പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, May 28, 2010

സ്റ്റോം വാണിംഗ്‌ - 47

റാന്തല്‍ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ കമഴ്‌ന്ന് കിടന്ന് കപ്പലിന്റെ അടിത്തട്ട്‌ പരിശോധിക്കുകയാണ്‌ റിക്ടര്‍. രണ്ട്‌ മണിക്കൂര്‍ തുടര്‍ച്ചയായി പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചിട്ടും ഒരടി വെള്ളം ഇനിയും ബാക്കി. സാമാന്യം വലിയ ഒരു തിരമാലയുടെ മുകളിലൂടെ കപ്പല്‍ കയറിയിറങ്ങിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ആ ചെളിവെള്ളം മുഴുവനും അദ്ദേഹത്തിന്റെ ശിരസ്സിനെ അഭിഷേകം ചെയ്തു.

പരിശോധന മതിയാക്കി അദ്ദേഹം ഗോവണി വഴി മുകളിലെത്തി. എന്നിട്ട്‌ റാന്തല്‍ സ്റ്റേമിന്റെ കൈയില്‍ കൊടുത്തു.

"ഓ, നിങ്ങളെ വല്ലാതെ നാറുന്നുണ്ടല്ലോ..." സ്റ്റേം പറഞ്ഞു.

"ചീഞ്ഞ്‌ നാറുന്ന ഓടയ്ക്കുള്ളിലൂടെ നീന്തുന്നത്‌ പോലെയുണ്ടായിരുന്നു..." റികടര്‍ വെറുപ്പോടെ പറഞ്ഞു.

"അടിത്തട്ടില്‍ നോക്കിയിട്ട്‌ എങ്ങനെയുണ്ട്‌ ...?"

"അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്‌..."

"അത്‌ ശരി... എന്നാലിനി ഇക്കാര്യം ക്യാപ്റ്റനെ അറിയിക്കാം..." സ്റ്റേം നിരാശയോടെ പറഞ്ഞു.

അവര്‍ ഡെക്കിലെത്തിയപ്പോള്‍ ഭീമാകാരമായ ഒരു തിര ഉയരുന്നത്‌ കണ്ടു. ഓയില്‍സ്കിന്‍ കോട്ടും വാട്ടര്‍ പ്രൂഫ്‌ ക്യാപ്പും ധരിച്ച ബെര്‍ഗര്‍ ക്വാര്‍ട്ടര്‍ ഡെക്കില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

"ആങ്ങ്‌ഹ്‌... നന്നായി... സമയത്ത്‌ തന്നെയാണ്‌ നിങ്ങള്‍ എത്തിയത്‌ സ്റ്റേം... മുകളിലത്തെ പായകള്‍ ചുരുട്ടിക്കോളൂ... കഴിയുന്നത്ര പെട്ടെന്ന്..." ബെര്‍ഗര്‍ വിളിച്ചുപറഞ്ഞു.

"ശരി സര്‍..."

"പ്രധാന പായയും ഇറക്കിക്കോളൂ..."

ബെര്‍ഗര്‍ തന്റെ ക്യാബിനിലേക്ക്‌ മടങ്ങി. റിക്ടര്‍ ഒറ്റക്കുതിപ്പിന്‌ കയറുകളില്‍ പിടിച്ച്‌ മുകളിലേക്ക്‌ കയറുവാന്‍ തുടങ്ങി. ദുര്‍ബ്ബലഹൃദയര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ജോലിയായിരുന്നില്ല അത്‌. എന്നാല്‍ താഴെ നില്‍ക്കുന്നവരുടെ സ്ഥിതി അതിലും ഭയാനകമായിരുന്നു. ഓരോ തിരമാലകളും തങ്ങളുടെ മുകളിലൂടെ ആഞ്ഞടിച്ച്‌ ഒഴുകിപ്പോകുമ്പോള്‍ ജീവന്‌ വേണ്ടി കിട്ടിയ കയറുകളിലും തൂണുകളിലും അള്ളിപ്പിടിച്ച്‌ കിടക്കുകയായിരുന്നു അവര്‍.

താഴേക്കിറങ്ങാന്‍ തുനിയുമ്പോഴാണ്‌ അടുക്കളയില്‍ നിന്ന് പുറത്തേക്ക്‌ വരുന്ന ലോട്ടെയെ റിക്ടര്‍ കണ്ടത്‌. ഒരു ഓയില്‍സ്കിന്‍ കോട്ടൂം ക്യാപ്പും ധരിച്ചിരുന്ന അവളുടെ ഇരുകൈകളിലും ഓരോ ബക്കറ്റുകള്‍ ഉണ്ടായിരുന്നു. പെട്ടെന്നാണ്‌ കപ്പലിനടുത്തായി ഒരു കൂറ്റന്‍ തിര ഉയരുന്നത്‌ അദ്ദേഹം കണ്ടത്‌.

അവള്‍ക്കൊരു മുന്നറിയിപ്പായി അദ്ദേഹം പെട്ടെന്ന് ഉറക്കെ അലറി വിളിച്ചു. എന്നിട്ട്‌ തൊട്ടടുത്ത കയറിന്മേല്‍ ചാടിപ്പിടിച്ച്‌ അതിവേഗം താഴെയെത്തി. ആ തിര കപ്പലിന്റെ പിന്‍ഭാഗത്ത്‌ വന്നടിച്ചതും വലിയ ഒരു ശബ്ദം കേട്ടു. നുരയും പതയുമായി കുത്തിയൊലിച്ച്‌ പോകുന്ന വെള്ളത്തിനൊപ്പം ഡെക്കിലൂടെ ഉരുണ്ടുപോകുന്ന ലോട്ടെ അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു. അദ്ദേഹം മുന്നോട്ട്‌ കുതിച്ചു.

അടുത്ത തിരമാലയുടെ മുകളിലേക്ക്‌ കുതിച്ചപ്പോള്‍ ഡോയ്‌ഷ്‌ലാന്റിന്റെ മുന്‍ഭാഗം ആകാശത്തേക്ക്‌ ഉയര്‍ന്നതുപോലെ തോന്നി. വീണുകിടന്നിരുന്ന ലോട്ടെയെ റിക്ടര്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. അവള്‍ അപ്പോഴും ആ ബക്കറ്റുകള്‍ മുറുകെ പിടിച്ചിരുന്നു. പക്ഷേ, ഒരു വ്യത്യാസം മാത്രം. അവ രണ്ടും കാലിയായിരുന്നു. രക്ഷപെട്ടതിന്റെ സന്തോഷത്തില്‍ ചിരിക്കുകയായിരുന്നു അവള്‍.

"ലിറ്റില്‍ ഫൂള്‍..." അദ്ദേഹം അലറി. "എത്ര വട്ടം ഞാന്‍ പറഞ്ഞിട്ടുണ്ട്‌ നിന്നോട്‌...?"

"ഒരിക്കലും നനയരുതെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ...?" അവള്‍ക്ക്‌ അപ്പോഴും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിരുന്നില്ല.

അദ്ദേഹം അവളുടെ കൈകളില്‍ പിടിച്ച്‌ അടുക്കളയിലേക്ക്‌ നടക്കുവാന്‍ സഹായിച്ചു. കതക്‌ തുറന്നപ്പോള്‍ മുറികളില്‍ മുട്ടിനൊപ്പം വെള്ളം നിറഞ്ഞ്‌ കിടക്കുന്നതാണ്‌ കണ്ടത്‌. പാത്രങ്ങളും കലങ്ങളും വെള്ളത്തില്‍ ഒഴുകി നടക്കുന്നു. സിസ്റ്റര്‍ ആഞ്ചല അവയ്ക്ക്‌ പിറകെ ബദ്ധപ്പെട്ട്‌ നീങ്ങുന്നു.

ക്ഷമയുടെ അക്ഷയപാത്രമായ അവരുടെ മുഖം ഇരുളുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. സംഗതി കൈകാര്യം ചെയ്യാന്‍ ലോട്ടെയെ അവിടെയാക്കി റിക്ടര്‍ വേഗം തിരിച്ച്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *


തല തുവര്‍ത്തിയ ശേഷം ബെര്‍ഗര്‍ തന്റെ മേശയ്ക്കരികില്‍ വന്ന് ഇരുന്നു. പിന്നെ ഒരു ചുരുട്ടെടുത്ത്‌ തീ കൊളുത്തി. അവശേഷിച്ചിരിക്കുന്ന ഏക പാക്കറ്റാണത്‌. ഒരു ഡസന്‍ മാത്രമേ ഇനി അതില്‍ ബാക്കിയുള്ളൂ. ഒരു പ്രത്യേക ആനന്ദത്തോടെ അദ്ദേഹം സിഗരറ്റ്‌ ആഞ്ഞ്‌ വലിച്ചു. എന്നിട്ട്‌ തന്റെ പേഴ്‌സണല്‍ ഡയറി തുറന്ന് എഴുതുവാന്‍ തുടങ്ങി.

......... അയര്‍ലണ്ടിലെ ഗാല്‍വേ ഉള്‍ക്കടലില്‍ നിന്ന് ഏകദേശം നൂറ്‌ മൈല്‍ പടിഞ്ഞാറായിട്ടാണ്‌ ഇപ്പോള്‍ ഞങ്ങളുടെ സ്ഥാനം എന്ന് ഊഹിക്കുന്നു. കാലാവസ്ഥ എത്ര തന്നെ മോശമായാലും സകല പായകളും നിവര്‍ത്തിയിരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നതിനാല്‍ സാമാന്യം വേഗതയില്‍ തന്നെയാണ്‌ ഞങ്ങളുടെ യാത്ര. വളരെയധികം വെള്ളം അടിത്തട്ടില്‍ കെട്ടിക്കിടക്കുന്നുവെന്നതാണ്‌ എന്നെ അലട്ടുന്ന പ്രശ്നം. യാത്രക്കാര്‍ക്കും നാവികര്‍ക്കും അത്‌ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. തിരമാലകളുടെ ശക്തിയായ ആക്രമണത്തില്‍ ജാലകത്തിന്റെ ചില്ലുകള്‍ തകര്‍ന്ന് വെള്ളം അടിച്ചുകയറി. സകല സാധനങ്ങളും നനഞ്ഞ്‌ കുതിര്‍ന്നു പോയി. കാലാവസ്ഥ മോശമാകുന്ന സമയങ്ങളില്‍ നമ്മുടെ കന്യാസ്ത്രീകള്‍ സ്ഥിരമായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കും. തങ്ങളെ സ്വര്‍ഗത്തിലേക്ക്‌ നയിക്കേണമേ അല്ലെങ്കില്‍ ഈ സ്ഥിതിയില്‍ നിന്ന് രക്ഷിക്കേണമേ എന്നോ മറ്റോ ആയിരിക്കും. എന്തോ... എനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല ഇതുവരെ....

