പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, October 27, 2010

സ്റ്റോം വാണിംഗ്‌ - 66

ഡോയ്‌ഷ്‌ലാന്‍ഡിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്..

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌. 1944 സെപ്റ്റംബര്‍ 25. അതിവേഗതയുള്ള കൊടുങ്കാറ്റ്‌ അടിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ അവസ്ഥയില്‍ കപ്പല്‍ ഏത്‌ നിമിഷവും മുങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നിയതിനാല്‍ രാവിലെ എട്ട്‌ മണിയോടെ SOS സന്ദേശം അയച്ചു. ബാറ്ററിയില്‍ ഉപ്പുവെള്ളം കയറിയതിനാല്‍ ഞങ്ങളുടെ സന്ദേശം ആര്‍ക്കെങ്കിലും വ്യക്തമായി കേള്‍ക്കുവാന്‍ സാധിക്കുമോ എന്ന് എനിക്ക്‌ സംശയം ഇല്ലാതിരുന്നില്ല. ഏതായാലും അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ *ലുഫ്‌ത്‌വെയ്‌ഫിലെ (*ലുഫ്‌ത്‌വെയ്‌ഫ്‌ - ജര്‍മ്മന്‍ എയര്‍ഫോഴ്‌സ്‌) ഞങ്ങളുടെ സ്നേഹിതന്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഞങ്ങളെ രണ്ടുപേരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സമീപത്തുള്ള ഫാഡാ ദ്വീപില്‍ നിന്ന് മൂന്നാമതൊരാള്‍ സംഭാഷണത്തിനിടയില്‍ കയറി വന്നു.

അദ്ധ്യായം പതിനാല്‌


"ഡോയ്‌ഷ്‌ലാന്‍ഡ്‌ കോളിംഗ്‌... താങ്കള്‍ ഇപ്പോഴും ഞങ്ങളുടെ കൂടെ തന്നെയില്ലേ നെക്കര്‍ ...? മേഘങ്ങളുടെ മറവു മൂലം നിങ്ങളെ കാണാന്‍ സാധിക്കുന്നില്ല..."

"എനിക്ക്‌ ഇപ്പോഴും നിങ്ങളെ കാണാന്‍ കഴിയുന്നുണ്ട്‌..." നെക്കര്‍ പറഞ്ഞു. "വിഷമിക്കാതിരിക്കൂ... ഞങ്ങള്‍ കുറച്ചു കൂടി അടുത്തേക്ക്‌ വരാന്‍ നോക്കാം ..."

ഈ സംഭാഷണം റേഡിയോയില്‍ ഇരമ്പലിനിടയില്‍ക്കൂടി വളരെ അകലെ നിന്ന് എന്ന പോലെ കേട്ടു. റേഡിയോയുടെ മുന്നില്‍ ഇരിക്കുന്ന ഗെറിക്ക്‌ സാവധാനം വിളിച്ചു. "ഡോയ്‌ഷ്‌ലാന്‍ഡ്‌....?"

"അതെ, അദ്ദേഹത്തോട്‌ സംസാരിക്കൂ... എന്നിട്ട്‌ എന്താണവിടെ സംഭവിക്കുന്നതെന്ന് ചോദിച്ചു മനസ്സിലാക്കൂ..." റീവ്‌ ഗെറിക്കിനോട്‌ പറഞ്ഞു.

"വെരി വെല്‍ .." ഗെറിക്ക്‌ മൈക്രോഫോണിനരികില്‍ ചെന്നിരുന്ന് ജര്‍മ്മന്‍ ഭാഷയില്‍ വിളിക്കുവാനാരംഭിച്ചു.

"ഡോയ്‌ഷ്‌ലാന്‍ഡ്‌... ഫാഡായില്‍ നിന്നാണ്‌ വിളിക്കുന്നത്‌... ദയവ്‌ ചെയ്ത്‌ മറുപടി പറയൂ..."

ഒരു നിമിഷനേരത്തേക്ക്‌ റേഡിയോയില്‍ നിശബ്ദത പരന്നു. പിന്നെ വളരെ പതിഞ്ഞ സ്വരത്തില്‍ ബെര്‍ഗറുടെ ശബ്ദം കേള്‍ക്കാറായി.

"നെക്കര്‍ ... അതാരാണ്‌...?"

"എനിക്കറിയില്ല ബെര്‍ഗര്‍ ..."

"ഡോയ്‌ഷ്‌ലാന്‍ഡ്‌... ഫാഡാ കോളിംഗ്‌... പ്ലീസ്‌... നിങ്ങളുടെ ഇപ്പോഴത്തെ പൊസിഷനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയിക്കൂ... ഞങ്ങള്‍ക്ക്‌ ചിലപ്പോള്‍ സഹായിക്കാന്‍ സാധിച്ചേക്കും ..." ഗെറിക്ക്‌ ജര്‍മ്മന്‍ ഭാഷയില്‍ തന്നെ പറഞ്ഞു.

വീണ്ടും നിശബ്ദത മാത്രം. പിന്നെ നെക്കറുടെ സ്വരം കേട്ടു. "....... ഒരു പിടിയും കിട്ടുന്നില്ല... താങ്കള്‍ തന്നെ മറുപടി പറഞ്ഞേക്കൂ... എന്താണുണ്ടാകുന്നതെന്ന് കാണാമല്ലോ..."

ഒരിക്കല്‍ കൂടി നിശബ്ദത. വളരെയകലെയെവിടെയോ പല സ്ഥലങ്ങളില്‍ നിന്നുമായി കൂടിക്കലര്‍ന്ന് വരുന്ന സന്ദേശങ്ങള്‍ അവ്യക്തമായി കേള്‍ക്കാമായിരുന്നു.

"എന്താണവിടെ സംഭവിക്കുന്നത്‌ കമാന്‍ഡര്‍ ...?" ജാഗോ അക്ഷമനായി ചോദിച്ചു.

"ആ സംഭാഷണത്തിന്റെ ഒരു വശം മാത്രമേ നമുക്കിപ്പോള്‍ ലഭിക്കുന്നുള്ളൂ... നെക്കര്‍ എന്ന ആളുടെ... അദ്ദേഹം ആരാണെന്നറിയില്ല... ഇനി ഡോയ്‌ഷ്‌ലാന്‍ഡിന്റെ കാര്യം ... ഒന്നുകില്‍ അത്‌ മുങ്ങിയിരിക്കാം ... അല്ലെങ്കില്‍ റേഡിയോ ബന്ധം നിലച്ചു പോയതായിരിക്കാം ..." ഗെറിക്ക്‌ പറഞ്ഞു.

"ഇനി ഒറ്റ മാര്‍ഗമേയുള്ളൂ..." റീവ്‌ പറഞ്ഞു. "നെക്കറോട്‌ സംസാരിക്കൂ..."

"ഓള്‍ റൈറ്റ്‌..." ഗെറിക്ക്‌ വീണ്ടും ശ്രമിച്ചു. "ഫാഡാ കോളിംഗ്‌ നെക്കര്‍ ... കം ഇന്‍ പ്ലീസ്‌... ഫാഡാ കോളിംഗ്‌ നെക്കര്‍ ... കം ഇന്‍ പ്ലീസ്‌... ഡോയ്‌ഷ്‌ലാന്‍ഡുമായി എനിക്ക്‌ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല... അതുകൊണ്ടാണ്‌ താങ്കളെ വിളിക്കുന്നത്‌... ഇറ്റ്‌ ഈസ്‌ വെരി അര്‍ജന്റ്‌..."

വീണ്ടും നിശബ്ദത മാത്രം .

"താങ്കള്‍ പറയുന്നത്‌ അദ്ദേഹം വിശ്വസിക്കുന്നില്ല കമാന്‍ഡര്‍ ..." ജീന്‍ സിന്‍ക്ലെയര്‍ മൃദുസരത്തില്‍ പറഞ്ഞു.

ഗെറിക്ക്‌ വീണ്ടും വിളിച്ചു. "നെക്കര്‍ ... ദിസ്‌ ഈസ്‌ കോര്‍വെറ്റന്‍ കപ്പിറ്റാന്‍ പോള്‍ ഗെറിക്ക്‌ ഓഫ്‌ ദി ക്രീഗ്‌സ്‌മറീന്‍ കോളിംഗ്‌ ഫ്രം ഫാഡാ... മറുപടി പറയാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്‌..."

റേഡിയോയുടെ ഇരമ്പല്‍ ശബ്ദം പെട്ടെന്ന് കൂടി. പിന്നെ നെക്കറുടെ അത്ഭുതം നിറഞ്ഞ സ്വരം കേട്ടു.

"പോള്‍ ഗെറിക്ക്‌... ?!! ... ആ U235 സബ്‌മറീനിലെ വീരനായകന്‍ ... ?"

"അതേ..."

"പക്ഷേ, ഇവിടെ...? ഇതെങ്ങനെ സംഭവിച്ചു...?

