പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Wednesday, June 30, 2010

സ്റ്റോം വാണിംഗ്‌ - 51

ബെര്‍ഗറുടെ ക്യാബിന്‍ ആകെപ്പാടെ അലങ്കോലമായിട്ടാണ്‌ ഇപ്പോള്‍ കിടക്കുന്നത്‌. ഒരു മൂലയില്‍ ഓയില്‍ സ്റ്റൗ വച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മേശ, പാത്രങ്ങള്‍ വയ്ക്കുവാനായി വിട്ടുകൊടുത്തിരിക്കുന്നു. അവിടെ എത്തിയ കുറച്ച്‌ നാവികര്‍ക്ക്‌ ഭക്ഷണം വിളമ്പിക്കൊടുത്തുകൊണ്ടിരിക്കുകയാണ്‌ കാത്തെ, എല്‍സെ, ബ്രിജിത്തെ എന്നീ കന്യാസ്ത്രീകള്‍. വെളിയില്‍ കാറ്റ്‌ അതിന്റെ സര്‍വ്വശക്തിയുമെടുത്ത്‌ ആഞ്ഞടിക്കുകയാണ്‌. നന്നായി ക്ഷോഭിച്ചിരിക്കുന്ന സമുദ്രത്തിലൂടെ ഇരുവശത്തേക്കും ആടിയുലഞ്ഞ്‌ കുതിച്ചുകൊണ്ടിരിക്കുകയാണ്‌ ഡോയ്‌ഷ്‌ലാന്റ്‌.

ഒരു കൈയിലെ ഗ്ലാസില്‍ റമ്മും മറുകൈയില്‍ കുപ്പിയുമായി നില്‍ക്കുകയാണ്‌ ക്യാപ്റ്റന്‍. ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് എത്തിയതേയുള്ളൂ അദ്ദേഹം. ഒരു അരുവിയില്‍ നിന്ന് എന്ന പോലെ അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ കോട്ടില്‍ നിന്ന് വെള്ളം താഴേക്ക്‌ ഇറ്റിറ്റ്‌ വീഴുന്നുണ്ട്‌. അസ്ഥികള്‍ക്കുള്ളിലേക്ക്‌ വരെ തണുപ്പ്‌ അരിച്ചുകയറുന്നത്‌ പോലെ തോന്നി അദ്ദേഹത്തിന്‌.

സിസ്റ്റര്‍ കാത്തെ അദ്ദേഹത്തെ നോക്കി. "കഴിക്കാന്‍ എന്തെങ്കിലും എടുക്കട്ടെ ക്യാപ്റ്റന്‍...?"

ബെര്‍ഗര്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "സമയമില്ല സിസ്റ്റര്‍... അവിടെ പലതും ചെയ്യാന്‍ കിടക്കുന്നു... ഇവിടെ കുഴപ്പങ്ങളൊന്നുമില്ലല്ലോ...?"

"ജോലിത്തിരക്ക്‌ ഒഴിയുന്നത്‌ നോക്കിയാണ്‌ നാവികരില്‍ പലരും ഭക്ഷണത്തിന്‌ എത്തുന്നത്‌. മൂന്നോ നാലോ പേരില്‍ കൂടില്ല ഒരിക്കലും... എപ്പോഴും ഒരു സ്റ്റൗ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്‌..."

"അതായത്‌ എപ്പോള്‍ വേണമെങ്കിലും ചൂടുള്ള ഭക്ഷണം ലഭിക്കുമെന്നര്‍ത്ഥം... അതും ഇത്തരം കാലാവസ്ഥയില്‍... വളരെ നന്ദിയുണ്ട്‌ മഹതികളേ ഞങ്ങള്‍ക്ക്‌ നിങ്ങളോട്‌..." അദ്ദേഹം തന്റെ കണ്ണട തുടച്ചു. "ശരി... ഞാന്‍ അങ്ങോട്ട്‌ ചെല്ലട്ടെ..."

ചീറിയടിക്കുന്ന കാറ്റിനെതിരെ വളരെ ബുദ്ധിമുട്ടി കതക്‌ അടച്ചിട്ട്‌ അദ്ദേഹം പുറത്ത്‌ കടന്നു. ഇളകി മറിയുന്ന കടലിലൂടെ സകല പായകളിലും നിറഞ്ഞ കാറ്റോടെ ഡോയ്‌ഷ്‌ലാന്റ്‌ കുതിക്കുകയാണ്‌... തിരമാലകള്‍ക്ക്‌ മുകളിലൂടെ കയറിയിറങ്ങുമ്പോള്‍ കൈവരികള്‍ക്ക്‌ മുകളിലൂടെ വെള്ളം ഉയര്‍ന്ന് തട്ടിത്തെറിച്ചുകൊണ്ടിരുന്നു. സ്റ്റിയറിംഗ്‌ വീലിനടുത്ത്‌ രണ്ട്‌ പേരുണ്ട്‌. ഡെക്കില്‍ നിന്ന് താഴോട്ട്‌ പോകാനുള്ള വാതിലിന്‌ മുന്നില്‍ മുട്ടറ്റം വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ആ കതക്‌ വലിച്ച്‌ തുറന്ന് ജലപ്രവാഹത്തോടൊപ്പം അദ്ദേഹം ഇടനാഴിയിലേക്ക്‌ പതിച്ചു. പെട്ടെന്ന് തന്നെ ചാടിയെഴുന്നേറ്റ്‌ കതകുകള്‍ കൊട്ടിയടച്ച്‌ അദ്ദേഹം താഴേക്ക്‌ നടന്നു.

ഏതാണ്ട്‌ ഒരടിയോളം ഉയരത്തില്‍ വെള്ളം തറയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്നുണ്ടായിരുന്നു അവിടെ. ജാലകത്തിലൂടെ അല്‍പ്പം പോലും പ്രകാശം അവിടെയെത്തുന്നുണ്ടായിരുന്നില്ല. സീലിങ്ങില്‍ തൂങ്ങിക്കിടന്നിരുന്ന രണ്ട്‌ റാന്തലുകള്‍ ആടിക്കൊണ്ടിരുന്നു.

സിസ്റ്റര്‍ ആഞ്ചലയുടെ 'ആഫ്റ്റര്‍നൂണ്‍ ക്ലിനിക്കിലെ' സേവനത്തിനായി ഊഴം കാത്ത്‌ നാല്‌ പേര്‍ അവിടെ നിന്നിരുന്നു. അസിസ്റ്റന്റ്‌ ഇലക്ട്രീഷ്യന്‍ കാള്‍ സ്ഫോറര്‍ മേശമേല്‍ കിടക്കുന്നുണ്ട്‌. അയാളുടെ വലത്‌ കൈയില്‍ സാമാന്യം വലിയൊരു വ്രണം രൂപം കൊണ്ടിരിക്കുന്നു.

അയാളുടെ സമീപം നിന്നിരുന്ന സിസ്റ്റര്‍ ആഞ്ചല, തന്റെ സ്കേര്‍ട്ടിന്റെ അറ്റം ബെല്‍റ്റിലേക്ക്‌ തിരുകി വച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ അടങ്ങിയ ഒരു ട്രേയും ഒരു ബേസിനും കൈയിലേന്തി ലോട്ടെ അവരുടെ അരികില്‍ത്തന്നെയുണ്ട്‌. റിക്ടര്‍ അയാളുടെ തലഭാഗത്തായി നിലയുറപ്പിച്ചിരിക്കുന്നു.

"എന്താ സംഭവം ഇവിടെ...?" ബെര്‍ഗര്‍ ചോദിച്ചു.

