പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, September 30, 2010

സ്റ്റോം വാണിംഗ്‌ - 62

കാറ്റിന്റെ ശല്യത്തില്‍ നിന്ന് കുറെയൊക്കെ സുരക്ഷിതമായിരുന്നുവെങ്കിലും നങ്കൂരമിട്ട്‌ കിടക്കാന്‍ അനുയോജ്യമായ ഒന്നായിരുന്നില്ല മേരിസ്‌ ടൗണ്‍ ഹാര്‍ബര്‍ . തെക്കുപടിഞ്ഞാറ്‌ നിന്ന് കാറ്റ്‌ വീശുമ്പോള്‍ ഹാര്‍ബറില്‍ ഉയരത്തിലുള്ള തിരമാലകള്‍ രൂപം കൊണ്ടിരുന്നു.

ഡെഡ്‌ എന്‍ഡിന്‌ അതൊരു വല്ലാത്ത രാത്രി തന്നെയായിരുന്നു. ബോട്ട്‌ കെട്ടിയിരുന്ന കയര്‍ രണ്ട്‌ പ്രാവശ്യം വലിഞ്ഞ്‌ പൊട്ടുവാന്‍ ഭാവിച്ചു. ഒരു തവണ വലിയ ഒരു തിര ബോട്ടിനെ പൊക്കിയെടുത്ത്‌ ജെട്ടിയുടെ കോണ്‍ക്രീറ്റ്‌ ചുമരില്‍ അടിച്ചു. കെട്ട്‌ പൊട്ടി ഹാര്‍ബറിലൂടെ ഒഴുകുന്ന ചെറുവഞ്ചികളും ബോട്ടുകളും മറ്റും വന്നിടിച്ച്‌ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും കുറച്ചൊന്നുമായിരുന്നില്ല.

ഹാര്‍ബറിന്റെ ചുമരിലിടിക്കുന്നത്‌ തടയുന്നതിനായി ജാഗോയും കൂട്ടരും രാത്രി മുഴുവനും കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു. അഞ്ചര ആയപ്പോഴേക്കും അദ്ദേഹം വല്ലാതെ തളര്‍ന്നുപോയിരുന്നു.

ഹരിക്കെയിന്‍ ലാമ്പുമായി ആരോ ഒരാള്‍ ഹാര്‍ബറിന്‌ നേര്‍ക്ക്‌ നടന്നുവരുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കയറേണിയിലൂടെ ആ രൂപം ബ്രിഡ്‌ജിലെത്തിയപ്പോഴാണ്‌ അത്‌ അഡ്‌മിറല്‍ റീവ്‌ ആണെന്ന് ജാഗോ മനസ്സിലാക്കിയത്‌.

"എങ്ങനെയുണ്ട്‌ ജാഗോ...?"

"തൂക്കുമരത്തില്‍ കിടക്കുന്നത്‌ പോലെയുണ്ട്‌ സര്‍ ... അത്രയും പറഞ്ഞാല്‍ മതിയല്ലോ. ഇതിലും ഭേദം പുറം കടലിലാണ്‌..."

"ഇത്രയുമായപ്പോഴേക്കും വിഷമിച്ചുപോയോ...? ഇതിന്റെ അപ്പുറമാണ്‌ ഇനി വരാന്‍ പോകുന്നത്‌... പിന്നെ, മറേ എന്നെ വിളിച്ചിരുന്നു... അദ്ദേഹത്തിന്‌ നിങ്ങളുമായി റേഡിയോ ബന്ധം ലഭിക്കുന്നില്ലെന്ന്..."

"ശരിയാണ്‌... ഞങ്ങളുടെ റേഡിയോ തകരാറിലാണ്‌... ആര്‍ക്കെങ്കിലും എന്നെങ്കിലും അത്‌ റിപ്പയര്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ വലിയൊരു അത്ഭുതമായിരിക്കും അത്‌..."

"ഓ.കെ... ഞാന്‍ മറേയെ അറിയിക്കാം, നിങ്ങള്‍ ജീവനോടെ ഇവിടെയുണ്ടെന്ന്... സമയം കിട്ടുമെങ്കില്‍ നേരം പുലര്‍ന്നിട്ട്‌ എന്റെ കോട്ടേജിലേക്കൊന്നു വരൂ... ഒരു കാര്യമുണ്ട്‌... നിങ്ങളുടെ ആവശ്യം വരും ..."

"തീര്‍ച്ചയായും വരാം സര്‍ ..."

ഒരു നിമിഷം അവിടെ നിന്നിട്ട്‌ അദ്ദേഹം ബോട്ടില്‍ നിന്ന് ഇറങ്ങി ധൃതിയില്‍ പുറത്തേക്ക്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * *

ബെര്‍ഗര്‍ ക്യാബിന്റെ വാതില്‍ തട്ടിത്തുറന്നു. അലറിവിളിക്കുന്ന കാറ്റും മഴയും അദ്ദേഹത്തോടൊപ്പം ഉള്ളില്‍ കടന്നു. മുകളില്‍ കൊളുത്തിയിട്ടിരുന്ന എണ്ണവിളക്ക്‌ ഇരുവശങ്ങളിലേക്കും ആടുമ്പോള്‍ ഇരുട്ടും വെളിച്ചവും അന്യോന്യം മത്സരിക്കുന്നതുപോലെ മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരുന്നു.

ബങ്കില്‍ കിടന്നിരുന്ന ഓട്ടോ പ്രേയ്‌ഗര്‍ പരിഭ്രമത്തോടെ എഴുന്നേറ്റിരുന്നു. "എന്ത്‌ പറ്റി എറിക്ക്‌...?"

ഓയില്‍സ്കിന്‍ ധരിച്ചിരുന്നുവെങ്കിലും ബെര്‍ഗര്‍ ആകെ നനഞ്ഞുകുളിച്ചിരുന്നു. അദ്ദേഹത്തിന്റെ മുഖം ഭയത്താല്‍ വിളറിയിരുന്നു.

"ഒരാളെക്കൂടി നഷ്ടപ്പെട്ടു ഓട്ടോ..."

അദ്ദേഹം ഡെസ്കില്‍ ചാരി നിന്നു. പിന്നെ ഒരു മദ്യപനെപ്പോലെ ആടിയാടി എതിര്‍വശത്തേക്ക്‌ നടന്നു. അവര്‍ നിന്നിരുന്ന പ്രതലം അപ്പോള്‍ ചരിഞ്ഞിരുന്നു. അദ്ദേഹം തന്റെ കസേരയിലേക്ക്‌ വഴുതി വീണു.