"ഞാനിവിടെ യുദ്ധത്തടവുകാരനാണ്‌... എന്റെ മേല്‍നോട്ടമുള്ളവര്‍ താങ്കളോട്‌ സംസാരിക്കുവാന്‍ ആവശ്യപ്പെട്ടു... കാരണം അവര്‍ക്ക്‌ ജര്‍മ്മന്‍ ഭാഷ അറിയില്ല... ആട്ടെ, താങ്കള്‍ ആരാണ്‌...?"

"ഹോപ്റ്റ്‌മാന്‍ ഹോസ്റ്റ്‌ നെക്കര്‍ ... ട്രോണ്‍ദേമിലെ KG40യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ശത്രുക്കപ്പലുകളെ നിരീക്ഷിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌. ഇപ്പോള്‍ ജങ്കേഴ്‌സ്‌-88ല്‍ ഡോയ്‌ഷ്‌ലാന്‍ഡിന്‌ മുകളിലൂടെ വട്ടം ചുറ്റി പറന്നുകൊണ്ടിരിക്കുന്നു..."

"എനിക്ക്‌ അവരില്‍ നിന്ന് യാതൊരു മറുപടിയും ലഭിക്കുന്നില്ല... എന്താണ്‌ കുഴപ്പം ...? ഗെറിക്ക്‌ ചോദിച്ചു.

"അവരുടെ സിഗ്നല്‍ വീക്ക്‌ ആയിരിക്കുന്നു. ബാറ്ററികളില്‍ കടല്‍ വെള്ളം കയറിയിരിക്കുകയാണ്‌..."

"താങ്കള്‍ക്ക്‌ ഇപ്പോഴും അവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കുന്നുണ്ടോ...?"

"ഉണ്ട്‌... വളരെ അടുത്ത്‌ കൂടി പറക്കുമ്പോള്‍ ..."

പെട്ടെന്ന് അഡ്‌മിറല്‍ റീവ്‌ അക്ഷമനായി. "ഗെറിക്ക്‌, എന്താണവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌...?" അദ്ദേഹം ചോദിച്ചു.

ഗെറിക്ക്‌ കാര്യങ്ങളെല്ലാം അദ്ദേഹത്തെ പറഞ്ഞ്‌ മനസ്സിലാക്കി.

റീവ്‌ മര്‍ഡോക്കിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. "അവിടെയെത്താന്‍ സാധിക്കുമെന്ന് താങ്കള്‍ക്കുറപ്പുണ്ടോ...?"

"ഞങ്ങള്‍ ശ്രമിച്ചു നോക്കാം ..." മര്‍ഡോക്ക്‌ പറഞ്ഞു. "ആ വിമാനം അവിടെ തന്നെ വട്ടമിട്ട്‌ പറക്കുകയാണെങ്കില്‍ ഒരു അടയാളം എന്ന നിലയ്ക്ക്‌ നമുക്ക്‌ സഹായകരമാകുമായിരുന്നു. സമുദ്ര നിരപ്പില്‍ ദൂരക്കാഴ്ച ഇപ്പോള്‍ വളരെ മോശമായിരിക്കും ..."

"അങ്ങനെ ആവശ്യപ്പെടുന്നത്‌ കുറച്ച്‌ കഷ്ടം തന്നെയാണ്‌..." ജാഗോ പറഞ്ഞു. "ഈ അവസ്ഥയില്‍ ആ വിമാനത്തിന്‌ അവിടെ റൗണ്ട്‌ ചെയ്തുകൊണ്ടിരിക്കുവാന്‍ അത്ര എളുപ്പമല്ല..."

ഗെറിക്ക്‌ വീണ്ടും മൈക്രോഫോണിലേക്ക്‌ തിരിഞ്ഞു. "ഗെറിക്ക്‌ കോളിംഗ്‌ നെക്കര്‍ ... ഉടന്‍ പുറപ്പെടാന്‍ തയ്യാറായി ഒരു ലൈഫ്‌ബോട്ട്‌ ഇവിടെ കിടക്കുന്നുണ്ട്‌... ഒരു അടയാളമായി താങ്കള്‍ അവിടെ റൗണ്ട്‌ ചെയ്യുകയാണെങ്കില്‍ വളരെ ഉപകാരമാകുമായിരുന്നു..."

"ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭീകരമായ അന്തരീക്ഷമാണിപ്പോള്‍ ഇവിടെ... എന്നിട്ടും ആ കപ്പല്‍ ഇത്രയും നേരം പിടിച്ചു നിന്നു. എന്തായാലും നമ്മളെക്കൊണ്ടാവുന്നത്‌ നമുക്ക്‌ ചെയ്യാം ... അവരുടെ ഇപ്പോഴത്തെ പൊസിഷന്‍ ഇതാ, ഇതാണ്‌..." നെക്കര്‍ ആവശ്യമുള്ള വസ്തുതകളെല്ലാം സാവധാനത്തില്‍ വ്യക്തമായി പറഞ്ഞു കൊടുത്തു. "ഈ ലൈഫ്‌ബോട്ട്‌ ഇവിടെയെത്താന്‍ എന്ത്‌ സമയമെടുക്കും ...?"

വിശദ വിവരങ്ങള്‍ എഴുതിയ കടലാസ്‌ ഗെറിക്ക്‌ മര്‍ഡോക്കിന്‌ നേരെ നീട്ടി. ആ വൃദ്ധന്‍ തല കുലുക്കി. "ഏതാണ്ട്‌ ഒരു മണിക്കൂര്‍ ... ഞാനിപ്പോള്‍ തന്നെ പുറപ്പെടുകയാണ്‌..."

"ഞാനും വരുന്നു താങ്കളുടെ കൂടെ..." റീവ്‌ തന്റെ ഓയില്‍സ്കിന്‍ കോട്ട്‌ എടുത്തു.

മര്‍ഡോക്ക്‌ തലയാട്ടി. "അഡ്‌മിറല്‍ ,... താങ്കള്‍ക്ക്‌ എല്ലാം നോക്കിക്കൊണ്ട്‌ നില്‍ക്കാം ... അതില്‍ കൂടുതല്‍ ഒന്നും പാടില്ല... എന്റെ ക്രൂവില്‍ അംഗസംഖ്യ തികഞ്ഞിട്ടുണ്ട്‌..."

"ഇതാ, ഇങ്ങോട്ട്‌ നോക്കൂ..." റീവ്‌ പെട്ടെന്ന് ക്ഷുഭിതനായി.

"ക്യാരി റീവ്‌... ഫാഡാ ലൈഫ്‌ബോട്ടിന്റെ സ്രാങ്ക്‌ ഞാനാണ്‌..." ആ വൃദ്ധന്‍ പറഞ്ഞു. "ഇന്ന് ഒന്നുകില്‍ ജീവിതം ... അല്ലെങ്കില്‍ മരണം ... എല്ലാം എന്റെ തീരുമാനം അനുസരിച്ചായിരിക്കും ... ഞങ്ങള്‍ കടലില്‍ ഇറങ്ങുന്നത്‌ താങ്കള്‍ സസന്തോഷം നോക്കി നില്‍ക്കും ... അതിനപ്പുറം ഒന്നും പാടില്ല..."

റീവ്‌ ഗെറിക്കിന്റെ നേര്‍ക്ക്‌ തിരിഞ്ഞു. "റേഡിയോയുടെ അടുത്ത്‌ തന്നെ ഇരുന്നോളൂ... ബോട്ട്‌ കടലില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഞാനിവിടെയെത്താം ..."

"വെരി വെല്‍ ..." ഗെറിക്ക്‌ പറഞ്ഞു.

ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിലേക്ക്‌ മര്‍ഡോക്ക്‌ ചാടിയിറങ്ങി. തൊട്ടു പിറകേ റീവും ജാഗോയും .

* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Thursday, October 21, 2010

സ്റ്റോം വാണിംഗ്‌ - 65

ഡോയ്‌ഷ്‌ലാന്റില്‍ സ്ഥിതിഗതികള്‍ അടിക്കടി വഷളായിക്കൊണ്ടിരുന്നു. രാവിലെ ഏഴേകാല്‍ ആയപ്പോഴേക്കും താഴത്തെ പായ കൂടി താങ്ങാനുള്ള ശേഷി കപ്പലിനില്ലെന്ന് അവര്‍ മനസ്സിലാക്കി. ബെര്‍ഗര്‍ ഉടന്‍ തന്നെ സ്റ്റേമിന്‌ അത്യാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

ആ പായ ചുരുക്കുവാന്‍ വളരെയധികം വിഷമിക്കേണ്ടി വന്നു അവര്‍ക്ക്‌. ഡെക്കില്‍ നിന്ന് വളരെയൊന്നും ഉയരത്തിലായിരുന്നില്ലെങ്കിലും അതിശക്തിയായി ചീറിയടിക്കുന്ന കാറ്റിനെ നേരിടുക എളുപ്പമായിരുന്നില്ല. കയറുകളും പായയും മറ്റും മഴവെള്ളത്തില്‍ കുതിര്‍ന്നും ഇഴകള്‍ പൊട്ടിയും ദയനീയസ്ഥിതിയിലായിരുന്നു. ഓരോ തവണ കാറ്റടിക്കുമ്പോഴും ഒരു കത്തി കൊണ്ടെന്ന പോലെ അവയില്‍ പലതും മുറിഞ്ഞും പൊട്ടിയും പൊയ്ക്കൊണ്ടിരുന്നു.

