പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Sunday, March 13, 2011

സ്റ്റോം വാണിംഗ്‌ - എഴുതാതെ പോയത്‌...

സ്റ്റോം വാണിങ്ങിന്റെ അവസാന ലക്കം വിവര്‍ത്തനം ചെയ്ത്‌ കഴിഞ്ഞതും മനസ്സില്‍ വല്ലാത്തൊരു വിങ്ങലായിരുന്നു. മേശയില്‍ തല ചായ്ച്ചുറങ്ങുന്ന അഡ്‌മിറല്‍ റീവ്‌... അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന തൂലിക...

കാട്രീനയുമായി കടന്ന ഗെറിക്കിന്‌ എന്ത്‌ സംഭവിച്ചിരിക്കും...? ക്യാപ്റ്റന്‍ ബെര്‍ഗറുടെയും സിസ്റ്റര്‍ ആഞ്ചലയുടെയും സംഘത്തിന്റെ ഭാവി എന്തായിരിക്കും...? എല്ലാം വായനക്കാര്‍ക്ക്‌ വിട്ടുതന്നിട്ട്‌, വായനക്കാരുടെ മനസ്സില്‍ എന്നും വിങ്ങല്‍ അവശേഷിപ്പിച്ചുകൊണ്ട്‌ അതിവിദഗ്ദ്ധമായി പിന്‍വാങ്ങിയ ജാക്ക്‌ ഹിഗ്ഗിന്‍സ്‌...

ജാക്ക്‌ ഹിഗ്ഗിന്‍സ്‌ നിറുത്തിയിടത്ത്‌ പ്രിയകഥാപാത്രങ്ങളെ ഉപേക്ഷിക്കുവാന്‍ എനിക്ക്‌ മനസ്സ്‌ വന്നില്ല. അതിനടുത്ത ദിവസങ്ങളില്‍ എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാകുക... കഴിഞ്ഞ കുറേ ദിവസങ്ങളായി അതായിരുന്നു എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത്‌... ജാക്ക്‌ ഹിഗ്ഗിന്‍സിന്റെ തൂലിക കടം വാങ്ങി നമ്മുടെ പ്രിയ കഥാപാത്രങ്ങളെ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നു...അനന്തരം...


മേരിസ്‌ ടൗണ്‍ ഹാര്‍ബറില്‍ നിന്ന് കൊണ്ട്‌ അഡ്‌മിറല്‍ റീവ്‌ ദൂരെ കടലിലേക്ക്‌ നോക്കി. കൊടുങ്കാറ്റിന്റെ താണ്ഡവത്തിന്‌ ശേഷം ശാന്തമാണ്‌ കടല്‍ ഇപ്പോള്‍. ക്യാപ്റ്റന്‍ മറേയുടെയൊപ്പം, ഗെറിക്കിനെ കൂടാതെ വെറും കൈയോടെ തിരിച്ചു പോയ ലെഫ്റ്റനന്റ്‌ ജാഗോ ഇന്ന് വരേണ്ടതാണ്‌. റേഡിയോയുടെ വാല്‍വ്‌ കിട്ടിയിട്ട്‌ വേണം പുറം ലോകവുമായി ബന്ധപ്പെടാന്‍.

യുദ്ധത്തിലേക്ക്‌ ചാടിയിറങ്ങാനുള്ള അദമ്യമായ ആഗ്രഹമെല്ലാം എങ്ങോ പോയ്‌ മറഞ്ഞിരിക്കുന്നു. ഡോയ്‌ഷ്‌ലാന്റിന്റെ ദുരന്തം അദ്ദേഹത്തിന്റെ ചിന്താഗതിയെ അപ്പാടെ മാറ്റി മറിച്ചു കളഞ്ഞു. യു.എസ്‌ നേവിയില്‍ നിന്നും താന്‍ വിരമിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള കത്ത്‌ ജാനറ്റിനെ ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.

"ജനറല്‍ ഐസന്‍ഹോവറിനോട്‌ പറഞ്ഞേക്കൂ, അദ്ദേഹം എന്നെ തോല്‍പ്പിച്ചിരിക്കുന്നുവെന്ന്... ശിഷ്ടകാലം ഞാന്‍ ഇവിടെ ഫാഡാ ദ്വീപില്‍ തന്നെ കഴിയാനാഗ്രഹിക്കുന്നുവെന്ന്..."

യുദ്ധത്തിന്റെ നിരര്‍ത്ഥകത അത്ര മാത്രം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ക്യാപ്റ്റന്‍ ബെര്‍ഗറുടെ സംഘത്തില്‍ അവശേഷിച്ചവരുടെ ഭാവി കാര്യങ്ങള്‍ ദ്വീപിലെ മജിസ്ട്രേറ്റ്‌ എന്ന നിലയില്‍ ജീന്‍ സിന്‍ക്ലെയറാണ്‌ തീരുമാനിച്ചത്‌. ശത്രു രാജ്യത്തിലെ പൗരന്മാരായിട്ടും അവരെ സഖ്യകക്ഷികള്‍ക്ക്‌ കൈമാറാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. യുദ്ധം അവസാനിക്കുന്നത്‌ വരെ അവരെല്ലാം ഫാഡാ ദ്വീപില്‍ തന്നെ കഴിയട്ടെ എന്നായിരുന്നു അവര്‍ വിധിച്ചത്‌.

സിസ്റ്റര്‍ ആഞ്ചലയുടെ നേതൃത്വത്തിലുള്ള കന്യാസ്ത്രീ സംഘത്തെ സെന്റ്‌ മണ്‍ഗോ ദേവാലയത്തിലെ ആരാധാനാനുഷ്ഠാനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. മര്‍ഡോക്ക്‌ ആയിരുന്നു അക്കാര്യത്തില്‍ ഏറ്റവുമധികം സന്തോഷിച്ചത്‌.

ക്യാപ്റ്റന്‍ ബെര്‍ഗറുടെ സംഘത്തിന്‌ താമസിക്കുവാനായി പോലീസ്‌ സ്റ്റേഷനിലെ സെല്ലുകള്‍ തുറന്നു കൊടുത്തു. എന്നാല്‍ ഇത്തവണ കൈയില്‍ റൈഫിളുമായി ലാക്ലന്‍ അവര്‍ക്ക്‌ കാവല്‍ ഇരിക്കുന്നുണ്ടായിരുന്നില്ല. ഒരു തുറന്ന ജയില്‍. യുദ്ധം അവസാനിക്കുന്നതോടെ സ്വദേശമായ ജര്‍മ്മനിയിലേക്ക്‌ തിരികെ പോകാമെന്ന വ്യവസ്ഥയില്‍ ഒരു തുറന്ന ജയില്‍ വാസം. യുദ്ധത്തടവുകാര്‍ എന്ന അവസ്ഥയില്‍ ബ്രിട്ടന്റെയോ അമേരിക്കയുടെയോ ഏതെങ്കിലും തടവറകളില്‍ കഴിയുന്നതുമായി താരതമ്യം ചെയ്താല്‍ അവര്‍ക്കത്‌ സ്വര്‍ഗ്ഗം തന്നെയായിരുന്നു.

അഡ്‌മിറല്‍ റീവ്‌ വീണ്ടും കടലിലേക്ക്‌ കണ്ണോടിച്ചു. നിരാശയായിരുന്നു ഫലം. ജാഗോ വരുന്ന ലക്ഷണമൊന്നും കാണാനില്ല. ഹാര്‍ബറില്‍ കിടക്കുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെ അദ്ദേഹം ആരാധനയോടെ നോക്കി. ഗെറിക്കിന്റെ നാവിക വൈദഗ്ദ്ധ്യം ഒന്ന് കൊണ്ട്‌ മാത്രമാണ്‌ ആ ദുരന്ത മുഖത്ത്‌ നിന്ന് തങ്ങളെല്ലാം രക്ഷപെട്ടത്‌. അതുകൊണ്ട്‌ തന്നെ, ഗെറിക്കിനെ രക്ഷപെടാന്‍ അനുവദിക്കുക എന്ന തീരുമാനം എടുത്തതില്‍ അദ്ദേഹത്തിന്‌ ഒട്ടും പശ്ചാത്താപം തോന്നിയില്ല. മര്‍ഡോക്കിന്റെ പിന്തുണ കൂടി അക്കാര്യത്തില്‍ ലഭിച്ചപ്പോള്‍ വാസ്തവത്തില്‍ അതിയായ ചാരിതാര്‍ത്ഥ്യമാണ്‌ അദ്ദേഹത്തിനുണ്ടായത്‌. ഗെറിക്കിന്റെ വിവരങ്ങളൊന്നും പിന്നീട്‌ അറിയാന്‍ കഴിയാതിരുന്നത്‌ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കൈവശമുള്ള ബൈനോക്കുലേഴ്‌സ്‌ എടുത്ത്‌ ഫോക്കസ്‌ ചെയ്ത്‌ ചക്രവാളത്തിലേക്ക്‌ വീക്ഷിച്ചിട്ട്‌ നിരാശയോടെ അദ്ദേഹം കോട്ടേജിന്‌ നേര്‍ക്ക്‌ നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * *

"ഹലോ അഡ്‌മിറല്‍ ... ഞാന്‍ വീണ്ടുമെത്തി..." ജാഗോയുടെ ശബ്ദം കേട്ട്‌ റീവ്‌ തിരിഞ്ഞു.

"ഹാരിയോ... വൈകിയതെന്തേ ...? രണ്ട്‌ മണിക്കൂര്‍ മുമ്പ്‌ ഞാന്‍ ഹാര്‍ബറില്‍ വന്നിരുന്നു... ഇന്നിനി വരില്ല എന്ന് കരുതി..."

"ഡെഡ്‌ എന്‍ഡിന്‌' പകരം ഒരു ബോട്ട്‌ സംഘടിപ്പിക്കുവാന്‍ കുറച്ച്‌ സമയം വേണ്ടി വന്നു അവര്‍ക്ക്‌... എന്തായാലും ഇത്തവണ അത്ര പഴക്കമില്ലാത്ത ഒന്ന് കണ്ടെത്തി അവര്‍..." ജാഗോ തന്റെ ക്യാപ്‌ മേശമേല്‍ വച്ചു.

"ജാനറ്റ്‌ എന്ത്‌ പറയുന്നു...?"

"അവള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു... യുദ്ധം അവസാനിച്ചിട്ടില്ലാത്തതിനാല്‍ പഴയത്‌ പോലെ നല്ല ജോലിത്തിരക്കാണ്‌..."

"ജനറലിനെ അവള്‍ കണ്ടിരുന്നുവോ...? എന്റെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം...?" അദ്ദേഹത്തിന്‌ പണ്ടത്തെ ആവേശമുണ്ടായിരുന്നില്ല.

"വിരമിക്കുവാനുള്ള താങ്കളുടെ തീരുമാനം അവര്‍ അംഗീകരിച്ചുവെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌... ആക്ഷന്‍ എന്ന ഒരേ ഒരു ചിന്തയുമായി നടന്നിരുന്ന താങ്കള്‍ക്ക്‌ പെട്ടെന്നിപ്പോള്‍ എന്തേ ഇങ്ങനെ തോന്നുവാന്‍ എന്ന് അദ്ദേഹം ആരാഞ്ഞുവത്രേ..."

