പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, August 31, 2010

സ്റ്റോം വാണിംഗ്‌ - 59

പുറത്ത്‌ കാറ്റ്‌ ആഞ്ഞടിക്കുകയാണ്‌. ചിമ്മിനിക്കുള്ളിലൂടെ അകത്ത്‌ കടന്ന കാറ്റ്‌ നെരിപ്പോടില്‍ എരിയുന്ന വിറക്‌ കഷണങ്ങളെ പൂര്‍വാധികം ജ്വലിപ്പിച്ചു. ജാഗോ, തന്റെ കൈകള്‍ നെരിപ്പോടിന്‌ മുകളിലേക്ക്‌ നീട്ടി.

"ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നു മിസ്സിസ്‌ സിന്‍ക്ലെയര്‍ ... ഇങ്ങനെ ചൂടേല്‍ക്കാന്‍ ഇനിയൊരിക്കലും സാധിക്കുമെന്ന് കരുതിയതല്ല... അത്രയ്ക്കും ദുര്‍ഘടമായ ഒരു യാത്ര തന്നെയായിരുന്നു..."

"ഒരു കപ്പ്‌ കാപ്പി കൂടി എടുക്കട്ടെ...?"

"നോ, താങ്‌ക്‍സ്‌... ഇപ്പോള്‍ തന്നെ ആവശ്യത്തിലധികമായിരിക്കുന്നു..."

താഴ്‌ന്ന സ്വരത്തില്‍ പിയാനോ വായിച്ചുകൊണ്ടിരുന്ന ജാനറ്റിന്‌ നേര്‍ക്ക്‌ അദ്ദേഹം കണ്ണോടിച്ചു.

"അയാം സോറി ... അഡ്‌മിറലിന്‌ വരാന്‍ കഴിഞ്ഞില്ല..." മിസ്സിസ്‌ സിന്‍ക്ലെയര്‍ പറഞ്ഞു.

"അദ്ദേഹമത്‌ സൂചിപ്പിച്ചിരുന്നു.. ഇത്‌ പോലുള്ള രാത്രിയില്‍ സദാസമയവും ജാഗരൂകനായി റേഡിയോയുടെ മുന്നില്‍ ഇരിക്കാനാണ്‌ അദ്ദേഹം ഇഷ്ടപ്പെടുന്നത്‌..." ജാഗോ പറഞ്ഞു.

"അതേ... ചിലപ്പോള്‍ ലൈഫ്‌ ബോട്ടിന്‌ കോള്‍ വന്നേക്കാം ... അവര്‍ ആ കേബിളുകള്‍ കണക്‍റ്റ്‌ ചെയ്തിരുന്നെങ്കില്‍ ...! അത്‌ ശരിയാകാത്തത്‌ കൊണ്ട്‌ കുറച്ചൊന്നുമല്ല ഞങ്ങള്‍ ബുദ്ധിമുട്ടുന്നത്‌... താങ്കള്‍ക്കറിയുമോ, പുറം ലോകവുമായി ഞങ്ങളെ കൂട്ടിയിണക്കുന്ന ഒരേ ഒരു കണ്ണി ക്യാരി മാത്രമാണ്‌..."

ചുവരിലെ ഘടികാരത്തില്‍ പതിനൊന്ന് പ്രാവശ്യം മണി മുഴങ്ങി. ജാഗോ പുഞ്ചിരിച്ചു.

"ഇനി ഞാന്‍ ഇറങ്ങിയാലോ എന്ന് വിചാരിക്കുകയാണ്‌... നാളെ അതിരാവിലെ തന്നെ പുറപ്പെടേണ്ടതല്ലേ..." അദ്ദേഹം ജാനറ്റിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. " ജാനറ്റ്‌, നീ വരുന്നില്ലേ...? ഞാന്‍ റെഡി..."

"ഇന്ന് രാത്രി ഞാന്‍ ഇവിടെ കൂടുകയാണ്‌ ഡാര്‍ലിംഗ്‌..." പിയാനോ വായന നിര്‍ത്താതെ അവള്‍ പറഞ്ഞു.

"അത്‌ ശരി... എന്നാല്‍ പിന്നെ ഞാന്‍ ഇനി ഇവിടെ നിന്നിട്ട്‌ കാര്യമില്ല..."

ജാനറ്റിന്റെ മുഖത്ത്‌ ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ജീന്‍ സിന്‍ക്ലെയര്‍ അദ്ദേഹത്തെ ഹാളിലേക്ക്‌ നയിച്ചു. അദ്ദേഹത്തിന്റെ റീഫര്‍ കോട്ട്‌ ഹാങ്കറില്‍ നിന്ന് എടുത്ത്‌ കൊണ്ട്‌ അവര്‍ ചോദിച്ചു. "ലെഫ്റ്റനന്റ്‌... നാളെ അതിരാവിലെ പുറപ്പെടുമെന്നല്ലേ താങ്കള്‍ പറഞ്ഞത്‌...?"

"അതേ മാഡം ..."

അവര്‍ തലയാട്ടി... "അത്‌ നടക്കുമെന്ന് തോന്നുന്നില്ല... നാളെയെന്നല്ല, അടുത്ത രണ്ട്‌ മൂന്ന് ദിവസത്തേക്ക്‌ അതിന്‌ കഴിയുമെന്ന് തോന്നുന്നില്ല... ഫാഡായില്‍ ഇത്‌ പോലെ കാറ്റ്‌ വീശാന്‍ തുടങ്ങിയാല്‍ പിന്നെ എന്തും തന്നെ സംഭവിക്കാം ..."

ജാഗോ മ്ലാനവദനനായി. എന്നാല്‍ അടുത്ത നിമിഷം തന്നെ അദ്ദേഹത്തിന്റെ മുഖം സന്തോഷത്താല്‍ പ്രകാശിച്ചു. "മാഡം , അടുത്ത ദിവസങ്ങളിലൊന്നും പോകാന്‍ പറ്റില്ല എന്ന് നിങ്ങള്‍ക്കുറപ്പാണോ...?"

"തൊണ്ണൂറ്റിയൊമ്പത്‌ ശതമാനവും..."

ആഞ്ഞടിക്കുന്ന കാറ്റിനെതിരേ വളരെ പ്രയാസപ്പെട്ട്‌ അവര്‍ വാതില്‍ തുറന്നു. പെട്ടെന്ന് ജാഗോ അവരുടെ വലത്‌ കവിളില്‍ ഒരു മുത്തം നല്‍കി.

"നിങ്ങള്‍ ഒരു മാലാഖയാണ്‌ ... മാലാഖ..." മഴയത്തേക്കിറങ്ങി നടക്കുമ്പോള്‍ അദ്ദേഹത്തിന്‌ സന്തോഷം മറച്ച്‌ വയ്ക്കാന്‍ കഴിഞ്ഞില്ല.

ജീന്‍ തിരികെ ഡ്രോയിംഗ്‌ റൂമില്‍ എത്തിയപ്പോള്‍ ജാനറ്റ്‌ തന്റെ തുകല്‍ കോട്ട്‌ എടുത്ത്‌ ധരിക്കുകയായിരുന്നു.

"അദ്ദേഹം പോയോ...?" അവള്‍ ജീനിനോട്‌ ചോദിച്ചു.

"പോയി... എന്തേ ചോദിക്കാന്‍ ...?"

"ഗുഡ്‌..." ജാനറ്റ്‌ ഹാളിലേക്ക്‌ നടന്നു. ജീന്‍ അവളെ പിന്തുടര്‍ന്നു. "നീയിപ്പോള്‍ എങ്ങോട്ട്‌ പോകുന്നു...?"

"എനിക്കറിയില്ല... പക്ഷേ, ഒരു കാര്യം മനസ്സിലായി... ഈ പുരുഷന്മാരെല്ലാം സ്വാര്‍ത്ഥരാണ്‌..."

"അതൊരു പുതിയ കണ്ടുപിടുത്തമാണാല്ലോ...?" ജീന്‍ കതക്‌ തുറന്നു.

"തീര്‍ച്ചയായും ..." കോരിച്ചൊരിയുന്ന മഴയത്തേക്ക്‌ ജാനറ്റ്‌ ഇറങ്ങി നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * *


"എന്റെ അഭിപ്രായത്തില്‍ ഇനി ഹാലിഫാക്സ്‌ കോണ്‍വോയിയെ തിരയാന്‍ പോകുന്നതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല... പക്ഷേ, അവരാണെങ്കില്‍ വീണ്ടും വീണ്ടും താങ്കളെ അതിന്‌ നിര്‍ബന്ധിച്ച്‌ കൊണ്ടിരിക്കുന്നു..." ആല്‍ട്രോജ്‌ പറഞ്ഞു.

സമയം അര്‍ദ്ധരാത്രി ആകാറായിരിക്കുന്നു. ഇന്റലിജന്‍സ്‌ റൂമിലെ അരണ്ട വെളിച്ചത്തില്‍ തന്റെ മുന്നിലെ ചാര്‍ട്ട്‌ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌ നെക്കര്‍ .