"ഇന്‍ഫെക്ഷന്‍ കാരണം അയാളുടെ ഒരു കൈ ഏതാണ്ട്‌ മരവിച്ചത്‌ പോലെയായി.." സിസ്റ്റര്‍ ആഞ്ചല പേനാക്കത്തിയെടുത്തുകൊണ്ട്‌ പറഞ്ഞു. "നല്ല മിടുക്കനായി ധൈര്യത്തോടെയിരിക്കൂ കാള്‍... പെട്ടെന്ന് തന്നെ തീര്‍ത്ത്‌ തരാം..."

പതിനെട്ട്‌കാരനായ സ്ഫോറര്‍ വല്ലാതെ ഭയന്നിരുന്നു. അയാളുടെ മുഖം വിയര്‍പ്പില്‍ കുളിച്ചിരുന്നു. അയാളുടെ തോളില്‍ കൈ വച്ചിരുന്ന റിക്ടറുടെ നേരെ സിസ്റ്റര്‍ ആഞ്ചല ആംഗ്യം കാണിച്ചു. പെട്ടെന്നുണ്ടായ ഒരു തിരമാലയില്‍ പെട്ട്‌ ഡോയ്‌ഷ്‌ലാന്റ്‌ ഒന്നുലഞ്ഞു. മുറിയില്‍ കെട്ടിക്കിടന്നിരുന്ന വെള്ളം ഒരു തിര കണക്കെ മറുവശത്തേക്ക്‌ നീങ്ങി.

അവിടെ നിന്നിരുന്നവരില്‍ ഒരുവന്‍ തറയിലെ വെള്ളത്തില്‍ മുട്ടുകുത്തി വീണു. എന്നാല്‍ മേശയില്‍ മുറുകെ പിടിച്ച്‌ സിസ്റ്റര്‍ ആഞ്ചല തന്റെ ജോലി തുടര്‍ന്നുകൊണ്ടിരുന്നു.

പേനാക്കത്തി ആ വ്രണങ്ങളില്‍ ദ്രുതഗതിയില്‍ ചലിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് അതില്‍ നിന്ന് പഴുപ്പ്‌ പൊട്ടി ചീറ്റിയപ്പോള്‍ അസഹനീയമായ ദുര്‍ഗന്ധം അവിടെങ്ങും പരന്നു. ഉച്ചത്തില്‍ അലറിക്കൊണ്ട്‌ വേദനയോടെ അയാള്‍ ഒന്ന് പിടഞ്ഞു. എന്നാല്‍ റിക്ടറിന്റെ ഭാരം മുഴുവനും അയാളുടെ മുകളില്‍ ആയിരുന്നത്‌ കൊണ്ട്‌ അയാള്‍ക്ക്‌ അനങ്ങുവാന്‍ കഴിയുമായിരുന്നില്ല. അടുത്ത നിമിഷം തന്നെ അയാളുടെ ബോധം മറഞ്ഞു.

അസാമാന്യ വേഗതയോടെ സിസ്റ്റര്‍ ആഞ്ചല തന്റെ പ്രവൃത്തി തുടര്‍ന്നു. ഇനി സൗമ്യതയുടെ പ്രശ്നം ഉദിക്കുന്നില്ല. ഒരക്ഷരം പോലും ഉരിയാടാതെ ലോട്ടെ, ഉപകരണങ്ങള്‍ ഓരോന്നായി എടുത്തു കൊടുത്തുകൊണ്ടിരുന്നു. പഴുപ്പ്‌ നിറഞ്ഞിരുന്ന ആ വ്രണങ്ങള്‍ ഓരോന്നായി വൃത്തിയാക്കി കെട്ടുന്നതില്‍ വ്യാപൃതയായി സിസ്റ്റര്‍ ആഞ്ചല.

"ഈ അസുഖത്താല്‍ പലരും കഷ്ടപ്പെടുന്നുണ്ടല്ലേ...?" ബെര്‍ഗര്‍ ചോദിച്ചു.

"ഏതാണ്ട്‌ പകുതിയോളം പേര്‍..." അവര്‍ പറഞ്ഞു.

റിക്ടര്‍ അദ്ദേഹത്തെ നോക്കി. "നീണ്ട ഒരു യാത്ര തന്നെ... അല്ലേ ക്യാപ്റ്റന്‍...?"

"അതേ... വളരെ നീണ്ട ഒരു യാത്ര തന്നെയായിപ്പോയി എന്ന് തോന്നുന്നു ഇപ്പോള്‍..." ബെര്‍ഗറുടെ മറുപടിയില്‍ ക്ഷീണം കലര്‍ന്നിരുന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Wednesday, June 23, 2010

സ്റ്റോം വാണിംഗ്‌ - 50

നീളമുള്ള പിച്ചള ദണ്ഡ്‌ കൊണ്ട്‌ ഒരു വിറക്‌ കഷണം കൂടി നെരിപ്പോടിനുള്ളിലേക്ക്‌ നീക്കിയിട്ടിട്ട്‌ ജാനറ്റ്‌ കസേരയില്‍ വന്ന് ഇരുന്നു. താന്‍ കൊണ്ടുവന്ന കത്ത്‌ വായിച്ചുകൊണ്ട്‌ ജാലകത്തിനരുകില്‍ നില്‍ക്കുന്ന അഡ്‌മിറല്‍ റീവിനെ അവള്‍ ശ്രദ്ധിച്ചു.

"നിന്നോടും ഇക്കാര്യം സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം ഇതില്‍ എഴുതിയിട്ടുണ്ടല്ലോ..."

"അതേ... ഗൈസ്‌ ഹോസ്പിറ്റലിന്‌ മുന്നില്‍ പാര്‍ക്ക്‌ ചെയ്തിരുന്ന അദ്ദേഹത്തിന്റെ കാറിനുള്ളില്‍ വച്ച്‌..."

റീവിന്റെ മുഖം നിര്‍വികാരമായിരുന്നു. ജാനറ്റിന്റെ ക്ഷമ നശിച്ചത്‌ പെട്ടെന്നായിരുന്നു.

"അങ്കിളിന്‌ ഒരു ജോലി തരാമെന്ന് അദ്ദേഹം ഉറപ്പ്‌ പറഞ്ഞിട്ടുണ്ടല്ലോ... സുപ്രീം കമാന്‍ഡര്‍ ആണ്‌ പറഞ്ഞിരിക്കുന്നത്‌... വീണ്ടും ഫീല്‍ഡിലേക്ക്‌ പ്രവേശിക്കാനുള്ള അവസരം... അതല്ലേ അങ്കിള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതും...?"

"സപ്ലൈ ആന്റ്‌ പേഴ്‌സണല്‍ കോ-ഓര്‍ഡിനേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിട്ട്‌...?" അവജ്ഞയോടെ പറഞ്ഞിട്ട്‌ അദ്ദേഹം ആ കത്ത്‌ ചുരുട്ടിക്കൂട്ടി.

"മൈ ഗോഡ്‌...! പിന്നെന്താണ്‌ അങ്കിളിന്‌ വേണ്ടത്‌...? ചുടുചോരയോ..!!!"

ഒരു ട്രേയില്‍ ചായയുമായി ജീന്‍ സിന്‍ക്ലെയര്‍ എത്തി. "കുടുംബവഴക്കാണോ...? എനിക്കിതില്‍ ഇടപെടാന്‍ വല്ല വകുപ്പുമുണ്ടോ...?" ചിരിച്ചുകൊണ്ട്‌ അവര്‍ ചോദിച്ചു.

