പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, April 29, 2010

സ്റ്റോം വാണിംഗ്‌ - 43

ജാനറ്റും ജാഗോയും കൂടി ഹോട്ടലിലെ ബാറില്‍ ഇരിക്കുമ്പോഴാണ്‌ മര്‍ഡോക്ക്‌ മക്‍ലിയോഡ് എത്തിയത്‌. സീ ബൂട്ട്‌സും റീഫര്‍ കോട്ടും ധരിച്ച അദ്ദേഹത്തിന്റെ തോളില്‍ ഒരു ഓയില്‍ സ്കിന്‍ കോട്ട്‌ മടക്കിയിട്ടിട്ടുണ്ടായിരുന്നു. ആകെക്കൂടി ഒരു ഭീമാകാരനായ അദ്ദേഹത്തെ അവിടെയുള്ളവരെല്ലാം ഒരു നിമിഷം ശ്രദ്ധിച്ചു.

"അല്‍പ്പം സ്കോച്ച്‌ കഴിക്കുന്നോ മിസ്റ്റര്‍ മക്‍ലിയോഡ്‌...?" എഴുന്നേറ്റ്‌ അഭിവാദ്യം ചെയ്തുകൊണ്ട്‌ ജാഗോ അദ്ദേഹത്തോട്‌ ചോദിച്ചു.

"പിന്നെന്താ കുട്ടികളേ... അത്യാവശ്യത്തിന്‌ അല്‍പ്പം ഉള്ളില്‍ ചെന്നാല്‍ നന്നായിരിക്കും. ഇതൊക്കെ ഇപ്പോള്‍ നിങ്ങള്‍ സൈനികരുടെ കൈയിലല്ലേ കാണാന്‍ കിട്ടൂ..."

ജാഗോ എഴുന്നേറ്റ്‌ ബാറിന്റെ അറ്റത്തേക്ക്‌ നടന്നു. മര്‍ഡോക്ക്‌ തന്റെ സിഗാര്‍ പൈപ്പ്‌ എടുത്തു. "ഞാനിത്‌ വലിക്കുന്നതില്‍ വിരോധമില്ലല്ലോ കുട്ടീ...?"

"തീര്‍ച്ചയായുമില്ല..." അവള്‍ പറഞ്ഞു. "ഇനി ദ്വീപിലെ വിശേഷങ്ങള്‍ പറയൂ... ക്യാരി അങ്കിളിന്‌ സുഖം തന്നെയല്ലേ...?"

മര്‍ഡോക്ക്‌ ഓയില്‍സ്കിന്‍ കോട്ടിന്റെ പോക്കറ്റില്‍ നിന്ന് പുകയില എടുത്ത്‌ പൈപ്പില്‍ ക്രമമായി നിറയ്ക്കുവാന്‍ തുടങ്ങി. അവളുടെ ചോദ്യത്തെ അവഗണിച്ച്‌ അദ്ദേഹം ചോദിച്ചു. "നമ്മുടെ ലാക്ലന്‍ എവിടെ...?"

"എന്റെ മുറിയിലുണ്ട്‌... ബെഡ്‌ വെറുതെയിട്ടിട്ട്‌ കാര്യമില്ലല്ലോ... അവനാണെങ്കില്‍ നല്ല ഉറക്കത്തിന്റെ ആവശ്യവുമുണ്ട്‌..."

ജാഗോ, മര്‍ഡോക്കിനുള്ള സ്കോച്ചുമായി തിരികെയെത്തി. ആ വൃദ്ധന്‍ ഗ്ലാസ്‌ വെളിച്ചത്തേക്കുയര്‍ത്തിപ്പിടിച്ച്‌ ഒരു വിദഗ്ദനെപ്പോലെ പരിശോധിച്ചു. "ഈ നശിച്ച യുദ്ധകാലത്തും നിങ്ങള്‍ക്ക്‌ ഇതെങ്ങനെ സംഘടിപ്പിക്കാന്‍ സാധിക്കുന്നു ലെഫ്റ്റനന്റ്‌...?"

"ഓ... അതോ... വല്ലപ്പോഴുമൊക്കെ കുറച്ച്‌ കുപ്പികള്‍ കിട്ടും. ഒരെണ്ണം റിസര്‍വില്‍ വയ്ക്കും എല്ലായ്‌പ്പോഴും..."

"ക്യാരി അങ്കിളിന്റെ വിശേഷം ചോദിച്ചിട്ട്‌ താങ്കള്‍ ഒന്നും പറഞ്ഞില്ല..." ജാനറ്റ്‌ പരിഭവിച്ചു.

"അവര്‍ അദ്ദേഹത്തെ വീണ്ടും യുദ്ധനിരയിലേക്ക്‌ തിരിച്ചെടുക്കുമോ? എന്തെങ്കിലും പുതിയ വര്‍ത്തമാനങ്ങള്‍...?" അദ്ദേഹം ആകാംക്ഷയോടെ അവളോട്‌ ചോദിച്ചു.

"താങ്കള്‍ക്ക്‌ കാര്യം പറഞ്ഞാല്‍ മനസ്സിലാകുമെന്ന് കരുതട്ടെ...?" അവള്‍ ഒന്ന് ശങ്കിച്ചു.

അദ്ദേഹം തല കുലുക്കി. "എനിക്ക്‌ മനസ്സിലാകും... പക്ഷേ, അദ്ദേഹത്തിനത്‌ മനസ്സിലാകാത്തതാണ്‌ അദ്ദേഹത്തിന്റെ പ്രശ്നം..."

"അദ്ദേഹം ആഗ്രഹിക്കുന്നത്‌ എന്താണെന്ന് എനിക്കറിയാം... പക്ഷേ വാളും പരിചയും പിടിച്ച്‌ പ്രതാപത്തില്‍ നടക്കുവാന്‍ ഇനി അദ്ദേഹത്തിന്‌ കഴിയുമെന്ന് തോന്നുന്നില്ല... ഞാന്‍ പറഞ്ഞുവരുന്നത്‌ താങ്കള്‍ക്ക്‌ മനസ്സിലാകുന്നുണ്ടോ...?" അവള്‍ പതുക്കെ വിഷയത്തിലേക്ക്‌ കടന്നു.

"ഞാന്‍ ഭയപ്പെട്ടതുപോലെ തന്നെ..." അദ്ദേഹം നെടുവീര്‍പ്പിട്ടു. "അദ്ദേഹത്തിന്‌... ഞാന്‍ എങ്ങനെയാണത്‌ വിശദീകരിക്കുക... ആക്ഷന്‍ ആക്ഷന്‍ എന്ന ഒരേ ഒരു ചിന്ത മാത്രമേയുള്ളൂ അദ്ദേഹത്തിന്‌... നേര്‍വഴിക്ക്‌ നയിക്കാന്‍ അവിടെ ഒരു സ്ത്രീ ഉണ്ടായിട്ടും ഗുണമൊന്നുമില്ല. അദ്ദേഹത്തിന്‌ ആക്ഷന്‍ എന്ന ജ്വരം ബാധിച്ചിരിക്കുകയാണ്‌..."

"ആര്‌... ജീന്‍ സിന്‍ക്ലെയര്‍ ആണോ...?" അവള്‍ താല്‍പ്പര്യത്തോടെ ചോദിച്ചു.

"അങ്ങനെയാണ്‌ ഞാന്‍ മനസ്സിലാക്കിയത്‌..."

"തീര്‍ച്ചയായും ഒരു നല്ല കാര്യമാണത്‌ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം..." ജാനറ്റിന്‌ സന്തോഷം മറച്ചുവയ്ക്കാനായില്ല. "എന്നെക്കൊണ്ട്‌ എന്തെങ്കിലും സഹായം അവരുടെ കാര്യത്തില്‍ ചെയ്യാന്‍ പറ്റുമോ എന്ന് നോക്കട്ടെ..."

"അവരുടെ കാര്യം അവര്‍ നോക്കിക്കോളും.. നീ നിന്റെ കാര്യം എങ്ങനെയെങ്കിലും ഒന്ന് ശരിയാക്കാന്‍ നോക്ക്‌ കുട്ടീ..."

മര്‍ഡോക്കിന്റെ ആ മറുപടി ജാഗോയ്ക്ക്‌ വളരെ രസിച്ചു. അദ്ദേഹം അവളുടെ നേരെ കണ്ണിറുക്കി കാണിച്ചു. മേശയുടെ അടിയില്‍ കൂടി അവള്‍ അദ്ദേഹത്തിന്റെ കാലില്‍ ഒരു ചവിട്ട്‌ വച്ചുകൊടുത്തു.

"എപ്പോഴാണ്‌ നാം പുറപ്പെടുന്നത്‌...?" അവള്‍ മര്‍ഡോക്കിനോട്‌ ആരാഞ്ഞു.

"മിക്കവാറും പുലര്‍ച്ചെ രണ്ട്‌ മണിക്ക്‌. അപ്പോഴാണെങ്കില്‍ വേലിയേറ്റം നമുക്ക്‌ സൗകര്യപ്രദമായിരിക്കും. ഞാനെന്നാല്‍ തല്‍ക്കാലം ഇറങ്ങട്ടെ... എന്റെ ഒരു സഹോദരി ഇവിടെയുണ്ട്‌. അത്താഴത്തിന്‌ ക്ഷണിച്ചിട്ടുണ്ട്‌..." പോക്കറ്റില്‍ നിന്ന് ഒരു പഴയ വാച്ച്‌ എടുത്ത്‌ സൂക്ഷിച്ച്‌ നോക്കിയിട്ട്‌ അദ്ദേഹം തുടര്‍ന്നു. "പത്ത്‌ മിനിറ്റ്‌ മുമ്പേ അവിടെ എത്തേണ്ടതായിരുന്നു. ഇനി അതിന്റെ പേരില്‍ അവരെന്റെ തൊലിയുരിക്കും. കഴിഞ്ഞ വര്‍ഷം അവരുടെ ഭര്‍ത്താവ്‌ മരിച്ചതില്‍ പിന്നെ ആള്‍ അല്‍പ്പം പിശകാണ്‌..."

"അധികം ദൂരമുണ്ടോ...? എങ്കില്‍ ഞാനൊരു ജീപ്പ്‌ അറേഞ്ച്‌ ചെയ്യാം..." എഴുന്നേറ്റുകൊണ്ട്‌ ജാഗോ പറഞ്ഞു.

"ഏയ്‌ ... വേണ്ട... മെയിന്‍ സ്ട്രീറ്റിന്റെ അങ്ങേയറ്റത്ത്‌. അഞ്ച്‌ മിനിറ്റ്‌ നടന്നാല്‍ മതി... അപ്പോള്‍ ശരി.. നമുക്ക്‌ പുലര്‍ച്ചെ ഒന്നരയ്ക്ക്‌ കാണാം..."

തിരക്ക്‌ പിടിച്ച ബാറില്‍ നിന്ന് അദ്ദേഹം പുറത്തേക്ക്‌ നടന്നു.

