പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, November 30, 2010

സ്റ്റോം വാണിംഗ്‌ - 71

മൊറേ ഫര്‍ത്തിന്‌ മുകളില്‍ എണ്ണായിരം അടി ഉയരത്തില്‍ വച്ച്‌ നെക്കര്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്ത്‌ കടന്നു. എന്തോ കാര്യമായ കുഴപ്പമാണ്‌. വീണ്ടും താഴ്‌ന്നുകൊണ്ടിരിക്കുന്നു. ഡോയ്‌ഷ്‌ലാന്‍ഡിനോട്‌ യാത്ര പറഞ്ഞ്‌ വരുമ്പോള്‍ തന്നെ അത്ര നല്ല സ്ഥിതിയായിരുന്നില്ല. ഇപ്പോള്‍ മാത്രമാണ്‌ കുഴപ്പമെന്താണെന്ന് മനസ്സിലായത്‌. GMI സിസ്റ്റത്തിലേക്ക്‌ കണക്റ്റ്‌ ചെയ്തിരിക്കുന്ന ഇന്ധന പൈപ്പുകളിലൊന്നിന്‌ വിള്ളല്‍ സംഭവിച്ചിരിക്കുന്നു.

"ഭൂനിരപ്പിനടുത്തായി പറക്കേണ്ടി വന്നിരിക്കുകയാണ്‌..." നെക്കര്‍ ഇന്റര്‍കോമിലൂടെ പറഞ്ഞു. "വേറെ മാര്‍ഗ്ഗമൊന്നുമില്ല. ആര്‍ക്കെങ്കിലും പ്രാര്‍ത്ഥിക്കണമെന്നുണ്ടെങ്കില്‍ ആയിക്കോളൂ..."

ഇത്തരം കാലാവസ്ഥയില്‍ ബ്രിട്ടീഷ്‌ റോയല്‍ എയര്‍ഫോഴ്‌സിനെ വളരെയധികം പേടിക്കണം. റഡാര്‍ സ്ക്രീനില്‍ കണ്ണ്‌ നട്ടിരിക്കുക എന്നതല്ലാതെ മറ്റൊരു ജോലിയുമില്ലാത്ത സന്ദര്‍ഭമാണിത്‌. നെക്കര്‍ അക്കാര്യം അത്ര ഗൗരവമായി എടുത്തിരുന്നില്ല. ഇന്‍വേര്‍ണ്ണസിനടുത്തുള്ള ഹണ്ട്‌ലി എയര്‍പ്പോര്‍ട്ടില്‍ നിന്ന് സ്പിറ്റ്‌ഫയറുകള്‍ ഉയര്‍ന്നു പൊങ്ങിയത്‌ പെട്ടെന്നായിരുന്നു. (സ്പിറ്റ്‌ഫയര്‍ - ബ്രിട്ടീഷ്‌ റോയല്‍ എയര്‍ഫോഴ്‌സിന്റെ യുദ്ധവിമാനം).

"ഒരു വിമാനത്തെ കാണുന്നു... ശത്രുവിമാനമാണ്‌..." റിയര്‍ ഗണ്ണര്‍ ക്രാണ്‍സിന്റെ ശബ്ദം അദ്ദേഹത്തിന്റെ ഇയര്‍ഫോണില്‍ മുഴങ്ങി.

നിരവധി യുദ്ധരംഗങ്ങളില്‍ പങ്ക്‌ കൊണ്ടിട്ടുള്ള നെക്കറുടെ മസ്തിഷ്ക്കവും കരങ്ങളും പെട്ടെന്ന് പ്രവര്‍ത്തിച്ചു. വിമാനം പെട്ടെന്ന് വട്ടം ചുറ്റിക്കറങ്ങി. മെഷീന്‍ ഗണ്ണുകളുടെ ഗര്‍ജ്ജനം അദ്ദേഹത്തിന്‌ കേള്‍ക്കാമായിരുന്നു. മുകളിലേക്ക്‌ നോക്കിയ അദ്ദേഹം കണ്ടത്‌ ഒരു സ്പിറ്റ്‌ഫയര്‍ കുത്തനെ താഴ്‌ന്നുവന്ന് ഇടതുവശത്തേക്ക്‌ തെന്നിമാറുന്നതാണ്‌. അടുത്ത നിമിഷം ജങ്കേഴ്‌സ്‌ മൊത്തത്തില്‍ ഒന്നുലഞ്ഞു. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, വിമാനം അപ്പോഴും അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ ഒതുങ്ങിനിന്നു.

"ആര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ...?" അദ്ദേഹം ഇന്റര്‍കോമിലൂടെ വിളിച്ചു ചോദിച്ചു.

പക്ഷേ, അതിന്‌ മറുപടി ഉണ്ടായില്ല. റൂഡിയുടെ മുഖത്ത്‌ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. വളരെ അടുത്ത്‌ വച്ച്‌ ചിതറിയ ഷെല്ലുകളില്‍ ഒന്ന് അദ്ദേഹത്തിന്റെ കവിളില്‍ തുളച്ചുകയറിയിരുന്നു. ഓരോ തവണയും പീരങ്കികള്‍ ഉതിര്‍ക്കുന്ന ഷെല്ലുകള്‍ വിമാനത്തില്‍ തുളഞ്ഞുകയറിക്കൊണ്ടിരുന്നപ്പോഴും ഉലഞ്ഞുകൊണ്ടിരുന്ന വിമാനം നെക്കര്‍ താഴ്‌ത്തിക്കൊണ്ടിരുന്നു.

"ക്രാണ്‍സ്‌ കൊല്ലപ്പെട്ടിരിക്കുന്നു ഹേര്‍ ഹോപ്റ്റ്‌മാന്‍... ഷ്‌മിഡ്‌ട്‌ അബോധാവസ്ഥയിലാണ്‌... അദ്ദേഹത്തിന്റെ മുറിവ്‌ ഞാന്‍ ഡ്രെസ്സ്‌ ചെയ്തിട്ടുണ്ട്‌... തലയില്‍ എന്തോ തട്ടിയതാണ്‌..." തന്റെ സീറ്റില്‍ പിന്നോട്ട്‌ ചാരിയിരുന്നുകൊണ്ട്‌ റൂഡി പറഞ്ഞു.

"ഗുഡ്‌ ബോയ്‌... ഇനി മുറുകെ പിടിച്ചിരുന്നോളൂ... എങ്ങനെയാണ്‌ വിമാനം പറപ്പിക്കുന്നതെന്ന് ഞാന്‍ ഈ തെമ്മാടികള്‍ക്കൊന്ന് കാണിച്ചുകൊടുക്കട്ടെ..." നെക്കര്‍ പറഞ്ഞു.

അദ്ദേഹം പൊടുന്നനെ ജങ്കേഴ്‌സിനെ സമുദ്രനിരപ്പിലേക്ക്‌ താഴ്‌ത്തി. ഏതാണ്ട്‌ നാല്‍പ്പത്‌ അടി മാത്രം ഉയരത്തില്‍. അത്ര എളുപ്പമായിരുന്നില്ല അത്‌. പലപ്പോഴും അവര്‍ക്ക്‌ മുന്നില്‍ തിരമാലകള്‍ തങ്ങളെക്കാളും മുകളിലേക്ക്‌ ഉയരുന്നത്‌ അദ്ദേഹത്തിന്‌ കാണാമായിരുന്നു.

സ്പിറ്റ്‌ഫയറുകള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ആ അപകടകരമായ അവസ്ഥയില്‍ അവയില്‍ രണ്ടെണ്ണം എന്നിട്ടും അവരെ പിന്തുടര്‍ന്നു.

പെട്ടെന്ന് തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യം കണ്ട്‌ നെക്കര്‍ ഒരു നിമിഷം അത്ഭുതപരതന്ത്രനായി ഇരുന്നുപോയി. കടലില്‍ നിന്ന് ഒരു ജലസ്തൂപം ഉയര്‍ന്നു വരുന്നു. യന്ത്രത്തോക്കില്‍ നിന്നുള്ള വെടിയുണ്ടയേറ്റ്‌ വിമാനം ഒന്ന് കുലുങ്ങിയപ്പോഴാണ്‌ അദ്ദേഹം സ്വബോധം വീണ്ടെടുത്തത്‌.

മണിക്കൂറില്‍ മുന്നൂറ്‌ മൈല്‍ വേഗതയില്‍ ഇരുപത്‌ മിനിറ്റ്‌ യാത്ര. വിള്ളല്‍ സംഭവിച്ച പൈപ്പുമായി ഇത്‌ അത്ര നല്ലതല്ല. എന്‍ജിനുകള്‍ ഓവര്‍ഹീറ്റ്‌ ആകേണ്ടതാണ്‌. ഭാഗ്യവശാല്‍ ഇതുവരെ അങ്ങനെയൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല.

ലക്ഷ്യം തെറ്റാതെ മെഷീന്‍ ഗണ്ണില്‍ നിന്നും ചീറി വന്ന ഷെല്ലുകളേറ്റ്‌ ജങ്കേഴ്‌സ്‌ ഒന്നുകൂടി ഉലഞ്ഞു. വിന്‍ഡ്‌സ്ക്രീന്‍ ചിന്നിച്ചിതറി. തന്റെ ഇടത്‌ ചുമലില്‍ ശക്തിയായ ഒരു ചവിട്ട്‌ കിട്ടിയത്‌ പോലെ തോന്നി നെക്കറിന്‌. തിരിഞ്ഞുനോക്കിയ അദ്ദേഹം കണ്ടത്‌ ഇടതുഭാഗത്തെ എന്‍ജിനില്‍ നിന്ന് പുക ഉയരുന്നതാണ്‌. ഉടന്‍ തന്നെ ആ എന്‍ജിന്‍ ഓഫ്‌ ചെയ്തിട്ട്‌ അദ്ദേഹം എക്‍സ്റ്റിംഗ്വിഷേഴ്‌സ്‌ ഓണ്‍ ചെയ്തു. സ്പീഡോമീറ്ററിലെ പോയിന്റര്‍ പെട്ടെന്ന് താഴ്‌ന്ന് നൂറ്റിയമ്പതില്‍ വന്നുനിന്നു.

സമുദ്ര നിരപ്പില്‍ നിന്നും അമ്പത്‌ അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ അദ്ദേഹം മുറുകെപ്പിടിച്ചിരുന്നു. പെട്ടെന്ന് റൂഡി അദ്ദേഹത്തിന്റെ ചുമലില്‍ പിടിച്ച്‌ ആവേശത്തോടെ വിളിച്ചു പറഞ്ഞു. "അവര്‍ പോയി, ഹേര്‍ ഹോപ്റ്റ്‌മാന്‍... അവര്‍ പോയി... എന്ത്‌ പറ്റിയെന്നറിയില്ല..."

"ഇതിനുവേണ്ടിയായിരുന്നു ഞാന്‍ ഇത്രയും നേരം കാത്തിരുന്നത്‌... ജര്‍മ്മന്‍ തീരത്ത്‌ നിന്നും കൃത്യം നൂറ്‌ മൈല്‍ അകലെയാണ്‌ നാം ഇപ്പോള്‍... ഇനിയങ്ങോട്ട്‌ നമ്മുടെ വ്യോമമേഖലയാണ്‌..."

നെക്കറുടെ ചുമലില്‍ കൈ വച്ചപ്പോള്‍ തന്റെ ഗ്ലൗസില്‍ പുരണ്ട രക്തം നോക്കി റൂഡി പറഞ്ഞു. "താങ്കള്‍ക്ക്‌ മുറിവേറ്റിരിക്കുന്നല്ലോ ഹേര്‍ ഹോപ്റ്റ്‌മാന്‍...!"

"എന്ന് തോന്നുന്നു..." അദ്ദേഹം പറഞ്ഞു. "നീ കേട്ടിട്ടുണ്ടല്ലോ ഫ്ലയിംഗ്‌ സ്കൂളില്‍ വച്ച്‌ അവര്‍ പറയുന്നത്‌... ഇത്തരം വിമാനങ്ങള്‍ ഒറ്റ എന്‍ജിന്‍ കൊണ്ട്‌ പറപ്പിക്കാന്‍ സാധിക്കുകയില്ലെന്ന്... അത്‌ തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കുമോ എന്ന് നമുക്കൊന്ന് നോക്കാം..."

"ഞാനെന്താണ്‌ ചെയ്യേണ്ടത്‌ ഹേര്‍ ഹോപ്റ്റ്‌മാന്‍...?"

"നിന്റെ അരയിലെ ബെല്‍റ്റ്‌ അഴിക്കൂ... എന്നിട്ട്‌ ഇടതുവശത്തെ ആ റഡ്ഡര്‍ പെഡലിന്‌ ചുറ്റും വരിഞ്ഞ്‌ കെട്ടൂ..."

നെക്കര്‍ പറഞ്ഞത്‌ പോലെ അവന്‍ പ്രവര്‍ത്തിച്ചു. അംഗവൈകല്യം സംഭവിച്ച ജങ്കേഴ്‌സ്‌, അവന്റെ സഹായത്തോടെ വീണ്ടും യാത്ര ചെയ്യുവാനുള്ള നിലയിലായി.