"ഞാനും സമ്മതിക്കുന്നു... ഇതുകൊണ്ട്‌ വലിയ പ്രയോജന്മൊന്നുമില്ല... വെറുതേ ഇന്ധനം പാഴാക്കാമെന്ന് മാത്രം ..." നെക്കര്‍ നിരാശയോടെ പറഞ്ഞു.

"എങ്കിലും തീര്‍ത്ത്‌ പറയാറായിട്ടില്ല ഹോസ്റ്റ്‌..." ആല്‍ട്രോജ്‌ മറ്റൊരു ഫയലെടുത്ത്‌ തുറന്നു. "ഗ്രീന്‍ലണ്ടിലെ കേപ്പ്‌ ബിസ്‌മാര്‍ക്കിലുള്ള നമ്മുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഒരു മുന്നറിയിപ്പ്‌ കിട്ടിയിട്ടുണ്ട്‌... അറ്റ്‌ലാന്റിക്കില്‍ അസാധാരണമാം വിധം എന്തൊക്കെയോ രൂപം കൊള്ളുന്നുവെന്ന്..."

"എന്തൊക്കെയോ എന്ന് പറഞ്ഞാല്‍ ...?"

"അതിവേഗത്തില്‍ രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു ന്യൂനമര്‍ദ്ദം ... അതിഭീകരമായ ഒരു കൊടുങ്കാറ്റിനുള്ള സാദ്ധ്യതയുണ്ടത്രേ... പക്ഷേ, താങ്കള്‍ ഭയപ്പെടുകയൊന്നും വേണ്ട... മുപ്പത്തി അയ്യായിരം അടി മുകളില്‍ യാതൊന്നിനേയും ഭയക്കേണ്ട കാര്യമില്ല..."

"ഞങ്ങള്‍ക്ക്‌ താഴേക്ക്‌ വരേണ്ടി വന്നാല്‍ എന്ത്‌ ചെയ്യും ...?"

"അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല... ഒന്നുമില്ലെങ്കിലും ഈ യാത്ര കൊണ്ട്‌ മറ്റൊരു ഗുണമുണ്ടാകും ... നല്ലൊരു വെതര്‍ സ്റ്റാറ്റിസ്റ്റിക്‍സ്‌ ലഭിക്കും ..."

"ഓള്‍ റൈറ്റ്‌... ഞങ്ങള്‍ എപ്പോഴാണ്‌ പുറപ്പെടേണ്ടത്‌...?" നെക്കര്‍ ചോദിച്ചു.

"അഞ്ച്‌ മണിക്ക്‌..." ആല്‍ട്രോജ്‌ തന്റെ വാച്ചിലേക്ക്‌ കണ്ണോടിച്ചു. "ഉറങ്ങാനുള്ള സമയമുണ്ട്‌... മൂന്നോ നാലോ മണിക്കൂര്‍ കിട്ടും ..."

"ശരി... നോക്കട്ടെ..." നെക്കര്‍ പുറത്തേക്ക്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, August 20, 2010

സ്റ്റോം വാണിംഗ്‌ - 58

സ്റ്റോണോവേയില്‍ അതുവരെ വ്യാപിച്ച്‌ കിടന്നിരുന്ന മൂടല്‍ മഞ്ഞ്‌ കാറ്റ്‌ വീശിയപ്പോള്‍ അപ്രത്യക്ഷമായി. ജാഗോ, ബോട്ടിന്റെ ബ്രിഡ്‌ജില്‍ നിന്ന് താഴെയിറങ്ങി പിന്‍ഭാഗത്തേക്ക്‌ നടന്നു. ഇടുങ്ങിയ എന്‍ജിന്‍ റൂമിനുള്ളിലേക്ക്‌ അദ്ദേഹം സൂക്ഷിച്ച്‌ നോക്കി.

"എന്തെങ്കിലും പുരോഗതിയുമുണ്ടോ...?"

"ഒരു മണിക്കൂര്‍ കൂടി വേണ്ടി വരും സര്‍ ..." ആസ്റ്ററിനോടും ചാനിയോടും ഒപ്പം എന്‍ജിന്‍ റൂമിലുണ്ടായിരുന്ന ജന്‍സണ്‍ പറഞ്ഞു.

"ശരി... പക്ഷേ, ഇത്‌ ശരിയാകുമെന്നതിന്‌ വല്ല ഉറപ്പുമുണ്ടോ...?" ജാഗോ സംശയം ഉന്നയിച്ചു.

തല ഉയര്‍ത്തി നോക്കിയ ആസ്റ്ററുടെ മുഖത്തും അല്‍പ്പം നിരാശ ഇല്ലാതിരുന്നില്ല. എങ്കിലും വിട്ടുകൊടുക്കുവാന്‍ അയാള്‍ തയ്യാറായിരുന്നില്ല. "ഞാനും ചാനിയും കൂടി ആ ബ്രിട്ടിഷ്‌ ഓഫീസറുടെ കൂടെ റോയല്‍ എയര്‍ഫോഴ്‌സിന്റെ വര്‍ക്ക്‌ ഷോപ്പില്‍ പോയിരുന്നു. നല്ലയിനം പിച്ചള ഉപയോഗിച്ച്‌ ഞങ്ങള്‍ തന്നെയാണ്‌ പുതിയ പാര്‍ട്ട്‌സ്‌ ഉണ്ടാക്കിയത്‌. ഇനി അത്‌ ഫിറ്റ്‌ ചെയ്യേണ്ട താമസമേയുള്ളൂ. പിന്നെ നമ്മുടെ ബോട്ട്‌ പുതിയത്‌ പോലെയിരിക്കും..."

ജന്‍സണ്‍ എന്‍ജിന്‍ റൂമില്‍ നിന്ന് കയറേണി വഴി മുകളിലെത്തി. "ശരിയാണ്‌ സര്‍ ... അവര്‍ അവിടെ ചെയ്ത ആ വര്‍ക്കുണ്ടല്ലോ... സമ്മതിച്ച്‌ കൊടുക്കണം..."

"ഗുഡ്‌..." ജാഗോ ബ്രിഡ്‌ജിലേക്ക്‌ കയറി. "അങ്ങനെയെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ നാം പുറപ്പെടുന്നതായിരിക്കുമെന്ന് മലേയ്‌ഗിലേക്ക്‌ അറിയിച്ചേക്കൂ..." അദ്ദേഹം തന്റെ വാച്ചില്‍ നോക്കി. "അതായത്‌, മറേ നിശ്ചയിച്ചിരിക്കുന്ന സമയപരിധിയില്‍ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റിന്റെ വ്യത്യാസമേ നാം എടുക്കൂ..."

അദ്ദേഹം വാതില്‍ തുറന്ന് ചാര്‍ട്ട്‌ ടേബിളിന്റെ മുന്നില്‍ ഇരുന്നു. ഒപ്പമെത്തിയ ജന്‍സണ്‍ ഒന്ന് സംശയിച്ച്‌ നിന്നിട്ട്‌ പറഞ്ഞു. "കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ ബാരോമീറ്റര്‍ റീഡിംഗ്‌ പരിധി വിട്ട്‌ താഴ്‌ന്നിരിക്കുന്നു ലെഫ്റ്റനന്റ്‌..."

"അതുകൊണ്ട്‌...?"

"മാത്രമല്ല, കാലാവസ്ഥാ മുന്നറിയിപ്പുമുണ്ടായിരുന്നു... അത്ര നല്ലതായിരിക്കില്ല എന്നാണ്‌..."

ജാഗോ ചിരിച്ചു. "താങ്കളല്ലേ പണ്ടൊരിക്കല്‍ ഒറ്റക്ക്‌ അറ്റ്‌ലാന്റിക്ക്‌ കടന്നത്‌...?"

"ലെഫ്റ്റനന്റ്‌... എന്റെ ജീവിതത്തിലെ ഭൂരിഭാഗവും കടലില്‍ തന്നെയായിരുന്നു..." പരുക്കന്‍ സ്വരത്തില്‍ ജന്‍സണ്‍ പറഞ്ഞു. "ഞങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധമാണുള്ളത്‌. ഒന്ന് രണ്ട്‌ പ്രാവശ്യം അവള്‍ എന്നെ തോല്‍പ്പിക്കാന്‍ നോക്കി. പക്ഷേ, ഞാന്‍ വിട്ടുകൊടുത്തില്ല... കൂടുതല്‍ മത്സരങ്ങള്‍ക്കായി ഞാന്‍ വീണ്ടും രക്ഷപെട്ടു. ഒരുതരം ഒളിച്ചു കളി..."

"താങ്കള്‍ എന്തൊക്കെയാണീ പറയുന്നത്‌...?" ജാഗോയ്ക്ക്‌ അതില്‍ ഒരു താല്‍പ്പര്യവും തോന്നിയില്ല.

"എന്തോ... എനിക്കുമറിയില്ല..." ജന്‍സണ്‍ ജാള്യതയോടെ പറഞ്ഞു. "ചിലപ്പോള്‍ വയസ്സായതിന്റെ കുഴപ്പമായിരിക്കാം..." ജാലകത്തിലൂടെ അദ്ദേഹം പുറത്തേക്ക്‌ നോക്കി. "ഞാന്‍ കണ്ടിട്ടുള്ളതില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണ്‌ ഈ ദ്വീപ്‌ സമൂഹം. ഈ കടലും അതേ..."