ജാഗോ വീണ്ടും കസേരയിലേക്കിരുന്നു. "അങ്ങനെ ഒരു നാശം കൂടി ഒഴിവായിക്കിട്ടി... ആ ലാക്ലനോട്‌ നീ ഇത്ര ഉദാരമനസ്കയായിപ്പോയല്ലോ... നല്ലൊരു പട്ടുമെത്ത വെറുതെ പാഴാക്കിക്കളഞ്ഞു..."

"ഞാനൊരു നല്ല കുട്ടിയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ...?"

അദ്ദേഹം മുന്നോട്ടാഞ്ഞ്‌ ഒരു സിഗരറ്റ്‌ അവള്‍ക്ക്‌ കൊടുത്തു. "പക്ഷേ, ഞാനൊരു ചെറുപ്പക്കാരനല്ലേ... വികാരങ്ങളൊക്കെ ഇല്ലാതിരിക്കുമോ? ചില അറേഞ്ച്‌മെന്റുകളൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്‌..."

"എനിക്കറിയാമായിരുന്നു നിങ്ങളത്‌ ചെയ്യുമെന്ന്..."

"ഞങ്ങള്‍ നാവികര്‍ക്ക്‌, തല ചായ്ക്കാന്‍ എവിടെയെങ്കിലും അല്‍പ്പം സ്ഥലം കിട്ടിയാല്‍ മതി, സ്വര്‍ഗ്ഗമായി. പക്ഷേ ഒരു പ്രശ്നം... ഒരു സിംഗിള്‍ ബെഡ്‌ ആണ്‌ നമുക്ക്‌ കിട്ടിയിരിക്കുന്നത്‌..." അദ്ദേഹം സന്തോഷം മറച്ചുവച്ചില്ല.

"അതിനെന്താ...? റ്റൂ ഇന്റു വണ്‍ ശരിയാവില്ലേ...?" അവളും വിട്ടുകൊടുത്തില്ല.

"എന്തോ... ഞാന്‍ കണക്കില്‍ അല്‍പ്പം പിന്നിലാണ്‌..."

"ഞാനും..."

അവര്‍ എഴുന്നേറ്റ്‌ ബാറില്‍ നിന്ന് പുറത്ത്‌ കടന്നു. ശക്തിയായ കാറ്റോടെ മഴ ജാലകങ്ങളില്‍ ആഞ്ഞടിച്ചു. ഗോവണിയുടെ കൈവരികളില്‍ പിടിച്ച്‌ ഒരു നിമിഷം നിന്നിട്ട്‌ അവള്‍ പറഞ്ഞു. "ഈ അവസ്ഥയില്‍ പുറത്ത്‌ കഴിച്ചുകൂട്ടുക അത്ര സുഖകരമല്ല..."

"അതേ... മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും എല്ലാം... എന്റെ മുത്തശ്ശി അങ്ങനെ പറയുമായിരുന്നു..."

"ഞാന്‍ ഗെറിക്കിന്റെ കാര്യമാണ്‌ ചിന്തിച്ചത്‌..." മുകളിലേക്ക്‌ കയറുമ്പോള്‍ അവള്‍ പറഞ്ഞു.


* * * * * * * * * * * * * * * * * * * * * * * * * * * * *


ഗാഢനിദ്രയിലായിരുന്ന ഗെറിക്ക്‌ പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. വല്ലാതെ പരിഭ്രമിച്ചു പോയി ആദ്യം അദ്ദേഹം. കഴിഞ്ഞ രണ്ട്‌ മണിക്കൂറായി നല്ല ഉറക്കത്തിലായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. കൃത്യം ഒരു മണി ആയിരിക്കുന്നു. ഹാര്‍ബറില്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ പോയിക്കഴിഞ്ഞിരിക്കുന്നു. സാധനങ്ങള്‍ നിറച്ചുകൊണ്ടിരുന്ന ട്രക്കുകള്‍ അവിടെയുണ്ടായിരുന്നില്ല. ലൈറ്റുകളെല്ലാം അണഞ്ഞിരിക്കുന്നു.

നിശ്ശബ്ദത തളം കെട്ടി നില്‍ക്കുകയാണ്‌ എങ്ങും. പെട്ടെന്ന് അല്‍പ്പം അകലെയായി ഒരു നായ കുരച്ചു. ആരും ആ വഴി വരുന്നില്ലെന്ന് ഉറപ്പ്‌ വരുത്താനായി കാല്‍ മണിക്കൂര്‍ കൂടി അദ്ദേഹം കാത്ത്‌ നിന്നു. പിന്നെ ട്രക്കിനുള്ളില്‍ നിന്നിറങ്ങി അതീവ ശ്രദ്ധയോടെ ഹാര്‍ബറിലെ കോണ്‍ക്രീറ്റ്‌ പാലത്തിനടുത്തേക്ക്‌ നടന്നു.

നിഴലുകളുടെ മറവ്‌ പറ്റിയായിരുന്നു അദ്ദേഹം നീങ്ങിയിരുന്നത്‌. വെള്ളനിറമുള്ള ഹാറ്റ്‌ റെയിന്‍കോട്ടിനുള്ളിലേക്ക്‌ തിരുകി വച്ചു. കാലുകളില്‍ നിന്ന് സീബൂട്ട്‌സ്‌ അഴിച്ചുമാറ്റി. അവിടെ കിടന്നിരുന്ന ഗണ്‍ ബോട്ടില്‍ വാച്ച്‌ ഡ്യൂട്ടിയിലുള്ള രണ്ട്‌ പേര്‍ പരസ്പരം പതിഞ്ഞ സ്വരത്തില്‍ എന്തോ പറയുന്നത്‌ അദ്ദേഹം കേട്ടു. വീല്‍ ഹൗസിനുള്ളില്‍ ആരുടെയോ ചുണ്ടിലിരുന്ന് എരിയുന്ന സിഗരറ്റിന്റെ തിളക്കം. സ്റ്റോക്കിങ്ങ്‌സ്‌ മാത്രം ധരിച്ച പാദങ്ങളോടെ ശബ്ദമുണ്ടാക്കാതെ അദ്ദേഹം ആ ബോട്ടിനെയും മറ്റു ഫിഷിംഗ്‌ ബോട്ടുകളെയും പിന്നിട്ടു.

കല്‍പ്പടവുകളുടെ താഴെയായി ബന്ധിച്ചിരിക്കുകയാണ്‌ ആ ലോഞ്ചിനെ. പതുക്കെ അതിനുള്ളില്‍ കടന്നിട്ട്‌ അദ്ദേഹം തന്റെ സീബൂട്ട്‌സ്‌ താഴെ വച്ചു. എന്നിട്ട്‌ വലത്‌ കൈയില്‍ മോസറുമായി ഇടനാഴിയിലേക്ക്‌ നീങ്ങി.

വളരെ വൃത്തിയും ഭംഗിയുമുള്ള സലൂണ്‍, ഒരു ടോയ്‌ലറ്റ്‌ റൂം, പിന്‍ഭാഗത്ത്‌ ഒരു ക്യാബിന്‍ - ഇത്രയും അദ്ദേഹം ഒറ്റനോട്ടത്തില്‍ ശ്രദ്ധിച്ചു. ക്യാബിനിലുള്ള രണ്ട്‌ ബങ്കുകളും ഒഴിഞ്ഞ്‌ കിടക്കുകയാണ്‌. അതിനും അപ്പുറത്ത്‌ കിച്ചണ്‍. ഇതിലും മെച്ചപ്പെട്ട മറ്റൊന്ന് ഇനി കിട്ടാനില്ല. അവിടെ കണ്ട ഒരു ടവല്‍ എടുത്ത്‌ അദ്ദേഹം കാലുകള്‍ തുടച്ചു. എന്നിട്ട്‌ ഇടനാഴിയിലേക്ക്‌ മടങ്ങി, തന്റെ സീബൂട്ട്‌സ്‌ എടുത്ത്‌ ധരിച്ചു.

അടുത്തതായി അദ്ദേഹം എന്‍ജിന്‍ റൂമിലേക്ക്‌ നീങ്ങി. വളരെ ശ്രദ്ധയോടെ അദ്ദേഹം അവിടെയെല്ലാം പരിശോധിച്ചു. ഇത്‌ എന്തായാലും ഒരു സാധാരണക്കാരന്റെ ബോട്ടല്ലെന്ന് തീര്‍ച്ച. ഏതോ ധനികന്റെയാണ്‌. പെന്റാ പെട്രോള്‍ എന്‍ജിന്‍, ട്വിന്‍ സ്‌ക്രൂസ്‌, ഡെപ്‌ത്‌ സൗണ്ടര്‍, ഓട്ടോമാറ്റിക്ക്‌ സ്റ്റിയറിംഗ്‌ മുതലായ എല്ലാ സൗകര്യങ്ങളും ഉണ്ട്‌. ഇത്തരം ബോട്ടുകള്‍ക്ക്‌ എഴുനൂറോ എന്നൂറോ ഒരു പക്ഷേ അതില്‍ കൂടുതലോ മൈല്‍ ദൂരം ഒറ്റയടിക്ക്‌ പോകാന്‍ കഴിയും. ടാങ്കില്‍ എത്ര ഇന്ധനം ഉണ്ടെന്നതിനെ ആശ്രയിച്ചിരിക്കും അത്‌.

പെട്രോള്‍ ടാങ്കിന്റെ ഇന്‍ഡിക്കേറ്റര്‍ ഡയല്‍ അദ്ദേഹം കണ്ടുപിടിച്ചു. ഏതാണ്ട്‌ നിറഞ്ഞ്‌ തന്നെയാണിരിക്കുന്നത്‌. ഇനി ആവശ്യമുള്ളത്‌ ഒന്ന് മാത്രം. ഒരു പങ്കായം. ശബ്ദമുണ്ടാക്കാതെ തുഴഞ്ഞ്‌ ഹാര്‍ബറില്‍ നിന്ന് പുറത്ത്‌ കടന്നിട്ട്‌ വേണം എന്‍ജിന്‍ സ്റ്റാര്‍ട്ട്‌ ചെയ്യുവാന്‍. അദ്ദേഹം ഡെക്കിലേക്ക്‌ നടന്നു. എന്നാല്‍, പെട്ടെന്ന് ആരോ ഹാര്‍ബറിലേക്ക്‌ വരുന്ന കാലടി ശബ്ദം കേട്ട്‌ അദ്ദേഹം വീല്‍ ഹൗസിനുള്ളിലേക്ക്‌ വലിഞ്ഞു.