കതകില്‍ മുട്ടി ശബ്ദമുണ്ടാക്കിയിട്ട്‌ റിക്ടര്‍ അകത്തേക്ക്‌ കടന്നു. ബെര്‍ഗര്‍ പേന താഴെ വച്ചു. "പരിശോധിച്ചിട്ട്‌ എങ്ങനെയുണ്ട്‌ ഹെല്‍മട്ട്‌...?"

"ആകെ ദുര്‍ഗന്ധമാണ്‌ ക്യാപ്റ്റന്‍... ഞാന്‍ ഉള്ളിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ രണ്ട്‌ മണിക്കൂറോളം തുടര്‍ച്ചയായി പമ്പ്‌ പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നിട്ടും ഒരടി വെള്ളം കെട്ടിനില്‍ക്കുന്നുണ്ടായിരുന്നു അടിത്തട്ടില്‍. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയും നാം കപ്പലില്‍ വഹിക്കുന്ന വെള്ളത്തിന്റെ അളവും താരതമ്യം ചെയ്ത്‌ നോക്കുമ്പോള്‍ അത്ര കുഴപ്പമില്ല എന്ന് പറയാം..."

"നല്ലത്‌... വളരെ നല്ലത്‌..." ബെര്‍ഗര്‍ പറഞ്ഞു. "ഇനിയങ്ങോട്ട്‌ കാലാവസ്ഥ മോശമായിരിക്കാനാണ്‌ സാദ്ധ്യത എന്ന് തോന്നുന്നു. എങ്കിലും വെള്ളം വാട്ടര്‍ ലൈനിന്‌ താഴെത്തന്നെ ആണെന്നുള്ളത്‌ ആശ്വാസം നല്‍കുന്നു..."

റിക്ടര്‍ പുറത്തു കടന്നയുടന്‍ പേനയെടുത്ത്‌ അദ്ദേഹം വീണ്ടും ഡയറി എഴുതുവാന്‍ തുടങ്ങി.


* * * * * * * * * * * * * * * * * * * * * * * * * * *


ഫാഡാ ദ്വീപിന്‌ നേര്‍ക്ക്‌ കുതിച്ചുകൊണ്ടിരിക്കുകയണ്‌ കാട്രീന. രാവിലെ എട്ടര കഴിഞ്ഞിരിക്കുന്നു. ചാര്‍ട്ട്‌ ടേബിളിനരികില്‍ ഇട്ടിരിക്കുന്ന റിവോള്‍വിംഗ്‌ ചെയറില്‍ കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയില്‍ ഇരിക്കുകയാണ്‌ പോള്‍ ഗെറിക്ക്‌. മഴയുടെ അര്‍ദ്ധസുതാര്യമായ ആവരണത്തിലൂടെ അങ്ങ്‌ ദൂരെ ഹരിതാഭയര്‍ന്ന ദ്വീപ്‌ കാണാറായി.കോര്‍മറണ്ട്‌, റേസര്‍ബില്‍സ്‌, ഗള്‍ തുടങ്ങിയ കടല്‍പക്ഷികള്‍ മേഘശകലങ്ങള്‍ക്കരികിലൂടെ പറക്കുന്നു.

"അപ്പോള്‍ അതാണ്‌ ഫാഡാ അല്ലേ...?" ഗെറിക്ക്‌ ചോദിച്ചു.

സ്റ്റിയറിങ്ങിനരികില്‍ നിന്നിരുന്ന മര്‍ഡോക്ക്‌ തലകുലുക്കി. "ഗെയ്‌ലിക്ക്‌ ഭാഷയിലെ ഫ്യുദെയ്‌ദ്‌ എന്ന പദത്തില്‍ നിന്നാണ്‌ ഫാഡാ എന്ന പേര്‍ ഉണ്ടായതെന്നാണ്‌ പറയപ്പെടുന്നത്‌. മറ്റ്‌ ദ്വീപുകളില്‍ നിന്ന് ഒറ്റപ്പെട്ട്‌ കിടക്കുന്ന ദ്വീപ്‌ എന്നാണ്‌ ആ പദത്തിന്റെ അര്‍ത്ഥം..."

"ഇന്ററസ്റ്റിംഗ്‌..." ഗെറിക്ക്‌ നെടുവീര്‍പ്പിട്ടു. "ഞാന്‍ ദ്വീപുകളെ ഇഷ്ടപ്പെടുന്നു. ഒരു പ്രത്യേക ആകര്‍ഷകത്വം ഉണ്ട്‌ അവയ്ക്ക്‌. 1941 ഏപ്രില്‍ മാസത്തിലാണ്‌... യൂജീന്‍ കടലില്‍ പട്രോള്‍ ഡ്യൂട്ടിയിലിരിക്കെയാണ്‌ എനിക്ക്‌ കടുത്ത പനി ബാധിച്ചത്‌. കോര്‍ഫു എന്നൊരു ദ്വീപില്‍ കിടന്നാണ്‌ അന്ന് ഞാന്‍ സുഖം പ്രാപിച്ചത്‌. എന്ത്‌ മനോഹരമായ സ്ഥലമായിരുന്നു അത്‌! ഏപ്രില്‍ മാസമായിരുന്നുവെന്ന് പറഞ്ഞല്ലോ... ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭംഗിയുള്ള പുഷ്പങ്ങള്‍ അവിടെയായിരുന്നു. അവിടുത്തെ തുമ്പികളും ശലഭങ്ങളും...."

"അത്‌ എന്തൊക്കെയായിരുന്നാലും ഫാഡാ അങ്ങനെയൊന്നുമല്ല ഡാര്‍ലിംഗ്‌..." ഒരു കപ്പ്‌ ചായ കൊണ്ടുവന്ന് മേശമേല്‍ വച്ചിട്ട്‌ ജാനറ്റ്‌ പറഞ്ഞു.

പിന്നെ അവള്‍ മര്‍ഡോക്കിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. "ഇനി വേണമെങ്കില്‍ താഴേക്ക്‌ പൊയ്ക്കോളൂ മര്‍ഡോക്ക്‌... ബോട്ട്‌ ഓട്ടോമാറ്റിക്‌ സിസ്റ്റത്തിലാക്കാന്‍ മറക്കേണ്ട. ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാന്‍ ഇനി ഞാന്‍ മതി. അതോടൊപ്പം ജര്‍മ്മന്‍ നേവിയുടെ അഭിമാനഭാജനമായ ഇദ്ദേഹത്തിന്‌ കുറച്ച്‌ ഭക്ഷണവും നല്‍കട്ടെ ഞാന്‍..."

മര്‍ഡോക്ക്‌ സംശയഭാവത്തില്‍ അവളെ ഒന്ന് നോക്കി. പിന്നെ സ്റ്റിയറിംഗ്‌ ലോക്ക്‌ ചെയ്തു. "പത്ത്‌ മിനിറ്റ്‌ കഴിഞ്ഞ്‌ ഞാന്‍ വരാം..." അദ്ദേഹം താഴേക്ക്‌ പോയി.

"എന്നോട്‌ സംസാരിച്ചുകൊണ്ടിരിക്കുവാന്‍ നീ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്‌ മനസ്സിലായിരിക്കുന്നു... ഹൗ റൊമാന്റിക്ക്‌ ഇറ്റ്‌ ഈസ്‌..." ഗെറിക്ക്‌ ആഹ്ലാദത്തോടെ പറഞ്ഞു.

"ങ്‌ഹും... അതങ്ങ്‌ സ്വയം വിചാരിച്ചാല്‍ മതി... ചൂടുള്ള എന്തെങ്കിലും കഴിച്ച്‌ ഒരു പത്ത്‌ മിനിറ്റ്‌ വിശ്രമിക്കാന്‍ അദ്ദേഹത്തിന്‌ അവസരം കൊടുത്തതാണ്‌ ഞാന്‍... അദ്ദേഹത്തിന്‌ നന്നേ വയസ്സായി എന്ന കാര്യം മറന്നോ നിങ്ങള്‍...?"

"ഓ, നിന്നിലുള്ള ഡോക്ടര്‍ പുറത്ത്‌ വരുന്നു... എപ്പോഴും ഇങ്ങനെയാണോ നീ...?"

"ഫാഡായില്‍ ചെന്നാല്‍ ഇങ്ങനെയാവില്ല ഞാന്‍... അവിടെയുള്ളവര്‍ക്കെല്ലാം നല്ല ആരോഗ്യമാണ്‌..."

ഓട്ടാമാറ്റിക്ക്‌ പൈലറ്റ്‌ അണ്‍ലോക്ക്‌ ചെയ്ത്‌ ബോട്ടിന്റെ നിയന്ത്രണം അവള്‍ സ്വയം ഏറ്റെടുത്തു.

"നീ ആ സ്ഥലം വല്ലാതെ ഇഷ്ടപ്പെടുന്നുവല്ലേ...?" അദ്ദേഹം ചോദിച്ചു.

"എന്തോ.. എനിക്ക്‌ തന്നെ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ആകര്‍ഷകത്വം ഉണ്ട്‌ ഫാഡാ ദ്വീപിന്‌. പുറം ലോകവുമായി ചിലപ്പോള്‍ യാതൊരു ബന്ധവും ഉണ്ടാകില്ല ദിവസങ്ങളോളം... ഏപ്രിലിന്റെ ആരംഭത്തില്‍ മിക്കവാറും 4 - 7 എന്ന നിലയില്‍ കാറ്റുണ്ടാവാറുണ്ട്‌. സെപ്റ്റംബര്‍ മുതല്‍ എന്തും തന്നെ സംഭവിക്കാം... അവര്‍ ഒരു കഥ പറയാറുണ്ട്‌... സ്റ്റെര്‍ലിംഗ്‌ ജയിലില്‍ ആറാഴ്ചത്തെ ശിക്ഷയ്ക്ക്‌ ഒരു കുറ്റവാളിയെ കൊണ്ടുപോകാനായി വന്‍കരയില്‍ നിന്ന് എത്തിയ ഒരു കോണ്‍സ്റ്റബിളിന്റെ കഥ..."

"ങ്‌ഹും...? എന്ത്‌ പറ്റി...?"

"കാലാവസ്ഥ മോശമായതിനാല്‍ ദ്വീപില്‍ നിന്ന് ബോട്ടിറക്കാന്‍ കഴിഞ്ഞില്ല. അവസാനം പോകാന്‍ സാധിച്ചപ്പോഴേക്കും ശിക്ഷയുടെ കാലാവധി അവസാനിച്ചിരുന്നു..."

"അതിന്റെയര്‍ത്ഥം എനിക്കീ ദ്വീപില്‍ കുറച്ചുകാലം താമസിക്കേണ്ടി വരുമെന്ന്...?"