കഠിനാദ്ധ്വാനത്തിനൊടുവില്‍ ആ പായയും ചുരുക്കിക്കെട്ടി. പിന്നെ അവര്‍ ക്ഷീണിതരായി ഡെക്കിലേക്കിറങ്ങി. കാറ്റ്‌ പിടിക്കാത്ത ഒരു വസ്തു പോലും കപ്പലില്‍ ഉണ്ടായിരുന്നില്ല. ഒന്നിന്‌ പിറകെ ഒന്നായി ഉയരുന്ന തിരമാലകളുടെ മുകളിലൂടെ കപ്പല്‍ ലക്ഷ്യമില്ലാതെ കയറിയിറങ്ങിക്കൊണ്ടിരുന്നു. തലയ്ക്ക്‌ മുകളിലൂടെ അതിവേഗം പോകുന്ന ഭീമാകാരങ്ങളായ മേഘപാളികള്‍ പാമരത്തിന്റെ അറ്റത്ത്‌ തട്ടുന്നുവോ എന്ന് തോന്നുമായിരുന്നു. മിന്നല്‍പ്പിണരുകള്‍ തങ്ങളുടെ ചുമതല നിര്‍ബാധം തുടരുകയാണ്‌. അകമ്പടിയായി തോരാത്ത മഴയും .

വേറെ നാല്‌ പേര്‍ അവിരാമം പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം വീക്ഷിച്ച്‌ ക്വാര്‍ട്ടര്‍ ഡെക്കില്‍ നില്‍ക്കുകയായിരുന്ന ബെര്‍ഗര്‍ക്ക്‌ തന്റെ ശക്തിയെല്ലാം വാര്‍ന്നുപോകുന്നത്‌ പോലെ തോന്നി. ക്ഷോഭിച്ചിരിക്കുന്ന കരകാണാക്കടലില്‍ ഒറ്റപ്പെട്ടുപോയ നിസ്സഹായത. ഇതുവരെയുണ്ടായിരുന്ന ശുഭാപ്തി വിശ്വാസം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. എന്ത്‌ നേടാമെന്നുള്ള പ്രതീക്ഷയാണ്‌ ഇനി അവശേഷിച്ചിരിക്കുന്നത്‌...?

അദ്ദേഹം വീലിനടുത്തേക്ക്‌ കണ്ണോടിച്ചു. സ്റ്റേമും കൂട്ടരും അപ്പോഴും കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌. പെട്ടെന്ന് കപ്പലിന്റെ പിന്‍ഭാഗത്ത്‌ ഭീമാകാരമായ ഒരു തിര ഉയരുന്നത്‌ കണ്ട്‌ സ്റ്റേം വായ്‌ തുറന്ന് അലറുവാന്‍ ശ്രമിച്ചു. പക്ഷേ, ശബ്ദം പുറത്തേക്ക്‌ വരുന്നുണ്ടായിരുന്നില്ല.

ഡോയ്‌ഷ്‌ലാന്‍ഡ്‌ നടുക്കത്തോടെ ഒരു വശത്തേക്ക്‌ ചരിഞ്ഞു. ബെര്‍ഗര്‍ മലര്‍ന്നടിച്ച്‌ വീണുപോയി. പെട്ടെന്ന് തന്നെ അദ്ദേഹം തന്റെ ജീവനുവേണ്ടി അഴികളില്‍ മുറുകെപ്പിടിച്ചു. ടണ്‍ കണക്കിന്‌ വെള്ളം ഡെക്കിന്‌ മുകളിലൂടെ ഒലിച്ചുപോയി. വീലിനരികില്‍ അപ്പോള്‍ വിന്‍സറുടെയും ക്ലൂത്തിന്റെയും അടയാളം പോലും കാണുവാനുണ്ടായിരുന്നില്ല. സ്റ്റേം മാത്രം അപ്പോഴും വീലില്‍ അള്ളിപ്പിടിച്ച്‌ കിടക്കുന്നുണ്ടായിരുന്നു.

ബെര്‍ഗര്‍ ക്വാര്‍ട്ടര്‍ ഡെക്കിന്‌ സമീപത്തുകൂടി വേച്ച്‌ വേച്ച്‌ നടന്ന് സ്റ്റേമിനടുത്തെത്തി. ഡോയ്‌ഷ്‌ലാന്‍ഡ്‌ അപ്പോഴും ചരിഞ്ഞ്‌ കിടക്കുകയായിരുന്നു. അദ്ദേഹം സ്വയം ശപിച്ചുകൊണ്ട്‌ വീലിന്റെ നിയന്ത്രണം ഏറ്റെടുത്തു. വളരെ സാവധാനം കപ്പല്‍ നിവരുവാന്‍ തുടങ്ങി. പക്ഷേ, ആ തിരമാല കപ്പലിനേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ഒരു വശത്തുണ്ടായിരുന്ന ചെറിയ പാമരവും കയറുകളും അപ്രത്യക്ഷമായിരുന്നു. ലൈഫ്‌ബോട്ടുകള്‍ സൂക്ഷിച്ചിരുന്ന ക്യാബിനടക്കം ഒലിച്ചു പോയിരിക്കുന്നു.

റിക്ടര്‍ കോണി വഴി മുകളിലെത്തി. ബെര്‍ഗര്‍ പെട്ടെന്ന് അദ്ദേഹത്തോട്‌ വിളിച്ചു പറഞ്ഞു. "വീലിനടുത്തേക്ക്‌ രണ്ട്‌ പേരെക്കൂടി അയക്കൂ റിക്ടര്‍ ... പിന്നെ കഴിയുന്നതും വേഗത്തില്‍ ഒരു ഡാമേജ്‌ റിപ്പോര്‍ട്ട്‌ ഉണ്ടാക്കൂ..."

റിക്ടര്‍ താഴേക്കിറങ്ങി. അല്‍പ്പ സമയത്തിനുള്ളില്‍ ഹോള്‍സറും എന്‍ഡ്രാസും വീലിനടുത്തേക്ക്‌ വന്നു.

"മി.സ്റ്റേം ... ഇനി വീലിന്റെ ചുമതല നിങ്ങള്‍ക്കാണ്‌... ഞാന്‍ താഴത്തെ അവസ്ഥയെന്താണെന്ന് നോക്കിയിട്ട്‌ വരാം ..." ബെര്‍ഗര്‍ പറഞ്ഞു.

ബെര്‍ഗര്‍ ക്യാബിന്റെ വാതിലിനടുത്തെത്തിയപ്പോള്‍ റിക്ടര്‍ തിരികെ വരുന്നുണ്ടായിരുന്നു.

"സിസ്റ്റര്‍മാരെല്ലാം സുരക്ഷിതരല്ലേ...?" ബെര്‍ഗര്‍ ചോദിച്ചു.

റിക്ടര്‍ തലകുലുക്കി. "ആ ആഘാതത്തില്‍ എല്ലാവരും ഭയന്നിരിക്കുകയാണ്‌. പിന്നെ മറ്റൊരു പ്രശ്നം കൂടിയുണ്ട്‌ ക്യാപ്റ്റന്‍ ... അടിത്തട്ടിലെ വെള്ളം ഇരുപത്‌ ഇഞ്ച്‌ ആയിരിക്കുന്നു. മാത്രമല്ല, അത്‌ ഉയര്‍ന്നുകൊണ്ടിരിക്കുകയുമാണ്‌..."

ബെര്‍ഗര്‍ തിരിഞ്ഞ്‌, കപ്പലിനെ ആകപ്പാടെയൊന്നു വീക്ഷിച്ചു. പായ്‌ക്കയറുകളെല്ലാം ശക്തിയായ കാറ്റില്‍ നൃത്തമാടുന്നു. ഒരു വശത്തുള്ള പായ കീറിപ്പോയിരിക്കുന്നു. അതിന്റെ പകുതി, പാമരത്തിന്റെ ഇരുവശങ്ങളിലുമായി കീറിപ്പറിഞ്ഞ ഒരു പതാക പോലെ അപ്പോഴും ചിറകടിച്ചുകൊണ്ടിരുന്നു. ഡെക്കില്‍ അവിടവിടെയായി പലകകളും മരക്കഷണങ്ങളും മറ്റും ഇളകി പുറത്തേക്ക്‌ തള്ളി നില്‍ക്കുന്നു. ചിലയിടങ്ങളില്‍ അവ പൂര്‍ണ്ണമായും തകര്‍ന്നു എന്ന് തന്നെ പറയാം.

