പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, September 30, 2009

സ്റ്റോം വാണിംഗ്‌ - 15

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്നും...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 14. അക്ഷാംശം 28.16 N, രേഖാംശം 30.5 W. രാത്രി മൂന്ന് മണിക്ക്‌ മിസിസ്‌ പ്രേയ്‌ഗര്‍ അന്ത്യശ്വാസം വലിച്ചു. സൂര്യോദയത്തിന്‌ ശേഷം സിസ്റ്റര്‍ ആഞ്ചലയുടെ സാന്നിദ്ധ്യത്തില്‍ വേണ്ടുന്ന കര്‍മ്മങ്ങളെല്ലാം ചെയ്തിട്ട്‌ മൃതശരീരം കടലില്‍ ഒഴുക്കി. ഈ ദൗര്‍ഭാഗ്യ സംഭവം കപ്പലിലെ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. മദ്ധ്യാഹ്നത്തിന്‌ ശേഷം നേര്‍ത്ത കുളിര്‍കാറ്റ്‌ വീശിത്തുടങ്ങി. അയര്‍ലണ്ടിലെ കോബിലേക്ക്‌ ഇനി ഏകദേശം 1170 മൈല്‍ ദൂരം കാണുമെന്ന് ഊഹിക്കുന്നു.

അദ്ധ്യായം നാല്‌

ഹാരി ജാഗോ, ജന്‍സണോടൊപ്പം കുന്നിന്‍ മുകളിലൂടെ സെന്റ്‌ മുന്‍ഗോ ചര്‍ച്ചിലേക്ക്‌ നടക്കുമ്പോള്‍ ഇരുട്ട്‌ വീണു തുടങ്ങിയിരുന്നു. അങ്കണത്തിന്‌ പിന്നിലെ സെമിത്തേരിയില്‍ ആരുടെയോ ശവസംസ്കാരച്ചടങ്ങുകള്‍ക്കായി സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ചെറിയൊരു സംഘം കൂടി നില്‍ക്കുന്നുണ്ടായിരുന്നു. അഡ്‌മിറല്‍ ക്യാരി റീവും ജീന്‍ സിന്‍ക്ലെയറും അടുത്തടുത്തായി നില്‍ക്കുന്നു. കുഴിമാടത്തിന്റെ തലയ്ക്കലായി ഒരു നീല സ്യൂട്ട്‌ അണിഞ്ഞ്‌ മര്‍ഡോക്ക്‌ മക്‍ലിയോഡ്‌ കൈയ്യില്‍ ഒരു പ്രാര്‍ത്ഥനാ പുസ്തകവുമായി നില്‍ക്കുന്നുണ്ടായിരുന്നു.

ഹാരിയും ജന്‍സണും തങ്ങളുടെ ഹാറ്റ്‌ തലയില്‍ നിന്നെടുത്തു. തളം കെട്ടി നിന്നിരുന്ന നിശ്ശബ്ദതയില്‍ കടല്‍പ്പക്ഷികളുടെ രോദനം ശോകത്തിന്‌ തീവ്രതയേകി. ജാഗോ ഒരു നിമിഷം അവിടെ നിന്ന് മേരിസ്‌ ടൗണിലേക്ക്‌ കണ്ണോടിച്ചു. അവരുടെ മോട്ടോര്‍ ഗണ്‍ ബോട്ട്‌ അങ്ങ്‌ ദൂരെ ഹാര്‍ബറില്‍ കെട്ടിയിട്ടിരിക്കുന്നത്‌ കാണാമായിരുന്നു.

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കടുംചുവപ്പും മഞ്ഞയും കലര്‍ന്ന വര്‍ണ്ണം പടര്‍ന്നിരുന്നു. അതിനും മുകളില്‍ വളരെ ഉയരത്തില്‍ എങ്ങോട്ടോ വിട പറഞ്ഞു പോകുന്ന ചെറു മേഘക്കൂട്ടങ്ങള്‍. ശാന്തമായി കാണപ്പെട്ട സമുദ്രത്തില്‍ വടക്ക്‌ ഭാഗത്ത്‌ വരിവരിയായി കിടക്കുന്ന ബറാ, മിന്‍ഗുലേ, പാബേ, സണ്‍ഡ്രേ എന്നീ ദ്വീപുകള്‍ ജാഗോ വീക്ഷിച്ചു.

