പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, January 11, 2011

സ്റ്റോം വാണിംഗ്‌ - 77

അവസാനത്തെ ചുമരും വെട്ടിപ്പൊളിച്ച്‌ റിക്ടര്‍ സലൂണിലേക്ക്‌ ഇഴഞ്ഞിറങ്ങി. ഭീതിജന്യമായ അന്ധകാരം ആയിരുന്നു അവിടെ. വെള്ളം ഓളം വെട്ടുന്ന സ്വരവും പുറത്ത്‌ ആഞ്ഞടിക്കുന്ന കാറ്റിന്റെ മുരള്‍ച്ചയുമല്ലാതെ വേറൊരു ശബ്ദവും ഉണ്ടായിരുന്നില്ല അവിടെ. കുത്തനെ ചരിഞ്ഞിരിക്കുന്ന ആ പ്രതലത്തിന്റെ വലത്‌ ഭാഗത്തുള്ള ക്യാബിനുകളെല്ലാം വെള്ളത്തിനടിയിലായിരുന്നു.

"ലോട്ടെ...?" അദ്ദേഹം വിളിച്ചു.

പക്ഷേ, മറുപടിയുണ്ടായില്ല. ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറിച്ച്‌ ചിന്തിക്കുന്നതില്‍ അര്‍ത്ഥവുമില്ലെന്ന് അദ്ദേഹം വേദനയോടെ സ്വയം ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു. എങ്കിലും വെള്ളത്തിലൂടെ അദ്ദേഹം മുന്നോട്ട്‌ നീങ്ങി. ചരിഞ്ഞ പ്രതലത്തിലൂടെ ഇഴഞ്ഞ്‌ കയറി, ലോട്ടെയുടെ ക്യാബിന്റെ വാതില്‍ക്കല്‍ ചെന്ന് കതക്‌ വലിച്ച്‌ തുറന്നു. എന്നിട്ട്‌ തന്റെ കൈയിലെ വിളക്ക്‌ ഉയര്‍ത്തി അദ്ദേഹം ഉള്ളിലേക്ക്‌ നോക്കി.

അവള്‍ അവിടെയുണ്ടായിരുന്നു. ഒരു കെണിയിലെന്ന പോലെ എഴുന്നേല്‍ക്കാനാകാതെ തന്റെ ബങ്കില്‍ കിടക്കുകയായിരുന്നു അവള്‍. കാലുകളുടെയും ഉദരത്തിന്റെയും മീതെ തകര്‍ന്ന പലകകളും മറ്റും വീണു കിടക്കുന്നു. വല്ലാതെ വിളറിയിരുന്ന അവളുടെ മിഴിയിണകള്‍ അടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പാദപതനം കേട്ടതും അവള്‍ കണ്ണുകള്‍ തുറന്നു.

"ഹെല്‍മട്ട്‌..." അവള്‍ മന്ത്രിച്ചു. "വരുമെന്ന് എനിക്ക്‌ അറിയാമായിരുന്നു..."

"എന്താണുണ്ടായത്‌...? എന്തിനാണ്‌ നീ തിരികെ വന്നത്‌...?"

ഹെല്‍മട്ട്‌... നിങ്ങള്‍ തന്ന ആ മോതിരം ... എന്റെ കിടക്കയുടെ അടിയില്‍ ഞാനത്‌ ഒളിച്ച്‌ വച്ചിട്ടുണ്ടായിരുന്നു. ഡെക്കിലേക്ക്‌ പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആ തിരക്കിനിടയില്‍ ഞാനത്‌ എടുക്കുവാന്‍ മറന്നു പോയി. എന്നെ സംബന്ധിച്ചിടത്തോളം അത്ര നിസ്സാരമാണോ ആ മോതിരം...?"

അവളുടെ മേല്‍ വീണുകിടക്കുന്ന മരക്കഷണങ്ങള്‍ മാറ്റുവാന്‍ സകല ശക്തിയുമെടുത്ത്‌ അദ്ദേഹം ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, അത്‌ അനങ്ങുവാന്‍ കൂട്ടാക്കിയില്ല.

"എത്ര അതിശയകരം...!" അവള്‍ പറഞ്ഞു. "ഇപ്പോള്‍ യാതൊരു വേദനയും എനിക്ക്‌ അനുഭവപ്പെടുന്നില്ല... ദിവസങ്ങളായി ഞാന്‍ തണുത്ത്‌ മരവിച്ചുകൊണ്ടിരിക്കുകയായിരുന്നു..."

