പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Sunday, February 28, 2010

സ്റ്റോം വാണിങ്ങ്‌ - 35

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 21. അക്ഷാംശം 49.52N, രേഖാംശം 14.59W. കാറ്റിന്റെ നില 5 - 6 എന്ന തോതിലാണെങ്കിലും ഇടയ്ക്ക്‌ ചിലപ്പോള്‍ ശക്തിയാര്‍ജ്ജിക്കുന്നുണ്ട്‌. മഴ ശക്തിയായി തന്നെ തുടരുന്നു. ദിവസവും നാല്‌ മണിക്കൂര്‍ വീതം വെള്ളം പമ്പ്‌ ചെയ്ത്‌ കളയേണ്ടതായി വന്നിരിക്കുന്നു. എങ്കിലും, കൂടുതല്‍ അംഗങ്ങള്‍ സംഘത്തിലുള്ളത്‌ അല്‍പ്പം ആശ്വാസം പകരുന്നു. ഞങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം അയര്‍ലണ്ടിന്‌ തെക്ക്‌ പടിഞ്ഞാറ്‌ ഏകദേശം 220 മൈല്‍ അകലെയായിട്ടാണെന്ന് ഊഹിക്കുന്നു.

അദ്ധ്യായം - എട്ട്‌

പാഴ്‌സല്‍ ഓഫീസില്‍ നിന്ന് പുറത്ത്‌ കടന്ന ഫിഷര്‍, വെയ്‌റ്റിംഗ്‌ റൂമിന്‌ സമീപം വന്നു നിന്നു. മുടന്ത്‌ മുടന്തി വന്ന കാര്‍വറും തൊട്ടുപിന്നില്‍ തന്നെയുണ്ട്‌. "ഡാംന്‍ യൂ കാര്‍വര്‍... ഇതിന്‌ തരുന്നുണ്ട്‌ ഞാന്‍ തനിയ്ക്ക്‌..." ഫിഷര്‍ പറഞ്ഞു.

ഹാര്‍ഡിസ്റ്റിയും റൈറ്റും ഉള്ളില്‍ നിന്ന് ഓടിയെത്തി. "അയാള്‍ സ്റ്റേഷന്റെ ഗെയ്‌റ്റ്‌ കടന്ന് പുറത്തേക്ക്‌ പോയിട്ടില്ല എന്നത്‌ തീര്‍ച്ചയാണ്‌ സര്‍... അവിടെ ഡ്യൂട്ടിയിലുള്ള രണ്ട്‌ പേരെ ചെന്ന് കണ്ടിട്ടാണ്‌ ഞങ്ങള്‍ വരുന്നത്‌..." ഹാര്‍ഡിസ്റ്റി പറഞ്ഞു.

"ആ നശിച്ച ലഗേജ്‌ റുമില്‍ ഒന്നു കൂടി പോയി നോക്കൂ..." ഫിഷര്‍ ആജ്ഞാപിച്ചു. "അയാള്‍ ഇവിടെ എവിടെയെങ്കിലും തന്നെ ഉണ്ടാകാനേ വഴിയുള്ളൂ... ഈ സമയത്ത്‌ വേറെയെങ്ങും പോകാനുള്ള സാദ്ധ്യത തീരെ കുറവാണ്‌..."

അവര്‍ രണ്ടുപേരും ലഗേജ്‌ റൂമിന്‌ നേര്‍ക്ക്‌ ഓടി.

"ആ ജര്‍മന്‍ റാസ്കലിനെ എന്റെ കൈയിലെങ്ങാനും കിട്ടിയാല്‍ ഞാനവന്റെ..." കാര്‍വര്‍ പല്ല് ഞെരിച്ചുകൊണ്ട്‌ പറഞ്ഞു.

"ഒന്ന് മിണ്ടാതിരിക്ക്‌ മനുഷ്യാ... ഞാനൊന്ന് ആലോചിച്ച്‌ നോക്കട്ടെ..." ഫിഷര്‍ ദ്വേഷ്യപ്പെട്ടു.