"ഐ ഫീല്‍ സോ സോറി..." ബെര്‍ഗര്‍ മന്ത്രിച്ചു.

പിന്നെ അലമാരയുടെ മുകളിലത്തെ വലിപ്പ്‌ തുറന്ന് ലോഗ്‌ ബുക്കും പേനയും എടുത്തു.

"......... രാവിലെ ആറ്‌ മുപ്പത്‌... ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭീകരമായ അവസ്ഥ... താഴെയുള്ള പ്രധാന പായ ചുരുക്കിയത്‌ വളരെ ബുദ്ധിമുട്ടിയാണ്‌.. മുകളിലത്തെ അവസ്ഥ വളരെ മോശമാണ്‌... അര മണിക്കൂര്‍ മുമ്പ്‌ ഭീമാകാരങ്ങളായ രണ്ട്‌ തിരമാലകള്‍ കപ്പലിന്‌ മുകളിലൂടെ കടന്നുപോയി. ഒരു തിരമാലയുടെ ഗര്‍ത്തത്തില്‍ നിന്ന് ഉയരുന്ന സമയത്താണ്‌ അടുത്തത്‌ വന്നടിച്ചത്‌. പാമരത്തിന്റെ പാതിയോളം അത്‌ ഉയര്‍ന്നു. ആ സമയത്ത്‌ എന്റെ നിര്‍ദ്ദേശമനുസരിച്ച്‌ എട്ട്‌ പേര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു പാമരത്തില്‍ . ആ തിരമാല കടന്ന് പോയപ്പോള്‍ അതിലൊരാള്‍ കുറവുണ്ടായിരുന്നു... ലീഡിംഗ്‌ ഇലക്‍ട്രീഷ്യന്‍ ഹാന്‍സ്‌ ബെര്‍ഗ്‌മാന്‍ ..."

"ഇനി വയ്യ..." ബെര്‍ഗര്‍ വേദനയോടെ പറഞ്ഞു. "പാവം പയ്യന്‍ ... ഈ കഷ്ടപ്പാടുകളും സഹിച്ച്‌ ഇത്രയും ദൂരം വന്നു... എന്തിന്‌ വേണ്ടി...?"

"അല്‍പ്പം ഉറങ്ങൂ എറിക്ക്‌..."

"താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌... ഒന്ന് മയങ്ങട്ടെ... അര മണിക്കൂര്‍ കഴിയുമ്പോള്‍ എന്നെ ഉണര്‍ത്തണം ..." ബെര്‍ഗര്‍ പറഞ്ഞു.

അദ്ദേഹം മുന്നോട്ട്‌ കുനിഞ്ഞ്‌ കൈകളില്‍ തല വച്ച്‌ കണ്ണടച്ച്‌ കിടന്നു. പ്രേയ്‌ഗര്‍ അദ്ദേഹത്തെ വേദനയോടെ നോക്കി. ഉലഞ്ഞാടുന്ന എണ്ണ വിളക്കിന്റെ വെളിച്ചം ആ മുറിയില്‍ മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരുന്നു. പുറത്ത്‌ ചീറിയടിക്കുന്ന കാറ്റിന്റെ കര്‍ണ്ണകഠോരമായ ശബ്ദം അതിന്റെ ഉച്ചസ്ഥായിയിലെത്തി.

"ഓട്ടോ... ഇതാണ്‌ കടല്‍ ..." കണ്ണു തുറക്കാതെ ബെര്‍ഗര്‍ പതുക്കെ പറഞ്ഞു. "ഇതെല്ലാം അനുഭവിക്കണമെന്നതായിരിക്കും നമ്മുടെ വിധി..."

* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Sunday, September 26, 2010

സ്റ്റോം വാണിംഗ്‌ - 61

റീവിന്റെ കോട്ടേജില്‍ അവര്‍ എത്തിയപ്പോള്‍ സമയം പുലര്‍ച്ചെ നാലേമുക്കാല്‍ ആയിരുന്നു. ഉള്ളില്‍ കടന്നപ്പോഴാണ്‌ ജാനറ്റിനൊപ്പം റേഡിയോയുടെ സമീപത്തിരിക്കുന്ന ജീന്‍ സിന്‍ക്ലെയറെ അവര്‍ കണ്ടത്‌.

"ഹലോ ക്യാരീ..." അവര്‍ വിളിച്ചു. "ഇങ്ങനെ കാറ്റ്‌ വീശുമ്പോള്‍ അവിടെ കിടന്നുറങ്ങുവാന്‍ എനിക്ക്‌ കഴിഞ്ഞില്ല. അതിനാല്‍ ഇവിടുത്തെ കാര്യങ്ങള്‍ എന്താണെന്ന് അറിയാമല്ലോ എന്ന് കരുതി ഇങ്ങോട്ട്‌ വന്നു... ഞാന്‍ കാപ്പി കൊണ്ടുവരാം ..."

അവര്‍ അടുക്കളയിലേക്ക്‌ നടന്നു. "സംഗതി ഗൗരവമായി വരികയാണ്‌... ഒരു മണിക്കൂര്‍ മുമ്പ്‌ സ്റ്റോണോവേയിലെ ബോട്ടിന്‌ കോള്‍ വന്നു. കേപ്പ്‌ റാത്തില്‍ അപകടസ്ഥിതിയിലായ ഒരു യുദ്ധക്കപ്പലിനടുത്തേക്ക്‌... ഇരുപത്‌ മിനിറ്റ്‌ മുമ്പ്‌ ബാരാ ദ്വീപിലെ ബോട്ടിനും കോള്‍ വന്നു..." ജാനറ്റ്‌ പറഞ്ഞു.

"എങ്ങോട്ടായിരുന്നു അത്‌...?"

"നോര്‍ത്ത്‌ മിഞ്ചില്‍ എവിടേക്കോ ആയിരുന്നു..."

"അടുത്തത്‌ നമ്മുടെ ഊഴം ആയിരിക്കുമെന്നാണ്‌ തോന്നുന്നത്‌..." മര്‍ഡോക്ക്‌ പറഞ്ഞു.

ജീന്‍ കാപ്പിയുമായി മടങ്ങിയെത്തി.

