പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, November 17, 2010

സ്റ്റോം വാണിംഗ്‌ - 69

അത്യന്തം പ്രക്ഷുബ്ധമായ സമുദ്രത്തില്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌ ആടിയുലഞ്ഞുകൊണ്ടിരുന്നു. ഒന്നിന്‌ പിറകെ മറ്റൊന്നായി ഉയരുന്ന ഓരോ തിരയുടെയും ഗര്‍ത്തഭാഗത്തേക്ക്‌ അത്‌ തലകുത്തിയിറങ്ങും. പിന്നെ വളരെ വിഷമിച്ച്‌ അടുത്ത തിരയുടെ മുകളിലേക്ക്‌ കയറും . സലൂണില്‍ ഇപ്പോള്‍ രണ്ടോ മൂന്നോ അടി വെള്ളം കെട്ടി നില്‍ക്കുന്നുണ്ട്‌. അതിന്റെ നിരപ്പ്‌ ക്രമേണ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്‌ കണ്ടുനില്‍ക്കാനേ അവര്‍ക്ക്‌ ആകുമായിരുന്നുള്ളൂ. ബെര്‍ഗറുടെ ക്യാബിനില്‍ പ്രേയ്‌ഗറും കന്യാസ്ത്രീകളും തല്‍ക്കാലം സുരക്ഷിതരാണെന്ന് പറയാം.

ക്വാര്‍ട്ടര്‍ ഡെക്കില്‍ വീലിനടുത്ത്‌ റിക്ടറും രണ്ട്‌ സഹായികളും നില്‍ക്കുന്നുണ്ട്‌. തിരമാലകള്‍ ഓരോന്നായി ഡെക്കിന്‌ മുകളിലൂടെ അടിച്ച്‌ കടന്നുപോകുമ്പോള്‍ ബെര്‍ഗര്‍ അഴികളില്‍ മുറുകെ പിടിച്ചുകൊണ്ട്‌ നിന്നു. അപ്പുറത്ത്‌ നാലുപേര്‍ അവിരാമമായി പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. തിരമാലകളോടൊപ്പം ഒലിച്ചുപോകാതിരിക്കാനായി അവരെ പാമരത്തോടെ ചേര്‍ത്ത്‌ കയര്‍ കൊണ്ട്‌ കെട്ടിയിരിക്കുകയാണ്‌. തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൊണ്ട്‌ വലിയ പ്രയോജനമൊന്നുമില്ലെന്ന് അവര്‍ക്കും അറിയാമായിരുന്നു.

ബെര്‍ഗര്‍ ആകാശത്തേക്ക്‌ നോക്കി. അപ്പോഴും മുകളില്‍ ചുറ്റി പറന്നുകൊണ്ടിരിക്കുന്ന ജങ്കേഴ്‌സ്‌-88Sനെ കണ്ട്‌ ആ കൊടുംതണുപ്പിലും അദ്ദേഹം അത്ഭുതം കൂറി. ഈ കൊടുങ്കാറ്റിനിടയിലും നെക്കര്‍ എങ്ങിനെ പിടിച്ചു നില്‍ക്കുന്നു...! സ്റ്റേം ക്യാബിന്‌ പുറത്തേക്ക്‌ വന്ന് കോണി വഴി ഡെക്കിലെത്തി.

ബെര്‍ഗറുടെ തൊട്ടടുത്ത്‌ വന്ന് അവന്‍ ചെവിയില്‍ ഉറക്കെ പറഞ്ഞത്‌ പോലും കാറ്റ്‌ തട്ടിപ്പറിച്ചുകൊണ്ടുപോയി. എന്താണെന്ന് മനസ്സിലാകാതെ നോക്കിക്കൊണ്ട്‌ നിന്ന ബെര്‍ഗറുടെ കൈയില്‍ പിടിച്ച്‌ അവന്‍ വലത്‌ വശത്തേക്ക്‌ ചൂണ്ടിക്കാണിച്ചു. ബെര്‍ഗര്‍ തിരിഞ്ഞുനോക്കി. ഏതാണ്ട്‌ ഇരുനൂറ്‌ വാര അകലെ ഒരു തിരയുടെ മുകളിലേക്ക്‌ കയറി ഒരു നിമിഷം അവിടെ നില്‍ക്കുന്ന ഡെഡ്‌ എന്‍ഡിനെ അദ്ദേഹം കണ്ടു. അടുത്ത നിമിഷം അത്‌ തല കുത്തി താഴോട്ടിറങ്ങി അവരുടെ ദൃഷ്ടിപഥത്തില്‍ നിന്നും അപ്രത്യക്ഷമായി.


