പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, January 18, 2011

സ്റ്റോം വാണിംഗ്‌ - 78

എങ്ങനെയാണ്‌ അവരെ ബോട്ടിലേക്ക്‌ കൊണ്ടുവരിക എന്ന് ആലോചിച്ച്‌ നില്‍ക്കുകയായിരുന്നു മര്‍ഡോക്ക്‌. പെട്ടെന്നാണ്‌ ഒന്ന് കുലുങ്ങി ഡോയ്‌ഷ്‌ലാന്റ്‌ പാറക്കെട്ടിന്റെ അറ്റത്തേക്ക്‌ നീങ്ങിയത്‌. അതോടെ അദ്ദേഹത്തിന്റെ ആലോചന ഓടിയൊളിച്ചു.

"കപ്പല്‍ മുങ്ങുകയാണ്‌ കുട്ടീ... മുങ്ങുകയാണ്‌...!" ഗെറിക്കിന്റെ ചുമലില്‍ തട്ടിക്കൊണ്ട്‌ അദ്ദേഹം അലറി. "ഫുള്‍ സ്പീഡ്‌... എന്നിട്ട്‌ കപ്പലിന്റെ അഴികളുടെ മുകളിലേക്ക്‌ കയറ്റൂ... രണ്ടേ രണ്ട്‌ മിനിറ്റ്‌ മാത്രമേ നമുക്ക്‌ ലഭിക്കൂ..."

ഗെറിക്ക്‌ ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്തു. മൊറാഗ്‌ മുന്നോട്ട്‌ കുതിച്ചു ചാടി. വെള്ളത്തിലേക്ക്‌ ഇറങ്ങി മുങ്ങിക്കൊണ്ടിരിക്കുന്ന ഡോയ്‌ഷ്‌ലാന്റിന്റെ ഡെക്കിലേക്ക്‌ ബോട്ടിന്റെ മുന്‍ഭാഗം കയറിച്ചെന്ന് നിന്നു. ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്നിരുന്ന ചിലര്‍ അപ്പോഴേക്കും ബോട്ടിനുള്ളിലേക്ക്‌ വീണു കഴിഞ്ഞിരുന്നു.

ആരോടും ഒന്നും പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല. സ്റ്റേമിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ ബെര്‍ഗറുടെ ക്യാബിനില്‍ നിന്നും ധൃതിയില്‍ വരുന്നുണ്ടായിരുന്നു. പ്രേയ്‌ഗര്‍, റീവ്‌, ജാഗോ തുടങ്ങി ബാക്കിയുണ്ടായിരുന്നവരെല്ലാം തന്നെ അതിവേഗം ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് താഴേക്കിറങ്ങി.

ഡോയ്‌ഷ്‌ലാന്റ്‌ ഒന്നു കൂടി ഉലഞ്ഞു. അതോടെ പലരും ഭയാക്രാന്തരായി നിലവിളിച്ചു. വെപ്രാളത്തിനിടെ സിസ്റ്റര്‍ കാത്തെ ബോട്ടിന്റെ അഴികളിന്മേല്‍ കമഴ്‌ന്ന് വീണു. പെട്ടെന്ന് തന്നെ ജാനറ്റ്‌ ഓടിച്ചെന്ന് അവളെ തൂക്കിയെടുത്ത്‌ കോക്‍പിറ്റില്‍ കൊണ്ടുപോയി തള്ളി.

"കപ്പല്‍ നമ്മളെയും കൊണ്ട്‌ മുങ്ങും ...!" മര്‍ഡോക്ക്‌ അലറി.

"റിവേഴ്‌സ്‌ ഗിയറിലിടൂ... ഗെറ്റ്‌ റെഡി...!" ഭ്രാന്തമായ ആവേശത്തോടെ അദ്ദേഹം അവരെ കൈവീശി വിളിച്ചു. "വേഗം വരൂ... ഡാംന്‍ യൂ... കപ്പല്‍ മുങ്ങുകയാണ്‌...!"