"ആ കത്ത്‌ അവരെ കാണിക്കൂ... അതറിയാനുള്ള അവകാശം തീര്‍ച്ചയായും അവര്‍ക്കുമുണ്ട്‌..." അവള്‍ അദ്ദേഹത്തോട്‌ പറഞ്ഞു.

റിവിന്റെ അരികില്‍ ചെന്ന് അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് ചുരുട്ടിക്കൂട്ടിയ ആ കടലാസ്‌ ജീന്‍ പിടിച്ചുവാങ്ങി. പിന്നെ അത്‌ നിവര്‍ത്തി നേരെയാക്കി വായിച്ചു.

"വണ്ടര്‍ഫുള്‍ ക്യാരീ..." അവര്‍ അദ്ദേഹത്തിന്റെ കവിളില്‍ ചുംബിച്ചു. "വളരെ സന്തോഷകരമായ വാര്‍ത്തയാണല്ലോ ഇത്‌..."

"മൈ ഗോഡ്‌...! നിങ്ങളും ഇവളെപ്പോലെ മണ്ടിയാണോ...? ഇരുപത്തിനാല്‌ മണിക്കൂറും ഫയലുകളില്‍ ഒപ്പ്‌ വയ്ക്കുന്ന, ഉന്നതനായ ഒരു ക്ലാര്‍ക്ക്‌... അതാണ്‌ ഈ ജോലി..."

ജീന്‍ അദ്ദേഹത്തെ നെരിപ്പോടിനരുകിലേക്ക്‌ നീക്കി നിറുത്തി.

ജാനറ്റ്‌ തലയാട്ടി. "അങ്കിളും ഹാരി ജാഗോയും ഒരു പോലെ തന്നെ... രണ്ട്‌ പേര്‍ക്കും യുദ്ധരംഗത്തേക്ക്‌ തിരിച്ചുപോകാനുള്ള അദമ്യമായ അഭിവാഞ്ഛ... ഇങ്ങനെയുണ്ടോ യുദ്ധഭ്രാന്ത്‌...!"

"ആങ്ങ്‌ഹ്‌..നിങ്ങള്‍ വഴക്കടിക്കേണ്ട... സന്തോഷിക്കേണ്ട ദിനമാണിന്ന്... രുചികരമായ ഒരു ഡിന്നര്‍ ഒരുക്കുന്നുണ്ട്‌ ഞാനിന്ന്. ഗെയിം പൈ, മുയലിറച്ചി എന്നിങ്ങനെ സ്പെഷല്‍ വിഭവങ്ങളുണ്ടാകും. പിന്നെ, ആ കോളിന്‍ ഷാമ്പെയ്‌നിന്റെ നാല്‌ ബോട്ട്‌ല്‍ ഞാന്‍ പ്രത്യേകം സൂക്ഷിച്ച്‌ വച്ചിട്ടുമുണ്ട്‌..."

"വഴക്കുണ്ടാക്കിയതില്‍ സോറി കേട്ടോ ജീന്‍..." ജാനറ്റ്‌ പറഞ്ഞു. "പിന്നെ, ഡിന്നറിന്‌ ഞാനെങ്ങനെയാ നന്ദി പറയുക... തീര്‍ച്ചയായും ഞാന്‍ വരാം..."

നെരിപ്പോടിനരുകില്‍ നിന്നുകൊണ്ട്‌ റീവ്‌ പൈപ്പില്‍ പുകയില നിറച്ചു. "നിങ്ങള്‍ക്കറിയുമോ... ഗെറിക്ക്‌ എന്നെ ആവേശഭരിതനാക്കുന്നു... ഒരു ലെജന്റിനെ മുഖാമുഖം കാണാന്‍ സാധിക്കുക...! ഒരാള്‍ക്ക്‌ അത്യപൂര്‍വ്വം മാത്രം ലഭിക്കുന്ന ഒരു അവസരമാണത്‌..."

"അത്ര എക്സ്‌ട്രാ ഓര്‍ഡിനറി ആണോ അദ്ദേഹം...?" ജീന്‍ ചോദിച്ചു.

"നാവികരംഗത്ത്‌ തീര്‍ച്ചയായും... അതില്‍ സംശയമേയില്ല. ഒരു പക്ഷേ, ഇരു ഭാഗങ്ങളിലേയും വച്ച്‌ ഏറ്റവും വിദഗ്ദ്ധനായ സബ്‌മറീന്‍ കമാന്‍ഡര്‍ ആയിരിക്കും അദ്ദേഹം... ഇതുവരെ പരസ്യമാക്കാത്ത ഇന്റലിജന്‍സ്‌ ഇന്‍ഫര്‍മേഷനാണത്‌. എന്തായാലും ഒരു അസാധാരണ വ്യക്തി തന്നെയാണദ്ദേഹം... അതിന്‌ സംശയമില്ല..."

"ദൈവമേ...! അങ്കിള്‍ ആരുടെ ഭാഗത്താണ്‌...?" ജാനറ്റിന്റെ സ്വരത്തില്‍ ദ്വേഷ്യം കലര്‍ന്നിരുന്നു.

"ഓ, നീയെന്നെ തെറ്റിദ്ധരിച്ചു... ഒരേ രംഗത്ത്‌ വര്‍ക്ക്‌ ചെയ്യുന്ന വ്യക്തികള്‍ എന്ന നിലയില്‍ അദ്ദേഹത്തോടുള്ള ബഹുമാനം മാത്രം... ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ അദ്ദേഹം നടത്തിയ ആക്രമണം ഓര്‍ക്കുന്നില്ലേ...? ദാറ്റ്‌ വാസ്‌ ക്വയറ്റ്‌ സംതിംഗ്‌... എങ്ങനെ അത്‌ വിജയകരമായി അദ്ദേഹം നിര്‍വഹിച്ചു എന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്‌..."

"എന്നാല്‍ അദ്ദേഹത്തെയും കൂടി വിളിക്കൂ ഡിന്നറിന്‌... നാല്‌ പേര്‍ ഒന്നിച്ചുകൂടുക... അതല്ലേ അതിന്റെ ഒരു രീതി... ഉറ്റ സുഹൃത്തുമായി യുദ്ധകാര്യങ്ങള്‍ സംസാരിച്ചിരിക്കുകയും ചെയ്യാം..." അവളുടെ പരിഹാസം അല്‍പ്പം ദ്വേഷ്യത്തോടെയായിരുന്നു.

പുരികം ചുളിച്ച്‌ ഒരു ചെറുപുഞ്ചിരിയോടെ റീവ്‌ പറഞ്ഞു. "അതൊരു നല്ല ഐഡിയ ആണല്ലോ..."

"അങ്കിള്‍ തമാശ പറയുകയാണോ...?"

"എന്താ, അദ്ദേഹത്തെ ക്ഷണിച്ചുകൂടേ...?" അദ്ദേഹം ജീനിന്റെ നേര്‍ക്ക്‌ തിരിഞ്ഞു. "എന്തു പറയുന്നു...?"

അവര്‍ ഒന്ന് പരുങ്ങി. "എനിക്കറിയില്ല ക്യാരീ... ഇന്നലെയാണ്‌ നിങ്ങളിത്‌ എന്നോട്‌ ചോദിച്ചിരുന്നതെങ്കില്‍ നിങ്ങള്‍ക്ക്‌ ഭ്രാന്താണെന്ന് ഞാന്‍ പറയുമായിരുന്നു... പക്ഷേ, ഇപ്പോള്‍......" അവര്‍ നെറ്റി ചുളിച്ചു. "ശത്രു... ഞാന്‍ ഏറ്റവുമധികം വെറുക്കുന്ന പദമാണത്‌... എന്നിട്ടും എന്തോ... അദ്ദേഹത്തെ വെറുക്കാന്‍ എനിക്കാവുന്നില്ല... ആഫ്റ്റര്‍ ഓള്‍... ഹീ ഈസ്‌ എ ഹ്യൂമന്‍ ബീയിംഗ്‌..."

