സമയം ഉച്ച കഴിഞ്ഞിരിക്കുന്നു. ചില പ്രത്യേക നിര്‍ദ്ദേശങ്ങളുമായി ട്രിനിഡാഡിലേക്ക് പോകുകയാണ് ബ്രിട്ടിഷ് ഹോം ഫ്ലീറ്റിന് കീഴിലുള്ള T-CLASS സബ്‌മറീനായ HMS ഗാര്‍ഡിയന്‍. സമുദ്രാന്തര്‍ഭാഗത്ത് കൂടിയുള്ള നീണ്ട യാത്രക്ക് ശേഷം ഉപരിതലത്തിലേക്ക് എത്തിയതേയുള്ളു.
ഡീസല്‍ എന്‍ജിന്റെ ശബ്ദവും വിറയലുമാണ് അതിന്റെ ക്യാപ്റ്റന്‍ ലെഫ്റ്റനന്റ് കമാന്‍ഡര്‍ ജോര്‍ജ് ഹാര്‍വിയെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്. മുകളിലേക്ക് നോക്കി അല്‍പ്പനേരം കൂടി അദ്ദേഹം തന്റെ ബങ്കില്‍ കിടന്നു. സബ്‌മറീന്റെ മടുപ്പിക്കുന്ന ഗന്ധം അദ്ദേഹത്തിന്റെ നാസരന്ധ്രങ്ങളിലേക്കടിച്ചു കയറി. ഹരിത വര്‍ണ്ണമാര്‍ന്ന കര്‍ട്ടന്‍ വകഞ്ഞ് മാറ്റി ഒരു കപ്പ് ചായയുമായി പെറ്റി ഓഫീസര്‍ സ്വാലോ റൂമിലേക്ക് പ്രവേശിച്ചു.
"മുകളില്‍ എത്തിയതേയുള്ളൂ സര്‍..."
"കാലാവസ്ഥ എങ്ങനെയുണ്ട്?..."
"കാറ്റ് വടക്ക് പടിഞ്ഞാറോട്ടാണ്. 2-3 എന്ന നിലയില്‍. ദൂരക്കാഴ്ച മോശമാണ് സര്‍. ചെറിയ മഴച്ചാറലുമുണ്ട്..."
"ശരി... അഞ്ച് മിനിട്ടിനുള്ളില്‍ ഞാന്‍ ഡെക്കിലെത്താം. മിസ്റ്റര്‍ എഡ്‌ജിനോട് അവിടെ വെയ്‌റ്റ് ചെയ്യാന്‍ പറയൂ..."
"ശരി സര്‍..."
സ്വാലോ പുറത്തേക്ക് നടന്നു. ഹാര്‍വി തന്റെ ബങ്കില്‍ എഴുനേറ്റിരുന്നു കോട്ടുവായിട്ടു. പിന്നെ ഡെസ്കിന് മുന്നിലെത്തി തലേദിവസത്തെ സംഭവങ്ങള്‍ കപ്പലിന്റെ ലോഗ് ബുക്കില്‍ എഴുതുവാന്‍ തുടങ്ങി.
* * * * * * * * * * * * * * * * * * * * * * * * *
സബ്‌മറീന്റെ ഡെക്കില്‍ മൂന്ന് പേരുണ്ടായിരുന്നു. സബ് ലെഫ്റ്റനന്റ് എഡ്‌ജ്, സിഗ്നല്‍മാന്‍, പിന്നെ ഒരു ലുക്ക് ഔട്ട്. (ലുക്ക് ഔട്ട് - കപ്പലിന് ചുറ്റുപാടും വീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ആള്‍). സമുദ്രോപരിതലം വളരെ ശാന്തമായിരുന്നു. ഉപരിതലത്തിലൂടെ സബ്‌മറീന്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ കാണാറുള്ളത് പോലെ മറ്റ് യാനപാത്രങ്ങള്‍ ഒന്നും തന്നെ പരിസരത്തെങ്ങുമുണ്ടായിരുന്നില്ല.
എഡ്‌ജ് ആ അവസരം ശരിക്കും ആസ്വദിക്കുകയായിരുന്നു. മണിക്കൂറുകളോളം സമുദ്രത്തിനടിയിലൂടെ സഞ്ചരിച്ചതിന്റെ വല്ലായ്മ മഴത്തുള്ളികള്‍ മുഖത്ത് പതിച്ചതോടെ മാറി. ഉപ്പ് കാറ്റിന് മധുരമുള്ളത് പോലെ തോന്നി.
ഒരു കപ്പ് ചായയുമായി സ്വാലോ അവിടെയെത്തി. "ആഹാ, തണുപ്പ് ആസ്വദിക്കുകയാണല്ലേ?... താങ്കളെക്കാണാന്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഇവിടെയെത്തുമെന്ന് പറയാന്‍ ക്യാപ്റ്റന്‍ അറിയിച്ചിരിക്കുന്നു..."