"ഇപ്പോള്‍ വേണ്ട മിസ്സിസ്‌ സിന്‍ക്ലെയര്‍ ... എനിക്ക്‌ അത്യാവശ്യമായി രണ്ട്‌ പേരെക്കൂടി കാണാനുണ്ട്‌... അല്‍പ്പം കഴിഞ്ഞ്‌ വരാം ഞാന്‍ ..." മര്‍ഡോക്ക്‌ പറഞ്ഞു.

അദ്ദേഹം പുറത്തേക്കിറങ്ങി നടന്നു.

"എങ്ങോട്ടാണദ്ദേഹം പോകുന്നത്‌...?" ജാനറ്റ്‌ ചോദിച്ചു.

"ഓ... ആ ഹാമിഷ്‌ മക്‍ഡൊണാള്‍ഡിനെയും സിന്‍ക്ലെയര്‍ സഹോദരന്മാരെയും പിന്നെ പെന്‍ഷന്‍കാരുടെ ക്ലബ്ബിലെ കുറേപ്പേരെയും വിളിച്ചുണര്‍ത്താന്‍ ... ആവശ്യം വന്നെങ്കിലോ...?" റീവ്‌ അവളോട്‌ പറഞ്ഞു.

"അങ്കിള്‍ തമാശ പറയുകയാണോ... അവരൊക്കെ വൃദ്ധരല്ലേ...?"

"അതൊക്കെ നീ മര്‍ഡോക്കിനോട്‌ പറഞ്ഞാല്‍ മതി..." മേശപ്പുറത്ത്‌ കിടന്നിരുന്ന കടലാസുകളിലൊന്ന് അദ്ദേഹം എടുത്തു. "എന്താണിത്‌... കാലാവസ്ഥാ റിപ്പോര്‍ട്ടല്ലേ...?"

"അതേ... മെറ്ററോളജിക്കല്‍ ഓഫീസില്‍ നിന്നാണ്‌..."

അതിന്റെ ഉള്ളടക്കം വിഭിന്നമായിരുന്നില്ല.

"ഹെബ്രിഡ്‌സ്‌, ബെയ്‌ലി, മാലിന്‍ എന്നീ പ്രദേശങ്ങളില്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിരിക്കുന്നു. അതിവേഗതയില്‍ കൊടുങ്കാറ്റും ആലിപ്പഴവര്‍ഷത്തോട്‌ കൂടിയ കനത്ത മഴയും പ്രതീക്ഷിക്കാം ..."

അടുത്ത നിമിഷം റേഡിയോ ശബ്ദിച്ചു. "മലേയ്‌ഗ്‌ കോളിംഗ്‌ ഷുഗര്‍ വണ്‍ ഓണ്‍ ഫാഡാ... മലേയ്‌ഗ്‌ കോളിംഗ്‌ ഷുഗര്‍ വണ്‍ ഓണ്‍ ഫാഡാ..."

അന്തരീക്ഷത്തിലെ പ്രക്ഷുബ്ദ്ധാവസ്ഥ മൂലം അത്ര വ്യക്തമായിരുന്നില്ല ആ സന്ദേശം. വേറെ പലയിടങ്ങളില്‍ നിന്നുമുള്ള പ്രക്ഷേപണങ്ങള്‍ ഇടയില്‍ കയറി വരുന്നുണ്ടായിരുന്നു.

റീവ്‌ മൈക്ക്‌ എടുത്തു. "റീവ്‌ ഹിയര്‍ ... റിസീവിംഗ്‌ യൂ സ്ട്രെങ്ങ്‌ത്‌ ഫൈവ്‌, മലേയ്‌ഗ്‌..."

"ക്യാപ്റ്റന്‍ മറേ വാണ്ട്‌സ്‌ റ്റു സ്പീക്ക്‌ റ്റു യൂ, അഡ്‌മിറല്‍ ..."

ഒരു നിമിഷത്തേക്ക്‌ റേഡിയോയില്‍ ഇരമ്പല്‍ മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. പിന്നെ മറേയുടെ ശബ്ദം കേള്‍ക്കാറായി.

"ഹലോ സര്‍ ... അവിടുത്തെ സ്ഥിതി എങ്ങനെ...?"

"ഭയാനകം ... അവിടെയെങ്ങനെയുണ്ട്‌...?"

"ഇവിടെ ആകെ കുഴപ്പമാണ്‌ സര്‍ ... ഇവിടെ ഹാര്‍ബറില്‍ തന്നെ രണ്ട്‌ ബോട്ടുകള്‍ മുങ്ങി. തൊള്ളായിരം ടണ്‍ കേവുഭാരമുള്ള എണ്ണ കയറ്റിയ ഒരു കപ്പല്‍ ഇവിടെ ഹാര്‍ബറില്‍ കിടക്കുന്നുണ്ടായിരുന്നു. നങ്കൂരത്തില്‍ നിന്നുള്ള കെട്ട്‌ പൊട്ടി നിയന്ത്രണം വിട്ട്‌ ഒഴുകുകയാണതിപ്പോള്‍ ... കഴിഞ്ഞ ഒരു മണിക്കൂറായി ജാഗോയുമായി ബന്ധം പുലര്‍ത്താന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌... പക്ഷേ സാധിക്കുന്നില്ല.... എന്ത്‌ സംഭവിച്ചോ എന്തോ... താങ്കള്‍ക്കെന്തെങ്കിലും വിവരമുണ്ടോ...?"

"അവര്‍ സുരക്ഷിതമായി ഹാര്‍ബറില്‍ കിടക്കുന്നുണ്ട്‌... വേണമെങ്കില്‍ പോയി നോക്കിയിട്ട്‌ ഞാന്‍ തിരികെ വിളിക്കാം ..."

"എന്തായാലും ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ലെന്ന് തോന്നുന്നു... നൂറ്‌ മൈല്‍ വേഗതയുള്ള കാറ്റ്‌ വീശുമെന്നാണ്‌ ഞങ്ങള്‍ക്ക്‌ കിട്ടിയ റിപ്പോര്‍ട്ട്‌... ബാരോമീറ്റര്‍ റീഡിംഗ്‌ ഇനിയും താഴുമെന്നാണ്‌ അവര്‍ പറയുന്നത്‌..."