"അദ്ദേഹം ഡിന്നറിന്‌ വരണമോ വരേണ്ടയോ...?" റീവ്‌ അക്ഷമയോടെ ചോദിച്ചു. "നിങ്ങള്‍ക്ക്‌ തീരുമാനിക്കാം... നിങ്ങളാണ്‌ ഇവിടുത്തെ ന്യായാധിപ..."

"ഇന്ന് വൈകുന്നേരം അദ്ദേഹത്തിന്‌ പരോള്‍ അനുവദിക്കാനാണോ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്‌...?"

"പരോള്‍ അത്ര പഴഞ്ചന്‍ രീതിയൊന്നുമല്ല... നമ്മുടെ ലാക്ലന്‍, റൈഫിളുമായി അദ്ദേഹത്തിന്‌ അകമ്പടിയുണ്ടായിരിക്കും..."

"എന്തിനിത്ര പാട്‌ പെടുന്നു...?" ജാനറ്റ്‌ ചോദിച്ചു. "ഇതിന്റെയൊക്കെ ആവശ്യം എന്താണ്‌ അങ്കിള്‍...?"

"എന്തിനാണെന്നോ...? ചുരുങ്ങിയത്‌, യുദ്ധത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനെങ്കിലും സാധിക്കും..." അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു. ആ ഭാവത്തിലുള്ള ക്യാരി റീവിനെ മനസ്സിലാക്കാന്‍ അവള്‍ക്കൊരിക്കലും കഴിഞ്ഞിരുന്നില്ല.

"എന്തായാലും, മനസ്സിന്‌ ആനന്ദകരമായ ഒരു സായാഹ്നമായിരിക്കും ഇതെന്ന് ഉറപ്പാണ്‌..." അദ്ദേഹം മന്ത്രിച്ചു.* * * * * * * * * * * * * * * * * * * * * * * * * * * * *


തടവറയിലെ തന്റെ കട്ടിലില്‍ നിസ്സംഗനായി കിടക്കുകയാണ്‌ ഗെറിക്ക്‌. പെട്ടെന്ന് ഓഫീസ്‌ റൂമില്‍ നിന്ന് കേട്ട പൊട്ടിച്ചിരിയുടെ ഉടമയെ തിരിച്ചറിഞ്ഞ അദ്ദേഹം അത്ഭുതപ്പെട്ടു പോയി. ഇടനാഴിയില്‍ അവളുടെ പാദപതനം കേട്ടതും അദ്ദേഹം ചാടിയെഴുന്നേറ്റു.

"സാധാരണ, ചലച്ചിത്രങ്ങളില്‍ ഇതുപോലുള്ള രംഗങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്‌..." അവള്‍ പറഞ്ഞു. "അപ്പോള്‍ അവര്‍ ചോദിക്കുന്ന ഡയലോഗ്‌ ഇങ്ങനെയല്ലേ...? ഒന്നിനും ഒരു കുറവുമില്ലല്ലോ... അവര്‍ എല്ലാം ശരിയ്ക്ക്‌ നോക്കുന്നില്ലേ...?"

"ഹേയ്‌... ഒരു പരാതിയുമില്ല... ഇപ്പോള്‍ എന്തിനാണാവോ എനിക്ക്‌ ആഹ്ലാദകരമായ ഈ സന്ദര്‍ശനം...?" ഗെറിക്ക്‌ മന്ദഹസിച്ചുകൊണ്ട്‌ ചോദിച്ചു.

"ജീന്‍ സിന്‍ക്ലെയറിന്റെ വക ഒരു ക്ഷണമുണ്ട്‌ ഡിന്നറിന്‌..."

അല്‍പ്പം പരിഭ്രമത്തോടെ ലാക്ലന്‍ അവളുടെ പിന്നില്‍ പ്രത്യക്ഷപ്പെട്ടു.

"എന്നെ പരിഹസിക്കുകയായിരിക്കും...?" ഗെറിക്ക്‌ ഹാസ്യഭാവത്തില്‍ ചോദിച്ചു.

"കൃത്യം ഏഴരക്ക്‌... പിന്നെ, താങ്കള്‍ക്ക്‌ ടൈ ഇല്ലെങ്കിലും സാരമില്ല... യൂണിഫോം മതി. ലാക്ലന്‍ ആയിരിക്കും താങ്കളെ അങ്ങോട്ട്‌ കൂട്ടിക്കൊണ്ട്‌ വരുന്നത്‌. ഒരു കാര്യം... ഇവനെ വെട്ടിച്ച്‌ എങ്ങോട്ടെങ്കിലും കടന്നുകളയാമെന്ന ചിന്ത ദയവ്‌ ചെയ്ത്‌ മനസ്സില്‍ നിന്ന് കളഞ്ഞേക്കൂ... ആവശ്യം വന്നാല്‍ നിറയൊഴിക്കാന്‍ ഇവന്‍ മടിക്കില്ല..."

ആദരവോടെ അദ്ദേഹം തല കുനിച്ചു. "ഇത്ര ആകര്‍ഷകമായ ഒരു ക്ഷണം എങ്ങനെയാണ്‌ ഞാന്‍ നിരസിക്കുക...!"

"എനിക്കതറിയാം..." അവള്‍ പറഞ്ഞു. "ജര്‍മ്മന്‍ നേവിയുടെ അഭിമാനഭാജനം ഇപ്പോള്‍ നിസ്സഹായവസ്ഥയിലാണല്ലോ..."

വെട്ടിത്തിരിഞ്ഞ്‌ അവിടമാകെ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ട്‌ അവള്‍ പുറത്തേക്ക്‌ നടന്നു. ലാക്ലന്‍, അത്ഭുതത്തോടെ വായ്‌ തുറന്ന് ഗെറിക്കിന്റെ മുഖത്തേക്ക്‌ നോക്കി നിന്നുപോയി. അദ്ദേഹം മന്ദഹസിച്ചു.

"നീ പേടിക്കേണ്ട ലാക്ലന്‍... എന്നെപ്പോലെ ഒഴുക്കിനൊപ്പം നീന്തുക..."

കൈകള്‍ മടക്കി തലയിണയാക്കി അദ്ദേഹം വീണ്ടും കട്ടിലില്‍ കിടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Wednesday, June 16, 2010

സ്റ്റോം വാണിംഗ്‌ - 49

കല്ല് പാകിയ ആ നിരത്തിലൂടെ അവര്‍ നടന്നു. ഗെറിക്ക്‌ ആയിരുന്നു നടുവില്‍. ശക്തിയായ മഴയുള്ളതിനാല്‍ പരിസര വാസികള്‍ മിക്കവാറും വീടുകളില്‍ തന്നെയായിരുന്നു. ഒരിടത്ത്‌ മാത്രം ഒരു വീടിന്റെ ഉമ്മറത്ത്‌ നിന്നുകൊണ്ട്‌ ഒരു സ്ത്രീ അവരെ ആകാംക്ഷയോടെ വീക്ഷിച്ചു. എവിടെ വച്ചോ അവരുടെ പിന്നാലെ കൂടിയ രണ്ട്‌ കുട്ടികളെ മര്‍ഡോക്ക്‌ ഓടിച്ചുവിട്ടു.