പെട്ടെന്ന് തീവണ്ടി ചൂളം വിളിച്ചു. ഗാര്‍ഡ്‌ പച്ചക്കൊടി ഉയര്‍ത്തി വീശി. നീരാവി പുറത്തേക്ക്‌ തുപ്പുന്ന ശബ്ദം കേള്‍ക്കാറായി. പിന്നെ, ട്രെയിന്‍ സാവധാനം മുന്നോട്ട്‌ ഇഴയാന്‍ തുടങ്ങി. പ്ലാറ്റ്‌ഫോമില്‍ എന്താണ്‌ നടക്കുന്നതെന്നറിയാന്‍ ഒന്നു രണ്ട്‌ പേര്‍ തല പുറത്തേക്കിട്ടു നോക്കി. ട്രെയിനിലെ ഭൂരിഭാഗം പേരും അപ്പോഴും ഉറക്കത്തിലായിരുന്നു.

'അയാള്‍ എങ്ങോട്ട്‌ പോയിരിക്കാനാണ്‌ സാദ്ധ്യത...?' ഫിഷര്‍ തല പുകഞ്ഞാലോചിച്ചു. പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത അദ്ദേഹം സ്തംഭിച്ചുപോയി. "അതാ, ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നു ചീഫ്‌...!" അദ്ദേഹം അലറി. "അയാള്‍ വീണ്ടും ട്രെയിനില്‍ തന്നെ കയറിക്കാണും... അതിന്‌ മാത്രമേ സാദ്ധ്യത കാണുന്നുള്ളൂ..."

ട്രെയിന്‍ സ്പീഡ്‌ എടുത്തു തുടങ്ങിയിരുന്നു. അദ്ദേഹം ലക്ഷ്യം വച്ച്‌ ഒരു നിമിഷം നിന്നു. പിന്നെ ട്രെയിനിന്റെ പിന്നിലുള്ള, ഗാര്‍ഡിന്റെ തുറന്ന വാന്‍ എത്തിയതും അതിനുള്ളിലേക്ക്‌ ഒരു ചാട്ടം. ഒപ്പം തന്നെ ചാടിയ കാര്‍വറെയും അദ്ദേഹം കൈ പിടിച്ച്‌ കയറ്റി. ഹാര്‍ഡിസ്റ്റിയും റൈറ്റും ഒപ്പമെത്താന്‍ പ്ലാറ്റ്‌ഫോമിലൂടെ ഓടി. പക്ഷേ, അവര്‍ വൈകിപ്പോയിരുന്നു.

"എങ്ങോട്ടാണ്‌ എല്ലാവരും കൂടി... എന്താണ്‌ സംഭവം..?" ഗാര്‍ഡ്‌ പരിഭ്രമത്തോടെ ചോദിച്ചു.

ഫിഷര്‍ അയാളെ ശ്രദ്ധിക്കാന്‍ നിന്നില്ല. തന്റെ റിവോള്‍വര്‍ പുറത്തെടുത്തിട്ട്‌ കാര്‍വറോട്‌ പറഞ്ഞു. "ഓള്‍ റൈറ്റ്‌... വരൂ... ഇനി നമുക്ക്‌ അയാളെ പുകച്ച്‌ പുറത്ത്‌ ചാടിക്കാം..."

* * * * * * * * * * * * * * * * * * * * * * * * * * *

ജാനറ്റ്‌ മണ്‍റോയുടെ കൂപ്പെയുടെ ചുമരില്‍ "VIP" എന്ന് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട്‌ തന്നെ, സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലെ സ്റ്റുവാര്‍ഡ്‌ അവള്‍ക്ക്‌ വേണ്ടി ഒന്നാംതരം ബ്രേക്ക്‌ ഫാസ്റ്റ്‌ ഒരുക്കിയിരുന്നു. ഇറച്ചി, മുട്ട റോസ്റ്റ്‌, ജാം, ബ്രെഡ്‌, പിന്നെ ചായയും.