"താങ്ക്‌ യൂ വെരി മച്ച്‌ ഫോര്‍ ദിസ്‌ ഇന്‍ഫര്‍മേഷന്‍ ... ഓവര്‍ ആന്റ്‌ ഔട്ട്‌..." റീവ്‌ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * *

കൊടുംതണുപ്പായിരുന്നു തടവറയില്‍ . രാത്രി അത്രയൊന്നും ഉറങ്ങാന്‍ സാധിച്ചിരുന്നില്ല ഗെറിക്കിന്‌. പുലര്‍ച്ചെ അഞ്ചര ആയപ്പോഴേക്കും അദ്ദേഹം എഴുന്നേറ്റു. പുതപ്പെടുത്ത്‌ ചുമലിലൂടെ ചുറ്റിയിട്ട്‌ അദ്ദേഹം ജാലകത്തിനരികിലേക്ക്‌ നടന്നു.

പുറത്ത്‌ നല്ല ഇരുട്ടായിരുന്നു അപ്പോഴും . ഇടവിട്ട്‌ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന മിന്നല്‍പ്പിണരുകള്‍ ഹാര്‍ബറിലെ കാഴ്ചകള്‍ കാണുവാന്‍ അദ്ദേഹത്തെ സഹായിച്ചു. തിരമാലകളുടെ മുകളില്‍ അലക്ഷ്യമായി ചാഞ്ചാടുന്ന ചെറിയ ബോട്ടുകള്‍ . രണ്ടെണ്ണം കമഴ്‌ന്ന് കിടക്കുകയാണ്‌.

കാറ്റിന്റെ ഇരമ്പല്‍ ഉച്ചത്തിലായി. ഭയാനകമായ ആ ശബ്ദം അദ്ദേഹത്തെ അസ്വസ്ഥനാക്കി. പെട്ടെന്നുണ്ടായ മിന്നല്‍ വെളിച്ചത്തില്‍ അദ്ദേഹം ഒരു കാഴ്ച കണ്ടു. കൈയില്‍ ഒരു റാന്തലുമായി ഓയില്‍സ്കിന്‍ ധരിച്ച ഒരു രൂപം ജെട്ടിയിലൂടെ ഗണ്‍ ബോട്ടിനടുത്തേക്ക്‌ നീങ്ങുന്നു. ഇടനാഴിയില്‍ ഒരു കാലൊച്ച കേട്ട്‌ അദ്ദേഹം തിരിഞ്ഞുനോക്കി. ഒരു എണ്ണ വിളക്കുമായി അങ്ങോട്ട്‌ വരുന്ന ലാക്ലനെയാണ്‌ അദ്ദേഹം കണ്ടത്‌.

"നല്ല തണുപ്പായിരിക്കും അല്ലേ കമാന്‍ഡര്‍ ...?"

"അതേ... ഒന്നും പറയണ്ട എന്റെ സ്നേഹിതാ..."

"അവിടെ ഓഫീസില്‍ ഞാന്‍ അല്‍പ്പം തീ കൂട്ടിയിട്ടുണ്ട്‌. ഓടിപ്പോകുകയില്ലെന്ന് വാക്ക്‌ തരാമെങ്കില്‍ അവിടെ വന്ന് ഇരിക്കാന്‍ ഞാന്‍ അനുവദിക്കാം ... ഈ അവസ്ഥയില്‍ ഓടിയാലും എങ്ങോട്ടും പോകാന്‍ സാധിക്കുകയില്ല എന്ന് താങ്കള്‍ക്കറിയാമല്ലോ..."

"താങ്ക്‌ യൂ ലാക്ലന്‍ ... ഞാന്‍ കൈയിലടിച്ച്‌ സത്യം ചെയ്യാം ... ലാക്ലന്‍ , യൂ ആര്‍ സോ കൈന്‍ഡ്‌..."

ലാക്ലന്‍ ഇരുമ്പഴിയുടെ ലോക്ക്‌ തുറന്നു. ഗെറിക്ക്‌ അവന്റെ പിന്നാലെ ഓഫീസ്‌ റൂമിലേക്ക്‌ നടന്നു. വിറക്‌ കഷണങ്ങള്‍ കനലുകളായി അടുപ്പില്‍ കിടന്ന് എരിയുന്നുണ്ടായിരുന്നു. അവന്‍ ഒരു കപ്പ്‌ ചായ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നീട്ടി. ആ നിമിഷം പെട്ടെന്ന് ഒരു കാറ്റ്‌ മേല്‍ക്കൂരയില്‍ ശക്തിയായി അടിച്ച്‌ കടന്നുപോയി. അതിന്റെ ആഘാതത്തില്‍ മേല്‍ക്കൂരയിലെ ഒന്ന് രണ്ട്‌ ഓടുകള്‍ ഇളകി വീണു.

"ഹോ ...! ദൈവം രക്ഷിക്കട്ടെ... ഈ കാറ്റ്‌ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു കമാന്‍ഡര്‍ ... മരണത്തെ മുന്നില്‍ കാണുന്നത്‌ പോലെ... ചെറുപ്പം മുതലേ ഞാന്‍ ഇങ്ങനെയാണ്‌... വല്ലവരോടും ഇത്‌ പറയാന്‍ തന്നെ ഭയമാകുന്നു..."

"നീ വല്ലാതെ ഭയന്നിരിക്കുന്നു ലാക്ലന്‍ ..." ഗെറിക്ക്‌ മന്ദഹസിച്ചുകൊണ്ട്‌ ഒരു സിഗരറ്റ്‌ അവന്റെ നേര്‍ക്ക്‌ നീട്ടി. "ഇതാ... ഇത്‌ വലിച്ച്‌ എന്റെയൊപ്പം കൂട്‌..."

* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, September 21, 2010

സ്റ്റോം വാണിംഗ്‌ - 60

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 25. അക്ഷാംശം 56.20N, രേഖാംശം 9.39W. ശരിക്കും ബുദ്ധിമുട്ടിയ ഒരു രാത്രി. 6 - 8 എന്ന നിലയിലേക്ക്‌ കാറ്റിന്റെ ശക്തി വര്‍ദ്ധിച്ചു. കനത്ത മഴയുണ്ട്‌. കടല്‍ വളരെയധികം പ്രക്ഷുബ്ധമാണ്‌. രാത്രി ഒരു മണിയോടെ ഏറ്റവും മുകളിലത്തെ പായ ചുരുക്കിക്കൊള്ളുവാന്‍ ഓര്‍ഡര്‍ കൊടുത്തു. വളരെ ബുദ്ധിമുട്ടിയിട്ടാണ്‌ പായ ചുരുക്കുവാന്‍ സാധിച്ചത്‌ തന്നെ. റിക്ടറും വിന്‍സറുമാണ്‌ ഇപ്പോള്‍ വീല്‍ നിയന്ത്രിക്കുന്നത്‌. ബാരോമീറ്റര്‍ റീഡിംഗ്‌ തുടര്‍ച്ചയായി താഴ്‌ന്നുകൊണ്ടിരിക്കുന്നു. അസാധാരണമായി എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന് ഞാന്‍ ഭയക്കുന്നു.


