പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, August 31, 2010

സ്റ്റോം വാണിംഗ്‌ - 59

പുറത്ത്‌ കാറ്റ്‌ ആഞ്ഞടിക്കുകയാണ്‌. ചിമ്മിനിക്കുള്ളിലൂടെ അകത്ത്‌ കടന്ന കാറ്റ്‌ നെരിപ്പോടില്‍ എരിയുന്ന വിറക്‌ കഷണങ്ങളെ പൂര്‍വാധികം ജ്വലിപ്പിച്ചു. ജാഗോ, തന്റെ കൈകള്‍ നെരിപ്പോടിന്‌ മുകളിലേക്ക്‌ നീട്ടി.

"ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നു മിസ്സിസ്‌ സിന്‍ക്ലെയര്‍ ... ഇങ്ങനെ ചൂടേല്‍ക്കാന്‍ ഇനിയൊരിക്കലും സാധിക്കുമെന്ന് കരുതിയതല്ല... അത്രയ്ക്കും ദുര്‍ഘടമായ ഒരു യാത്ര തന്നെയായിരുന്നു..."

"ഒരു കപ്പ്‌ കാപ്പി കൂടി എടുക്കട്ടെ...?"

"നോ, താങ്‌ക്‍സ്‌... ഇപ്പോള്‍ തന്നെ ആവശ്യത്തിലധികമായിരിക്കുന്നു..."

താഴ്‌ന്ന സ്വരത്തില്‍ പിയാനോ വായിച്ചുകൊണ്ടിരുന്ന ജാനറ്റിന്‌ നേര്‍ക്ക്‌ അദ്ദേഹം കണ്ണോടിച്ചു.

"അയാം സോറി ... അഡ്‌മിറലിന്‌ വരാന്‍ കഴിഞ്ഞില്ല..." മിസ്സിസ്‌ സിന്‍ക്ലെയര്‍ പറഞ്ഞു.

"അദ്ദേഹമത്‌ സൂചിപ്പിച്ചിരുന്നു.. ഇത്‌ പോലുള്ള രാത്രിയില്‍ സദാസമയവും ജാഗരൂകനായി റേഡിയോയുടെ മുന്നില്‍ ഇരിക്കാനാണ്‌ അദ്ദേഹം ഇഷ്ടപ്പെടുന്നത്‌..." ജാഗോ പറഞ്ഞു.

"അതേ... ചിലപ്പോള്‍ ലൈഫ്‌ ബോട്ടിന്‌ കോള്‍ വന്നേക്കാം ... അവര്‍ ആ കേബിളുകള്‍ കണക്‍റ്റ്‌ ചെയ്തിരുന്നെങ്കില്‍ ...! അത്‌ ശരിയാകാത്തത്‌ കൊണ്ട്‌ കുറച്ചൊന്നുമല്ല ഞങ്ങള്‍ ബുദ്ധിമുട്ടുന്നത്‌... താങ്കള്‍ക്കറിയുമോ, പുറം ലോകവുമായി ഞങ്ങളെ കൂട്ടിയിണക്കുന്ന ഒരേ ഒരു കണ്ണി ക്യാരി മാത്രമാണ്‌..."

ചുവരിലെ ഘടികാരത്തില്‍ പതിനൊന്ന് പ്രാവശ്യം മണി മുഴങ്ങി. ജാഗോ പുഞ്ചിരിച്ചു.

"ഇനി ഞാന്‍ ഇറങ്ങിയാലോ എന്ന് വിചാരിക്കുകയാണ്‌... നാളെ അതിരാവിലെ തന്നെ പുറപ്പെടേണ്ടതല്ലേ..." അദ്ദേഹം ജാനറ്റിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. " ജാനറ്റ്‌, നീ വരുന്നില്ലേ...? ഞാന്‍ റെഡി..."

"ഇന്ന് രാത്രി ഞാന്‍ ഇവിടെ കൂടുകയാണ്‌ ഡാര്‍ലിംഗ്‌..." പിയാനോ വായന നിര്‍ത്താതെ അവള്‍ പറഞ്ഞു.

"അത്‌ ശരി... എന്നാല്‍ പിന്നെ ഞാന്‍ ഇനി ഇവിടെ നിന്നിട്ട്‌ കാര്യമില്ല..."