* * * * * * * * * * * * * * * * * * * * * * * * * * * *


ഗണ്‍ബോട്ടിന്റെ സകല ജാലകങ്ങളും ചിന്നിച്ചിതറിയിരുന്നു. കതകുകള്‍ വിജാഗിരിയില്‍ നിന്ന് ഇളകിത്തുടങ്ങിയിരിക്കുന്നു. പീറ്റേഴ്‌സണും ചാനിയും വളരെ ബുദ്ധിമുട്ടി വീല്‍ നിയന്ത്രിക്കുന്നു. റീവ്‌ ഒരു മൂലയില്‍ അഴികളില്‍ മുറുകെപ്പിടിച്ച്‌ കൂനിക്കൂടി ഇരിക്കുന്നു. ജാഗോയും ജന്‍സണും ചാര്‍ട്ട്‌ ടേബിളിനരികിലിരുന്ന് ഡോയ്‌ഷ്‌ലാന്‍ഡിനെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌.

കൊടുംതണുപ്പില്‍ ജാഗോയുടെ പല്ലുകള്‍ പരസ്പരം കൂട്ടിയിടിച്ചു. ശരീരം ആസകലം മരവിച്ചിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ മസ്തിഷ്ക്കം ജാഗ്രതയോടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അസാദ്ധ്യമായ ഈ യജ്ഞം വിജയിക്കുകയാണെങ്കില്‍ അതൊരു മഹാത്ഭുതം തന്നെ ആയിരിക്കും. ഭയാനകമായ ഈ അവസ്ഥയില്‍ അത്‌ എങ്ങനെ സാധിച്ചെടുക്കും ?... ഇത്രയും പ്രക്ഷുബ്ധമായ സമുദ്രത്തെ ജീവിതത്തിലൊരിക്കലും താന്‍ അഭിമുഖീകരിച്ചിട്ടില്ല എന്നതാണ്‌ വാസ്തവം.

"ഇനി എന്ത്‌ ചെയ്യും...?" ജന്‍സണ്‍ അദ്ദേഹത്തോട്‌ വിളിച്ചു ചോദിച്ചു.

ഡോയ്‌ഷ്‌ലാന്‍ഡ്‌ വലതുഭാഗത്തേക്ക്‌ ചരിഞ്ഞപ്പോള്‍ അതിന്റെ ലീ-റെയില്‍ വെള്ളത്തിനടിയിലായി. പിന്നെ പതുക്കെ അത്‌ ഇടത്തോട്ട്‌ നിവരുവാന്‍ തുടങ്ങി.

"എനിക്കറിയില്ല ജന്‍സണ്‍... അവര്‍ പെട്ടെന്ന് തന്നെ ബോട്ടിലേക്ക്‌ കയറുമെങ്കില്‍ നമുക്ക്‌ ലീ-റെയിലിന്‌ അടിയിലേക്ക്‌ ചെല്ലാം..." ജാഗോ പറഞ്ഞു.