"ഓ... ഇപ്പോഴെനിക്ക്‌ പിടി കിട്ടി..." ജാഗോ കളിയാക്കിക്കൊണ്ട്‌ പറഞ്ഞു. "അതായത്‌, താങ്കളെയും പ്രതീക്ഷിച്ച്‌ ഈ ദ്വീപുകള്‍ എന്നും ഇവിടെ കാത്തിരിക്കുയാണെന്ന്..."

"അല്ലെങ്കില്‍ , ഞാന്‍ അവയെയും കാത്ത്‌... അതായിരിക്കും കുറച്ച്‌ കൂടി ശരി... ആഹ്‌... എന്തെങ്കിലുമാകട്ടെ.... ഞാന്‍ ഈ സന്ദേശം അയച്ചിട്ട്‌ വരാം..." ജന്‍സണ്‍ പുറത്ത്‌ കടന്നു.

ജാലകത്തിന്റെ ചില്ലുകളില്‍ മഴത്തുള്ളികള്‍ ആഞ്ഞടിച്ചു. പുറത്ത്‌ കാറ്റ്‌ ചൂളം വിളിച്ചുകൊണ്ടിരുന്നു. ജന്‍സണ്‍ പറഞ്ഞതിനെക്കുറിച്ച്‌ ആലോചിച്ചുകൊണ്ട്‌ ജാഗോ തല താഴ്ത്തി അല്‍പ്പനേരം ഇരുന്നു.

മേശപ്പുറത്ത്‌ കിടന്നിരുന്ന വെതര്‍ റിപ്പോര്‍ട്ട്‌ അദ്ദേഹം കൈയിലെടുത്തു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു.

'റോക്കോള്‍ , ബെയ്‌ലി, മാലിന്‍ , ഹെബ്രിഡ്‌സ്‌ എന്നീ പ്രദേശങ്ങളിലുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌... അറ്റ്‌ലാന്റിക്കില്‍ ഒരു ന്യൂനമര്‍ദ്ദം രൂപം കൊണ്ട്‌ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു. കനത്ത മഴയും 4 - 5 എന്ന നിലയിലുള്ള കാറ്റും പ്രതീക്ഷിക്കാം. വൈകുന്നേരത്തോടെ കാറ്റ്‌ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാദ്ധ്യതയുണ്ട്‌.'

അദ്ദേഹം ആ കടലാസ്‌ ചുരുട്ടി മൂലയിലേക്കെറിഞ്ഞു. "ഇന്നും എന്റെ ദിവസമല്ല എന്ന് തോന്നുന്നു..." അദ്ദേഹത്തിന്റെ ആത്മഗതം അല്‍പ്പം ഉറക്കെയായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അടുത്ത കുറച്ച്‌ ദിവസത്തേക്കുള്ള യാത്രാമാര്‍ഗ്ഗം ചാര്‍ട്ടില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌ ബെര്‍ഗര്‍ . അവിരാമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പമ്പുകളുടെയും പുറത്ത്‌ വീശിക്കൊണ്ടിരിക്കുന്ന കാറ്റിന്റെയും ശബ്ദത്തെക്കുറിച്ച്‌ ബോധവാനായിരുന്നു അദ്ദേഹം. സമീപത്തുള്ള ബങ്കില്‍ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്ന ഓട്ടോ പ്രേയ്‌ഗര്‍ പെട്ടെന്ന് എഴുന്നേറ്റിരുന്ന് കണ്ണാടി ഊരി വച്ചു.

"ആ നശിച്ച ശബ്ദത്തിന്‌ ഒരു അവസാനമില്ലെന്ന് തോന്നുന്നു...?"

"താങ്കള്‍ക്ക്‌ അങ്ങനെ തോന്നി തുടങ്ങിയല്ലേ...?" ബെര്‍ഗര്‍ ചോദിച്ചു.

കതകില്‍ മുട്ടിയിട്ട്‌, സ്റ്റേം അവിടെയെത്തി. "താങ്കള്‍ എന്നെ വിളിച്ചുവോ ക്യാപ്റ്റന്‍ ...?"

"പമ്പിംഗ്‌ എങ്ങനെയുണ്ട്‌...?"

"ഇന്നലെ രണ്ട്‌ മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചു... ഇന്ന് രണ്ടരയും ..."

"എന്നിട്ടും ഇത്‌ വരെ വറ്റിയില്ല...?"

"ഏതാണ്ട്‌ വറ്റിയതാണ്‌..." സ്റ്റേം ഒന്ന് സംശയിച്ച്‌ നിന്നു. "നാം ആവശ്യമില്ലാതെ വളരെയധികം ജലം വഹിച്ചുകൊണ്ട്‌ പോകുന്നുണ്ട്‌ ക്യാപ്റ്റന്‍ ... അത്‌ നമുക്ക്‌ വളരെയധികം ബുദ്ധിമുട്ടാണുണ്ടാക്കുന്നത്‌... എന്റെ അഭിപ്രായത്തില്‍ കുറച്ച്‌ പായകളെങ്കിലും ചുരുട്ടി വയ്ക്കുകയാണെങ്കില്‍ ...."

"ഒരിഞ്ച്‌ പോലും ചുരുട്ടില്ല മിസ്റ്റര്‍ സ്റ്റേം ..." മേശപ്പുറത്ത്‌ ആഞ്ഞടിച്ചുകൊണ്ട്‌ ബെര്‍ഗര്‍ പറഞ്ഞു. "എന്റെ അനുവാദമില്ലാതെ പായകളില്‍ തൊട്ടുപോകരുത്‌... മനസിലായോ...?"

"യെസ്‌ സര്‍ ..."

"ഇനി പോയി നിന്റെ ജോലി ചെയ്യൂ... പോകുന്ന വഴിക്ക്‌, റിക്ടറോടെ ഇങ്ങോട്ടൊന്ന് വരാന്‍ പറയൂ..."

സ്റ്റേം പുറത്തേക്ക്‌ കടന്നു. പ്രേയ്‌ഗര്‍ എഴുന്നേറ്റ്‌ ബെര്‍ഗറുടെ മേശക്കരികിലേക്ക്‌ വന്നു. "അവന്‍ ഇന്നൊരു കൊച്ചു കുട്ടിയല്ല... ഒരു മാസം മുമ്പാണ്‌ താങ്കള്‍ ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അവന്‍ അറ്റന്‍ഷനായി നിന്ന് സല്യൂട്ട്‌ ചെയ്യുമായിരുന്നു... പക്ഷേ, ഇന്ന്..."

".... അവനൊരു പുരുഷനായിരിക്കുന്നു." ബെര്‍ഗര്‍ പൂരിപ്പിച്ചു. "അവന്‍ അതിന്‌ ഡോയ്‌ഷ്‌ലാന്റിനോടാണ്‌ നന്ദി പറയേണ്ടത്‌... മറ്റൊന്നിനും തന്നെ ഇത്രവേഗം അവനെ ഇത്തരത്തിലാക്കുവാന്‍ കഴിയുമായിരുന്നില്ല..."

"അവന്‍ പറഞ്ഞതിലും കാര്യമുണ്ടായിരുന്നില്ലേ...?"

"കുറെയൊക്കെ... അതായത്‌, നാം വാട്ടര്‍ ലൈനിന്‌ മുകളിലായി വളരെയധികം വെള്ളം വഹിച്ചുകൊണ്ട്‌ പോകുന്നു എന്നുള്ളത്‌... അത്‌ അത്ര നല്ലതുമല്ല... എന്നാല്‍ അതിന്‌ കാരണമായിരിക്കുന്ന പായയുടെ കാര്യത്തില്‍ എന്റെ നിലപാടും ശരിയാണ്‌... കാരണം , വളരെ മോശമായ കാലാവസ്ഥയാണ്‌ നമ്മുടെ ഉറ്റ സുഹൃത്ത്‌. അപ്പോള്‍ മറ്റുള്ളവര്‍ നമ്മെ കണ്ടുപിടിക്കാന്‍ അത്രയ്ക്കങ്ങ്‌ മെനക്കെടില്ല. ഈ അവസരം നമുക്ക്‌ പ്രയോജനപ്പെടുത്തണം ഓട്ടോ... ഈ അവസ്ഥയില്‍ എന്ത്‌ ത്യാഗവും സഹിക്കാന്‍ നമ്മള്‍ തയ്യാറായിരിക്കണം..."

അദ്ദേഹം ആ ചാര്‍ട്ടില്‍ ഇരു കൈകളും കൊണ്ട്‌ തലോടി. "തോല്‍ക്കില്ല ഞാന്‍ ... ഇനി തോല്‍ക്കില്ല... ഇത്രയും ദൂരം സഞ്ചരിച്ച്‌ ജന്മദേശത്തോട്‌ ഇത്രയും അടുത്തെത്തിയിട്ട്‌ ഞാന്‍ ഇനി തോല്‍ക്കില്ല..."

പ്രേയ്‌ഗര്‍ അദ്ദേഹത്തിന്റെ ചുമലില്‍ കൈ വച്ചു. "ഞങ്ങളെക്കൊണ്ടാകുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നതായിരിക്കും എറിക്ക്‌..."