വളരെ പ്രയാസപ്പെട്ട്‌ കപ്പല്‍ മറ്റൊരു തിരയുടെ പുറത്തേക്ക്‌ കയറി. അപ്പോഴാണ്‌ കപ്പലിന്റെ ഒരു വശത്ത്‌ ശക്തിയായ കാറ്റ്‌ വന്നടിച്ചത്‌. തല്‍ഫലമായി കപ്പല്‍ ഒന്നാകെ കുലുങ്ങിപ്പോയി.

ബെര്‍ഗര്‍ എന്താണ്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നതെന്ന് റിക്ടറിന്‌ മനസ്സിലായി. പരാജയത്തിന്റെ ഗന്ധം അറിയുവാന്‍ കഴിയുന്നു.

"അത്ര നല്ല ലക്ഷണമല്ല അല്ലേ ഹെല്‍മട്ട്‌...? എല്ലാം അവസാനിച്ചു എന്ന് തോന്നുന്നു..." ക്യാപ്റ്റന്‍ ബെര്‍ഗര്‍ റിക്ടറുടെ നേര്‍ക്ക്‌ ദയനീയമായി നോക്കിയിട്ട്‌ പറഞ്ഞു.

"എനിക്കും അത്‌ തന്നെ തോന്നുന്നു ക്യാപ്റ്റന്‍ ..." റിക്ടറും തളര്‍ന്നിരുന്നു.

ബെര്‍ഗര്‍ തലയാട്ടി. "സ്റ്റേമിന്റെയടുത്ത്‌ ചെന്ന് വീലിന്റെ നിയന്ത്രണം ഏറ്റെടുക്കൂ... എന്നിട്ട്‌ അവനോട്‌ വേഗം പോയി നമ്മുടെ റേഡിയോ എന്റെ ക്യാബിനിലേക്ക്‌ കൊണ്ടുവരാന്‍ പറയൂ..."


* * * * * * * * * * * * * * * * * * * * * * * * * * * * * *

കൃത്യം അഞ്ച്‌ മണിക്ക്‌ തന്നെ നെക്കര്‍ ട്രോണ്‍ദേമില്‍ നിന്ന് പുറപ്പെട്ടിരുന്നു. മുപ്പത്തിയയ്യായിരം അടി ഉയരത്തില്‍ സ്കോട്ട്‌ലണ്ടിന്‌ മുകളിലൂടെ പറന്നുകൊണ്ടിരിക്കുകയാണദ്ദേഹം. താഴെ നടക്കുന്ന സംഹാരതാണ്ഡവത്തിന്റെ യാതൊരു ലക്ഷണവും അവിടെ കാണാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച്‌ എടുത്തുപറയത്തക്കതായി ഒരു സംഭവവും ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാല്‍ തന്റെ ലക്ഷ്യസ്ഥാനത്തിന്‌ മുകളിലെത്തിയപ്പോള്‍ തികച്ചും വിഭിന്നമായ കാഴ്ചയാണ്‌ അദ്ദേഹം കണ്ടത്‌. താഴെ കനത്ത അന്ധകാരത്തിലൂടെ കുങ്കുമ വര്‍ണ്ണത്തിലുള്ള മേഘങ്ങള്‍ വളഞ്ഞുപുളഞ്ഞ്‌ ധൂമവലയങ്ങള്‍ പോലെ സഞ്ചരിക്കുന്നു.

"ഇന്ന് താഴെ ഒരു നരകം തന്നെയായിരിക്കും ..."ഷ്‌മിഡ്‌ട്‌ പറഞ്ഞു. "എന്റെ ഇംഗ്ലീഷ്‌ മോശമാണെങ്കിലും ഒരു SOS മെസ്സേജ്‌ കേട്ടാലൊക്കെ മനസ്സിലാകും. ഞാന്‍ കണക്ട്‌ ചെയ്തുതരാം സര്‍ ..."

അപ്പോഴാണ്‌ ഒരു വെതര്‍ റിപ്പോര്‍ട്ട്‌ ഇടയില്‍ കയറി വന്നത്‌.

"മാലിന്‍ , ഹെബ്രിഡ്‌സ്‌ എന്നീ പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത നൂറ്റിമുപ്പത്‌ മൈല്‍ കടന്നിരിക്കുന്നു. ബാരോമീറ്റര്‍ റീഡിംഗ്‌: ഒമ്പത്‌, ഏഴ്‌, പൂജ്യം ... പിന്നെയും താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌..."

"ഒരു കാര്യം എനിക്കറിയാം ഹേര്‍ ഹോപ്റ്റ്‌മാന്‍ ... ഹാലിഫാക്സ്‌ കോണ്‍വോയ്‌ ഇപ്പോള്‍ ഒരു കോണ്‍വോയിയേ ആയിരിക്കില്ല. നനാദിശയിലും ചിന്നിച്ചിതറിയിട്ടുണ്ടാകും ..." ഷ്‌മിഡ്‌ട്‌ പറഞ്ഞു.

പക്ഷേ, താഴെ ഇരുണ്ട മേഘപാളികളിലേക്ക്‌ ഉറ്റുനോക്കിക്കൊണ്ടിരുന്ന നെക്കര്‍ ചിന്തിച്ചത്‌ ഡോയ്‌ഷ്‌ലാന്‍ഡിനെക്കുറിച്ചായിരുന്നു. അദ്ദേഹം റൂഡിയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "ഇന്നലെ നാം ഡോയ്‌ഷ്‌ലാന്റിനെ കണ്ടുമുട്ടിയ പൊസിഷന്‍ നിങ്ങള്‍ക്കറിയാമല്ലോ... അവരുടെ വേഗത മണിക്കൂറില്‍ ശരാശരി പത്ത്‌ മൈല്‍ ആയി നമുക്ക്‌ കണക്കാക്കാം ... വടക്ക്‌ കിഴക്ക്‌ ദിശയില്‍ ... അങ്ങനെയെങ്കില്‍ അവര്‍ ഇപ്പോള്‍ എവിടെയായിരിക്കുമെന്ന് ഒന്ന് കണക്ക്‌ കൂട്ടി നോക്കൂ..."

"പക്ഷേ, ഹേര്‍ ഹോപ്റ്റ്‌മാന്‍ ... നമുക്ക്‌ കിട്ടിയ ഓര്‍ഡര്‍ ..." റൂഡി എതിര്‍ത്തു.

"ഷട്ടപ്പ്‌... പറഞ്ഞത്‌ പോലെ ചെയ്താല്‍ മതി..." നെക്കര്‍ കടുത്ത സ്വരത്തില്‍ പറഞ്ഞു.

റൂഡി തല താഴ്ത്തിയിരുന്ന് കുത്തിക്കുറിക്കുവാന്‍ തുടങ്ങി. വെറും രണ്ടേ രണ്ട്‌ മിനിറ്റിനകം അവന്‍ മാപ്പ്‌ നെക്കറുടെ നേര്‍ക്ക്‌ നീട്ടി. ഉടന്‍ തന്നെ നെക്കര്‍ വിമാനത്തിന്റെ ദിശ മാറ്റി. എന്നിട്ട്‌ ഇന്റര്‍കോമിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്തു.

"ലിസണ്‍ റ്റു മീ... ഏത്‌ തരം കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ലോകത്തിലെ ഏക വിമാനമാണിതെന്നാണ്‌ അവര്‍ അവകാശപ്പെടുന്നത്‌. കൊടുങ്കാറ്റിനിടയില്‍ പോലും ഇത്‌ സുരക്ഷിതമായി പറത്താനാവുമെന്ന് അവര്‍ പറയുന്നു. അത്‌ ശരിയാണോ എന്ന് നമുക്കൊന്ന് നോക്കാം . ഞാന്‍ താഴേക്ക്‌, ആ പ്രക്ഷുബ്ദ്ധാവസ്ഥയിലേക്ക്‌ പോകുകയാണ്‌... ഡോയ്‌ഷ്‌ലാന്റിന്റെ അവസ്ഥ എന്താണെന്നറിയാന്‍ ... ഇറ്റ്‌ ഈസ്‌ മൈ ഡിസിഷന്‍ ..."

അദ്ദേഹം ഹാന്‍ഡില്‍ മുന്നോട്ട്‌ തള്ളി. ജങ്കേഴ്‌സിന്റെ മുന്‍ ഭാഗം താഴോട്ട്‌ ചരിഞ്ഞു. പിന്നെ പതുക്കെ താഴുവാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അവര്‍ മേഘപാളികളാല്‍ വലയം ചെയ്യപ്പെട്ടു. വളരെ ശക്തിയായ മഴ പെയ്യുന്നുണ്ടായിരുന്നു. മിന്നല്‍പ്പിണരുകള്‍ അവര്‍ക്ക്‌ ചുറ്റും പുളഞ്ഞ്‌ കളിച്ചു.

