്റ്റന്‍ ബെര്‍ഗര്‍. ഒരു പുസ്തകം വായിച്ചുകൊണ്ട്‌ തൊട്ടടുത്തുള്ള ബങ്കില്‍ കിടന്നിരുന്ന ഓട്ടോ പ്രേയ്‌ഗര്‍ ചാടിയെഴുനേറ്റു. ബെര്‍ഗര്‍ തന്റെ പേന മേശമേല്‍ വച്ചു.

"എന്താണ്‌ സിസ്റ്റര്‍...?" ആദരവോടെ അദ്ദേഹം ചോദിച്ചു.

"ഞാന്‍ ഇവിടെ നിന്ന് മാറിത്തരണമായിരിക്കും...?" പ്രേയ്‌ഗര്‍ വാതിലിന്‌ നേര്‍ക്ക്‌ നടന്നു.

സിസ്റ്റര്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഒരു നിമിഷത്തെ കാര്യമേയുള്ളൂ ക്യാപ്റ്റന്‍... റിക്ടറുടെയും ലോട്ടെയുടെയും കാര്യമാണ്‌..."

"ങ്‌ഹും... എന്താ...?" കുഴപ്പങ്ങളെ നേരിടാന്‍ തയ്യാറായിക്കൊണ്ട്‌ അദ്ദേഹം ചോദിച്ചു.

"കീലില്‍ എത്തുന്നത്‌ വരെ അവളോട്‌ സംസാരിക്കരുതെന്ന് റിക്ടറെക്കൊണ്ട്‌ പ്രതിജ്ഞ എടുപ്പിച്ചിരുന്നല്ലോ നമ്മള്‍... അതില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയാല്‍ നന്നായിരുന്നു..."

"ങ്‌ഹേ... എനിക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. നിങ്ങളുടെ സമീപനത്തില്‍ കാര്യമായ മാറ്റം വന്നിരിക്കുന്നല്ലോ... കാരണം...?"

"അതേ... ഇതൊരു പുതിയ സമീപനം തന്നെ... ലോട്ടെയുടെ ജീവിതം നേരായ മാര്‍ഗ്ഗത്തിലുള്ളതും സുരക്ഷിത്വം നിറഞ്ഞതുമായിരിക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം. കീലില്‍ എത്തിയതിന്‌ ശേഷം അവളുടെ ഭാവി അവള്‍ തീരുമാനിക്കട്ടെ. ദൈവം അവള്‍ക്കൊപ്പമുണ്ടാകും. അപ്പോള്‍ പിന്നെ ഈ അവസ്ഥയില്‍ അവരെ വേര്‍പിരിച്ച്‌ നിര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. വിശ്വസിക്കാവുന്ന, മാന്യനായ ഒരു ചെറുപ്പക്കാരനാണ്‌ റിക്ടര്‍ എന്ന് ഇന്നെനിയ്ക്ക്‌ ബോധ്യം വന്നിരിക്കുന്നു..."

എന്താണ്‌ പറയേണ്ടതെന്നറിയാതെ ബെര്‍ഗര്‍ മിഴിച്ചുനിന്നു. സിസ്റ്റര്‍ ആഞ്ചല ഒരു നിമിഷം നിന്നിട്ട്‌ തുടര്‍ന്നു... "സത്യം പറഞ്ഞാല്‍... ഞാന്‍ തളര്‍ന്നിരിക്കുന്നു ക്യാപ്റ്റന്‍...."

അവര്‍ പുറത്ത്‌ കടന്ന ഉടന്‍ വാതില്‍ താനേ അടഞ്ഞു. പ്രേയ്‌ഗറുടെ മുഖത്തെ ആശ്ചര്യഭാവം വിവരണാതീതമായിരുന്നു. ബെര്‍ഗര്‍, ഒരക്ഷരം പോലും ഉരിയാടാതെ, അലമാര തുറന്ന് ഒരു കുപ്പി റമ്മും രണ്ട്‌ ഗ്ലാസുകളും എടുത്തു.


* * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, February 5, 2010

സ്റ്റോം വാണിംഗ്‌ - 32

ഫാഡാ ദ്വീപില്‍ മഴ കോരിച്ചൊരിയുകയാണ്‌. ആ പഴയ കെട്ടിടത്തിന്റെ ജാലകങ്ങളില്‍ മഴത്തുള്ളികള്‍ ചരല്‍ക്കല്ലുകള്‍ പോലെ വന്നു പതിച്ചു. മേശമേല്‍ തുറന്ന് വച്ചിട്ടുള്ള ഡയറിയുമായി ഇരിക്കുകയാണ്‌ അഡ്‌മിറല്‍ റീവ്‌. നേവിയില്‍ ചേര്‍ന്ന കാലം മുതല്‍ മുടങ്ങാതെ തുടര്‍ന്ന് പോരുന്ന പതിവാണ്‌ ദിവസേനയുള്ള സംഭവങ്ങള്‍ ഡയറിയില്‍ കുറിച്ച്‌ വയ്ക്കുക എന്നത്‌. കുറേ സംഭവങ്ങളുടെ ഒരു ശേഖരം എന്നതിലുപരി അദ്ദേഹത്തിന്റെ ചിന്താഗതി തന്നെയായിരുന്നു ആ ഡയറിയില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നത്‌. തന്റെ ചുണ്ടിലിരുന്ന സിഗരറ്റിന്‌ തീ കൊളുത്തിയിട്ട്‌ അദ്ദേഹം എഴുത്ത്‌ തുടര്‍ന്നു.

"...... എന്റെ ഈ ജീവിതം... അതിനെ ജീവിതം എന്ന് വിശേഷിപ്പിക്കാമെങ്കില്‍... എനിയ്ക്ക്‌ പിടി കിട്ടാത്ത ഒരു പ്രഹേളികയായി തോന്നുന്നു. എല്ലാറ്റിനും എവിടെയോ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. വളരെ സാവധാനം ഇഴഞ്ഞിഴഞ്ഞ്‌ നീങ്ങുന്ന കാലത്തിന്റെ പിടിയില്‍ ഞാന്‍ അകപ്പെട്ടതായി തോന്നുന്നു. എന്താണിതിന്റെ ലക്ഷ്യം... എവിടെയാണിതിന്റെ അന്ത്യം...?"

അദ്ദേഹം തൂലിക താഴെ വച്ചു. പിന്നെ നെരിപ്പോടിനരികിലേക്ക്‌ നടന്നു. അതിന്റെ ചൂട്‌ പറ്റി കിടന്നിരുന്ന നായയുടെ മേല്‍ ഒരു തട്ട്‌ കൊടുത്തു. "മാറിക്കിടക്കെടാ ഇവിടുന്ന്... റെഡ്‌ ഡെവിള്‍..."

മനസ്സില്ലാ മനസ്സോടെ റോറി അവിടെ നിന്ന് നീങ്ങിക്കിടന്നു. നെരിപ്പോടിലേക്ക്‌ കുറച്ച്‌ കൂടി കല്‍ക്കരി വാരിയിട്ടിട്ട്‌ റീവ്‌ വാച്ചിലേക്ക്‌ നോക്കി.

"സമയമായി റോറീ.. ഇന്നെന്താ വിശേഷം എന്ന് നോക്കാം... നമ്മള്‍ ഇവിടെ ഇപ്പോഴും ജീവനോടെയുണ്ടെന്ന് അവരെ അറിയിക്കാം..."

ജാലകത്തിനടുത്തുള്ള മേശമേല്‍ ഹാം റേഡിയോ ഇരിക്കുന്നുണ്ടായിരുന്നു. ഹെഡ്‌ഫോണ്‍ എടുത്ത്‌ അഡ്‌ജസ്റ്റ്‌ ചെയ്തിട്ട്‌ അദ്ദേഹം ട്രാന്‍സ്‌മിറ്റ്‌ ചെയ്യാന്‍ ആരംഭിച്ചു.

"ദിസ്‌ ഈസ്‌ *ഷുഗര്‍ വണ്‍ ഓണ്‍ ഫാഡാ കോളിംഗ്‌ മലേയ്‌ഗ്‌... ആര്‍ യൂ റിസീവിംഗ്‌ മീ...?" (*ഷുഗര്‍ വണ്‍ - അഡ്‌മിറല്‍ റീവിന്റെ കോഡ്‌ നെയിം)

റോറി അദ്ദേഹത്തിന്റെയടുത്ത്‌ വന്ന് നിന്നു. അവന്റെ ചെവികളില്‍ തലോടിക്കൊണ്ട്‌ റീവ്‌ വീണ്ടും വിളിച്ചു. അടുത്ത നിമിഷം തന്നെ മറുപടിയും എത്തി.

"ഹലോ ഷുഗര്‍ വണ്‍... ദിസ്‌ ഈസ്‌ മലേയ്‌ഗ്‌ റിസീവിംഗ്‌ യൂ... വ്യക്തമായി തന്നെ കേള്‍ക്കാം... ഹോള്‍ഡ്‌ ഓണ്‍... താങ്കള്‍ക്കൊരു സന്ദേശമുണ്ട്‌ സര്‍..."