ജാനറ്റിന്റെ മുഖത്ത്‌ ഒരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല. ജീന്‍ സിന്‍ക്ലെയര്‍ അദ്ദേഹത്തെ ഹാളിലേക്ക്‌ നയിച്ചു. അദ്ദേഹത്തിന്റെ റീഫര്‍ കോട്ട്‌ ഹാങ്കറില്‍ നിന്ന് എടുത്ത്‌ കൊണ്ട്‌ അവര്‍ ചോദിച്ചു. "ലെഫ്റ്റനന്റ്‌... നാളെ അതിരാവിലെ പുറപ്പെടുമെന്നല്ലേ താങ്കള്‍ പറഞ്ഞത്‌...?"

"അതേ മാഡം ..."

അവര്‍ തലയാട്ടി... "അത്‌ നടക്കുമെന്ന് തോന്നുന്നില്ല... നാളെയെന്നല്ല, അടുത്ത രണ്ട്‌ മൂന്ന് ദിവസത്തേക്ക്‌ അതിന്‌ കഴിയുമെന്ന് തോന്നുന്നില്ല... ഫാഡായില്‍ ഇത്‌ പോലെ കാറ്റ്‌ വീശാന്‍ തുടങ്ങിയാല്‍ പിന്നെ എന്തും തന്നെ സംഭവിക്കാം ..."

ജാഗോ മ്ലാനവദനനായി. എന്നാല്‍ അടുത്ത നിമിഷം തന്നെ അദ്ദേഹത്തിന്റെ മുഖം സന്തോഷത്താല്‍ പ്രകാശിച്ചു. "മാഡം , അടുത്ത ദിവസങ്ങളിലൊന്നും പോകാന്‍ പറ്റില്ല എന്ന് നിങ്ങള്‍ക്കുറപ്പാണോ...?"

"തൊണ്ണൂറ്റിയൊമ്പത്‌ ശതമാനവും..."

ആഞ്ഞടിക്കുന്ന കാറ്റിനെതിരേ വളരെ പ്രയാസപ്പെട്ട്‌ അവര്‍ വാതില്‍ തുറന്നു. പെട്ടെന്ന് ജാഗോ അവരുടെ വലത്‌ കവിളില്‍ ഒരു മുത്തം നല്‍കി.

"നിങ്ങള്‍ ഒരു മാലാഖയാണ്‌ ... മാലാഖ..." മഴയത്തേക്കിറങ്ങി നടക്കുമ്പോള്‍ അദ്ദേഹത്തിന്‌ സന്തോഷം മറച്ച്‌ വയ്ക്കാന്‍ കഴിഞ്ഞില്ല.

ജീന്‍ തിരികെ ഡ്രോയിംഗ്‌ റൂമില്‍ എത്തിയപ്പോള്‍ ജാനറ്റ്‌ തന്റെ തുകല്‍ കോട്ട്‌ എടുത്ത്‌ ധരിക്കുകയായിരുന്നു.

"അദ്ദേഹം പോയോ...?" അവള്‍ ജീനിനോട്‌ ചോദിച്ചു.

"പോയി... എന്തേ ചോദിക്കാന്‍ ...?"

"ഗുഡ്‌..." ജാനറ്റ്‌ ഹാളിലേക്ക്‌ നടന്നു. ജീന്‍ അവളെ പിന്തുടര്‍ന്നു. "നീയിപ്പോള്‍ എങ്ങോട്ട്‌ പോകുന്നു...?"

"എനിക്കറിയില്ല... പക്ഷേ, ഒരു കാര്യം മനസ്സിലായി... ഈ പുരുഷന്മാരെല്ലാം സ്വാര്‍ത്ഥരാണ്‌..."

"അതൊരു പുതിയ കണ്ടുപിടുത്തമാണാല്ലോ...?" ജീന്‍ കതക്‌ തുറന്നു.

"തീര്‍ച്ചയായും ..." കോരിച്ചൊരിയുന്ന മഴയത്തേക്ക്‌ ജാനറ്റ്‌ ഇറങ്ങി നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * *


"എന്റെ അഭിപ്രായത്തില്‍ ഇനി ഹാലിഫാക്സ്‌ കോണ്‍വോയിയെ തിരയാന്‍ പോകുന്നതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ല... പക്ഷേ, അവരാണെങ്കില്‍ വീണ്ടും വീണ്ടും താങ്കളെ അതിന്‌ നിര്‍ബന്ധിച്ച്‌ കൊണ്ടിരിക്കുന്നു..." ആല്‍ട്രോജ്‌ പറഞ്ഞു.