അവര്‍ക്ക്‌ തികച്ചും അജ്ഞാതമായ മേഖലയിലുള്ള ഒരു പ്രശ്നമായിരുന്നു അത്‌. ഇത്രയും കാലം കടലില്‍ ജീവിച്ചിട്ടും ഇതുപോലുള്ള ഒരവസ്ഥയെ അഭിമുഖികരിച്ചിട്ടില്ല. അദ്ദേഹം വീണ്ടും വീണ്ടും സംശയിച്ച്‌ നിന്നു. പക്ഷേ, ഓരോ നിമിഷവും നിര്‍ണായകമാണ്‌. ഡോയ്‌ഷ്‌ലാന്‍ഡിന്റെ ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് രണ്ടുപേര്‍ ആവേശത്തോടെ കൈകള്‍ ഉയര്‍ത്തി വീശുന്നുണ്ടായിരുന്നു. അങ്ങോട്ട്‌ ചെല്ലുവാന്‍ ആംഗ്യം കാണിച്ചുകൊണ്ടിരിക്കുന്ന ആള്‍ ബെര്‍ഗര്‍ ആയിരിക്കുമെന്ന് അദ്ദേഹം ഊഹിച്ചു.

"നമുക്ക്‌ അങ്ങോട്ട്‌ ചെല്ലാം... പെട്ടെന്ന് തന്നെ..." റീവ്‌ പരുഷമായി അലറി.

ജാഗോ, പീറ്റേഴ്‌സ്ന്റെ നേരെ തിരിഞ്ഞു. "ഓ.കെ... നേരെ ലീ-റെയിലിനടിയിലേക്ക്‌... വരുന്നിടത്ത്‌ വച്ച്‌ കാണാം..."

ബ്രിഡ്‌ജിലേക്ക്‌ നീങ്ങിയ ജാഗോയുടെ പിന്നാലെ റീവും നടന്നു. ജന്‍സണ്‍ ഡെക്കിലേക്കിറങ്ങി നാലഞ്ച്‌ പേരെ തയ്യാറാക്കി നിര്‍ത്തി.

ചാനിയുടെ നിയന്ത്രണത്തില്‍ ഡെഡ്‌ എന്‍ഡ്‌ അതിവേഗം മുന്നോട്ട്‌ കുതിച്ച്‌ തിരമാലയുടെ മുകളിലേക്ക്‌ കയറി. ബോട്ടിന്റെ മുന്‍ഭാഗം കപ്പലിന്റെ റെയിലില്‍ ചെന്ന് ശക്തിയായി ഇടിച്ചു നിന്നു. തിര കടന്നുപോയപ്പോള്‍ ഡോയ്‌ഷ്‌ലാന്‍ഡ്‌ ഇടതുവശത്തേക്ക്‌ ചരിഞ്ഞു. തല്‍ഫലമായി ഡെഡ്‌ എന്‍ഡ്‌ കപ്പലിന്റെ റെയിലില്‍ നിന്ന് ഏതാണ്ട്‌ പതിനഞ്ച്‌ അടിയോളം താഴേക്ക്‌ പതിച്ചത്‌ പെട്ടെന്നായിരുന്നു. അടുത്ത നിമിഷം ഭീമാകാരമായ ഒരു തിര കപ്പലിന്റെ ഇടതുഭാഗത്ത്‌ ഉയര്‍ന്നു. ഏതാണ്ട്‌ നാല്‍പ്പത്‌ അടിയോളം ഉയരത്തില്‍ പാമരത്തിനൊപ്പം ഉയര്‍ന്ന ആ തിരമാല അതിന്‌ മുന്നില്‍ പെട്ട സകല വസ്തുക്കളെയും അടിച്ചുതെറിപ്പിച്ച്‌ ഒഴുക്കിക്കൊണ്ടുപോയി.

ജാഗോ, മുട്ടുകുത്തി അഴികളില്‍ മുറുക്കെ പിടിച്ച്‌ കിടന്നു. ചുറ്റിലും ഹരിതവര്‍ണ്ണത്തിലുള്ള വെള്ളം മാത്രം. ബോട്ട്‌ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്‌ തോന്നി. തന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന അഡ്‌മിറല്‍ റീവിനെ പിടിക്കുവാനായി തുനിഞ്ഞപ്പോഴാണ്‌ അടുത്ത തിര വന്നടിച്ചത്‌. അടുത്ത നിമിഷം അവര്‍ രണ്ടുപേരും മുന്നോട്ട്‌ എടുത്തെറിയപ്പെട്ടു. ആ തിര കടന്നുപോയപ്പോള്‍ ജാഗോ കണ്ടത്‌, താന്‍ അഡ്‌മിറലിന്‌ സമീപം ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കില്‍ കമഴ്‌ന്ന് കിടക്കുന്നതാണ്‌ !!!

