പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, May 21, 2010

സ്റ്റോം വാണിംഗ്‌ - 46

വീല്‍ ഹൗസില്‍ ആരുടെയും ശല്യം ഉണ്ടായിരുന്നില്ല. മേശയ്ക്കരികില്‍ കിടന്നിരുന്ന ചാരുകസേരയില്‍ അലസമായി കിടന്നുകൊണ്ട്‌ ജാനറ്റ്‌ ഗെറിക്കിനെ ശ്രദ്ധിച്ചു. സ്റ്റിയറിംഗ്‌ വീലിനരുകില്‍ നിന്ന് യാത്ര ആസ്വദിക്കുകയായിരുന്നു അദ്ദേഹം.

"നിങ്ങള്‍ ഈ ജോലി വളരെയേറെ ഇഷ്ടപ്പെടുന്നുവല്ലേ...?" അവള്‍ ചോദിച്ചു.

"ഡെക്കിന്‌ മുകളില്‍ സ്റ്റിയറിംഗ്‌ പിടിച്ച്‌ നില്‍ക്കുക. ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ അനുഭവം... അല്ലേ...?" അദ്ദേഹം പുഞ്ചിരിച്ചു.

"എന്ത്‌ ചോദിച്ചാലും നിങ്ങള്‍ക്ക്‌ തമാശയാണ്‌..."

"പിന്നെന്ത്‌ ചെയ്യണം...? ജീവിതം എന്നത്‌ അത്ര സുഗമമായി ഒഴുകുന്ന ഒന്നല്ല എന്ന് വളരെ നേരത്തെ തന്നെ ഞാന്‍ മനസ്സിലാക്കി. നിനക്കറിയാമോ, എന്റെ ചെറുപ്പകാലം കഷ്ടപ്പാടുകള്‍ മാത്രം നിറഞ്ഞതായിരുന്നു. യുദ്ധത്തിനിടയില്‍ എന്റെ പിതാവ്‌ മരണമടഞ്ഞു..."

"അദ്ദേഹവും ഒരു സൈനികനായിരുന്നുവോ...?"

"അല്ല... എയര്‍ഫോഴ്‌സില്‍ പൈലറ്റ്‌ ആയിരുന്നു. മികച്ച ഫൈറ്റര്‍ പൈലറ്റുകളില്‍ ഒരുവന്‍. മൂന്ന് വര്‍ഷക്കാലമേ അദ്ദേഹത്തിന്‌ ആ ജോലി ചെയ്യാനായുള്ളൂ... അദ്ദേഹത്തിന്റെ മരണത്തോടെ ഞങ്ങളുടെ കുടുംബത്തിന്റെ താളം തെറ്റി..."

"അമ്മയോ...?"

"1918 ല്‍ നാടെങ്ങും പടര്‍ന്ന് പിടിച്ച ഇന്‍ഫ്ലുവെന്‍സയില്‍ മരണമടഞ്ഞു. അതിന്‌ ശേഷം അവരുടെ സഹോദരന്‍ ലോതര്‍ അങ്കിളിന്റെ കൂടെ ഹാംബര്‍ഗിലായിരുന്നു എന്റെ താമസം. ദയാലുവായ ഒരു സാധു മനുഷ്യന്‍. ഒരു ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വീട്ടില്‍ ഇരുന്നാല്‍ ഹാംബര്‍ഗിലേക്ക്‌ വരുന്നതും പോകുന്നതുമായ ഓരോ കപ്പലും കാണാന്‍ സാധിക്കുമായിരുന്നു. രാത്രികളില്‍ പുറത്തേക്ക്‌ പോകുന്ന കപ്പലുകളുടെ പ്രകാശം നോക്കിക്കൊണ്ട്‌ മണിക്കൂറുകളോളം ഞാന്‍ ഇരിക്കുമായിരുന്നു. തുറന്നിട്ട ജാലകത്തിലൂടെയുള്ള ആ കാഴ്ച എന്റെ മനസ്സില്‍ എങ്ങ്‌ നിന്നോ റൊമാന്റിക്ക്‌ ഭാവന ചിറക്‌ വിടര്‍ത്തുമായിരുന്നു. ആ കപ്പലുകള്‍ക്കൊപ്പം സഞ്ചരിക്കുവാന്‍ എനിക്ക്‌ ആഗ്രഹം തോന്നുമായിരുന്നു..."

"സ്നേഹമെന്ന വികാരത്തിന്റെ ആരംഭം...?"