നിഴല്‍ പറ്റി അദ്ദേഹം അവരെ ശ്രദ്ധിച്ചുകൊണ്ട്‌ അനങ്ങാതെ നിന്നു. അടുത്തുള്ള ഫിഷിംഗ്‌ ബോട്ടുകളില്‍ ഏതെങ്കിലുമൊന്നിലേക്ക്‌ പോകുന്നവരായിരിക്കുമെന്നാണ്‌ അദ്ദേഹം കരുതിയത്‌. എന്നാല്‍ വിധി വൈപരിത്യം എന്ന് പറയട്ടെ, അവര്‍ നേരെ അങ്ങോട്ടുതന്നെയാണ്‌ വന്നിരുന്നത്‌.

അവരിലൊരാള്‍ ചിരിക്കുന്ന ശബ്ദം അദ്ദേഹം വളരെ വ്യക്തമായി കേട്ടു. തനിക്ക്‌ പരിചിതമായ സ്വരം. ഗെറിക്ക്‌ അവിശ്വസനീയതയോടെ പുഞ്ചിരിച്ചു. കാരണം, ജാനറ്റ്‌ മണ്‍റോയുടെ ശബ്ദമായിരുന്നു അത്‌.

"നിങ്ങള്‍ ഒരിക്കലും ഒരു കാര്യവും ഗൗരവമായി എടുക്കാറില്ലേ ഹാരീ...?"

"എനിക്കതിന്‌ കഴിയില്ലെന്നാണ്‌ തോന്നുന്നത്‌..." ജാഗോ അവളോട്‌ പറഞ്ഞു.

"എനിക്ക്‌ ഒരു ഐഡിയ ഉണ്ട്‌ മര്‍ഡോക്ക്‌... ഫാഡായിലേക്ക്‌ പോകുന്ന വഴി ഏറ്റവും ആഴമുള്ള സ്ഥലം കണ്ടുപിടിക്കുക... എന്നിട്ട്‌ ഒരു പത്ത്‌ നാല്‍പ്പത്‌ കിലോ ഭാരമുള്ള ഒരു ചങ്ങലയും കാലില്‍ കെട്ടി ഇവളെ എടുത്ത്‌ പുറത്തേക്കിടുക. പിന്നെ ഈ ലോകത്ത്‌ നമുക്കെല്ലാവര്‍ക്കും അല്‍പ്പം ആശ്വാസത്തോടും സമാധാനത്തോടും ജീവിക്കാന്‍ കഴിയും..."

"റാസ്കല്‍...." അവള്‍ ജാഗോയുടെ നേരെ നോക്കി പറഞ്ഞു.

"വാക്കുകളില്‍ കുറച്ച്‌ മര്യാദ പാലിക്കൂ കുട്ടീ..." അവളെ ശകാരിച്ചുകൊണ്ട്‌ മര്‍ഡോക്ക്‌ പറഞ്ഞു. "ഇല്ലെങ്കില്‍ ചിലപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യം ഞാന്‍ തന്നെ ചെയ്തെന്ന് വരും..."

ഗെറിക്ക്‌ അത്‌ കേട്ട്‌ പുഞ്ചിരിച്ചു. എന്നിട്ട്‌ അവരുടെ കണ്ണില്‍ പെടുന്നതിന്‌ മുമ്പേ ഇടനാഴിയിലൂടെ വേഗം മുന്നോട്ട്‌ നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, April 20, 2010

സ്റ്റോം വാണിംഗ്‌ - 42

തിരമാലകളെ ഭേദിച്ച്‌ അതിവേഗം മുന്നേറുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌. എല്ലാ പായകളിലും കാറ്റ്‌ നിറഞ്ഞിട്ടുണ്ട്‌. ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്നുകൊണ്ട്‌ തന്റെ സഹപ്രവര്‍ത്തകരെയും യാത്രക്കാരെയും അഭിസംബോധന ചെയ്യുകയാണ്‌ ക്യാപ്റ്റന്‍ ബെര്‍ഗര്‍.

"അങ്ങനെ, നമ്മുടെ യാത്രയുടെ ദൈര്‍ഘ്യം കുറഞ്ഞുകൊണ്ടിരിക്കുന്നു... മേരി മാസ്റ്റേഴ്‌സിനെ കാണാനിടയായത്‌ അല്‍പ്പം പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ഭാഗ്യം നമ്മുടെ പക്ഷത്തായിരുന്നു. ആരെങ്കിലും നമ്മെ പിന്തുടര്‍ന്നാല്‍ കണ്ടുപിടിക്കാതിരിക്കാനായി കപ്പലിന്റെ ദിശ ഞാന്‍ മാറ്റിയിട്ടുണ്ട്‌. അങ്ങനെ സംഭവിക്കുകയില്ല എന്ന് കരുതാം. എന്തായാലും ഒരു കാര്യം ശ്രദ്ധിക്കണം... രാത്രിയില്‍ എന്തെങ്കിലും വെളിച്ചം കാണുകയാണെങ്കില്‍... അക്കാര്യത്തിലുള്ള അശ്രദ്ധ അപകടകരമായേക്കാം..."

അദ്ദേഹം ഒന്ന് നിര്‍ത്തി. ഒരു നിമിഷം അവിടെങ്ങും നിശബ്ദത നിറഞ്ഞു. എല്ലാവരും ആകാംക്ഷാഭരിതരായി ബെര്‍ഗറുടെ അടുത്ത വാക്കുകള്‍ക്കായി കാത്തുനിന്നു. എന്നാല്‍ അദ്ദേഹത്തിന്‌ വളരെ കുറച്ച്‌ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. തന്റെ സ്വരത്തില്‍ ആത്മവിശ്വാസം കലര്‍ത്താന്‍ ശ്രദ്ധിച്ചുകൊണ്ട്‌ അദ്ദേഹം തുടര്‍ന്നു.

"നോക്കൂ... എല്ലാം നേര്‍വഴിക്ക്‌ തന്നെയാണ്‌ പോകുന്നത്‌. ഇനി ഏഴോ എട്ടോ ദിവസത്തെ കാര്യം മാത്രം. അത്‌ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയും അടുത്തെത്താം. ഇനി നമ്മെ ആര്‍ക്കും തോല്‍പ്പിക്കാന്‍ കഴിയില്ല. അതിലേറെ ദൂരം നാം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു..." അദ്ദേഹം സ്റ്റേമിന്‌ നേര്‍ക്ക്‌ തലയാട്ടി. "ഇത്ര മാത്രം... ഇനി ഇവരെ പിരിച്ചു വിട്ടോളൂ..."

വാച്ച്‌ ഡ്യൂട്ടിയിലുണ്ടായിരുന്നവരൊഴികെ എല്ലാവരും താഴേക്ക്‌ പോയി. കപ്പലിന്റെ ദിശ ഒന്നുകൂടി നോക്കി തിട്ടപ്പെടുത്തിയിട്ട്‌ ബെര്‍ഗര്‍ ഡെക്കിലേക്കിറങ്ങി തന്റെ ക്യാബിനിലേക്ക്‌ കടന്നു. ഒരു ഗ്ലാസ്‌ റം എടുത്ത്‌ പതുക്കെ രുചിക്കുവാനാരംഭിച്ചപ്പോള്‍ പ്രേയ്‌ഗര്‍ പ്രവേശിച്ചു.

"എന്നോടൊപ്പം ചേരുന്നോ...?" ഗ്ലാസ്‌ ഉയര്‍ത്തിയിട്ട്‌ ബെര്‍ഗര്‍ ചോദിച്ചു.

"നോ താങ്‌ക്‍സ്‌... ചുരുട്ടുകള്‍ വല്ലതും ബാക്കിയുണ്ടെങ്കില്‍ ഒരെണ്ണം തരൂ..."

"എടുത്തോളൂ..."

ബെര്‍ഗര്‍ മേശമേലുള്ള ചാര്‍ട്ട്‌ എടുത്ത്‌ നിവര്‍ത്തി.

"നിങ്ങളുടെ പ്രസംഗം വളരെ നന്നായിരുന്നു എറിക്ക്‌..."

"അതെയോ...?" ബെര്‍ഗറുടെ സ്വരത്തില്‍ ക്ഷീണം നിറഞ്ഞിരുന്നു.

"ആട്ടെ, നമ്മള്‍ ഇപ്പോള്‍ എവിടെയാണ്‌? ചോദിക്കുന്നതില്‍ വിരോധമില്ലല്ലോ...?"

"ഇതാ ഇവിടെ... " ബെര്‍ഗര്‍ ചാര്‍ട്ടില്‍ വിരല്‍ തൊട്ടു കാണിച്ചു. "ഇനി നമുക്ക്‌ ആകെക്കൂടി ചെയ്യാനുള്ളത്‌ ഇത്ര മാത്രമാണ്‌. അയര്‍ലണ്ടിന്റെ പടിഞ്ഞാറ്‌ കൂടി ഔട്ടര്‍ ഹെബ്രിഡ്‌സ്‌, ഷെട്ട്‌ലാന്റ്‌സ്‌ വഴി നോര്‍വ്വേ ക്രോസ്‌ ചെയ്യുക. അതോടെ നാം സുരക്ഷിതരായി. പിന്നെ താഴോട്ട്‌... കാറ്റഗാട്ട്‌ വഴി കീലില്‍ എത്തിച്ചേരുക... കഴിഞ്ഞു..."

"ഈ യാത്ര തുടങ്ങിയപ്പോള്‍ ഇതൊരു സ്വപ്നമായിട്ടാണ്‌ എനിക്ക്‌ തോന്നിയിരുന്നത്‌. അസാദ്ധ്യമായ ഒരു സ്വപ്നം..." പ്രേയ്‌ഗര്‍ പറഞ്ഞു.

"ങ്‌ഹും... ശരിയ്ക്കും..." ബെര്‍ഗര്‍ അത്‌ ശരിവച്ചു. പിന്നെ അദ്ദേഹം പുറത്തേക്കിറങ്ങി.

അടുത്ത നിമിഷം, എന്തോ ഒന്ന് തന്നെ സ്പര്‍ശിച്ചത്‌ പോലെ തോന്നി അദ്ദേഹത്തിന്‌. അദൃശ്യമായ എന്തോ ഒന്ന്... അത്‌ അദ്ദേഹത്തിന്റെ ദേഹമാസകലം രോമാഞ്ചമുണ്ടാക്കി. ഡെക്കിലെ അന്ധകാരത്തില്‍ ഒരു കുളിര്‍കാറ്റ്‌ അദ്ദേഹത്തിന്റെ മുഖത്ത്‌ തഴുകി കടന്നുപോയി. വരാന്‍ പോകുന്ന ഒരു കൊടുങ്കാറ്റിന്റെ ആദ്യത്തെ മുന്നറിയിപ്പ്‌...


* * * * * * * * * * * * * * * * * * * * * * * * * * * * *

സിസ്റ്റര്‍ ആഞ്ചലയും ലോട്ടെയും അടുക്കളയില്‍ അത്താഴമുണ്ടാക്കുവാനുള്ള തയ്യാറെടുപ്പിലാണ്‌. ഇരുവരും ജാക്കറ്റിന്റെ കൈകള്‍ മുട്ടു വരെ മടക്കി വച്ചിരിക്കുന്നു. പെട്ടെന്നാണ്‌ വാതില്‍ തുറന്ന് റിക്ടര്‍ പ്രവേശിച്ചത്‌. അദ്ദേഹം, കൈയിലുണ്ടായിരുന്ന പാത്രം മേശപ്പുറത്ത്‌ വച്ചു.