റീവ്‌ അത്ഭുതപരതന്ത്രനായി.

"അഡ്‌മിറല്‍ റീവ്‌...? ദിസ്‌ ഈസ്‌ മറേ സ്പീക്കിംഗ്‌ സര്‍..."

"യെസ്‌ മറേ... വാട്ട്‌ ക്യാന്‍ ഐ ഡൂ ഫോര്‍ യൂ...?" റീവ്‌ ചോദിച്ചു.

"ലണ്ടനില്‍ നിന്ന് താങ്കള്‍ക്കൊരു സന്ദേശമുണ്ട്‌ സര്‍... കുറച്ച്‌ ദിവസം താങ്കളുടെയൊപ്പം താമസിക്കുന്നതിനായി അനന്തിരവള്‍ ജാനറ്റ്‌ മണ്‍റോ യാത്ര തിരിച്ചിരിക്കുന്നു..."

"അത്ഭുതകരം... ആട്ടെ, എപ്പോഴാണ്‌ അവള്‍ എത്തുന്നത്‌...?"

"ഒരു പക്ഷേ, നാളെയായിരിക്കും. ഉറപ്പ്‌ പറയാന്‍ പറ്റില്ല അക്കാര്യത്തില്‍. ഇപ്പോഴത്തെ അവസ്ഥയില്‍ ട്രെയിനുകളുടെ സമയനിഷ്ഠയുടെ കാര്യം അറിയാമല്ലോ... ഇവിടെ നിന്ന് ഫാഡായിലേക്കുള്ള അവരുടെ യാത്ര എങ്ങനെയാണ്‌ സര്‍...? എന്റെയറിവില്‍ ഒഫിഷ്യല്‍ ബോട്ടുകളൊന്നും ലഭ്യമല്ല..."

"ഐ സീ... " റീവ്‌ പറഞ്ഞു. "അക്കാര്യം ഞാന്‍ ഏര്‍പ്പാടാക്കിക്കോളാം... വേറെന്തെങ്കിലും വിശേഷങ്ങള്‍...?"

"വേറെയൊന്നുമില്ല സര്‍..." മറേ പറഞ്ഞു. "ഒരു ബോട്ട്‌ അറേഞ്ച്‌ ചെയ്ത്‌ തരാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്‌ സര്‍..."

"നെവര്‍ മൈന്‍ഡ്‌... ആരായിരുന്നാലും ഈ പരിതസ്ഥിതിയില്‍ ഇത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ... പിന്നെ താങ്കളെന്തിന്‌ വിഷമിക്കുന്നു...? ഓവര്‍ ആന്‍ഡ്‌ ഔട്ട്‌..."

റേഡിയോ ഓഫ്‌ ചെയ്തിട്ട്‌ അദ്ദേഹം അകലേക്ക്‌ നോക്കിക്കൊണ്ട്‌ അല്‍പ്പനേരം ഇരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ അപ്പോഴും യാന്ത്രികമായി റോറിയെ തടവുന്നുണ്ടായിരുന്നു. ജാനറ്റ്‌ വരുന്ന കാര്യം ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന്‌ സന്തോഷം തോന്നി. എന്തെങ്കിലും പുതിയ വര്‍ത്തമാനങ്ങള്‍ അറിയാമല്ലോ. പക്ഷേ, അതുകൊണ്ട്‌ മാത്രമായില്ല. തീര്‍ച്ചയായും അതുകൊണ്ട്‌ മാത്രമായില്ല.

അദ്ദേഹത്തിന്റെ മാനസിക സംഘര്‍ഷത്തിന്റെ വേദന അറിഞ്ഞത്‌ റോറി ആയിരുന്നു. അദ്ദേഹത്തിന്റെ കൈകള്‍ അവന്റെ കഴുത്തില്‍ മുറുകിയപ്പോള്‍ അവന്‍ കരഞ്ഞു. അദ്ദേഹം പെട്ടെന്ന് ചാടിയെഴുനേറ്റു. "ക്ഷമിക്ക്‌ മോനേ... വേദനിച്ചോ...? വരൂ, നമുക്ക്‌ പുറത്ത്‌ പോയി അല്‍പ്പം ശുദ്ധവായു ശ്വസിക്കാം..."