കതകില്‍ മുട്ടിയിട്ട്‌ റിക്ടര്‍ അകത്തേക്ക്‌ പ്രവേശിച്ചു. ഓയില്‍സ്കിന്‍ കോട്ട്‌ ധരിച്ചിരുന്ന അദ്ദേഹത്തിന്റെ കൈകളില്‍ മരപ്പശ പുരണ്ടിരുന്നു.

"എന്നോട്‌ വരാന്‍ പറഞ്ഞത്‌...?"

"ആഹ്‌... വരൂ റിക്ടര്‍ ... താങ്കള്‍ പാമരത്തിലായിരുന്നുവല്ലേ...?"

"മുകളിലത്തെ ഒരു പായത്തടി അയഞ്ഞുപോയിരുന്നു..." തന്റെ കൈകളിലെ പശയിലേക്ക്‌ നോക്കിക്കൊണ്ട്‌ റിക്ടര്‍ പറഞ്ഞു.

"താങ്കള്‍ സലൂണിലെ ആ ജനാല പോയി നോക്കിയിരുന്നോ...?"

"ഞങ്ങളത്‌ സ്ഥിരമായിട്ടങ്ങ്‌ അടച്ചു ക്യാപ്റ്റന്‍ ... അതുകൊണ്ട്‌ സ്ത്രീകളെല്ലാം ഇപ്പോള്‍ ഇരുട്ടിലാണ്‌... ജനാലയില്‍ക്കൂടി എപ്പോഴും വെള്ളം ഉള്ളില്‍ കടക്കുന്നതിലും ഭേദമാണല്ലോ ഇരുട്ട്‌..."

"നല്ലത്‌..." ബെര്‍ഗര്‍ പറഞ്ഞു. "ഇനി പറയൂ ... നമ്മുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായം എന്താണ്‌...?"

റിക്ടര്‍ ഒരു നിമിഷം സംശയിച്ച്‌ നില്‍ക്കുന്നത്‌ പോലെ തോന്നി. "സര്‍ ... എന്റെ അഭിപ്രായമോ...? താങ്കളാണ്‌ കപ്പലിന്റെ ക്യാപ്റ്റന്‍ ... ഞാനല്ലല്ലോ..."

"അതെനിക്കറിയാം ..." ബെര്‍ഗര്‍ പറഞ്ഞു. "ക്യാപ്റ്റന്‍ ഞാന്‍ തന്നെ... പക്ഷേ, മറ്റാരേക്കാളും കൂടുതല്‍ കാലം കടലില്‍ കഴിഞ്ഞിട്ടുള്ളത്‌ താങ്കളല്ലേ...? അതുകൊണ്ട്‌ തന്നെ താങ്കളുടെ അഭിപ്രായം എന്താണെന്ന് അറിയാന്‍ എനിക്കാഗ്രഹമുണ്ട്‌..."

"ശരി താങ്കളുടെ ഇഷ്ടം പോലെ..."

ബെര്‍ഗര്‍ വെസ്റ്റേണ്‍ അപ്രോച്ചസിന്റെ ഒരു ചാര്‍ട്ട്‌ എടുത്ത്‌ നിവര്‍ത്തി അതിലൂടെ വിരലോടിച്ചു. "നമ്മളെപ്പോലെ ഒളിച്ച്‌ കടക്കുന്നവര്‍ സാധാരണ തെരഞ്ഞെടുക്കുന്ന വഴി ഇതാണ്‌... ഗ്രീന്‍ലാന്റിന്റെയും ഐസ്‌ലാന്റിന്റെയും ഇടയിലുള്ള ഡെന്മാര്‍ക്ക്‌ കടലിടുക്ക്‌... എന്നിട്ട്‌ നേരെ നോര്‍വേയിലേക്ക്‌... അല്ലേ...?"

"അതേ... ആരുടെയും കണ്ണില്‍ പെടാതെയുള്ള യാത്രയ്ക്ക്‌ ആ വഴിയാണ്‌ നല്ലത്‌..." റിക്ടര്‍ പറഞ്ഞു.

"എന്നാല്‍ നമുക്ക്‌ ആ വഴി അത്ര അനുയോജ്യമല്ല... എന്തുകൊണ്ടാണെന്നറിയുമോ...?" ബെര്‍ഗര്‍ ചോദിച്ചു.

"ഒഴുകി നടക്കുന്ന വലിയ ഐസ്‌ മലകളുടെ സാന്നിദ്ധ്യം ഗ്രീന്‍ലാന്റിന്‌ സമീപത്ത്‌ വിരളമല്ല. അതുകൊണ്ട്‌ ആര്‍ട്ടിക്ക്‌ സര്‍ക്കിളിന്റെ വടക്ക്‌ ഭാഗത്ത്‌ അധികനേരം ചെലവഴിക്കുന്നത്‌ അത്ര നല്ലതല്ല..." റിക്ടര്‍ അഭിപ്രായപ്പെട്ടു.

"ശരി, സമ്മതിച്ചു... ആട്ടെ, ഹെബ്രിഡ്‌സ്‌ പ്രദേശം താണ്ടിയാല്‍ നാം ഏത്‌ വഴിയാണ്‌ സ്വീകരിക്കേണ്ടത്‌...? ഓര്‍ക്‍നീ കടലിടുക്കാണോ...?"

"ഒരിക്കലുമല്ല സര്‍ ... എന്റെ അഭിപ്രായത്തില്‍ ഷെട്‌ലാന്റ്‌സിന്റെ വടക്ക്‌ ഭാഗത്തേക്ക്‌ തിരിയുന്നതായിരിക്കും ഉത്തമം ... എന്നിട്ട്‌ നേരെ ബെര്‍ഗനിലേക്ക്‌ ക്രോസ്സ്‌ ചെയ്യുക..." റിക്ടര്‍ പറഞ്ഞു.

"ഗുഡ്‌, ഹെല്‍മട്ട്‌... വെരി ഗുഡ്‌... ഒരാളുടെ തീരുമാനത്തെ മറ്റൊരാള്‍ പിന്താങ്ങുന്നത്‌ വളരെ ആശ്വാസകരമാണ്‌..." ബെര്‍ഗര്‍ ചാര്‍ട്ട്‌ ചുരുട്ടി വച്ചു. "ഇനി ഒരു കാര്യം കൂടി... നാം എല്ലാ പായകളും നിവര്‍ത്തേണ്ട ആവശ്യമില്ലെന്നാണ്‌ സ്റ്റേമിന്റെ അഭിപ്രായം ... താങ്കള്‍ അതിനോട്‌ യോജിക്കുന്നുവോ...?"

"സമയം ലാഭിക്കണമെന്നതാണ്‌ താങ്കളുടെ അഭിപ്രായമെങ്കില്‍ ഞാന്‍ സ്റ്റേമിനോട്‌ വിയോജിക്കുന്നു..." റിക്ടര്‍ പറഞ്ഞു. "എന്തായാലും ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ബാരോമീറ്റര്‍ റീഡിംഗ്‌ താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌... ഇന്നത്തെ രാത്രി അത്ര നല്ലതാകാന്‍ വഴിയില്ല..."

ബെര്‍ഗറുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. "ഞാന്‍ ഇന്നും ഇന്നലെയുമൊന്നും ജനിച്ചതല്ല... ബാരോമീറ്റര്‍ റീഡിംഗ്‌ താഴുന്നത്‌ ഞാന്‍ അറിഞ്ഞില്ലെന്നാണോ താങ്കള്‍ കരുതുന്നത്‌...?"

റിക്ടര്‍ പുറത്തേക്ക്‌ നടന്നു. ബെര്‍ഗര്‍ വീണ്ടും ആ ചാര്‍ട്ട്‌ എടുത്ത്‌ നിവര്‍ത്തി അസ്വസ്ഥതയോടെ ഉറ്റുനോക്കുവാന്‍ തുടങ്ങി.

* * * * * * * * * * * * * * * * * * * * * * * * * * * * * *

ഉടഞ്ഞ ജാലകത്തിലൂടെ കാറ്റ്‌ വീശുമ്പോള്‍ വെള്ളം ഉള്ളിലേക്ക്‌ അടിച്ച്‌ കയറിയിരുന്നത്‌ കൊണ്ട്‌ ഗെറിക്ക്‌ കട്ടില്‍ എതിര്‍വശത്തെ വാതിലിനോട്‌ ചേര്‍ത്തിട്ടു. എല്ലാ ക്രമീകരണങ്ങളും തൃപ്തികരമായപ്പോള്‍ അദ്ദേഹം ഇരുമ്പഴികള്‍ക്കരികില്‍ പോയി പുറത്തേക്ക്‌ നോക്കി നിന്നു.