സാമാന്യം വേഗതയില്‍ തന്നെ വിമാനം താഴ്‌ന്നുകൊണ്ടിരുന്നു. വേഗതയേറിയ കാറ്റിന്റെ ശക്തിയില്‍ പെട്ട്‌ വിമാനം ഇരുവശങ്ങളിലേക്കും ഉലയുകയും തെന്നിപ്പോകുകയും ചെയ്യുന്നുണ്ടായിരുന്നു. നെക്കര്‍ തന്റെ സകല ശക്തിയുമെടുത്ത്‌ ഹാന്‍ഡിലില്‍ മുറുകെ പിടിച്ച്‌ ഇരുന്നു. ഒരു തവണ അവര്‍ ഇടത്‌ വശത്തേക്ക്‌ കുറച്ചധികം തന്നെ തെന്നി മാറി. പെട്ടെന്ന് വിമാനത്തിന്റെ ഒരു വശത്ത്‌ ശക്തിയായ കാറ്റ്‌ വന്നടിക്കുവാന്‍ തുടങ്ങി. അതിന്റെ ആഘാതത്തില്‍ ചിറകിലെ ചില ഭാഗങ്ങള്‍ ഇളകി തെറിച്ച്‌ പോയി. എന്നാല്‍ നെക്കറുടെ വിദഗ്ദ്ധകരങ്ങള്‍ സമയത്ത്‌ തന്നെ പ്രവര്‍ത്തിക്കുക മൂലം വിമാനം വീണ്ടും നിയന്ത്രണത്തിലായി.

ഇപ്പോള്‍ പതിനായിരം അടി ഉയരത്തിലാണ്‌. കട്ട പിടിച്ച അന്ധകാരത്തിലൂടെ ചുരുളുകളായി നീങ്ങിക്കൊണ്ടിരിക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ വിമാനം താഴ്‌ന്നുകൊണ്ടിരുന്നു. തന്റെ ഓക്സിജന്‍ മാസ്ക്‌ അഴിച്ച്‌ വച്ചിട്ട്‌ റൂഡി വിന്‍ഡ്‌ സ്ക്രീനിലൂടെ പുറത്തേക്ക്‌ നോക്കി. അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്തിരുന്നു.

ഇത്‌ സമയം കളയുകയാണ്‌ - നെക്കര്‍ മനസ്സില്‍ പറഞ്ഞു. ഈ കാലാവസ്ഥയില്‍ ഡോയ്‌ഷ്‌ലാന്റിന്‌ അതിന്റെ യഥാര്‍ത്ഥ ദിശയില്‍ കൃത്യമായ വേഗതയില്‍ നീങ്ങുക അസാദ്ധ്യമായിരിക്കും. മാത്രമല്ല, ഇതൊരു കണക്ക്‌ കൂട്ടല്‍ മാത്രമാണല്ലോ...

മുവ്വായിരം അടി ഉയരത്തിലേക്ക്‌ എത്തിയപ്പോള്‍ ജങ്കേഴ്‌സ്‌ മേഘപാളികളില്‍ നിന്ന് പ്രകാശമാനമായ പ്രതലത്തിലേക്ക്‌ കടന്നു. ഇടമുറിയാത്ത കനത്ത മഴ. താഴെ ചക്രവാളം വരെ കണ്ണ്‌ എത്താ ദൂരത്തില്‍ പരന്ന് കിടക്കുന്ന സമുദ്രം മുഴുവനും നുരയും പതയും കൊണ്ട്‌ ധവള വര്‍ണ്ണമായിരുന്നു. തികച്ചും അവിശ്വസനീയമാം വിധം - അതാ അവിടെ ഡോയ്‌ഷ്‌ലാന്‍ഡ്‌... തെക്ക്‌ പടിഞ്ഞാറ്‌ ഏതാണ്ട്‌ അര മൈല്‍ അകലെ തിരമാലകളില്‍ ചാഞ്ചാടുന്നു.

"റൂഡി... മടങ്ങി ചെല്ലുമ്പോള്‍ നിനക്ക്‌ എന്റെ വക ഒരു ഷാംപെയ്‌ന്‍ ..." വിമാനം ഇടത്‌ വശത്തേക്ക്‌ വളച്ചെടുത്തു കൊണ്ട്‌ നെക്കര്‍ പറഞ്ഞു.

റൂഡി ബൈനോക്കുലറിലൂടെ നോക്കി. "അവരുടെ അവസ്ഥ വളരെ ദയനീയമാണ്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍ ..."

"എന്തോ കുഴപ്പമുണ്ട്‌ സര്‍ ..." ഷ്‌മിഡ്‌ട്‌ പെട്ടെന്ന് പറഞ്ഞു. "അവര്‍ SOS സന്ദേശം അയച്ചു കൊണ്ടിരിക്കുകയാണ്‌... ഇംഗ്ലീഷ്‌ ഭാഷയില്‍ ... ബെര്‍ഗര്‍ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയാണ്‌..."

"എന്നെ കണക്ട്‌ ചെയ്യൂ..." നെക്കര്‍ ദൃഢസ്വരത്തില്‍ പറഞ്ഞു. "അദ്ദേഹത്തോട്‌ സംസാരിച്ചു നോക്കട്ടെ..."


(തുടരും)

Friday, October 15, 2010

സ്റ്റോം വാണിംഗ്‌ - 64

ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകളില്‍ നിന്ന് രക്ഷ പ്രാപിക്കുന്നതിനായി ജാഗോയും കൂട്ടരും പുലര്‍ച്ചെ തന്നെ ഗണ്‍ബോട്ട്‌ ഇന്നര്‍ ഹാര്‍ബറിലേക്ക്‌ കയറ്റിയിട്ടു. ബോട്ട്‌ അവിടെ താരതമ്യേന സുരക്ഷിതമാണെന്ന് ഉറപ്പായപ്പോള്‍ ജന്‍സണെ ചാര്‍ജ്‌ ഏല്‍പ്പിച്ചിട്ട്‌ ജാഗോ, റീവിന്റെ കോട്ടേജിലേക്ക്‌ നടന്നു. ജീന്‍ സിന്‍ക്ലെയര്‍ അദ്ദേഹത്തെ സ്വീകരിച്ച്‌ അകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. റീവും മര്‍ഡോക്കും റേഡിയോയുടെ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.

"സര്‍ ... എന്താണ്‌ സ്ഥിതി...?"

"ഭയാനകം ... കുരുതിക്കളം പോലെയുണ്ട്‌..." അഡ്‌മിറല്‍ പറഞ്ഞു.

മലേയ്‌ഗില്‍ ഒരു കപ്പലിനെ കടലില്‍ നിന്ന് കരയിലേക്ക്‌ അടിച്ച്‌ കയറ്റിയിരിക്കുന്നു. രണ്ട്‌ ചെറുകപ്പലുകള്‍ തുറമുഖത്തിനുള്ളില്‍ തന്നെ മുങ്ങിപ്പോയി. സ്റ്റോണോവേയില്‍ മൂന്ന് ട്രോളറുകളാണ്‌ മുങ്ങിയത്‌. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത അത്ര പെട്ടെന്നായിരുന്നു എല്ലാം. പ്രക്ഷുബ്ധമായ കടലില്‍ അവരിലാര്‍ക്കും തന്നെ രക്ഷപെടാനായില്ല. റോയല്‍ കനേഡിയന്‍ നേവിയുടെ യുദ്ധക്കപ്പല്‍ മക്‌ മിഷേല്‍ ഐസ്‌ലണ്ടിന്‌ തെക്ക്ഭാഗത്ത്‌ വച്ച്‌ അപ്രത്യക്ഷമായിരിക്കുന്നു. എണ്‍പത്തിയഞ്ച്‌ ഓഫീസര്‍മാരും ക്രൂവും അടങ്ങിയ ആ കപ്പല്‍ ചരിത്രത്തിലേക്ക്‌ മറഞ്ഞിരിക്കുന്നു. ഐറിഷ്‌ കടലില്‍ വച്ച്‌ ഹാലിഫാക്സ്‌ കോണ്‍വോയ്‌ പ്രതീക്ഷയ്ക്കിടയില്ലാത്ത വിധം ചിന്നിച്ചിതറിപ്പോയിരിക്കുന്നു.

പക്ഷേ, ഇത്രയൊക്കെ ആയിട്ടും ഫാഡാ ദ്വീപിലെ ലൈഫ്‌ബോട്ടിന്‌ ഇനിയും കോള്‍ വന്നിട്ടില്ല. ചുണ്ടത്ത്‌ എരിയുന്ന പൈപ്പിലെ പുകയെടുത്തുകൊണ്ട്‌ റേഡിയോയുടെ മുന്നിലിരുന്ന് പല സ്ഥലങ്ങളില്‍ നിന്നുമായി കൂടിക്കലര്‍ന്ന് വരുന്ന സന്ദേശങ്ങള്‍ ശ്രദ്ധിക്കുകയാണ്‌ മര്‍ഡോക്ക്‌. ജാഗോ അടുക്കളയിലേക്ക്‌ ചെന്നു. സാന്‍ഡ്‌വിച്ച്‌ ഉണ്ടാക്കിക്കൊണ്ടിരുന്ന ജാനറ്റിന്റെയടുത്ത്‌ ജീനും ഉണ്ടായിരുന്നു.