"അവിടെ എത്തുന്നത്‌ വരെ അത്‌ പിടിവിടാതെ മുറുകെപിടിച്ച്‌ ഇരുന്നുകൊള്ളൂ റൂഡി..." ചുമലില്‍ അല്‍പ്പാല്‍പ്പമായി അനുഭവപ്പെട്ടു തുടങ്ങിയ വേദന അവഗണിച്ചുകൊണ്ട്‌ നെക്കര്‍ പറഞ്ഞു. "ഒരു കാര്യം ചെയ്യേണ്ട വിധം എങ്ങനെയെന്ന് മനസ്സിലായാല്‍ പിന്നെ അത്‌ എന്തെളുപ്പമാണെന്ന് നോക്കൂ... ഇതാ നമ്മള്‍ എത്തിപ്പോയി..."

* * * * * * * * * * * * * * * * * * * * * * * * *

സെന്റ്‌ മണ്‍ഗോ ദേവാലയത്തിലെ വേദിയിലേക്ക്‌ മര്‍ഡോക്ക്‌ കയറുമ്പോള്‍ ആ ജനക്കൂട്ടത്തില്‍ എതാണ്ട്‌ എഴുപതോളം പേരുണ്ടായിരുന്നു. അപൂര്‍വ്വം വൃദ്ധരും കുട്ടികളും ഒഴികെ അവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്‌. ദേവാലയത്തിന്റെ കനമുള്ള ചുവരില്‍ ആഞ്ഞടിക്കുന്ന കാറ്റിന്റെ ഗര്‍ജ്ജനം മാറ്റിനിര്‍ത്തിയാല്‍ അവിടം അസാധാരണമാം വിധം നിശബ്ദമായിരുന്നു.

ഒരു നിമിഷനേരം തല കുനിച്ച്‌ നിശബ്ദ പ്രാര്‍ത്ഥന നടത്തിയിട്ട്‌ അദ്ദേഹം തലയുയര്‍ത്തി.

"അവിടെ വാഷിങ്ങ്‌ടണ്‍ റീഫിനടുത്ത്‌ ഒരു കപ്പല്‍ ദയനീയാവസ്ഥയില്‍ കിടക്കുന്നു. നിങ്ങള്‍ക്കെല്ലാം അതറിയാമല്ലോ... പക്ഷേ, മൊറാഗ്‌ സിന്‍ക്ലെയര്‍ കിടക്കുന്നത്‌ സൗത്ത്‌ ഇന്‍ലെറ്റിലാണ്‌... നമുക്ക്‌ മുന്നില്‍ ഇപ്പോഴുള്ള ഒരേ ഒരു ചോദ്യം നമ്മെക്കൊണ്ട്‌ എന്ത്‌ ചെയ്യാന്‍ കഴിയും എന്നതാണ്‌..."

ചുറ്റും കൂടിയിരിക്കുന്നവര്‍ വീര്‍പ്പടക്കി അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കൊണ്ട്‌ നിന്നു.

"കമാന്‍ഡര്‍ ഗെറിക്ക്‌ ഒരു പോംവഴി നിര്‍ദ്ദേശിച്ചിരിക്കുന്നു... സൗത്ത്‌ ഇന്‍ലെറ്റില്‍ നിന്ന് ബോട്ടിനെ കരയിലൂടെ വലിച്ചുകൊണ്ടുവന്ന് ഇവിടെ, മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് ഇറക്കുക..."

ആള്‍ക്കൂട്ടത്തില്‍ ചില അനക്കങ്ങളുണ്ടായി. ആരോ ഒരാളുടെ ശബ്ദം വ്യക്തമായി കേട്ടു. "അസാദ്ധ്യം...!!"

"അല്ല..." മര്‍ഡോക്ക്‌ പറഞ്ഞു. "ഇങ്ങനെയൊരു സംഭവം ഇതിന്‌ മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌... യുദ്ധം ആരംഭിച്ച സമയത്ത്‌ നോര്‍തംബ്രിയയിലും പിന്നെ ന്യൂബിഗിനിലും... ഒന്ന് പരിശ്രമിച്ചു നോക്കുന്നതുകൊണ്ട്‌ നമുക്കെന്താണ്‌ നഷ്ടം...? അതോ നിസ്സഹായരായ ആ പാവങ്ങളെ വാഷിങ്ങ്‌ടണ്‍ റീഫില്‍ മരണത്തിന്‌ വിട്ടുകൊടുക്കണോ...?"

കാതറീന മാക്‍ബ്രെയിനിന്റെ ഭാവം മാറി. "ആ നശിച്ച ജര്‍മ്മന്‍കാരാണ്‌ മുഴുവനും... ഒരു ചെറുവിരല്‍ പോലും അനക്കേണ്ട ആവശ്യമില്ല നമുക്ക്‌..." പരുഷസ്വരത്തില്‍ അവര്‍ പറഞ്ഞു.

"അങ്ങനെ പറയരുത്‌ കാതറീനാ... അഡ്‌മിറല്‍ റീവും, ആ അമേരിക്കന്‍ ബോട്ടിലെ അഞ്ചുപേരും ആ കപ്പലിലാണിപ്പോള്‍... പിന്നെ, ജര്‍മ്മന്‍കാരാണെങ്കിലും കുറച്ച്‌ സ്ത്രീകളും അവരോടൊപ്പമുണ്ട്‌... എന്താണിവിടുത്തെ പ്രധാന പ്രശ്നം...? വെറുതെ ആരോടും തര്‍ക്കിച്ച്‌ സമയം കളയാന്‍ നില്‍ക്കുകയല്ല ഞാനിവിടെ... നിങ്ങളോട്‌ ചില പരമാര്‍ത്ഥങ്ങള്‍ പറയുക മാത്രമാണ്‌... ദൈവവിശ്വാസം ഇതാണോ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നത്‌...? നാമെല്ലാം ദൈവത്തെ ആരാധിക്കുന്നത്‌ ഇതിനുവേണ്ടിയാണോ...? കാതറീനാ... യുദ്ധത്തില്‍ നിനക്ക്‌ നിന്റെ ഭര്‍ത്താവിനെ നഷ്ടമായി... എനിക്ക്‌ എന്റെ മകന്‍ നഷ്ടമായി... ഒരാഴ്ച മുമ്പ്‌ ആ ജര്‍മ്മന്‍ യുവാക്കളുടെ കുഴിമാടങ്ങള്‍ക്കരുകിലിരുന്ന് നിങ്ങള്‍ സ്ത്രീകള്‍ വിതുമ്പി കരഞ്ഞില്ലേ...? കഷ്ടപ്പാടുകളും വേദനയുമെല്ലാം ഇരുഭാഗത്തുമുണ്ട്‌... എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുന്നു... പക്ഷേ, അതിനര്‍ത്ഥം ജീവിതത്തില്‍ ദൈവത്തിന്‌ യാതൊരു സ്ഥാനവുമില്ലെന്നാണോ...? ഒരിക്കലുമല്ല... ദൈവം നമുക്ക്‌ പല വഴികളും കാണിച്ചുതരുന്നു... ഉത്തമമായ പാത തെരഞ്ഞെടുക്കേണ്ടത്‌ നാമാണ്‌... ദൈവമല്ല..."

നിശബ്ദതയ്ക്ക്‌ കനം കൂടി. "നാം ഇപ്പോള്‍ വെറുതെയിരുന്നാല്‍ കുറേ മനുഷ്യജീവികള്‍ അവിടെ മരണത്തിന്‌ കീഴടങ്ങും... അവര്‍ ഏത്‌ രാജ്യക്കാരാണെന്നതിനല്ല പ്രാധാന്യം... എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങള്‍ കാണുന്നില്ലേ...? ബോട്ട്‌ നിയന്ത്രിക്കാന്‍ എന്നെക്കൊണ്ട്‌ ഈ അവസ്ഥയില്‍ കഴിയില്ല... എന്നാല്‍, മൊറാഗ്‌ ഹാര്‍ബറില്‍ നിന്ന് പുറപ്പെടുകയാണെങ്കില്‍ എന്റെ സ്ഥാനത്ത്‌ കമാന്‍ഡര്‍ ഗെറിക്ക്‌ ഉണ്ടായിരിക്കും... അദ്ദേഹത്തിന്‌ തൊട്ടുപിന്നില്‍ ഞാനും..." അദ്ദേഹം മുഷ്ടി ചുരുട്ടി മേശമേല്‍ ഉറക്കെ അടിച്ചു. "ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം സംസാരിച്ചു കഴിഞ്ഞു... ഞാന്‍ സൗത്ത്‌ ഇന്‍ലെറ്റിലേക്ക്‌ പോകുകയാണ്‌... ഇഷ്ടമുള്ളവര്‍ക്ക്‌ എന്നോടൊപ്പം വരാം... അല്ലാത്തവര്‍ക്കൊക്കെ... അല്ലാത്തവര്‍ക്കൊക്കെ നരകത്തില്‍ പോയി തുലയാം..."

പ്രസംഗവേദിയില്‍ നിന്ന് ഇറങ്ങി, ഒരു കൊടുങ്കാറ്റ്‌ പോലെ അദ്ദേഹം പുറത്തേക്ക്‌ കുതിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, November 23, 2010

സ്റ്റോം വാണിംഗ്‌ - 70

ഏതാണ്ട്‌ അതേ നിമിഷം തന്നെ നെക്കറുടെ സ്വരം വീണ്ടും റേഡിയോയില്‍ മുഴങ്ങി.

"ഡെഡ്‌ എന്‍ഡ്‌ മുങ്ങിക്കൊണ്ടിരിക്കുകയാണ്‌ !!! അല്ല... മുങ്ങി !!!..."

ഗെറിക്ക്‌ പിറകോട്ട്‌ തിരിഞ്ഞ്‌ പരിഭ്രമസ്വരത്തില്‍ പറഞ്ഞു. "ഡെഡ്‌ എന്‍ഡ്‌ കടലില്‍ താഴ്‌ന്നുവോ എന്നൊരു സംശയമുണ്ട്‌..."

ജീന്‍ സിന്‍ക്ലെയര്‍ പരിഭ്രമത്തോടെ കസേരയിലേക്ക്‌ വീണു. ജാനറ്റ്‌ അവിശ്വസനീയതയോടെ നിലവിളിച്ചു. "ഇല്ല... അങ്ങനെ ഒരിക്കലും സംഭവിക്കില്ല...!!!"

"കം ഇന്‍ നെക്കര്‍... കം ഇന്‍... അവസാനം പറഞ്ഞ സന്ദേശം ഒന്നു കൂടി ആവര്‍ത്തിക്കൂ..." ഗെറിക്ക്‌ മൈക്രോഫോണിലൂടെ പറഞ്ഞു.

അന്തരീക്ഷത്തിലെ പ്രക്ഷുബ്ധാവസ്ഥ മൂലമുള്ള അപശബ്ദങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നിശബ്ദത മാത്രം.

"എല്ലാവരും പോയി... അവരെല്ലാവരും... ക്യാരി അങ്കിള്‍... ഹാരി... എല്ലാവരും..." ജാനറ്റ്‌ വിതുമ്പി.

പെട്ടെന്ന് നെക്കറുടെ സ്വരം വീണ്ടും എത്തി. "ഡോയ്‌ഷ്‌ലാന്‍ഡുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്‌... അതിന്റെ പാമരം ഒടിഞ്ഞ്‌ മുകളില്‍ വീണത്‌ കൊണ്ടാണ്‌ ഗണ്‍ബോട്ട്‌ മുങ്ങിയത്‌... ആറുപേര്‍ ജീവനോടെ സുരക്ഷിതരായി ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കിലുണ്ട്‌..."

"ആറുപേര്‍ രക്ഷപെട്ടിരിക്കുന്നു..." ഗെറിക്ക്‌ പെട്ടെന്ന് പരിഭാഷപ്പെടുത്തി.

ജീന്‍ അദ്ദേഹത്തിന്റെ കൈയില്‍ മുറുകെ പിടിച്ചു. "ആരൊക്കെ... എനിക്കിപ്പോള്‍ അറിയണം..."

"അഡ്‌മിറല്‍ റീവ്‌, ലെഫ്റ്റനന്റ്‌ ജാഗോ, പിന്നെ വേറെ നാലുപേരും..." നെക്കര്‍ തുടര്‍ന്നു.

ഗെറിക്ക്‌, ജീനിന്റെ നേരെ തിരിഞ്ഞു. "അദ്ദേഹം സുരക്ഷിതനാണ്‌ മിസ്സിസ്‌ സിന്‍ക്ലെയര്‍... തല്‍ക്കാലത്തേക്കെങ്കിലും ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കില്‍ അദ്ദേഹം സുരക്ഷിതനാണ്‌..." പിന്നെ അദ്ദേഹം ജാനറ്റിന്റെ നേരെ കണ്ണിറുക്കിയിട്ട്‌ പറഞ്ഞു. "നിന്റെ ലെഫ്റ്റനന്റും അതേ..."