സമയം ഏഴ്‌ മണി കഴിഞ്ഞതേയുള്ളുവെങ്കിലും അവിടെങ്ങും അന്ധകാരം വ്യാപിച്ച്‌ തുടങ്ങിയിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭയാനകമായ കാഴ്ചയായിരുന്നു അദ്ദേഹം കടലില്‍ കണ്ടത്‌. ചക്രവാളത്തോളം ഉയര്‍ന്ന് പൊങ്ങുന്നത്‌ പോലുള്ള തിരമാലകള്‍ . നിര്‍ത്താതെ കോരിച്ചൊരിയുന്ന കനത്ത മഴ. നിമിഷം പ്രതി കറുത്തിരുണ്ടുകൊണ്ടിരിക്കുന്ന ആകാശത്തില്‍ ചിലയിടത്ത്‌ കുങ്കുമ വര്‍ണ്ണത്തിലുള്ള പ്രകാശം കാണാമായിരുന്നു.

പെട്ടെന്നാണ്‌ കടലിന്റെ അങ്ങേയറ്റത്ത്‌ അദ്ദേഹം അത്‌ ശ്രദ്ധിച്ചത്‌. വളരെ ഉയരത്തിലുള്ള ഒരു തിരമാലയുടെ മുകളിലേക്ക്‌ കയറുന്ന ഒരു മോട്ടോര്‍ ഗണ്‍ ബോട്ട്‌. അടുത്ത നിമിഷം മുന്‍ഭാഗം താഴോട്ടായി അത്‌ തിരമാലയുടെ മറുവശത്തേക്ക്‌ ഇറങ്ങി.

ഇടനാഴിയില്‍ പാദചലനം കേട്ട്‌ ഗെറിക്ക്‌ തിരിഞ്ഞ്‌ നോക്കി. ജാനറ്റ്‌ ആയിരുന്നു അത്‌. അവള്‍ അണിഞ്ഞിരുന്ന ഓയില്‍സ്കിന്‍ കോട്ടിന്മേല്‍ ജലകണങ്ങള്‍ തിളങ്ങുന്നുണ്ടായിരുന്നു. അഴികള്‍ക്കരികില്‍ വന്ന് ഒരു കാലില്‍ മുട്ടുകുത്തി നിന്ന് അവള്‍ തന്റെ കൈവശമുണ്ടായിരുന്ന ബാസ്കറ്റ്‌ ഉള്ളിലേക്ക്‌ നീക്കിവച്ചു.

"നിങ്ങള്‍ക്ക്‌ പോകുമ്പോള്‍ കൊണ്ടുപോകാനായി കുറച്ച്‌ സൂപ്പ്‌ ആണ്‌..."

ഗെറിക്ക്‌ ആ ബാസ്കറ്റ്‌ എടുത്ത്‌ ബങ്കില്‍ വച്ചു. "നിന്റെ സ്നേഹിതനില്ലേ... ലെഫ്റ്റനന്റ്‌ ജാഗോ... അദ്ദേഹം വരുന്നുണ്ട്‌... അതാ അവിടെ... ഹാര്‍ബറിലേക്ക്‌ കടക്കുവാനുള്ള ബുദ്ധിമുട്ടോര്‍ത്ത്‌ സ്വയം ശപിക്കുകയായിരിക്കും അദ്ദേഹം ഇപ്പോള്‍ ..."

"ഹാരിയോ... ഇവിടെയോ...?" അവളുടെ മുഖം പ്രകാശിച്ചു.

ഹാര്‍ബറിലേക്ക്‌ പ്രവേശിക്കാനൊരുങ്ങുന്ന ബോട്ട്‌ കണ്ടതും അവള്‍ പിന്തിരിഞ്ഞ്‌ പുറത്തേക്കോടി. ഗെറിക്ക്‌ ഒരു സിഗരറ്റ്‌ എടുത്ത്‌ ചുണ്ടില്‍ വച്ചു. അപ്പോഴാണ്‌ ലാക്ലന്‍ ഒരു കപ്പ്‌ ചായയുമായി അവിടെയെത്തിയത്‌. അഴികള്‍ക്കിടയിലൂടെ അവന്‍ ചായ ഗെറിക്കിന്‌ കൈമാറി.

"നിന്റെ കൈയില്‍ തീപ്പെട്ടിയുണ്ടോ ലാക്ലന്‍ ...?"

"ഉണ്ടല്ലോ കമാന്‍ഡര്‍ ..." ലാക്ലന്‍ ഒരു തീപ്പെട്ടിയെടുത്ത്‌ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നീട്ടി. "താങ്കളിത്‌ കൈയില്‍ വച്ചോളൂ..."

സിഗരറ്റിന്‌ തീ കൊളുത്തിയിട്ട്‌ ഗെറിക്ക്‌ ജാലകത്തിനടുത്തേക്ക്‌ നടന്നു. ഡെഡ്‌ എന്‍ഡ്‌, ഹാര്‍ബറിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞിരുന്നു. അതിലെ ആളുകള്‍ കയറുകളിലും മറ്റും മുറുക്കെ പിടിച്ച്‌ കൊണ്ട്‌ ഡെക്കില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

ബോട്ടിന്റെ ബ്രിഡ്‌ജില്‍ നില്‍ക്കുന്ന ജാഗോയെ ഗെറിക്ക്‌ തിരിച്ചറിഞ്ഞു. പെട്ടെന്നാണ്‌ ഹാര്‍ബറിലെ പാലത്തിലൂടെ ആരോ ഒരാള്‍ ബോട്ടിന്‌ സമീപത്തേക്ക്‌ ഓടിച്ചെല്ലുന്നത്‌ അദ്ദേഹം കണ്ടത്‌. ഓയില്‍സ്കിന്‍ കോട്ടിന്റെ മഞ്ഞ നിറത്തില്‍ നിന്നും അത്‌ ജാനറ്റ്‌ ആണെന്ന് ഗെറിക്ക്‌ മനസ്സിലാക്കി. ജാഗോ അവളുടെ നേരെ കൈ ഉയര്‍ത്തി വീശി. പിന്നെ ബോട്ടില്‍ നിന്ന് ഹാര്‍ബറിലേക്കിറങ്ങി. അടുത്ത നിമിഷം - അവള്‍ അദ്ദേഹത്തിന്റെ കരവലയത്തില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്നു.

"അപ്പോള്‍ ... അങ്ങനെയാണ്‌ കാര്യങ്ങളുടെ കിടപ്പ്‌..." ഗെറിക്ക്‌ മന്ത്രിച്ചു. പെട്ടെന്ന് തിരിഞ്ഞ്‌ വീശിയ കാറ്റില്‍ മഴവെള്ളം ഉള്ളിലേക്കടിച്ച്‌ കയറിയപ്പോള്‍ അദ്ദേഹം കട്ടിലിന്‌ നേര്‍ക്ക്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Thursday, August 12, 2010

സ്റ്റോം വാണിംഗ്‌ - 57

ട്രോണ്‍ദേമിലെ ഇന്റലിജന്‍സ്‌ റൂമില്‍ ഒരു സിഗരറ്റ്‌ പുകച്ച്‌ കൊണ്ട്‌ തലങ്ങും വിലങ്ങും നടക്കുകയാണ്‌ നെക്കര്‍ . യൂണിഫോമിലായിരുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ വിയര്‍പ്പും അഴുക്കും പുരണ്ടിരുന്നു. തികച്ചും അസ്വസ്ഥനായിരുന്നു അദ്ദേഹം.

എഴുതിക്കൊണ്ടിരുന്ന റിപ്പോര്‍ട്ടില്‍ നിന്ന് ആല്‍ട്രോജ്‌ മുഖമുയര്‍ത്തി നോക്കി. "ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനം...? അവിടെ ഇരിക്കൂ... അല്‍പ്പം കാപ്പി കഴിക്കൂ ഹോസ്റ്റ്‌..."

അദ്ദേഹം നീട്ടിയ ട്രേയിലെ കാപ്പി നെക്കര്‍ നിരസിച്ചു. "നോ... താങ്‌ക്‍സ്‌..." പിന്നീട്‌ അദ്ദേഹം പൊട്ടിത്തെറിച്ചു. "എനിക്ക്‌ മനസ്സിലാകുന്നില്ല... എന്താണിത്ര താമസം...? ആര്‍ക്ക്‌ വേണ്ടിയാണിനി വെയ്‌റ്റ്‌ ചെയ്യുന്നത്‌...?"

"നെക്കര്‍ ... താങ്കള്‍ക്കറിയാമല്ലോ, ഗ്രൂപ്പ്‌ കമന്‍ഡര്‍ നേരിട്ടാണ്‌ ഈ വിഷയം കൈകാര്യം ചെയ്യുന്നത്‌... ഇത്തരം കാര്യങ്ങളിലൊക്കെ ആകുമ്പോള്‍ സ്വാഭാവികമായും ചില താമസങ്ങളൊക്കെയുണ്ടാകും... താങ്കള്‍ക്ക്‌ കുറച്ച്‌ കൂടി ക്ഷമ വേണം ഹോസ്റ്റ്‌..."

അദ്ദേഹം പിന്നിലേക്ക്‌ ചാരിയിരുന്നു. "പിന്നെ ഒരു കാര്യം കൂടി സ്നേഹിതാ... അടുത്ത്‌ തന്നെ കുറച്ച്‌ കൂടി നീണ്ട ഒരു യാത്രയ്ക്ക്‌ തയ്യാറായി ഇരുന്നുകൊള്ളണം..."