"പടിഞ്ഞാറന്‍ തീരത്ത്‌ യാത്ര ചെയ്യുന്നതിലുള്ള ഏറ്റവും വലിയ അപകടത്തെക്കുറിച്ചും അവര്‍ പറയാറുണ്ട്‌... വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്നൊരു പാറക്കെട്ട്‌... അതില്‍ ഇടിച്ച്‌ പല നൗകകളും തകര്‍ന്നിട്ടുണ്ട്‌. അതുകൊണ്ടാണ്‌ 1882 ല്‍ ആദ്യത്തെ ലൈഫ്‌ബോട്ട്‌ സ്റ്റേഷന്‍ ഇവിടെത്തന്നെ സ്ഥാപിച്ചത്‌... മര്‍ഡോക്ക്‌ ആണ്‌ അതിന്റെ പ്രധാന നാവികന്‍..."

"അത്തരം ജോലിക്ക്‌ അദ്ദേഹത്തിന്റെ പ്രായം കുറച്ചധികമല്ലേ...?"

"1938ല്‍ ആ ജോലി അദ്ദേഹം തന്റെ മകനെ ഏല്‍പ്പിച്ച്‌ കൊടുത്തിരുന്നതാണ്‌... എന്നാല്‍ അവന്‍ നേവിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം വീണ്ടും തന്റെ ജോലിയിലേക്ക്‌ തിരിച്ചുവന്നു. ക്യാരി അങ്കിള്‍ പറയുന്നത്‌ മര്‍ഡോക്ക്‌ ഒരു ജീനിയസ്‌ ആണെന്നാണ്‌. ലൈഫ്‌ബോട്ട്‌ ഇന്‍സ്റ്റിട്യൂഷന്റെ ചരിത്രം കണ്ടതില്‍ വച്ച്‌ ഏറ്റവും വിദഗ്ദ്ധനായ സ്രാങ്ക്‌..."

"അത്‌ ശരി... ആട്ടെ, ഇവിടുത്തെ ജനങ്ങള്‍ ഉപജീവനം നടത്തുന്നത്‌ എങ്ങനെയാണ്‌..?"

"അല്‍പ്പം കൃഷി, പിന്നെ ആട്‌, കന്നുകാലി... മത്സ്യബന്ധനം... അങ്ങനെ പോകുന്നു... വളരെ കുറവാണിവിടുത്തെ ജനസംഖ്യ... സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും മാത്രമുള്ള ഒരു സ്ഥലം. യുവാക്കളെല്ലാം പുറത്താണ്‌... ചരക്ക്‌ കപ്പലുകളിലും മറ്റുമായി..."

ദ്വീപിനോട്‌ കുറച്ചുകൂടി അടുത്തപ്പോള്‍ ഫാഡായില്‍ നിന്നുള്ള നാല്‌ ചെറിയ ഫിഷിംഗ്‌ ബോട്ടുകള്‍ കടലിലേക്ക്‌ വരുന്നത്‌ കണ്ടു. ജാനറ്റ്‌ കൈ ഉയര്‍ത്തി അവര്‍ക്ക്‌ നേരെ വീശി.

"ഒക്കെ വയസ്സന്മാരാണല്ലോ..." ഗെറിക്ക്‌ പറഞ്ഞു.

"പിന്നെ കുട്ടികളും..." അവള്‍ കൂട്ടിച്ചേര്‍ത്തു. "ഈ നശിച്ച യുദ്ധം ഇനിയും നീണ്ട്‌ നില്‍ക്കുകയാണെങ്കില്‍ അവരും കൂടി ഇല്ലാതാകും..."

അവര്‍ ഹാര്‍ബറിലേക്ക്‌ പ്രവേശിച്ചു. ഒരു പഴയ റീഫര്‍ കോട്ടും സീ ബൂട്ടുകളും ധരിച്ച ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍ മുകളിലെ ജട്ടിയില്‍ നില്‍ക്കുന്നത്‌ ഗെറിക്ക്‌ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഒരു കണ്ണ്‌ ഐ പാച്ച്‌ കൊണ്ട്‌ മൂടപ്പെട്ടിരുന്നു.

ജാനറ്റ്‌ ഗെറിക്കിന്റെ തോളില്‍ മൃദുവായി സ്പര്‍ശിച്ചു. "വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം... അതാ, ആ നില്‍ക്കുന്നതാണ്‌ എന്റെ അമ്മാവന്‍ റിയര്‍ അഡ്‌മിറല്‍ ക്യാരി റീവ്‌, യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ നേവി... പൂര്‍ണ്ണമായും വിരമിച്ചിട്ടില്ല..."

* * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Friday, May 21, 2010

സ്റ്റോം വാണിംഗ്‌ - 46

വീല്‍ ഹൗസില്‍ ആരുടെയും ശല്യം ഉണ്ടായിരുന്നില്ല. മേശയ്ക്കരികില്‍ കിടന്നിരുന്ന ചാരുകസേരയില്‍ അലസമായി കിടന്നുകൊണ്ട്‌ ജാനറ്റ്‌ ഗെറിക്കിനെ ശ്രദ്ധിച്ചു. സ്റ്റിയറിംഗ്‌ വീലിനരുകില്‍ നിന്ന് യാത്ര ആസ്വദിക്കുകയായിരുന്നു അദ്ദേഹം.

"നിങ്ങള്‍ ഈ ജോലി വളരെയേറെ ഇഷ്ടപ്പെടുന്നുവല്ലേ...?" അവള്‍ ചോദിച്ചു.

"ഡെക്കിന്‌ മുകളില്‍ സ്റ്റിയറിംഗ്‌ പിടിച്ച്‌ നില്‍ക്കുക. ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ അനുഭവം... അല്ലേ...?" അദ്ദേഹം പുഞ്ചിരിച്ചു.

"എന്ത്‌ ചോദിച്ചാലും നിങ്ങള്‍ക്ക്‌ തമാശയാണ്‌..."

"പിന്നെന്ത്‌ ചെയ്യണം...? ജീവിതം എന്നത്‌ അത്ര സുഗമമായി ഒഴുകുന്ന ഒന്നല്ല എന്ന് വളരെ നേരത്തെ തന്നെ ഞാന്‍ മനസ്സിലാക്കി. നിനക്കറിയാമോ, എന്റെ ചെറുപ്പകാലം കഷ്ടപ്പാടുകള്‍ മാത്രം നിറഞ്ഞതായിരുന്നു. യുദ്ധത്തിനിടയില്‍ എന്റെ പിതാവ്‌ മരണമടഞ്ഞു..."

"അദ്ദേഹവും ഒരു സൈനികനായിരുന്നുവോ...?"

"അല്ല... എയര്‍ഫോഴ്‌സില്‍ പൈലറ്റ്‌ ആയിരുന്നു. മികച്ച ഫൈറ്റര്‍ പൈലറ്റുകളില്‍ ഒരുവന്‍. മൂന്ന് വര്‍ഷക്കാലമേ അദ്ദേഹത്തിന്‌ ആ ജോലി ചെയ്യാനായുള്ളൂ... അദ്ദേഹത്തിന്റെ മരണത്തോടെ ഞങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റി..."

"അമ്മയോ...?"

"1918 ല്‍ നാടെങ്ങും പടര്‍ന്ന് പിടിച്ച ഇന്‍ഫ്ലുവെന്‍സയില്‍ മരണമടഞ്ഞു. അതിന്‌ ശേഷം അവരുടെ സഹോദരന്‍ ലോതര്‍ അങ്കിളിന്റെ കൂടെ ഹാംബര്‍ഗിലായിരുന്നു എന്റെ താമസം. ദയാലുവായ ഒരു സാധു മനുഷ്യന്‍. ഒരു ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടില്‍ ഇരുന്നാല്‍ ഹാംബര്‍ഗിലേക്ക്‌ വരുന്നതും പോകുന്നതുമായ ഓരോ കപ്പലും കാണാന്‍ സാധിക്കുമായിരുന്നു. രാത്രികളില്‍ പുറത്തേക്ക്‌ പോകുന്ന കപ്പലുകളുടെ പ്രകാശം നോക്കിക്കൊണ്ട്‌ മണിക്കൂറുകളോളം ഞാന്‍ ഇരിക്കുമായിരുന്നു. തുറന്നിട്ട ജാലകത്തിലൂടെയുള്ള ആ കാഴ്ച എന്റെ മനസ്സില്‍ എങ്ങ്‌ നിന്നോ റൊമാന്റിക്ക്‌ ഭാവന ചിറക്‌ വിടര്‍ത്തുമായിരുന്നു. ആ കപ്പലുകള്‍ക്കൊപ്പം സഞ്ചരിക്കുവാന്‍ എനിക്ക്‌ ആഗ്രഹം തോന്നുമായിരുന്നു..."

"സ്നേഹമെന്ന വികാരത്തിന്റെ ആരംഭം...?"

"കനത്ത മൂടല്‍ മഞ്ഞ്‌ പെയ്യാറുള്ള സ്ഥലമാണത്‌. കപ്പലുകള്‍ മുഴക്കുന്ന സൈറന്റെ ചെവി തുളയ്ക്കുന്ന ശബ്ദം അതിനാല്‍ മുറിഞ്ഞ്‌ മുറിഞ്ഞായിരുന്നു കേട്ടിരുന്നത്‌..." മേശമേല്‍ വച്ചിരുന്ന പാക്കറ്റില്‍ നിന്ന് അദ്ദേഹം ഒരു സിഗരറ്റ്‌ എടുത്തു.

"അതെനിക്കറിയാം..." ജാനറ്റ്‌ പറഞ്ഞു. "ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഇടയ്ക്ക്‌ കേപ്പ്‌ കോഡിലുള്ള ഒരു അമ്മാവന്റെ വീട്ടില്‍ പോയി താമസിക്കാറുണ്ട്‌ ഞാന്‍. വളരെയധികം മഞ്ഞ്‌ പെയ്യുന്ന സ്ഥലമാണ്‌ അതും. ചിലപ്പോള്‍ രാത്രികളില്‍ ദൂരെ കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ തമ്മില്‍ തമ്മില്‍ വിളിക്കുന്ന ശബ്ദം ഇതുപോലെ മുറിഞ്ഞ്‌ കേള്‍ക്കാമായിരുന്നു..."

"ഏകാന്തമായ പ്രദേശത്ത്‌ വല്ലപ്പോഴും മാത്രം കേള്‍ക്കുന്ന ശബ്ദം..." ഗെറിക്ക്‌ പറഞ്ഞു...

"സത്യം..." അവള്‍ ശരി വച്ചു.

"നാല്‍പ്പത്തിരണ്ടിലെ മാര്‍ച്ച്‌ - ഏപ്രില്‍ മാസക്കാലം... ആ പ്രദേശത്ത്‌ വച്ച്‌ പതിനൊന്ന് കപ്പലുകള്‍ ഞാന്‍ മുക്കിയിട്ടുണ്ട്‌. എന്തൊരു രസമായിരുന്നു അന്നൊക്കെ..." അവളെ ചൊടിപ്പിക്കുന്ന ഭാവത്തില്‍ അദ്ദേഹം പുഞ്ചിരിച്ചു. "യുദ്ധത്തില്‍ ഞങ്ങള്‍ വിജയിച്ചത്‌ തന്നെ എന്ന് തോന്നിപ്പോയ ആ നിമിഷങ്ങള്‍ എനിക്ക്‌ മറക്കാന്‍ കഴിയില്ല..."