തന്റെ കോട്ട്‌ എടുത്ത്‌ ധരിച്ചിട്ട്‌ അദ്ദേഹം പുറത്തേക്ക്‌ നടന്നു. റോറിയും അദ്ദേഹത്തെ അനുഗമിച്ചു. കാറ്റ്‌ എതിര്‍ദിശയില്‍ ആയിരുന്നതിനാല്‍ ട്രോളിയുടെ പായ നിവര്‍ത്തുന്നതുകൊണ്ട്‌ പ്രയോജനമുണ്ടായിരുന്നില്ല. അതിനാല്‍, സൗത്ത്‌ ഇന്‍ലെറ്റ്‌ എത്തുന്നതുവരെ അദ്ദേഹത്തിന്‌ ട്രോളിയുടെ ഹാന്‍ഡ്‌ പമ്പ്‌ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നു. ലൈഫ്‌ ബോട്ട്‌ സ്റ്റേഷന്‌ സമീപം എത്തിയപ്പോള്‍ ബോട്ട്‌ ഹൗസിന്റെ വാതില്‍ തുറന്ന് കിടക്കുന്നുണ്ടായിരുന്നു. അതിനുള്ളില്‍ ഒരു പഴഞ്ചന്‍ കസേരയിലിരുന്ന് ഒരു വല തുന്നിക്കൊണ്ടിരിക്കുകയായിരുന്നു മര്‍ഡോക്ക്‌.

തന്റെ ജോലി നിര്‍ത്താതെ അദ്ദേഹം മുഖമുയര്‍ത്തി നോക്കി. കാലാവസ്ഥ മങ്ങലേല്‍പ്പിച്ചിരുന്ന അദ്ദേഹത്തിന്റെ മുഖം നിര്‍വികാരമായിരുന്നു. "ഇന്നത്തെ ദിവസം എങ്ങനെ ക്യാരി റീവ്‌...? നല്ലതോ ചീത്തയോ...?" അദ്ദേഹം ചോദിച്ചു.

"ഇത്രയും കാലമായിട്ട്‌ എനിക്കത്‌ തീര്‍ച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ...?

"അപ്പോള്‍ ഇന്നും അങ്ങനെ തന്നെ...ആട്ടെ, കുറച്ച്‌ കഴിക്കുന്നതില്‍ വിരോധമുണ്ടോ...?"

"പിന്നെയാകാം... നാളെ, ലണ്ടനില്‍ നിന്നുള്ള ട്രെയിനില്‍ എന്റെ അനന്തിരവള്‍ മലേയ്‌ഗില്‍ എത്തുന്നു..."

"അതൊരു നല്ല വാര്‍ത്തയാണല്ലോ... " മര്‍ഡോക്ക്‌ വല ഒന്ന് വിരിച്ചിട്ടു. "ആ ലാക്ലന്‍ മാക്‍ബ്രെയിന്‍ ഇല്ലേ... അവന്‍ ലീവില്‍ വരുന്നുണ്ട്‌... അതേ ട്രെയിനില്‍ തന്നെ. അവന്റെ അമ്മ ഇന്നലെ എന്നോട്‌ പറഞ്ഞതാണ്‌..."

"അവന്‍ ഒരു പാരാട്രൂപ്പര്‍ അല്ലേ...?"

" അതേ... വിരോധമില്ലെങ്കില്‍, അവരെ കൂട്ടിക്കൊണ്ട്‌ വരുവാന്‍ താങ്കളുടെ *കാത്‌റീനയുമായി ഞാന്‍ പോകാം... (*കാത്‌റീന - അഡ്‌മിറല്‍ റീവിന്റെ ബോട്ട്‌)

"അതേതായാലും വളരെ നന്നായി..." റീവ്‌ പറഞ്ഞു.


* * * * * * * * * * * * * * * * * * * * * * * * * * * * * *


ട്രെയിനില്‍, മെയില്‍ ബാഗുകളുടെ പുറത്ത്‌ ഗെറിക്ക്‌ നീണ്ട്‌ നിവര്‍ന്ന് കിടന്നു. കണ്ണുകള്‍ അടച്ചിരുന്നതുകൊണ്ട്‌ പ്രത്യക്ഷത്തില്‍ ഉറക്കമാണെന്നേ തോന്നുമായിരുന്നുള്ളൂ. കാര്‍വറും മറ്റ്‌ രണ്ട്‌ ലീഡിംഗ്‌ സീമാന്മാരും വട്ടം കൂടിയിരുന്ന് ചീട്ട്‌ കളിച്ചുകൊണ്ടിരിക്കുന്നു. ഫിഷര്‍ ഒരു പുസ്തകം വായിച്ചുകൊണ്ട്‌ അടുത്ത്‌ തന്നെ ഇരിക്കുന്നുണ്ട്‌.