സമയം അര്‍ദ്ധരാത്രി ആകാറായിരിക്കുന്നു. ഇന്റലിജന്‍സ്‌ റൂമിലെ അരണ്ട വെളിച്ചത്തില്‍ തന്റെ മുന്നിലെ ചാര്‍ട്ട്‌ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌ നെക്കര്‍ .

"ഞാനും സമ്മതിക്കുന്നു... ഇതുകൊണ്ട്‌ വലിയ പ്രയോജന്മൊന്നുമില്ല... വെറുതേ ഇന്ധനം പാഴാക്കാമെന്ന് മാത്രം ..." നെക്കര്‍ നിരാശയോടെ പറഞ്ഞു.

"എങ്കിലും തീര്‍ത്ത്‌ പറയാറായിട്ടില്ല ഹോസ്റ്റ്‌..." ആല്‍ട്രോജ്‌ മറ്റൊരു ഫയലെടുത്ത്‌ തുറന്നു. "ഗ്രീന്‍ലണ്ടിലെ കേപ്പ്‌ ബിസ്‌മാര്‍ക്കിലുള്ള നമ്മുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഒരു മുന്നറിയിപ്പ്‌ കിട്ടിയിട്ടുണ്ട്‌... അറ്റ്‌ലാന്റിക്കില്‍ അസാധാരണമാം വിധം എന്തൊക്കെയോ രൂപം കൊള്ളുന്നുവെന്ന്..."

"എന്തൊക്കെയോ എന്ന് പറഞ്ഞാല്‍ ...?"

"അതിവേഗത്തില്‍ രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു ന്യൂനമര്‍ദ്ദം ... അതിഭീകരമായ ഒരു കൊടുങ്കാറ്റിനുള്ള സാദ്ധ്യതയുണ്ടത്രേ... പക്ഷേ, താങ്കള്‍ ഭയപ്പെടുകയൊന്നും വേണ്ട... മുപ്പത്തി അയ്യായിരം അടി മുകളില്‍ യാതൊന്നിനേയും ഭയക്കേണ്ട കാര്യമില്ല..."

"ഞങ്ങള്‍ക്ക്‌ താഴേക്ക്‌ വരേണ്ടി വന്നാല്‍ എന്ത്‌ ചെയ്യും ...?"

"അതിന്റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല... ഒന്നുമില്ലെങ്കിലും ഈ യാത്ര കൊണ്ട്‌ മറ്റൊരു ഗുണമുണ്ടാകും ... നല്ലൊരു വെതര്‍ സ്റ്റാറ്റിസ്റ്റിക്‍സ്‌ ലഭിക്കും ..."

"ഓള്‍ റൈറ്റ്‌... ഞങ്ങള്‍ എപ്പോഴാണ്‌ പുറപ്പെടേണ്ടത്‌...?" നെക്കര്‍ ചോദിച്ചു.

"അഞ്ച്‌ മണിക്ക്‌..." ആല്‍ട്രോജ്‌ തന്റെ വാച്ചിലേക്ക്‌ കണ്ണോടിച്ചു. "ഉറങ്ങാനുള്ള സമയമുണ്ട്‌... മൂന്നോ നാലോ മണിക്കൂര്‍ കിട്ടും ..."

"ശരി... നോക്കട്ടെ..." നെക്കര്‍ പുറത്തേക്ക്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

14 comments:

  1. ഗെറിക്കിനെ കൊണ്ടുപോകാനായി ജാഗോ, ഫാഡാ ദ്വീപില്‍ എത്തിയിരിക്കുന്നു... എന്നാല്‍ അദ്ദേഹത്തിന്‌ അതിന്‌ സാധിക്കുമോ...? അറ്റ്‌ലാന്റിക്കില്‍ രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം കഥാഗതിയെ മാറ്റിമറിക്കുമോ...?