"ആക്ഷന്‍ ... ആ പദം കേള്‍ക്കുന്നത്‌ തന്നെ വെറുപ്പാണ്‌ എനിക്കിപ്പോള്‍ ... ഈ നശിച്ച യുദ്ധമൊന്ന് അവസാനിച്ചുകിട്ടിയിരുന്നെങ്കില്‍ ... ആട്ടെ, റേഡിയോയുടെ വാല്‍വ്‌ കിട്ടിയോ...?"

"തീര്‍ച്ചയായും... ഇതാ സര്‍... " അദ്ദേഹം തന്റെ സ്യൂട്ട്‌ കെയ്‌സില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം ഒരു പാക്കറ്റ്‌ എടുത്ത്‌ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നീട്ടി. "മിസ്സിസ്‌ സിന്‍ക്ലെയറിനെ സന്ദര്‍ശിച്ച്‌ ഒരു കാപ്പി തരമാകുമോ എന്ന് നോക്കിയിട്ട്‌ വരാം ഞാന്‍... ഒപ്പം മര്‍ഡോക്കിനെയും ഒന്ന് കാണണം ..."

"ശരി... പിന്നെ, നാളെ ഞായറാഴ്ചയാണ്‌... മറക്കണ്ട... സെന്റ്‌ മണ്‍ഗോ ചര്‍ച്ചില്‍ സിസ്റ്റര്‍ ആഞ്ചലയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും..."

"തീര്‍ച്ചയായും അഡ്‌മിറല്‍ ..."

* * * * * * * * * * * * * * * * * * * * * * * * * * * * *

റേഡിയോയുടെ വാല്‍വ്‌ ഫിറ്റ്‌ ചെയ്തിട്ട്‌ അഡ്‌മിറല്‍ റീവ്‌ ശ്രദ്ധയോടെ സ്വിച്ച്‌ ഓണ്‍ ചെയ്തു. പിന്നെ, ഡയല്‍ നോബ്‌ തിരിച്ച്‌ ട്രാന്‍സ്‌മിറ്റിംഗ്‌ ഫ്രീക്വന്‍സി
യിലേക്ക്‌ ട്യൂണ്‍ ചെയ്ത്‌ വച്ചു.

"ഷുഗര്‍ വണ്‍ ഫ്രം ഫാഡാ കോളിംഗ്‌ മലേയ്‌ഗ്‌... ഷുഗര്‍ വണ്‍ ഫ്രം ഫാഡാ കോളിംഗ്‌ മലേയ്‌ഗ്‌... ആര്‍ യൂ റിസീവിംഗ്‌ മീ...?"

"യെസ്‌ അഡ്‌മിറല്‍ ... ദിസ്‌ ഈസ്‌ ക്യാപ്റ്റന്‍ മറേ ആന്റ്‌ റിസീവിംഗ്‌ യൂ അറ്റ്‌ ഫുള്‍ സ്ടെങ്ങ്‌ത്‌... താങ്കളുടെ റേഡിയോ വീണ്ടും പ്രവര്‍ത്തനക്ഷമമായി എന്നറിയുന്നതില്‍ സന്തോഷം..."

"ഗുഡ്‌... സ്പെയര്‍ പാര്‍ട്‌സ്‌ കൊടുത്തയച്ചതില്‍ വളരെ സന്തോഷം... ഓ.കെ ദെന്‍ ... വില്‍ കം ബാക്ക്‌ റ്റു യൂ സൂണ്‍... ഓവര്‍ ..."

റേഡിയോ വീണ്ടും വര്‍ക്ക്‌ ചെയ്ത്‌ തുടങ്ങിയിരിക്കുന്നു. ഒരാഴ്ചയായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്തതില്‍ അസ്വസ്ഥനായിരുന്നു റീവ്‌. റോറിയുടെ കഴുത്തില്‍ വിരലോടിച്ചു കൊണ്ട്‌ അദ്ദേഹം റേഡിയോയുടെ നോബ്‌ വീണ്ടും തിരിച്ചു.

പെട്ടെന്നാണ്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ശബ്ദം റേഡിയോയിലൂടെ എത്തിയത്‌.

"ദിസ്‌ ഈസ്‌ നെക്കര്‍ കോളിംഗ്‌ ഫാഡാ... കമിന്‍ പ്ലീസ്‌... നെക്കര്‍ കോളിംഗ്‌ ഫാഡാ... കമിന്‍ പ്ലീസ്‌..."

അഡ്‌മിറല്‍ റീവിന്‌ തന്റെ കാതുകളെ വിശ്വസിക്കാനായില്ല. എന്ത്‌ ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഇരുന്നു പോയ അദ്ദേഹം പെട്ടെന്ന് തന്നെ മൈക്രോഫോണ്‍ എടുത്തു.

"നെക്കര്‍ ... ദിസ്‌ ഈസ്‌ അഡ്‌മിറല്‍ റീവ്‌ ഫ്രം ഫാഡാ... ലിസനിംഗ്‌ യൂ അറ്റ്‌ ഫുള്‍ സ്ട്രെങ്ങ്‌ത്‌..."

"പതിവ്‌ നിരീക്ഷണത്തിനായി എത്തിയതാണ്‌ ഞാന്‍ . ഒപ്പം താങ്കള്‍ക്ക്‌ ഒരു സന്ദേശവുമുണ്ട്‌ അഡ്‌മിറല്‍ ... എ മെസ്സേജ്‌ ഫ്രം കോര്‍വെറ്റന്‍ കപ്പിറ്റാന്‍ പോള്‍ ഗെറിക്ക്‌..."

"പറയൂ നെക്കര്‍ ... അതെന്താണെന്നറിയാന്‍ എനിക്ക്‌ അതിയായ ആകാംക്ഷയുണ്ട്‌..." അദ്ദേഹം ആവേശഭരിതനായി.

"സുരക്ഷിതമായി ബെര്‍ഗന്‍ തുറമുഖത്ത്‌ എത്തിച്ചേര്‍ന്നതായി താങ്കളെ അറിയിക്കുവാന്‍ എന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്‌ അദ്ദേഹം..."

"ദാറ്റ്‌സ്‌ ഗ്രേറ്റ്‌ ന്യൂസ്‌ ... എനിക്കുറപ്പുണ്ടായിരുന്നു അദ്ദേഹം ലക്ഷ്യം കാണുമെന്ന്... ബ്രേവ്‌ ബോയ്‌..."

"താങ്കളുടെയും മര്‍ഡോക്കിന്റെയും വേറിട്ട ചിന്തകളെ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്ന് അറിയിക്കാന്‍ അദ്ദേഹം പറഞ്ഞു. ഒപ്പം, ജാനറ്റിനും മിസിസ്‌ സിന്‍ക്ലെയറിനും പ്രത്യേക അന്വേഷണവും..."

"ഹീ ഈസ്‌ എ റിയല്‍ ലെജന്റ്‌... എല്ലാ അര്‍ത്ഥത്തിലും ഒരു യോദ്ധാവ്‌ ..." റീവ്‌ പറഞ്ഞു. "പിന്നെ, ക്യാപ്റ്റന്‍ ബെര്‍ഗറും സംഘവും ഇവിടെ സന്തുഷ്ടരായി കഴിയുന്നു എന്ന് അദ്ദേഹത്തെ അറിയിക്കുക..."

"തീര്‍ച്ചയായും അഡ്‌മിറല്‍ ... നൗ ഇറ്റ്‌ ഈസ്‌ ദ്‌ റ്റൈം റ്റു സേ ബൈ..."

"ഗുഡ്‌ ബൈ നെക്കര്‍ ... ആന്റ്‌ ഓവര്‍..."

റേഡിയോ ഓഫ്‌ ചെയ്ത്‌ അദ്ദേഹം പിന്നോട്ട്‌ ചാഞ്ഞിരുന്നു. യുദ്ധത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ പരിഹാസ ഭാവം നിറഞ്ഞു. അദ്ദേഹത്തിന്റെ സ്വാധീനമുള്ള കൈ റോറിയുടെ കഴുത്തില്‍ അപ്പോഴും തഴുകിക്കൊണ്ടിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *സ്റ്റോം വാണിങ്ങിന്റെ സഹയാത്രികര്‍ക്കായി ഒരു പുതിയ ബ്ലോഗ്‌... ഒരേ തൂവല്‍ പക്ഷികള്‍ ...

ഈ വിവര്‍ത്തനം ഒരു വിജയമാക്കിയ എന്റെ പ്രിയസുഹൃത്തുക്കള്‍ക്കായി സമര്‍പ്പിക്കുന്നു... സ്റ്റോം വാണിങ്ങിനെ സ്വന്തം തറവാട്‌ പോലെ നെഞ്ചിലേറ്റിയ നിങ്ങളില്‍ ഓരോരുത്തര്‍ക്കും എപ്പോഴും അവിടെ വരാം... കൊച്ചുവര്‍ത്തമാനം പറയാം ... നിങ്ങളുടെ പോസ്റ്റുകളും പങ്ക്‌ വയ്ക്കാം...
അപ്പോള്‍ നമുക്ക്‌ ഇനി ഒരേ തൂവല്‍ പക്ഷികളില്‍ കാണാം ...

Sunday, February 27, 2011

സ്റ്റോം വാണിംഗ്‌ - പരിസമാപ്തി


സ്റ്റോം വാണിംഗ്‌ അവസാനിച്ചിട്ട്‌ മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. വായന തുടങ്ങിയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന നിങ്ങളുടെയെല്ലാം സഹകരണത്തോടെയും പ്രോത്സാഹനത്തോടെയും ഈ മഹത്തായ സംരംഭം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം ആഹ്ലാദമുണ്ട്‌ എനിക്ക്‌.

നോവല്‍ അവസാനിച്ചിട്ടും പതിവ്‌ പോലെ എല്ലാ ബുധനാഴ്ചയും ഇവിടെ എത്തിനോക്കി രണ്ട്‌ വാക്ക്‌ പറഞ്ഞിട്ട്‌ പോകുന്ന കൂട്ടുകാരുടെ സൗഹൃദവും, ഇവിടെ വരുന്നത്‌ തറവാട്ടില്‍ വരുന്നത്‌ പോലെയാണെന്ന് ശ്രീയുടെ ആത്മഹര്‍ഷവും എന്നില്‍ അവാച്യമായ ഒരു ഉന്മേഷം നിറയ്ക്കുന്നു.