നെക്കറുടെ സ്വരം വീണ്ടും എത്തി. "ഇനി എന്ത്‌...? അവരോട്‌ ഞാന്‍ എന്താണ്‌ പറയേണ്ടത്‌...?"

ഗഹനമായി എന്തോ ആലോചിച്ചുകൊണ്ട്‌ ഗെറിക്ക്‌ അല്‍പ്പനേരം ഇരുന്നു. ശേഷം മൈക്രോഫോണിലൂടെ ജര്‍മ്മന്‍ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു.

"താങ്കള്‍ക്ക്‌ ഉറപ്പുണ്ടോ...? താങ്കള്‍ തന്നെ അത്‌ ചെയ്യുമോ...?" നെക്കര്‍ അദ്ദേഹത്തോട്‌ ചോദിച്ചു.

"ഞാന്‍ വാക്ക്‌ തരുന്നു..."

"താങ്കള്‍ പറഞ്ഞത്‌ അവരോട്‌ ഞാന്‍ പറയാം... പക്ഷേ, വേറൊരു പ്രശ്നമുണ്ട്‌... കണക്കാക്കിയതിലും പത്ത്‌ മിനിറ്റ്‌ അധികമായിരിക്കുന്നു... തിരിച്ച്‌ അവിടെയെത്താനുള്ള ഇന്ധനം കരുതണ്ടേ...?"

"ഇതില്‍ കൂടുതല്‍ യാതൊന്നും ഇനി താങ്കളെക്കൊണ്ട്‌ ചെയ്യാന്‍ കഴിയില്ല സ്നേഹിതാ... ഡോയ്‌ഷ്‌ലാന്‍ഡിനോട്‌ പറഞ്ഞിട്ട്‌ തിരിച്ച്‌ പൊയ്‌ക്കോളൂ..."

"എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌...? താങ്കള്‍ എന്തൊക്കെയാണ്‌ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്‌...?" ജാനറ്റ്‌ ഇടയില്‍ കയറി ചോദിച്ചു.

അവളോട്‌ നിശബ്ദമായിരിക്കാന്‍ ഗെറിക്ക്‌ ആംഗ്യം കാണിച്ചു. നെക്കറുടെ ശബ്ദം വീണ്ടും മുഴങ്ങി.

"താങ്കള്‍ പറഞ്ഞതിനെക്കുറിച്ച്‌ ഞാന്‍ ബെര്‍ഗറോട്‌ സംസാരിച്ചു..."

"അദ്ദേഹം അത്‌ അഡ്‌മിറലിനോട്‌ പറഞ്ഞുവോ...?"

"പറഞ്ഞു... മാത്രമല്ല, ഒരു അസാധാരണമായ സന്ദേശം താങ്കള്‍ക്ക്‌ തരുവാന്‍ അദ്ദേഹം എന്നെ ഏല്‍പ്പിക്കുകയും ചെയ്തു..."

"എന്താണത്‌...?"

"താങ്കള്‍ ഈ യുദ്ധത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കാനുള്ള സമയം ഇനിയും ആയിട്ടില്ലേ എന്ന്... എന്താണ്‌ സംഭവം...? താങ്കള്‍ക്ക്‌ വല്ലതും മനസ്സിലായോ...?"

"ആഹ്‌... കുറച്ചൊക്കെ... പിന്നെ, സ്നേഹിതാ, ഇനി താങ്കള്‍ തിരികെ പോയേ തീരൂ..."

"ഗുഡ്‌ ബൈ സര്‍... താങ്കളെ പരിചയപ്പെടാനും സംസാരിക്കാനും സാധിച്ചത്‌ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി തന്നെയാണ്‌..." നെക്കര്‍ പറഞ്ഞു.

"താങ്കളെയും ഹേര്‍ ഹോപ്റ്റ്‌മാന്‍..."

പിന്നെ അപശബ്ദങ്ങള്‍ മാത്രം. ഗെറിക്ക്‌ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ ഒരു സിഗരറ്റ്‌ എടുത്തു. "അങ്ങനെ അതും..."

"എന്താണ്‌ സംഭവിക്കുന്നത്‌ ഗെറിക്ക്‌...?" ജാനറ്റ്‌ വീണ്ടും തുടങ്ങി.

എന്നാല്‍ മര്‍ഡോക്ക്‌ അവളെ തടഞ്ഞു. "സമാധാനപ്പെടൂ കുട്ടീ..."

അദ്ദേഹം ഗെറിക്കിന്റെയടുത്തേക്ക്‌ ചേര്‍ന്ന് നിന്നു. "എന്താണ്‌ കമാന്‍ഡര്‍...?"

"നെക്കറിന്‌ തിരികെ പോകാനുള്ള സമയം ആയിരിക്കുന്നു. ഇന്ധനത്തിന്റെ പ്രശ്നമാണ്‌... അദ്ദേഹം പോകുന്നതിന്‌ മുമ്പ്‌ ഡോയ്‌ഷ്‌ലാന്‍ഡിലേക്ക്‌ അവസാനമായി ഒരു സന്ദേശം കൂടി അയക്കുവാന്‍ ഞാന്‍ പറഞ്ഞു..."

"എന്തായിരുന്നു അത്‌...?"

"എങ്ങനെയെങ്കിലും കുറേ നേരം കൂടി പിടിച്ചുനില്‍ക്കുക... ലൈഫ്‌ബോട്ടുമായി നാം ഉടന്‍ തന്നെ ചെല്ലുന്നുണ്ടെന്ന്..."

"പക്ഷേ, എങ്ങനെ...? അസാദ്ധ്യമാണത്‌... ബോട്ട്‌ കിടക്കുന്നത്‌ സൗത്ത്‌ ഇന്‍ലെറ്റിലാണ്‌..." ജീന്‍ പറഞ്ഞു.

"ഇനി ഒരു പക്ഷേ, ബോട്ട്‌ ഇറക്കുവാന്‍ സാധിച്ചാല്‍ തന്നെ, ഇത്ര ശക്തിയായ കാറ്റുള്ളപ്പോള്‍ ആ പാറക്കെട്ടുകള്‍ തരണം ചെയ്ത്‌ പുറംകടലിലേക്ക്‌ ഇറങ്ങുവാന്‍ സാധിക്കില്ല... ഞാന്‍ അത്‌ താങ്കളോട്‌ നേരത്തെ പറഞ്ഞിരുന്നുവല്ലോ..." മര്‍ഡോക്ക്‌ പറഞ്ഞു.

"അതിന്‌ സൗത്ത്‌ ഇന്‍ലെറ്റില്‍ നിന്ന് ബോട്ട്‌ ഇറക്കുന്ന കാര്യമല്ല ഞാന്‍ പറയുന്നത്‌... ഇവിടുത്തെ ഹാര്‍ബറില്‍ നിന്ന്..."

മര്‍ഡോക്ക്‌ തലയാട്ടി. "ഭ്രാന്ത്‌... നടക്കുന്ന കാര്യമല്ല അത്‌... അഥവാ ഇനി അത്‌ സാധിക്കുമെങ്കില്‍ തന്നെ, ദ്വീപിന്റെ അങ്ങേയറ്റത്ത്‌ നിന്ന് ബോട്ട്‌ ഇവിടം വരെ വലിച്ചുകൊണ്ടുവന്നാല്‍ തന്നെ, ആരാണ്‌ ബോട്ട്‌ കടലിലേക്ക്‌ കൊണ്ടുപോകുക...?" അദ്ദേഹം തന്റെ ഒടിഞ്ഞ കൈയിലേക്ക്‌ നോക്കി. "ഇതുപോലുള്ള കാലാവസ്ഥയില്‍ ഒരു കൈ കൊണ്ട്‌ മാത്രം എന്നെക്കൊണ്ടത്‌ സാധിക്കില്ല..."

"ബോട്ടുമായി ഞാന്‍ തന്നെ വരുന്നു എന്നാണ്‌ അവരോട്‌ പറഞ്ഞിരിക്കുന്നത്‌..." ഗെറിക്കിന്റെ മുഖം തികച്ചും ശാന്തമായിരുന്നു.

"എന്റെ ആശയം എന്താണെന്ന് വളരെ വ്യക്തമായി അവരോട്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌..." അദ്ദേഹം ആ വനിതകളുടെ നേര്‍ക്ക്‌ തിരിഞ്ഞു. "അഡ്‌മിറലിനും ജാഗോയ്ക്കും കാര്യത്തിന്റെ ഗൗരവം അറിയാം. തങ്ങളുടെ പ്രാണരക്ഷക്കുള്ള ഒരേയൊരു മാര്‍ഗ്ഗം ഇത്‌ മാത്രമാണെന്നും അവര്‍ക്കറിയാം..."

പെട്ടെന്ന് വാതില്‍ ശക്തിയോടെ തുറക്കപ്പെട്ടു. ഓടിക്കിതച്ചുകൊണ്ട്‌ ലാക്ലന്‍ മുറിയിലേക്ക്‌ കടന്നു. ഏറെ ദൂരം ഓടിയതിന്റെ വിഷമം കൊണ്ട്‌ അവന്‍ നെഞ്ച്‌ തിരുമ്മുന്നുണ്ടായിരുന്നു.

"എന്താണ്‌ കുട്ടീ...? കാര്യമെന്താണെന്ന് പറയൂ..." മര്‍ഡോക്ക്‌ ദൃഢസ്വരത്തില്‍ ചോദിച്ചു.

"കുന്നിന്‍ മുകളില്‍ നിന്നാണ്‌ ഞാന്‍ വരുന്നത്‌..." ശ്വാസമെടുക്കുവാന്‍ വിഷമിച്ച്‌ അവന്‍ പറഞ്ഞു. "ആളുകള്‍ മുഴുവനും അവിടെ കൂടിയിട്ടുണ്ട്‌... ഡോയ്‌ഷ്‌ലാന്‍ഡ്‌ ദൃഷ്ടിപഥത്തില്‍ എത്തിയിരിക്കുന്നു..."


* * * * * * * * * * * * * * * * * * * * * * * * * * * *

കുന്നിന്‍ മുകളില്‍ എത്തിയപ്പോള്‍ കാറ്റ്‌ അതിശക്തമായിരുന്നു. കാറ്റ്‌, തന്നെ പിറകോട്ട്‌ തള്ളിയിടുമെന്ന് ജാനറ്റിന്‌ തോന്നി. അവള്‍ ഗെറിക്കിന്റെ കൈയില്‍ മുറുകെ പിടിച്ചു. ജീന്‍ സിന്‍ക്ലെയറിന്റെ ഇരുവശങ്ങളിലുമായി മര്‍ഡോക്കും ലാക്ലനും അവര്‍ക്ക്‌ പിന്നില്‍ കുന്നിന്‍ മുകളിലേക്ക്‌ വരുന്നുണ്ടായിരുന്നു.

അവര്‍ക്കൊപ്പമുണ്ടായിരുന്ന ഏതാണ്ട്‌ അമ്പതോളം വരുന്ന സ്ത്രീകളില്‍ ഭൂരിഭാഗവും, സ്ഥലത്തില്ലാത്ത തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ഓയില്‍സ്കിന്‍ കോട്ടുകള്‍ ധരിച്ചിട്ടുണ്ടായിരുന്നു. കൊടുംതണുപ്പില്‍ നിന്ന് അല്‍പ്പമെങ്കിലും ആശ്വാസത്തിനായി അവര്‍ തലയില്‍ ചെറിയ ബ്ലാങ്കറ്റ്‌ ചുറ്റിയിരുന്നു.

കടല്‍, സംഹാരരുദ്രയായി ഇളകി മറിയുകയാണ്‌. ആലിപ്പഴവര്‍ഷത്തോടുകൂടിയ കനത്ത മഴയും ഉയര്‍ന്നുതെറിക്കുന്ന ജലകണങ്ങളും മൂലം ദൂരക്കാഴ്ച വളരെ മോശമായിരുന്നു. എന്നിട്ടും, ഏതാനും മൈലുകള്‍ അകലെ ഒരു വലിയ തിരയുടെ മുകളിലേക്ക്‌ കയറുന്ന കപ്പലിനെ അവര്‍ക്ക്‌ കാണുവാന്‍ സാധിച്ചു. രണ്ട്‌ പാമരങ്ങള്‍ മാത്രമേ അപ്പോള്‍ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. ചെറിയ പായ അപ്പോഴും യഥാസ്ഥാനത്ത്‌ കാണാമായിരുന്നു.

മര്‍ഡോക്ക്‌ തന്റെ ബൈനോക്കുലറിലൂടെ ദൂരെ കടലിലേക്ക്‌ നോക്കി. "അതേ... ശരിക്കും അവര്‍ ദയനീയ അവസ്ഥയിലാണ്‌..." ബൈനോക്കുലര്‍ അല്‍പ്പം വടക്ക്‌ പടിഞ്ഞാറ്‌ ദിശയിലേക്ക്‌ അദ്ദേഹം മാറ്റി.