"കനത്ത മൂടല്‍ മഞ്ഞ്‌ പെയ്യാറുള്ള സ്ഥലമാണത്‌. കപ്പലുകള്‍ മുഴക്കുന്ന സൈറന്റെ ചെവി തുളയ്ക്കുന്ന ശബ്ദം അതിനാല്‍ മുറിഞ്ഞ്‌ മുറിഞ്ഞായിരുന്നു കേട്ടിരുന്നത്‌..." മേശമേല്‍ വച്ചിരുന്ന പാക്കറ്റില്‍ നിന്ന് അദ്ദേഹം ഒരു സിഗരറ്റ്‌ എടുത്തു.

"അതെനിക്കറിയാം..." ജാനറ്റ്‌ പറഞ്ഞു. "ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ഇടയ്ക്ക്‌ കേപ്പ്‌ കോഡിലുള്ള ഒരു അമ്മാവന്റെ വീട്ടില്‍ പോയി താമസിക്കാറുണ്ട്‌ ഞാന്‍. വളരെയധികം മഞ്ഞ്‌ പെയ്യുന്ന സ്ഥലമാണ്‌ അതും. ചിലപ്പോള്‍ രാത്രികളില്‍ ദൂരെ കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ തമ്മില്‍ തമ്മില്‍ വിളിക്കുന്ന ശബ്ദം ഇതുപോലെ മുറിഞ്ഞ്‌ കേള്‍ക്കാമായിരുന്നു..."

"ഏകാന്തമായ പ്രദേശത്ത്‌ വല്ലപ്പോഴും മാത്രം കേള്‍ക്കുന്ന ശബ്ദം..." ഗെറിക്ക്‌ പറഞ്ഞു...

"സത്യം..." അവള്‍ ശരി വച്ചു.

"നാല്‍പ്പത്തിരണ്ടിലെ മാര്‍ച്ച്‌ - ഏപ്രില്‍ മാസക്കാലം... ആ പ്രദേശത്ത്‌ വച്ച്‌ പതിനൊന്ന് കപ്പലുകള്‍ ഞാന്‍ മുക്കിയിട്ടുണ്ട്‌. എന്തൊരു രസമായിരുന്നു അന്നൊക്കെ..." അവളെ ചൊടിപ്പിക്കുന്ന ഭാവത്തില്‍ അദ്ദേഹം പുഞ്ചിരിച്ചു. "യുദ്ധത്തില്‍ ഞങ്ങള്‍ വിജയിച്ചത്‌ തന്നെ എന്ന് തോന്നിപ്പോയ ആ നിമിഷങ്ങള്‍ എനിക്ക്‌ മറക്കാന്‍ കഴിയില്ല..."

"അമേരിക്കന്‍ കപ്പലുകളായിരുന്നിരിക്കും...?"

"ഒന്നൊഴിച്ച്‌ ബാക്കിയെല്ലാം... ആ വഴിക്ക്‌ വന്ന ഒരു സ്പാനിഷ്‌ ഓയില്‍ ടാങ്കറും അതില്‍ പെട്ടുപോയി എന്നാണ്‌ പറയപ്പെടുന്നത്‌..."

"അത്‌ ശരി... അപ്പോള്‍ ഒരു നിഷ്പക്ഷ രാജ്യത്തിന്റെ കപ്പല്‍ പോലും നിങ്ങളുടെ ആക്രമണത്തിന്‌ അതീതമല്ല അല്ലേ...?"

ഗെറിക്ക്‌ ഹാസ്യഭാവത്തില്‍ ഒന്ന് ചിരിച്ചു. "കടല്‍ ചെന്നായ്ക്കള്‍ എന്നല്ലേ നിങ്ങള്‍ ഞങ്ങളെ വിളിക്കുന്നത്‌...?"

"അപ്പോള്‍ നിങ്ങളതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവല്ലേ...?"

ഫ്ലാസ്കില്‍ നിന്ന് കുറച്ച്‌ ചായ കപ്പിലേക്ക്‌ പകര്‍ന്നിട്ട്‌ അവള്‍ തുടര്‍ന്നു.

"നിങ്ങളെക്കുറിച്ചെഴുതിയ ഒരു റിപ്പോര്‍ട്ട്‌ ട്രെയിനില്‍ വച്ച്‌ ലെഫ്റ്റനന്റ്‌ ജാഗോ എനിക്ക്‌ വായിക്കാന്‍ തന്നിരുന്നു..."

"അത്‌ സര്‍വ്വീസ്‌ ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമാണല്ലോ..."