അദ്ധ്യായം പതിമൂന്ന്
 
ഫാഡാ ദ്വീപില്‍ അസാധരണമായ ഒരു കാലാവസ്ഥ രൂപം കൊള്ളുന്നു എന്ന് ആദ്യം മനസ്സിലാക്കിയത്‌ അഡ്‌മിറല്‍ റീവ്‌ ആയിരുന്നു. കൊടുങ്കാറ്റ്‌ എന്നും അദ്ദേഹത്തിന്‌ പരിഭ്രമവും അസ്വസ്ഥതയും സൃഷ്ടിച്ചിരുന്നു. ഉറങ്ങുവാന്‍ കഴിയാതെ പുലര്‍ച്ചെ രണ്ട്‌ മണിയോടെ അദ്ദേഹം എഴുന്നേറ്റു. ഒരു പാത്രത്തില്‍ അല്‍പ്പം കാപ്പി തിളപ്പിച്ചതിന്‌ ശേഷം എന്തെങ്കിലും വിവരം ലഭിക്കുമോ എന്ന് അറിയാന്‍ അദ്ദേഹം റേഡിയോയുടെ മുന്നില്‍ വന്ന് ഇരിപ്പുറപ്പിച്ചു.

റേഡിയോയുടെ ഡയല്‍ തിരിച്ചുകൊണ്ടിരുന്നപ്പോള്‍ പല ശബ്ദങ്ങളും കയറി വന്നുകൊണ്ടിരുന്നു. അന്തരീക്ഷത്തിലെ പ്രക്ഷുബ്‌ധാവസ്ഥ കാരണം ഒന്നും തന്നെ വ്യക്തമായി കേള്‍ക്കുവാന്‍ സാധിക്കുന്നില്ല. ചിലത്‌ വളരെ ദൂരെ നിന്നുള്ളത്‌. മറ്റ്‌ ചിലത്‌ വളരെയടുത്ത്‌ നിന്നുള്ളത്‌. എങ്കിലും എല്ലാത്തിനും ഒരു പൊതു സ്വഭാവമുണ്ടായിരുന്നു... പരിഭ്രമം ... എല്ലാവരും തങ്ങളുടെ ജീവനുവേണ്ടിയുള്ള പരക്കം പാച്ചിലിലാണ്‌.

പെട്ടെന്നാണ്‌ ഒരു പോയിന്റില്‍ വച്ച്‌ ഒരു സന്ദേശം ലഭിച്ചത്‌. ഐസ്‌ലണ്ടിന്റെ തെക്ക്‌ ഭാഗത്ത്‌ കിടക്കുന്ന റോയല്‍ നേവിയുടെ ഒരു കപ്പലില്‍ നിന്നുമായിരുന്നു അത്‌. എഴുപത്തിയഞ്ച്‌ മൈല്‍ വേഗതയില്‍ ഒരു കൊടുങ്കാറ്റ്‌ അടിച്ചുകൊണ്ടിരിക്കുന്നു. കനത്ത മഴയുമുണ്ട്‌. അത്യധികം പ്രക്ഷുബ്‌ധമായ സമുദ്രത്തിലൂടെ അവര്‍ റെയ്‌ക്ക്‌ ജാവിക്കില്‍ അടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌.

ഏതാണ്ട്‌ മൂന്ന് മണി ആയപ്പോഴാണ്‌ റേഡിയോയിലൂടെ ആ സുപ്രധാന സന്ദേശം അദ്ദേഹം ശ്രവിച്ചത്‌. സ്റ്റോണോവേയിലെ റോയല്‍ എയര്‍ഫോഴ്സിന്റെ കോസ്റ്റല്‍ കമാന്‍ഡില്‍ നിന്നുള്ളതായിരുന്നു അത്‌.

"മാലിന്‍ , ഹെബ്രിഡ്‌സ്‌ എന്നീ പ്രദേശങ്ങളില്‍ ഏത്‌ നിമിഷവും ന്യൂനമര്‍ദ്ദം പ്രതീക്ഷിക്കാം . അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വടക്ക്‌ കിഴക്ക്‌ ദിശയില്‍ വേഗതയേറിയ കൊടുങ്കാറ്റ്‌ വീശുവാന്‍ സാദ്ധ്യതയുണ്ട്‌. തയ്യാറായി ഇരുന്നുകൊള്ളുക..."

ആ സന്ദേശത്തെക്കുറിച്ച്‌ ചിന്തിച്ച്‌ റീവ്‌ ഒരു നിമിഷം ഇരുന്നു. പിന്നെ എഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ കടന്ന് കതകടച്ചു. പലപ്പോഴും അദ്ദേഹം പറയാറുണ്ട്‌, ആ മുറിയിലിരിക്കുന്ന ടെലിഫോണ്‍ അലക്സാണ്ടര്‍ ഗ്രഹാംബെല്‍ തന്നെ വന്ന് സ്ഥാപിച്ചതാണെന്ന്. അത്രയ്ക്ക്‌ പഴക്കമുണ്ടായിരുന്നു അതിന്‌. പക്ഷേ, ഈ അവസ്ഥയില്‍ അതിനെ ആശ്രയിച്ചേ മതിയാകൂ. ബോട്ട്‌ ജെട്ടിയിലുള്ള പോസ്റ്റ്‌ ഓഫീസില്‍ ഈ സമയത്ത്‌ ആരും ഉണ്ടാകില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. അത്‌ കൊണ്ട്‌ ഇപ്പോള്‍ മിസ്സിസ്‌ കാത്‌റീന മാക്‍ബ്രെയിനിനെ ഉണര്‍ത്തേണ്ടിയിരിക്കുന്നു. അദ്ദേഹം ധൃതിയില്‍ ഫോണ്‍ ഡയല്‍ ചെയ്തു.