"അവര്‍ നേരെ വാഷിങ്ങ്‌ടണ്‍ റീഫിന്‌ അടുത്തേക്കാണ്‌ പോകുന്നത്‌...!!!" ലാക്ലന്‍ പറഞ്ഞു.

"അതേ... അങ്ങോട്ട്‌ തന്നെയാണ്‌...!!!" ആ ജനക്കൂട്ടത്തില്‍ നിന്ന് ആരോ ഉച്ചത്തില്‍ നിലവിളിച്ചു. അത്‌ കേട്ടപാടെ വേറെയും രണ്ടുമൂന്ന് പേരുടെ നിലവിളി ഉയര്‍ന്നു. കൈകള്‍ വിടര്‍ത്തി ആ വനിതകള്‍ മുന്നോട്ട്‌ നീങ്ങി. കപ്പലിനെ അവിടെ തടഞ്ഞ്‌ നിര്‍ത്താന്‍ എന്നവണ്ണം അവര്‍ തങ്ങളുടെ ദുര്‍ബലശബ്ദത്തില്‍ അലമുറയിട്ടുകൊണ്ടിരുന്നു. വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്ന പാറക്കെട്ടിനടുത്തേക്കാണ്‌ കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

ഗെറിക്ക്‌ യാതൊന്നും ഉരിയാടാതെ, മര്‍ഡോക്കിന്റെ കൈയില്‍ നിന്ന് ബൈനോക്കുലേഴ്‌സ്‌ വാങ്ങി ദൂരെ കടലിലേക്ക്‌ ഫോക്കസ്‌ ചെയ്തു. കടല്‍ ഇരമ്പിമറിയുകയാണ്‌. ഏതാണ്ട്‌ നൂറ്‌ അടിയെങ്കിലും ഉയരത്തിലേക്ക്‌ ജലകണങ്ങള്‍ ഉയര്‍ന്ന് ചിന്നിച്ചിതറുന്നു. ആ തിരമാലകള്‍ക്ക്‌ മുകളിലൂടെ ഏകദേശം മുന്നൂറ്‌ വാര മാത്രം അകലെയുള്ള ആ പാറക്കെട്ടിനരികിലേക്ക്‌ ഡോയ്‌ഷ്‌ലാന്‍ഡ്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകള്‍ ഭയന്ന് നിലവിളിച്ചു.

"കപ്പല്‍ അതില്‍ ചെന്ന് ഇടിക്കുവാന്‍ പോകുകയാണ്‌... അതൊഴിവാക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണുന്നില്ല..." ബൈനോക്കുലേഴ്‌സ്‌ തിരികെ വാങ്ങിയിട്ട്‌ മര്‍ഡോക്ക്‌ പറഞ്ഞു.

വീണ്ടും ബൈനൊക്കുലേഴ്‌സിലുടെ നോക്കിയിട്ട്‌ അദ്ദേഹം അല്‍പ്പനേരം എന്തോ ആലോചിച്ചു. പെട്ടെന്ന് പിന്തിരിഞ്ഞ അദ്ദേഹത്തിന്റെ മുഖത്ത്‌ ഇപ്പോള്‍ നേരിയ പ്രത്യാശ കാണാമായിരുന്നു.

"വാഷിങ്ങ്‌ടണ്‍ റീഫിന്‌ മുകളില്‍ കപ്പല്‍ കുറേ നേരം തങ്ങി ഇരിക്കും... ഉടന്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമുക്ക്‌ സമയമുണ്ട്‌..." അദ്ദേഹം ജനക്കൂട്ടത്തിന്‌ നേരെ കൈ ഉയര്‍ത്തി വീശി. "എല്ലാവരും എന്റെ കൂടെ വരൂ...!"

അദ്ദേഹം ധൃതിയില്‍ കുന്നിന്‍ചരുവിലൂടെ താഴോട്ടിറങ്ങി. ഗെറിക്കും ജാനറ്റും ജീന്‍ സിന്‍ക്ലെയറും ലാക്ലനും... ആ ജനക്കൂട്ടം മുഴുവനും അദ്ദേഹത്തെ അനുഗമിച്ചു. നിമിഷനേരത്തിനുള്ളില്‍ ആ കുന്നിന്‍മുകള്‍ തീര്‍ത്തും വിജനമായിത്തീര്‍ന്നു.

ദേവാലയത്തിന്റെ സമീപത്ത്‌ നിന്നായിരുന്നു ട്രോളി ട്രാക്ക്‌ തുടങ്ങിയിരുന്നത്‌. അവിടെ എത്തിയതും മര്‍ഡോക്ക്‌ പള്ളിയങ്കണത്തില്‍ കയറി ഉള്ളിലേക്ക്‌ നടന്നു. അടുത്ത നിമിഷം, ആ ദേവാലയത്തില്‍ നിന്ന് തുടര്‍ച്ചയായി കൂട്ടമണി മുഴങ്ങുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Wednesday, November 17, 2010

സ്റ്റോം വാണിംഗ്‌ - 69

അത്യന്തം പ്രക്ഷുബ്ധമായ സമുദ്രത്തില്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌ ആടിയുലഞ്ഞുകൊണ്ടിരുന്നു. ഒന്നിന്‌ പിറകെ മറ്റൊന്നായി ഉയരുന്ന ഓരോ തിരയുടെയും ഗര്‍ത്തഭാഗത്തേക്ക്‌ അത്‌ തലകുത്തിയിറങ്ങും. പിന്നെ വളരെ വിഷമിച്ച്‌ അടുത്ത തിരയുടെ മുകളിലേക്ക്‌ കയറും . സലൂണില്‍ ഇപ്പോള്‍ രണ്ടോ മൂന്നോ അടി വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്‌. അതിന്റെ നിരപ്പ്‌ ക്രമേണ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌ കണ്ടുനില്‍ക്കാനേ അവര്‍ക്ക്‌ ആകുമായിരുന്നുള്ളൂ. ബെര്‍ഗറുടെ ക്യാബിനില്‍ പ്രേയ്‌ഗറും കന്യാസ്ത്രീകളും തല്‍ക്കാലം സുരക്ഷിതരാണെന്ന് പറയാം.

ക്വാര്‍ട്ടര്‍ ഡെക്കില്‍ വീലിനടുത്ത്‌ റിക്ടറും രണ്ട്‌ സഹായികളും നില്‍ക്കുന്നുണ്ട്‌. തിരമാലകള്‍ ഓരോന്നായി ഡെക്കിന്‌ മുകളിലൂടെ അടിച്ച്‌ കടന്നുപോകുമ്പോള്‍ ബെര്‍ഗര്‍ അഴികളില്‍ മുറുകെ പിടിച്ചുകൊണ്ട്‌ നിന്നു. അപ്പുറത്ത്‌ നാലുപേര്‍ അവിരാമമായി പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. തിരമാലകളോടൊപ്പം ഒലിച്ചുപോകാതിരിക്കാനായി അവരെ പാമരത്തോടെ ചേര്‍ത്ത്‌ കയര്‍ കൊണ്ട്‌ കെട്ടിയിരിക്കുകയാണ്‌. തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൊണ്ട്‌ വലിയ പ്രയോജനമൊന്നുമില്ലെന്ന് അവര്‍ക്കും അറിയാമായിരുന്നു.

ബെര്‍ഗര്‍ ആകാശത്തേക്ക്‌ നോക്കി. അപ്പോഴും മുകളില്‍ ചുറ്റി പറന്നുകൊണ്ടിരിക്കുന്ന ജങ്കേഴ്‌സ്‌-88Sനെ കണ്ട്‌ ആ കൊടുംതണുപ്പിലും അദ്ദേഹം അത്ഭുതം കൂറി. ഈ കൊടുങ്കാറ്റിനിടയിലും നെക്കര്‍ എങ്ങിനെ പിടിച്ചു നില്‍ക്കുന്നു...! സ്റ്റേം ക്യാബിന്‌ പുറത്തേക്ക്‌ വന്ന് കോണി വഴി ഡെക്കിലെത്തി.

ബെര്‍ഗറുടെ തൊട്ടടുത്ത്‌ വന്ന് അവന്‍ ചെവിയില്‍ ഉറക്കെ പറഞ്ഞത്‌ പോലും കാറ്റ്‌ തട്ടിപ്പറിച്ചുകൊണ്ടുപോയി. എന്താണെന്ന് മനസ്സിലാകാതെ നോക്കിക്കൊണ്ട്‌ നിന്ന ബെര്‍ഗറുടെ കൈയില്‍ പിടിച്ച്‌ അവന്‍ വലത്‌ വശത്തേക്ക്‌ ചൂണ്ടിക്കാണിച്ചു. ബെര്‍ഗര്‍ തിരിഞ്ഞുനോക്കി. ഏതാണ്ട്‌ ഇരുനൂറ്‌ വാര അകലെ ഒരു തിരയുടെ മുകളിലേക്ക്‌ കയറി ഒരു നിമിഷം അവിടെ നില്‍ക്കുന്ന ഡെഡ്‌ എന്‍ഡിനെ അദ്ദേഹം കണ്ടു. അടുത്ത നിമിഷം അത്‌ തല കുത്തി താഴോട്ടിറങ്ങി അവരുടെ ദൃഷ്ടിപഥത്തില്‍ നിന്നും അപ്രത്യക്ഷമായി.


* * * * * * * * * * * * * * * * * * * * * * * * * * * *


ഗണ്‍ബോട്ടിന്റെ സകല ജാലകങ്ങളും ചിന്നിച്ചിതറിയിരുന്നു. കതകുകള്‍ വിജാഗിരിയില്‍ നിന്ന് ഇളകിത്തുടങ്ങിയിരിക്കുന്നു. പീറ്റേഴ്‌സണും ചാനിയും വളരെ ബുദ്ധിമുട്ടി വീല്‍ നിയന്ത്രിക്കുന്നു. റീവ്‌ ഒരു മൂലയില്‍ അഴികളില്‍ മുറുകെപ്പിടിച്ച്‌ കൂനിക്കൂടി ഇരിക്കുന്നു. ജാഗോയും ജന്‍സണും ചാര്‍ട്ട്‌ ടേബിളിനരികിലിരുന്ന് ഡോയ്‌ഷ്‌ലാന്‍ഡിനെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌.

കൊടുംതണുപ്പില്‍ ജാഗോയുടെ പല്ലുകള്‍ പരസ്പരം കൂട്ടിയിടിച്ചു. ശരീരം ആസകലം മരവിച്ചിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ മസ്തിഷ്ക്കം ജാഗ്രതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അസാദ്ധ്യമായ ഈ യജ്ഞം വിജയിക്കുകയാണെങ്കില്‍ അതൊരു മഹാത്ഭുതം തന്നെ ആയിരിക്കും. ഭയാനകമായ ഈ അവസ്ഥയില്‍ അത്‌ എങ്ങനെ സാധിച്ചെടുക്കും ?... ഇത്രയും പ്രക്ഷുബ്ധമായ സമുദ്രത്തെ ജീവിതത്തിലൊരിക്കലും താന്‍ അഭിമുഖീകരിച്ചിട്ടില്ല എന്നതാണ്‌ വാസ്തവം.

"ഇനി എന്ത്‌ ചെയ്യും...?" ജന്‍സണ്‍ അദ്ദേഹത്തോട്‌ വിളിച്ചു ചോദിച്ചു.

ഡോയ്‌ഷ്‌ലാന്‍ഡ്‌ വലതുഭാഗത്തേക്ക്‌ ചരിഞ്ഞപ്പോള്‍ അതിന്റെ ലീ-റെയില്‍ വെള്ളത്തിനടിയിലായി. പിന്നെ പതുക്കെ അത്‌ ഇടത്തോട്ട്‌ നിവരുവാന്‍ തുടങ്ങി.

"എനിക്കറിയില്ല ജന്‍സണ്‍... അവര്‍ പെട്ടെന്ന് തന്നെ ബോട്ടിലേക്ക്‌ കയറുമെങ്കില്‍ നമുക്ക്‌ ലീ-റെയിലിന്‌ അടിയിലേക്ക്‌ ചെല്ലാം..." ജാഗോ പറഞ്ഞു.

അവര്‍ക്ക്‌ തികച്ചും അജ്ഞാതമായ മേഖലയിലുള്ള ഒരു പ്രശ്നമായിരുന്നു അത്‌. ഇത്രയും കാലം കടലില്‍ ജീവിച്ചിട്ടും ഇതുപോലുള്ള ഒരവസ്ഥയെ അഭിമുഖികരിച്ചിട്ടില്ല. അദ്ദേഹം വീണ്ടും വീണ്ടും സംശയിച്ച്‌ നിന്നു. പക്ഷേ, ഓരോ നിമിഷവും നിര്‍ണായകമാണ്‌. ഡോയ്‌ഷ്‌ലാന്‍ഡിന്റെ ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് രണ്ടുപേര്‍ ആവേശത്തോടെ കൈകള്‍ ഉയര്‍ത്തി വീശുന്നുണ്ടായിരുന്നു. അങ്ങോട്ട്‌ ചെല്ലുവാന്‍ ആംഗ്യം കാണിച്ചുകൊണ്ടിരിക്കുന്ന ആള്‍ ബെര്‍ഗര്‍ ആയിരിക്കുമെന്ന് അദ്ദേഹം ഊഹിച്ചു.