"അല്‍പ്പം മാംസമാണ്‌. അവസാനത്തെ കഷണം. കൊള്ളാമോ എന്നറിയില്ല. ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിരിക്കുന്നു..." അദ്ദേഹം പറഞ്ഞു.

"പകുതി ചീഞ്ഞതാണെങ്കിലും ബാക്കി പകുതി വളരെ നല്ലതാണ്‌..." തന്റെ കൈയിലെ കത്തി കൊണ്ട്‌ ചൂണ്ടിക്കാണിച്ച്‌ സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

"എന്തായാലും നിങ്ങള്‍ക്കിത്‌ കൊണ്ട്‌ രുചികരമായ എന്തെങ്കിലും ഉണ്ടാക്കാന്‍ കഴിയുമെന്നെനിക്ക്‌ ഉറപ്പാണ്‌..." റികടര്‍ പുഞ്ചിരിച്ചു.

മാവ്‌ കുഴച്ചുകൊണ്ടിരുന്ന ലോട്ടെയുടെ നേരെ അദ്ദേഹം ഒളികണ്ണിട്ട്‌ നോക്കി. നാണത്തോടെ അവള്‍ മന്ദഹസിച്ചു. അവളുടെ കൈമുട്ട്‌ വരെ മാവ്‌ പുരണ്ടിരുന്നു. നഗ്നമായ ശിരസ്സും ഭംഗിയായി ക്രോപ്പ്‌ ചെയ്ത മുടിയും മെലിഞ്ഞ കഴുത്തും അവളെ അതീവ സുന്ദരിയാക്കി. ഓടിച്ചെന്ന് അവളെ കൈകളില്‍ കോരിയെടുക്കുവാന്‍ തോന്നിപ്പോയി റിക്ടറിന്‌. എന്നാല്‍ പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത്‌ അദ്ദേഹം ചോദിച്ചു.

"ഞാന്‍ എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ സിസ്റ്റര്‍...?"

"ഉണ്ട്‌... കുറച്ച്‌ ഉരുളക്കിഴങ്ങ്‌ ബാക്കിയുണ്ട്‌. അതിന്റെ തൊലി ചുരണ്ടിക്കോളൂ... ഇവിടെയല്ല, പുറത്ത്‌ കൊണ്ടുപോയി..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

അവര്‍ ചൂണ്ടിക്കാണിച്ച പാത്രവുമായി അദ്ദേഹം പുറത്തേക്ക്‌ കടന്ന് കൈവരികള്‍ക്ക്‌ സമീപം ഇരുന്നു. പിന്നെ, തന്റെ ഫിന്നിഷ്‌ കത്തി നിവര്‍ത്തി അവയുടെ തൊലി ചുരണ്ടുവാന്‍ തുടങ്ങി. അവയിലധികവും ചീഞ്ഞതും മുളച്ചുതുടങ്ങിയതുമായിരുന്നു. എങ്കിലും, പതുക്കെ ചൂളമടിച്ചുകൊണ്ട്‌ അദ്ദേഹം അത്‌ വൃത്തിയാക്കാന്‍ തുടങ്ങി.

കുറച്ച്‌ കഴിഞ്ഞ്‌ ഒരു ബക്കറ്റില്‍ ചപ്പുചവറുകളുമായി ലോട്ടെ അവിടെയെത്തി. അദ്ദേഹം ചാടിയെഴുന്നേറ്റ്‌ അവളുടെ കൈയില്‍ നിന്നും അത്‌ വാങ്ങി പുറത്തേക്ക്‌ കമഴ്ത്തി. ബക്കറ്റ്‌ തിരികെ കൊടുത്തപ്പോള്‍ ഒരു നിമിഷം അവരുടെ വിരലുകള്‍ പരസ്പരം സ്പര്‍ശിച്ചു. അവള്‍ പുഞ്ചിരിച്ചു. സ്നേഹസമ്മാനമായി അദ്ദേഹം കൊടുത്തിരുന്ന മോതിരം അവളുടെ വിരലില്‍ ഉണ്ടായിരുന്നില്ല. അത്‌ അണിഞ്ഞുകൊണ്ട്‌ നടക്കുവാന്‍ പറ്റിയ സാഹചര്യമല്ലാത്തതിനാല്‍ അവള്‍ അത്‌ തന്റെ കിടക്കയുടെ അടിയില്‍ ഭദ്രമായി സൂക്ഷിച്ച്‌ വയ്ക്കുകയാണുണ്ടായത്‌.

"കുഴപ്പമൊന്നും കൂടാതെ നാം അവിടെ എത്തുമല്ലോ അല്ലേ ഹെല്‍മട്ട്‌...? പതിഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു.

"തീര്‍ച്ചയായും... എന്താ ഇപ്പോള്‍ ഇങ്ങനെ ചോദിക്കാന്‍ കാരണം...?"

"ക്യാപ്റ്റന്‍ ബെര്‍ഗര്‍... അദ്ദേഹത്തിന്റെ വാക്കുകളില്‍ എന്തോ ഒരു പ്രത്യേകത... ഒരു ആത്മവിശ്വാസക്കുറവ്‌... എന്തോ.. എനിക്ക്‌ വിവരിക്കുവാന്‍ കഴിയാത്ത എന്തോ ഒന്ന്..."

"ഹേയ്‌... അങ്ങനെയൊന്നുമില്ല... അദ്ദേഹം വല്ലാതെ ക്ഷീണിതനാണ്‌... അത്രയേയുള്ളൂ... നമ്മുടെയെല്ലാം അവസ്ഥയും അത്‌ തന്നെയല്ലേ... നരകം പിടിച്ച ഒരു യാത്ര..." അദ്ദേഹം അവളുടെ കരം ഗ്രഹിച്ചു. "അതിനെക്കുറിച്ച്‌ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട..."

അവള്‍ മന്ദഹസിച്ചു. "നാം കീലില്‍ എത്തിയതിന്‌ ശേഷമോ...?"

"ഇനിയൊരിക്കലും നീ ഒറ്റയ്ക്കായിരിക്കില്ലെന്ന് ഞാന്‍ വാക്ക്‌ തരുന്നു. ഒരു ശക്തിക്കും നമ്മെ വേര്‍പെടുത്താനാവില്ല ഇനി... ഒരിക്കലും... നിനക്കെന്നെ വിശ്വസിക്കാം..."

അവള്‍ ഹൃദ്യമായി പുഞ്ചിരിച്ചു. "എനിക്കിത്‌ മാത്രം മതി ഹെല്‍മട്ട്‌..." അവള്‍ അടുക്കളയിലേക്ക്‌ തിരിച്ച്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * *

ഡെഡ്‌ എന്‍ഡിന്റെ ബ്രിഡ്‌ജില്‍ നിന്ന് കൊണ്ട്‌ ജാനറ്റ്‌ ഹാര്‍ബറിലേക്ക്‌ കണ്ണോടിച്ചു. "ഇവിടെ എത്ര ദിവസം മഴ പെയ്യാറുണ്ടെന്ന കാര്യം എപ്പോഴും ഞാന്‍ മറന്നു പോകുന്നു..."

"ആഴ്ചയില്‍ അഞ്ച്‌ ദിവസവും..." ജാഗോ പറഞ്ഞു.

ഇരു കൈകളിലും ഓരോ കപ്പ്‌ കാപ്പിയുമായി ജന്‍സണ്‍ അങ്ങോട്ട്‌ കടന്ന് വന്നു. "നമുക്കുള്ള കല്‍പ്പനകള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു സര്‍... അരുണോദയത്തിന്‌ മുമ്പ്‌ തന്നെ സ്റ്റോണോവേയില്‍ എത്തിയിരിക്കണമെന്ന്..."

അത്‌ കേട്ട ജാനറ്റിന്റെ മുഖഭാവം ശ്രദ്ധിച്ച ജാഗോ പറഞ്ഞു. "അദ്ദേഹം എപ്പോഴും ഇങ്ങനെയേ പറയൂ... ആരുടെയെങ്കിലും ഉദ്ധരണികള്‍ ഇടയ്ക്കിടെ പ്രയോഗിച്ചില്ലെങ്കില്‍ വല്ലാത്ത വിഷമമാണ്‌..."

"ഇത്‌ പരക്കെ അറിയപ്പെടുന്ന ഒരു അസുഖമാണ്‌ മിസ്‌... വിദ്യാഭ്യാസം എന്ന് പറയും..." ജന്‍സണ്‍ അവളോട്‌ പറഞ്ഞു.

കടല്‍ യാത്രയ്ക്ക്‌ ഉപയോഗിക്കുന്ന ഒരു ലോഞ്ച്‌ ഹാര്‍ബറിനുള്ളിലേക്ക്‌ പ്രവേശിച്ചു. ജാനറ്റ്‌ ആകാംക്ഷയോടെ മുന്നോട്ടാഞ്ഞ്‌ അതിനെ എത്തി നോക്കി. "അത്‌ കാട്രീന ആണെന്ന് തോന്നുന്നു. അതേ... അത്‌ തന്നെ..." അവള്‍ പറഞ്ഞു.

"നിങ്ങള്‍ ഇവിടെയുണ്ടെന്ന് ഞാന്‍ ചെന്ന് അറിയിക്കാം..." ജന്‍സണ്‍ പറഞ്ഞു. എന്നിട്ട്‌ അദ്ദേഹം പുറത്തേക്ക്‌ നടന്നു.

അവള്‍ ജാഗോയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "അങ്ങനെ... ഹാരീ... ഇത്‌ എന്തിന്റെയൊക്കെയോ അവസാനം... അല്ലേ...?"

"ചിലപ്പോള്‍ ആരംഭവുമാകാം..." അദ്ദേഹം അവള്‍ക്ക്‌ നേരെ കണ്ണിറുക്കി.

"ഇത്‌ തന്നെയാണ്‌ ഹാരീ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നതിന്റെ കാരണവും... ഇപ്പോഴത്തെ ചെറുപ്പക്കാരില്‍ കാണാന്‍ കഴിയാത്ത വീക്ഷണം..."


* * * * * * * * * * * * * * * * * * * * * * * * * * * * * *


ഹാര്‍ബറിലേക്ക്‌ തള്ളി നില്‍ക്കുന്ന കോണ്‍ക്രീറ്റ്‌ തട്ടിന്‌ സമീപം പ്രകാശമാനമായിരുന്നു. ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച്‌ ഒരു ക്രെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌ അവിടെ. അവിടെ കിടക്കുന്ന ചെറിയ കപ്പലില്‍ നിന്ന് ഓയില്‍ ഡ്രമ്മുകള്‍ രണ്ട്‌ ട്രക്കുകളിലേക്ക്‌ കയറ്റുകയാണ്‌ ഒരു വിഭാഗം തൊഴിലാളികള്‍.