"സാന്‍ ക്രിസ്റ്റബല്‍ എന്ന ആ സ്പാനിഷ്‌ കപ്പല്‍ ബില്‍ബാവോയില്‍ നിന്ന് പുറപ്പെട്ട ഒരു ഓയില്‍ ടാങ്കര്‍ ആയിരുന്നു. ഒരു നിഷ്പക്ഷരാജ്യത്തിന്റെ കപ്പല്‍ എന്ന നിലയ്ക്ക്‌ അതിനെ കടലില്‍ താഴ്ത്തിയപ്പോള്‍ മാദ്ധ്യമങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി. എന്നാല്‍ പിന്നീടാണ്‌ മനസ്സിലായത്‌, അമേരിക്കന്‍ യുദ്ധകാര്യാലയം വാടകയ്ക്കെടുത്തിരുന്ന കപ്പലായിരുന്നു അതെന്ന്. അതിനെ ടോര്‍പ്പിഡോ ചെയ്ത്‌ തകര്‍ക്കുമ്പോള്‍ നിങ്ങള്‍ക്കത്‌ അറിയുകയും ചെയ്യാമായിരുന്നു..." ജാനറ്റ്‌ പറഞ്ഞു.

"തീര്‍ച്ചയായും..." കോമ്പസ്‌ ബോക്സിലേക്ക്‌ നോക്കിയിട്ട്‌ ഗെറിക്ക്‌ ബോട്ടിന്റെ ദിശ അല്‍പ്പം വലത്‌ ഭാഗത്തേക്ക്‌ മാറ്റി.

"പിന്നെന്തിനാണ്‌ നിങ്ങളെന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്‌...?"

അദ്ദേഹം പുഞ്ചിരിച്ചു. "ഞാന്‍ കരുതി, അങ്ങനെ വിശ്വസിക്കാനാണ്‌ നിനക്കിഷ്ടം എന്ന്... ഞങ്ങള്‍ ദുഷ്‌പ്രവൃത്തികള്‍ക്ക്‌ പേര്‌ കേട്ടവരാണെന്നാണല്ലോ നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്‌... കപ്പല്‍ തകര്‍ന്ന് കടലില്‍ മുങ്ങിത്താഴുന്നവരില്‍ പെണ്‍വര്‍ഗ്ഗത്തില്‍ പെട്ട ആരെങ്കിലും ഉണ്ടോ എന്ന് സസൂക്ഷ്മം നിരീക്ഷിച്ച്‌ അവരെ മാത്രം രക്ഷപെടുത്തി, ബാക്കിയുള്ളവരെയെല്ലാം വെടിവച്ചു കൊല്ലുകയായിരുന്നു ഞങ്ങളുടെ വിനോദം..."

"ഡാംന്‍ യൂ ഗെറിക്ക്‌...!"

"ഹ ഹ ഹ... ഞാന്‍ എന്നേ നരകത്തില്‍ പോകേണ്ടവനാണ്‌..."

ഒരു സിഗരറ്റിന്‌ കൂടി തീ കൊളുത്തി, മേശയില്‍ കൈമുട്ടുകളൂന്നി അവള്‍ മുന്നോട്ടാഞ്ഞിരുന്നു. പുറത്തെ കനത്ത അന്ധകാരത്തിലേക്ക്‌ ഇടയ്ക്ക്‌ അവള്‍ പരിഭ്രമത്തോടെ നോക്കുന്നുണ്ടായിരുന്നു.

"നിങ്ങള്‍ കപ്പലുകളെ വളരെയധികം സ്നേഹിക്കുന്നു... എന്നിട്ട്‌ അവയെ നശിപ്പിക്കുകയും ചെയ്യുന്നു..."

"ജന്മനാ തന്നെ ഞാനൊരു തലതിരിഞ്ഞവനാണ്‌... എന്നെ നന്നാക്കാന്‍ പറ്റുമോ എന്ന് വേണമെങ്കില്‍ ഇനി നിനക്കൊന്ന് ശ്രമിച്ച്‌ നോക്കാം..."

"ഓ, വേണ്ട... അതത്ര എളുപ്പമല്ല..."

"പിന്നെന്താണ്‌ ഡോക്ടര്‍ വേണ്ടത്‌...? താന്‍ ഇഷ്ടപ്പെടുന്ന വസ്തുവിനെ നശിപ്പിക്കുക എന്ന മാനസിക നിലയുടെ കാര്യ കാരണങ്ങള്‍ വിശദീകരിക്കണോ ഞാന്‍...? ഫ്രോയ്‌ഡ്‌ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌... ചില സന്ദര്‍ഭങ്ങളില്‍ ഒരു സിഗരറ്റ്‌ എന്ന് പറഞ്ഞാല്‍ അതൊരു സിഗരറ്റ്‌ തന്നെയാണെന്ന്...."

"അക്കാര്യമൊന്നും ഞങ്ങളെ മെഡിക്കല്‍ കോളേജില്‍ പഠിപ്പിച്ചിട്ടില്ല..." അവള്‍ പറഞ്ഞു.