"അമേരിക്കന്‍ കപ്പലുകളായിരുന്നിരിക്കും...?"

"ഒന്നൊഴിച്ച്‌ ബാക്കിയെല്ലാം... ആ വഴിക്ക്‌ വന്ന ഒരു സ്പാനിഷ്‌ ഓയില്‍ ടാങ്കറും അതില്‍ പെട്ടുപോയി എന്നാണ്‌ പറയപ്പെടുന്നത്‌..."

"അത്‌ ശരി... അപ്പോള്‍ ഒരു നിഷ്പക്ഷ രാജ്യത്തിന്റെ കപ്പല്‍ പോലും നിങ്ങളുടെ ആക്രമണത്തിന്‌ അതീതമല്ല അല്ലേ...?"

ഗെറിക്ക്‌ ഹാസ്യഭാവത്തില്‍ ഒന്ന് ചിരിച്ചു. "കടല്‍ ചെന്നായ്ക്കള്‍ എന്നല്ലേ നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്‌...?"

"അപ്പോള്‍ നിങ്ങളതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവല്ലേ...?"

ഫ്ലാസ്കില്‍ നിന്ന് കുറച്ച്‌ ചായ കപ്പിലേക്ക്‌ പകര്‍ന്നിട്ട്‌ അവള്‍ തുടര്‍ന്നു.

"നിങ്ങളെക്കുറിച്ചെഴുതിയ ഒരു റിപ്പോര്‍ട്ട്‌ ട്രെയിനില്‍ വച്ച്‌ ലെഫ്റ്റനന്റ്‌ ജാഗോ എനിക്ക്‌ വായിക്കാന്‍ തന്നിരുന്നു..."

"അത്‌ സര്‍വ്വീസ്‌ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണല്ലോ..."

"സാന്‍ ക്രിസ്റ്റബല്‍ എന്ന ആ സ്പാനിഷ്‌ കപ്പല്‍ ബില്‍ബാവോയില്‍ നിന്ന് പുറപ്പെട്ട ഒരു ഓയില്‍ ടാങ്കര്‍ ആയിരുന്നു. ഒരു നിഷ്പക്ഷരാജ്യത്തിന്റെ കപ്പല്‍ എന്ന നിലയ്ക്ക്‌ അതിനെ കടലില്‍ താഴ്ത്തിയപ്പോള്‍ മാദ്ധ്യമങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി. എന്നാല്‍ പിന്നീടാണ്‌ മനസ്സിലായത്‌, അമേരിക്കന്‍ യുദ്ധകാര്യാലയം വാടകയ്ക്കെടുത്തിരുന്ന കപ്പലായിരുന്നു അതെന്ന്. അതിനെ ടോര്‍പ്പിഡോ ചെയ്ത്‌ തകര്‍ക്കുമ്പോള്‍ നിങ്ങള്‍ക്കത്‌ അറിയുകയും ചെയ്യാമായിരുന്നു..." ജാനറ്റ്‌ പറഞ്ഞു.

"തീര്‍ച്ചയായും..." കോമ്പസ്‌ ബോക്സിലേക്ക്‌ നോക്കിയിട്ട്‌ ഗെറിക്ക്‌ ബോട്ടിന്റെ ദിശ അല്‍പ്പം വലത്‌ ഭാഗത്തേക്ക്‌ മാറ്റി.

"പിന്നെന്തിനാണ്‌ നിങ്ങളെന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്‌...?"

അദ്ദേഹം പുഞ്ചിരിച്ചു. "ഞാന്‍ കരുതി, അങ്ങനെ വിശ്വസിക്കാനാണ്‌ നിനക്കിഷ്ടം എന്ന്... ഞങ്ങള്‍ ദുഷ്‌പ്രവൃത്തികള്‍ക്ക്‌ പേര്‌ കേട്ടവരാണെന്നാണല്ലോ നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്‌... കപ്പല്‍ തകര്‍ന്ന് കടലില്‍ മുങ്ങിത്താഴുന്നവരില്‍ പെണ്‍വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും ഉണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിച്ച്‌ അവരെ മാത്രം രക്ഷപെടുത്തി, ബാക്കിയുള്ളവരെയെല്ലാം വെടിവച്ചു കൊല്ലുകയായിരുന്നു ഞങ്ങളുടെ വിനോദം..."

"ഡാംന്‍ യൂ ഗെറിക്ക്‌...!"

"ഹ ഹ ഹ... ഞാന്‍ എന്നേ നരകത്തില്‍ പോകേണ്ടവനാണ്‌..."

ഒരു സിഗരറ്റിന്‌ കൂടി തീ കൊളുത്തി, മേശയില്‍ കൈമുട്ടുകളൂന്നി അവള്‍ മുന്നോട്ടാഞ്ഞിരുന്നു. പുറത്തെ കനത്ത അന്ധകാരത്തിലേക്ക്‌ ഇടയ്ക്ക്‌ അവള്‍ പരിഭ്രമത്തോടെ നോക്കുന്നുണ്ടായിരുന്നു.

"നിങ്ങള്‍ കപ്പലുകളെ വളരെയധികം സ്നേഹിക്കുന്നു... എന്നിട്ട്‌ അവയെ നശിപ്പിക്കുകയും ചെയ്യുന്നു..."

"ജന്മനാ തന്നെ ഞാനൊരു തലതിരിഞ്ഞവനാണ്‌... എന്നെ നന്നാക്കാന്‍ പറ്റുമോ എന്ന് വേണമെങ്കില്‍ ഇനി നിനക്കൊന്ന് ശ്രമിച്ച്‌ നോക്കാം..."

"ഓ, വേണ്ട... അതത്ര എളുപ്പമല്ല..."

"പിന്നെന്താണ്‌ ഡോക്ടര്‍ വേണ്ടത്‌...? താന്‍ ഇഷ്ടപ്പെടുന്ന വസ്തുവിനെ നശിപ്പിക്കുക എന്ന മാനസിക നിലയുടെ കാര്യ കാരണങ്ങള്‍ വിശദീകരിക്കണോ ഞാന്‍...? ഫ്രോയ്‌ഡ്‌ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌... ചില സന്ദര്‍ഭങ്ങളില്‍ ഒരു സിഗരറ്റ്‌ എന്ന് പറഞ്ഞാല്‍ അതൊരു സിഗരറ്റ്‌ തന്നെയാണെന്ന്...."

"അക്കാര്യമൊന്നും ഞങ്ങളെ മെഡിക്കല്‍ കോളേജില്‍ പഠിപ്പിച്ചിട്ടില്ല..." അവള്‍ പറഞ്ഞു.

"എന്നാല്‍ പിന്നെ ഈ പറഞ്ഞതൊക്കെ ഈ നശിച്ച യുദ്ധത്തിന്റെ ഭാഗമായി മറന്ന് കളഞ്ഞേക്ക്‌..."

അതുവരെ കണ്ടിട്ടില്ലാത്ത ഒരു പാരുഷ്യം അദ്ദേഹത്തിന്റെ സ്വരത്തിനുണ്ടായിരുന്നു. അത്‌ കേട്ടപ്പോള്‍ അല്‍പ്പം ഉള്‍ഭയം തോന്നാതിരുന്നില്ല അവള്‍ക്ക്‌. പുറത്തെ ഇരുട്ടിലേക്ക്‌ വീണ്ടും അവള്‍ കണ്ണോടിച്ചു.

ഗെറിക്ക്‌ ബോട്ടിന്റെ ദിശ വീണ്ടും പരിശോധിച്ചു. മുന്നിലെ ഇരുട്ടിലേക്ക്‌ നോക്കിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ എപ്പോഴും കാണാറുള്ള മൃദുമന്ദഹാസം ഒരു നിമിഷത്തേക്ക്‌ മാഞ്ഞു.

"നിങ്ങളുടെ ഇംഗ്ലീഷ്‌ ... അത്‌ വളരെ മികച്ചത്‌ തന്നെ എന്ന് പറയാതിരിക്കാന്‍ കഴിയില്ല..." അവള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.

"കുറച്ച്‌ കാലം ഞങ്ങള്‍ ഹള്ളില്‍ താമസിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരത്തുള്ള തുറമുഖ നഗരമാണത്‌..." അദ്ദേഹം പറഞ്ഞു.

"അതെനിക്കറിയാം..."

"അവിടെ വച്ച്‌ അമ്മാവന്‍ രണ്ട്‌ വര്‍ഷം എന്നെ ഇംഗ്ലീഷ്‌ പഠിക്കുവാന്‍ വിട്ടു. അത്‌ കഴിഞ്ഞ്‌ നാട്ടിലേക്ക്‌ മടങ്ങി. യൂണിവേഴ്‌സിറ്റിയില്‍ അമ്മാവന്റെ ഇഷ്ടവിഷയങ്ങളായ മാത്തമാറ്റിക്സും ഫിലോസഫിയും എടുത്തു. അത്‌ എനിക്ക്‌ പറ്റിയ പണിയല്ല എന്ന് മനസ്സിലായപ്പോള്‍ ഹാംബര്‍ഗിലുള്ള സ്കൂള്‍ ഓഫ്‌ നേവല്‍ പെറ്റി ഓഫിസേഴ്‌സില്‍ ചേരുവാന്‍ അദ്ദേഹം അനുവദിച്ചു. അതിന്‌ ശേഷം ഒരു കപ്പലില്‍ അപ്രന്റിസ്‌ ആയി ഞാന്‍ കടലിലേക്കിറങ്ങി..."

"ആ സ്കൂളിലെ ട്രെയിനിംഗ്‌ കുറച്ച്‌ കഠിനമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്‌..." അവള്‍ അഭിപ്രായപ്പെട്ടു.

"അത്‌ ഇന്ന് എന്റെ സുഹൃത്ത്‌ കാര്‍വര്‍ ശരിയ്ക്കും മനസ്സിലാക്കി. ആങ്ങ്‌ഹ്‌... അത്‌ പോട്ടെ... പിന്നെ കുറച്ച്‌ കാലം പായ്‌ക്കപ്പലുകളില്‍ ജോലി നോക്കി. ചിലി, ഹോണ്‍, ആസ്ട്രേലിയ ... അങ്ങനെ നീണ്ട യാത്രകള്‍... ഒരു കാര്‍ഗോ കപ്പലില്‍ തേര്‍ഡ്‌ ഓഫീസറായിട്ടാണ്‌ എന്റെ ട്രെയിനിംഗ്‌ അവസാനിച്ചത്‌. ഇരുപത്തിരണ്ട്‌ വയസ്സായപ്പോഴേക്കും എനിക്ക്‌ സ്റ്റീം നാവിഗേഷനിലും സെയില്‍ നാവിഗേഷനിലും മാസ്റ്റര്‍ ബിരുദം ലഭിച്ചു..."