ആ തെരുവ്‌ അവസാനിക്കുന്നിടത്തായിരുന്നു പോലീസ്‌ സ്റ്റേഷന്‍. ഹാര്‍ബറിന്‌ അഭിമുഖമായി സ്ഥിതി ചെയ്തിരുന്ന ആ കെട്ടിടം ദ്വീപിലെ മറ്റ്‌ എല്ലാ കെട്ടിടങ്ങളെയും എന്ന പോലെ ഉറപ്പേറിയ ഗ്രാനൈറ്റ്‌ കല്ലുകള്‍ കൊണ്ട്‌ നിര്‍മ്മിച്ചതായിരുന്നു. ഇരുമ്പഴികളും വലിയ ജാലകങ്ങളും ആയിരുന്നു മറ്റ്‌ കെട്ടിടങ്ങളില്‍ നിന്ന് അതിനുണ്ടായിരുന്ന വ്യത്യാസം.

റീവ്‌, അതിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മര്‍ഡോക്ക്‌ തന്റെ ബൂട്ട്‌സ്‌ കൊണ്ട്‌ കതകില്‍ തട്ടി ശബ്ദമുണ്ടാക്കിയിട്ട്‌ ചോദിച്ചു. "ലാക്ലന്‍, നീ ഉറക്കമാണോ...?"

ഉള്ളില്‍ നിന്ന് ഓടാമ്പല്‍ നീങ്ങുന്ന ശബ്ദം കേള്‍ക്കാറായി. പിന്നെ വാതില്‍ തുറന്ന് ലാക്ലന്‍ പുറത്തേക്ക്‌ എത്തി നോക്കി. അപ്പോഴും തന്റെ സൈനിക വേഷത്തിലായിരുന്നു അവന്‍.

"ഇദ്ദേഹത്തെ തല്‍ക്കാലം നമുക്ക്‌ കൂട്ടിലടയ്ക്കാം..." മര്‍ഡോക്ക്‌ പറഞ്ഞു.

പഴയ ഒരു മേശയും കസേരയും പിന്നെ ചെറിയ ഒരു നെരിപ്പോടും മാത്രമേ ആ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ.

ലാക്ലന്‍ തന്റെ റൈഫിള്‍ എടുത്ത്‌ തോളിലിട്ടു. പിന്നെ ചുമരിലെ ആണിയില്‍ കൊളുത്തിയിരുന്ന വലിയ താക്കോല്‍ക്കൂട്ടം എടുത്തു.

"ഇദ്ദേഹത്തെ ഇപ്പോള്‍ തന്നെ അകത്താക്കുകയാണോ അഡ്‌മിറല്‍...?"

"എത്രയും പെട്ടെന്നാകുന്നതല്ലേ നല്ലത്‌...?"

ഇടുങ്ങിയ ആ ഇടനാഴിയിലൂടെ അവര്‍ അല്‍പ്പം മുന്നോട്ട്‌ നടന്നു. ഇരുവശങ്ങളിലുമായി മൂന്ന് സെല്ലുകളുണ്ടായിരുന്നു. എല്ലാം ഇരുമ്പഴികള്‍ കൊണ്ട്‌ അടയ്ക്കപ്പെട്ടത്‌. ലാക്ലന്‍ അതിലൊന്ന് തുറന്നു. പിന്നെ ഗെറിക്കിന്റെ കൈവിലങ്ങ്‌ അഴിച്ചിട്ട്‌ അദ്ദേഹത്തെ ഉള്ളിലേക്ക്‌ നയിച്ചു. ഒരു ഇരുമ്പ്‌ കട്ടില്‍, മൂന്നോ നാലോ ബ്ലാങ്കറ്റുകള്‍, പിന്നെ ഒരു ബക്കറ്റ്‌.. ഇത്രയും ആയിരുന്നു ആ മുറിയിലെ വസ്തുക്കള്‍. ലാക്ലന്‍ പുറത്ത്‌ കടന്ന് അഴികള്‍ ചേര്‍ത്തടച്ച്‌ ലോക്ക്‌ ചെയ്തു.

"അങ്ങനെ അതും കഴിഞ്ഞു..." ഒരു പാക്കറ്റ്‌ സിഗരറ്റ്‌, തീപ്പെട്ടി, ഒരു ന്യൂസ്‌ പേപ്പര്‍ എന്നിവ അഴികള്‍ക്കിടയിലൂടെ ഇട്ടു കൊടുത്തിട്ട്‌ റീവ്‌ പറഞ്ഞു. "മൂന്ന് ദിവസം പഴക്കമുള്ള പത്രമാണ്‌... വേറൊന്നും ചെയ്യാനില്ലാത്ത നിലയ്ക്ക്‌ വെറുതെ മറിച്ചു നോക്കാമെന്ന് മാത്രം. പിന്നെ, യുദ്ധത്തില്‍ നിങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബോദ്ധ്യമാകുകയും ചെയ്യും..."

മര്‍ഡോക്ക്‌ തന്റെ പോക്കറ്റില്‍ നിന്ന് ഒരു ചെറിയ കുപ്പി എടുത്തു. "കുറച്ച്‌ കഴിഞ്ഞാല്‍ നല്ല തണുപ്പായിരിക്കും ഇവിടെ... ഒരു മരുന്നിനായി ഇരിക്കട്ടെ ഇത്‌..."

"ജെന്റില്‍മെന്‍... എങ്ങനെയാണ്‌ ഇതിനൊക്കെ ഞാന്‍ നന്ദി പറയുക... ഇതൊക്കെത്തന്നെ ധാരാളം..." ഗെറിക്ക്‌ വിനയത്തോടെ പറഞ്ഞു.

റീവ്‌ ഒന്ന് പുഞ്ചിരിച്ചു. പിന്നെ തിരിഞ്ഞ്‌ മര്‍ഡോക്കിനൊപ്പം ഓഫീസിലേക്ക്‌ നടന്നു. ഗെറിക്ക്‌ ഒറ്റയ്ക്കായി. അദ്ദേഹം ആ തടവറയ്ക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും വെറുതേ നടന്നു. പിന്നെ ജാലകത്തിനടുത്തുള്ള കട്ടിലില്‍ ചെന്നിരുന്ന് ഹാര്‍ബറിലേക്ക്‌ പ്രത്യാശയോടെ നോക്കി.

മര്‍ഡോക്ക്‌ കൊടുത്ത ബോട്ട്‌ല്‍ തുറന്ന് അദ്ദേഹം അല്‍പ്പം രുചിച്ച്‌ നോക്കി. അതിറങ്ങിപ്പോയ വഴി മുഴുവന്‍ കത്തിയെരിയുന്നത്‌ പോലെ തോന്നി അദ്ദേഹത്തിന്‌. വയറിനുള്ളില്‍ സ്ഫോടനം നടക്കുന്നത്‌ പോലെ... ഒരു നിമിഷം ശ്വാസം തന്നെ നിലച്ചത്‌ പോലുള്ള അവസ്ഥ.

"ഓ, മൈ ഗോഡ്‌...!!!" അദ്ദേഹം അറിയാതെ വിളിച്ചു പോയി.

അത്‌ കേട്ട ലാക്ലന്‍ തോളില്‍ റൈഫിളുമായി ഓടിയെത്തി അദ്ദേഹത്തിന്റെ സെല്ലിന്‌ മുന്നില്‍ നിന്നു. പിന്നെ, അല്‍പ്പം ഭയത്തോടെ റൈഫിള്‍ തോളില്‍ നിന്ന് എടുത്ത്‌ ഇരു കൈകളിലും മുറുകെ പിടിച്ച്‌ അദ്ദേഹത്തെ ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു.