"എന്നാല്‍ പിന്നെ ഈ പറഞ്ഞതൊക്കെ ഈ നശിച്ച യുദ്ധത്തിന്റെ ഭാഗമായി മറന്ന് കളഞ്ഞേക്ക്‌..."

അതുവരെ കണ്ടിട്ടില്ലാത്ത ഒരു പാരുഷ്യം അദ്ദേഹത്തിന്റെ സ്വരത്തിനുണ്ടായിരുന്നു. അത്‌ കേട്ടപ്പോള്‍ അല്‍പ്പം ഉള്‍ഭയം തോന്നാതിരുന്നില്ല അവള്‍ക്ക്‌. പുറത്തെ ഇരുട്ടിലേക്ക്‌ വീണ്ടും അവള്‍ കണ്ണോടിച്ചു.

ഗെറിക്ക്‌ ബോട്ടിന്റെ ദിശ വീണ്ടും പരിശോധിച്ചു. മുന്നിലെ ഇരുട്ടിലേക്ക്‌ നോക്കിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ മുഖത്ത്‌ എപ്പോഴും കാണാറുള്ള മൃദുമന്ദഹാസം ഒരു നിമിഷത്തേക്ക്‌ മാഞ്ഞു.

"നിങ്ങളുടെ ഇംഗ്ലീഷ്‌ ... അത്‌ വളരെ മികച്ചത്‌ തന്നെ എന്ന് പറയാതിരിക്കാന്‍ കഴിയില്ല..." അവള്‍ വിഷയം മാറ്റാന്‍ ശ്രമിച്ചു.

"കുറച്ച്‌ കാലം ഞങ്ങള്‍ ഹള്ളില്‍ താമസിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരത്തുള്ള തുറമുഖ നഗരമാണത്‌..." അദ്ദേഹം പറഞ്ഞു.

"അതെനിക്കറിയാം..."

"അവിടെ വച്ച്‌ അമ്മാവന്‍ രണ്ട്‌ വര്‍ഷം എന്നെ ഇംഗ്ലീഷ്‌ പഠിക്കുവാന്‍ വിട്ടു. അത്‌ കഴിഞ്ഞ്‌ നാട്ടിലേക്ക്‌ മടങ്ങി. യൂണിവേഴ്‌സിറ്റിയില്‍ അമ്മാവന്റെ ഇഷ്ടവിഷയങ്ങളായ മാത്തമാറ്റിക്സും ഫിലോസഫിയും എടുത്തു. അത്‌ എനിക്ക്‌ പറ്റിയ പണിയല്ല എന്ന് മനസ്സിലായപ്പോള്‍ ഹാംബര്‍ഗിലുള്ള സ്കൂള്‍ ഓഫ്‌ നേവല്‍ പെറ്റി ഓഫിസേഴ്‌സില്‍ ചേരുവാന്‍ അദ്ദേഹം അനുവദിച്ചു. അതിന്‌ ശേഷം ഒരു കപ്പലില്‍ അപ്രന്റിസ്‌ ആയി ഞാന്‍ കടലിലേക്കിറങ്ങി..."

"ആ സ്കൂളിലെ ട്രെയിനിംഗ്‌ കുറച്ച്‌ കഠിനമാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്‌..." അവള്‍ അഭിപ്രായപ്പെട്ടു.

"അത്‌ ഇന്ന് എന്റെ സുഹൃത്ത്‌ കാര്‍വര്‍ ശരിയ്ക്കും മനസ്സിലാക്കി. ആങ്ങ്‌ഹ്‌... അത്‌ പോട്ടെ... പിന്നെ കുറച്ച്‌ കാലം പായ്‌ക്കപ്പലുകളില്‍ ജോലി നോക്കി. ചിലി, ഹോണ്‍, ആസ്ട്രേലിയ ... അങ്ങനെ നീണ്ട യാത്രകള്‍... ഒരു കാര്‍ഗോ കപ്പലില്‍ തേര്‍ഡ്‌ ഓഫീസറായിട്ടാണ്‌ എന്റെ ട്രെയിനിംഗ്‌ അവസാനിച്ചത്‌. ഇരുപത്തിരണ്ട്‌ വയസ്സായപ്പോഴേക്കും എനിക്ക്‌ സ്റ്റീം നാവിഗേഷനിലും സെയില്‍ നാവിഗേഷനിലും മാസ്റ്റര്‍ ബിരുദം ലഭിച്ചു..."

"എന്നിട്ട്‌...?"