സ്റ്റോം വാണിംഗ്‌ അവസാനിക്കാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍ ... ഈ നോവലുമായി അത്രയധികം താദാത്മ്യം പ്രാപിച്ചുപോയിരുന്നു മനസ്സ്‌. സെന്റ്‌ തോമസ്സില്‍ പഠിച്ചിരുന്ന കാലത്ത്‌ ശ്രീ പോള്‍ പഴയാറ്റില്‍ മാഷ്‌ടെ ഇംഗ്ലിഷ്‌ ക്ലാസ്സുകള്‍ക്കായി കാത്തിരുന്നത്‌ പെട്ടെന്ന് ഓര്‍മ്മയിലെത്തി. ഒരു മലയാളം മീഡിയം വിദ്യാലയത്തില്‍ നിന്നും കോളേജില്‍ എത്തിയ എനിക്ക്‌, അന്ന് ഇംഗ്ലിഷ്‌ അനായാസം വഴങ്ങുന്ന ഒന്നായിരുന്നില്ല. എങ്കിലും എന്തുകൊണ്ടോ, ഞങ്ങളേക്കാള്‍ ആറോ എട്ടോ വയസ്സ്‌ മാത്രം അധികമുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ എനിക്ക്‌ വളരെ ആകര്‍ഷകമായി തോന്നി. വരികള്‍ക്കിടയില്‍ കഥാകൃത്ത്‌ പറയാതെ പറഞ്ഞു പോയ പല സന്ദേശങ്ങളും അദ്ദേഹം വിവരിക്കുമായിരുന്നു. ആ സന്ദര്‍ഭത്തിന്റെ ഓര്‍മ്മകള്‍ ഈ വിവര്‍ത്തനത്തില്‍ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്‌ എന്ന് പറയാതിരിക്കാനാവില്ല.

പോള്‍ ഗെറിക്കിന്റെ വീരഗാഥകള്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവേശം കാണേണ്ടത്‌ തന്നെയായിരുന്നു. അദ്ദേഹം ഒരിക്കല്‍ തമാശയായി പറഞ്ഞു... 'ഗെറിക്കിന്‌ എങ്ങനെ സ്മാര്‍ട്ട്‌ ആകാതിരിക്കാന്‍ കഴിയും ... because... he is also Paul ... just like me...'

പ്രത്യക്ഷ പ്രണയജോഡികളായ റിക്ടറും ലോട്ടെയും ... പിന്നെ ജാഗോയും ജാനറ്റും ... ഇവരെക്കൂടാതെ അദൃശ്യമായി തഴുകിപ്പോകുന്ന മറ്റ്‌ മൂന്ന് പ്രണയങ്ങള്‍ ... ഗെറിക്കും ജാനറ്റും ... അഡ്‌മിറല്‍ റീവും ജീന്‍ സിന്‍ക്ലെയറും ... സിസ്റ്റര്‍ ആഞ്ചലയുടെ മുന്നില്‍ നിസ്സഹായനാകുന്ന ബെര്‍ഗറുടെ മാനസികാവസ്ഥ, മദ്ധ്യവയസ്സ്‌ പിന്നിട്ട പ്രണയത്തിന്റേതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍ വായിച്ച ഭാഗങ്ങളിലേക്ക്‌ പലവട്ടം തിരിച്ചു പോകാതിരിക്കാന്‍ കഴിഞ്ഞില്ല. വരികള്‍ക്കിടയില്‍ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഒളിപ്പിച്ചുവച്ച പല മൗനങ്ങളും അങ്ങനെയാണ്‌ ഞാന്‍ കണ്ടെത്തിയത്‌.

അറ്റ്‌ലാന്റിക്കിന്‌ തെക്ക്‌ ബെലേം തുറമുഖത്ത്‌ നിന്ന് തുടങ്ങി ഏതാണ്ട്‌ അയ്യായിരത്തോളം മൈലുകള്‍ താണ്ടി സ്കോട്ട്‌ലണ്ടിന്‌ പടിഞ്ഞാറ്‌ ഹെബ്രിഡ്‌സിന്‌ സമീപം മുങ്ങുന്നത്‌ വരെയുള്ള ഡോയ്‌ഷ്‌ലാന്റിന്റെ യാത്രയില്‍ എന്നോടൊപ്പം കൂടിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു പാട്‌ ഒരു പാട്‌ നന്ദി... ഇവിടെ ചാര്‍ളിയും ജിമ്മിയും സുകന്യാജിയും ഒക്കെ പറഞ്ഞത്‌ പോലെ സ്റ്റോം വാണിങ്ങിന്റെ സഹയാത്രികര്‍ക്ക്‌ ഒത്ത്‌ കൂടുവാനായി ഒരു ബ്ലോഗ്‌ തുടങ്ങുന്ന കാര്യം എന്റെ സജീവ പരിഗണനയിലുണ്ട്‌. എല്ലാവര്‍ക്കും താല്‍പ്പര്യമാണെങ്കില്‍ തുടങ്ങാവുന്നതേയുള്ളൂ അങ്ങനെ ഒന്ന്.

ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദിയും ആശംസകളും...

Wednesday, February 2, 2011

സ്റ്റോം വാണിംഗ്‌ - 80

ഗെറിക്ക്‌, ഫാഡാ ഹൗസിന്റെ അടുക്കളയിലേക്ക്‌ കടന്നു. അദ്ദേഹത്തിന്റെ പാദപതനം കേട്ട്‌ ചൂടുവെള്ളം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്ന ജീന്‍ സിന്‍ക്ലെയര്‍ തിരിഞ്ഞു നോക്കി.

"ഹലോ കമാന്‍ഡര്‍ ... താങ്കള്‍ ജാനറ്റിനെയാണോ അന്വേഷിക്കുന്നത്‌...?"

"അതേ... അവളെ ഇപ്പോള്‍ കാണാന്‍ സാധിക്കുമോ...?"

"ഞാനിപ്പോള്‍ കണ്ടപ്പോഴും നല്ല തിരക്കിലായിരുന്നു അവള്‍ ... കപ്പലിലെ ഒരു നാവികന്‍ ഡൈനിംഗ്‌ റൂമിലെ മേശമേല്‍ കിടക്കുന്നുണ്ട്‌... അയാളുടെ ഒടിഞ്ഞ കൈ നോക്കുകയാണവള്‍ ..."

"മറ്റുള്ളവരോ...?"

"അധികം പേരും ഉറക്കത്തിലാണ്‌... ഈ വീട്ടിലെ സകല കട്ടിലുകളും നിറഞ്ഞു. അവര്‍ ചൂടു വെള്ളത്തിന്റെ പാത്രം എടുത്തിട്ട്‌ പറഞ്ഞു. "സോറി, കമാന്‍ഡര്‍ ... അല്‍പ്പം തിരക്കിലാണ്‌... ജാനറ്റ്‌ ഇതും കാത്ത്‌ നില്‍ക്കുകയാണ്‌..."

"ക്യാപ്റ്റന്‍ ബെര്‍ഗര്‍ എവിടെയാണ്‌...?" അവര്‍ക്ക്‌ കതക്‌ തുറന്നുകൊടുത്തിട്ട്‌ അദ്ദേഹം ചോദിച്ചു.

"മുകളിലത്തെ നിലയില്‍ വലത്‌ വശത്ത്‌ ഒന്നാമത്തെ മുറി..."

അവര്‍ വേഗം നടന്നു പോയി. ഗെറിക്ക്‌ പടികള്‍ കയറി അവര്‍ പറഞ്ഞ മുറിയുടെ മുന്നില്‍ ഒന്ന് സംശയിച്ച്‌ നിന്നു. പിന്നെ കതകില്‍ മുട്ടിയിട്ട്‌ ഉള്ളിലേക്ക്‌ കടന്നു.

ജോവാന്‍ സ്റ്റേമും ലീഡിംഗ്‌ സീമാന്‍ പീറ്റേഴ്‌സണും കട്ടിലില്‍ അടുത്തടുത്തായി ഗാഢനിദ്രയിലാണ്ട്‌ കിടക്കുന്നു. ജനാലക്കടുത്തുള്ള മേശയ്ക്കരികില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ബെര്‍ഗര്‍ ഇരിക്കുന്നു. മുന്നോട്ട്‌ കുനിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ ശിരസ്സ്‌ മേശമേല്‍ മടക്കി വച്ചിട്ടുള്ള കൈകളില്‍ വിശ്രമിക്കുകയാണ്‌.

തൊട്ടരികിലായി ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്ക്‌ തുറന്ന് കിടക്കുന്നു. ഗെറിക്ക്‌ അദ്ദേഹത്തിനരികില്‍ ചെന്നുനിന്ന് അതില്‍ എഴുതിയിരിക്കുന്ന അവസാന ഭാഗം വായിച്ച ശേഷം തിരിഞ്ഞ്‌ ശബ്ദമുണ്ടാക്കാതെ പതുക്കെ പുറത്തേക്ക്‌ നടന്നു.

'ക്ലിക്ക്‌' ശബ്ദത്തോടെ വാതില്‍ അടഞ്ഞപ്പോള്‍ ബെര്‍ഗര്‍ ഞെട്ടിയുണര്‍ന്നു. തന്റെ വീങ്ങിയ കണ്‍പോളകള്‍ തുറന്ന് അദ്ദേഹം ചുറ്റിലും തുറിച്ചു നോക്കി.

"ആരാണത്‌...?" പരുക്കന്‍ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.

പക്ഷേ, ആരുമുണ്ടായിരുന്നില്ല അവിടെ. ആരും തന്നെ... അദ്ദേഹം തല വീണ്ടും മേശപ്പുറത്തേക്ക്‌, തന്റെ കൈകളുടെ മുകളിലേക്ക്‌ ചായ്ച്ചു. ഗാഢ നിദ്രയിലേക്ക്‌ നീങ്ങുവാന്‍ പിന്നെ അധിക താമസമുണ്ടായില്ല.


* * * * * * * * * * * * * * * * * * * * * * * * * * * * * *

തന്റെ പേഴ്‌സണല്‍ ഡയറിയില്‍ അതീവശ്രദ്ധയോടെ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുകയാണ്‌ അഡ്‌മിറല്‍ റീവ്‌. അമിതമായി മദ്യപിച്ചതുകൊണ്ട്‌ പേന കൈയില്‍ ഉറച്ച്‌ നില്‍ക്കുന്നില്ല. പെട്ടെന്നാണ്‌ വാതില്‍ തട്ടിത്തുറന്ന് ജാനറ്റ്‌ അവിടെ എത്തിയത്‌. തൊട്ട്‌ പിറകെ ജാഗോയും.

"പോളിനെ കണ്ടുവോ...?"

പേന താഴെ വച്ച്‌ അദ്ദേഹം ഒരു മുഴുക്കുടിയനെ പോലെ അവളെ തുറിച്ചു നോക്കി.

"ഓ ... ഗെറിക്ക്‌ അല്ലേ...? നീ എന്നു മുതലാണ്‌ അദ്ദേഹത്തെ ഒന്നാം പേര്‌ വിളിക്കുവാന്‍ തുടങ്ങിയത്‌...?" (മാനസികമായി വളരെ അടുപ്പമുള്ളര്‍ മാത്രമേ ഒന്നാം പേര്‌ വിളിക്കാറുള്ളൂ)

അദ്ദേഹം അവളെ കളിയാക്കുകയായിരുന്നു. പക്ഷേ, അവള്‍ക്ക്‌ പെട്ടെന്ന് ദ്വേഷ്യം വന്നു.

"അങ്കിള്‍ ... അദ്ദേഹം ഇവിടെ വന്നിരുന്നുവോ...?"