പരിഭ്രമത്തോടെ എല്ലാവരും ബോട്ടിനുള്ളിലേക്ക്‌ ചാടിക്കഴിഞ്ഞിരുന്നു. എല്ലാവര്‍ക്കുമൊടുവിലായി ബെര്‍ഗറും. ഓയില്‍സ്കിന്നില്‍ പൊതിഞ്ഞ ലോഗ്‌ ബുക്കും തന്റെ പേഴ്‌സണല്‍ ഡയറിയും അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നു.

ഡോയ്‌ഷ്‌ലാന്റ്‌ ഒന്നുകൂടി ഉലഞ്ഞു. റിവേഴ്‌സ്‌ ഗിയറില്‍ ആയിരുന്ന എന്‍ജിന്‌ ഗെറിക്ക്‌ ഫുള്‍ ആക്സിലറേറ്റര്‍ കൊടുത്തു. ഒരു പീരങ്കിയില്‍ നിന്ന് എന്ന പോലെ മൊറാഗ്‌ ദൂരേക്ക്‌ തെറിച്ചു.

ചെറിയ ക്യാബിന്റെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്ന സിസ്റ്റര്‍ ആഞ്ചല ബദ്ധപ്പെട്ട്‌ എഴുന്നേറ്റ്‌ തന്റെ ചുറ്റിനുമുള്ളവരുടെ മുഖങ്ങള്‍ പരിശോധനാഭാവത്തില്‍ പരതി.

"ലോട്ടെ ...? ലോട്ടെ എവിടെ...?" അവര്‍ ചോദിച്ചു.

മറുപടിയുണ്ടായിരുന്നില്ല. ഉണ്ടാകുമായിരുന്നില്ല താനും. തിരിഞ്ഞ്‌, പരിഭ്രമത്തോടെ ജാനറ്റിനെ തട്ടി വിളിച്ച്‌ അവര്‍ ഇംഗ്ലീഷില്‍ പറഞ്ഞു.

"ലോട്ടെയെ ഇവിടെ കാണുന്നില്ല... ഹേര്‍ റിക്ടറെയും... അവരിപ്പോഴും കപ്പലില്‍ ഉണ്ടാകണം..."

ക്യാബിന്റെ കതക്‌ തുറന്ന് ജാനറ്റ്‌ കോക്‍പിറ്റിലേക്ക്‌ കുതിച്ചു. ജാഗോ അവിടെയുണ്ടായിരുന്നു. ഗെറിക്കിന്റെ അരികിലായി റീവും മര്‍ഡോക്കും. അവള്‍ ജാഗോയുടെ കൈകള്‍ പിടിച്ചുലച്ചു. "കപ്പലില്‍ ഇനിയും രണ്ടു പേരുണ്ട്‌..."

അദ്ദേഹത്തിന്‌ തൊണ്ട വരളുന്നത്‌ പോലെ തോന്നി. "അങ്ങനെ വരാന്‍ വഴിയില്ലല്ലോ..."

അവള്‍ ജാഗോയെ വിട്ട്‌ ഗെറിക്കിനരികിലെത്തി അദ്ദേഹത്തിന്റെ കോട്ടില്‍ പിടിച്ച്‌ വലിച്ചു. "പോള്‍ ... കപ്പലില്‍ ഇനിയും രണ്ടു പേരുണ്ട്‌..."