"ആര്‍ക്കും എന്നെ വേണ്ടിയിരുന്നില്ല... ഒരു ജോലിക്ക്‌ വേണ്ടി ഹാംബര്‍ഗിലെ തെരുവുകളിലൂടെ ഞാന്‍ അലഞ്ഞുനടന്നു. എല്ലാ കപ്പലുടമകളുടെയും വാതിലുകളില്‍ ഞാന്‍ മുട്ടി. ആര്‍ക്കും ദയവുണ്ടായില്ല. ദാരിദ്ര്യം നേരിട്ടനുഭവിച്ച നാളുകള്‍... അവിടെയുള്ള ഒരു ബാറില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നിച്ചുകൂടുമായിരുന്നു. ഏതോ ഒരു പായ്‌ക്കപ്പലില്‍ പ്രധാനനാവികനായി വിരമിച്ച ഒരാളായിരുന്നു ആ ബാറിന്റെ ഉടമ. അദ്ദേഹത്തിന്റെ ശിപാര്‍ശയില്‍ ഒരു പായ്‌ക്കപ്പലില്‍ ജോലി ലഭിച്ചു എനിക്ക്‌. ചിലി, അമേരിക്ക, ആസ്ട്രേലിയ... പിന്നെ തിരികെ ജര്‍മ്മനിയിലേക്ക്‌... എന്നാല്‍ നാട്ടിലെത്തിയപ്പോഴേക്ക്‌ പരിതസ്ഥിതികള്‍ ആകെ മാറിക്കഴിഞ്ഞിരുന്നു..."

"എന്തായിരുന്നു അത്‌...?"

"തൊള്ളായിരത്തി മുപ്പത്തിമൂന്നിലായിരുന്നു അത്‌... ചരക്ക്‌ കപ്പലുകളില്‍ ജോലിയിലുള്ളവര്‍ക്ക്‌ ജര്‍മ്മന്‍ നേവിയില്‍ ഓഫീസേഴ്‌സ്‌ പദവിയില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം... പിന്നെ താമസമുണ്ടായില്ല. ഞാന്‍ നേവിയില്‍ ചേര്‍ന്നു..."

"എന്നിട്ട്‌ കപ്പലുകള്‍ മുക്കുന്ന വിദ്യ പഠിച്ചു...?"

"അതെ..."

കുറച്ച്‌ നിമിഷത്തേക്ക്‌ അവിടെങ്ങും നിശബ്ദത നിറഞ്ഞു. കാറ്റിന്റെ ദിശ മാറിയിരുന്നു. ഉയര്‍ന്നുകൊണ്ടിരിക്കുന്ന തിരമാലകളില്‍ കാട്രീന ചാഞ്ചാടുവാന്‍ തുടങ്ങി.

"സ്ത്രീകള്‍... കുടുംബം... ഇവയെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ... നിങ്ങളുടെ ജീവിതത്തില്‍ ഇവയ്ക്കൊന്നും സ്ഥാനമില്ലേ ഇതുവരെ...?" ജാനറ്റ്‌ കൗശലത്തോടെ അടുത്ത ചോദ്യം എറിഞ്ഞു.

"വാസ്തവം പറഞ്ഞാല്‍ ഇല്ല... സ്ത്രീകള്‍ക്ക്‌ സ്ഥാനമുണ്ടായിരുന്നു... ഓണ്‍ലി ഇന്‍ ദ്‌ ബേസിക്ക്‌ സെന്‍സ്‌... ഞാന്‍ അധികവും കടലിലല്ലേ... ഒരു ബന്ധം വളര്‍ത്തിക്കൊണ്ടുവരുവാന്‍ സമയം ലഭിക്കാറില്ല..."

"അപ്പോള്‍ രാത്രികളില്‍ മാത്രം കടന്നുപോകുന്ന കപ്പലാണല്ലേ...?"

"ഹ ഹ ഹ... നല്ല ഉപമ..." അദ്ദേഹം തോള്‍ വെട്ടിച്ചു. "ജീവിതത്തില്‍ വന്നുചേരുന്ന നൂലാമാലകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്‌... നീയത്‌ ശ്രദ്ധിച്ചിട്ടുണ്ടോ...? ദുര്‍ഘടം പിടിച്ച സമയത്താണവയെല്ലാം കൂടി പ്രത്യക്ഷപ്പെടുക... യാതൊന്നും തന്നെ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍..."

അവളുടെ മുഖത്തേക്ക്‌ അദ്ദേഹം കണ്ണോടിച്ചു. എന്തോ ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്ന അവള്‍ നെടുവീര്‍പ്പിട്ടു. പെട്ടെന്നാണ്‌ വലിയൊരു തിരമാല കാട്രീനയുടെ വലത്‌ വശത്ത്‌ വന്നടിച്ചത്‌. ബോട്ട്‌ ഇടത്‌ വശത്തേക്ക്‌ ചരിഞ്ഞതോടെ ജാനറ്റ്‌ സീറ്റില്‍ നിന്ന് തെറിച്ച്‌ താഴെ വീണു.