നിഴലുകളുടെ മറവ്‌ പറ്റി നിന്നിരുന്ന ഗെറിക്കിന്‌ ഹാര്‍ബറിലെയും പരിസരത്തെയും പരിതസ്ഥിതികള്‍ മൊത്തമായി ഒന്ന് വിലയിരുത്തുവാന്‍ സാധിച്ചു. യുദ്ധം ആരംഭിക്കുന്നതിനും മുമ്പ്‌ ഇറങ്ങിയ ഒരു പഴഞ്ചന്‍ ഗണ്‍ ബോട്ട്‌ ഹാര്‍ബറില്‍ കിടക്കുന്നുണ്ട്‌. അതിന്റെ ഡെക്കില്‍ നില്‍ക്കുന്നവര്‍ അമേരിക്കക്കാരാണെന്ന് അവര്‍ ധരിച്ചിരിക്കുന്ന ക്യാപ്പുകളില്‍ നിന്ന് അദ്ദേഹത്തിന്‌ മനസ്സിലായി.

ഗണ്‍ ബോട്ടിന്റെ അപ്പുറത്തായി എണ്ണൂറോ തൊള്ളായിരമോ ടണ്‍ കേവുഭാരമുള്ള ഒരു ചരക്കുകപ്പല്‍ കിടക്കുന്നു. പിന്നെ കുറച്ച്‌ ഫിഷിംഗ്‌ ബോട്ടുകളും. അതിനും ഏതാണ്ട്‌ ഇരുപത്‌ വാര അകലെയായി കടലില്‍ പോകുന്നതിനുപകരിക്കുന്ന തരത്തിലുള്ള ഒരു ലോഞ്ചിന്റെ രൂപം ആ മങ്ങിയ വെളിച്ചത്തിലും അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ പെട്ടു.

അദ്ദേഹം വാച്ചിലേക്ക്‌ നോക്കി. ഒമ്പത്‌ മണി ആകാറായിരിക്കുന്നു. എന്തായാലും ആ തൊഴിലാളികള്‍ രാത്രി മുഴുവനും അവിടെ നിന്ന് ജോലി ചെയ്യുകയില്ല എന്ന് കരുതാം. ഇപ്പോഴത്തെ അവസ്ഥയില്‍ ആ ലോഞ്ചിനടുത്തേക്ക്‌ എത്താനുള്ള ശ്രമം ആപല്‍ക്കരമായിരിക്കുമെന്നത്‌ തീര്‍ച്ചയാണ്‌.

മഴ കുറയാനുള്ള യാതൊരു ലക്ഷണവുമില്ല. മൂന്നോ നാലോ മണിക്കൂര്‍ നേരത്തെ ഉറക്കവും ബാക്കി നില്‍ക്കുന്നു. അതുകൊണ്ട്‌ മേല്‍ക്കൂരയുള്ള ഏതെങ്കിലും ഒരു സ്ഥലം കണ്ടുപിടിച്ച്‌ അല്‍പ്പനേരം തല ചായ്ച്ചാല്‍ കൊള്ളാമെന്നുണ്ട്‌.

ഹാര്‍ബറിലെ റോഡിനൊരു വശത്തായി അഞ്ചോ ആറോ നേവല്‍ ട്രക്കുകള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നത്‌ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. സ്ഥലപരിമിതി മൂലം ഒന്നിനു പിറകില്‍ ഒന്നായി വളരെ അടുപ്പിച്ചാണ്‌ അവ ഇട്ടിരിക്കുനത്‌.

അതീവ ശ്രദ്ധയോടെ ഗെറിക്ക്‌ അവയ്ക്ക്‌ ചുറ്റും ഒരു വട്ടം നിരീക്ഷണം നടത്തി. ഒരു പക്ഷേ, ട്രക്കുകള്‍ കാലിയായിരുന്നത്‌ കൊണ്ടാകാം, കാവല്‍ക്കാര്‍ ആരും തന്നെയില്ല. അവയിലൊന്നിന്റെ പിന്‍വാതിലില്‍ കൂടി അദ്ദേഹം ഉള്ളിലേക്ക്‌ കയറി. പിന്നെ നീണ്ട്‌ നിവര്‍ന്ന് സുഖമായി കിടന്നു.


* * * * * * * * * * * * * ** * * * * * * * * * * * * * *


(തുടരും)

Sunday, April 11, 2010

സ്റ്റോം വാണിംഗ്‌ - 41

മലമുകളിലേതിനെ അപേക്ഷിച്ച്‌ മൂടല്‍ മഞ്ഞ്‌ അല്‍പ്പം കുറവായിരുന്നു മലേയ്‌ഗില്‍. നേവല്‍ കമാന്‍ഡറുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍ നിന്ന് ജാനറ്റ്‌ ഹാര്‍ബറിലേക്ക്‌ കണ്ണോടിച്ചു. മുമ്പ്‌ വന്നപ്പോഴുണ്ടായിരുന്നതിനേക്കാള്‍ തിരക്കുണ്ട്‌ ഇന്നവിടെ. മത്സ്യബന്ധന ബോട്ടുകള്‍, നേവല്‍ പട്രോള്‍ ബോട്ടുകള്‍, എന്തിന്‌ ഒരു മുങ്ങിക്കപ്പല്‍ പോലും കിടക്കുന്നുണ്ട്‌ അവിടെ. അതിന്‌ അധികം അകലെയല്ലാതെ കുറേ തൊഴിലാളികള്‍ ഒരു വലിയ ബോട്ടില്‍ നിന്ന് ചരക്ക്‌ ഇറക്കിക്കൊണ്ടിരിക്കുന്നു.

ഉറക്കമില്ലായ്മയുടെ ക്ഷീണം അവളുടെ കണ്ണുകളില്‍ തെളിഞ്ഞുകാണാം. എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കിട്ടിയാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയി അവള്‍ക്ക്‌. കസ്റ്റംസ്‌ അധികൃതരുടെ ചോദ്യങ്ങള്‍ക്ക്‌ ഭംഗിയായി മറുപടി നല്‍കി ഒഫിഷ്യല്‍ സ്റ്റേറ്റ്‌മെന്റില്‍ ഒപ്പിട്ടു കൊടുത്തു. ഇനിയും എന്തോ താമസമുണ്ടെന്ന് തോന്നുന്നു.

റൂമിന്റെ ഒരറ്റത്തുള്ള മേശയ്ക്കരികിലിരുന്നു ഒരു യുവതി കാര്യമായെന്തോ ടൈപ്പ്‌ ചെയ്യുന്നുണ്ട്‌. അതിനേക്കാള്‍ ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു അകത്തുള്ള ആളുകളുടെ സംസാരം. തന്റെ സമീപത്തെ കതക്‌ തുറക്കുന്ന ശബ്ദം കേട്ട്‌ അവള്‍ തിരിഞ്ഞു. വിളറിയ മുഖവുമായി ഒരക്ഷരം പോലും മിണ്ടാതെ പുറത്തിറങ്ങിപ്പോകുന്ന ഫിഷറെയാണ്‌ അവള്‍ കണ്ടത്‌.

അല്‍പ്പം കഴിഞ്ഞപ്പോള്‍ ജാഗോയോടോപ്പം ബെയ്‌സ്‌ കമാന്‍ഡര്‍ മറേ അവിടെയെത്തി. വളരെ പ്രസന്നവദനനായ അദ്ദേഹത്തിന്റെ തലമുടി മുഴുവനും നരച്ചുകഴിഞ്ഞിരുന്നു. ഏതാണ്ട്‌ അമ്പത്‌ വയസ്സ്‌ പ്രായം.

"താമസം നേരിട്ടതില്‍ ഖേദിക്കുന്നു മിസ്‌ മണ്‍റോ..." അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

"അപ്പോള്‍ ഇനി എനിക്ക്‌ പോകാമല്ലോ...?"

"പിന്നെന്താ...? ഒഫിഷ്യല്‍ ഫോര്‍മാലിറ്റികളെല്ലാം കഴിഞ്ഞു. ഇനി ഫാഡാ ദ്വീപിലേക്ക്‌ പോകുന്ന കാര്യമല്ലേ? അതിന്‌ മര്‍ഡോക്ക്‌ മക്‍ലിയോര്‍ഡ്‌ ഇനിയും എത്തിയിട്ടില്ല. ഇവിടെ എത്തിയാലുടന്‍ അറിയിക്കാമെന്ന് പറഞ്ഞിരുന്നു അദ്ദേഹം. നിങ്ങളുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ ഹോട്ടലില്‍ റൂം ബുക്ക്‌ ചെയ്തേനെ... ചിലപ്പോള്‍ ഒരു റൂം വേണ്ടിവന്നേക്കുമെന്ന് ഹോട്ടലില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്‌..."

"ഗെറിക്കിന്റെ കാര്യം എന്തായി...?"

മറേ പുഞ്ചിരിച്ചു. "മൈ ഡിയര്‍ മിസ്‌ മണ്‍റോ... ആ മാന്യ വ്യക്തിയോട്‌ എനിക്ക്‌ അങ്ങേയറ്റത്തെ ബഹുമാനമാണുള്ളത്‌..."

ജാനറ്റിന്റെ മുഖം ദ്വേഷ്യത്താല്‍ ചുവന്നു. "എന്ത്‌ ?!! അദ്ദേഹം നമ്മുടെ ശത്രുവാണ്‌... അക്കാര്യം താങ്കള്‍ മറന്നോ...?"

"തീര്‍ച്ചയായും മറന്നിട്ടില്ല... പ്രഗല്‍ഭനായ ഒരു നാവികനോടുള്ള ബഹുമാനം... അത്‌ പറയാതിരിക്കാന്‍ പറ്റില്ല..."

ചുമരില്‍ തറച്ചിരുന്ന വെസ്റ്റേണ്‍ ഹൈലാന്റ്‌സിന്റെ ചാര്‍ട്ടിലേക്ക്‌ അദ്ദേഹം തിരിഞ്ഞു. "ട്രെയിനില്‍ നിന്ന് ചാടിയ സ്ഥലത്ത്‌ നിന്ന് നേരെ മലയിറങ്ങി വരികയാണെങ്കില്‍ ലോച്ച്‌ മൊറാറില്‍ ആ വഴി അവസാനിക്കുകയാണ്‌. തീരദേശ പാതയിലേക്ക്‌ കടക്കുകയാണെങ്കില്‍ അതുവഴി അദ്ദേഹം ഇവിടെ മലേയ്‌ഗില്‍ എത്തും. എന്നാല്‍ ഒരിക്കലും അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല..."

"അപ്പോള്‍ പിന്നെ അദ്ദേഹം എങ്ങോട്ട്‌ പോകാനാണ്‌ സാദ്ധ്യത...?"