ആദ്യം യാതൊരു പ്രതികരണവുമുണ്ടായില്ല. അദ്ദേഹം വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ അടുക്കള വാതില്‍ തുറന്ന് ജാനറ്റ്‌ പ്രവേശിച്ചത്‌. വെറുമൊരു നൈറ്റ്‌ ഗൗണ്‍ മാത്രം ധരിച്ചിരുന്ന അവളുടെ മുഖത്ത്‌ ഉറക്കക്ഷീണമുണ്ടായിരുന്നു. "എന്താണ്‌ അങ്കിള്‍ സംഭവം ...?"

അദ്ദേഹം അവളോട്‌ നിശബ്ദമായിരിക്കുവാന്‍ ആംഗ്യം കാണിച്ചു. ഫോണിലൂടെ, മിസ്സിസ്‌ മാക്‍ബ്രെയിനിന്റെ ഉറക്കച്ചടവുള്ള ശബ്ദം അദ്ദേഹത്തിന്റെ ചെവിയിലെത്തി. "ഹലോ...?"

"കാത്‌റീനയല്ലേ...? ഇത്‌ റീവ്‌ ആണ്‌. സൗത്ത്‌ ലാന്റിങ്ങില്‍ ഉള്ള മര്‍ഡോക്കിനെ ഒന്ന് കണക്റ്റ്‌ ചെയ്തു തരാമോ...? ഈ സമയത്ത്‌ ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം ... സംഗതി അര്‍ജന്റ്‌ ആയതുകൊണ്ടാണ്‌..."

പെട്ടെന്ന് തന്നെ അവര്‍ ജാഗരൂകയായി. "അഡ്‌മിറല്‍ , ബോട്ടിന്‌ കോള്‍ വന്നുവോ...?"

"ഇത്‌ വരെ വന്നിട്ടില്ല... പക്ഷെ, ഇനി അധികം താമസമില്ലെന്നാണ്‌ തോന്നുന്നത്‌... അത്രയ്ക്ക്‌ മോശമാണ്‌ കാലാവസ്ഥ..."

"ഒരു മിനിറ്റ്‌... ഞാന്‍ ഇപ്പോള്‍ തന്നെ കണക്റ്റ്‌ ചെയ്ത്‌ തരാം ..."

അദ്ദേഹം ജാനറ്റിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. ഈ പാത്രത്തില്‍ കുറച്ച്‌ കാപ്പി കൊണ്ടുവരൂ കുട്ടീ... ഇനി ഉണര്‍ന്നിരിക്കുവാനുള്ളതാണ്‌..."

അവള്‍ക്ക്‌ അപ്പോഴും സംഭവം എന്താണെന്ന് മനസ്സിലായിരുന്നില്ല. എങ്കിലും ഒന്നും ഉരിയാടാതെ അനുസരണയോടെ അവള്‍ അടുക്കളയിലേക്ക്‌ നടന്നു. എന്നിട്ട്‌ കെടാതെ കിടന്നിരുന്ന കനലുകളുടെ മുകളില്‍ വിറക്‌ കഷണങ്ങള്‍ വച്ചു.

റീവ്‌ അക്ഷമയോടെ കാത്ത്‌ നിന്നു. നിമിഷങ്ങള്‍ക്കകം കാത്‌റീന മാക്‍ബ്രെയിന്‍ വീണ്ടും ലൈനില്‍ വന്നു. "അദ്ദേഹത്തെ കിട്ടുന്നില്ല അഡ്‌മിറല്‍ ..."

"അവിടെ നിന്ന് മറുപടി ഒന്നുമില്ലേ...?"

"ഇല്ല... ലൈന്‍ കേട്‌ വന്നിരിക്കുകയാണെന്ന് തോന്നുന്നു. ഒരു പക്ഷേ, കാറ്റില്‍ മറിഞ്ഞ്‌ വീണതായിരിക്കാം ... ഞാനിനി എന്താണ്‌ ചെയ്യേണ്ടത്‌...?"

"ഹേയ്‌... നിങ്ങളിനി ഒന്നും ചെയ്യേണ്ട... ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളാം ... നമ്മുടെ ലൈഫ്‌ബോട്ട്‌ ക്രൂവിനെ സജ്ജമാക്കി നിര്‍ത്തണം ..."

"പക്ഷേ, ഇവിടെയിപ്പോള്‍ അങ്ങനെ ഒരു ക്രൂ ഇല്ലല്ലോ അഡ്‌മിറല്‍ ... വൈകുന്നേരം സൗത്ത്‌ യൂസ്റ്റ്‌ പ്രദേശത്ത്‌ മത്സ്യബന്ധനത്തിനായി അവരെല്ലാം പോയിരുന്നു. കാറ്റ്‌ അടങ്ങുന്നത്‌ വരെ അവര്‍ ഇനി ലോച്ച്‌ ബോസ്‌ഡെയിലില്‍ തങ്ങുമെന്നാണ്‌ തോന്നുന്നത്‌... ഇന്ന് ലൈഫ്‌ബോട്ടിന്‌ കോള്‍ വരികയാണെങ്കില്‍ വൃദ്ധരും കുട്ടികളുമൊഴികെ ആരും ഇവിടെ കാണുകയില്ല..."

"അത്‌ ശരിയാണ്‌ കാത്‌റീന... അതൊക്കെ എനിക്ക്‌ വിട്ട്‌ തന്നേക്കൂ... ഞാന്‍ കൈകാര്യം ചെയ്തോളാം ..." റീവ്‌ ഉത്സാഹത്തോടെ പറഞ്ഞു.

റിസീവര്‍ ക്രാഡിലില്‍ വച്ചിട്ട്‌ അദ്ദേഹം ജാനറ്റിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. "നിനക്കൊരു ജോലിയുണ്ട്‌..." അദ്ദേഹം അവളുടെ കൈ പിടിച്ച്‌ റേഡിയോയുടെ അരികില്‍ കൊണ്ട്‌ ചെന്ന് ഇരുത്തി. പിന്നെ റേഡിയോയുടെ ഡയല്‍ അഡ്‌ജസ്റ്റ്‌ ചെയ്ത്‌ ലോക്ക്‌ ചെയ്തു.