ഗെറിക്കിന്റെ വിദഗ്ദ്ധ കരങ്ങള്‍ സ്റ്റിയറിംഗ്‌ വീലില്‍ പ്രവര്‍ത്തിച്ചു. ഞൊടിയിടയ്ക്കുള്ളില്‍ ബോട്ട്‌ പൂര്‍വ്വസ്ഥിതിയിലെത്തി.

"നിനക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ.." അദ്ദേഹം ചോദിച്ചു.

എഴുന്നേറ്റ്‌ കഴിഞ്ഞിരുന്നുവെങ്കിലും ജാനറ്റിന്റെ മുഖം ഭയത്താല്‍ വിളറിയിരുന്നു.

"എനിക്ക്‌ കുഴപ്പമൊന്നുമില്ല... പക്ഷേ, താഴെ കിടക്കുന്നവരുടെ സ്ഥിതി എന്താണെന്ന് ഒന്ന് പോയി നോക്കട്ടെ..." ഇരുട്ടിലേക്കവള്‍ തുറിച്ചുനോക്കി. "കടല്‍ ഇനിയും വഷളാകുമെന്ന് തോന്നുന്നുണ്ടോ...?"

"എന്ന് തോന്നുന്നു... നില്‍ക്ക്‌... ഞാന്‍ ഇതൊന്ന് ഓട്ടോമാറ്റിക്ക്‌ സിസ്റ്റത്തിലാക്കട്ടെ... ഞാനും വരാം കൂടെ..." അദ്ദേഹം പറഞ്ഞു.

"ഈ അവസ്ഥയില്‍ ഓട്ടോമാറ്റിക്ക്‌ കണ്‍ട്രോളില്‍ വിടുന്നത്‌ സുരക്ഷിതമായിരിക്കുമോ...?"

"നിന്നെ തനിച്ച്‌ താഴെ പോകാന്‍ അനുവദിക്കുന്നതിലും സുരക്ഷിതമായിരിക്കും എന്തായാലും..."

പക്ഷേ, അപ്പോഴേക്കും വാതില്‍ തുറന്ന് പോയിക്കഴിഞ്ഞിരുന്നു അവള്‍. സ്വയം ശപിച്ചുകൊണ്ട്‌ ഗെറിക്ക്‌, സ്റ്റിയറിംഗ്‌ ലോക്ക്‌ ചെയ്ത്‌ അവള്‍ക്ക്‌ പിന്നാലെ കുതിച്ചു. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു അദ്ദേഹം. സലൂണില്‍ എത്തിയ അദ്ദേഹം കണ്ടത്‌, ലാക്ലന്റെ ലീ എന്‍ഫീല്‍ഡ്‌ റൈഫിള്‍ ചൂണ്ടി നില്‍ക്കുന്ന ജാനറ്റിനെയാണ്‌. അതിന്റെ സേഫ്റ്റി ക്യാച്ച്‌ അമര്‍ത്തി തുറന്നിട്ട്‌ അവള്‍ ഉണ്ടകള്‍ നിറച്ചു.

"നിറച്ച തോക്ക്‌..." ഗെറിക്ക്‌ മന്ത്രിച്ചു.

"യാതൊരു സംശയവും വേണ്ട...." എഴുന്നേറ്റിരിക്കാന്‍ ബദ്ധപ്പെട്ടുകൊണ്ട്‌ ലാക്ലന്‍ പറഞ്ഞു.

ഗെറിക്ക്‌ തന്റെ മോസര്‍ പുറത്തെടുത്ത്‌ അണ്‍ലോക്ക്‌ ചെയ്തു. "സ്റ്റേല്‍മേറ്റ്‌..."

"നിങ്ങളുടെ നേര്‍ക്ക്‌ നിറയൊഴിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്‌ ഡാര്‍ലിംഗ്‌..." ഉന്മാദിനിയെപ്പോലെ അവള്‍ പറഞ്ഞു. "വേണ്ടി വന്നാല്‍ ഞാനത്‌ ചെയ്യുക തന്നെ ചെയ്യും... ഉന്നം തെറ്റാന്‍ യാതൊരു സാദ്ധ്യതയും ഇല്ല നിങ്ങള്‍ക്കറിയാമല്ലോ..."