അടുത്ത തിര ഉയരുന്നതിന്‌ മുമ്പ്‌ ബെര്‍ഗര്‍ ഓടിയെത്തി ജാഗോയെ പിടിച്ചുയര്‍ത്തി. വളരെ വിഷമിച്ച്‌ പായ്‌ക്കയറില്‍ മുറുക്കെപിടിച്ച്‌ തിരിഞ്ഞുനോക്കിയ ജാഗോ ഭയന്നുവിറച്ചുപോയി. ഡോയ്‌ഷ്‌ലാന്‍ഡിന്റെ ലീ-റെയിലിനടിയിലായി ഡെഡ്‌ എന്‍ഡ്‌ കടലിലേക്ക്‌ താഴ്‌ന്നുകൊണ്ടിരിക്കുന്നു !!! ആദ്യത്തെ തിര വന്നടിച്ചപ്പോള്‍ ഒടിഞ്ഞുപോയ പാമരം ഡെഡ്‌ എന്‍ഡിന്റെ മുകളിലേക്ക്‌ പതിച്ച്‌ കെട്ടുപിണഞ്ഞ്‌ കിടക്കുന്നു.

ബോട്ടിലുണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഡോയ്‌ഷ്‌ലാന്‍ഡിന്റെ ഡെക്കിലേക്ക്‌ ചാടിക്കയറുന്നുണ്ടായിരുന്നു. മുഖം മുഴുവനും രക്തവുമായി പീറ്റേഴ്‌സണ്‍ ഉണ്ട്‌. പക്ഷെ, ചാനി ഇല്ല... ക്രാഫോര്‍ഡ്‌, ലോയ്‌ഡ്‌ എന്നിവര്‍ ഉണ്ട്‌... എന്നാല്‍ ജന്‍സന്റെ അടയാളം പോലും കാണാനുണ്ടായിരുന്നില്ല.

വീണ്ടും ഒരു തിര വന്ന് ശക്തിയായടിച്ചപ്പോള്‍ ജാഗോ കയറിലെ പിടി മുറുക്കി. പെട്ടെന്ന് ഡോയ്‌ഷ്‌ലന്‍ഡ്‌ തന്റെ കാല്‍ച്ചുവട്ടില്‍ താഴ്‌ന്നുകൊണ്ടിരിക്കുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. അരയ്ക്കൊപ്പം വെള്ളമായിരിക്കുന്നു. ഒടിഞ്ഞുവീണ പാമരത്തിന്റെയും അതില്‍ ഉടക്കി കിടക്കുന്ന ഗണ്‍ബോട്ടിന്റെയും ഭാരം മൂലം ഡോയ്‌ഷ്‌ലാന്‍ഡ്‌ താഴ്‌ന്നുകൊണ്ടിരിക്കുകയാണ്‌.

കൈയില്‍ ഒരു മഴുവുമായി റിക്ടര്‍ ക്വാര്‍ട്ടര്‍ഡെക്കില്‍ നിന്ന് പെട്ടെന്ന് ഇറങ്ങി വന്നു. പിന്നെ, ഒടിഞ്ഞ പാമരവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള കയറുകളില്‍ അദ്ദേഹം ആഞ്ഞുവെട്ടുവാന്‍ തുടങ്ങി. ഒരു മയക്കത്തിലെന്നപോലെ ജാഗോ അത്‌ ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു. പെട്ടെന്നാണ്‌ റീവ്‌ അദ്ദേഹത്തിന്റെ ചുമലില്‍ തട്ടി വിളിച്ച്‌ കടലിലേക്ക്‌ കൈ ചൂണ്ടിയത്‌.