ജാഗോയ്ക്ക്‌ തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. "ഇത്‌ കണ്ടാല്‍ യുദ്ധകാലമാണെന്നേ തോന്നുകയില്ലല്ലോ..."

"അതല്ലേ ഡാര്‍ലിംഗ്‌, എന്നോട്‌ കൂട്ടുകൂടിയാലുള്ള ഗുണം..."

"ങ്‌ഹും... എനിയ്ക്ക്‌ കിട്ടിയ കൂട്ടുകാരി നിസ്സാരക്കാരിയല്ലല്ലോ... സമ്മതിച്ചിരിക്കുന്നു..."

സ്റ്റുവാര്‍ഡ്‌ ഒരുക്കിക്കൊടുത്ത മേശയുടെ എതിര്‍വശത്ത്‌ ജാഗോ ഇരുന്നു. ജാനറ്റ്‌, ചായ ഗ്ലാസിലേക്ക്‌ പകര്‍ന്നു.

"ഞാനിതിന്റെയൊക്കെ രുചി ഒന്ന് ആസ്വദിക്കട്ടെ..." അദ്ദേഹം പറഞ്ഞു.

പെട്ടെന്നാണ്‌ കതകില്‍ ആരോ മുട്ടിയത്‌. വാതിലിനടുത്തിരുന്നിരുന്ന ജാനറ്റ്‌ അത്‌ തുറന്നു. വലത്‌ കൈയില്‍ റിവോള്‍വറുമായി ഫിഷര്‍ ഉള്ളിലേക്ക്‌ കടന്നു. തൊട്ടു പിറകേ കാര്‍വറും.

"എന്തായിത്‌... റിവോള്‍വറൊക്കെയായിട്ട്‌..." ജാഗോ ചോദിച്ചു.

"സ്റ്റേഷനില്‍ വച്ച്‌ അയാള്‍ കാര്‍വറെ വെട്ടിച്ച്‌ കടന്നു കളഞ്ഞു സര്‍..." ഫിഷര്‍ പറഞ്ഞു. "ലാട്രിനില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍..."

"അതൊക്കെ കോര്‍ട്ട്‌ മാര്‍ഷല്‍ നേരിടുമ്പോള്‍ പറഞ്ഞാല്‍ മതി ലെഫ്റ്റനന്റ്‌..." അനുകമ്പ ലവലേശമില്ലാതെ ജാഗോ പറഞ്ഞു. "ഒരു കാര്യം മാത്രം എനിക്കറിയണം... നിങ്ങള്‍ അദ്ദേഹത്തിന്റെ വിലങ്ങ്‌ അഴിച്ചിരുന്നോ...?" ജാഗോ കാര്‍വറോട്‌ ചോദിച്ചു.

കാര്‍വര്‍ പരിഭ്രമം കൊണ്ട്‌ കുഴങ്ങി. "ഒരു കൈയിലെ വിലങ്ങ്‌ മാത്രം അഴിച്ചു സര്‍... ലാട്രിനില്‍ പോകണമെന്ന് ..."

"ഐ കാണ്ട്‌ ബിലീവ്‌ ഇറ്റ്‌..." ജാഗോ ക്ഷോഭിച്ചു. "ഒരൊറ്റ അവസരം.. അതെന്ത്‌ തന്നെയായാലും... അത്‌ മാത്രം മതി എല്ലാ പുള്ളികള്‍ക്കും രക്ഷപെടാന്‍..." അദ്ദേഹത്തിന്റെ മുഖം ദ്വേഷ്യത്താല്‍ ചുവന്നിരുന്നു. "അപ്പോള്‍ അദ്ദേഹം ട്രെയിനില്‍ തന്നെയുണ്ടെന്നാണ്‌ നിങ്ങള്‍ പറയുന്നതല്ലേ...?"