ഉറച്ച തീരുമാനമെടുത്ത ഭാവമായിരുന്നു അവളുടെ മുഖത്ത്‌. എന്നാല്‍ അതിലേറെ പരിഭ്രമവും. എന്ത്‌ തന്നെ സംഭവിച്ചാലും ശരി,അദ്ദേഹം തോക്കിന്റെ കാഞ്ചി വലിക്കില്ല എന്നവള്‍ക്ക്‌ ഉറപ്പുണ്ടായിരുന്നു. തന്നെക്കൊണ്ട്‌ ഈ ക്രൂരകൃത്യം ചെയ്യിക്കല്ലേ എന്നൊരു യാചനാഭാവം അവളുടെ മുഖത്ത്‌ പ്രത്യക്ഷപ്പെട്ടു.

ഗെറിക്ക്‌ സൗമ്യനായി ഒന്ന് പുഞ്ചിരിച്ചു. പിന്നെ തന്റെ കൈയിലെ മോസര്‍ മേശപ്പുറത്ത്‌ വച്ചു. "ശരി... അങ്ങനെയെങ്കില്‍ അങ്ങനെ... ഇത്രയും നേരം നല്ലൊരു നേരമ്പോക്കായിരുന്നു... എന്ത്‌ ചെയ്യാം..."

ഇരു കൈകളും കഴുത്തിന്‌ പിന്നില്‍ കെട്ടി അദ്ദേഹം അവള്‍ക്ക്‌ മുന്നില്‍ നിന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)

13 comments:

  1. വീണ്ടും ആന്റി ക്ലൈമാക്സിലേക്ക്‌... നിങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു...

    എറക്കാടന്റെ നേതൃത്വത്തില്‍ ജാനറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകൃതമായിരിക്കുന്നു. അപ്പോള്‍ ജിമ്മി മറുകണ്ടം ചാടാന്‍ റെഡിയായി നില്‍ക്കുകയാണല്ലേ? നടക്കട്ടെ... ഇതുകൊണ്ടൊന്നും ഗെറിക്കിന്റെ ആരാധകരുടെ ആത്മവിശ്വാസം നഷ്ടപ്പെടുമെന്ന് വിചാരിക്കണ്ടാട്ടോ...

    ReplyDelete
  2. ഗെറിക്കിന്റെ വീരകഥകൾക്കൊപ്പം ചരിത്രവും കെട്ടഴിയുന്നു അല്ലെ
    ഇനി ആന്റി ക്ല്ലൈമാക്സ് കാണാൻ അടുത്തയാഴ്ച്ചവരെ കാക്കണമല്ലോ...

    ReplyDelete
  3. ഗെറിക്കിനെ കൂടുതല്‍ മനസ്സിലാക്കിതന്ന എപ്പിസോഡ്‌..
    ജാനെറ്റിനേയും..
    ഞാന്‍ ഗെറിക്കിന്റെ കൂടെത്തന്നെയാണേ..
    കഥയുടെ പുതിയ രംഗങ്ങള്‍ക്കായി കാത്തിരിക്കുകയാണ്‌..
    എല്ലാ ആശംസകളും!!

    ReplyDelete
  4. "ജീവിതത്തില്‍ വന്നുചേരുന്ന നൂലാമാലകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്‌... നീയത്‌ ശ്രദ്ധിച്ചിട്ടുണ്ടോ...? ദുര്‍ഘടം പിടിച്ച സമയത്താണവയെല്ലാം കൂടി പ്രത്യക്ഷപ്പെടുക... യാതൊന്നും തന്നെ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍..."

    എത്ര സത്യം!

    (അണ്ണാ, ഞാനും ഗെറിക്കിന്റെ കൂടെ തന്നെ... എന്നാലും ഈ ജാനറ്റ് ഒരു സംഭവം തന്നെ എന്ന് പറയാതെ വയ്യ..)

    ReplyDelete
  5. ഗെറിക്ക് വീണ്ടും കുഴപ്പത്തിലായോ?