ജന്‍സണ്‍ അവിടെയുണ്ടായിരുന്നു. പാമരം വീണ്‌ കുരുങ്ങിക്കിടക്കുന്ന ഗണ്‍ബോട്ടിന്റെ ഡെക്കില്‍ കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയാണദ്ദേഹം. അദ്ദേഹത്തിന്റെ ശിരസ്സിലെ ക്യാപ്പ്‌ നഷ്ടപ്പെട്ടിരുന്നു. ഒരു കൈ മുകളിലേക്കുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന അദ്ദേഹത്തെ കണ്ടതും ജാഗോ മുന്നോട്ട്‌ കുതിച്ച്‌ റിക്ടറെ പിടിച്ചു മാറ്റി.

പക്ഷെ, അടുത്ത നിമിഷം ജാഗോ, റിക്ടറുടെ ബലിഷ്ഠകരങ്ങളിലൊതുങ്ങി.

അത്‌ കണ്ട അഡ്‌മിറല്‍ റീവ്‌ വേദനയോടെ വിളിച്ചു പറഞ്ഞു. "തടയേണ്ട ജാഗോ... തടയേണ്ട... അതു ചെയ്തേ തീരൂ... അല്ലെങ്കില്‍ നമ്മളെല്ലാവരും കൂടി മുങ്ങും..."

ജാഗോ വീണ്ടും ജന്‍സന്റെ നേരെ നോക്കി. ഒരു സ്വപ്നത്തിലെന്നപോലെ ജന്‍സന്റെ സ്വരം തന്റെ കാതുകളില്‍ എത്തുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. "അത്‌ അനിവാര്യമാണ്‌ ലെഫ്റ്റനന്റ്‌... അത്‌ ചെയ്തേ തീരൂ..."

മനോവേദന സഹിക്കാന്‍ സാധിക്കാതെ അദ്ദേഹം പെട്ടെന്ന് റിക്ടറുടെ കൈയില്‍ നിന്ന് മഴു തട്ടിപ്പറിച്ചെടുത്തു. "ഡാംന്‍ യൂ... ഗോ റ്റു ഹെല്‍ ഓള്‍ ഓഫ്‌ യൂ..." ജാഗോ വേദനയോടെ അലറി.

അദ്ദേഹത്തിന്റെ മിഴികള്‍ നിറഞ്ഞിരുന്നു. നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം മഴു ഉയര്‍ത്തി. പിന്നെ താഴേക്ക്‌ പതിച്ചു. അടുത്ത നിമിഷം, മാനസിക വിഭ്രാന്തിക്കടിമപ്പെട്ടവനെപ്പോലെ അദ്ദേഹം ആ കയറുകളില്‍ ആഞ്ഞാഞ്ഞു വെട്ടി.

ഡോയ്‌ഷ്‌ലാന്‍ഡും ഗണ്‍ബോട്ടുമായുള്ള ബന്ധം വേര്‍പെട്ടതോടെ കപ്പല്‍ പെട്ടെന്ന് മുകളിലേക്കുയര്‍ന്നു. അതിന്റെ ആഘാതത്തില്‍ ജാഗോ പിന്നിലേക്ക്‌ മലര്‍ന്നടിച്ച്‌ വീണുപോയി. പെട്ടെന്ന് ചാടിയെഴുന്നേറ്റ അദ്ദേഹം കണ്ടത്‌, ഒടിഞ്ഞുവീണ പാമരവും, ഡെഡ്‌ എന്റും, അതില്‍ അവശേഷിച്ചിരുന്ന വസ്തുക്കളുമെല്ലാം കൂടി വെള്ളത്തില്‍ താഴ്‌ന്നുകൊണ്ടിരിക്കുന്നതാണ്‌. അവസാനമായി അദ്ദേഹം ജന്‍സനെ ഒരു നോക്കുകണ്ടു. കൈ ഉയര്‍ത്തി സാവധാനം വീശിക്കൊണ്ടിരിക്കുന്ന ജന്‍സനെ. അവരെയെല്ലാം അനുഗ്രഹിക്കുന്ന മട്ടില്‍ അപ്പോഴും അക്ഷോഭ്യനായി നിന്നുകൊണ്ട്‌ വിടപറയുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ ആത്മസംതൃപ്തി തെളിഞ്ഞുകാണാമായിരുന്നു. പെട്ടെന്നാണ്‌ അടുത്ത തിരമാല ഉയര്‍ന്നത്‌. ആ തിര കടന്നുപോയതും ജന്‍സണ്‍ നിന്നിരുന്ന ഇടം ശൂന്യമായിരുന്നു.