റീവ്‌ തലയുയര്‍ത്തി. അടുത്ത്‌ നിന്നിരുന്ന ജീന്‍ സിന്‍ക്ലെയറോട്‌ എന്തോ മന്ത്രിച്ചിട്ട്‌ അദ്ദേഹം അവര്‍ക്ക്‌ നേരെ നടന്നു.

"ഇപ്പോള്‍ തന്നെ വന്നതില്‍ നന്ദി ലഫ്റ്റനന്റ്‌.." റീവ്‌ പറഞ്ഞു.

"ഞങ്ങള്‍ സ്റ്റോണോവേയില്‍ നിന്ന് മലേയ്‌ഗിലേക്ക്‌ പോകുന്ന വഴി ഇവിടെ നിറുത്തിയതാണ്‌... താങ്കളുടെ സന്ദേശം ഞാന്‍ അവര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌..."

മൂന്ന് നാല്‌ മുക്കുവര്‍ ചേര്‍ന്ന് കുഴിയിലേക്ക്‌ ഇറക്കുന്ന ശവപ്പെട്ടിയിലേക്ക്‌ ജാഗോ എത്തിനോക്കി.

"ഇതും ആ ജര്‍മന്‍ മുങ്ങിക്കപ്പലില്‍ നിന്നുള്ളതാണോ..?"

റീവ്‌ തല കുലുക്കി. "കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഇവിടെ അടിയുന്ന എട്ടാമത്തെ മൃതശരീരമാണിത്‌..." ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ അദ്ദേഹം തുടര്‍ന്നു. "കഴിഞ്ഞ തവണ വന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞത്‌ ഈ ആഴ്ച ലണ്ടനിലേക്ക്‌ പോകുമെന്നല്ലേ...?"

"അതേ സര്‍... കൃത്യസമയത്ത്‌ തന്നെ മലേയ്‌ഗിലെത്താന്‍ കഴിഞ്ഞാല്‍ രാത്രിയിലുള്ള ട്രെയിനിന്‌ ഞാന്‍ ഗ്ലാസ്‌ഗോവിലേക്ക്‌ പോകും. എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ സര്‍...?"

"തീര്‍ച്ചയായും ജാഗോ..." റീവ്‌ തന്റെ പോക്കറ്റില്‍ നിന്ന് രണ്ട്‌ കവറുകള്‍ എടുത്തു. "ഇതാ ... ഇത്‌ എന്റെ അനന്തിരവള്‍ ഡോക്ടര്‍ ജാനറ്റിനുള്ളതാണ്‌. വെസ്റ്റ്‌ മിനിസ്റ്ററിലാണ്‌ അവള്‍ താമസിക്കുന്നത്‌. പാര്‍ലമെന്റ്‌ ഹൗസില്‍ നിന്ന് അധികം ദൂരമില്ല..."

"മറ്റേതോ സര്‍...?"

റീവ്‌ അത്‌ ജാഗോയുടെ കൈയില്‍ കൊടുത്തു. "ഇത്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സില്‍ നേരിട്ടെത്തിക്കുകയാണെങ്കില്‍ കാലതാമസം ഒഴിവാക്കാം..."

ആ കവറിന്‌ പുറത്ത്‌ കണ്ട മേല്‍വിലാസം വായിച്ച്‌ ജാഗോ സ്തബ്ധനായി ഒരു നിമിഷം നിന്നിട്ട്‌ പറഞ്ഞു. "മൈ ഗോഡ്‌...!"

റീവ്‌ പുഞ്ചിരിച്ചു. "നോക്കൂ, ഇത്‌ അദ്ദേഹത്തിന്റെ സെക്രട്ടറിയെ നേരിട്ടേല്‍പ്പിക്കണം. വേറെ ആരുടെയും കൈയ്യില്‍ കൊടുക്കരുത്‌..."

"യെസ്‌ സര്‍..."

"ശരി... ഇനി നിങ്ങള്‍ യാത്ര തുടര്‍ന്നോളൂ... അധികം താമസിയാതെ തന്നെ ഇതിനുള്ള്‌ മറുപടി താങ്കള്‍ തന്നെ കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ കഴിഞ്ഞ പ്രാവശ്യം പറഞ്ഞിരുന്നില്ലേ, അമേരിക്കന്‍ നേവി ഇപ്പോഴും പിന്‍വലിക്കാത്ത ആനുകൂല്യങ്ങളാണ്‌ എന്റെ റേഡിയോയും ഇവിടുത്തെ കോട്ടേജും. അവര്‍ക്കെന്നെ ഇനിയും ആവശ്യമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..."