"നമുക്ക്‌ അങ്ങോട്ട്‌ ചെല്ലാം... പെട്ടെന്ന് തന്നെ..." റീവ്‌ പരുഷമായി അലറി.

ജാഗോ, പീറ്റേഴ്‌സ്ന്റെ നേരെ തിരിഞ്ഞു. "ഓ.കെ... നേരെ ലീ-റെയിലിനടിയിലേക്ക്‌... വരുന്നിടത്ത്‌ വച്ച്‌ കാണാം..."

ബ്രിഡ്‌ജിലേക്ക്‌ നീങ്ങിയ ജാഗോയുടെ പിന്നാലെ റീവും നടന്നു. ജന്‍സണ്‍ ഡെക്കിലേക്കിറങ്ങി നാലഞ്ച്‌ പേരെ തയ്യാറാക്കി നിര്‍ത്തി.

ചാനിയുടെ നിയന്ത്രണത്തില്‍ ഡെഡ്‌ എന്‍ഡ്‌ അതിവേഗം മുന്നോട്ട്‌ കുതിച്ച്‌ തിരമാലയുടെ മുകളിലേക്ക്‌ കയറി. ബോട്ടിന്റെ മുന്‍ഭാഗം കപ്പലിന്റെ റെയിലില്‍ ചെന്ന് ശക്തിയായി ഇടിച്ചു നിന്നു. തിര കടന്നുപോയപ്പോള്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌ ഇടതുവശത്തേക്ക്‌ ചരിഞ്ഞു. തല്‍ഫലമായി ഡെഡ്‌ എന്‍ഡ്‌ കപ്പലിന്റെ റെയിലില്‍ നിന്ന് ഏതാണ്ട്‌ പതിനഞ്ച്‌ അടിയോളം താഴേക്ക്‌ പതിച്ചത്‌ പെട്ടെന്നായിരുന്നു. അടുത്ത നിമിഷം ഭീമാകാരമായ ഒരു തിര കപ്പലിന്റെ ഇടതുഭാഗത്ത്‌ ഉയര്‍ന്നു. ഏതാണ്ട്‌ നാല്‍പ്പത്‌ അടിയോളം ഉയരത്തില്‍ പാമരത്തിനൊപ്പം ഉയര്‍ന്ന ആ തിരമാല അതിന്‌ മുന്നില്‍ പെട്ട സകല വസ്തുക്കളെയും അടിച്ചുതെറിപ്പിച്ച്‌ ഒഴുക്കിക്കൊണ്ടുപോയി.

ജാഗോ, മുട്ടുകുത്തി അഴികളില്‍ മുറുക്കെ പിടിച്ച്‌ കിടന്നു. ചുറ്റിലും ഹരിതവര്‍ണ്ണത്തിലുള്ള വെള്ളം മാത്രം. ബോട്ട്‌ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്‌ തോന്നി. തന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന അഡ്‌മിറല്‍ റീവിനെ പിടിക്കുവാനായി തുനിഞ്ഞപ്പോഴാണ്‌ അടുത്ത തിര വന്നടിച്ചത്‌. അടുത്ത നിമിഷം അവര്‍ രണ്ടുപേരും മുന്നോട്ട്‌ എടുത്തെറിയപ്പെട്ടു. ആ തിര കടന്നുപോയപ്പോള്‍ ജാഗോ കണ്ടത്‌, താന്‍ അഡ്‌മിറലിന്‌ സമീപം ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കില്‍ കമഴ്‌ന്ന് കിടക്കുന്നതാണ്‌ !!!

അടുത്ത തിര ഉയരുന്നതിന്‌ മുമ്പ്‌ ബെര്‍ഗര്‍ ഓടിയെത്തി ജാഗോയെ പിടിച്ചുയര്‍ത്തി. വളരെ വിഷമിച്ച്‌ പായ്‌ക്കയറില്‍ മുറുക്കെപിടിച്ച്‌ തിരിഞ്ഞുനോക്കിയ ജാഗോ ഭയന്നുവിറച്ചുപോയി. ഡോയ്‌ഷ്‌ലാന്‍ഡിന്റെ ലീ-റെയിലിനടിയിലായി ഡെഡ്‌ എന്‍ഡ്‌ കടലിലേക്ക്‌ താഴ്‌ന്നുകൊണ്ടിരിക്കുന്നു !!! ആദ്യത്തെ തിര വന്നടിച്ചപ്പോള്‍ ഒടിഞ്ഞുപോയ പാമരം ഡെഡ്‌ എന്‍ഡിന്റെ മുകളിലേക്ക്‌ പതിച്ച്‌ കെട്ടുപിണഞ്ഞ്‌ കിടക്കുന്നു.

ബോട്ടിലുണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കിലേക്ക്‌ ചാടിക്കയറുന്നുണ്ടായിരുന്നു. മുഖം മുഴുവനും രക്തവുമായി പീറ്റേഴ്‌സണ്‍ ഉണ്ട്‌. പക്ഷെ, ചാനി ഇല്ല... ക്രാഫോര്‍ഡ്‌, ലോയ്‌ഡ്‌ എന്നിവര്‍ ഉണ്ട്‌... എന്നാല്‍ ജന്‍സന്റെ അടയാളം പോലും കാണാനുണ്ടായിരുന്നില്ല.

വീണ്ടും ഒരു തിര വന്ന് ശക്തിയായടിച്ചപ്പോള്‍ ജാഗോ കയറിലെ പിടി മുറുക്കി. പെട്ടെന്ന് ഡോയ്‌ഷ്‌ലന്‍ഡ്‌ തന്റെ കാല്‍ച്ചുവട്ടില്‍ താഴ്‌ന്നുകൊണ്ടിരിക്കുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. അരയ്ക്കൊപ്പം വെള്ളമായിരിക്കുന്നു. ഒടിഞ്ഞുവീണ പാമരത്തിന്റെയും അതില്‍ ഉടക്കി കിടക്കുന്ന ഗണ്‍ബോട്ടിന്റെയും ഭാരം മൂലം ഡോയ്‌ഷ്‌ലാന്‍ഡ്‌ താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌.

കൈയില്‍ ഒരു മഴുവുമായി റിക്ടര്‍ ക്വാര്‍ട്ടര്‍ഡെക്കില്‍ നിന്ന് പെട്ടെന്ന് ഇറങ്ങി വന്നു. പിന്നെ, ഒടിഞ്ഞ പാമരവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള കയറുകളില്‍ അദ്ദേഹം ആഞ്ഞുവെട്ടുവാന്‍ തുടങ്ങി. ഒരു മയക്കത്തിലെന്നപോലെ ജാഗോ അത്‌ ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു. പെട്ടെന്നാണ്‌ റീവ്‌ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി വിളിച്ച്‌ കടലിലേക്ക്‌ കൈ ചൂണ്ടിയത്‌.

ജന്‍സണ്‍ അവിടെയുണ്ടായിരുന്നു. പാമരം വീണ്‌ കുരുങ്ങിക്കിടക്കുന്ന ഗണ്‍ബോട്ടിന്റെ ഡെക്കില്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയാണദ്ദേഹം. അദ്ദേഹത്തിന്റെ ശിരസ്സിലെ ക്യാപ്പ്‌ നഷ്ടപ്പെട്ടിരുന്നു. ഒരു കൈ മുകളിലേക്കുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന അദ്ദേഹത്തെ കണ്ടതും ജാഗോ മുന്നോട്ട്‌ കുതിച്ച്‌ റിക്ടറെ പിടിച്ചു മാറ്റി.

പക്ഷെ, അടുത്ത നിമിഷം ജാഗോ, റിക്ടറുടെ ബലിഷ്ഠകരങ്ങളിലൊതുങ്ങി.

അത്‌ കണ്ട അഡ്‌മിറല്‍ റീവ്‌ വേദനയോടെ വിളിച്ചു പറഞ്ഞു. "തടയേണ്ട ജാഗോ... തടയേണ്ട... അതു ചെയ്തേ തീരൂ... അല്ലെങ്കില്‍ നമ്മളെല്ലാവരും കൂടി മുങ്ങും..."

ജാഗോ വീണ്ടും ജന്‍സന്റെ നേരെ നോക്കി. ഒരു സ്വപ്നത്തിലെന്നപോലെ ജന്‍സന്റെ സ്വരം തന്റെ കാതുകളില്‍ എത്തുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. "അത്‌ അനിവാര്യമാണ്‌ ലെഫ്റ്റനന്റ്‌... അത്‌ ചെയ്തേ തീരൂ..."

മനോവേദന സഹിക്കാന്‍ സാധിക്കാതെ അദ്ദേഹം പെട്ടെന്ന് റിക്ടറുടെ കൈയില്‍ നിന്ന് മഴു തട്ടിപ്പറിച്ചെടുത്തു. "ഡാംന്‍ യൂ... ഗോ റ്റു ഹെല്‍ ഓള്‍ ഓഫ്‌ യൂ..." ജാഗോ വേദനയോടെ അലറി.

അദ്ദേഹത്തിന്റെ മിഴികള്‍ നിറഞ്ഞിരുന്നു. നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം മഴു ഉയര്‍ത്തി. പിന്നെ താഴേക്ക്‌ പതിച്ചു. അടുത്ത നിമിഷം, മാനസിക വിഭ്രാന്തിക്കടിമപ്പെട്ടവനെപ്പോലെ അദ്ദേഹം ആ കയറുകളില്‍ ആഞ്ഞാഞ്ഞു വെട്ടി.

ഡോയ്‌ഷ്‌ലാന്‍ഡും ഗണ്‍ബോട്ടുമായുള്ള ബന്ധം വേര്‍പെട്ടതോടെ കപ്പല്‍ പെട്ടെന്ന് മുകളിലേക്കുയര്‍ന്നു. അതിന്റെ ആഘാതത്തില്‍ ജാഗോ പിന്നിലേക്ക്‌ മലര്‍ന്നടിച്ച്‌ വീണുപോയി. പെട്ടെന്ന് ചാടിയെഴുന്നേറ്റ അദ്ദേഹം കണ്ടത്‌, ഒടിഞ്ഞുവീണ പാമരവും, ഡെഡ്‌ എന്റും, അതില്‍ അവശേഷിച്ചിരുന്ന വസ്തുക്കളുമെല്ലാം കൂടി വെള്ളത്തില്‍ താഴ്‌ന്നുകൊണ്ടിരിക്കുന്നതാണ്‌. അവസാനമായി അദ്ദേഹം ജന്‍സനെ ഒരു നോക്കുകണ്ടു. കൈ ഉയര്‍ത്തി സാവധാനം വീശിക്കൊണ്ടിരിക്കുന്ന ജന്‍സനെ. അവരെയെല്ലാം അനുഗ്രഹിക്കുന്ന മട്ടില്‍ അപ്പോഴും അക്ഷോഭ്യനായി നിന്നുകൊണ്ട്‌ വിടപറയുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ ആത്മസംതൃപ്തി തെളിഞ്ഞുകാണാമായിരുന്നു. പെട്ടെന്നാണ്‌ അടുത്ത തിരമാല ഉയര്‍ന്നത്‌. ആ തിര കടന്നുപോയതും ജന്‍സണ്‍ നിന്നിരുന്ന ഇടം ശൂന്യമായിരുന്നു.

പൊട്ടിക്കരഞ്ഞുകൊണ്ട്‌ ജാഗോ മഴു കടലിലേക്ക്‌ വലിച്ചെറിഞ്ഞു. പിന്നെ തിരിഞ്ഞു നടന്നു.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Wednesday, November 10, 2010

സ്റ്റോം വാണിംഗ്‌ - 68

ചാര്‍ട്ട്‌ ടേബിളിന്‌ മുന്നിലിരിക്കുന്ന ജാഗോയുടെ തൊട്ടരികിലായി ജന്‍സണ്‍ നില്‍പ്പുണ്ട്‌. ക്രൂവിലെ മറ്റ്‌ അംഗങ്ങള്‍ വാതിലിനടുത്തും മറ്റുമായി കൂട്ടം കൂടി നില്‍ക്കുന്നു.

"അപ്പോള്‍ അങ്ങനെയാണ്‌ കാര്യങ്ങള്‍ ..." ജാഗോ പറഞ്ഞു. "നിങ്ങള്‍ക്കറിയാമല്ലോ, അത്ര നല്ല കാലാവസ്ഥയായിരിക്കില്ല അവിടെ... വരാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം മതി ഈ ട്രിപ്പില്‍ ... അല്ലാത്തവര്‍ക്ക്‌ തങ്ങളുടെ സാധനങ്ങളുമെടുത്ത്‌ ഈ നിമിഷം ജെട്ടിയിലേക്കിറങ്ങാം ... ഞാനൊരു തടസ്സവും പറയില്ല അതിന്‌... നിങ്ങളില്‍ വിവാഹിതരായിട്ടുള്ളവര്‍ തീര്‍ച്ചയായും പുറത്ത്‌ പോകണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്‌..."