നെക്കര്‍ പെട്ടെന്ന് നിന്നു. "താങ്കള്‍ എന്താണീ പറയുന്നത്‌...?"

"നോക്കൂ ഹോസ്റ്റ്‌... താങ്കളെ ഏല്‍പ്പിച്ച ദൗത്യം... അത്‌ നിങ്ങള്‍ നിര്‍വ്വഹിച്ചില്ല... അതിന്‌ വിപരീതമായി വേറെ വഴിക്ക്‌ പോകുകയും ചെയ്തു..."

"മൈ ഗോഡ്‌...! പിന്നെ ഞാന്‍ അപ്പോള്‍ എന്ത്‌ ചെയ്യുമെന്നായിരുന്നു താങ്കള്‍ പ്രതീക്ഷിച്ചിരുന്നത്‌...?" നെക്കറിന്‌ അത്ഭുതം അടക്കാനായില്ല.

വാതില്‍ തുറന്ന് മെയര്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കൈയില്‍ കുറച്ചധികം പേപ്പറുകളുണ്ടായിരുന്നു. തീര്‍ത്തും തണുപ്പന്‍ മട്ടില്‍ അദ്ദേഹം പറഞ്ഞു. "കീലില്‍ ഉള്ള ക്രീഗ്‌സ്‌മറീന്‍ ഓഫീസുമായി ഞാന്‍ ബന്ധപ്പെട്ടു. താങ്കള്‍ തന്ന വിവരം നേരിട്ട്‌ ഡോണിറ്റ്‌സിന്റെ അടുക്കലാണ്‌ എത്തിയത്‌. ഈ ഇന്‍ഫര്‍മേഷന്‌ നന്ദി അറിയിച്ചുകൊണ്ട്‌ അവര്‍ ഇങ്ങോട്ട്‌ ഒരു സന്ദേശം അയക്കുകയും ചെയ്തു..."

"അത്ര മാത്രം...?"

"മാത്രമല്ല, ഹാലിഫാക്സ്‌ കോണ്‍വോയിയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയിക്കാത്തതിലുള്ള അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു..."

"ഹാലിഫാക്സ്‌ കോണ്‍വോയ്‌... അതവിടെ നില്‍ക്കട്ടെ... ഡോയ്‌ഷ്‌ലാന്റിനെക്കുറിച്ച്‌ അവര്‍ എന്ത്‌ പറഞ്ഞു...?" നെക്കറിന്‌ ജിജ്ഞാസ അടക്കാനായില്ല.

മെയര്‍ തന്റെ സിഗരറ്റ്‌ പാക്കറ്റ്‌ തുറന്ന് ഒന്നെടുത്ത്‌ ചുണ്ടില്‍ വച്ചു. "ഡോയ്‌ഷ്‌ലാന്റിനെക്കുറിച്ചുള്ള സകല വിവരങ്ങളും അര്‍ജന്റീനയിലെ ഇന്റലിജന്‍സ്‌ വൃത്തങ്ങളില്‍ നിന്ന് വളരെ മുമ്പ്‌ തന്നെ അവര്‍ക്ക്‌ ലഭിച്ചിരുന്നു. ക്രീഗ്‌സ്‌മറീന്‍ അംഗങ്ങളുടെ ഒരു സംഘവുമായി ക്യാപ്റ്റന്‍ ബെര്‍ഗറുടെ നേതൃത്വത്തില്‍ ആഴ്ചകള്‍ക്ക്‌ മുമ്പാണ്‌ അവര്‍ ബ്രസീല്‍ വിട്ടത്‌. കുറച്ച്‌ പാസഞ്ചേഴ്‌സും കൂട്ടത്തിലുണ്ട്‌. അത്‌ കന്യാസ്ത്രീകളാണെന്നാണ്‌ എനിക്ക്‌ ലഭിച്ച അറിവ്‌..."

"അത്ഭുതകരം...!" നെക്കര്‍ പറഞ്ഞു. "അതുപോലുള്ള ഒരു കപ്പലില്‍ അറ്റ്‌ലാന്റിക്കിന്റെ ഒരറ്റത്ത്‌ നിന്ന് മറ്റേയറ്റത്തേക്ക്‌ സഞ്ചരിക്കുക...! അതും ബ്രിട്ടന്റെയും അമേരിക്കയുടെയും നേവികളുടെ മൂക്കിന്‌ താഴെക്കൂടി...! ഇതറിഞ്ഞാല്‍ നമ്മുടെ രാജ്യം ആഹ്ലാദനൃത്തമാടും..."

"തീര്‍ച്ചയായും ... പക്ഷേ, ഇക്കാര്യം ഇപ്പോള്‍ പുറത്തറിയാന്‍ പാടില്ല... അവരുടെ പൂര്‍ണ്ണസുരക്ഷിതത്തിന്‌ അത്‌ അത്യാവശ്യമാണ്‌... എത്ര ബുദ്ധിമാനും ചില അവസരങ്ങളില്‍ പമ്പരവിഡ്ഢിയാകും... താങ്കള്‍ അല്‍പ്പസമയത്തേക്കെങ്കിലും ഡോയ്‌ഷ്‌ലാന്റുമായി റേഡിയോ ബന്ധം പുലര്‍ത്തിയില്ലേ... അപ്പോള്‍ ഒരു കോഡ്‌ ഉപയോഗിക്കുകയും ചെയ്തു... എന്തിനായിരുന്നു അത്‌...?"

"മറ്റാരും ട്രാന്‍സ്മിഷന്‍ പിക്കപ്പ്‌ ചെയ്യുന്നില്ല എന്ന് ഉറപ്പ്‌ വരുത്തുവാന്‍..."

"എക്സാക്റ്റ്‌ലി... ബ്രസീലില്‍ നിന്ന് കീലില്‍ എത്താന്‍ പാടുപെടുന്ന ഒരു പഴഞ്ചന്‍ പായ്‌ക്കപ്പലിനെ ബ്രിട്ടിഷ്‌ നേവി യാതൊരു വിധത്തിലും ശ്രദ്ധിക്കാനൊരുമ്പെടുകയില്ല... കാരണം, പകുതി വഴി പോലും അവര്‍ താണ്ടുമെന്നുള്ളതിന്‌ ആര്‍ക്കും ഒരുറപ്പുമില്ല..."

"അത്‌ കൊണ്ട്‌...?"

"എന്നാല്‍ ഇപ്പോള്‍ ചിത്രം മാറുന്നു... നാം എന്തൊക്കെയണ്‌ ചെയ്യുന്നത്‌ എന്ന് നിരീക്ഷിച്ചുകൊണ്ട്‌ ശത്രുക്കള്‍ നോര്‍ത്ത്‌ സീയില്‍ കിടക്കുന്നുണ്ട്‌. ജന്മനാടിനോട്‌ ഇത്ര മാത്രം അടുക്കല്‍ ഡോയ്‌ഷ്‌ലാന്റ്‌ എത്തിയെന്ന് അവരെങ്ങാനും അറിയാനിടയായാല്‍ എന്ത്‌ തന്നെ ചെയ്യാനും അവര്‍ മടിക്കില്ല. ഒരു പക്ഷേ, ആ പ്രദേശത്തുള്ള നാവികവ്യൂഹം ഒന്നടങ്കം അവരെ തടഞ്ഞെന്നും വരാം..."

ഒരു നിമിഷത്തേക്ക്‌ അവിടെ കനത്ത നിശബ്ദത പരന്നു. ആല്‍ട്രോജാണ്‌ മൗനം ഭഞ്ജിച്ചത്‌. അദ്ദേഹത്തിന്റെ സ്വരത്തില്‍ സഹതാപം നിറഞ്ഞിരുന്നു. "അതുകൊണ്ട്‌ ഹോസ്റ്റ്‌... ഇക്കാര്യം ആരും തന്നെ അറിയാന്‍ പാടില്ല... ഇപ്പോഴത്തെ അവസ്ഥയില്‍ ഇതേക്കുറിച്ച്‌ ഒരു പബ്ലിക്ക്‌ അനൗണ്‍സ്‌മന്റ്‌ ഉണ്ടായായാല്‍ അത്‌ വളരെയധികം അപകടകരമായിരിക്കും..."

നെക്കര്‍ തളര്‍ന്ന മട്ടില്‍ തല കുലുക്കി. പിന്നെ നിരാശയോടെ കസേരയിലേക്ക്‌ ഇരുന്നു.

"ഹോസ്റ്റ്‌... അതുകൊണ്ട്‌, ഡോയ്‌ഷ്‌ലാന്റിനെ അവരുടെ വഴിക്ക്‌ വിടേണ്ടിയിരിക്കുന്നു..." മെയര്‍ പറഞ്ഞു. "താങ്കള്‍ക്ക്‌ മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു... അവര്‍ക്ക്‌ വേണ്ടി നമുക്ക്‌ പ്രാര്‍ത്ഥിക്കാം... അത്രമാത്രം... അതില്‍ കൂടുതല്‍ ഒന്നും തന്നെ ചെയ്യാന്‍ പാടില്ല..."

"യെസ്‌, ഹേര്‍ ഓബര്‍സ്റ്റ്‌..." നെക്കര്‍ ക്ഷീണിത സ്വരത്തില്‍ പറഞ്ഞു.