ജാഗോ അദ്ദേഹത്തെ സല്യൂട്ട്‌ ചെയ്ത്‌ ജന്‍സണെയും കൂട്ടി നടന്നു. റീവ്‌ സെമിത്തേരിയിലേക്ക്‌ മടങ്ങി. മര്‍ഡോക്ക്‌ ദൃഢവും വ്യക്തവുമായ സ്വരത്തില്‍ വായന തുടങ്ങി. "മനുഷ്യന്‍ ജനിക്കുന്നു... നൈമിഷികമാണെങ്കിലും കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം നയിക്കുന്നു... അവന്‍ പെട്ടെന്ന് ഉയരുകയും ഒരു പൂവിനെ പോലെ വാടി വീഴുകയും ചെയ്യുന്നു..."

അസ്തമയത്തിന്റെ അരണ്ട വെളിച്ചം അന്ധകാരത്തിന്‌ വഴിമാറി. അങ്കണത്തിന്റെ കവാടത്തിലൂടെ പുറത്തെത്തിയപ്പോള്‍ കടലിലേക്ക്‌ മറഞ്ഞ സൂര്യന്റെ ശോണിമ ദൂരെ ചക്രവാളത്തില്‍ അല്‍പ്പം ബാക്കിയുണ്ടായിരുന്നു.

"ആ ലെറ്റര്‍ ആര്‍ക്കാണ്‌ ലെഫ്റ്റനന്റ്‌...?" ജന്‍സണ്‍ ചോദിച്ചു.

"ജനറല്‍ ഐസന്‍ഹോവര്‍* ...." ജാഗോ ശാന്തമായി പറഞ്ഞു.

* * * * * * * * * * * * * * * * * * * ** * * * * * * * * * * * * * * *

* ജനറല്‍ ഐസന്‍ഹോവര്‍ - ഇദ്ദേഹം പിന്നീട്‌ അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റായി.

(തുടരും)

Tuesday, September 1, 2009

സ്റ്റോം വാണിംഗ്‌ - 14

ഏതാണ്ട്‌ പതിനഞ്ച്‌ മിനിട്ടുകള്‍ക്കുള്ളില്‍ എഡ്‌ജ്‌ കപ്പലിന്റെ രേഖകളും യാത്രക്കാരുടെ പാസ്‌പ്പോര്‍ട്ടുകളും പരിശോധിച്ചു.

ഇടനാഴിയിലൂടെ തഴേക്ക്‌ പോയിരുന്ന സ്വാലോ മുകളില്‍ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മുഖത്ത്‌ അറപ്പ്‌ വിട്ടുമാറിയിരുന്നില്ല.

"യാത്രക്കാരെല്ലാം താഴെയുണ്ടോ...?" എഡ്‌ജ്‌ ചോദിച്ചു.

"ഉണ്ട്‌ സര്‍..." സ്വാലോ ഡെക്കിലെ ശുദ്ധവായു ആവോളം ശ്വസിക്കുകയായിരുന്നു. "അഞ്ച്‌ കന്യാസ്ത്രീകള്‍. പിന്നെ ഒരു വൃദ്ധനും അയാളുടെ ഭാര്യയും. അവരുടെ നില വളരെ മോശമാണ്‌ സര്‍..."

എഡ്‌ജ്‌ യാത്രക്കാരെ സന്ദര്‍ശിക്കുവാനായി ഇടനാഴിയിലേക്ക്‌ നീങ്ങി.

"ഞാന്‍ നിര്‍ബന്ധിക്കുന്നില്ല സര്‍... താങ്കള്‍ക്ക്‌ പോകണമെങ്കില്‍ പൊയ്ക്കോളൂ... ഇന്നലെ രാത്രിയിലെ കൊടുങ്കാറ്റിന്റെ ഫലമായി അവിടെയാകെ വൃത്തികേടായി കിടക്കുകയാണ്‌. എല്ലാം കഴുകി ശരിയാക്കുന്നതേയുള്ളു..." അറപ്പോടെ സ്വാലോ പറഞ്ഞു.

ഒന്ന് സംശയിച്ചിട്ട്‌ എഡ്‌ജ്‌, സ്റ്റേമിനെ നോക്കി. പിന്നെ താഴോട്ട്‌ നടന്നു.