"എന്നിട്ട്‌...?"

"ആര്‍ക്കും എന്നെ വേണ്ടിയിരുന്നില്ല... ഒരു ജോലിക്ക്‌ വേണ്ടി ഹാംബര്‍ഗിലെ തെരുവുകളിലൂടെ ഞാന്‍ അലഞ്ഞുനടന്നു. എല്ലാ കപ്പലുടമകളുടെയും വാതിലുകളില്‍ ഞാന്‍ മുട്ടി. ആര്‍ക്കും ദയവുണ്ടായില്ല. ദാരിദ്ര്യം നേരിട്ടനുഭവിച്ച നാളുകള്‍... അവിടെയുള്ള ഒരു ബാറില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നിച്ചുകൂടുമായിരുന്നു. ഏതോ ഒരു പായ്‌ക്കപ്പലില്‍ പ്രധാനനാവികനായി വിരമിച്ച ഒരാളായിരുന്നു ആ ബാറിന്റെ ഉടമ. അദ്ദേഹത്തിന്റെ ശിപാര്‍ശയില്‍ ഒരു പായ്‌ക്കപ്പലില്‍ ജോലി ലഭിച്ചു എനിക്ക്‌. ചിലി, അമേരിക്ക, ആസ്ട്രേലിയ... പിന്നെ തിരികെ ജര്‍മ്മനിയിലേക്ക്‌... എന്നാല്‍ നാട്ടിലെത്തിയപ്പോഴേക്ക്‌ പരിതസ്ഥിതികള്‍ ആകെ മാറിക്കഴിഞ്ഞിരുന്നു..."

"എന്തായിരുന്നു അത്‌...?"

"തൊള്ളായിരത്തി മുപ്പത്തിമൂന്നിലായിരുന്നു അത്‌... ചരക്ക്‌ കപ്പലുകളില്‍ ജോലിയിലുള്ളവര്‍ക്ക്‌ ജര്‍മ്മന്‍ നേവിയില്‍ ഓഫീസേഴ്‌സ്‌ പദവിയില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം... പിന്നെ താമസമുണ്ടായില്ല. ഞാന്‍ നേവിയില്‍ ചേര്‍ന്നു..."

"എന്നിട്ട്‌ കപ്പലുകള്‍ മുക്കുന്ന വിദ്യ പഠിച്ചു...?"

"അതെ..."

കുറച്ച്‌ നിമിഷത്തേക്ക്‌ അവിടെങ്ങും നിശബ്ദത നിറഞ്ഞു. കാറ്റിന്റെ ദിശ മാറിയിരുന്നു. ഉയര്‍ന്നുകൊണ്ടിരിക്കുന്ന തിരമാലകളില്‍ കാട്രീന ചാഞ്ചാടുവാന്‍ തുടങ്ങി.

"സ്ത്രീകള്‍... കുടുംബം... ഇവയെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ... നിങ്ങളുടെ ജീവിതത്തില്‍ ഇവയ്ക്കൊന്നും സ്ഥാനമില്ലേ ഇതുവരെ...?" ജാനറ്റ്‌ കൗശലത്തോടെ അടുത്ത ചോദ്യം എറിഞ്ഞു.

"വാസ്തവം പറഞ്ഞാല്‍ ഇല്ല... സ്ത്രീകള്‍ക്ക്‌ സ്ഥാനമുണ്ടായിരുന്നു... ഓണ്‍ലി ഇന്‍ ദ്‌ ബേസിക്ക്‌ സെന്‍സ്‌... ഞാന്‍ അധികവും കടലിലല്ലേ... ഒരു ബന്ധം വളര്‍ത്തിക്കൊണ്ടുവരുവാന്‍ സമയം ലഭിക്കാറില്ല..."

"അപ്പോള്‍ രാത്രികളില്‍ മാത്രം കടന്നുപോകുന്ന കപ്പലാണല്ലേ...?"

"ഹ ഹ ഹ... നല്ല ഉപമ..." അദ്ദേഹം തോള്‍ വെട്ടിച്ചു. "ജീവിതത്തില്‍ വന്നുചേരുന്ന നൂലാമാലകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്‌... നീയത്‌ ശ്രദ്ധിച്ചിട്ടുണ്ടോ...? ദുര്‍ഘടം പിടിച്ച സമയത്താണവയെല്ലാം കൂടി പ്രത്യക്ഷപ്പെടുക... യാതൊന്നും തന്നെ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍..."

അവളുടെ മുഖത്തേക്ക്‌ അദ്ദേഹം കണ്ണോടിച്ചു. എന്തോ ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്ന അവള്‍ നെടുവീര്‍പ്പിട്ടു. പെട്ടെന്നാണ്‌ വലിയൊരു തിരമാല കാട്രീനയുടെ വലത്‌ വശത്ത്‌ വന്നടിച്ചത്‌. ബോട്ട്‌ ഇടത്‌ വശത്തേക്ക്‌ ചരിഞ്ഞതോടെ ജാനറ്റ്‌ സീറ്റില്‍ നിന്ന് തെറിച്ച്‌ താഴെ വീണു.

ഗെറിക്കിന്റെ വിദഗ്ദ്ധ കരങ്ങള്‍ സ്റ്റിയറിംഗ്‌ വീലില്‍ പ്രവര്‍ത്തിച്ചു. ഞൊടിയിടയ്ക്കുള്ളില്‍ ബോട്ട്‌ പൂര്‍വ്വസ്ഥിതിയിലെത്തി.

"നിനക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ.." അദ്ദേഹം ചോദിച്ചു.

എഴുന്നേറ്റ്‌ കഴിഞ്ഞിരുന്നുവെങ്കിലും ജാനറ്റിന്റെ മുഖം ഭയത്താല്‍ വിളറിയിരുന്നു.

"എനിക്ക്‌ കുഴപ്പമൊന്നുമില്ല... പക്ഷേ, താഴെ കിടക്കുന്നവരുടെ സ്ഥിതി എന്താണെന്ന് ഒന്ന് പോയി നോക്കട്ടെ..." ഇരുട്ടിലേക്കവള്‍ തുറിച്ചുനോക്കി. "കടല്‍ ഇനിയും വഷളാകുമെന്ന് തോന്നുന്നുണ്ടോ...?"

"എന്ന് തോന്നുന്നു... നില്‍ക്ക്‌... ഞാന്‍ ഇതൊന്ന് ഓട്ടോമാറ്റിക്ക്‌ സിസ്റ്റത്തിലാക്കട്ടെ... ഞാനും വരാം കൂടെ..." അദ്ദേഹം പറഞ്ഞു.

"ഈ അവസ്ഥയില്‍ ഓട്ടോമാറ്റിക്ക്‌ കണ്‍ട്രോളില്‍ വിടുന്നത്‌ സുരക്ഷിതമായിരിക്കുമോ...?"

"നിന്നെ തനിച്ച്‌ താഴെ പോകാന്‍ അനുവദിക്കുന്നതിലും സുരക്ഷിതമായിരിക്കും എന്തായാലും..."

പക്ഷേ, അപ്പോഴേക്കും വാതില്‍ തുറന്ന് പോയിക്കഴിഞ്ഞിരുന്നു അവള്‍. സ്വയം ശപിച്ചുകൊണ്ട്‌ ഗെറിക്ക്‌, സ്റ്റിയറിംഗ്‌ ലോക്ക്‌ ചെയ്ത്‌ അവള്‍ക്ക്‌ പിന്നാലെ കുതിച്ചു. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു അദ്ദേഹം. സലൂണില്‍ എത്തിയ അദ്ദേഹം കണ്ടത്‌, ലാക്ലന്റെ ലീ എന്‍ഫീല്‍ഡ്‌ റൈഫിള്‍ ചൂണ്ടി നില്‍ക്കുന്ന ജാനറ്റിനെയാണ്‌. അതിന്റെ സേഫ്റ്റി ക്യാച്ച്‌ അമര്‍ത്തി തുറന്നിട്ട്‌ അവള്‍ ഉണ്ടകള്‍ നിറച്ചു.

"നിറച്ച തോക്ക്‌..." ഗെറിക്ക്‌ മന്ത്രിച്ചു.

"യാതൊരു സംശയവും വേണ്ട...." എഴുന്നേറ്റിരിക്കാന്‍ ബദ്ധപ്പെട്ടുകൊണ്ട്‌ ലാക്ലന്‍ പറഞ്ഞു.

ഗെറിക്ക്‌ തന്റെ മോസര്‍ പുറത്തെടുത്ത്‌ അണ്‍ലോക്ക്‌ ചെയ്തു. "സ്റ്റേല്‍മേറ്റ്‌..."

"നിങ്ങളുടെ നേര്‍ക്ക്‌ നിറയൊഴിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്‌ ഡാര്‍ലിംഗ്‌..." ഉന്മാദിനിയെപ്പോലെ അവള്‍ പറഞ്ഞു. "വേണ്ടി വന്നാല്‍ ഞാനത്‌ ചെയ്യുക തന്നെ ചെയ്യും... ഉന്നം തെറ്റാന്‍ യാതൊരു സാദ്ധ്യതയും ഇല്ല നിങ്ങള്‍ക്കറിയാമല്ലോ..."

ഉറച്ച തീരുമാനമെടുത്ത ഭാവമായിരുന്നു അവളുടെ മുഖത്ത്‌. എന്നാല്‍ അതിലേറെ പരിഭ്രമവും. എന്ത്‌ തന്നെ സംഭവിച്ചാലും ശരി,അദ്ദേഹം തോക്കിന്റെ കാഞ്ചി വലിക്കില്ല എന്നവള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു. തന്നെക്കൊണ്ട്‌ ഈ ക്രൂരകൃത്യം ചെയ്യിക്കല്ലേ എന്നൊരു യാചനാഭാവം അവളുടെ മുഖത്ത്‌ പ്രത്യക്ഷപ്പെട്ടു.

ഗെറിക്ക്‌ സൗമ്യനായി ഒന്ന് പുഞ്ചിരിച്ചു. പിന്നെ തന്റെ കൈയിലെ മോസര്‍ മേശപ്പുറത്ത്‌ വച്ചു. "ശരി... അങ്ങനെയെങ്കില്‍ അങ്ങനെ... ഇത്രയും നേരം നല്ലൊരു നേരമ്പോക്കായിരുന്നു... എന്ത്‌ ചെയ്യാം..."