അവരെ പ്രതിനിധീകരിച്ച്‌ ആദ്യം ഉരിയാടിയത്‌ പീറ്റേഴ്‌സണ്‍ ആയിരുന്നു. "ഇത്രയും കാലം നാമെല്ലാം ഒരുമിച്ചാണ്‌ കഴിഞ്ഞത്‌... കടലിലെ ഈ നീണ്ട സഹവര്‍ത്തിത്വത്തിനിടയില്‍ ഇത്തരം നിരര്‍ത്ഥകമായ വാക്കുകള്‍ താങ്കളില്‍ നിന്ന് ഞാന്‍ കേള്‍ക്കുന്നത്‌ ഇതാദ്യമായിട്ടാണ്‌ സര്‍ ... പറയുന്നതില്‍ ക്ഷമിക്കണം ..."

"ലെഫ്റ്റനന്റ്‌... അദ്ദേഹം തന്റെ സാഹിത്യഭാഷയില്‍ വളച്ചുകെട്ടി പറയനുദ്ദേശിക്കുന്നത്‌ എന്താണെന്നറിയുമോ...? നാം എപ്പോഴാണ്‌ പുറപ്പെടുന്നതെന്ന്..." ജന്‍സണ്‍ പറഞ്ഞു.

ജാഗോ തന്റെ വാച്ചിലേക്ക്‌ നോക്കി. "ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഇപ്പോഴത്തെ പൊസിഷനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുമായി അഡ്‌മിറല്‍ റീവ്‌ ഇപ്പോഴെത്തും . പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കുള്ളില്‍ നമുക്ക്‌ പുറപ്പെടുവാന്‍ സാധിക്കും ... " അദ്ദേഹം ക്രൂവിലെ അംഗങ്ങളുടെ നേര്‍ക്ക്‌ മുഖമുയര്‍ത്തി. "ഇപ്പോള്‍ എല്ലാം വ്യക്തമായില്ലേ...? ഇനി എന്തിനാണ്‌ വായും തുറന്ന് നോക്കി നില്‍ക്കുന്നത്‌...?"

* * * * * * * * * * * * * * * * * * * * * * * * * * * *

മര്‍ഡോക്കിനെ കിടക്കയില്‍ കിടത്തിയിട്ട്‌ വാതില്‍ പതുക്കെ ചാരി ജാനറ്റ്‌ സ്വീകരണമുറിയിലേക്ക്‌ നടന്നു. റേഡിയോയുടെ മുന്നിലിരിക്കുന്ന ഗെറിക്കിന്‌ സമീപം റീവും ജീനും ഇരിക്കുന്നുണ്ടായിരുന്നു.

അഡ്‌മിറല്‍ അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു. "അദ്ദേഹത്തിന്‌ എങ്ങനെയുണ്ട്‌...?"

"കൈയ്യുടെ മുകള്‍ഭാഗത്തെ എല്ല് ഒടിഞ്ഞതാണ്‌. ഒരു സ്‌പ്ലിന്റ്‌ വച്ചുകെട്ടിയിട്ടുണ്ട്‌... വേദന അറിയാതിരിക്കാന്‍ ഒരു ഇന്‍ജക്ഷനും കൊടുത്തു. കുറച്ച്‌ സമയം അദ്ദേഹം ഉറങ്ങട്ടെ... ആട്ടെ, ഇവിടുത്തെ കാര്യങ്ങള്‍ എന്തായി...?"

"അത്ര നല്ലതല്ല... നെക്കറുമായി റേഡിയോ ബന്ധം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞില്ല... ചിലപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ സ്റ്റോം ആകാനും സാദ്ധ്യതയുണ്ട്‌..."

ഗെറിക്ക്‌ അപ്പോഴും ആശ കൈവെടിഞ്ഞിരുന്നില്ല. ജര്‍മ്മന്‍ ഭാഷയില്‍ അദ്ദേഹം വിളിച്ചുകൊണ്ടിരുന്നു. "കം ഇന്‍ നെക്കര്‍ ... കം ഇന്‍ പ്ലീസ്‌..."

പെട്ടെന്ന് വളരെ പതിഞ്ഞ സ്വരത്തില്‍ നെക്കറുടെ സ്വരം കേള്‍ക്കാറായി. എങ്കിലും ആകാംക്ഷയോടെ കാത്തിരുന്ന അവര്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ സാധിച്ചു.

"നെക്കര്‍ ഹിയര്‍ ഗെറിക്ക്‌... കഴിഞ്ഞ അര മണിക്കൂറായി ഞാന്‍ താങ്കളെ വിളിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു... എന്താണ്‌ സംഭവിക്കുന്നത്‌...?"

"ഞങ്ങള്‍ക്ക്‌ കണക്ഷന്‍ കിട്ടുന്നില്ല.. അത്ര മാത്രം ..." ഗെറിക്ക്‌ പറഞ്ഞു. "അന്തരീക്ഷം അത്രമാത്രം പ്രക്ഷുബ്ധമാണ്‌... പിന്നെ വേറൊരു പ്രശ്നമുണ്ടായി... ലൈഫ്‌ബോട്ട്‌ ഇറക്കുവാന്‍ സാധിക്കുന്നില്ല... പക്ഷേ, വിഷമിക്കണ്ട, മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് ഒരു ഗണ്‍ ബോട്ട്‌ ഇപ്പോള്‍ തന്നെ പുറപ്പെടുന്നുണ്ട്‌... ഇപ്പോഴത്തെ പൊസിഷന്‍ അറിയിക്കുമല്ലോ... ഡോയ്‌ഷ്‌ലാന്‍ഡിന്റെ അവസ്ഥയെങ്ങനെ...? ഇപ്പോഴും സമ്പര്‍ക്കം കിട്ടുന്നുണ്ടോ...?"

"വളരെ പ്രയാസപ്പെട്ടിട്ടാണ്‌ ബന്ധം ലഭിക്കുന്നത്‌... അവരുടെ സിഗ്നല്‍ വളരെ വീക്ക്‌ ആണ്‌... എന്തായാലും ഒരു മണിക്കൂര്‍ കൂടി ഞങ്ങള്‍ക്കിവിടെ പറക്കാന്‍ സാധിക്കും . പിന്നെ....?"

"ഓ, അങ്ങനെയൊരു പ്രശ്നമുണ്ടല്ലോ..."

ഒരു പേപ്പറില്‍ ഗെറിക്ക്‌ ഡോയ്‌ഷ്‌ലാന്‍ഡിന്റെ വിശദവിവരങ്ങള്‍ എഴുതിയെടുത്ത്‌ റീവിന്റെ കൈയില്‍ കൊടുത്തു. അദ്ദേഹം അത്‌ പോക്കറ്റിലിട്ടു. "ഞാന്‍ ഇത്‌ ജാഗോയ്ക്ക്‌ കൊടുക്കട്ടെ..."

അദ്ദേഹം വാതിലിന്‌ നേര്‍ക്ക്‌ നടന്നപ്പോള്‍ ജീന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കൈയില്‍ പിടിച്ചു. "ക്യാരീ... അവിടെ ചെന്ന് വേണ്ടാത്തതൊന്നും ചെയ്തേക്കരുത്‌... അവരുടെ കൂടെ പോകുകയോ മറ്റോ... ചെയ്യുമോ...?"

"ഈ വയസ്സുകാലത്തോ...? ഡാര്‍ലിംഗ്‌, നീയിങ്ങനെ തമാശ പറയരുത്‌..." അവരെ മൃദുവായി ചുംബിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു.

അദ്ദേഹം പെട്ടെന്ന് പുറത്തേക്ക്‌ നടന്നു. ജീന്‍ തിരിഞ്ഞു. അവരുടെ മുഖം അസ്വസ്ഥമായിരുന്നു. "എനിക്കറിയാം ജാനറ്റ്‌... അദ്ദേഹം അവര്‍ക്കൊപ്പം പോകാന്‍ തന്നെയാണ്‌..."

"അല്ലാതെ പിന്നെ നിങ്ങളെന്താണ്‌ പ്രതീക്ഷിച്ചത്‌...?" ജാനറ്റ്‌ തണുപ്പന്‍ മട്ടില്‍ ചോദിച്ചു.

അവള്‍ അടുക്കളയിലേക്ക്‌ കടന്ന് കതകടച്ചു. ഗെറിക്ക്‌, ജീനിന്റെ കരം തന്റെ കൈയിലെടുത്ത്‌ ഒരു നിമിഷം മുറുകെപ്പിടിച്ചു. നെക്കറുടെ സ്വരം വീണ്ടും കേള്‍ക്കാറായി. "അവര്‍ ഇനിയും പുറപ്പെട്ടില്ലേ...?"

"യെസ്‌, ദേ ആര്‍ ഓണ്‍ ദി വേ..."

"എനിക്കൊരു പ്രശ്നമുണ്ട്‌... ഇനി ഒരു മണിക്കൂറും പതിനഞ്ച്‌ മിനിട്ടും മാത്രം ... പിന്നെ ഞങ്ങള്‍ക്ക്‌ മടങ്ങേണ്ടി വരും ... ഇന്ധനത്തിന്റെ പ്രശ്നമാണ്‌..."

"ഞാന്‍ മനസ്സിലാക്കുന്നു നെക്കര്‍ ... " ഗെറിക്ക്‌ പറഞ്ഞു. "സമയമാകുമ്പോള്‍ തിരികെ പൊയ്ക്കോളൂ... യുവര്‍ ഡിസിഷന്‍ ..."

റേഡിയോ സ്വിച്ച്‌ ഓഫ്‌ ചെയ്ത്‌ അദ്ദേഹം ജീനിന്റെ നേര്‍ക്ക്‌ നോക്കി മന്ദഹസിച്ചു. "അവരവിടെ കടലില്‍ സാഹസികത പ്രകടിപ്പിക്കാന്‍ പോയിരിക്കുന്നു... നമുക്കിവിടെ നിങ്ങളുടെ അടുക്കളയിലെ ചുടുചായയുടെ രുചിയൊന്ന് പരിശോധിക്കാം ..."

* * * * * * * * * * * * * * * * * * * * * * * * * * * *

എന്‍ജിന്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ തയ്യാറായി നില്‍ക്കുന്ന ഡെഡ്‌ എന്റിന്റെ ബ്രിഡ്‌ജിലേക്ക്‌ റീവ്‌ കയറി. മേശപ്പുറത്തെ ചാര്‍ട്ടിലേക്ക്‌ നോക്കി കുനിഞ്ഞിരിക്കുന്ന ജാഗോയുടെ മുമ്പില്‍ അദ്ദേഹം ഗെറിക്ക്‌ കൊടുത്ത പേപ്പര്‍ വച്ചു.

അത്‌ നോക്കി ജാഗോ പെട്ടെന്ന് തന്നെ ലക്ഷ്യസ്ഥാനം തിട്ടപ്പെടുത്തി. "അപ്പോള്‍ അവിടെയാണ്‌... ശരി, ഞങ്ങളിനി പുറപ്പെടുകയാണ്‌..."

"ഞാനും നിങ്ങളുടെ കൂടെ വരുന്നു..."

വീലിനരികില്‍ നിന്നിരുന്ന പീറ്റേഴ്‌സണ്‍ തല ചരിച്ച്‌ നോക്കി. ജന്‍സണ്‍ നിര്‍വികാരനായി അദ്ദേഹത്തെ നോക്കിക്കൊണ്ട്‌ നിന്നു.

"അഡ്‌മിറല്‍ ... അത്‌ അത്ര നല്ല ഐഡിയ ആണെന്ന് എനിക്ക്‌ തോന്നുന്നില്ല..." ജാഗോ പറഞ്ഞു.

"എന്നെ കൊണ്ടുപോകണമെന്ന് ആജ്ഞാപിക്കാനുള്ള അധികാരം എനിക്കുണ്ട്‌..."

"എന്നാല്‍, അങ്ങേയറ്റത്തെ ബഹുമാനത്തോടെ തന്നെ ഒരു കാര്യം താങ്കളോട്‌ പറയാന്‍ ഞാനും ആഗ്രഹിക്കുന്നു... കുറച്ച്‌ പഴഞ്ചന്‍ ബോട്ടാണെങ്കിലും ഇതിന്റെ കമാന്‍ഡര്‍ എന്ന് നിലയ്ക്ക്‌ ഞാന്‍ പറയുന്നതായിരിക്കും ഇവിടെ അവസാന വാക്ക്‌..."

റീവിന്റെ പത്തി താഴ്‌ന്നു. "എന്നാല്‍ ശരി ലെഫ്റ്റനന്റ്‌... ഞാന്‍ ആജ്ഞാപിക്കുകയല്ല, അപേക്ഷിക്കുകയാണ്‌... കഴിയുമെങ്കില്‍ എന്നെയും കൂടി കൊണ്ടുപോകൂ..."