    ഇതിനെല്ലാം ഉള്ള ഉത്തരത്തിനായി പ്രിയവായനക്കാരേ, മൂന്ന് ആഴ്ചകള്‍ കാത്തിരിക്കുക ... ഞങ്ങള്‍ വാര്‍ഷിക അവധിക്കായി വ്യാഴാഴ്ച നാട്ടിലേക്ക്‌ തിരിക്കുകയാണ്‌... എയര്‍ ഇന്ത്യയിലല്ല, എമിറേറ്റ്‌സിലാണ്‌... അതുകൊണ്ട്‌ പേസ്റ്റും സോപ്പും തോര്‍ത്തും ഒന്നും എടുക്കുന്നില്ല... തിരികെയെത്തുമ്പോള്‍ അടുത്ത ലക്കത്തോടൊപ്പം അല്‍പ്പം തൃശൂര്‍ വിശേഷങ്ങളും പ്രതീക്ഷിക്കാം ... നമ്മുടെ കൃഷ്ണേട്ടനെ തീര്‍ച്ചയായും കണ്ടിരിക്കും എന്നതില്‍ സംശയം വേണ്ട...

    അപ്പോള്‍ എല്ലാവരുടെയും വക 'ശുഭയാത്ര' പോന്നോട്ടെ... അതും കൂടി ഒപ്പം കൊണ്ടുപോയാലേ യാത്ര സുഖകരമാകൂ...

    ReplyDelete
  2. സമ്മതിക്കണം ഭായി താങ്കളെ!!
    നാട്ടില്‍ പോകാനുള്ള തിരക്കിനിടയിലും പോസ്റ്റിടാന്‍ മറന്നില്ലല്ലോ..?
    ശുഭയാത്ര..
    നല്ലൊന്നാന്തരം മഴയാ നാട്ടില്‍.
    പോയി മനസ്സും ശരീരോ കുളിര്‍ത്ത് തിമിര്‍ത്ത് മടങ്ങി വാ..കാത്തിരിക്കാം ..

    ReplyDelete
  3. ശുഭയാത്രാമംഗളങ്ങൾ നേരുന്നൂ..... സുഖമായി പോയി തിരിച്ചു വരൂ... പിന്നെ നാട്ടിൽ വെച്ച് കണ്ടുമുട്ടുന്ന ബൂലോഗരോടെല്ലാം ഈയ്യുള്ളവന്റെ അന്വേഷണം പറയണം ..കേട്ടൊ വിനുവേട്ടാ

    ReplyDelete
  4. ഹും... ഒന്നും പറയാറായിട്ടില്ല അല്ലേ? ശരി ഞങ്ങളും കാത്തിരിയ്ക്കാം...


    [നാട്ടിലേയ്ക്ക് പോകുകയാണല്ലേ? യാത്രാ മംഗളങ്ങള്‍ നേരുന്നു... അവധിക്കാലം പരമാവധി ആസ്വദിയ്ക്കാനാകട്ടെ!]

    ReplyDelete
  5. ഓണം പ്രമാണിച്ച് ഒരു അദ്ധ്യായം നഷ്ടമായി... ഇനി അവധി കഴിഞ്ഞ് വിനുവേട്ടന്‍ വരുന്നത് വരെ കാത്തിരിക്കണമല്ലോ... ശുഭ യാത്രയും നല്ലൊരു അവധിക്കാലവും ആശംസിക്കുന്നു...

    ******* ************ **********

    "എനിക്കറിയില്ല... പക്ഷേ, ഒരു കാര്യം മനസ്സിലായി... ഈ പുരുഷന്മാരെല്ലാം സ്വാര്‍ത്ഥരാണ്‌..."

    (ഹും... ചങ്ക് പറിച്ച് കാണിച്ചാലും ചെമ്പരത്തിപ്പൂവ് എന്ന് പറയുന്ന നാരികളെ, നിങ്ങള്ക്ക് നല്ല നമസ്കാരം..!)

    ReplyDelete
  6. മടങ്ങി വാ..കാത്തിരിക്കാം ..

    ReplyDelete
  7. അടുത്ത എപ്പിസോഡിനായി കാത്തിരിയ്ക്കാം ... നല്ലൊരു അവധിക്കാലവും ആശംസിക്കുന്നു..