പരിഭ്രമത്തോടെ അദ്ദേഹം അവള്‍ക്ക്‌ നേരെ നോക്കി. ആ നിമിഷം ഡോയ്‌ഷ്‌ലാന്റ്‌ പാറക്കെട്ടില്‍ നിന്ന് താഴോട്ടിറങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * * *

വലത്‌ ഭാഗത്തെ അഴികള്‍ക്കരികില്‍ നിന്നിരുന്ന ബെര്‍ഗറുടെ മിഴികള്‍ നിറഞ്ഞിരുന്നു. തിരമാലകള്‍ ഒന്നൊന്നായി മത്സരബുദ്ധിയോടെ കപ്പലിനു ചുറ്റും ഉയര്‍ന്നപ്പോള്‍ അദ്ദേഹം കൈ ഉയര്‍ത്തി അന്ത്യാഭിവാദനം നല്‍കി. അപ്പോഴും പ്രധാന പാമരം വെള്ളത്തിന്‌ മുകളില്‍ ദൃശ്യമായിരുന്നു. പിന്നെ അത്‌ അല്‍പ്പാല്‍പ്പമായി നീളം കുറഞ്ഞ്‌ അവസാനം പൂര്‍ണ്ണമായും കടലിനടിയിലേക്ക്‌ താഴ്‌ന്നു. പിന്നെ യാതൊന്നുമുണ്ടായിരുന്നില്ല. കുറച്ച്‌ പലകകള്‍ , കൂട്ടിപ്പിണഞ്ഞ ഒരു ചുരുള്‍ കയര്‍ , ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഒരു ബാരല്‍ എന്നിവ മാത്രം.

ഗെറിക്കിന്റെ മുഖം വിളറി വെളുത്തിരുന്നു. മനോവിഷമത്തോടെ അദ്ദേഹം മുഖം തിരിച്ചു. പിന്നെ സാവധാനം മൊറാഗിനെ വാഷിങ്ങ്‌ടണ്‍ റീഫില്‍ നിന്ന് ദൂരേക്ക്‌ വളച്ചെടുത്ത്‌ പര്‍വ്വതാകാരങ്ങളായ തിരമാലകള്‍ക്ക്‌ മുകളിലൂടെ വിങ്ങുന്ന ഹൃദയവുമായി ഫാഡാ ദ്വീപിലേക്കുള്ള മടക്കയാത്ര തുടങ്ങി.


* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

22 comments:

  1. വേദനയോടെ എഴുതിയ ഒരു ലക്കം... വാക്കുകള്‍ക്ക്‌ വേണ്ടി പരതിയ നിമിഷങ്ങള്‍... കഥാകൃത്തിന്റെ വരികള്‍ക്ക്‌ പരിഭാഷയിലൂടെ പൂര്‍ണ്ണത കൊടുക്കുവന്‍ എനിക്ക്‌ സാധിച്ചുവോ എന്ന് സന്ദേഹം... ഇതൊരു സംഭവകഥ ആണെന്നോര്‍ക്കുമ്പോള്‍ മനസ്സ്‌ വിങ്ങുന്നു...

    കഥ തുടരുന്നു...

    ReplyDelete
  2. മുങ്ങി ഒടുങ്ങിയ ദുരന്തം !! മനോഹരമായി എഴുതി ...

    ReplyDelete
  3. സ്റ്റോം വാണിങ്ങ് വായിക്കാത്ത ഒരു യൂറോപ്യനുമുണ്ടാകില്ല എന്നാണിവിടത്തെ ഒരു ലൈബ്രറേറിയൻ എന്നോട് ഈയ്യിടെ ഈ ബുക്കിനെകുറീച്ച് പറഞ്ഞത്,സിനിമ വന്നപ്പോൾ കാണാത്തവരും...
    ജാക്ക്‌ ഹിഗ്ഗിന്‍സ് ഈ അദ്ധ്യായങ്ങൾ എഴുതിതീർക്കുമ്പോൾ അദ്ദേഹം അനുഭവിച്ച മാനസിക സംഘർഷങ്ങൾ അതിലും നന്നായി പകർത്തിയെഴുതിയ വിനുവേട്ടന്റെ വിങ്ങുന്ന മനസ്സ് കാണുമ്പോൾ തന്നെ ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്..കേട്ടൊ

    ReplyDelete
  4. ഇത്തവണ ശരിക്കും ചങ്ക് തകര്‍ന്നൂ വിനുവേട്ടാ...
    അങ്ങനെ ആ ദുരിതവാഹിനി ആഴങ്ങളില്‍ ഒളിച്ചു.
    നമുക്കേറ്റം പ്രിയപ്പെട്ട ചിലരെയും കൊണ്ട് ..