ഗെറിക്ക്‌ പതുക്കെ എഴുന്നേറ്റ്‌ റീവ്‌ കൊടുത്ത പാക്കറ്റില്‍ നിന്ന് ഒരു സിഗരറ്റ്‌ എടുത്ത്‌ ചുണ്ടില്‍ വച്ചു.

"നിനക്ക്‌ വേണോ സിഗരറ്റ്‌...?" പാക്കറ്റ്‌ നീട്ടിക്കൊണ്ട്‌ അദ്ദേഹം അഴികള്‍ക്കടുത്തേക്ക്‌ നീങ്ങി.

അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. അവന്റെ സ്വരത്തില്‍ പരിഭ്രമം കലര്‍ന്നിരുന്നു. "താങ്കളുടെ മോസറില്‍ ബുള്ളറ്റ്‌ ഉണ്ടായിരുന്നല്ലോ... അത്‌ അണ്‍ലോഡ്‌ ചെയ്തപ്പോള്‍ ഞാന്‍ കണ്ടിരുന്നു..."

"ശരിയാണ്‌..."

"വേണമെങ്കില്‍ താങ്കള്‍ക്ക്‌ അവര്‍ക്ക്‌ നേരെ നിറയൊഴിക്കാമായിരുന്നു... പക്ഷേ, എന്തുകൊണ്ടത്‌ ചെയ്തില്ല...?"

"ജാനറ്റിനെയോ...? എനിക്കതിന്‌ കഴിയുമായിരുന്നുവെന്ന് നിനക്ക്‌ തോന്നുന്നുണ്ടോ...?" ഗെറിക്ക്‌ സൗമ്യമായി ചോദിച്ചു.

അവന്‍ നെടുവീര്‍പ്പിട്ടു. ഇപ്പോഴാണ്‌ അവന്‌ ആശ്വാസമായത്‌. റൈഫിളിന്റെ കുഴല്‍ അവന്‍ താഴേക്ക്‌ വച്ചു.

"ഇല്ല, താങ്കള്‍ക്കതിന്‌ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു..." രണ്ടടി വച്ചിട്ട്‌ പിന്തിരിഞ്ഞ്‌ അവന്‍ ചോദിച്ചു. "ഞാന്‍ ചായ ഇടാന്‍ പോകുകയാണ്‌. താങ്കള്‍ക്ക്‌ ഒരു കപ്പ്‌ എടുക്കട്ടേ...?"

"ചായ... ഇത്രയും ഇഷ്ടമുള്ള മറ്റൊന്നുമില്ല എനിക്ക്‌..."

"താങ്കള്‍ക്ക്‌ നേരെ നിറയൊഴിക്കാന്‍ തയ്യാറായിട്ടാണ്‌ ഞാന്‍ വന്നത്‌ കമാന്‍ഡര്‍... എന്റെ പിതാവിന്റെ ഓര്‍മ്മ ആ തീരുമാനത്തിന്‌ ശക്തി പകര്‍ന്നതുമാണ്‌. പക്ഷേ, ഇവിടെയെത്തിയപ്പോഴാണ്‌ എനിക്ക്‌ മനസ്സിലായത്‌... എനിക്കതിനാവില്ല എന്ന്..." ലാക്ലന്‍ തലകുനിച്ചു കൊണ്ട്‌ പറഞ്ഞു.

"എനിക്കതറിയാമായിരുന്നു..." ഗെറിക്ക്‌ മന്ത്രിച്ചു.

തിരിഞ്ഞ്‌ നടന്ന് പോകുന്ന അവന്റെ പാദപതനം അകന്നകന്ന് പോയി. തനിക്ക്‌ ലഭിച്ച ഇരുമ്പ്‌ കട്ടിലില്‍ വന്നിരുന്ന് വീണ്ടുമൊരു സിഗരറ്റിന്‌ തീ കൊളുത്തുമ്പോള്‍ ഗെറിക്കിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.


* * * * * * * * * * * * * * * * * * * * * * * * * * *


സ്കീ ദ്വീപിന്‌ പടിഞ്ഞാറ്‌ ഏകദേശം അഞ്ച്‌ നോട്ടിക്കല്‍ മൈല്‍ അകലെയായി കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്‌ ഡെഡ്‌ എന്‍ഡ്. കാലാവസ്ഥ അല്‍പ്പം മോശമാണ്‌. പീറ്റേഴ്‌സണ്‍ ആണ്‌ സ്റ്റിയറിംഗ്‌ നിയന്ത്രിക്കുന്നത്‌. ചാര്‍ട്ട്‌ ടേബിളിന്‌ മുന്നിലിരുന്ന് ബോട്ടിന്റെ ദിശ പരിശോധിക്കുകയാണ്‌ ഹാരി ജാഗോ. പിന്നില്‍ കതക്‌ തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ കാപ്പി കൊണ്ടുവരികയാണെന്നാണ്‌ അദ്ദേഹം കരുതിയത്‌. എന്നാല്‍ പ്രതീക്ഷയ്ക്ക്‌ വിരുദ്ധമായി കൈയില്‍ ടെലക്സ്‌ മെസ്സേജുമായി അത്ഭുതപരതന്ത്രനായി നില്‍ക്കുന്ന ജന്‍സണെയാണ്‌ അദ്ദേഹം കണ്ടത്‌.

"ലെഫ്റ്റനന്റ്‌... ഒരു സ്പെഷല്‍ മെസ്സേജ്‌ ആണ്‌ സര്‍..."

"മെസ്സേജോ...? മലേയ്‌ഗില്‍ നിന്നോ...?" ജാഗോ ആശ്ചര്യപ്പെട്ടു. "അര മണിക്കൂറല്ലേ ആയുള്ളു നാം മലേയ്‌ഗില്‍ നിന്ന് പുറപ്പെട്ടിട്ട്‌... എന്താണത്‌...? വായിക്കൂ..."

ജന്‍സണ്‌ തന്റെ ആഹ്ലാദം മറച്ച്‌ വയ്ക്കാനായില്ല. ആവേശത്തോടെ അയാള്‍ അത്‌ വായിക്കാന്‍ തുടങ്ങി.

"കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌, കാട്രീനയില്‍ ഒളിച്ച്‌ കടക്കാനുള്ള ശ്രമത്തിനിടയില്‍ പിടിയിലായിരിക്കുന്നു. ഇപ്പോള്‍ ഫാഡാ ജയിലില്‍. നാളെ, സ്റ്റോണോവേയില്‍ നിന്ന് മടങ്ങുന്ന വഴി അവിടെയെത്തി കസ്റ്റഡിയില്‍ എടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു."

ജാഗോ അവിശ്വസനീയതയോടെ അയാളെ തുറിച്ചു നോക്കി. പിന്നെ അയാളുടെ കൈയില്‍ നിന്ന് ആ പേപ്പര്‍ പിടിച്ചുവാങ്ങി സ്വയം വായിച്ചു നോക്കി. "ഇല്ല... അസാദ്ധ്യം... അസംഭവ്യം..."

"പക്ഷേ, സംഭവം ശരിയാണെന്ന് തോന്നുന്നു സര്‍... ക്യാപ്റ്റന്‍ മറേ നേരിട്ട്‌ വിളിച്ചു പറയുകയും ചെയ്തിരുന്നു..."