ഡോയ്‌ഷ്‌ലാന്റ്‌ ഒന്ന് കുലുങ്ങി മുന്നോട്ട്‌ നീങ്ങി. അടുത്ത നിമിഷം അത്‌ പാറക്കെട്ടില്‍ നിന്ന് താഴേക്ക്‌ പതിക്കുമെന്ന് തോന്നി. അദ്ദേഹം ആ മരക്കഷണങ്ങള്‍ നീക്കുവാന്‍ വീണ്ടും ശ്രമിച്ചു.

"എന്നെക്കൊണ്ട്‌ ഒറ്റയ്ക്ക്‌ സാധിക്കുമെന്ന് തോന്നുന്നില്ല ലോട്ടെ... ഞാന്‍ ആരെയെങ്കിലും കൂട്ടി ഇപ്പോള്‍ തന്നെ മടങ്ങി വരാം... ഈ വിളക്ക്‌ ഞാന്‍ കൊണ്ടുപോകുകയാണ്‌... ഭയപ്പെടേണ്ട കേട്ടോ..."

"എന്നെ ഇവിടെ ഉപേക്ഷിച്ച്‌ പോകില്ലല്ലോ...?"

"ഒരിക്കലുമില്ല... എന്റെ പ്രതിജ്ഞ ഓര്‍മ്മയില്ലേ...?"

വീണ്ടും അദ്ദേഹം വെള്ളത്തിലേക്കിറങ്ങി, വന്ന വഴിക്ക്‌ അതിവേഗം നീങ്ങി. മുന്നോട്ട്‌ ചരിഞ്ഞ്‌ അല്‍പ്പാല്‍പ്പമായി നീങ്ങിക്കൊണ്ടിരിക്കുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍. ഇനി അല്‍പ്പം കൂടി നീങ്ങിയാല്‍ മതി കപ്പലിന്റെ മുന്‍ഭാഗം പാറക്കെട്ടില്‍ നിന്ന് താഴേക്ക്‌ പതിക്കാന്‍.

കയറേണിയിലുടെ മുകളിലേക്ക്‌ കയറിയ റിക്ടര്‍ കണ്ടത്‌, തങ്ങളുടെ തോട്ടടുത്ത്‌ ഡെക്കിലേക്ക്‌ വന്ന് കയറുന്ന മൊറാഗ്‌ സിന്‍ക്ലെയറിനെയാണ്‌. കന്യാസ്ത്രീകള്‍ ബെര്‍ഗറുടെ ക്യാബിനില്‍ നിന്ന് പുറത്തേക്കിറങ്ങി ഡെക്കില്‍ വന്ന് നില്‍ക്കുന്ന ബോട്ടിനരികിലേക്ക്‌ നടക്കുകയാണ്‌. ക്വാര്‍ട്ടര്‍ ഡെക്കിലുണ്ടായിരുന്ന പുരുഷന്മാര്‍ തിക്കിത്തിരക്കി കയറേണി വഴി താഴോട്ട്‌ ഇറങ്ങുന്നു.

ഭയത്താല്‍ പലരും ഉച്ചത്തില്‍ അലറി കരയുന്നുണ്ടായിരുന്നു. അടുത്ത നിമിഷം ഒരു ഭീകര ശബ്ദത്തോടെ ഡോയ്‌ഷ്‌ലാന്റ്‌ മുന്നോട്ട്‌ നീങ്ങി പാറക്കെട്ടില്‍ നിന്ന് താഴേക്കിറങ്ങി. സ്ത്രീകളിലാരോ പേടിച്ചരണ്ട്‌ ചെവി തുളക്കുന്ന സ്വരത്തില്‍ നിലവിളിച്ചു.

അ കയറേണിയില്‍ മുറുകെ പിടിച്ചുകൊണ്ട്‌ ഒരു നിമിഷം റിക്ടര്‍ നിന്നു. പിന്നെ തിരികെ വെള്ളത്തിലേക്ക്‌ ചാടി. ചുമരില്‍ താന്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ അദ്ദേഹം ഉള്ളിലേക്ക്‌ നീങ്ങി. കപ്പല്‍ ഇപ്പോള്‍ മുന്നോട്ട്‌ നീങ്ങിത്തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‌ ചുറ്റുമുള്ള വെള്ളം ഒരു ചുഴി പോലെ വട്ടം ചുറ്റി. സലൂണിലെങ്ങും കനത്ത അന്ധകാരം മാത്രം. അദ്ദേഹം ക്യാബിനുള്ളിലേക്ക്‌ കടന്നു. അദ്ദേഹത്തെയും കാത്ത്‌ നിസ്സഹായയായി അപ്പോഴും അവള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു. വിളക്ക്‌ ചുമരില്‍ കൊളുത്തിയിട്ടിട്ട്‌ അദ്ദേഹം അവളുടെ അരികില്‍ ചെന്ന് ഇരുന്നു.