"അര മണിക്കൂര്‍ മുമ്പ്‌ വന്നിരുന്നു... അല്ല... അതിനും മുമ്പാണെന്ന് തോന്നുന്നു... ഞങ്ങള്‍ ഒന്നിച്ചിരുന്ന് അല്‍പ്പം കഴിക്കുകയും ചെയ്തു... ആഹ്‌... പിന്നെ, നിനക്കായി എന്തോ ഒരു സമ്മാനം തരുവാനുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു..."

"എന്താണത്‌...?" അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

"അതൊരു രഹസ്യമാണെന്നാണ്‌ പറഞ്ഞത്‌... എന്ത്‌ തന്നെ ആയാലും ശരി, അത്‌ നിന്റെ ബെഡ്‌റൂമില്‍ കാണുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌..."

അവള്‍ തന്റെ ബെഡ്‌റൂമിലേക്കോടി ചെന്ന് വാതില്‍ തുറന്നു. അവിടെയുണ്ടായിരുന്നു അത്‌... അവളുടെ തലയിണയില്‍ ഭംഗിയായി അലങ്കരിച്ചു വച്ചിട്ടുണ്ടായിരുന്നു ആ സമ്മാനം. ഗെറിക്കിന്‌ ലഭിച്ച ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ Knight's Cross with Oak Leaves ബാഡ്‌ജ്‌. ഒരു വിഡ്ഢിയെപ്പോലെ ഒരു നിമിഷം അവള്‍ അതിലേക്ക്‌ മിഴിച്ചുനോക്കി നിന്നു. പിന്നെ അതുമെടുത്ത്‌ തിരിഞ്ഞോടി.

"ക്യാരി അങ്കിള്‍ ..." വിതുമ്പിക്കൊണ്ട്‌ അവള്‍ അത്‌ അദ്ദേഹത്തെ കാണിച്ചു.

റീവ്‌ തല കുലുക്കി. "ഇപ്പോഴെനിക്ക്‌ മനസ്സിലായി... പോകുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു, നിന്നോട്‌ പറയണമെന്ന്... തീര്‍ച്ചയായും നീ ആ സമ്മാനത്തിന്‌ അര്‍ഹയാണെന്ന്..."

കതകില്‍ മുട്ടിയിട്ട്‌ മര്‍ഡോക്ക്‌ പ്രവേശിച്ചു. "ആഹ്‌... അഡ്‌മിറല്‍ ഇവിടെയുണ്ടായിരുന്നോ...?"

"എന്താണ്‌ മര്‍ഡോക്ക്‌...?"

"ഏയ്‌... ഒരു ചെറിയ പ്രശ്നം ... കാട്രീന ഹാര്‍ബറില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു..."

"ഓ... അത്രയേ ഉള്ളോ...? സാരമില്ല... ഞാനത്‌ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്‌..."

ജാനറ്റ്‌ കതക്‌ തുറന്ന് പുറത്തേക്കോടി.

ജാഗോ മേശക്കരികില്‍ വന്ന് റീവിനോട്‌ ചോദിച്ചു. "മലേയ്‌ഗില്‍ അറിയിക്കുന്നില്ലേ...? മിന്‍ചില്‍ എത്തുമ്പോഴേക്കും അവര്‍ അദ്ദേഹത്തെ പിടികൂടിക്കൊള്ളും..."

"രക്ഷയില്ല ഹാരീ... ഞാന്‍ അവസാനമായി മറേയോട്‌ സംസാരിച്ചതില്‍ പിന്നെ റേഡിയോ വര്‍ക്ക്‌ ചെയ്യുന്നില്ല... വാല്‍വ്‌ പോയതാണെന്ന് തോന്നുന്നു... എന്റെ കൈയില്‍ സ്പെയര്‍ ഒട്ടില്ല താനും. നാളെ അവര്‍ വരുന്നത്‌ വരെ കാത്തിരിക്കുക എന്നതല്ലാതെ വേറെയൊന്നും ചെയ്യാനില്ല നമുക്ക്‌..."

ജാഗോ, നീണ്ട, വളരെ നീണ്ട ഒരു നെടുവീര്‍പ്പിട്ടു. പിന്നെ പുറത്തേക്ക്‌ നടന്നു.

"ആ കുപ്പിയില്‍ ഇനി സ്കോച്ച്‌ ബാക്കിയുണ്ടോ ക്യാരി റീവ്‌...?" മര്‍ഡോക്ക്‌ നിര്‍വികാരനായി ചോദിച്ചു.

"ഒരു കുപ്പി കൂടി അലമാരയില്‍ ഇരിക്കുന്നുണ്ടായിരുന്നല്ലോ... താങ്കള്‍ക്ക്‌ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്‌ ഞാനത്‌..."

"എങ്കില്‍ അതവിടെ ഇരിക്കട്ടെ... ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ വരാം... എന്റെ കൂട്ടുകാരെയൊക്കെ ഒന്ന് കണ്ടിട്ട്‌ വരാം..."

അദ്ദേഹം പുറത്തേക്ക്‌ നടന്നു. റീവ്‌ അല്‍പ്പം കൂടി വിസ്ക്കി നുകര്‍ന്നിട്ട്‌ പേന കൈയിലെടുത്തു.

".... സര്‍വ്വവസ്തുക്കളുടെയും മഹത്തായ രഹസ്യം ഞാനിതില്‍ ദര്‍ശിക്കുന്നു... സ്വന്തം ജീവന്‍ തന്നെ അപകടപ്പെടുത്തിയും മറ്റുള്ളവരെ രക്ഷിക്കുവാനുള്ള മനുഷ്യന്റെ ജന്മവാസന... ധീരത ഒരിക്കലും അപ്രസക്തമാകുന്നില്ല... ഇത്രയും കാലത്തെ എന്റെ ജീവിതത്തിനിടയില്‍ ആ ധീരത ഇത്രയേറെ രംഗത്ത്‌ വന്ന് കണ്ടത്‌ ഡോയ്‌ഷ്‌ലാന്റിന്റെ കാര്യത്തിലാണ്‌... ഇതുവരെ അറിയപ്പെട്ടിട്ടുള്ള എല്ലാ യുദ്ധചരിത്രങ്ങളിലും കാണപ്പെടാത്ത ഒരു പ്രത്യേകത ഞാനിതില്‍ കാണുന്നു. സമരത്തിന്റെ ഇരുഭാഗങ്ങളിലുമുള്ളവര്‍ സകല പ്രതിബന്ധങ്ങളെയും തരണം ചെയ്ത്‌ ഒരൊറ്റ വരിയില്‍ അണിനിരക്കുന്നു... സമുദ്രം എന്ന അനാദിയും അനശ്വരവുമായ എതിരാളിയുടെ പിടിയില്‍ നിന്നും ഒരു കൂട്ടം മനുഷ്യ ജീവികളെ രക്ഷിക്കുവാനുള്ള പരിശ്രമത്തില്‍ ... യുദ്ധങ്ങളുടെ നിരര്‍ത്ഥകത ഒരു ദു:ഖപര്യവസായിയായി ഇത്രയും വ്യക്തമായി വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല... എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോള്‍ ഒരു പഴങ്കഥ പോലെ... മര്‍ഡോക്കും ഹാരി ജാഗോയും ഗെറിക്കും ... കടലിനെതിരെയുള്ള പോരാട്ടത്തില്‍ ഇത്തവണയും അവര്‍ വിജയിച്ചു... പക്ഷേ, എല്ലാത്തിന്റെയും അവസാനം ... ഈ യുദ്ധം കൊണ്ട്‌ എന്ത്‌ നേട്ടമാണുണ്ടാകുക... ഈ യുദ്ധം കൊണ്ട്‌ നമുക്ക്‌ അഭിമാനിക്കാന്‍ എന്താണുള്ളത്‌...?"

അദ്ദേഹം തളര്‍ന്നിരുന്നു. മറ്റെന്നത്തേക്കാളുമേറെ അദ്ദേഹം തളര്‍ന്നിരുന്നു. ഉള്ളില്‍ കടക്കുവാനുള്ള വാശിയിലെന്ന പോലെ കാറ്റ്‌ ജനാലയില്‍ ആഞ്ഞടിച്ചു. എങ്കിലും അദ്ദേഹത്തെ സ്പര്‍ശിക്കാന്‍ അതിനായില്ല. കൈ മടക്കി മേശമേല്‍ വച്ച്‌ തലയിണയാക്കി അദ്ദേഹം ശിരസ്സ്‌ ചായ്ച്ചു. ഒട്ടും താമസിയാതെ അദ്ദേഹം ഗാഢനിദ്രയിലേക്ക്‌ വഴുതിവീണു. ഡയറിയുടെ താളുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന ആ വിരലുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പേന അപ്പോഴും സുരക്ഷിതമായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * *

(സ്റ്റോം വാണിംഗ്‌ ഇവിടെ അവസാനിക്കുന്നു)

Tuesday, January 25, 2011

സ്റ്റോം വാണിംഗ്‌ - 79

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 25. മദ്ധ്യാഹ്നം ഒന്നര മണിയായപ്പോള്‍ ഡോയ്‌ഷ്‌ലാന്റ്‌ ഞങ്ങളുടെ കണ്‍മുന്നില്‍ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. മൊറാഗ്‌ സിന്‍ക്ലെയറിന്റെ സ്രാങ്ക്‌ മര്‍ഡോക്ക്‌ മക്‍ലിയോഡിന്റെയും ക്രീഗ്‌സ്‌മറീനിന്റെ കോര്‍വെറ്റന്‍ കപ്പിത്താന്‍ പോള്‍ ഗെറിക്കിന്റെയും അതിസാഹസികമായ നാവികവൈദഗ്ദ്ധ്യത്തിന്‌ കീഴില്‍ ഞങ്ങളുടെ യാത്രാസംഘത്തില്‍ അവശേഷിച്ചിരുന്ന പതിനാറ്‌ പേരും വാഷിങ്ങ്‌ടന്‍ റീഫ്‌ എന്ന പാറക്കെട്ടില്‍ നിന്നും അത്യത്ഭുതകരമായി രക്ഷിക്കപ്പെട്ടു. ശേഷം, പര്‍വ്വതാകാരങ്ങളായ തിരമാലകളുമായി മല്ലിട്ട്‌ അടുത്തുള്ള ഫാഡാ ദ്വീപിലേക്ക്‌ ഞങ്ങള്‍ നയിക്കപ്പെട്ടു. ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍, ഞങ്ങളെ രക്ഷപെടുത്താനായി ഏഴ്‌ മനുഷ്യജീവികള്‍ തങ്ങളുടെ ജീവന്‍ ബലികഴിച്ചു എന്നറിഞ്ഞതില്‍ ഞാന്‍ അതിയായി ദുഃഖിക്കുന്നു. ജീവിതത്തില്‍ ഇതാദ്യമായി എനിക്ക്‌ വാക്കുകള്‍ നഷ്ടപ്പെടുന്നു. അതിനാല്‍ ഈ ലോഗ്‌ ബുക്ക്‌ ഇവിടെ അവസാനിക്കുന്നു.

എറിക്ക്‌ ബെര്‍ഗര്‍ , മാസ്റ്റര്‍ .