"സാധാരണ, ലോക്കല്‍ കോളുകള്‍ വരുന്നത്‌ ഈ ബാന്‍ഡിലാണ്‌... വേണമെങ്കില്‍ ഡ്രെസ്സ്‌ മാറുകയോ കാപ്പിയിടുകയോ ചെയ്തോളൂ... പക്ഷേ, എപ്പോഴും ഇവിടെ ശ്രദ്ധ വേണം ... ഫാഡായിലേക്കോ എനിക്കോ എന്തെങ്കിലും സന്ദേശങ്ങള്‍ വരികയാണെങ്കില്‍ അവ എഴുതി വയ്ക്കണം ..."

"അങ്കിള്‍ എങ്ങോട്ട്‌ പോകുകയാണ്‌...?" അവള്‍ ചോദിച്ചു.

"മര്‍ഡോക്കിനെ കാണാന്‍ ..." ബെഡ്‌റൂമില്‍ ചെന്ന് അദ്ദേഹം ധൃതിയില്‍ ഡ്രെസ്സ്‌ ചെയ്യുവാന്‍ തുടങ്ങി.


* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

റീവിന്റെ കൈയിലെ റാന്തല്‍ വിളക്ക്‌ ആ കനത്ത ഇരുട്ടില്‍ ഒരു മിന്നാമിനുങ്ങിന്റെ ഗുണമേ ചെയ്തിരുന്നുള്ളൂ. ചരല്‍ വാരിയെറിയുന്ന ശക്തിയായിരുന്നു മഴത്തുള്ളികള്‍ക്ക്‌. ശക്തിയായ കാറ്റ്‌ എതിര്‍ദിശയില്‍ ആയിരുന്നതിനാല്‍ ട്രോളിയുടെ പായ നിവര്‍ത്തുന്ന പ്രശ്നമേ ഉദിക്കുന്നില്ലായിരുന്നു.

സ്വാധീനമുള്ള ഒരു കൈ ഉപയോഗിച്ച്‌ ട്രോളി പമ്പ്‌ ചെയ്ത്‌ കൊണ്ട്‌ അദ്ദേഹം മുന്നോട്ട്‌ നീങ്ങി. അദ്ദേഹം ധരിച്ചിരുന്ന ഓയില്‍സ്കിന്‍ കോട്ടിലൂടെ വെള്ളം കുത്തിയൊലിച്ചുകൊണ്ടിരുന്നു. പകുതി ദൂരം താണ്ടിയതും ട്രോളിയില്‍ കൊളുത്തിയിരുന്ന റാന്തല്‍ വിളക്ക്‌ കാറ്റ്‌ അടിച്ച്‌ പറത്തിക്കൊണ്ട്‌ പോയി. പിന്നിടങ്ങോട്ടുള്ള യാത്ര പൂര്‍ണ്ണ അന്ധകാരത്തിലൂടെ ആയി.

ലൈഫ്‌ബോട്ട്‌ സ്റ്റേഷനിലേക്കുള്ള ഇറക്കം തന്റെ കൈയിലുള്ള ടോര്‍ച്ചിന്റെ സഹായത്തോടെ അദ്ദേഹം തരണം ചെയ്തു. പുറപ്പെടുന്നതിന്‌ മുമ്പ്‌, അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുവാനായി അദ്ദേഹം അതെടുത്ത്‌ പോക്കറ്റില്‍ ഇട്ടിരുന്നു. റോറി കുരച്ച്‌ ശബ്ദമുണ്ടാക്കിയതും കോട്ടേജിന്റെ വാതില്‍ തുറക്കപ്പെട്ടു. ഉള്ളില്‍ നിന്നും പുറത്തേക്ക്‌ പ്രവഹിച്ച വെളിച്ചത്തില്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന മര്‍ഡോക്കിനെ അദ്ദേഹം കണ്ടു. റീവിനെ സ്വീകരിക്കുവാനായി റോറി മഴയത്തേക്ക്‌ ചാടിയിറങ്ങി. അവന്റെ കഴുത്തില്‍ കൈ ചുറ്റി അദ്ദേഹം കോട്ടേജിന്‌ നേര്‍ക്ക്‌ നടന്നു.

മര്‍ഡോക്ക്‌ അദ്ദേഹത്തെ ഉള്ളിലേക്ക്‌ നയിച്ചു. "പുറത്തിറങ്ങി നടക്കാന്‍ അത്ര സുഖമുള്ള ഒരു രാത്രിയല്ലയിത്‌ അഡ്‌മിറല്‍ ..."

"കടല്‍ പ്രക്ഷുബ്ധമായിരിക്കുകയാണ്‌..." റീവ്‌ തന്റെ ഓയില്‍സ്കിന്‍ കോട്ട്‌ അഴിച്ച്‌ മാറ്റി നെരിപ്പോടിനരികില്‍ ചെന്ന് ഇരുന്നു. "താങ്കളുമയി ടെലിഫോണിലൂടെ ബന്ധപ്പെടുവാന്‍ ഞാന്‍ ശ്രമിച്ചിരുന്നു... ലൈന്‍ തകരാറിലാണെന്നാണ്‌ തോന്നുന്നത്‌..."

"ബോട്ടിന്‌ കോള്‍ വന്നുവോ...?"

"ഇല്ല... ഇനി കോള്‍ വന്നാലും താങ്കള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല... ലൈഫ്‌ബോട്ട്‌ ക്രൂ ഇപ്പോള്‍ ദ്വീപിലില്ല മര്‍ഡോക്ക്‌... ഫിഷിംഗ്‌ ബോട്ടുകള്‍ ഒന്നും തന്നെ മടങ്ങിയെത്തിയിട്ടില്ല..."

"ക്രൂ ഇല്ല എന്ന് തീര്‍ത്ത്‌ പറയാറായിട്ടില്ല..." മര്‍ഡോക്ക്‌ ശാന്തനായി പറഞ്ഞു. "ഹാമിഷ്‌ മക്‍ഡൊണാള്‍ഡ്‌, ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണ്‍ , ജെയിംസ്‌ ഡോഗള്‍ സിന്‍ക്ലെയര്‍ ... ഇവരെല്ലാം ഇവിടെത്തന്നെയുണ്ടല്ലോ..."

റീവ്‌ അദ്ദേഹത്തെ തുറിച്ച്‌ നോക്കി. "ഹാമിഷ്‌ മക്‍ഡൊണാള്‍ഡിന്‌ എഴുപത്‌ കഴിഞ്ഞിരിക്കുന്നു... സിന്‍ക്ലെയര്‍ സഹോദരന്മാര്‍ക്ക്‌ അതിലും ഏറെക്കാണും പ്രായം ... പാറ്റേഴ്‌സണെക്കുറിച്ചെനിക്കറിയില്ല..."