മനുഷ്യവിസര്‍ജ്യത്തിന്റെയും ഛര്‍ദ്ദിയുടെയും ദുര്‍ഗന്ധം അദ്ദേഹത്തിന്റെ മനം പുരട്ടിക്കൊണ്ടിരുന്നു. നാല്‌ കന്യാസ്ത്രീകള്‍ ഈ വൃത്തികേടുകള്‍ക്കിടയില്‍ ബക്കറ്റും ബ്രഷുമായി ജോലി ചെയ്യുന്നതാണ്‌ അദ്ദേഹത്തിന്‌ ആദ്യം കാണാനായത്‌. സഹിക്കവയ്യാതെ അദ്ദേഹം തന്റെ ടവല്‍ എടുത്ത്‌ വായ്‌ പൊത്തിപ്പിടിച്ചു. അപ്പോഴാണ്‌ സിസ്റ്റര്‍ ആഞ്ചല പ്രേയ്‌ഗറുടെ മുറിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌.

"വാട്ട്‌ ക്യാന്‍ ഐ ഡൂ ഫോര്‍ യു സര്‍...?" അവര്‍ ശുദ്ധമായ ഇംഗ്ലിഷില്‍ ചോദിച്ചു.

"നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ വിഷമമുണ്ട്‌ സിസ്റ്റര്‍. പക്ഷേ, ഇതെന്റെ ഡ്യൂട്ടിയായി പോയില്ലേ... നിങ്ങള്‍ക്ക്‌ മനസ്സിലാകുമെന്ന് കരുതുന്നു..." അദ്ദേഹം പാസ്‌പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചു. "യുദ്ധകാലത്തെ അന്താരാഷ്ട്ര നിയമമാണ്‌... യാത്രക്കാരുടെ ലിസ്റ്റ്‌ പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌ ഞാന്‍..."

മൃതപ്രായയായി കിടക്കുന്ന ഭാര്യയുടെ സമീപം മുട്ടുകുത്തിനില്‍ക്കുന്ന പ്രേയ്‌ഗറുടെ നേരെ അദ്ദേഹം കണ്ണോടിച്ചു. മുഖത്ത്‌ വിയര്‍പ്പ്‌ പൊടിഞ്ഞിരിക്കുന്ന അവരുടെ ശ്വാസോച്ഛ്വാസം അവിശ്വസനീയമാം വിധം മന്ദഗതിയിലായിരുന്നു.

"ഇവര്‍ രണ്ട്‌ പേരും...?" അദ്ദേഹം പാസ്‌പോര്‍ട്ടുകള്‍ തിരയാന്‍ തുടങ്ങി.

"മിസ്റ്റര്‍ ടേണ്‍സ്റ്റമും ഭാര്യയും... അവരുടെ നില വളരെ മോശമാണ്‌..." സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.

പ്രേയ്‌ഗര്‍ തലയുയര്‍ത്തി അയാളെ നോക്കി. അദ്ദേഹത്തിന്റെ മുഖത്തെ വേദന തികച്ചും യഥാര്‍ത്ഥമായിരുന്നു. അത്‌ കാണാനാവാതെ എഡ്‌ജ്‌ പെട്ടെന്ന് പിന്തിരിഞ്ഞു. എന്നാല്‍ സിസ്റ്റര്‍ ലോട്ടെ ആ അവസരം ശരിക്കും മുതലാക്കി. അപസ്മാരം പിടിപെട്ടത്‌ പോലെ അവള്‍ ആ തറയില്‍ കിടന്നുരുണ്ടു. എഡ്‌ജിന്‌ സഹിക്കാവുന്നതിനപ്പുറമായിരുന്നു ആ കാഴ്ച.

സ്റ്റേമിനെക്കാള്‍ മുന്നേ അദ്ദേഹം ഇടനാഴിയിലൂടെ ഓടി ഡെക്കിലെത്തിക്കഴിഞ്ഞിരുന്നു. എന്നിട്ട്‌ കൈവരിയോട്‌ ചാരി നിന്ന് ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങി. സ്വാലോ അദ്ദേഹത്തിനടുത്തെത്തി.

"ശരിക്കും കണ്ടില്ലേ സര്‍ എല്ലാം...?"