"പിന്നെ, താങ്കള്‍ ഒരു അപരാധവും കൂടി ചെയ്തു... താങ്കളെ നിയോഗിച്ചിരിക്കുന്നത്‌ ഹാലിഫാക്സ്‌ കോണ്‍വോയിയെക്കുറിച്ച്‌ അന്വേഷിക്കാനാണ്‌... അതുപേക്ഷിച്ച്‌ വേറൊരു കാര്യത്തിന്‌ പോകുവാന്‍ താങ്കള്‍ക്ക്‌ അനുമതിയില്ല... ഒരു ഒന്നര മണിക്കൂര്‍ കൂടി താങ്കള്‍ അവിടെ നിരീക്ഷണം നടത്തിയിരുന്നുവെങ്കില്‍ ആ കോണ്‍വോയിയെ കാണുവാന്‍ സാധിക്കുമായിരുന്നു..."

നെക്കര്‍ ആകെ തളര്‍ന്നിരുന്നു. മെയര്‍ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി. "നോക്കൂ... നമുക്കെല്ലാവര്‍ക്കും തെറ്റ്‌ പറ്റാറുണ്ട്‌... പക്ഷേ, താങ്കളുടെ കാര്യത്തില്‍ ഒരേ ഒരു തവണ മാത്രമേ അതിന്‌ അനുവാദമുള്ളൂ... മനസ്സിലായോ...?"

"യെസ്‌, ഹേര്‍ ഓബര്‍സ്റ്റ്‌..."

"ഗുഡ്‌... ഇനി പോയി എന്തെങ്കിലും കഴിച്ചിട്ട്‌ അല്‍പ്പം ഉറങ്ങാന്‍ നോക്കൂ... ഉറക്കം അത്യാവശ്യമാണ്‌ താങ്കള്‍ക്ക്‌... മിക്കവാറും അടുത്ത ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ വീണ്ടും ഒരു യാത്ര ഉണ്ടാകും..."

നെക്കര്‍ എഴുന്നേറ്റു. "അതേ സ്ഥലം തന്നെയാണോ...?"

"അതേ..." മെയര്‍ തല കുലുക്കി. "പക്ഷേ, ഹോസ്റ്റ്‌... ഇത്തവണ ഹാലിഫാക്സ്‌ കോണ്‍വോയ്‌ തന്നെ ആയിരിക്കണം ലക്ഷ്യം..."

ബൂട്ട്‌സ്‌ നിലത്ത്‌ ഉരച്ചുകൊണ്ട്‌ നെക്കര്‍ പതുക്കെ പുറത്തേക്ക്‌ നടന്നു. അദ്ദേഹത്തിന്‌ പിന്നില്‍ വാതില്‍ അടഞ്ഞു. ഒരു നിമിഷം അവിടെങ്ങും നിശബ്ദത നിറഞ്ഞു.

"നല്ല തമാശ... അല്ലേ ആല്‍ട്രോജ്‌...?" നെടുവീര്‍പ്പിട്ടുകൊണ്ട്‌ മെയര്‍ ചോദിച്ചു.

"എന്താണ്‌ പറഞ്ഞത്‌ ഹേര്‍ ഓബര്‍സ്റ്റ്‌...?"

"ഇല്ല... ഒന്നുമില്ല... അദ്ദേഹത്തിന്റെ സ്ഥാനത്ത്‌ ഞാനായിരുന്നുവെങ്കിലും ഇതൊക്കെ തന്നെയേ ചെയ്യുമായിരുന്നുള്ളൂ എന്നൊരു തോന്നല്‍ ... പക്ഷേ, ഇപ്പറഞ്ഞത്‌ ഞാന്‍ തന്നെയാണോ എന്ന് ചോദിച്ചാല്‍ ... തീര്‍ച്ചയായും അല്ലേയല്ല എന്ന് പറയും..."

* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Thursday, August 5, 2010

സ്റ്റോം വാണിംഗ്‌ - 56

രാവിലെ തന്നെ ചര്‍ച്ചിലേക്ക്‌ പോകാനായിട്ടൊരുങ്ങിയ ജീന്‍ സിന്‍ക്ലെയര്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ അഡ്‌മിറല്‍ റീവും ജാനറ്റും കൂടി എത്തിയത്‌.

"അത്ഭുതകരമായിരിക്കുന്നല്ലോ ഇത്‌...!" അവര്‍ പറഞ്ഞു. "എല്ലാ ഞായറാഴ്ചകളിലും ഇദ്ദേഹത്തെ ചര്‍ച്ചിലേക്ക്‌ കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിച്ചിട്ട്‌ നടന്നില്ല ഇതുവരെ..."

അദ്ദേഹത്തിന്‌ വേറെ പല കാര്യങ്ങളുമില്ലേ... അദ്ദേഹത്തെ വീണ്ടും യൂണിഫോം ധരിപ്പിക്കുന്നതില്‍ ഞാന്‍ എന്തായാലും വിജയിച്ചു... ബാക്കി കാര്യങ്ങള്‍ ഇനി നിങ്ങളെക്കൊണ്ട്‌ പറ്റുമോയെന്ന് ഒന്ന് ശ്രമിച്ച്‌ നോക്ക്‌..." ജാനറ്റ്‌ പറഞ്ഞു.

ജീനിന്റെ മുഖം ലജ്ജയാല്‍ തുടുത്തു.

"മലേയ്‌ഗില്‍ നിന്ന് ഒരു സന്ദേശം എനിക്കിപ്പോള്‍ ലഭിച്ചു..." റീവ്‌ പറഞ്ഞു. "ലെഫ്റ്റനന്റ്‌ ജാഗോയുടെ ബോട്ടിന്‌ എന്‍ജിന്‍ തകരാറ്‌... മദ്ധ്യാഹ്നത്തിന്‌ ശേഷമേ എത്താന്‍ സാധിക്കുകയുള്ളുവത്രേ... ശരിയായില്ലെങ്കില്‍ മറ്റാരെയെങ്കിലും അയക്കും. ആരായാലും രാത്രിക്ക്‌ മുമ്പ്‌ ഗെറിക്കിനെ കൊണ്ടുപോകുന്ന കാര്യം സംശയമാണ്‌. ചിലപ്പോള്‍ നാളെ രാവിലത്തേക്ക്‌ നീളാനും സാദ്ധ്യതയുണ്ട്‌..."

"അത്‌ ശരി..." ജീന്‍ തന്റെ വാച്ചില്‍ നോക്കി. "നോക്കൂ... പതിനഞ്ച്‌ മിനിറ്റിനുള്ളില്‍ പള്ളിയിലെ ചടങ്ങുകള്‍ ആരംഭിക്കും. മര്‍ഡോക്കിന്റെ പ്രസംഗം കേള്‍ക്കണ്ടേ...? എല്ലാവരുടെയും പിന്നിലാകണ്ടെങ്കില്‍ പെട്ടെന്ന് പോകണം..."

"ഓള്‍ റൈറ്റ്‌..." റീവ്‌ അല്‍പ്പം നീരസത്തോടെ പറഞ്ഞു. "ഞാന്‍ വന്നോളാം... അവിടുത്തെ ചടങ്ങുകളൊക്കെ കഴിയുമ്പോള്‍ നിന്നെ കൊണ്ടുവരുവാനായി... ഞാന്‍ മേരിയുടെ അടുത്തേക്ക്‌ പോകുന്നു.... പാചകക്കാര്യത്തെക്കുറിച്ച്‌ ചിലത്‌ സംസാരിക്കാനുണ്ട്‌..."

റീവ്‌ പുറത്ത്‌ കടന്നപ്പോള്‍ വാതില്‍ അടഞ്ഞു.

ജീന്‍, ജാനറ്റിന്‌ നേര്‍ക്ക്‌ തിരിഞ്ഞു.

"നീ വരുന്നുണ്ടോ പള്ളിയിലേക്ക്‌...?"


"ഞാനോ... ഓ... ഇന്നെനിക്ക്‌ വയ്യ..."

"പിന്നെ നീ എന്ത്‌ ചെയ്യാന്‍ പോകുന്നു...?"

"എനിക്ക്‌ ചില കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കാനുണ്ട്‌..."

ജീന്‍ പുഞ്ചിരിച്ചു. "അതേയതേ... തീര്‍ച്ചയായും നിനക്ക്‌ ചിന്തിക്കാന്‍ പലതും കാണും..."


* * * * * * * * * * * * * * * * * * * * * * * * * * * * *


ലാക്ലന്റെ അമ്മ എത്തിച്ച ബ്രേക്‌ക്‍ഫാസ്റ്റ്‌ ഗെറിക്ക്‌ ഭംഗിയായി കഴിച്ചു. വറുത്ത മാംസവും തക്കാളിയും എല്ലാം അടങ്ങിയ വിഭവം അദ്ദേഹത്തിന്‌ രുചികരമായി തോന്നി. അവര്‍ പോയ ഉടന്‍ ലാക്ലന്‍ വീണ്ടും തന്റെ പൂര്‍വ്വസ്ഥാനത്ത്‌ വന്ന് ഇരുന്നു.