"അത്‌ ശരി... എന്തൊക്കെയായാലും പെണ്ണ്‌ പെണ്ണ്‌ തന്നെ..." ജാഗോ പറഞ്ഞു.

"ദേ, ഇതു കണ്ടല്ലോ ഡാര്‍ലിംഗ്‌...?" അവള്‍ തന്റെ കൈയിലിരുന്ന കത്തി അദ്ദേഹത്തിന്റെ കഴുത്തിന്‌ നേര്‍ക്ക്‌ ചൂണ്ടി.

ജാഗോ സ്റ്റൗവില്‍ ചായ തയ്യാറാക്കി.

"ബോട്ടിന്‌ ഇതുവരെയും കോള്‍ വന്നില്ലല്ലോ...?"

"വരും ... അതും പ്രതീക്ഷിച്ചാണ്‌ മര്‍ഡോക്ക്‌ കാത്തിരിക്കുന്നത്‌. ലൈഫ്‌ബോട്ട്‌ സ്റ്റേഷനില്‍ എല്ലാവരും തയ്യാറായി നില്‍ക്കുകയാണ്‌... മൈ ഗോഡ്‌...! ഹാരീ, ഇതുപോലൊന്ന് നിങ്ങള്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ടാകില്ല... അപ്പൂപ്പന്മാരല്ലാത്തവരായി ഒരു മനുഷ്യന്‍ പോലും ആ ക്രൂവിലില്ല... വളരെ ദയനീയം ..." അവള്‍ അവിശ്വസനീയതയോടെ പറഞ്ഞു.

"ദയനീയം ...? ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും പ്രക്ഷുബ്ധമായ ഈ കടലിലേക്കിറങ്ങാന്‍ അവര്‍ തയ്യാറായിരിക്കുന്നു...! ദയനീയം എന്നല്ലാതെ മറ്റു വാക്കൊന്നും കിട്ടിയില്ലേ നിനക്കിതിനെ വിശേഷിപ്പിക്കാന്‍ ?..."

"ഈ അവസ്ഥയില്‍ അഞ്ച്‌ മിനിറ്റ്‌ പോലും അവര്‍ക്ക്‌ കടലില്‍ കഴിയാന്‍ പറ്റില്ല... ശരിയല്ലേ...?"

അദ്ദേഹം ഹാളില്‍ പോയി റീവിന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നു. സമയം ഏഴ്‌ മുപ്പത്‌ കഴിഞ്ഞിരിക്കുന്നു. എട്ട്‌ മണിക്ക്‌ പത്ത്‌ മിനിറ്റ്‌ അവശേഷിച്ചിരിക്കെ സ്റ്റോണോവേയില്‍ നിന്നും മറ്റൊരു കലാവസ്ഥാ മുന്നറിയിപ്പ്‌ കിട്ടി.

"നൂറ്റിയിരുപത്‌ മൈല്‍ വേഗതയുള്ള കൊടുങ്കാറ്റ്‌ അടിച്ചുകൊണ്ടിരിക്കുന്നതായി ബട്ട്‌ ഓഫ്‌ ലെവിസില്‍ നിന്ന് ഏതാണ്ട്‌ നൂറ്റിപ്പത്ത്‌ മൈല്‍ വടക്ക്‌ പടിഞ്ഞാറ്‌ കിടക്കുന്ന കാര്‍ബിസ്‌ഡെയ്‌ല്‍ എന്ന അമേരിക്കന്‍ യുദ്ധക്കപ്പല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു..."

"മൈ ഗോഡ്‌...! നൂറ്റിയിരുപതോ...!" ജാഗോ ഭയം കൊണ്ട്‌ വായ്‌ തുറന്നു പോയി.

"ഇത്‌ സംഹാരതാണ്ഡവമാടും ... ഞാന്‍ കേട്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭയാനകം ..." മര്‍ഡോക്ക്‌ പരിഭ്രമത്തോടെ പറഞ്ഞു.

ഒരു ട്രേയില്‍ ചായയും സാന്‍ഡ്‌വിച്ചും കൊണ്ടുവച്ചിട്ട്‌ ഒരക്ഷരം പോലും ഉരിയാടാതെ ജാനറ്റ്‌ അടുക്കളയിലേക്ക്‌ പോയി. ഒരു സാന്‍ഡ്‌വിച്ച്‌ എടുത്ത്‌ കടിച്ചിട്ട്‌ ജാഗോ മുന്നോട്ട്‌ കുനിഞ്ഞ്‌ റോറിയുടെ തലയില്‍ തലോടുവാന്‍ തുടങ്ങി. ചുവരിലെ ക്ലോക്കില്‍ ഗാംഭീര്യമുള്ള മണിനാദം എട്ട്‌ പ്രാവശ്യം മുഴങ്ങി.

എട്ടാമത്തെ മണിയുടെ നാദം മങ്ങി അവസാനിച്ച ആ നിമിഷം റേഡിയോയിലൂടെ അത്ര സ്ഫുടമല്ലാത്ത ഇംഗ്ലീഷില്‍ ഒരു ശബ്ദം കേള്‍ക്കാറായി.

"മൂന്ന് പായകള്‍ മാത്രമുള്ള ഡോയ്‌ഷ്‌ലാന്‍ഡ്‌ നിയന്ത്രണം തെറ്റി അലയുന്നു... ഔട്ടര്‍ ഹെബ്രിഡ്‌സില്‍ ഫാഡാ ദ്വീപില്‍ നിന്ന് ഏകദേശം ഇരുപത്‌ മൈല്‍ തെക്ക്‌ പടിഞ്ഞാറായിട്ടാണ്‌ ഞങ്ങളുടെ സ്ഥാനം എന്ന് ഊഹിക്കുന്നു... ദൈവത്തെയോര്‍ത്ത്‌ ഞങ്ങളെ സഹായിക്കൂ... കപ്പലില്‍ സ്ത്രീകളുമുണ്ട്‌..."

ആ സന്ദേശം മങ്ങി ക്രമേണ പൊട്ടലും മൂളലുമായി അവസാനിച്ചു. റീവ്‌, ജാഗോയുടെ നേരെ നോക്കി കണ്ണ്‌ തള്ളി ഇരുന്നുപോയി.

"ഡോയ്‌ഷ്‌ലാന്‍ഡ്‌ എന്നാണോ അദ്ദേഹം പറഞ്ഞത്‌...?"

"അങ്ങനെ തന്നെയാണ്‌ എനിക്ക്‌ തോന്നിയത്‌ അഡ്‌മിറല്‍ ..."

"മൂന്ന് പായകള്‍ മാത്രമുള്ള കപ്പല്‍ !..." മര്‍ഡോക്ക്‌ ആശ്ചര്യം കൊണ്ടു. "ഇന്നത്തെ കാലത്ത്‌ ഇങ്ങനെയൊന്ന് കേള്‍ക്കേണ്ടി വരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല..."

ജാനറ്റും ജീനും അടുക്കളയില്‍ നിന്ന് വന്ന് അവരുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു.

"ഇല്ല... ഇതൊരിക്കലും സംഭവ്യമല്ല..." റീവ്‌ പറഞ്ഞു.

റേഡിയോയുടെ ഇരമ്പലിനിടയിലൂടെ വീണ്ടും ബെര്‍ഗറുടെ സ്വരം വന്നു. "ദിസ്‌ ഈസ്‌ ബാര്‍ക്കന്‍ടൈന്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌... ഞങ്ങള്‍ക്ക്‌ സഹായം അത്യാവശ്യമായിരിക്കുന്നു... ഫാഡായില്‍ നിന്ന് ഇരുപത്‌ മൈല്‍ തെക്ക്‌ പടിഞ്ഞാറ്‌... കപ്പലില്‍ സ്ത്രീകളുണ്ട്‌...."

"അതാ... അദ്ദേഹം വീണ്ടും വന്നു അഡ്‌മിറല്‍ ... അപ്പോള്‍ അത്‌ സത്യമാണ്‌...!" ജാഗോ പറഞ്ഞു.

മൈക്രോഫോണ്‍ എടുക്കുവാനായി റീവ്‌ മുന്നോട്ടാഞ്ഞു.

ബെര്‍ഗര്‍ വീണ്ടും തന്റെ സന്ദേശം ആവര്‍ത്തിക്കുവാന്‍ തുടങ്ങി. ആ സമയത്താണ്‌ മറ്റൊരു ശബ്ദം അതിനിടയിലേക്ക്‌ വന്നുകയറിയത്‌. "ഡോയ്‌ഷ്‌ലാന്‍ഡ്‌... ഹിയര്‍ ഈസ്റ്റ്‌ ഗ്രോസര്‍ സ്വാര്‍സര്‍ അഡ്‌ലര്‍ ..."