"ഓ മൈ ഗോഡ്‌... ഒരു ഗുഹ തന്നെ അത്‌. ആ സ്ത്രീകളുടെ കാര്യം മഹാകഷ്ടം... ആട്ടെ, ചരക്ക്‌ സൂക്ഷിക്കുന്ന അറകള്‍ നിങ്ങള്‍ പരിശോധിച്ചുവോ...?

"നോക്കി സര്‍... മുഴുവന്‍ മണല്‍ നിറച്ചിരിക്കുന്നു..."

"കുറേ മാസങ്ങളായി ബ്രസീലിന്റെ തീരക്കടലിലൂടെ ചരക്ക്‌ ഗതാഗതം നടത്തുകയായിരുന്നു ഞങ്ങള്‍..." സ്റ്റേം പറഞ്ഞു. "ഇപ്പോള്‍ നാട്ടിലേക്ക്‌ മടങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ യാത്രയിലും ചരക്ക്‌ കൂടെക്കൊണ്ടുവന്ന് എന്തിന്‌ ബുദ്ധിമുട്ടുണ്ടാക്കണം..."

"ആരൊക്കെയാണാ യാത്രക്കാര്‍...?"

"നല്ലവരായ ആ കന്യാസ്ത്രീകള്‍ ഏകദേശം ഒരു വര്‍ഷത്തോളമായി നാട്ടിലേക്ക്‌ മടങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. ആ അവസരത്തില്‍ ബ്രസീലില്‍ നിന്ന് പുറപ്പെടുന്ന ആദ്യത്തെ കപ്പല്‍ ഇതായിരുന്നു. എത്ര വിഷമം നിറഞ്ഞ യാത്ര തന്നെയാണെങ്കിലും ഈ ഒരു അവസരം ലഭിച്ചതില്‍ അവര്‍ സന്തുഷ്ടരാണ്‌..."

"പക്ഷേ, ആ വൃദ്ധ... മിസിസ്‌ ടേണ്‍സ്റ്റം... അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്‌..." എഡ്‌ജ്‌ പറഞ്ഞു.

"ബന്ധുക്കളെ കാണാന്‍ അവര്‍ക്കും തിടുക്കമായിപ്പോയി. മറ്റൊരവസരത്തിനായി കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടായില്ല അവര്‍ക്ക്‌..." സ്റ്റേം മുഖത്ത്‌ ഒരു പുഞ്ചിരി വരുത്തി. "ഞങ്ങളെപ്പോലെ നിഷ്‌പക്ഷര്‍ക്ക്‌ യാത്ര ചെയ്യുവാന്‍ ഈ യുദ്ധം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌..."

എല്ലാം പരിശോധിച്ച്‌ തൃപ്തിയടഞ്ഞ എഡ്‌ജ്‌ പാസ്‌പോര്‍ട്ടുകള്‍ തിരികെക്കൊടുത്തു.

"ഇനിയും നിങ്ങള്‍ക്കിത്‌ ആവശ്യം വരും. നിങ്ങളുടെ ക്യാപ്റ്റനെ എന്റെ ക്ഷമാപണം അറിയിക്കുക. നിങ്ങളെ യാത്ര തുടരാന്‍ അനുവദിക്കാതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല..."

കപ്പലില്‍ നിന്നിറങ്ങാന്‍ അദ്ദേഹം കയറേണിയുടെ അടുത്തേക്ക്‌ നീങ്ങി. "എന്നാലും ആ സ്ത്രീകളുടെ കാര്യം...."

"ഏയ്‌, അതൊന്നും സാരമില്ല ലെഫ്റ്റനന്റ്‌... ഇപ്പോള്‍ തന്നെ എല്ലാം ശരിയാക്കും..."

"ഞങ്ങള്‍ എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ...?" എഡ്‌ജ്‌ ചോദിച്ചു.

സ്റ്റേം പുഞ്ചിരിച്ചു. "കഴിയുമെങ്കില്‍ ഏറ്റവും പുതിയ യുദ്ധവാര്‍ത്തകള്‍ കിട്ടിയാല്‍ തരക്കേടില്ലായിരുന്നു. കാര്യങ്ങളൊക്കെ എങ്ങനെ...?"