"ഇവിടെത്തന്നെ ഇരുന്നാല്‍ നിനക്ക്‌ എപ്പോഴാണ്‌ ഉറങ്ങാന്‍ സാധിക്കുക...? പോയി അല്‍പ്പം ഉറങ്ങൂ ലാക്ലന്‍..." ഗെറിക്ക്‌ പറഞ്ഞു.

"ഓ.. ഉറക്കമോ... എനിക്കത്‌ വളരെ കുറച്ച്‌ മതി. കുഞ്ഞായിരുന്നപ്പോള്‍ ഇക്കാര്യത്തില്‍ ഞാന്‍ അമ്മയെ കുറേ കഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ പറയുന്നത്‌..." ലാക്ലന്‍ വാച്ചിലേക്ക്‌ കണ്ണോടിച്ചു. "വിഷമിക്കേണ്ട കമാന്‍ഡര്‍... രാവിലത്തെ ചടങ്ങുകളൊക്കെ പൂര്‍ത്തിയാക്കി പതിനൊന്ന് മണിയാകുമ്പോഴേക്കും മര്‍ഡോക്ക്‌ എനിക്ക്‌ പകരം ചാര്‍ജ്‌ എടുക്കും..."

"അത്‌ ശരി... " ഗെറിക്ക്‌ നെടുവീര്‍പ്പിട്ടു. "ഇവിടുത്തെ പള്ളിയിലെ വികാരിയും കൂടിയാണദ്ദേഹം അല്ലേ...?"

"അതേ... മാത്രമല്ല, മൊറാഗ്‌ സിന്‍ക്ലെയറിന്റെ സ്രാങ്കും കൂടിയാണ്‌..."

"മൊറാഗ്‌ സിന്‍ക്ലെയര്‍...?"

"ജീവിതത്തില്‍ ഏറ്റവുമധികം അദ്ദേഹം സ്നേഹിക്കുന്നത്‌ അതിനെയാണെന്ന് പറയാം... നാല്‍പ്പത്തിയൊന്ന് അടി നീളമുള്ള വാട്‌സണ്‍ ടൈപ്പ്‌ മോട്ടോര്‍ ലൈഫ്‌ ബോട്ട്‌... ഈ ദ്വീപിന്റെ അങ്ങേയറ്റത്തുള്ള സൗത്ത്‌ ഇന്‍ലെറ്റ്‌ ഹാര്‍ബറിലാണ്‌ അത്‌ കിടക്കുന്നത്‌... അദ്ദേഹത്തിന്റെ താമസവും അവിടെത്തന്നെയാണ്‌..."

"അതെന്താ അങ്ങനെ...? എന്താ ഇവിടുത്തെ ഹാര്‍ബറില്‍ ഇട്ടാല്‍..." ഗെറിക്ക്‌ ചോദിച്ചു.

"ഇവിടെ പറ്റില്ല... കാരണം, കടല്‍ പ്രക്ഷുബ്‌ധമാകുമ്പോള്‍ ബോട്ട്‌ ഇറക്കാന്‍ കഴിയാത്ത അത്ര ഉയരത്തിലായിരിക്കും ഇവിടെ തിരമാലകള്‍... താരതമ്യേന എളുപ്പം സൗത്ത്‌ ഇന്‍ലെറ്റ്‌ ആണ്‌..."

"അപ്പോള്‍ അവിടെ ഇങ്ങനെയൊരു പ്രശ്നമില്ല..."

"എന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല... വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ചിലപ്പോള്‍ സൗത്ത്‌ ഇന്‍ലെറ്റില്‍ നിന്ന് പോലും ബോട്ട്‌ ഇറക്കാന്‍ കഴിയാതെ വന്ന അവസരങ്ങളുണ്ടായിട്ടുണ്ട്‌..."

"അപ്പോള്‍ എവിടെ നിന്നെങ്കിലും ലൈഫ്‌ ബോട്ടിന്‌ കോള്‍ വന്നാല്‍ എന്ത്‌ ചെയ്യും...?" ഗെറിക്ക്‌ ചോദിച്ചു.

"അടുത്തുള്ള ബാര ദ്വീപില്‍ വേറൊരു ലൈഫ്‌ ബോട്ടുണ്ട്‌..."

"അത്‌ ശരി... പിന്നെ... ലാക്ലന്‍... ആര്‍മിയില്‍ ചേരുന്നതിന്‌ മുമ്പ്‌ നീയും ലൈഫ്‌ ബോട്ട്‌ ക്രൂവിലെ അംഗമായിരുന്നോ...?"

"അയ്യോ... അല്ലേയല്ല... കടല്‍ എന്ന് കേട്ടാല്‍ എനിക്ക്‌ ഓക്കാനം വരും... പക്ഷേ, എന്റെ പിതാവ്‌ അതിലെ അംഗമായിരുന്നു..."

ലാക്ലന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ഇനിയെന്ത്‌ സംസാരിക്കണമെന്നറിയാതെ ഗെറിക്ക്‌ ഇരുമ്പഴികളില്‍ പിടിച്ചുകൊണ്ട്‌ നിന്നു. പെട്ടെന്നാണ്‌ പുറത്തെ വാതില്‍ തുറന്ന് ജാനറ്റ്‌ പ്രത്യക്ഷപ്പെട്ടത്‌.

"എവിടെ എല്ലാവരും...?" അവള്‍ ചിരിച്ചു.

ആട്ടിന്‍ തോല്‍ കൊണ്ട്‌ നിര്‍മ്മിച്ച ഒരു കോട്ടും കോട്ടണ്‍ സ്കേര്‍ട്ടുമാണ്‌ അവള്‍ ധരിച്ചിരുന്നത്‌. മുട്ട്‌ വരെയെത്തുന്ന ബൂട്‌സും ശിരസ്സില്‍ ധരിച്ചിരിക്കുന്ന *ടാം-ഓ-ഷാന്‍ടറും അവളെ മനോഹരിയാക്കി. (*ടാം-ഓ-ഷാന്‍ടര്‍ - നെറ്റിയ്ക്ക്‌ ചുറ്റും ഇറുകി കിടക്കുന്ന തുണികൊണ്ട്‌ നിര്‍മ്മിച്ച വൃത്താകൃതിയിലുള്ള തൊപ്പി).

"ലാക്ലന്‍... അദ്ദേഹം കുഴപ്പമൊന്നും ഉണ്ടാക്കിയില്ലല്ലോ...?"

"എങ്ങനെ കുഴപ്പമുണ്ടാക്കാന്‍ പറ്റും...?" ഗെറിക്ക്‌ ചോദിച്ചു. "റൈഫിളും പിടിച്ച്‌ രാത്രി മുഴുവന്‍ ഇമ വെട്ടാതെ എന്നെത്തന്നെ നോക്കിക്കൊണ്ടുള്ള ഇരുപ്പായിരുന്നില്ലേ...?"

ജാനറ്റ്‌ ഒരു പാക്കറ്റ്‌ സിഗരറ്റും കുറച്ച്‌ മാഗസിനുകളും അഴികള്‍ക്കിടയിലൂടെ നീട്ടി. "ഇതാ... സമയം പോകാന്‍ കൈയിലിരിക്കട്ടെ..."

"സമയമോ... ഇനി അധികം ബാക്കിയില്ലല്ലോ..." ഗെറിക്ക്‌ പറഞ്ഞു. "ഉച്ചയാകുമ്പോഴേക്ക്‌ ജാഗോ എത്തില്ലേ എന്നെ കൊണ്ടുപോകാനായി...?"

"സ്റ്റോണോവേയില്‍ വച്ച്‌ എന്‍ജിന്‍ കേടായി... രാത്രിയാകുമെന്നാണ്‌ കേട്ടത്‌... ചിലപ്പോള്‍ നാളെ രാവിലെയുമായേക്കാം..."

അവളില്‍ നിന്ന് ഇനിയും എന്തെങ്കിലും കേള്‍ക്കാമെന്ന പ്രതീക്ഷയില്‍ അദ്ദേഹം അഴികള്‍ക്കിടയിലൂടെ അവളെത്തന്നെ നോക്കി നിന്നു. അവളുടെ മനസ്സിലൂടെയും എന്തൊക്കെയോ വികാരങ്ങള്‍ കടന്നുപോയി. പറഞ്ഞറിയിക്കാനാവാത്ത വിഷമവും ദ്വേഷ്യവും എല്ലാം... അവിടെ നിന്നും എങ്ങനെയും പുറത്ത്‌ കടന്നാല്‍ മതിയെന്നായി അവള്‍ക്ക്‌.

"ഞാന്‍ പോകുന്നു... കുറച്ച്‌ ജോലിയുണ്ട്‌..."

"താങ്‌ക്‍സ്‌ എ ലോട്ട്‌..." മാഗസിനുകള്‍ ഉയര്‍ത്തി പിടിച്ച്‌ ഗെറിക്ക്‌ പറഞ്ഞു. "മറ്റ്‌ പലതിനും ഇടയ്ക്ക്‌ ഇവയ്ക്കും.."

അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട്‌ പെട്ടെന്ന് തിരിഞ്ഞ്‌ അവള്‍ പുറത്തേക്ക്‌ നടന്നു.* * * * * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)