അധികം ദൂരെയെങ്ങും പോകില്ല. കാരണം, പോകാന്‍ വേറെ സ്ഥലമൊന്നും ഇല്ല എന്നത്‌ തന്നെ. ഒരു റോഡും പിന്നെ റെയില്‍വേ ലൈനും മാത്രം. ഇപ്പോഴത്തെ കാലാവസ്ഥയില്‍ അദ്ദേഹം ആ മലമുകളില്‍ അധികനേരം തങ്ങുമെന്നും തോന്നുന്നില്ല..."

ജാഗോ അവളുടെ ബാഗ്‌ എടുത്തു. "വരൂ, ഞാന്‍ ഹോട്ടലില്‍ കൊണ്ടു വിടാം..."

"മര്‍ഡോക്ക്‌ ഇവിടെ എത്തിയാലുടന്‍ ഞാന്‍ വിവരമറിയിക്കാം... ശുഭയാത്ര നേരുന്നു..." മറേ അവള്‍ക്ക്‌ ഹസ്തദാനം നല്‍കി തിരികെ ഓഫീസിലേക്ക്‌ കയറിപ്പോയി.

മുഖത്ത്‌ പതിക്കുന്ന മഴയെ അവഗണിച്ച്‌ അവര്‍ റെയില്‍വേ സ്റ്റേഷന്‌ നേര്‍ക്ക്‌ നടന്നു. "ലെഫ്റ്റനന്റ്‌ ഫിഷറുടെ ഭാവി എന്താകും...?" ജാനറ്റ്‌ ചോദിച്ചു.

"മിക്കവാറും കേപ്പ്‌ റാത്തിലേക്ക്‌ പണിഷ്‌മന്റ്‌ ട്രാന്‍സ്‌ഫര്‍ ലഭിക്കുമെന്നാണ്‌ കേട്ടത്‌..."

"കാര്‍വറോ...?"

"ഹോസ്പിറ്റലില്‍ ബാന്‍ഡേജ്‌ ഇട്ടുകൊണ്ടിരിക്കുന്നു. കാണേണ്ട കാഴ്ച തന്നെയാണത്‌. ഗെറിക്ക്‌ ശരിക്ക്‌ കൊടുത്തിട്ടുണ്ട്‌ അയാള്‍ക്ക്‌. അയാളുടെ കാര്യം കഷ്ടമാകും. ജയില്‍ശിക്ഷ കിട്ടുമെന്നല്ല... അയാളുടെ സകല റാങ്കുകളും നഷ്ടപ്പെടും..."

അവര്‍ സ്റ്റേഷന്‌ സമീപം എത്തിയപ്പോള്‍ ആരോ പിന്നില്‍ നിന്ന് വിളിച്ചു. "ഡോക്ടര്‍ മണ്‍റോ...?"

ചുവന്ന യൂണിഫോം അണിഞ്ഞ ചെറുപ്പക്കാരനായ ഒരു പാരാട്രൂപ്പര്‍ അവരുടെയടുത്തേക്ക്‌ ഓടി വന്നു.

"ഓ, ലാക്ലന്‍... നീ ട്രെയിനില്‍ ഉണ്ടായിരുന്നോ...?" ജാനറ്റ്‌ അവനോട്‌ ചോദിച്ചു. "ഹാരീ, ഇത്‌ ലാക്ലന്‍ മാക്‍ബ്രെയ്‌ന്‍... ഫാഡാ സ്വദേശിയാണ്‌..."

"അത്‌ ശരി..." ജാഗോ അവന്‌ ഹസ്തദാനം നല്‍കി.

അലസമായി കിടക്കുന്ന ചുവന്ന മുടിയും മുഖത്തെ തവിട്ടു നിറം കലര്‍ന്ന കലകളും നീളം കുറഞ്ഞ മൂക്കും എല്ലാം കൂടി കണ്ടാല്‍ പതിനെട്ട്‌ വയസ്സ്‌ തോന്നിച്ചിരുന്നില്ല അവന്‌.

"രണ്ടാഴ്ചത്തെ ലീവുണ്ട്‌. പാരച്യൂട്ട്‌ പരിശീലനം കഴിഞ്ഞു. എന്നെ കൊണ്ടുപോകാന്‍ മര്‍ഡോക്ക്‌ വരുമെന്ന് പറഞ്ഞിരുന്നു. ഹാര്‍ബറില്‍ ചെന്നപ്പോഴാണ്‌ മനസ്സിലായത്‌ അദ്ദേഹം വന്നിട്ടില്ലെന്ന്..." അവന്‍ പറഞ്ഞു.

"അദ്ദേഹം തന്നെയാണ്‌ എന്നെയും കൊണ്ടുപോകാമെന്നേറ്റിരിക്കുന്നത്‌." അവള്‍ പറഞ്ഞു. "ഞാന്‍ ഹോട്ടലിലേക്ക്‌ പോകുകയാണ്‌. അദ്ദേഹം എത്തിയാലുടന്‍ അറിയിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്‌... നീ ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ...?"

അവന്‍ ജാഗോയെ സംശയത്തോടെ നോക്കി. "അത്‌ ശരിയാകുമോ...?"

"അതിനെന്താ... നീ ലഗേജ്‌ എടുത്ത്‌ വേഗം വരൂ..." അവള്‍ പറഞ്ഞു.

അവന്‍ തിരിഞ്ഞ്‌ ഓടിപ്പോയി.

ജാഗോയും ജാനറ്റും ഹോട്ടലിന്‌ മുന്നില്‍ എത്തിയതും മഴയുടെ ശക്തി കൂടി. മഞ്ഞിലും മഴയിലും മൂടിക്കിടക്കുന്ന പര്‍വ്വതനിരകളിലേക്ക്‌ അവള്‍ കണ്ണോടിച്ചു.

"ഈ കാലാവസ്ഥയില്‍ അങ്ങ്‌ ദൂരെ ആ മലനിരകളില്‍ തങ്ങുക സുഖകരമായിരിക്കില്ല..." അത്‌ ശ്രദ്ധിച്ച ജാഗോ പറഞ്ഞു.

"ആ പറഞ്ഞതില്‍ എന്തോ ഗൂഢാര്‍ത്ഥമുണ്ടല്ലോ..." അവള്‍ ചിരിച്ചു. പിന്നെ ഇരുവരും ഉള്ളിലേക്കുള്ള പടികള്‍ കയറി.


* * * * * * * * * * * * * * * * * * * * * * * * * * * * * * * *


സൈതണ്‍മോറില്‍ നിന്ന് അല്‍പ്പം വടക്ക്‌ പടിഞ്ഞാറായിട്ടാണ്‌ ഗെറിക്ക്‌ ഇപ്പോള്‍. മലേയ്‌ഗ്‌ ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വേറെങ്ങോട്ടും പോയിട്ട്‌ പ്രയോജനമില്ല. മനസ്സില്‍ ഓര്‍മ്മയുണ്ടായിരുന്ന വെസ്റ്റേണ്‍ സ്കോട്ട്‌ലണ്ടിന്റെ ഭൂപടത്തില്‍ നിന്നുമാണ്‌ അത്‌ അദ്ദേഹം മനസ്സിലാക്കിയത്‌. മലയുടെ മുകളില്‍ നിന്ന് നേരെ താഴെ ലോച്ച്‌ മൊറാറിലേക്ക്‌ നടക്കുക എന്നത്‌ മാത്രമാണ്‌ ഒരേയൊരു പോംവഴി. അവിടെ നിന്ന് തിരദേശപാതയിലേക്കും. അസഹനീയമായ ആ കാലാവസ്ഥയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അദ്ദേഹത്തിന്‌ ആകുമായിരുന്നില്ല. നടക്കുവാന്‍ തന്നെ തീരുമാനിച്ചു. മലേയ്‌ഗില്‍ എന്തായാലും കുറച്ച്‌ ബോട്ടുകള്‍ കാണുമെന്നത്‌ തീര്‍ച്ചയാണ്‌. കൈവന്ന അവസരം എത്ര അസാദ്ധ്യമാണെങ്കിലും പാഴാക്കാതെ നോക്കുക തന്നെ. രക്ഷപെടാനുള്ള ഈ അവസരം എന്ത്‌ വില കൊടുത്തും പ്രയോജനപ്പെടുത്തണം.

ട്രെയിനില്‍ നിന്ന് ചാടിയിട്ട്‌ നേരെ മലമുകളിലേക്ക്‌ കയറുകയാണ്‌ അദ്ദേഹം ചെയ്തത്‌. പത്ത്‌ മിനിറ്റിനകം അദ്ദേഹം ഒരു കാട്ടരുവിയുടെ അടുത്തെത്തി. പിന്നെ അതിന്റെ ഗതിക്ക്‌ സമാന്തരമായി വേഗം മുന്നോട്ട്‌ നടക്കാനാരംഭിച്ചു. തന്റെ ചുറ്റും കനത്ത മഞ്ഞ്‌ പെയ്തിറങ്ങുന്നത്‌ അദ്ദേഹം കണ്ടറിഞ്ഞു. മൂടല്‍ മഞ്ഞിന്റെ ആവരണത്തിലൂടെയുള്ള നടപ്പ്‌ അദ്ദേഹത്തിന്‌ കൂടുതല്‍ സുരക്ഷിതത്വ ബോധം നല്‍കി. പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത പ്രതീതി. മുകളിലേക്ക്‌ പോകുംതോറും അവിടവിടെയായി കാണപ്പെട്ടിരുന്ന ബിര്‍ച്ച്‌ മരങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. പിന്നെ, അരയ്ക്കൊപ്പം ഉയരത്തില്‍ നില്‍ക്കുന്ന കുറ്റിച്ചെടികള്‍ വകഞ്ഞുമാറ്റിയായി യാത്ര.

അദ്ദേഹത്തിന്റെ സാമീപ്യത്തില്‍ ദ്വേഷ്യം കൊണ്ട രണ്ട്‌ പക്ഷികള്‍ ആ ചെടികള്‍ക്കിടയില്‍ നിന്ന് ചിറകടിച്ചുയര്‍ന്നു. ഒരു മണിക്കൂറായുള്ള തുടര്‍ച്ചയായ നടപ്പ്‌ നിറുത്തി അരികില്‍ കണ്ട പടര്‍ന്ന് പന്തലിച്ച ഒരു മരത്തിന്‌ കീഴിലേക്ക്‌ അദ്ദേഹം നീങ്ങി നിന്നു. മഴയില്‍ അദ്ദേഹത്തിന്റെ റെയിന്‍കോട്ട്‌ പോലും നനഞ്ഞുകുതിര്‍ന്നിരുന്നു.