പിന്നെയങ്ങോട്ടുള്ളത്‌ മുഴുവന്‍ ശുദ്ധ ജര്‍മ്മന്‍ ഭാഷയിലായിരുന്നു. റീവ്‌ നിസ്സഹായനായി പിന്നോട്ട്‌ ചാരി ഇരുന്നു.

"എന്താണവിടെ നടക്കുന്നത്‌...? ആദ്യം ഒരാള്‍ പരിഭ്രമത്തോടെ സഹായത്തിന്‌ അഭ്യര്‍ത്ഥിക്കുന്നത്‌ കേട്ടു... പിന്നെ മുഴുവന്‍ ജര്‍മ്മനിലും... എനിക്കൊരു വാക്ക്‌ പോലും മനസ്സിലാകുന്നില്ല..." റീവ്‌ നിസ്സഹായനായി കൈ മലര്‍ത്തി.

ഒരു നിമിഷം അവിടെങ്ങും പൂര്‍ണ്ണനിശബ്ദത തളം കെട്ടി. പിന്നെ ജാനറ്റ്‌ മൗനം ഭഞ്ജിച്ചു.

"മനസ്സിലാകുന്ന ഒരാളുണ്ട്‌ അങ്കിള്‍ ... നമ്മുടെ ഗെറിക്ക്‌..."


* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, October 8, 2010

സ്റ്റോം വാണിംഗ്‌ - 63

സലൂണിലെ മേശയ്ക്ക്‌ ചുറ്റും കൂടി നിന്ന് തല കുനിച്ച്‌ കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്‌ കന്യാസ്ത്രീകള്‍ . ജാലകത്തിനിടയിലൂടെ കടല്‍ വെള്ളം മുറിയിലേക്ക്‌ വീഴുന്നുണ്ടായിരുന്നു. കപ്പലിലെ മറ്റ്‌ എല്ലായിടത്തുമെന്നപോലെ നനവില്ലാത്ത ഒരിഞ്ച്‌ സ്ഥലം പോലും അവിടെയുമുണ്ടായിരുന്നില്ല. ഇടനാഴിയിലൂടെ താഴോട്ടൊഴുകുന്ന വെള്ളം മുറിക്കകത്തും പുറത്തും എല്ലാം കെട്ടിക്കിടക്കുന്നു.

സിസ്റ്റര്‍ ആഞ്ചലയുടെ പ്രാര്‍ത്ഥന ദൃഢസ്വരത്തിലായിരുന്നു.

"ദയാപരനായ കര്‍ത്താവേ... ഞങ്ങളുടെ വിളി നീ കേള്‍ക്കേണമേ... ഇരമ്പി മറിയുന്ന സമുദ്രത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ... ഈ നടുക്കടലില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ..."

ഇടനാഴിയുടെ മുകള്‍ ഭാഗത്തെ വാതില്‍ തുറന്ന് റിക്ടര്‍ താഴോട്ട്‌ വന്നു. തന്റെ കൈയിലെ വലിയ പാത്രം അദ്ദേഹം മേശമേല്‍ വച്ചു. അദ്ദേഹത്തിന്റെ തൊപ്പി മുഴുവനും നനഞ്ഞ്‌ കുതിര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ സമൃദ്ധമായ താടിരോമങ്ങളില്‍ നിന്നും ഓയില്‍സ്കിന്‍ കോട്ടില്‍ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ട്‌. നെഞ്ച്‌ തിരുമ്മിക്കൊണ്ട്‌ അല്‍പ്പനേരം അദ്ദേഹം അവിടെ നിന്നു. സിസ്റ്റര്‍ ആഞ്ചല ഒന്ന് സംശയിച്ചിട്ട്‌ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി കുരിശ്‌ വരച്ചു.

"ക്യാപ്റ്റന്‍ തന്നയച്ചതാണ്‌ സിസ്റ്റര്‍ ... ചുടുകാപ്പി... ഇപ്പോള്‍ ഉണ്ടാക്കിയതേയുള്ളൂ..."

"ക്യാപ്റ്റന്‍ ബെര്‍ഗര്‍ക്ക്‌ എന്റെ നന്ദി... എന്താണിപ്പോഴത്തെ അവസ്ഥ...?"

"വളരെ മോശമാണ്‌ സിസ്റ്റര്‍ ..." റിക്ടര്‍ പറഞ്ഞു. "ഒരാളെക്കൂടി നമുക്ക്‌ നഷ്ടപ്പെട്ടു... ബെര്‍ഗ്‌മാന്‍ എന്ന യുവാവ്‌... പാമരത്തിന്റെ കയറില്‍ നിന്ന് ഒലിച്ചുപോയി..."

"അവന്റെ ആത്മാവിനായി ഞങ്ങള്‍ ഇപ്പോള്‍ തന്നെ പ്രാര്‍ത്ഥിക്കുന്നതാണ്‌..."

"അതില്‍ എനിക്ക്‌ സംശയം ഒട്ടുമില്ല സിസ്റ്റര്‍ ..."

അദ്ദേഹം ധൃതിയില്‍ തിരിഞ്ഞ്‌ ഇടനാഴിയിലൂടെ മുകളിലേക്ക്‌ പോയി.

"ഹാന്‍സ്‌ ബെര്‍ഗ്‌മാന്റെ ആത്മശാന്തിക്കായി നമുക്ക്‌ പ്രാര്‍ത്ഥിക്കാം ... " സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

എന്നാല്‍ മേശയുടെ എതിര്‍വശത്ത്‌ നിന്നിരുന്ന ലോട്ടെ ആ വാക്കുകള്‍ അവഗണിച്ച്‌ ഇടനാഴിയിലൂടെ വേഗം ഡെക്കിലേക്ക്‌ നടന്നു.

അവളുടെ ശ്വാസം നിലച്ച്‌ പോകുന്ന കാഴ്ചയായിരുന്നു അത്‌. സമയം പ്രഭാതം ആയിരുന്നുവെങ്കിലും അതിന്റെ യാതൊരു ലക്ഷണവും അവിടെ കാണാനുണ്ടായിരുന്നില്ല. ആകാശം മുഴുവന്‍ ഇരുണ്ട്‌ മൂടിയിരിക്കുന്നു. നീലയും ചുവപ്പും വര്‍ണ്ണങ്ങള്‍ പൂശിയത്‌ പോലുള്ള ഭീമാകാരങ്ങളായ മേഘക്കൂട്ടങ്ങളെ കണ്ടാല്‍ അവയ്ക്ക്‌ പിന്നില്‍ എവിടെയോ വലിയൊരു അഗ്നികുണ്ഠം ജ്വലിക്കുന്നുണ്ടെന്ന് തോന്നുമായിരുന്നു. ആഞ്ഞടിക്കുന്ന കാറ്റ്‌ ഒരു പേപ്പട്ടിയെപ്പോലെ ഓരിയിട്ടുകൊണ്ടിരുന്നു. തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന മിന്നല്‍പ്പിണരുകള്‍ അവളുടെ മുഖത്ത്‌ മുറിവേല്‍പ്പിക്കുന്നത്‌ പോലെ തോന്നി.

ഡെക്കിലുണ്ടായിരുന്ന എല്ലാവരും തങ്ങളുടെ ജോലികളില്‍ വ്യാപൃതരായിരുന്നതുകൊണ്ട്‌ അവളെ ആരും തന്നെ ശ്രദ്ധിച്ചില്ല. വീലിന്‌ മുന്നില്‍ കിണഞ്ഞ്‌ പരിശ്രമിക്കുന്ന സ്റ്റേമിനെ സഹായിക്കാന്‍ വിന്‍സറും ക്ലൂത്തും ഉണ്ടായിരുന്നു. വേറെ നാലുപേര്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. അവരെയെല്ലാവരെയും കയര്‍ കെട്ടി പാമരവുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌.

പോകുന്ന വഴിയിലുള്ളതെല്ലാം ഒഴുക്കിക്കൊണ്ട്‌ പോകുവാനുള്ള ശക്തിയോടെ ഒരു തിര കപ്പലിന്‌ മുകളിലൂടെ കടന്നു പോയി. ഒരു നിമിഷത്തേക്ക്‌ ഡോയ്‌ഷ്‌ലാന്റ്‌ വലതുവശത്തേക്ക്‌ ചരിഞ്ഞ്‌ കിടന്നു. പിന്നെ, പതുക്കെ പൂര്‍വ്വസ്ഥിതിയിലായി.

തങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന കയര്‍ ഇല്ലായിരുന്നുവെങ്കില്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ഒഴുകിപ്പോകേണ്ടതായിരുന്നു. ലോട്ടെ ഒരു കയറില്‍ മുറുകെപ്പിടിച്ച്‌ കിടന്നു. പായ്‌ക്കയറുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന റിക്ടര്‍ താഴെയിറങ്ങി പമ്പിംഗ്‌ നടക്കുന്നയിടത്തേക്ക്‌ പോയി.