"എന്നാല്‍ ശരി... മറുപടി അയച്ചേക്കൂ... മെസ്സേജ്‌ ലഭിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു. കാലാവസ്ഥ അനുകൂലമാണെങ്കില്‍, പുലര്‍ച്ചയ്ക്ക്‌ തന്നെ സ്റ്റോണോവേയില്‍ നിന്ന് പുറപ്പെടുകയായി. മദ്ധ്യാഹ്നത്തോടെ ഫാഡായില്‍ എത്തുമെന്ന് കരുതുന്നു... ആഹ്‌... പെട്ടെന്ന് നീങ്ങാന്‍ നോക്കാം നമുക്ക്‌..."

ജന്‍സണ്‍ സന്തോഷം അടക്കാനാവാതെ വെളുക്കെ ചിരിച്ചു കൊണ്ട്‌ പുറത്ത്‌ കടന്നു. ജാഗോ, മേശപ്പുറത്ത്‌ കിടന്നിരുന്ന പെന്‍സില്‍ എടുത്ത്‌ വിരലുകള്‍ക്കിടയിലിട്ട്‌ ഞെരുക്കി.

* * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

Tuesday, June 8, 2010

സ്റ്റോം വാണിംഗ്‌ - 48

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...


പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 23. സിസ്റ്റര്‍ ആഞ്ചലയും പ്രേയ്‌ഗറും കൂടി എന്റെയടുത്ത്‌ വന്നു. ജോലിക്കാരുടെയും യാത്രികരുടെയും മാനസികാവസ്ഥ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതില്‍ അവര്‍ രണ്ടുപേരും ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. മോശമായ കാലാവസ്ഥയില്‍ അടുക്കള മിക്കവാറും നനഞ്ഞ്‌ കുതിരുന്നതിനാല്‍ ചൂടുള്ള ഭക്ഷണവും പാനീയവും വിതരണം ചെയ്യാന്‍ കഴിയുന്നില്ല എന്ന് അവര്‍ പരാതി പറഞ്ഞു. ഇക്കാര്യത്തില്‍ സിസ്റ്റര്‍ ആഞ്ചല മുന്നോട്ട്‌ വച്ച നിര്‍ദ്ദേശം ഞാന്‍ അംഗീകരിച്ചു. കപ്പലില്‍ അല്‍പ്പമെങ്കിലും നനവ്‌ തട്ടാത്ത സ്ഥലമുണ്ടെങ്കില്‍ അത്‌ എന്റെ ക്യാബിന്‍ മാത്രമാണ്‌. അത്‌ പാചകാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഞാന്‍ അനുവാദം കൊടുത്തു. ഇന്ന് ഏകദേശം 225 മൈലുകള്‍ പിന്നിട്ടതായി കണക്കാക്കുന്നു.അദ്ധ്യായം പതിനൊന്ന്


കൈകള്‍ പിന്നിലേക്ക്‌ കൂട്ടിക്കെട്ടിയ അവസ്ഥയില്‍ ആ ചെറിയ സ്വീകരണമുറിയില്‍ ഇരിക്കുകയാണ്‌ ഗെറിക്ക്‌. ജാലകത്തിനടുത്തുള്ള ഒരു കസേരയില്‍ ഇരുന്ന് മര്‍ഡോക്ക്‌ പൈപ്പില്‍ പുകയില നിറച്ചുകൊണ്ടിരിക്കുന്നുണ്ട്‌. വളരെ ശാന്തമായ അന്തരീക്ഷം.

"അതി മനോഹരമായിരിക്കുന്നു ഈ വീട്‌... ആരാണിതിന്റെ ഉടമ...?" ഗെറിക്ക്‌ ചോദിച്ചു.

"മിസിസ്‌ ജീന്‍ സിന്‍ക്ലെയര്‍... ഈ ദ്വീപിന്റെ അവകാശിയും അവര്‍ തന്നെയാണ്‌. മാത്രമല്ല, ഈ ദ്വീപിലെ ബെയ്‌ലി ... അതായത്‌ മജിസ്‌ട്രേറ്റും പിന്നെ ഹാര്‍ബര്‍ മാസ്റ്ററും ഒക്കെ അവരാണ്‌..."

"അപ്പോള്‍ ഒരു അസാമാന്യ വനിത തന്നെയാണല്ലോ അവര്‍..."

"അത്‌ നിങ്ങള്‍ക്ക്‌ വഴിയേ മനസ്സിലായിക്കോളും... ഇനി നിങ്ങളുടെ ഭാവി അവരുടെ കൈകളിലാണ്‌... ഇവിടുത്തെ നിയമപാലക അവരാണ്‌... അവരുടെ ഭര്‍ത്താവ്‌ നിങ്ങളെപ്പോലെ ഒരു നാവികനായിരുന്നു. പ്രിന്‍സ്‌ ഓഫ്‌ വെയില്‍സ്‌ എന്ന കപ്പല്‍ പസഫിക്കില്‍ വച്ച്‌ മുങ്ങിയപ്പോള്‍ മരണമടഞ്ഞു. 1941 ല്‍ ആയിരുന്നുവെന്ന് തോന്നുന്നു അത്‌..."

"അത്‌ ശരി..." ഗെറിക്ക്‌ പറഞ്ഞു. "അപ്പോള്‍ അതിന്റെ വൈരാഗ്യം അവര്‍ എന്നില്‍ തീര്‍ക്കുമെന്ന് തോന്നുന്നു..."

"നോക്കൂ കമാന്‍ഡര്‍... ഞങ്ങള്‍ അത്ര ക്രൂരഹൃദയരൊന്നുമല്ല... അത്തരത്തിലുള്ള ചിന്തകള്‍ നിങ്ങളുടെ തലയില്‍ നിന്ന് ഇറക്കി വയ്ക്കൂ... ഈ മാസം ഒമ്പതാം തിയ്യതി നിങ്ങളുടെ ഒരു സബ്‌മറീന്‍ ഈ പ്രദേശത്ത്‌ വച്ച്‌ മുങ്ങുകയുണ്ടായില്ലേ...? കഴിഞ്ഞ രണ്ടാഴ്ചകളായി അതില്‍ നിന്നുള്ള എട്ട്‌ മൃതദേഹങ്ങളാണ്‌ ഇവിടെ അടിഞ്ഞ്‌ കയറിയത്‌. അവരെയെല്ലാം സംസ്കരിച്ചത്‌ ഞങ്ങളാണ്‌. മതപരമായി അവര്‍ക്ക്‌ വേണ്ട എല്ലാ ചടങ്ങുകളും ഞാന്‍ തന്നെയാണ്‌ ചെയ്തുകൊടുത്തത്‌. ഈ ദ്വീപിലെ സകല മനുഷ്യജീവികളും അതില്‍ പങ്കെടുത്തു..."

ഒരു നിമിഷത്തേക്ക്‌ അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞു. എന്തോ നഷ്ടപ്പെട്ടവനെപ്പോലെ കാണപ്പെട്ട ഗെറിക്ക്‌ പിന്നെ പറഞ്ഞു. "താങ്ക്‌ യൂ സര്‍... അവരുടെ പേരില്‍ ഞാന്‍ താങ്കള്‍ക്ക്‌ നന്ദി പറയുന്നു..."

കതക്‌ തുറന്ന് അഡ്‌മിറല്‍ റീവ്‌ പ്രവേശിച്ചു. അദ്ദേഹം അപ്പോഴും റീഫര്‍ കോട്ട്‌ അണിഞ്ഞിരുന്നു. മുഖത്ത്‌ മഴത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു.