അല്‍പ്പം അവിടെ നിന്നിട്ട്‌ പൂര്‍വാധികം ഉന്മേഷത്തോടെ അദ്ദേഹം മല കയറുവാന്‍ തുടങ്ങി. ദുര്‍ഘടമായ ആ മലനിരകളിലൂടെ മൂന്നോ നാലോ മൈലുകള്‍ കൂടി നടന്നാലേ ഉള്‍ക്കടലിനടുത്ത്‌ എത്തുകയുള്ളൂ. എങ്കിലും അല്‍പ്പം പോലും ക്ഷീണം അനുഭവപ്പെട്ടില്ല അദ്ദേഹത്തിന്‌. സ്വാതന്ത്ര്യം എന്ന ഒരേ ഒരു ചിന്ത അദ്ദേഹത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു.

ഏതാണ്ട്‌ അര മണിക്കൂര്‍ നടന്നപ്പോള്‍ ആ അരുവി വലിയൊരു തോട്ടിലേക്ക്‌ ചെന്ന് അവസാനിക്കുന്നതായി കാണപ്പെട്ടു. അദ്ദേഹം ഒരു വശത്തേക്ക്‌ മാറി ചരല്‍ നിറഞ്ഞ ആ കുന്നിന്‍മുകളിലേക്ക്‌ കയറി. പൂര്‍ണ്ണമായും മൂടല്‍ മഞ്ഞില്‍ അകപ്പെട്ടു അദ്ദേഹം ഇപ്പോള്‍. വസ്ത്രങ്ങള്‍ ദേഹത്തോട്‌ നനഞ്ഞൊട്ടിച്ചേര്‍ന്നു. ആദ്യമായി അദ്ദേഹത്തിന്‌ തണുപ്പനുഭവപ്പെട്ടു.

ട്രെയിനില്‍ നിന്ന് ചാടിയതിന്‌ ശേഷം ഏതാണ്ട്‌ രണ്ട്‌ മണിക്കൂര്‍ നേരം നടന്നുകഴിഞ്ഞിരിക്കുന്നു ഇപ്പോള്‍. കുന്നിന്റെ ഏറ്റവും മുകളിലായി കണ്ട ഗ്രാനൈറ്റ്‌ പാറയുടെ മുകളില്‍ കയറി അദ്ദേഹം നിന്നു. അപ്പോള്‍ അനുഭവപ്പെട്ട തണുപ്പിന്‌ എന്തോ ഒരു പ്രത്യേകത ഉള്ളതായി അദ്ദേഹത്തിന്‌ തോന്നി. മുഖത്ത്‌ തഴുകി കടന്നുപോയ കുളിര്‍കാറ്റില്‍ നിന്ന് താന്‍ കുന്നിന്റെ ഏറ്റവും മുകളിലാണ്‌ നില്‍ക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. അടുത്ത നിമിഷം വീശിയ കാറ്റ്‌ മൂടല്‍ മഞ്ഞിന്റെ ആവരണത്തെ തള്ളിനീക്കി.

അവിശ്വസനീയമായിരുന്നു ആ കാഴ്ച. താന്‍ നില്‍ക്കുന്ന കുന്നിന്റെ ചരുവിലായി ലോച്ച്‌ മൊറാര്‍ സ്ഥിതി ചെയ്യുന്നു. നാലോ അഞ്ചോ മൈല്‍ ദൂരെയായി മലേയ്‌ഗ്‌ നഗരം. അതിനോട്‌ ഉരുമ്മി നില്‍ക്കുന്ന കടലിനെ അദ്ദേഹം കൊതിയോടെ വീക്ഷിച്ചു. മഞ്ഞിലും മഴയിലും കുളിച്ച്‌ നില്‍ക്കുന്ന എയ്‌ഗ്‌, റിയൂം, സ്‌കീ എന്നീ ദ്വീപുകള്‍. താന്‍ നില്‍ക്കുന്നിടത്ത്‌ നിന്ന് പത്ത്‌ പതിനഞ്ച്‌ വാര അകലെയായി താഴെ ഉള്‍ക്കടലിനടുത്തേക്ക്‌ പോകുന്ന ഒരു ഒറ്റയടിപ്പാത അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടു. പെട്ടെന്നാണ്‌ കാറ്റിനൊപ്പം മൂടല്‍മഞ്ഞ്‌ വീണ്ടും അദ്ദേഹത്തെ വലയം ചെയ്തത്‌. വളരെ അടുത്തുള്ള വസ്തുക്കളെ പോലും അത്‌ മറച്ചുകളഞ്ഞു. എന്നാല്‍ തനിക്കാവശ്യമുള്ളതത്രയും അദ്ദേഹം കണ്ടുകഴിഞ്ഞിരുന്നു. പുതിയൊരു ഉണര്‍വ്വോടെ അദ്ദേഹം മലയിറങ്ങാന്‍ തുടങ്ങി.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Monday, April 5, 2010

സ്റ്റോം വാണിംഗ്‌ - 40

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...


പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 22. അക്ഷാംശം 50.59N, രേഖാംശം 15.35W. പുലര്‍ച്ചെ മൂന്നു മണിയോടെ മുഖ്യ പാമരത്തിലെ ഒരു ദണ്ഡ്‌ ഒടിഞ്ഞുപോയി. തല്‍ഫലമായി കാറ്റുപായ മുകള്‍ മുതല്‍ അടി വരെ പൊളിഞ്ഞു. അതിനാല്‍ നങ്കൂരമിടേണ്ടി വന്നു. മദ്ധ്യാഹ്നത്തോടെ കാറ്റുപായ ശരിയാക്കിയതായി സ്റ്റേം റിപ്പോര്‍ട്ട്‌ ചെയ്തു. കാലാവസ്ഥ മോശമായി തുടങ്ങിയിരിക്കുന്നു. കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെടുന്നുണ്ട്‌. എങ്കിലും യാത്ര തുടരുവാന്‍ തന്നെ തീരുമാനിച്ചു. കാറ്റിന്റെ നില വടക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ 5 - 6 എന്ന നിലയിലാണ്‌.


അദ്ധ്യായം - ഒമ്പത്‌

ഹാലിഫാക്സില്‍ നിന്ന് നോവസ്കോഷ്യ വഴി സൗത്ത്‌ വെയില്‍സിലേക്ക്‌ പോകുകയാണ്‌ ബ്രിട്ടീഷ്‌ ചരക്കുകപ്പല്‍ മേരി മാസ്റ്റേഴ്‌സ്‌. ഒമ്പതിനായിരം ടണ്‍ കേവുഭാരമുള്ള കപ്പലില്‍ നിറയെ ഇരുമ്പുല്‍പ്പന്നങ്ങളാണ്‌. കഴിഞ്ഞ ഇരുപത്തിനാല്‌ മണിക്കൂറായി യാത്ര അല്‍പ്പം വിഷമകരമായിരുന്നു. ക്യാപ്റ്റനടക്കം കപ്പലിലെ ഭൂരിഭാഗം പേരും താഴെ ഉറക്കത്തിലാണ്‌.

കോരിച്ചൊരിഞ്ഞുകൊണ്ടിരിക്കുന്ന മഴയും മൂടല്‍ മഞ്ഞും കാരണം ദൂരക്കാഴ്ച വളരെ മോശമാണ്‌. ബ്രിഡ്‌ജില്‍ ഡ്യുട്ടിയിലുള്ള തേര്‍ഡ്‌ ഓഫീസര്‍ ബ്രെയ്‌ത്ത്‌വെയ്റ്റ്‌ വളരെ ക്ഷീണിതനായിരുന്നു. അയാള്‍ ബൈനോക്കുലര്‍ ഉയര്‍ത്തി വീണ്ടും ചുറ്റുപാടുകള്‍ നിരീക്ഷിച്ചു. കഴിഞ്ഞ അര മണിക്കൂറിനിടയില്‍ ചുരുങ്ങിയത്‌ ഇരുപതാമത്തെ പ്രാവശ്യമായിരിക്കും അയാള്‍ ബൈനോക്കുലറിലൂടെ നോക്കുന്നത്‌. എന്നാല്‍ ഇപ്രാവശ്യം അയാള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിപ്പോയി.

പെട്ടെന്ന് തന്നെ അയാള്‍ മൗത്ത്‌ പീസിലൂടെ വിളിച്ചുപറഞ്ഞു. "ദിസ്‌ ഈസ്‌ ബ്രെയ്‌ത്ത്‌വെയ്റ്റ്‌ സര്‍... സോറി ഫോര്‍ ഡിസ്റ്റര്‍ബിംഗ്‌...ബൈനോക്കുലറില്‍ ഒരു പായ്‌ക്കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു...!!!"

"എന്താണ്‌ നിങ്ങള്‍ പറഞ്ഞത്‌...?!!!"

"ഒരു പായ്‌ക്കപ്പല്‍ സര്‍... നമ്മുടെ ഇടതുഭാഗത്ത്‌ ഏകദേശം കാല്‍ മൈല്‍ ദൂരെ..."

"ഞാനിതാ വരുന്നു..."

ബ്രെയ്‌ത്ത്‌വെയ്റ്റ്‌ വീണ്ടും ബൈനോക്കുലറിലൂടെ ഡോയ്‌ഷ്‌ലാന്റിനെ നിരീക്ഷിച്ചു. അല്‍പ്പസമയത്തിനുള്ളില്‍ ക്യാപ്റ്റന്‍ ഹെന്‍ഡേഴ്‌സണ്‍ ബ്രിഡ്‌ജിലെത്തി. ജരാനരകള്‍ ബാധിച്ച്‌ റിട്ടയര്‍ ചെയ്യാറായ ഒരു ചെറിയ മനുഷ്യനായിരുന്നു അദ്ദേഹം.

ബൈനോക്കുലര്‍ വാങ്ങി ഡോയ്‌ഷ്‌ലാന്റിന്‌ നേര്‍ക്ക്‌ അദ്ദേഹം ഫോക്കസ്‌ ചെയ്തു. "ഓ... ഓള്‍ഡ്‌ ബ്യൂട്ടി...." അദ്ദേഹം മന്ത്രിച്ചു. "ദിശ അല്‍പ്പം മാറ്റൂ ബ്രെയ്‌ത്ത്‌വെയ്റ്റ്‌... നമുക്ക്‌ കുറച്ചുകൂടി അടുത്ത്‌ ചെന്ന് നോക്കാം..."

* * * * * * * * * * * * * * * * * * * * * * * * * * * * * * *

ഡോയ്‌ഷ്‌ലാന്റിന്റെ ഡെക്കില്‍ ഏതാണ്ട്‌ ആറ്‌ പേരേ ഉണ്ടായിരുന്നുള്ളൂ. ബെര്‍ഗറും സ്റ്റേമും കപ്പലിന്റെ പിന്‍ഭാഗത്ത്‌ നിന്നുകൊണ്ട്‌ തങ്ങളുടെയടുത്തേക്ക്‌ വരുന്ന കപ്പലിനെ നിരീക്ഷിച്ചു.