"എനിക്കങ്ങനെയാണ്‌ സര്‍ തോന്നുന്നത്‌..." ഫിഷര്‍ ഒന്ന് സംശയിച്ചിട്ട്‌ കൂട്ടിച്ചേര്‍ത്തു. "വേറെങ്ങും പോകാന്‍ സാദ്ധ്യത കാണുന്നില്ല. അതിനുള്ള സമയമൊട്ടില്ലായിരുന്നു താനും..."

"വേറെങ്ങും പോകാന്‍ സാദ്ധ്യതയില്ലെന്നോ... എങ്കില്‍ പിന്നെ അദ്ദേഹം എവിടെ...? ജര്‍മന്‍ കോര്‍വെറ്റന്‍ ക്യാപ്റ്റന്മാക്ക്‌ കരയില്‍ യാത്ര ചെയ്യാന്‍ അറിയില്ലെന്നാണോ... പ്രത്യേകിച്ചും ഈ വെസ്റ്റ്‌ ഹൈലാന്റ്‌ ലൈനില്‍...?"

ഫിഷര്‍ അവശതയോടെ കാര്‍വറെ ഒന്ന് നോക്കി. എന്നിട്ട്‌ വീണ്ടും ജാഗോയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "എനിക്ക്‌ ... എനിക്കറിയില്ല സര്‍... ഗാര്‍ഡിന്റെ വാന്‍ മുതല്‍ ഒരിഞ്ച്‌ സ്ഥലം പോലും വിടാതെ തെരഞ്ഞതാണ്‌..."

"എന്നിട്ട്‌ അദ്ദേഹത്തിന്റെ ഒരടയാളവും കിട്ടിയില്ല... ശരി... പക്ഷേ, ഞാനിവിടെയുണ്ടേ എന്ന് വിളിച്ചു പറഞ്ഞ്‌ നടക്കുമോ അദ്ദേഹം...?" അദ്ദേഹത്തിന്റെ കൈവശം എന്തെങ്കിലും ആയുധമുണ്ടോ...?"

സത്യം പറയണോ വേണ്ടയോ എന്ന് ഒന്ന് സംശയിച്ചു കാര്‍വര്‍. എന്നാല്‍, ജാഗോയുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ടതോടെ മതിയായി.

"ഉണ്ട്‌ സര്‍... ഞാന്‍ ഒരെണ്ണം കൊണ്ടു നടന്നിരുന്നു. ഒരു *മോസര്‍... (*മോസര്‍ - ഒരു തരം കൈത്തോക്ക്‌). എന്തെങ്കിലും ആവശ്യം വന്നാലോ എന്ന്..."

"എന്താവശ്യം...?" ജാഗോ ക്ഷോഭിച്ചു. പിന്നെ പെട്ടെന്ന് ശാന്തനായിട്ട്‌ പറഞ്ഞു. "വിഷമിക്കേണ്ട ചീഫ്‌... അതിലും നല്ല എന്തെല്ലാം സാധനങ്ങള്‍ നമ്മുടെ കൈവശമുണ്ട്‌..." അദ്ദേഹം തന്റെ ബാഗ്‌ തുറന്ന് *കോള്‍ട്ട്‌ എടുത്ത്‌ കോട്ടിന്റെ പോക്കറ്റില്‍ നിക്ഷേപിച്ചു. (*കോള്‍ട്ട്‌ - ഒരു തരം ഓട്ടോമാറ്റിക്‌ ഗണ്‍).

"ആ പിസ്റ്റളുകളൊക്കെ ഒരിടത്ത്‌ മാറ്റിവയ്ക്കൂ. വെറുതേ, ട്രെയിനിലുള്ളവരെയെല്ലാം ഭയപ്പെടുത്തേണ്ട. അങ്ങനെ എന്തെങ്കിലും പരിഭ്രമാവസ്ഥ സംജാതമായാല്‍ നമുക്കത്‌ ദോഷമേ ചെയ്യൂ. മാത്രമല്ല്, അദ്ദേഹം ട്രെയിനിലുണ്ടെങ്കില്‍ അങ്ങനെയൊരവസ്ഥ അദ്ദേഹത്തിന്‌ സഹായകരമാകുകയും ചെയ്യും..." ജാഗോ പറഞ്ഞു.