വളരെ ഉയരത്തില്‍ എന്തോ സ്ഫോടന ശബ്ദം കേട്ട്‌ റിക്ടര്‍ പെട്ടെന്ന് മുകളിലേക്ക്‌ നോക്കി. പാമരത്തിന്‌ തിരശ്ചീനമായി പയ വലിച്ച്‌ കെട്ടുന്ന ദണ്ഡ്‌ ഒടിഞ്ഞിരിക്കുന്നു. കാറ്റൊഴിഞ്ഞ പായ, ആഞ്ഞടിക്കുന്ന കാറ്റില്‍ ഉലഞ്ഞ്‌ ആടിക്കൊണ്ടിരിക്കുന്നത്‌ അദ്ദേഹം കണ്ടു.

ശക്തിയേറിയ കാറ്റില്‍ പെട്ട്‌ അത്‌ അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകൊണ്ടിരിക്കുമ്പോള്‍ പാമരമാകെ പ്രകമ്പനം കൊണ്ടു. അത്‌ തുടരുകയാണെങ്കില്‍ പാമരം തന്നെ വെറുമൊരു വിറകുകൊള്ളിപോലെ ഒടിയാന്‍ താമസമില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. പിന്നെയൊന്നും ചിന്തിച്ചില്ല. അദ്ദേഹം അടുക്കളയിലേക്കോടിച്ചെന്ന് മഴു എടുത്തു കൊണ്ടുവന്ന് പാമരത്തിലൂടെ മുകളിലേക്ക്‌ കുതിച്ചു.

മഴു ബെല്‍റ്റിനിടയില്‍ തിരുകുവാന്‍ വേണ്ടി ഒരു നിമിഷം അദ്ദേഹം നിന്നു. അവിടെ നിന്ന് താഴോട്ട്‌ നോക്കിയപ്പോഴാണ്‌ ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് കൈ ഉയര്‍ത്തി വീശുന്ന ബെര്‍ഗറെ അദ്ദേഹം ശ്രദ്ധിച്ചത്‌. അദ്ദേഹം എന്തോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്‌ റിക്ടര്‍ക്ക്‌ കേള്‍ക്കാനാവുമായിരുന്നില്ല. എന്നാലും അദ്ദേഹത്തിന്റെ ആംഗ്യങ്ങളില്‍ നിന്ന്, തന്നോട്‌ താഴോട്ട്‌ വരുവാനാണ്‌ പറയുന്നതെന്ന് മനസ്സിലായി.

പക്ഷേ, ആ പായയെ ഈ അവസ്ഥയില്‍ ഇങ്ങനെ വിട്ടുപോന്നാല്‍ ?... പാമരം ഒടിഞ്ഞ്‌ വീണാല്‍ ?!... റിക്ടര്‍ മുകളിലേക്കുള്ള കയറ്റം തുടര്‍ന്നു. കടുത്ത തണുപ്പില്‍ അദ്ദേഹത്തിന്റെ പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ കോട്ട്‌ ആ കനത്ത മഴയിലും കാറ്റിലും യാതൊരു പ്രയോജനവും ചെയ്തിരുന്നില്ല. ഓരോ പ്രാവശ്യവും മുകളിലേക്ക്‌ കയറും തോറും മഴവെള്ളം അദ്ദേഹത്തിന്റെ കോട്ടിനുള്ളിലൂടെ ദേഹത്തേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു. കാറ്റ്‌ ഒരു ജീവനുള്ള വസ്തു പോലെ അദ്ദേഹത്തിന്റെ വസ്ത്രങ്ങളെ പിടിച്ചു വലിച്ച്‌ കീറുന്നതായി തോന്നി.

ഏറ്റവും മുകളിലെത്തി ശ്വാസമെടുക്കുവാനായി അദ്ദേഹം ഒരു നിമിഷം നിന്നു. കണ്ണ്‌ എത്താവുന്ന ദൂരമത്രയും വെളുത്ത നുരയും പതയുമായി സമുദ്രം ഇളകി മറിയുകയായിരുന്നു. കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഇരുണ്ട ആകാശത്തില്‍ മിന്നല്‍പ്പിണരുകള്‍ സംഹാര നൃത്തമാടി.

കാറ്റുപായയുടെ തൊട്ടു താഴെയായി ഒരു നിമിഷം അദ്ദേഹം നിന്നു. ഭയാനകമായ ശബ്ദത്തോടെ അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകൊണ്ടിരിക്കുകയാണതിപ്പോഴും. തന്റെ മുന്നില്‍ അവശേഷിച്ചിരിക്കുന്ന നിമിഷങ്ങളെ വിലയിരുത്തി മരണത്തെ മുന്നില്‍ക്കണ്ട്‌ അദ്ദേഹം അല്‍പ്പം കൂടി മുകളിലേക്ക്‌ കയറി. പിന്നെ, കാറ്റ്‌ നിറഞ്ഞ്‌ വീര്‍ത്തിരിക്കുന്ന പായയുടെ ഉള്ളിലേക്കിറങ്ങി ഒരു കൈയാല്‍ കയറില്‍ തൂങ്ങിക്കിടന്നു. ശേഷം മറുകൈയിലെ മഴു കൊണ്ട്‌, കെട്ട്‌ പൊട്ടിയിരിക്കുന്ന പായയുടെ ദണ്ഡ്‌ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പുവളയത്തില്‍ ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ കാറ്റ്‌ തിരിഞ്ഞ്‌ വീശിയത്‌. കാറ്റുപായ അദ്ദേഹത്തെ പൊതിഞ്ഞു. താന്‍ അകലേക്ക്‌ എടുത്തെറിയപ്പെടുമോ എന്നു പോലും അദ്ദേഹത്തിന്‌ തോന്നിപ്പോയി. അടുത്ത നിമിഷം പായയുടെ മൂലയ്ക്ക്‌ നിന്ന് കെട്ടിയിരുന്ന കയര്‍ വലിഞ്ഞ്‌ നേര്‍രേഖയിലായി. അപ്പോഴാണ്‌ തന്റെ തൊട്ടു താഴെയായി കയറില്‍ പിടിച്ച്‌ കയറി വരുന്ന ബെര്‍ഗറെ അദ്ദേഹം കണ്ടത്‌.

ബെര്‍ഗര്‍ റിക്ടറുടെ നേരെ തലയാട്ടി. റിക്ടര്‍ വീണ്ടും ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി. പാമരം മുഴുവനും പ്രകമ്പനം കൊള്ളുന്നുണ്ടായിരുന്നു അപ്പോള്‍ ... ഒന്ന് ... രണ്ട്‌ ... അടുത്ത വെട്ടിന്‌ മഴു ഇരുമ്പുവളയം ഭേദിച്ച്‌ പുറത്ത്‌ കടന്നു. മരദണ്ഡ്‌ രണ്ടായി മുറിഞ്ഞു. കയര്‍ വലിഞ്ഞു പൊട്ടി. ബെര്‍ഗര്‍ തന്റെ കൈയിലെ കയര്‍ അഴച്ച്‌ വിട്ടുകൊടുത്തു. ഒരേ ഒരു നിമിഷം ... മരദണ്ഡും അതില്‍ കെട്ടിയിരുന്ന പായയും എല്ലാം കൂടി ചുറ്റിക്കറങ്ങിക്കൊണ്ട്‌ വലിയൊരു ശബ്ദത്തോടെ അകലേക്ക്‌ പറന്നുപോയി.

ബെര്‍ഗര്‍ റിക്ടറുടെ തോളില്‍ കൈ വച്ചു. പിന്നെ, വേദനിക്കുന്ന ശരീരവുമായി സാവധാനം ഇരുവരും താഴോട്ടിറങ്ങുവാന്‍ തുടങ്ങി. ഡെക്കിലേക്കിറങ്ങി മുന്നോട്ട്‌ നീങ്ങിയപ്പോഴാണ്‌ ക്വാര്‍ട്ടര്‍ ഡെക്കിനരികില്‍ നില്‍ക്കുന്ന ലോട്ടെയെ റിക്ടര്‍ കണ്ടത്‌. വിടര്‍ന്ന കണ്ണുകളോടെ അദ്ദേഹത്തെ തന്നെ നോക്കിക്കൊണ്ടിരുന്ന അവളുടെ മുഖത്ത്‌ അത്യധികം ഭീതിയുണ്ടായിരുന്നു. ഏതോ പ്രേരണയാലെന്ന പോലെ അദ്ദേഹം അവളെ നോക്കി ഇരു കൈകളും വിടര്‍ത്തി അവിടെ നിന്നു. സ്വാഭാവികമായും അടുത്ത നിമിഷം അവള്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ മാറിലേക്ക്‌ ചാഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)