    ReplyDelete
  5. സങ്കടമാണ് വലിയ സങ്കടം. കഴിഞ്ഞ ലക്കം വായിച്ചപ്പോഴേ ഞാൻ റെഡിയായിത്തുടങ്ങിയതാ.

    നല്ല പരിഭാഷയാണ്, വിങ്ങലോടെ മാത്രമേ വായിയ്ക്കാൻ പറ്റൂ.
    സ്നേഹത്തോടെ......

    ReplyDelete
  6. അയ്യോ!!!

    ഇതു വരെയുള്ളതില്‍ ഏറ്റവും വിഷമത്തോടെ വായിച്ച അദ്ധ്യായം. വായനക്കാര്‍ക്കും ആ ഫീല്‍ പകര്‍ന്നു കിട്ടുന്നുണ്ട് വിനുവേട്ടാ.

    ReplyDelete
  7. വിനുവേട്ടാ ഞങ്ങളും വിങ്ങുന്ന മനസ്സോടെയാണ് വായിച്ചു തീര്‍ത്തത്.
    എത്ര ആത്മാര്‍ത്ഥതയോടെയാണ് വിനുവേട്ടന്‍ ഈ മഹത്തായ നോവല്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഇനി ഒന്നും പറയാന്‍ വയ്യ.

    ReplyDelete
  8. ഉൽക്കണ്ഠയുടെ നിമിഷങ്ങൾ ഉള്ളിൽതട്ടും‌പടി അവതരിപ്പിച്ചു. പരിഭാഷ നന്നാകുന്നു.

    ReplyDelete
  9. എനിക്ക് ഒന്നും പറയാനില്ല...

    (ഈ അധ്യായം ഞാന്‍ വായിച്ചിട്ടില്ല എന്ന് വെറുതെ മനസ്സില്‍ ആവര്‍ത്തിക്കുന്നു..)

    ലോട്ട.. റിക്ടര്‍... നിങ്ങള്‍ എവിടെയും പോയിട്ടില്ല.. ഈ ഹൃദയങ്ങളില്‍ ജീവിക്കും, എക്കാലവും!!

    ReplyDelete
  10. ഞാൻ വന്നൂട്ടൊ.

    സത്യം പറയാല്ലോ, ഞാൻ വായിച്ചിട്ടില്ല. പിന്നെ വായിച്ചോളാം.(സങ്കടം വരുന്നതാണെങ്കിൽ വായിക്കണോ, എന്നിക്കു വയ്യ സകടപ്പെടാൻ).

    ജിമ്മിച്ചനു മാത്രമേ എന്നോട് ഇഷ്ടമുള്ളൂ, ബാക്കി ആരും എന്നെ അന്വേഷിക്കുന്നുപോലുമില്ല. എല്ലാരോടും ഞാൻ പങ്കുവെട്ടി.

    സിനിമ പിടിക്കുന്നൂന്നോ റോളുകൾ പങ്കുവച്ചുകൊടുക്കുന്നൂന്നോ ഒക്കെ എവിടെയോ കേട്ടപോലെ!

    ReplyDelete
  11. ലോട്ടയും റിക്ടറും പോയതിന്റെ വിഷമത്തിലായിരുന്നു ഞാന്‍... എഴുത്തേച്ചിയുടെ കമന്റ് കണ്ടപ്പോള്‍ ഇത്തിരി ആശ്വാസമായി..