അദ്ധ്യായം പതിനാറ്‌

ഒരു ലാര്‍ജ്‌ സ്കോച്ച്‌, ഗ്ലാസ്സിലേക്ക്‌ പകര്‍ന്ന് റീവ്‌ സാവധാനം ഉള്ളിലേക്കിറക്കി. വല്ലാതെ ക്ഷീണിതനായിരുന്നു അദ്ദേഹം. താനൊരു വൃദ്ധനായിരിക്കുന്നുവെന്ന് ജീവിതത്തിലാദ്യമയി അദ്ദേഹത്തിന്‌ തോന്നി. മേല്‍ക്കൂരയില്‍ കാറ്റ്‌ വന്ന് ആഞ്ഞടിച്ചപ്പോള്‍ അദ്ദേഹത്തിന്‌ എന്തെന്നില്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.

"ഇന്നിനി വേണ്ട... ഇത്‌ തന്നെ ധാരാളം ..." അദ്ദേഹം പിറുപിറുത്തു.

വേച്ച്‌ വേച്ച്‌ അദ്ദേഹം മേശക്കരികിലേക്ക്‌ നടന്നു. എങ്ങനെയും അല്‍പ്പം ഉറങ്ങണം ഇനി. പക്ഷേ, ഇനിയും ചില ജോലികള്‍ ചെയ്ത്‌ തീര്‍ക്കുവാനുണ്ട്‌. പേനയെടുത്തിട്ട്‌ അദ്ദേഹം തന്റെ പേഴ്‌സണല്‍ ഡയറി തുറന്നു.

കതകില്‍ മുട്ടിയിട്ട്‌ ജാഗോ മുറിയിലേക്ക്‌ കടന്നു. കാറ്റിനെതിരെ കതക്‌ ചേര്‍ത്തടയ്ക്കുവാന്‍ അദ്ദേഹത്തിന്‌ നന്നേ വിഷമിക്കേണ്ടി വന്നു. നീര്‌ വച്ച്‌ വീങ്ങിയ അദ്ദേഹത്തിന്റെ മുഖത്ത്‌ പലയിടത്തും മുറിവുകളുണ്ടായിരുന്നു. റീവിനെപ്പോലെ തന്നെ അദ്ദേഹവും നടക്കുവാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

"നിങ്ങള്‍ക്ക്‌ നല്ല സുഖമില്ലെന്ന് തോന്നുന്നല്ലോ ഹാരീ...?" സ്കോച്ച്‌ ബോട്ട്‌ല്‍ മേശയുടെയറ്റത്തേക്ക്‌ നീക്കി വച്ചിട്ട്‌ അഡ്‌മിറല്‍ പറഞ്ഞു. "എടുത്ത്‌ കഴിച്ചോളൂ..."

ജാഗോ അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസ്സുമായി തിരികെ വന്നു. സംസാരിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു അദ്ദേഹം. "ഒരു ജീവച്ഛവം പോലെ തോന്നുന്നു അഡ്‌മിറല്‍... അത്രയ്ക്ക്‌ ക്ഷീണിതനാണ്‌ ഞാനിപ്പോള്‍..."

"നിങ്ങളുടെ അവസ്ഥ എനിക്ക്‌ മനസ്സിലാവുന്നുണ്ട്‌ ഹാരീ... ജാനറ്റ്‌ എവിടെ...?"

"അവള്‍ക്ക്‌ ജോലി കഴിഞ്ഞിട്ട്‌ നേരമില്ല... ഒരു ഫീല്‍ഡ്‌ ഹോസ്പിറ്റല്‍ പോലെയയിട്ടുണ്ട്‌ ഫാഡാ ഹൗസ്‌ ഇപ്പോള്‍. വന്നപ്പോള്‍ മുതല്‍ തുടങ്ങിയ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല..."

"അതിലവള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാവില്ല... യുദ്ധം നീണ്ടതു കൊണ്ട്‌ അവള്‍ക്ക്‌ നല്ല കൈത്തഴക്കമുണ്ട്‌ ഇക്കാര്യങ്ങളില്‍..." അഡ്‌മിറല്‍ പറഞ്ഞു. "ആട്ടെ, കാലാവസ്ഥ എങ്ങനെയുണ്ട്‌...? പഴയത്‌ പോലെ തന്നെയാണോ...?"

"അത്രയ്ക്ക്‌ കുഴപ്പമില്ല... ഏഴ്‌ - എട്ട്‌ എന്ന നിലയില്‍ കാറ്റുണ്ട്‌... കുറഞ്ഞ്‌ വരുന്നു... നേരം പുലരുമ്പോഴേക്കും ശാന്തമാകുമെന്ന് കരുതുന്നു..."

ജാഗോ കാലിയാക്കിയ ഗ്ലാസ്സില്‍ റീവ്‌ വീണ്ടും മദ്യം പകര്‍ന്നു. "മറേയുമായി ഞാന്‍ റേഡിയോ ബന്ധം പുലര്‍ത്തിയിരുന്നു. അവിടുത്തെ കുഴപ്പങ്ങളെല്ലാം പ്രത്യക്ഷത്തില്‍ ഒന്ന് ഒതുങ്ങിയിരിക്കുന്നുവത്രേ... നാളെ രാവിലെ തന്നെ അദ്ദേഹം ഇങ്ങോട്ട്‌ ബോട്ട്‌ അയക്കുന്നുണ്ട്‌. അദ്ദേഹവും വരുന്നുണ്ടെന്നാണ്‌ പറഞ്ഞത്‌..."

"കപ്പലില്‍ നിന്ന് രക്ഷപെടുത്തിയവരുടെ കാര്യം എങ്ങനെയാണ്‌...? അവര്‍ക്കെന്ത്‌ സംഭവിക്കും അഡ്‌മിറല്‍ ...?"

"എനിക്കറിഞ്ഞു കൂടാ... കന്യാസ്ത്രീകളുടെ മേല്‍ ഒരു നോട്ടമുണ്ടായിരിക്കണം... ബെര്‍ഗറെയും കൂട്ടരെയും തടവുകാരായി പാര്‍പ്പിക്കുമെന്ന് തോന്നുന്നു..."

അവിടെങ്ങും നീണ്ട നിശബ്ദത നിറഞ്ഞു.

ജാഗോ ഗ്ലാസ്സിനുള്ളിലേക്ക്‌ തുറിച്ചു നോക്കിയിട്ട്‌ തലയുയര്‍ത്തി. "താങ്കള്‍ക്കതിനോട്‌ യോജിക്കാനാവുന്നില്ല അല്ലേ അഡ്‌മിറല്‍ ...?"

"എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും യാതൊരു അര്‍ത്ഥവും തോന്നുന്നില്ല... ഇവയൊന്നില്‍ പോലും..."

"താങ്കളുടെ മാനസികാവസ്ഥ എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌ അഡ്‌മിറല്‍ ... കഷ്ടപ്പെട്ട്‌ ഇത്രയും ദൂരം താണ്ടി തൊട്ടടുത്ത്‌ വരെ എത്തിയിട്ട്‌..."

സ്കോച്ച്‌ അദ്ദേഹത്തിന്റെ വേദനയെ അല്‍പ്പാല്‍പ്പമായി അകറ്റിത്തുടങ്ങിയിരുന്നു.

"ഗെറിക്കിന്റെ കാര്യമോ...?" ജാഗോ ആരാഞ്ഞു.

"അദ്ദേഹത്തെക്കുറിച്ച്‌ എന്ത്‌ പറയാന്‍ ... യുദ്ധം ഇനിയും അവസാനിച്ചിട്ടില്ലല്ലോ ഹാരീ..."

"അതെനിക്കറിയാം ..." ജാഗോ പറഞ്ഞു. "പക്ഷേ, ഇവിടെ യുദ്ധമൊന്നും നടക്കുന്നില്ലല്ലോ ഇപ്പോള്‍... അദ്ദേഹത്തെ വീണ്ടും തടവറയിലാക്കുന്നുണ്ടോ...?"

"അത്‌ ഞാനല്ലല്ലോ തീരുമാനിക്കേണ്ടത്‌... നിങ്ങള്‍ക്കറിയാമല്ലോ, ജീന്‍ ആണിവിടുത്തെ മജിസ്ട്രേട്ട്‌..."

ജാഗോ ഒറ്റ വലിക്ക്‌ ഗ്ലാസ്സ്‌ കാലിയാക്കി. "ശരി... ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ... എന്റെ സഹപ്രവര്‍ത്തകര്‍ക്ക്‌ എങ്ങനെയുണ്ടെന്ന് നോക്കട്ടെ..."

"അത്‌ കഴിഞ്ഞാല്‍ കിടക്കയിലേക്ക്‌... നേരെ കിടക്കയിലേക്ക്‌..." റീവ്‌ ഒന്ന് പുഞ്ചിരിച്ചു. "ഇതെന്റെ ആജ്ഞയാണെന്ന് കരുതിക്കോളൂ..."

"യെസ്‌ അഡ്‌മിറല്‍ ..." നിവര്‍ന്ന് നിന്ന് ജാഗോ അദ്ദേഹത്തെ സല്യൂട്ട്‌ ചെയ്തു.

അദ്ദേഹം പുറത്തേക്ക്‌ നടന്നു. വാതിലിന്‌ പുറത്തേക്ക്‌ കാല്‍ വച്ചതും റീവ്‌ മൃദുസ്വരത്തില്‍ വിളിച്ചു.

"ഹാരീ..."

ജാഗോ തിരിഞ്ഞു. "എന്താണ്‌ സര്‍ ...?"

"എനിക്ക്‌ വയസ്സായി എന്ന് തോന്നുന്നു ഹാരീ... വളരെയധികം വയസ്സ്‌ ... ആരോടെങ്കിലും അതൊന്ന് പറയണമെന്ന് തോന്നി..."


* * * * * * * * * * * * * * * * * * * * * * * * * * * * *

മഴയ്ക്കെതിരെ തല കുനിച്ച്‌ ഗെറിക്ക്‌ ജെട്ടിയിലൂടെ നടന്നു. തുറമുഖത്ത്‌ അപ്പോഴും തിരമാലകള്‍ ഉയര്‍ന്നടിച്ച്‌ ചിതറുന്നുണ്ടായിരുന്നു. നീലയും വെള്ളയും വര്‍ണ്ണങ്ങളണിഞ്ഞ മൊറാഗ്‌ സിന്‍ക്ലെയര്‍ ധീരയായ ഒരു സുന്ദരിയെപ്പോലെ ഹാര്‍ബറില്‍ ചാഞ്ചാടുന്നു. അടുത്ത്‌ ചെന്ന് ശ്രദ്ധിച്ചാല്‍ മാത്രമേ കടലില്‍ വച്ചുണ്ടായ കേടുപാടുകള്‍ കാണാന്‍ കഴിയുമായിരുന്നുള്ളൂ.

ആരോ കൊടുത്ത റീഫര്‍ കോട്ടിന്റെ പോക്കറ്റുകളില്‍ കൈകള്‍ തിരുകി അദ്ദേഹം കടലിലേക്ക്‌ നോക്കി നിന്നു. പെട്ടെന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ട്‌ അദ്ദേഹം ഇടത്‌ വശത്തേക്ക്‌ തിരിഞ്ഞു നോക്കി. ജെട്ടിയില്‍ കുറച്ചകലെയായി കിടക്കുന്ന കാട്രീനയുടെ സമീപത്ത്‌ നില്‍ക്കുന്ന മര്‍ഡോക്കിനെ അദ്ദേഹം കണ്ടു.