ഇരു കൈകളും കഴുത്തിന്‌ പിന്നില്‍ കെട്ടി അദ്ദേഹം അവള്‍ക്ക്‌ മുന്നില്‍ നിന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)

Thursday, May 13, 2010

സ്റ്റോം വാണിംഗ്‌ - 45

അടുക്കളയുടെ ചുമരില്‍ ചാരി ഒരു സിഗരറ്റ്‌ പുകച്ച്‌ കൊണ്ട്‌ സ്റ്റവില്‍ വച്ചിരിക്കുന്ന വെള്ളം തിളയ്ക്കുവാനായി ജാനറ്റ്‌ കാത്തുനിന്നു. വാതില്‍ വലിച്ച്‌ തുറക്കുന്ന ശബ്ദം കേട്ട്‌ അവള്‍ ഞെട്ടിത്തിരിഞ്ഞ്‌ നോക്കി. കഴുത്തിന്‌ പിന്നില്‍ കൈകള്‍ കെട്ടി നില്‍ക്കുന്ന ലാക്ലനെയാണ്‌ അവള്‍ കണ്ടത്‌.

ലാക്ലന്റെ പിന്നില്‍ നിന്ന്‌ ഗെറിക്ക്‌ അവളെ നോക്കി പുഞ്ചിരിച്ചു. "ങ്‌ഹ....! ഡോക്ടറോ...?"

തന്റെ ഹൃദയമിടിപ്പ്‌ അല്‍പ്പനേരത്തേക്ക്‌ നിലച്ചത്‌ പോലെ തോന്നി അവള്‍ക്ക്‌. ഗെറിക്കിനെ കണ്ട മാത്രയില്‍ അത്രമാത്രം ആശ്ചര്യവും ഞെട്ടലുമാണവള്‍ക്കുണ്ടായത്‌. വായില്‍ നിന്ന് ശബ്ദം പുറത്തേക്ക്‌ വരാന്‍ നന്നേ ബുദ്ധിമുട്ടി.

"നിങ്ങളോ...?!" അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.

"അതേ... ഞാന്‍ തന്നെ..." മോസര്‍ നീട്ടി പിടിച്ച്‌ അദ്ദേഹം ഒരടി പിന്നോട്ട്‌ വച്ചു. "നല്ല കുട്ടിയായി ഞാന്‍ പറയുന്നത്‌ അനുസരിക്കൂ... പുറത്തിറങ്ങി, ഈ മാന്യന്റെ കൈകള്‍ പിന്നോട്ട്‌ കൂട്ടിക്കെട്ടൂ..."

വാതിലിനടുത്ത്‌ കിടന്നിരുന്ന കനം കുറഞ്ഞ ഒരു ചുറ്റ്‌ ചരട്‌ അദ്ദേഹം അവള്‍ക്കെറിഞ്ഞു കൊടുത്തു. അത്‌ പിടിക്കാന്‍ കൂട്ടാക്കാതിരുന്നതിനാല്‍ ചരട്‌ അവളുടെ പാദത്തിനരുകില്‍ വന്ന് വീണു.

"നിങ്ങള്‍ക്ക്‌ എന്റെ നേരെ നിറയൊഴിക്കാനാവില്ല... ട്രെയിനില്‍ വച്ച്‌ നിങ്ങള്‍ക്കതിന്‌ കഴിഞ്ഞില്ല. ഇനിയൊട്ടു കഴിയുകയുമില്ല..."

അദ്ദേഹം ഹൃദ്യമായി പുഞ്ചിരിച്ചു. "നീ പറഞ്ഞത്‌ ശരിയാണ്‌... എന്നാല്‍ ഈ പയ്യന്‍... അവന്റെ കാര്യത്തില്‍ അങ്ങനെയായിരിക്കില്ല... ഒരു പാരാട്രൂപ്പര്‍ കൂടിയാണവന്‍. ഞാനെന്തെങ്കിലും ചെയ്തില്ലെങ്കില്‍ അത്‌ യുദ്ധനിയമങ്ങള്‍ക്കെതിരായിരിക്കും... ഇടത്‌ കാല്‍മുട്ടിന്റെ ചിരട്ട ആദ്യം... പിന്നെ..."

പെട്ടെന്ന് മുന്നോട്ട്‌ കുനിഞ്ഞ്‌ അവള്‍ ചരട്‌ എടുത്തു. ലാക്ലന്റെ മുഖം പഴയതിലും ദയനീയമായിരുന്നു. "സോറി ഡോക്ടര്‍... ഞാനാ ടോയ്‌ലറ്റിന്റെ കതക്‌ തുറന്നപ്പോള്‍ ഒരു പ്രതിമ പോലെ ഇയാളവിടെ ഇരിക്കുകയായിരുന്നു. മലേയ്‌ഗില്‍ എല്ലാവരും അന്വേഷിച്ചുകൊണ്ടിരുന്ന ആ ജര്‍മ്മന്‍ ക്യാപ്റ്റന്‍ ഇയാളാണോ...?"

"അതേ, ഞാന്‍ തന്നെയാണ്‌... ഇനി ഒരു നല്ല കുട്ടിയായി ആ ബങ്കില്‍ കയറി കിടക്കൂ... ഒന്നും പേടിക്കേണ്ട..." ഗെറിക്ക്‌ പറഞ്ഞു.

ലാക്ലന്‍ കിടന്നയുടന്‍ ജാനറ്റ്‌ അവന്റെ കൈകള്‍ കൈപ്പത്തിക്ക്‌ മുകളിലായി കൂട്ടിക്കെട്ടി. അടുത്ത്‌ നിന്നുകൊണ്ട്‌ ഗെറിക്ക്‌ അവളുടെ പ്രവൃത്തി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"തൃപ്തിയായോ..." അവള്‍ ചോദിച്ചു.

"മോശമില്ല.... ഇനി കാലുകളും കൂടി..."

കാലുകളും ബന്ധിച്ച്‌ കഴിഞ്ഞപ്പോള്‍ ഗെറിക്ക്‌ പറഞ്ഞു. "ഇനി നമുക്ക്‌ മുകളില്‍ ചെന്ന് നിന്റെ സുഹൃത്ത്‌ മിസ്റ്റര്‍ മര്‍ഡോക്ക്‌ മക്‍ലിയോഡിനെ കാണാം. അങ്ങനെ തന്നെയല്ലേ അദ്ദേഹത്തിന്റെ പേര്‌...?"

പെട്ടെന്നുണ്ടായ പരിഭ്രമത്തില്‍ നിന്നും അവള്‍ മോചിതയായിരുന്നു. ശാന്തതയോടെ തന്നെ ആ സന്ദര്‍ഭം കൈകാര്യം ചെയ്യാന്‍ അവള്‍ക്ക്‌ ധൈര്യം കൈവന്നു കഴിഞ്ഞിരുന്നു. തന്റെ പ്രായോഗിക ജീവിതത്തിന്റെ ഫലമായിട്ടോ എന്തോ, ഗെറിക്കിനെ ലവലേശം ഭയക്കേണ്ട ആവശ്യമില്ലെന്ന് അവള്‍ക്ക്‌ തോന്നി. ആ ചിന്ത അവള്‍ക്ക്‌ ആവേശം പകര്‍ന്നു. എന്നാല്‍ മറുവശത്ത്‌ ഗെറിക്ക്‌ ആകട്ടെ, ആവശ്യമെങ്കില്‍ ഒരു നിമിഷം പോലും പാഴാക്കാതെ ആരെയും കൊല്ലാന്‍ മടിയില്ലാത്ത മാനസികാവസ്ഥയിലായിരുന്നു.

"നീയെന്താണ്‌ ആലോചിക്കുന്നത്‌...?" അദ്ദേഹം അവള്‍ക്ക്‌ നേരെ നോക്കി മന്ദഹസിച്ചു.

ആ മാനസിക അടുപ്പം അവളെ വിഷമിപ്പിച്ചു. കഴിയുന്നതും ശാന്തമായിരിക്കാന്‍ അവള്‍ പരിശ്രമിച്ചു. "നോക്കൂ... മര്‍ഡോക്കിന്‌ നന്നേ വയസ്സായി... എന്റെയറിവില്‍ വളരെ നല്ല ഒരു മനുഷ്യന്‍... അദ്ദേഹത്തിന്‌ എന്തെങ്കിലും അപകടം വന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. " ഒരു ആജ്ഞ പോലെയാണ്‌ അവളുടെ നാവില്‍ നിന്ന് അത്രയും പുറത്ത്‌ വന്നത്‌.

"വളരെ നല്ലത്‌ ഡോക്ടര്‍... എന്നാല്‍ കുറച്ച്‌ കൂടി മാന്യമായ രീതിയില്‍ സംഗതി കൈകാര്യം ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാം..." ഗെറിക്ക്‌ പറഞ്ഞു.

അവള്‍ അദ്ദേഹത്തെ ഇടനാഴിയിലൂടെ മുകളിലേക്ക്‌ നയിച്ചു. വീല്‍ ഹൗസിന്റെ വാതില്‍ തുറന്ന് ഉള്ളിലെത്തിയപ്പോള്‍ കോമ്പസ്‌ ബോക്സില്‍ ശ്രദ്ധിച്ചു കൊണ്ട്‌ നില്‍ക്കുകയായിരുന്നു മര്‍ഡോക്ക്‌.

അല്‍പ്പം മുന്നോട്ടാഞ്ഞ്‌ മോസറിന്റെ കാഞ്ചിയില്‍ ശ്രദ്ധാപൂര്‍വ്വം വിരലമര്‍ത്തി ഗെറിക്ക്‌ പറഞ്ഞു. "ഞാന്‍ പറയുന്നത്‌ പോലെ ചെയ്യണം മിസ്റ്റര്‍ മക്‍ലിയോഡ്‌..."

കോമ്പസ്സില്‍ നിന്ന് തല ഉയര്‍ത്തി തികച്ചും അക്ഷോഭ്യനായി അദ്ദേഹം ഗെറിക്കിനെ നോക്കി. "നീ ആരാണ്‌ കുട്ടീ...?"

"ഇദ്ദേഹമാണ്‌ ഗെറിക്ക്‌... ട്രെയിനില്‍ നിന്ന് രക്ഷപെട്ട്‌ പോന്ന സബ്‌മറീന്‍ കമാന്‍ഡര്‍..." ജാനറ്റ്‌ പറഞ്ഞു.

"അത്‌ ശരി... അങ്ങനെ നീ ഈ ബോട്ടിലെത്തി... ആട്ടെ, ഈ ബോട്ട്‌ ഇനി എങ്ങോട്ട്‌ കൊണ്ടുപോകാനാണ്‌ നിന്റെ ഉദ്ദേശ്യം....?"

"ഓര്‍ക്‌ക്‍നീ വഴി നോര്‍വേയിലേക്ക്‌..."

"നല്ല പ്ലാന്‍... പക്ഷേ വിജയസാദ്ധ്യത വളരെ കുറവാണെന്ന് മാത്രം... നീ എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌... നിങ്ങള്‍ സാധാരണ ഓടിക്കാറുള്ള സബ്‌മറീന്‍ പോലെയല്ല ഇത്‌..."