"മടങ്ങി വന്നു അല്ലേ...?"

"അതേ..."

"എന്താണവിടെ നടക്കുന്നത്‌ ഹെല്‍മട്ട്‌...?"

"അവര്‍ നമ്മെ കൊണ്ടുപോകാന്‍ വരികയാണ്‌ ലോട്ടെ... അവസാനം അവരിവിടെയെത്തി..."

അദ്ദേഹം അവളുടെ കരങ്ങള്‍ തന്റെ കൈത്തലത്തിലെടുത്ത്‌ മുറുകെ പിടിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

15 comments:

 1. പ്രണയത്തിന്റെ ആര്‍ദ്രതയുടെയും തീവ്രതയുടെയും നേര്‍ക്കാഴ്ച...

  ReplyDelete
 2. ഒറ്റയിരുപ്പിനു ഇരുന്നു മുഴുവന്‍ വായിച്ചു! വരാന്‍ നേരം വൈകി! ഈ വിവര്‍ത്തനത്തിനു ഹൃദയത്തില്‍ തൊടുന്ന ഒരു മാസ്മരികതയുണ്ട്, ദൈവത്തിന്റെ ഒരു കയ്യൊപ്പ്. ദൈവം അനുഗ്രഹിക്കട്ടെ!

  ReplyDelete
 3. ഹാവൂ... അവസാനം ലോട്ടെയെ കണ്ടെത്തിയല്ലോ... അത്രയും സമാധാനം.

  ReplyDelete
 4. എന്തെല്ലാം യാതനകള്‍. അസാമാന്യധൈര്യം അപ്പോള്‍ കൈവരുന്നു അല്ലെ?
  ഒരു ഘട്ടം കഴിയുമ്പോള്‍ അടുത്തത് വരുകയായി.

  ReplyDelete
 5. "ലോട്ടെ...?" അദ്ദേഹം വിളിച്ചു.

  "ഹെല്‍മട്ട്‌..." അവള്‍ മന്ത്രിച്ചു. "വരുമെന്ന് എനിക്ക്‌ അറിയാമായിരുന്നു..."

  (പിന്നല്ലാതെ... എത്ര ആഴ്ചകളായി നമ്മള്‍ കാത്തിരിക്കുന്നു, ഈ സമാഗമത്തിനായി...)

  "എന്നെ ഇവിടെ ഉപേക്ഷിച്ച്‌ പോകില്ലല്ലോ...?"

  "ഒരിക്കലുമില്ല... എന്റെ പ്രതിജ്ഞ ഓര്‍മ്മയില്ലേ...?

  (ഇതുവായിച്ചപ്പോള്‍ ഹൃദയം ഒരുനിമിഷം മിടിക്കാന്‍ മറന്നതുപോലെ തോന്നി..)

  ലോകത്തിലെ സകല കാമുകീ കാമുകന്മാര്‍ക്കും വേണ്ടി ഈ അദ്ധ്യായം സമര്‍പ്പിക്കുന്നു...

  ReplyDelete
 6. വിനുവേട്ടാ..

  വെക്കേഷനും തിരക്കും ഒക്കെയായി ബ്ലോഗ്‌ലോകത്തുനിന്നും അകലെയായിരുന്നു കുറച്ചു നാള്‍..

  എന്തായാലും തിരിച്ചുവന്നു വായന തുടങ്ങിയതു വികാരതീവ്രമായ ഒരു എപ്പിസോഡും....

  വിവര്‍ത്തനഭംഗി ശരിയ്ക്കും പ്രകടമാവുന്ന ഒരു എപ്പിസോഡ്‌!!!
  വൈകിയാണെങ്കിലും,പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!

  ReplyDelete
 7. അറിയാമായിരുന്നു റിക്ടര്‍ വരുമെന്ന്. വികാരഭരിതമായ നിമിഷങ്ങള്‍. ഈ നോവലിലെ ഇതുവരെയുള്ളതില്‍ വച്ച്‌ ഏറ്റവും മനോഹരമായ രംഗം. മനോഹരമായ പരിഭാഷ.