കല്‍പ്പടവുകളിറങ്ങി ഗെറിക്ക്‌ അവിടെയെത്തിയപ്പോള്‍ അതിന്റെ വീല്‍ ഹൗസില്‍ നിന്നും ലാക്ലന്‍ പുറത്തേക്കിറങ്ങി വരുന്നുണ്ടായിരുന്നു. ഡെക്കിലുണ്ടായിരുന്ന ഓയില്‍ ഡ്രം ഒറ്റക്കൈ കൊണ്ടെടുത്ത്‌ അവന്‍ ജെട്ടിയിലേക്കിറങ്ങി. ആ ഓയില്‍ ഡ്രം കാലിയാണെന്ന് അതില്‍ നിന്നും അദ്ദേഹത്തിന്‌ മനസ്സിലായി.

"എന്താണിത്‌..." ഗെറിക്ക്‌ ചോദിച്ചു.

"ഞാനും ലാക്ലനും കൂടി കാട്രീനയുടെ ഇന്ധനടാങ്കുകള്‍ നിറക്കുകയായിരുന്നു..." മര്‍ഡോക്ക്‌ പറഞ്ഞു. "കടലിലേക്ക്‌ പോകേണ്ടി വന്നാല്‍ തയ്യാറായി ഇരിക്കണ്ടേ...?"

"കമാന്‍ഡര്‍ ..." ലാക്ലന്‍ ഗെറിക്കിനെ വിളിച്ചു.

"ആഹ്‌, ലാക്ലന്‍ ... നിന്നോടത്‌ പറയാന്‍ സമയം കിട്ടിയില്ല... ആ സമയത്ത്‌ നീ അവിടെ വളരെ നന്നായി പ്രവര്‍ത്തിച്ചു..." അദ്ദേഹം അവന്റെ കൈകള്‍ തന്റെ കരതലത്തിലെടുത്തു. "നിന്നെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു..."

ലാക്ലന്‍ ആകെ ചുവന്നു തുടുത്തു പോയി. കുറച്ച്‌ നേരം അവന്‍ തന്റെ കൈകളിലേക്ക്‌ നോക്കി നിന്നു. പിന്നെ ഗെറിക്കിന്റെ കൈകളില്‍ നിന്ന് തന്റെ കരങ്ങള്‍ സ്വതന്ത്രമാക്കി അവന്‍ നടന്ന് പോയി.

"നിങ്ങള്‍ക്കിനിയും ചില നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ടെന്ന് തോന്നുന്നു..." മര്‍ഡോക്ക്‌ പറഞ്ഞു. "കുറച്ച്‌ ദിവസങ്ങള്‍ക്കകം ആ നശിച്ച യുദ്ധത്തിലേക്കിറങ്ങാന്‍ പറ്റിയ അത്രയും നല്ല കാര്യങ്ങള്‍ ..."

തന്റെ ഒടിഞ്ഞ കൈയാല്‍ പൈപ്പ്‌ നിറയ്ക്കുവാന്‍ അദ്ദേഹം അല്‍പ്പം ബുദ്ധിമുട്ടി.

"തിരികെയെത്തിയതിന്‌ ശേഷം താങ്കള്‍ ജാനറ്റിനോട്‌ സംസാരിച്ചിരുന്നുവോ...?"

"ഇല്ല... അവളവിടെ വലിയ തിരക്കിലാണ്‌..."

"ഇപ്പോള്‍ കുറച്ച്‌ കുറഞ്ഞിട്ടുണ്ടാകും..." മഴയ്ക്കിടയിലൂടെ ആ വൃദ്ധന്‍ ദൂരെ കടലിലേക്ക്‌ സൂക്ഷിച്ച്‌ നോക്കി. "ഇപ്പോഴും പ്രക്ഷുബ്ദ്ധമാണ്‌... എങ്കിലും അത്രയധികമില്ല..."

"എന്ന് വിചാരിക്കുന്നു..."

മര്‍ഡോക്ക്‌ തല കുലുക്കി. "ഇനി പോയി അവളെ കാണൂ മകനേ..."

"ശരി... എന്നാല്‍ ഞാന്‍ ചെല്ലട്ടെ..."

അദ്ദേഹം തിരിഞ്ഞ്‌ നടന്നു.

"കമാന്‍ഡര്‍ ..." മര്‍ഡോക്ക്‌ പിന്നില്‍ നിന്ന് വിളിച്ചു.

"എന്താണ്‌...?"

"താങ്കള്‍ക്ക്‌ നല്ലത്‌ മാത്രം വരട്ടെ..."

കുറേ നേരം ... കുറേയധികനേരം അവര്‍ അന്യോന്യം നോക്കി നിന്നു. പിന്നെ തിരിഞ്ഞ്‌ ഗെറിക്ക്‌ ജെട്ടിയിലൂടെ വേഗം നടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, January 18, 2011

സ്റ്റോം വാണിംഗ്‌ - 78

എങ്ങനെയാണ്‌ അവരെ ബോട്ടിലേക്ക്‌ കൊണ്ടുവരിക എന്ന് ആലോചിച്ച്‌ നില്‍ക്കുകയായിരുന്നു മര്‍ഡോക്ക്‌. പെട്ടെന്നാണ്‌ ഒന്ന് കുലുങ്ങി ഡോയ്‌ഷ്‌ലാന്റ്‌ പാറക്കെട്ടിന്റെ അറ്റത്തേക്ക്‌ നീങ്ങിയത്‌. അതോടെ അദ്ദേഹത്തിന്റെ ആലോചന ഓടിയൊളിച്ചു.

"കപ്പല്‍ മുങ്ങുകയാണ്‌ കുട്ടീ... മുങ്ങുകയാണ്‌...!" ഗെറിക്കിന്റെ ചുമലില്‍ തട്ടിക്കൊണ്ട്‌ അദ്ദേഹം അലറി. "ഫുള്‍ സ്പീഡ്‌... എന്നിട്ട്‌ കപ്പലിന്റെ അഴികളുടെ മുകളിലേക്ക്‌ കയറ്റൂ... രണ്ടേ രണ്ട്‌ മിനിറ്റ്‌ മാത്രമേ നമുക്ക്‌ ലഭിക്കൂ..."

ഗെറിക്ക്‌ ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്തു. മൊറാഗ്‌ മുന്നോട്ട്‌ കുതിച്ചു ചാടി. വെള്ളത്തിലേക്ക്‌ ഇറങ്ങി മുങ്ങിക്കൊണ്ടിരിക്കുന്ന ഡോയ്‌ഷ്‌ലാന്റിന്റെ ഡെക്കിലേക്ക്‌ ബോട്ടിന്റെ മുന്‍ഭാഗം കയറിച്ചെന്ന് നിന്നു. ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്നിരുന്ന ചിലര്‍ അപ്പോഴേക്കും ബോട്ടിനുള്ളിലേക്ക്‌ വീണു കഴിഞ്ഞിരുന്നു.

ആരോടും ഒന്നും പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. സ്റ്റേമിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ ബെര്‍ഗറുടെ ക്യാബിനില്‍ നിന്നും ധൃതിയില്‍ വരുന്നുണ്ടായിരുന്നു. പ്രേയ്‌ഗര്‍, റീവ്‌, ജാഗോ തുടങ്ങി ബാക്കിയുണ്ടായിരുന്നവരെല്ലാം തന്നെ അതിവേഗം ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് താഴേക്കിറങ്ങി.

ഡോയ്‌ഷ്‌ലാന്റ്‌ ഒന്നു കൂടി ഉലഞ്ഞു. അതോടെ പലരും ഭയാക്രാന്തരായി നിലവിളിച്ചു. വെപ്രാളത്തിനിടെ സിസ്റ്റര്‍ കാത്തെ ബോട്ടിന്റെ അഴികളിന്മേല്‍ കമഴ്‌ന്ന് വീണു. പെട്ടെന്ന് തന്നെ ജാനറ്റ്‌ ഓടിച്ചെന്ന് അവളെ തൂക്കിയെടുത്ത്‌ കോക്‍പിറ്റില്‍ കൊണ്ടുപോയി തള്ളി.

"കപ്പല്‍ നമ്മളെയും കൊണ്ട്‌ മുങ്ങും ...!" മര്‍ഡോക്ക്‌ അലറി.

"റിവേഴ്‌സ്‌ ഗിയറിലിടൂ... ഗെറ്റ്‌ റെഡി...!" ഭ്രാന്തമായ ആവേശത്തോടെ അദ്ദേഹം അവരെ കൈവീശി വിളിച്ചു. "വേഗം വരൂ... ഡാംന്‍ യൂ... കപ്പല്‍ മുങ്ങുകയാണ്‌...!"

പരിഭ്രമത്തോടെ എല്ലാവരും ബോട്ടിനുള്ളിലേക്ക്‌ ചാടിക്കഴിഞ്ഞിരുന്നു. എല്ലാവര്‍ക്കുമൊടുവിലായി ബെര്‍ഗറും. ഓയില്‍സ്കിന്നില്‍ പൊതിഞ്ഞ ലോഗ്‌ ബുക്കും തന്റെ പേഴ്‌സണല്‍ ഡയറിയും അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നു.

ഡോയ്‌ഷ്‌ലാന്റ്‌ ഒന്നുകൂടി ഉലഞ്ഞു. റിവേഴ്‌സ്‌ ഗിയറില്‍ ആയിരുന്ന എന്‍ജിന്‌ ഗെറിക്ക്‌ ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്തു. ഒരു പീരങ്കിയില്‍ നിന്ന് എന്ന പോലെ മൊറാഗ്‌ ദൂരേക്ക്‌ തെറിച്ചു.

ചെറിയ ക്യാബിന്റെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്ന സിസ്റ്റര്‍ ആഞ്ചല ബദ്ധപ്പെട്ട്‌ എഴുന്നേറ്റ്‌ തന്റെ ചുറ്റിനുമുള്ളവരുടെ മുഖങ്ങള്‍ പരിശോധനാഭാവത്തില്‍ പരതി.

"ലോട്ടെ ...? ലോട്ടെ എവിടെ...?" അവര്‍ ചോദിച്ചു.

മറുപടിയുണ്ടായിരുന്നില്ല. ഉണ്ടാകുമായിരുന്നില്ല താനും. തിരിഞ്ഞ്‌, പരിഭ്രമത്തോടെ ജാനറ്റിനെ തട്ടി വിളിച്ച്‌ അവര്‍ ഇംഗ്ലീഷില്‍ പറഞ്ഞു.

"ലോട്ടെയെ ഇവിടെ കാണുന്നില്ല... ഹേര്‍ റിക്ടറെയും... അവരിപ്പോഴും കപ്പലില്‍ ഉണ്ടാകണം..."

ക്യാബിന്റെ കതക്‌ തുറന്ന് ജാനറ്റ്‌ കോക്‍പിറ്റിലേക്ക്‌ കുതിച്ചു. ജാഗോ അവിടെയുണ്ടായിരുന്നു. ഗെറിക്കിന്റെ അരികിലായി റീവും മര്‍ഡോക്കും. അവള്‍ ജാഗോയുടെ കൈകള്‍ പിടിച്ചുലച്ചു. "കപ്പലില്‍ ഇനിയും രണ്ടു പേരുണ്ട്‌..."