"ശരി... ബട്ട്‌, യൂ ഹാവ്‌ റ്റു ഒബേ മൈ ഓര്‍ഡേഴ്‌സ്‌... താങ്കള്‍ക്ക്‌ മനസ്സിലായോ...?"

"തീര്‍ച്ചയായും ..."

ജാഗോ തല കുലുക്കിയിട്ട്‌ ജന്‍സന്റെ നേരെ തിരിഞ്ഞു. "ഓ.കെ ചീഫ്‌... നമുക്ക്‌ പുറപ്പെടാം ..."

* * * * * * * * * * * * * * * * * * * * * * * * * * * *

നെക്കറുടെ ആവേശം നിറഞ്ഞ ശബ്ദം പെട്ടെന്ന് റേഡിയോയില്‍ കേള്‍ക്കാറായി... "കം ഇന്‍ ഗെറിക്ക്‌ !... കം ഇന്‍ !..."

"ഉച്ചത്തില്‍ വളരെ വ്യക്തമായി കേള്‍ക്കാം ... എന്താണ്‌ കാര്യം ...?" ഗെറിക്ക്‌ ചോദിച്ചു.

"എനിക്കത്‌ കാണാം ... ഗണ്‍ബോട്ടിനെ കാണാം ... വലത്‌ വശത്ത്‌ ഏതാണ്ട്‌ അര മൈല്‍ മാറി ഭീമാകാരമായ തിരമാലകളുടെ മുകളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു...!"

"അദ്ദേഹത്തിന്‌ ഡെഡ്‌ എന്‍ഡിനെ കാണാമെന്ന്..." ഗെറിക്ക്‌ പറഞ്ഞു.

"മൈ ഗോഡ്‌...!" അദ്ദേഹത്തിന്റെ ചുമലില്‍ മുറുകെ പിടിച്ചുകൊണ്ട്‌ ജാനറ്റ്‌ ദീര്‍ഘശ്വാസമെടുത്തു.

"ഞാന്‍ ഇവിടെത്തന്നെയുണ്ടാകും ... താങ്കള്‍ വളരെ അടുത്ത്‌ പറന്ന് അവരുമായി ബന്ധം പുലര്‍ത്തൂ..." ഗെറിക്ക്‌ നെക്കറോട്‌ പറഞ്ഞു.

ബെഡ്‌റൂമിന്റെ വാതില്‍ തുറന്ന് മര്‍ഡോക്ക്‌ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ കൈ സ്ലിങ്ങില്‍ ഇട്ടിരുന്നു. കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് അറിയാം . കണ്ണുകളില്‍ മയക്കത്തിന്റെ ലാഞ്ഛന.

"എന്താണ്‌ സംഭവം ...?" അദ്ദേഹം ആരാഞ്ഞു.

ജാനറ്റ്‌ അദ്ദേഹത്തെ കസേരയുടെ അരികിലേക്ക്‌ പിടിച്ച്‌ നടത്തി.

"എഴുന്നേറ്റ്‌ നടക്കാറായിട്ടില്ല... താങ്കള്‍ക്കിപ്പോള്‍ വിശ്രമമാണ്‌ വേണ്ടത്‌..."

അദ്ദേഹം കസേരയിലേക്ക്‌ കുഴഞ്ഞ്‌ ഇരുന്നു. എന്നിട്ട്‌ ഗെറിക്കിനോട്‌ ചോദിച്ചു. "എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ കമാന്‍ഡര്‍ ...?"

"ലെഫ്റ്റനന്റ്‌ ജാഗോ അങ്ങോട്ട്‌ പോയിട്ടുണ്ട്‌...'

"അഡ്‌മിറലോ...?"

"ഞങ്ങള്‍ക്ക്‌ തോന്നുന്നത്‌ അദ്ദേഹവും കൂടെ പോയിട്ടുണ്ടെന്നാണ്‌..."

"അവര്‍ എന്നെയും കൂടെ കൂട്ടേണ്ടതായിരുന്നു... ഈ കളിയില്‍ എങ്ങനെ നില്‍ക്കണമെന്ന് എനിക്കറിയാം ... അവര്‍ക്കറിയില്ല... ദൈവം തുണയ്ക്കട്ടെ അവരെയെല്ലാം ..." ഒരു പരാജിതന്റെ ഭാവമായിരുന്നു അദ്ദേഹത്തിന്റെ സ്വരത്തിനപ്പോള്‍ .


* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Wednesday, November 3, 2010

സ്റ്റോം വാണിംഗ്‌ - 67

ഫാഡാ ദ്വീപില്‍ കാറ്റ്‌ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്‌. ജീവനുള്ള വസ്തുവിനെ പോലെ സര്‍വ്വശക്തിയോടെ അത്‌ ആ ട്രോളിയെ പിറകോട്ട്‌ വലിക്കുന്നത്‌ പോലെ തോന്നി. മര്‍ഡോക്കിന്റെയും ജാഗോയുടെയും സംയുക്തശ്രമത്തില്‍ ട്രോളി അല്‍പ്പാല്‍പ്പമായി മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരുന്നു.

വീതി കുറഞ്ഞ ആ റെയില്‍പ്പാത ലൈഫ്‌ബോട്ട്‌ സ്റ്റേഷനരികിലാണ്‌ അവസാനിക്കുന്നത്‌. ശ്വാസം നിലച്ചുപോകുന്ന കാഴ്ചയായിരുന്നു അവിടെയെത്തി കടലിലേക്ക്‌ നോക്കിയ അവര്‍ കണ്ടത്‌. നോക്കെത്താ ദൂരത്തോളം വെളുത്ത നുരയോടെ ഇളകി മറിയുന്ന കടല്‍ . ഭീമാകാരങ്ങളായ തിരമാലകള്‍ ഒന്നിനു പിറകേ ഒന്നൊന്നായി സാവധാനം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഹാര്‍ബറിന്റെ കവാടത്തില്‍ ഉയരുന്ന തിരകളുടെ ഗര്‍ത്തഭാഗത്ത്‌ കരിമ്പാറക്കെട്ടുകള്‍ തെളിഞ്ഞു കാണാമായിരുന്നു.

"ബോട്ട്‌ ഇറക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ...?" അലറുന്ന കാറ്റിന്റെ ശബ്ദത്തിനിടയില്‍ റീവ്‌ മര്‍ഡോക്കിന്റെ ചെവിയില്‍ വിളിച്ചു ചോദിച്ചു.

"സംശയമാണ്‌..." ആ വൃദ്ധന്‍ പറഞ്ഞു.

ലൈഫ്‌ബോട്ട്‌ സ്റ്റേഷന്‌ ചുറ്റും ആളുകള്‍ വട്ടംകൂടി നിന്നിരുന്നു. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്‌. അവര്‍ മൂന്ന് പേരും കൂടി ട്രാക്കിലൂടെ താഴോട്ട്‌ നടക്കുമ്പോള്‍ ആരോ പിന്നില്‍ ഓടിവരുന്ന ശബ്ദം കേട്ടു. അടുത്ത നിമിഷം ലാക്ലന്‍ അവര്‍ക്കൊപ്പമെത്തി.

"വിവരമറിഞ്ഞയുടന്‍ ഞാന്‍ ഇങ്ങോട്ട്‌ ഓടുകയായിരുന്നു..." ശ്വാസമെടുക്കുവാന്‍ വിഷമിച്ചു കൊണ്ട്‌ അവന്‍ പറഞ്ഞു. "മേരിസ്‌ ടൗണിലുള്ളവരെല്ലാം എന്റെ പിന്നാലെ വരുന്നുണ്ട്‌. ഞാനും വരട്ടേ ലൈഫ്‌ബോട്ടില്‍ ...?"

"ഞങ്ങള്‍ ആറ്‌ പേരുണ്ട്‌... അത്‌ മതിയാവും ലാക്ലന്‍ ..." മര്‍ഡോക്ക്‌ പറഞ്ഞു.

ആ ചെറിയ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്ന് മര്‍ഡോക്ക്‌ ബോട്ട്‌ ഹൗസിനുള്ളിലേക്ക്‌ കയറി. ക്രൂവിലെ മറ്റ്‌ അംഗങ്ങള്‍ മഞ്ഞ ഓയില്‍സ്കിന്‍ കോട്ടുകളും ലൈഫ്‌ ജാക്കറ്റുകളുമായി ബോട്ടിനുള്ളില്‍ കാത്തുനിന്നിരുന്നു.

ബോട്ട്‌ ഹൗസില്‍ നിന്ന് ഹാര്‍ബറിലേക്കിറങ്ങുന്ന ഗെയ്റ്റ്‌ തുറക്കപ്പെട്ടു. മര്‍ഡോക്ക്‌ തന്റെ ഓയില്‍സ്കിന്‍ കോട്ട്‌ എടുത്ത്‌ ധരിച്ചിട്ട്‌ ഒന്നോ രണ്ടോ വാര താഴോട്ട്‌ നീങ്ങി ഹാര്‍ബറിന്റെ കവാടം കാണാവുന്നതുപോലെ നിന്നു. എന്നിട്ട്‌ മറ്റ്‌ അംഗങ്ങളുടെ നേരെ നോക്കി.

"ഒരേ ഒരു അവസരം ... ഈ ഉദ്യമത്തിന്റെ വിജയ സാദ്ധ്യത വെറും പത്ത്‌ ശതമാനം മാത്രമാണ്‌... എങ്കിലും നമുക്ക്‌ ശ്രമിച്ചുനോക്കാം. ദയനീയാവസ്ഥയില്‍ ഒരു കപ്പല്‍ പുറംകടലില്‍ കിടക്കുന്നു. അതില്‍ സ്ത്രീകളുമുണ്ട്‌. നാം ഇപ്പോള്‍ പോയില്ലെങ്കില്‍ പിന്നെ പോകേണ്ട ആവശ്യമേയുണ്ടാകില്ല. കടലിലെ അവസ്ഥ ഇവിടെ കാണുന്നത്‌ പോലെയാകില്ല അവിടെ... ആര്‍ക്കെങ്കിലും എന്നോട്‌ എതിരഭിപ്രായമുണ്ടെങ്കില്‍ അത്‌ തുറന്ന് പറഞ്ഞിട്ട്‌ ബോട്ടില്‍ നിന്ന് ഇറങ്ങിപ്പോകാം ..."

വളരെ ശാന്തതയോടെ ആയിരുന്നു അദ്ദോഹം ഓരോ വാചകവും പറഞ്ഞത്‌.

"ഇനി ആരെ കാത്താണ്‌ നമ്മള്‍ നില്‍ക്കുന്നത്‌? അതോ ഇന്നും മുഴുവനും ഇങ്ങനെ പ്രസംഗിച്ചുകൊണ്ട്‌ നില്‍ക്കുവാനാണോ പരിപാടി...?" നരച്ച താടിയുള്ള ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണ്‍ അക്ഷമ കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

"എന്നാല്‍ ശരി... നമുക്ക്‌ നീങ്ങാം ..." മര്‍ഡോക്ക്‌ കോണിയിലൂടെ മുകളിലേക്ക്‌ കയറി.

ചുറ്റും കൂടിയിരുന്ന സ്ത്രീകളെല്ലാം കുറച്ചുകൂടി മുന്നോട്ട്‌ നീങ്ങി. അവര്‍ ഉത്ക്കണ്ഠയോടെ തമ്മില്‍ തമ്മില്‍ പതുക്കെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ബോട്ട്‌ ഹൗസില്‍ നിന്ന് മൊറാഗ്‌ സിന്‍ക്ലെയര്‍ മുന്നോട്ടിറങ്ങി. പിന്നെ സാമാന്യം വേഗതയോടെ സ്ലിപ്പ്‌വേയിലൂടെ നിരങ്ങി വെള്ളത്തിലേക്ക്‌ പ്രവേശിച്ചു. മുന്നോട്ടുള്ള ചലനത്തിന്റെ വേഗതയില്‍ ബോട്ടിന്റെ മുന്‍ഭാഗം വെള്ളത്തിനടിയിലേക്ക്‌ ഊളിയിടുന്നത്‌ പോലെ തോന്നി. കടല്‍വെള്ളം ഉയര്‍ന്ന് മുകളിലേക്ക്‌ തെറിച്ചു.

ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകളുടെ മുകളിലൂടെ ബോട്ട്‌ മുന്നോട്ട്‌ നീങ്ങി. പെട്ടെന്നാണ്‌ ഹാര്‍ബറിന്റെ കവാടത്തില്‍ വലിയ ഒരു തിര വന്നടിച്ച്‌ ചിതറിയത്‌. ഒരു നിമിഷനേരത്തേക്ക്‌ അവിടെ കറുത്ത പാറക്കെട്ടുകള്‍ തെളിഞ്ഞുകണ്ടു. കരയില്‍ നില്‍ക്കുന്നവര്‍ ശ്വാസമടക്കിപ്പിടിച്ച്‌ നിന്നു. ഓരിയിടുന്ന കാറ്റിന്റെ ശബ്ദം മാത്രം .