    ReplyDelete
  8. അപ്പൊ നാട്ടിലേക്ക് സകുടുംബം സ്വാഗതം. ബാക്കി അദ്ധ്യായങ്ങള്‍ക്കായ് കാത്തിരിക്കാം.

    ഒരു ജാഗോവിനും ഗെറിക്കിനെഒരു ചുക്കും ചെയ്യാനാവില്ല (ഇതെന്റെ സങ്കല്‍പം)

    @ജിമ്മി ജോണ്‍ കമന്റ്‌ (നാരികളെ കുറിച്ച്) ചിരിപ്പിച്ചു.

    ReplyDelete
  9. ചാര്‍ളി ... അതല്ലേ വായനക്കാരുമായിട്ടുള്ള എന്റെ പ്രതിബദ്ധത... നാട്ടില്‍ ഇടിവെട്ടും മഴയും തകര്‍ക്കുകയാണെന്ന് വാര്‍ത്ത കണ്ടിരുന്നു...

    മുരളിഭായ്‌ ... നോക്കട്ടെ ആരെയെങ്കിലുമൊക്കെ കാണാന്‍ സാധിക്കുമോ എന്ന്...

    ശ്രീ ... അതേ, നമുക്ക്‌ കാത്തിരിക്കാം ..

    ജിമ്മി... അപ്പോള്‍ പറഞ്ഞത്‌ പോലെ... വരാറാകുമ്പോഴേക്കും നിങ്ങള്‍ പ്ലാന്‍ ചെയ്ത ദുബായ്‌ ട്രിപ്പിന്റെ വിവരണം പ്രതീക്ഷിക്കുന്നു...

    ജിഷാദ്‌... അപ്പോള്‍ വന്നിട്ട്‌ കാണാം ...

    എഴുത്തുകാരി ... വീണ്ടും കഥയ്ക്കൊപ്പം എത്തി അല്ലേ...

    ജോയ്‌ ... തിരക്കൊക്കെ തീര്‍ന്നു എന്ന് തോന്നുന്നു... ?

    സുകന്യ ... ജാഗോയ്ക്ക്‌ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്ന് നമുക്ക്‌ ആശ്വസിക്കാം...

    അപ്പോള്‍ എല്ലാവരോടും ... രണ്ട്‌ മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ ഇറങ്ങുകയായി എയര്‍പ്പോര്‍ട്ടിലേക്ക്‌ ... നാളെ രാവിലെ ഹരിതഭംഗിയാര്‍ന്ന കേരളക്കരയില്‍ ... ഇനി വന്നിട്ട്‌ കാണാം ... ശുഭയാത്ര നേര്‍ന്ന എല്ലാവര്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദവമായ നന്ദി...

    ReplyDelete
  10. ഇത്തിരി താമസിച്ചാണെങ്കിലും വിനുവേട്ടന്‍ വീട്ടിലെത്തിച്ചേര്‍ന്നതായി വിവരം ലഭിച്ചിരിക്കുന്നു... ജിദ്ദയില്‍ നിന്നും എമിറേറ്റ്സ് A380 വൈകിപ്പറന്നതിനാല്‍ ദുബായിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനം അതിന്റെ പാട്ടിനുപോയി... എന്നാലെന്താ, പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസം തരപ്പെട്ടുവത്രേ.. (യാത്ര എമിറേറ്റ്സില്‍ ആയതിന്റെ ഗുണം.. നമ്മുടെ സ്വന്തം എയര്‍ ഇന്ത്യ ആയിരുന്നെങ്കില്‍ വിവരമറിഞ്ഞേനെ..)

    നാട്ടില്‍ വിനുവേട്ടന്റെ മൊബൈല്‍ നമ്പര്‍- 9846577465

    ReplyDelete
  11. വായിച്ചു വരുന്നു

    ReplyDelete
  12. അതിഭീകരമായ കൊടുങ്കാറ്റ്‌ എന്ന് വേണ്ടായിരുന്നു.ഒരു ഉൾക്കിടിലം.ഈ കഥയിൽ ബന്ധപ്പെട്ട എല്ലാവരേയും ബാധിക്കുമല്ലോ!!!

    ReplyDelete
    Replies
    1. ഞെട്ടുവാൻ തയ്യാറയി ഇരുന്നോളൂ സുധീ...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...