അദ്ദേഹത്തിന്‌ തൊണ്ട വരളുന്നത്‌ പോലെ തോന്നി. "അങ്ങനെ വരാന്‍ വഴിയില്ലല്ലോ..."

അവള്‍ ജാഗോയെ വിട്ട്‌ ഗെറിക്കിനരികിലെത്തി അദ്ദേഹത്തിന്റെ കോട്ടില്‍ പിടിച്ച്‌ വലിച്ചു. "പോള്‍ ... കപ്പലില്‍ ഇനിയും രണ്ടു പേരുണ്ട്‌..."

പരിഭ്രമത്തോടെ അദ്ദേഹം അവള്‍ക്ക്‌ നേരെ നോക്കി. ആ നിമിഷം ഡോയ്‌ഷ്‌ലാന്റ്‌ പാറക്കെട്ടില്‍ നിന്ന് താഴോട്ടിറങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * * *

വലത്‌ ഭാഗത്തെ അഴികള്‍ക്കരികില്‍ നിന്നിരുന്ന ബെര്‍ഗറുടെ മിഴികള്‍ നിറഞ്ഞിരുന്നു. തിരമാലകള്‍ ഒന്നൊന്നായി മത്സരബുദ്ധിയോടെ കപ്പലിനു ചുറ്റും ഉയര്‍ന്നപ്പോള്‍ അദ്ദേഹം കൈ ഉയര്‍ത്തി അന്ത്യാഭിവാദനം നല്‍കി. അപ്പോഴും പ്രധാന പാമരം വെള്ളത്തിന്‌ മുകളില്‍ ദൃശ്യമായിരുന്നു. പിന്നെ അത്‌ അല്‍പ്പാല്‍പ്പമായി നീളം കുറഞ്ഞ്‌ അവസാനം പൂര്‍ണ്ണമായും കടലിനടിയിലേക്ക്‌ താഴ്‌ന്നു. പിന്നെ യാതൊന്നുമുണ്ടായിരുന്നില്ല. കുറച്ച്‌ പലകകള്‍ , കൂട്ടിപ്പിണഞ്ഞ ഒരു ചുരുള്‍ കയര്‍ , ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരു ബാരല്‍ എന്നിവ മാത്രം.

ഗെറിക്കിന്റെ മുഖം വിളറി വെളുത്തിരുന്നു. മനോവിഷമത്തോടെ അദ്ദേഹം മുഖം തിരിച്ചു. പിന്നെ സാവധാനം മൊറാഗിനെ വാഷിങ്ങ്‌ടണ്‍ റീഫില്‍ നിന്ന് ദൂരേക്ക്‌ വളച്ചെടുത്ത്‌ പര്‍വ്വതാകാരങ്ങളായ തിരമാലകള്‍ക്ക്‌ മുകളിലൂടെ വിങ്ങുന്ന ഹൃദയവുമായി ഫാഡാ ദ്വീപിലേക്കുള്ള മടക്കയാത്ര തുടങ്ങി.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, January 11, 2011

സ്റ്റോം വാണിംഗ്‌ - 77

അവസാനത്തെ ചുമരും വെട്ടിപ്പൊളിച്ച്‌ റിക്ടര്‍ സലൂണിലേക്ക്‌ ഇഴഞ്ഞിറങ്ങി. ഭീതിജന്യമായ അന്ധകാരം ആയിരുന്നു അവിടെ. വെള്ളം ഓളം വെട്ടുന്ന സ്വരവും പുറത്ത്‌ ആഞ്ഞടിക്കുന്ന കാറ്റിന്റെ മുരള്‍ച്ചയുമല്ലാതെ വേറൊരു ശബ്ദവും ഉണ്ടായിരുന്നില്ല അവിടെ. കുത്തനെ ചരിഞ്ഞിരിക്കുന്ന ആ പ്രതലത്തിന്റെ വലത്‌ ഭാഗത്തുള്ള ക്യാബിനുകളെല്ലാം വെള്ളത്തിനടിയിലായിരുന്നു.

"ലോട്ടെ...?" അദ്ദേഹം വിളിച്ചു.

പക്ഷേ, മറുപടിയുണ്ടായില്ല. ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറിച്ച്‌ ചിന്തിക്കുന്നതില്‍ അര്‍ത്ഥവുമില്ലെന്ന് അദ്ദേഹം വേദനയോടെ സ്വയം ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. എങ്കിലും വെള്ളത്തിലൂടെ അദ്ദേഹം മുന്നോട്ട്‌ നീങ്ങി. ചരിഞ്ഞ പ്രതലത്തിലൂടെ ഇഴഞ്ഞ്‌ കയറി, ലോട്ടെയുടെ ക്യാബിന്റെ വാതില്‍ക്കല്‍ ചെന്ന് കതക്‌ വലിച്ച്‌ തുറന്നു. എന്നിട്ട്‌ തന്റെ കൈയിലെ വിളക്ക്‌ ഉയര്‍ത്തി അദ്ദേഹം ഉള്ളിലേക്ക്‌ നോക്കി.

അവള്‍ അവിടെയുണ്ടായിരുന്നു. ഒരു കെണിയിലെന്ന പോലെ എഴുന്നേല്‍ക്കാനാകാതെ തന്റെ ബങ്കില്‍ കിടക്കുകയായിരുന്നു അവള്‍. കാലുകളുടെയും ഉദരത്തിന്റെയും മീതെ തകര്‍ന്ന പലകകളും മറ്റും വീണു കിടക്കുന്നു. വല്ലാതെ വിളറിയിരുന്ന അവളുടെ മിഴിയിണകള്‍ അടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാദപതനം കേട്ടതും അവള്‍ കണ്ണുകള്‍ തുറന്നു.

"ഹെല്‍മട്ട്‌..." അവള്‍ മന്ത്രിച്ചു. "വരുമെന്ന് എനിക്ക്‌ അറിയാമായിരുന്നു..."

"എന്താണുണ്ടായത്‌...? എന്തിനാണ്‌ നീ തിരികെ വന്നത്‌...?"

ഹെല്‍മട്ട്‌... നിങ്ങള്‍ തന്ന ആ മോതിരം ... എന്റെ കിടക്കയുടെ അടിയില്‍ ഞാനത്‌ ഒളിച്ച്‌ വച്ചിട്ടുണ്ടായിരുന്നു. ഡെക്കിലേക്ക്‌ പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ തിരക്കിനിടയില്‍ ഞാനത്‌ എടുക്കുവാന്‍ മറന്നു പോയി. എന്നെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമാണോ ആ മോതിരം...?"

അവളുടെ മേല്‍ വീണുകിടക്കുന്ന മരക്കഷണങ്ങള്‍ മാറ്റുവാന്‍ സകല ശക്തിയുമെടുത്ത്‌ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, അത്‌ അനങ്ങുവാന്‍ കൂട്ടാക്കിയില്ല.

"എത്ര അതിശയകരം...!" അവള്‍ പറഞ്ഞു. "ഇപ്പോള്‍ യാതൊരു വേദനയും എനിക്ക്‌ അനുഭവപ്പെടുന്നില്ല... ദിവസങ്ങളായി ഞാന്‍ തണുത്ത്‌ മരവിച്ചുകൊണ്ടിരിക്കുകയായിരുന്നു..."

ഡോയ്‌ഷ്‌ലാന്റ്‌ ഒന്ന് കുലുങ്ങി മുന്നോട്ട്‌ നീങ്ങി. അടുത്ത നിമിഷം അത്‌ പാറക്കെട്ടില്‍ നിന്ന് താഴേക്ക്‌ പതിക്കുമെന്ന് തോന്നി. അദ്ദേഹം ആ മരക്കഷണങ്ങള്‍ നീക്കുവാന്‍ വീണ്ടും ശ്രമിച്ചു.

"എന്നെക്കൊണ്ട്‌ ഒറ്റയ്ക്ക്‌ സാധിക്കുമെന്ന് തോന്നുന്നില്ല ലോട്ടെ... ഞാന്‍ ആരെയെങ്കിലും കൂട്ടി ഇപ്പോള്‍ തന്നെ മടങ്ങി വരാം... ഈ വിളക്ക്‌ ഞാന്‍ കൊണ്ടുപോകുകയാണ്‌... ഭയപ്പെടേണ്ട കേട്ടോ..."

"എന്നെ ഇവിടെ ഉപേക്ഷിച്ച്‌ പോകില്ലല്ലോ...?"

"ഒരിക്കലുമില്ല... എന്റെ പ്രതിജ്ഞ ഓര്‍മ്മയില്ലേ...?"

വീണ്ടും അദ്ദേഹം വെള്ളത്തിലേക്കിറങ്ങി, വന്ന വഴിക്ക്‌ അതിവേഗം നീങ്ങി. മുന്നോട്ട്‌ ചരിഞ്ഞ്‌ അല്‍പ്പാല്‍പ്പമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍. ഇനി അല്‍പ്പം കൂടി നീങ്ങിയാല്‍ മതി കപ്പലിന്റെ മുന്‍ഭാഗം പാറക്കെട്ടില്‍ നിന്ന് താഴേക്ക്‌ പതിക്കാന്‍.

കയറേണിയിലുടെ മുകളിലേക്ക്‌ കയറിയ റിക്ടര്‍ കണ്ടത്‌, തങ്ങളുടെ തോട്ടടുത്ത്‌ ഡെക്കിലേക്ക്‌ വന്ന് കയറുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെയാണ്‌. കന്യാസ്ത്രീകള്‍ ബെര്‍ഗറുടെ ക്യാബിനില്‍ നിന്ന് പുറത്തേക്കിറങ്ങി ഡെക്കില്‍ വന്ന് നില്‍ക്കുന്ന ബോട്ടിനരികിലേക്ക്‌ നടക്കുകയാണ്‌. ക്വാര്‍ട്ടര്‍ ഡെക്കിലുണ്ടായിരുന്ന പുരുഷന്മാര്‍ തിക്കിത്തിരക്കി കയറേണി വഴി താഴോട്ട്‌ ഇറങ്ങുന്നു.

ഭയത്താല്‍ പലരും ഉച്ചത്തില്‍ അലറി കരയുന്നുണ്ടായിരുന്നു. അടുത്ത നിമിഷം ഒരു ഭീകര ശബ്ദത്തോടെ ഡോയ്‌ഷ്‌ലാന്റ്‌ മുന്നോട്ട്‌ നീങ്ങി പാറക്കെട്ടില്‍ നിന്ന് താഴേക്കിറങ്ങി. സ്ത്രീകളിലാരോ പേടിച്ചരണ്ട്‌ ചെവി തുളക്കുന്ന സ്വരത്തില്‍ നിലവിളിച്ചു.