"ഒക്കെ നമ്മുടെ വഴിയേ തന്നെ..." അതിന്‌ യാതൊരു സംശയവുമില്ല. യൂറോപ്പില്‍ അവരുടെ ശക്തി ക്ഷയിക്കുകയാണെങ്കിലും ക്രിസ്‌മസ്‌ കഴിയാതെ നമുക്ക്‌ ബെര്‍ലിന്‍ നഗരം കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ചെറു രാജ്യങ്ങളില്‍ ജര്‍മന്‍കാര്‍ ശക്തമായ ആക്രമണമാണ്‌ ഇപ്പോഴും നടത്തുന്നത്‌..."

കയറേണിയിറങ്ങി അദ്ദേഹം ബോട്ടിലെത്തി. തൊട്ടു പിന്നില്‍ സ്വാലോയും മറ്റു രണ്ട്‌ പേരും. ബോട്ട്‌ ഗാര്‍ഡിയന്‌ നേരെ നീങ്ങി.

"എല്ലാം ഓ.കെ അല്ലേ..." എഡ്‌ജ്‌ തന്റെ സഹപ്രവര്‍ത്തകരോട്‌ ചോദിച്ചു.

"ഒരു കാര്യം എനിക്ക്‌ മനസ്സിലായി സര്‍..." സ്വാലോ പറഞ്ഞു. "ഒരു സബ്‌മറീനിലെ ജോലിയുടെ കഷ്ടപ്പാടിനെക്കുറിച്ച്‌ ഒരിക്കലും ഞാന്‍ ഇനി പരാതി പറയില്ല..."

* * * * * * * * * * * * * * * * * * * * * * * * * *

ക്വാര്‍ട്ടര്‍ ഡെക്കില്‍ ഒരു സിഗരറ്റ്‌ പുകച്ചുകൊണ്ടിരുന്ന ബെര്‍ഗറുടെയടുത്തേക്ക്‌ സ്റ്റേം ചെന്നു.

"എന്ത്‌ പറയുന്നു ക്യാപ്റ്റന്‍... നമ്മുടെ പദ്ധതി വിജയിച്ചില്ലേ...?"

ഈ അവസരത്തില്‍ HMS ഗാര്‍ഡിയന്റെ ബ്രിഡ്‌ജില്‍ നിന്നും സിഗ്നല്‍ ലാമ്പ്‌ മിന്നിത്തുടങ്ങി."നിങ്ങള്‍ക്ക്‌ യാത്ര തുടരാം..." ബെര്‍ഗര്‍ അത്‌ നോക്കി വായിച്ചു. "ഭാഗ്യവും സന്തോഷവും നിറഞ്ഞ ഒരു യാത്ര നേരുന്നു..."

അദ്ദേഹം സ്റ്റേമിന്റെ നേരെ തിരിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത്‌ ആശ്വാസവും ശാന്തതയും നിറഞ്ഞിരുന്നു.

"എനിക്ക്‌ ഇംഗ്ലിഷ്‌ ഒരു വിധം നന്നായി കൈകാര്യം ചെയ്യാമെന്നുള്ള കാര്യം നിങ്ങളോട്‌ പറഞ്ഞിട്ടുണ്ടോ സ്റ്റേം...?"

"ഇല്ല സര്‍..."

എരിഞ്ഞ്‌ തീര്‍ന്ന സിഗരറ്റ്‌ ബെര്‍ഗര്‍ പുറത്തേക്കെറിഞ്ഞു. "കപ്പല്‍ നിങ്ങള്‍ തന്നെ നിയന്ത്രിച്ചോളൂ... കഴിയാവുന്നത്ര വേഗതയെടുക്കണം..."

"ഓ.കെ സര്‍..."

സ്റ്റേം ഉടന്‍ തന്നെ തന്റെ സഹപ്രവര്‍ത്തകരെ വിളിച്ചു. ബെര്‍ഗര്‍ ഡെക്കിലേക്കിറങ്ങി ഇടനാഴിയുടെ കവാടത്തിലേക്ക്‌ നടന്നു. താഴെ നിന്നും അപ്പോഴും അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ്‌ സിസ്റ്റര്‍ ആഞ്ചല അവിടെ പ്രത്യക്ഷപ്പെട്ടത്‌.

"സംഗതി വിജയിച്ചുവോ ക്യാപ്റ്റന്‍...?" അവര്‍ ചോദിച്ചു.

"സത്യം പറഞ്ഞാല്‍ നിങ്ങളെ സമ്മതിക്കണം സിസ്റ്റര്‍..."