"അപ്പോള്‍ ഇനി നമ്മുടെ പ്ലാന്‍ എന്താണ്‌ സര്‍...?" പ്രശ്നം തന്റെ കൈയില്‍ നിന്ന് ഒഴിവായിക്കിട്ടിയതില്‍ സന്തോഷിച്ചുകൊണ്ട്‌ ഫിഷര്‍ ചോദിച്ചു.

"കാര്‍വര്‍ ഇവിടെ ഈ അറ്റത്ത്‌ നില്‍ക്കട്ടെ. നമുക്ക്‌ രണ്ട്‌ പേര്‍ക്കും കൂടി ഗാര്‍ഡിന്റെ വാനിലേക്ക്‌ പോകാം. എന്നിട്ട്‌ അവിടെ നിന്ന് പരിശോധന ആരംഭിച്ച്‌ മുന്നോട്ട്‌ നീങ്ങാം. സകല കമ്പാര്‍ട്ട്‌മെന്റുകളും ലാവട്ടറികളും... ഒരിഞ്ച്‌ പോലും പരിശോധിക്കാതെ വിടരുത്‌. അദ്ദേഹം ഇതിലുണ്ടെങ്കില്‍ നമ്മുടെ പിടിയില്‍ പെടുക തന്നെ ചെയ്യും. പക്ഷേ, എന്റെയഭിപ്രായത്തില്‍, അദ്ദേഹം ഇപ്പോള്‍ ഏതെങ്കിലുമൊരു വാഹനത്തില്‍ ഗ്ലാസ്‌ഗോ ഡോക്കിലേക്ക്‌ യാത്ര ചെയ്യുകയായിരിക്കും. അവിടെ നിന്ന് ഏതെങ്കിലും സ്പാനിഷ്‌ അല്ലെങ്കില്‍ പോര്‍ട്ടുഗീസ്‌ ബോട്ടില്‍ കയറിപ്പറ്റുകയും..." ജാഗോ പറഞ്ഞു.

"ആ ജര്‍മന്‍ യൂണിഫോമിലോ...? അഞ്ചു മിനിറ്റ്‌ പോലും അയാള്‍ ജീവനോടെയിരിക്കില്ല ആ വേഷത്തില്‍..." ജാനറ്റ്‌ പറഞ്ഞു.

"കഴിഞ്ഞ വര്‍ഷം ഒരു ഇംഗ്ലീഷ്‌ ജേര്‍ണലിസ്റ്റ്‌, നാസി സ്പെഷല്‍ പോലീസിന്റെ വേഷവുമണിഞ്ഞ്‌ ഓക്സ്‌ഫോര്‍ഡ്‌ സ്ട്രീറ്റ്‌ മുതല്‍ പിക്കാഡല്ലി വരെ നടന്നുപോയി. ഒരു മനുഷ്യന്‍ പോലും തിരിഞ്ഞുനോക്കിയില്ല അയാളെ. ഇക്കാലത്ത്‌ ഇതുപോലെ പല യൂണിഫോമുകളും കാണുന്നതല്ലേ, ജനങ്ങള്‍ ഇതൊന്നും അത്ര ശ്രദ്ധിക്കില്ല." അദ്ദേഹം പറഞ്ഞു.

പിന്നെ, കമ്പാര്‍ട്ട്‌മെന്റിന്‌ പുറത്തേക്ക്‌ കടന്ന് ഫിഷറുടെയും കാര്‍വറുടെയും നേര്‍ക്ക്‌ തിരിഞ്ഞു. "ഒരു നിമിഷം... ഞാനിപ്പോള്‍ വരാം..."