അ കയറേണിയില്‍ മുറുകെ പിടിച്ചുകൊണ്ട്‌ ഒരു നിമിഷം റിക്ടര്‍ നിന്നു. പിന്നെ തിരികെ വെള്ളത്തിലേക്ക്‌ ചാടി. ചുമരില്‍ താന്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ അദ്ദേഹം ഉള്ളിലേക്ക്‌ നീങ്ങി. കപ്പല്‍ ഇപ്പോള്‍ മുന്നോട്ട്‌ നീങ്ങിത്തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‌ ചുറ്റുമുള്ള വെള്ളം ഒരു ചുഴി പോലെ വട്ടം ചുറ്റി. സലൂണിലെങ്ങും കനത്ത അന്ധകാരം മാത്രം. അദ്ദേഹം ക്യാബിനുള്ളിലേക്ക്‌ കടന്നു. അദ്ദേഹത്തെയും കാത്ത്‌ നിസ്സഹായയായി അപ്പോഴും അവള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. വിളക്ക്‌ ചുമരില്‍ കൊളുത്തിയിട്ടിട്ട്‌ അദ്ദേഹം അവളുടെ അരികില്‍ ചെന്ന് ഇരുന്നു.

"മടങ്ങി വന്നു അല്ലേ...?"

"അതേ..."

"എന്താണവിടെ നടക്കുന്നത്‌ ഹെല്‍മട്ട്‌...?"

"അവര്‍ നമ്മെ കൊണ്ടുപോകാന്‍ വരികയാണ്‌ ലോട്ടെ... അവസാനം അവരിവിടെയെത്തി..."

അദ്ദേഹം അവളുടെ കരങ്ങള്‍ തന്റെ കൈത്തലത്തിലെടുത്ത്‌ മുറുകെ പിടിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Tuesday, January 4, 2011

സ്റ്റോം വാണിംഗ്‌ - 76

ഹരിത വര്‍ണ്ണത്തിലുള്ള കടല്‍ വെള്ളം മൊറാഗ്‌ സിന്‍ക്ലെയറിന്റെ ഡെക്കിലൂടെ ഒഴുകി പിന്‍ഭാഗത്തുള്ള കോക്‍പിറ്റില്‍ അനുസ്യൂതം വന്നടിച്ചുകൊണ്ടിരുന്നു. തികച്ചും അപരിചിതമായ ആ സാഹചര്യം ജാനറ്റിനെ ശരിക്കും ഭയചകിതയാക്കി. മുന്നോട്ട്‌ നീങ്ങാന്‍ കഴിയില്ല എന്ന് തന്നെ തോന്നുമാറുള്ള ഭീമാകാരങ്ങളായ തിരമാലകളായിരുന്നു അവരെ എതിരിട്ടത്‌. സ്ലോ മോഷന്‍ ഫ്രെയിമില്‍ കാണാറുള്ളത്‌ പോലെ വളരെ വളരെ പതുക്കെ ഒരു വിധം മുകളിലേക്ക്‌ കയറി താഴോട്ട്‌ മൂക്കു കുത്തി ഇറങ്ങിക്കഴിഞ്ഞാല്‍ ഇനിയൊരിക്കലും കയറി വരികയേ ഇല്ല എന്ന് തോന്നുന്ന വിധമായിരുന്നു മൊറാഗിന്റെ മുന്നോട്ടുള്ള പ്രയാണം.

ഇങ്ങനെയെല്ലാമായിരുന്നു അവസ്ഥ എങ്കിലും ഗെറിക്ക്‌ തികച്ചും അക്ഷോഭ്യനായി കാണപ്പെട്ടു. മര്‍ഡോക്ക്‌ അദ്ദേഹത്തിന്റെ തൊട്ടരികില്‍ തന്നെയുണ്ടായിരുന്നു.

ചട്ടങ്ങള്‍ അനുസരിച്ച്‌ ലൈഫ്‌ബോട്ട്‌ ജീവനക്കാര്‍ സാധാരണ ലൈഫ്‌ലൈന്‍ ധരിക്കാറില്ല. അടിയന്തിര ഘട്ടങ്ങളില്‍ അതൊരു തടസ്സമാകരുത്‌ എന്നതായിരുന്നു അതിനുള്ള കാരണം. പക്ഷേ, ഇപ്പോള്‍ ലൈഫ്‌ലൈന്‍ ധരിക്കേണ്ടത്‌ ഒരു ആവശ്യകതയായി മാറി. പിന്നോട്ട്‌ തിരിഞ്ഞ ലാക്ലന്‍ കാല്‍ വഴുതി ഡെക്കിലെ അഴികള്‍ക്കരികിലേക്ക്‌ വീണു. അപ്പോള്‍ ഡെക്കിലേക്ക്‌ അടിച്ചുകയറിയ ഒരു തിര അവനെ അഴികള്‍ക്ക്‌ മുകളിലൂടെ കടലിലിക്ക്‌ ഒഴുക്കിക്കൊണ്ടുപോയത്‌ ഞൊടിയിടയിലായിരുന്നു. അത്‌ കണ്ട ജാനറ്റ്‌ ഭയചകിതയായി അലറി വിളിച്ചു. പരിഭ്രമത്തോടെ ഗെറിക്ക്‌ തിരിഞ്ഞ്‌ നോക്കി. പെട്ടെന്നാണ്‌ ബോട്ടിന്റെ വലതുവശം കുത്തനെ താഴ്‌ന്നത്‌. അത്യത്ഭുതകരം എന്ന് പറയട്ടെ, അപ്പോള്‍ ഡെക്കില്‍ വന്ന് പതിച്ച തിരമാലയോടൊപ്പം ലാക്ലനും ഉണ്ടായിരുന്നു.

ഡെക്കിലേക്ക്‌ ചാടിയിറങ്ങിയ മര്‍ഡോക്ക്‌ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ചിട്ട്‌ അലറി. "ലൈഫ്‌ലൈന്‍...! എവ്‌രി വണ്‍ ...! എല്ലാവരും ലൈഫ്‌ലൈന്‍ ധരിക്കൂ...!"

പിന്നെ അദ്ദേഹം ഹാമിഷ്‌ മക്‍ഡൊണാള്‍ഡിന്‌ നേരെ തിരിഞ്ഞു. "എല്ലാവരും ധരിക്കൂ... ദിസ്‌  ഈസ്‌ മൈ ഓര്‍ഡര്‍ ... ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി..."

ജാനറ്റിനെയും അദ്ദേഹം വെറുതെ വിട്ടില്ല. അവളുടെ ചുമലില്‍ തട്ടിയിട്ട്‌ പറഞ്ഞു. "ഉടന്‍... നീയടക്കം..."

അദ്ദേഹം കൊടുത്ത കയര്‍ അവള്‍ തന്റെ അരയില്‍ കെട്ടി. അപ്പോഴാണത്‌ സംഭവിച്ചത്‌. പര്‍വ്വതാകാരമായ ഒരു തിരയുടെ മുകളില്‍ കയറി ഇറങ്ങുവാനാരംഭിച്ച നിമിഷം അതിശക്തമായ കാറ്റ്‌ ബോട്ടിന്റെ വലതുവശത്ത്‌ വന്ന് ആഞ്ഞടിച്ചു. അതിന്റെ ആഘാതത്തില്‍ ബോട്ട്‌ അപ്പാടെ കമഴ്‌ന്നു.

അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്ന കടല്‍വെള്ളം ഹൃദയത്തിലും മസ്തിഷ്ക്കത്തിലുമെല്ലാം അടിച്ചുകയറുന്നത്‌ പോലെ തോന്നി ജാനറ്റിന്‌. എങ്ങനെയെങ്കിലും തന്റെ ജീവന്‍ രക്ഷിക്കണമെന്ന ഒരേയൊരു ചിന്ത മാത്രമായിരുന്നു അവള്‍ക്ക്‌ അപ്പോള്‍ . വെള്ളത്തില്‍ കമഴ്‌ന്ന് കിടക്കുന്ന മൊറാഗിന്റെ ചലിക്കുന്ന പ്രൊപ്പല്ലറുകള്‍ അപ്പോഴും ബോട്ടിനെ മുന്നോട്ട്‌ തള്ളിക്കൊണ്ടിരുന്നു.

വളരെ സാവധാനം മൊറാഗ്‌ പൂര്‍വ്വസ്ഥിതിയിലേക്ക്‌ തിരിച്ചെത്തി. കമഴ്‌ന്നാലും നിമിഷങ്ങള്‍ക്കകം നിവരുവാനുള്ള രീതിയിലായിരുന്നു മൊറാഗിന്റെ രൂപകല്‍പ്പന.

താന്‍ ജീവിച്ചിരിക്കുന്നു എന്ന വസ്തുത അത്ഭുതത്തോടെ ജാനറ്റ്‌ മനസ്സിലാക്കി. അപ്പോഴാണവള്‍ കണ്ടത്‌, ഒരു കൈയാല്‍ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്ന ഗെറിക്കിന്റെ മറു കരം തന്റെ അരക്കെട്ടിനെ വലയം ചെയ്തിരിക്കുന്നുവെന്ന്. മര്‍ഡോക്ക്‌ തൊട്ടരികില്‍ തന്നെ എഴുന്നേറ്റ്‌ നില്‍ക്കുവാന്‍ ബദ്ധപ്പെടുന്നു. ലാക്ലന്‍ സുരക്ഷിതനായിരുന്നു. ഹാമിഷ്‌ മക്‍ഡൊണാള്‍ഡ്‌, ജെയിംസ്‌ സിന്‍ക്ലെയര്‍ ... എല്ലാവരുമുണ്ട്‌. പക്ഷേ, ഫ്രാന്‍സിസ്‌ പാറ്റേഴ്‌സണെ കാണ്മാനുണ്ടായിരുന്നില്ല.

പിന്നീടങ്ങോട്ടുള്ള അവസ്ഥ അതിഭീകരമായിരുന്നു. കനത്ത മഴയോടൊപ്പം ചരല്‍ പോലെ കോരിച്ചൊരിയുന്ന മഞ്ഞുകഷണങ്ങള്‍. ആഞ്ഞലറുന്ന കാറ്റ്‌. എമ്പാടും ഉയര്‍ന്ന് പൊങ്ങി ചിതറുന്ന തിരമാലകള്‍. തൊട്ടുമുന്നിലുള്ള ഒന്നും തന്നെ ദൃഷ്ടിക്ക്‌ ഗോചരമായിരുന്നില്ല. പര്‍വ്വതസമാനമായ ഒരു തിരയുടെ ഉച്ചിയില്‍ കയറിയപ്പോഴാണ്‌ ഏതാണ്ട്‌ നൂറ്റിയമ്പത്‌ വാര മാത്രം അകലെ നില്‍ക്കുന്ന ഡോയ്‌ഷ്‌ലാന്റിനെ അവര്‍ക്ക്‌ കാണുവാന്‍ സാധിച്ചത്‌. അതിന്റെ ക്വാര്‍ട്ടര്‍ ഡെക്കില്‍ നില്‍ക്കുന്നവര്‍ ആവേശത്തോടെ കൈ വീശുന്നുണ്ടായിരുന്നു.

"ഇനിയെന്ത്‌...?" ഗെറിക്ക്‌ ചോദിച്ചു.

"ഒരു നിമിഷം... ഞാനൊന്ന് ആലോചിക്കട്ടെ..." മര്‍ഡോക്ക്‌ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)