    ReplyDelete
  6. ഇപ്രാവ്ശ്യം ഞാൻ എത്താൻ വൈകി....പോരട്ടെ ബാക്കി കൂടി

    ReplyDelete
  7. മുന്‍പിവിടെ വരുമ്പോഴൊക്കെ ഇതൊരു തുടരന്‍ ആണല്ലോ,മുന്‍പത്തേതു മുഴുവന്‍ വായിച്ചാലല്ലേ മനസ്സിലാവൂ എന്നു കരുതി തിരിച്ചു പോവാറാണു പതിവ്.
    ഇന്നെന്തോ ഒന്നു വായിച്ചു നോക്കിയിട്ടു തന്നെ കാര്യമെന്നു തോന്നി.പിറകിലോട്ടു പോയി ഒന്നു രണ്ടു അദ്ധ്യായങ്ങള്‍ കൂടി വായിച്ചു.ഈ കക്ഷി ഗെറിക്ക് ആളൊരു പ്രത്യേക മനസ്സിനുടമയാണെന്നും,ജാനറ്റ് അയാളെ മനസ്സിലാക്കിയെടുക്കാന്‍ നന്നായി പാട് പെടുന്നുണ്ടെന്നും മനസ്സിലായി.കൂടുതലായിട്ട് പതുക്കെ,പതുക്കെ മൊത്തം വായിച്ച് സംഭവം മനസ്സിലാക്കിയിട്ട് പറയാം ട്ടോ.:)

    ReplyDelete
  8. ഉഷാറാവുന്നുണ്ട് കഥ. ജാനെറ്റിനും ഗെറിക്കിനും മാത്രമേ ഫാന്‍സ്‌ ഉള്ളു? ഇവരെ പരിചയപ്പെടുത്തിയ വിനുവേട്ടന് ഒരു ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിക്കുന്നുണ്ടോ? എങ്കില്‍ ഞാനിതാ ചേര്‍ന്നു.

    ReplyDelete
  9. സുകന്യച്ചേച്ചി പറഞ്ഞത്‌ ഒരു കാര്യമാണ്‌. എത്ര മനോഹരമായിട്ടാണ്‌ വിനുവേട്ടന്‍ ഈ നോവലിന്റെ തര്‍ജ്ജമ ചെയ്തുകൊണ്ടിരിക്കുന്നത്‌. ഒരു അന്യഭാഷാ നോവല്‍ ആണെന്ന് തോന്നുകയേയില്ല. ഞാനും ചേരുന്നു വിനുവേട്ടന്‍ ഫാന്‍സ്‌ അസോസിയേഷനില്‍.

    ഗെറിക്കിന്റെ കാര്യം വീണ്ടും കഷ്ടത്തിലായല്ലോ. കഥയുടെ ഓരോ ലക്കവും രസകരമായി തന്നെ പോകുന്നു.

    ReplyDelete
  10. മുരളിഭായ്‌... ആദ്യസന്ദര്‍ശകനായി അല്ലേ? നന്ദി.. ഗെറിക്ക്‌ നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനാ... ഒരു പാട്‌ കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്‌... കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുക...

    ജോയ്‌... ഗെറിക്കിന്റെ വ്യക്തിത്വം അതൊന്ന് വേറെ തന്നെ...

    ജിമ്മി... ആ വാക്യത്തില്‍ തന്നെ പിടിച്ചുവല്ലേ? എനിക്കറിയാമായിരുന്നു...

    എഴുത്തുകാരി... ഗെറിക്ക്‌ ഇനി എന്ത്‌ ചെയ്യുമെന്ന് നമുക്ക്‌ കാത്തിരുന്ന് കാണാം...

    എറക്കാടന്‍... ഫ്ലക്സ്‌ വലിച്ച്‌ കെട്ടാന്‍ പോയിട്ട്‌ വരാന്‍ വൈകി അല്ലേ? എന്തായാലും എത്തിയല്ലോ ... അതുമതി...

    റെയര്‍ റോസ്‌... അപ്പോള്‍ സ്ഥിരമായി ഇവിടെ വരാറുണ്ടല്ലേ? എന്നിട്ടാണോ കമന്റിന്‌ പിശുക്ക്‌ കാണിച്ചത്‌? എന്തായാലും ആദ്യം മുതല്‍ പെട്ടെന്ന് വായിച്ച്‌ ഒപ്പമെത്തൂ...

    സുകന്യ... നന്ദിട്ടോ... ഈ ബുദ്ധി ഇവിടെ മറ്റാര്‍ക്കും തോന്നിയില്ലല്ലോ...

    ലേഖ... ശരി ശരി... സുകന്യയുടെ കൂടെ കൂടിയ്ക്കോ....

    ReplyDelete
  11. വീണ്ടും ഗെറിക്ക്‌ അടിയറവ്‌ പറഞ്ഞു അല്ലേ?

    പിന്നെ, ഞാന്‍ വിനുവേട്ടന്റെ ഫാന്‍ ആയിട്ട്‌ കുറേയേറെ നാളായിട്ടോ...

    ReplyDelete
  12. ശ്ശെടാ... ഈ പെണ്ണിനെ കൊണ്ട് തോറ്റല്ലോ... ;)

    ഗെറിക്ക് ഇനി എന്ത് ചെയ്യുമെന്ന് കാണട്ടെ...

    ReplyDelete
  13. വായിക്കുന്നു

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...