    വായിക്കരുത് എന്ന് എങ്ങനെ പറയും ചേച്ചീ... എന്നാലും വിഷമമാവും, അത് തീര്‍ച്ച..

    ReplyDelete
  12. മനോഹരമായിരിയ്ക്കുന്നു എന്നു പറഞ്ഞാൽ അതു ക്രൂരതയാകും..

    പിന്നെ എന്താ പറയ്യാ.. ഒന്നും പറയുന്നില്ല.. പകരം പ്രാർത്ഥിയ്ക്കുന്നു...

    ആ നല്ല രണ്ടാത്മാക്കളുടെ നിത്യശാന്തിയ്ക്കായി ഉള്ളുരുകി പ്രർത്ഥിയ്ക്കുന്നു...

    ReplyDelete
  13. നന്നായി അവതരിപ്പിച്ചു വിനുവേട്ടാ....

    ReplyDelete
  14. രമേശ്‌... നന്ദി...

    മുരളിഭായ്‌... ഇത്‌ സിനിമയും ആയോ? അതെനിക്കറിയില്ലായിരുന്നു... നെറ്റില്‍ എവിടെയെങ്കിലും അത്‌ കാണാന്‍ സാദ്ധ്യതയുണ്ടോ?

    ചാര്‍ളി... ചാര്‍ളിയുടെ മാത്രമല്ല, എന്റെയും ചങ്ക്‌ തകര്‍ന്നു...

    എച്‌മു കുട്ടി... നോവലിന്റെ ആത്മാവ്‌ എല്ലാവരിലേക്കും എത്തുന്നു എന്നറിയുന്നതില്‍ സന്തോഷം.

    ശ്രീ... അപ്രതീക്ഷിതമായി അല്ലേ? എന്ത്‌ ചെയ്യാം...

    സുകന്യാജി... ഈ പോസ്റ്റ്‌ എഴുതിക്കഴിഞ്ഞ്‌ ശരിക്കും വിഷാദമായിരുന്നു മനസ്സില്‍... അത്‌ എല്ലാവരിലേക്കും പകര്‍ന്നു കിട്ടി അല്ലേ?

    പള്ളിക്കരയില്‍... അപ്പോള്‍ ഈ വഴി വരാറുണ്ടല്ലേ? അഭിപ്രായത്തിന്‌ നന്ദി...

    ജിമ്മി... ആ പറഞ്ഞതാണ്‌ വാസ്തവം... 1981ല്‍ വായിക്കുകയും പഠിക്കുകയും ചെയ്ത ഈ നോവലും റിക്ടറും ലോട്ടെയും ഇന്നും ഹൃദയത്തില്‍ ജീവിക്കുന്നു...

    എഴുത്തുകാരിചേച്ചി... എന്തായാലും വായിക്കണം... വായിക്കൂ... പിന്നെ ഇടയ്ക്ക്‌ ഈ വഴി വരാതാകുമ്പോള്‍ ഞങ്ങള്‍ എല്ലാവരും അത്‌ ശ്രദ്ധിക്കാറുണ്ട്‌ കേട്ടോ... ചേച്ചിയെ വിളിച്ച്‌ വരുത്തുവാന്‍ അഡ്രസ്സ്‌ പോലും അറിയില്ലല്ലോ ഞങ്ങള്‍ക്ക്‌...

    കൊല്ലേരീ... കമന്റുകളുമായി വന്നു തുടങ്ങി അല്ലേ? ഇനിയിപ്പോള്‍ സ്ഥിരമായി വരും എന്ന് പ്രതീക്ഷിക്കാം അല്ലേ?

    താന്തോന്നി... വളരെ നന്ദി..

    ReplyDelete
  15. വിവര്‍ത്തനം വളരെ നന്നായിട്ടുണ്ട്. വായിച്ചു തീര്‍ന്നതും കണ്ണുകളില്‍ നിന്നും കണ്ണ് നീര്‍ തുള്ളികള്‍ അടര്‍ന്നു വീണതും ഒരുമിച്ചായിരുന്നു. ഹൃദയത്തില്‍ ഒരു നീറ്റല്‍. Blade കൊണ്ട് കീറി വരഞ്ഞത് പോലെ.