കതകില്‍ ആരോ മുട്ടിയ ശബ്ദം കേട്ട്‌ എഴുനേറ്റ ഫിഷര്‍ വാതിലിന്റെ കൊളുത്ത്‌ ഊരി. ഹാരി ജാഗോ ആയിരുന്നു അത്‌.

"എങ്ങനെ...? കുഴപ്പമൊന്നുമില്ലല്ലോ...?"

"ഏയ്‌... ഇല്ല..." ഫിഷര്‍ പറഞ്ഞു. ഗെറിക്ക്‌ കിടന്നിരുന്ന മുറിയുടെ ഇരുമ്പഴികള്‍ക്കടുത്തേക്ക്‌ അവര്‍ നടന്നു. "ഒരു മണിക്കൂറായി അദ്ദേഹം നല്ല ഉറക്കത്തിലാണ്‌..."

"വെരി ഗുഡ്‌... ആട്ടെ, താങ്കള്‍ക്ക്‌ സമയമുണ്ടെങ്കില്‍ നമുക്ക്‌ സ്ലീപ്പര്‍ കോച്ചിലേക്ക്‌ പോകാം.. ഡോക്ടര്‍ മണ്‍റോ അവിടെയുണ്ട്‌. എന്റെ ബാഗിലെ സ്കോച്ച്‌ ബോട്ട്‌ല്‍ പൊട്ടിക്കുകയും ചെയ്യാം..."

"വളരെ നല്ലത്‌..." ഫിഷര്‍ പറഞ്ഞു. അവര്‍ രണ്ട്‌ പേരും പുറത്തേക്ക്‌ നടന്നു.

കാര്‍വര്‍ ഒരു സിഗരറ്റിന്‌ തീ കൊളുത്തി. "അവരേതായാലും അതൊപ്പിച്ചെടുത്തു. ഈ *യാങ്കികളെ പോലെ ഇത്ര വിരുതന്മാര്‍...!" (*യാങ്കി - അമേരിക്കക്കാരന്‍)

"എങ്ങനെയാണത്‌ ചീഫ്‌...?" ഹാര്‍ഡിസ്റ്റി ചോദിച്ചു.

"ഒരു ഡോക്ടര്‍ മണ്‍റോ... തരക്കേടില്ല അവള്‍... അവളുടെ അമ്മാവന്‍ ഒരു അമേരിക്കന്‍ അഡ്‌മിറലാണത്രേ... ഔട്ടര്‍ ഹെബ്രിഡ്‌സിലെ ഏതോ ദ്വീപില്‍ താമസിക്കുന്നു. സ്ലീപ്പര്‍ കോച്ചില്‍ ഒരു പ്രൈവറ്റ്‌ ബെര്‍ത്ത്‌ കിട്ടിയിട്ടുണ്ട്‌ അവള്‍ക്ക്‌. ജാഗോയും അവളും അടുപ്പത്തിലാണ്‌..." അയാള്‍ തന്റെ കൈയിലെ ചീട്ടുകള്‍ മുന്നിലേക്കിട്ടു. "ഇതില്‍ നല്ലതൊന്നുമില്ല... ഒന്നുകൂടി നന്നായി കശക്ക്‌... നോക്കൂ റൈറ്റ്‌... ഇനിയത്തേതിലെങ്കിലും നല്ലത്‌ തന്നില്ലെങ്കില്‍...ങ്‌ഹാ..."

അയാള്‍ എഴുനേറ്റ്‌ ഇരുമ്പഴികള്‍ക്കരികില്‍ ചെന്നിട്ട്‌ ഗെറിക്കിനെ സൂക്ഷിച്ചുനോക്കി. "നിങ്ങള്‍ ഉണര്‍ന്നോ കമാന്‍ഡര്‍...?"

ഗെറിക്ക്‌ അനങ്ങിയില്ല. കണ്ണുകള്‍ അടച്ച്‌ ശാന്തമായി ഉറക്കം നടിച്ച്‌ കിടന്നു.

"അയാളവിടെ കിടക്കട്ടെ ചീഫ്‌... എങ്ങോട്ടും ചാടിപ്പോകുകയൊന്നുമില്ലല്ലോ..." ഹാര്‍ഡിസ്റ്റി പറഞ്ഞു.

കാര്‍വര്‍ മനസ്സില്ലാ മനസ്സോടെ വീണ്ടും വന്നിരുന്ന് ചീട്ടുകള്‍ കൈയിലെടുത്തു. ഒരു നിമിഷം, ഗെറിക്ക്‌ കണ്ണുകള്‍ തുറന്ന് അവരെ നോക്കി.

* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)