"അത് നന്നായി..." എഡ്‌ജ് സന്തോഷത്തോടെ പറഞ്ഞു. "റിപ്പോര്‍ട്ട് ചെയ്യാന്‍ തക്കതായി ഒന്നും തന്നെ കാണാനില്ല ഇവിടെങ്ങും..."
മറുപടി പറയാന്‍ തുടങ്ങിയ സ്വാലോയുടെ കണ്ണുകള്‍ പെട്ടെന്ന് വിടര്‍ന്നു. അവിശ്വസനീയമായ ഭാവം അദ്ദേഹത്തിന്റെ മുഖത്ത് പരന്നു. "ഓ മൈ ഗോഡ്... എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല..."
അതേ നിമിഷം തന്നെ അകലേക്ക് ചൂണ്ടിക്കാണിച്ച് കപ്പലിന്റെ ലുക്ക് ഔട്ട് അലറി. അങ്ങോട്ട് നോക്കിയ എഡ്‌ജ് കണ്ടത്, ഏകദേശം കാല്‍ മൈല്‍ മാത്രം അകലെ തങ്ങളുടെ നേര്‍ക്ക് അടുത്തുകൊണ്ടിരിക്കുന്ന മൂന്ന് പാമരങ്ങളുള്ള ഒരു പായ്‌ക്കപ്പലിനെയാണ്...!
* * * * * * * * * * * * * * * * * * * * * * *
ഡോയ്‌ഷ്‌ലാന്റിന്റെ ഡെക്കില്‍ ആര്‍ക്കും ഒരു പരിഭ്രമവുമുണ്ടായിരുന്നില്ല. ഇത്തരം അവസരത്തില്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമേ ഉണ്ടായിരുന്നില്ല. ഡെക്കില്‍ ബെര്‍ഗറുടെ ക്യാബിനില്‍ സ്റ്റേമും റിക്ടറും അദ്ദേഹത്തിന് സമീപം തന്നെയുണ്ട്. റിക്ടറുടെ കൈയില്‍ സിഗ്നല്‍ ലാമ്പും ഉണ്ട്.
"ഒരു T-Class ബ്രിട്ടിഷ് സബ്‌മറീനാണ്..." ബെര്‍ഗര്‍ പറഞ്ഞു.
"ഇതായിരിക്കുമോ നമ്മുടെ യാത്രയുടെ അവസാനം...?" സ്റ്റേം ചോദിച്ചു.
"ചിലപ്പോള്‍..."
ഗാര്‍ഡിയനിലെ പീരങ്കികളുടെ ഉന്നം ഡോയ്‌ഷ്‌ലാന്റിന് നേരെ ശരിയാക്കപ്പെട്ടു. എല്ലാവരും അവരവരുടെ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചു. അടുത്ത നിമിഷം അതിന്റെ സിഗ്നല്‍ ലാമ്പ് മിന്നി.
"ഒരടി പോലും മുന്നോട്ട് വരരുത്. നിറുത്തിയില്ലെങ്കില്‍ വെടിയുതിര്‍ക്കുന്നതായിരിക്കും..." റിക്ടര്‍ ആ കോഡ് പരിഭാഷപ്പെടുത്തി വായിച്ചു.
"ശരി... മറുപടി കൊടുക്കൂ... : ഒരു നിഷ്‌പക്ഷ കപ്പല്‍ എന്ന നിലയില്‍ പ്രതിഷേധത്തോടെയാണെങ്കിലും നിറുത്തുന്നു."
റിക്ടറുടെ കൈയിലെ ലാമ്പ് പ്രവര്‍ത്തിച്ചു. ഒരു നിമിഷം കഴിഞ്ഞ് മറുപടി വന്നു. "നിങ്ങളുടെ കപ്പല്‍ പരിശോധിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവിടെത്തന്നെ നില്‍ക്കുക."
ബെര്‍ഗര്‍ തന്റെ കണ്ണട മേശപ്പുറത്ത് വച്ചു. "ശരി സുഹൃത്തുക്കളേ... നമുക്ക് തുടങ്ങാം. മിസ്റ്റര്‍ സ്റ്റേം, നിങ്ങള്‍ കാറ്റ്‌പായകള്‍ ചുരുട്ടിക്കൊള്ളൂ... റിക്ടര്‍, നിങ്ങള്‍ അധികമുള്ള ആള്‍ക്കാരുമായി അടിത്തട്ടിലേക്ക് പോകുക. ഞാന്‍ യാത്രക്കാരുടെ അടുത്തേക്ക് ചെല്ലട്ടെ..."