"പായ്‌ക്കപ്പല്‍ ഓടിക്കുന്നതില്‍ മാസ്റ്റര്‍ ബിരുദമുണ്ട്‌ എനിക്ക്‌... അതും പോരെന്നുണ്ടോ...? ഗെറിക്ക്‌ അദ്ദേഹത്തോട്‌ ചോദിച്ചു.

മര്‍ഡോക്ക്‌ അവജ്ഞയോടെ തലയാട്ടി. "നിങ്ങളുടെ കൈയിലിരിക്കുന്ന തോക്ക്‌ പോലെ തന്നെ... എന്തായാലും തര്‍ക്കിച്ചിട്ട്‌ കാര്യമില്ല. അപ്പോള്‍ ഞങ്ങളുടെ കാര്യം എന്താകും...?"

"വഴിയില്‍ എവിടെയെങ്കിലും ഇറക്കി വിടും... ദൂരെയുള്ള ഏതെങ്കിലും ദ്വീപില്‍... മിക്കവാറും ലൂയിസ്‌ ദ്വീപിലായിരിക്കും... അത്‌ പോട്ടെ... നിങ്ങള്‍ ബോട്ട്‌ ഓട്ടോമാറ്റിക്ക്‌ സിസ്റ്റത്തിലാക്കിയിട്ട്‌ താഴേക്ക്‌ വരൂ... എനിക്കീ ചാര്‍ട്ടുകളൊക്കെ ഒന്ന് നോക്കണം..."

"ഈ പ്രദേശത്ത്‌ നിനക്കിത്ര പരിചയമുണ്ടോ...?"

"എന്താ സംശയം...?"

"അങ്ങനെയാണെങ്കില്‍ പിന്നെ നിന്നോട്‌ തര്‍ക്കിക്കാന്‍ ഞാന്‍ ആരാണ്‌...!"

അദ്ദേഹം ഓട്ടോമാറ്റിക്ക്‌ സ്റ്റിയറിംഗ്‌ ലോക്ക്‌ ചെയ്തു. പിന്നെ രണ്ട്‌ പേരും കൂടി ജാനറ്റിന്‌ പിറകേ താഴോട്ട്‌ നടന്നു. സലൂണില്‍ ചെന്ന് മര്‍ഡോക്ക്‌ മറ്റൊരു ബങ്കില്‍ കയറിക്കിടന്നു. ജാനറ്റ്‌ അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ചു.

അത്‌ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. "ഇനി എന്റെ ഊഴം..."

"ഗുഡ്‌ ഹെവന്‍സ്‌...! നോ നോ... ഞാനത്‌ സ്വപ്നം കാണുക കൂടി ചെയ്തിട്ടില്ല..." ഗെറിക്ക്‌ പറഞ്ഞു. "മൈ ഡിയര്‍ ഡോക്ടര്‍... നിന്നെക്കൊണ്ട്‌ ഇനിയും എന്തെല്ലാം ആവശ്യങ്ങളുണ്ടെന്നറിയുമോ...? ആദ്യം ഒരു ഫ്ലാസ്ക്‌ ചൂട്‌ ചായയും കുറച്ച്‌ സാന്‍ഡ്‌വിച്ചും കൊണ്ടുവരൂ... എന്നിട്ട്‌ നമുക്ക്‌ വീല്‍ ഹൗസില്‍ ചെന്ന് ബാക്കി തുടരാം..."

"എന്ത്‌ തുടരാമെന്ന്...?" തെല്ല് സംശയത്തോടെ അവള്‍ ചോദിച്ചു.

"ട്രെയിനില്‍ വച്ച്‌ നാം വിരാമമിട്ടില്ലേ... അത്‌ തന്നെ..." അദ്ദേഹം പുഞ്ചിരിച്ചു. "ങ്‌ഹും... കിച്ചണിലേക്ക്‌ നടക്ക്‌..."


* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)

Thursday, May 6, 2010

സ്റ്റോം വാണിംഗ്‌ - 44

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 23. അക്ഷാംശം 53.59N, രേഖാംശം 16.39W. കാറ്റ്‌ NW 6 - 7. മഴയും ഇടവിട്ടുള്ള ശക്തിയായ കാറ്റും അനുഭവപ്പെടുന്നുണ്ട്‌. അടിത്തട്ടിലെ ചോര്‍ച്ച മൂലം കുറച്ചധികം വെള്ളം കപ്പലിനുള്ളില്‍ കിടക്കുന്നത്‌ യാത്രികര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. രണ്ട്‌ പായകള്‍ ചുരുക്കിക്കൂടേ എന്ന് സ്റ്റേം എന്നോട്‌ ചോദിക്കുകയുണ്ടായി. എന്നാല്‍ ഞാന്‍ അയാളുടെ അപേക്ഷ നിരസിച്ചു. വിലപ്പെട്ട സമയം പാഴാക്കരുതെന്ന് എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.


അദ്ധ്യായം - പത്ത്‌

ജാഗോ, സലൂണിലെ ലൈറ്റിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്തു. എന്നിട്ട്‌ കര്‍ട്ടന്‍ ഒരു വശത്തേക്ക്‌ വകഞ്ഞ്‌ മാറ്റി താഴേക്ക്‌ നടന്നു. ജാനറ്റും തൊട്ട്‌ പിന്നിലുണ്ട്‌.

"ഈ ബോട്ട്‌ കൊള്ളാമല്ലോ..." അദ്ദേഹം അത്ഭുതം കൊണ്ടു. "ആട്ടെ, ഈ സാധനങ്ങളൊക്കെ എവിടെയാണ്‌ വയ്ക്കേണ്ടത്‌...?" ജാഗോ അവളോട്‌ ചോദിച്ചു.

"പുറകിലത്തെ മുറിയില്‍..." അവള്‍ പറഞ്ഞു.

കാല്‍ കൊണ്ട്‌ കതക്‌ തട്ടിത്തുറന്ന് അദ്ദേഹം സ്യൂട്ട്‌ കെയ്‌സുകളും മെഡിക്കല്‍ ബാഗും ബങ്കിന്‌ മുകളിലേക്കിട്ടു. തിരിച്ച്‌ സലൂണിലേക്ക്‌ നടക്കുമ്പോള്‍ ലാക്ലന്‍ ഇടനാഴിയിലൂടെ ഇറങ്ങി വരുന്നുണ്ടായിരുന്നു. അവന്റെ തോളില്‍ ഒരു റൈഫിളും കൈയില്‍ ഒരു ബാഗും ഉണ്ട്‌.

"എന്നെ സഹായിക്കൂ ഡോക്ടര്‍... എനിക്കിപ്പോഴേ മനം പിരട്ടുന്നത്‌ പോലെ..." അവന്‍ വിഷമത്തോടെ പറഞ്ഞു.

അവന്‍ തന്റെ ബാഗ്‌ നിലത്ത്‌ വച്ചു. അവള്‍ അവന്റെ തോളില്‍ കിടന്നിരുന്ന റൈഫിള്‍ എടുത്ത്‌ ഒരു സീറ്റിനടിയില്‍ കാണാന്‍ സാധിക്കാത്ത തരത്തില്‍ കൊണ്ടുവച്ചു.

"ഇത്തരം വസ്തുക്കളെ ഞാന്‍ വെറുക്കുന്നു... ങ്‌ഹാ... സാരമില്ല ലാക്ലന്‍... എന്റെ ബാഗില്‍ കുറച്ച്‌ ഗുളികകളുണ്ട്‌. രണ്ടെണ്ണം തരാം... പിന്നെ നീ അവിടെ എത്തുന്നത്‌ വരെ സുഖമായി കിടന്നുറങ്ങിക്കോളും..."

അവന്‍ അടുക്കളയിലേക്ക്‌ നീങ്ങിയപ്പോള്‍ ജാനറ്റ്‌ ജാഗോയുടെ നേര്‍ക്ക്‌ തിരിഞ്ഞു. "ചെറുപ്പം മുതലേ അവന്‍ അങ്ങനെയാണ്‌. കടല്‍ കണ്ടാല്‍ ഛര്‍ദ്ദിക്കും. എന്നാല്‍ അവന്റെ പിതാവ്‌ ഫാഡായില്‍ നിന്ന് പോകുന്ന ഒരു ഫിഷിംഗ്‌ ബോട്ടിന്റെ ക്യാപ്റ്റന്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ...?"

"എന്നിട്ടാണോ ഇവന്‍ ഇങ്ങനെയായത്‌...?

"മര്‍ഡോക്കിന്റെ മകന്റെ കീഴില്‍ ഒരു പെറ്റി ഓഫീസറായി ജോലിയിലിരിക്കുമ്പോഴായിരുന്നു ഒരു ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടത്‌..."

"ഓ... എനിക്കോര്‍മ്മയുണ്ട്‌ ആ സംഭവം. നോര്‍ത്ത്‌ സീയില്‍ വച്ച്‌ അവരുടെ കപ്പല്‍ ടോര്‍പ്പിഡോ ചെയ്ത്‌ തകര്‍ക്കപ്പെടുകയായിരുന്നു. ആ ദുഃഖവാര്‍ത്ത ഫാഡായില്‍ എത്തിക്കേണ്ടി വന്ന ദുര്യോഗമുണ്ടായത്‌ അന്ന് എനിക്കായിരുന്നു. ഞാന്‍ നിന്നോട്‌ പറഞ്ഞിട്ടില്ലേ, വെറുമൊരു പോസ്റ്റ്‌മാന്‍ മാത്രമാണ്‌ ഞാനെന്ന്...?"

അവള്‍ക്ക്‌ പെട്ടെന്ന് ദ്വേഷ്യം വന്നു. കാരണം ഇക്കാര്യം എത്രയോ വട്ടം അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു! "ഹാരീ... പ്ലീസ്‌... ഈ അപകര്‍ഷതാബോധം കൈവെടിയൂ... നിങ്ങള്‍ ഒരു നല്ല നിലയിലെത്തുമെന്നുറപ്പാണ്‌..." അദ്ദേഹത്തിന്റെ സ്വെറ്ററിന്റെ കൈയില്‍ അവള്‍ പിടിച്ചു. "ഈ സ്വഭാവം മാറ്റിയിട്ട്‌ വേണം ഇനി ഫാഡായിലേക്ക്‌ വരുവാന്‍.. അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ നേരെ കടലിലേക്കെടുത്തെറിഞ്ഞു കളയും..."

"ഉത്തരവ്‌ മാഡം..."

അദ്ദേഹം അവളെ ചുംബിക്കാനായാഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ കരങ്ങളില്‍ നിന്ന് വഴുതി മാറി അവള്‍ ഇടനാഴിയിലേക്ക്‌ നടക്കുമ്പോള്‍ അവള്‍ പറഞ്ഞു. "അങ്ങനെയിപ്പോള്‍ വേണ്ട..."