* * * * * * * * * * * * * * * * * * * * * * * * * * * *

ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ട്രെയിന്‍ ലോച്ച്‌ ലമണ്ടിലേക്ക്‌ പ്രവേശിക്കാന്‍ തുടങ്ങുകയാണ്‌. അവര്‍ വീണ്ടും ജാനറ്റിന്റെ കൂപ്പെയില്‍ എത്തി. ഫിഷറുടെ മുഖം പൂര്‍വാധികം വിളറി വെളുത്തിരുന്നു. വിഷമവും വേദനയും ആ മുഖത്ത്‌ തെളിഞ്ഞ്‌ കാണാമായിരുന്നു. കാര്‍വര്‍ പുറത്ത്‌ ഇടനാഴിയില്‍ ചെന്ന് നിന്നു.

"ഗെറിക്ക്‌ എങ്ങുമില്ല...?" ജാനറ്റ്‌ ചോദിച്ചു.

"നിനക്കെന്ത്‌ തോന്നുന്നു...?" ജാഗോ അവളുടെ നേരെ നോക്കി.

പെട്ടെന്ന് ഗാര്‍ഡ്‌ അവിടെയെത്തി. വയസ്സായ ഒരു മനുഷ്യന്‍. യുദ്ധം തുടരുന്നതിനാല്‍ റിട്ടയര്‍ ചെയ്യാന്‍ അനുവദിക്കാതെ ഇപ്പോഴും ജോലിയില്‍ തുടരുകയാണ്‌. "എന്തെങ്കിലും പ്രയോജനമുണ്ടായോ സര്‍...?" അയാള്‍ ചോദിച്ചു.

ജാഗോ, നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "ഈ ട്രെയിനിലെ ഓരോ ഇഞ്ചും ഞങ്ങള്‍ അരിച്ചുപെറുക്കി... ഒരു കാര്യം വ്യക്തം... അദ്ദേഹം ഈ ട്രെയിനില്‍ ഇല്ല..."

"എന്ന് തീര്‍ത്ത്‌ പറയാറായിട്ടില്ല സര്‍..." ഗാര്‍ഡ്‌ പറഞ്ഞു. "ഗ്ലാസ്‌ഗോവില്‍ വച്ച്‌ അവര്‍ എന്റെ വാനിന്റെ പിന്നില്‍ ഒരു തുറന്ന കാര്യേജ്‌ ഘടിപ്പിച്ചിരുന്നു. റോയല്‍ നേവിയ്ക്ക്‌ വേണ്ടി മലേയ്‌ഗില്‍ ഇറക്കാന്‍ കൊണ്ടുപോകുന്ന മൂന്ന് ജീപ്പുകളും അതില്‍ ഉണ്ട്‌. എനിക്ക്‌ തോന്നുന്നത്‌ അയാള്‍ അതിനകത്ത്‌ കാണുമെന്നാണ്‌..."

"ഏങ്ങ്‌ഹ്‌... അങ്ങനെയും ഒരു സംഗതിയോ...?" ജാഗോ വീണ്ടും ഉത്സാഹഭരിതനായി. എന്നിട്ട്‌, അപായച്ചങ്ങല വലിക്കുവാനായി എഴുനേറ്റു.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

7 comments:

 1. പണിയാകുമോ?

  കഥ പുരോഗമിയ്ക്കുന്തോറും കൂടുതല്‍ ആവേശകരമാകുന്നു :)

  ReplyDelete
 2. വിനുവേട്ടാ,
  അല്പം തമസിച്ചെങ്കിലും എട്ടാം അദ്ധ്യായവും വായിച്ചു.

  ReplyDelete
 3. എവിടെപ്പോയി ഗെറിക്ക്?

  ReplyDelete
 4. ഗെറിക്ക്‌ ആ ക്യാരേജില്‍ ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു.

  ReplyDelete
 5. നോക്കൂ എല്ലാവരും ഗെറിക്കിന്റെ കൂടെയാണ്

  ReplyDelete
 6. വായന തുടരുന്നു

  ReplyDelete
 7. ഗെറിക്‌ രക്ഷപെടും.പക്ഷേ ജാനറ്റുമായി ഒരു മുഖാമുഖം കൂടി വേണാരുന്നല്ലോ!!

  ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...