    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  16. വേദനിപ്പിയ്ക്കുന്ന ഒരു എപ്പിസോഡ്‌..

    കഥാകാരനും,വിവര്‍ത്തകനും,വായനക്കാരും..എല്ലാം ഒരുപോലെ മനസ്സുവിങ്ങുന്ന ഒരു നിമിഷം!!

    അതിശക്തമായ കഥാപാത്രസൃഷ്ടിയുടെ അനിവാര്യമായ ഒരു വേദനയായി നമ്മുക്കിതിനെ കാണാം..

    വിവര്‍ത്തനത്തിന്റെ വിജയം പൂര്‍ണ്ണമായ ഒരു എപ്പിസോഡ്‌!!!

    ഹൃദയം നിറഞ്ഞ ആശംസകളോടെ..

    ReplyDelete
  17. ഈ ലക്കം വായിച്ചു കഴിഞ്ഞപ്പോഴേക്കും ശരിക്കും കരഞ്ഞുപോയി. ഹൃദയത്തെ കീറിമുറിച്ച ഒരു ലക്കമായിപ്പോയി വിനുവേട്ടാ ഇത്‌. വേറൊന്നും പറയാനില്ല.

    ReplyDelete
  18. കഥാകാരന്റെ മാനസിക സംഘര്‍ഷം ഒട്ടൊക്കെ വാക്കുകളില്‍ കൊണ്ട് വരാന്‍ ആയിട്ടുണ്ട്‌ വിനുവേട്ടാ...സത്യം...

    ReplyDelete
  19. vallaththoru feeeling maranaththinum onnihchch (ini aarenkilum rakshappeduththumo)

    ot: mashe ingne tensionadippikkaathebakki pettannid

    ReplyDelete
  20. ആ സയിപ്പേട്ടൻ പറഞ്ഞത് പണ്ട് ഈ ജാക്കേട്ടന്റെ(മൂപ്പര് മൂന്നാല് പേരുകളിൽ എഴുതിയിട്ടുണ്ടല്ലോ)ഒരു കഥയെ അടിസ്ഥാനമക്കി പിടിച്ച റീഗൻ ചേട്ടനൊക്കെ അഭിനയിച്ച “സ്റ്റോം വാർണിൺഗ്” എന്ന സിനിമയെ പറ്റിയാണ്(http://www.imdb.com/video/screenplay/vi1491862553/)ഇതിൽ നിന്നാണ് ഒറിജിനൽ കഥക്ക് ജാ‍ക് എന്ന പേരിൽ നോവലിന് ഈ പേർ കൊടൂത്തതെത്രെ.
    പിന്നെ ജർമ്മങ്കാരും ഈ കഥ സിനിമയാക്കിയിട്ടുണ്ട് പോലും.

    കൂടാതെ 2007 ലെ, ഈ പേരിലിറങ്ങിയ ആസ്ട്രേലിയക്കാരുടെ ഹിറ്റ് സിനിമ കണ്ടിട്ടില്ലേ

    പിന്നെ

    ReplyDelete
  21. അയ്യോ!!!! അപ്പൊ അവരോ ?

    ReplyDelete
  22. എടുത്താൽ പൊങ്ങാത്ത തടിക്കഷ്ണങ്ങൾ ആയിരുന്നോ ലോട്ടയുടെ ദേഹത്ത്‌ വീണു കിടന്നിരുന്നത്‌??റിക്ടർക്ക്‌ തടിക്കഷ്ണങ്ങൾ മാറ്റാൻ കഴിയാതെ വന്നത്‌ വിശ്വസിക്കാൻ കഴിയുന്നില്ല.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...