  ReplyDelete
 8. ലോട്ടെയെ കിട്ടിയല്ലോ.
  ഈ ഭാഗം വളരെ നന്നായിട്ടുണ്ട്.

  എന്നെക്കാൾ സ്പീഡിൽ ഒറ്റയിരുപ്പിന് മുഴുവൻ വായിച്ചോ ശ്രീ ജോയ്? എന്റെ അവാർഡ് പോയോ?

  അടുത്ത ഭാഗം വരട്ടെ...........

  ReplyDelete
 9. ഇവിടെയെന്താ ഒരു ശശ്മാന മൂകത? എഴുത്തേച്ചി എവിടെ? ചാര്ളിച്ചന്‍ എവിടെ? മഴ പെയ്തതോടെ വിനുവേട്ടന്റെയും ഉഷാര്‍ കുറഞ്ഞോ?

  ലേഖാജിയുടെ അഭിപ്രായത്തെ നിറഞ്ഞ കയ്യടിയോടെ ഞാന്‍ പിന്താങ്ങുന്നു.. ഈ നോവലിന്റെ ഏറ്റവും മനോഹരമായ ഭാഗമാണിത്..

  എച്ച്മുക്കുട്ടി വീണ്ടും ഓട്ടത്തില്‍ പിന്നിലായി അല്ലേ... സാരമില്ല, തല്ക്കാലം നമുക്കൊരു വനിതാ സംവരണ 'വാര്‍ഡ്‌' കൊണ്ട് പ്രശ്നം പരിഹരിച്ചുകൂടെ?

  ഹായ്... ജോയ് അല്ലല്ല, പാല പൂത്ത മണം... ഇപ്പോളല്ലേ കാര്യം പിടികിട്ടിയത്.. ബൂലോഗത്തില്‍ തിരികെയെത്തി.. ഇനിയിപ്പോ അടുത്ത വെക്കേഷന്‍ വരെ ഇവിടെയൊക്കെത്തന്നെ കാണുമല്ലോ അല്ലേ..

  ReplyDelete
 10. എന്തു പറയണം എന്നറിയാത്തതു കോണ്ടാ മിണ്ടാതെ വന്നു വായിച്ചിട്ടൂ പോയേ(ഉഗ്രന്‍, സൂപ്പര്‍, തകര്‍പ്പന്‍..എന്നിങ്ങനെ എല്ലാ അധ്യായത്തിലും പ്രത്യേകിച്ച് എഴുതേണ്ട കാര്യമില്ല. ഒരു ആവര്‍ത്തന വിരസത. മാത്രവുമല്ല കഴിഞ്ഞ കുറെ അധ്യായങ്ങള്‍ എല്ലാം വല്ലാത്തൊരു ആകാക്ഷയോടും വൈകാരികതയോടെയും ആണ് വായിക്കാറ്..ഇനി ഈക്കഥ തീരും വരെ അതങ്ങനെ തന്നെയായിരിക്കും എന്ന്‍ വിചാരിക്കുന്നു.)..എല്ലാവരുടേയും കമന്റ്സ് കാണാന്‍ ദിവസോം ഹാജര്‍ വക്കാറുണ്ടായിരുന്നു.
  :)

  ജിമ്മിച്ചാ
  സുഖമല്ലേ..ക്രിസ്തുമസ്സിനു കാണാനോ ഒന്നു വിളിക്കാനോ കഴിഞ്ഞില്ല.ആകപ്പാടെ രണ്ടു ദിവസമാ നാട്ടില്‍ കഴിഞ്ഞേ.പരിഭവങ്ങള്‍ ഒന്നുമില്ല എന്നു പ്രതീക്ഷിക്കുന്നു..:)

  റിക്ടര്‍ അങ്ങനെ ലൊട്ടയുമായി ഓട്ടയുള്ള ഒരു കപ്പലില്‍ ....

  ReplyDelete
 11. ഈ ലക്കം സന്ദര്‍ശിച്ച്‌ അഭിപ്രയങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കു നന്ദി...

  ReplyDelete
 12. അവസാനം ലോട്ടെയെ കണ്ടല്ലോ

  ReplyDelete
 13. ലോട്ടെ യെ കണ്ടെത്തിയതിൽ നല്ല സന്തോഷം.

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...