"ഞങ്ങള്‍ രണ്ട്‌ പേരും ഒരേ വര്‍ഷമാണ്‌ ജനിച്ചത്‌, അഡ്‌മിറല്‍ ..."

"വിഡ്ഢിത്തം പുലമ്പുന്നത്‌ നിര്‍ത്തൂ മര്‍ഡോക്ക്‌..." റീവ്‌ ദ്വേഷ്യത്തോടെ പറഞ്ഞു. "താങ്കളും അവരുമായി ഏറെ അന്തരമുണ്ട്‌... താങ്കള്‍ക്കറിയാവുന്നതല്ലേ അത്‌...?"

"നല്ല ഒരു ബോട്ടാണ്‌ മൊറാഗ്‌... അഥവാ അത്‌ മറിയുകയാണെങ്കില്‍ തന്നെ തനിയെ പൂര്‍വ്വസ്ഥിതിയിലായിക്കൊള്ളും... എന്‍ജിന്‍ റൂമില്‍ നിറയെ വെള്ളം കയറിയാലും ശരി, എന്‍ജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും ... താങ്കള്‍ക്ക്‌ മൊറാഗിനെ അറിയാമല്ലോ അഡ്‌മിറല്‍ ... പണ്ടത്തെ പോലെ പങ്കായവും , പിന്നെ, തുഴയാന്‍ ചെറുപ്പക്കാരെയും ആവശ്യമില്ല... ഹാമിഷും കൂട്ടരും ജീവിതകാലം മുഴുവന്‍ ഈ കടലില്‍ മത്സ്യബന്ധനം നടത്തിയിരുന്നവരാണ്‌... അവര്‍ക്ക്‌ കാര്യങ്ങളൊക്കെ അറിയം ... അത്രയുമേ ആവശ്യമുള്ളൂ..."

"എന്നാല്‍ ശരി... അവരെ ഒരു പരീക്ഷണത്തിന്‌ അയക്കല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കാം ..."

മര്‍ഡോക്ക്‌, അലമാരയില്‍ നിന്ന് ഒരു കുപ്പിയും രണ്ട്‌ ഗ്ലാസുകളും എടുത്തു. "ഇതാ... ഈ സാധനമില്ലേ... താങ്കളുടെ മജ്ജയില്‍ വരെ ചൂട്‌ പകരും ..."

റീവ്‌ അത്‌ ഒറ്റ വലിക്ക്‌ അകത്താക്കി. വീര്യമേറിയ ആ മദ്യം ഉള്ളില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ പോലും എരിഞ്ഞ്‌ പുകഞ്ഞു. "ഡാംന്‍ യൂ മര്‍ഡോക്ക്‌... ഹോ...! ഇത്‌ പോയ വഴി മുഴുവനും കത്തിച്ച്‌ കളഞ്ഞല്ലോ... ങ്‌ഹാ... അത്‌ പോട്ടെ... ബോട്ട്‌ ഇറക്കുവാന്‍ ചുരുങ്ങിയത്‌ എട്ട്‌ പേരെങ്കിലും വേണ്ടേ...? ഇനിയും മൂന്ന് പേരുടെ കുറവുണ്ടല്ലോ... അതിനിനി എന്ത്‌ ചെയ്യും ...?"

"ലാക്‍ളനല്ലെ ഇവിടെയുള്ളത്‌...?"

"നല്ല തമാശയായി... വെള്ളത്തിന്റെ ഓളം കാണുമ്പോഴേക്കും കുടല്‍ അടക്കം ഛര്‍ദ്ദിക്കുന്നവന്‍ ..."

പെട്ടെന്ന് അതി ശക്തമായ കാറ്റ്‌ മേല്‍ക്കൂരയില്‍ തട്ടി കടന്ന് പോയി. കെട്ടിടമൊന്നാകെ പ്രകമ്പനം കൊണ്ടു.

"എനിക്കിതിന്റെ അലര്‍ച്ച തീരെ പിടിക്കുന്നില്ല... പുറപ്പെടുന്നതിന്‌ മുമ്പ്‌ കോസ്റ്റല്‍ കമാന്‍ഡിന്റെ റേഡിയോ സന്ദേശം കേട്ടിരുന്നു... അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ നിന്ന് അതിശക്തമായ കൊടുങ്കാറ്റ്‌ ഉണ്ടാകുമെന്ന്..."

മര്‍ഡോക്ക്‌ നെറ്റി ചുളിച്ചു. "അവര്‍ക്ക്‌ തെറ്റ്‌ പറ്റിയതായിരിക്കുമെന്ന് നമുക്ക്‌ ആശിക്കാം ... അഥവാ ഇനി ശരിയാണെങ്കില്‍ ... ചെകുത്താന്‍ ഇന്ന് നമ്മളെ കടലില്‍ ഇറക്കിയത്‌ തന്നെ എന്ന് ഉറപ്പിക്കാം ..."

"താങ്കള്‍ക്കങ്ങനെ തോന്നുന്നുണ്ടോ മര്‍ഡോക്ക്‌...?"

"അതേ അഡ്‌മിറല്‍ ... ലക്ഷണം കണ്ടിട്ട്‌ അങ്ങനെ അല്ലാതിരിക്കാന്‍ വഴിയൊന്നുമില്ല..."

റീവ്‌ തന്റെ ഓയില്‍സ്കിന്‍ കോട്ട്‌ എടുത്തു. "ഞാന്‍ ഇപ്പോള്‍ പോകുകയാണ്‌... നേരം പുലര്‍ന്നാലുടന്‍ താങ്കളുടെ ലൈന്‍ എവിടെയാണ്‌ മറിഞ്ഞ്‌ കിടക്കുന്നതെന്ന് നമുക്ക്‌ നോക്കണം ..."

"എന്നെ അതിന്‌ മുമ്പ്‌ ആവശ്യം വന്നെങ്കിലോ...?" മര്‍ഡോക്ക്‌ കതകിന്‌ പിന്നില്‍ കൊളുത്തിയിട്ടിരുന്ന തന്റെ മഞ്ഞ ഓയില്‍സ്കിന്‍ കോട്ട്‌ എടുത്തു. "ഞാനും വരുന്നു താങ്കളുടെ കൂടെ... പുറമേ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന് നേരില്‍ കാണുകയും ചെയ്യാമല്ലോ..."


(തുടരും)