പൊട്ടിക്കരഞ്ഞുകൊണ്ട്‌ ജാഗോ മഴു കടലിലേക്ക്‌ വലിച്ചെറിഞ്ഞു. പിന്നെ തിരിഞ്ഞു നടന്നു.

* * * * * * * * * * * * * * * * * * * * * * * * *

(തുടരും)

16 comments:

  1. വളരെ വേദനയോടെ എഴുതിയ മറ്റൊരു ലക്കം... ജന്‍സന്റെ ദുരന്തം ഒരു നീറ്റലായി അവശേഷിക്കുന്നു...

    ReplyDelete
  2. മുഴുവന്‍ വായിച്ചിട്ടില്ലാ..എന്നാലും വായിച്ചു തുടങ്ങി..വളരെ താഴെ നിന്നും..

    ReplyDelete
  3. അറിയാതെ കണ്ണു നിറഞ്ഞല്ലോ വിനുവേട്ടാ... ജന്‍സണ് അഭിവാദ്യങ്ങളോടെ ഒരു സല്യൂട്ട്...

    ഇനിയെന്താകുമോ...

    ReplyDelete
  4. ജൻസണിന്റെ തിരോധാനം...
    നീറ്റലായി തന്നെ രേഖപ്പെടുത്തിയല്ലോ...

    ReplyDelete
  5. ശ്ശോ...ജന്‍സണ്‍ന്റെ ദുരന്തം ഒരിക്കലും പ്രതീക്ഷിക്കാത്തതായി..ഇനിയെത്രെ പേര്‍!!
    അങ്ങനെ ഡെഡ് എന്‍ഡും പോയി...ഇനിയെങ്ങനെ..

    (ഒരാഴ്ച ഇനി തള്ളിനീക്കണോല്ലോ ദൈവമേ..)

    ReplyDelete
  6. വേദന അവശേഷിപ്പിച്ച് ജന്സന്റെ ദുരന്തം...

    ReplyDelete
  7. ജന്‍സണ്‍ ആത്മസംതൃപ്തിയോടെ വിട പറഞ്ഞത് വേദനാ ജനകം തന്നെ എങ്കിലും ജന്‍സണെപോലെ ത്യാഗം ചെയ്യുന്നവര്‍ എത്രപേര്‍?

    ReplyDelete
  8. രാധാജി... വളരെ നന്ദി... പെട്ടെന്ന് വായിച്ച്‌ ഒപ്പമെത്തുവാന്‍ നോക്കുക...

    ശ്രീ... അതേ... നമുക്ക്‌ സല്യൂട്ട്‌ ചെയ്യാം...

    മുരളിഭായ്‌... മനസ്സില്‍ തട്ടി അല്ലേ...?

    ചാര്‍ളി... പ്രതീക്ഷിക്കാത്ത പലതുമല്ലേ നടക്കുന്നത്‌... കാത്തിരിക്കുക അടുത്ത ബുധനാഴ്ച വരെ...

    റാംജിഭായ്‌... സന്തോഷംട്ടോ... കഥയുടെ ഗ്രൂവില്‍ വീണു അല്ലേ...?

    സുകന്യാജി... ഇന്ന് ത്യാഗം ഔട്ട്‌ ഡേറ്റഡ്‌ അല്ലേ... സ്വാര്‍ത്ഥതയാണല്ലോ നാട്ടുനടപ്പ്‌... എന്തുചെയ്യാം...