എല്ലാവരും അവരവരുടെ കര്‍ത്തവ്യങ്ങളിലേക്ക് പെട്ടെന്ന് നീങ്ങി. ഇടനാഴിയിലൂടെ താഴോട്ട് നടന്ന റിക്ടറെ ബെര്‍ഗര്‍ പിന്തുടര്‍ന്നു. സിസ്റ്റര്‍ ലോട്ടെയുടെ ബൈബിള്‍ പാരായണം ശ്രവിച്ച് മൂന്ന് കന്യാസ്ത്രീകള്‍ സലൂണില്‍ ഇരിക്കുന്നുണ്ടായിരുന്നു.
"സിസ്റ്റര്‍ ആഞ്ചല എവിടെ?..." ബെര്‍ഗര്‍ ചോദിച്ചു.
സിസ്റ്റര്‍ ലോട്ടെ തലയുയര്‍ത്തി. "മിസ്സിസ് പ്രേയ്ഗറുടെ അടുത്ത്..."
തന്റെ റൂമിന്റെ കതക് തുറന്ന് പ്രേയ്‌ഗര്‍ പുറത്തേക്കിറങ്ങി. കടുത്ത മനോവേദന അനുഭവിക്കുന്ന അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു.
"ഭാര്യയുടെ നില ഇപ്പോള്‍ എങ്ങനെ?... " ബെര്‍ഗര്‍ ചോദിച്ചു.
"അത്ര നന്നല്ല. അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്നു..."
"എനിക്കും വിഷമമുണ്ട്... പക്ഷേ നമുക്കെന്ത് ചെയ്യാന്‍ കഴിയും?..." ഒന്ന് സംശയിച്ച് നിന്നിട്ട് ബെര്‍ഗര്‍ തുടര്‍ന്നു. "ഏതാണ്ട് കാല്‍ മൈല്‍ ദൂരെ ഒരു ബ്രിട്ടിഷ് സബ്‌മറീന്‍ വരുന്നുണ്ട്. അവര്‍ക്ക് നമ്മുടെ കപ്പല്‍ പരിശോധിക്കണമത്രേ..."
"ദൈവമേ... " സിസ്റ്റര്‍ കാത്തെ അറിയാതെ കുരിശ് വരച്ചു പോയി.
ആ നിമിഷം തന്നെ പ്രേയ്‌ഗറുടെ റൂമില്‍ നിന്ന് ഒരു ബക്കറ്റുമായി സിസ്റ്റര്‍ ആഞ്ചല പുറത്തേക്ക് വന്നു. അവരുടെ വസ്ത്രത്തില്‍ അഴുക്ക് പുരണ്ടിരുന്നു.
"ഞങ്ങള്‍ സംസാരിച്ചത് നിങ്ങള്‍ കേട്ടുവോ?..." ബെര്‍ഗര്‍ ചോദിച്ചു.
"കേട്ടു..."
"അപ്പോള്‍ ശരി... കഴിഞ്ഞ രാത്രി ഒരു കാളരാത്രി തന്നെ ആയിരുന്നു... ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായോ സിസ്റ്റര്‍?..."
"തീര്‍ച്ചയായും ക്യാപ്റ്റന്‍..." അവരുടെ മുഖം വിളറിയെങ്കിലും കണ്ണുകള്‍ തിളങ്ങിയിരുന്നു. "പക്ഷേ, ക്യാപ്റ്റന്‍, താങ്കളെ ഇവിടെ നില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല..."
ചുമരില്‍ ചാരി വച്ചിരുന്ന ക്ലീനിംഗ് ബ്രഷ് എടുത്ത് ബെര്‍ഗര്‍ ജനാലയില്‍ ആഞ്ഞടിച്ചു. ജനാലച്ചില്ല് തകര്‍ന്ന് മേശപ്പുറത്ത് വീഴുന്നത് കണ്ട് കന്യാസ്ത്രീകള്‍ ഭയത്തോടെ നിലവിളിച്ചു. ബ്രഷ് ഒരു മൂലയിലേക്കെറിഞ്ഞിട്ട് ഇടനാഴിയിലൂടെ മുകളിലേക്ക് പോകുമ്പോള്‍ ബെര്‍ഗര്‍ പറഞ്ഞു. "ശരി... ഞാനിവിടെ നില്‍ക്കുന്നില്ല..."
അവിടെയാകെ നിശബ്ദത തളം കെട്ടി നിന്നു. മറ്റ് കന്യാസ്ത്രീകള്‍ സിസ്റ്റര്‍ ആഞ്ചലയെ പ്രതീക്ഷയോടെ നോക്കി. എന്തോ മനസ്സില്‍ കണ്ടത് പോലെ ആഞ്ചല തന്റെ കൈയിലെ ബക്കറ്റ് നിലത്തെക്ക് കമഴ്‌ത്തി. ഞൊടിയിടയില്‍ അവിടമാകെ ഛര്‍ദ്ദി അവശിഷ്ടങ്ങളുടെ അസഹനീയമായ ഗന്ധം പരന്നു. സിസ്റ്റര്‍ ബ്രിജിത്തെ തന്റെ അടിവയറ്റില്‍ കൈ താങ്ങിക്കൊണ്ട് തിരിഞ്ഞോടി.