"മലേയ്‌ഗിലുള്ള ക്യാപ്റ്റന്‍ മറേയുമായി ഞാന്‍ റേഡിയോ ബന്ധം പുലര്‍ത്തി. എന്ത്‌ തന്നെ സംഭവിച്ചാലും ശരി, ഒരു ഔദ്യോഗിക ബോട്ടിലല്ലാതെ താങ്കളെ വന്‍കരയിലേക്ക്‌ കൊണ്ടുപോകരുതെന്നാണ്‌ ഓര്‍ഡര്‍... ലെഫ്റ്റനന്റ്‌ ജാഗോ ഇപ്പോള്‍ സ്റ്റോണോവേയിലേക്ക്‌ പോയിരിക്കുകയാണ്‌. താങ്കളെ കൊണ്ടുപോകാനായി നാളെത്തന്നെ ഇങ്ങോട്ട്‌ തിരിക്കാന്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെടുമെന്നാണ്‌ ക്യാപ്റ്റന്‍ മറേ പറഞ്ഞത്‌..."

"അങ്ങനെ, സകല വാതിലുകളും കൊട്ടിയടക്കപ്പെടുന്നതിന്‌ മുമ്പ്‌ ഒരു ദിവസം കൂടി നീട്ടിക്കിട്ടി..." ഗെറിക്ക്‌ പറഞ്ഞു.

"മിസ്സിസ്‌ സിന്‍ക്ലെയറിന്‌ താങ്കളെ കാണണമെന്ന്..." റീവ്‌ പറഞ്ഞു.

മര്‍ഡോക്ക്‌ എഴുന്നേറ്റ്‌ ഗെറിക്കിന്‌ നേരെ ആംഗ്യം കാണിച്ചു. ഗെറിക്ക്‌ അദ്ദേഹത്തെ അനുഗമിച്ചു. അഡ്‌മിറല്‍ റീവ്‌ ഗെറിക്കിന്റെ തൊട്ടു പിന്നില്‍ തന്നെയുണ്ടായിരുന്നു. നീണ്ട വരാന്തയിലൂടെ നടന്ന്‌ ഒരു വലിയ ഹാളിലേക്ക്‌ അവര്‍ പ്രവേശിച്ചു. ഹരിതനിറമുള്ള കര്‍ട്ടനിട്ടിരുന്ന വാതില്‍ റീവ്‌ തുറന്നു. ഗെറിക്ക്‌ ഉള്ളിലേക്ക്‌ കടന്നു.

മനോഹരമായ ഒരു മുറിയായിരുന്നു അത്‌. ഇരുവശവുമുള്ള ചുമരുകളിലെ ഷെല്‍ഫുകളില്‍ പലതരം പുസ്തകങ്ങള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. നീളമുള്ള ഫ്രഞ്ച്‌ ജാലകങ്ങളിലൂടെ പുറമെയുള്ള പൂന്തോട്ടത്തിന്റെ ആകര്‍ഷകമായ ദൃശ്യം. നെരിപ്പോടിനരുകില്‍ ജാനറ്റും ജീന്‍ സിന്‍ക്ലെയറും സംസാരിച്ചുകൊണ്ട്‌ നില്‍ക്കുന്നത്‌ ഗെറിക്ക്‌ ശ്രദ്ധിച്ചു.

കാല്‍പ്പെരുമാറ്റം കേട്ടതും അവര്‍ തിരിഞ്ഞു. ഗെറിക്ക്‌ തല കുനിച്ചുകൊണ്ട്‌ അവരെ അഭിവാദ്യം ചെയ്തു. "ഹലോ ലേഡീസ്‌..."

"ഇതാണ്‌ കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌..." റീവ്‌ പറഞ്ഞു. "കമാന്‍ഡര്‍, ഇത്‌ മിസ്സിസ്‌ സിന്‍ക്ലെയര്‍..."

സാമാന്യം സുന്ദരിയായ ജീന്‍ ഒരു ഷെട്ട്‌ലാന്റ്‌ സ്വെറ്ററും ടാര്‍ടന്‍ തുണികൊണ്ടുള്ള ഒരു ഹാഫ്‌ സ്കേര്‍ട്ടുമാണ്‌ ധരിച്ചിരുന്നത്‌. നീലനിറമുള്ള വെല്‍വെറ്റ്‌ ബോ കൊണ്ട്‌ അവര്‍ മുടി പിന്നോട്ട്‌ ഒതുക്കി കെട്ടി വച്ചിട്ടുണ്ട്‌.

അവര്‍ അദ്ദേഹത്തെ സൗമ്യമായി ഒന്ന് നോക്കി. പിന്നെ, ആചാരമര്യാദകളോടെ പറഞ്ഞു. "കമാന്‍ഡര്‍, അഡ്‌മിറല്‍ റീവ്‌ പറഞ്ഞുവോ എന്നെനിക്ക്‌ അറിയില്ല... ഞാനാണ്‌ ഇവിടുത്തെ ബെയ്‌ലി. താങ്കളെ സംബന്ധിക്കുന്ന നിയമപരമായ എല്ലാ ഉത്തരവാദിത്വവും ഇനി എനിക്കാണ്‌..."

"അദ്ദേഹം അതെന്നോട്‌ പറഞ്ഞിരുന്നു..."

"ഈ ദ്വീപില്‍ പോലീസുകാരൊന്നുമില്ല. എങ്കിലും പണ്ടുമുതല്‍ക്കേ ഇവിടെ ഒരു പോലീസ്‌ സ്റ്റേഷന്‍ ഉണ്ട്‌. ആവശ്യം വരുമ്പോഴൊക്കെ അതിന്റെ സെല്ലുകള്‍ ഞാന്‍ ഉപയോഗപ്പെടുത്താറുണ്ട്‌..."

"എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌ മാഡം..."

"താങ്കളെ കസ്റ്റഡിയില്‍ എടുക്കുവാന്‍ വേണ്ടി ലെഫ്റ്റനന്റ്‌ ജാഗോ നാളെ ഇവിടെയെത്തും. അതു വരെ താങ്കളെ ഞാന്‍ ആ സെല്ലില്‍ അടയ്ക്കുവാന്‍ പോകുകയാണ്‌... സ്വാഭാവികമായും കാവല്‍ക്കാരനുമുണ്ടാകും..."

അത്രയേ അവര്‍ക്ക്‌ പറയുവാനുണ്ടായിരുന്നുള്ളൂ. ജാനറ്റ്‌, ജാലകത്തിനടുത്തേക്ക്‌ നീങ്ങി പുറത്തേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു. റീവ്‌ ഗെറിക്കിന്റെ ചുമലില്‍ തട്ടി.

"നമുക്ക്‌ അപ്പോള്‍ അങ്ങോട്ട്‌ പോകാം... മര്‍ഡോക്കും ഞാനും വരാം കൂടെ..."

ജാനറ്റിന്റെ നേര്‍ക്ക്‌ കണ്ണോടിച്ച്‌ ഗെറിക്ക്‌ ഒന്ന് സംശയിച്ചു നിന്നു. എന്നാല്‍ അവള്‍ തിരിഞ്ഞ്‌ നോക്കുകയേയുണ്ടായില്ല. അദ്ദേഹം ഒരു വട്ടം കൂടി പ്രതീക്ഷയോടെ അവളുടെ നേരേ നോക്കിയിട്ട്‌ ഒന്നും മിണ്ടാതെ റീവിനെയും മര്‍ഡോക്കിനേയും അനുഗമിച്ചു.

വാതില്‍ അടഞ്ഞു. "ഡാംന്‍ യൂ പോള്‍ ഗെറിക്ക്‌..." പുറമേ ചാറിത്തുടങ്ങിയ മഴയിലേക്ക്‌ കണ്ണോടിച്ചിട്ട്‌ അവള്‍ മന്ത്രിച്ചു. "ഇനി ഒരിക്കലും നിങ്ങളെ കാണാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു..."


* * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)