    ReplyDelete
  9. "അവസാനമായി അദ്ദേഹം ജന്‍സനെ ഒരു നോക്കുകണ്ടു. കൈ ഉയര്‍ത്തി സാവധാനം വീശിക്കൊണ്ടിരിക്കുന്ന ജന്‍സനെ. അവരെയെല്ലാം അനുഗ്രഹിക്കുന്ന മട്ടില്‍ അപ്പോഴും അക്ഷോഭ്യനായി നിന്നുകൊണ്ട്‌ വിടപറയുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ ആത്മസംതൃപ്തി തെളിഞ്ഞുകാണാമായിരുന്നു."

    നേരിട്ട് കണ്ടതുപോലെ, ആ രൂപം മനസ്സില്‍ നിന്നും മായുന്നില്ല... 69-ആം ലക്കത്തില്‍ എന്തോ സവിശേഷതയുണ്ട് എന്ന് പറഞ്ഞപ്പോള്‍ ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ല വിനുവേട്ടാ.. ഇനി ബാക്കിയുള്ളവരുടെ അവസ്ഥ എന്താകുമോ എന്തോ.. പാമരമില്ലാതെ 'ഡോയ്ഷ് ലാന്റ്' ഇനി എങ്ങനെ മുന്നോട്ട് പോകും??

    (അവധിയുടെ ആലസ്യത്തില്‍ ഇത്തവണ വായന അല്പം വൈകി... ശ്രീയുടെ ലിസ്റ്റില്‍ ജന്സന്റെ വേഷം ചെയ്യാന്‍ ആരെയും പറഞ്ഞുകണ്ടില്ലല്ലോ... വിട്ടുപോയതാണോ?)

    ReplyDelete
  10. ജിമ്മീ...

    ജന്‍സനെ വിട്ടു പോയതല്ല. നോര്‍, ക്ളൂത്ത്, എന്‍ജല്‍, ഹെയ്‌ഡ്‌ഗര്‍... അങ്ങനെയങ്ങനെ കഥയുടെ തുടക്കത്തില്‍ പറയുന്ന റോറി എന്ന നായയ്ക്കു പോലും നമ്മുടെ ചിത്രത്തില്‍ പ്രാധാന്യമുണ്ടല്ലോ.

    എങ്കിലും കൂടുതല്‍ പ്രാമുഖ്യമുള്ള കുറച്ചു പേരെ ഷോര്‍ട് ലിസ്റ്റ് ചെയ്തെന്നേയുള്ളൂ...

    ജന്‍സനായി ബിജു മേനോനെ ആയാലോ?

    ReplyDelete
  11. വിനുവേട്ടാ കഴിഞ്ഞ അദ്യായവും ഇതും ഒന്നിച്ചാ വായിച്ചത്

    ReplyDelete
  12. ജിമ്മി... മൂന്ന് പാമരത്തില്‍ ഒരെണ്ണമാണ്‌ ഒടിഞ്ഞുവീണത്‌...

    ശ്രീ... ഓരോ കഥാപാത്രത്തെയും ശരിക്ക്‌ പഠിക്കുകയും ഓര്‍മ്മിക്കുകയും ചെയ്യുന്നുണ്ടല്ലേ? ബിജുമേനോന്‍ കൊള്ളാം...

    രാധിക... എന്തായാലും വായിച്ചല്ലോ... സന്തോഷമായി...

    ReplyDelete
  13. ജന്‍സന്റെ മരണം പ്രതീക്ഷിച്ചതല്ല. രക്ഷിക്കാന്‍ പോയവരും കപ്പലില്‍ കുടുങ്ങിയല്ലോ. ഇനി എന്തുചെയ്യും?

    ReplyDelete
  14. വേദനാജനകം തന്നെ.

    ബാക്കി നോക്കാം.

    ReplyDelete
  15. വായിക്കുന്നു ... ഈ ഭാഗം ശരിക്കും വേദനിപ്പിക്കുനതയല്ലോ

    ReplyDelete
  16. കഷ്ടം തന്നെ.പേറെടുക്കാൻ വന്നവൾ ഇരട്ടപെറ്റ പോലെ.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...