"ബ്രിട്ടീഷ്‌ കപ്പലാണ്‌ സര്‍..." ബൈനോക്കുലര്‍ താഴ്ത്തിയിട്ട്‌ സ്റ്റേം പറഞ്ഞു. "ലിവര്‍പൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മേരി മാസ്റ്റേഴ്‌സ്‌..."

കൈയില്‍ സിഗ്നല്‍ ലാമ്പുമായി റിക്ടര്‍ അവിടെയെത്തി. "പ്രശ്നമാകുമോ സര്‍...?"

"അതൊരു ചരക്കുകപ്പലാണ്‌. റോയല്‍ നേവിയുടേതല്ല. നമ്മള്‍ ഇപ്പോഴും ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍ ആണെന്ന കാര്യം മറക്കരുത്‌. അല്ല എന്ന് ആരെങ്കിലും തെളിയിക്കുന്നതുവരെ..." സ്വീഡിഷ്‌ പതാകയിലേക്ക്‌ കണ്ണോടിച്ച്‌ ബെര്‍ഗര്‍ പറഞ്ഞു.

മേരി മാസ്റ്റേഴ്‌സിലെ സിഗ്നല്‍ ഫ്ലാഗ്‌ ചലിച്ചു. ബൈനോക്കുലറിലൂടെ അത്‌ ശ്രദ്ധിച്ച്‌ സ്റ്റേം ഡീ-കോഡ്‌ ചെയ്തു. "ഞങ്ങളുടെ സഹായം ആവശ്യമുണ്ടോ...?"

ബെര്‍ഗര്‍ ചിന്താക്കുഴപ്പത്തിലായി. കൈവരികളില്‍ പിടിച്ച്‌ അദ്ദേഹം അടുത്തുകൊണ്ടിരിക്കുന്ന ആ കപ്പലിലേക്ക്‌ നോക്കി. അതിന്റെ ഡെക്കില്‍ നില്‍ക്കുന്നവരെ വ്യക്തമായി കാണാവുന്ന അത്ര അടുത്തെത്തിയിരിക്കുന്നു.

"നമുക്ക്‌ ഒരു കൈ നോക്കാം... സ്റ്റേം, നിങ്ങള്‍ക്ക്‌ ഇംഗ്ലീഷ്‌ നന്നായി കൈകാര്യം ചെയ്യാനറിയാമല്ലോ. സിഗ്നല്‍ ലാമ്പ്‌ നിങ്ങള്‍ തന്നെ പ്രവര്‍ത്തിപ്പിച്ചോളൂ. ഞാന്‍ പറയുന്നത്‌ അങ്ങോട്ട്‌ ട്രാന്‍സ്‌മിറ്റ്‌ ചെയ്യുക... വളരെ ലളിതമായ ഭാഷയില്‍..."

"ശരി സര്‍..."

സന്ദേശം തുടങ്ങുന്നതിന്റെ സൂചനയായി സ്റ്റേം VE VE VE എന്ന് ട്രാന്‍സ്‌മിറ്റ്‌ ചെയ്തു. പിന്നെ ബെര്‍ഗറുടെ വാക്കുകള്‍ക്കായി കാത്തുനിന്നു.

"ഞങ്ങള്‍ യാത്രയിലാണ്‌..." ബെര്‍ഗര്‍ പതുക്കെ ഉച്ചരിച്ചു. "ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍. ബെലേമില്‍ നിന്ന് പുറപ്പെട്ടിട്ട്‌ ഇരുപത്തിയെട്ട്‌ ദിവസമായിരിക്കുന്നു. ഗോഥന്‍ബെര്‍ഗിലേക്ക്‌ പോകുന്നു. നിങ്ങളുടെ സഹായ വാഗ്ദാനത്തിന്‌ നന്ദി. പക്ഷേ ഇപ്പോള്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..."

കുറച്ചുകൂടി അടുത്തെത്തിയ മേരി മാസ്റ്റേഴ്‌സിലെ സിഗ്നല്‍ ലാമ്പ്‌ മിന്നി. അത്‌ തീരുന്നത്‌ വരെ സ്റ്റേം കാത്തുനിന്നു. പിന്നെ പരിഭാഷപ്പെടുത്താന്‍ തുടങ്ങി.

"ഹാലിഫാക്സില്‍ നിന്ന് വരികയാണ്‌. നോവസ്കോഷ്യ വഴി സ്വാന്‍സീയിലേക്ക്‌ പോകുന്നു. ഇന്നലെയുണ്ടായ എന്‍ജിന്‍ തകരാര്‍ കാരണം കോണ്‍വോയിയില്‍ നിന്ന് ഒറ്റപ്പെട്ടുപോയി. പിന്നെ, നിങ്ങളുടെ ഇപ്പോഴത്തെ സ്ഥാനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ വേണമോ...?"

"അതേതായാലും സ്വീകരിക്കൂ... ഒരു പക്ഷേ ഇതുപോലെ ഒരു അവസരം ഇനി കിട്ടിയെന്ന് വരില്ല. ശരിയല്ലേ റിക്ടര്‍...?"

റിക്ടര്‍ തലകുലുക്കി. അദ്ദേഹത്തിന്റെ മുഖം വിളറിയിരുന്നു. "എനിക്കുമങ്ങനെ തോന്നുന്നു സര്‍..."

"ഭാഗ്യം നമ്മോടൊപ്പമാണ്‌... യഥാര്‍ത്ഥ ഗ്വാഡ്രിഡ്‌ ആന്‍ഡേഴ്‌സണ്‍ ഇപ്പോഴും ഗോഥന്‍ബര്‍ഗ്‌ ഹാര്‍ബറില്‍ കിടക്കുകയാണെന്ന് കണ്ടുപിടിക്കുവാന്‍ അവര്‍ക്ക്‌ ചുരുങ്ങിയത്‌ മൂന്ന് ദിവസമെങ്കിലും വേണ്ടി വരും. അവര്‍ പുറപ്പെട്ടു കഴിഞ്ഞാല്‍ നമുക്കും പെട്ടെന്ന് സ്ഥലം കാലിയാക്കാം..."

മേരി മാസ്റ്റേഴ്‌സിലെ ഭൂരിഭാഗം നാവികരും ഡെക്കില്‍ അണിനിരന്നിട്ടുണ്ടായിരുന്നു. അവര്‍ ആഹ്ലാദത്തോടെ കൈകളുയര്‍ത്തി വീശുന്നത്‌ മഴയ്ക്കിടയിലൂടെ ബെര്‍ഗര്‍ കണ്ടു.

"യുദ്ധത്തില്‍ അവര്‍ ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണോ എന്ന് ചോദിച്ചേക്കൂ..." ബെര്‍ഗര്‍ പറഞ്ഞു.

സ്റ്റേം ആശ്ചര്യത്തോടെ വായ്‌ തുറന്ന് അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി നിന്നു.

"മിഴിച്ച്‌ നില്‍ക്കാതെ പറഞ്ഞതുപോലെ ചെയ്യ്‌ മനുഷ്യാ..." ബെര്‍ഗര്‍ അക്ഷമനായി പറഞ്ഞു.

മേരി മാസ്റ്റേഴ്‌സില്‍ നിന്നുള്ള മറുപടി ശ്രദ്ധേയമാം വിധം ചുരുങ്ങിയതായിരുന്നു. "തീര്‍ച്ചയായും..." സ്റ്റേം പരിഭാഷപ്പെടുത്തി വായിച്ചു.

"ഞങ്ങളും അങ്ങനെ തന്നെ വിശ്വസിക്കുന്നു..." ബെര്‍ഗര്‍ മടക്ക സന്ദേശമായി പറഞ്ഞു. "താങ്ക്‌ യൂ ആന്റ്‌ ഗുഡ്‌ ബൈ എന്ന് കൂടി സിഗ്നല്‍ ചെയ്തേക്കൂ സ്റ്റേം..."

സിഗ്നല്‍ ലാമ്പ്‌ അവസാനമായി ഒന്നുകൂടി മിന്നി. മേരി മാസ്റ്റേഴ്‌സ്‌ അവരുടെ കുറച്ചകലെയായി കടന്നുപോയി. അതിന്റെ സ്റ്റീം വിസില്‍ മൂന്ന് പ്രാവശ്യം നീട്ടി സൈറന്‍ മുഴക്കുന്ന ശബ്ദം അവര്‍ക്ക്‌ കേള്‍ക്കാറായി.

"അവരെ പ്രത്യഭിവാദ്യം ചെയ്യൂ റിക്ടര്‍..."

റിക്ടര്‍ ഓടി കൊടിമരത്തിന്‌ ചുവട്ടിലെത്തി. അദ്ദേഹം പതാക താഴ്ത്തിയപ്പോള്‍ മേരി മാസ്റ്റേഴ്‌സില്‍ നിന്ന് വീണ്ടും സൈറന്‍ മുഴങ്ങി. ഏകാന്തമായ ആ ശബ്ദം ജലപ്പരപ്പില്‍ തട്ടി പ്രതിധ്വനിച്ച്‌ ദൂരെ ചക്രവാളത്തിലേക്ക്‌ അകന്നുപോയി.


"അങ്ങനെ അതും കഴിഞ്ഞു. ഇനി നമുക്ക്‌ നീങ്ങാം സ്റ്റേം..." ബെര്‍ഗര്‍ പറഞ്ഞു.

അകന്നുപോകുന്ന ഡോയ്‌ഷ്‌ലാന്റിനെ മേരി മാസ്റ്റേഴ്‌സിന്റെ ബ്രിഡ്‌ജില്‍ നിന്നുകൊണ്ട്‌ ഹെന്‍ഡേഴ്‌സണ്‍ അവസാനമായി വീക്ഷിച്ചു. മൂടല്‍ മഞ്ഞില്‍ ഏതാണ്ട്‌ മറഞ്ഞുതുടങ്ങിയപ്പോള്‍ അദ്ദേഹം ബൈനോക്കുലര്‍ താഴ്ത്തി.

"ഞാന്‍ എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ അത്‌ കടലില്‍ വച്ചാണ്‌. എല്ലാം മനസ്സിലാക്കിയതും കടലില്‍ നിന്ന് തന്നെ. തുടക്കം എന്റെ പതിനെട്ടാമത്തെ വയസ്സില്‍ അതു പോലൊരു പായ്‌ക്കപ്പലിലായിരുന്നു..."

"അങ്ങിനെയാണോ സര്‍..." ബ്രെയ്‌ത്ത്‌വെയ്റ്റ്‌ ആശ്ചര്യത്തോടെ ചോദിച്ചു.

വൃദ്ധനായ ക്യാപ്റ്റന്‍ തല കുലുക്കി. "അത്‌ പോകുന്നത്‌ കണ്ടില്ലേ...? കൊതി തീരുവോളം നോക്കിക്കോളൂ... നിങ്ങളുടെ ജീവിതത്തില്‍ ഇനി ഇത്തരമൊരു കാഴ്ച കാണാന്‍ കിട്ടിയെന്ന് വരില്ല..."


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)