"ഇത്തരം അവസരങ്ങളില്‍ എന്നില്‍ നിന്നും എന്ത്‌ സഹായവും താങ്കള്‍ക്ക്‌ പ്രതീക്ഷിക്കാം ക്യാപ്റ്റന്‍... ഞാന്‍ ഉറപ്പ്‌ തരുന്നു..."

ബെര്‍ഗര്‍ തിരിഞ്ഞ്‌ നടന്നു. ഗാര്‍ഡിയന്‍ തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ നീങ്ങിത്തുടങ്ങിയിരുന്നു. അദ്ദേഹം അത്‌ വീക്ഷിച്ചുകൊണ്ട്‌ നിന്നു. അപ്പോഴാണ്‌ ദേഹമാസകലം ചെളി പുരണ്ട്‌ പുഞ്ചിരിക്കുന്ന മുഖവുമായി റിക്ടര്‍ അവിടെയെത്തിയത്‌.

"ഇനി ഞങ്ങള്‍ക്ക്‌ ഡെക്കില്‍ വന്ന് കുളിച്ചുകൂടേ...? ദുര്‍ഗന്ധവും സഹിച്ചുകൊണ്ട്‌ ഇനിയും അവിടെ കഴിയാന്‍ കുറച്ച്‌ പ്രയാസമാണ്‌..."

"കുഴപ്പമൊന്നുമില്ല റിക്ടര്‍... എന്നാലും ഒരു പത്തിരുപത്‌ മിനിറ്റ്‌ കൂടി കഴിയട്ടെ. നമ്മുടെ ബ്രിട്ടിഷ്‌ സുഹൃത്തുക്കള്‍ അവരുടെ വഴിയേ കുറച്ച്‌ കൂടി പോകട്ടെ..."

ബെര്‍ഗര്‍ തന്റെ ക്യാബിനിലേക്ക്‌ പോയി. റിക്ടര്‍ തന്റെ ഷര്‍ട്ട്‌ ഊരി മാറ്റി. എന്നിട്ട്‌ വാട്ടര്‍ പമ്പ്‌ പ്രവര്‍ത്തിപ്പിച്ച്‌ അതിന്റെ കുഴല്‍ തന്റെ ദേഹത്തേക്ക്‌ പിടിച്ചു. അടിത്തട്ടിലെ ചെളിവെള്ളത്തില്‍ നിന്നും മോചനം ലഭിച്ച ആശ്വാസത്തില്‍ ആസ്വദിച്ച്‌ കുളിച്ച്‌ കൊണ്ടിരിക്കുമ്പോഴാണ്‌ സിസ്റ്റര്‍ ലോട്ടെ താഴെ നിന്നും മാലിന്യങ്ങള്‍ നിറച്ച്‌ രണ്ട്‌ ബക്കറ്റുകളുമായി ഡെക്കിലെത്തിയത്‌. കപ്പലിന്റെ വലത്‌ വശത്തെ റെയിലിനടുത്ത്‌ ചെന്ന് നിന്ന് അത്‌ കടലിലേക്ക്‌ കളയുവാനായി അവള്‍ ഉയര്‍ത്തി. അത്‌ കണ്ട റിക്ടര്‍ ഓടി അവളുടെയടുത്തെത്തി.

"കാറ്റിനെതിരെ ഒരിക്കലും തൂവരുത്‌. അത്‌ മുഴുവനും നിങ്ങളുടെ ദേഹത്ത്‌ തന്നെ വന്ന് വീഴും..."

അദ്ദേഹം ആ ബക്കറ്റുകള്‍ വാങ്ങി മറുവശത്തേക്ക്‌ നടന്നു. എന്നിട്ട്‌ കൈവരികളുടെ മുകളിലൂടെ കടലിലേക്ക്‌ കമഴ്ത്തി. പിന്നീട്‌ പൈപ്പിന്‌ കീഴില്‍ പിടിച്ച്‌ കഴുകി. ഈ നേരമത്രയും അദ്ദേഹത്തിന്റെ ചെയ്തികള്‍ ശ്രദ്ധിച്ചുകൊണ്ട്‌ അവള്‍ കൗതുകത്തോടെ നോക്കി നിന്നു.