"ഇതത്ര നല്ല ലക്ഷണമല്ല..." റീവ്‌ പറഞ്ഞു. "അവരെക്കൊണ്ടതിന്‌ കഴിയില്ല... വെറും ഭ്രാന്ത്‌... ആ തിരമാലകള്‍ക്ക്‌ ഏതാണ്ട്‌ മുപ്പതടിയെങ്കിലും ഉയരം കാണും ... തെറ്റായ നിമിഷത്തിലാണ്‌ അവര്‍ തിരയുടെ മുകളിലെത്തുന്നതെങ്കില്‍ തകര്‍ന്ന് തരിപ്പണമായിപ്പോകും ..."

എന്നാല്‍ പൊടുന്നനെ വേഗത വര്‍ദ്ധിപ്പിച്ച്‌ മൊറാഗ്‌ മുന്നോട്ട്‌ കുതിച്ചു.

"ആ പാറക്കെട്ടിന്‌ മുകളില്‍ അടുത്ത തിര വരുമ്പോള്‍ അതിന്‌ മീതെ കടക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌..." ജാഗോ വിളിച്ചു പറഞ്ഞു.

ചിലപ്പോള്‍ അത്‌ പ്രാവര്‍ത്തികമായേക്കാം . മര്‍ഡോക്ക്‌ പറഞ്ഞത്‌ പോലെ പത്തിലൊരംശം മാത്രമേയുള്ളൂ സാദ്ധ്യത. പെട്ടെന്നാണ്‌ കാറ്റ്‌ പൂര്‍വ്വാധികം ശക്തിയോടെ ആഞ്ഞടിച്ചത്‌. കരയില്‍ നിന്നിരുന്നവരില്‍ ഏതോ ഒരു സ്ത്രീ ഭയത്താല്‍ അലറി വിളിച്ചു. മൊറാഗ്‌ ഒന്ന് ആടിയുലഞ്ഞ്‌ പെട്ടെന്ന് ഇടത്‌ വശത്തേക്ക്‌ വെട്ടിത്തിരിഞ്ഞു. എന്നിട്ട്‌, തൊട്ടടുത്ത്‌ ഉയര്‍ന്ന തിരയുടെ മുകളിലേക്ക്‌ കയറി. അതിന്‌ തൊട്ടുതാഴെ അപ്പോള്‍ കരിമ്പാറക്കെട്ടുകള്‍ തെളിഞ്ഞ്‌ കാണാമായിരുന്നു.

"അവര്‍ അതില്‍ തട്ടി തകരുവാന്‍ പോകുകയാണ്‌..." റീവ്‌ അലറി വിളിച്ചു.

അടുത്ത നിമിഷം ഏതാണ്ട്‌ മുപ്പതോ നാല്‍പ്പതോ അടി ഉയരമുള്ള പര്‍വ്വതാകാരമായ ഒരു തിര ഹാര്‍ബറിന്റെ കവാടത്തിലേക്കുയര്‍ന്നു. അതിന്‌ മുന്നില്‍ ആ ബോട്ടിന്‌ ഒന്നും ചെയ്യുവാന്‍ കഴിയുമായിരുന്നില്ല. അത്‌ ബോട്ടിനെ പൊക്കിയെടുത്ത്‌ കരയോട്‌ ചേര്‍ന്ന് കൊണ്ടുവന്നിട്ടു. ധവളവര്‍ണ്ണത്തില്‍ വെള്ളം ബോട്ടിനു ചുറ്റും ചിന്നിച്ചിതറി. അപ്രതീക്ഷിതമായ ആ ആഘാതത്തില്‍ രണ്ട്‌ പേര്‍ ബോട്ടിന്‌ പുറത്തേക്ക്‌ ഒലിച്ചു പോയി.

വെള്ളത്തില്‍ ഉയര്‍ന്നുവന്ന മഞ്ഞ ഓയില്‍സ്കിന്‍ കണ്ട ഉടനെ ജാഗോ കടലിലേക്കോടിയിറങ്ങി. കണ്ണുകളടച്ച്‌ പല്ലുകള്‍ കടിച്ചുപിടിച്ച്‌ തന്റെ തൊട്ടടുത്ത്‌ പൊങ്ങി വന്ന ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണെ അദ്ദേഹം കണ്ടു.

ജാഗോയുടെ പിന്നാലെ മറ്റുള്ളവരും അരയ്ക്കൊപ്പം വെള്ളത്തിലേക്ക്‌ ഓടിയിറങ്ങി. ഒരു കണ്ണിന്റെ സ്ഥാനത്തുള്ള ശൂന്യമായ ദ്വാരം മറച്ചിരുന്ന ഐ-പാച്ച്‌ തന്റെ സ്വാധീനമുള്ള കൈ കൊണ്ട്‌ ചേര്‍ത്ത്‌ പിടിക്കാന്‍ ബദ്ധപ്പെട്ട്‌ അഡ്‌മിറല്‍ റീവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ജാഗോ തന്റെ അരികില്‍ രണ്ടാമതായി ഉയര്‍ന്നു വന്ന മഞ്ഞ ഓയില്‍സ്കിന്നിന്റെ ഉടമയെ - ജെയിംസ്‌ സിന്‍ക്ലെയറെ എത്തിപ്പിടിച്ചു. എന്നിട്ട്‌ പതഞ്ഞു പൊങ്ങുന്ന വെള്ളത്തിലൂടെ പിറകോട്ട്‌ വലിച്ചു. അപ്പോഴേക്കും കരയിലുള്ളവര്‍ അദ്ദേഹത്തെയും ഏറ്റുവാങ്ങി.

അടുത്ത കുറേ നിമിഷങ്ങള്‍ ആകെപ്പാടെ ശബ്ദായമാനമായിരുന്നു. ഒച്ചപ്പാടുകളും നിലവിളികളും കൊണ്ട്‌ അവിടം മുഖരിതമായി. ഓരോ തിര വന്നടിക്കുമ്പോഴും മൊറാഗ്‌ സിന്‍ക്ലെയര്‍ കരയിലേക്ക്‌ നിരങ്ങി കയറിക്കൊണ്ടിരുന്നു. ആരോ ഒരാള്‍ നീളമുള്ള ഒരു കയര്‍ ബോട്ടിലേക്ക്‌ എറിഞ്ഞുകൊടുത്തു. അപ്പോഴേക്കും ബോട്ട്‌ ഹൗസില്‍ നിന്ന് കൂടുതല്‍ കയറുകളുമായി സ്ത്രീകള്‍ ഓടി വന്നു.

ജാഗോ കയര്‍ വലിച്ചുകൊണ്ട്‌ മുന്നോട്ട്‌ നീങ്ങി. അദ്ദേഹത്തിന്റെ പുറത്ത്‌ കടല്‍വെള്ളത്തിന്റെ നുരയും പതയും വന്നടിച്ചുകൊണ്ടിരുന്നു. ലാക്ലനും റീവും തൊട്ടുപിന്നില്‍ തന്നെയുണ്ട്‌. ബോട്ടിനെ ബന്ധിപ്പിച്ച കയര്‍ വലിച്ച്‌ നീങ്ങുന്നതിനിടയില്‍ അദ്ദേഹം മുന്നോട്ട്‌ കമഴ്‌ന്ന് വീണുപോയി. അടുത്ത നിമിഷം സ്വബോധം വീണ്ടെടുത്ത അദ്ദേഹം ചാടിയെഴുന്നേറ്റു. അപ്പോള്‍ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. പത്ത്‌ പന്ത്രണ്ട്‌ സ്ത്രീകള്‍ തങ്ങളുടെ സ്കേര്‍ട്ടുകള്‍ മടക്കി അരയില്‍ കുത്തി അവര്‍ക്കൊപ്പം ആ കയറില്‍ സര്‍വ്വശക്തിയുമെടുത്ത്‌ ആഞ്ഞ്‌ വലിക്കുന്നു!

പെട്ടെന്ന് വീശിയ കാറ്റ്‌ അദ്ദേഹത്തിന്റെ കണ്ണുകളില്‍ മണല്‍ത്തരികള്‍ അടിച്ചുകയറ്റി. കണ്ണുകള്‍ ഇറുക്കിയടച്ച്‌ അദ്ദേഹം കയര്‍ വലിച്ചുകൊണ്ടിരുന്നു. കയര്‍ ഉരഞ്ഞ്‌ അദ്ദേഹത്തിന്റെ ചുമലില്‍ നീറുന്നുണ്ടായിരുന്നു. പിന്നീട്‌ മുട്ടുകുത്തിക്കൊണ്ടായിരുന്നു മുന്നോട്ടുള്ള നീക്കം. പതുക്കെ കണ്ണ്‌ തുറന്ന് നോക്കിയ അദ്ദേഹം കണ്ടത്‌ ഏതാണ്ടെല്ലാവരും തന്നെ സമാനമായ അവസ്ഥയില്‍ കയര്‍ വലിച്ചുകൊണ്ടിരിക്കുന്നതാണ്‌. നിമിഷങ്ങള്‍ക്കകം മൊറാഗ്‌ സിന്‍ക്ലെയര്‍ ഒരു വശത്തേക്ക്‌ ചരിഞ്ഞ്‌ തീരത്തേക്ക്‌ കയറി സുരക്ഷിതമായ സ്ഥാനത്തായിക്കഴിഞ്ഞിരുന്നു.

ജാഗോയും റീവും ചാടിയെഴുന്നേറ്റ്‌ ബോട്ടിന്‌ നേര്‍ക്ക്‌ നടന്നു. മര്‍ഡോക്ക്‌ ബോട്ടിനുള്ളില്‍ നിന്ന് ഡെക്കിലേക്ക്‌ കയറി. അദ്ദേഹത്തിന്റെ മുഖം വിളറി വെളുത്ത്‌ വേദനയാല്‍ പുളഞ്ഞിരുന്നു.

"താങ്കള്‍ക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ...?" റീവ്‌ വിളിച്ചു ചോദിച്ചു.

"ചെറിയ ഒരു പാറയില്‍ ബോട്ടിടിച്ചപ്പോള്‍ എനിക്കും ഒരു തട്ട്‌ കിട്ടി... സാരമില്ല..."

ജാഗോ ബോട്ടിന്‌ ചുറ്റും ഒരു വലം വച്ച്‌ പരിശോധിച്ചു.

"പുറമേ ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നേയുള്ളൂ... സ്ക്രൂകള്‍ക്കൊന്നും ഇളക്കം തട്ടിയിട്ടില്ല..." അദ്ദേഹം പറഞ്ഞു.

"അതെന്തെങ്കിലുമാകട്ടെ... ആര്‍ക്കും ജീവഹാനിയുണ്ടായില്ലെന്നതാണ്‌ അത്ഭുതകരം ..." റീവ്‌ പറഞ്ഞു.

മര്‍ഡോക്ക്‌ കയറേണി ബോട്ടിന്റെ ഡെക്കില്‍ നിന്ന് താഴേക്ക്‌ കൊളുത്തി. എന്നിട്ട്‌ ബദ്ധപ്പെട്ട്‌ താഴേക്കിറങ്ങി. ജനക്കൂട്ടം അദ്ദേഹത്തിനടുത്തേക്ക്‌ തിക്കിതിരക്കി നീങ്ങി. അദ്ദേഹത്തിന്റെ ഇടതുകൈ തോളില്‍ നിന്നുള്ള ബന്ധം വേര്‍പെട്ടതുപോലെ ആടുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയ്ക്ക്‌ സാരമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ജഗോയ്ക്ക്‌ മനസ്സിലായി.

ആ വൃദ്ധന്‍ ഒരു വശത്തേക്ക്‌ വേച്ച്‌ വേച്ച്‌ വീഴാന്‍ ഭാവിച്ചപ്പോള്‍ ജാഗോ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു.

"താങ്കള്‍ക്കെന്തെങ്കിലും പറ്റിയോ...?" അദ്ദേഹം ചോദിച്ചു.

മര്‍ഡോക്ക്‌ അദ്ദേഹത്തെ തള്ളിമാറ്റി. "എന്റെ കാര്യം കളയൂ..."

പിന്നെ റീവിന്‌ നേര്‍ക്ക്‌ തിരിഞ്ഞിട്ട്‌ തുടര്‍ന്നു. "അവിടെ ഒരു കപ്പല്‍ ആലംബമില്ലാതെ അലയുന്നു... അതിലാണെങ്കില്‍ സ്ത്രീകളുമുണ്ട്‌... പക്ഷെ, എന്ത്‌ ചെയ്യാം ...? നമുക്കിനി യാതൊന്നും തന്നെ ചെയ്യാനില്ല..."

"അതിനെന്താ, ഡെഡ്‌ എന്‍ഡ്‌ അവിടെയുണ്ടല്ലോ..." പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ട്‌ ജാഗോ തിരിഞ്ഞു നോക്കി. അല്‍പ്പം കഴിഞ്ഞിട്ടാണ്‌ അദ്ദേഹത്തിന്‌ മനസ്സിലായത്‌, ആ പറഞ്ഞത്‌ താന്‍ തന്നെ ആയിരുന്നു എന്ന്‌ !


* * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)