അവളുടെ പിന്നാലെ വീല്‍ ഹൗസില്‍ എത്തിയപ്പോള്‍ മര്‍ഡോക്കും ജെന്‍സണും അവിടെ നില്‍പ്പുണ്ടായിരുന്നു.

"മിസ്റ്റര്‍ മര്‍ഡോക്കിന്‌ എന്റെ വക ഒരു നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു ഞാന്‍... കുറച്ചുകൂടി നേരം പുലര്‍ന്നിട്ട്‌ യാത്ര തുടങ്ങുന്നതായിരിക്കും നല്ലതെന്ന്..." ജെന്‍സണ്‍ പറഞ്ഞു.

"എന്നിട്ടദ്ദേഹം എന്ത്‌ പറഞ്ഞു...?"

"ഒരു മനുഷ്യായുസ്സ്‌ മുഴുവന്‍ ... അതായത്‌ പത്തെഴുപത്‌ വര്‍ഷമായി കടലില്‍ കഴിഞ്ഞിട്ടുള്ളവന്‍ എന്ന നിലയില്‍ എന്നെപ്പോലൊരുവന്‌ സഹിക്കാന്‍ പറ്റുന്നതല്ല ഇത്തരം നിര്‍ദ്ദേശങ്ങള്‍. അയാളോട്‌ അയാളുടെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതിയെന്ന് പറഞ്ഞു..." അസഹിഷ്ണുതയോടെ മര്‍ഡോക്ക്‌ പറഞ്ഞു.

"നല്ല മറുപടി തന്നെയാണ്‌ താങ്കള്‍ കൊടുത്തത്‌..." ചിരിച്ചു കൊണ്ട്‌ ജാഗോ പറഞ്ഞു.

മര്‍ഡോക്ക്‌ തന്റെ പൈപ്പ്‌ എടുത്തു. "ഒരു കാര്യം ചെയ്യ്‌... നിങ്ങള്‍ രണ്ടുപേരും സ്റ്റോണോവേയിലേക്കല്ലെ.. ഒന്നു രണ്ട്‌ പ്ലേറ്റ്‌ ഓട്‌സ്‌ കഞ്ഞിയൊക്കെ അകത്താക്കി നേരം പുലര്‍ന്നിട്ട്‌ പുറപ്പെട്ടാല്‍ മതി രണ്ടുപേരും..."

"ഓട്‌സോ...?" ജെന്‍സണ്‍ ചോദിച്ചു. "അത്‌ ഇംഗ്ലണ്ടില്‍ കുതിരകള്‍ക്ക്‌ കൊടുക്കുന്നതും എന്നാല്‍ സ്കോട്ട്‌ലണ്ടില്‍ മനുഷ്യര്‍ ഭക്ഷിക്കുന്നതുമായ ഒരു ധാന്യമല്ലേ...? ഞാന്‍ പറഞ്ഞതല്ല... ഡോക്ടര്‍ സാമുവല്‍ ജോണ്‍സണ്‍ ആണ്‌ ഇക്കാര്യം ആദ്യം പറഞ്ഞത്‌. എന്തായാലും അദ്ദേഹം ആ സ്ഥലങ്ങളിലൊക്കെ സഞ്ചരിച്ചിട്ടുണ്ടെന്നത്‌ തീര്‍ച്ച..."

"ലെഫ്റ്റനന്റ്‌ ജാഗോ....!" മര്‍ഡോക്ക്‌ അരിശത്തോടെ വിളിച്ചു. "ഇയാളെ ഇവിടുന്ന് പുറത്താക്കുന്നോ അതോ ഞാന്‍ തന്നെ എടുത്ത്‌ കടലിലേക്കെറിയണോ...?"

"ഓ, ഞാന്‍ പോയേക്കാം സര്‍..." ജെന്‍സണ്‍ പിറകോട്ട്‌ വലിഞ്ഞ്‌ ബോട്ടിന്‌ പുറത്ത്‌ കടന്നു.

"അയാം സോറി മര്‍ഡോക്ക്‌.. വാസ്തവത്തില്‍ അത്‌ അദ്ദേഹത്തിന്റെ കുഴപ്പമല്ല. ചെറുപ്പത്തില്‍ തന്നെ അവര്‍ അദ്ദേഹത്തിനൊരു മരുന്ന് കൊടുത്തു... വിദ്യാഭ്യാസം എന്ന മരുന്ന്... അതിന്റെ കുഴപ്പമാണ്‌..." ജാഗോ പറഞ്ഞു.

"ഇനി നിങ്ങളും പോകൂ ഹാരീ..." ജാനറ്റ്‌ അദ്ദേഹത്ത്‌ മുന്നോട്ട്‌ തള്ളി.

ജാഗോ ബോട്ടില്‍ നിന്ന് ജെട്ടിയിലേക്കിറങ്ങി. ബോട്ട്‌ കെട്ടിയിരുന്ന കയര്‍ അഴിച്ച്‌ അദ്ദെഹം അവളുടെ നേര്‍ക്ക്‌ ഇട്ടു കൊടുത്തു. അത്‌ വാങ്ങിയിട്ട്‌ അരയ്ക്ക്‌ കൈയും കൊടുത്ത്‌ അവരെ ശ്രദ്ധിച്ചുകൊണ്ട്‌ അവള്‍ ഡെക്കില്‍ നിന്നു. ജാഗോ അവള്‍ക്ക്‌ ഒരു ഫ്ലയിംഗ്‌ കിസ്സ്‌ കൊടുക്കുന്നതായി ഭാവിച്ചു. അത്‌ സ്വീകരിച്ച്‌ കൈ ഉയര്‍ത്തി വീശി പുഞ്ചിരിച്ചുകൊണ്ട്‌ അവള്‍ വീല്‍ ഹൗസിലേക്ക്‌ നടന്നു.

"കാലാവസ്ഥാ മുന്നറിയിപ്പ്‌ എന്താണ്‌...?" മര്‍ഡോക്കിന്റെ അരുകില്‍ ഇരുട്ടിലേക്ക്‌ തുറിച്ച്‌ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ചോദിച്ചു.

"മൂന്ന് - നാല്‌ എന്ന നിലയില്‍ കാറ്റുണ്ടാകും. ഇടയ്ക്ക്‌ ശക്തിയായ മഴയോടുകൂടിയ കാറ്റ്‌ വീശാന്‍ സാദ്ധ്യതയുണ്ടത്രേ... ഹെബ്രിഡ്‌സിന്‌ സമീപം പുലര്‍ച്ചയ്ക്ക്‌ മുമ്പ്‌ മൂടല്‍ മഞ്ഞിനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല..."

"അതത്ര നല്ല വാര്‍ത്തയല്ലല്ലോ..."

"ഇതില്‍ ഇത്ര അത്ഭുതപ്പെടാനെന്തിരിക്കുന്നു...? ഒന്ന് രണ്ട്‌ ദിവസം കൂടി കഴിയട്ടെ... അപ്പോള്‍ നിനക്ക്‌ കാണാം.." മര്‍ഡോക്ക്‌ പറഞ്ഞു.

"താങ്കളെന്താ അങ്ങനെ പറഞ്ഞത്‌..."

"അത്ര നല്ല കാലാവസ്ഥയല്ല വരാനിരിക്കുന്നത്‌..."

"കാര്യമായിട്ടാണോ താങ്കള്‍ പറയുന്നത്‌...?" അവള്‍ പരിഭ്രമിച്ചു. ആഴ്ചകളോളം തന്നെ വന്‍കരയുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വരിക എന്നത്‌ അത്ര പുതുമയൊന്നുമല്ല ഫാഡാ ദ്വീപിന്‌ എന്നവള്‍ കേട്ടിട്ടുണ്ട്‌. പക്ഷേ അത്‌ മഞ്ഞുകാലത്താണ്‌.

"താങ്കള്‍ക്കത്‌ എങ്ങനെ അറിയാന്‍ കഴിയുന്നു...?"

"ഈ കാറ്റിന്റെ ഗന്ധത്തില്‍ നിന്ന് എനിക്കതറിയാന്‍ കഴിയും കുട്ടീ... ഈ മഴയുടെ സ്പര്‍ശത്തില്‍ നിന്നും... കാര്യങ്ങള്‍ മണത്തറിയാനുള്ള കഴിവ്‌... ഒരു പക്ഷേ ജീവിതകാലം മുഴുവന്‍ കടലില്‍ ചെലവഴിച്ചതിന്റെ പരിചയം കൊണ്ടാകാം..." അദ്ദേഹം പുഞ്ചിരിച്ചു.

അവള്‍ അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ചു. "എനിക്കറിയാം... താങ്കളൊരു അത്ഭുത പ്രതിഭാസമാണ്‌... ആട്ടെ, ഈ സ്റ്റിയറിംഗ്‌ ഞാന്‍ പിടിച്ചു നോക്കട്ടേ...?"

"കുറച്ച്‌ കഴിയട്ടെ... നീ പോയി ആ ചെക്കനെ ഒന്ന് നോക്കൂ... നിനക്കറിയാമല്ലോ കടല്‍ യാത്രയ്ക്കുള്ള അവന്റെ ബുദ്ധിമുട്ട്‌..."

അവള്‍ താഴോട്ട്‌ നടന്നു. മേശയ്ക്ക്‌ സമീപം ഇരുന്നിരുന്ന ലാക്ലന്റെ മുഖം ദയനീയമായിരുന്നു. ഒട്ടും വൈകാതെ അവള്‍ തന്റെ ബാഗില്‍ നിന്ന് ഗുളികകള്‍ എടുത്ത്‌ അവന്റെ നേര്‍ക്ക്‌ നീട്ടി.

"ഇത്‌ വിഴുങ്ങിയിട്ട്‌ അല്‍പ്പം വെള്ളം കുടിക്കൂ... എന്നിട്ട്‌ ആ ബങ്കില്‍ കിടന്ന് കൊള്ളൂ... ഞാന്‍ ഒരു കപ്പ്‌ ചായ എടുത്തിട്ടു വരാം..."

അവള്‍ കിച്ചണിലേക്ക്‌ നടന്നു. ലാക്ലന്‍ ഒരു നിമിഷം ബങ്കിനടുത്ത്‌ നിന്നു. തന്റെ വയറ്റിലുള്ളതെല്ലാം കൂടി ഇരച്ച്‌ കയറി മുകളിലേക്ക്‌ വരുന്നതായി അവന്‌ തോന്നി. പെട്ടെന്ന് തന്നെ അവന്‍ ടോയ്‌ലറ്റ്‌ റൂമിനടുത്തേക്ക്‌ ഓടി. വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്ക്‌ കയറാനാഞ്ഞ അവനെ എതിരേറ്റത്‌ വലത്‌ കൈയില്‍ മോസറുമായി ഇരിക്കുന്ന ഗെറിക്ക്‌ ആയിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)