ഉയരം കുറഞ്ഞ്‌ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവളായിരുന്നു ലോട്ടെ. മ്യൂണിച്ചിലെ ഒരു അഡ്വക്കേറ്റിന്റെ മകളായ അവളെക്കണ്ടാല്‍ ഇരുപത്തിമൂന്ന് വയസ്സ്‌ തോന്നുമായിരുന്നില്ല. മറ്റ്‌ കന്യാസ്ത്രീകളില്‍ നിന്നും അവള്‍ക്കൊരു പ്രത്യേകതയുണ്ടായിരുന്നു. മിഷനില്‍ ചേര്‍ന്നിട്ട്‌ വളരെക്കുറച്ച്‌ നാളുകളേ ആയിട്ടുള്ളൂ. പരിശീലനം സിദ്ധിച്ച മിടുക്കിയായ ഒരു നേഴ്‌സ്‌ എന്ന നിലയില്‍ ബ്രസീലില്‍ എത്തിയതായിരുന്നു അവള്‍.

"ഇത്‌ ഞാന്‍ കഴുകിത്തരാം..." അദ്ദേഹത്തിന്റെ ഷര്‍ട്ട്‌ എടുത്തിട്ട്‌ അവള്‍ പറഞ്ഞു.

"ഹേയ്‌... അതൊന്നും വേണ്ട..."

"ഇതിന്റെ കൈയിലെ സ്റ്റിച്ചിങ്ങും വിട്ട്‌ കിടക്കുകയാണ്‌. ഞാന്‍ തയ്ച്ച്‌ വയ്ക്കാം..."

അവളുടെ നീലക്കണ്ണുകളുടെ തിളക്കം റിക്ടര്‍ ശ്രദ്ധിച്ചു.

"താങ്കളുടെ കാര്യമോര്‍ത്ത്‌ ഞാന്‍ ഭയന്നിരിക്കുകയായിരുന്നു..." അവള്‍ പറഞ്ഞു.

"നിങ്ങളുടെ കാര്യമോര്‍ത്ത്‌ ഞാനും..."അദ്ദേഹം ആ ബക്കറ്റ്‌ തിരിച്ചു നല്‍കി. ഒരു നിമിഷം അവരുടെ വിരലുകള്‍ കൂട്ടിമുട്ടി.

"ലോട്ടെ, ഇവിടെ വരൂ... ഒരു ആവശ്യമുണ്ട്‌..." സിസ്റ്റര്‍ ആഞ്ചലയുടെ ശബ്ദം കേട്ട്‌ അവര്‍ ഞെട്ടിത്തിരിഞ്ഞു.

ഇടനാഴിയുടെ കവാടത്തില്‍ റിക്ടറെയും ലോട്ടെയെയും ശ്രദ്ധിച്ചുകൊണ്ട്‌ നില്‍ക്കുകയായിരുന്നു അവര്‍. പൊതുവേ ശാന്തമായി കാണപ്പെടാറുള്ള അവരുടെ മുഖത്ത്‌ അപ്പോള്‍ ഒരു പ്രത്യേക ഭാവമായിരുന്നു.

ലോട്ടെ, റിക്ടറെ നോക്കി ചെറുതായി മന്ദഹസിച്ചിട്ട്‌ അവരുടെ കൂടെ താഴേക്ക്‌ പോയി. റിക്ടറാകട്ടെ, ഉന്മേഷത്തോടെ വെള്ളം പമ്പ്‌ ചെയ്ത്‌ ദേഹത്തേക്കൊഴിക്കുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * *

തന്റെ ഡെസ്കിന്‌ സമീപത്തിരുന്ന് ബെര്‍ഗര്‍ മുറിയിലെ നാശനഷ്ടങ്ങള്‍ നിരീക്ഷിച്ചു. പെട്ടെന്ന് തന്നെ പരിഹരിക്കാവുന്നതെയുള്ളൂ എല്ലാം.

അദ്ദേഹം വളരെ ഉത്സാഹഭരിതനായി കാണപ്പെട്ടു. തന്റെ പേഴ്‌സണല്‍ ഡയറി എടുത്ത്‌ മുന്നില്‍ വച്ചിട്ട്‌ പേനയെടുത്ത്‌ ഒരു നിമിഷം ചിന്തയിലാണ്ടു. പിന്നെ എഴുതിത്തുടങ്ങി.

"സുരക്ഷിതമായി കീലില്‍ എത്തിച്ചേരാമെന്ന് എനിക്കിപ്പോള്‍ വിശ്വാസം തോന്നുന്നു, എപ്പോഴത്തേക്കാളുമധികം......."

(തുടരും)