"കൊള്ളാം..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു. "ഇനി സിസ്റ്റര്‍ ലോട്ടെ പോയി ആ ടോയ്‌ലറ്റുകളിലെ അവശിഷ്ടങ്ങളുടെ ബക്കറ്റ് കൊണ്ടുവരൂ. ആ ബ്രിട്ടീഷുകാര്‍ വരുമ്പോള്‍ ഇവിടെ ഒരു മിനിറ്റ് പോലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കണം..."
സിസ്റ്റര്‍ ആഞ്ചല തന്റെ ശാന്തതയും മൃദുത്വവും കൈവെടിഞ്ഞു. തികച്ചും ആജ്ഞാസ്വരത്തില്‍ അവര്‍ തുടര്‍ന്നു. "ബാക്കിയുള്ളവര്‍ തങ്ങളുടെ ക്യാബിനുകള്‍ അലങ്കോലപ്പെടുത്തിയിടൂ... കിടക്കകള്‍ എല്ലാം കടല്‍ വെള്ളത്തില്‍ നനയട്ടെ..."
"ഞാനെന്ത് ചെയ്യണം സിസ്റ്റര്‍?..." പ്രേയ്ഗര്‍ അവരുടെ തോളില്‍ തട്ടി ചോദിച്ചു.
"മുട്ടു കുത്തൂ ഹേര്‍ പ്രേയ്‌ഗര്‍... നിങ്ങളുടെ ഭാര്യയുടെ കട്ടിലിനു സമീപം... എന്നിട്ട് മനമുരുകി പ്രാര്‍ത്ഥിക്കൂ..."
* * * * * * * * * * * * * * * * * * * * * * * * * *
(തുടരും)
ഡോയ്‌ഷ്‌ലാന്റിന്റെ പ്രയാണം ഉദ്വേഗജനക നിമിഷങ്ങളിലൂടെ... ആസ്വാദകരുടെ അഭ്യര്‍ഥനയെ മാനിച്ച് ഈ ആഴ്ചത്തെ പോസ്റ്റ് അല്‍പ്പം നേരത്തെ തന്നെ ആകട്ടെയെന്നു വിചാരിച്ചു...
ReplyDeleteതുടരണം..
ReplyDeleteതികച്ചും ആകാംഷാഭരിതമായ നിമിഷങ്ങൾ... അടുത്ത ലക്കം ഉടനെ പോരട്ടെ...
ReplyDeleteആദ്യമായി വന്നതാണ്.എനിക്കേറെ ഇഷ്ടമുള്ള വിവർത്തനം വായിച്ചതിൽ സന്തോഷമുണ്ട്.
ReplyDeleteഅരുണ്‍ ... തുടര്‍ന്നിട്ട് തന്നെ കാര്യം...
ReplyDeleteജിമ്മി ... അതേ, ആകാംക്ഷാഭരിതമായ സംഭവങ്ങള്‍ ഇനിയും ധാരാളം മുന്നില്‍...
ശാന്ത കാവുമ്പായി ... സന്ദര്‍ശനത്തിന് നന്ദി... എല്ലാ എപ്പിസോഡുകളിലും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു...
കഥ അത്യധികം രസകരമാവുന്നു. ഓരോ പ്രാവശ്യവും നിറുത്തുന്നത് സസ്‌പെന്‍സിലാണല്ലോ.
ReplyDeleteതൃശൂര്‍ വിശേഷങ്ങളില്‍ പുതിയ കഥകളൊന്നും പോസ്റ്റ് ചെയ്യുന്നില്ലേ?
കുറച്ച് തിരക്കിലായിരുന്നതിനാല്‍ വരാന്‍ വൈകി.
ReplyDeleteതുടരൂ വിനുവേട്ടാ
സിസ്റ്റര്‍ ആഞ്ചല ഒരു പ്രധാന കഥാപാത്രമായിരിക്കുമെന്ന് തോന്നുന്നു.
ReplyDeleteവായിക്കുന്നു
ReplyDeleteആഞ്ചല ഒരു കന്യാസ്ത്രീ ആണെന്ന് തോന്നുന്നില്ലല്ലോ!!!!!എങ്കിൽ ഇത്ര ബുദ്ധി വരില്ല.
ReplyDeleteസിസ്റ്റർ ആഞ്ചല ഒരു പ്രത്യേക ജന്മമാണ് സുധീ...
Delete